ഇറാനിലെ സാമൂഹ്യക്രമത്തില്‍ മതവും രാഷ്ട്രീയവും

ഹാമിദ് ദബാശി‌‌
img

സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രൊഫസര്‍ അഹ്മദ് സദ്രി അദ്ദേഹം പഠിപ്പിക്കുന്ന ഇല്ലിനോയിച്ചിലെ ലേക് ഫോറസ്റ്റ് കോളേജില്‍ 'സെക്കുലരിസത്തിന്റെ ഭാവിയും പോസ്റ്റ് ഇസ്‌ലാമിസ്റ്റ് ഇറാനില്‍ മതത്തിന്റെ സാമൂഹിക ഉത്തരവാദിത്തവും' എന്ന തലക്കെട്ടില്‍ നടന്ന കോണ്‍ഫറന്‍സിലേക്ക് എന്നെയും ക്ഷണിച്ചു. 2009 ജൂണിലെ തെരഞ്ഞെടുപ്പാനന്തരം ഇറാനില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ഏതാണ്ട് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ്, 2010 മാര്‍ച്ചിലായിരുന്നു കോണ്‍ഫറന്‍സ്. കാലഘട്ടത്തിന്റെ ധാര്‍മികാവസ്ഥയെ സംബന്ധിച്ച് ആലോചനകള്‍ പങ്കുവെക്കാന്‍ 1979ല്‍ പ്രഗല്ഭരായ ജര്‍മന്‍ ബുദ്ധിജീവികളുടെ സമ്മേളനം ഹാബര്‍മാസിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. അതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ലെക് ഫോറസ്റ്റിലെ സമ്മേളനത്തിന്റെ ശോകഭാവം.
1931ല്‍ കാള്‍ ജാസ്‌പേഴ്‌സ് എഴുതിയ ദി ജീസ്റ്റി സിറ്റുവേഷന്‍ ദേര്‍ സീറ്റ് എന്ന പ്രബന്ധത്തെ അടിസ്ഥാനമാക്കി ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനായിരുന്നു ജര്‍മന്‍ ചിന്തകരോട് ഹാബര്‍മാസ് നിര്‍ദ്ദേശിച്ചത്. അതോടെ, അവരുടെ ആലോചനകള്‍ക്ക് രണ്ട് തലങ്ങളുണ്ടായി. കാലഘട്ടത്തിന്റെ ധാര്‍മിക നിലവാരത്തെക്കുറിച്ച് ചിന്തിക്കുന്നതോടൊപ്പം കാള്‍ ജാസ്‌പേഴ്‌സിന്റെ പ്രവചന സ്വഭാവമുള്ള പ്രബന്ധത്തെ കുറിച്ചുള്ള ആലോചനകളും നടന്നു . എന്നാല്‍, അഹ്മദ് സദ്രി അങ്ങിനെയായിരുന്നില്ല. 1979ലെ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഹാബര്‍മാസിനുണ്ടായിരുന്നതിനേക്കാള്‍ അനിവാര്യത അഹ്മദ് സദ്രിക്കുണ്ടായിരുന്നു. പക്ഷേ, ചില പ്രത്യേക തലങ്ങളില്‍ മാത്രമായി ചിന്തയെ പരിമിതപ്പെടുത്താതിരിക്കാന്‍ മാത്രം വിനയാന്വിതനായിരുന്നു അദ്ദേഹം.
ഹാബര്‍മാസും സംഘവും പങ്കുവെച്ച പ്രധാന കാര്യം, തങ്ങളുടെ രാജ്യം രണ്ടു വന്‍ശക്തികളുടെ യുദ്ധഭൂമിയായി പരിണമിക്കുന്നതിനെ കുറിച്ചായിരുന്നു. ഇറാനില്‍ സംഭവിക്കാനിരിക്കുന്നതും അഹ്മദ് സദ്രിയെ സമ്മേളനം വിളിച്ചുകൂട്ടാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു സംഭവത്തെ കുറിച്ച് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മന്‍ ചിന്തകരെ വ്യാകുലപ്പെടുത്തിയത് യാദൃച്ഛികമാവാം. ജര്‍മനിയില്‍ ആയിടക്ക് ഉയര്‍ന്നുവന്ന (die grunen) എന്ന ഗ്രീന്‍ മൂവ്‌മെന്റിന്റെ ഉദയവും അവരോടുള്ള സമീപനവും സംബന്ധിച്ചായിരുന്നു അത്. ജര്‍മന്‍ ഗ്രീന്‍സ് പരിസ്ഥിതിവാദികളുടെ മാത്രം കൂട്ടമായിരുന്നില്ല. തെരുവ് കച്ചവടക്കാരും ഫെമിനിസ്റ്റുകളും, പ്രതിസംസ്‌കാരിക പ്രവര്‍ത്തകരായ ചെറുപ്പക്കാരും, സമാധാനപ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്നതായിരുന്നു ജര്‍മന്‍ ഗ്രീന്‍സ് പ്രസ്ഥാനം. ലേക് ഫോറസ്റ്റിലെ സമ്മേളനത്തിനെത്തിയ ഇറാനിയന്‍ സുഹൃത്തുക്കളെ പോസ്റ്റ് ഐഡിയോളജിക്കല്‍ എന്ന് ബ്രാന്‍ഡ് ചെയ്തിരുന്നതു പോലെ ജര്‍മന്‍ ബുദ്ധിജീവികളും പോസ്റ്റ് മറ്റിരീയിസ്റ്റ്, പോസ്റ്റ് അക്യുസിറ്റീവ് എന്നെല്ലാമാണ് അറിയപ്പെട്ടിരുന്നത്.

പ്രതിസന്ധിയുടെ സ്വഭാവം
സാമ്യതകള്‍ക്കെല്ലാമപ്പുറം, അഹ്മദ് സദ്രിയും ലേക് ഫോറസ്റ്റിലേക് അദ്ദേഹം ക്ഷണിച്ചവരും ഇറാനിയന്‍ ജനതയുടെ നിലനില്‍പുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രശ്‌നങ്ങളെ കുറിച്ച് ആശങ്കയിലായിരുന്നു. തങ്ങളുടെ മാതൃരാജ്യത്ത് ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സംരക്ഷകര്‍ തങ്ങളുടെ സഹോദരങ്ങളെ, സ്വന്തം തെരുവുകളില്‍ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി തുറുങ്കിലടക്കുകയും പീഡിപ്പിക്കുകയും ലൈംഗികമായ അതിക്രമങ്ങള്‍ക്ക് വിധേയരാക്കുകയും മര്‍ദ്ദിച്ചുകൊലപ്പെടുത്തി അജ്ഞാത ശ്മശാനങ്ങളില്‍ കുഴിച്ചുമൂടുകയും അസാധാരണമായ കുറ്റങ്ങള്‍ ചാര്‍ത്തി കുറ്റസമ്മതം നടത്തിച്ചും അത് ഭരണകൂടാനുകൂല മാധ്യമങ്ങളെ ഉപയോഗിച്ച് അവരെ അപമാനിക്കുകയും ചെയ്യുന്ന ഭീകരമായ സാഹചര്യത്തിലാണ് ഇവരെല്ലാം ലേക് ഫോറസ്റ്റില്‍ ഒരുമിച്ചു ചേര്‍ന്നത്. ഇവരില്‍ ഏറെ പേരും സ്വദേശത്ത് അസ്വീകാര്യരായ ആളുകളായിരുന്നു. കഹ്രിസാകിലെയോ ഇവിനിലെയോ കുപ്രസിദ്ധമായ കല്‍ത്തുറുങ്കുകളായിരിക്കും ഇറാനിലേക്ക് മടങ്ങിപ്പോയാല്‍ ഇവരുടെ ഇടം. ജയില്‍ക്കുപ്പായങ്ങളും ടെലിവിഷന്‍, നിരീക്ഷണ കാമറകളും കംഗാരു കോടതികളുമാണവരെ കാത്തിരിക്കുന്നത്. കൂടാതെ, മാക്‌സ് വെബറിന്റെയും ഹാബര്‍മാസിന്റെയും റിച്ചാര്‍ഡ് റോര്‍ട്ടിയുടെയും തെറ്റായ ആശയങ്ങളാല്‍ വഴിപിഴച്ചവരാണെന്ന ആരോപണവും. ഇസ്‌ലാമിക് റിപ്പബ്ലികിന്റെ യഥാര്‍ഥ സ്വഭാവം രാജവാഴ്ചയാണ് എന്ന് വിശ്വസിക്കുന്നതു കൊണ്ട് മാത്രമാണ് ജോര്‍ജ് സോറോസ് തങ്ങളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് അനുവദിച്ചതെന്ന, തയ്യാറാക്കപ്പെട്ട കുറ്റസമ്മതപത്രങ്ങളും ഒപ്പ് വെക്കാന്‍ മാത്രമായി അവരെ കാത്തിരിക്കുകയാണ്.
