മധ്യപൗരസ്ത്യവും വിഭാഗീയ ചിന്താഗതി എന്ന കല്‍പ്പിതകഥയും

അലി ജാവേദ്‌‌
img

മേരിക്കയുടെ ഇറാഖ് യുദ്ധത്തിന്റെ ദൂരവ്യാപകമായ ഒരു പ്രത്യാഘാതം മിഡില്‍ ഈസ്റ്റ് രാഷ്്ട്രീയ വ്യവഹാരത്തില്‍ വിഭാഗീയ ചിന്താഗതി ഇടംപിടിച്ചുവെന്നതാണ്. വിശിഷ്യ, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ തെറ്റായ സാമാന്യവല്‍ക്കരണം കൊണ്ടുതന്നെ സെക്‌ട്ടേറിയനിസം ഒരാധുനിക പ്രതിഭാസമായി അടയാളപ്പെടുത്തപ്പെടാറുണ്ട്. മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തിന്റെ സങ്കീര്‍ണത മനസ്സിലാക്കുന്നതിന് കല്‍പ്പിത സൃഷ്ടിയായ വിഭാഗീയ ചിന്താഗതിയെ കൂട്ടുപിടിക്കുന്നത് പ്രദേശത്ത് സാമ്രാജ്യത്വ കൊളോണിയല്‍ ശക്തികളുടെ താല്‍പര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ജനവിശ്വാസം നഷ്ടപ്പെട്ട അറബ് ഭരണാധികാരികള്‍ അപരന്‍ എന്ന ഭീഷണി ചൂണ്ടിക്കാട്ടി ജനകീയ പ്രശ്‌നങ്ങള്‍ കൈയൊഴിയുകയും തദ്വാരാ അവരില്‍നിന്നും അധികാരത്തെ അകറ്റിനിര്‍ത്തുകയുമാണ് ചെയ്യുന്നത്. നേരത്തേ പ്രതീക്ഷിച്ചിരുന്നതുപോലെത്തന്നെ, ഈജിപ്ഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹിസ്ബുല്ലക്കെതിരെ ഉതിര്‍ത്ത ശക്തമായ വിമര്‍ശനം ഈ വിഷയത്തില്‍ ഏറെ പ്രസക്തമാണ്. സ്ഥിരീകരിച്ചിട്ടില്ലാത്ത ഹിസ്ബുല്ലാ ശാഖക്കെതിരെ ഉയര്‍ത്തിയ നീണ്ട വിമര്‍ശനത്തിനിടയില്‍, ഹിസ്ബുല്ല ഈജിപ്തില്‍ അതിക്രമിച്ച് ശീഇസം പ്രചരിപ്പിക്കുകയാണെന്നാരോപിക്കുകയുണ്ടായി. ഈയിടെയായി മധ്യപൗരസ്ത്യ ദേശത്ത് ശീഇസം ഉയര്‍ത്തുന്ന സൂക്ഷ്മമായ വെല്ലുവിളിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഈജിപ്തില്‍ 'ശീഇസത്തിന്റെ പ്രചാരണമെന്ന' കാല്‍പനിക സൃഷ്ടി രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കപ്പെടുന്ന അവസ്ഥാവിശേഷമാണ് സംജാതമായിരിക്കുന്നത്. എന്നിരുന്നാലും, ഈജിപ്തിലെ ഈ പ്രതിഭാസത്തിന് വലിയ അസ്വാഭാവികതയൊന്നും കല്‍പിച്ചുകൊടുക്കേണ്ടതില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ടെഹ്‌റാന്‍ 'ശീഅ മുസ്‌ലിം പ്രത്യയശാസ്ത്രപ്രചാരണത്തിനും' 'സാംസ്‌കാരിക നുഴഞ്ഞു കയറ്റത്തിനും' ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മൊറോക്കോ ഇറാനുമായുള്ള നയതന്ത്രബന്ധം വേര്‍പെടുത്തി. എമിറേറ്റ് രാഷ്ട്രങ്ങളായ ബഹ്‌റൈനില്‍ ഇറാന്‍ കൈകടത്തലുകള്‍ നടത്തുന്നുവെന്നും കുവൈത്തില്‍ 'കുവൈത്ത് ഹിസ്ബുല്ല' രൂപീകരിക്കാന്‍ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണവും വിഭാഗീയ ചിന്താഗതിയുടെ സാക്ഷ്യപ്പെടുത്തലുകളാണ്.
