വിഭാഗീയ മതേതരവാദികള്‍
ഫനാര്‍ ഹദ്ദാദ്
സമകാലിക മിഡിലീസ്റ്റിലെ സുന്നി-ശിയാ 'വിഭാഗീയത' യെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവരാറുള്ള ഒരു പൊതുവായ വിരുദ്ധദ്വന്ദ്വമാണ് മതേതരത്വവും വിഭാഗീയതയും തമ്മിലുള്ള ഏറ്റുമുട്ടല്‍. തികച്ചും തെറ്റായ ഈ വിഭജനത്തിന് അടിവരയിടുന്ന യുക്തി വളരെ വ്യക്തമാണ് : ഒരു വിഭാഗം (sect) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ചരിത്രം, രാഷ്ട്രീയം, ഭൂമിശാസ്ത്രം എന്നിവയുടെ സ്വാധീനത്താല്‍ രൂപപ്പെടുന്ന മതതത്ത്വശാസ്ത്രത്തിന്റെയും മതവിധികളുടെയും ഫലമായി നിലവില്‍വരുന്ന ഒരു അവാന്തരവിഭാഗമാണത്. അതിനാല്‍, 'വിഭാഗീയത'യക്ക് ഏറ്റവും അനുയോജ്യമായ വിപരീതമാണ് 'മതേതരത്വം' എന്നാണ് യുക്തിയുടെ തേട്ടം. ദേശരാഷ്ട്രത്തെ കുറിച്ചും, അതിന്റെ ആധികാരിക സ്ഥാപനങ്ങളെ കുറിച്ചുമുള്ള ആധുനിക ബോധ്യങ്ങള്‍, രാഷ്ട്രത്തെ ചര്‍ച്ചിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയില്‍ വേരൂന്നിയാണ് ഒരു മതേതര, പൗര സമൂഹം പൊതുഇടങ്ങളെ അഭിമുഖീകരിക്കുന്നത്. എത്രത്തോളം യുക്തിരഹിതമാണിതെന്ന് സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാണ്. ഇതൊരു തെറ്റായ വിഭജനമാണ്. അത് അറബ്‌ലോകത്തെ വിഭാഗീയ സ്വത്വങ്ങളെയും വിഭാഗീയ ചലനങ്ങളെയും തെറ്റായി അവതരിപ്പിക്കുകയും പ്രത്യക്ഷത്തില്‍ മതപരമായ വിഷയങ്ങളില്‍ വര്‍ഗം, രാഷ്ട്രീയം, അധികാരം എന്നിവ വഹിക്കുന്ന പങ്കിനെ വിലകുറച്ച് കാണുകയും ചെയ്യുന്നു.
മതകീയ പ്രശ്‌നങ്ങളെയും മതാത്മക തത്ത്വശാസ്ത്രത്തെയും ഏതാണ്ട് പൂര്‍ണമായും വലയംചെയ്യുന്ന ഒരുതരം യുദ്ധക്കൊതിമൂത്തതും ജനകീയ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നതുമായ ഒന്ന് തീര്‍ച്ചയായും നിലനില്‍ക്കുന്നുണ്ട്. നേരത്തേ സൂചിപ്പിച്ച യുക്തിയാണ് വിഭാഗീയ പോരിന്റെയും വിഭാഗീയ സ്ഥാപനവല്‍ക്കരണത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യ ചാലകശക്തിയെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍ തീര്‍ച്ചയായും നിലനില്‍ക്കുന്നുണ്ട്. അക്കൂട്ടരെ സംബന്ധിച്ചിടത്തോളം, മത സത്യങ്ങളുടെ മല്‍സരമാണ് വിഷയം. ഈയൊരു രീതിയിലുള്ള ചിന്താ ശൈലിക്ക് പൗരത്വം, ദേശീയത, ദേശരാഷ്ട്രം തുടങ്ങിയവ അപ്രധാനമായ കാര്യങ്ങളാണ്. മതനിന്ദയോടുള്ള അനിയന്ത്രിതമായ വെറുപ്പ് അല്ലെങ്കില്‍ ഭയം, മത പൗരോഹിത്യത്തിന് നല്‍കുന്ന അങ്ങേയറ്റത്തെ പിന്തുണ, എന്നിവയാണ് വിഭാഗീയ അപരന് നേരെയുള്ള അത്തരം ചിന്താഗതിക്കാരുടെ കാഴ്ച്ചപ്പാടുകളെ നയിക്കുന്നത്.