ഇന്റലിജന്‍സ്, സുരക്ഷ വിഭാഗങ്ങളുടെയും സൈന്യത്തിന്റെയും നിയമസംവിധാനത്തിന്റേയും ഇസ്‌ലാമിക ഭരണകൂടത്തിന്റെ പുരോഹിത സംവിധാനത്തിന്റെയും നെറികേടുകള്‍ മാത്രമല്ല ഞങ്ങളുടെ മാതൃരാജ്യത്തിന്റെ നൈതിക-ധാര്‍മിക ഊടുപാവുകളെ വികൃതമാക്കിയിരുന്നത്. ഞങ്ങളുടെ രാജ്യത്തിന്റെ ദേശീയ ഐക്യം, തുടരത്തുടരെയുള്ള സാമ്പത്തിക ഉപരോധങ്ങള്‍, അധോലോക പ്രവര്‍ത്തനങ്ങള്‍, ദശലക്ഷങ്ങളായ ഇറാനികളുടെ ജീവനും ജീവനോപാധികള്‍ക്കും ഭീഷണിയാവുന്ന സൈനിക നടപടികളും. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും. 2009ല്‍ പ്രതീക്ഷയായി ഉയര്‍ന്നുവന്ന ഗ്രീന്‍ മൂവ്‌മെന്റായിരുന്നു 2010 മാര്‍ച്ചില്‍ ഞങ്ങളുടെ ഭീതിയും ആശങ്കയും.
ലേക് ഫോറസ്റ്റിലേക് അഹ്മദ് സദ്രി തന്റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ക്ഷണിക്കുമ്പോള്‍ ധാര്‍മികമായ ഒരു പ്രശ്‌നം കൂടി അവരെ അലട്ടുന്നുണ്ടായിരുന്നു. ഇറാനിയന്‍ ജനത തങ്ങളുടെ വിശ്വാസത്തിന് കല്‍പിക്കുന്ന പവിത്രതയെയും വിശ്വാസത്തെയും സംഘ, സാമുദായിക ബോധങ്ങളെയും അങ്ങേയറ്റം ആശ്രയിച്ചാണ് ഇസ്‌ലാമിക് റിപ്പബ്ലിക് നിലനിന്നിരുന്നത്. തങ്ങളുടെ ഉത്ഭവത്തെയും പരിണാമത്തെയും പറ്റിയും ഇഹപര ജീവിതങ്ങളെ കുറിച്ചും ആ ജനത ഒരേ വിശ്വാസം പങ്കുവെച്ചു. ആ പവിത്രതയും വിശ്വാസ്യതയും ഇസ്‌ലാമിക് റിപബ്ലിക് അപഹരിച്ചിരുന്നു. നഷ്ടപ്പെട്ടുപോയ ആ വിശ്വാസം താഴെത്തട്ടു മുതല്‍ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. പക്ഷേ, ഏത് പൊതുവായ അടിസ്ഥാനങ്ങളിന്മേല്‍ അത് ചെയ്യും?
ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പതനത്തിന് ശേഷം ഇറാനിലെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എന്ത് സംഭവിക്കും? ഇസ്‌ലാമിക് റിപബ്ലികിന്റെ പതനത്തിന് ശേഷം, കഹ്രിസാക്കിലെ തുറുങ്കുകളില്‍ ബലാത്സംഗത്തിനും കൊടിയ പീഡനങ്ങള്‍ക്കും ഇരയായതിന് ശേഷവും, ഇറാനികള്‍ക്ക് മുസ്‌ലിംകളെന്ന് അവകാശപ്പെടാനാകുമോ? അങ്ങനെ സാധിച്ചാല്‍ അതിന്റെ അടിസ്ഥാനമെന്താണ്? പീഡനത്തിന്റെ ദൈവശാസ്ത്രമെന്ന (Theology of Torture) പുസ്തകത്തില്‍ ഇറാനിയന്‍ ചിന്തകനായ മുഹമ്മദ് റസാ നിക്ഫാര്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ തുറുങ്കുകളില്‍ നടക്കുന്ന പീഡനങ്ങള്‍ക്ക് ഉത്തരവാദിയായി കാണുന്നത് ഇസ്‌ലാമിനെയും ഖുര്‍ആനിനെയും മാത്രമല്ല, സാക്ഷാല്‍ ഉടയതമ്പുരാനായ ദൈവത്തെ തന്നെയാണ്. മുഹ്‌സിന്‍ കദിവാര്‍ എന്ന, അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന പ്രമുഖ വിമത ശീഈ പണ്ഡിതന്‍ ഇതംഗീകരിക്കുന്നില്ല. ശരിയോ തെറ്റോ എന്നതിലപ്പുറം, ഒരു ജനത പങ്കുവെക്കുന്ന വേദനയെയാണ് നിക്ഫാര്‍ വെളിപ്പെടുത്തുന്നത്. അവിടെ നടക്കുന്ന പീഡനങ്ങളുടെയും ബലാത്സംഗങ്ങളുടെയും വേദനയല്ലിത്. തങ്ങളുടെ സഹോദരങ്ങളും രക്ഷിതാക്കളും താലോലിക്കുന്ന പവിത്രമായ വിശ്വാസങ്ങളെ അപഹരിച്ച് ബലാത്സംഗം ചെയ്ത് വികൃതമാക്കുന്നതിലുള്ള വേദനയാണ്. ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ തുറുങ്കുകളില്‍ വെച്ച് നമ്മുടെ കുട്ടികളെ സൈനിക ഗുണ്ടകള്‍ ബലാത്സംഗം ചെയ്യുന്നതിന് തീരെ അഗമ്യമായ വഷളത്തരം കൂടിയുണ്ട്. സ്വന്തം കുഞ്ഞുങ്ങള്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിനകത്ത് പീഡിപ്പിക്കപ്പെടാനും ബലാത്സംഗം ചെയ്യപ്പെടാനുമാണോ, 30 വര്‍ഷങ്ങള്‍ക്കു മുമ്പ് അവരുടെ രക്ഷിതാക്കള്‍ ഒരു ഭീകര ഭരണകൂടത്തിനെതിരില്‍ വിപ്ലവം നടത്തിയത്? ഉണങ്ങാത്ത മുറിവുകള്‍ക്ക് മുകളിലാണ് മുഹമ്മദ് റസ, പിന്‍വലിക്കാന്‍ തയാറല്ലാത്ത തന്റെ ആരോപണത്തിന്റെ ചൂണ്ടുവിരല്‍ വെച്ചിരിക്കുന്നത്. താന്‍ എതിര്‍ക്കുന്ന ഇസ്‌ലാമിക് റിപ്പബ്ലിക്കിനെയും പ്രതിബദ്ധതയോടെ താന്‍ പ്രതിരോധിക്കുന്ന ഇസ്‌ലാമിനെയും പ്രതിക്കൂട്ടിലാക്കുന്ന കിരാതകൃത്യങ്ങള്‍ക്കുനേരെ മുഖം തിരിക്കാന്‍ മൂല്യബോധവും ധൈര്യവും കാത്തുസൂക്ഷിക്കുന്ന മുഹ്‌സിന്‍ കദിവാറിനും