മിഡില്‍ ഈസ്റ്റിലെ വിഭാഗീയ ചിന്താ വ്യവഹാരം പല പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ താല്‍പര്യങ്ങളെ സേവിക്കുന്നുണ്ട്. ഈ പ്രതിഭാസത്തെ ശരിയായി മനസ്സിലാകാന്‍ മിഡില്‍ ഈസ്റ്റ് അറബ് നേതൃത്വത്തിന്റെ ശിയാ ആരോപണങ്ങളെ ശരിയായ അവലോകനത്തിന് വിധേയമാക്കേണ്ടതുണ്ട്.
ഒന്നാമതായി പറയപ്പെടുന്ന 'ശീഈ ഭീഷണി' ചൂണ്ടിക്കാട്ടി അറബ് ഭരണനേതൃത്വം ശിയാ സമൂഹവും മറ്റു ജനവിഭാഗവും തമ്മിലുള്ള അതിഭീകരമായ സാമ്പത്തിക, സാമൂഹിക അസമത്വങ്ങളില്‍നിന്നും ജനശ്രദ്ധ ബോധപൂര്‍വം തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. ബഹ്‌റൈന്‍, സുഊദി തുടങ്ങിയ രാഷ്ട്രങ്ങളില്‍ വളരെ ആസൂത്രിതമായ വിവേചനത്തിലൂടെ ശിയാ സമൂഹം പുറംപോക്കിലെറിയപ്പെട്ടിരിക്കുകയാണ്. വിഭാഗീയ ചിന്താഗതി ഈ രാഷ്ട്രങ്ങളില്‍ അങ്ങേയറ്റം വിവേചനത്തില്‍ കഴിയുന്ന ജനസമൂഹത്തിന് ന്യായമായ പ്രാതിനിധ്യം നല്‍കപ്പെടുന്നതിന് വിഘാതമായി നില്‍ക്കുകയാണ്. വിഭാഗീയ ചിന്താഗതി അറബ് രാഷ്ട്രങ്ങളില്‍ ശീഇസമൂഹത്തിന്റെ വികസനത്തിനും പരിഷ്‌കരണത്തിനും മുമ്പിലെ വിലങ്ങുതടിയാണ്. സെന്‍ട്രല്‍ ഗവണ്‍മെന്റില്‍ ക്രിയാത്മകമായ മാറ്റം കൊണ്ടുവരുന്നതിന് സമ്മര്‍ദം സൃഷ്ടിക്കുന്ന ലബനീസ് അനുഭവം ഇതിനു നല്ല ഉദാഹരണമാണ്. എഴുപതുകള്‍വരെ, അതായത് ദേശീയ കരാറിന്റെ(National Pact) മുപ്പത് വര്‍ഷത്തിനു ശേഷവും ലബനാനിലെ ശിയാ സമൂഹം പൊതുസമൂഹത്തിന്റെ പുറമ്പോക്കിലായിരുന്നു. രാഷ്ട്രത്തിന്റെ ശക്തമായ അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ ലബനാനിലെ ശീഇ സമൂഹം തങ്ങളുടെ ദുരിതങ്ങളെ ഒരു ഉപദേശീയ ആഖ്യാനമായി രൂപപ്പെടുത്തേണ്ടിവന്നു. ഇത്തരത്തില്‍ തഴച്ചുവളരുന്ന വിഭാഗീയ ചിന്താഗതി വളരെ അനിവാര്യമായ എന്നാല്‍ ഏറക്കാലം അവഗണിക്കപ്പെട്ട ആന്തരിക സാമൂഹിക, സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങള്‍ക്കുള്ള തടസ്സവാദമായിട്ടാണ് അറബ് ഭരണ നേതൃത്വം ഉപയോഗപ്പെടുത്തുന്നത്. കേവലം പൗരനെന്ന നിലയില്‍തന്നെ ലഭിക്കേണ്ട ന്യായമായ പ്രാതിനിധ്യവും സമത്വാവകാശവും നല്‍കാതെ ജനത്തെ അടിച്ചമര്‍ത്തുന്ന വഞ്ചനാപരമായ നിലപാടാണ് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്.
