സുന്നി-ശിയാ ഐക്യം: സാധ്യതകളും വെല്ലുവിളികളും

ഡോ. പി.എ അബൂബക്കര്‍‌‌
img

തങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളില്‍ എന്നും പ്രസക്തി നഷ്ടപ്പെടാതെ നില്‍ക്കുന്ന ഒന്നാണ് കാള്‍ മാര്‍ക്‌സിന്റെ കറുപ്പ് വിശേഷണം. മതം മര്‍ദ്ദിതന്റെ നെടുവീര്‍പ്പാണെന്നും ഹൃദയമില്ലാത്ത അവസ്ഥകളിലെ ആത്മാവാണെന്നും പ്രസ്താവിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു, 'അത് ജനങ്ങളെ മയക്കുന്ന കറുപ്പാണ്.' മതങ്ങളെയും അവയുടെ ഉള്‍പ്പിരിവുകളെയും കുറിച്ചുള്ള വസ്തുനിഷ്ഠ വിശകലനങ്ങളുടെ മാനദണ്ഡമാവേണ്ടത് ഈ പ്രസ്താവനയാണ്. യാന്ത്രികഭൗതികവാദത്തെക്കുറിച്ചുള്ള ലെനിന്റെ വിമര്‍ശനങ്ങള്‍ ഇതിന്റെ തന്നെ അനുബന്ധമാണ്.
മര്‍ദകനെതിരെയുള്ള, അഥവാ മര്‍ദ്ദനത്തിനെതിരെയുള്ള, പോരാട്ടത്തില്‍ നിന്ന് മര്‍ദ്ദിതനെ മാര്‍ക്‌സ് മയക്കുമരുന്നെന്നു വിശേഷിപ്പിച്ച മതവും ലെനിന്‍ കുറ്റപ്പെടുത്തിയ യാന്ത്രികഭൗതികവാദവും ഒരുപോലെ പിന്തിരിപ്പിക്കുന്നു. ഭൗതികമായ അടിച്ചമര്‍ത്തലുകളും അവയില്‍നിന്നുണ്ടായ അസമത്വങ്ങളും അവശതകളും ഇല്ലാതാക്കുന്നതിനുള്ള പോരാട്ടത്തിന് വേദിയൊരുക്കുന്നതിനു പകരം ആത്മാവും ദൈവവും ഉണ്ടോ ഇല്ലേയെന്നുള്ള ചര്‍ച്ചകളില്‍ മുഴുകുന്നതിനാലാണ് ലെനിന്‍ യാന്ത്രികഭൗതികവാദികളെ അധിക്ഷേപിച്ചത്. അതുപോലെത്തന്നെ അടിച്ചമര്‍ത്തലിനും അസമത്വത്തിനുമെതിരെ ഭൗതികജീവിതത്തില്‍ പോരാടാന്‍ പ്രേരിപ്പിക്കാതെ അടുത്ത ജന്മത്തിലോ പരലോകത്തോ എല്ലാം പരിഹരിക്കപ്പെടുന്ന വിശ്വാസം മതങ്ങള്‍ ജനങ്ങളിലുളവാക്കുന്നതിന്റെ പേരില്‍ മാര്‍ക്‌സ് അതിനെ കറുപ്പ്(ഓപ്പിയം) എന്നു വിശേഷിപ്പിച്ചു. കറുപ്പടക്കമുള്ള മയക്കുമരുന്നുകള്‍ മനുഷ്യരിലുളവാക്കുന്ന യൂഫോറിയ എന്ന മാനസികാവസ്ഥക്ക് സമാനമാണ് ഈ വിശ്വാസം. ഇന്ത്യയില്‍ കര്‍മസിദ്ധാന്തവും പുനര്‍ജന്മവിശ്വാസവും ഈ യൂഫോറിയയുടെ ശക്തി വര്‍ധിപ്പിച്ചു.
മനുഷ്യരെ മയക്കിക്കിടത്തുന്ന ഈ പ്രവണതക്കെതിരെയാണ് ബുദ്ധനെപ്പോലുള്ളവര്‍ പോരാടിയത്. ഇതേ പോരാട്ടം ഇസ്്‌ലാമിലും നാം കാണുന്നത് സ്വന്തം ഭൗതികനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം മനുഷ്യര്‍ നടത്താത്തിടത്തോളം ദൈവം അത് മാറ്റുകയില്ലെന്നതടക്കമുള്ള അസംഖ്യം പ്രസ്താവനകളിലൂടെയാണ്. പ്രാര്‍ഥനയിലൂടെ എല്ലാം പരിഹരിക്കപ്പെടുമെന്ന വാദത്തിനുള്ള മറുപടിയാണ് ഇത്തരം ഗ്രന്ഥവാക്യങ്ങള്‍. മതത്തെക്കുറിച്ചുള്ള ഇടതുപക്ഷ-കീഴാള പരിപ്രേക്ഷ്യങ്ങളില്‍ ഇന്ന് പ്രമുഖസ്ഥാനം വിമോചനദൈവശാസ്ത്രത്തിനുണ്ട്.
ബുദ്ധന്റെ കാലശേഷം മഹായാനപ്രസ്ഥാനവും അതിന്റെ തത്ത്വചിന്താപരമായ ഉള്‍പ്പിരിവുകളായ യോഗാചാര-മാധ്യമികപ്രസ്ഥാനങ്ങളും മേല്‍ക്കൈ നേടിയതോടെയാണ് ഒരു വിപ്ലവപ്രസ്ഥാനമെന്ന നിലയിലുള്ള ബുദ്ധമത്തിന്റെ ക്ഷയം ആരംഭിച്ചതെന്ന് ഇടതുപക്ഷനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള ഇടതുപക്ഷ കീഴാള പരിപ്രേക്ഷ്യത്തില്‍ തന്നെ ഇസ്്‌ലാമിലെ ഉള്‍പ്പിരിവുകളെ, വിശിഷ്യാ അവയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന, ശിയാ-സുന്നി വിഭജനത്തെ നോക്കിക്കാണാനാണ് ഇവിടെ ശ്രമിക്കുന്നത്.