കഴിയുന്നില്ല. സഹിഷ്ണുതയുടെ മതമെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച് ഒരു ശീഈ പുരോഹിതന് എങ്ങനെയാണ് ഇസ്‌ലാമിനെ പ്രതിരോധിക്കാനാവുക? നമ്മുടെ കുട്ടികള്‍ തെരുവുകളില്‍ നിന്നും വീടുകളില്‍ നിന്നും അപഹരിക്കപ്പെടുന്നതും അവരെ ഭ്രാന്തരാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പടുകയും ചെയ്തിരുന്നപ്പോള്‍ സഹിഷ്ണുതയുടെ ഇസ്‌ലാമെവിടെയായിരുന്നു? നിക്ഫാര്‍ അസ്വസ്ഥനായിരുന്നു, കദിവാര്‍ പ്രതിരോധത്തിലും. അവര്‍ പരസ്പരം കൈമാറുന്ന പദാവലികളിലൂടെ പരിഹരിക്കപ്പെടുന്നതല്ല, പ്രശ്‌നം.
ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ധാര്‍മികപ്രതിസന്ധി ആരംഭിച്ചത് ആഗോളതലത്തില്‍ ഇസ്‌ലാമും പാശ്ചാത്യവും എന്ന ദ്വന്ദത്തിന് അതിന്റെ ലക്ഷ്യംപിഴച്ച സന്ദര്‍ഭത്തിലായിരുന്നു. കാലത്തിന്റെ ധാര്‍മികാവസ്ഥ എന്ന പ്രബന്ധം മുന്നില്‍ വെച്ചാണല്ലോ 1979ല്‍ ഹാബര്‍മാസ് ജര്‍മന്‍ ചിന്തകരുടെ സംഗമം നടത്തിയത്. എന്നാല്‍, 1931ല്‍ കാള്‍ ജാസ്‌പേഴ്‌സാകട്ടെ, ഹെഗലിന്റെ ഫിനോമിനോളജി ഓഫ് ജീസ്റ്റിലെ ജീസ്റ്റിനെ പുനരവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ...... അഹ്മദ് സദ്രി അത്തരത്തിലൊരു ചട്ടക്കൂടിലേക്ക് കാര്യങ്ങളെ ഒതുക്കിയില്ല. എന്നാല്‍, അവര്‍ ലേക് ഫോറസ്റ്റില്‍ ഒരുമിച്ചു കൂടിയത് ചരിത്രത്തിന്റെ അന്ത്യത്തെ കുറിച്ച് ഹെഗലിന് ശേഷം ഒരാള്‍ സംസാരിച്ച അവസരത്തിലാണ്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ 1980കളുടെ അവസാനത്തില്‍ ലോകത്തിന്റെ അന്ത്യദശയെ കുറിച്ച് സംസാരിച്ചിരുന്നു. ഇറാനില്‍ ഗ്രീന്‍ മൂവ്‌മെന്റ് ആരംഭിച്ച്, ഒരു വര്‍ഷം തികയുന്നതിന് മുമ്പ് അറബ് വസന്തത്തിന്റെ മുന്നോടിയായി ചരിത്രത്തിന്റെ പുനര്‍ജനി ആഗോളതലത്തില്‍ സദൃശമായിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്, അവരുടെ പ്രശ്‌നം തങ്ങളുടേത് മാത്രമായ ഒരു പ്രശ്‌നമായി അവര്‍ക്ക് അനുഭവപ്പെട്ടു. അവര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തിയപ്പോഴേക്ക് ഗ്രീന്‍ മൂവ്‌മെന്റിലൂടെ പ്രതീക്ഷിച്ചത് ആഗോളതലത്തില്‍ തന്നെ സംഭവിക്കാനിരിക്കുകയായിരുന്നു.
കാള്‍ഷ്മിത്തിനെയും, നിയോ കണ്‍സര്‍വേറ്റിസത്തിന്റെയും നിയോ ലിബറലിസത്തിന്റെയും രാഷ്ട്രീയപ്രയോഗങ്ങള്‍ക്ക് തിളങ്ങാനും യുഎസ് സാമ്രാജ്യത്വത്തിന് കീഴില്‍ മനുഷ്യ നാഗരികതയെ ഉദ്ബുദ്ധരാക്കാനും സാങ്കല്‍പ്പികമായ ശത്രു അനിവാര്യമാണെന്ന കാര്യം പോലും മറന്ന്, ഫ്രാന്‍സിസ ഫുകുയാമ തന്റെ ഹെഗലിയന്‍ ‘ഭൂതത്തെ അവതരിപ്പിച്ചിരുന്നു (അലന്‍ ബ്ലൂ, സാമുവല്‍ ഹണ്ടിങ്ടണ്‍, ലിയോ സ്‌ട്രോസ്, അലക്‌സാണ്ടര്‍ കോജേവ് തുടങ്ങിയവരുടെ ഇടത്തേട്ടത്തിലൂടെയാണ് അത് സാധിച്ചത്). പക്ഷേ, അപ്പോഴേക്കും അദ്ദേഹത്തിന്റെ ഗുരു സാമുവല്‍ ഹണ്ടിങ്ടണ്‍ ക്ലാഷ് ഓഫ് സിവിലേഷന്‍സില്‍ ശത്രുവിനെ മറന്നാലുള്ള അബദ്ധത്തെ കുറിച്ച് ബോധവാനാവുകയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തങ്ങളുടെ ഏറ്റവും സമീപസ്ഥരായ ശത്രുക്കളായി കല്‍പിക്കുകയും ചെയ്തു. റീഗന്റെ ഈവിള്‍ എംപയറിന് ശേഷം ജോര്‍ജ് ഡബ്ല്യു ബുഷിന്റെ തിന്മയുടെ അച്ചുതണ്ടിന്റെ ഉദയത്തിനും നാം സാക്ഷികളായി. ഫുകുയാമയെയും ഒന്നിനുപിറകേ ഒന്നായി ആഘോഷിക്കപ്പെട്ട നേറ്റീവ് ഇന്‍ഫോര്‍മര്‍മാരായ എഴുത്തുകാരെയും സൃഷ്ടിച്ച, കാലിഫോര്‍ണിയയിലെ ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ മുതല്‍ വാഷിങ്ടണ്‍ ഡിസിയിലെ സായിപ്‌സ് വരെയുള്ള സ്ഥാപനങ്ങളുടെ രാഷ്ട്രീയവിത്തു തന്നെയായിരുന്നു ജോര്‍ജ് ബുഷും. റീഗന്റെ ഈവിള്‍ എംപയറിന്റെ പതനത്തിനും തിന്മയുെട അച്ചുതണ്ടിന്റെ ഉദയത്തിനുമിടയില്‍ ജൂത സയണിസ്റ്റുകളും മുസ്‌ലിം നേറ്റീവ് ഇന്‍ഫോര്‍മാരും വെഞ്ചാമരം വീശിയിരുന്ന ക്രിസ്തുമതവും ക്രിസ്തുമതത്തിന്റെ മോക്ഷസിദ്ധാന്തവുമാണ് ക്രിസ്ത്യന്‍ സാമ്രാജ്യത്വത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്നത്.
