പ്രഥമ അധിനിവേശ വിരുദ്ധ പോരാട്ടം

ടി.വി അബ്ദുറഹിമാന്‍കുട്ടി‌‌
img

ക്രിസ്തുവിന് മൂവ്വായിരം വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ കേരളവും അറേബ്യന്‍ നാടുകളും വ്യാപാരസാംസ്‌കാരികബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു. പ്രാചീനകാലം മുതല്‍ റോമാസാമ്രാജ്യവും ദക്ഷിണേന്ത്യയും വിശിഷ്യ കേരളവും തമ്മില്‍ സുദൃഢമായ വ്യാപാരബന്ധം നിലനിന്നിരുന്നു. ക്രി.വ. നാലാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ആ ബന്ധത്തിന് ക്രമാനുഗതമായി ക്ഷീണം സംഭവിച്ചു. തുടര്‍ന്ന് ഈ മേഖലയില്‍ ആധിപത്യം സ്ഥാപിച്ചത് പേര്‍ഷ്യക്കാരായിരുന്നു. ആറാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പേര്‍ഷ്യക്കാരില്‍നിന്നും കടല്‍വ്യാപാരത്തിന്റെ കുത്തക അറബികള്‍ക്ക് ലഭിച്ചു. കച്ചവടത്തിന്റെ സുഗമമായ ഗമനത്തിന് ആവശ്യമായ കരുനീക്കങ്ങള്‍ അണിയറയില്‍ അവര്‍ തന്ത്രപരമായി ആസൂത്രണം ചെയ്തു.
അറബികള്‍ കച്ചവടാവശ്യാര്‍ഥം ചെന്നിരുന്ന രാജ്യങ്ങളിലെല്ലാം കോളനികള്‍ സ്ഥാപിച്ചു. കേരളത്തിലെ പ്രധാനതുറമുഖങ്ങളില്‍ നിലവില്‍വന്ന കോളനികളുമായി ബന്ധപ്പെട്ട തദ്ദേശീയരായ സ്ത്രീകളുമായി വൈവാഹിക ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പിറന്ന കുട്ടികള്‍ മാപ്പിളമാര്‍ എന്നറിയപ്പെട്ടുവെന്നും നടെ പറഞ്ഞുവല്ലൊ.
ഇന്ത്യയെ കൈയടക്കി ഭരിച്ച പാശ്ചാത്യരെപ്പോലെ പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതിരുന്നതിനാല്‍ തദ്ദേശീയ ഭരണാധികാരികളുടെയും നാടുവാഴികളുടെയും കരമൂപ്പന്മാരുടെയും പ്രീതിയും ആദരവും നേടാന്‍ തുടക്കം മുതല്‍തന്നെ അറബികള്‍ക്കും മാപ്പിളമാര്‍ക്കും സാധിച്ചു. കേരളം സന്ദര്‍ശിച്ച സഞ്ചാരികള്‍ ഈ വസ്തുത പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
ക്രി.വ. 718 മുതല്‍ 1236 വരെ സ്‌പെയ്ന്‍ മുസ്‌ലിം ഭരണത്തിലായിരുന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും പരിഷ്‌കൃത സാംസ്‌കാരിക നഗരം മുസ്‌ലിം സ്‌പെയിനിലെ കോര്‍ദോവയായിരുന്നു. ആയിരം മുസ്‌ലിം പള്ളികളും അഞ്ഞൂറ് പൊതുകക്കൂസുകളും അതിനൊത്ത പശ്ചാത്തല സൗകര്യങ്ങളുമുണ്ടായിരുന്നു. ഒരുലക്ഷത്തിലധികംപേരെ ഭവന രഹിതരാക്കിക്കൊണ്ടാണ് ഈ രാജ്യം ഫ്രഞ്ച്, സ്പാനിഷ് സൈന്യം പിടിച്ചടക്കിയത്. ഇവിടത്തെ ലോകപ്രശസ്തമായ വലിയ മുസ്‌ലിംപള്ളി ഔവര്‍ ലേഡി ഓഫ് ദി അസ്‌പെന്‍ഷന്‍ ആയി പരിവര്‍ത്തനം ചെയ്തു. ഈ സൗധം ഇസ്‌ലാമിക ശില്പകലയുടെ മഹനീയ മാതൃകയായി നിലനില്‍ക്കുന്നു.
യൂറോപ്യന്‍ നവോത്ഥാനത്തിന് മുമ്പ് ലോകത്തിന് വിജ്ഞാനവും നാഗരികതയും സംഭാവന ചെയ്തത് അറബികളായിരുന്നു. അല്‍ ഖവാരിസ്മി, ഇബ്്‌നുസീന (അവിസെന്ന), അല്‍ബത്താനി, ഇബ്‌നുറുഷ്ദ് (അവറോസ്), ഇപ്പോള്‍ ഐക്യരാഷ്ട്രസഭ പ്രകാശത്തിന്റെ ആയിരം വര്‍ഷം ആഘോഷിക്കുന്ന കിത്താബുല്‍ മനാളിരിന്റെ രചയിതാവ് ഇബ്‌നുഹൈത്തം തുടങ്ങിയ വിശ്വപ്രശസ്ത മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ അനുപമ പ്രതിഭ ലോകത്തിന് നല്‍കി ജീവിച്ചുമരിച്ചതും ഇതേ കാലഘട്ടത്തിലാണ്.
സ്‌പെയിനില്‍ ഇസ്‌ലാമിക ഭരണത്തിന്റെ തകര്‍ച്ചയോടെ ഏഷ്യാ ഭൂഖണ്ഡത്തിലൂടെ യൂറോപ്പിലേക്ക് ലഭിച്ചുകൊണ്ടിരുന്ന വാണിജ്യ വിഭവങ്ങളുടെ ലഭ്യത നിലച്ചു. തുടര്‍ന്ന് വ്യാപാരവും മതപ്രചരണവും സമന്വയിപ്പിച്ച് കൊണ്ടുപോകാനുള്ള ആസൂത്രണങ്ങള്‍ യൂറോപ്യന്മാര്‍ ചെയ്തു. ഇതിനായി പ്രസ്റ്റര്‍ ജോണിന്റെ സമ്പല്‍സമൃദ്ധമായ ക്രൈസ്തവ ലോകം എന്ന സ്വപ്ന സാക്ഷാത്കാരം ലക്ഷ്യമിട്ടായിരുന്നു തുടര്‍പ്രവര്‍ത്തനങ്ങള്‍. പോര്‍ച്ചുഗീസ് ചക്രവര്‍ത്തി ഹെന്‍ഡ്രിയുടെ ഭരണത്തില്‍ ഇതിനായി കൂടുതല്‍ ഫണ്ടും മനുഷ്യ വിഭവ ശേഷിയും വിനിയോഗിച്ചു. തന്മൂലം ചക്രവര്‍ത്തി ‘ഹെന്‍ഡ്രി ദ നാവിഗേറ്റര്‍ എന്ന അപരനാമത്താല്‍ പുകള്‍പ്പെറ്റു. അദ്ദേഹത്തിന്റെ സഹോദരനും സാഹസികനുമായ പെന്‍ഡ്രോയുടെ ഒരു വ്യാഴവട്ടക്കാലത്തെ ദീര്‍ഘമായ ലോകസഞ്ചാരം ഹേതുവായി മാര്‍ക്കോപോളോ തയ്യാറാക്കിയ ഇന്ത്യ, സിലോണ്‍, ചൈന തുടങ്ങിയ രാഷ്ട്രങ്ങളെ കുറിച്ച് വ്യക്തമായ ദിശാബോധം ലഭിക്കാന്‍ കാരണമായി. തുടര്‍ന്ന് തങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ ലഭിക്കുന്നതിനും മതപ്രചരണം നടത്തുന്നതിനും പുതിയ വ്യാപാരമാര്‍ഗം കണ്ടെത്തുന്നതിന് ശ്രമങ്ങള്‍ ആരംഭിച്ചു. ഏഷ്യന്‍ വന്‍കരയിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കടന്നുചെല്ലാനുള്ള സംരംഭങ്ങള്‍ തകൃതിയായി നടന്നു.
മുസ്‌ലിം സൈന്യത്തെ ഏകീകരിച്ചതും ജറുസലം തിരിച്ചുപിടിച്ചതും മുസ്‌ലിംകളുടെ പ്രമുഖ രാഷ്ട്രീയ സൈനിക നേതാവായി പുകള്‍പ്പെറ്റ സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി (1137-1193) സ്ഥാപിച്ച ഭരണ(1174-1199)കാലത്താണ്. മൂന്നാം കുരിശുയുദ്ധത്തില്‍ മുസ്‌ലിം സൈന്യത്തെ നയിച്ചത് ഇദ്ദേഹമാണ്. സിറിയയുടെയും ഈജിപ്തിന്റെയും ഭരണാധികാരിയായിരുന്ന അയ്യൂബി സൗദി അറേബ്യ, ഇറാഖ്, യമന്‍, വടക്കന്‍ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെയും തന്റെ ഭരണത്തിന്‍ കീഴിലാക്കി. പുതിയ വ്യാപാര മാര്‍ഗങ്ങള്‍ വെട്ടിത്തുറന്നു. 1453ല്‍ കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനേപ്പിള്‍ തുര്‍ക്കിയുടെ അധീനത്തിലായി. തന്മൂലം കരവഴിയായുള്ള വിഭവസമാഹാരത്തിന്നു യൂറോപ്യര്‍ക്ക് തടസ്സമായി.
1460ല്‍ ഹെന്‍ട്രിയുടെ മരണശേഷം അധികാരമേറ്റ അല്‍ഫോസോ അഞ്ചാമനും അദ്ദേഹത്തിന്റെ മകന്‍ ജോആവോ രണ്ടാമനും തങ്ങളാല്‍ ആവുന്ന സര്‍വവിധ സന്നാഹങ്ങളും ഒരുക്കി മുന്‍ഗാമികളുടെ പരിശ്രമങ്ങള്‍ പൂര്‍വോപരി ഊര്‍ജ്ജിതപ്പെടുത്തി. ക്രിസ്തീയ മതപ്രചരണം, സമുദ്രാധിപത്യവും കച്ചവടകുത്തകയും കരസ്ഥമാക്കുക, ശത്രുക്കളായി മുദ്രകുത്തി മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യുക തുടങ്ങിയ വ്യക്തമായ ലക്ഷ്യബോധത്തോടുകൂടിയായിരുന്നു പുതിയ തീരങ്ങളെ തേടിയുള്ള പറങ്കികളുടെ യാനസഞ്ചാരം. ക്രിസ്തീയ മതമേധാവികളുടെ സര്‍വവിധ സഹായവും ആശീര്‍വാദവും അവര്‍ക്ക് ലഭിച്ചു. ജോആവോ നിയോഗിച്ച ബര്‍ത്തലാമ്യു ഡയാസ് കൂടുതല്‍ വാതായനങ്ങള്‍ തുറന്നുകൊടുത്തു. അതുവരെ കൊടിയ അപകടമേഖലയാണെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ആഫ്രിക്കന്‍ മുനമ്പിനെ തന്റെ യാത്രാനുഭവങ്ങളാല്‍ സംഘര്‍ഷമുനമ്പെന്ന് ഡയാസ് വിശേഷിപ്പിച്ചെങ്കിലും സംഘത്തിന്റെ പതിനേഴ് മാസത്തെ സാഹസിക സഞ്ചാര വിവരണത്തില്‍നിന്ന് ജോആവോയുടെ നിരീക്ഷണത്തില്‍ ശുഭപ്രതീക്ഷയുടെ മുനമ്പായിട്ടാണ് അദ്ദേഹത്തിന് ബോധ്യപ്പെട്ടത്.
1495ല്‍ ജോആവോയുടെ വിയോഗത്തെ തുടര്‍ന്ന് 1495മുതല്‍ 1521വരെ അധികാരത്തിലിരുന്ന മാനുവല്‍ രാജാവ് ശുഭ പ്രതീക്ഷ മുനമ്പുചുറ്റി ഇന്ത്യയിലേക്കു തന്റെ നാവികവ്യൂഹത്തെ അയക്കാനുള്ള സന്നാഹങ്ങള്‍ ആരംഭിച്ചു. അക്കാലത്ത് ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ നടത്തിയിരുന്നത് മുസ്‌ലിംകളായിരുന്നു. പറങ്കികള്‍ പൗരസ്ത്യവ്യാപാര കേന്ദ്രങ്ങള്‍ പിടിച്ചടക്കുന്നതുവരെ ഈ കേന്ദ്രങ്ങളും മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരുന്നു.
മധ്യകാലം വരെ അറബികളുടെ നിയന്ത്രണത്തിലായിരുന്ന ഇന്ത്യയിലേക്കുള്ള സമുദ്രവ്യാപാരം തകര്‍ത്ത് തരിപ്പണമാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു പറങ്കികളുടെ പടപ്പുറപ്പാട്. ഒടുവില്‍ ഹിബ്രു ജ്യോതിശാസ്ജ്ഞനായ എബ്രഹാം ബെന്‍ സാക്കൂത്തിന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ക്രിസ്തീയ മിഷനറീസിന്റെ സഹകരണത്തോടെ മാനുവല്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം പോപ്പിന്റെ അനുഗ്രഹാശീര്‍വാദത്തോടുകൂടി കൊട്ടാരത്തിലെ നാവിക ഉദ്യോഗസ്ഥന്‍ വാസ്‌കോഡിഗാമ ഇതിനായി നിയോഗിക്കപ്പെട്ടു.