സെമിറ്റിക് മതങ്ങള്‍ ഏകസ്വരങ്ങളാണെന്ന ആരോപണം പല കോണുകളില്‍നിന്നും ഉന്നയിക്കപ്പെടാറുണ്ട്. ഇസ്്‌ലാമിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പലപ്പോഴും ഉയര്‍ന്നു വരാറുള്ള ഈ ആരോപണത്തെ പൊള്ളയാക്കുന്നത് ശിയ-സുന്നി മതഭേദങ്ങളടക്കം ഇസ്്‌ലാമിനെക്കുറിച്ച് സമുദായത്തില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത വായനകളാണ്. ഇസ്്‌ലാമിക സമൂഹത്തില്‍ മനുഷ്യധിഷണ എത്രമാത്രം വിലമതിക്കപ്പെടുന്നുണ്ടെന്നതിന്റെ തെളിവു കൂടിയാണിവ. ആചാരാനുഷ്ഠാനങ്ങളിലും ചെറിയൊരു വംശീയസമൂഹത്തിലും ഒതുങ്ങി നില്‍ക്കുന്ന കേവല മതമായിരുന്നു. ഇസ്്‌ലാമെങ്കില്‍ ഒരൊറ്റ അച്ചിലിട്ടു വാര്‍ത്തതു പോലുള്ള നിലപാടുകള്‍ പ്രസക്തമാകുമായിരുന്നു. എന്നാല്‍ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ കൂടി ഇടപെടുന്നതും മനുഷ്യസമൂഹത്തെ മൊത്തത്തില്‍ ഒന്നായി കണ്ടുകൊണ്ട് എല്ലാ ദേശീയ-വംശീയ സമൂഹങ്ങളെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതുമായ ഇസ്്‌ലാമിന് ബഹുസ്വരനിലപാടുകളാണ് ഏറെ യോജിക്കുന്നത്. ഇജ്തിഹാദിന് വളരെയധികം പ്രാധാന്യം കല്‍പിക്കുകയും അത് തെറ്റിയാല്‍ പോലും പ്രതിഫലമുണ്ടെന്നു പഠിപ്പിക്കുകയും ചെയ്യുന്ന ഇസ്്‌ലാമില്‍ വ്യത്യസ്ത-കാലദേശങ്ങളിലുണ്ടാവുന്ന ഇജ്തിഹാദുകള്‍ വ്യത്യസ്തമാവുക സ്വാഭാവികമാണ്. സമുദായത്തില്‍ ധൈഷണിക വ്യാപാരങ്ങള്‍ എത്രത്തോളം ശക്തിയില്‍ നിലനില്‍ക്കുന്നുവോ അത്രത്തോളം ശക്തിയില്‍തന്നെ അഭിപ്രായ ഭിന്നതകളും നിലനില്‍ക്കും. അതൊരു ന്യൂനതയല്ല; അഭികാമ്യതയാണ്. അഭിപ്രായഭിന്നതയെ എങ്ങനെ സമീപിക്കുന്നുവെന്നതാണ് കൂടുതല്‍ പ്രസക്തമായിട്ടുള്ളത്. അഭിപ്രായഭിന്നതയെക്കുറിച്ച് സമുദായത്തില്‍ നിലനില്‍ക്കുന്ന സമീപനങ്ങളില്‍ ആത്മാര്‍ഥമായ ദൈവഭക്തിയില്‍ അധിഷ്ഠിതമായവും സ്വാര്‍ഥതാല്‍പര്യത്തോടു കൂടിയവയും ഉണ്ട്. 1979-ല്‍ കഅ്ബ പിടിച്ചടക്കിക്കൊണ്ട് സുഊദി ഭരണത്തെ അട്ടിമറിക്കാനൊരുങ്ങിയ വിമത വഹാബി പോരാളികളുടെ മനോനിലയാണ് ഒന്നാമത്തെ നിലപാടിന്റെ ഏറ്റവും നല്ല ഉദാഹരണം. തനിക്ക് ശരിയാണെന്ന് തോന്നുന്ന നിലപാടില്‍ അടിയുറച്ചു നിന്നുകൊണ്ട് തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങളോട് പ്രകടിപ്പിക്കുന്ന ആത്മാര്‍ഥമായ വിയോജിപ്പാണിത്. വാളെടുത്ത് പോരാടിക്കൊണ്ട് സുഊദി-വഹാബി ഭരണകൂടത്തെ ഹിജാസിലെ ശക്തമായ രാഷ്ട്രീയ യാഥാര്‍ഥ്യമാക്കി മാറ്റിയ ബദവികളായ അല്‍ ഇഖ്‌വാന്‍ പോരാളികളുടെ മനോനിലയും ഇതുതന്നെയായിരുന്നു. ആദ്യകാലത്ത് ഖവാരിജുകളില്‍ കണ്ടതും ഇതല്ലാതെ മറ്റൊന്നുമല്ല. സുന്നി-ശീഈ സംഘര്‍ഷങ്ങളിലും ഇത്തരത്തിലുള്ള നിലപാടുകളുടെ ചെറിയൊരു സാന്നിധ്യമുണ്ട്. ഒന്നിനെയും കൂസാത്ത ആത്മാര്‍ഥമായ വിയോജിപ്പാണ് ഇവയുടെയെല്ലാം മുഖമുദ്ര. ഇതേ രീതിയില്‍ തന്നെ ആത്മാര്‍ഥമായ ദൈവഭക്തിയില്‍ അധിഷ്ഠിതമായ നിലപാടുകളില്‍ യോജിപ്പിനും സഹിഷ്ണുതക്കും ഇടംലഭിച്ചതിന്റെ ഉദാഹരണങ്ങളുമുണ്ട്. മദ്ഹബുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് മദ്ഹബുകളുടെ തന്നെ ഇമാമുകള്‍ പ്രകടിപ്പിച്ച നിലപാടുകളാണ് ഏറ്റവും നല്ല ഉദാഹരണം. താന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്നെന്ന തരത്തിലുള്ള സമീപനങ്ങള്‍ അവരിലാര്‍ക്കും ഇല്ലായിരുന്നു. തന്റെ ബുദ്ധി ശക്തിക്കും യുക്തിക്കും പരിമിതികളുണ്ടെന്നും തന്റെ ഇജ്തിഹാദിന് പുറത്തും ശരികളുണ്ടാവാമെന്നുമുള്ള ബോധമാണ് ഈ നിലപാടുകളെ നയിക്കുന്നത്. ഈ നിലപാടിന്റെ ഏറ്റവും ഉന്നതമായ രൂപം നാം കാണുന്നത് മദ്ഹബുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും ശീഈ-സുന്നി ഐക്യത്തെക്കുറിച്ചും വഹ്്ദത്തുല്‍ വുജൂദ്-വഹ്ദത്തുശ്ശുഹൂദ് സമന്വയത്തെക്കുറിച്ചുമുള്ള ശാഹ് വലിയുള്ളാഹിദ്ദഹ്്‌ലവിയുടെ നിലപാടുകളിലാണ്.
മതങ്ങളെക്കുറിച്ചുള്ള ഇടതുപക്ഷ-കീഴാള വിശകലനങ്ങളില്‍ ഒന്നാമതായി പരിഗണനക്കു വരേണ്ടത് രാഷ്ട്രീയം തന്നെയാണ്. കൈയൂക്കുള്ളവന്‍ കാര്യക്കാരനെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ നിലനിന്ന സ്വേച്ഛാധിപത്യത്തിനെതിരെ ജനകീയ രാഷ്ട്രീയ ശക്തിയായാണ് മതങ്ങള്‍ നിലവില്‍വന്നത്. ബുദ്ധന്റെ പോരാട്ടങ്ങളും ബൈബിള്‍ പഴയനിയമത്തില്‍ പറയുന്ന ഫറോവക്കെതിരെ മോശ കൈക്കൊണ്ട നിലപാടുകളും ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ പറച്ചിലുകളുമെല്ലാം ഈ രാഷ്ട്രീയ ശക്തിയുടെ വിവിധ ഭാവങ്ങളും പ്രതീകങ്ങളുമാണ്. കത്തോലിക് സഭയില്‍ പോപ്പ് മുതല്‍ നിലനില്‍ക്കുന്ന അധികാര ചിഹ്നങ്ങളും കേരളത്തില്‍ പരമ്പരാഗത രീതിയില്‍ ജുമുഅ ഖുതുബ നടക്കുന്ന മുസ്്‌ലിം പള്ളികളില്‍ ഖുതുബ പറയുന്ന നേരത്ത് ഖതീബ് കൈയില്‍ പിടിക്കുന്ന മരം കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ മറ്റോ ഉണ്ടാക്കിയ വാള്‍ രൂപങ്ങളുമെല്ലാം ഇവയുടെ ഇന്ന് നിലനില്‍ക്കുന്ന അടയാളങ്ങളാണ്.
