ശീഇകളും ഖുര്‍ആനും
ഇല്‍യാസ് മൗലവി
ശിയാക്കളും ഖുര്‍ആനും എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഉറപ്പിച്ചു പറയാവുന്ന ഒരു കാര്യം, ഇന്ന് ലോകത്ത് മുസ്‌ലിംകളെന്ന് അവകാശപ്പെടുന്ന എല്ലാവരും അംഗീകരിക്കുന്നത് ഒരു ഖുര്‍ആനാണ് എന്നതാണ്. ഇസ്‌ലാമിക സമൂഹം നിരവധി വിഭാഗങ്ങളും കക്ഷികളുമൊക്കെയായി തിരിഞ്ഞിട്ടുണ്ടെങ്കിലും, പരസ്പരം കാഫിറാക്കലും മുശ്‌രിക്കാക്കലും ഒരു സ്ഥിരം നയമായി കൊണ്ടുനടക്കുമ്പോഴുമെല്ലാം എല്ലാവരുടെയും മൂല പ്രമാണം ഖുര്‍ആന്‍ തന്നെയായി ഇന്നും അവശേഷിക്കുന്നു. മുസ്‌ലിംകളിലാരും അതിന്റെ തനിമയിലോ ആധികാരികതയിലോ സംശയം വെച്ചുപുലര്‍ത്തുന്നില്ല എന്നാണ് പൊതുവെ മനസ്സിലാവുക.
ഈ വിഷയത്തില്‍ ശീഇകളുടെ കാര്യവും വ്യത്യസ്തമല്ല. അവര്‍ക്കും മറ്റൊരു ഖുര്‍ആന്‍ ഉള്ളതായി സംഭവലോകത്തില്ല. നമസ്‌കാരത്തിലും മറ്റും മറ്റൊരു ഖുര്‍ആന്‍ അവര്‍ പാരായണം ചെയ്യുന്നുമില്ല. അവരുടെ ഇന്ന് ഇറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രന്ഥങ്ങളിലോ അവരുടെ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളിലോ ക്ലാസുകളിലോ ഒന്നും തന്നെ നിലവിലുള്ള ഖുര്‍ആന്‍ അല്ലാതെ മറ്റൊരു ഖുര്‍ആന്‍ പാരായണം ചെയ്യുന്നതായും ആര്‍ക്കും കാണുക സാധ്യമല്ല. പിന്നെ, ഇങ്ങനെ ഒരു വിഷയം ചര്‍ച്ചചെയ്യുന്നതിന്റെ സാംഗത്യം എന്താണ്? ഇല്ലാത്ത വിഷയം ഉന്നയിച്ച് വെറുതെ ഫിത്‌ന സൃഷ്ടിക്കുന്നതെന്തിനാണ് എന്ന് ന്യായമായും ഒരാള്‍ക്ക് ചോദിക്കാം.
എന്നാല്‍, ഈ പറഞ്ഞതെല്ലാം ഒരു യാഥാര്‍ത്ഥ്യമായിരിക്കെ ഖുര്‍ആനുമായി ബന്ധപ്പെട്ട് ശീഇകള്‍ ഇന്നും പ്രാമാണികമായി അംഗീകരിക്കുന്ന, പരമ്പരാഗതമായി ബഹുമാനിച്ചാദരിക്കുന്ന ഗ്രന്ഥങ്ങളും അതിന്റെ രചയിതാക്കളായ ഇമാമുമാരുടെ–പ്രസ്താവനകളും ഖുര്‍ആനുമായി ബന്ധപ്പെട്ട ശീഇകളുടെ വിശ്വാസമെന്താണെന്ന കാര്യത്തില്‍ വമ്പിച്ച ദുരൂഹത സൃഷ്ടിക്കുന്നതാണ്. ചരിത്രത്തിലെ ഏതോ ഒരു ദുര്‍ഘട സാഹചര്യത്തില്‍, രാഷ്ട്രീയവും സാമൂഹികവുമായ പ്രതികൂല സാഹചര്യത്തില്‍ സംഭിവിച്ചുപോയ കേവലം ഒരു ഭ്രംശമായിക്കണ്ട് നിസ്സാരവല്‍ക്കരിക്കാനോ അവഗണിക്കാനോ സാധിക്കാത്തവിധം ഗൗരവസ്വരത്തിലുള്ള പ്രതിപാദനങ്ങളും സമര്‍ത്ഥനങ്ങളുമാണ് അവിടെ നാം കാണുന്നത്. പില്‍കാലത്ത് വന്ന ചില ശീഈ പണ്ഡിതന്മാര്‍ (അതുതന്നെ നാലില്‍ കൂടുകയില്ല) – ആ കാര്യങ്ങള്‍ തള്ളാനും നിരസിക്കാനും തിരുത്താനും ശ്രമിച്ചു എന്നത് ശരിയാണെങ്കിലും തങ്ങളുടെ താത്ത്വികാചാര്യന്മാരായ ഇമാമുമാര്‍ ഇതു സംബന്ധിച്ച് വെച്ചുപുലര്‍ത്തിയ വിശ്വാസം അപകടകരവും ഈമാന്‍ നഷ്ടപ്പെടുത്തുന്നതുമാണെന്ന് വ്യക്തമാക്കുന്നത് പോകട്ടെ, നന്നെചുരുങ്ങിയത് അവരുടെ ജല്‍പനങ്ങള്‍ അബദ്ധമായിരുന്നെന്ന് പറയാന്‍ പോലും ആരും ധൈര്യപ്പെട്ടിട്ടില്ല. അതിലുപരി, ഈ തിരുത്തല്‍ വാദികള്‍ പോലും അവര്‍ക്കാവശ്യമുള്ള വേളകളിലെല്ലാം അക്കാര്യം കൂടുതല്‍ ഊന്നിപ്പറയുക കൂടി ചെയ്യുകയായിരുന്നു. ഇതില്‍ എടുത്തുപറയാവുന്ന ഒരു ശീഈ പണ്ഡിതനാണ് അല്‍ ഖൂഈ. എന്നാല്‍, അദ്ദേഹം തന്നെ തന്റെ തഫ്‌സീറില്‍ മഅ്‌സൂമുകളായ തങ്ങളുടെ ഇമാമുമാരില്‍ നിന്ന് വന്നിട്ടുള്ള അത്തരം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു (അല്‍ ബയാനു ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍: 201, സ്വിയാനത്തുല്‍ ഖുര്‍ആന്‍ മിനത്തഹ്‌രീഫ്).
കൃത്രിമം നടന്നു എന്ന വാദത്തിനു പിന്നില്‍
ശീഇകളും സുന്നികളും തമ്മില്‍ വ്യത്യാസങ്ങള്‍ ധാരാളമുണ്ടെങ്കിലും ഇമാമത്താണ് ഇരു വിഭാഗവും തമ്മിലുള്ള മൗലികമായ അന്തരം. അന്ത്യപ്രവാചകനായ മുഹമ്മദ് (സ) ക്ക് ശേഷം അന്ത്യദിനം വരെ ആരായിരിക്കണം മുസ്‌ലിംകളുടെ ഇമാം എന്നത് അല്ലാഹു തന്നെ നിശ്ചയിച്ചിട്ടുണ്ടെന്നും അതു പ്രകാരം ഇമാം അലിയും അദ്ദേഹത്തിന്റെ സന്താനങ്ങളായ ഹസന്‍ ഹുസൈന്‍ തുടങ്ങിയ ഇമാമുമാരാണെന്നതും അതില്‍ ഒടുവിലത്തെ ഇമാം ഒരു തുരങ്കത്തില്‍ അദൃശ്യനായി കഴിയുകയാണെന്നും അദ്ദേഹം അന്ത്യദിനത്തിനു മുമ്പ് പ്രത്യക്ഷപ്പെട്ട് അനീതി നിറഞ്ഞ ഭൂമിയില്‍ നീതി സ്ഥാപിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. അതാണ് വരാനിരിക്കുന്ന മഹ്ദി. ഇതാണ് അവരുടെ ഏറ്റവും മൗലികമായ വിശ്വാസം.
