ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ ഹജ്ജ് യാത്രയും അതിന്റെ വൈജ്ഞാനിക സ്വാധീനവും

ഡോ. സാജിദ് അലി‌‌
img

ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ ഹിജാസിലേക്കുള്ള ഹജ്ജ് യാത്രക്ക് അദ്ദേഹത്തിന്റെ ചിന്തോദ്ദീപകവും വൈജ്ഞാനികവും നവോത്ഥാനപരവുമായ ജീവിതവുമായി ബന്ധപ്പെട്ട് ചരിത്രപരമായ പ്രാധാന്യമുണ്ട്. ഈ യാത്രയിലൂടെ പുതിയ പല മനോഹര വീക്ഷണങ്ങളും അദ്ദേഹത്തിന്റെ രചനാ ലോകത്തിനു തുറന്നുകിട്ടുകയും ആ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നേടാന്‍ കഴിയാത്ത ബൗദ്ധികതയുടെയും പാണ്ഡിത്യത്തിന്റേയും മുന്‍നിരയില്‍ അത്യുന്നതി കരസ്ഥമാക്കാനും അദ്ദേഹത്തിന് സാധിച്ചു. അത്തരത്തിലുള്ള ബുദ്ധിജീവികള്‍ക്ക് ജന്മം നല്‍കുന്ന സ്ഥലമായിരുന്നു ഹിജാസെന്നു തോന്നുന്നു. ആ യാത്രയിലദ്ദേഹം ഇല്‍മുല്‍ ഹദീസിന്റെ വിശാലതയെ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും അവിടെ ദീര്‍ഘകാലമായി സംഘടിച്ചിരുന്ന ഭക്തരായ പണ്ഡിതന്മാരുടെ മേല്‍ നോട്ടത്തില്‍ അത് പൂര്‍ത്തീകരിക്കുകയും ചെയ്തു.
അവരുടെ പിന്തുണ അദ്ദേഹത്തിന്റെ മഹത്തായ ബൗദ്ധിക നിര്‍മ്മിതിയുടെ അടിത്തറയായെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഹജ്ജ് നിര്‍വ്വഹിക്കുന്നതിനുപുറമെ അവിടെ പോയി ഹദീസ് പഠിച്ച് വ്യത്യസ്ത ഹദീസുകളെ നിര്‍മ്മാണാത്മമായും വിമര്‍ശനാത്മകമായും വിശകലനം ചെയ്യുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഉദ്ദേശ്യം.
ഹജ്ജ് യാത്രക്കായി പുറപ്പെടുമ്പോള്‍ അദ്ദേഹത്തിന് മുപ്പതു വയസ്സായിരുന്നു. തന്റെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമരാഹിത്യത്തിനും രാഷ്ട്രീയമായ അസ്ഥിരതക്കും പുറമെ യാത്രയില്‍ മിക്കപ്പോഴുമുണ്ടാകുന്ന കടല്‍ക്കൊള്ളയുടെ സമയത്താണ് അവിടെ പോകാന്‍ മാനസികമായി തയ്യാറെടുത്തത് എന്ന വസ്തുത അദ്ദേഹത്തിന്റെ ധൈര്യത്തേയും പുണ്യമാക്കപ്പെട്ട മസ്ജിദുകളോടുള്ള മാനസികമായ അടുപ്പത്തെയും വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രതിരോധത്തിനാവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനുമുമ്പ് മറ്റു മുസ്‌ലിം രാജ്യങ്ങളിലെ അവസ്ഥകള്‍ പഠിക്കാനും കൂടി ശാഹ് വലിയുല്ലാഹ് ആഗ്രഹിച്ചിരുന്നു. മിക്കവാറും അറിവു നേടുന്നതിനെക്കുറിച്ചുള്ള ഖുര്‍ആനിക നിര്‍ദ്ദേശം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അതായത് 'അവര്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ക്ക് അവര്‍ സാക്ഷിയായേക്കാം' എന്ന ഖുര്‍ആന്‍ വാക്യം. ഇതു മനസ്സിലുള്‍ക്കൊണ്ട് ഇസ്‌ലാമിന്റെ കേന്ദ്രപ്രദേശത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന പണ്ഡിതരും ബുദ്ധിമാന്മാരുമായവരുടെ ജീവിതാനുഭവങ്ങങ്ങളില്‍ നിന്നദ്ദേഹം നേട്ടമുണ്ടാക്കി. സൂററ്റ് അറേബ്യയിലേക്കുള്ള കപ്പലുകളുടെ തുറമുഖമായിരുന്നുവെങ്കിലും വഴികളൊക്കെ -പ്രത്യേകിച്ച് മാള്‍വ്വയും ഗുജറാത്തുമെല്ലാം- മറാത്തന്‍ കൊള്ളക്കാരുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്നു തെക്കേ ഇന്ത്യയിലേക്കുള്ള വലിയദൂരം അക്കാലത്ത് താണ്ടിയിരുന്നത് കാളകളും ഒട്ടകങ്ങളും വഹിച്ചുകൊണ്ടുപോകുന്ന വണ്ടികളിലൂടെയായിരുന്നു. സ്ത്രീകളോടും കുട്ടികളോടും വളരെയധികം ക്രൂരത അനുവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരുമായ വളരെ ശക്തരായ യൂറോപ്യന്‍ കടല്‍കൊള്ളക്കാരുടെ വിനാശകരമായ പ്രവൃത്തികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തേയും ബാധിച്ചിരുന്നു. അക്കാലത്തെ യാത്രാവിവരണങ്ങളില്‍ ഹജ്ജ് യാത്രയില്‍ അന്നുണ്ടായിരുന്ന പ്രയാസങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. രാജ്യത്തിനകത്തുതന്നെയുള്ള യാത്രയും ക്ലേശം കുറഞ്ഞതായിരുന്നില്ല. തന്റെ സംഘത്തിലെ ആരെയെങ്കിലും രാത്രിയില്‍ കാണാതാകുമ്പോഴെല്ലാം തന്റെ സുരക്ഷക്കായി യാ ബദി അല്‍ ജൈബ് എന്ന പ്രാര്‍ത്ഥന ചൊല്ലുമായിരുന്നുവന്ന് അദ്ദേഹം പറയുന്നുണ്ട്.
ശാഹ് വലിയുല്ലാഹ് കയറിയ കപ്പല്‍ ജിദ്ദയിലെത്താന്‍ നാല്‍പതുദിവസമെടുക്കുകയും സിലല്‍ഖദാ പതിനഞ്ചിന് മക്കയിലെത്തുകയും ചെയ്തു. പരിശുദ്ധ മസ്ജിദില്‍ ഹനഫി ഇമാമിന് അനുവദിച്ച സ്ഥലത്തിന് തൊട്ടടുത്തായി തന്റെ പ്രഭാഷണവും ആരംഭിച്ചു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെല്ലാം തന്നെ ജനബാഹുല്യത്താല്‍ വന്‍വിജയമായിരുന്നു.
തന്റെ അല്‍ജുസ്അല്‍ ലത്തീഫില്‍ അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്. '1730-31 കാലയളവില്‍ ഹജ്ജ് ചെയ്യാന്‍ എനിക്കതിയായ ആഗ്രഹമുണ്ടായിരുന്നു ആ വര്‍ഷം അവസാനമാണ്. പിറ്റേവര്‍ഷം കഅ്ബയില്‍ അല്ലാഹുവോടുള്ള കടപ്പാട് നിറവേറ്റുകയും മദീന സന്ദര്‍ശിച്ച് ഹദീസ് പഠിക്കുകയും ചെയ്തു. 1732ന്റെ ആദ്യത്തില്‍ ഞാന്‍ ഇന്ത്യയിലേക്ക് തിരിക്കുകയും 1732 ഡിസംബര്‍ പതിനേഴിന് നാട്ടില്‍ (ദല്‍ഹിയില്‍) തിരിച്ചെത്തുകയു ചെയ്തു.'
ഈ യാത്രയോടെ ശാഹ് വലിയുല്ലാഹിദ്ദഹ്‌വലവിയുടെ രചനാജീവിതം ആരംഭിച്ചു. ആദ്യത്തെ പുസ്തകമെന്നത് ഫുയൂസുല്‍ ഹറമൈന്‍ എന്ന ഗ്രന്ഥമായിരുന്നു.