ഇസ്്‌ലാമിക സമൂഹത്തില്‍ ആദ്യം തന്നെയുണ്ടായ അഭിപ്രായഭിന്നതകളില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ശീഈ-സുന്നി വിഭജനം രാഷ്ട്രീയസ്വഭാവത്തിലുള്ള ഒന്നായത് രാഷ്ട്രീയത്തിന് എത്രയധികം പ്രാധാന്യമാണ് ഇസ്്‌ലാമിലുള്ളതെന്നതിന്റെ തെളിവു കൂടിയാണ്. കാലക്രമത്തില്‍ മതം ദുഷിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയ സ്വഭാവത്തിനാണ് ഏറ്റവുമധികം ഹാനി സംഭവിക്കുക. ഇത് രണ്ടുതരത്തിലാവാം. ജനകീയ രാഷ്ട്രീയശക്തിയെന്നതിനപ്പുറം മതനേതൃത്വത്തിന്റെ അധികാരം പൗരോഹിത്യത്തിന്റെ സ്വഭാവമാര്‍ജിക്കുമ്പോള്‍ സാധാരണക്കാരനെ വരിഞ്ഞു മുറുക്കുന്ന ഒരു ചൂഷകശക്തിയായി അതു മാറും. രാജഭരണകൂടവുമായി നീക്കുപോക്കുണ്ടാക്കിക്കൊ്ട് മതത്തിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുകയാണ് മറ്റൊന്ന്. ലോകചരിത്രത്തില്‍ കൂടുതലായി സംഭവിച്ചിട്ടുള്ളത് ഇതാണ്. സ്വേഛാധിപത്യം ജനങ്ങളെ വരിഞ്ഞു മുറുക്കുമ്പോള്‍ അതിനെതിരെ ജനപക്ഷത്തുനിന്ന് പോരാടുന്നതിനുപകരം അതിലിടപെടാതെ ആത്മീയ ചര്‍ച്ചകളിലും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും മതത്തെ ഒതുക്കുന്ന രീതിയാണ്. ഈ പ്രവണതയെ മതനേതൃത്വത്തിന്റെ അരാഷ്ട്രീയവാദമെന്ന് നമുക്ക് വിളിക്കാം. സ്വേഛാധിപത്യത്തിന് അനുഗുണമായ വിധത്തില്‍ രാഷ്ട്രീയമായി നിഷ്‌ക്രിയമാവുന്നതിനപ്പുറം ചിലപ്പോള്‍ ജനങ്ങളുടെ സമരവീര്യത്തെ നിര്‍വീര്യമാക്കുന്നവിധത്തില്‍ പ്രതിലോമകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയുമാവാം. കര്‍മസിദ്ധാന്തമാണ് അവയിലൊന്ന്. ഈ ജന്മത്തില്‍ അനുഭവിക്കുന്ന അസമത്വങ്ങളും കഷ്ടപ്പാടുകളും കഴിഞ്ഞ ജന്മത്തില്‍ ചെയ്ത കര്‍മങ്ങളുടെ ഫലമാണെന്നും അവ അനുഭവിച്ചു തീര്‍ക്കുകയാണ് അടുത്ത ജന്മത്തിലെങ്കിലും നല്ല ജീവിതത്തിനു ചെയ്യേണ്ടതെന്നുമുള്ള കാഴ്ചപ്പാടാണിത്. പരലോകവിശ്വാസത്തെയും ഇത്തരത്തില്‍ വ്യാഖ്യാനിച്ചുകൊണ്ട് ഇഹലോകത്തെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു തീര്‍ക്കുക മാത്രമാണ് പരലോകമോക്ഷത്തിനുള്ള ഏകവഴിയെന്ന് വാദിക്കാം. ഇത്തരത്തിലുള്ള വിശ്വാസങ്ങളുടെ ഭൂമികയിലാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്‌സ് പറഞ്ഞത്. അരാഷ്ട്രീയമതങ്ങളുടെ പൊതു സ്വഭാവത്തില്‍നിന്ന് ഭിന്നമായി ജനങ്ങള്‍ അവരുടെ ഭൗതികാവസ്ഥ മാറ്റാന്‍ ശ്രമിക്കാത്തിടത്തോളം അല്ലാഹു അത് മാറ്റുകയില്ലെന്നാണ് ഖുര്‍ആന്റെ പ്രഖ്യാപനം.
ശീഈ-സുന്നി ഭിന്നിപ്പിന്റെ സാമൂഹ്യ ശാസ്ത്ര തലങ്ങളെക്കുറിച്ച് ഇതിനകം ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്. അറബ്-പേര്‍ഷ്യന്‍ സംഘര്‍ഷങ്ങളില്‍ സുന്നി-ശീഈ വിഭജനത്തിന്റെ വേരുകള്‍ കണ്ടെത്തുന്ന പഠനങ്ങള്‍1 ശീഈ പ്രസ്ഥാനത്തിന് സെക്യുലര്‍ അക്കാദമി വായനയിലുള്ള ഇസ്‌ലാമിന്റെ പ്രഭവസ്ഥാനത്തിന്റെ പൈതൃകം നിഷേധിക്കുന്നതിനാല്‍ പ്രത്യക്ഷത്തില്‍ ഉപരിപ്ലവമാണെന്നതിനു പുറമെ ശീഈ സമൂഹത്തെ അന്യവത്കരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ശിയാക്കളെക്കാള്‍ ഇത് കൂടുതല്‍ സ്വീകാര്യമായിരിക്കുന്നത് സുന്നികള്‍ക്കാണ്. പ്രവാചകന്‍ ജനിച്ചു വളര്‍ന്ന ദേശീയ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ച സുന്നികള്‍ക്കും പിന്നീട് ഇസ്‌ലാം പുല്‍കിയ അയല്‍ ദേശീയ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ച ശിയാക്കള്‍ക്കും വകവെച്ചു കൊടുക്കുന്ന ഈ നിലപാടിന് വിരുദ്ധമായി പ്രവാചക കുടുംബത്തിന്റെ തന്നെ പിന്തുടര്‍ച്ച സ്വയം അവകാശപ്പെട്ടു കൊണ്ട് പിന്നീട് ഇസ്‌ലാമിലേക്കു കടന്നുവന്ന- വിശിഷ്യാ മുമ്പ് പ്രവാചകന്റെ കടുത്ത ശത്രുക്കളായിരുന്ന- അമവിയ്യാ കുടുംബത്തിന്റെ ചര്‍ച്ച സുന്നികള്‍ക്കനുവദിച്ചു കൊടുക്കുന്ന നിലപാടാണല്ലോ തീവ്രശിയാക്കളുടേത്. മഹ്്ദിയിലുള്ള വിശ്വാസത്തിന്റെയും മിസ്റ്റിസിസത്തോടുള്ള അഭിനിവേശത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ ശിയാ-സുന്നി വിഭജനത്തിനു പിന്നിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഗണനക്കെടുക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നതായി കാണാം. ഉപരിവര്‍ഗവും കര്‍ഷകരും കൈത്തൊഴിലുകാരുമൊക്കെയായ സാധാരണക്കാരും തമ്മിലുള്ള സംഘര്‍ഷം ശീഈ-സുന്നി വിഭജനങ്ങളില്‍ ദര്‍ശിക്കുന്ന മാര്‍ക്‌സിസ്റ്റ് വീക്ഷണങ്ങള്‍ക്ക് ഇവിടെ പ്രാധാന്യം കൂടുതലുണ്ട്.2 ഇവയുടെ തന്നെ മറ്റൊരു രൂപമായിരുന്നു ദക്ഷിണ അറേബ്യന്‍ ഗോത്രവര്‍ഗങ്ങളുടെ രാഷ്ട്രീയാഭിലാഷങ്ങള്‍ ശീഈ പ്രസ്ഥാനത്തില്‍ ദര്‍ശിക്കുന്ന വീക്ഷണങ്ങള്‍.3 ഇവിടെ ഉദ്ധരിച്ചതും ഉദ്ധരിക്കാതെ ഇനിയും ബാക്കികിടക്കുന്നതുമായ വീക്ഷണങ്ങളെല്ലാം ശീഈ-സുന്നി പ്രശ്‌നത്തെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്. സെമിറ്റിക് ആന്റി സെമിറ്റിക് ഭാവങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും ഇവിടെ പരിഗണനക്കു വരേണ്ടതാണ്.
