നബി(സ) - ആഇശ (റ) ദാമ്പത്യം വിമര്‍ശനവും വസ്തുതയും

സലീല‌‌
img

ഇസ്‌ലാം വിമര്‍ശകര്‍ കാലങ്ങളായി കൈവെച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് മുഹമ്മദ് നബി(സ)യുടെ ദാമ്പത്യ ജീവിതം. മുഹമ്മദ് സ്ത്രീലംബടനായിരുന്നു എന്ന് സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. ആത്മമിത്രമായിരുന്ന അബൂബക്‌റിന്റെ മകള്‍ ആഇശയെ പത്തിനു താഴെ പ്രായത്തില്‍ വിവാഹം ചെയ്തതിലൂടെ നബി(സ) ശിശുഭോഗിയായിരുന്നു -نعوذ بالله  എന്നാണ് ഉന്നയിക്കപ്പെടുന്ന വാദം. ഇത് മറികടക്കാന്‍ തദ്വിഷയകമായ നിലവിലെ ചരിത്രം തിരുത്തി മനസ്സിലാക്കണമെന്ന് മറ്റു ചിലര്‍ വാദിക്കുന്നു. ചിലര്‍ സര്‍ട്ടിഫിക്കറ്റില്‍ ജനനതീയതി തിരുത്തുന്നതുപോലെ ആഇശയുടെ വിവാഹപ്രായം പതിനെട്ടാണെന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഇത്തരുണത്തില്‍ ഈ വിഷയകമായൊരു അന്വേഷണമാണ് താഴെ.

പ്രാഥമികമായി മനസ്സിലാക്കേണ്ടത്
(1) ആഇശയുടെ കൊച്ചു പ്രായത്തിലെ നബി(സ)യുമായുള്ള വിവാഹം അക്കാലത്ത് പുത്തനോ അപൂര്‍വമോ ആയിരുന്നില്ല. അന്നത്തെ സമൂഹത്തില്‍ അത് ചിരപരിചിതമായിരുന്നു. ഏതൊരു സംഭവത്തെയും അതു നടന്ന സാഹചര്യത്തില്‍ വേണം മനസ്സിലാക്കാന്‍. തന്നെയുമല്ല പ്രായപൂര്‍ത്തിയായ ശേഷമായിരുന്നു ആഇശ(റ)യുടെ വിവാഹം. നബി(സ) വിവാഹം അന്വേഷിക്കുന്നതിനു മുമ്പ് ജുബൈറുബ്‌നു മുത്വ്ഇമുബ്‌നു അദിയ്യ് അവരെ വിവാഹാന്വേഷണം നടത്തിയിരുന്നു.
(2) ആഇശ(റ)യുമായുള്ള നബി(സ)യുടെ വിവാഹത്തിന് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ആഇശ(റ)യുടെ പിതാവ് അബൂബക്‌റുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, നബി(സ)യുടെ വാചികവും കര്‍മപരവുമായ ചര്യകള്‍, വിശിഷ്യാ സ്ത്രീകളുമായി ബന്ധപ്പെട്ടവ ആഇശ(റ) വഴി ഇസ്‌ലാമിക സമൂഹത്തിനു ലഭ്യമാക്കുക മുതലായ പ്രബോധനപരവും മതപരവുമായ ലക്ഷ്യങ്ങള്‍ വിവാഹത്തിനു പിന്നിലുണ്ടായിരുന്നു.
(3) നബി(സ) ലൈംഗിക വികാര ജീവിയായിരുന്നുവെങ്കില്‍ തീക്ഷ്ണമായ യൗവന ഘട്ടത്തിലാണ് ഒന്നിലധികം ഭാര്യമാരെ വിവാഹം ചെയ്യുക. ഈ ഘട്ടത്തില്‍ അദ്ദേഹം പക്ഷേ നാല്‍പതുകാരിയും വിധവയുമായിരുന്ന ഖദീജയോടൊപ്പം ഏകപത്‌നീ വ്രതമനുഷ്ഠിക്കുകയായിരുന്നു.

വിശദമായി
പത്തിനു താഴെ പ്രായത്തിലെ വിവാഹം മക്കയിലെ സാമൂഹിക-സാമ്പ്രദായിക സാഹചര്യങ്ങള്‍ക്ക് ഇണങ്ങാത്തതോ നബി(സ) തുടക്കമിട്ടതോ അല്ല. 'നബി(സ)യില്‍നിന്ന് ചെറുവീഴ്ച'യെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന് ചുഴിഞ്ഞു നോക്കിയിരുന്ന ശത്രുക്കള്‍ പോലും ആഇശ(റ)യുടെ വിവാഹത്തെ പ്രശ്‌നവല്‍ക്കരിച്ചില്ല എന്നു മാത്രമല്ല, അത് ഒരു സ്വാഭാവിക നടപ്പായി അംഗീകരിക്കുകയായിരുന്നു. അതില്‍ എന്തെങ്കിലും ആക്ഷേപകരമായി ഉണ്ടായിരുന്നുവെങ്കില്‍ ഖുറൈശികള്‍ നബിക്ക് നില്‍ക്കപ്പൊറുതി കൊടുക്കുമായിരുന്നില്ല. ബാലികയെ വിവാഹം ചെയ്ത മുഹമ്മദാണോ ഞങ്ങളെ സദാചാരം ഉപദേശിക്കുന്നത് എന്ന് അവര്‍ ചോദിക്കുമായിരുന്നു.

പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. ഉമ്മു ശുറൈക് എന്നറിയപ്പെടുന്ന ഖൗല ബിന്‍ത് ഹകീം അസ്സുലമിയ്യ, നബി(സ)യും അബൂബക്‌റും തമ്മിലുള്ള ബന്ധം വിവാഹത്തിലൂടെ കൂടുതല്‍ ദൃഢതരമാക്കാനായി വിവാഹനിര്‍ദേശം നബിയുടെ മുമ്പാകെ വെക്കുകയായിരുന്നു. ഖൗല നബി(സ)യുടെ മുമ്പാകെ നിര്‍ദേശം വെക്കുന്നതിനു മുമ്പെ ജുബൈറുബ്‌നു മുത്വ്ഇമുമായി ആഇശ(റ)യുടെ വിവാഹാന്വേഷണം നടന്നിരുന്നു എന്നതില്‍നിന്ന്, നബി(സ)യുമായുള്ള വിവാഹത്തിനു മുമ്പേ ആഇശ(റ) വിവാഹയുക്തയായിരുന്നു എന്നു മനസ്സിലാക്കാം.
പിതാവിന്റെ വയസ്സുള്ള ഒരാളുമായുള്ള ഒരു വനിതയുടെ ആദ്യത്തെയോ അവസാനത്തെയോ വിവാഹമായിരുന്നില്ല അവരുടേത്.