സിദ്ധാന്തങ്ങള്‍ സഞ്ചരിക്കുന്നു എന്നാണല്ലോ എഡ്വേര്‍ഡ് സൈദ് പറഞ്ഞത്. അതുപോലെ, ക്ലാഷസ് ഓഫ് സിവിലേസഷന്‍സിനെ കുറിച്ച് കേട്ടറിഞ്ഞ ഇറാന്റെ മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖാതമി സംസ്‌കാരങ്ങള്‍ക്കിടയിലുള്ള സംവാദം എന്ന ആശയം മുന്നോട്ടുവെച്ചു. രണ്ടു കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞിട്ടുണ്ടാവുകയില്ല. 1. ഇരുണ്ട ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള വ്യാപകമായ തൊഴിലാളി കുടിയേറ്റം പാശ്ചാത്യ ക്രൈസ്തവതയെ എങ്ങനെ ബാധിക്കുമെന്നുള്ള ആശങ്ക. ഈ ആശങ്ക 16ാം നൂറ്റാണ്ട് മുതല്‍ തുടങ്ങിയതാണ്. ഇന്നും തുടരുന്ന ഈ ആശങ്കയുടെയും അമേരിക്കയെ എങ്ങനെ ക്രിസ്ത്യനായി നിലനിര്‍ത്താമെന്ന ആലോചനകളുടെയും തുടര്‍ച്ചയാണ് ഹണ്ടിങ്ടണ്‍. 2. ഹണ്ടിങ്ടണ്‍ തന്റേതായ ഒരു ഇസ്‌ലാമിനെ പടച്ചുണ്ടാക്കിയത് സംവാദത്തിനുള്ള ഔത്സുക്യം കൊണ്ടല്ല. ഷ്മിത്തിന്റെ ഫാഷിസ്റ്റ് ധാര്‍മികതകളെ ഉത്പാദിപ്പിക്കാന്‍ മാത്രമായാണ് പാശ്ചാത്യനാഗരികതയുടെ അപരസ്ഥാനത്ത് ഇസ്‌ലാമിനെ പ്രതിഷ്ഠിച്ചത്.
സാമുവല്‍ ഹണ്ടിങ്ടണും മുഹമ്മദ് ഖാതമിയും ആക്രോശങ്ങളും നല്ലവാക്കുകളും പരസ്പരം കൈമാറിക്കൊണ്ടിരിക്കേ, ജിയോര്‍ജിയോ അഗംബന്‍, ഹോമോ സാകറും റെമനന്റ്‌സ് ഓഫ് ഓഷ്വിറ്റസും എഴുതുന്ന തിരക്കിലായിരുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ (ഓഷ്വിറ്റ്‌സിലെയും ബുച്ചെന്‍വാള്‍ഡിലെയും ക്യാമ്പുകളെ കുറിച്ചേ അദ്ദേഹം പറയുന്നുള്ളൂ. ഇസ്രായേലിന്റെ സബ്രയിലെയും ശാത്വിലയിലെയും ക്യാമ്പുകളെ പറ്റി മൗനം പാലിക്കുന്നു) ഭൂമിയിലെ ഒരു സമ്പ്രദായമായെതങ്ങനെയെന്നും ഫൂക്കോവിന്റെ ജൈവരാഷ്ട്രീയ മണ്ഡലത്തിന്റെ മികച്ച ഉദാഹരണമാവുന്നതെങ്ങനെയെന്നും അദ്ദേഹം വിവരിക്കുന്നു. ജീവിക്കാന്‍ അര്‍ഹതയുള്ള, ജീവിതത്തെ നിര്‍ണയിക്കുന്നത് അധികാരമാവുമ്പോഴുള്ള ധാര്‍മികപ്രതിസന്ധികളിലേക്ക് തന്റെ രാഷ്ട്രീയ അന്വേഷണങ്ങളെ റെമന്റസ് ഓഫ് ഓഷ്വിറ്റ്‌സില്‍ അദ്ദേഹം വികസിപ്പിക്കുന്നുണ്ട്.
ബെഞ്ചമിന്‍, ഹെന്ന അറന്റ്, ഫൂകോ എന്നിവരെയാണ് അഗമ്പന്‍ തന്റെ ഹോമോ സാകര്‍ എന്ന ആശയം സ്ഥാപിക്കാന്‍ കടമെടുക്കുന്നത്. ഇത് സൈദ്ധാന്തികമായ ഒരിടപാടിനെ മാത്രമല്ല സൂചിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ബ്ലൈന്‍ഡ് സ്‌പോട്ട് തുറന്നുകാട്ടുന്നതാണത്. അതായത്, 1951ല്‍ ഹന്ന ആരെന്റ് തന്റെ ഒറിജിന്‍ ഓഫ് ടോട്ടലിറ്റേറിയനിസം പ്രസിദ്ധീകരിക്കുമ്പോഴും 1999ല്‍ അഗമ്പന്‍ തന്റെ റെമന്റ്‌സ് ഓഫ് ഓഷ്വിറ്റ്‌സിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുമ്പോഴും ജര്‍മന്‍ ജൂത അഭയാര്‍ത്ഥിയെ മാത്രം കാണുകയും ഫലസ്തീന്‍ അഭയാര്‍ത്ഥി അതേ പ്രശ്‌നത്തിന്റെ വ്യവച്ഛേദം മാത്രമാണെന്ന് തിരിച്ചറിയാന്‍ തയ്യാറാവാത്തതും അവരുടെ തത്ത്വശാസ്ത്രപരമായ ശേഷിയില്ലായ്മ മാത്രമല്ല, ധാര്‍മികവും രാഷ്ട്രീയവുമായ കാഴ്ചക്കുറവിനെകൂടിയാണ് വെളിപ്പെടുത്തുന്നത്. ഈ കാഴ്ച വൈകല്യം തീര്‍ക്കുന്നതിന് ലെവിനാസിന്റെ അപരനെ കുറിച്ചുള്ള സിദ്ധാന്തത്തെ, അതിന്റെ തത്ത്വശാസ്ത്ര മൂല്യത്തെ മാത്രമായി സ്വീകരിക്കണം. സബ്രയിലെയും ശാത്വിലയിലെയും ജൂത വൈകൃതങ്ങളെ അഭിമുഖീകരിക്കാന്‍ കെല്‍പില്ലാത്ത ലെവിനാസിന്റെ ധാര്‍മികവും സൈദ്ധാന്തികവുമായ അയോഗ്യതകള്‍ക്കു നേരെ കണ്ണടച്ചുകൊണ്ടേ ഇത് ചെയ്യാനാവൂ. ഈ വിഷയത്തില്‍ ഗോള്‍ഡ മിയറും അറെന്റും ലെവിനാസും അഗമ്പനുമെല്ലാം പങ്കുവെയ്ക്കുന്നത് ഒരേ നീതിബോധമാണ്. അവരെ സംബന്ധിച്ചിടത്തോളം, ഫലസ്തീനികള്‍ എന്നൊരു വിഭാഗം നിലനില്‍ക്കുന്നില്ല.