സുന്നികള്‍ അല്ലാഹുവിലും പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും പരലോകത്തിലും മലക്കുകളിലും വിധിയിലുമുള്ള വിശ്വാസങ്ങളാണ് ഈമാന്‍ കാര്യങ്ങളായി എണ്ണിയിട്ടുള്ളത്. ഇതിലേതെങ്കിലും ഒന്നില്‍ വിശ്വസിക്കാത്തവര്‍ മുസ്‌ലിംകളാവുകയില്ല. അവര്‍ കാഫിറും മുര്‍തദ്ദുമായിത്തീരുമെന്നത് സുന്നികള്‍ ഏകസ്വരത്തില്‍ അംഗീകരിക്കുന്നു. അതുപോലെ പരാമൃഷ്ട ഇമാമത്ത് അംഗീകരിക്കാത്തവര്‍ കാഫിറും മുര്‍തദ്ദുമായി എന്നാണ് ശീഇകളുടെ വിശ്വാസം.
ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസവും മൗലിക സിദ്ധാന്തവുമാണ് ഇതെങ്കില്‍ ആ കാര്യം അല്ലാഹു എന്തുകൊണ്ട് വ്യക്തമാക്കിയില്ല എന്ന് ന്യായമായും ഒരാള്‍ക്ക് ചോദിക്കാമല്ലോ. ആ ചോദ്യത്തിന് ശീഇകള്‍ രണ്ട് രൂപത്തിലാണ് ഉത്തരം പറയാന്‍ ശ്രമിച്ചിട്ടുള്ളത്. നിലവിലുള്ള ഖുര്‍ആന്‍ തന്നെ ഈ സിദ്ധാന്തത്തിന് തെളിവാകുന്ന തരത്തില്‍ ആയത്തുകള്‍ ദുര്‍വ്യാഖ്യാനിക്കുക എന്നതാണ് ഒരു രൂപം.
എന്നാല്‍, രണ്ടാമത്തെ രൂപമാണ് ഏറെ അപകടം. അല്ലാഹു അവതരിപ്പിച്ച യഥാര്‍ത്ഥ ഖുര്‍ആനില്‍ ഇമാമത്തുമായി ബന്ധപ്പെട്ടുതന്നെ വളരെ വ്യക്തമായ പരാമര്‍ശങ്ങളുണ്ടായിരുന്നുവെന്നും അതെല്ലാം ബോധപൂര്‍വ്വം വെട്ടിക്കളഞ്ഞ് തങ്ങള്‍ക്കാവശ്യമുള്ളതൊക്കെ തിരുകിക്കയറ്റിയ ഖുര്‍ആനാണ് ഇന്ന് നിലവിലുള്ള ഖുര്‍ആനെന്നും അല്ലാഹു മുഹമ്മദ് നബിക്ക് അവതരിപ്പിച്ച യഥാര്‍ത്ഥ ഖര്‍ആനില്‍ അതുണ്ടെന്നും അവര്‍ രേഖപ്പെടുത്തുകയും അന്ത്യദിനമാകും മുമ്പ് മഹ്ദി ആഗതനാവുമ്പോള്‍ യഥാര്‍ത്ഥ ഖുര്‍ആന്‍ വെളിച്ചത്തുകൊണ്ടുവരുമെന്നും അന്നേരം അത് കാണാനും പാരായണം ചെയ്യാനും സാധിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.
ഇന്ത്യയിലെ ശീഈ പണ്ഡിതനായ അല്ലാമാ അലി ബിന്‍ അന്നഖവി അര്‍റദവി തന്റെ ഇസ്ആഫുല്‍ മഅ്മൂന്‍ എന്ന ഗ്രന്ഥത്തിലും (പേജ് 115) ഇക്കാര്യം ഊന്നിപ്പറഞ്ഞതായി കാണാം.
ശീഇകളില്‍ ചിലര്‍ ഖുര്‍ആനില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സമര്‍ത്ഥിച്ചതിനെ നിരൂപണം ചെയ്തുകൊണ്ട് ശീഇകള്‍ മാതൃകാപുരുഷനായി വിശേഷിപ്പിച്ച സൈനുല്‍ ആബിദീന്‍ അല്‍ കിര്‍മാനി പറയുന്നു: ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ രീതിതന്നെ അതില്‍ കൃത്രിമവും മാറ്റത്തിരുത്തലുകളും വെട്ടിമുറിക്കലുകളും നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നു. സുരക്ഷിതമായ ഖുര്‍ആന്‍ അദൃശ്യനായ ഇമാമിന്റെയടുത്ത് മാത്രമാണുള്ളത്. തുടര്‍ന്ന് പറയുന്നു: ആലു മുഹമ്മദിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ അടവുനയത്തിന്റെയടിസ്ഥാനത്തില്‍ നിലവിലുള്ള ഖുര്‍ആന്‍ തന്നെ പാരായണം ചെയ്യാന്‍ ശീഇകള്‍ നിര്‍ബന്ധിതരാണ് (തദ്‌യീലുല്‍ ഫിര്‍റദ്ദി അലാ ഹാശിം അശ്ശാമി: 13/23).
അല്ലാഹുവിന്റെ ഗ്രന്ഥം സുരക്ഷിതമായി നിലനിറുത്തുന്നതില്‍ അല്ലാഹു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിന്റെ ഉത്തരവാദിത്വം അല്ലാഹുതന്നെ സ്വയം ഏറ്റതാണെന്നും അതിനാല്‍ നിലവിലുള്ള ഖുര്‍ആന്‍ യാതൊരു മാറ്റത്തിരുത്തലുകള്‍ക്കോ കൈകടത്തലുകള്‍ക്കോ വിധേയമാകാതെ ഇന്നും എന്നും നിലനില്‍ക്കുമെന്നുമാണ് സുന്നികളുടെ വിശ്വാസം. എന്നല്ല, അതവരുടെ മൗലിക വിശ്വാസമാണ്. അങ്ങനെ വിശ്വസിക്കാത്തവര്‍ക്ക് ഇസ്‌ലാമില്‍ ഇടമില്ല എന്നതില്‍ സുന്നികള്‍ക്ക് തര്‍ക്കമില്ല; ഇജ്മാ ആണെന്നര്‍ത്ഥം.
അതിനാല്‍, നിലവിലുള്ള ഖുര്‍ആന്‍ മാറ്റത്തിരുത്തലുകള്‍ക്കും കൈകടത്തലുകള്‍ക്കും വിധേയമാണെന്ന് അഭിപ്രായപ്പെട്ട ഒരാള്‍ പോലും സുന്നി ലോകത്ത് ഇന്നോളം ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇനി അങ്ങനെ വിശ്വസിച്ചാല്‍ അവരെ മുസ്‌ലിമാണെന്ന് സുന്നികള്‍ അംഗീകരിക്കുകയുമില്ല.
നിലവിലുള്ള ഖുര്‍ആന്‍ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാണെന്നും അതില്‍ കൈകടത്തലുകള്‍ നടന്നിട്ടുണ്ടെന്നും ഏതോ ഒരു ശീഇ എഴുതുകയോ പറയുകയോ ചെയ്തതല്ല, അല്ലെങ്കില്‍ ശീഈ ലോകത്തെ ഒറ്റപ്പെട്ടതോ അവഗണിക്കപ്പെട്ടതോ ആയ ശബ്ദവുമല്ല. പ്രത്യുത, ശീഇകളുടെ മൗലിക വിശ്വാസമാണതെന്നും അതിലുപരി അങ്ങനെ വിശ്വസിക്കല്‍ അവരുടെ മദ്ഹബിന്റെ അനിവാര്യ തേട്ടമാണെന്നു കൂടിയാണ് അവര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് (മിര്‍ആതുല്‍ അന്‍വാര്‍ വ മിശ്കാതുല്‍അസ്‌റാര്‍ നാലാം അധ്യായം).