തീവ്രവാദ സരണികളെ നിരാകരിച്ചു കൊണ്ടുള്ള മധ്യമ നിലപാടാണ് ഇസ്‌ലാമിന്റെ പ്രത്യേകത. ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ നിലനിന്നിരുന്ന സെമിറ്റിക്, സെമിറ്റിക് ഇതര സമീപനങ്ങള്‍ക്കിടയില്‍ കണിശമായ മധ്യമസമീപനമാണ് ഇസ്്‌ലാം സ്വീകരിച്ചത്. ജാഹിലിയ്യാ ഉദാരതക്കും സെമിറ്റിക് പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ജൂത-ക്രൈസ്തവമതങ്ങളുടെ കാര്‍ക്കശ്യത്തിനുമിടയില്‍ മധ്യമമാര്‍ഗം അവലംബിച്ച ഇസ്്‌ലാം ലൈംഗികത, ഗര്‍ഭഛിദ്രം, സന്താനനിയന്ത്രണം തുടങ്ങി എല്ലാ കാര്യങ്ങളിലും ഇത് പാലിച്ചു.4 സുന്നി-ശീഈ വിഭജനമുണ്ടായപ്പോള്‍ അഭിജാതവര്‍ഗം സുന്നി പക്ഷത്തോടൊട്ടി നിന്നപ്പോള്‍ കര്‍ഷകരും കൈത്തൊഴിലുകാരുമൊക്കെയായ സാധാരണക്കാര്‍ ശിയാവിഭാഗത്തോട് അനുഭാവം പ്രകടിപ്പിക്കുകയാണുണ്ടായതെന്ന് പല പാശ്ചാത്യ പണ്ഡിതന്മാരും നിരീക്ഷിച്ചിട്ടുണ്ട്. സുന്നികളും ശിയാക്കളുമായി മാറിയവരുടെ ജീവിതപശ്ചാത്തലങ്ങള്‍ തമ്മിലുള്ള ഈ വ്യത്യാസം നല്ല തോതില്‍ അവരുടെ പൂര്‍വമതവിശ്വാസങ്ങളിലുമുണ്ടായിരുന്നു. ഗ്രന്ഥമതങ്ങളാല്‍ അഭിജാതവര്‍ഗം കൂടുതലായി സ്വാധീനിക്കപ്പെട്ടപ്പോള്‍ നാട്ടുവിശ്വാസങ്ങളും ആചാരങ്ങളും മുറുകെപ്പിടിച്ചവരായിരുന്നു സാധാരണ ജനങ്ങള്‍. പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെയും ദക്ഷിണ അറേബ്യന്‍ ഗോത്രവര്‍ഗങ്ങളുടെയുമൊക്കെ സ്വാധീനമായി പല പാശ്ചാത്യ പണ്ഡിതന്മാരും വിലയിരുത്തിയത് ഇതിനെയാണ്. മധ്യമ സമീപനം പുലര്‍ത്തിയ ഇസ്്‌ലാമിന്റെ അനുയായികള്‍ തീവ്ര സമീപനങ്ങള്‍ പുലര്‍ത്തുന്ന രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. അര്‍ധദൈവികനായ രാജാവിലുള്ള വിശ്വാസം5 എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രതിഭാസത്തിന്റെ കാരണം ഇതാണ്. ഇത് സ്വാഭാവികമാണ്. സാധാരണക്കാര്‍ക്ക് അധികാരസ്ഥാനം വളരെ ദൂരത്തില്‍ നില്‍ക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അതിനെ ചുറ്റിപ്പറ്റി ഒരു പവിത്രസങ്കല്‍പം അവര്‍ക്കുണ്ട്. എന്നാല്‍ അഭിജാതരുടെ കാര്യം അങ്ങനെയല്ല. അധികാരമത്സരങ്ങളില്‍ നേരിട്ട് പങ്കാളികളായ അവരെ സംബന്ധിച്ചേടത്തോളം അത് ഭൗതികമായ ഒന്നാണ്. സാധാരണക്കാരന് തന്റെ മനസ്സില്‍ കുടിയേറിയ നേതാവിന്റെ രാഷ്ട്രീയമായ പിന്‍ഗാമിയായി പലപ്പോഴും അവരോധിക്കാന്‍ കഴിയുന്നത് നേതാവിന്റെ ജീവശാസ്ത്രപരമായ പിന്‍ഗാമിയെയാണ്. ആധുനിക പരിഷ്‌കൃത രാഷ്ട്രമായ ബ്രിട്ടനില്‍ രാജകുടുംബത്തിനുള്ള സ്ഥാനം ഉദാഹരണം. ഇന്ത്യ പോലുള്ള പല രാജ്യങ്ങളിലും മരണപ്പെട്ട മുന്‍ഭരണാധികാരിയുടെ പിന്‍ഗാമികളായി അവരുടെ കുടുംബത്തില്‍ നിന്നുള്ളവരെ ജനങ്ങള്‍ സ്വീകരിച്ച ചരിത്രമുണ്ട്. ഈ സ്വീകാര്യത സ്വമേധയാ ഉള്ള സ്വീകാര്യതയാണ്. ശീഈ-സുന്നി വിഭജനത്തിലെ രാഷ്ട്രീയ സംഘര്‍ഷത്തിനു പോലും ഇരു ഭാഗത്തും അണിനിരന്നവരുടെ ജീവിത പശ്ചാത്തലവുമായി ബന്ധമുണ്ടെന്നു സാരം. ഈ പശ്ചാത്തലത്തില്‍നിന്നുകൊണ്ടാണ് ശീഈ രാഷ്ട്രീയ സിദ്ധാന്തം ജനാധിപത്യ വിരുദ്ധമാണെന്ന വാദത്തെ നോക്കിക്കാണേണ്ടത്. നമ്മുടെ സാധാരണ കണക്കു കൂട്ടലുകള്‍ക്കു വിരുദ്ധമായി ശിയാക്കളിലും അവരെ അനുകൂലിക്കുന്ന ചില സുന്നികള്‍ക്കുമിടയിലാണ് ഈ വാദം കൂടുതലായി ഉള്ളത്. ശീഈ പ്രസ്ഥാനത്തിന്റെ മാത്രമല്ല, ഇസ്്‌ലാമിന്റെ തന്നെ പ്രതിലോമവായനയെയാണിത് പ്രതിനിധാനം ചെയ്യുന്നത്. സമകാലിക ലോക രാഷ്ട്രീയത്തില്‍ ഇസ്്‌ലാമികപഠനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നത് പല നിലക്കാണ്. ഇത്തരം പഠനങ്ങള്‍ ഏറ്റവും കൂടുതലായി നടക്കുന്നത് ഇസ്്‌ലാമിക വിരുദ്ധ പക്ഷത്താണ്.