രണ്ടാമതായി, പരമ്പരാഗത സുന്നി ഭൂരിപക്ഷ പ്രദേശങ്ങളില്‍ 'ശീഈ കടന്നുകയറ്റ'ത്തിന്റെ പേരില്‍ അറബ് ജനതയെ പരസ്പരം പോരടിപ്പിക്കുന്ന, ഒരു വിഭാഗത്തെ അകറ്റിനിര്‍ത്തുന്ന നിലപാടാണ് ഭരണനേതൃത്വം പ്രോത്സാഹിപ്പിക്കുന്നത്. ജനവിശ്വാസം നഷ്ടപ്പെട്ട അറബ് നേതൃത്വം 'മതപരമായ' പ്രതികരണങ്ങളെ പ്രകോപിപ്പിച്ച് ജനവിശ്വാസം നേടിയെടുക്കാനുള്ള നാട്യങ്ങളാണ് കാട്ടിക്കൂട്ടുന്നത്.
ഈ കുതന്ത്രം പരാജയപ്പെട്ടുവെന്നുമാത്രമല്ല, പ്രത്യാഘാതം വളരെ ദാരുണവുമായിരുന്നു. മുബാറക്കിനെപ്പോലുള്ള അറബ് നേതൃത്വം കണക്കുകൂട്ടിയതിനു നേരെ വിരുദ്ധമായി, ഫലസ്ത്വീന്‍ വിഷയത്തില്‍ സുന്നിയും ശീഇയും ഒറ്റക്കെട്ടായി അറബ് നേതൃത്വത്തെ പിച്ചിച്ചീന്തുന്ന അവസ്ഥാവിശേഷമാണ് സംജാതമായത്. ഗസ്സ ആക്രമണസമയത്ത്, മുബാറക്, 'മതവിരുദ്ധനും' 'ദേശവഞ്ചകനു'മാണെന്ന് ഇരുന്നൂറോളം സുന്നി പണ്ഡിതന്മാര്‍ പ്രഖ്യാപിക്കുകയുണ്ടായി.
മൂന്നാമതായി, മുന്‍പറഞ്ഞതിന്റെ തുടര്‍ച്ചയായി, മുബാറക്കിനെ പോലെ ജനകീയ വിചാരണ നേരിടേണ്ടിവന്ന നേതൃത്വം 'സുന്നിസത്തിന്റെ' സംരക്ഷകരായി ചമഞ്ഞ് ജനവിശ്വാസം നേടിയെടുക്കാനൊരുമ്പെടുകയായിരുന്നു. ഈജിപ്ഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ 'ശീഈ കടന്നുകയറ്റാരോപണം' മുബാറക്കിന് സുന്നീ സംരക്ഷകപ്പട്ടം ചാര്‍ത്തിക്കൊടുക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു. മുസ്്‌ലിം ബ്രദര്‍ഹുഡിന്റെ തലവന്‍ മെഹ്ദി ആകിഫ് തന്റെ റേഡിയോ അഭിമുഖത്തില്‍ ഹിസ്ബുല്ലക്കെതിരെയുള്ള ആരോപണം സ്ഥാപിക്കപ്പെടാത്തതും അടിസ്ഥാന രഹിതവുമാണെന്ന് വെളിപ്പെടുത്തുകയുണ്ടായി. ഹിസ്ബുല്ല ഇടപെടല്‍ ദേശീയവും നിയമാനുസൃതവും പൊതു അറബ് ദൗത്യത്തിന്റെ ഭാഗമാണെന്നും ഗസ്സാ ഇടനാഴിയിലെ ഇസ്്‌ലാമിക ചെറുത്തുനില്‍പിന് ശക്തിപകരുന്നതുമാണെന്നാണ്, ജോര്‍ദാനി ബ്രദര്‍ഹുഡ് മൂവ്‌മെന്റിന്റെ രാഷ്ട്രീയ ശാഖയായ ഇസ്്‌ലാമിക് ആക്ഷന്‍ ഫ്രണ്ട്‌സ്(IAF) സെക്രട്ടറി ജനറല്‍ പ്രശംസിച്ചത്. മുബാറക്കിന്റെ വാക്ക് മുഖവിലെക്കടുക്കുകയല്ല മറിച്ച് ഹിസ്ബുല്ലയെ ടാര്‍ഗറ്റ് ചെയ്യുന്നത് ഇസ്രായേലി ഇന്റലിജന്‍സ് അജണ്ടയുടെ ഭാഗമാണെന്നാണ് ഈജിപ്ഷ്യന്‍ പൊതുജനാഭിപ്രായം.