നന്നെചുരുങ്ങിയത് ഒമ്പത് ഗ്രന്ഥങ്ങള്‍ ഖുര്‍ആനിന്റെ കൈകടത്തലുകള്‍ സ്ഥാപിക്കാന്‍ വേണ്ടി മാത്രം ശീഈ പണ്ഡിതന്മാര്‍ രചിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥമാണ് ശീഈ മുഹദ്ദിസെന്നറിയപ്പെടുന്ന നൂരി തബ്വറസിയുടെ 'ഫസ്‌ലുല്‍ ഖിത്വാബ് ഫീ ഇസ്ബാതി തഹ്‌രീഫീ കിതാബി റബ്ബില്‍ അര്‍ബാബ്' എന്ന ഗ്രന്ഥം. പരിശുദ്ധ ഖുര്‍ആനില്‍ കൈകടത്തലുകള്‍ നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഖണ്ഡിതമായ പ്രഖ്യാപനം എന്ന് ആശയം.
എന്നുവെച്ചാല്‍, താന്‍ തന്നെ സംരക്ഷിക്കുമെന്ന് അല്ലാഹു ഖണ്ഡിതമായി പ്രഖ്യാപിച്ച, അതങ്ങനെ തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് മുസ്‌ലിം ലോകം ഇന്നോളം വിശ്വസിക്കുന്ന പരിശുദ്ധ ഖുര്‍ആന്‍ തനതായ രൂപത്തില്‍ ഇന്ന് നിലവിലില്ലാ എന്ന് സ്ഥാപിക്കാന്‍ ഒരിസ്‌ലാമിക പണ്ഡിതന്‍ ഒരുമ്പെട്ടു എന്നതല്ല അത് 'ഇസ്‌ലാമിക വിപ്ലവത്തിന്റെ' നാട്ടില്‍ ഔദ്യോഗികമായി അടിച്ച് പ്രസിദ്ധീകരിക്കുകയും ലോകമെമ്പാടും വിതരണം ചെയ്യപ്പെടുകയും ചെയ്തതാണ് ഏറെ കൗതുകം.
ആ ഗ്രന്ഥവും അതുപോലെയുള്ള മറ്റു ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ അതിലൊന്നും പുതുതായി എന്തെങ്കിലും അധികം പറഞ്ഞതായി കാണുന്നതിലുപരി ശീഇകളൊന്നടങ്കം വിശ്വസിച്ചാദരിക്കുന്ന അവരുടെ താത്വികാചാര്യന്‍മാരുടെയും മഅ്‌സൂമുകളായ ഇമാമുമാരുടെയും ഉദ്ധരണികളും പ്രസ്താവനകളും നിവേദനങ്ങളും വെച്ച് തന്നെയാണ് ഈ വിഷയം സമര്‍ത്ഥിക്കുന്നതെന്ന് ബോധ്യമാവും. നിലവിലുള്ള ഖുര്‍ആന്റെ ആധികാരികത ചോദ്യംചെയ്തും അതില്‍ കൃത്രിമം നടന്നു എന്നും. അതും അഞ്ചും പത്തുമല്ല, അതിലധികം നമ്പറിട്ട് സമര്‍ത്ഥിച്ചിരിക്കുകയാണ്.
സുന്നീ ലോകത്ത് ഇമാം അബൂ ഹനീഫ, മാലിക്, ശാഫിഈ, ബുഖാരി, നസഫി, ഇബ്‌നു തൈമിയ്യ, ഗസാലി തുടങ്ങിയ മഹാന്മാരായ ഇമാമുമാരെ പോലെയുള്ള ശിയാ ലോകത്തെ ചുരുങ്ങിയത് മുപ്പതോളം ഇമാമാമുകള്‍ അങ്ങനെ വിശ്വസിക്കുന്നു എന്നത് വളരെ ആധികാരികമായി തന്നെ നമുക്ക് കാണാവുന്നതാണ്. അതിന് എതിരായി ഏതെങ്കിലും ഗ്രന്ഥങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നാണ് മറുപടി. അതു പക്ഷേ കേവലം നാലെണ്ണത്തിലൊതുങ്ങും. പിന്‍കാലത്ത് പിടിച്ചുനല്‍ക്കാനായി രചിച്ചതാണവ.
കൃത്രിമം നടന്നിട്ടില്ലെന്ന വാദം അടവുനയം
പ്രവാചകന് ശേഷം താനും തന്റെ സന്താന പരമ്പരയില്‍ പെട്ടവരുമാണ് അനന്തരഗാമിയും മുസ്‌ലിംകളുടെ ഇമാമുമെന്ന കാര്യം തിരുമേനി തന്നെ അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം അലി(റ) യോട് വസ്വിയ്യത്ത് ചെയ്തിരിക്കെ എന്തുകൊണ്ടാണദ്ദേഹം അബൂബക്‌റിനും ഉമറിനും ഉസ്മാനുമെല്ലാം ബൈഅത്ത് ചെയ്യുകയും അവരുടെ ഏറ്റവും അടുത്ത സഹകാരിയും സഹായിയും ആയതും എന്നത് ന്യായമായ ഒരു ചോദ്യമാണല്ലോ. ചരിത്ര യാഥാര്‍ത്ഥ്യമായ ഇതിനെ തള്ളിക്കളയാനോ നിഷേധിക്കാനോ സാധ്യവുമല്ല.
ഇവിടെയാണ് ശീഇകള്‍ തങ്ങളുടെ ആദര്‍ശത്തില്‍ 'തഖിയ്യ' എന്ന സിദ്ധാന്തം ആവിഷ്‌കരിക്കുന്നത്. അടവുനയം അഥവാ യാഥാര്‍ത്ഥ്യം മനസ്സിലൊളിപ്പിച്ച് പുറത്ത് മറ്റൊരു മുഖം പ്രകടിപ്പിക്കുക. ഈ 'തഖിയ്യ'യുടെ അടിസ്ഥാനത്തിലാണ് അലിയും തന്റെ സന്താനങ്ങളായ ഹസനും ഹുസൈനും തുടങ്ങി എല്ലാ ഇമാമുമാരുടെയും സമീപനങ്ങളെയും നിലപാടുകളെയും മനസ്സിലാക്കേണ്ടത് എന്നാണ്.
തെറ്റുപറ്റാത്തവരും ധീരരും മഅ്‌സൂമുകളുമായ, കുലൈനിയുടെ രിവായത്ത് പ്രകാരം പ്രവാചകനെക്കാള്‍ ധീരരായ, ഇമാമുകള്‍ തനി കാപട്യമായിരുന്നു അനുവര്‍ത്തിച്ചിരുന്നത് എന്ന് ജല്‍പിക്കുന്നതിലെ തമാശ ചെറുതല്ല. ഇതേ അടിസ്ഥാനത്തിലാണ് ഖുര്‍ആനില്‍ കൈകടത്തലുകളും കൃത്രിമവും നടന്നിട്ടുണ്ടെന്ന ശിയാ പാരമ്പര്യ വിശ്വാസത്തെ പില്‍കാലത്ത് ചിലര്‍ തള്ളിപ്പറഞ്ഞതെന്നാണ് അവര്‍ തന്നെ വ്യക്തമാക്കുന്നത്.
എന്താണ് തഖിയ്യ?
