സുന്നി-ശീഈ വിഭാഗീയതയുടെ വേരുകള്‍ തേടി

വി.കെ അലി‌‌
img

റബ്-ഇസ്‌ലാമിക ലോകത്ത് അറിയപ്പെടുന്ന പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമാണ് ഡോ. മുഹമ്മദ് ഇമാറ. ഇരുനൂറിലേറെ പഠന ഗവേഷണ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1931ല്‍ ജനിച്ച മുഹമ്മദ് ഇമാറ പൂര്‍വികരും ആധുനികരുമായ നവോത്ഥാന നായകരെയും ചിന്താപ്രസ്ഥാനങ്ങളെയും കുറിച്ചെല്ലാം രചനകള്‍ നടത്തിയിട്ടുണ്ട്. ഉമറുബ്‌നുല്‍ ഖത്താബും അലിയ്യുബ്‌നു അബീത്വാലിബും അബൂദര്‍റുല്‍ ഗിഫാരിയും ഹസനുല്‍ ബസ്വരിയും മാവര്‍ദിയും ഇബ്‌നുറുശ്ദും ഉമറുബ്‌നു അബ്ദില്‍ അസീസും ഇബ്‌നുതൈമിയയും മുതല്‍ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, ഖാസിം അമീന്‍, മുഹമ്മദുല്‍ ഗസാലി, റശീദ് രിദാ, ഇബ്‌നു ബാദീസ്, അബുല്‍ അഅ്‌ലാ മൗദൂദി, സയ്യിദ് ഖുതുബ്, ഹസനുല്‍ ബന്ന, മഹ്മൂദ് ശല്‍തൂത്, ഖര്‍ദാവി തുടങ്ങിയവരെക്കുറിച്ചെല്ലാം അദ്ദേഹം എഴുതി. കൂടാതെ ഖവാരിജുകള്‍, മുഅ്തസിലുകള്‍, ശീഇകള്‍, സലഫികള്‍ എന്നീ ചിന്താപ്രസ്ഥാനങ്ങള്‍ മുതല്‍ സൂഫിസം സെക്യുലറിസം, ദേശീയത്വം, മതമൗലികവാദം, ആഗോളവല്‍ക്കരണംവരെ പരന്നു കിടക്കുകയാണ് അദ്ദേഹത്തിന്റെ പഠനവിഷയങ്ങള്‍. മതനിഷ്ഠയുള്ള കുടുംബത്തിലാണ് ഇമാറ ജനിച്ചത്. ഇസ്‌ലാമിക വിദ്യാഭ്യാസമാണ് അദ്ദേഹത്തിന് ലഭിച്ചത്. അതുകൊണ്ടുതന്നെ, ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ രചനകളെല്ലാം.
ശീഇസത്തെക്കുറിച്ച് ഒന്നിലേറെ കൃതികള്‍ ഡോ. ഇമാറയുടേതായി വെളിച്ചം കണ്ടിട്ടുണ്ട്. 'ശീഇകളും സുന്നികളും- അഭിപ്രായവ്യത്യാസത്തിന്റെ ആത്മാവും യോജിപ്പിന്റെ വഴികളും' 'ശീഇസം-വഹാബിസം-സൂഫിസം: പരസ്പരം കാഫിറാക്കുന്നതിന്റെ അപകടം' തുടങ്ങിയവ ഉദാഹരണങ്ങള്‍. ശീഇസം എന്നും ശിയാക്കള്‍ എന്നും കേള്‍ക്കുമ്പോഴേക്ക് കലിതുള്ളുന്ന പ്രകൃതക്കാരനല്ല ഡോ. ഇമാറ. സഹകരണത്തിന്റെയും യോജിപ്പിന്റെയും മേഖലകള്‍ സുന്നികള്‍ക്കും ശീഇകള്‍ക്കുമിടയില്‍ കണ്ടെത്താനും ഈ ദിശയിലുള്ള നീക്കങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കാനുമാണ് തുടക്കം മുതല്‍ക്കേ അദ്ദേഹം ശ്രമിച്ചത്. ഗ്രന്ഥകാരന്‍ എഴുതുന്നു: ഇസ്‌ലാമിക ഏകോപനത്തിന്റെ മധ്യമാര്‍ഗം അവലംബിക്കുന്ന ഒരാളെന്ന നിലക്ക് എന്റെ ചിന്താ ആവിഷ്‌കാരങ്ങളില്‍ എല്ലാ ചിന്താസരണികളെയും വിചാര ശില്‍പികളെയും ഉള്‍ക്കൊള്ളാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. സമുദായത്തെ ഒന്നിപ്പിക്കുന്ന പൊതുവായ അടിത്തറകള്‍- അവ ധാരാളമായുണ്ട്- അന്വേഷിച്ചു കണ്ടെത്താനും ഐക്യത്തിന് വിഘാതമാകുന്നതും അണികളെ ഭിന്നിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും ഞാന്‍ പരിശ്രമിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അറുപതുകളുടെ അവസാനത്തില്‍ ഞാന്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളില്‍ അഹ്‌ലുസ്സുന്നയിലെ മഹാവ്യക്തിത്വങ്ങളുടെ ബുദ്ധിപരമായ സംഭാവനകളോടൊപ്പം സൈദികളുടെയും ഇസ്‌നാ അശ്‌രികളുടെയം മുഅ്തസിലുകളുടെയും മഹാന്മാരെ ഉള്‍പ്പെടുത്താന്‍ നിഷ്‌കര്‍ഷ പുലര്‍ത്തി. ഈ ചിന്താധാരകള്‍ക്കിടയില്‍ ഐക്യത്തിന്റെയും യോജിപ്പിന്റെയും വിശാലമേഖലകള്‍ കണ്ടെത്താന്‍ സുദീര്‍ഘമായ ഒരു മുഖവുരയും എഴുതി. ഇതെല്ലാം സമുദായത്തിന്റെ ഐക്യം ലക്ഷ്യം വെച്ചുള്ള പരസ്യമായ ആഹ്വാനമായിരുന്നു; പതിയിരിക്കുന്ന ശത്രുക്കള്‍ക്ക് കടന്നുവരാന്‍ സാധ്യതയുള്ള വിടവുകളില്‍നിന്ന് അകന്നുനില്‍ക്കാനും.