ക്രി.വ: 1497 ജൂലൈ 8-ാം തിയ്യതി ലിസ്ബനിലെ ബലം തുറമുഖത്ത് നിന്ന് സാവോ(സെന്റ്) ഗാബ്രിയല്‍, സെന്റ് റാഫേല്‍, സെന്റ് മീഗേല്‍ എന്നീ മൂന്ന് കപ്പലുകളില്‍ പുറപ്പെട്ട ഗാമയും സംഘവും കടല്‍ക്ഷോഭത്താല്‍ അകപ്പെട്ട് തകര്‍ന്ന ഒരു കപ്പലുപേക്ഷിച്ച് അവശേഷിക്കുന്ന രണ്ട് കപ്പലുമായി ആഫ്രിക്കയിലെ മുസാംബിക്കിലെത്തി. യു.എ.ഇയിലെ റാസല്‍ഖൈമ (ജുഫാര്‍) സ്വദേശിയും അറബ് കപ്പലോട്ടക്കാരനും ഭൂപട നിര്‍മാതാവുമായ അഹമ്മദ്ബിനു മാജിദിന്റെ (1421-1500) സമുദ്രവിജ്ഞാനം ആദ്യമെ ഗ്രഹിച്ച പോര്‍ച്ചുഗീസുകാര്‍ അദ്ദേഹത്തെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ആഫ്രിക്കയിലെ മലാവിയില്‍നിന്ന് തങ്ങളുടെ കപ്പലില്‍ കയറ്റിയാണ് മലബാറിലേക്കുള്ള കടല്‍മാര്‍ഗമുള്ള ദിശാബോധം തേടിയത്. അക്കാലത്ത് കപ്പലോട്ടം അധികവും ത്രികോണാകൃതിയിലുള്ള പായ ഉപയോഗിച്ചായിരുന്നു. പിന്നീട് ആവിയന്ത്രവും ഡീസല്‍ ഉപയോഗിച്ചുള്ള എഞ്ചിനുകളും നിലവില്‍ വന്നതോടെ കപ്പല്‍ യാത്ര കൂടുതല്‍ ധൃതഗതിയിലായി.
1498 മേയില്‍ കോഴിക്കോട് പന്തലായനി കാപ്പാട് (കപ്പക്കടവ്) ഗാമയുടെ കപ്പല്‍ കരക്കണഞ്ഞപ്പോള്‍ പതിനഞ്ചാം നൂറ്റാണ്ടുവരെയുണ്ടായിരുന്ന വിദേശ വ്യാപാര ബന്ധങ്ങളിലെല്ലാം കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഈ യാത്ര ഇടയായി. ഗാമയുടെ കപ്പല്‍ മലബാറിന്റെ പുറം കടലില്‍ നങ്കൂരമിട്ടപ്പോള്‍ സാമൂതിരി പൊന്നാനി തൃക്കാവ് കോവിലകത്തായിരുന്നു. പതിനഞ്ച്-പതിനാറ് നൂറ്റാണ്ടുകളില്‍ വലിയൊരു കാലയളവ് സാമൂതിരിമാര്‍ വസിച്ചിരുന്നത് രണ്ടാം ആസ്ഥാനവും അക്കാലത്തെ പ്രമുഖ ഭരണസിരാകേന്ദ്രവുമായ തൃക്കാവ് കോവിലകത്തായിരുന്നു. ഗാമ തന്റെ ആഗമനോദ്ദേശ്യം അറിയിക്കാനായി രണ്ട് ദൂതന്മാരെ പൊന്നാനിക്ക് അയച്ചതിനെ തുടര്‍ന്നാണ് സാമൂതിരി കോഴിക്കോട് രാജധാനിയിലേക്ക് എഴുന്നള്ളിയത്.
1498 മെയ് 28 നാണ് ഗാമ കോഴിക്കോട് രാജധാനിയിലെത്തിയത്. സാമൂതിരിയുടെ നിര്‍ദ്ദേശാനുസരണം ഇരുന്നൂറിലധികം നായന്മാരും ഭരണ മേധാവികളും മറ്റും ചേര്‍ന്ന് നാട്ടുസമ്പ്രദായമനുസരിച്ച് ഗാമയെ കോവിലകത്തേക്ക് ആനയിച്ചു. ഗാമക്ക് സാമൂതിരി പരമ്പരാഗത ആചാരമനുസരിച്ച് രാജകീയ സ്വീകരണവും കച്ചവടം നടത്താന്‍ അനുവാദവും നല്‍കി. വാണിജ്യ വികസനം എന്ന ലക്ഷ്യത്തോടെ സുഗന്ധവ്യഞ്ജനങ്ങളുടെ തീരം തേടിയാണ് ഗാമയുടെ വരവെന്നാണ് സാമൂതിരി ആദ്യം ധരിച്ചത്. ക്രമേണ കുതന്ത്രങ്ങള്‍ ഒാരോന്നായി തിരിച്ചറിഞ്ഞ രാജാവ് ഗാമയെ കൈയൊഴിഞ്ഞു.
പ്രകോപിതരായ പറങ്കികള്‍ സാമൂതിരിയുടെ സാമന്തരും മാനസികമായി അദ്ദേഹത്തോട് പകയുമുള്ള കണ്ണൂര്‍ (കോലത്തിരി) രാജാവുമായും വിരോധിയായ കൊച്ചി രാജാവുമായും സൗഹൃദം സ്ഥാപിച്ച് വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യാ ചരിത്രത്തില്‍ ഈ ഉടമ്പടികള്‍ ചോരയില്‍ കുതിര്‍ന്ന അധ്യായാരംഭമായിരുന്നു. കപ്പലോട്ടം പോലെ യുദ്ധങ്ങളും ഗാമക്ക് ലഹരിയായിരുന്നു. തുടര്‍ന്ന് പിടിച്ചുപറിയും പിടിച്ചടക്കലും കൊള്ളയും കൊള്ളിവെയ്പ്പും ആര്‍ത്തിയും അതിക്രമവും നിത്യ സംഭവമായി. ശാന്തിയിലും സമാധാനത്തിലും ജീവിച്ചിരുന്ന മലയാളക്കരയില്‍ അശാന്തിയുടെയും അധര്‍മത്തിന്റെയും ഭീകരാന്തരീക്ഷം പരന്നു.
കണ്ണൂരിലെ അറക്കല്‍ രാജവംശം ഒഴികെ മലബാറില്‍ ഭരണാധികാരികളെല്ലാം ഹിന്ദുക്കളായിരുന്നു. ഹൈന്ദവ നിയമമനുസരിച്ചായിരുന്നു ഭരണ നിര്‍വഹണമെങ്കിലും സാമൂതിരിയില്‍ നിന്നും മുസ്‌ലിംകള്‍ക്ക് മാന്യമായ ഭരണ സൗകര്യങ്ങളും നീതിയും ലഭിച്ചു. മുസ്‌ലിംകളാരെങ്കിലും പിഴ ഒടുക്കേണ്ട സന്ദര്‍ഭത്തില്‍ രാജ്യ നിയമമനുസരിച്ച് മാത്രമെ വസൂല്‍ ചെയ്തിരുന്നുള്ളൂ. വ്യാപാരാധിപത്യവും ഭാഗികമായ രാജ്യ നിര്‍മാണ ചുമതലയും മുസ്‌ലിംകള്‍ക്ക് ആയതിനാല്‍ ഹിന്ദുക്കള്‍ക്കിടയില്‍ അവര്‍ക്ക് വലിയ മതിപ്പായിരുന്നു. ജുമുഅ നമസ്‌കാരം നടത്താനും ഇസ്‌ലാമിക ആഘോഷങ്ങള്‍ കൊണ്ടാടാനും ഉദാരമായ സൗകര്യങ്ങള്‍ നല്‍കി. ഖാസിമാര്‍ക്കും പള്ളിയിലെ ബാങ്ക് വിളിക്കാര്‍ക്കും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഗ്രാന്റ് നല്‍കി. ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കാന്‍ ഖാസിമാരെ ഭരണകൂടം സഹായിച്ചു. ജുമുഅ നിര്‍വ്വഹണത്തില്‍ അനാസ്ഥ കാണിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ജുമുഅ ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. കൊലക്കുറ്റം ചെയ്ത മുസ്‌ലിംകളെ മുസ്‌ലിം നേതാക്കളുടെ അനുവാദത്തോട് കൂടി മാത്രമേ വധശിക്ഷ നടപ്പാക്കിയിരുന്നുള്ളൂ. എത്ര വലിയ ധനികനായാലും വിള നികുതിയോ നില നികുതിയോ ഈടാക്കിയിരുന്നില്ല. എന്നാല്‍, കച്ചവടത്തില്‍ ലഭിക്കുന്ന ലാഭത്തില്‍നിന്ന് പത്തിലൊന്ന് ഖജനാവിലേക്ക് നല്‍കണം. മുസ്‌ലിം ഭവനങ്ങളില്‍ അനുവാദം കൂടാതെ അന്യര്‍ പ്രവേശിക്കുകയില്ല. മുസ്‌ലിം വീടുകളില്‍ കൊലപ്പുള്ളികള്‍ അഭയം പ്രാപിച്ചാല്‍ അതിക്രമിച്ച് കയറി പിടികൂടുകയില്ല. പുറത്തിറക്കികൊടുക്കാന്‍ ആവശ്യപ്പെടും. ഇസ്‌ലാംമതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. മുസ്‌ലിമാവുന്നവരെ യതൊരു തരത്തിലും വിഷമിപ്പിക്കില്ല. ഇതര മുസ്‌ലിംകള്‍ക്ക് നല്‍കുന്ന ആദരവും അംഗീകാരവും അവര്‍ക്കും നല്‍കി. താഴ്ന്ന ജാതിക്കാര്‍ മുസ്‌ലിമായാലും ഈ പരിഗണന ലഭിച്ചിരുന്നു. നവമുസ്‌ലിം സമുദ്ധാരണത്തിന്ന് മുസ്‌ലിം വ്യാപാരികളില്‍നിന്ന് പ്രത്യേക ഫണ്ട് സ്വരൂപിച്ചിരുന്നു. ഇങ്ങനെ സകലവിധ സ്വാതന്ത്ര്യത്തോടും അന്തസ്സോടും കൂടി മുസ്‌ലിംകള്‍ ജീവിച്ചിരുന്ന അവസരത്തിലാണ് പോര്‍ച്ചുഗീസുകാരുടെ ആഗമനം.
മധ്യകാലഘട്ടത്തില്‍ സാമൂതിരിയുടെ പ്രത്യേക സ്‌നേഹാദരവുകള്‍ നേടിയ പ്രജകളെന്ന നിലയില്‍ മറ്റു വൈദേശിക മതസ്ഥരെക്കാള്‍ അംഗീകാരത്തോടും പ്രതാപൈശ്വര്യങ്ങളോടും ശാന്തിയോടും സമാധാനത്തോടും കൂടിയാണ് മലബാറില്‍ മുസ്‌ലിംകള്‍ ജീവിച്ച് പോന്നിരുന്നത്. ഭാരതത്തിലെ ഇതര പ്രദേശങ്ങളെക്കാള്‍ ഇവിടെ ഹിന്ദു-മുസ്‌ലിം മതമൈത്രി ഊഷ്മളവും സുദൃഢവുമായിരുന്നു. ഇതിന് അകല്‍ച്ച സംഭവിച്ചത് പറങ്കികളുടെ ആഗമനത്തോടെയാണ്. അവരുടെ നയവൈകല്യങ്ങള്‍ ഹേതുവായി ക്രമേണ മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചുവന്നു. തുടര്‍ന്ന് ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് പാശ്ചാത്യ ശക്തികളുടെ അധിനിവേശത്തോടുകൂടിയാണ് കേരളത്തില്‍ മുസ്‌ലിംകളുടെ അപചയ കാലഘട്ടം ആരംഭിക്കുന്നത്. ഡച്ച്, ഫ്രഞ്ച്കാരില്‍ നിന്ന് കാര്യമായ എതിര്‍പ്പ് നേരിടേണ്ടി വന്നില്ലെങ്കിലും പറങ്കികളില്‍നിന്നും ഇംഗ്ലീഷുകാരില്‍നിന്നും കഠിനമായ പീഡനങ്ങള്‍ തന്നെ മുസ്‌ലിംകള്‍ അനുഭവിക്കേണ്ടി വന്നു.