മകന്‍ അബ്ദുല്ല, വഹബിന്റെ മകള്‍ ആമിനയെ ബാലികാ പ്രായത്തില്‍ വിവാഹം ചെയ്ത അതേദിവസം തന്നെയാണ് പിതാവ് അബ്ദുല്‍ മുത്ത്വലിബ്, മകന്റെ ഭാര്യ ആമിനയുടെ അതേ പ്രായമുള്ള ആമിനയുടെ പിതൃവ്യന്റെ മകള്‍ കൂടിയായ ഹാലയെ വിവാഹം ചെയ്തത്. അലി(റ)യുടെ മകളെ വിവാഹം ചെയ്ത ഉമറി(റ)ന് അപ്പോള്‍ പ്രായം വധുവിന്റെ വലിയുപ്പ നബി(സ)യുടേതായിരുന്നു. ഉമര്‍(റ) തന്റെ മകള്‍ ഹഫ്‌സ്വയെ അബൂബക്‌റിന് വിവാഹാന്വേഷണം നടത്തിയപ്പോള്‍ അവര്‍ക്കിടയിലെ പ്രായാന്തരം നബി(സ)യും ആഇശ(റ)യും തമ്മിലുള്ള അത്രയും ഉണ്ടായിരുന്നു. ഇതുപോലുള്ള ഒട്ടേറെ വിവാഹങ്ങള്‍ നടന്നുകഴിഞ്ഞ ചരിത്രങ്ങളെല്ലാം മാറ്റിവെച്ച്, നൂറ്റാണ്ടുകള്‍ക്കു ശേഷം ചരിത്രം തിരുത്താമെന്ന് എന്തിനു വെറുതെ മോഹിക്കണം.?

സാമൂഹിക ശീലങ്ങളെയും നടപടികളെയും സ്വാധീനിക്കുന്ന കാലവും പ്രാദേശികാന്തരവും പരിഗണിക്കാതെയുള്ള വിലയിരുത്തലുകള്‍ ഇത്തരം കാര്യങ്ങളില്‍ ശരിയാവില്ല. ചരിത്രത്തിലെ ഏതു കാലത്തും നാട്ടുനടപ്പുകളും സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. ഇന്ന് അറേബ്യയില്‍ ഇരുപത്തിയഞ്ചാം വയസ്സിലാണ് പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നതെന്ന് മുന്‍നിര്‍ത്തി ആയിരത്തിനാനൂറ് വര്‍ഷം മുമ്പും അങ്ങനെയാവണമെന്ന് നാം എങ്ങനെയാണ് വാശിപിടിക്കുക.

ഉഷ്ണ മേഖലാ പ്രദേശങ്ങളിലെ പെണ്‍കുട്ടികള്‍ സാധാരണ ഗതിയില്‍ എട്ടാം വയസ്സില്‍ ഋതുമതികളാവുമ്പോള്‍ ശീതമഖലകളിലെ പെണ്‍കുട്ടികള്‍ മിക്കവാറും ഇരുപത്തി ഒന്നാം വയസ്സില്‍ മാത്രമാണ് പുഷ്പിണികളാവുന്നത്.1

അതുകൊണ്ടുതന്നെ ആഇശ(റ)യുമായുള്ള നബി(സ)യുടെ വിവാഹം ചര്‍ച്ചയാക്കുന്നതില്‍ അര്‍ഥമില്ല. വയലിലെ വിള കണ്ടാല്‍ വിളഞ്ഞു പാകമായോ എന്ന് കര്‍ഷകര്‍ക്ക് മനസ്സിലാവുന്നതുപോലെ പെണ്‍കുട്ടികളുടെ ശാരീരിക വളര്‍ച്ച കണ്ടാല്‍ തന്നെ പൊതുവെ വിവാഹ പ്രായമായോ എന്ന് മനസ്സിലാക്കാനാവും. ഹകീമിന്റെ മകള്‍ ഖൗല ഈ രീതിയില്‍ വിലയിരുത്തിയാണ് ആഇശ(റ)യുടെ വിവാഹാലോചനക്ക് മുന്‍കൈയെടുത്തത്. വിവാഹത്തിന് നിര്‍ദേശിക്കാവുന്ന പെണ്‍കുട്ടികളുടെ ലിസ്റ്റില്‍ ആഇശ(റ) വന്നു കഴിഞ്ഞിരുന്നു എന്നര്‍ഥം.2

ആഇശയുമായുള്ള വിവാഹത്തിന്റെ പ്രചോദനങ്ങള്‍
ആഇശ(റ)യുമായുള്ള നബി(സ)യുടെ വിവാഹം അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള പ്രത്യേക തീരുമാനത്തിന്റെ ഭാഗമായിരുന്നു. ഇസ്‌ലാമിക പ്രബോധനത്തിന്റെ വിവിധ സാധ്യതകള്‍ അതില്‍ ഉള്ളടങ്ങിയിരുന്നു. നബി(സ)യില്‍നിന്ന് വാചികവും കര്‍മപരവുമായ ധാരാളം ഹദീസുകള്‍ -വിശിഷ്യാ സ്ത്രീകളുമായി ബന്ധപ്പെട്ടവ- അവര്‍ നിവേദനം ചെയ്തിട്ടുണ്ട്. ആഇശ(റ) തന്റെ ഇണയാകുമെന്ന് നബി(സ)ക്ക് സ്വപ്‌ന ദര്‍ശനമുണ്ടായിരുന്നു. ഇതേക്കുറിച്ച് നബി(സ) പറഞ്ഞതായി ആഇശ(റ) ഉദ്ധരിക്കുന്നു:

أريتك في المنام ثلاث ليال، جاءني بك الملك في خرقة من حرير فيقول هذه امرأتك فأكشف عن وجهك فاذا انت هي فأقول: إن يك من الله يمضه - وفى رواية: أريتك في المنام مرّتين
'മൂന്ന് രാത്രികളില്‍ നിന്നെ ഞാന്‍ സ്വപ്‌നം കണ്ടു. ഒരു മലക്ക് നിന്നെ പട്ടുതുണിയില്‍ എന്റെ അടുത്തുകൊണ്ടുവന്ന്, ഇവള്‍ നിന്റെ ഇണയാണെന്ന് എന്നോടു പറഞ്ഞു. ഞാന്‍ നിന്റെ മുഖത്തുനിന്ന് തുണി നീക്കി. അപ്പോള്‍ അത് നീയായിരുന്നു.' അപ്പോള്‍ ഞാന്‍ പ്രതികരിച്ചു: 'ഇത് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ളതാണെങ്കില്‍ അവന്‍ അത് നടപ്പില്‍ വരുത്തട്ടെ.'3 മറ്റൊരു റിപ്പോര്‍ട്ടില്‍, 'നിന്നെ ഉറക്കത്തില്‍ രണ്ടു തവണ എനിക്ക് കാണിക്കപ്പെട്ടു' എന്നാണുള്ളത്.4

