മഹ്ദി ഹദീസുകളുടെ സത്യാവസ്ഥ

ശൈഖ് അബ്ദുല്ലാഹിബ്‌നു സൈദ് ആലു മഹ്‌മൂദ്‌‌‌

മഹ്ദിയുടെ ആഗമനം: പുനര്‍ വിചിന്തനത്തിന്റെ ആവശ്യകത -2
 

മഹ്ദിയെക്കുറിച്ച് പറയുന്ന ഹദീസുകള്‍ രണ്ടു തരമുണ്ട്. പ്രബലമെന്ന് കരുതപ്പെടുന്നവയാണ് ഒന്ന്. അവയില്‍ പക്ഷേ, മഹ്ദിയെക്കുറിച്ച വ്യക്തമായ പരാമര്‍ശമില്ല. രണ്ടാമത്തെ ഇനത്തില്‍പെട്ട ഹദീസുകളില്‍ മഹ്ദിയെക്കുറിച്ച വ്യക്തമായ പരാമര്‍ശമുണ്ട്. പക്ഷേ, അവ പ്രബലങ്ങളല്ല. സൂക്ഷ്മപരിശോധനയില്‍ മഹ്ദിയുടെ പേര്‍ വ്യക്തമാക്കിപ്പറയുന്ന സ്വീകാര്യമായ ഒരൊറ്റ ഹദീസും നാം കണ്ടിട്ടില്ല. ബുഖാരിയും മുസ് ലിമും മഹ്ദിയെക്കുറിച്ച് ഒരു ഹദീസ് പോലും ഉദ്ധരിച്ചിട്ടില്ല. വിശുദ്ധ ഖുര്‍ആനില്‍ മഹ്ദിയെക്കുറിച്ച സൂചന തന്നെയില്ല.
പ്രബലമെന്ന് കരുതുന്ന ഹദീസുകളെ നമുക്ക് പരിശോധിക്കാം. അബൂദാവൂദ്, അഹ്‌മദ്, തിര്‍മിദി, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തവയാണവ. ഇവ പരസ്പരവിരുദ്ധങ്ങളും ദുര്‍ബലങ്ങളുമാണ്.
1) ജാബിറുബ്‌നു സമുറയില്‍നിന്ന് അബൂദാവൂദ് നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞതായി ഞാന്‍ കേട്ടു: പന്ത്രണ്ട് ഖലീഫമാര്‍ വരുന്നത് വരെ ഈ ദീന്‍ നിലനില്‍ക്കും. പിന്നീടദ്ദേഹം ഒരു വാക്ക് പറഞ്ഞു: എന്താണ് തിരുമേനി ഇപ്പറഞ്ഞതെന്ന് ഞാന്‍ പിതാവിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'അവരെല്ലാം ഖുറൈശ് ഗോത്രത്തില്‍നിന്നായിരിക്കും.'

മഹ്ദീവാദത്തിന്റെ അടിത്തറയാണീ ഹദീസ്. മഹ്ദീവാദക്കാര്‍ ഇത് ആധാരമാക്കുന്നു. ശീഈകളും ഇത് വിശ്വസിക്കുന്നു. അവരുടെ പന്ത്രണ്ടാമത്തെ ഇമാം ആണല്ലോ മുഹമ്മദ് ബിന്‍ ഹസന്‍ അല്‍ അസ്‌കരി. എന്നാല്‍ ഈ ഹദീസില്‍ വ്യംഗ്യമായോ വ്യക്തമായോ മഹ്ദിയെക്കുറിച്ച പരാമര്‍ശമില്ല. പന്ത്രണ്ട് ഖലീഫമാരില്‍ ഒരാള്‍ മഹ്ദിയാണെന്ന് ഹദീസില്‍ പറഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍ ജാബിറുബ്‌നു സമുറയുടെ ഹദീസ് ചരിത്രത്തില്‍ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.