തീരദേശ കച്ചവടം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായതിനാല്‍ ഏറ്റവും കൂടുതല്‍ ക്രൂരതക്ക് ഇരയായത് അവരായിരുന്നു. മുസ്‌ലിംകളോട് പറങ്കികളുടെ തുടര്‍ചെയ്തികള്‍ പൂര്‍വവൈരാഗ്യത്തോടെയായിരുന്നു. മുസ്‌ലിം സ്ത്രീകളെ മാനഭംഗപ്പെടുത്തുക, വിശുദ്ധ ഖുര്‍ആനും മഹദ് ഗ്രന്ഥങ്ങളും കത്തിക്കുക, മുസ്‌ലിം പണ്ഡിതരെയും സയ്യിദന്മാരെയും ബന്ധനസ്ഥരാക്കുക, മലിനജലം കെട്ടിനില്‍ക്കുന്ന വഴികളില്‍ മുസ്‌ലിംകളെ വാഹനമാക്കി ഉപയോഗിക്കുക, മുഖത്തും ശരീരത്തിലും കാര്‍ക്കിച്ചു തുപ്പുക, പ്രവാചകന്മാരുടെ പേര് നിന്ദിച്ച് പറഞ്ഞ് പരിഹസിക്കുക, മുസ്‌ലിംകളെ ചങ്ങലക്കിട്ട് മതിവരുവോളം മര്‍ദ്ദിക്കുക, മര്‍ദ്ദനമേറ്റ് അവശരായവരെ പട്ടണങ്ങള്‍ തോറും കൊണ്ടു നടന്നു പ്രദര്‍ശിപ്പിക്കുക, നിര്‍ബ്ബന്ധ മതപരിവര്‍ത്തനം ചെയ്യിപ്പിക്കുക, മുസ്‌ലിം പള്ളികള്‍ തകര്‍ത്ത് ചര്‍ച്ചുകള്‍ നിര്‍മിക്കുക തുടങ്ങിയ നിരവധി പീഡനങ്ങളും, മലബാര്‍ കൊങ്കണ്‍ ഗുജറാത്ത് തീരങ്ങളില്‍ വമ്പിച്ച സൈന്യസമേതം സഞ്ചരിച്ച് മുസ്‌ലിം വ്യാപാരികളുടെ കപ്പല്‍ തകര്‍ക്കുക, സമ്പത്ത് കൊള്ളചെയ്യുക, നിഷ്‌കരുണം കൊല്ലുക എന്നീ ക്രൂര കൃത്യങ്ങളും സാര്‍വത്രികമായി. പറങ്കികളുടെ കിരാതവാഴ്ചയും നരനായാട്ടും രൂക്ഷമായപ്പോള്‍ മാതൃരാജ്യത്തുനിന്ന് കെട്ടുകെട്ടിക്കാന്‍ സാമൂതിരിയുടെ നേതൃത്വത്തില്‍ മുസ്‌ലിം നേതാക്കള്‍ തന്ത്രങ്ങളാവിഷ്‌ക്കരിച്ചു.
ഇന്ത്യയിലെ ഇതര പ്രദേശങ്ങളെക്കാള്‍ സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങള്‍ക്ക് ഏറ്റവുമാദ്യം ആരംഭം കുറിച്ച സുപ്രധാന പങ്കാളിത്തം അവകാശപ്പെടാവുന്ന ദേശങ്ങളാണ് മലബാറിന്റെ തീരപ്രദേശങ്ങളും പൊന്നാനിയും.
കേരളത്തില്‍ ദേശത്തിനുവേണ്ടിയുള്ള പല പടയോട്ടങ്ങളുടെയും ചരിത്രം ഇന്നും ഗവേഷണവിധേയവും ചരിത്ര നിജസ്ഥിതി നിര്‍ണയിക്കുന്നതില്‍ വിഭിന്ന പക്ഷവുമാണ്. മെഗാഹിറ്റ് സിനിമ പഴശ്ശിരാജയുടെ തിരക്കഥയിലെ ചരിത്ര ഉള്ളടക്കത്തിന്റെ അപാകത നിരൂപിച്ച് ചരിത്രകാരന്‍ ഡോ: എം. ജി. എസ് നാരായണന്‍ ലേഖനമെഴുതി. ഇതില്‍ നിന്നെല്ലാം വിഭിന്നമായി ആധികാരിക രേഖകളുടെ പിന്‍ബലമുള്ളതാണ് പതിനാറാം നൂറ്റാണ്ടിലെ സാമൂതിരി-മുസ്‌ലിം സംയുക്ത പോരാട്ടങ്ങള്‍. ചരിത്രത്തിന്റെ നാള്‍വഴിയിലൂടെ സഞ്ചരിച്ചാല്‍ മലബാറിലെ പല പോരാട്ടങ്ങള്‍ക്കും ശ്ലാഘനീയമായ നേതൃത്വം പൊന്നാനി വഹിച്ചിട്ടുണ്ടെന്ന് കാണാം.
സ്വാതന്ത്ര്യലബ്ധി വരെയുള്ള കഴിഞ്ഞ അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ നടന്ന അഞ്ച്‌തെങ്ങ് കലാപം, ആറ്റിങ്ങല്‍ കലാപം, പഴശ്ശി പോരാട്ടങ്ങള്‍, സാമൂതിരി പടിഞ്ഞാറെ കോവിലകം പോരാട്ടം, ഉണ്ണി മൂസയുടെ പോരാട്ടം, വേലുത്തമ്പി പ്രക്ഷോഭം, കൊല്ലം സൈനിക ഗൂഢാലോചന, കുറിച്ച്യരുടെ കലാപം, മലബാര്‍ കലാപം, വൈക്കം സത്യാഗ്രഹം, കല്‍പ്പാത്തി-സൂചീന്ദ്രം സത്യാഗഹങ്ങള്‍, ഗുരുവായൂര്‍ സത്യാഗ്രഹം, നിവര്‍ത്തന പ്രക്ഷോഭം, പാലിയം സത്യാഗ്രഹം, കയ്യൂര്‍-കരിവള്ളൂര്‍ സമരങ്ങള്‍, പുന്നപ്ര-വയലാര്‍ സമരം തുടങ്ങി ചെറുതും വലുതുമായ പല പ്രക്ഷോഭങ്ങള്‍ക്കും മലയാള മണ്ണ് സാക്ഷിയായിട്ടുണ്ട്. അവയൊന്നും തന്നെ എട്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ചിട്ടയൊത്ത പൊന്നാനിയില്‍നിന്ന് തുടക്കം കുറിച്ച സാമൂതിരി-മഖ്ദൂം-മരക്കാര്‍ സംയുക്ത പോരാട്ടങ്ങളോട് കിടപിടിക്കില്ല. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ തഹരീള് അലാ അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി (വിശുദ്ധ യുദ്ധം ചെയ്യാന്‍ വിശ്വാസികളെ പ്രേരിപ്പിക്കല്‍) ലൂടെയും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ ലോക ഭാഷകളില്‍ വിവര്‍ത്തനം ചെയ്ത തുഹ്ഫത്തുല്‍ മുജാഹിദീനി (പോരാളികള്‍ക്കൊരു പാരിതോഷികം) ലൂടെയും പതിറ്റാണ്ടുകള്‍ക്കു മുമ്പ്തന്നെ ഈ പോരാട്ടം ആഗോളശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ചാരം മൂടി കിടന്നിരുന്ന ഈ ചരിത്ര വസ്തുതകള്‍ 1960 ന് ശേഷമാണ് തദ്ദേശീയ മുഖ്യധാര ചരിത്രകൃതികളിലും പാഠ്യശാലകളിലും ദൃശ്യ-ശ്രവണ-പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലും ഇടം നേടിയത്.
മറ്റു പല പോരാട്ടങ്ങള്‍ക്കും ലഭിച്ചത് പോലെ അര്‍ഹിക്കുന്ന അംഗീകാരവും പ്രശസ്തിയും ഈ പോരാട്ടങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഒരു കുടുംബത്തിലെ നാല് തലമുറ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നിട്ടും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മതിയായ പരിഗണന ലഭിക്കാതെ പോയ ദേശസ്‌നേഹികളായ വീര പരാക്രമികളാണ് കുഞ്ഞാലി മരക്കാന്മാര്‍. അവര്‍ക്ക് ദിശാബോധം നല്‍കിയത് ആദ്യകാല മഖ്ദൂമുകളാണ്.
കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് ആരംഭം കുറിച്ചത് മാലിക്കുബ്‌നു ദീനാറും അതിന്റെ വ്യാപനത്തിന് ഊര്‍ജ്ജം പകര്‍ന്നത് ആദ്യകാല മഖ്ദൂമുകളുമായിരുന്നു. മാലിക്ക്ബ്‌നു ദീനാറിനും അനുചരന്മാര്‍ക്കും ശേഷം കേരള മുസ്‌ലിം ചരിത്രത്തില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത യുഗപ്രഭാവനായ ചരിത്രപുരുഷന്‍ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്റെ പാദസ്പര്‍ശത്താല്‍ പുളകിതമായ ചുവടുകളാണ് ഇതിനെല്ലാം ആധാരം. കേരളത്തിന്റെ മുസ്‌ലിം വൈജ്ഞാനിക നായകനും സൂഫിവര്യനും അഗാധപണ്ഡിതനും ഉന്നത ഗ്രന്ഥകാരനുമായിരുന്ന ശൈഖ് തന്റെ അനുപമ സിദ്ധിവിശേഷം മതവിജ്ഞാനത്തിന്റെയും ദേശത്തിന്റെയും സര്‍വതോന്മുഖമായ പുരോഗതിക്ക് വിനിയോഗിക്കപ്പെടുന്നതോടൊപ്പം അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഉജ്ജ്വലമായ നേതൃത്വവും താത്വിക അടിത്തറ പാകിയതുമാണ് അദ്ദേഹത്തെ മുസ്‌ലിം കേരളത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടുകളിലെ അനിഷേധ്യ നേതാവാക്കി ഉയര്‍ത്താന്‍ ഹേതുവായത്.

കുഞ്ഞാലി മരക്കാന്മാര്‍
സമുദ്ര വ്യാപാരിയായ മമ്മാലി മരക്കാരുടെ പിന്‍ഗാമി കുട്ട്യാലിമരക്കാരുടെ മകനാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍. യഥാര്‍ഥ പേര് മുഹമ്മദ്, ജനനം കൊച്ചിയില്‍. വ്യാപാര പ്രമുഖനായ പിതാവിന്റെയും കുടുംബത്തിന്റെയും കൊച്ചിയിലെ കച്ചവടശാലകളും കപ്പലുകളും പറങ്കികള്‍ കൊള്ളചെയ്തു തകര്‍ത്തു. മര്‍ദ്ദനം ക്രൂരമായപ്പോള്‍ മുഹമ്മദ് മരക്കാരും കുടുംബവും പൊന്നാനിയിലേക്ക് താമസം മാറ്റി.
പൊന്നാനി മരക്കാരുടെ ആസ്ഥാനമായതോടെ ഇവിടത്തെ മുസ്‌ലിംകളെയും പറങ്കികള്‍ നിരന്തരമായി ആക്രമിച്ചു. കിരാത മര്‍ദ്ദനത്താല്‍ സഹികെട്ട മരക്കാരും മുസ്‌ലിംകളും മഖ്ദൂമിന്റെ ആഹ്വാനമനുസരിച്ച് മുസ്‌ലിം യുവാക്കളെയും സംഘടിപ്പിച്ച് അഭ്യാസമുറകള്‍ പഠിപ്പിച്ച് സുശക്തമായ പോരാട്ടത്തിന് സുസജ്ജമാക്കി. അദ്ദേഹവും അനുജന്‍ ഇബ്രാഹീം മരക്കാരും സാമൂതിരിയെ മുഖം കാണിച്ചു വിവരങ്ങള്‍ ബോധിപ്പിച്ചു. അക്രമികളായ പറങ്കികളെ ഭാരതത്തിന്റെ മണ്ണില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത മരക്കാരുടെയും സംഘത്തിന്റെയും പോരാട്ട വൈദഗ്ധ്യം 1507 ല്‍ പറങ്കി നായകന്‍ അല്‍ മേഡക്കെതിരെയുള്ള പോരാട്ടത്തില്‍ നേരിട്ട് ബോധ്യപ്പെട്ട സാമൂതിരി, മുഹമ്മദ് മരക്കാരെ നാവിക സേനയുടെ നായകനായി നിയമിച്ചു. ഔദ്യോഗിക ചിഹ്നമായ പട്ടു തൂവാല കെട്ടാനുള്ള അവകാശവും കുഞ്ഞാലി എന്ന സ്ഥാനപ്പേരും നല്‍കി. ഈ ചടങ്ങ് നടന്നത് പൊന്നാനി തൃക്കാവ് കോവിലകത്ത് വെച്ചായിരുന്നുവെന്ന് ന്യായമായും അനുമാനിക്കാം. സേനനായകരില്‍ ഒന്നാം സ്ഥാനക്കാരന്‍ കുഞ്ഞാലി മരക്കാരെന്നും, രണ്ടാം സ്ഥാനക്കാരന്‍ കുട്ടിഹസ്സന്‍ മരക്കാരെന്നും അറിയപ്പെട്ടു. ഒന്നാം കുഞ്ഞാലി മരക്കാര്‍ മൃതിയടഞ്ഞപ്പോള്‍ ക്രമാനുസൃതം രണ്ടാമനും മൂന്നാമനും നാലാമനും സൈന്യാധിപരായി ഉയര്‍ത്തപ്പെട്ടു.