ഹിജാസിലായിരിക്കുമ്പോള്‍ താന്‍ അനുഭവിച്ചറിഞ്ഞ ബൗദ്ധിക ആത്മീയ വിപ്ലവത്തിന്റെ അനുരണനങ്ങള്‍ ആ പുസ്തകത്തില്‍ കാണാം. ഈ യാത്ര അദ്ദേഹത്തിന്റെ ചിന്ത, രചനാശൈലി, കാഴ്ചപ്പാട്, നിരീക്ഷണം എന്നിവയില്‍ അതിപ്രധാനവും വിപ്ലവാത്മകവുമായ സ്വാധീനമുണ്ടാക്കി. ഈ താമസം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലും ചിന്തയിലും മാത്രമല്ല അദ്ദേഹത്തിന്റെ ആദര്‍ശാത്മക ജീവിതത്തിന്റെ അസ്ഥിവാരം ഉറപ്പിക്കുകയും ചെയ്തു. അവിടെ താമസിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്നവും നിയോഗവും വികാസം പ്രാപിച്ചു. തന്റെ ആന്തരികമാറ്റം അദ്ദേഹം മനസ്സിലാക്കിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അനുയായികളും ശിഷ്യരുമത് വളരെ നല്ലരീതിയില്‍ തന്നെ മനസ്സിലാക്കിയിരുന്നു. ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ മകനായ ശാഹ് അബ്ദുല്‍അസീസ് ഇതിനെക്കുറിച്ച് പറഞ്ഞതിപ്രകാരമായിരുന്നു: 'ഹിജാസില്‍നിന്നും വന്നതിനു ശേഷം എന്റെ വന്ദ്യപിതാവിന്റെ ആത്മീയതയിലും വൈജ്ഞാനിക സമീപനരീതിയിലുമെല്ലാം തന്നെ പൂര്‍ണ്ണമായ മാറ്റം വരികയുണ്ടായി.'
ഹജ്ജിനുമുമ്പും ശേഷവുമുള്ള രണ്ട് ഘട്ടങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ശിഷ്യന്മാര്‍ക്ക് ഈ മാറ്റം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.
ഈ യാത്രക്കു ശേഷം മാത്രമാണ് സര്‍ഗ്ഗാത്മകവും വ്യവസ്ഥാപിതവുമായ അധ്യാപനപഠനസമീപനങ്ങള്‍ ആരംഭിച്ചതെന്നും ശാഹ് വലിയുല്ലാഹിയുടെ രചനകളില്‍നിന്ന് വ്യക്തമാണ്. ഹുജ്ജത്തുല്ലാഹില്‍ ബാലിഗ, അല്‍ ഖൗലുവല്‍ജമീല്‍ എന്നിവയുടെ താരതമ്യത്തില്‍നിന്ന് ഇത് മനസ്സിലാക്കാവുന്നതാണ്. ആദ്യത്തെ പുസ്തകത്തിലുള്ള ദീര്‍ഘദൃഷ്ടിയോടെയുള്ള ഒരു സമീപനം രണ്ടാമത്തേതില്‍ കാണാനില്ല. തീര്‍ച്ചയായും രണ്ടാമത്തേത് ഹിജാസിലേക്കുള്ള യാത്രക്ക് മുമ്പെഴുതപ്പെട്ടതാണ്. ഹമ്മത്തില്‍ പ്രദര്‍ശിക്കുന്ന ചിന്തയുടെ കരുത്തും ആവേശവും ഈ യാത്രയുടെ ഫലമായുണ്ടായതാണ്. മാത്രമല്ല, പണ്ഡിതോചിതമായ പക്വതയും പാകതയും ഹിജാസില്‍വെച്ചദ്ദേഹം നേടിയെടുത്തു. ഇന്ത്യയില്‍ ശൈഖ് അബ്ഹുര്‍റഹ്മാനായിരുന്നു അദ്ദേഹത്തിന്റെ രക്ഷാധികാരിയായിരുന്നത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ വിജ്ഞാനം നേടുന്നതിലുള്ള ദിശയും ഭാവി പരിപാടിയും അദ്ദേഹത്തിന് ലഭിച്ചു. അബ്ദുര്‍റഹീമിനാല്‍ അദ്ദേഹത്തിന് പരിചയപ്പെടുത്തപ്പെട്ട ആലം ഇ മിത്അലിന്റേയും ഹാസിര്‍ അല്‍ഖുദ്‌സിന്റേയും പല ദൃശ്യങ്ങളും അദ്ദേഹത്തിന് മുന്നില്‍ തുറക്കപ്പെട്ടുവെന്നത് ഫുയൂസുല്‍ ഹറമൈനിന്റെ വരികള്‍ക്കിടയിലൂടെ കടന്നുപോകുമ്പോള്‍ തികച്ചും വ്യക്തമാണ്. പ്രായക്കുറവുമൂലം ആ സമയത്തദ്ദേഹത്തിന് അവ പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ യാത്ര ഈ രണ്ടു നിലക്കും ഉപകാരപ്രദമാണെന്ന് തെളിയിക്കപ്പെട്ടു.