അഗമ്പന്റെ കാഴ്ചയില്‍ പെടാതെപോകുന്നത് ഫലസ്തീന്‍ അഭയാര്‍ത്ഥി മാത്രമല്ല. തെരുവില്‍ പ്രകടനം നടത്തിയതിന് കഹ്രിസാക്കിലെ തുറുങ്കുകളിലേക്ക് അയക്കപ്പെടുന്ന ഇറാനിയന്‍ യുവാക്കളെക്കുറിച്ചും അഗമ്പനൊന്നും പറയാനില്ല. ജര്‍മന്‍ കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകളിലെ മുസല്‍മാനു സമാനമാണ് ഫലസ്തീനിലെ ഗസ്സയിലെയും ഇറാനിലെ കുഞ്ഞുങ്ങളുടെയും അവസ്ഥ. മനസ്സും ആത്മാവുമില്ലാത്ത, സകല പ്രതീക്ഷകളോടും വിടപറഞ്ഞ, അക്ഷരാര്‍ത്ഥത്തില്‍ തന്നെ മരിച്ചിട്ടും ജീവിക്കുന്ന, ഉപേക്ഷിക്കപ്പെട്ട, വേച്ചു നടക്കുന്ന ജഡത്തെയാണ്, ജീവഛവമായ ഒന്നിനെയാണ്, ‘ഹോമോ സാകറിനെയാണ്, ക്യാമ്പുകളിലെ മുസല്‍മാന്‍ എന്ന വാക്ക് ദ്യോതിപ്പിക്കുന്നത്.
ഇറാനിലെയും ഫലസ്തീനിലെയും വിപ്ലവകാരികളുടെ വിധി, ഹരോള്‍ഡ് ലാസ്വെലിന്റെ ഗാരിസണ്‍ സ്‌റ്റേറ്റിനെയാണ് ഓര്‍മപ്പെടുത്തുന്നത്. ഇസ്‌ലാമിക് റിപ്പബ്ലിക്കും ഫലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പുകളും ഹന്ന ആരന്റിന്റെയും ജിയോര്‍ജിയോ അഗമ്പന്റെയും പാഠാന്തരങ്ങളാണ്. എന്നാല്‍, അവരാകട്ടെ ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ ദൈന്യതകളെ സിദ്ധാന്തവത്കരിക്കാന്‍ കഴിയാത്തത്ര യൂറോപ്യരാണ്. ക്യാമ്പുകളില്‍ നടക്കുന്ന കിരാതകൃത്യങ്ങളുടെ തോത് വെച്ചല്ല സാമ്യത കണ്ടെത്തുന്നത്. അഗമ്പന്‍ പറയുന്നതുപോലെ, തടവിലാക്കപ്പെട്ടവരുടെ പൗരത്വത്തെ ഇല്ലായ്മ ചെയ്യുന്നതിലും തകര്‍ന്ന എല്ലുകളും രക്തം വാര്‍ന്നവരും മാത്രമായി അവരെ ഉന്മൂലനം ചെയ്യുന്നതിനാലാണ്.
കൗതുകകരമെന്നു പറയട്ടെ, ഹാബര്‍മാസ് യോഗം വിളിച്ചുചേര്‍ത്ത 1979 ലാണ് ഇറാന്‍ വിപ്ലവം നടക്കുന്നതും. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാമിക് റിപ്പബ്ലിക്കിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ഹാബര്‍മാസിനെതിരില്‍ ഇറാന്‍ ആരോപിക്കുകയുണ്ടായി. 30 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മര്‍ദക ഭരണകൂടത്തിന്റെ രാഷ്ട്രീയപ്രതിസന്ധി ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ഉദയത്തിനും അതിന്റെ ധാര്‍മിക പ്രതിസന്ധി വര്‍ധിപ്പിക്കുന്നതിനും വഴിവെച്ചു. ഷാ ഭരണകൂടം തകര്‍ന്നപ്പോള്‍ രാജവാഴ്ച ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടുവെന്നാണ് ഘോഷിച്ചിരുന്നത്. എന്നാല്‍, 30 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ചവറ്റുകൊട്ടയിലേക്കെറിയപ്പെടാതിരിക്കാന്‍ നമുക്കെന്താണുള്ളത്? ധാര്‍മിക ജീര്‍ണത, രാഷ്ട്രീയ കെടുകാര്യസ്ഥത... ഇങ്ങനെ പോകുന്നു, ഒരു ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ നടപടികള്‍? മുസ്‌ലിംകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഇസ്‌ലാം, വിശുദ്ധ ഖുര്‍ആന്‍, ആത്മീയത, ദൃഢ വിശ്വാസം, ഒരു ജനതയെ ഒന്നടങ്കം ഒന്നിച്ചുനിര്‍ത്തുന്ന ധാര്‍മിക വിധിവിലക്കുകള്‍ ഇവയെല്ലാം തന്നെ ചരിത്രപരമായ ഈ അനിവാര്യതയെ അതിജീവിക്കേണ്ടിയിരിക്കുന്നു. ഒരു ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ തുറുങ്കുകളില്‍ മുസല്‍മാന്‍ ആയതിന് ശേഷവും മുസ്‌ലിംകള്‍ക്ക് അതിജീവിക്കാനാവുമോ?
ജര്‍മനിയിലെ ആധുനികതാ വിരുദ്ധരില്‍നിന്ന് പ്രചോദനം കൊണ്ട് Westoxicattion എന്ന പുസ്തകമെഴുതിയ ജലാല്‍ അഹ്മദാണ് 60കളിലെ ഇറാനിലെ ബഹുസ്വര രാഷ്ട്രീയത്തെ കൈയ്യടക്കാന്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് സഹാകമായതും പിന്നീട് 1979ലെ വിപ്ലവത്തിന് തീവ്രമായ ഇസ്‌ലാമിക പരിവേഷം നല്‍കിയതും. അഹ്മദിന്റെ പുസ്തകത്തെ വിമര്‍ശിക്കുകയും പിന്നീട് പടിഞ്ഞാറിന്റെ തീവ്ര‘ഭക്തനാവുകയും മോഡേണിറ്റിയെ എല്ലാ പ്രശ്‌നങ്ങളുടെ പരിഹാരത്തിനുള്ള ഒറ്റമൂലിയായി കാണുകയും ചെയ്ത ദറിയുഷ് അശൂറിയുടെ നടപടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയില്ലെന്ന് മാത്രമല്ല, അവിശുദ്ധമായ ഒരു ദ്വന്ദപരികല്‍പനക്ക് കാരണമാക്കുകയുമുണ്ടായി. അരമിഷ് ദസ്ത്ദര്‍ മതപരിസരത്ത് നിന്നുകൊണ്ട് ചിന്തകള്‍ അസാധ്യമാണ് എ്ന്ന അര്‍ത്ഥത്തില്‍ ആശയം വികസിപ്പിക്കുകയും ചെയ്തു. ജലാല്‍ അഹ്മദിന്റെയും ദസ്ത്ദറിന്റെയും ആശയങ്ങള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. രണ്ടു വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്നുകൊണ്ട് സര്‍ഗാത്മകമായ ചിന്തയെ നിരാകരിച്ച് ഇറാനിലും പുറത്തുമുള്ള ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ബഹുസ്വരഭാവത്തെ തകര്‍ക്കുകയാണ് ഇരുവരും ചെയ്യുന്നത്.