മുസ്‌ലിംകളുടെ ഭരണസാരഥ്യം വഹിച്ച നല്ലവരായ ഭരണാധികാരികളെയാണത് വിവക്ഷിക്കുന്നത്. ഖുലഫാഉര്‍റാശിദുകളും അവര്‍ക്കു ശേഷം ഇസ്‌ലാമിക ലോകത്ത് ഉയര്‍ന്നുവന്ന ഭരണാധികാരികളുമാണ് ഇവിടെ ഉദ്ദേശ്യം. മുആവിയ, അബ്ദുല്‍ മലിക്, ഉമറുബ്‌നു അബ്ദില്‍ അസീസ്, മന്‍സ്വൂര്‍, ഹാറൂന്‍ റശീദ് മുതല്‍ ഇമാദുദ്ദീന്‍ സങ്കി, നൂറുദ്ദീന്‍ മഹ്‌മൂദ്, സ്വലാഹുദ്ദീന്‍ അയ്യൂബി വരെയുള്ള ഭരണകര്‍ത്താക്കള്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെയും മുസ്‌ലിംകളുടെയും നന്മക്കും പുരോഗതിക്കുമായി ധാരാളം പ്രവര്‍ത്തിച്ചവരാണ്. ഈ ഭരണാധികാരികളില്‍ ആര്‍ക്കും ഒരു ന്യൂനതയുമില്ലെന്ന് പറഞ്ഞുകൂടാ. ഇസ്‌ലാമിന്റെ നിലനില്‍പിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് തിരുമേനി പറഞ്ഞ പന്ത്രണ്ടു ഭരണാധികാരികള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ തീര്‍ച്ചയായും കഴിഞ്ഞുപോയവരിലുണ്ട്. അവരില്‍ ഒരാള്‍ മഹ്ദിയാണെന്നത് കേവലം ഭാവനയാണ്.
2) അബൂനുഐം അലി(റ)യില്‍നിന്ന് ഉദ്ധരിച്ചതായി അബൂദാവൂദ് നിവേദനം: ഭൂമിയുടെ ആയുസ്സില്‍ ഒരു ദിവസമേ ബാക്കിയുള്ളൂവെങ്കിലും അല്ലാഹു നമ്മില്‍നിന്ന് ഒരാളെ നിയോഗിക്കും. അക്രമം നിറഞ്ഞ ഭൂമിയെ അദ്ദേഹം നീതിനിര്‍ഭരമാക്കും. ഇമാം അഹ് മദും തിര്‍മിദിയും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