ഇസ്‌ലാമിക ചരിത്രത്തില്‍ ചിന്താരംഗത്തെ അതികായന്മാരെപ്പറ്റി ചിലപഠനങ്ങള്‍ എഴുപതുകളുടെ ആരംഭത്തില്‍ ഞാന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സമുദായത്തിന്റെ വിവിധ ചിന്താധാരകളെ പ്രതിനിധീകരിക്കുന്ന മഹാന്മാരെയെല്ലാം അതില്‍ അണിനിരത്താന്‍ ഞാന്‍ ശ്രമിക്കുകയുണ്ടായി.(പേജ് 36,37) ഇക്കാരണങ്ങളാല്‍ സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കും ഡോ. ഇമാറക്കുമിടയില്‍ ഊഷ്മളമായ സ്‌നേഹബന്ധവും വൈജ്ഞാനിക സഹകരണവും ഉണ്ടായതായി അദ്ദേഹം അനുസ്മരിക്കുന്നു. ശീഅ വിഭാഗത്തിലെ പരമോന്നത വ്യക്തിത്വങ്ങളായ മുഹമ്മദ് മഹ്ദി ശംസുദ്ദീന്‍(1936-2001) മുഹമ്മദ് ഹുസൈന്‍ ഫള്‌ലുല്ലാ, ആയതുല്ലാ സയ്യിദ് ഹാദി ഖുസ്രുശാഹീ, സയ്യിദ് മുഹമ്മദ് ഖാതമി എന്നിവരെ അദ്ദേഹം പ്രത്യേകം പേരെടുത്തു പറയുന്നു.
1979ല്‍ ഖുമൈനിയുടെ നേതൃത്വത്തില്‍ ഇറാനില്‍ വിപ്ലവം വിജയിച്ചപ്പോള്‍ ലോകമെങ്ങുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതിനെ സ്വാഗതം ചെയ്തത് സുന്നി-ശീഈ ബന്ധത്തില്‍ ഒരു പുതിയ യുഗപ്പിറവിക്ക് കാരണമാവേണ്ടതായിരുന്നു. സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ക്കും ഇസ്രാഈലിനും ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന ഏകാധിപതികള്‍ക്കുമെതിരെ നടന്ന ജനകീയ ഇസ്‌ലാമിക വിപ്ലവം എന്ന ഒരു വര്‍ണം നല്‍കാന്‍ ഇറാന് സാധിച്ചു എന്നതായിരുന്നു ഈ മുസ്‌ലിം വികാരത്തിനു പിന്നില്‍. എന്നാല്‍, ഈ അനുകൂല സാഹചര്യത്തില്‍നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുകയും 'ശീഇസം' കയറ്റുമതി ചെയ്ത് സുന്നി രാഷ്ട്രങ്ങളില്‍ അട്ടിമറി സൃഷ്ടിക്കുകയുമായിരുന്നു ഇറാന്‍ ഗവണ്‍മെന്റിന്റെ തുടര്‍ന്നുള്ള നയം. ഇറാനിലെ സുന്നി വിഭാഗത്തിന്റെ ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുകയും അവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഇറാന്‍ പാര്‍ലമെന്റില്‍ സൗരാഷ്ട്രര്‍, ജൂതര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കെല്ലാം പ്രതിനിധികളുണ്ട്. പക്ഷേ, സുന്നികള്‍ക്ക് പ്രാതിനിധ്യം നല്‍കിയില്ല. റോമിലെ വത്തിക്കാനില്‍പോലും സുന്നി മുസ്‌ലിംകള്‍ക്ക് പള്ളിയുണ്ടായിരിക്കെ, തെഹ്‌റാനില്‍ ജുമുഅ നമസ്‌കരിക്കാന്‍ സുന്നികള്‍ക്കൊരു ഇടം ഇല്ലായെന്നത് വിചിത്രമല്ലേയെന്ന് ചില ശീഈ പണ്ഡിതരോട് നേരിട്ട് ചോദിച്ചതും ഡോ. ഇമാറ അനുസ്മരിക്കുന്നു. (പേ: 40)