നബിമാരുടെ സ്വപ്‌നങ്ങള്‍ സത്യവും അല്ലാഹുവിങ്കല്‍നിന്നുള്ള തീരുമാനവുമാണ്. ഉസ്മാനുബ്‌നു മള്ഊന്റെ ഭാര്യയും ഹകീമിന്റെ മകളുമായ ഖൗല, ഖദീജ(റ)യുടെ വിയോഗശേഷം, ഏതാണ്ട് രണ്ടു വര്‍ഷത്തിനിടെ, ആഇശയെയോ വിധവയും എണ്‍പതുകാരിയുമായ സൗദയെയോ വിവാഹം ചെയ്യാമെന്ന നിര്‍ദേശം നബി(സ)യുടെ മുമ്പാകെ സമര്‍പ്പിച്ചു. അബൂസലമയും യഹ്‌യയും പറയുന്നു: ഖദീജ(റ) നിര്യാതയായപ്പോള്‍ ഹകീമിന്റെ മകള്‍ ഖൗല നബി(സ)യെ സമീപിച്ച് ചോദിച്ചു: 'താങ്കള്‍ വിവാഹം ചെയ്യുന്നില്ലേ? നബി(സ): 'ആരെ?' ഖൗല: 'താങ്കളുടെ ഉദ്ദേശ്യം പോലെ. കന്യകയാവാം, വിധവയാവാം.' നബി(സ): 'ആരാണ് കന്യക?' ഖൗല: 'അല്ലാഹുവിന്റെ സൃഷ്ടികളില്‍ താങ്കള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ആളായ അബൂബക്‌റിന്റെ മകള്‍ ആഇശ.' നബി(സ): 'ആരാണ് വിധവ?' ഖൗല: 'സംഅയുടെ മകള്‍ സൗദ. അവര്‍ താങ്കളെ വിശ്വസിക്കുകയും, താങ്കള്‍ പറയുന്നത് പിന്‍പറ്റുകയും ചെയ്തിരിക്കുന്നു.' നബി(സ): 'നീ പോയി അവരോട് എന്റെ കാര്യം പറയുക.' അതുപ്രകാരം ഖൗല അബൂബക്‌റിന്റെ വീട്ടില്‍ ചെന്ന് ഭാര്യ ഉമ്മുറൂമാനോട് സംസാരിച്ചു: 'ഉമ്മുറൂമാന്‍! അല്ലാഹു നിങ്ങള്‍ക്ക് നന്മയും ബറകത്തുമായി എന്താണ് കൊണ്ടുവന്നത്?' ഉമ്മുറൂമാന്‍: 'എന്താണ്?' ഖൗല: 'ആഇശയെ വിവാഹാന്വേഷണം നടത്താന്‍ നബി(സ) അയച്ചതാണ് എന്നെ.' ഉമ്മുറൂമാന്‍: 'കാത്തിരിക്കൂ. അബൂബക്ര്‍ വരട്ടെ.' അബൂബക്ര്‍ വന്നു. ഖൗല: 'അബൂബക്ര്‍! അല്ലാഹു നിങ്ങള്‍ക്ക് ഏതുതരം നന്മയും ബറകത്തുമാണ് തന്നിരിക്കുന്നത്?' അബൂബക്ര്‍(റ): 'അത് എന്താണ്?' ഖൗല: 'ആഇശയെ വിവാഹാന്വേഷണം നടത്താന്‍ നബി(സ) എന്നെ അയച്ചതാണ്' അബൂബക്ര്‍(റ): 'അവള്‍ അദ്ദേഹത്തിനു പറ്റുമോ?' അവള്‍ അദ്ദേഹത്തിന്റെ സഹോദരന്റെ മകളാണ്.' ഖൗല നബി(സ)യെ സമീപിച്ച് കാര്യം പറഞ്ഞു. നബി(സ) പറഞ്ഞു: 'നിങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന്, ഞാന്‍ അദ്ദേഹത്തിന്റെയും അദ്ദേഹം എന്റെയും ഇസ്‌ലാമിലെ സഹോദരന്മാരാണെന്നും നിങ്ങളുടെ മകള്‍ എനിക്ക് പറ്റുമെന്നും പറയുക.' അങ്ങനെ ഖൗല തിരിച്ചു ചെന്ന് കാര്യം ധരിപ്പിച്ചു. അബൂബക്ര്‍ (റ) 'നിങ്ങള്‍ കാത്തിരിക്കൂ എന്നു പറഞ്ഞ് പുറത്തേക്കു പോയി. ഉമ്മുറുമാന്‍ തുടരുന്നു: 'മുത്വ്ഇമുബ്‌നു അദിയ്യിന്റെ മകനുവേണ്ടി ആഇശയെ വധുവായി നിര്‍ദേശിച്ചിരിക്കുന്നു. ദൈവമാണ, അബൂബക്‌റുമായി ചെയ്ത ഒരു കരാറും മുത്വ്ഇം ലംഘിക്കുമായിരുന്നില്ല. 'അതുകൊണ്ട് അബൂബക് ര്‍(റ) മുത്വ്ഇമിനെ സമീപിച്ചു. അപ്പോള്‍ അവിടെ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുല്‍ ഫതാ ഉണ്ടായിരുന്നു. അവര്‍ പറഞ്ഞു: 'അബൂഖുഹാഫയുടെ മകന്‍! വിവാഹത്തിലൂടെ എന്റെ ഭര്‍ത്താവിനെ വശത്താക്കാനാണോ ശ്രമം?' അബൂബക്ര്‍ (റ) മുത്വ്ഇമിനോട്: 'ഞാന്‍ ഒന്നു പറയുന്നു, ഇവര്‍ മറ്റൊന്നു പറയുന്നു.' ഇതും പറഞ്ഞ് അബൂബക്ര്‍ അവിടെനിന്നു പോന്നു. കല്യാണവുമായി ബന്ധപ്പെട്ട് നേരത്തേ പറഞ്ഞുവെച്ചത് അബൂബക്ര്‍(റ) മനസ്സില്‍നിന്നു കളഞ്ഞു. അദ്ദേഹം ഖൗലയോട് പറഞ്ഞു: 'നിങ്ങള്‍ നബി(സ)യെ എനിക്ക് വേണ്ടി വിളിച്ചു കൊണ്ടുവരൂ. അതുപ്രകാരം അവര്‍ നബി(സ)യെ ക്ഷണിച്ചു വരുത്തി. അന്ന് ആഇശയുടെ പ്രായം ആറായിരുന്നു.4