ഈ ഹദീസിലും മഹ്ദിയെക്കുറിച്ച വ്യക്തമായ പരാമര്‍ശമില്ല. കഴിഞ്ഞുപോയ ഭരണാധികാരികളില്‍ ഇത്തരക്കാര്‍ ഉണ്ടായിട്ടുണ്ട് എന്നും സങ്കല്‍പിക്കാം. എന്നാല്‍ ഇത്തരം ഒരവസ്ഥ ഉണ്ടാവുക എന്നത് അസംഭവ്യമാണ്. അല്ലാഹു പറയുന്നു: ''അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങളില്‍ അവിശ്വാസികളുണ്ട്. വിശ്വാസികളുമുണ്ട്'' (64/2). ലോകം ഒരു പരീക്ഷണാലയമാണ്. സത്യവും അസത്യവുമായുള്ള സംഘട്ടനം നിരന്തരം നടക്കും. ഇവിടെ മുസ്‌ലിംകളും അമുസ്‌ലിംകളുമുണ്ടാകും. പ്രവാചകനെ നിഷേധിച്ച സമുദായങ്ങളെ അപേക്ഷിച്ച് നിങ്ങള്‍ കറുത്ത കാളയുടെ ശരീരത്തിലെ വെളുത്ത രോമങ്ങള്‍ പോലെയാണെന്ന് പ്രവാചകന്‍ പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ടല്ലോ.
3) അബൂസഈദില്‍ ഖുദ്‌രിയില്‍നിന്ന് അബൂദാവൂദ്. നബി(സ) പറഞ്ഞു: 'മഹ്ദി എന്നില്‍പെട്ടവനാണ്. തിളങ്ങുന്ന നെറ്റിയും വളഞ്ഞ നാസികയും അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്. അദ്ദേഹം അക്രമം നീക്കി ഭൂമിയില്‍ നീതിപരത്തും. ഏഴുകൊല്ലമാണ് അദ്ദേഹം ഭൂമിയില്‍ ജീവിക്കുക.'
മുമ്പത്തെ ഹദീസുകളില്‍നിന്ന് വ്യത്യസ്തമായി മഹ്ദിയുടെ വിശേഷണങ്ങള്‍ ഇതില്‍പറഞ്ഞിരിക്കുന്നു. പക്ഷേ, ഈ വിശേഷണങ്ങള്‍ പലരിലും പരക്കെ കാണാം. അതില്‍നിന്ന് മഹ്ദിയെ തിരിച്ചറിയാന്‍ സാധ്യമല്ല. ദിവ്യമായ ഒരു സവിശേഷതയും അതിലില്ല. അതിനാല്‍ മഹ്ദിവാദികള്‍ക്ക് ജനങ്ങളെ നാശത്തിലേക്ക് നയിക്കാന്‍ ഇതു മൂലം സാധിക്കും. ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് സ്വന്തം അനുയായികളെ തള്ളിയിടാന്‍ പ്രവാചകന്‍ ഒരിക്കലും ശ്രമിക്കുകയില്ല.
4) നബി പറഞ്ഞതായി ഉമ്മുസലമയില്‍നിന്ന് അബൂദാവൂദ്: 'മഹ്ദി എന്റെ കുലത്തില്‍ പെട്ടവനാണ്. ഫാത്വിമയുടെ സന്താന പരമ്പരയില്‍നിന്നുമാണ്.' നിര്‍മതരായ തീവ്രവാദികളുടെ നിര്‍മിതിയാണ് ഇത്തരം ഹദീസുകള്‍. ഇത് ദുര്‍ബലവും വ്യാജവുമാണെന്ന് അബൂജഅ്ഫറുല്‍ ഉഖൈലി പറയുന്നു. ഇതിന്റെ പരമ്പരയില്‍ സിയാദുബ്‌നു ബയാന്‍ എന്നൊരാള്‍ ഉണ്ടെന്നും അയാള്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ നബിയിലേക്ക് ചേര്‍ക്കുന്നവനാണെന്നും ബുഖാരി പറയുന്നു.
5) നബി(സ) പറഞ്ഞതായി ഉമ്മുസലമയില്‍നിന്ന് അബൂദാവൂദ് നിവേദനം: ഒരു ഖലീഫയുടെ മരണാനന്തരം മുസ്‌ലിംകളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. അപ്പോള്‍ മദീനയില്‍നിന്ന് മക്കയിലേക്ക് ഒരാള്‍ ഒളിച്ചോടും. ഒരു കൂട്ടം മക്കാനിവാസികള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് റുക്‌നിന്റെയും മഖാമിന്റെയും ഇടയില്‍ കൊണ്ടുവന്ന് ബൈഅത്ത് ചെയ്യും. തുടര്‍ന്ന് ശാമില്‍നിന്ന് ഒരു വിഭാഗം അദ്ദേഹത്തെ നേരിടാന്‍ നിയോഗിക്കപ്പെടും. മക്കയുടെയും മദീനയുടെയും ഇടയിലുള്ള ഒരു പ്രദേശത്ത് അവരെ ഭൂമി വിഴുങ്ങും. ഇത് കാണുമ്പോള്‍ ശാമിലെയും ഇറാഖിലെയും തലവന്മാര്‍ വന്ന് അദ്ദേഹത്തെ ബൈഅത്ത് ചെയ്യും. പിന്നീട് ഖുറൈശികളില്‍ പെട്ട ഒരാള്‍- അയാളുടെ കന്‍സു ഗോത്രജരായ അമ്മാവന്മാര്‍- അവരെ നേരിടാന്‍ ഒരു സംഘത്തെ അയക്കും. ആ സംഘം അവരെ പരാജയപ്പെടുത്തും. അവരില്‍നിന്ന് നേടിയ യുദ്ധമുതലുകള്‍ ജനങ്ങള്‍ക്കിടയില്‍ വീതിക്കപ്പെടും. നബി(സ)യുടെ സുന്നത്ത് നടപ്പാക്കി നീതി പുനഃസ്ഥാപിക്കും. ഏഴു കൊല്ലം അദ്ദേഹം ജീവിക്കും. പിന്നീട് മരിക്കുകയും മുസ്‌ലിംകള്‍ അദ്ദേഹത്തിനു വേണ്ടി നമസ്‌കരിക്കുകയും ചെയ്യും.