'തഖിയ്യ' എന്താണെന്ന് അവരുടെ താത്ത്വികാചാര്യന്മാരില്‍പ്പെട്ട പണ്ഡിതന്‍ മുഫീദ് വിശദീകരിക്കുന്നതിങ്ങനെ: 'തഖിയ്യ' എന്നാല്‍ സത്യം മൂടിവെക്കുക. യഥാര്‍ത്ഥ വിശ്വാസം മറച്ചുവെക്കുക, എതിരാളികളാരാണെന്നത് ഗോപ്യമാക്കി വെക്കുക, ദീനിലോ ദുനിയാവിലോ വല്ല ബുദ്ധിമുട്ടും വരുത്തിവെക്കുന്ന തരത്തില്‍ എതിരാളികളുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കുകയും ചെയ്യുക' (ശറഹു അഖാഇദിസ്സ്വദൂഖ്: 261). മറ്റൊരു പണ്ഡിതന്‍ മുഹമ്മദ് ജവാദ് മുഗ്‌നിയ വിശദീകരിക്കുന്നു: 'നിന്റെ തടി കേടാകാതിരിക്കാനും നിന്റെ സമ്പത്തിന് വല്ല കോട്ടവും തട്ടാതിരിക്കാനും നിന്റെ അഭിമാനം കാത്തുസൂക്ഷിക്കുവാനും വേണ്ടി യഥാര്‍ത്ഥ വിശ്വാസം മറച്ചുവെച്ചുകൊണ്ട് നേര്‍ വിപരീതം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുക' (അശ്ശീഅ ഫില്‍ മീസാന്‍: 100).
ഈ സിദ്ധാന്തം ഗതികെട്ടവന്റെ രക്ഷാമാര്‍ഗമോ നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രം അനുവദനീയമാകുന്ന കാര്യമോ ആണെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍, ഒരു വിശ്വാസിയുടെ കര്‍മ്മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠവും അല്ലാഹുവിന് ഇത്രമേല്‍ പ്രിയങ്കരവുമായത് വേറെയില്ലാത്തതുമായ കാര്യമായിട്ടാണ് ശീഇകളിതിനെ പരിഗണിക്കുന്നതും വിശ്വസിക്കുന്നതും (തഫ്‌സീറുല്‍ ഹസന്‍ അല്‍ അസ്‌കരി: 293 നമ്പര്‍: 163, അതേ ഗ്രന്ഥം: 293 നമ്പര്‍: 165). ഇതുകൊണ്ടു നടക്കാത്തവര്‍ക്ക് ഈമാന്‍ തന്നെയില്ല എന്നും (ഉസൂലുല്‍ കാഫി: 2/573) പ്രവാചകന്‍മാരുടെ മഹത്ത്വത്തിന്റെ മാനദണ്ഡം ശത്രുക്കളുടെ മുമ്പില്‍ ഈ അടവുനയം സ്വീകരിച്ചതായിരുന്നു എന്നും (ഖുമൈനിയുടെ അല്‍ മകാസിബുല്‍ മുഹര്‍റമ എന്ന ഗ്രന്ഥം: 2/163) ഇതുപേക്ഷിക്കുന്നവര്‍ നമസ്‌കാരം ഉപേക്ഷിക്കുന്നവരെപ്പോലെയാണെന്നും (മന്‍ലാ യഹ്‌ളുറുഹുല്‍ ഫഖീഹ്: 2/313) ഇതുപേക്ഷിക്കുന്നവര്‍ കാഫിറാകുന്നു എന്നുമെല്ലാം (അല്‍ ഇഅ്തിഖാദാത്, ഇബ്‌നു ബാബവൈഹി: 114, 115) ആണ് ശീഇകള്‍ വിശ്വസിക്കുന്നത്. അതവര്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ശീഇകള്‍ക്ക് അധികാരമോ സ്വാധീനമോ ഇല്ലാത്ത രാജ്യങ്ങളില്‍ അത് മുസ്‌ലിം രാജ്യങ്ങളാണെങ്കില്‍ തന്നെ തങ്ങളുടെ വിശ്വാസമനുസരിച്ചുള്ള ഇമാമുമാരുടെ ഭരണമല്ലാത്തതിനാല്‍ അത്തരം നാടുകളെ ദാറുത്തഖിയ്യ എന്നാണ് അവര്‍ വിളിക്കുക (അടവുനയം പുലര്‍ത്തേണ്ട പ്രദേശം എന്നര്‍ത്ഥം). ഇത്തരം നാടുകളില്‍ ഈയൊരു നയം സ്വീകരിക്കല്‍ വാജിബാണ് (ദീനിയായ നിര്‍ബന്ധ ബാധ്യത) എന്നാണ് അവരുടെ വിശ്വാസം (ജാമിഉല്‍ അഖ്ബാര്‍: 110, ബിഹാറുല്‍ അന്‍വാര്‍: 72/395).
സുന്നികളുടെ പിന്നില്‍ അവര്‍ നമസ്‌കരിക്കുന്നത് പോലും ഈ അടവുനയത്തിന്റെ ഭാഗമായാണെന്നും തദ്വാരാ അങ്ങനെ നമസ്‌കരിക്കുന്നതു വഴി പ്രതിഫലം നഷ്ടപ്പെട്ടുപോകുമെന്ന് കരുതേണ്ടതില്ലെന്നും അടവുനയം തങ്ങളുടെ ദീനിന്റെ ഒരു പ്രധാന ഘടകമായിരിക്കേ അങ്ങനെ നമസ്‌കരിക്കുന്നവരുടെ നമസ്‌കാരം സാധുവാണെന്നും തങ്ങളുടെ ഇമാമുമാരുടെ പിന്നില്‍ നിന്നും നമസ്‌കരിക്കുന്നതുപോലെ പരിഗണിക്കപ്പെടുമെന്നും ഖുമൈനിയടക്കം വ്യക്തമാക്കുന്നു (ജാമിഉല്‍ അഖ്ബാര്‍: 110, ബിഹാറുല്‍ അന്‍വാര്‍: 72/421, ഖുമൈനിയുടെ രിസാലത്തുന്‍ ഫിത്തഖിയ്യ: 2/108).
സുന്നികള്‍ വളരെയേറെ ബഹുമാനിച്ചാദരിക്കുന്ന ഇമാം അലി, ഹസന്‍, ഹുസൈന്‍, ജഅ്ഫറുസ്സ്വാദിഖ് തുടങ്ങിയ മഹാന്മാരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളുമെല്ലാം ശീഇകളുടെ വിശ്വാസാദര്‍ശങ്ങള്‍ക്കും വിഭാവനകള്‍ക്കും എതിരാണെന്നതും അവര്‍ അംഗീകരിക്കുന്നു. അലി അബൂബക്‌റിന് ബൈഅത്ത് ചെയ്തതും ഖിലാഫത്ത് കാലത്തുടനീളം കൂടെ നിന്ന് സഹായിച്ചതും ഉമറിന്റെ വലം കയ്യായി പ്രവര്‍ത്തിച്ചതും തന്റെ മകളായ ഉമ്മുകുല്‍സൂമിനെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുക്കാന്‍ മാത്രം സ്‌നേഹബന്ധം പുലര്‍ത്തിയതുമെല്ലാം തഖിയ്യയുടെ ഭാഗമാണെന്നാണ് ശിയാക്കളുടെ വിശ്വാസം (ഫുറൂഉല്‍ കാഫി ഫീ ബിഹാമിശി മിര്‍ആത്തുല്‍ ഉഖൂര്‍: 2/10). എന്നുവെച്ചാല്‍ യഥാര്‍ത്ഥത്തില്‍ അലി അവരുടെ ശത്രുവായിരുന്നു എന്നും അത് മറച്ചുവെച്ച് തികഞ്ഞ കാപട്യം പുലര്‍ത്തുകയായിരുന്നു അദ്ദേഹം എന്നും. ഇത്തരം കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരോട് എങ്ങനെ സത്യസന്ധമായി ഇടപെടാനാകും. ഇവര്‍ പറയുന്നത് മനസ്സിലുള്ളത് തന്നെയോ എന്നെങ്ങനെ ഉറപ്പിക്കും. ഖുര്‍ആനില്‍ കൃത്രിമം നടന്നിട്ടില്ല എന്ന അവരിലെ ചില പണ്ഡിതന്മാരുടെ വാദം എങ്ങനെ മുഖവിലക്കെടുക്കും? വിശിഷ്യ, അതേ പണ്ഡിതന്മാര്‍ തന്നെ നേര്‍ വിപരീതം വേറെ ഇടങ്ങളില്‍ രേഖപ്പെടുത്തുകയും, മറ്റു ചിലര്‍ ഖുര്‍ആനില്‍ കൃത്രിമം നടന്നിട്ടില്ല എന്ന വാദം തഖിയ്യയുടെ അടിസ്ഥാനത്തിലുള്ള വാദമാണെന്ന് പറയുകയും ചെയ്തിരിക്കേ.