പ്രവാചകത്വത്തിന്റെ പന്ത്രണ്ടാം വര്‍ഷം ശവ്വാലിലായിരുന്നു വിവാഹാന്വേഷണം. മാതാപിതാക്കള്‍ മുഹാജിറുകളായ ആഇശ(റ) ഒഴികെ മറ്റൊരു വനിതയെയും നബി(സ) വിവാഹം ചെയ്തിട്ടില്ല. ഹി. രണ്ടാം വര്‍ഷം ശവ്വാലില്‍ ബദ്ര്‍ യുദ്ധത്തിനു ശേഷമാണ് നബി(സ) അവരുമായി ദാമ്പത്യ ജീവിതം ആരംഭിച്ചത്. ഇക്കാരണത്താല്‍ വിവാഹം ശവ്വാലില്‍ നടക്കുന്നതായിരുന്നു അവര്‍ ഇഷ്ടപ്പെട്ടിരുന്നത്. അവര്‍ പറയുന്നു: 'നബി(സ) എന്നെ ശവ്വാലില്‍ വിവാഹം ചെയ്തു, ശവ്വാലില്‍ ഞങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിച്ചു, നബി(സ)യുടെ ഭാര്യമാരില്‍ എന്നേക്കാള്‍ ഭാഗ്യവതിയായി മറ്റാരുണ്ട്.'5 അപ്പോള്‍ ആഇശ(റ)യുടെ പ്രായം ഒമ്പത് വയസ്സായിരുന്നു. അവരെ മാനസികമായി സന്തോഷിപ്പിക്കാന്‍ നബി(സ) എപ്പോഴും ശ്രമിക്കുമായിരുന്നു. എത്യോപ്യക്കാരുടെ കായികാഭ്യാസം കാണിച്ചു കൊടുത്തതും ഓട്ടമത്സരം നടത്തിയതുമെല്ലാം പ്രസിദ്ധമാണല്ലോ. ആഇശ(റ)യെ സംബന്ധിച്ചേടത്തോളം നബി(സ) ഉത്തമനായ ഭര്‍ത്താവായിരുന്നു. ചിലപ്പോഴൊക്കെ അവരെ 'വാ അറൂസാ' (പുതുപ്പെണ്ണേ!) എന്നായിരുന്നു നബി(സ) വിളിച്ചിരുന്നത്. ഒരിക്കല്‍ തലവേദനിച്ചപ്പോള്‍ അവര്‍ 'വാ റഅ്‌സാ!' (എന്റെ തലയേ!) എന്നു പറഞ്ഞു. ഇതു കേട്ട നബി(സ)യുടെ പ്രതികരണം 'ബല്‍ വഅന വാ റഅ്‌സാ' (എന്റെയും തലയേ!) എന്നായിരുന്നു.6 മരണാനുബന്ധ രോഗഘട്ടത്തില്‍ ആഇശ(റ)യുടെ വീട്ടിലായിരുന്നു നബി(സ) ഉണ്ടായിരുന്നത്. അവരുടെ മാറില്‍ തലവെച്ചാണ് നബി(സ) ഇഹലോകവാസം വെടിഞ്ഞത്. ഇസ്‌ലാമിക സമൂഹത്തിന്റെ വിശ്വാസമനുസരിച്ച് ലോകത്ത് ഏറ്റവും പുണ്യപ്പെട്ട ഇടങ്ങളിലൊന്നായ അവരുടെ വീട്ടിലാണ് നബി(സ) മറമാടപ്പെട്ടത്.

നബി(സ)യുടെ വിയോഗശേഷം അദ്ദേഹം സ്‌നേഹിച്ചവരെ സ്‌നേഹിക്കുക എന്നതിന്റെ ഭാഗമായി സ്വഹാബികള്‍ അവരെ സ്‌നേഹിച്ചു പാരിതോഷികങ്ങള്‍ നല്‍കി. 'ഹബീബത്തു ഹബീബില്ലാഹ്' (അല്ലാഹുവിന് പ്രിയപ്പെട്ടവന്റെ പ്രിയപ്പെട്ടവള്‍), 'ഖലീലത്തു റസൂലില്ലാഹ്' (അല്ലാഹുവിന്റെ ദൂതന്റെ ആത്മസഖി), 'ഹബീബത്തു റസൂലില്ലാഹ്' (അല്ലാഹുവിന്റെ ദൂതന്റെ പ്രിയപ്പെട്ടവള്‍) എന്നീ പേരുകളില്‍ അവര്‍ അറിയപ്പെട്ടു.
ഇസ്‌ലാമുമായി ബന്ധപ്പെട്ട പൊതുപ്രധാനമായ കാര്യങ്ങള്‍ക്കൊപ്പം കുടുംബ ജീവിതവുമായി സവിശേഷം ബന്ധപ്പെട്ട വിഷയങ്ങളും നബി(സ)യില്‍നിന്ന് മനസ്സിലാക്കാന്‍ ആഇശ(റ)ക്ക് പ്രത്യേകം സാധിച്ചു. ഖുര്‍ആന്‍, ഫിഖ്ഹ്, തഫ്‌സീര്‍, ഹദീസ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വഹാബികള്‍ക്ക് ഗുരുസ്ഥാനീയയായിരുന്ന അവര്‍ ഇസ് ലാമിക ശരീഅത്തിന്റെ നാലിലൊന്നും ഇസ്‌ലാമിക സമൂഹത്തിന് ലഭ്യമാക്കിയവരാണ്.

സ്വഹാബികള്‍ക്കു പോലും പല ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അവരായിരുന്നു മുഖ്യാവലംബം. ഇമാം സുഹ്‌രി പറയുന്നു: 'ആഇശ(റ)യുടെയും, മറ്റെല്ലാ നബിപത്‌നിമാരുടെയും സ്വഹാബി വനിതകളുടെയും വിജ്ഞാനങ്ങളെല്ലാം എനിക്ക് ശേഖരിക്കാനായാലും അവയില്‍ ആഇശ(റ)യുടെ വിജ്ഞാനമായിരിക്കും ശ്രേഷ്ഠം.' പിതാവിന്റെ സാമൂഹിക പ്രസക്തിയും നബി(സ)യുടെ വീട്ടിലെ അംഗമെന്ന സാഹചര്യവും അവര്‍ക്ക് അനുകൂല ഘടകമായിരുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ പ്രഥമാധ്യാപകനായ നബി(സ)യില്‍നിന്ന് നുകര്‍ന്ന അറിവുറവകള്‍ സ്വാംശീകരിച്ച അവര്‍ സ്വഹാബികളുടെ ഗുരു കൂടിയായി ജീവിച്ചു ധന്യയായി.
നബി(സ)യുടെ വീട്ടില്‍ ജീവിത പ്രയാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതവര്‍ സന്തോഷത്തോടെ, ക്ഷമാപൂര്‍വം സ്വീകരിച്ചു. തന്റെ കൂടെ ജീവിക്കണമോ, പരലോകം തെരഞ്ഞെടുക്കുന്നുവോ എന്ന ചോദ്യത്തിന് ഒട്ടും ചാഞ്ചല്യമില്ലാതെ അവര്‍ നബി(സ)യോടൊപ്പമുള്ള ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു.

ഖുര്‍ആനിലും ഹദീസിലും പണ്ഡിതയായ അവര്‍ കര്‍മശാസ്ത്ര വിദഗ്ധ കൂടിയായിരുന്നു. അബൂമൂസല്‍ അശ്അരി (റ) പറയുന്നു. 'ഞങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഞങ്ങള്‍ അതേപ്പറ്റി ആഇശ(റ)യോട് ചോദിക്കും. അതോടെ, അതിനു പരിഹാരമാവും.7
ഒന്നിലധികം ഭാര്യമാരെ വേള്‍ക്കണമെന്നുള്ളവര്‍ വാര്‍ധക്യത്തിലല്ല, യൗവനത്തിന്റെ തീക്ഷ്ണതയിലാണ് അതിനു മുതിരുക. പ്രവാചകത്വത്തിന്റെയോ വാര്‍ധക്യത്തിന്റെയോ ഭാരങ്ങളൊന്നുമില്ലാത്ത, യൗവനം മുറ്റിനിന്ന ഘട്ടത്തില്‍ നബി(സ) ഒന്നിലധികം ഇണകളെപ്പറ്റി ചിന്തിച്ചിട്ടില്ല. ഇരുപത്തഞ്ചുകാരനായ അദ്ദേഹം നാല്‍പ്പതുകാരിയായ ഖദീജയുമൊത്ത് സംതൃപ്ത ജീവിതം നയിച്ചുവന്നു. ഖദീജ(റ) നിര്യാതയായപ്പോള്‍ വിവാഹം ചെയ്തതോ വിധവയായ സൗദയെയും. ഇതില്‍നിന്ന് നമുക്ക് മനസ്സിലാവുന്നത് മാനുഷികവും ശരീഅത്തുപരവുമായ താല്‍പര്യങ്ങളായിരുന്നു എന്നാണ്.