ഇസ്്‌ലാമിന് അതിന്റേതായ ചില പ്രത്യേകതകളുണ്ട്. മധ്യമസമീപനം തന്നെയാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആത്മീയതയും രാഷ്ട്രീയവും ഒന്നിച്ച് ചെയ്യാന്‍ സാധിക്കുന്നത് അതുകൊണ്ടാണ്. ഏറ്റവും ആധുനികമായ കാഴ്ചപ്പാടുകളുമായിട്ടു പോലും സംവദിക്കാന്‍ കഴിയുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഇതരമതങ്ങള്‍ക്ക്, വിശിഷ്യാ, കത്തോലിക്കാ ക്രൈസ്തവര്‍ക്ക് ഇക്കാര്യം സ്വപ്‌നം കാണാന്‍ പോലും സാധിക്കില്ല. മതവും രാഷ്ട്രീയവും രണ്ട് സമാന്തരരേഖകളായി സഞ്ചരിക്കുന്ന അവിടെ ആധുനികതയെ ഉള്‍ക്കൊള്ളുന്നത് ഭൗതിക ജീവിതത്തില്‍നിന്ന് മതത്തെ മാറ്റി നിര്‍ത്തിക്കൊണ്ടാണ്. എന്നാല്‍ മുസ്‌ലിംകള്‍ ആധുനികതയെ ഉള്‍ക്കൊള്ളുന്നത് മതത്തെ തന്നെ ആധുനികമായി വ്യാഖ്യാനിച്ചുകൊണ്ടാണ്. ഇസ്്‌ലാമിന്റെ ഇത്തരത്തിലുള്ള പ്രത്യേകതകളാണ് ശീത യുദ്ധാന്തര ലോകത്ത് അതിനെ ഒരു വില്ലനാക്കി മാറ്റുന്നത്. പാശ്ചാത്യ മുതലാളിത്ത ശക്തികളുടെ ചൂഷണങ്ങളെ മൂന്നാം ലോക ജനത ചെറുത്തിരുന്നത് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളിലൂടെയായിരുന്നു. ഇപ്പോള്‍, നവലോകക്രമത്തില്‍, കമ്യൂണിസം ഇല്ലാതിരിക്കുമ്പോള്‍ തന്നെ ഇനിയൊരിക്കലും അത്തരത്തിലൊന്ന് വളര്‍ന്നു വരരുതെന്ന കാര്യത്തില്‍ പാശ്ചാത്യശക്തികള്‍ക്ക് നിര്‍ബന്ധമുണ്ട്. ഇസ്‌ലാമികപഠനങ്ങള്‍ കൂടുതലായി നടക്കുന്നത് പ്രസ്തുത ലക്ഷ്യത്തോടെയാണ്. ആത്മീയതയും ഭൗതികതയും ഒന്നിച്ച് കൈകാര്യം ചെയ്യാനും ആധുനികതയുമായി സംവദിക്കാനുമുള്ള ശേഷി ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ്, രാഷ്ട്രീയ ഇസ്്‌ലാമെന്ന് അവര്‍ വിളിക്കുന്ന പ്രതിഭാസത്തിനെതിരെ, സാംസ്‌കാരിക ഇസ്‌ലാമെന്ന ചിഹ്നങ്ങളുടെ ഇസ്‌ലാമിനെ ഉയര്‍ത്തിപ്പിടിക്കുന്നതിന് പിന്നിലുള്ളതെങ്കില്‍ അതിന് പുറമെ സുന്നി-ശീഈ പ്രശ്‌നങ്ങളെയും മറ്റും ഊതി വീര്‍പ്പിച്ച് ഇസ്്‌ലാമിക സമൂഹത്തെ ശിഥിലമാക്കുകയെന്ന ലക്ഷ്യം കൂടി ഐ.എസ്.ഐ.എസ് പോലുള്ള പ്രസ്ഥാനങ്ങളുടെ സൃഷ്ടിക്കു പിന്നിലുണ്ട്. ഇത്തരം പ്രവണതകളെ ദുര്‍ബലമാക്കിക്കൊണ്ട് പാശ്ചാത്യ ശക്തികളുടെ ചൂഷണങ്ങള്‍ക്കെതിരെ ചെറുത്തു നില്‍ക്കാന്‍ മൂന്നാം ലോകരാജ്യങ്ങളെ ശക്തമാക്കുകയെന്ന ലക്ഷ്യമായിരിക്കണം സുന്നി-ശീഈ സംഘര്‍ഷത്തിലെ ഇടതുപക്ഷ-കീഴാള ഇടപെടലിനുണ്ടായിരിക്കേണ്ടത്. ഈ ലക്ഷ്യത്തിലൂന്നിയാണ് ഇവിടെ വിഷയത്തെ സമീപിക്കുന്നത്.
പുരോഗമനാത്മകവും പ്രതിലോമപരവുമായ ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ഇന്നത്തെ മുസ്‌ലിം ലോകത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര. കേരളത്തിലെ മുസ്്‌ലിം സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഇതിന്റെ ചെറിയൊരു പരിച്ഛേദമാണ്. പണം കൊയ്യുന്ന ബിസിനസ്സായി ഇവിടെ വളര്‍ന്നുവന്ന ആള്‍ ദൈവസംസ്‌കാരത്തെ മുസ്്‌ലിം സമുദായത്തിലേക്ക് പറിച്ചു നടാനായി മുടിപ്പള്ളി നിര്‍മിക്കാനുള്ള ശ്രമം വരെ ഇവിടെയുണ്ടായല്ലോ. താലിബാന്റെയും ബോക്കോ ഹറാമിന്റെയും ഐ.എസ്.ഐ.എസിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങളെ ഇത്തരത്തില്‍ തന്നെയാണ് കാണേണ്ടത്. മനുഷ്യചരിത്രത്തിന്റെ പ്രയാണഫലമായി ആര്‍ജിച്ച പുരോഗമന മൂല്യങ്ങളുടെയെല്ലാം എതിര്‍സ്ഥാനത്ത് ഇസ്്‌ലാമിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നതു കാണാം. സമത്വവാദപരമായ എല്ലാ കാഴ്ചപ്പാടുകളെയെല്ലാം ഇസ്്‌ലാമികവിരുദ്ധമെന്ന് മുദ്ര കുത്താനുള്ള പ്രവണത ഇതിന്റെ ഭാഗമാണ്. മുസ്്‌ലിംലോകം ഇന്നഭിമുഖീരിക്കുന്ന ഏറ്റവും വലിയ രണ്ട് പ്രതിസന്ധികളിലൊന്ന് ഇതാണ്. പാശ്ചാത്യ ലോകത്തു നിന്നുള്ള ഇടപെടലാണ് മറ്റേത്. ഇവ രണ്ടും പരസ്പരം അനുപൂരകങ്ങളാണെന്നതാണ് വാസ്തവം. സമുദായത്തിനകത്ത് പ്രതിലോമ ശക്തികള്‍ അനുദിനം മുളച്ചു പൊങ്ങുന്നതിനു പിന്നില്‍ പുറത്തുനിന്നുള്ള കരങ്ങള്‍ എത്രത്തോളമുണ്ടെന്നതിന്റെ ഉദാഹരണമാണ് ചുരുങ്ങിയ കാലം കൊണ്ട് ഐ.എസ്.ഐ.എസിനും ബോക്കോ ഹറാമിനും കൈവന്ന പ്രചാരം. ഈ രണ്ടു വിഭാഗം ശത്രുക്കളോടും പോരാടിക്കൊണ്ടാണ് സമുദായത്തിലെ പുരോഗമനശക്തികള്‍ നിലകൊള്ളുന്നത്.