സ്വാഭാവികമായും, അത്തരം ആളുകളുടെ നേര്‍വിപരീതമായിട്ടാണ് ഒരു മതേതരന്‍ കാണപ്പെടുക. എത്രത്തോളം അരോചകമായിരുന്നാലും ശരി, തന്റെ നാട്ടുകാരന്റെ മതവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ ഒരു മതേതരന്‍, പൗരബോധമുള്ള പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ കാര്യത്തിലെടുക്കുമെന്ന് കരുതാന്‍ നിര്‍വാഹമില്ല. വിഭാഗീയ സിദ്ധാന്തങ്ങളിലെ പരസ്പര വിരുദ്ധമായ അന്ധവിശ്വാസങ്ങളെക്കാള്‍ ഉയരത്തിലാണിപ്പോള്‍ ഒരു മതേതര വിശ്വാസിയുടെ വര്‍ത്തമാന കാലത്തെ കുറിച്ചുള്ള ബോധ്യങ്ങള്‍. അവന്‍ പൗരത്വം, അവകാശങ്ങള്‍, സാമൂഹ്യ ബോധം, നല്ല ഭരണം തുടങ്ങിയ ഇന്ദ്രിയഗോചരമായ പ്രശ്‌നങ്ങളിലാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നത്. എന്നിരുന്നാലും, മതേതര തര്‍ക്കങ്ങളേക്കാളുപരി, മതതത്ത്വശാസ്ത്രപരമായ തര്‍ക്ക പരിസരങ്ങളില്‍ വിഭാഗീയ ചലനങ്ങള്‍ സ്ഥിതി ചെയ്യുമ്പോള്‍ മാത്രമാണ് മതേതര/വിഭാഗീയ ദ്വന്ദ്വങ്ങള്‍ യുക്തിഭദ്രമാകുന്നത്. മതം അല്ലാത്ത, ഒരു മതേതര പുരുഷന്‍/സ്ത്രീ സ്വകാര്യമെന്നും പഴഞ്ചനെന്നും യുക്തിരഹിതമെന്നും കരുതാത്ത ദേശം,രാഷ്ട്രം പോലെയുള്ള ഒന്നിലാണ് 'വിഭാഗീയത' വേരൂന്നിയിരുന്നതെങ്കില്‍, അതേ മതേതര വ്യക്തിക്ക് അതിന് മേലെ ഉയരാന്‍ സാധിക്കുമോ?.
മതസത്യങ്ങള്‍ക്കു വേണ്ടിയല്ല, മറിച്ച്, ദേശത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലായിരുന്നു അറബികള്‍ കൂടുതലും കേന്ദ്രീകരിക്കപ്പെട്ടിരുന്നത് എന്ന കാര്യം അറബ്‌ലോകത്തെ ആധുനിക വിഭാഗീയ ബന്ധങ്ങളിലെ നിരന്തരം അവഗണിക്കപ്പെട്ട ഒരു വശമാണ്. അതിന്റെ ഫലമായി, വിഭാഗീയതയെ കുറിച്ചുള്ള മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്താന്‍ ഒരാള്‍ക്ക് സിദ്ധാന്തം, തത്ത്വം എന്നിവയുടെ ചോദ്യങ്ങളെ കുറിച്ച് പ്രത്യേകിച്ച് ബോധവാനാകേണ്ടതോ അവയില്‍ മുഴുകേണ്ടതോ ആയ ആവശ്യമില്ല.