ഹിജാസിലെ അധ്യാപകനും അവിടെ നിലനിന്നിരുന്ന വിജ്ഞാനത്തിന്റെ അന്തരീക്ഷവും ഈ നിലപാടിനെ ഊട്ടിയുറപ്പിച്ചിരുന്നു. തന്റെ പിതാവിന്റെ ശിക്ഷണത്തില്‍ ഖുര്‍ആനിക വചനങ്ങളെ ആഴത്തില്‍ മനസ്സിലാക്കിയിരുന്നു അദ്ദേഹം. ഹിജാസില്‍ വെച്ച് ഹദീസ് വിജ്ഞാനീയങ്ങളുടേയും അധ്യാപനത്തിന്റേയും ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റ പിതാവ് അബൂത്വാഹിര്‍ അല്‍കുര്‍ദി ഹദീസുകള്‍ പഠിപ്പിക്കുമ്പോള്‍ ശര്‍ദ്ദ് എന്ന രീതിയാണുപയോഗിച്ചത്. അതായത് ഹദീസ് വിവരിക്കുന്നയാള്‍ അല്ലെങ്കില്‍ അയാളുടെ സ്വഭാവം അല്ലെങ്കില്‍ നിവേദക പരമ്പരയുടെ ഉറപ്പ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം നിവേദകരുടെ വിവരണത്തിന്റെ സൗന്ദര്യത്തിനും മനുഷ്യകുലത്തിന് അതിന്റെ സന്ദേശത്തിനും പ്രാമുഖ്യം കൊടുത്തു. മാനവകുലത്തിന് ദൈവവികസന്ദേശം പ്രചരിപ്പിക്കുന്നതില്‍ ശാഹ് വലിയുല്ലാഹ് ഈ രീതി സ്വീകരിച്ചു.
എഴുത്തിന്റേയും അവ തിരുത്തുന്നതിന്റേയും സാഹിത്യപരമായ തത്ത്വങ്ങളും കൂടി ഹിജാസില്‍ താമസിക്കുന്ന സമയത്ത് അദ്ദേഹം പഠിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഹിജാസിലെ അദ്ദേഹത്തിന്റെ അധ്യാപകന്‍ ഷംസുദ്ദീന്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ 'അന്‍ഫാസ് അല്‍ ആരിഫീന്‍' എന്ന കൃതിയില്‍ ഷംസുദ്ദീന്റെ രചനാശൈലിയെക്കുറിച്ചും ക്രോഡീകരണശൈലിയെക്കുറിച്ചും ഇങ്ങനെ വിവരിക്കുന്നു. താന്‍ രചിച്ച ഗ്രന്ഥങ്ങളെയെല്ലാം ഏഴ് ഭാഗമാക്കി തിരിക്കാമെന്ന് ഷംസുദ്ദീന്‍ പറഞ്ഞിരുന്നു. അതിങ്ങനെയാണ്. ആദ്യം തനത് രീതിയിലുള്ള രചന. രണ്ടാമതായി അബദ്ധങ്ങള്‍ വന്ന മുന്‍രചനയുടെ തിരുത്തല്‍ വരുത്തിയ സമാഹരണം.
ഏതെങ്കിലുമൊരു പുസ്തകത്തിന്റെ ആദ്യ നിരൂപണമായിരുന്നു മൂന്നാമത്തേത്. നാലാമതായിട്ടുള്ളത് ഏതെങ്കിലുമൊരു പുസ്തകത്തിന്റെ സംഗ്രഹമായിരുന്നു. അഞ്ചാമതായിട്ടുള്ളത് അദ്ദേഹം ക്രമീകരിച്ചവിധമല്ലാത്ത രീതിയിലുള്ളതായിരുന്നു. ആറാമതായിട്ടുള്ളത് മറ്റു ഗ്രന്ഥങ്ങളുടെ തെറ്റുകള്‍ തിരുത്തിയിട്ടുള്ള ക്രോഡീകരണമായിരുന്നു. ഏഴാമതായിട്ടുള്ളത് ചിതറിക്കിടക്കുന്ന കൃതികളുടെ ക്രോഡീകരണമായിരുന്നു.