ശീഅ വിഭാഗത്തിലെ മതപുരോഹിതരും മുഖ്യധാരാ വിഭാഗങ്ങളും അനുവര്‍ത്തിച്ച ഈ നിലപാടില്‍നിന്ന് ഭിന്നമായി അവരുടെ താവളത്തില്‍നിന്നുതന്നെ ഉയര്‍ന്നുകേള്‍ക്കുന്ന വ്യത്യസ്തമായ സ്വരമാണ് ഡോ. അഹ്മദ് അല്‍കാതിബ് എഴുതിയ 'സുന്നികളും ശീഇകളും-മതപരമായ ഐക്യവും രാഷ്ട്രീയ ഭിന്നതയും' എന്ന കൃതി. ശീഈ പണ്ഡിതര്‍ക്കിടയില്‍ ഉന്നതസ്ഥാനീയനായ ഡോ. അഹ്മദ് സ്വന്തം ചിന്താപ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്നുകൊണ്ടുതന്നെ മുസ്‌ലിം ഐക്യത്തിനു വേണ്ടി ആത്മാര്‍ഥമായും സത്യസന്ധമായും ശ്രമിക്കുന്നുണ്ട്. പ്രസ്തുത കൃതിയെ അപഗ്രഥനം ചെയ്തും വിശദീകരിച്ചും ഡോ. ഇമാറ എഴുതിയതാണ് നമ്മുടെ മുന്നിലുള്ള 'സുന്നികളും ശീഇകളും സത്യങ്ങളും സന്ദേഹങ്ങളും' എന്ന പുസ്തകം. ഡോ. അഹ്മദിന്റെ ചിന്തകളെ മുക്തകണ്ഠം പ്രശംസിക്കുന്ന ഗ്രന്ഥകാരന്‍, ശീഈ മതാധ്യക്ഷന്മാരും പരമ്പരാഗത സംഘടനകളും സുന്നിവിഭാഗങ്ങളുമായി എത്ര കുടിപ്പകയാണ് പുലര്‍ത്തുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇറാഖിനു നേരെ നടന്ന അമേരിക്കന്‍ അധിനിവേശത്തെ അകമഴിഞ്ഞ് പിന്തുണക്കുകയും സുന്നികളെ നശിപ്പിക്കുന്നതില്‍ അധിനിവേശത്തിനു ശേഷവും മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്ത ശിഈ നിലപാട് വിശദീകരിക്കുന്നുണ്ട്. ശീഇകളുടെ പരമോന്നത ആത്മീയനേതാവ് സിസ്താനി അമേരിക്കന്‍ വിദേശകാര്യമന്ത്രിയും രഹസ്യാന്വേഷണവിഭാഗവുമായി നടത്തിയിരുന്ന ഒത്തുകളിയും കൈമാറിയിരുന്ന സന്ദേശങ്ങളും തെളിവുകള്‍ നിരത്തി ഈ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇറാഖ് ശക്തമായി നിലനില്‍ക്കുന്നത് ഇസ്രാഈലിനു ഭീഷണിയാകുമെന്നതിനാല്‍ ഇറാഖിനെ കഷണങ്ങളാക്കി ദുര്‍ബലപ്പെടുത്തുന്നത് സിയണിസ്റ്റ് താല്‍പര്യം കൂടിയാണ്. ഇറാഖി ജനതയെ കൂടുതല്‍ ഭിന്നിപ്പിക്കുക എന്നതായിരുന്നു ഇതിന് സ്വീകരിക്കപ്പെട്ട നയം. ഇറാഖി ജനസംഖ്യയുടെ മൂന്നിലൊന്ന് മിശ്രവിവാഹംവഴി സമ്മിശ്രമായ 'സുന്നി-ശീഇ' കുടുംബങ്ങളായി ഇടകലര്‍ന്ന് ജീവിക്കുമ്പോള്‍ ഇവര്‍ക്കിടയില്‍ മദ്ഹബ് പരമായ പക്ഷപാതിത്വം വളര്‍ത്താന്‍ മതപണ്ഡിതന്മാര്‍ ശ്രമിച്ചു. ഇത്തരം വിവാഹങ്ങള്‍ അല്ലാഹുവിന്റെ കോപത്തിനിടയാക്കുമെന്ന് ഫത്‌വകളിറക്കി രണ്ടുമില്യനിലേറെ വരുന്ന കുടുംബങ്ങളുടെ ബന്ധങ്ങള്‍ ശിഥിലമാക്കാന്‍ ആയത്തുല്ലമാര്‍ മത്സരിച്ചു. ഈസാഹചര്യത്തിലാണ് ഐക്യത്തിന്റെ വേരുകള്‍ തേടി ഡോ. അഹ്മദ് രചിച്ച പുസ്തകം പ്രസക്തമാകുന്നതും അദ്ദേഹത്തിന്റെ ചിന്തകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നതും.
