ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍

കെ.ടി ഹുസൈന്‍‌‌
img

മാം ഗസ്സാലിക്കും ഇമാം ഇബ്‌നു തൈമിയ്യക്കും ശേഷം ഇസ്‌ലാമിക ലോകം കണ്ട അദ്വിതീയനായ സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമാണ് 18-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ച ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി. ഇമാം ഗസ്സാലിയുടെയും ഇബ്‌നു തൈമിയ്യയുടെയും നവോത്ഥാന പദ്ധതികളെ രൂപപ്പെടുത്തിയത് മുഖ്യമായും ഇസ്‌ലാമിക സമൂഹത്തിന്റെ ചിന്താപരവും വിശ്വാസപരവുമായ അപചയങ്ങളും വ്യതിയാനങ്ങളുമായിരുന്നുവെങ്കില്‍ ശാഹ് വലിയുല്ലാഹിയുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും രൂപപ്പെടുത്തിയതില്‍ ഇസ്‌ലാമിക ലോകത്തിന്റെ രാഷ്ട്രീയ ശക്തിക്ഷയംകൂടി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗസ്സാലിയെയും ഇബ്‌നു തൈമിയ്യയെയും അപേക്ഷിച്ച് ശാഹ് വലിയുല്ലായുടെ നവോത്ഥാന പദ്ധതിയില്‍ രാഷ്ട്രീയ സാമൂഹിക ഉള്ളടക്കം കൂടുതല്‍ ശക്തവും വ്യക്തവുമാണ്. തന്റെ പരിഷ്‌കരണ പദ്ധതികളുടെ അവതരണത്തിന് ചരിത്ര വിശകലനത്തെ ആധാരമാക്കുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

പശ്ചാത്തലം
എട്ടു നൂറ്റാണ്ടിലധികം കാലം ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികളില്‍നിന്നെല്ലാം പല നിലക്കും വ്യത്യസ്തനായിരുന്നു മുഗള്‍ സാമ്രാജ്യത്തിലെ ഔറംഗസീബ്. അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെ കാലത്ത് ഇന്ത്യയില്‍ ജീവിച്ച രണ്ടാം സഹസ്രാബ്ദത്തിലെ പരിഷ്‌കര്‍ത്താവ് എന്ന പേരില്‍ അറിയപ്പെട്ട അഹമ്മദ് സര്‍ഹിന്ദിയുടെ മതസാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ പ്രത്യക്ഷത്തില്‍തന്നെയുള്ള സ്വാധീനവും പ്രതിഫലനവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണം. രാജവാഴ്ചയുടെ സഹജദൂഷ്യങ്ങളില്‍നിന്ന് മുക്തമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഭരണവും ജീവിതവും ഒരളവോളം ഇസ്‌ലാമിക തത്വങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമായിരുന്നു. അക്ബര്‍ സൃഷ്ടിച്ച വിശ്വാസപരവും സാംസ്‌കാരികവുമായ ജീര്‍ണതയില്‍നിന്ന് ഭരണമണ്ഡലത്തെ പൂര്‍ണമായി മോചിപ്പിച്ചതും ഇസ്‌ലാം പഠിപ്പിച്ച ലളിതജീവിതത്തിന് സ്വന്തം ജീവിതംകൊണ്ട് മാതൃക കാട്ടിയതുമാണ് ഔറംഗസീബിന്റെ ഏറ്റവും വലിയ നേട്ടം. സ്വാഭാവികമായും സാമൂഹിക