ജലാല്‍ അഹ്മദിന്റെയും അലി ശരീഅത്തിയുടെയും സിദ്ധാന്തങ്ങള്‍ക്കിടയില്‍ നിലനിന്നത് പടിഞ്ഞാറും ഇസ്‌ലാമും, പാരമ്പര്യവും ആധുനികതയും എന്നിങ്ങനെയുള്ള വ്യാജ കൊളോണിയല്‍ ദ്വന്ദ്വനിര്‍മിതികളും സ്വത്വവും അപരനും, പരിചിതം അപരിചിതം തുടങ്ങി ഇറാനിയന്‍ ബൗദ്ധികവ്യവഹാരത്തെ ഇന്നും കുഴക്കുന്ന അമൂര്‍ത്ത വികലസങ്കല്‍പങ്ങളുമാണ്. അഹ്മദ്, തങ്ങള്‍ അഭിമുഖീകരിക്കുന്ന വിപത്തുകളെല്ലാം പാശ്ചാത്യമാണ് എന്ന് വിലയിരുത്തിയപ്പോള്‍ അശൂരിയും കൂട്ടരും തങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി അതേ പടിഞ്ഞാറിന്റെ മുറിമരുന്നുകളെ കണ്ടു...... രണ്ടു വിഭാഗങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പറയുന്നേടത്ത് അവര്‍ സ്ഥാപിച്ചത് പടിഞ്ഞാറ് എന്ന വ്യാജ പരികല്‍പനയാണ്. അലി അഹ്മദും അദ്ദേഹത്തിനു ശേഷം തങ്ങളുടെ അനുവാചകരെയും അനുയായികളെയും സ്വത്വത്തിലേക്ക് മടങ്ങുക എന്ന വൃഥാവ്യായാമത്തിന് ആഹ്വാനം ചെയ്യുകയാണുണ്ടായതെങ്കില്‍ അശൂരിയും കൂട്ടരും ആത്മനിന്ദയും ആത്മനിരാസവും വളര്‍ത്തുകയായിരുന്നു. ഒന്നു മറ്റൊന്നിനെ സന്നിഹിതമാക്കി രണ്ടു വ്യാധികളും തുടരുകയാണ്.
തീര്‍ച്ചയായും, അഹ്മദ് ഇസ്‌ലാമിനെയോ അശൂരി പടിഞ്ഞാറിനെയോ തങ്ങളുടെ വാദമുഖമായി, വൈരുദ്ധ്യങ്ങളായി മുന്നോട്ടുവെച്ചതല്ല. യൂറോപ്യന്‍ നവോത്ഥാന മോഡേണിറ്റിയുടെ രീതിയില്‍ നാഗരികമായി സ്വയം അപരവത്കരിക്കുന്ന പ്രക്രിയയില്‍ കോളനിവത്കരിക്കപ്പെട്ട മനോഭാവത്തില്‍ ഒരാള്‍ ഏറെ വൈരാഗ്യത്തോടെയും മറ്റൊരാള്‍ വിധേയത്വത്തോടെയും പങ്കാളിയാവുകയായിരുന്നു. കൊളോണിയലിറ്റിയുടെ സന്ദര്‍ഭങ്ങളെ മൂലധനത്തിന്റെ ചൂഷണമായി തിരിച്ചറിയാതെ സമൂഹത്തില്‍ വേരാഴ്ത്തിയിട്ടുള്ള വംശീയ സ്വത്വ രാഷ്ട്രീയത്തില്‍ ഇടപെടാതെ മൂലധനത്തിന്റെ സ്ഥലപരമായ അതിര്‍ത്തിയെ ഏക യാഥാര്‍ത്ഥ്യമായി കണ്ട് ദേശരാഷ്ട്ര സ്ഥാപനത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു അവര്‍. ഈ കളത്തില്‍ ഇറാനിയന്‍ ബുദ്ധിജീവികള്‍ മാത്രമല്ല കളിക്കാരായിട്ടുള്ളത്. കളത്തിലെ ഏറ്റവും നല്ല കളിക്കാരും അവരല്ല. വര്‍ഗ, ലിംഗ ഭേദങ്ങള്‍ക്ക് ഉപരിയായി രചിക്കപ്പെട്ട സിസെയറിന്റെയും ഫാനന്റെയും നെഗ്രിറ്റിയൂടും, ജോസ് മാര്‍ട്ടിയുടെ അവര്‍ അമേരിക്കയും ഇതേ പരിമിതികള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ജലാല്‍ അഹ്മദും അശൂരിയും ഉഴറുന്നേടത്ത് തയ്യിബ് സാലിഹിനോ വി.എസ്. നെയ്പാളിനോ മോചനമുണ്ടായിട്ടില്ല. ഇവര്‍ക്കാര്‍ക്കും തന്നെ ഡബ്ല്യു.ഇ.ബി. ദുബോയസിന്റെയോ മാല്‍കം എക്‌സിന്റെയോ ചിന്തയിലെ സാര്‍വ്വലൗകികതയുണ്ടായിരുന്നില്ല. ഡബ്ല്യു. ഇ. ദുബോയിസിന്റെ സ്മരണീയവും വികസിതവുമായ ചിന്തയുടെ സാന്നിധ്യത്തിലേ മുമ്പേ പറഞ്ഞവരുടെയെല്ലാം പ്രസക്തി മനസ്സിലാക്കാനാവുക.
1930കളില്‍ ജര്‍മന്‍ തത്ത്വശാസ്ത്ര ധാരയില്‍ ഉടലെടുത്ത പുരോഗമന വിരുദ്ധത ശക്തിപ്പെട്ട് ഒടുക്കം സംഭവിച്ചത് മാര്‍ട്ടിന്‍ ഹൈഡഗര്‍, കാള്‍ ഷ്മിത്ത് തുടങ്ങിയവരെല്ലാം നാസികളോടൊപ്പം ചേരുകയും ഹിറ്റ്‌ലറിന്റെ സമാനതകളില്ലാത്ത ക്രൂരത സമ്മാനിക്കുകയുമായിരുന്നല്ലോ. സമാനമായ രീതിയില്‍, ജലാല്‍ അഹ്മദിന്റെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയും പുരോഗമന വിരുദ്ധത കൊണ്ടെത്തിച്ചത് സാംസ്‌കാരിക വിപ്ലവത്തിനു ശേഷം ആയത്തുല്ലാ ഖുമൈനി തുടക്കമിടുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്ത മത ബുദ്ധിജീവി വിഭാഗ രൂപീകരണത്തിലും സര്‍വകലാശാലകളുടെ ശുദ്ധികലശത്തിലുമാണ്.