ഇതില്‍ മഹ്ദിയെക്കുറിച്ച് പരാമര്‍ശമില്ല. മദീനയില്‍നിന്ന് മക്കയിലേക്ക് ഓടിപ്പോയ ഒരാളെയാണ് പറഞ്ഞിട്ടുള്ളത്. ഇത് മനസ്സിരുത്തി വായിച്ചാല്‍ തന്നെ വ്യാജമാണെന്ന് ബോധ്യപ്പെടും. الللآلئ المصنوعة എന്ന ഗ്രന്ഥത്തില്‍ ഇത് വ്യാജ നിര്‍മിതിയാണെന്ന് ഇമാം സുയൂത്വി വ്യക്തമാക്കിയിരിക്കുന്നു. ഇബ്‌നു സുബൈര്‍ വധിക്കപ്പെട്ടപ്പോള്‍ റുക്‌നിന്റെയും മഖാമിന്റെയും ഇടയില്‍വെച്ച് അബ്ദുല്‍ മലിക്കിന് ബൈഅത്ത് ചെയ്യാന്‍ ഹജ്ജാജ് ജനങ്ങളെ നിര്‍ബന്ധിച്ചു. അദ്ദേഹമാണ് മഹ്ദിയെന്ന് പറയാന്‍ പറ്റുമോ? ശാമിലെയും ഇറാഖിലെയും നേതാക്കളെപ്പറ്റി പറയുന്ന ഹദീസ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ തള്ളിപ്പറഞ്ഞിട്ടുണ്ട്.

ഖുറൈശികളില്‍ എത്രയോ പേര്‍ അധികാരമേറ്റിട്ടുണ്ട്. മഹ്ദിയെന്ന പേരില്ലാതെ തന്നെ അവര്‍ ദീര്‍ഘകാലം സദ്ഭരണം നിലനിര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ അക്രമവും അനീതിയും നിറഞ്ഞ ഭൂമിയില്‍ ഏഴു വര്‍ഷം കൊണ്ട് ആരാണ് നീതി സംസ്ഥാപിക്കുക? നബിതിരുമേനിക്ക് പോലും സാധിക്കാത്ത കാര്യമാണത്. 23 വര്‍ഷം ശ്രമിച്ചിട്ടും ഭൂമിയിലാകെ നീതി നടപ്പാക്കാന്‍ തിരുമേനിക്ക് സാധിച്ചിട്ടില്ല. അതിനാല്‍ ഇദ്ദേഹം നബി(സ)യേക്കാള്‍ മഹാനാണോ?
6) അലി(റ)യില്‍നിന്ന് അബൂദാവൂദ് നിവേദനം: നബി പറഞ്ഞു: 'നദിയുടെ അപ്പുറത്തുനിന്ന് ഒരാള്‍ പുറപ്പെടും. ഹാരിസുബ്‌നു ഹര്‍റാന്‍ എന്നായിരിക്കും അദ്ദേഹത്തിന്റെ പേര്‍. ഖുറൈശികള്‍ റസൂലിന് ഭരണാധികാരം സൗകര്യപ്പെടുത്തിയപോലെ അദ്ദേഹം നബികുടുംബത്തിന് അധികാരമുറപ്പിക്കും. അദ്ദേഹത്തെ സഹായിക്കേണ്ടത് എല്ലാ മുസ്‌ലിംകളുടെയും കടമയാകുന്നു.'

ഈ റിപ്പോര്‍ട്ടിലും മഹ്ദിയെക്കുറിച്ച് പറഞ്ഞിട്ടില്ല. നദിക്കപ്പുറത്തുനിന്ന് വരുന്ന ഹാരിസെന്ന പേരുള്ള അജ്ഞാതനായ മനുഷ്യന് ബൈഅത്ത് ചെയ്യാന്‍ നബി(സ) സമുദായത്തെ എങ്ങനെ നിര്‍ബന്ധിക്കും? തന്റെ കുടുംബത്തിന് ഭരണമേല്‍ക്കാന്‍ സൗകര്യമൊരുക്കുകയെന്നത് നബിതിരുമേനിയുടെ ദൗത്യമായിരുന്നില്ല.