സുന്നികള്‍ക്കും ശീഇകള്‍ക്കും ഇടക്കുള്ള മൗലികമായ അഭിപ്രായ വ്യത്യാസങ്ങളെ ആറായി ഡോ. അഹ്മദ് നിര്‍ണയിച്ചിരിക്കുന്നു. 1. ഇമാമത്തിന്റെ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസം. 2. ഖുര്‍ആനിനെക്കുറിച്ച തര്‍ക്കം. 3. പ്രവാചകചര്യയെക്കുറിച്ച വീക്ഷണവ്യത്യാസം. 4. 'തഖിയ്യ' എന്ന അടവുനയം. 5. കര്‍മശാസ്ത്രത്തിലെ അന്തരം. 6. സ്വഹാബികളെക്കുറിച്ച കാഴ്ചപ്പാട്. ഇവ ഓരോന്നും പ്രത്യേകം ശീര്‍ഷകങ്ങളായി ഡോ. ഇമാറ ചര്‍ച്ച ചെയ്യുകയും സുന്നികളുടെയും ശീഇകളുടെയും തദ്‌സംബന്ധമായ വീക്ഷണങ്ങള്‍ എന്താണെന്ന് അവരുടെ ആധികാരിക ഗ്രന്ഥങ്ങളിലൂടെ സമര്‍ഥിക്കുകയും തദ്വിഷയകമായി ഡോ. അഹ്മദ് മുന്നോട്ടുവെക്കുന്ന സമന്വയത്തിന്റെ രീതിശാസ്ത്രം എങ്ങനെയാണെന്നത് വിശദീകരിക്കുകയും ചെയ്യുന്നു.
ഇതില്‍ ഏറ്റം ഗുരുതരവും സങ്കീര്‍ണവുമായ വിഷയം ഇമാമത് (മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വം) ആണ്. ഇത് ദൈവികമായ പദവിയാണെന്നും മനുഷ്യര്‍ക്കതില്‍ പങ്കാളിത്തമില്ലെന്നുമാണ് ശീഈ നിലപാട്. കൂടിയാലോചനയോ തെരഞ്ഞെടുപ്പോ അല്ല അതിനുള്ള മാനദണ്ഡമെന്നും അത് 'അലി-ഫാത്വിമ' ദമ്പതികളുടെ സന്താനപരമ്പരക്ക് ദൈവം നല്‍കുന്ന അധികാരമാണെന്നും പ്രസ്തുത 'ഇമാമത്' പദവി പ്രവാചകന്മാരുടെയും മാലാഖമാരുടെയും മീതെയാണെന്നും അവര്‍ വിശ്വസിക്കുന്നു. പ്രസ്തുത ഇമാമുകള്‍ക്ക് പാപവിമുക്തിയുണ്ടെന്നും- ദിവ്യത്വമുണ്ടെന്നുപോലും ചിലര്‍ക്ക്- അഭിപ്രായമുണ്ട്. ശീഇകളുടെ ആധികാരിക ഹദീസ് ഗ്രന്ഥമായ 'അല്‍-കാഫി' യില്‍ ഈ വിഷയകമായ ധാരാളം നിവേദനങ്ങള്‍ കാണാം. ഉദാഹരണം.
1) അല്ലാഹു തന്റെ അടിമകള്‍ക്ക് അഞ്ചുകാര്യങ്ങള്‍ നിര്‍ബന്ധമാക്കി. അതില്‍ നാലെണ്ണം അവര്‍ സ്വീകരിച്ചു. ഒന്നുപേക്ഷിച്ചു. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ സ്വീകരിച്ചു. 'ഇമാമത്ത്' ഉപേക്ഷിച്ചു. (അല്‍ ഉസൂലു മിനല്‍കാഫി, കല്‍കുലൈനി (1-390)
2) ഒരിക്കല്‍ ഫാത്വിമയുടെ കൈയില്‍ കണ്ട ഹരിത പലക എന്താണെന്ന് അബ്ദുല്ല അല്‍ അന്‍സാരി ചോദിച്ചു. അവര്‍ പറഞ്ഞു; ഇത് അല്ലാഹു തന്റെ ദൂതന് നല്‍കിയ ഫലകമാണ്. അതില്‍ എന്റെ പിതാവിന്റെ പേരും ഭര്‍ത്താവിന്റെ പേരും എന്റെ രണ്ടു സന്താനങ്ങളുടെ പേരും എന്റെ മക്കളിലെ 'വസ്വിയ്യ്' (നേതൃത്വത്തിലേക്ക് നിശ്ചയിക്കപ്പെട്ടവര്‍)മാരുടെ പേരുമാണുള്ളത്. (ഉസൂലുല്‍ കാഫി (1-8)
മാത്രമല്ല, 'ഉസൂലുല്‍ കാഫിയിലെ മുപ്പത്തഞ്ചിലേറെ അധ്യായങ്ങള്‍ ഇമാമത്തിനെക്കുറിച്ചും ഇമാമുകളുടെ മഹത്ത്വങ്ങളെക്കുറിച്ചുമാണ്.