ഈ രീതി മനസ്സിലാക്കി ശാഹ് വലിയുല്ലാഹ് എഴുതുകയും തന്റെ കൃതികളെ ക്രോഡീകരിക്കുകയും ചെയ്തു. അധ്യാപനകലയെ അദ്ദേഹം ജ്ഞാനത്തിന്റെ മറ്റൊരു വശമായി മനസ്സിലാക്കി. തന്റെ 'രിസാല ഇ ദനിഷ്മനന്തി' എന്ന കൃതിയില്‍ ബോധനരീതിശാസ്ത്രത്തിന്റെ തത്ത്വങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു. ശാഹ് അബ്ദുര്‍റഹീമിന്റെ അടുത്തു നിന്നാണ് അധ്യാപനരീതിശാസ്ത്രത്തിന്റെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കിയത്. ഹിജാസ് വാസക്കാലത്ത് മക്കയിലെ മുഫ്തിയായിരുന്ന താജുദ്ദീന്‍ എന്ന ഒരേയൊരാളുടെ രീതിശാസ്ത്രത്തിലാണ് അദ്ദേഹം കൂടുതലായും ശ്രദ്ധ പതിപ്പിച്ചത്. അധ്യാപനത്തിന് പല ഉലമാക്കളില്‍ നിന്നും അദ്ദേഹം സമ്മതം വാങ്ങിയിരുന്നുവെങ്കിലും ശൈഖ് അഹമ്മദ് കെഹ്ത്വാനില്‍ നിന്ന് പഠിച്ച അധ്യാപനരീതിശാസ്ത്രം മാത്രമാണ് അദ്ദേഹം പ്രയോഗിച്ചത്. അദ്ദേഹത്തോടുകൂടെ വര്‍ഷങ്ങളോളമദ്ദേഹം സഹവസിച്ചിട്ടുണ്ടായിരുന്നു ശൈഖ് താജുദ്ദീനിന്റെ ഈ രീതിയുപയോഗിച്ച് ശാഹ് വലിയുല്ലാഹ് നിരവധി ഹദീസ് ഗ്രന്ഥങ്ങള്‍ പഠിക്കുകയും പിന്നീട് ഈ രീതിയുപയോഗിച്ചുകൊണ്ട് ഹദീസ്പഠിപ്പിക്കാന്‍ അനുവാദം ലഭിക്കുകയുമുണ്ടായി.
സൂഫി സരണിയോടുളള അതിയായ സ്‌നേഹം ചെറുപ്പത്തില്‍ തന്നെ ശാഹ്‌വലിയുല്ലയില്‍ പിതാവിനാല്‍ രൂഢമൂലമായിരുന്നു. നഖ്ശബന്ദിയ്യ, ചിശ്തിയ്യ, ഖാദിരിയ്യ തുടങ്ങിയ പല സരണികളുമായും ശാഹ് അബ്ദുര്‍റഹീം മാനസികമായി അടുപ്പം പുലര്‍ത്തിയിരുന്നുവെങ്കിലും നന്മ തിരഞ്ഞെടുക്കാനും ചീത്തയായത് ഒഴിവാക്കുക എന്ന തത്ത്വം അബൂത്വാഹിര്‍ കുര്‍ദ്ദി അദ്ദേഹം സന്നിവേശിപ്പിച്ചിരുന്നു. എല്ലാറ്റിലുമുപരി അദ്ദേഹം ശാഹ് വലിയുല്ലയെ മുകളില്‍ സൂചിപ്പിച്ച ത്വരീഖത്തുമായി ബന്ധം സ്ഥാപിക്കാന്‍ അനുവദിച്ചിരുന്നു. മറ്റുള്ളവരില്‍ ലഭിച്ചതിനേക്കാള്‍ മഹത്തരമാണ് തനിക്ക് മറ്റുള്ളവരില്‍ നിന്ന് ലഭിച്ചതെന്ന് ഷാഹ് വലിയുല്ല പറയുന്നു.
ശാഹ് വലിയുല്ലയുടെ 'ഫുയൂസുല്‍ ഹറമൈന്‍' എന്ന ഗ്രന്ഥം മക്കയില്‍ താമസിച്ചപ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച ആത്മീയ ഭൗതിക ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഈ കാലഘട്ടം അദ്ദേഹത്തിന്റെ ബോധത്തേയും ബുദ്ധിയേയും മാത്രമല്ല ശക്തിപ്പെടുത്തിയത്. മറിച്ച് അദ്ദേഹത്തിന്റെ അബോധമനസ്സിനെക്കൂടിയായിരുന്നു. അദ്ദേഹത്തിലുള്ള ഉള്‍ക്കാഴ്ച്ചയുടെ സൂചനകള്‍ ഈ യാത്രയുടെ ഫലമാണെങ്കില്‍ കൂടി മഹത്തായ ദൈവിക ദൗത്യം നിര്‍വ്വഹിക്കാനുള്ള ത്വര അദ്ദേഹത്തില്‍ ഈ യാത്ര ഉദ്ദീപിപ്പിച്ചു. അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച്ച പ്രകടിപ്പിക്കപ്പെടുന്ന ചില ഉദ്ധരണികള്‍ വെട്ടിത്തിളങ്ങുകയും മക്കയില്‍ താമസിച്ചതിനുശേഷമുള്ള ആത്മീയസരണിക്ക് വഴികാട്ടിയായിത്തീരുകയും ചെയ്തു. ഉദാഹരണത്തിന് അദ്ദേഹം പറയുന്നതുനോക്കുക. അല്ലാഹു എന്നെ ഈ കാലഘട്ടത്തില്‍ യുക്തി പ്രസരിപ്പിക്കുന്ന പ്രഭാഷകനാക്കുകയും കലീം എന്ന പദവി പ്രദാനം ചെയ്യുകയും ചെയ്തു. അതിലുപരി ഈ കാലഘട്ടത്തിലെ നേതാവും പ്രധാന വ്യക്തിത്വവുമായി അല്ലാഹു എന്നെ ആക്കിത്തീര്‍ത്തു. തന്റെ ദൗത്യത്തെക്കുറിച്ചുള്ള തിരിച്ചറിവും അതിനോടുള്ള അടങ്ങാത്ത ആഗ്രഹവും അദ്ദേഹത്തിന്റെ സാഹിത്യ കഴിവിനെ പുതിയ വിതാനങ്ങളിലേക്കുയര്‍ത്തി.
'ഫുയൂസുല്‍ ഹറമൈന്‍' എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച്ചയുടെ പ്രകാശനങ്ങള്‍ കൂടുതലായും ദര്‍ശിക്കപ്പെടുന്നത്. കുറച്ചു തഹ്ഫീമാത്തിലും കാണുന്നുണ്ട്. അദ്ദേഹം തനിക്കായി നിയോഗിച്ച പദവികള്‍ക്ക് അദ്ദേഹത്തിന്റെ ഓരോ ജീവിതഘട്ടവുമായും അദ്ദേഹത്തിന്റെ ദൗത്യവുമായും അഭേദ്യബന്ധമുണ്ട്. ഉദാഹരരണത്തിന്, ഫുയൂസുല്‍ ഹറമൈനിന്റെ നാല്‍പതാം അധ്യായത്തില്‍ അദ്ദേഹം തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ഖുയൂസെസസമാന്‍ (പിന്‍ഗാമി)എന്നാണ്. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തെ സൂചിപ്പിക്കുന്നു. പത്താമത്തെ അധ്യായത്തില്‍ അദ്ദേഹം തനിക്ക് പണ്ഡിതന്‍ യോഗാ നവോത്ഥാനവാദി എന്നീ പദവികള്‍ നല്‍കുന്നുണ്ട്. പന്ത്രണ്ടാം അധ്യായത്തില്‍ തനിക്ക് ശരീഅത്തിന്റെ തത്ത്വങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് ലഭിച്ചെന്നും അതിനാല്‍ അവസാനകാലഘട്ടങ്ങളിലെ തത്ത്വജ്ഞാനി എന്നതായിരുന്നു അദ്ദേഹത്തിന്റെ പദവികളില്‍ ഒന്ന്. നവോത്ഥാനമെന്നത് സൂഫിസത്തെക്കുറിച്ച് വളരെയധികം പൊങ്ങച്ചം പറയലല്ല മറിച്ച്, അല്ലാഹുവിന്റെ കല്‍പ്പനകളുടെ അടിത്തറയും യാഥാര്‍ഥ്യത്തെയും നിര്‍ധാരണം ചെയ്യാനുള്ള കഴിവ് അതിലൂടെ പ്രയോഗിക്കലാണ്. അങ്ങനെ അത് ഉമ്മത്തിന്റെ മാര്‍ഗഭ്രംശത്തിനും വിഭാഗീയതക്കും പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. ഖുത്ബിയ്യാത്തിനെക്കുറിച്ച് പറയുമ്പോള്‍ മുപ്പത്തിനാലാമത്തെ അധ്യായത്തില്‍ അദ്ദേഹം പറയുന്നത് ശരിയായ വിവേചനത്തിനുള്ള പ്രാപ്തിയെക്കുറിച്ചാണ് .