ചുരുക്കത്തില്‍ നിഗൂഢതകളുടെയും ദുരൂഹതകളുടെയും വമ്പിച്ച ശേഖരമാണ് ശീഈ പൈതൃകം. അവരെ സംബന്ധിച്ച് കൂടുതല്‍ പഠിക്കുംതോറും ദുരൂഹതകള്‍ വര്‍ദ്ധിക്കുകയും നിഗൂഢതകള്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്യുക എന്നതാണ് ഇതഃപര്യന്തമുള്ള ഫലം. ശീഈ സുന്നി ഐക്യത്തിനു വേണ്ടി ആത്മാര്‍ത്ഥമായി ഔത്സുക്യം കാണിച്ച പണ്ഡിതന്മാരും ചിന്തകന്മാരും ഒടുവില്‍ അവരുടെ ഏറ്റവും വലിയ വിമര്‍ശകരും നിരൂപകരുമായി പരിണമിച്ചു എന്നത് തന്നെ അതിനേറ്റവും വലിയ തെളിവാണ്. ശീഇകള്‍ക്കേറ്റവും വെറുക്കപ്പെട്ടവരായി അവര്‍ മാറി എന്നതും അതിശയിക്കാനില്ലാത്തത് അതുകൊണ്ടുതന്നെ.
ശീഈ ഗ്രന്ഥങ്ങള്‍ എന്തു പറയുന്നു?
ശിയാക്കള്‍ക്കിടയില്‍ സര്‍വാംഗീകൃതമായ ഇമാമുകളുടെ ഗ്രന്ഥങ്ങള്‍ മാത്രം ഈ വിഷയത്തില്‍ എന്ത് പറയുന്നു എന്നതിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രം ഇവിടെ സൂചിപ്പിക്കുന്നു. ഇത്തരം രിവായത്തുകള്‍ ഒറ്റപ്പെട്ടതോ, ദുര്‍ബലമോ ആയവയല്ല എന്നും ശിയാക്കളംഗീകരിക്കുന്ന ഇമാമുമാരുടെ വിശ്വാസവും ആദര്‍ശവും കൂടിയാണെന്നും സൂക്ഷ്മ പഠനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. വിശിഷ്യ, രണ്ടായിരത്തോളം രിവായത്തുകള്‍ ഇന്ന വിഷയകമായി വന്നിട്ടുണ്ടെന്നും അവ മുതവാത്വിറായ പദവിയിലെത്തുന്നവയാണെന്നും അവരുടെ തന്നെ ആധികാരിക ഇമാമുകള്‍ സാക്ഷ്യപ്പെടുത്തിയിരിക്കേ. അവരുടെ ഹദീസ് പണ്ഡിതന്മാരിലെ അവസാനവാക്കായി പരിഗണിക്കുന്ന മുഹമ്മദ് ബാഖിര്‍ അല്‍ മജ്‌ലിസി രേഖപ്പെടുത്തുന്നത് ഇമാമത്തുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള നിവേദനങ്ങളേക്കാള്‍ ഒട്ടും കുറയില്ല ഖുര്‍ആന്റെ തഅ്‌രീഫുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍ എന്നാണ്. (മിര്‍ആതുല്‍ ഉഖൂല്‍: 12/525, അവാഇലുല്‍ മഖാലാത്: 91, അല്‍ അന്‍വാറുന്നുഅ്മാനിയ്യ : 2/357).
അദ്ദേഹം തന്നെ പറയുന്നു: ഖുര്‍ആനില്‍ കുറവ് സംഭവിച്ചിട്ടുണ്ട് എന്നും അത് മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും വ്യക്തമാക്കുന്ന ധാരാളം റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന കാര്യം അജ്ഞാതമല്ല. ഈ വിഷയത്തില്‍ വന്ന റിപ്പോര്‍ട്ടുകളുടെ ആശയം എന്റെയടുത്ത് മുതവാതിറാകുന്നു (അതേ പുസ്തകം: 12/525). ഇത്രയധികം ആളുകള്‍ കളവു പറയുന്നതില്‍ ഏകോപിക്കുമെന്ന് സാമാന്യ ബുദ്ധി ഒരിക്കലും അംഗീകരിക്കാത്തത്രയും എണ്ണം നിവേദകന്‍മാരിലൂടെ ഉദ്ധരിക്കപ്പെടുന്നവക്കാണ് മുതവാതിറെന്ന് പറയുന്നത്.
നിഅ്മത്തുല്ലാ അല്‍ ജസാഇരി പറയുന്നു: വാക്യത്തിലും ഘടനയിലും വ്യാകരണപരമായുമെല്ലാമുള്ള തഹ്‌രീഫ് ഖുര്‍ആനില്‍ സംഭവിച്ചിട്ടുണ്ട് എന്നത് പ്രസിദ്ധവും മുതവാതിറുമായി വന്ന റിപ്പോര്‍ട്ടുകളിലുണ്ട് (അല്‍ അന്‍വാറുന്നുഅ്മാനിയ്യ: 2/357). അദ്ദേഹം തന്നെ പറയുന്നു: ഖുര്‍ആന്‍ എപ്രകാരമാണോ ഇറക്കപ്പെട്ടത് അപ്രകാരം തന്നെ തിരുമേനിയുടെ നിര്‍ദ്ദേശാനുസരണം അമീറുല്‍ മുഅ്മിനീന്‍ അലിക്കല്ലാതെ മറ്റാര്‍ക്കും ക്രോഡികരിക്കാന്‍ സാധിച്ചിട്ടില്ല എന്നത് റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞുകിടക്കുകയാണ്. തിരുമേനിയുടെ വഫാത്തിനു ശേഷം ആറു മാസം അത് ക്രോഡീകരിക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ അല്ലാഹു അവതരിപ്പിച്ച അതേപ്രകാരം അത് ക്രോഡീകരിച്ചു കഴിഞ്ഞപ്പോള്‍ തിരുമേനിക്കു ശേഷം വന്ന പിന്തിരിപ്പന്‍മാരുടെ അടുത്ത് (അബൂബക്‌റും ഉമറുമാണുദ്ദേശം) കൊണ്ടുവന്ന് അവരോട് പറഞ്ഞു: അല്ലാഹു ഇറക്കിയ അതേ രൂപത്തിലുള്ള ഖുര്‍ആനാണ് ഇത്. അപ്പോള്‍ ഉമറുബ്‌നുല്‍ ഖത്വാബ് പറഞ്ഞു: ഞങ്ങള്‍ക്ക് താങ്കളോ താങ്കളുടെ ഖുര്‍ആനോ ആവശ്യമില്ല, ഞങ്ങളുടെയടുത്ത് ഉസ്മാന്‍ രേഖപ്പെടുത്തിയ ഖുര്‍ആനിരിപ്പുണ്ട്. അപ്പോള്‍ അലി അവരോടായി പറഞ്ഞു: മേലില്‍ നിങ്ങളിത് കാണാന്‍ പോകുന്നില്ല. എന്റെ സന്താനം മഹ്ദി പ്രത്യക്ഷപ്പെടുന്നതു വരെ നിങ്ങളോ മറ്റാരെങ്കിലുമോ അത് കാണാന്‍ പോകുന്നില്ല. ആ ഖുര്‍ആനില്‍ ധാരാളം കാര്യങ്ങള്‍ അധികമുണ്ട്. അതാകട്ടെ കൈകടത്തലുകളില്‍ നിന്നും മുക്തവുമാണ് (അല്‍ അന്‍വാറുന്നുഅ്മാനിയ്യ: 2/360–362).