ഒന്നാം മഖ്ദൂമിന്റെയും കുഞ്ഞാലി ഒന്നാമന്റെയും ജന്മദേശം കൊച്ചിയിലെ കൊച്ചങ്ങാടിയായിരുന്നു. തന്മൂലം അവര്‍ ആദ്യമെ ബന്ധമുണ്ടായതിനാലാവാം അക്കാലത്ത് മലബാറിന്റെ തലസ്ഥാനവും പ്രസിദ്ധ തുറമുഖ പട്ടണവും മുസ്‌ലിംകള്‍ കൂടുതല്‍ വസിക്കുന്ന ഇടവും കോഴിക്കോടായിരുന്നിട്ടുകൂടി പൊന്നാനിയില്‍ മരക്കാര്‍ അഭയം തേടിയെത്തിയത്. ഇവിടത്തെ ജുമാമസ്ജിദ് റോഡിലെ മഖ്ദൂം ഭവനമായ പഴയകത്തിനടുത്തായിരിക്കാം മരക്കാരുടെ വാസസ്ഥലം. ഇവിടെ നിന്ന് കിഴക്ക് അരകിലോ മീറ്ററിനകത്താണ് സാമൂതിരിയുടെ തൃക്കാവ് കോവിലകവും. അവിടെ നിന്ന് അരകിലോ മീറ്റര്‍ അകലത്തിലാണ് ബാര്‍ളി കുളത്തിനടുത്ത് സാമൂതിരി ഏറാള്‍പ്പാടിന്റെ വൈരനെല്ലൂര്‍ കോവിലകവും സ്ഥിതി ചെയ്തിരുന്നത്. 16-ാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ തന്നെ സാമൂതിരി-മഖ്ദൂം-മരക്കാര്‍ ബന്ധം സുദൃഢമായിരുന്നുവെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തില്‍ ആദ്യമായി അധിനിവേശ വിരുദ്ധപോരാട്ടത്തിന് ആരംഭം കുറിച്ച ഇടം പൊന്നാനിയാണെന്ന് ന്യായമായും ഉറപ്പിക്കാം.
സാമൂതിരി-മഖ്ദൂം-മരക്കാര്‍ സംയുക്തസേന രൂപീകരിച്ച് പോരാട്ടങ്ങള്‍ നടന്ന കാലഘട്ടം 1508 മുതല്‍ 1584 വരെയാണ്. സംയുക്തസേന നേടിയ പല ഉജ്ജ്വല വിജയങ്ങളിലും നിര്‍ണായക സ്ഥാനം പൊന്നാനിക്കുണ്ട്. 1498-നും 1600-നും ഇടയില്‍ ഒരു നൂറ്റാണ്ടില്‍ 15 ഓളം സാമൂതിരിമാരും സേനാനായകരായ നാല് കുഞ്ഞാലി മരക്കാന്‍മാരും മഖ്ദൂമുകളില്‍ ഏറ്റവും പ്രത്ഭരായ ശൈഖ് സൈനുദ്ദീന്‍ ഇബ്‌നു അലി (ഒന്നാം മഖ്ദൂം), അല്ലാമ അബ്ദുല്‍ അസീസ് ഇബ്‌നു സൈനുദ്ദീന്‍ (രണ്ടാം മഖ്ദൂം), അഹമ്മദ് സൈനുദ്ദീന്‍ ഇബ്‌നു ഗസ്സാലി (മൂന്നാം മഖ്ദൂം) എന്നീ മൂന്നു മഖ്ദൂമുകളും ജീവിച്ചിരുന്നു. സാമൂതിരി പദവി അലങ്കരിക്കാന്‍ അക്കാലത്തെ രാജവാഴ്ച വ്യവസ്ഥയനുസരിച്ച് പ്രായക്കൂടുതലുള്ളവര്‍ക്കേ അധികാരമുള്ളു. അതുകൊണ്ടാണ് ഈ കാലയളവില്‍ സാമൂതിരിമാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. പറങ്കികള്‍ക്കെതിരെ ഈ ത്രിമൂര്‍ത്തി കൂട്ടായ്മ ഉണ്ടായിരുന്നില്ലെങ്കില്‍ പിന്നീട് നിലവില്‍ വന്ന ബ്രിട്ടീഷ് ഇന്ത്യക്ക് പകരം പോര്‍ച്ചുഗീസ് ഇന്ത്യയാകുമായിരുന്നു.
കച്ചവടത്തിനായി എത്തിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി തുടര്‍ന്ന് ക്രമാനുഗതമായി ഇന്ത്യയിലെ പല പ്രദേശങ്ങളുടെയും അധികാരം കൈയടക്കി നടത്തിയ ഭരണം അഴിമതിയിലും അരാജകത്വത്തിലും മുഴുകി. ഈ ദുര്‍ഭരണത്തിനെതിരായി മുസ്‌ലിംകളും ഹിന്ദുക്കളും അണിചേര്‍ന്ന് നടത്തിയ പോരാട്ടമാണ് 1857 ലെ ശിപായി ലഹള. ഇന്ത്യാ ചരിത്രത്തിലെ നിര്‍ണായക നാഴികക്കല്ലുകളില്‍ ഒന്നാണിത്. ഔദ്യോഗികമായി ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പോരാട്ടത്തിന് മൂന്നര നൂറ്റാണ്ടു മുമ്പേ ഉല്‍ബോധനം നടത്തിയും മഹാകാവ്യങ്ങള്‍ രചിച്ചും ഗ്രാമഗ്രാമാന്തരങ്ങളിലും നഗരനഗരാന്തരങ്ങളിലും സഞ്ചരിച്ച് ദേശസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന മഹനീയ സന്ദേശത്തിലൂടെ ഒരു ജനതയെ വൈദേശിക വിരുദ്ധ പോരാട്ടത്തില്‍ മുന്നണിപോരാളികളുടെ സുശക്ത റെജിമെന്ററാക്കി നെഞ്ചുറപ്പോടെ അടര്‍ക്കളത്തില്‍ അടരാടിയ സാമൂതിരി-മഖ്ദൂം-മരക്കാര്‍ സംയുക്ത പോരാട്ടങ്ങള്‍ പോലുള്ളവ ചരിത്രത്തില്‍ അപൂര്‍വ്വം. ഒന്നാം സ്വാതന്ത്ര്യസമരം പരാജയം ഏറ്റുവാങ്ങിയതും തോറ്റുനേടിയതുമായിരുന്നെങ്കില്‍ സംയുക്ത പോരാട്ടങ്ങള്‍ അധികവും വിജയം കൊയ്തവയായിരുന്നു. ചോരകൊണ്ടഴുതിയ പടയോട്ടങ്ങളുടെ വീരേതിഹാസം രചിച്ച നൂറ്റാണ്ടെന്നു ചരിത്രം ഒരേസ്വരത്തില്‍ വിശേഷിപ്പിച്ച 1500 മുതല്‍ 1600 വരെ, ഒരു നൂറ്റാണ്ടുകാലത്തെ സുപ്രധാന സംഭവങ്ങളുടെ നാള്‍വഴിയിലൂടെ:
ഗാമയുടെ തിരിച്ചുപോക്കിന് ശേഷം ക്രി.വ: 1500 ല്‍ ആയിരത്തി അഞ്ഞൂറോളം ഭടന്മാരും യുദ്ധ സാമഗ്രികളുമായി പെഡ്രോ അല്‍വാരിസ് കബ്രാളിന്റെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസില്‍നിന്ന് കൂടുതല്‍ കപ്പലുകളിലായി യാത്ര തിരിച്ചെങ്കിലും ആറു കപ്പലുകളാണ് കോഴിക്കോട്ടെത്തിയത്. ബര്‍ത്തലാമ്യഡിഡയാസ്, നിക്കോലാസ് കൊയിലോ തുടങ്ങിയ പ്രമുഖരും കൂടെ വന്നു. ആഗസ്റ്റ് 30ന് സാമൂതിരിയെ മുഖം കാണിച്ച കബ്രാള്‍ ചരക്കുകള്‍ക്ക് അധിക വില നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ പ്രലോഭിപ്പിച്ചു. മുസ്‌ലിംകള്‍ക്ക് ചരക്കുകള്‍ നല്‍കുന്നതും അറബി നാടുകളിലേക്ക് കയറ്റിയിറക്കുമതി നടത്തുന്നതും തടഞ്ഞു. പ്രതികരിച്ച മുസ്‌ലിംകളെ പറങ്കികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. വിവരമറിഞ്ഞ സാമൂതിരി അക്രമികളെ കണ്ടെത്തി തൂക്കുമരം ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ നടപ്പാക്കി.
കോഴിക്കോട് സുരക്ഷിതമല്ലെന്ന് ഗ്രഹിച്ച പറങ്കികള്‍ പന്തലായനിയില്‍ ക്രൂരമായ നരഹത്യ നടത്തിയ ശേഷം സാമൂതിരിയുടെ അധികാരം അംഗീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്ന കൊച്ചിയിലേക്ക് നീങ്ങി. 1500 മുതല്‍ 1503 വരെ അവിടത്തെ രാജാവായ ഉണ്ണിരാമ വര്‍മ ഒന്നാമനുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു. അക്കാലത്ത് സാമൂതിരിയുടെ മേല്‍ക്കോയ്മയുടെ അധികാര പരിധി വടക്ക് പുതുപ്പട്ടണം മുതല്‍ തെക്ക് കായംകുളം വരെയായിരുന്നു. സാമൂതിരിയുടെ സാമന്തനായി കഴിയാനുള്ള അപമാനം കൊണ്ടാണ് കൊച്ചി പറങ്കികളെ സഹര്‍ഷം സ്വാഗതം ചെയ്തത്. കബ്രാളിനും സംഘത്തിനും സമുചിതമായ സ്വീകരണമാണ് കൊച്ചിരാജാവ് നല്‍കിയത്. സാമൂതിരിയില്‍നിന്ന് കൊച്ചിയെ മോചിപ്പിക്കാമെന്നും കേരളത്തിന്റെ മൊത്തം രാജാവായി വാഴിക്കാമെന്നും കബ്രാള്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് പറങ്കികളോടൊത്ത് കൊച്ചിയും സാമൂതിരിയെയും മുസ്‌ലിംകളെയും തകര്‍ക്കാന്‍ തന്ത്രങ്ങള്‍ ശക്തമായി ആവിഷ്‌കരിച്ചു.
1501 നവംബറില്‍ കപ്പിത്താനായ ജോആവോഡിനോവയുടെ നേതൃത്വത്തിലെത്തിയ പറങ്കികള്‍ കിരാതവാഴ്ച നടത്തി. മുസ്‌ലിം സൈന്യം യുദ്ധത്തിനൊരുങ്ങിയതോടെ അവര്‍ ഇവിടം വിട്ടു.
1502ല്‍ 20 വലിയ കപ്പലുകളും അതിനൊത്ത യുദ്ധ സന്നാഹങ്ങളുമായി ഗാമയുടെയും സംഘത്തിന്റെയും രണ്ടാം വരവ് കണ്ണൂരിലേക്കായിരുന്നു. ഇന്ത്യ, അറേബ്യ, പേര്‍ഷ്യ എന്നീ രാജ്യങ്ങളുടെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും അഡ്മിറല്‍ (ഇന്ത്യന്‍ സമുദ്രപതി)ആയി സ്വയം പ്രഖ്യാപിച്ചിട്ടായിരുന്നു ഗാമയുടെ വരവ്. ലൂയിസ് കുട്ടിന്‍ഹൊ, ഫ്രാന്‍സെസ് കോഡാകുഞ്ഞ, ജാവൊ ലോപസ്സ് പൊറൊസ്റ്റില്ലാ, അഫോണ്‍സോഡാ അഗുയാര്‍, റൈസാ കാസ്റ്റിന്നാഡാ, ഡയാഗ ഫെര്‍ണാണ്ടസ് കൊറിയ, അന്റോണിയോഡ കാബോ തുടങ്ങിയ കപ്പിത്താന്‍മാരും ഗാമയെ അനുഗമിച്ചു.