ഇതാണ് മതേതരരും അതേസമയം ആഴത്തില്‍ വിഭാഗീയത വെച്ചുപുലര്‍ത്തുന്നവരുമായ വ്യക്തികളില്‍ കാണപ്പെടുന്ന വിരോധാഭാസം. അറബ് ദേശരാഷ്ട്രത്തിന്റെ ആവിര്‍ഭാവത്തോടു കൂടി വിഭാഗീയ സ്വത്വങ്ങളും വിഭാഗീയ ബന്ധങ്ങളും പരിവര്‍ത്തന വിധേയമായി. ദേശീയത എന്ന ഒരു പാളിയെ കൂടി വിഭാഗീയ സ്വത്വങ്ങളിലേക്ക് കൂട്ടിച്ചേര്‍ത്തു കൊണ്ടാണ് ഈ മാറ്റം സാധ്യമാക്കിയത്. പൗരത്വം, സമത്വം, അവകാശം, ശാക്തീകരണം, പ്രാതിനിധ്യം തുടങ്ങിയവ ദേശരാഷ്ട്രം എന്ന ആശയത്തിന്റെ അനന്തരാനുഭവങ്ങളാണ്. മതാത്മക സത്യങ്ങളിലും മതപരമായ വിഷയങ്ങളിലും വേരൂന്നിനില്‍ക്കുന്ന ദേശീയമായ അല്ലെങ്കില്‍ ദേശാതിവര്‍ത്തിയായ ഒരു വിഭാഗീയ സ്വത്വത്തോടൊപ്പം തന്നെ, ദേശീയ പ്രശ്‌നങ്ങളിലും, ദേശീയ മൂല്യങ്ങളിലും വേരൂന്നിനില്‍ക്കുന്ന ഒരു ദേശീയ വിഭാഗീയ സ്വത്വവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.
ഒരേ ദേശക്കാര്‍ക്കിടയിലെ വിഭാഗീയ വാദങ്ങള്‍ ദേശീയ പ്രശ്‌നങ്ങള്‍ക്ക് ചുറ്റുമാണ് കറങ്ങുന്നത് : ജനസംഖ്യാ കണക്കെടുപ്പ്, ദേശീയമായ ആധികാരികത, ദേശീയ ചരിത്രം, രാഷ്ട്രീയവും സാമ്പത്തികവുമായ ചൂഷണം, അങ്ങനെയുള്ള സംഗതികള്‍. നേരെ മറിച്ച്, ഒരു ബഹുരാഷ്ട്രാ കാണികളെ ലക്ഷ്യം വെക്കുന്ന വിഭാഗീയ വാദങ്ങള്‍ ഇസ്‌ലാമിക ചരിത്രം, മതവിധികള്‍, സൈദ്ധാന്തിക വ്യത്യാസങ്ങള്‍ എന്നിവയെ ആണ് കൂടുതല്‍ ചൂഴ്ന്നുനില്‍ക്കുന്നത്. ഈ വ്യത്യാസം ഒരു കാര്യം തീര്‍ച്ചപ്പെടുത്തുന്നുണ്ട് : ആദ്യത്തേത് ദേശരാഷ്ട്രത്തില്‍ നിന്നും വിഭാഗീയ അപരനെ പുറംന്തള്ളുമ്പോള്‍, രണ്ടാമത്തേത് വിശ്വാസത്തില്‍ നിന്നാണ് വിഭാഗീയ അപരനെ പുറത്താക്കുന്നത്. മതാധിപത്യത്തിന്റെ പുറംമോടി ദേശരാഷ്ട്രത്തിന് ഇല്ലായിരുന്നെങ്കില്‍ അവ രണ്ടും ഒരിക്കലും കൂടിച്ചേരില്ലായിരുന്നു.
വിഭാഗീയ മുന്നേറ്റങ്ങളില്‍ ചില സുപ്രധാന സൈദ്ധാന്തിക വ്യത്യാസങ്ങള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ കാണപ്പെടുകയുണ്ടായി. അതോടൊപ്പം, അറിവിന്റെ പഴയ ചട്ടക്കൂടുകളുടെ നിരര്‍ത്ഥകതയും അതുപോലെത്തന്നെ സീമാതീതമായ മാധ്യമങ്ങളും പുതിയ സംവേദന രീതികളും ദേശങ്ങളെ വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ക്ക് ശക്തമായ മങ്ങലേല്‍പിച്ചിട്ടുണ്ട്. അറബ് ദേശരാഷ്ട്ര യുഗത്തില്‍ മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത വിധം, ദേശീയമായ വിഭാഗീയ സ്വത്വങ്ങള്‍ക്കു മേല്‍ മതപരമായ വിഭാഗീയ സ്വത്വങ്ങള്‍ അധികാരം സ്ഥാപിക്കുന്ന കാഴ്ച ഭയമുളവാക്കുന്നതായിരുന്നു. എന്നിരുന്നാലും, വിഭാഗീയ മുന്നേറ്റങ്ങളില്‍ ദേശരാഷ്ട്രം അതിന്റെ കേന്ദ്രസ്ഥാനം കാത്തുസൂക്ഷിക്കുന്നുണ്ട്. വസ്തുതകള്‍ ഇത് തെളിയിക്കുന്നുണ്ട്. 2003 മുതല്‍ അരങ്ങേറിയ സര്‍വസംഭവങ്ങളോടൊപ്പം തന്നെ, ഇറാഖിലെയും സിറിയയിലെയും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മതഭ്രാന്തന്‍മാരുടെ തെറ്റായ ആഗ്രഹങ്ങളെ പ്രതിരോധിക്കാത്ത, നിലവിലെ ദേശരാഷ്ട്ര വ്യവസ്ഥയുടെ ചിരപരിചിത അതിര്‍ത്തികള്‍ക്ക് ബദലുകള്‍ വികസിപ്പിക്കാന്‍ അറബികള്‍ ഇനിയും തയാറാവേണ്ടതുണ്ട്. വിഭാഗീയ ബന്ധങ്ങള്‍ ദേശരാഷ്ട്ര വൃത്തത്തില്‍ വേരുറപ്പിക്കുകയും ദേശീയ മൂല്യങ്ങള്‍ക്കുചുറ്റും കറങ്ങുകയും ചെയ്യുന്ന കാലത്തോളം മതം, മതതത്ത്വശാസ്ത്രം, മതവിധി തുടങ്ങിയവ വിഭാഗീയ ചലനങ്ങളില്‍ ദ്വിതീയമായ പങ്കാണ് വഹിക്കുക. ഇത്തരമൊരു ചട്ടക്കൂടിലാണ്, പരസ്പര വിരുദ്ധമായ രണ്ട് പദങ്ങള്‍കൊണ്ട് നിര്‍മിക്കപ്പെട്ട 'വിഭാഗീയ മതേതരര്‍' എന്ന സംജ്ഞ പ്രസക്തമാവുന്നത്.
ഒരു പ്രത്യേക വിഭാഗത്തിനെതിരെ ആഴത്തിലുള്ള മുന്‍ധാരണകളും ആധിപത്യ മനോഭാവവും വെച്ചുപുലര്‍ത്തുന്നവരായിരിക്കും ചിലപ്പോള്‍ ഈ വിഭാഗീയ മതേതരക്കാര്‍. കാരണം, ദേശരാഷ്ട്രം എങ്ങനെയായിരിക്കണം എന്ന അവരുടെ സങ്കല്‍പത്തിന് ഒരു ഭീഷണിയായിട്ടാണ് ആ വിഭാഗത്തെ അവര്‍ക്ക് അനുഭവപ്പെടുന്നത്. ജനസംഖ്യപരമായ വസ്തുതകളല്ലാതെ മറ്റൊരു കാരണവും ഇല്ലായെങ്കില്‍, അറബ് ലോകത്തെ ശീഈ വിഭാഗത്തെ കുറിച്ചുള്ള വിഭാഗീയ മതേതരക്കാരുടെ അഭിപ്രായങ്ങളില്‍ ഇത് തെളിഞ്ഞു കാണാന്‍ കഴിയുന്നതാണ്. ഇതു പക്ഷേ, എല്ലായ്‌പ്പോഴും ശീഇകളോടുള്ള മതതത്ത്വശാസ്ത്രപരമായ അനിഷ്ടത്തില്‍ നിന്നും ഉണ്ടാവുന്നതല്ലെന്നും അവരെ മൊത്തത്തില്‍ പുറന്തള്ളുന്നതിനു വേണ്ടിയല്ലെന്നും ആവര്‍ത്തിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ശീഇ വിരുദ്ധത, ഇതിന് മതവുമായി ബന്ധമില്ലെന്ന കാരണം കൊണ്ടും, പാശ്ചാത്യ വിദ്യഭ്യാസം നേടിയ മധ്യ-ഉപരി വര്‍ഗ ശീഇകളെയല്ല ലക്ഷ്യം വെക്കുന്നത്; അതിലുപരി, ശീഈ വിഭാഗീയ സ്വത്വത്തില്‍ ആഴത്തില്‍ വേരൂന്നിയ, തങ്ങളുടെ ബോധ്യങ്ങളുടെയും അഭിപ്രായപ്രകടനങ്ങളുടെയും കേന്ദ്രമായി