ജീവിതത്തിലും അതിന്റെ സ്വാധീനം ഇല്ലാതെ പോയില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശക്തരായ പിന്‍ഗാമികളുടെ അഭാവംകാരണം ഔറംഗസീബിന്റെ മരണത്തോടുകൂടി മുഗള്‍ ഭരണം ഛിന്നഭിന്നമാകാന്‍ തുടങ്ങി. ദുര്‍ബലരായ പിന്‍ഗാമികള്‍ക്കിടയില്‍ നടന്ന അധികാര മത്സരത്തില്‍ ഔറംഗസീബ് പണിപ്പെട്ട് കെട്ടിപ്പടുത്ത മുഗള്‍ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും അവര്‍ക്ക് നഷ്ടപ്പെട്ടു. പ്രവിശ്യകള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചുതുടങ്ങി. മുസ്‌ലിംകളെ ഏകീകരിപ്പിച്ചിരുന്ന രാഷ്ട്രീയ ശക്തി ശിഥിലമായതോടെ അതിനകം ശക്തി പ്രാപിച്ചുകൊണ്ടിരുന്ന മറാഠികളും സിക്കുകാരും ഏതു സമയവും ഡല്‍ഹി ആക്രമിക്കുമെന്ന സ്ഥിതിയിലായി. മുസ്‌ലിം രാഷ്ട്രീയ ശക്തി ശിഥിലവും ജീര്‍ണവുമായതോടൊപ്പം അവരുടെ ധാര്‍മികജീവിതവും ക്ഷയിച്ചുകൊണ്ടിരുന്നു. ആഢംബരഭ്രമം, സുഖലോലുപത, പണക്കൊതി, സ്വാര്‍ത്ഥത, വിശ്വാസ രാഹിത്യം തുടങ്ങിയ തിന്മകള്‍ സമൂഹത്തില്‍ വ്യാപകമായി പ്രചരിച്ചു. ഏകദൈവവിശ്വാസത്തിന് വരെ കളങ്കം ചാര്‍ത്തുന്ന പലതരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ പ്രചരിച്ചിരുന്നു. ഇസ്‌ലാമിക വൈജ്ഞാനിക രംഗം തീര്‍ത്തും മരവിച്ച് കര്‍മശാസ്ത്ര പഠനം മാത്രമായി ചുരുങ്ങി. ഖുര്‍ആനും സുന്നത്തും പഠനത്തില്‍നിന്ന് ബോധപൂര്‍വം മാറ്റിനിര്‍ത്തപ്പെട്ടു. മദ്ഹബ് പക്ഷപാതിത്വം അതിന്റെ സ്വാഭാവികപ്രതിഫലനമായിരുന്നു. ഇസ്‌ലാമിക ചിന്തയെ ത്വരിപ്പിച്ചിരുന്ന ഇജ്തിഹാദ് കൈവിട്ടതോടെ അനാവശ്യവും അപ്രസക്തവുമായ വാദപ്രതിവാദങ്ങളും സംവാദങ്ങളുമാണ് വൈജ്ഞാനിക രംഗത്തെ ചൂടുപിടിപ്പിച്ചത്. ഇത് ഇസ്‌ലാമിക സമൂഹത്തിന്റെ കെട്ടുറപ്പിനെ കൂടുതല്‍ ശിഥിലമാക്കിയ കക്ഷിത്വത്തിനും വിഭാഗീയതക്കുമാണ് ആക്കം കൂട്ടിയത്.
ഇന്ത്യക്ക് വെളിയില്‍ ഇസ്‌ലാമിക ലോകത്തിന്റെ അവസ്ഥയും ഏറെയൊന്നും ഭിന്നമായിരുന്നില്ല. ഉസ്മാനി സാമ്രാജ്യം നിലനിന്നിരുന്നുവെങ്കിലും 15 ഉം 16 ഉം നൂറ്റാണ്ടുകളില്‍ ആവിര്‍ഭവിച്ച് 17-ാം നൂറ്റാണ്ടോടുകൂടി ശക്തി പ്രാപിച്ച യൂറോപ്യന്‍ നവോത്ഥാനവും വൈജ്ഞാനിക വിസ്‌ഫോടനവും മുസ്‌ലിം രാഷ്ട്രീയ ശക്തിയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇസ്‌ലാമിക സമൂഹം നേരിട്ടുകൊണ്ടിരുന്ന ഈ പരിതോവസ്ഥകളും അപചയങ്ങളുമാണ് ഇന്ത്യയുടെ സിരാകേന്ദ്രമായ ഡല്‍ഹിയില്‍ ശാഹ് വലിയുല്ലാഹ് എന്ന പരിഷ്‌കര്‍ത്താവിനെ രൂപപ്പെടുത്തിയത്.