ഈ യാത്രക്കിടയില്‍ ഹജ്ജ് കര്‍മം കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങി വരുന്ന ഒരു കപ്പല്‍ ഏഴിമലക്കടുത്ത് എട്ടികുളത്തുവെച്ച് പറങ്കി സംഘം തട്ടിയെടുത്ത് കിരാതമര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ടു. കോഴിക്കോട്ടെ പൗര പ്രമുഖനും ഉദാര മനസ്‌കനുമായ കാജാ ഖാസിമിന്റെ സഹോദരന്‍ കാജാ സയ്യിദിന്റെതായിരുന്നു കപ്പല്‍. ചരക്കുകളും സ്വര്‍ണവും പണവും സാധനസാമഗ്രികളും ഉള്‍പ്പടെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന മുന്നോറോളം ഹാജിമാര്‍ കപ്പലിലുണ്ടായിരുന്നു. കപ്പലടക്കം മുഴുവന്‍ ചരക്കുകളും സമ്പത്തും മറ്റും നല്‍കാമെന്ന പല ഉറപ്പുകളും കപ്പലുടമയും സംഘവും ഗാമക്ക് നല്‍കി. മോചനദ്രവ്യമായി വലിയൊരു തുക വേറെയും കൊടുക്കാമെന്ന് ഏറ്റു. ഇതിനു പുറമെ കപ്പല്‍ സുരക്ഷിതമായി കരക്കണയാന്‍ അനുവദിച്ചാല്‍ ഇരുപത് കപ്പല്‍ നിറയെ ചരക്കുകളും സാമൂതിരിയുമായി സൗഹാര്‍ദ്ദത്തിന് അന്തരീക്ഷം ഒരുക്കാമെന്നും കപ്പലിലുണ്ടായിരുന്ന ഈജിപ്ത് സുല്‍ത്താന്റെ പ്രതിനിധി ഉറപ്പു നല്‍കി. ജീവനുവേണ്ടി സര്‍വരും കേണപേക്ഷിച്ചു. വര്‍ഗീയ തിമിരം ബാധിച്ച ഗാമ അതൊന്നും ശ്രവിക്കാന്‍ ഒരുക്കമല്ലായിരുന്നു. കപ്പലിലെ സമ്പത്ത് മുഴുവന്‍ കൊള്ള ചെയ്തു. ലിസ്ബന്‍ ക്രിസ്ത്യന്‍ ദേവാലയത്തിലേക്ക് അഗതികളാക്കാന്‍ വഴിപാട് നേര്‍ന്ന 20 കുട്ടികളെ കപ്പലില്‍ നിന്ന് പുറത്തേക്ക് മാറ്റിനിര്‍ത്തി. തുടര്‍ന്ന് ഹാജിമാരെ മുഴുവന്‍ ചങ്ങലക്കിട്ട് ബന്ധനസ്ഥരാക്കിയ ശേഷം കപ്പല്‍ അതിദാരുണമായി തീവെച്ചു. സ്ത്രീകള്‍ കുട്ടികളെയും കൈയിലേന്തി അട്ടഹസിച്ച് കരയുന്ന ദയനീയ കാഴ്ച ഗാമയും സംഘവും കണ്ട് രസിച്ചു. തക്ബീര്‍ ചൊല്ലിക്കൊണ്ട് പറങ്കികളെ നേരിട്ട തീര്‍ത്ഥാടകര്‍ ആത്മാഭിമാനത്തോടെ വീരമൃത്യു വരിച്ചു. ഈ സംഭവം വിശദീകരിച്ചതില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രസിദ്ധ ചരിത്ര കൃതികള്‍ ഈ ചെയ്തികളെ പൈശാചികം എന്നാണ് വിശേഷിപ്പിച്ചത്. ഗാമയുടെ സഹയാത്രികന്‍ ജാവോ ലോപ്പസ് പറയുന്നത് നോക്കൂ: ''ഏഴു രാത്രിയും ഏഴു പകലും നീണ്ടുനിന്ന ആ ദുരന്തം വിവരിക്കാന്‍ എന്റെ നാവ് അശക്തമാണ്.''
മലബാറിന്റെ മന:സാക്ഷിയെ മുഴുവനും ഞെട്ടിച്ച ഈ നരനായാട്ട് കാരണം മുസ്‌ലിംസിരകളില്‍ രക്തം തിളച്ചു. മഖ്ദൂം ഒന്നാമന്‍ വിശുദ്ധ യുദ്ധത്തിന് (ജിഹാദ്) ആഹ്വാനം ചെയ്തു. മുസ്‌ലിംകള്‍ കൂട്ടത്തോടെ പറങ്കികള്‍ക്കെതിരെ പോരാടാനും ജീവത്യാഗത്തിനും തയ്യാറായി. മഖ്ദൂം രചിച്ച തഹ്‌രീളിന്റെ കൈയെഴുത്ത് പ്രതികള്‍ കേരളത്തിലെ വിവിധ മഹല്ലുകളിലേക്കും പ്രധാന രാജാക്കന്മാര്‍ക്കും, ഈജിപ്ത്, തുര്‍ക്കി, അറേബ്യ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളിലേക്കും കൊടുത്തയച്ചു. മുസ്‌ലിംകളെയും മുസ്‌ലിം ഭരണാധികാരികളെയും സാമ്രാജ്യത്വ വിരുദ്ധ മുഖത്ത് ആദ്യമായി സജീവമാക്കിയത് ഈ കാവ്യമായതിനാല്‍ കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ പ്രഥമ മാനിഫെസ്റ്റോ ആയി തഹ്‌രീളിനെ പരിഗണിക്കാം.
തഹ്‌രീള് രചിച്ചത് എന്നാണെന്ന് കൃത്യമായ രേഖകളില്ല. ഗാമയുടെ പുനരാഗമനത്തോടെ പറങ്കിപ്പടയുടെ ക്രൂര നരനായാട്ട് നടന്ന 16-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെയാവാനാണ് സാധ്യത. മഖ്ദൂം ഒന്നാമന്റെ ജീവിത കാലവും (1467-1522) വലിയ പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയായ വര്‍ഷവും (1519) മറ്റ് സാഹചര്യ തെളിവുകളും പരിഗണിക്കുമ്പോള്‍ പിതൃവ്യന്‍ അല്ലാമ സൈനുദ്ദീന്‍ ഇബ്രാഹിം താമസിച്ചിരുന്ന കൊച്ചിലിമാനകം തറവാട്ടില്‍നിന്ന് പിരിഞ്ഞ് മഖ്ദൂം സ്വന്തമായി പണിത പഴയകം തറവാട്ടിലും അതിന്റെ വേലിക്കകത്ത് അദ്ദേഹം തന്നെ 1485ല്‍ നിര്‍മിച്ച ചെറിയ മസ്ജിദായ മഖ്ദൂമിയ്യ അകത്തെ പള്ളിയെന്ന് ഇപ്പോള്‍ പുകള്‍പെറ്റ മസ്ജിദിലും വെച്ചായിരിക്കാം തഹ്‌രീളിന്റെ രചന പൂര്‍ത്തിയാക്കിയത്.
അമുസ്‌ലിംകള്‍ക്കെതിരില്‍ മുസ്‌ലിംകള്‍ നടത്തുന്ന വിശുദ്ധ യുദ്ധത്തിനാണ് ജിഹാദ് എന്ന പദം പൊതുവെ ഉപയോഗിക്കുക എന്നതെന്നാണ് തെറ്റിദ്ധാരണ. എന്നാല്‍ തികഞ്ഞ ഹൈന്ദവ വിശ്വാസികളും ഭക്തരുമായ സാമൂതിരി രാജാക്കന്മാരുടെ നിയന്ത്രണത്തില്‍ നടന്നിരുന്ന പോരാട്ടങ്ങള്‍ക്കാണ് മഖ്ദൂം തന്റെ രചനകളില്‍ ജിഹാദ് എന്ന വാക്ക് പ്രയോഗിച്ചിരുന്നത് എന്ന് പ്രത്യേകം സ്മരണീയമാണ്. പറങ്കികളോട് യുദ്ധം ചെയ്യുന്നത് കൊണ്ടുള്ള ഗുണഫലങ്ങള്‍ തഹ്‌രീള് വിശദീകരിക്കുന്നുണ്ട്. ആയുധം കൊണ്ടും ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും യുദ്ധം ചെയ്യല്‍ ഓരോ മുസ്‌ലിമിന്റെയും നിര്‍ബ്ബന്ധ കടമയാണെന്നും അടിമകള്‍ക്ക് ഉടമകളുടെയും ഇണക്ക് തുണയുടെയും മകള്‍ക്ക് പിതാവിന്റെയും അനുവാദം ലഭിക്കാതെ തന്നെ സാമൂതിരി നേതൃത്വം നല്‍കുന്ന യുദ്ധ മുന്നണിയില്‍ അണിചേരണമെന്ന് മഖ്ദൂം ആഹ്വാനം ചെയ്യുന്നു.
പല പോരാട്ടങ്ങളിലും അല്ലാമ അബ്ദുല്‍ അസീസ് അടര്‍ക്കളത്തില്‍ അടരാടിയും ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ തുഹ്ഫത്തുല്‍ മുജാഹിദീന്‍ രചിച്ച് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് താത്ത്വിക അംഗീകാരവും ആഹ്വാനവും നല്‍കിയും അരങ്ങില്‍ നിറഞ്ഞുനിന്നു. അക്ബര്‍ ചക്രവര്‍ത്തിയുടെ സമകാലികനായ സൈനുദ്ദീന്‍ രണ്ടാമന് അക്കാലത്തെ ഭരണാധികാരികളും രാജാക്കന്മാരും പണ്ഡിത ശ്രേഷ്ഠരുമായുള്ള ബന്ധം സുദൃഢമായിരുന്നു. വിശ്വപ്രശസ്തമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ തന്നെ ശിയാ വീക്ഷണത്തില്‍ നിലകൊണ്ട ബീജാപ്പുര്‍ സുല്‍ത്താന്‍ അലി ആദില്‍ഷാക്കാണ് സമര്‍പ്പിച്ചത്. ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും മക്കയിലും ഉപരിപഠനം നടത്തിയ ബഹുഭാഷാ പണ്ഡിതരും വിപുലമായ സുഹൃദ്ബന്ധത്തിന്റെ ഉടമകളുമായ മഖ്ദൂമുകള്‍ അറേബ്യന്‍ രാഷ്ട്രത്തലവന്‍മാരും ഇതര രാജാക്കന്മാരുമായി കത്തിടപാടുകള്‍ നടത്താനും നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും സാമൂതിരിയെ സഹായിച്ചു. ഈ മതേതര കാഴ്ചപ്പാട് ഒരു പരിധി വരെ സാമൂതിരിയുടെ പോരാട്ടങ്ങള്‍ക്ക് അന്നത്തെ ചില ശാക്തികചേരികളുടെ പിന്തുണ ലഭിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് ന്യായമായും അനുമാനിക്കാം.
1503:- പറങ്കികളെ തുരത്താന്‍ ആദ്യമായി കൊച്ചിയിലേക്ക് പുറപ്പെട്ട സാമൂതിരിയുടെ സൈന്യത്തോടൊപ്പം മൂന്നു വഞ്ചി നിറയെ പൊന്നാനി യോദ്ധാക്കളും ഏഴ് വഞ്ചികളില്‍ വെളിയംകോട്, പന്തലായിനി, കക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ പോരാളികളും സംഗമിച്ച് പറങ്കി കപ്പലുകള്‍ തടഞ്ഞു. ഉഗ്ര യുദ്ധം തന്നെ നടന്നു. തദ്ദേശീയര്‍ക്കായിരുന്നു വിജയം. വര്‍ഷക്കാലം ആരംഭിച്ചതിനാല്‍ യുദ്ധം നിര്‍ത്തേണ്ടി വന്നു. ഈ കൊല്ലമാണ് കൊച്ചിയില്‍ പറങ്കികള്‍ കോട്ട നിര്‍മിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഈ പോര്‍ച്ചുഗീസ് കോട്ടക്ക് തങ്ങളുടെ രാജാവായ മാനുവലിന്റെ പേരാണ് നല്‍കിയത്.
1507:- പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡയും സൈന്യവും പൊന്നാനി ആക്രമിച്ചു. ഈ സംഘത്തിലെ പ്രമുഖാംഗം വാര്‍ത്തോമ പറയുന്നത് നോക്കൂ:''മറ്റേത് പ്രദേശത്തേക്കാളും ഉഗ്രമായ പോരാട്ടമാണ് നാം ഇവിടെ അഭിമുഖികരിച്ചത്. പശ്ചിമതീരത്തെ ശക്തിദുര്‍ഗമായ ഈ ദേശം ആക്രമിക്കാന്‍ കഴിഞ്ഞതില്‍ നമുക്ക് അതിയായ സന്തോഷമുണ്ട്.''
ഈ പോരാട്ടത്തില്‍ പറങ്കികള്‍ക്കെതിരെ തദ്ദേശീയരുടെ ചെറുത്തുനില്‍പ്പ് ശക്തമായിരുന്നു. രക്തസാക്ഷികളാവാന്‍ പ്രതിജ്ഞയെടുത്ത അവര്‍ 18 പറങ്കികളെ കൊന്നു. വീരമൃത്യുവരിക്കാനുള്ള മുസ്‌ലിംകളുടെ ആവേശത്തെക്കുറിച്ച് സഞ്ചാരിയായ ഫ്രാങ്കോയിസ് പിരാള്‍ഡ് എഴുതുന്നു: ''മുസ്‌ലിംകളുമായുള്ള യുദ്ധം ക്രൂരവും കരുണയില്ലാത്തതുമാണ്. കാരണം മുസ്‌ലിംകള്‍ വളരെ ധൈര്യമുള്ളവരും കീഴടങ്ങുന്നതിനേക്കാള്‍ മരണത്തിന് പ്രാമുഖ്യം കൊടുക്കുന്നവരുമാണ്. പറങ്കി കമാണ്ടറായ അള്‍മേഡ 1507 നവംബറില്‍ പൊന്നാനിയില്‍ യുദ്ധത്തിനായി വന്നപ്പോള്‍ പല മുസ്‌ലിംകളും വീരചരമം പ്രാപിക്കാന്‍ നേര്‍ന്നു തല മുണ്ഡനം ചെയ്ത് പള്ളിയില്‍ കൂട്ടം കൂടി ഉറക്കമിളച്ച് സന്നദ്ധരായി ഇരിക്കുന്നതു കണ്ടു.''