ആഇശ(റ)യെ വിവാഹം ചെയ്യാന്‍ ഖൗല(റ) നിര്‍ദേശിച്ചപ്പോള്‍ ആഇശ(റ) അത് നിരസിക്കുമോ എന്ന് നബി(സ) ചിന്തിച്ചു. അബൂബക്‌റുമായുള്ള ദീര്‍ഘകാല സൗഹൃദം അത്തരമൊരു നിരാസത്തിനു വഴിവെക്കുന്നതായിരുന്നില്ല. നബിഗൃഹത്തിലെത്തിയ ആഇശ(റ)ക്ക് സൗദ(റ) മുന്തിയ പരിഗണന തന്നെ നല്‍കി. സൗദ (റ) മരിച്ചശേഷം ആഇശ(റ) ഉത്തമയായ ഭാര്യയായും വിജ്ഞാനാര്‍ഥിയായും ജീവിച്ചു. യഥാര്‍ഥത്തില്‍ അബൂബക്‌റിനോടുള്ള സ്‌നേഹത്തിന്റെ വികസിത രൂപമായിരുന്നു അദ്ദേഹത്തിന്റെ മകള്‍ ആഇശയോടുള്ള നബി(സ)യുടെ സ്‌നേഹം. 'നിങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരന്‍ ആരാണ്?' എന്ന ചോദ്യത്തിന് ആഇശ(റ) എന്നായിരുന്നു നബി(സ)യുടെ മറുപടി. പുരുഷന്മാരില്‍ ആരാണ്? നബി(സ): 'അവളുടെ പിതാവ്.' ചുരുക്കത്തില്‍, ലൈംഗിക വികാരത്താല്‍ പ്രചോദിതമായല്ല, തനിക്ക് ഏറ്റവും പ്രിയങ്കരനായ ആത്മസുഹൃത്തിന്റെ മകളെ പ്രവാചക ഭവനത്തില്‍ ഇടം നല്‍കി ആദരിക്കുന്നതിന്റെ ഭാഗമായാണ് അവര്‍ തമ്മിലെ വിവാഹം നടന്നത്. സ്വന്തം മാതാവിന്റെ പ്രായത്തിലുള്ളവരെ മാത്രമല്ല, സ്വന്തം മകളുടെ പ്രായമുള്ളവരെയടക്കം വിവാഹം ചെയ്തിരുന്ന അന്നത്തെ കാലഘട്ടത്തെ മറന്നുകൊണ്ട് നാം നമ്മുടെ നിഗമനങ്ങള്‍ അടിച്ചേല്‍പിക്കുന്നത് ശരിയല്ല. അറേബ്യയില്‍നിന്നോ പേര്‍ഷ്യയില്‍ നിന്നോ റോമില്‍നിന്നോ തനിക്കിഷ്ടപ്പെട്ട യുവതികളെ വിവാഹം ചെയ്യാന്‍ നബി(സ)ക്ക് പ്രയാസമുണ്ടായിരുന്നില്ല. തനിക്കും കുടുംബത്തിനു ഏറ്റവും മെച്ചപ്പെട്ട ഭൗതിക ജീവിതസൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടും അദ്ദേഹം അങ്ങനെ ചെയ്തില്ല. അറബികളും അനറബികളും തനിക്കു കീഴ്‌പ്പെട്ട ശേഷം പോലും അദ്ദേഹം ഭൗതിക മോഹത്തിനധീനനായില്ലെന്നതല്ലേ ചരിത്രം? നബിപത്‌നിമാര്‍ ജീവിത പ്രയാസങ്ങളില്‍ അദ്ദേഹത്തോട് ആവലാതി പറഞ്ഞത് നമുക്കറിയാവുന്നതാണല്ലോ? ആ ഘട്ടത്തില്‍ തന്റെ ജീവിത നിലപാട് വിശദീകരിച്ചുകൊടുത്തപ്പോള്‍ അവര്‍ തൃപ്തിയടകയുമാണ് ചെയ്തത്.

ശൈശവ വിവാഹത്തെ വിമര്‍ശിക്കുകയാണ് വിമര്‍ശകരുടെ ഉദ്ദേശ്യമെങ്കില്‍ ഇസ്‌ലാമിനു മുമ്പും ശേഷവും നിലനിന്ന ഇത്തരം വിവാഹങ്ങളെ പൊതുവായിത്തന്നെ വിമര്‍ശിക്കുകയാണ് വേണ്ടത്. അല്ലാതെ മുഹമ്മദ് നബി(സ)യാണ് ഇതിനു തുടക്കം കുറിച്ചത്, അദ്ദേഹം മാത്രമാണ് ആ പ്രായക്കാരിയെ വിവാഹം ചെയ്തത് എന്ന മട്ടില്‍ സംസാരിക്കരുത്. ഇളം പ്രായക്കാരിയെ വിവാഹം ചെയ്തു എന്നതാണ് പ്രശ്‌നമെങ്കില്‍ അക്കാലത്ത് നടന്ന അത്തരം മറ്റു വിവാഹങ്ങളെയും അവര്‍ വിമര്‍ശനവിധേയമാക്കാന്‍ തയാറാവണം.

യൂറോപ്പില്‍
ബാലികാ വിവാഹം ഒരു ഘട്ടത്തില്‍ യൂറോപ്പില്‍ നാട്ടുനടപ്പായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രാജാക്കന്മാരും ഭരണാധികാരികളും രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഉണ്ടാക്കുന്ന സഖ്യങ്ങളുടെ ഫലമായി ഇത്തരം വിവാഹങ്ങള്‍ നടന്നിരുന്നു. ഫ്രാന്‍സിലെ ബാലികാ ചക്രവര്‍ത്തി 'അന്‍യാസ്', യഥാക്രമം ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരായ അലക്ഡിസ് കംഹോന്‍സ് രണ്ടാമന്‍, അന്‍ട്രോനികോസ് കംനോന്‍സ് ഒന്നാമന്‍ എന്നിവരുടെ ഭാര്യയായിരുന്നു.

William of tyre ന്റെ അഭിപ്രായത്തില്‍ അന്‍യാസിന് എട്ടു വയസ്സും അലക്‌സിസിന് പതിമൂന്നുമായിരുന്നു പ്രായം.10 അലക്‌സിസ് കംനോന്‍സ് ഒന്നാമന്റെ ഭാര്യക്ക് വിവാഹ വേളയില്‍ പന്ത്രണ്ടു വയസ്സായിരുന്നു പ്രായം. പതിനഞ്ചു വയസ്സിനു മുമ്പു തന്നെ അവര്‍ ചക്രവര്‍ത്തിനിയുമായി. ബൈസാന്റിയിലെ ഭരണാധികാരിയായിരുന്ന തിയോഡോറാ പതിമൂന്നാം വയസ്സിലാണ് ഖുദ്‌സിലെ ഭരണാധികാരിയായ ബ്ലഡ്‌വിന്‍ മൂന്നാമനെ വിവാഹം ചെയ്തത്. മാര്‍ഗരറ്റ് മരിയാ ഹങ്കാരിയാ, ഇസാഖ് ആംഗ്ലോ രണ്ടാമനെ വിവാഹം ചെയ്തത് അവരുടെ ഒമ്പതാം വയസ്സിലാണ്. അന്‍യാസിനെ പിന്നീട് വിവാഹം ചെയ്തത്, ഭര്‍ത്താവ് അലക്‌സിസ് സ്ഥാനത്തവരോധിച്ച അന്ത്രോനിക്കസ് ആയിരുന്നു. അന്‍യാസിനേക്കാള്‍ അമ്പത് വയസ്സ് പ്രായം കൂടുതലുണ്ടായിരുന്നു അദ്ദേഹത്തിന്.11