ജനനം
ഔറംഗസീബ് മരിക്കുന്നതിന് നാലു വര്‍ഷം മുമ്പ് 1114/1103 ല്‍ ഡല്‍ഹിയിലാണ് ശാഹ് വലിയുല്ല ജനിച്ചത്. പ്രവാചക കുടുംബാംഗവും ശീഇകളുടെ ഏഴാമത്തെ ഇമാമുമായ മൂസ അല്‍ ഖാളിമുമായി ശാഹ് വലിയുല്ലായുടെ വംശാവലി സന്ധിക്കുന്നു. പിതാവ് ശാഹ് അബ്ദുര്‍റഹീം അക്കാലത്തെ കിടയറ്റ പണ്ഡിതനും മദ്‌റസാ റഹീമിയ്യ എന്ന അക്കാലത്തെ വിശ്രുത കലാലയത്തിന്റെ സ്ഥാപകനുമായിരുന്നു. പിതാവ് തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്‍. കൂടാതെ മക്കയില്‍ രണ്ടു വര്‍ഷം താമസിച്ച് അവിടെയുള്ള പ്രമുഖ പണ്ഡിതന്മാരില്‍നിന്ന് വിജ്ഞാനം നേടി. പ്രാമാണികവും ബൗദ്ധികവുമായ എല്ലാ വിജ്ഞാനീയങ്ങളിലും തന്റെ സമകാലികരെയെല്ലാം കവച്ചുവെക്കുന്ന അവഗാഹമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഗവേഷണാത്മകമായ ഉള്‍ക്കാഴ്ചയും അസാധാരണമായ ജീവിത നിരീക്ഷണ പാടവവും അദ്ദേഹം ആര്‍ജിച്ച വിജ്ഞാനങ്ങള്‍ക്ക് മാറ്റുകൂട്ടി.
താന്‍ കണ്‍മുമ്പില്‍ കണ്ട മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും സാമൂഹികജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ബാധിച്ച വിശ്വാസപരവും സാംസ്‌കാരികവുമായ ജീര്‍ണതകളും അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഇവയെ വിപാടനം ചെയ്ത് സമഗ്രമായ സാമൂഹിക പരിഷ്‌കരണം സാധ്യമാക്കാനും നഷ്ടപ്പെട്ട ഇസ്‌ലാമിക സമൂഹത്തിന്റെ രാഷ്ട്രീയ ശക്തി വീണ്ടെടുക്കാനും ചിന്താ വൈജ്ഞാനിക മണ്ഡലങ്ങളില്‍ വമ്പിച്ച തോതിലുള്ള വിപ്ലവം നടക്കണമെന്ന തിരിച്ചറിവിലേക്കാണ് ഇത് അദ്ദേഹത്തെ എത്തിച്ചത്. തന്റെ പ്രവര്‍ത്തന മണ്ഡലമായി അത് അദ്ദേഹം തെരഞ്ഞെടുക്കുകയും ചെയ്തു.

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍
ശാഹ് വലിയുല്ലായുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും രണ്ട് വശമുണ്ടായിരുന്നു. വിമര്‍ശന പഠനമായിരുന്നു അവയിലൊന്ന്. രണ്ടാമത്തേത് രചനാത്മക പ്രവര്‍ത്തനങ്ങളും.