അങ്ങനെയെങ്കില്‍ അബൂബക്‌റിന് പകരം അലിയെയായിരുന്നു ബൈഅത്ത് ചെയ്യാന്‍ നിര്‍ദേശിക്കേണ്ടിയിരുന്നത്. അവിടുന്ന് പറഞ്ഞു: ഒരു നീഗ്രോ അടിമ നിങ്ങളുടെ ഭരണാധികാരിയായി വന്നാല്‍ പോലും നിങ്ങള്‍ കല്‍പനകള്‍ കേട്ട് അനുസരിക്കണമെന്ന്.... 'നിങ്ങളില്‍ എനിക്കു ശേഷം ജീവിച്ചിരിക്കുന്നവര്‍ ധാരാളം അഭിപ്രായഭിന്നതകള്‍ കാണും. അപ്പോള്‍ നിങ്ങള്‍ എന്റെ സുന്നത്തും ഖുലഫാഉര്‍റാശിദുകളുടെ ചര്യയും മുറുകെ പിടിക്കുക. പുത്തന്‍ ആചാരങ്ങളെ ഭയപ്പെടുക. കാരണം അവയെല്ലാം ബിദ്അത്തുകളാണ്.'

ഈ ഹദീസില്‍ പറഞ്ഞപോലെ ഖുറൈശികള്‍ നബി(സ)ക്ക് അധികാരമേല്‍ക്കാന്‍ സൗകര്യപ്പെടുത്തുകയാണ് ചെയ്തത്. ബദ്‌റിലും ഉഹുദിലും അഹ്‌സാബിലുമൊക്കെ അവര്‍ നബിയോട് യുദ്ധം ചെയ്യുകയാണുണ്ടായത്. മക്കാ വിജയത്തിനു ശേഷമാണ് അവര്‍ നബിയോടൊപ്പം ചേര്‍ന്നത്.
7) അലി(റ)യില്‍നിന്ന് അഹ്‌മദ് നിവേദനം ചെയ്ത ഹദീസില്‍ പറയുന്നു. നബി(സ) പറഞ്ഞു: 'മഹ്ദി നമ്മില്‍ അഥവാ അഹ്‌ലുബൈത്തില്‍ പെട്ടവനാണ്. അല്ലാഹു അദ്ദേഹത്തെ ഒരു രാത്രികൊണ്ട് സംസ്‌കരിച്ചെടുക്കും.' ഈ റിപ്പോര്‍ട്ടിനെ നിരാകരിക്കുന്ന നിരൂപകന്മാര്‍ പറയുന്നത്, ഒരൊറ്റ രാത്രികൊണ്ട് സംസ്‌കരികപ്പെടുകയും പിറ്റേന്ന് മുതല്‍ സമുദായത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും പ്രബോധകനും സംരക്ഷകനുമാവുകയും ചെയ്യുകയെന്നത് വിചിത്രമാണ് എന്നത്രെ. കൂടാതെ, ഈ ഹദീസിന്റെ നിവേദക പരമ്പരയില്‍ യാസീനുല്‍ ഇജ്‌ലി എന്ന ആള്‍ അനഭിമതനുമാണ്.
8) അബൂദാവൂദിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ അലി(റ) തന്റെ പുത്രനെ നോക്കി പറഞ്ഞു: 'എന്റെ ഈ മകന്‍, റസൂല്‍(സ) വിശേഷിപ്പിച്ചതു പോലെ, നേതാവായിത്തീരും. അവന്റെ മുതുകില്‍നിന്ന് നിങ്ങളുടെ പ്രവാചകന്റെ പേരും സ്വഭാവവുമുള്ള ഒരാള്‍ ജനിക്കും' (പിന്നീടതില്‍ ഭൂമിയില്‍ നീതി നിറക്കുന്ന കഥയുമുണ്ട്). ഇതും നബി(സ)യുടെ വാക്കുകളല്ലാത്തതിനാല്‍ പ്രമാണയോഗ്യമല്ല.
9) അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍നിന്ന് അബൂദാവൂദ്. നബി(സ) പറഞ്ഞു: 'ഭൂമിയുടെ ആയുസ്സില്‍ ഒറ്റദിവസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും അല്ലാഹു ആ ദിവസത്തെ നീട്ടുകയും എന്നിലും എന്റെ കുടുംബത്തിലും പെട്ട ഒരാളെ നിയോഗിക്കുകയും ചെയ്യും. അയാളുടെ പേര്‍ എന്റെ പേരിനോടും പിതാവിന്റെ പേര്‍ എന്റെ പിതാവിന്റെ പേരിനോടും സദൃശമായിരിക്കും. ഭൂമിയില്‍ അക്രമവും അനീതിയും നിറഞ്ഞിരിക്കുന്നേടത്ത് അയാള്‍ നീതിയും ന്യായവും നടപ്പാക്കും.'
നബി(സ)യുടെ കുടുംബത്തെക്കുറിച്ചുള്ള മിക്ക ഹദീസുകളും നിരൂപകന്മാര്‍ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത് (അവ ശീഈകളുടെ നിര്‍മിതിയായതാണ് കാരണം - വിവ.). ബുഖാരിയും മുസ്‌ലിമും മഹ്ദിയെക്കുറിച്ച ഹദീസുകളെല്ലാം തള്ളിക്കളഞ്ഞിരിക്കുന്നു. നബികുടുംബത്തെക്കുറിച്ച് വന്ന ഏറ്റവും പ്രബലമായ ഹദീസ് ഹസനുബ്‌നു അലിയെക്കുറിച്ചാണ്: 'എന്റെ മകന്‍ ഒരു നേതാവാണ്. മുസ് ലിംകളിലെ രണ്ടു സംഘങ്ങള്‍ക്കിടയില്‍ അവന്‍ ഒത്തുതീര്‍പ്പുണ്ടാക്കും.' മുആവിയക്കു വേണ്ടി അധികാരമൊഴിഞ്ഞ് ഒരു വലിയ രക്തച്ചൊരിച്ചില്‍ ഒഴിവാക്കിയ പ്രസ്തുത സംഭവം പുലരുകയും ചെയ്തു.
10) ഇബ്‌നുമാജ ഹാരിസുസ്സുബൈദിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ നബി(സ) പറഞ്ഞു: 'പൗരസ്ത്യദേശത്തുനിന്ന് ജനങ്ങള്‍ വന്ന് മഹ്ദിക്ക് അധികാരം സജ്ജമാക്കിക്കൊടുക്കും.' ഇബ്‌നു മസ്ഊദില്‍നിന്ന് ഇബ്‌നു മാജ റിപ്പോര്‍ട്ട് ചെയ്യുന്നു: ഞങ്ങള്‍ നബിയുടെ അടുക്കല്‍ ഇരിക്കുമ്പോള്‍ ഹാശിം കുടുംബത്തിലെ ഒരു കൂട്ടം യുവാക്കള്‍ അവിടെ വന്നു. അവരെ കണ്ടപ്പോള്‍ നബിയുടെ കണ്ണുകള്‍ സജലങ്ങളായി. അവിടുന്ന് വിവര്‍ണനായി. ഞാന്‍ ചോദിച്ചു: 'അങ്ങയുടെ മുഖത്ത് അനിഷ്ടകരമായതെന്തോ കാണുന്നു?' നബി പറഞ്ഞു: 'ഞങ്ങള്‍, നബി കുടുംബത്തിന് അല്ലാഹു ഇഹലോകത്തിനു പകരം പരലോകം തെരഞ്ഞെടുത്തിരിക്കുന്നു. എന്റെ കുടുംബം ഭാവിയില്‍ കഷ്ടനഷ്ടങ്ങളും ഭ്രഷ്ടും മര്‍ദനങ്ങളും അനുഭവിക്കേണ്ടിവരും. അങ്ങനെയിരിക്കെ കിഴക്കുഭാഗത്തു നിന്ന് ഒരു വിഭാഗം ആളുകള്‍ വരും. അവരുടെ പക്കല്‍ കറുത്ത കൊടികളുണ്ടാകും. അവര്‍ അവരുടെ അവകാശങ്ങള്‍ ചോദിക്കും. എന്നാല്‍ അവ ലഭിക്കില്ല. അപ്പോഴവര്‍ യുദ്ധം ചെയ്ത് വിജയിക്കും. അവരാവശ്യപ്പെട്ടത് അവര്‍ക്ക് ലഭിക്കും. പക്ഷേ, എന്റെ കുടുംബത്തില്‍പെട്ട ഒരാള്‍ക്കത് ലഭിക്കുന്നതു വരെ അവരത് സ്വീകരിക്കുകയില്ല. അദ്ദേഹം അനീതി നിറഞ്ഞ ഭൂമിയില്‍ നീതി നിറക്കും. ഈ കാലത്ത് ജീവിച്ചിരിക്കുന്നവര്‍ മണ്ണില്‍ മുട്ടുകുത്തിയെങ്കിലും അവരുടെ അടുത്ത് എത്തട്ടെ.'
ഈ ഹദീസ് വ്യാജമാണെന്ന് ഇമാം ദഹബി പറയുന്നു. ഇതിന്റെ പരമ്പരയില്‍ യസീദുബ്‌നു അബീസിയാദ് എന്നൊരാള്‍ ഉണ്ട്. അദ്ദേഹം വിശ്വസ്തനല്ല.
11) നബി(സ) പറഞ്ഞതായി അനസില്‍നിന്ന് ഇബ്‌നുമാജ ഉദ്ധരിക്കുന്നു: 'ഈസബ്‌നു മര്‍യം തന്നെയാണ് മഹ്ദി.' ഈ ഹദീസ് ശരിയാണെങ്കില്‍ മഹ്ദിയെക്കുറിച്ചുള്ള മറ്റെല്ലാ ഹദീസുകള്‍ക്കും ഖണ്ഡനമാകും. എന്നാല്‍ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരിക്കുകയാണ് എല്ലാവരും.