ഈജിപ്ഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ 'ശീഈ പ്രചാരണം' എന്ന ഭാവനാസൃഷ്ടിയെ അറബ് തെരുവുകള്‍ തള്ളിക്കളഞ്ഞുവെന്നും ഫലസ്ത്വീന്‍ ചെറുത്തുനില്‍പ്പിന് ശക്തിപകരുക എന്നതിലുപരിയായി ഹിസ്ബുല്ലക്ക് യാതൊരജണ്ടയുമില്ലെന്ന് പൊതുജനം വിശ്വസിച്ചുവെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകളാവശ്യമില്ല.
നാലാമതായി, 'ശിയാ പ്രചാരണം' എന്ന തടസ്സവാദം പ്രാദേശിക തലത്തില്‍ വെറും ഒരു വിഭാഗീയ പ്രതിഭാസമായിട്ടല്ല മനസ്സിലാക്കപ്പെടേണ്ടത്; മറിച്ച് മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തില്‍ വര്‍ധിച്ച് വരുന്ന ശിയാ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിലാണ്. പറയപ്പെടുന്ന ശീഈ 'വ്യാപനതന്ത്രം' വ്യാപക രാഷ്്ട്രീയ അജണ്ടയുടെ വിപുലീകരണമായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്. സുഊദി രാജകുമാരന്‍ തുര്‍ക്കി-അല്‍ഫൈസലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ഇറാനിയന്‍ പിന്തിരിപ്പന്‍' നയമായിട്ടാണ് മനസ്സിലാക്കപ്പെട്ടത്. 'രക്ഷിക്കൂ.... ശീഇകള്‍ വരുന്നു....' എന്ന് ഈജിപ്ഷ്യന്‍ വിദേശനയത്തെ പരിഹസിച്ച് ഒരറബ് എഴുത്തുകാരന്‍ പറഞ്ഞത്‌പോലെ, ഈ പ്രവണത യു.എസ്-ഇസ്രായേലി താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. പരസ്യമായി ഒരു ശിയാ വിരുദ്ധ(ഇറാന്‍ വിരുദ്ധ, ചെറുത്തുനില്‍പ്പ് വിരുദ്ധ) പ്രഖ്യാപനം നടത്തുന്നതിലൂടെ ഈ അറബ് നേതൃത്വം യു.എസ്-ഇസ്രയേലീ താല്‍പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് മിഡില്‍ ഈസ്റ്റേണ്‍ രാഷ്ട്രീയ ചതുരംഗത്തില്‍ തങ്ങളുടെ ഇടംനേടിയെടുക്കുകയാണ്.
അഞ്ചാമതായി, വര്‍ത്തമാനകാല മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയ, ദേശീയ പോരാട്ടങ്ങളെ വിഭാഗീയ-സ്വത്വരാഷ്ട്രീയത്തിന്റെ ആലയില്‍ കെട്ടുന്നുവെന്നതാണ് 'വിഭാഗീയ വില്‍പനയുടെ' പ്രയോഗങ്ങളിലൂടെ സംഭവിക്കുന്നത്. 'മിതവാദിക'ളെന്ന് വിളിക്കപ്പെടുന്ന കൈറോയിലെയും റിയാദിലെയും അമ്മാനിലെയും അറബ് നേതൃത്വം വ്യത്യസ്ത നിലപാടുകളെ വിഭാഗീയ, ഉപ-വിഭാഗീയ അജണ്ടകളെന്ന വ്യാജേന ബോധപൂര്‍വം അവഗണിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ മിഡില്‍ ഈസ്റ്റില്‍ കാര്യങ്ങള്‍ എങ്ങനെ നടക്കണമെന്ന് അമേരിക്കന്‍ പ്രചോദിതരായ 'മിതവാദി' തിരക്കഥക്ക് എതിരാവുന്ന എല്ലാ നിലപാടുകളെയും ഇറാനിലെ ശിയാ സര്‍വാധിപതിയുടെ നിര്‍ദേശപ്രകാരം നടക്കുന്ന ശിയാ കടന്നുകയറ്റമായി ചിത്രീകരിക്കപ്പെടുന്നു.