അതേസമയം, 'ഇമാമത്ത്' എന്നത് കര്‍മശാസ്ത്ര സംബന്ധമായ ഒരു പ്രശ്‌നമാണെന്നും അടിസ്ഥാന വിശ്വാസാദര്‍ശങ്ങളില്‍ അത് ഉള്‍പ്പെടുന്നില്ലെന്നും മുസ്‌ലിംകള്‍ കൂടിയാലോചനയിലൂടെ നേതൃത്വത്തെ തെരഞ്ഞെടുത്ത് പൊതുജന സമ്മതി(ബൈഅത്) നേടിയെടുക്കണമെന്നും ആവശ്യമാകുന്ന വേളയില്‍ നേതൃത്വത്തെ നീക്കം ചെയ്യാമെന്നുമാണ് സുന്നികളുടെ വിശ്വാസം. ഇത് ഈമാനിന്റെയും കുഫ്‌റിന്റെയും വിഷയമല്ല. ശാഖാപരമായ ഒരുകാര്യം മാത്രമാണ്. ഇത്രയേറെ മൗലികമായ അന്തരം രണ്ടുവിഭാഗങ്ങള്‍ക്കുമിടയിലുണ്ടെങ്കിലും 'ഇമാമത്തിലെ തീവ്രനിലപാടിന്റെ പേരില്‍ ശീഇകളെ ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് പുറത്താക്കുന്ന ഒരു നിലപാട് പ്രാമാണികരായ പണ്ഡിതരൊന്നും സ്വീകരിച്ചിട്ടില്ല. ഇമാം ഗസാലി(ഹി. 450-505), ജുവൈനി(ഹി. 419-478), ജുര്‍ജാനി((ഹി. 740-816), ശഹ്‌റസ്താനി(479-548), ഇബ്‌നു ഖല്‍ദൂന്‍(732-808) എന്നിവരെല്ലാം ഇത് വ്യക്തമാക്കിയിട്ടുണ്ട്.
'ഇമാമത്തി'ന്റെ വിഷയത്തില്‍ സുന്നികളും ശീഇകളും രണ്ട് ധ്രുവങ്ങളിലാണ് നിലകൊള്ളുന്നതെന്ന് ഈ വിവരണത്തില്‍നിന്ന് ഗ്രഹിക്കാം. ഇതില്‍ ഇടപെട്ടുകൊണ്ട് ഡോ. അഹ്മദ്, ദൈവികമായ ഈ ഇമാമത്ത് സിദ്ധാന്തം ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നില്ലെന്നും 'ശീഈചിന്ത'യില്‍ പുതുതായി കടന്നുകൂടിയതാണെന്നും തുറന്നുപറയുന്നു. അദ്ദേഹം എഴുതുന്നു: 'മദ്ഹബുകള്‍ ആരംഭിച്ച ആദ്യകാലത്ത് ഇമാമത്തോ ഖിലാഫത്തോ ദീനിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെട്ടിരുന്നില്ല. ഖുര്‍ആന്‍ അതിനെപ്പറ്റി വിശദമായി പ്രതിപാദിച്ചില്ല എന്നതാണ് കാരണം. പക്ഷേ, ഇമാമിയ്യയെന്നോ 'റാഫിദ' എന്നോ അറിയപ്പെടുന്ന ശീഇകളിലെ ഒരു വിഭാഗം ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ഇമാം അലിയാണ് ഖിലാഫത്തിന്നവകാശി എന്നും ഈ അവകാശം അലവി-ഹുസൈനി കുടുംബത്തില്‍ പരിമിതമാണെന്നും വാദിച്ചു. വിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകള്‍ക്ക് പ്രത്യേക വ്യാഖ്യാനം നല്‍കി അതിനു തെളിവ് കണ്ടെത്തി. ദുര്‍ബലമോ പൊതുവോ ആയ ചില ഹദീസുകള്‍ അവരുടെ സഹായത്തിനെത്തി. ഇതെല്ലാം ചേര്‍ന്ന് ഇമാമത്ത് എന്നത് വിശ്വാസകാര്യങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും നുബുവ്വത്തിന്റെ തുടര്‍ച്ചയോ ഭാഗമോ ആയിത്തീരുകയും ചെയ്തു. ശീഇകളുടെ ഈ നിലപാട് ഇതര മുസ്‌ലിംകളില്‍ പ്രതിബിംബിച്ചത് കാഫിറാക്കുക, ഫാസിഖാക്കുക, ദാല്‍ ആക്കുക എന്നീ രീതിയിലാണ്.