ഇസ്‌ലാമിനെ ഇസ്‌ലാമിസമായി വായിക്കപ്പെടുന്ന ഒരു ദ്വന്ദ്വത്തിലെ അനിവാര്യഘടകമായി മാറുകയായിരുന്നു വെസ്റ്റ് എന്ന നിര്‍മിതി കൊണ്ടുണ്ടായത്. ഇവ ഏറ്റുമുട്ടിയെന്ന് മാത്രമല്ല, പലപ്പോഴും പരസ്പരം രമിച്ച് ഹാബീല്‍ കാബീല്‍ സന്തതികളെ പോലെ, മതബുദ്ധിജീവികള്‍ ഒരു വശത്തും മതേതരബുദ്ധിജീവികള്‍ മറുവശത്തുമായി, അന്യോന്യം നിഷേധിക്കുന്ന ഇരട്ടകളെ ഉത്പാദിപ്പിക്കുകയും ചെയ്തു. ഇസ്‌ലാമും പാശ്ചാത്യരും, പാരമ്പര്യവും ആധുനികതയും, മതവും മതേതരത്വവും എന്നീ ദ്വന്ദ്വങ്ങള്‍ അവരെ വിട്ടൊഴിയാതെ കൂടി. ആ ബാധയേറ്റ ചുഴിയില്‍ ഇസ്‌ലാമിക് റിപ്പബ്ലിക് നിലനിന്ന് പോരുകയും ചെയ്തു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ നിക്ഫാറും കദിവാറും ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്ന ഏറ്റുമുട്ടല്‍ ഈ ദ്വന്ദ്വത്തെ മറ്റൊരു രീതിയില്‍ പുനരുത്പാദിപ്പിക്കുകയാണ്. അത്തരമൊരു ഏറ്റുമുട്ടല്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന് അന്യമായതല്ല എന്നല്ല, അതാണ് ഇസ്‌ലാമിക് റിപബ്ലിക് എന്ന ക്രൂര സംവിധാനത്തിന്റെ ജ്ഞാനോത്പാദന രീതിയും. കാരണം, അവര്‍ അശൂരി/ അഹ്മദ് എന്നീ മുന്‍ഗാമികളുടെ വേഷം അടുത്ത തലമുറക്കായി അണിയുകയാണ്. ഇങ്ങനെയൊക്കെ സാമ്യതകളുണ്ടെങ്കിലും, നിക്ഫാറിന്റെ വിമര്‍ശനം ഇസ്‌ലാമിക് റിപബ്ലിക് ഇന്ന് എത്തിനില്‍ക്കുന്ന അധഃപതനത്തിന്റെ ചിത്രത്തോട് ഏറെ യോജിക്കുന്നു. എന്നാല്‍ കദിവാറിന്റെ നിലപാടുകള്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒട്ടും സ്വീകാര്യമല്ലതന്നെ. പോസ്റ്റ് ഇസ്‌ലാമിക് റിപ്പബ്ലിക് കാലത്തിനുവേണ്ടി മതവിജ്ഞാന മണ്ഡലത്തെ നവീകരിക്കാന്‍ ശ്രമിക്കുന്നയാളാണ് അദ്ദേഹം. എന്നാല്‍ കഹ്രിസാകിന് ശേഷമുള്ള പ്രതിസന്ധി മതവിജ്ഞാന മണ്ഡലത്തോട് ആവശ്യപ്പെടുന്നത് കൂടുതല്‍ ഗൗരവത്തോടെയുള്ള വിമര്‍ശനാത്മക അന്വേഷണമാണ്.
1979ല്‍ ഹാബര്‍മാസ് വിളിച്ചുകൂട്ടിയ മീറ്റിങ്ങിന് ഹോളോകാസ്റ്റിന് ശേഷമുണ്ടായ ജര്‍മന്‍ രോഷം ശമിപ്പിക്കുക എയംലക്ഷ്യം കൂടിയുണ്ടായിരുന്നു. എന്നാല്‍ രണ്ടു സന്ദര്‍ഭങ്ങളിലായി നടന്ന സര്‍വകലാശാല ശുദ്ധികലശങ്ങള്‍ക്കിടയിലായിരുന്നു അഹ്മദ് സദ്രി മീറ്റിങ് വിളിച്ചുകൂട്ടിയത്. ആദ്യത്തേത് ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ആരംഭത്തില്‍ 1979ലും രണ്ടാമത്തേത് അതിന്റെ ധാര്‍മികചരമം അടയാളപ്പെടുത്തിയ 2009ലും. ജൂതന്മാര്‍ ജര്‍മന്‍കാരല്ലെന്ന് പ്രഖ്യാപിക്കുകയും അഡോര്‍ണോയെ പോലുള്ള ജൂത ബുദ്ധിജീവികളെ നാടുവിടാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്ത നാസികളുടെ 1935ലെ ന്യൂറമ്പര്‍ഗ് നിയമാവലികള്‍ക്ക് സമാനമായിരുന്നു ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ സര്‍വകലാശാല ശുദ്ധികലശങ്ങളും. ഭര്‍ത്സകനും സാഹിത്യമോഷ്ടാവും ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ കമ്രാന്‍ ദനേഷ്ജു, ഇസ്‌ലാമിക വിദ്യാഭ്യാസവുമായി തനിക്കുള്ള കാഴ്ചപ്പാടിനോട് ചേരാത്ത ഏത് സര്‍വകലാശാലയും ഇടിച്ചു നിരത്തുമെന്ന് പച്ചക്ക് പറഞ്ഞുകളഞ്ഞു.
വേറെയും ഒരുപാട് ജര്‍മന്‍ അക്കാദമിക്കുകള്‍ക്കും ബുദ്ധിജീവികള്‍ക്കുമൊപ്പം, ജര്‍മനി വിട്ട് അഡോര്‍ണോ ആദ്യം ഓക്‌സ്‌ഫോര്‍ഡിലേക്കും പിന്നീട് അമേരിക്കയിലേക്കും പലായനം ചെയ്തു. അവിടെ തന്റെ സുഹൃത്ത് വാള്‍ട്ടര്‍ ബെഞ്ചമിന്റെ ആത്മഹത്യയില്‍ മനം നൊന്തും, മാതാപിതാക്കള്‍ ജര്‍മനി വിട്ട് സ്വിറ്റ്‌സര്‍ലണ്ടില്‍ പോകുംവരെ അവരുടെ ജീവനെ കുറിച്ച് ആശങ്കപ്പെട്ടും ഭീതിദമായ ജീവിതമായിരുന്നു അദ്ദേഹം അമേരിക്കയില്‍ നയിച്ചത്. യൂറോപ്യന്‍ ഹോളോകാസ്റ്റിന്റെ നാശത്തെ മറ്റുള്ളവര്‍ നിരീക്ഷിച്ചതു പോലെ കേവലമൊരു വീഴ്ചയായിട്ടല്ല അഡോര്‍ണോ കണ്ടത്. മറിച്ച്, യൂറോപ്യന്‍ പ്രബുദ്ധതയുടെ സ്വാഭാവിക പരിണതിയായി തന്നെയാണ്. ഉപകരണയുക്തിയുടെയും വ്യവസ്ഥാപിത ജീവിതത്തിന്റെയും മനുഷ്യരില്‍ നിന്നും വസ്തുക്കളിലേക്കുള്ള പരിണാമത്തിന്റെയും ഫലമായി സംഭവിച്ചതാണത്. മനുഷ്യരെ വസ്തുക്കളായി കാണുന്നത് കൊളോണിയല്‍ പ്രദേശങ്ങളില്‍ യഥാര്‍ത്ഥ സമ്പ്രദായമായിരുന്നെങ്കിലും യൂറോപ്പില്‍ അതെപ്പോഴും മറവിലായിരിക്കുകയും നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഹോളോകാസ്‌റ്റോടെ അത് യൂറോപ്പിലും പ്രത്യക്ഷമായി. എന്നാല്‍ ഇതേ യൂറോപ്യര്‍, സമാനമായതും അതിനേക്കാള്‍ ഭീകരമായതും ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ ജനങ്ങളോട് ചെയ്തുകൊണ്ടിരുന്നപ്പോള്‍, ഒരൊറ്റ യൂറോപ്യന്‍ ബുദ്ധിജീവിക്കും- അഡോര്‍ണോക്കു പോലും, അതിലൊന്നും യൂറോപ്യന്‍ ഹോളോകാസ്റ്റ് ദൃശ്യമായില്ല. എന്നാല്‍, തെഹ്‌റാനിലെയും ശിറാസിലെയും യൂണിവേഴ്‌സിറ്റികളില്‍ ശുദ്ധികലശം നടത്തുകയും ഇസ്‌ലാമേതര പണ്ഡിതന്മാരെ തുറുങ്കുകളിലേക്കും നിര്‍ബന്ധിത പലായനത്തിലേക്കും, അജ്ഞാതയിടങ്ങളിലേക്കും അയക്കുകയും ചെയ്തവര്‍ ആധുനിക പ്രബുദ്ധതയുടെ യുക്തിയുടെ തണലിലാണ്. അതിന്റെ ഒരറ്റത്ത് ഹോളോകാസ്റ്റും മറ്റേയറ്റത്ത് ദേശീവാദിയും ഇസ്‌ലാമിസ്റ്റും മോഡേണിറ്റിയും അതുപോലുള്ളതുമെല്ലാമാണ്. എന്നാല്‍, അഡോര്‍ണോയുടെ വിവേകം നമ്മെ പഠിപ്പിക്കുന്നത്, ഇസ്‌ലാമിക് റിപ്പബ്ലിക്കിന് കീഴില്‍ നടമാടുന്ന വിപത്തുകള്‍ കേവലമൊരു വീഴ്ചയല്ലെന്നാണ്. യൂനിവേഴ്‌സിറ്റികളെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ആയത്തുല്ലാ ഖുമൈനി അവയുടെ തലപ്പത്ത് മതബുദ്ധിജീവികളെ നിയമിച്ചു. ബഹുസ്വര സംസ്‌കാരത്തിന്റെ ഇത്തരം അക്രമാത്മകമായ ഇസ്‌ലാമികവത്കരണത്തിന്റെ സ്വാഭാവിക ഫലമാണ് ഇപ്പോള്‍ നടക്കുന്ന വിപത്തുകള്‍. മതബുദ്ധിജീവികള്‍ ചെയ്യാതെ ബാക്കിവെച്ചത് കൂടി പൂര്‍ത്തീകരിക്കാനുള്ള ആഹ്വാനമായിരുന്നു ഗ്രീന്‍ മൂവ്‌മെന്റിന്റെ പശ്ചാതലത്തില്‍ ആയത്തുല്ലാ ഖാംനഇ നല്‍കിയത്. കമ്രാന്‍ ദനേശ്ജു എവിടെനിന്നോ പ്രത്യക്ഷപ്പെട്ടതല്ല. 1979ലെ കമ്രാന്‍ ദനേശ്ജു ആരായിരുന്നു എന്നത് നിങ്ങള്‍ സ്വയം അന്വേഷിക്കുക.
എന്നാല്‍ വൈരനിര്യാത ചരിത്രമെഴുത്തിനോളം മുഷിപ്പിക്കുന്നതും ഉപകാരശൂന്യവുമായ മറ്റൊന്നില്ല. എന്നാല്‍ നമുക്കെല്ലാം ഇപ്പോള്‍ അതിലും പ്രധാനപ്പെട്ട പല ദൗത്യങ്ങളുണ്ടല്ലോ. 1979ല്‍ ആരംഭിച്ച് 2009ലും തുടരുന്ന ശുദ്ധീകരണ പ്രക്രിയ ഐഡിയോളജിക്കലല്ല. എന്നാല്‍ പൗരത്വത്തെ റദ്ദ് ചെയ്ത് ശൂന്യജീവനാക്കുന്ന പ്രക്രിയയുടെ പ്രധാന ഘടകമായിരുന്നു. അത്തരം റദ്ദ് പ്രക്രിയയില്‍ വേട്ടക്കാരന്റെ ഇരയായത് വിദ്യാര്‍ഥികളും അധ്യാപകരുമാണ്. നഗ്നജീവിതത്തില്‍ കൈയേറുന്നതിലൂടെ തെഹ്‌റാന്‍ ഒരു കല്‍തുറങ്കായും, തെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി കാമ്പസ് ഒരു സൈനിക ക്യാമ്പായും, കഹ്‌രിസാക് ഓഷ്വിറ്റ്‌സിന്റെ പരിച്ഛേദമായും മാറുകയാണ്. എല്ലാറ്റിലുമുപരി, രാഷ്ട്രീയാധികാരവും നിയമാധികാരവും വലീഹ് ഫഖീഹില്‍ സമ്മേളിച്ച്, ഇസ്‌ലാമിക് റിപ്പബ്ലിക് എന്നവകാശപ്പെടുന്ന നിയമരാഷ്ട്രീയ സംവിധാനം ഉന്മൂലനയന്ത്രമായി പരിവര്‍ത്തിച്ചിരിക്കുന്നു. അത്തരമൊരു മാറ്റത്തിന്റെ ചരിത്രഘട്ടത്തില്‍ താന്‍ വിട്ടോടിയ രാഷ്ട്രത്തിന്റെ സായുധ ഇസ്‌ലാമിസത്തിന് ബദലായി സാങ്കല്‍പികമായ കാരുണ്യത്തിന്റെ ഇസ്‌ലാമിനെ മുന്നോട്ട് വെച്ചതുകൊണ്ടു മാത്രമായില്ല. നിക്ഫാര്‍ ശരിയായി മനസ്സിലാക്കിയതുപോലെ, കദിവാര്‍ നവീകരിക്കാന്‍ ശ്രമിക്കുന്ന നിയമസംവിധാനം തന്നെ യഥാര്‍ത്ഥത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
പച്ചയായ ജീവിതത്തെ സംരക്ഷിക്കുകയെന്നാല്‍ ഉന്മൂലന സംവിധാനത്തിനെതിരില്‍, അതിന് പൗരത്വ സംരക്ഷണം നല്‍കുകയെന്നാണ്. ഇസ്‌ലാം പിണഞ്ഞുകിടക്കുന്ന ദ്വന്ദ്വത്തില്‍ നിന്നും രക്ഷപ്പെടാതെ, ഇത് സാധ്യമല്ല. ഇസ്‌ലാം വെസ്റ്റ്, പാരമ്പര്യവും ആധുനികതയും, മതപരം മതേതരം എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ടു പോയത് ദുനിയാവാണ്, ലോകമാണ്. അതിലുമുപരി, അതിന്റെ ലൗകികതയാണ്. അവിടെയാണ് നിക്ഫാറിന്റെ സായുധ മതേതരത്വം ഇതിനേക്കാളേറെയല്ലെങ്കില്‍ തുല്യമായ അളവിലെങ്കിലും അബദ്ധമാവുന്നത്.
വിവ: അനീസ് ചാവക്കാട്
(Being a muslim in the world എന്ന ദബാശിയുടെ പുസ്തകത്തിലെ അഞ്ചാമത്തെ അധ്യായം)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top