ശീഈ ആചാരങ്ങളെയും ചിഹ്നങ്ങളെയും പ്രതിഷ്ഠിച്ച 'ശീഈ ജനക്കൂട്ട' വുമായി ബന്ധപ്പെട്ടാണ് ഈ ശീഈ വിരുദ്ധത. അങ്ങനെ നോക്കുമ്പോള്‍, മതവിധികളേക്കാള്‍ പ്രാദേശിക, വര്‍ഗ പരിഗണനകളാലാണ് ഇത് ഏറിയകൂറും സ്വാധീനിക്കപ്പെടുന്നത്. ഇക്കാരണം കൊണ്ടാണ് മതേതര/വിഭാഗീയ ദ്വന്ദ്വങ്ങള്‍ തെറ്റായ സ്ഥലത്ത് വെക്കപ്പെട്ടത്. ഒരു 'മതേതരന്' -ഒരു പൂര്‍ണ നാസ്തികനാണെങ്കിലും ശരി- ഒരിക്കലും ഒരു 'വിഭാഗീയ' ചിന്താഗതിക്കാരനാവാന്‍ കഴിയില്ല. മതേതരത്വത്തില്‍ ഒരു വിഭാഗീയ സംഘം അപരിചിതരായും താഴ്ന്ന വര്‍ഗവമെന്ന നിലയിലും അവഗണനക്ക് ഇരയാവുന്നുണ്ട്. അതുപോലെ, സുന്നി-ശീഇ വിഭാഗീയതയുടെ സാന്നിധ്യമില്ലാത്ത അറബ് രാഷ്ട്രങ്ങളില്‍, മതത്തിനുള്ളിലെ അവാന്തരവിഭാഗങ്ങളെ പുറന്തള്ളുവാന്‍ ലക്ഷ്യമിടുന്ന മതേതര ഉന്നതകുലജാതരെ നമുക്ക് കാണാന്‍ സാധിക്കും. ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ചെറിയ തോതിലൊന്ന് ഉയര്‍ന്നുവന്നപ്പോഴേക്കും 'ഉദാരവാദികളുടെ' ഭാഗത്തു നിന്നുണ്ടായ പ്രതികരണം ഇത് വ്യക്തമായി വരച്ചിടുന്നുണ്ട്.
'ശീഇ' വിഭാഗത്തിന് നേരെയുള്ള വെറുപ്പ് വെച്ചുപുലര്‍ത്തുന്നതോടൊപ്പംതന്നെ, ഇറാഖിലെ സാമൂഹ്യ സാഹചര്യത്തെ അനുകൂലിക്കുന്ന മതേതരവാദികളുടെ സംസാരങ്ങള്‍ ഇറാഖികള്‍ക്ക് കാണാന്‍ സാധിക്കും. ഒരു മതതത്ത്വശാസ്ത്ര വിഷയത്തില്‍ നിന്നും ഏറെ അകലെ നില്‍ക്കുന്ന ഇക്കാര്യം, ശീഇകള്‍ക്ക് അവരുടേതായ അതിവികസിതമായ വിഭാഗീയ ചിഹ്നങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, സാംസ്‌കാരിക പരമാധികാരം എന്നിവ ഉള്ളതോടൊപ്പം തന്നെ, വിഭാഗീയ സ്വത്വങ്ങള്‍ സ്വകാര്യവും പരമാവധി അദൃശ്യവുമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇറാഖിലെ മതേതര പ്രതിപുരുഷന് ശീഇകള്‍ കടുത്ത ഭീഷണിയാണെന്ന വിശ്വാസത്തിന്റെ ഫലമായിട്ടായിരിക്കാം അവരോടുള്ള പുച്ഛം കലര്‍ന്ന സമീപനം. ശീഇകള്‍ക്കെതിരെ സാമൂഹിക-സാംസ്‌കാരിക ആഢ്യത്വത്തില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്ന ഒരു മുന്‍ധാരണ കൂടിയാണിത്. ഒരു സംഘമെന്ന നിലയില്‍ മധ്യ-ഉപരി വര്‍ഗത്തിന്റെ നാഗരിക, മതേതര, പാശ്ചാത്യ സങ്കല്‍പങ്ങളുടെ നേര്‍വിപരീത ദ്വന്ദ്വമായിട്ടാണ് ശീഇകള്‍ മനസ്സിലാക്കപ്പെടുന്നത് : അപരിഷ്‌കൃതര്‍, സംസ്‌കരിക്കപ്പെടാത്തവര്‍, അജ്ഞര്‍, പിന്നാക്കക്കാര്‍, അമിതമായ മതഭക്തി വെച്ചുപുലര്‍ത്തുന്നവര്‍. ഇവയൊക്കെത്തന്നെ ഒരു വ്യക്തിയെ കുറിച്ച് പറയപ്പെടുന്നതല്ല, മറിച്ച് ഒരു സമൂഹത്തെ കുറിച്ച് മൊത്തത്തിലുള്ള അഭിപ്രായ പ്രകടനമാണെന്ന് മനസ്സിലാക്കേണ്ടതാണ്; ശീഇകളായ സുഹൃത്തുക്കള്‍, പങ്കാളികള്‍, ഇണകള്‍ എന്നിവര്‍ ഉള്ള ഒരാള്‍ക്ക്, ഇനി അയാള്‍ ഒരു ശീഇ തന്നെയാവട്ടെ, അയാള്‍ക്കും ഇത്തരം വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്താന്‍ കഴിയും. തീര്‍ച്ചയായും, വിവാഹത്തിലൂടെ ശീഇകളുമായി ബന്ധം സ്ഥാപിക്കുന്ന ചില കടുത്ത സുന്നി വിഭാഗീയ ചിന്താഗതിക്കാര്‍ ഇറാഖിലുണ്ട്. ഇവരുടെ കാഴ്ച്ചപ്പാടില്‍ ശീഇകള്‍ നല്ലവരും മതപരവും സാമൂഹികവുമായ ശീഇ ഘടനയോട് ആഴത്തില്‍ ഉള്‍ച്ചേരാത്തവരുമാണ്; ശീഇ അസ്തിത്വം പുറമേക്ക് വെളിപ്പെടുത്താത്ത കാലത്തോളം, അഥവാ വ്യക്തമായി പറഞ്ഞാല്‍ : അയ്യാദ് അല്ലാവിയുടെ ഗണത്തില്‍പ്പെടുന്ന ശീഇകളാണെങ്കില്‍. 2003 ന് ശേഷം ഇറാഖില്‍ വ്യാപകമായി വിഭാഗീയ ചേരികള്‍ രൂപമെടുത്തെങ്കിലും, 2010 ലെ തെരഞ്ഞെടുപ്പില്‍ ഇറാഖ് സുന്നികളിലെ ഒരു സുപ്രധാന വിഭാഗം ഒരു ശീഇ നേതാവിന്റെ മേല്‍ തങ്ങളുടെ പ്രതീക്ഷകള്‍ അര്‍പ്പിച്ചതിന്റെ കാരണം ശീഇകളുടെ ഇത്തരം നിലപാടായിരുന്നു. ശീഇകളുടെ പ്രത്യേക തരത്തിലുള്ള ഈ ശീഇസം അദൃശ്യവും അതേസമയം വ്യാപകമായി സ്വീകരിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് പ്രധാന വ്യതിരിക്തത.
ഇറാഖിലെ വിഭാഗീയ മതേതരക്കാരുടെ (secular sectariasn) മുന്‍ധാരണകള്‍ ഒരു പരിധി വരെ 'സുന്നി ജനക്കൂട്ടത്തിന്' നേരെയുള്ള സിറിയന്‍ മതേതരക്കാരുടെ കാഴ്ച്ചപ്പാടുകളിലും പ്രതിബിംബിക്കുന്നത് ശ്രദ്ധേയമാണ്. ഈ രണ്ടിലും പ്രാദേശികവും വര്‍ഗപരവുമായ ഉപരിവര്‍ഗാധിപത്യത്തിന്റെ ശക്തമായ സാന്നിധ്യം ഉണ്ട്. ഇത്തരം ചലനങ്ങളുടെ തിരിച്ചു വരവിന് ഉത്തരവാദികള്‍ ഈ രണ്ട് അസന്തുഷ്ട രാജ്യങ്ങളുടെ ബഅസ് പാരമ്പര്യങ്ങളോ എന്ന ചോദ്യം ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. മതപരം അഥവാ മതതത്ത്വശാസ്ത്രരപരമായ ചട്ടക്കൂടില്‍ നിന്നുള്ള പുറന്തള്ളലിനേക്കാളുപരി, സാമൂഹിക, സാംസ്‌കാരിക ചട്ടക്കൂടില്‍ നിന്നുള്ള പുറന്തള്ളലിനെ അടിസ്ഥാനമാക്കിയിട്ടുള്ള മതേതര സ്ഥാപനവത്കരണവും വിഭാഗീയ മതേതരരും ഒരു കാരണവശാലും സിറിയയിലും ഇറാഖിലും പരിമിതപ്പെടുന്നില്ല.