ചുരുക്കത്തില്‍, രാജ്യഭരണം നടത്തുന്ന വിഭാഗങ്ങളില്‍ അറുപത് കഴിഞ്ഞ പുരുഷന്മാര്‍ ബാലികമാരെ വിവാഹം ചെയ്യുന്ന രീതി യൂറോപ്പില്‍ വ്യാപകമായിരുന്നു. അപ്പോള്‍ പിന്നെ സാധാരണ ജനങ്ങളുടെ കാര്യം പറയാനുണ്ടോ? അതിനും അഞ്ചു നൂറ്റാണ്ട് മുമ്പാണ് നബി(സ) ജീവിച്ചത്.

നമുക്ക് യൂറോപ്പിനെ വിടാം. നബി(സ)യും ആഇശയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് പതിനാലു നൂറ്റാണ്ടുകള്‍ക്ക് ശേഷവും പല രാജ്യങ്ങളിലും വിവാഹപ്രായം കുറഞ്ഞു തന്നെയാണിരിക്കുന്നതെന്നു കാണാം. എയ്ഡ്‌സ് രോഗികളിലെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന അന്താരാഷ്ട്ര ചാരിറ്റി സംഘടനയായ അ്‌ലൃ,േ ലോകത്തെ വ്യത്യസ്ത നാടുകളില്‍ ലൈംഗിക ബന്ധത്തിന് അനുവാദം നല്‍കുന്ന പ്രായം സംബന്ധിച്ച് പട്ടിക പുറത്തിറക്കിയിട്ടുണ്ട്. അതനുസരിച്ച് ജപ്പാനിലും അര്‍ജന്റീനയിലും പതിമൂന്നാം വയസ്സുമുതല്‍ ലൈംഗിക ബന്ധമാവാം. കാനഡയില്‍ 1890 വരെയും പന്ത്രണ്ടു വയസ്സായിരുന്നു പരിധി.12 മെക്‌സിക്കോ, പനാമ, ഫിലിപ്പൈന്‍ എന്നിവിടങ്ങളില്‍ പന്ത്രണ്ടും സ്‌പെയിനിലും സൈപ്രസിലും ദക്ഷിണ കൊറിയയിലും പതിമൂന്നുമാണ് പ്രായം. ബൊളീവിയയില്‍ പ്രായപൂര്‍ത്തിയാണ് പരിധി.13 മൂന്നു വയസ്സും ഒരു ദിവസവുമായാല്‍ യഹൂദ ബാലികയെ വിവാഹം ചെയ്യാമെന്നതും വിമര്‍ശകര്‍ മറക്കുന്നു.
 
ദാവൂദ് നബിയുടെ യുവതിയായ ഭാര്യ
ഇത്തരുണത്തില്‍ പഴയ നിയമത്തിലെ 'രാജാക്കന്മാര്‍' എന്ന അധ്യായത്തിലെ 'ദാവീദിന്റെ അന്ത്യദിനങ്ങള്‍' എന്ന ഭാഗം കാണുക. 'ദാവീദ് രാജാവ് വയോവൃദ്ധനായി. ദാസന്‍ കമ്പിളി കൊണ്ടു പുതപ്പിച്ചെങ്കിലും അയാള്‍ക്ക് വേണ്ടത്ര ചൂടുകിട്ടിയില്ല. അതുകൊണ്ടു അവര്‍ രാജാവിനോട് പറഞ്ഞു: 'യജമാനനായ രാജാവിനുവേണ്ടി ഒരു യുവകന്യകയെ അന്വേഷിക്കട്ടെ, അവള്‍ പരിചാരികയായി രാജാവിനെ ശുശ്രൂഷിക്കണം. അവള്‍ അങ്ങയുടെ മാര്‍വിടത്തില്‍ ശയിക്കട്ടെ; അങ്ങനെ യജമാനനായ രാജാവിനു ചൂടു പകരട്ടെ.' അവര്‍ ഇസ്രായേല്‍ ദേശമെങ്ങും ഒരു സുന്ദരിയെ അന്വേഷിച്ചു. അവര്‍ ശൂനേം കാരിയായ അബിശഹിനെ കണ്ടുപിടിച്ച് രാജസന്നിധിയില്‍ കൊണ്ടുവന്നു. ആ യുവതി അതിസുന്ദരിയായിരുന്നു. അവള്‍ രാജാവിനെ പരിചാരികയായി ശുശ്രൂഷിച്ചു. പക്ഷെ, രാജാവ് അവളെ പ്രാപിച്ചില്ല.' (രാജാക്കന്മാര്‍: 1-4).

ആയിരത്തി നാനൂറ് വര്‍ഷം മുമ്പ് നടന്ന വിവാഹത്തെ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ വിമര്‍ശിക്കുമ്പോള്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ അമേരിക്കന്‍ യുവതികളെ പത്താം വയസ്സില്‍ വിവാഹം ചെയ്യാമായിരുന്നു. അതായത്, ആഇശയേക്കാള്‍ ഒരു വയസ്സുമാത്രം കൂടുതല്‍. അമേരിക്കയിലെ ഒരു സ്റ്റേറ്റില്‍ ഏഴായിരുന്നു പ്രായം. ആഇശയേക്കാള്‍ രണ്ടു വയസ്സു താഴെ. ക്രൈസ്തവമുള്‍പ്പെടെ പല പടിഞ്ഞാറന്‍ നാടുകളില്‍ ആധുനിക കാലത്തുപോലും പന്ത്രണ്ടും പതിമൂന്നുമാണ് വിവാഹപ്രായമെങ്കില്‍ ആയിരത്തി നാനൂറ് വര്‍ഷം മുമ്പ് നടന്ന ആഇശയുടെ വിവാഹ ജാതകം പരിശോധിക്കുന്നതിന്റെ ന്യായമെന്ത്?

ആറാം നൂറ്റാണ്ടിലെ അറബി ധൈഷണികത
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാശ്ചാത്യ ധൈഷണികതക്ക്, ആറാം നൂറ്റാണ്ടിലെ പൗരസ്ത്യ-അറബി ധൈഷണികതയെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാത്തതാണ് വിമര്‍ശനത്തിന്റെ കാതലായ മറ്റൊരു വശം. അടുത്ത നാഗരികതകളും സംസ്‌കാരങ്ങളും തമ്മിലുള്ള കാലപരമായ വമ്പിച്ച അകലവും ധൈഷണികവും ഭൂമിശാസ്ത്രപരവുമായ വ്യത്യാസങ്ങളും വിഷയത്തെ സത്യസന്ധമായി മനസ്സിലാക്കുന്നതിന് തടസ്സമാവുന്നുണ്ട്. പതിനാലു നൂറ്റാണ്ടു മുമ്പ് ഒരു പൗരസ്ത്യ സമൂഹത്തില്‍ നിലനിന്നിരുന്ന ഒരു കാര്യം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ തികച്ചും വ്യത്യസ്തമായ ഒരു സാംസ്‌കാരികതയിലധിഷ്ഠിതമായ പാശ്ചാത്യര്‍ വിമര്‍ശിക്കുന്നത് ഒട്ടും പൊരുത്തപ്പെടില്ല. ചെറുപ്രായത്തിലെ വിവാഹം നടപ്പുണ്ടായിരുന്ന സമൂഹങ്ങള്‍ തങ്ങള്‍ക്ക് മനസ്സിലാവുന്ന കാരണങ്ങളാലും സാഹചര്യങ്ങളാലുമാണ് അത്തരം വിവാഹങ്ങള്‍ നടത്തിയിരുന്നതെന്ന് നാം മനസ്സിലാക്കുകയാണ് വേണ്ടത്.