ശീഈ ചിന്തകന്റെ ഈ ധീരമായ പ്രസ്താവനയെ വിലയിരുത്തി ഡോ. ഇമാറ എഴുതുന്നു: വസ്തുനിഷ്ഠമായും ആത്മാര്‍ഥമായും ഡോ. അഹ്മദ് മുസ്‌ലിം ഉമ്മത്തിനെ ഭിന്നിപ്പിച്ച സങ്കീര്‍ണ പ്രശ്‌നത്തെ ഇവിടെ നിര്‍ണയിച്ചിരിക്കുന്നു. ഇമാമത്തിന്റെ വിഷയത്തില്‍ തങ്ങളുടെ വീക്ഷണത്തെ ശീഇകള്‍ ശാഖാപരവും കര്‍മശാസ്ത്രപരവുമായ വിതാനത്തില്‍നിന്ന് 'അഖീദയുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയും അത് പ്രവാചകത്വവുമായി ബന്ധപ്പെട്ടതും അതിന്റെ തുടര്‍ച്ചയുമാണെന്ന് വാദിക്കുകയും ചെയ്തപ്പോള്‍ അത് രാഷ്ട്രീയ പദവി എന്നതിന് വ്യത്യസ്തമായി ദൈവിക പദവിയായി മാറി. ഇതനുസരിച്ച് അവരുടെ ഇമാമുകള്‍ അല്ലാഹുവിന്റെ അധികാരങ്ങള്‍ നിറവേറ്റാന്‍ നേരിട്ട് ഏല്‍പിക്കപ്പെട്ടവരായി. അഹ്‌ലുസ്സുന്ന കരുതുന്നപോലെ ഇമാമുകള്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നവരും അല്ലാഹുവിനുവേണ്ടി ഉത്തരവാദിത്തം നിര്‍വഹിക്കുന്നവരുമെന്ന അവസ്ഥമാറി. ഇതേത്തുടര്‍ന്ന് 'ഇമാമത്' ദീനിന്റെ അടിസ്ഥാനവിശ്വാസമായിത്തീരുകയും അത് അംഗീകരിക്കുന്നവര്‍ സത്യവിശ്വാസികളും നിഷേധിക്കുന്നവര്‍ സത്യനിഷേധികളുമായി. രണ്ടാം നൂറ്റാണ്ടില്‍ സംഭവിച്ച ഈ വ്യതിയാനമാണ് പരസ്പരം കാഫിറാക്കുന്നതിലേക്കും പിഴച്ചവരായി മുദ്രകുത്തുന്നതിലേക്കും നയിച്ചത്.' ഈ വ്യതിയാനമാണ് പിന്നീട് ഇമാമുകള്‍ക്ക് ഏതെങ്കിലും രൂപത്തിലുള്ള 'വഹ്‌യ്' ഉണ്ടാകുമെന്നും അവര്‍ക്ക് അദൃശ്യജ്ഞാനമുണ്ടെന്നും അവരിലൂടെ അമാനുഷിക കൃത്യങ്ങള്‍ വെളിപ്പെടുമെന്നും ഒക്കെയുള്ള വിശ്വാസങ്ങള്‍ക്ക് കാരണമായതെന്നും ഡോ. അഹ്മദ് അല്‍കാതിബ് വിശദീകരിക്കുന്നുണ്ട്. ഇമാമുമാരെ ദിവ്യത്വത്തിലേക്കുയര്‍ത്തുന്ന ഈ നിലപാട് മുഹമ്മദ് വഹീദ് അല്‍ ഖുറാസാനി, മുഹമ്മദ് അശ്ശീറാസി, ആയത്തുല്ലാ അല്‍ഖുമൈനി, മുര്‍തദാ മുത്വഹ്ഹരി എന്നിവരുടെ ഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ നിരത്തി ഗ്രന്ഥകാരന്‍ സമര്‍ഥിച്ചിട്ടുണ്ട്. അവസാനം അദ്ദേഹം ഉപസംഹരിക്കുന്നു, ഇമാമത്തിനെ ദിവ്യത്വമാക്കുകയും ഇമാമുകളെ 'ŠÄ¾Ác' ആക്കുകയും ചെയ്യുന്ന ശീഈദര്‍ശനം യഥാര്‍ഥത്തില്‍ അഹ്‌ലുസ്സുന്ന വിശ്വസിക്കുന്ന പോലെ ഇസ്‌ലാമിന്റെ യാഥാര്‍ഥ്യത്തിന് വിരുദ്ധമാണ്. സുന്നി-ശീഈ പണ്ഡിതരുടെ ആശയസംവാദത്തിന് വിഷയീഭവിക്കേണ്ട സങ്കീര്‍ണ പ്രശ്‌നമാണത്. ഇരുവിഭാഗങ്ങളെയും അടുപ്പിക്കാന്‍ നാം ഉദ്ദേശിക്കുന്നുവെങ്കില്‍ അതാണ് ചെയ്യേണ്ടത്.