വിമര്‍ശന പഠനം: ഇസ്‌ലാമിക സമൂഹത്തിന്റെ വര്‍ത്തമാന കാല പ്രതിസന്ധിയുടെ വേരുകള്‍ അദ്ദേഹം കണ്ടെത്തുന്നത് ഇസ്‌ലാമികചരിത്രത്തില്‍ തന്നെയാണ്. ഇസ്‌ലാമിക ചരിത്രത്തെ വിമര്‍ശനാത്മകമായ ഉള്‍ക്കാഴ്ചയോടുകൂടി സമീപിച്ച അദ്ദേഹം ഓരോ ചരിത്രഘട്ടത്തിലെയും പ്രത്യേകതകള്‍ വിശദീകരിക്കുകയും അവയിലെ പ്രധാന കുഴപ്പങ്ങളെയും ജീര്‍ണതകളെയും ഓരോന്നായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഖിലാഫത്തുര്‍റാശിദക്ക്‌ശേഷം ഇസ്‌ലാമിക സമൂഹം അഭിമുഖീകരിച്ച വിശ്വാസപരവും ധാര്‍മികവും നാഗരികവുമായ എല്ലാ കുഴപ്പങ്ങളുടെയും ജീര്‍ണതകളുടെയും അടിസ്ഥാന കാരണം ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥ ഖിലാഫത്തില്‍നിന്ന് രാജവാഴ്ചയിലേക്ക് വഴിമാറിയതും ചിന്താ വൈജ്ഞാനിക രംഗങ്ങളില്‍ ഇജ്തിഹാദിന്റെ ചൈതന്യം വറ്റി അന്ധമായ അനുകരണം ആധിപത്യം നേടിയതുമാണെന്ന തിരിച്ചറിവിലേക്കാണ് ഈ ചരിത്രപഠനം അദ്ദേഹത്തെ നയിച്ചത്. മൗലാനാ മൗദൂദി നിരീക്ഷിച്ചതുപോലെ ഇസ്‌ലാമിക ചരിത്രവും മുസ്‌ലിംചരിത്രവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തില്‍ ശ്രദ്ധ പതിപ്പിക്കുകയും അതിനെ തന്റെ നവോത്ഥാന പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്ത ആദ്യത്തെയാള്‍ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയാണ്. ഖിലാഫതുര്‍റാശിദയുടെ കാലത്ത് പ്രതിബദ്ധതയോടുകൂടി മുറുകെപ്പിടിക്കുകയും എന്നാല്‍ രാജവാഴ്ചയുടെ കാലത്ത് കൈമോശം വന്നതുമായ ഭരണപരമായ ഒട്ടേറെ മൂല്യങ്ങളെ എടുത്തുകാണിച്ചുകൊണ്ടാണ് ഖിലാഫതും രാജവാഴ്ചയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. തന്റെ ഇസാലതുല്‍ ഖഫാ അനില്‍ ഖുലഫാ എന്ന വിശ്രുത കൃതിയിലാണ് ഇസ്‌ലാമിക ചരിത്രത്തെ അദ്ദേഹം ഇവ്വിധം വിശകലനവിധേയമാക്കുന്നത്. പില്‍ക്കാലത്ത് മൗലാനാ മൗദൂദി രചിച്ച ഖിലാഫതും രാജവാഴ്ചയും എന്ന കൃതിയോട് ഉള്ളടക്കപരമായ പല സാമ്യതകളും ഉള്ള കൃതിയാണ് ഇസാലതുല്‍ ഖഫാ അനില്‍ ഖുലഫാ.
രണ്ടാമത്തെ തിന്മയായ ഇജ്തിഹാദിനെ കൈവിട്ടതിനെയും അനുകരണ ഭ്രമം സാര്‍വത്രികമായതിനെയും കുറിച്ച് ഇസാലയെക്കൂടാതെ ഹുജ്ജതുല്ലാഹില്‍ ബാലിഗ, തഫ്ഹീമാത് ഇലാഹിയ, ബുദുറുല്‍ ബാസിഗ, മുസഫ്ഫ തുടങ്ങിയ ഏറെക്കുറെ എല്ലാ കൃതികളും പ്രതിപാദിക്കുന്നുണ്ട്. ഖുര്‍ആനിനെയും സുന്നത്തിനെയും വിലവെക്കാതെ അന്ധമായ മദ്ഹബ് പക്ഷപാതിത്വം പ്രോത്സാഹിപ്പിക്കുന്ന സമീപനത്തെക്കുറിച്ച അദ്ദേഹത്തിന്റെ വിമര്‍ശനം അതിനിശിതമാണ്. ഇജ്തിഹാദിനെ പാപമായി ഗണിച്ച് മദ്ഹബ് പക്ഷപാതിത്വം ഇസ്‌ലാമിക സമൂഹത്തില്‍ വികസിച്ചുവന്നതിന്റെ ചരിത്രഘട്ടങ്ങളെയും അതിന്റെ കാരണങ്ങളെയും അദ്ദേഹം വിശകലനവിധേയമാക്കുന്നുണ്ട്.