മറാത്തിബ് എന്നത് സൂഫിസത്തില്‍ എന്തെങ്കിലും റാങ്ക് എന്നതല്ല മറിച്ച്, വഴികാട്ടലിന്റെയും അല്ലെങ്കില്‍ ശരിയായ ജീവിതരീതിയെക്കുറിച്ചോ പെരുമാറ്റത്തെക്കുറിച്ചോ വിവിധ വശങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്നു. മുപ്പത്തിമൂന്നാമത്തെ അധ്യായത്തില്‍ അദ്ദേഹം പറയുന്നത് മുസ്‌ലിം ഉമ്മത്തിനെ ഏകോപിപ്പിക്കാനും അവര്‍ക്കിടയില്‍ വിഭാഗീയത നിഷ്‌കാസനം ചെയ്യാനും തന്നെ നിയോഗിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവെന്നാണ്. പതിനഞ്ചാമത്തെ അധ്യായത്തില്‍ ദൗത്യത്തിന്റെ പിന്‍ഗാമിയെന്ന തന്റെ പദവിയായ വാസി എന്ന പദവി വിവരിക്കുന്നിടത്ത് ശാഹ് വലിയുല്ലാക്ക് സാക്കി എന്നപേരും അറിവിനെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ചിന്തകരിലെ അവസാനത്തെയാളെന്ന പദവിയും നല്‍കപ്പെട്ടിരിക്കുന്നു.
ശാഹ് വലിയുല്ലയുടെ ഹിജാസ് വാസക്കാലത്ത് ഹദീസു പിന്നീട് ശരീഅത്തും തെളിഞ്ഞ മനസ്സോടെ പഠനം നടത്തിയത് ശ്രദ്ധേയമാണ്. ഇത് ശരിയായ ഹദീസുകളോട് യോജിക്കുന്ന എല്ലാ സുന്നി മദ്ഹബുകളോടും ഉദാരവും സഹിഷ്ണുതാപരവും ആദരപൂര്‍ണവുമായ സമീപനത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കി. ഹിജാസിലേക്ക് യാത്ര പുറപ്പെടുന്നതിനുമുമ്പ് ഡല്‍ഹിയിലെ മദ്രസറഹ്മാനിയിലെ പന്ത്രണ്ടു വര്‍ഷത്തെ ആഴത്തിലുള്ള പഠനവും അധ്യാപനവും ഈ സമീപനം അദ്ദേഹത്തിലുണ്ടാക്കിയെടുത്തു. വിവിധ മദ്ഹബുകളിലുള്ള പ്രശസ്തരായ പണ്ഡിതന്‍മാര്‍ക്കു കീഴില്‍ ഫുഖഹാ മുഹദ്ദിസീനില്‍ സംതൃപ്തിയടയുന്ന അദ്ദേഹത്തിന്റെ മുമ്പുണ്ടായിരുന്ന ചിന്ത ശക്തിപ്പെടുത്തി.
ഹിജാസില്‍ ശാഹ് വലിയുല്ലയുടെ അധ്യാപകരെക്കുറിച്ചും അദ്ദേഹമവരില്‍ നിന്ന് പഠിച്ച വിഷയങ്ങളെക്കുറിച്ചും ചുരുങ്ങിയ രീതിയിലുള്ള വിവരണം നല്‍കുന്നതും ശ്രദ്ധേയമാണ്. മക്കയില്‍ വെച്ച് ശൈഖ് മുഹമ്മദ് വഫ്ദുല്ലാഹ് മക്കി അല്‍ മാലിക്കിയുടെ കീഴിലുള്ള യഹ്‌യ ബിന്‍ അല്‍ മസ്ദൂസിയുടെ പക്കല്‍ നിന്ന് മാലിക്കിന്റെ മുഅത്വ മുഴുവനും വായിച്ചു അദ്ദേഹം. തന്റെ പിതാവായ ശൈഖ് മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ മഗ്‌രിബിയില്‍ നിന്ന് ഹദീസ്‌സമാഹരണത്തിനുള്ള പ്രാപ്തിക്കുള്ള സാക്ഷ്യപത്രവും അദ്ദേഹം ശാഹ് വലിയുല്ലക്ക് നല്‍കി.