ശീഇകളും സുന്നികളും രണ്ടു ധ്രുവങ്ങളില്‍ കഴിയുന്ന മറ്റൊരു പ്രശ്‌നം. 'സഹാബത്തിനെക്കുറിച്ച നിലപാടാണ്. പ്രവാചക ശിഷ്യന്മാരുടേത് ഏറ്റവും ശ്രേഷ്ഠമായ തലമുറയാണെന്നും അവരെല്ലാം സത്യന്ധരും നീതിമാന്മാരുമാണെന്നും സുന്നികള്‍ വിശ്വസിക്കുന്നു. അലിയെയും മുആവിയയെയും അവര്‍ ആദരക്കുന്നു. ആഇശ, സുബൈര്‍, അലി എന്നിവര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ 'ഇജ്തിഹാദി'ലുള്ള പിഴവുകളാണെന്നും അത് മൂലം ആരും വഴികേടിലാകുന്നില്ലെന്നും അവര്‍ വിശ്വസിക്കുന്നു. ഇബ്‌നുകസീര്‍, നവവി, ഇബ്‌നു തൈമിയ പോലുള്ളവരെല്ലാം ഇത് വിശദീകരിച്ചിട്ടുണ്ട്. അതേസമയം അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, മുആവിയ, ആഇശ, ഹഫ്‌സ എന്നിവരും ബഹുഭൂരിഭാഗം വരുന്ന സ്വഹാബിമാരും ഇസ്‌ലാമില്‍നിന്ന് പുറത്തുപോയവരും ശാപത്തിന്നര്‍ഹരുമാണെന്നാണ് ശീഇകളുടെ വിശ്വാസം. അവരുടെ ഗ്രന്ഥങ്ങള്‍ ഇത്തരം പ്രസ്താവനകളാല്‍ നിറഞ്ഞുകിടക്കുന്നു. ബുഖാരി പോലെ അവര്‍ ആദരിക്കുന്ന 'അല്‍ ഉസൂലുമിനല്‍ കാഫി' എന്ന ഗ്രന്ഥത്തിലെ ചില ഹദീസുകള്‍ കാണുക: 'വിശ്വാസത്തിനുശേഷം കാഫിറാകുകയും(സത്യം നിഷേധിക്കുകയും) പിന്നീട് സത്യനിഷേധത്തില്‍ നിരതരാകുകയും ചെയ്തവര്‍' (ആലുഇംറാന്‍ 90) എന്ന ആയത്ത് അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരെപ്പറ്റിയാണ് (അല്‍കാഫി 1:420) സൂറത്തു ഫുസ്സ്വിലതി'ലെ 29ാം ആയത്ത് 'ഞങ്ങളുടെ നാഥാ! ജിന്നുകളിലും മനുഷ്യരിലും പെട്ട ഞങ്ങളെ വഴിപിഴച്ച രണ്ടുപേരെ കാണിച്ചു തരേണേ' എന്നതിന്റെ ഉദ്ദേശ്യം അബൂബക്കറും ഉമറുമാണ്. (അര്‍റൗദ മിനല്‍ കാഫി 8/334) പ്രവാചകനുശേഷം ഏറ്റവും ശ്രേഷ്ഠമെന്ന് മുസ്‌ലിം ലോകം വിശ്വസിക്കുന്ന വ്യക്തിത്വങ്ങള്‍ 'ഭൂമുഖത്ത് സൃഷ്ടികളില്‍ ഏറ്റവും അധമരാണെന്നും അവര്‍ കാഫിറുകളാണെന്നും വിശ്വസിക്കാത്തവര്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുക്കളാണെന്നും നമസ്‌കാര ശേഷം അവരെ ശപിച്ചുകൊണ്ടിരിക്കണമെന്നും ശീഈ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലെ ഉദ്ധരണികളിലൂടെ ഈ കൃതി വിശദമാക്കുന്നു. ഖുമൈനിയുടെ 'കിതാബുത്ത്വഹാറ' എന്ന കൃതിയില്‍ പറയുന്നു: ആഇശ, സുബൈര്‍, ത്വല്‍ഹ, മുആവിയ എന്നിവര്‍ നായ്ക്കളെയും പന്നികളെയും കാള്‍ മലിനരാണ്.' (3:457)
'ഇമാമത്' എന്നത് അഖീദയുടെ ഒരു ഭാഗമായിമാറുകയും ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും സ്ഥിരപ്പെട്ട അടിസ്ഥാന കാര്യമായിത്തീരുകയും ചെയ്തതോടെയാണ് ഖുലഫാഉര്‍റാശിദുകളുടെയും മുസ്‌ലിം പൊതുസമൂഹത്തിന്റെയും നേരെ ഇത്തരം 'വഷളന്‍' ആരോപണങ്ങളുന്നയിക്കാന്‍ ശീഇകള്‍ ആരംഭിച്ചത്. ഇതിന്റെ തുടക്കം 'ഹിശാമുബ്‌നു അബ്ദില്‍ മലിക്കിന്റെ ഭരണകാലത്ത് സൈദുബ്‌നു അലിയുടെ വിപ്ലവശ്രമത്തോടെയാണെന്ന് ഡോ. അഹ്മദ് വെളിപ്പെടുത്തുന്നു. അബൂബക്കര്‍, ഉമര്‍ എന്നിവര്‍ക്ക് ബൈഅത് ചെയ്യാന്‍ അലി(റ) നിര്‍ബന്ധിക്കപ്പെടുകയായിരുന്നു എന്നുള്ള നിവേദനങ്ങളുടെ പൊള്ളത്തരങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 'ദൈവികമായ ഇമാമത്' എന്ന വികല വിശ്വാസമാണ് ഇത്തരത്തിലുള്ള ഒരു വൈകൃതത്തിലേക്ക് അവരെ എത്തിച്ചത്. ഇതാകട്ടെ ഹിജ്‌റ മൂന്നും നാലും നൂറ്റാണ്ടുകളിലാണ് ഉടലെടുത്തത്. സ്വന്തം മകളെ ഉമര്‍(റ)വിന് വിവാഹം ചെയ്തുകൊടുക്കുകയും തന്റെ മൂന്നുമക്കള്‍ക്ക് അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നീ പേരിടുകയും ചെയ്ത അലി(റ)ക്ക് അവരുമായുള്ള ബന്ധം ഊഷ്മളമായിരുന്നു. അതിനാല്‍ ഇമാമതിനെക്കുറിച്ച നിലപാട് ആദ്യകാലത്തെ ഒരു രാഷ്ട്രീയ നിലപാട് മാത്രമായിരുന്നുവെന്നും അതൊരു 'മതപരമായ അഖീദ'യല്ലെന്നുമുള്ള യാഥാര്‍ഥ്യം അംഗീകരിക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ആദ്യപടി.