മഹ്ദീവാദക്കാര്‍ പൊക്കിപ്പിടിച്ചിരിക്കുന്ന മറ്റൊരു ഹദീസുണ്ട്:  വിശ്വാസികള്‍ ദജ്ജാലില്‍നിന്ന് സംരക്ഷണം കിട്ടാന്‍ മഹ്ദിയെ മറയാക്കി നില്‍ക്കും. അന്നേരം ശാമിലെ പള്ളിമിനാരത്തില്‍നിന്നും ഈസാ (അ) ഇറങ്ങിവരും. അപ്പോള്‍ നമസ്‌കാരത്തിന് സമയമായിട്ടുണ്ടാകും. അന്നേരം മഹ്ദി പറയും: 'അല്ലാഹുവിന്റെ ആത്മാവേ! മുന്നോട്ടു വന്ന് നമസ്‌കാരത്തിന് നേതൃത്വം നല്‍കേണ്ടത് താങ്കളാണ്.' അങ്ങനെ മഹ്ദി മുന്നോട്ടുവന്ന് നമസ്‌കാരത്തിന് നേതൃത്വം നല്‍കും. ഈസാ അദ്ദേഹത്തെ തുടര്‍ന്ന് നമസ്‌കരിക്കും. അദ്ദേഹം ഈ സമുദായത്തില്‍ പെട്ട ഒരാളാണ് എന്നതിന്റെ സൂചനയാണത്. പിന്നീട് മറ്റു ദിവസങ്ങളില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കും.'
അലി മുഹമ്മദുല്‍ ഖാരി തന്റെ الموضوعات الكبيرة  എന്ന ഗ്രന്ഥത്തില്‍ ഇത് വ്യാജ ഹദീസാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

പ്രബലമെന്നും മുതവാതിറെന്നും വിശ്വസിക്കപ്പെടുന്ന ഹദീസുകളുടെ കഥയാണ് ഇപ്പറഞ്ഞത്. സത്യവും പ്രബലവുമായ ഒരു ഹദീസെങ്കിലും ഇക്കൂട്ടത്തിലില്ല. പരസ്പരവിരുദ്ധങ്ങളും കഥാകഥനങ്ങളുമാണവയെല്ലാം. ഇവയെല്ലാം സമാഹരിച്ചാല്‍ വ്യത്യസ്ത സ്വഭാവത്തിലുള്ള പത്ത് മഹ്ദികളെങ്കിലും വരേണ്ടിവരും. നബിയുടേതല്ല ഈ ഹദീസുകള്‍ എന്നതിന്റെ സ്പഷ്ടമായ തെളിവത്രെ അത്.

സംഗ്രഹ വിവര്‍ത്തനം: എം.വി മുഹമ്മദ് സലീം

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top