ചരിത്ര വിമര്‍ശനത്തിനുശേഷം അദ്ദേഹം താന്‍ ജീവിച്ച കാലഘട്ടത്തെ ശരിയായി വിലയിരുത്തുകയും ഭരണാധികാരികള്‍, സൈനികര്‍, ഉദ്യോഗസ്ഥന്മാര്‍, സൂഫികള്‍, പണ്ഡിതന്മാര്‍, പൊതുജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ തരത്തിലുള്ളവരെയും ബാധിച്ച ജീര്‍ണതകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടി അവയെ പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. നീതി സ്ഥാപിക്കുന്നതിലോ പ്രജകളുടെ ക്ഷേമത്തിലോ താല്‍പര്യമില്ലാതെ സുഖലോലുപതയില്‍ ആറാടുകയും ജീര്‍ണതയില്‍ മുങ്ങിത്താഴുകയും ചെയ്ത ഭരണാധികാരികളെയും അല്ലാഹുവിന്റെ വചനം ഉയര്‍ത്തിപ്പിടിക്കുന്നതിനായി ജിഹാദ് ചെയ്യുക എന്ന അടിസ്ഥാന ബാധ്യത വിസ്മരിച്ച് സുരപാനത്തിലും കുതിരസവാരിയിലും ആയുധപ്പയറ്റിലും അഭിരമിക്കുന്ന സൈനികരെയും ജനങ്ങളെ കെട്ടുകാഴ്ചകളിലേക്കും വ്യാജനിര്‍മിതമായ ആചാരങ്ങളിലേക്കും ക്ഷണിക്കുന്ന സ്വൂഫികളെയും, ഖുര്‍ആനെയും സുന്നത്തിനെയും അവഗണിച്ച് കര്‍മശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ തര്‍ക്കങ്ങളില്‍ അഭിരമിക്കുകയും പൂര്‍വികരുടെ എല്ലാ അഭിപ്രായങ്ങളെയും വേദവാക്യമായി കരുതി പുതുതായി യാതൊന്നും പഠിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ സ്വന്തം മദ്ഹബിന്റെ കാര്യത്തില്‍ പക്ഷപാതിത്വം കാണിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരെയും അദ്ദേഹം അതിരൂക്ഷമായി വിമര്‍ശിച്ചു. അനന്തരം സമൂഹത്തില്‍ പ്രചരിച്ച തൗഹീദിന് നിരക്കാത്ത എല്ലാ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പേരെടുത്ത് പറഞ്ഞുകൊണ്ട് അതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പൊതുസമൂഹത്തെ ആഹ്വാനം ചെയ്തു. സഹായം പ്രതീക്ഷിച്ചുകൊണ്ട് അജ്മീറിലെയോ സാലാര്‍ മസ്ഊദിലെയോ മഖ്ബറകളില്‍ പോകുന്നത് വ്യഭിചാരത്തെക്കാളും കൊലപാതകത്തെക്കാളും മാരകമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. സമൂഹത്തില്‍ അക്രമങ്ങളും കൊള്ളരുതായ്മകളും പ്രചരിക്കാന്‍ കാരണം ഭരണകൂടം ശരീഅത്ത് വിധികള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ കാണിക്കുന്ന ഉപേക്ഷയാണെന്ന് തന്റെ കാലഘട്ടത്തിലെ ഭരണാധികാരിയുടെ പേരെടുത്ത് വിളിച്ചുകൊണ്ട് അദ്ദേഹം താക്കീത് ചെയ്തു. അതിനാല്‍ അക്രമവും അനീതിയും നിര്‍മാര്‍ജനം ചെയ്യാന്‍ സാഹചര്യവും സന്ദര്‍ഭവും ഒത്തുവരികയാണെങ്കില്‍ സ്വയംതന്നെ ജിഹാദിനായി രംഗത്തിറങ്ങാന്‍ താന്‍ ഒരുക്കമാണെന്നും അതിനുള്ള യോഗ്യത തനിക്കുണ്ടെന്നും അദ്ദേഹം ഒരിടത്ത് പറയുന്നുണ്ട്. സാമൂഹിക ഇടപെടലിനായി തുടിച്ചുകൊണ്ടിരിക്കുന്ന ഒരു വിപ്ലവകാരിയായ പരിഷ്‌കര്‍ത്താവിനെയാണ് നാം ഇവിടെ കാണുന്നത്.