നബി(സ)യുടെ ഇതര ഭാര്യമാരില്‍നിന്ന് വ്യത്യസ്തമായി, ആഇശ(റ)യുടെ വീട്ടില്‍ വെച്ചായിരുന്നു വഹ്‌യ് അവതരിച്ചിരുന്നത്. അത്തരം അവസരങ്ങളില്‍ അവ സര്‍വാത്മനാ ഏറ്റുവാങ്ങാനും മനസ്സിലാക്കാനും അതേപടി ഇസ്‌ലാമിക സമൂഹത്തിനു കൈമാറാനും അവര്‍ക്കായി. അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി, മുആവിയ എന്നിവരുടെ ഭരണകാലത്ത് പണ്ഡിതന്മാരും നേതാക്കളും അവരുമായി കൂടിയാലോചിച്ചു. പ്രഫസര്‍ സഈദുല്‍ അഫ്ഗാനി എഴുതുന്നു: 'ഞാന്‍ ആഇശയെക്കുറിച്ച് വര്‍ഷങ്ങളോളം പഠിച്ചു. ആ കാലയളവില്‍ അവര്‍ അമാനുഷപ്രതിഭാസമായാണ് എനിക്കനുഭവപ്പെട്ടത്. അവരെ വിവരിക്കാന്‍ പേനക്കാവില്ല. സമുദ്രസമാനം പരന്ന വിജ്ഞാനം. ചക്രവാളങ്ങളുടെ വിശാലത, ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ശരീഅ, സാഹിത്യം, കവിത, ചരിത്രം, വംശവിജ്ഞാനീയം, വൈദ്യം..... അവരുടെ അറിവുകള്‍ നീണ്ടതാണ്. ഇവയെല്ലാം പതിനെട്ടു വയസ്സിനകം അവര്‍ നേടിയിരുന്നു.14

ഹദീസുകള്‍ പരിശോധിക്കുമ്പോള്‍
തന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഇശ(റ) തന്നെ വിവരിക്കുന്നത് കാണുക: 'എനിക്ക് ആറുവയസ്സായിരിക്കെ നബി(സ) എന്നെ വിവാഹം കഴിച്ചു. പിന്നീട് ഞങ്ങള്‍ മദീനയില്‍ വന്നു. അല്‍ഹാരിസുബ്‌നു ഖസ്‌റജ് വംശജരുടെ അടുക്കലാണ് ഞങ്ങള്‍ താമസമാക്കിയത്. എനിക്ക് പനി പിടിച്ചു. എന്റെ മുടി കൊഴിയാന്‍ തുടങ്ങി. (പനിവിട്ടു മാറിയപ്പോള്‍ മുടി വളര്‍ന്നു) അതു വര്‍ധിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ ഉമ്മ ഉമ്മുറൂമാന്‍ എന്റെ അടുക്കല്‍ വന്നു. ഞാന്‍ ഒരു ഊഞ്ഞാലിലായിരുന്നു. എന്നോടൊപ്പം എന്റെ കൂട്ടുകാരികളുമുണ്ട്. ഉമ്മ എന്നെ ഉച്ചത്തില്‍ വിളിച്ചു. ഞാന്‍ ഉമ്മയുടെ അടുത്തെത്തി. ഉമ്മ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അവരെന്റെ കൈപിടിച്ച് വീട്ടുവാതില്‍ക്കല്‍ കൊണ്ടുവന്നു നിര്‍ത്തി. ഞാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു. പിന്നെ എന്റെ കിതപ്പ് അല്‍പം ശാന്തമായി. കുറച്ച് വെള്ളമെടുത്ത് ഉമ്മ എന്റെ മുഖവും തലയും തുടച്ചു. എന്നെ വീടിനകത്തേക്ക് കൊണ്ടുപോയി. അപ്പോള്‍ അവിടെ ഏതാനും അന്‍സ്വാരി പെണ്ണുങ്ങളുണ്ടായിരുന്നു. അവരെന്നെ ഇങ്ങനെ ആശംസിച്ചു: 'നിനക്ക് ക്ഷേമവും സൗഭാഗ്യവുമുണ്ടാവട്ടെ. നന്മയിലായിക്കൊണ്ടാണ് നീ വന്നിരിക്കുന്നത്.' ഉമ്മ എന്നെ അവരെ ഏല്‍പിച്ചു. അവരാകട്ടെ, എന്നെ അണിയിച്ചൊരുക്കി. പൂര്‍വാഹ്നവേളയിലെ അല്ലാഹുവിന്റെ റസൂലിന്റെ ആഗമനം എന്നെ സംബന്ധിച്ചേടത്തോളം അപ്രതീക്ഷിതമായിരുന്നു. അവരെന്നെ റസൂലിന്റെ അടുക്കലാക്കി. അന്നെനിക്ക് ഒമ്പത് വയസ്സു പ്രായമായിരുന്നു.'15 (ബുഖാരി 3894, മുസ്‌ലിം 1422).

കൂട്ടുകാരികളോടൊപ്പം കളിക്കുമ്പോള്‍ നബി(സ) കടന്നുവന്നിരുന്നതായും അദ്ദേഹത്തെ കാണുമ്പോള്‍ ഒളിഞ്ഞിരുന്നു അവരെ കളിച്ചുകൊള്ളാന്‍ പ്രോത്സാഹിപ്പിച്ചതായും (ബുഖാരി 7130, മുസ്‌ലിം 2440) കാണാം. സുനനു അബീദാവൂദില്‍, ആദാബുസ്സിഫാഫ് അധ്യായത്തില്‍ 4932-ാം ഹദീസില്‍, സുലൈമാന്‍ നബിയുടെ കുതിരയെ അനുസ്മരിപ്പിച്ചുകൊ് തുണികൊ് ചിറകുവെച്ചു പിടിച്ച പാവക്കുതിരയെ ഉണ്ടാക്കി കളിച്ചതും നബി(സ) അതുകണ്ട് ചിരിച്ചതും കാണാം.

നബി(സ) തന്നെ വിവാഹം ചെയ്തത് തന്റെ ഏഴാം വയസ്സിലാണെന്നും ഒമ്പതാം വയസ്സിലാണ് അറപ്രവേശനം നടന്നതെന്നും, നബി(സ) നിര്യാതനായപ്പോള്‍ തന്റെ പ്രായം പതിനെട്ടായിരുന്നുവെന്നും ആഇശ(റ) തന്നെ പ്രസ്താവിച്ചതായി മുസ് ലിം (1422) ഉദ്ധരിക്കുന്നു.