അദ്‌നാന്‍ അല്‍ ബഹ്‌റാനി പറയുന്നു: മുതവാതിറിന്റെ പരിധിയും കവിഞ്ഞ വളരെയധികം റപ്പോര്‍ട്ടുകള്‍ ഖുര്‍ആനില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്ന് കുറിക്കുന്നതായി വന്നിട്ടുണ്ട്. ഇരു വിഭാഗങ്ങള്‍ക്കിടയിലും ഖുര്‍ആനില്‍ കൈകടത്തലുകളും മാറ്റത്തിരുത്തലുകളും നടന്നിട്ടുണ്ടെന്ന കാര്യം പ്രചരിച്ചിരിക്കെ, അവ എടുത്തുദ്ധരിക്കുന്നതില്‍ പ്രത്യേകിച്ച് കൂടുതല്‍ എന്തെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. അതാകട്ടെ സ്വഹാബിമാരുടെയും താബിഉകളുടെയും അടുത്ത് സര്‍വാംഗീകൃതമായ കാര്യവുമാണ്. എന്നല്ല, സത്യത്തിന്റെ വിഭാഗത്തിന്റെ (ശീഅകളുടെ) അടുത്ത് ഇജ്മാഉള്ള കാര്യവുമത്രെ. അതുപോലെ അവരുടെ മദ്ഹബിന്റെ അനിവാര്യ താല്‍പര്യവും അതുതന്നെ. (മശാരിഖു അശ്ശുമൂസ്: 126).
കുലൈനി പറയുന്നു: മുഹമ്മദ് നബി (സ) ക്ക് ജിബ്‌രീല്‍ എത്തിച്ചുകൊടുത്ത ഖുര്‍ആന്‍ പതിനേഴായിരം ആയത്തുകളുള്ളതാണ്. ഇതുദ്ധരിച്ച ശേഷം മുഹമ്മദ് ബാഖിര്‍ അല്‍ മജ്‌ലിസി രേഖപ്പെടുത്തുന്നു: ഈ റിപ്പോര്‍ട്ടും മറ്റൊരുപാട് സ്വഹീഹായ റിപ്പോര്‍ട്ടുകളും ഖുര്‍ആനില്‍ കുറവ് സംഭവിച്ചിരിക്കുന്നു എന്നും അതില്‍ മാറ്റത്തിരുത്തലുകള്‍ നടന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്നു (മിര്‍ആത്തുല്‍ ഉഖൂല്‍: 12/525). മറ്റൊരിടത്ത് അദ്ദേഹം തന്നെ രേഖപ്പെടുത്തുന്നു: ഖുര്‍ആനില്‍ നിന്നും പലതും വിട്ടുപോയിട്ടുണ്ടെന്നുള്ളത് റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞുകിടക്കുകയാണ്. ഈ റിപ്പോര്‍ട്ട് സ്വഹീഹാകുന്നു എന്നദ്ദേഹം വിധിയെഴുതുകയും ചെയ്തിരിക്കുന്നു (ബിഹാറുല്‍ അന്‍വാര്‍: 2/536).
മജ്‌ലിസി തന്നെ പറയുന്നു: ഉസ്മാന്‍ ഖുര്‍ആനില്‍ നിന്ന് മൂന്ന് കാര്യങ്ങള്‍ വെട്ടിക്കളയുകയുണ്ടായി. അമീറുല്‍ മുഅ്മിനീന്‍ അലിയുടെയും അഹ്‌ലുബൈതിന്റെയും അപദാനങ്ങള്‍, ഖുറൈശികള്‍ക്കും മൂന്ന് ഖലീഫമാര്‍ക്കുമെതിരെയുള്ള ശകാരങ്ങള്‍, യാലൈതനീ ലം അത്തഖിദ് അബാബക്‌റന്‍ ഖലീലന്‍ (അബൂബക്‌റിനെ ഞാന്‍ സുഹൃത്താക്കിയില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു) എന്ന ആയത്തു പോലെ (തദ്കിറത്തുല്‍ അഇമ്മ: 9).
കാശാനി പറയുന്നത് കാണുക: ഖുര്‍ആനിന്റെ തഹ്‌രീഫുമായി ബന്ധപ്പെട്ട് നമ്മുടെ ഗുരുവര്യന്‍മാരില്‍ 'സിഖത്തുല്‍ ഇസ്‌ലാം' മുഹമ്മദ് ബിന്‍ യഅ്ഖൂബ് അല്‍ കുലൈനിയുടെ വിശ്വാസം ഖുര്‍ആനില്‍ കൈകടത്തലുകളും കുറവും ഉണ്ടായിട്ടുണ്ടെന്നു തന്നെയാണെന്നത് പ്രകടമായ കാര്യമാണ് (തഫ്‌സീറുസ്സ്വാഫി: 1/52).
ഈ ഗ്രന്ഥത്തില്‍ ഖുര്‍ആനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് പല സ്ഥലങ്ങളിലും വിവിധ രൂപത്തിലാണുള്ളത്. ഗ്രന്ഥ കര്‍ത്താവ് കുലൈനി തന്നെയും അങ്ങനെ വിശ്വസിച്ചിരുന്നു എന്നും ശീഈ പണ്ഡിതന്മാര്‍ തന്നെ സ്ഥിരീകരിക്കുന്നു. (തഫ്‌സീറുസ്സ്വാഫി: 1/521, മിര്‍ആത്തുല്‍ അന്‍വാര്‍ വമിശ്കാത്തുല്‍ അസ്‌റാര്‍, ഫസ്‌ലുല്‍ ഖിത്വാബ്:23) എന്നിവ കാണുക.
അല്‍കാഫിയും കുലൈനിയും
കുലൈനിയുടെ ഗ്രന്ഥത്തെപ്പറ്റി ശീഈ പണ്ഡിതന്മാരുടെ അഭിപ്രായം കാണുക. മുഹമ്മദ് ബാഖിറുസ്സദ്ര്‍ പറയുന്നു: അല്‍ കാഫിയാണ് നാല് പ്രാമാണിക ഗ്രന്ഥങ്ങളില്‍ ഏറ്റവുമാദ്യം വിരചിതമായ ഗ്രന്ഥം. മുഹമ്മദ് ബിന്‍ യഅ്ഖൂബ് ബിന്‍ ഇസ്ഹാഖ് അല്‍ കുലൈനിയാണ് അതിന്റെ കര്‍ത്താവ്. അദ്ദേഹം 'സിഖത്തുല്‍ ഇസ്‌ലാമും' തന്റെ കാലഘട്ടത്തിലെ ഇമാമിയ്യാ ശീഅകളുടെ ഏറ്റവും അഗ്രഗണ്യനായ ഇമാമുമായിരുന്നു. അദ്ദേഹത്തിന്റെ ഈ ഗ്രന്ഥം മഅ്‌സൂമായ ഇമാമില്‍ നിന്നുള്ള ഏറ്റവും സത്യസന്ധവും വിശ്വസ്തവുമായ പരമ്പരയിലൂടെ നിവേദനം ചെയ്യപ്പെട്ടതാണ്. ഇതര ഗ്രന്ഥങ്ങള്‍ക്കൊന്നും അതിനോട് കിടപിടിക്കാനാകാത്തതും അതുകൊണ്ടുതന്നെ (ബാഖിര്‍സദ്‌റിന്റെ അശ്ശീഅ എന്ന ഗ്രന്ഥം: 121).