ഇത്തരത്തില്‍ വിഭാഗീയതയുടെ തീ ആളിക്കത്തിക്കുന്നതിലൂടെ, അറബ് ലോകത്തെ സുപ്രധാനമായ സമരങ്ങളും വിഷയങ്ങളും വിഭാഗീയ-രാഷ്ട്രീയ വ്യവഹാരത്തിന്റെ മാറാപ്പ് പേറേണ്ടി വരുന്നുണ്ട്. ഗസ്സ 'മിനി ഇസ്്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനാണെന്നും' ഹമാസ് ഇറാന്‍ അജണ്ടയുടെ വിനീതവിധേയരായ സേവകരാണെന്നുമാണ് ഈജിപ്തിലെ ഔദ്യോഗിക പക്ഷം. ചെറുത്തുനില്‍പ് ശ്രമങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഈജിപ്തും സുഊദിയും അവയെ വിടാന്‍ അറബ് ലോകത്തെ മുഴുവന്‍ വിഴുങ്ങിയേക്കാവുന്ന ഇറാനിയന്‍ ശീഈ ഗൂഢാലോചനയായിട്ടാണ് അടയാളപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ആത്മഹത്യാപരമായ പ്രവണതകൊണ്ട് തന്നെ അറബ് തെരുവുകളില്‍ ഇറാന്‍ പ്രിയം വര്‍ധിച്ചുവരുകയാണ്. അറബ് ചാനലുകളില്‍ ഫോണിന്‍ പരിപാടികളില്‍ ജനം ഇറാനിനോടുള്ള ഐക്യദാര്‍ഢ്യം അറബ് നേതാക്കളോടുള്ള വെറുപ്പും പ്രകടിപ്പിക്കുന്നത് പതിവു കാഴ്ചയായി മാറിയിരിക്കുകയാണ്. സയ്യദ് ഹസന്‍ നസ്‌റുല്ല, ബശ്ശാറുല്‍ അസദ്, ഇസ്്മായില്‍ ഹനിയ തുടങ്ങിയ അറബ് അഖണ്ഡതയുടെ ശേഷിക്കുന്ന പ്രതീകങ്ങള്‍ അവയുടെ അവിതര്‍ക്കിതമായ ജനപിന്തുണ ഓരോ തെരഞ്ഞെടുപ്പിലും ശക്തമായിക്കൊണ്ടിരിക്കുകയാണ്.
അവസാനമായി, സാമ്രാജ്യത്വവും വിഭാഗീയ വ്യവഹാരവും തമ്മിലുള്ള ബന്ധം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. തുടര്‍ച്ചയായി പ്രാദേശിക, സാമ്രാജ്യത്വ ചരിത്രങ്ങളെയും പ്രചോദനങ്ങളെ ഏറ്റുപറയുന്നതിലൂടെയും പരാമര്‍ശിക്കുന്നതിലൂടെയും മാത്രമാണ് വിഭാഗീയാഖ്യാനങ്ങള്‍ സാധ്യമാവുക. മിഡില്‍ ഈസ്റ്റില്‍ വിഭാഗീയത വെച്ചുവിളമ്പിയത് ഇറാഖില്‍ നിന്നായിരുന്നു. 2003ല്‍ ബഗ്ദാദിന്റെ പതന ഘട്ടത്തില്‍ പ്രധാന അറബ് ചിന്തകനായ ഡോ. ആസ്മി, ബിഷര്‍ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ പ്രഭാഷണത്തില്‍ ഇപ്രകാരം പറയുകയുണ്ടായി: 'തീര്‍ച്ചയായും ജനാധിപത്യത്തെപ്പറ്റി അവര്‍ പറയുന്നതപ്പടി നാം വിഴുങ്ങില്ല. ഒരു ജനാധിപത്യ ഇറാഖിന്റെ നിര്‍മാണമെന്നവര്‍ വിളിക്കുന്ന ഒന്ന്; കാരണം അവരുടെ ധ്വനി ഞാന്‍ മനസ്സിലാകുന്നു. ഇത് ജനാധിപത്യ വാദികളുടെ ഭാഷയല്ല. ഒരു രാജ്യത്തെ മതവിഭാഗങ്ങളായി പിച്ചിച്ചീന്തിക്കൊണ്ട് നിങ്ങളവിടെ ജനാധിപത്യ നിര്‍മാണത്തിനൊരുമ്പെടില്ല. ഇത് ബഹുസ്വരതയല്ല, ആഭ്യന്തര യുദ്ധത്തിനുള്ള ആഹ്വാനമാണ്.'