സമത്വവാദപരമായ എല്ലാ കാഴ്ചപ്പാടുകളെയും ഇസ്്‌ലാമികവിരുദ്ധമെന്ന് മുദ്ര കുത്തുന്ന പ്രതിലോമശക്തികള്‍ സുന്നികള്‍ക്കിടയിലെന്ന പോലെ ശിയാക്കള്‍ക്കിടയിലും സജീവമാണ്. ലീഗ് ഓഫ് നേഷന്‍സില്‍ അടിമത്തനിരോധനത്തെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ അത് തങ്ങളുടെ മതപരമായ അവകാശമാണെന്ന് പറഞ്ഞുകൊണ്ട് സുഊദി അറേബ്യ എതിര്‍ക്കുകയാണുണ്ടായത്. മതപരമായ അവകാശമാണെന്നവാദം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അടിമ(അബ്ദ്) എന്ന പദത്തിനുപകരം വലംകൈ ഉടമപ്പെടുത്തിയവര്‍ തുടങ്ങിയ വിശേഷണങ്ങള്‍ ഖുര്‍ആന്‍ ഉപയോഗിച്ചതില്‍നിന്നു തന്നെ സാര്‍വത്രികമായ അനുവാദം അതിനില്ലെന്ന് വ്യക്തമാണ്. നിരുപാധികമായ അനുസരണം ഇബാദത്താകുമെന്നും അടിമത്തമെന്നത് സൃഷ്ടികളെ നിരുപാധികം അനുസരിക്കുന്ന ഏര്‍പ്പാടായതിനാല്‍ ദൈവശാസ്ത്രപരമായിത്തന്നെ ഇസ്്‌ലാം അതിനെതിരാണെന്നുമുള്ള അഭിപ്രായം ശക്തമാണ്. പക്ഷേ, സുഊദി നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ചില മതസംഘടനകള്‍ ഈ അഭിപ്രായത്തെ നിരാകരിച്ചുകൊണ്ട് ഇബാദത്തെന്നാല്‍ പ്രാര്‍ഥന മാത്രമാണെന്ന് വാദിക്കുന്നത് ലീഗ് ഓഫ് നേഷന്‍സില്‍ അടിമത്തനിരോധനത്തെ എതിര്‍ത്ത സുഊദി അറേബ്യയുടെയും ഇന്ന് അടിമത്തം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന ഐ.എസ്.ഐ.എസിന്റെയും നിലപാടുകളുമായി ഒത്തുപോകുന്നതാണ്. അടിമത്തം നിരോധിക്കുകയെന്ന സമത്വവാദപരമായ നടപടിക്കെതിരെയുള്ള ഇപ്പറഞ്ഞ നിലപാടുകളെല്ലാം സുന്നീ പക്ഷത്തു നിന്നാണുണ്ടായത്. ശീഈ പക്ഷത്തിന്റേതായി നിലനില്‍ക്കുന്നതാവട്ടെ സമത്വവാദത്തിലധിഷ്ഠിതമായ മറ്റൊരു സാമൂഹ്യസ്ഥാപനമായ ജനാധിപത്യത്തിനെതിരെയുള്ള നിലപാടുകളാണ്. ശീഈ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ജനാധിപത്യ വിരുദ്ധതയിലൂന്നിക്കൊണ്ടുള്ള വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന നിഗമനങ്ങള്‍ സുന്നി-ശീഈ സമന്വയവാദമെന്ന വ്യാജേന സമുദായത്തിലെ പുരോഗമനവിരുദ്ധരിലൊരു വിഭാഗത്തിന്റെ കൈകളിലെ ആയുധമായും പലപ്പോഴും മാറാറുണ്ട്. ഇവരുടെ വാദമനുസരിച്ച്, നിയമനിര്‍മാണത്തിനുള്ള അധികാരം ദൈവേതര ശക്തികള്‍ക്കാവുന്നതിനെ മാത്രം എതിര്‍ത്തുകൊണ്ട് നേതൃത്വരൂപവത്കരണത്തിന് തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ ആശ്രയിക്കുന്ന ആധുനിക-ഇസ്്‌ലാമിക പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തിന്റെ തടവറയിലാണ്. ഈ വാദത്തെ വിമര്‍ശനാത്മകമായി വിലയിരുത്താതെ പുരോഗമനപരമായ ഭൂമികയില്‍ ഒരു സുന്നി-ശീഈ ഐക്യം കെട്ടിപ്പടുക്കാനാവില്ല.
സുന്നി-ശീഈ രാഷ്ട്രീയ നിലപാടുകളിലെ പ്രധാനപ്പെട്ട അന്തരം കിടക്കുന്നത് നേതൃത്വത്തിന്റെ നിയതിവാദവുമായി ബന്ധപ്പെട്ടു തന്നെയാണ്. ഇതിനെ ഒരു കീറാമുട്ടിയായി നിലനിര്‍ത്തുന്നതിനു പകരം ചരിത്രപരമായ ഭൂമികയില്‍ വിശകലനം ചെയ്തുകൊണ്ട് യോജിപ്പിന്റെ വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിനെ ശിയാക്കള്‍ അംഗീകരിക്കുന്നില്ലെന്നു പറയുമ്പോള്‍ സുന്നികള്‍ പ്രായോഗിക തലത്തില്‍ അതിനെ അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. ആദ്യത്തെ ഖലീഫമാരെക്കുറിച്ചു തന്നെ ശീഇകള്‍ക്ക് ആവലാതികളുണ്ട്; വിശിഷ്യാ ഉസ്മാന്‍(റ)യുടെ ഭരണത്തെക്കുറിച്ച്. പക്ഷേ, പ്രശ്‌നം രൂക്ഷമാവുന്നത് മുആവിയയുടെ സ്ഥാനാരോഹണത്തെത്തുടര്‍ന്നാണെന്ന് വ്യക്തമാണല്ലോ. സുന്നീ പരിപ്രേക്ഷ്യമനുസരിച്ചുതന്നെ ഖുലഫാഉര്‍റാഷിദൂന്‍ വിശേഷണം അര്‍ഹിക്കുന്നവരില്‍ ഒരാളില്‍നിന്ന് വഞ്ചനയിലൂടെയാണ് മുആവിയ അധികാരം കൈക്കലാക്കുന്നത്. മാത്രമല്ല, പിന്‍ഗാമിയായി സ്വന്തം മകനെ നോമിനേറ്റ് ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. ഈ ചരിത്രസന്ദര്‍ഭങ്ങളെ മുന്നില്‍വെച്ചു കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെന്നെ സങ്കല്‍പത്തെ ശിയാക്കള്‍ അംഗീകരിക്കുന്നില്ലെന്നു പറയുമ്പോള്‍ അവരല്ലാത്തവര്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. നേതൃത്വത്തിന്റെ നിയതി എന്ന ശീഈ സങ്കല്‍പത്തിനെതിരെ സുന്നീ പക്ഷത്ത് പ്രായോഗികതലത്തില്‍ നിലകൊണ്ടിരുന്നത് നേതൃത്വത്തിന്റെ ജനങ്ങളാലുള്ള തെരഞ്ഞെടുപ്പെന്ന സങ്കല്‍പമായിരുന്നില്ല. യസീദിന്റേതു മുതല്‍ ഇന്നത്തെ സുഊദി ഭരണാധികാരികളുടേതു വരെയുള്ള സ്ഥാനാരോഹണം ജനങ്ങളാലുള്ള തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. സുന്നി-ശീഈ വിഭജനത്തിന്റെ വേരുകള്‍ തിരയേണ്ടത് നേതൃത്വം എങ്ങനെയാണുണ്ടാവേണ്ടതെന്ന രണ്ടു വിഭാഗങ്ങളുടെ സൈദ്ധാന്തികതലത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളില്ല, മറിച്ച്, നേതൃത്വം തട്ടിയെടുക്കാനും കുടുംബാധിപത്യം ഉറപ്പിക്കാനും, ഇസ്്‌ലാമികപക്ഷത്തിന്റെ വിജയവേളയില്‍ ഗത്യന്തരമില്ലാതെ ഇസ്്‌ലാമിലേക്ക് വന്നവരെന്ന് നല്ലൊരു വിഭാഗം മുസ്്‌ലിംകള്‍ വിശ്വസിക്കുന്ന ചില കുടുംബാംഗങ്ങളുടെ, ശ്രമത്തെ ചെറുക്കാന്‍ ശ്രമിച്ചവരും അങ്ങനെ ചെയ്യാത്തവരും തമ്മിലുള്ള പ്രായോഗിക തലത്തിലുള്ള പോരാട്ടങ്ങളിലാണ്. സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ പ്രായോഗികരാഷ്ട്രീയം നീങ്ങുകയായിരുന്നില്ല, പ്രായോഗികരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ സിദ്ധാന്തങ്ങളുണ്ടാവുകയായിരുന്നു. നേതൃത്വം തട്ടിയെടുക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കാന്‍ പ്രായോഗിക തലത്തില്‍ കെല്‍പ്പുള്ള സിദ്ധാന്തമായിരുന്നു നേതൃത്വത്തിന്റെ നിയതിവാദം. പ്രവാചകകുടുംബത്തില്‍ പെട്ടവരുടെ നേതൃത്വം എന്ന സങ്കല്‍പം സുന്നികളിലും നല്ലൊരു വിഭാഗത്തിന് സ്വീകാര്യമായിരുന്നുവെന്നതിന്റെ തെളിവാണ് അമവിയ്യാ കുടുംബാധിപത്യത്തെ ചെറുത്തുതോല്‍പിച്ച് അബ്ബാസിയാ ഭരണകൂടം സ്ഥാപിതമായപ്പോള്‍ അതിന് ലഭിച്ച സ്വീകാര്യത. ഇവിടെ നാം കാണുന്നത് വാളിന്റെ മുനയില്‍ പ്രകടിതമാവാതെ കിടക്കുന്ന പൊതുജനേച്ഛയാണ്; ആയുധബലത്തിന്റെ സഹായത്തോടെ വിവിധ വ്യക്തികളും കുടുംബങ്ങളും ഭരണാധികാരികളാവുമ്പോള്‍ അവരെ മാറി മാറി പിന്തുണക്കേണ്ടി വരുന്ന പൊതുജനത്തിന്റെ നിസ്സഹായതയാണ്. ഈ നിസ്സഹായതയില്‍ വേവലാതി കൊള്ളാതെ ഭരണകാര്യങ്ങള്‍ ഭരണാധികാരിക്ക് വിട്ടുകൊടുത്തുകൊണ്ട് സ്വന്തം കാര്യങ്ങളില്‍ മുഴുകുന്നവരാണ് മുഖ്യധാര. ശീഅത്തു അലിയും ശീഅത്തു മുആവിയയും തമ്മിലുള്ള പോരാട്ടത്തില്‍ രണ്ടാമത്തേത് മുഖ്യധാരയുടെ ഭാഗമായി മാറിയത് മുഖ്യധാരയുടെ ഈ സ്വഭാവം കൊണ്ടാണ്. ഇവിടെ പോരാട്ടം നേതൃത്വം പരിശുദ്ധമായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയുള്ളവരും അല്ലാത്തവരും തമ്മിലാണ്. രണ്ടാമത്തെ വിഭാഗത്തില്‍ നേതൃത്വം കൈയാളിയത് സ്വേച്ഛാധിപതികളും സുഖലോലുപരുമായ രാജാക്കന്മാരായതുകൊണ്ടു തന്നെ ഭൗതികകാര്യങ്ങളില്‍ മാത്രമേ ജനങ്ങള്‍ അവരെ അനുസരിച്ചുള്ളൂ. മതവും രാഷ്ട്രീയവും വെവ്വേറെയായത് അങ്ങനെയാണ്. രാഷ്ട്രീയകാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയെന്ന അരാഷ്ട്രീയവാദപരമായ സമീപനം മതരംഗത്ത് വളര്‍ന്നു വന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ വിശുദ്ധിയില്‍ വിശ്വാസം നഷ്ടപ്പെട്ട സാധാരണ ജനങ്ങള്‍ വിശുദ്ധ നേതൃത്വത്തെ കണ്ടെത്തിയത് സൂഫീ ശൈഖുമാരിലാണ്.
സുന്നി-ശീഈ സഹകരണത്തിന്റെ സാധ്യതകള്‍ ആരായേണ്ടത് മുസ്്‌ലിം ലോകത്ത് ഇന്ന് നടക്കുന്ന പുരോഗമന, പ്രതിലോമപക്ഷങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ്. ഓരോ സഹസ്രാബ്ദത്തിലും ഓരോ പരിഷ്‌കര്‍ത്താവ്(മുജദ്ദിദ്) വരുമെന്ന ഒരു വിശ്വാസം മുസ്്‌ലിം സമുദായത്തിലുണ്ട്. ഇതനുസരിച്ച് അന്ത്യപ്രവാചകദൗത്യത്തിന് ഒരു സഹസ്രാബ്ദം പൂര്‍ത്തിയാവുന്ന വേളയില്‍ ഒരു മുജദ്ദിദിനെ ലോകമുസ്്‌ലിം ജനത പ്രതീക്ഷിച്ചു. പലരെയും അവര്‍ മുജദ്ദിദെന്ന് വിളിച്ചു. അക്കൂട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പേരാണ് മുജദ്ദിദ് അല്‍ഫെ സാനിയെന്ന് പരക്കെ അറിയപ്പെടുന്ന ശൈഖ് അഹ്്മദ് സര്‍ഹിന്ദിയുടേത്. ഇസ്്‌ലാമിക ഖിലാഫത്തെന്ന പേരില്‍ അറിയപ്പെട്ട സാമ്രാജ്യത്തിന് പുറത്തെ ഏറ്റവും വലിയ മുസ്്‌ലിം സാമ്രാജ്യമായ മുഗള്‍ ഇന്ത്യയിലെ സുല്‍ത്താന്മാരെ വിറപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പോരാട്ടം ഇസ്്‌ലാമിന്റെ അരാഷ്ട്രീയവത്കരണത്തിനും രാജാധിപത്യത്തിനുമെതിരെയുള്ള പോരാട്ടം കൂടിയായിരുന്നു. ഈ വഴിയില്‍ പിന്നീട് വരുന്നത് മഹാനായ ശാഹ്‌വലിയുള്ളാഹിദ്ദഹ്്‌ലവി ആണ്. വഹ്ദത്തുല്‍ വുജൂദ്-വഹ്്ദത്തുശ്ശുഹൂദ് തത്ത്വചിന്താസരണികള്‍ തമ്മിലും സുന്നി-ശീഈ പ്രസ്ഥാനങ്ങള്‍ തമ്മിലും സുന്നികള്‍ക്കിടയിലെ മദ്ഹബുകള്‍ തമ്മിലും നിലനിന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചു കൊണ്ടുള്ള പ്രായോഗികവും ഇസ്്‌ലാമികവുമായ സമന്വയമാര്‍ഗം നിര്‍ദേശിച്ചതദ്ദേഹമാണ്. അറേബ്യയില്‍, ഹിജാസിലും സമീപഭാഗങ്ങളിലും, ഇക്കാലയളവില്‍ ശിയാവിരുദ്ധത മുഖമുദ്രയായിട്ടുള്ള ഒരു സാമ്രാജ്യം കെട്ടിപ്പടുക്കപ്പെടുകയായിരുന്നു. ഈ രണ്ടു സമീപനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് മുസ്്‌ലിം ലോകത്തെ പുരോഗമന, പ്രതിലോമപക്ഷങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തെ പ്രതിനിധാനം ചെയ്യുന്നത്. ശിയാഗ്രാമങ്ങളെ സംഘടിതമായി ആക്രമിച്ച് കൂട്ടുക്കുരുതികള്‍ നടത്തിയാണ് മുവഹ്ഹിദീങ്ങളെന്ന് സ്വയം വിശേഷിപ്പിച്ച ശിയാ വിരുദ്ധര്‍ സുഊദി സാമ്രാജ്യത്തിന്റെ അടിത്തറ ഉറപ്പിച്ചത്. ഇതേ വഴി രക്തച്ചൊരിച്ചിലോടുകൂടിത്തന്നെ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം പിന്തുടര്‍ന്നു. ഇന്ന് ഇറാഖില്‍ ഐസിസും ഇത് പിന്തുടരുന്നു. ഇത് ശീഈ-സുന്നി സംഘര്‍ഷത്തിന്റെ കഥ. ശീഈ-സുന്നി സമന്വയവാദവും ചരിത്രത്തിന്റെ ഒരുപാട് വഴികള്‍ താണ്ടിയിട്ടുണ്ട്. പാന്‍ ഇസ്്‌ലാമിസത്തിന്റെ ഏറ്റവും വലിയ വക്താവായ ജമാലുദ്ദീന്‍ അഫ്ഗാനിയുടെ വ്യക്തിജീവിതം തന്നെ ഇരുവിഭാഗങ്ങളുടെ സമന്വയത്തിന്റേതായിരുന്നു. ശിഷ്യനായ മുഹമ്മദ് അബ്ദുവാകട്ടെ ആധുനീകരണത്തിന്റെ വഴിയില്‍ പ്രശംസനീയമായ രീതിയില്‍ മുന്നേറിയെങ്കിലും സുന്നി പക്ഷത്തോട് അല്‍പം അടുത്തു. റഷീദ് രിദയില്‍ ഇത് അല്‍പം കൂടി പ്രകടമായി. അതുകൊണ്ടുതന്നെ മുന്‍ഗാമികളെക്കാള്‍ അദ്ദേഹം സാമ്പ്രദായിക സുന്നികള്‍ക്ക്, വിശിഷ്യാ സുഊദി പക്ഷത്തിന്, കൂടുതല്‍ സ്വീകാര്യനായി. ഇവരുടെ പാരമ്പര്യത്തില്‍ പിന്നീടുണ്ടാവുന്നത് ഇഖ്‌വാനുല്‍ മുസ്്‌ലിമൂന്‍ എന്ന പ്രസ്ഥാനമാണ്. അരാഷ്്ട്രീയവാദത്തെ ചെറുക്കുന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല. ശാഹ് വലിയുള്ളാഹിദ്ദഹ്്‌ലവിയുടെ നാട്ടില്‍നിന്് പിന്നീടുണ്ടാവുന്ന ശക്തമായ മുന്നേറ്റം സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ പ്രസ്ഥാനമാണ്. സുന്നി-ശീഈ വിഭജനത്തിന്റെ ചരിത്രപരമായ മുറിവുകള്‍ ഉണക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഉസ്മാന്‍(റ)യുടെ ഭരണകാലത്തെക്കുറിച്ചുള്ള മൗലാനാ മൗദൂദിയുടെ വിലയിരുത്തല്‍ അത്തരത്തിലുള്ള ഒന്നാണ്. ശിയാക്കള്‍ക്കിടയില്‍ പിന്നീടുണ്ടാവുന്ന പ്രധാനപ്പെട്ട ചരിത്ര സംഭവം, ''ലാ ശീഇയ്യ വ ലാ സുന്നിയ്യ; ഇസ്‌ലാമിയ്യ ഇസ്്‌ലാമിയ്യ'' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടു നടന്ന ഇറാന്‍ വിപ്ലവമാണ്. ഈ വിപ്ലവത്തോട് സുന്നികളിലെ മൗലാനാ മൗദൂദി പോലുള്ള നേതാക്കള്‍ നല്ല രീതിയിലാണ് പ്രതികരിച്ചത്. പാശ്ചാത്യ-സാമ്രാജ്യത്വശക്തികള്‍ ഭിന്നിപ്പിന്റെ വിത്തുകളും ഇടയ്ക്കിടെ പാകിക്കൊണ്ടിരുന്നു. അതിന്റെ ഭാഗമാണ് ഇരുപത്- ഇരുപത്തൊന്ന് നൂറ്റാണ്ടുകളുടെ സന്ധിയിലുണ്ടായ താലിബാന്‍ പ്രസ്ഥാനം. അറബ് വസന്തം ഏറെ പ്രതീക്ഷകളുണ്ടാക്കിയ ഒരു മുന്നേറ്റമായിരുന്നു. മധ്യപൗരസ്ത്യ ദേശത്തെ ഏകാധിപതികളായ ശൈഖുമാരെയും രാജാക്കന്മാരെയും കടപുഴക്കിയെറിയാന്‍ കെല്‍പുള്ള ജനകീയ പ്രസ്ഥാനമെന്ന പ്രതീക്ഷയായിരുന്നു അത്. അതിനു പുറമെ, ഈജിപ്തില്‍ ഭരണത്തിലേറിയ മുഹമ്മദ് മുര്‍സി, ഇറാന്‍ ബന്ധം മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമവും അതിന് ഇറാനില്‍ നിന്നുണ്ടായ പ്രതികരണവുമൊക്കെ, ശിയാ-സുന്നി വിഭജനത്തിന്റെ മുറിപ്പാടുകള്‍ ഉണങ്ങിത്തുടങ്ങുകയാണെന്ന പ്രതീക്ഷ കൂടി ഉണ്ടാക്കി. പക്ഷേ, അധികം കഴിയുന്നതിന് മുമ്പു തന്നെ മുര്‍സി സ്ഥാന ഭ്രഷ്ടനായി. മുല്ലപ്പൂ വിപ്ലവത്തിന്റെ ഈറ്റില്ലമായ തുനീഷ്യയിലെ തെരഞ്ഞെടുപ്പുഫലം വിലയ പ്രതീക്ഷകള്‍ക്ക് വക നല്‍കാത്തതായി മാറി. ഇവയെക്കാളൊക്കെ ഭീദിതമായിത്തീര്‍ന്നത് പാശ്ചാത്യശക്തികള്‍ തീറ്റ കൊടുത്ത് വളര്‍ത്തി തക്ക സമയത്ത് കയറൂരി വിട്ട ഐ.എസ് എന്ന പേപ്പട്ടിയുടെ സാന്നിധ്യമാണ്. ഇതിനെതിരെയുള്ള വാക്‌സിന്‍ സുന്നി-ശീഈ സംഘര്‍ഷത്തെ ചെറുക്കാന്‍ മാത്രമല്ല, സമൂഹത്തെ മൊത്തം നവീകരിക്കാന്‍ തന്നെ കെല്‍പുള്ളതായിരിക്കും. അത്തരത്തിലൊന്ന് വികസിപ്പിച്ചെടുക്കുന്നതിലാവട്ടെ മനുഷ്യസ്‌നേഹികളുടെ സത്വരശ്രദ്ധ.

കുറിപ്പുകള്‍

1) James Darmester Henry Corbin തുടങ്ങിയവരുടെ പഠനങ്ങള്‍ ഉദാഹരണം.
2) ഉദാഹരണം Petrushevski, Louis Massignon തുടങ്ങിയവരുടെ നിരീക്ഷണങ്ങള്‍.
3) Montgomery Watt ന്റെ നിരീക്ഷണങ്ങള്‍.
4) ചേകനൂര്‍ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഈയുള്ളവന്റെ ലേഖനം, പച്ചക്കുതിര 2013 ആഗസ്റ്റ്; കെ.ആര്‍ ഇന്ദിരക്കുള്ള മറുപടി, പച്ചക്കുതിര, 2013 ഒക്ടോബര്‍.
5) Montgomery Wattന്റെ അഭിപ്രായം.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top