ആധുനിക കാലത്ത് ജീവിച്ച ആധികാരിക പണ്ഡിതനാണ് അബ്ദുല്‍ ഹുസൈന്‍ അല്‍ മൂസവി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അല്‍ കാഫി, അത്തഹ്ദീബ്, അല്‍ ഇസ്തിബ്‌സാര്‍, മന്‍ലാ യഹ്‌ളുറഹുല്‍ ഫഖീഹ് എന്നീ നാല് ഗ്രന്ഥങ്ങള്‍ മുതവാത്വിറും അതിലെ ഉള്ളടക്കം സ്വഹീഹുമാണ്. അല്‍കാഫിയാണ് അതിലേറ്റവും ആദ്യത്തേതും ഏറ്റവും പ്രമുഖവും ഏറ്റവും ഭദ്രവുമായിട്ടുള്ളത് (അല്‍ മുറാജആത്ത്: 113).
തന്റെ ഗ്രന്ഥം രചിച്ച ശേഷം കുലൈനി അദൃശ്യനായ പന്ത്രണ്ടാമത്തെ ഇമാമിന് പ്രദര്‍ശിപ്പിക്കുകയും 'നമ്മുടെ കക്ഷിക്ക് (ശീഅകള്‍) ഇത് തന്നെ ധാരാളം' എന്ന് അദ്ദേഹം പറയുകയും പുകഴ്ത്തുകയും ചെയ്തു എന്ന് ആ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ കാണാം (പേജ്:25).
ശീഈ ലോകത്തെ മുന്‍ഗാമികളായ ഇമാമുകളിലാരും തന്നെ ഈ വിശ്വാസം തള്ളിപ്പറഞ്ഞതായി ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ലെന്ന് ഇഹ്‌സാന്‍ ഇലാഹീ ളഹീറിനെപ്പോലുള്ള പണ്ഡിതന്മാര്‍ വെല്ലുവിളിച്ചിട്ടുണ്ട്. തങ്ങളുടെ ഈ അപകടകരമായ വാദം മുസ്‌ലിം ലോകത്ത് ചെലവാകില്ലെന്നും അത്തരം വിശ്വാസം വെച്ചു പുലര്‍ത്തുന്നതും അത് സമര്‍ത്ഥിക്കുന്നതും ക്ഷിപ്രസാധ്യമല്ലെന്നും തിരിച്ചറിഞ്ഞ പിന്‍ഗാമികളായ ചില ഇമാമുകള്‍ ഇങ്ങനെയുള്ള വിശ്വാസം തങ്ങള്‍ക്കാര്‍ക്കും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നത് ശരിയാണ്. അപ്പോഴും തങ്ങളുടെ മൗലിക പ്രമാണങ്ങളായി എണ്ണുന്ന ഗ്രന്ഥങ്ങളിലെ തങ്ങളുടെ തന്നെ ഏറ്റവും പ്രാമാണികരായ ഇമാമുമാരുടെ, വ്യാഖ്യാനത്തിന് പഴുതില്ലാത്ത വണ്ണം രേഖപ്പെടുത്തപ്പെട്ട പ്രസ്താവനകളെ സംബന്ധിച്ച് അവരെല്ലാം അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുയാണ് ചെയ്തത്.
അതും അവരുടെ അടവുനയത്തിന്റെ ഭാഗമായാണെന്ന് മനസ്സിലാക്കാനേ കഴിയൂ.
യഥാര്‍ത്ഥ ഖുര്‍ആന്‍ എവിടെ?
നിഅ്മത്തുല്ലാ അല്‍ ജസാഇരി പറയുന്നു: ഇമാമുകള്‍ തങ്ങളുടെ ആളുകളോട് നിലവിലുള്ള ഖുര്‍ആന്‍ തന്നെ നമസ്‌കാരത്തിലും മറ്റും പാരായണം ചെയ്യുവാനും അതിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുവാനും അതിന്റെ വിധി വിലക്കുകളനുസരിച്ച് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാനും നിര്‍ദ്ദേശിച്ചരിക്കുന്നു. അങ്ങനെ കാലഘട്ടത്തിന്റെ പുരുഷന്‍ (മഹ്ദി) പ്രത്യക്ഷപ്പെടുകയും ജനങ്ങളുടെ മുമ്പിലുള്ള ഈ ഖുര്‍ആന്‍ ഉയര്‍ത്തപ്പെടുകയും അമീറുല്‍ മുഅ്മിനീന്‍ രചിച്ച യഥാര്‍ത്ഥ ഖുര്‍ആന്‍ വെളിച്ചത്ത് വരികയും ചെയ്യുന്നതു വരെ (അല്‍ അന്‍വാറുന്നുഅ്മാനിയ്യ: 2/360). ഇവിടെ കാലഘട്ടത്തിന്റെയാള്‍ എന്ന് പറഞ്ഞത് മഹ്ദിയെപ്പറ്റിയാണ്. അവര്‍ തന്നെ വ്യക്തമാക്കുന്നു: ഇമാം മഹ്ദി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ ഖുര്‍ആന്‍ ഓതിക്കൊണ്ട് പറയും: ഓ, മുസ്‌ലിംകളേ, അല്ലാഹു മുഹമ്മദിന്റെ മേല്‍ അവതരിപ്പിച്ച യഥാര്‍ത്ഥ ഖുര്‍ആന്‍ ഇതാകുന്നു. അതാണ് മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ടത് (ഇര്‍ശാദുല്‍ അവാം: 3/121).
തിരുമേനിയുടെ വഫാത്തിന് മുമ്പ് ക്രോഡീകരണം നടന്ന, സ്വഹാബിമാരുടെ ഹൃദയങ്ങളില്‍ കൊത്തിവെക്കപ്പെട്ട, അബൂബക്‌റിന്റെ കാലത്ത് പ്രഗല്ഭരായ സ്വഹാബിമാരുടെ മേല്‍നോട്ടത്തില്‍ മുസ്ഹഫ് രൂപത്തിലാക്കപ്പെട്ട, ഉസ്മാന്‍(റ) ന്റെ കാലത്ത് ഒന്നിലധികം കോപ്പികള്‍ തയ്യാറാക്കപ്പെട്ട ഇന്നുവരേക്കും വള്ളിപുള്ളി തെറ്റാതെ സുരക്ഷിതമായി നിലനല്‍ക്കുന്നു എന്ന് ഒന്നടങ്കം വിശ്വസിക്കുന്നു.