1510:- ഈജിപ്തിലേക്ക് ആദ്യമായി അയച്ച നിവേദക സംഘത്തില്‍ സാമൂതിരിയുടെ പ്രത്യേക ദൂതനായി മരക്കാരുമുണ്ടായിരുന്നു. തുടര്‍ന്ന് അവിടെ 1510-16 കാലത്ത് ഭരിച്ചിരുന്ന സുല്‍ത്താന്‍ ഖാനിസുല്‍ ഗൗരി തന്റെ യുദ്ധമന്ത്രി മീര്‍ഹുസൈന്റെ നേതൃത്വത്തില്‍ 13 കപ്പല്‍ നിറയെ 1500 ഭടന്‍മാരെ ഇന്ത്യയിലേക്ക് അയച്ചു. ഇവര്‍ സാമൂതിരി സൈന്യവുമായി ചേര്‍ന്ന് ഗുജറാത്തിന്റെ തെക്ക് ചൗള്‍ ദ്വീപില്‍ പറങ്കികളുമായി ഉഗ്രപോരാട്ടം നടത്തി. പറങ്കികളെ തറപറ്റിച്ചു. ഈ വര്‍ഷം കോഴിക്കോട് നടന്ന യുദ്ധത്തില്‍ നാഖുദാ മിശ്ക്കാല്‍ പള്ളി പറങ്കികള്‍ തീവെച്ചു. പൊന്നാനിയിലെത്തിയ പറങ്കികള്‍ കടപ്പുറത്ത് അമ്പത് വഞ്ചികള്‍ അഗ്നിക്കിരയാക്കുകയും എഴുപത് മുസ്‌ലിംകളെ വധിക്കുകയും ചെയ്തു. സാമൂതിരിയുടെ നിര്‍ദ്ദേശാനുസരണം മഖ്ദൂം അറബിയില്‍ അയച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈജിപ്ത് (മിസര്‍)ല്‍ നിന്നെത്തിയ സൈന്യം കുറച്ചുനാള്‍ പൊന്നാനിയിലും തമ്പടിച്ചു. ഇവര്‍ കേന്ദ്രീകരിച്ച സ്ഥലത്താണ് വലിയപള്ളിക്കടുത്തുള്ള മിസ്‌രിപള്ളി. പൊന്നാനിയിലെ പുരാതന പള്ളികളില്‍നിന്ന് വിഭിന്നമായി കോട്ടക്കല്‍ മരക്കാര്‍ പള്ളിയോട് ഏതാണ്ട് രൂപസാദൃശ്യമുള്ളതാണ് മിസ്‌രിപള്ളി.
1520 ആകുമ്പോഴേക്കും മുസ്‌ലിംകള്‍ സ്വന്തമായി സംയുക്ത നാവികപ്പട രൂപീകരിച്ചതായി ഡോ: ഫ്രാന്‍സിസ് ബുക്കാനന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1523:- കൊടുങ്ങല്ലൂരില്‍ മുസ്‌ലിംകളും യഹൂദരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മുസ്‌ലിം കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ കലാപം യുദ്ധത്തില്‍ കലാശിച്ചു. കൊടുങ്ങല്ലൂരിലെ മുസ്‌ലിംകള്‍ ദുര്‍ബ്ബലരായിരുന്നതിനാല്‍ യഹൂദരുമായുള്ള യുദ്ധത്തിന് പൊന്നാനി ഉള്‍പ്പെടെ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുസ്‌ലിം പോരാളികള്‍ കൊടുങ്ങല്ലൂരിലെത്തി. വിജയം മുസ്‌ലിം പക്ഷത്തിനായിരുന്നു.
1524:- ഡി മെനിസസിന്റെ നേതൃത്വത്തില്‍ പൊന്നാനി അതിക്രൂരമായ ആക്രമണത്തിനു വിധേയമായി. വീടുകള്‍, പാണ്ടികശാലകള്‍, പള്ളികള്‍ അഗ്നിക്കിരയാക്കി. മുസ്‌ലിംകളെ സാമ്പത്തികമായി നട്ടെല്ലൊടിക്കാന്‍ പുഴയോരത്ത് തിങ്ങിനിറഞ്ഞുനിന്നിരുന്ന കായ്ഫലമുള്ള ധാരാളം കേര വൃക്ഷങ്ങള്‍ വെട്ടി നശിപ്പിച്ചു. തുടര്‍ന്നുണ്ടായ പോരാട്ടത്തില്‍ കൂടുതല്‍ മുസ്‌ലിംകള്‍ രക്തസാക്ഷിത്വം വരിച്ചു. 1522ല്‍ ഒന്നാം മഖ്ദൂമിന്റെ വിയോഗവും തുടര്‍ന്നുണ്ടായ ദാരുണ സംഭവങ്ങളും ഹേതുവായി 1524 ല്‍ മരക്കാരും കുടുംബവും പൊന്നാനി വിട്ടു. ഈ പരമ്പരയുടെ പിന്‍മുറക്കാരായത് കൊണ്ടാവാം ഇവിടുത്തെ ചില തറവാട്ടുകാര്‍ മരക്കാര്‍ വംശനാമം ചേര്‍ത്ത് ഇന്നും അറിയപ്പെടുന്നത്. കുട്ട്യാമു മരക്കാരകം, കുട്ടൂസ്സ മരക്കാരകം, കുഞ്ഞി മരക്കാരകം, മാമു മരക്കാരകം, മൂസക്കോയ മരക്കാരകം തുടങ്ങിയവ ഉദാഹരണം.
1528:- പൊന്നാനിപ്പുഴക്ക് വടക്ക് വെട്ടത്തുനാട് (താനൂര്‍) രാജാവിന്റെ അധീനത്തിലുള്ള ദേശത്ത് കോട്ട നിര്‍മിക്കാന്‍ പറങ്കികള്‍ക്ക് അനുവാദം ലഭിച്ചു. സാമൂതിരി സംഘത്തിന്റെ വ്യാപാരം മുടക്കലും പൊന്നാനി തകര്‍ക്കലുമായിരുന്നു മുഖ്യ ലക്ഷ്യം. കോട്ട നിര്‍മാണത്തിന് സാധന സാമഗ്രികളുമായി ഏതാനും കപ്പലുകള്‍ കൊച്ചിയില്‍നിന്നു പുറപ്പെട്ടു. വെളിയംകോടിനരികെ ഒരു ചെറിയ കപ്പല്‍ ഒഴികെ എല്ലാം കൊടുങ്കാറ്റിലകപ്പെട്ടു തകര്‍ന്നു. പറങ്കികളുടെ യുദ്ധപദ്ധതി പൊളിഞ്ഞു. പറങ്കികളില്‍നിന്ന് പിടിച്ചെടുത്ത വലിയ പീരങ്കികള്‍ വെളിയംകോട്ടുകാര്‍ സാമൂതിരിക്ക് കാഴ്ചവെച്ചു.
1531:- മലബാറില്‍ പോര്‍ച്ചുഗീസ് ആധിപത്യത്തിനു കരുത്തേകിയ സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ കഠാരിയെന്ന് ചരിത്രം വിശേഷിപ്പിച്ച ചാലിയം കോട്ട പറങ്കി ഗവര്‍ണര്‍ നൂനൊ ഡാകുന്‍ പണിതു. മാലിക്ക്ബ്‌നു ദീനാറിന്റെ കാലത്തെ മുസ്‌ലിം പള്ളിയും മറ്റു രണ്ടു പള്ളികളും തകര്‍ത്തും അതിന്റെ ഖബറിടങ്ങളിലെ കല്ലുകള്‍ അടര്‍ത്തിയെടുത്തുമാണ് കോട്ട നിര്‍മിച്ചത്. ചാലിയത്ത് ആസ്ഥാനം ഉറപ്പിച്ച് കോഴിക്കോട്ടെ മുസ്‌ലിം വ്യാപാര കുത്തക നശിപ്പിക്കലായിരുന്നു പറങ്കികളുടെ ഗൂഢ ലക്ഷ്യം.
1540:- സാമൂതിരി പ്രതിനിധിയായി നാവിക സൈന്യാധിപന്‍ കുഞ്ഞാലി മരക്കാരുടെ ബന്ധുവായ കുട്ട്യാലി മരക്കാരും പറങ്കി പ്രതിനിധി ഡോം അല്‍ വാരിസും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഇരുവിഭാഗവും സന്ധിചെയ്യാന്‍ തീരുമാനിച്ചു. കൊടുങ്ങല്ലൂര്‍, താനൂര്‍ നാടുവാഴികളുടെ പ്രോത്സാഹനത്താല്‍ നടന്ന സന്ധി സംഭാഷണത്തിന് വേണ്ടി പൊന്നാനി തൃക്കാവ് കോവിലകത്തായിരുന്ന സാമൂതിരിയെ പ്രതീക്ഷിച്ച് പറങ്കിപ്പടകപ്പല്‍ എസ്. മാത്യൂസ് നേരത്തെ തന്നെ പൊന്നാനി തുറമുഖത്തെത്തിയിരുന്നു. സാമൂതിരിയും പറങ്കി തലവനും ഈ കപ്പലില്‍ വെച്ചാണ് ഉടമ്പടി ചെയ്തത്. ഇത് പൊന്നാനി ഉടമ്പടി എന്ന പേരിലാണ് അറിയപ്പെട്ടത്. ഇത് പിന്നീട് പറങ്കികള്‍ പാലിച്ചില്ല.
1550:- പൊന്നാനിയിലെ അനവധി വീടുകളും കച്ചവടശാലകളും വലിയ പള്ളി അടക്കം നാലു പള്ളികളും പറങ്കികള്‍ തീവെച്ചു നശിപ്പിച്ചു.
1553:- തൃക്കാവ് കോവിലകത്തായിരുന്ന സാമൂതിരിയെ മാലിയില്‍ നിന്നെത്തിയ തുര്‍ക്കിയുടെ ദൂതനായ യൂസുഫ് സന്ദര്‍ശിച്ച് പറങ്കികള്‍ക്കെതിരെ പോരാട്ടങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കി. അദ്ദേഹം കൊണ്ടുവന്ന തോക്കുകളുടെ ശേഖരം സാമൂതിരിക്ക് നല്‍കി. യൂസുഫ് കുറച്ചുനാള്‍ പൊന്നാനിയില്‍ തങ്ങി. തുടര്‍ന്ന് നടന്ന യുദ്ധങ്ങളില്‍ സാമൂതിരിയുടെ സൈന്യം ഈ തോക്കുകളും ഉപയോഗിച്ചിരുന്നു.
1556:- ബംഗാളില്‍നിന്ന് നെല്ല്, പഞ്ചസാര തുടങ്ങിയ പലവ്യഞ്ജനങ്ങളുമായി വരുന്ന പറങ്കി കപ്പല്‍ പൊന്നാനി തീരത്തുവെച്ചു പിടിച്ചെടുത്തു.
അധിനിവേശ വിരുദ്ധ സമര ചരിത്രത്തില്‍ പൊന്നാനിയുടെ വീരപുത്രനും മലബാറിന് എക്കാലത്തും അഭിമാനിക്കാവുന്ന സേനാ നായകനുമായ ക്യാപ്റ്റന്‍ കുട്ടിപ്പോക്കരുടെ രംഗപ്രവേശം ഈ അവസരത്തിലാണ്. സാമൂതിരി-മുസ്‌ലിം കച്ചവടക്കപ്പലുകളെ പറങ്കികളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യ ദൗത്യം. ഏറ്റെടുത്ത കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ചു. പോരാട്ട വീര്യവും മെയ്‌വഴക്കവും യുദ്ധ കൗശലവും പ്രതികാര വാഞ്ഛയും മുഖമുദ്രയായ നാടിന്റെ ഈ വീരപുത്രന്‍ കുഞ്ഞാലി രണ്ടാമന്റെയും മൂന്നാമന്റെയും സൈന്യത്തിന്റെ ഉപമേധാവിയായിരുന്നു. അധികവും ഗറില്ലായുദ്ധമുറകളാണ് മരക്കാര്‍സൈന്യം സ്വീകരിച്ചത്. കരയില്‍നിന്ന് നായന്മാര്‍ കൊണ്ടുവന്നിരുന്ന അരിയും വെള്ളവും മത്സ്യത്തൊഴിലാളികള്‍ മുഖേന അവര്‍ക്ക് എത്തിച്ചുകൊടുക്കും.
1568:- പൊന്നാനിക്കാരും പന്തലായിനിക്കാരും അയല്‍ദേശക്കാരും ഉള്‍പ്പെട്ട സൈനിക വ്യൂഹം പതിനേഴു കപ്പലില്‍ ഇവിടെ നിന്നു പുറപ്പെട്ടു. കുട്ടിപ്പോക്കരായിരുന്നു നായകന്‍. ചാലിയത്തിനടുത്തു പറങ്കികളുമായി നടന്ന ഉഗ്രപോരാട്ടത്തില്‍ പൂര്‍ണവിജയം പോക്കര്‍ സേനക്കായിരുന്നു. മലബാറിലെ മികച്ച പോരാട്ടങ്ങളില്‍ ഒന്നായിരുന്നു ഇത്. തുടര്‍ന്ന് കായല്‍പട്ടണം ലക്ഷ്യമാക്കി നീങ്ങിയ ഈ സേന ചോള മണ്ഡലത്തില്‍നിന്നും ധാന്യങ്ങള്‍ കയറ്റിവരുന്ന 22 പറങ്കി കപ്പല്‍ പിടിച്ചെടുത്തു. യാത്രക്കാരും സാധനസാമഗ്രികളും ആനകളും ഉള്‍പ്പെടെയുള്ള കപ്പലുകള്‍ പൊന്നാനിയിലേക്ക് കൊണ്ടുവന്നു.
1571:- മലയാളക്കരയില്‍ പറങ്കികളുടെ തകര്‍ച്ചക്ക് തുടക്കം കുറിച്ച ചാലിയംകോട്ട പിടിച്ചെടുക്കുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്തിയ പ്രദേശങ്ങളില്‍ പൊന്നാനി നിര്‍ണായക പങ്ക് വഹിച്ചു. തദ്ദേശീയരും പറവണ്ണ, ചാലിയം, പരപ്പനങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ യോദ്ധാക്കളും ഉള്‍പ്പെട്ട പ്രൗഢോജ്ജ്വല കൂട്ടായ്മ മലബാറിന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ രോമാഞ്ചദായകമായ അധ്യായമായിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് സാമൂതിരി മന്ത്രിമാരായിരുന്നു. കുഞ്ഞാലി മരക്കാരുടെയും കുട്ടിപ്പോക്കരുടെയും നേതൃത്വത്തില്‍ നാവികസേന കടലില്‍നിന്നും, സാമൂതിരിയുടെ നായര്‍പട കരയില്‍നിന്നും ഒരേ സമയം കോട്ട വളഞ്ഞു. ഉപരോധം നാലു മാസത്തോളം നീണ്ടുനിന്നു. യുദ്ധവിജയത്തിന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കോഴിക്കോട് സാമൂതിരി കോവിലകത്ത് സംഗമിച്ച യോഗത്തില്‍ ഭരണകര്‍ത്താക്കളോടൊപ്പം മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും സജീവ സാന്നിധ്യമേകി. ഒടുവില്‍ ജീവന്‍ നിലനിര്‍ത്താന്‍ പോലും പെടാപാട്‌പെട്ട പറങ്കികള്‍ സര്‍വസ്വവും സാമൂതിരിക്ക് അടിയറവുവെച്ചു. ഈ ചരിത്ര മുഹൂര്‍ത്തത്തിന് നിറസാന്നിധ്യമേകാന്‍ സാമൂതിരിയും പരിവാരവും പുറപ്പെട്ടത് പൊന്നാനി തൃക്കാവ് കോവിലകത്ത് നിന്നായിരുന്നു. യുദ്ധത്തില്‍ ധാരാളം പറങ്കികള്‍ കൊല്ലപ്പെട്ടു. തകര്‍ത്ത കോട്ടയുടെ കല്ലുകളും മരങ്ങളും പറങ്കികള്‍ നശിപ്പിച്ച ചാലിയത്തെ പള്ളിയുടെ പുനര്‍നിര്‍മാണത്തിന് നല്‍കി. അവശേഷിച്ചത് കോഴിക്കോട്ടേക്ക് നീക്കംചെയ്തു.
സാമൂതിരിയുടെ ഉപദേശകനായ രണ്ടാം മഖ്ദൂം അല്ലാമ അബ്ദുല്‍ അസീസ്, കോഴിക്കോട് ഖാസി അബ്ദുല്‍ അസീസ്, അബുല്‍ വഫാ മാമുക്കോയ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠര്‍ പോരാട്ടത്തിന്റെ നേതൃസ്ഥാനികളില്‍ പ്രമുഖരാണ്. സാമൂതിരി പക്ഷത്ത് ആള്‍നാശം കുറവായിരുന്നു. ഈ പോരാട്ട ചരിത്രം കോഴിക്കോട് ഖാസി മുഹമ്മദി (മുഹമ്മദ്ബ്‌നു അബ്ദുല്‍ അസീസ്) ന്റെ ഫതഹുല്‍മുബീന്‍ വിശദീകരിക്കുന്നുണ്ട്.
വിജയശ്രീലാളിതനായ സാമൂതിരി മലബാറിന്റെ വാണിജ്യമേഖലയും മറ്റും പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. മലബാര്‍ ചരിത്രത്തില്‍ പറങ്കികള്‍ക്ക് ഏറ്റ ഏറ്റവും വലിയ പരാജയമായിരുന്നു ഈ പോരാട്ടം. മരക്കാരെയും കുട്ടിപ്പോക്കരെയും സാമൂതിരി പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. അധികം കഴിയുന്നതിന് മുമ്പ് രണ്ടാം കുഞ്ഞാലി മരണപ്പെട്ടു. പട്ടു മരക്കാര്‍ മൂന്നാം കുഞ്ഞാലിയായി സ്ഥാനമേറ്റു. കോട്ടപ്പുഴയുടെ തീരത്തെ ഇരിങ്ങല്‍ കോട്ടക്കലില്‍ സാമൂതിരിയുടെ അനുവാദത്തോടെ അദ്ദേഹം കോട്ടയുടെ നിര്‍മാണം ആരംഭിച്ചു.
1573:- കുട്ടിപ്പോക്കരും സൈന്യവും മംഗലാപുരത്തെ പറങ്കിക്കോട്ട തകര്‍ക്കുകയും കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു. മടക്കയാത്രയില്‍ കണ്ണൂരിനടുത്ത് 15 കപ്പലുകളില്‍ വന്നെത്തിയ പറങ്കികളുമായി നടന്ന ഉഗ്രയുദ്ധത്തില്‍ കുട്ടിപ്പോക്കരും കപ്പലും കടലില്‍ മുങ്ങി വീരചരമം പ്രാപിച്ചു. കുട്ടിപ്പോക്കരുടെ ചരിത്രം മലബാര്‍ ഡിസ്ട്രിക്ട് ഗസറ്റിയേഴ്‌സ് മദ്രാസില്‍ വിവരിക്കുന്നുണ്ട്.
1578:- കൊടുങ്ങല്ലൂര്‍ ക്ഷേത്രദര്‍ശനത്തിനുപോയ സാമൂതിരിയെ ഉന്നതനായ ഒരു പറങ്കി ദൂതന്‍ സന്ദര്‍ശിച്ച് സന്ധിസംഭാഷണം നടത്തി. കോഴിക്കോടും പൊന്നാനിയിലും കോട്ട പണിയാന്‍ അനുവദിക്കണമെന്നതാണ് മുഖ്യ ആവശ്യം. കോഴിക്കോട് കോട്ടക്ക് സാമൂതിരി അനുവാദം നല്‍കിയെങ്കിലും പൊന്നാനിയില്‍ കോട്ട പണിയാന്‍ അനുവദിക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞതിനെ തുടര്‍ന്ന് സംഭാഷണം തല്‍ക്കാലം അവസാനിപ്പിച്ചു. ഈ വര്‍ഷംതന്നെ നടന്ന ഖസറുല്‍ കബീര്‍ യുദ്ധത്തില്‍ വെച്ച് മൊറോക്കക്കാര്‍ പോര്‍ച്ചുഗീസ് രാജാവ് സെബാസ്റ്റ്യനെ വധിച്ചതിനെ തുടര്‍ന്ന് മുസ്‌ലിംകള്‍ക്ക് ആഗോളതലത്തിലും പറങ്കികളുടെ ആധിപത്യത്തിന് തടയിടാന്‍ സാധിച്ചു.
1579:- സാമൂതിരിയുടെ മൂന്നു പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉന്നത തല സംഘം ചര്‍ച്ചക്കായി പോര്‍ച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമായ ഗോവയിലെത്തി. വൈസ്രോയിയുടെ നേതൃത്വത്തില്‍ രാജകീയ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്. സംഭാഷണത്തില്‍ പൊന്നാനി കോട്ടയുടെ കാര്യത്തില്‍ പറങ്കികള്‍ ഉറച്ചുനിന്നു. സാമൂതിരി വിഭാഗം വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ചര്‍ച്ച അലസിപ്പിരിഞ്ഞു.
1583-84:- കച്ചവട സീസണ്‍ ആരംഭിച്ചപ്പോള്‍ പറങ്കികള്‍ വീണ്ടും സന്ധിക്ക് സന്നദ്ധമായി. ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം പൊന്നാനി കോട്ട നിര്‍മാണം അനുവദിച്ചു. പുതിയ വൈസ്രോയിയുമായി നടന്ന തുടര്‍ചര്‍ച്ചകള്‍ ഹേതുവായി സാമൂതിരിയുടെയും പ്രജകളുടെയും കച്ചവടസംഘത്തിന് ഗുജറാത്ത് മുതലായ പ്രദേശങ്ങളിലേക്കും അറേബ്യന്‍ നാടുകളിലേക്കും കടലില്‍ നിര്‍ഭയം സഞ്ചരിക്കാന്‍ സുഗമമായ സന്ദര്‍ഭം തിരിച്ചുകിട്ടി. പക്ഷെ, അപ്പോഴേക്കും ആഗോളതലത്തില്‍ വ്യാപാര രംഗത്ത് മുന്നേറാനുള്ള ആത്മവീര്യം മുസ്‌ലിംകളില്‍ പിന്നോട്ടായിത്തുടങ്ങിയിരുന്നു.
ചാലിയം കോട്ടയുടെ നിര്‍മാണത്തോടെ പറങ്കികള്‍ക്ക് മലബാറില്‍ കൈവന്ന ശക്തിയും അന്തസും കോട്ടയുടെ തകര്‍ച്ചയോടെ അനുദിനം കുറഞ്ഞുവന്നു. തുടര്‍ന്ന് സ്വാധീനം പുനഃസ്ഥാപിക്കാന്‍ പെടാപ്പാടുപെടുന്ന പറങ്കികളെയാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്. ചരിത്രഗതി പരിവര്‍ത്തിതമാക്കിയ ഈ സംഭവത്തെ തുടര്‍ന്ന് മുഖ്യ പരിഹാരമായി അവര്‍ സ്വീകരിച്ച മാര്‍ഗം പൊന്നാനി കോട്ട നിര്‍മാണമായിരുന്നു. മരക്കാന്മാരുടെ ആധിപത്യം ആരംഭിച്ചത് മുതല്‍ അവരുടെ അകമ്പടിയോടെയുള്ള സുരക്ഷാവലയത്തിനകത്തായിരുന്നു കോഴിക്കോട് നിന്ന് സാമൂതിരിയുടെയും മുസ്‌ലിംകളുടെയും കച്ചവട കപ്പലുകള്‍ പുറം കടലിലേക്ക് സഞ്ചാരം നടത്തിയിരുന്നത്. പറങ്കി കപ്പലുകള്‍ക്ക് നിരന്തരം ഭീഷണി സൃഷ്ടിച്ചിരുന്ന മരക്കാര്‍ സേനയുടെ സഞ്ചാരത്തിന് തടയിടലായിരുന്നു പൊന്നാനിയില്‍ കോട്ട നിര്‍മാണം കൊണ്ട് പറങ്കികള്‍ ലക്ഷ്യമിട്ടിരുന്നത്.
സാമൂതിരി ഭരണത്തിന്റെ ആദ്യം മുതല്‍ തന്നെ മുസ്‌ലിംകളുമായുള്ള ബന്ധം ക്രമാനുഗതമായി വളര്‍ന്നുവന്നിരുന്നു. ക്രമേണ അത് സുദൃഢ ബന്ധമായി പരിണമിച്ചു. സാമൂതിരി മഴ വര്‍ഷിക്കുന്ന മേഘങ്ങളും മുസ്‌ലിംകള്‍ ദാഹിച്ച് വലഞ്ഞവരുമാണെന്ന് തഹ്‌രീളില്‍ എഴുതി. സാമൂതിരിയും മുസ്‌ലിംകളും തമ്മിലുള്ള സുദൃഢ ബന്ധത്തെ പ്രശംസിക്കുകയും അത് നിലനില്‍ക്കേണമേ എന്ന് സൈനുദ്ദീന്‍ രണ്ടാമന്‍ പ്രാര്‍ഥിക്കുകയും ചെയ്തു. ഈ ബന്ധത്താല്‍ ലഭ്യമായ ഗുണഫലങ്ങള്‍ നേരില്‍ ദര്‍ശിച്ച് പോരാട്ട സ്മരണകള്‍ വിവരിക്കാന്‍ പണ്ഡിതനും പ്രഥമ അറബി മലയാള കവിയുമായ ഖാസി മുഹമ്മദ് രചിച്ച അറബി കാവ്യ കൃതിയായ ഫതഹുല്‍ മുബീന്‍ അക്കാലത്തെ സാമൂതിരി മുസ്‌ലിം സുദൃഢ ഐക്യത്തിന്റെ നിറപ്പകിട്ട് വ്യക്തമാക്കുന്നു.