മക്കയിലെ മുഫ്തിയായിരുന്ന ശൈഖ് താജുദ്ദീന്‍ അല്‍ ഖലാഇ ഹനഫിയായിരുന്നു ശാഹ്‌വലിയുല്ലാഹ് ഹദീസുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച മറ്റൊരു പണ്ഡിതന്‍. അദ്ദേഹത്തോടൊപ്പം സഹീഹുല്‍ ബുഖാരിയും മുവത്വയുടെ ഒരു ഭാഗവും ഇമാം മുഹമ്മദിന്റെ കിതാബുല്‍ അഥറും മുസ്‌നദ്
അല്‍ ദാരിമിയിലെ കുറച്ചു അധ്യായങ്ങളും അദ്ദേഹം പഠനം നടത്തുകയുണ്ടായി.
ഹിജാസിലെ ശാഹ് വലിയുല്ലയുടെ ഏറ്റവും പ്രശസ്തനും ശ്രദ്ധേയനുമായ അധ്യാപകന്‍ ശൈഖ് അബൂതാഹിര്‍ ശാഫിഈ ബിന്‍ ശൈഖ് ഇബ്രാഹീം അല്‍ കുര്‍ദിയാണ്. മികച്ച ഹദീസ് പണ്ഡിതനും ഉന്നത ആത്മീയനിലവാരം പുലര്‍ത്തുന്ന സൂഫിയുമായിരുന്നു അദ്ദേഹം. തന്റെ പിതാവിനോടുള്ള പോലെയുള്ള അഗാധമായ ബന്ധം ശൈഖ് അബൂത്വാഹിറിനോട് അദ്ദേഹത്തിനുണ്ടായിരുന്നു. മദ്രസ റഹീമിയയില്‍ പാരമ്പര്യമായി ഉണ്ടായിരുന്ന അക്കാദമികരീതിശാസ്ത്രം തന്നെയായിരുന്നു അബൂത്വാഹിറിന്റേയും ശൈലി. ആത്മീയതാ വൈകാരികമായ ആഴം, യുക്തിപരത തുടങ്ങിയവയായിരുന്നു അത്. ഹദീസ് പഠിപ്പിക്കുമ്പോഴും അല്ലെങ്കില്‍ പ്രസംഗിക്കുമ്പോഴെല്ലാം കരച്ചിലിനോളമെത്തുമായിരുന്നു അബൂത്വാഹിറെന്ന് ശാഹ് വലിയുല്ലാഹ് പറയാറുണ്ടായിരുന്നു. എന്തെങ്കിലും വിമര്‍ശനങ്ങളോ സംശയങ്ങളോ ഉണ്ടായാല്‍ ആധികാരിമായി ആശ്രയിക്കാന്‍ പറ്റുന്ന വ്യക്തിത്വങ്ങളോട് അഭിപ്രായം തേടിയല്ലാതെ അദ്ദേഹമൊരിക്കലും ഉത്തരം പറഞ്ഞിരുന്നില്ല. ഈ മഹാനായ പണ്ഡിതനില്‍ നിന്ന് ശാഹ്‌വലിയുല്ലാഹ് പ്രശസ്ത ഹദീസ് ഗ്രന്ഥങ്ങള്‍ പുനര്‍വായന നടത്തി. ഈ സമയത്താണ് തുടര്‍ന്ന് അറിവു പകര്‍ന്നു നല്‍കാനുള്ള അനുവാദം അദ്ദേഹത്തിന് നല്‍കപ്പെട്ടത്. സ്വഹീഹ് ബുഖാരി, സ്വഹീഹ് മുസ്‌ലിം, സുനന്‍ അബൂദാവൂദ്, തിര്‍മിദി, നസാഇ, ഇബ്‌നുമാജ, മിശ്കാത്ത് അല്‍ മസാഇബ്, ഹിസ്‌നെഹസീം, ഇമാം മാലിക്കിന്റെ മുവത്വ,മുസ്‌നദ് അഹമ്മദ്, ഇമാം ശാഫിയുടെ രിസാല, ജാമിഅല്‍ കബീര്‍, മുസ്‌നദ് അല്‍ ദാരിമി, ഇമാം ബുഖാരിയുടെ അല്‍ ആദാബുല്‍ മുഫ്‌റദിന്റെ ഒരു ഭാഗം, ഖ്വാസി അയാസിന്റെ ഒരു ഭാഗം, ശൈഖ് അബൂത്വാഹിറിന്റെ തന്നെ അല്‍ഉമ്മുമായിരുന്നു ശാഹ് വലിയുല്ലാഹ് ശൈഖ് അബൂത്വാഹിറില്‍ നിന്ന് അഭ്യസിച്ചത്.
വിവ: അബ്ദുല്‍ കബീര്‍

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top