മധ്യപൗരസ്ത്യത്തെ പരസ്പരം പോരടിക്കുന്ന ചെറു തുണ്ടങ്ങളായി മാറ്റുകയെന്നത് സാമ്രാജ്യത്വ ശക്തികളുടെ അജണ്ടയാണ്. ഇസ്രായേലിന് വലിയ അവസരമുണ്ടാകുന്ന ഇസ്രായേലിനു ചുറ്റുമുള്ള അവസ്ഥാ വിശേഷത്തെപ്പറ്റി. 1982ല്‍ വേള്‍ഡ് സയണിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച oded Yinon പദ്ധതി ഈ വിഷയത്തില്‍ കൂടുതല്‍ വെളിച്ചം വീശുന്നതാണ്:
'ഇറാഖിനെയും സിറിയയെയും ലബനാനിനെയും പരസ്പരം കലഹിക്കുന്ന വംശീയ മത തുണ്ടങ്ങളായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് മധ്യപൗരസ്ത്യ പ്രദേശത്തെ ഇസ്രായേലിന്റെ പ്രധാന അജണ്ട. ഒരു ഭാഗത്ത് എണ്ണ സമ്പന്നവും മറുവശത്ത് ആഭ്യന്തര കലഹം കൊണ്ട് ഛിന്നഭിന്നവുമായ ഇറാഖ് ഇസ്രായേലി അജണ്ടയുടെ പരീക്ഷാര്‍ഥിയാവാന്‍ ഏറെ ബന്ധപ്പെട്ടതാണ്. ഇറാഖിന്റെ തകര്‍ച്ച സിറിയയെക്കാള്‍ നമുക്കേറെ അനിവാര്യമാണ്. ഇറാഖ് സിറിയയെക്കാള്‍ ശക്തവും ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇസ്രായേലിനു വലിയ ഭീഷണിയായി മാറുകയും ചെയ്യും.'
നിലവില്‍ മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് തദ്ദേശീയമായ വിഭാഗീയ ഘടകങ്ങളുടെ പങ്ക് നാമമാത്രമാണ്. മധ്യപൗരസ്ത്യ ജനതക്കിടയില്‍ യാതൊരുവിധ ഭിന്നതയുമില്ല എന്ന നഗ്നയാഥാര്‍ഥ്യം മറച്ചുവെക്കുന്നതിന് സാമ്രാജ്യത്വശക്തികളും അവരുടെ പ്രാദേശിക ഇടപാടുകാരും ചേര്‍ന്ന് നടത്തുന്ന വ്യവസ്ഥാപിത കുതന്ത്രത്തിന്റെ ഭാഗമാണ് മിഡില്‍ ഈസ്റ്റിലെ വിഭാഗീയ ചിന്താഗതി.
എന്തുകൊണ്ടാണ് ഈജിപ്ത്, ബഹ്‌റൈന്‍, സുഊദി പോലുള്ള രാഷ്ട്രങ്ങള്‍ യാതൊരാലോചനയുമില്ലാതെ വിഭാഗീയതയുടെ പോര്‍ക്കളത്തിലേക്കെടുത്ത്് ചാടുന്നത്. പാശ്ചാത്യന്‍ മാധ്യമങ്ങള്‍ ഇത്തരം മൗലികമായ ചോദ്യങ്ങളുയര്‍ത്താത്തതില്‍ വലിയ അതിശയോക്തിയൊന്നുമില്ല.