നിര്‍മാണപ്രവര്‍ത്തനം
ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയിലെ പരിഷ്‌കര്‍ത്താവിന്റെ മാറ്റ് കൂടുതല്‍ വെളിപ്പെടുന്നത് അദ്ദേഹത്തിന്റെ പരിഷ്‌കരണ സംരംഭം സാമൂഹിക വിമര്‍ശനത്തില്‍ പരിമിതപ്പെടാതെ സാമൂഹിക മാറ്റത്തെ ത്വരിതപ്പെടുത്താനും കാലത്തെ മുന്നോട്ട് നയിക്കാനും ഉതകുന്ന സമ്പൂര്‍ണവും സമഗ്രവുമായ ഒരു പരിഷ്‌കരണ പദ്ധതി അദ്ദേഹം സമര്‍പ്പിച്ചു എന്നതിലാണ്. ഇതിനെയാണ് അദ്ദേഹത്തിന്റെ നവോത്ഥാനത്തിലെ നിര്‍മാണാത്മകവശം എന്നു നാം വിശേഷിപ്പിക്കുന്നത്. അവയിലൊന്നാമത്തേത്, ഏതെങ്കിലും മദ്ഹബിനോട് അന്ധമായ കൂറോ വിരോധമോ പുലര്‍ത്താതെ കര്‍മശാസ്ത്ര വിഷയത്തില്‍ അദ്ദേഹം അവതരിപ്പിച്ച നിഷ്പക്ഷവും സന്തുലിതവുമായ വീക്ഷണമാണ്. ഒരു സമ്പൂര്‍ണ മുജ്തഹിദിനെപ്പോലെ എല്ലാ കര്‍മശാസ്ത്ര മദ്ഹബുകളുടെയും അടിസ്ഥാനങ്ങളെയും അവരുടെ നിയമനിര്‍ധാരണ രീതിയെയും ആഴത്തില്‍ പഠിച്ച് തീര്‍ത്തും സ്വതന്ത്രവും നിഷ്പക്ഷവുമായ അഭിപ്രായം അദ്ദേഹം രൂപപ്പെടുത്തി. പ്രസ്തുത അഭിപ്രായം ചിലപ്പോള്‍ ശാഫി മദ്ഹബിനെ പിന്തുണക്കുന്നതാണെങ്കില്‍ മറ്റ് ചിലപ്പോള്‍ ഹനഫീ മദ്ഹബിനെ പിന്തുണക്കുന്നതായിരിക്കും. മാലികീ മദ്ഹബിനെയും ഹമ്പലീ മദ്ഹബിനെയും പിന്തുണക്കുന്ന അഭിപ്രായവും അപൂര്‍വമായിരുന്നില്ല. പക്ഷേ, ഈ പിന്തുണക്ക് ആധാരം തെളിവുകള്‍ മാത്രമാണ്. അല്ലാതെ പക്ഷപാതിത്വമോ വിരോധമോ ആയിരുന്നില്ല. അഹ്‌ലുല്‍ ഹദീസിന്റെ വീക്ഷണത്തോടും അദ്ദേഹം സഹിഷ്ണുതയും നീതിയും പുലര്‍ത്തി. മദ്ഹബ് വക്താക്കളുടെയും അഹ്‌ലുല്‍ ഹദീസുകാരുടെയും വീക്ഷണങ്ങളെ സമന്വയിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതിലൂടെ ഇന്ത്യയില്‍ മാത്രമല്ല, അക്കാലത്ത് ലോകത്തെല്ലായിടത്തും മുരടിച്ചു കിടന്നിരുന്ന ഹദീസ് പഠനത്തെ പുനരുജ്ജീവിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. കര്‍മശാസ്ത്രത്തില്‍ സന്തുലിത വീക്ഷണം അവതരിപ്പിക്കുകയും ഫിഖ്ഹിനെയും ഹദീസിനെയും സമന്വയിപ്പിക്കുകയും ചെയ്തതിലൂടെ ഇജ്തിഹാദിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുക മാത്രമല്ല, അത് സ്വന്തമായി ചെയ്ത് മാതൃക കാണിച്ചുകൊടുക്കുക കൂടിയാണ് അദ്ദേഹം ചെയ്തത്. ഇജ്തിഹാദിന്റെ തത്വങ്ങളും ഉപാധികളുമെല്ലാം അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. തഫ്ഹീമാത്ത് ഇലാഹിയ്യ, അല്‍ ഇന്‍സാഫ് എന്നീ കൃതികളിലൂടെയാണ് ഫിഖ്ഹിനെക്കുറിച്ച ഈ സന്തുലിത വീക്ഷണം അദ്ദേഹം അവതരിപ്പിക്കുന്നത്.
വിശ്വാസം, ആരാധനകള്‍, സദാചാരം, നാഗരികത, നിയമം എന്നിവയെല്ലാം ഉള്ളടങ്ങിയ ഇസ്‌ലാമിന്റെ ചിന്താകര്‍മ വ്യവസ്ഥയെ സമഗ്രമായും ശാസ്ത്രീയമായും അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് ഇസ്‌ലാമിക നവോത്ഥാനത്തിന് അദ്ദേഹം ചെയ്ത മൗലികമായ മറ്റൊരു സംഭാവന. ഈ വിഷയത്തില്‍ അദ്ദേഹം തന്റെ മുന്‍ഗാമികളെക്കാള്‍ ഏറെ മുന്നിലാണെന്ന് സയ്യിദ് മൗദൂദി അഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം, അവരുടെ ഗ്രന്ഥങ്ങളിലൊന്നും ഇത്തരത്തിലുള്ള അവതരണം കാണാന്‍ പ്രയാസമാണ്. ശരീഅത്ത് ക്രമം, ഇബാദത്തുകള്‍, വിധിവിലക്കുകള്‍, നിയമങ്ങള്‍ തുടങ്ങിയവയെല്ലാം അവതരിപ്പിക്കാനും അവയുടെ പരസ്പര ബന്ധങ്ങളും അവയുടെ രഹസ്യങ്ങളും താല്‍പര്യങ്ങളും വ്യക്തമാക്കി ജീവിതവും മതവും തമ്മിലുള്ള പാരസ്പര്യം ഉറപ്പുവരുത്താനുമാണ് അദ്ദേഹം ശ്രമിച്ചത്.