മതപുരോഗമനവാദികളെ ഇല്ലായ്മ ചെയ്യാനും അല്ലെങ്കില്‍ ഏതെങ്കിലും ഒരു മതവിഭാഗീയ ചിന്താഗതിക്കാരുടെ മതവിധികള്‍ ബലംപ്രയോഗിച്ച് നടപ്പാക്കുന്നതിന് വേണ്ടിയും ലബനാന്‍ പൗരന്‍മാര്‍ പരസ്പരം പോരടിച്ചിട്ടില്ല, ഇമാമുമാരെയും പ്രവാചക അനുചരന്‍മാരെയും അപഹസിച്ചതിന്റെ പേരിലായിരുന്നില്ല ഇറാഖികള്‍ പരസ്പരം രക്തം ചിന്തിയത്. ചര്‍ച്ചിന്റെ അധികാരം താങ്ങിനിര്‍ത്തുന്നതിനും ചോദ്യം ചെയ്തതിന്റെയും ഭാഗമായിട്ടല്ല സ്‌കോട്ടിഷ് ഫുട്ബാള്‍ ഭ്രന്തന്‍മാര്‍ തമ്മില്‍ തല്ലിയതും, ചര്‍ച്ചിനെതിരെ മുദ്രാവാക്യം വിളിച്ചതും. ദേശരാഷ്ട്രം, നഗരം, അയല്‍പക്കം എന്നിങ്ങനെയുള്ള ഒരാളുടെ ഏറ്റവും അടുത്ത സാമൂഹികവും രാഷ്ട്രീയവുമായ ചക്രവാളങ്ങളെ കുറിച്ചുള്ള സംസ്‌കാരത്തിലധിഷ്ഠിതമായ വിഭാഗീയ-കേന്ദ്രീകൃത വിക്ഷണങ്ങളില്‍ നിന്നല്ല ആധുനിക ലോകത്തെ വിഭാഗീയ സ്ഥാപനവല്‍ക്കരണവും മുന്നേറ്റവും ചലനവും എല്ലായ്‌പ്പോഴും നാമ്പെടുക്കുന്നത്. അതുപോലെ, മതേതരവാദികള്‍ വിമര്‍ശനവിധേയമാക്കുന്ന വിഭാഗീയ സ്ഥാനപനവല്‍ക്കരണം എന്ന പ്രക്രിയയില്‍ നിന്ന് അവരും മുക്തരല്ല. ഈ പ്രക്രിയയില്‍, മതവിഭാഗങ്ങളെ പരിഹസിക്കാനും വില്ലനായി അവതരിപ്പിക്കാനും പ്രശ്‌നവല്‍ക്കരിച്ച് പുറന്തള്ളാനും മതേതരക്കാര്‍ ഉപയോഗിക്കുന്ന പദാവലികള്‍ എല്ലായ്‌പ്പോഴും അതേ മതവിഭാഗങ്ങളില്‍നിന്ന് കടമെടുത്തവയായിരിക്കും. ഇതെല്ലാം തന്നെ മതേതര, വിഭാഗീയ വിരുദ്ധ പ്രതിപുരുഷന്റെ പേരിലാണ് നിര്‍വഹിക്കപ്പെടുന്നത്. ഇങ്ങനെ, അറബ് വിഭാഗീയ ചിന്താധാരകളെ കുറിച്ചുള്ള മുന്‍ധാരണകളും ഭീഷണമായ മതേതരവാദത്തിന്റെ മിടിപ്പുകളുമാണ് അറബ് മതേതരവാദികളുടെ ഇടയില്‍നിന്ന് ഒരാള്‍ക്ക് എപ്പോഴും അനുഭവവേദ്യമാകുക.
ചുരുക്കിപ്പറഞ്ഞാല്‍, അറബ് ലോകത്ത് മതേതരവാദികള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. പക്ഷേ, അതേസമയം മുഖ്യധാരാ മതേതരസങ്കല്‍പങ്ങള്‍ക്ക് വിരുദ്ധരാണ് തങ്ങളെന്ന തെറ്റായ സങ്കല്‍പ്പം കാത്തു സൂക്ഷിക്കുന്നവരാണ് 'വിഭാഗീയ ചിന്താധാരയില്‍' ധാരാളമായി ഉള്ളത്.
വിവ: ഇര്‍ഷാദ് കാളാച്ചാല്‍