'വിഭജിച്ച് കീഴടക്കുക' എന്ന പാശ്ചാത്യ തന്ത്രത്തിന്റെ വലിയൊരധ്യായമാണ് വിഭാഗീയ ചിന്താഗതി. മുമ്പ് വംശീയ കണ്ണുകളിലൂടെ മിഡിലീസ്റ്റിനെ നോക്കിക്കണ്ട യു.എസ് ഇപ്പോള്‍ വിഭാഗീയത എന്ന പുതിയ ആയുധമാണുപയോഗിക്കുന്നത്. ബുഷ് പ്രഖ്യാപിച്ച പുതിയ 'മധ്യപൗരസ്ഥ്യ തന്ത്രം' 2006ലെ ലബ്‌നാന്‍ യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ വിഭാഗീയത ഊതിക്കത്തിച്ച് കാര്യം നടത്താനാണ് യു.എസ് ശ്രമിക്കുന്നത്.
'മിതവാദി'കളെന്ന് വിളിക്കപ്പെടുന്ന അറബ് നേതൃത്വം വലതുപക്ഷ വംശീയ ശക്തികളുമായി രഹസ്യ ധാരണയിലെത്തി എന്നുമാത്രമല്ല ചെറുത്തുനില്‍പ്പ് ശക്തികള്‍ക്കെതിരെ ഇസ്രായേലുമായി ചേര്‍ന്ന് ഒറ്റുകൊടുക്കുന്നുവെന്നത് ഏറെ ലജ്ജാകരമാണ്. നെതന്യാഹുവും ലയ്ബര്‍മാനും(Lieberman) ഇറാനിന്റെ ആണവഭീഷണിയെന്ന വരട്ടുന്യായം പറഞ്ഞ് ലോകത്തെ ഒരുതരം ഉന്മാദത്തിലേക്കാണെത്തിക്കുന്നത്. മുബാറക്കും അബ്ദുല്ലാ രാജാവും അവരുടെ ദല്ലാളന്മാരും ഹിസ്ബുല്ല, ഹമാസ് പോലുള്ള പ്രസ്ഥാനങ്ങളിലൂടെ ഇറാന്‍ നിയന്ത്രിത ശീഈ അജണ്ട അറബ് ലോകത്തെ ആകെ പിടിപെടാന്‍ പോവുകയാണെന്ന തരത്തില്‍ ഭീതി പ്രചരിപ്പിക്കുകയാണ്.
ഇത്തരം ചെപ്പടിവിദ്യകള്‍ ജനങ്ങള്‍ക്കിടയില്‍ ഇനി വിറ്റു പോകില്ലാ എന്ന യാഥാര്‍ഥ്യം സാമ്രാജ്യത്വ ശക്തികളും അവരുടെ കുപ്രസിദ്ധരായ അറബ് നേതൃത്വവും തിരിച്ചറിയേണ്ടതുണ്ട്. മധ്യപൗരസ്ഥ്യ ദേശം ഒരു വിഭാഗീയ ചിന്താനന്തര ഘട്ടത്തിലാണ് നിലകൊള്ളുന്നത്. എവിടെ തിരിഞ്ഞാലും തങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്ക് ജനത ഒറ്റക്കെട്ടായി പരിഹാരം തേടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. എങ്കിലും, പാശ്ചാത്യന്‍ വ്യവഹാരം ശ്രദ്ധകേന്ദ്രീകരിക്കുന്നത് സിവില്‍ വാറിലും വിഭാഗീയ സംഘട്ടനത്തിലും മതസംഘര്‍ഷത്തിലുമാണ്.
മിഡില്‍ ഈസ്റ്റിന്റെ ചലനാത്മകത കണക്കിലെടുത്ത്് വിഭാഗീയ വ്യവഹാരത്തിന് വിരാമമിടുന്നതില്‍ യു.എസിന്റെ പരാജയവും ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്നതില്‍ അവരുടെ പ്രാദേശിക ദല്ലാളന്മാരായ അറബ് നേതൃത്വവും കാണിക്കുന്ന വൈമനസ്യം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രദേശത്ത് ഗൗരവമായി കൈകാര്യംചെയ്യേണ്ട ധാരാളം പ്രശ്‌നങ്ങളുണ്ട്. മാത്രമല്ല, അവ വിഭാഗീയതയുമായി യാതൊരുവിധത്തിലും ബന്ധപ്പെട്ടുകിടക്കുന്നവയുമല്ല. എത്രകണ്ട് നേരത്തേ വൈറ്റ് ഹൗസിന് ഈ തിരിച്ചറിവുണ്ടാവുന്നുവോ അത്രകണ്ട് നല്ലത്.
വിവ: അബ്ദുല്‍ അസീസ് വാളാട്‌

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top