കളിപ്പാവകളെക്കുറിച്ച പരാമര്‍ശം അവരുടെ പ്രായക്കുറവിനെ സൂചിപ്പിക്കുന്നതായും ചില റിപ്പോര്‍ട്ടുകളില്‍ ആറും മറ്റു ചിലവയില്‍ ഏഴും വയസ്സു കാണുന്നത്, ആറു കഴിഞ്ഞ് ഏഴിലേക്ക് കടന്നു എന്ന അര്‍ഥത്തിലാണെന്നും നവവി എഴുതുന്നു. ആറാം വയസ്സില്‍ വിവാഹം നടന്നെങ്കിലും ഹി. രണ്ടാം വര്‍ഷം ഒമ്പതാം വയസ്സിലാണ് അറകൂടിയതെന്ന കാര്യം അഭിപ്രായ വ്യത്യാസമില്ലാത്തതാണെന്ന് ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തുന്നു.16
ഒമ്പതു വയസ്സുപ്രായമായ പെണ്‍കുട്ടിയെ പെണ്ണായി പരിഗണിക്കണമെന്ന് ആഇശ(റ) പറഞ്ഞതായി തിര്‍മിദി17യും ഒമ്പതാം വയസ്സില്‍ യമനിലെ പെണ്‍കുട്ടികള്‍ ഋതുമതികളായിരുന്നതായി ശാഫിഈ18യും രേഖപ്പെടുത്തുന്നു. യമനിലെ സ്വന്‍ആഇല്‍ താന്‍ ഇരുപത്തിയൊന്നു വയസ്സുള്ള ഒരു വലിയുമ്മയെ കണ്ടെന്നും ഒമ്പതാം വയസ്സില്‍ ഋതുമതിയായ അവര്‍ പത്താം വയസ്സില്‍ മകളെ പ്രസവിച്ചെന്നും ആ മകള്‍ ഒമ്പതാം വയസ്സില്‍ ഋതുമതിയായെന്നും പത്താം വയസ്സില്‍ ഒരു മകളെ പ്രസവിച്ചെന്നും ഇമാം ശാഫിഈ സാക്ഷ്യപ്പെടുത്തുന്നു.19 ആഇശ(റ)യും വിവാഹവേളയില്‍ നല്ല യൗവനത്തുടിപ്പുണ്ടായിരുന്നുവെന്ന് ദാവൂദിയെ ഉദ്ധരിച്ച് നവവി എഴുതുന്നു.
'മുന്‍ഗാമികളില്‍നിന്ന് ഒറ്റപ്പെടും വിധം പ്രായം രേഖപ്പെടുത്തുന്നത് അബദ്ധത്തിനിടയാക്കും. ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ പറഞ്ഞതുപോലെ ഒരു വിഷയത്തിലും നേതാവില്ലാതെ സംസാരിക്കരുത്.'20

വൈകാരികം മാത്രമായി കാണരുത്
നബി(സ)യുടെ പത്‌നീപദവി അലങ്കരിക്കുക എന്നത് വലിയ അംഗീകാരമായാണ് മുസ്‌ലിംകള്‍ കണ്ടിരുന്നത്. അബൂബര്‍സ അസ്‌ലമി (റ) പറയുന്നു: 'അന്‍സ്വാറുകളിലെ വിധവകളെ നബിക്ക് ആവശ്യമായില്ലെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് വിവാഹം ചെയ്തു നല്‍കിയിരുന്നുള്ളൂ. പല വനിതകളും തങ്ങളെ നബിക്ക് താല്‍പര്യമുണ്ടെങ്കില്‍ വിവാഹം ചെയ്യാമെന്ന് പറഞ്ഞിരുന്നു.' നബി(സ) അബൂബക്‌റും ഉമറുമായി ആഇശയിലൂടെയും ഹഫ്‌സ്വയിലൂടെയും ബന്ധം സ്ഥാപിച്ചതും മകള്‍ ഫാത്വിമയെ അലിക്കും ഉമ്മുകുല്‍സൂമിനെ ഉസ്മാന്നും വിവാഹം ചെയ്തു നല്‍കിയതും നാലു പേരുമായും ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം എന്ന നിലയിലായിരുന്നു. ഇത് പരിഗണനീയമായ താല്‍പര്യമായിരിക്കെ, ആഇശ(റ)യുടെ വിവാഹത്തിലെ ലൈംഗികത മുഖ്യവിഷയമായി കാണുന്നത് നീതിപൂര്‍വകമല്ല. വിവാഹത്തിലൂടെ ചില നല്ല താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടു എന്നതിനാല്‍ പ്രായപൂര്‍ത്തിക്ക് മുമ്പ് വിവാഹം നടന്നു എന്ന് വിമര്‍ശിക്കേണ്ടതില്ല. മുതിര്‍ന്ന ചില സ്ത്രീകള്‍ പോലും കുട്ടികള്‍ കാണുന്ന കാര്‍ട്ടൂണുകളും ഫിലിമുകളും കാണാറുള്ള സ്ഥിതിക്ക് ആഇശയുടെ പാവകളിയും പ്രശ്‌നവല്‍ക്കരിക്കേണ്ടതില്ല.

കുറിപ്പുകള്‍

1. ردّ افتراءات المنصرين حول الإسلام العظيم مركزالتنوير الإسلامي، القاهرة 208 ص 87،86
2. محمّد في حياته الخاصّة دكتور نظمي لوقا الهيئة المصرية العامة للكتاب، مصر 1994 ص: 133
3. صحيح البخاري - كتاب فضائل الصحابة (3682)
4. صحيح البخاري - كتاب فضائل الصحابة (3682)
4. أحمد، إسناده حسن، باقي مسند الأنصار (25810)، الطبراني (57) وحسن إسناده الأرناؤوط فى تعليقه على المسند
5. مسلم (2548)
6. صحيح البخاري (5342)
7. تراجم سيدات بيت النّبوّة د- عائشة عبد الرحمن ص 244
8. صحيح البخاري (3462) ، صحيح مسلم (6328)
9. ردّ افتراءات المنصربن حول الإسلام العظيم، مركز التنوير الإسلاميّ ص 86،87
10. William of tyre, History of deeds done beyond the sea, 13.4; P. wirth, wamm(1) Wurde Kaiser alexios ii, geboren? Byzantinis che Zects chrift, 49 (1956) 65-7
11. Choniates, historia, 275-6
12. Tories move torise age of Consent by terry weber, globe and mail, June 22, 2006
13. http://www.avert.org/age- of - Consent. htm
14. عائشة والسياسة، سعيد الأفغاني ص 19,18
15. kzlo-lp _pJmcn (sF.-]n.-F-¨v) \¼À: 1515
16. البداية والنّهاية 31161
17. سنن الترمذي 2/409
18. سير أعلام النبلاء 10/91
19. السنن الكبرى للبيهقي 1/319
20. مجموع الفتاوى 21/291

Ah-ew_w

1. استنكار زواجه من السيدة عائشة وهي طفلة - بيان الإسلام للرّدّ....
2. الرّدّ على فرية زواج النّبيّ بعائشة      islamqa.info
3. شبهات وجوابها حول زواج النّبيّ من عائشة
islamweb.net
4. دفاع عن زواج النّبيّ من عائشة
islamweb.net

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top