മലബാര്‍ തീരത്തെ സുരക്ഷിതത്വവും തന്ത്രപ്രാധാന്യവും പരിഗണിച്ച് മര്‍മസ്ഥാനമായ പൊന്നാനിയില്‍ പറങ്കിക്കോട്ട നിര്‍മാണത്തിനുള്ള അനുവാദം ആരംഭം മുതലേ മരക്കാന്മാര്‍ എതിര്‍ത്തിരുന്നു. തലസ്ഥാന നഗരിയായ കോഴിക്കോട്ട് കോട്ട നിര്‍മാണം അനുവദിച്ചിട്ടും പൊന്നാനിയില്‍ സാമൂതിരി ആദ്യം മുതല്‍ കോട്ട നിര്‍മിക്കാന്‍ വിസമ്മതിച്ച പ്രധാന കാരണവും അതാണ്. അവസാനം പലവിധ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കോട്ട നിര്‍മാണത്തിന് അനുവാദം നല്‍കിയത്. ഈ കോട്ട നിര്‍മാണവും 1584ല്‍ അധികാരത്തില്‍ വന്ന സാമൂതിരിയുടെ പറങ്കികള്‍ക്കനുകൂലമായ നയവ്യതിയാനവും സാമൂതിരി-മരക്കാര്‍-മഖ്ദൂം ത്രിമൂര്‍ത്തി സഖ്യത്തിന് പോറലേല്‍പ്പിച്ചു.
1585-86:- പൊന്നാനിയില്‍ കോട്ട നിര്‍മിച്ചതായി മലബാര്‍ ഗസറ്റിയര്‍ പറയുന്നു. സാമൂതിരിയുടെ പൂര്‍ണ അംഗീകാരം ഇതിനുണ്ടെങ്കിലും തദ്ദേശീയരുടെയും മരക്കാന്മാരുടെയും ശക്തമായ എതിര്‍പ്പും പറങ്കികളുടെ ഭരണരംഗത്തെ പിടിപ്പുകേടും ശക്തിക്ഷയവും കാരണം കോട്ടയുടെ ആയുസ് ദീര്‍ഘിക്കാന്‍ ഇടയില്ല.
1595:- പട്ടു മരക്കാരുടെ വിയോഗത്തിന് ശേഷം കുഞ്ഞാലി നാലാമന്‍ കോട്ടക്കല്‍ പുതുപട്ടണം കോട്ടയുടെയും സാമൂതിരി നാവികസേനയുടെയും അധിപനായി അവരോധിക്കപ്പെട്ടു. തുടര്‍ന്ന് പൂര്‍വികരെ വെല്ലുന്ന വിജയങ്ങള്‍ നേടുകയും ചെയ്തു. ചെറുത്തുനില്‍പ്പിന്റെ പുതിയൊരു മുഖം പശ്ചിമ തീരത്ത് കുറിക്കപ്പെട്ടു. ഗുഡ്‌ഹോപ് മുനമ്പ് മുതല്‍ ചൈന വരെയുള്ള പട്ടു മരക്കാരുടെ പ്രശസ്തിയും പോരാട്ട വീര്യവും പറങ്കികളെ തളര്‍ത്തി. സമുദ്രത്തില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തണമെങ്കില്‍ മരക്കാന്മാരുടെ പതനം കൊണ്ട് മാത്രമേ സാധ്യമാകൂ എന്ന് അവര്‍ ഉറപ്പിച്ചു. തുടര്‍ന്ന് മരക്കാരെയും സാമൂതിരിയെയും ഭിന്നിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പറങ്കികള്‍ വേഗത കൂട്ടി. നായര്‍ മാടമ്പികള്‍ക്കുണ്ടായിരുന്ന അധികാരങ്ങളില്‍ ചിലത് മരക്കാന്മാര്‍ക്ക് സാമൂതിരി നല്‍കിയതില്‍ അവരും അസൂയാലുക്കളായിരുന്നു. ഈ അവസരം വിനിയോഗിച്ച് മാടമ്പികളെ പാട്ടിലാക്കി മരക്കാന്മാരെ സാമൂതിരിയുമായി ഭിന്നിപ്പിക്കാന്‍ പറങ്കികള്‍ ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞു. ഇന്ത്യാസമുദ്രത്തിന്റെ അധിപനായും ഇസ്‌ലാംമത പ്രചാരകനായും മലബാര്‍ മുസ്‌ലിംകളുടെ രാജാവായും മരക്കാര്‍ ചിത്രീകരിക്കപ്പെട്ടതും തുടങ്ങി പല കാരണങ്ങളാല്‍ മരക്കാര്‍ സാമൂതിരിയുടെ ശത്രുവായി മാറി.
1599 മാര്‍ച്ച് അഞ്ചിന് ഗോവയില്‍നിന്ന് വമ്പിച്ച സന്നാഹങ്ങളോടെയെത്തിയ പോര്‍ച്ചുഗീസ് സൈന്യവും സാമൂതിരി പടയും സംയുക്തമായി സംഘടിച്ച് മരക്കാര്‍ കോട്ട വളഞ്ഞ് ശക്തമായി എതിര്‍ത്തു. കോട്ടപ്പുഴ കേന്ദ്രീകരിച്ച് പോര്‍ച്ചുഗീസ് കപ്പലുകള്‍ വലയം വെച്ചു. അപ്പോഴും മരക്കാരെ വീരപുരുഷനായി ആദരിക്കുന്ന ഒരു വിഭാഗം നായര്‍ സൈന്യം ഇതിനെ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ തന്റെയും അനുചരന്മാരുടെയും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവന്‍ അപായപ്പെടുത്താതെ സ്വതന്ത്രമാക്കിവിടാമെന്ന വ്യവസ്ഥയോടെ ക്രി. വ. 1600 മാര്‍ച്ച് 16ന് മരക്കാരും സംഘവും സാമൂതിരിക്ക് കീഴടങ്ങി.
ഉടവാള്‍ കീഴോട്ട് താഴ്ത്തി കറുത്ത ഉറുമാല്‍ കെട്ടി മലബാര്‍ കണ്ട എക്കാലത്തെയും ധീരനായ ആ സേനാനായകന്‍ വിനയപുരസരം തന്റെ തിരുമനസ്സിന് അഭിമുഖമായി നടന്നു. സാമൂതിരി സംരക്ഷിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലായിരുന്നു വരവ്. കൂടിയാല്‍ സാമൂതിരിയുടെ ജയിലില്‍ കുറച്ച് കാലം തടവ് ശിക്ഷ. പക്ഷേ, ഗതി മറിച്ചായിരുന്നു. സാമൂതിരിയും പറങ്കി സേനാനായകന്‍ ഫുര്‍ട്ടാഡോയും അനുചരന്മാരും ഉള്‍പ്പെട്ട ഉപജാപക സംഘത്തിന്റെ ആസൂത്രിത കുതന്ത്രങ്ങള്‍ കാരണമായി ഉടമ്പടിക്ക് വിരുദ്ധമായി മരക്കാരെയും മരുമകനേയും അനുയായികളെയും പറങ്കികള്‍ ഗോവക്ക് കൊണ്ടുപോയി ജയിലിലടച്ചു.
പല പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കി മതം മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ വൈസ്രോയിയുടെ ബംഗ്ലാവിന് മുമ്പില്‍ ഫ്രഞ്ച് മാതൃകയില്‍ പ്രത്യേക രീതിയിലുള്ള കൊലമരം ഒരുക്കി പ്രഭുക്കളും സാധാരണക്കാരും സ്ത്രീകളും സര്‍വകലാശാല പുരോഹിതന്മാരും ഉള്‍പ്പെട്ട പറങ്കി പരിശകളുടെ നിറസാന്നിധ്യത്തില്‍ മേള വാദ്യങ്ങളുടെ അകമ്പടിയോടെ ആ ധീര പടത്തലവന്റെ കഴുത്തിന് അതിനിഷ്ഠൂരമായി കോടാലി വെച്ചു. രാജ്യദ്രോഹിയാണെന്നും ക്രിസ്തുമതത്തെ പീഡിപ്പിച്ചു എന്നുമാണ് അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റം.
മൃതദേഹത്തില്‍നിന്ന് കൈക്കാലുകള്‍ മുറിച്ചെടുത്തു. ശിരസ്സുകള്‍ തുണ്ടം തുണ്ടമാക്കി കഷ്ണിച്ചു. ശിരസ്സ് ഉപ്പിലിട്ട് മുസ്‌ലിംകളെ ഭീഷണിപ്പെടുത്താന്‍ കണ്ണൂരിലേക്ക് അയക്കുകയും, കൈകാലുകള്‍ പഞ്ചമിയിലും ബര്‍ധയിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പോര്‍ച്ചുഗലിലും വിജയം ആഘോഷിച്ചു. നിറകണ്ണുകളോടെ ഓര്‍ക്കാവുന്ന ഈ സംഭവത്തോടെ മലബാറില്‍ അതുല്യപോരാട്ടങ്ങളുടെ വീരചരിതം രചിച്ച നൂറ്റാണ്ടിന് അന്ത്യം കുറിച്ചു. കുലദ്രോഹികളും നയവഞ്ചകരുമായ പറങ്കികള്‍ ഹേതുവായാണ് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന മലബാറിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത മതമൈത്രിക്കും സാമൂതിരി-മുസ്‌ലിം സുദൃഢ ബന്ധത്തിനും മങ്ങലേറ്റത്.
നാല് കുഞ്ഞാലിമാരുടെയും കാലഘട്ടത്തിന് ശേഷം പറങ്കികള്‍ക്ക് കാര്യമായ എതിര്‍പ്പില്ലാതെ സുഗമമായ മാര്‍ഗം തുറന്ന് കിട്ടിയെങ്കിലും 1563ല്‍ ഡച്ചുകാരുടെ ആഗമനത്തോടെ ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന പറങ്കികളുടെ അധിനിവേശ ദുര്‍മോഹത്തിന് അന്ത്യം കുറിക്കുകയും തുടര്‍ന്ന് മലയാളക്കരയില്‍നിന്ന് കെട്ടു കെട്ടിക്കാനുള്ള ഉടമ്പടിയില്‍ ഒപ്പ് വെക്കുകയും ചെയ്തു.
അറബിക്കടലിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും വലിയൊരു ഭാഗം വൈദേശികാക്രമണത്തില്‍നിന്ന് സംരക്ഷിച്ച മരക്കാര്‍ സേനയുടെ യുദ്ധനൈപുണ്യവും തന്ത്രവും ധീരതയും ചരിത്രം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലും ഏഴിമലയിലും നാവിക സ്ഥാപനങ്ങള്‍ കുഞ്ഞാലി മരക്കാര്‍ സ്മരണയില്‍ നിലകൊള്ളുന്നു. ഈ ധീര യോദ്ധാക്കളുടെ വീരചരിത്രം കേരളത്തിനൊട്ടാകെ അഭിമാനവും അന്തസ്സും നല്‍കുന്നുവെന്ന് നിസ്സംശയം പറയാം. എന്തെന്നാല്‍, പറങ്കികളുടെ നാവിക സ്വേച്ഛാധിപത്യത്തിനെതിരായി അവര്‍ നടത്തിയ ഐതിഹാസികമായ സമരങ്ങളും അതില്‍ കൈവരിച്ച നേട്ടങ്ങളും കേരള ചരിത്രത്തിലെ രോമാഞ്ചദായകമായ അധ്യായമാണ്.
പോര്‍ച്ചുഗീസുകാരോട് ആദ്യം മുതല്‍ അവസാനം വരെ ചെറുത്തുനില്‍ക്കാന്‍ സാമൂതിരി ശ്രമിച്ചിരുന്നുവെങ്കിലും ഇടക്കിടെ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം മങ്ങിയ വേളയില്‍ പറങ്കികളെ കേരളത്തിന്റെ മണ്ണില്‍നിന്ന് അകറ്റി നിര്‍ത്തി മാതൃഭൂമിയുടെ മാനം കാത്തത് സാമൂതിരിയുടെ സാമന്തരായ മലബാറിലെ മുസ്‌ലിംകളായിരുന്നു. അല്ലെങ്കില്‍ ഗോവയെ പോലെ പറങ്കികള്‍ക്ക് ആധിപത്യം ഉള്ള പട്ടണമായി കോഴിക്കോടും കേരളമാകെ പോര്‍ച്ചുഗീസ് സംസ്ഥാനവും ആയിമാറുമായിരുന്നു; ഒരു പക്ഷെ ബ്രിട്ടീഷ് ഇന്ത്യക്ക് പകരം പോര്‍ച്ചുഗീസ് ഇന്ത്യയും.

''നെഞ്ചിലും കിത്താബിലും
ശ്വാസവും വിശ്വാസവു-
മിഞ്ചുമ്പോള്‍ ചതിക്കില്ല
മാപ്പിള കുഞ്ഞാലിമാര്‍''
(എം. ഗോവിന്ദന്‍)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top