മൗലാനാ മൗദൂദി പറയുന്നു: ഖുര്‍ആന്റെ ക്രമത്തെ സംബന്ധിച്ച് വായനക്കാര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുത, പില്‍ക്കാലക്കാരല്ല അതിന്റെ കര്‍ത്താക്കളെന്നതാണ്. പ്രത്യുത, നബി തിരുമേനി(സ) തന്നെയാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചത്. ഒരധ്യായം അവതരിക്കുമ്പോള്‍ തന്നെ തിരുമേനി തന്റെ എഴുത്തുകാരില്‍ ഒരാളെ വിളിപ്പിച്ച് അത് എഴുതിവെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പിറകില്‍ അല്ലെങ്കില്‍ മുമ്പില്‍ ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുകയും പതിവായിരുന്നു. ഒരു സ്വതന്ത്ര അധ്യായമായിരിക്കാന്‍ ഉദ്ദേശിക്കപ്പെടാതെ വല്ല ഭാഗവുമാണ് അവതരിക്കുന്നതെങ്കില്‍ അത് ഇന്ന അധ്യായത്തില്‍ ഇന്ന സ്ഥലത്ത് രേഖപ്പെടുത്തണമെന്ന് അവിടുന്ന് നിര്‍ദ്ദേശം നല്‍കും. അനന്തരം അതേ ക്രമമനുസരിച്ച് തിരുമേനി തന്നെ നമസ്‌കാരത്തിലും മറ്റു സന്ദര്‍ഭങ്ങളിലും ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. അതേക്രമത്തില്‍ അവിടുത്തെ സഖാക്കളും അത് ഹൃദിസ്ഥമാക്കി. ഇതായിരുന്നു ഖുര്‍ആന്റെ ക്രോഡീകരണത്തിന് സ്വീകരിച്ചുവന്ന സമ്പ്രദായം. ആകയാല്‍, വിശുദ്ധ ഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായിട്ടുണ്ട് എന്നത് ഒരു അംഗീകൃത ചരിത്ര യാഥാര്‍ത്ഥ്യമാണ്. അതിന്റെ അവതാരകനായ അല്ലാഹു തന്നെയാണ് അതിന്റെ സമാഹര്‍ത്താവും. അത് ഹൃദയത്തില്‍ ഏറ്റുവാങ്ങിയ പ്രവാചകന്റെ കൈയായിത്തന്നെയാണ് അത് ക്രോഡീകരിക്കപ്പെട്ടത്. ഇതിലൊന്നും കൈകടത്താന്‍ കഴിയുമായിരുന്നില്ല.
ഖുര്‍ആന്‍ ദൈവദത്തമായ ഗ്രന്ഥമോ എന്ന് ഒരാള്‍ക്ക് സംശയിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നമ്മുടെ കൈവശമിരിക്കുന്ന ഖുര്‍ആന്‍ യാതൊരു ഏറ്റക്കുറച്ചിലുമില്ലാതെ, മുഹമ്മദ് നബി ലോക സമക്ഷം സമര്‍പ്പിച്ചിരുന്ന ഖുര്‍ആന്‍ തന്നെ എന്ന വസ്തുത ഒട്ടും സംശയത്തിനിടമില്ലാത്ത ഒരു ചരിത്ര യാഥാര്‍ത്ഥ്യം മാത്രമാണ്. മാനവചരിത്രത്തില്‍ ഇത്രമേല്‍ സ്ഥിരപ്പെട്ട മറ്റൊരു കാര്യവും കാണുകയില്ല. അതിന്റെ സുബദ്ധതയില്‍ സംശയം പുലര്‍ത്തുന്ന ഒരാള്‍ക്ക് റോമന്‍ എംപയര്‍ എന്നൊരു സാമ്രാജ്യം ലോകത്തുണ്ടായിരുന്നോ എന്നും മുഗളന്‍മാര്‍ ഇന്ത്യ ഭരിച്ചിരുന്നോ എന്നും നെപ്പോളിയന്‍ എന്നൊരാള്‍ ജീവിച്ചിരുന്നോ എന്നും സംശയിക്കാവുന്നതാണ്. ഇത്തരം ചരിത്ര യാഥാര്‍ത്ഥ്യങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് അറിവിന്റെയല്ല, അറിവുകേടിന്റെ ലക്ഷണമാണ് (തഫ്ഹീമുല്‍ ഖുര്‍ആന്‍ മുഖവുര).
അതേ സമയം ശിയാ ലോകത്ത് അംഗീകാരവും സ്ഥാനവും ഉള്ള അവരുടെ പ്രാമാണികരായ ഇമാമുമാര്‍ നിലവിലുള്ള ഖുര്‍ആന്‍ അല്ലാഹു, മുഹമ്മദ് നബി (സ) ക്ക് അവതരിപ്പിച്ച യഥാര്‍ത്ഥ ഖുര്‍ആനല്ലെന്നും അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍ എന്നീ സ്വഹാബിമാരും മറ്റും കൃത്രിമം നടത്തിയ ഖുര്‍ആനാണതെന്നും വിശ്വസിക്കുന്നവരാണ്. ഈ ഗണത്തില്‍പെട്ട ഏതാനും ഇമാമുമാരുടെ പേരും അവരുടെ ഗ്രന്ഥങ്ങളുടെ പേരും മാത്രം ദൈര്‍ഘ്യം ഭയന്ന് ഇവിടെ ചേര്‍ക്കുന്നു.
1. അല്‍ കുലൈനി: മുഹമ്മദ് ബിന്‍ യഅ്ഖൂബ് ബിന്‍ ഇസ്ഹാഖ്, അല്‍ കാഫി: 2/261.
2. നിഅ്മത്തുല്ലാ അല്‍ ജസാഇരി: അല്‍ അന്‍വാറുന്നുഅ്മാനിയ്യ.
3. അന്നൂരി അത്ത്വബറസി: ഫസ്‌ലുല്‍ ഖിത്വാബ്: 30.
4. മുഹ്‌സിന്‍ അല്‍ കാശാനി (ശീഈ മുഫസ്സിര്‍) : തഫ്‌സീറുസ്സ്വാഫി: 1/45.
5. അബൂല്‍ ഹസന്‍ അല്‍ആമിലി: തഫ്‌സീര്‍ അല്‍ ബുര്‍ഹാന്‍ മുഖവുര.
6. മുഹമ്മദ് ബാഖിര്‍ അല്‍ മജ്‌ലിസി: മിര്‍ആത്തുല്‍ ഉഖൂല്‍: 12/525.
7. ഖുമൈനി: കശ്ഫുല്‍ അസ്‌റാര്‍ 131, 114.
8. അബുല്‍ ഖാസിം അല്‍ ഖൂഈ: തഫ്‌സീറുല്‍ ഖുര്‍ആന്‍, മുഖവുര.
9. അദ്‌നാന്‍ അല്‍ ബഹ്‌റാനി: തഫ്‌സീറു ബയാനുസ്സആദ: 1/19,20, മശാരിഖുശ്ശൂമൂസ്: 126.
10. അശ്ശൈഖ് അല്‍ മുഫീദ് (മുഹമ്മദ് ബിന്‍ മുഅ്മാന്‍): അവാഇലുല്‍ മാഖാലാത്ത്: 91.
11. അലി ബിന്‍ ഇബ്‌റാഹീം അല്‍ ഖുമ്മി: തഫ്‌സീറുല്‍ ഖുമ്മി: 1/136.
12. അബൂ മന്‍സൂര്‍ അത്ത്വബര്‍സി: അല്‍ ഇഹ്തിജാജ്: 1/225.
13. അല്ലാമാ യൂസുഫുല്‍ ബഹ്‌റാനി: അദ്ദുററുന്നജഫിയ്യ: 298.
14. അല്ലാമാ മീര്‍സാ ഹബീബുല്ലാ അല്‍ ഹാശിമി അല്‍ ഖൂഈ: ശറഹു നഹ്ജുല്‍ ബലാഗ: 2/214.
15. മുഹമ്മദ് ബിന്‍ മസ്ഊദ് അല്‍ അയ്യാശി: തഫ്‌സീര്‍ അല്‍ അയ്യാശി: 1/25.
ഇനിയും 15ലധികം പണ്ഡിതന്മാരുടെ പേരുകളും ഉദ്ധരണികളും ചേര്‍ക്കാനുണ്ട്. ദിവ്യഗ്രന്ഥത്തിന്റെ ആധികാരികതയും അമാനുഷികതയും സ്ഥാപിക്കുന്നതിനു പകരം ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് വടികൊടുക്കുന്ന അടിസ്ഥാന രഹിതമായ വിശ്വാസം സ്വയം വെച്ചു പുലര്‍ത്തുകയും അത് സമര്‍ത്ഥിക്കാന്‍ പാടുപെടുകയും അതിനായി ഗ്രന്ഥം രചിക്കുകയും ചെയ്യുന്നവരെപ്പറ്റി വായനക്കാര്‍ ചിന്തിക്കട്ടെ.