ഇസ്‌ലാമിക തത്വശാസ്ത്രം
ഗ്രീക്ക്, റോമന്‍, ഇറാനിയന്‍, ഇന്ത്യന്‍ തത്വശാസ്ത്രത്തിന്റെ സ്വാധീനത്തില്‍നിന്ന് മുക്തമായി തീര്‍ത്തും സ്വതന്ത്രമായ ഒരു ഇസ്‌ലാമിക തത്വശാസ്ത്രം വികസിപ്പിക്കാന്‍ ശ്രമിച്ചതും അദ്ദേഹത്തിന്റെ മൗലികമായ സംഭാവനകളില്‍ ഒന്നാണ്. ഇസ്‌ലാമിന്റെ സദാചാര നാഗരിക ക്രമത്തോട് താദാത്മ്യപ്പെടുകയും ഉദ്ഗ്രഥിക്കുകയും ചെയ്യുന്ന ഒരു പ്രപഞ്ച ദര്‍ശനവും സാമൂഹിക ദര്‍ശനവും രൂപപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. സദാചാരം അടിത്തറയായ അദ്ദേഹം അവതരിപ്പിച്ച സാമൂഹിക ദര്‍ശനത്തില്‍ സാമൂഹിക മര്യാദകള്‍, രാഷ്ട്രീയം, നീതി, നികുതി, ഭരണക്രമം, സൈനിക സംഘാടനം തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്. കൂട്ടത്തില്‍ നാഗരിക ക്രമത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ഘടകങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്തിരിക്കുന്നു. ഇവിടെയും തന്റെ നിരീക്ഷണങ്ങള്‍ക്ക് അദ്ദേഹം ആധാരമാക്കുന്നത് വിവിധ സമൂഹങ്ങളുടെ ചരിത്രത്തെയാണ്. ഇസ്‌ലാമും ജാഹിലിയ്യത്തും തമ്മിലുള്ള ചരിത്രപരമായ സംഘട്ടനത്തെക്കുറിച്ച ഒരു മങ്ങിയ ചിത്രമാണ് ഇതിലൂടെ അദ്ദേഹം അവതരിപ്പിക്കാന്‍ ശ്രമിച്ചത്.

സ്വാധീനം
ഇസ്‌ലാമിനെ സമഗ്രവും സമ്പൂര്‍ണവുമായി ജീവിതത്തില്‍ ആവിഷ്‌കരിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന ഒരു സമ്പൂര്‍ണ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ദാര്‍ശനിക അടിത്തറയാണ് ശാഹ് വലിയുല്ലാഹി ദഹ്‌ലവി തന്റെ വൈജ്ഞാനിക പ്രവര്‍ത്തനത്തിലൂടെ പ്രദാനം ചെയ്തത്. അതിനാല്‍ അത്തരമൊരു പ്രസ്ഥാനം നേരിട്ട് രൂപീകരിച്ചില്ലെങ്കിലും അദ്ദേഹം മരിച്ച് അമ്പത് വര്‍ഷത്തിനകം തന്നെ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയില്‍നിന്ന് അത്തരമൊരു പ്രസ്ഥാനം രൂപമെടുക്കുകയുണ്ടായി. ഇന്ത്യയിലെ ആദ്യത്തെ ഇസ്‌ലാമിക പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെട്ട സയ്യിദ് അഹ്മദ് ശഹീദും ശാഹ് ഇസ്‌ലാമാഈല്‍ ശഹീദും സംയുക്ത നേതൃത്വം നല്‍കിയ മുജാഹിദ് പ്രസ്ഥാനമായിരുന്നു അത്. ഈ പ്രസ്ഥാനം ബ്രിട്ടീഷുകാരാല്‍ അടിച്ചമര്‍ത്തപ്പെട്ടതിനുശേഷം 19 ഉം 20 ഉം നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ നടന്ന എല്ലാ വൈജ്ഞാനിക, രാഷ്ട്രീയ, സാംസ്‌കാരിക, ധൈഷണിക മുന്നേറ്റങ്ങളിലും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലും ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ ശക്തമായ സ്വാധീനമുണ്ട്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ രൂപംകൊണ്ട ജമാഅത്തെ ഇസ്‌ലാമി ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ശാഹ് വലിയല്ലാഹിദ്ദഹ്‌ലവിയുടെ നവോത്ഥാന ചിന്തകളോടാണ്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top