'അല്‍ കാഫി'യിലെ ഹദീസുകളെക്കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നത്, അതില്‍ 16199 നിവേദനങ്ങളുണ്ട്. അക്കൂട്ടത്തില്‍ അയ്യായിരത്തി എഴുപത്തിരണ്ട്(മൂന്നിലൊന്നില്‍ കുറവ്)
മാത്രമാണ് പ്രബലം. മൂന്നില്‍ രണ്ടും ദുര്‍ബലമോ അസ്വീകാര്യമോ ആണ്. എന്നിരിക്കെ, സ്വഹാബിമാരെ കാഫിറുകളാക്കുന്ന നിലപാടില്‍നിന്ന് ശീഈ പണ്ഡിതര്‍ക്ക് എന്തുകൊണ്ട്
പിന്‍മാറിക്കൂടാ? പ്രത്യേകിച്ചും അവരെ പ്രശംസിച്ചും വാഴ്ത്തിയും വിശുദ്ധഖുര്‍ആന്‍തന്നെ വ്യക്തമായി പ്രതിപാദിച്ചിരിക്കെ. ഇത്രയും അപകടകരവും ബാലിശവുമായ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തിയിട്ടും സുന്നികള്‍ ശീഇകളെ കാഫിറാക്കുന്നില്ല. ഇമാംഗസാലി ‡b~f›dGh ½î¡SÕG òH ‡bq™¯ˆdG ¹¡ŸÇa ഇബ്‌നുതൈമിയ ºÄ²¾ÙG ’Ç‘¡Ÿd ºÄ²©ÙG ’j™¡U ‡²aGÄe ഇമാം നവവി ¼¸¡e ’Ç‘¡U “™¡T ഇമാം ഖുര്‍തുബി ÀBGQ²dG ½ƒµMCÕG ªeƒÖG എന്നീ ഇമാമുമാരുടെ വീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. ശൈഖ് മുഹമ്മദ് അബ്ദുവും, മഹ്മൂദ് ശല്‍തൂതും വളരെ വ്യക്തമായി ഇതേ വീക്ഷണം ആവര്‍ത്തിച്ചിട്ടുണ്ട്. ഒരാളുടെ ഒരുവാക്ക് 'നൂറുവഴികളില്‍ കുഫ്‌റിനു അനുകൂലവും ഒരുവഴിയില്‍ മാത്രം 'ഈമാനിന് അനുകൂലവുമാണെങ്കില്‍ അത് കുഫ്‌റിന്നനുകൂലമാണെന്ന് വിധിക്കരുത് എന്നാണ് പണ്ഡിതമതം.
മുസ്‌ലിം സമുദായത്തെ നിലവിലുള്ള സാഹചര്യത്തില്‍ മോചിപ്പിച്ചെടുക്കുകയും ശക്തമായി നിലനിര്‍ത്തുകയും ചെയ്യാന്‍ സുന്നി-ശീഈ ഐക്യം അനിവാര്യമാണെന്നും അതംഗീകരിക്കുന്ന പണ്ഡിതവിഭാഗം ചരിത്രത്തിലെ പഴയ ഭാണ്ഡങ്ങള്‍ ഇറക്കിവെച്ച് വീണ്ടുവിചാരത്തിന് സന്നദ്ധമാകണമെന്നും ഡോ. ഇമാറയുടെ ഈ പുസ്തകം ഉല്‍ബോധിപ്പിക്കുന്നു. ഈ ദിശയിലുള്ള ധീരമായ ഒരു ചുവടുവെപ്പായി ഡോ. അഹ്മദുല്‍ കാതിബിന്റെ പുസ്തകത്തെ അദ്ദേഹം വിലയിരുത്തുന്നു. വസ്തുതകളുടെ വെളിച്ചത്തില്‍ വസ്തുനിഷ്ഠമായി രചിക്കപ്പെട്ട ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടാന്‍ എന്തുകൊണ്ടും അര്‍ഹമാണ്. അന്ധമായ ശീഈ വിരോധത്തിനും കണ്ണടച്ചുകൊണ്ടുള്ള ശീഈ പക്ഷപാതിത്വത്തിനും അത് പരിഹാരമാകും.

''സുന്നികളും ശീഇകളും-സത്യങ്ങളും സന്ദേഹങ്ങളും''
ഡോ. മുഹമ്മദ് ഇമാറ
പ്രസാധനം: ദാറുസ്സലാം, കെയ്‌റോ, 2010 പേജ്: 224)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top