അഹ്‌ലുല്‍ ഹദീസും അഹ്‌ലുറഅ്‌യും
ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി
ഹസ്രത്ത് സഈദുബ്‌നുല്‍ മുസയ്യബിന്റെയും ഇബ്‌റാഹീം നഖഈയുടെയും ഇമാം സുഹ്‌രിയുടെയും കാലത്തും ഇമാം മാലിക്, സുഫ്‌യാനുസ്സൗരി എന്നിവരുടെ കാലത്തും അനന്തരകാലഘട്ടങ്ങളിലുമെല്ലാം ശരീഅത്തില്‍ 'റഅ്‌യ്' ഉപയോഗപ്പെടുത്തുന്നതിനെ കഠിമായി വെറുത്തിരുന്ന ചില പണ്ഡിതന്മാരുണ്ടായിരുന്നു. അനിവാര്യ ഘട്ടങ്ങളിലല്ലാതെ ഫത്‌വകള്‍ നല്‍കാനോ കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യാനോ അവര്‍ ധൈര്യപ്പെട്ടിരുന്നില്ല. നബിതിരുമേനിയുടെ ഹദീസുകള്‍ വിവരിക്കുന്നതിലാണ് അവര്‍ തങ്ങളുടെ സര്‍വശ്രദ്ധയും കേന്ദ്രീകരിച്ചത്. അബ്ദുല്ലാഹിബ്‌നു മസ്ഊദിനോട് ഒരു മസ്അലയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയ കാര്യം ഞാന്‍ അനുവദിക്കുകയെന്നതും അല്ലാഹു അനുവദിച്ചത് ഞാന്‍ നിഷിദ്ധമാക്കുകയെന്നതും എനിക്ക് അസഹനീയമാണ്.1 മുആദുബ്‌നു ജബല്‍ പ്രസ്താവിക്കുന്നു: ''ജനങ്ങളേ! വിപത്ത് വന്നിറങ്ങുന്നതിനു മുമ്പ് ധൃതിപ്പെടാതിരിക്കുക.2 ഓരോ കാലത്തും അതത് കാലത്ത് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചോദിച്ചാല്‍ ശരിയായ ഉത്തരം നല്‍കാന്‍ പ്രാപ്തരായ മുസ്‌ലിംകള്‍ ഉണ്ടാകും.'' ഇത്തരം പ്രസ്താവ്യങ്ങള്‍ ഹ. ഉമര്‍, അലി, ഇബ്‌നു അബ്ബാസ്, ഇബ്‌നു മസ്ഊദ് എന്നിവരില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സാങ്കല്‍പിക ചോദ്യോത്തരങ്ങള്‍ അരോചകമാണെന്ന് അതില്‍നിന്നൊക്കെ മനസ്സിലാകുന്നു. ഹ. ഇബ്‌നു ഉമര്‍ ജാബിറുബ്‌നു സൈദിനോട് പറഞ്ഞു: ''ബസ്വറയിലെ ഫുഖഹാക്കളില്‍ ഒരാളാണ് താങ്കള്‍. ഖുര്‍ആനും അംഗീകൃതസുന്നത്തും അനുസരിച്ച് മാത്രം ഫത്‌വ നല്‍കുക. താങ്കളുടെ പ്രവര്‍ത്തനം നേരെ മറിച്ചാണെങ്കില്‍ സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയുമാവും ഫലം.'' അബൂനസ്ര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: ഹ. അബൂസല്‍മ ബസ്വറയില്‍ വന്നപ്പോള്‍ ഞാനും ഹസന്‍ ബസ്വരിയും അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹം ബസ്വരിയോട് പറഞ്ഞു: ''താങ്കള്‍ തന്നെയല്ലേ ഹസന്‍? ബസ്വറയില്‍ താങ്കളെ കാണാന്‍ കൊതിച്ചപോലെ മറ്റാരെയും കാണാന്‍ എനിക്കാഗ്രഹമുണ്ടായിട്ടില്ല. താങ്കള്‍ 'റഅ്‌യ്' അനുസരിച്ച് ഫത്‌വ നല്‍കുന്നതായി എനിക്കറിയാന്‍ കഴിഞ്ഞു. അങ്ങനെ ചെയ്യരുത്. നബിതിരുമേനിയുടെ ചര്യയനുസരിച്ച് മാത്രം ഫത്‌വ നല്‍കുക. അല്ലെങ്കില്‍ അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമനുസരിച്ച്.'' ഇബ്‌നുല്‍ മുന്‍കദിര്‍ പ്രസ്താവിക്കുന്നു: ''പണ്ഡിതന്‍ അല്ലാഹുവിന്റെയും അവന്റെ ദാസന്മാരുടെയും ഇടയില്‍ മധ്യവര്‍ത്തിയാകുന്നു. അത്യന്തം ഗുരുതരവും സങ്കീര്‍ണവുമായ ആ സ്ഥാനത്തുനിന്നും സുരക്ഷിതനായി പുറത്തു കടക്കാനുള്ള മാര്‍ഗം അയാള്‍ അന്വേഷിച്ച് കണ്ടെത്തേണ്ടതാകുന്നു.''3 ഇമാം ശഅ്ബിയോട് ഇപ്രകാരം ചോദിക്കപ്പെട്ടു; ''നിങ്ങളോട് മസ്അല ചോദിച്ചാല്‍ നിങ്ങളെന്താണ് ചെയ്തിരുന്നത്?'' അദ്ദേഹം ചോദ്യകര്‍ത്താവിനോട് പറഞ്ഞു: ''സഭാഷ്! നീ വലിയ അറിവാളോടാണ് അന്വേഷിച്ചിരിക്കുന്നത്. ഞങ്ങളിപ്രകാരമാണ് ചെയ്തിരുന്നത്. ഒരാളോട് ഫത്‌വ ചോദിച്ചാല്‍ തന്റെ പണ്ഡിതനായ കൂട്ടുകാരനോട് അതിനുത്തരം പറയാന്‍ അഭ്യര്‍ഥിക്കുക. രണ്ടാമന്‍ ആ ബാധ്യത മൂന്നാമതൊരു സുഹൃത്തിനെ ഏല്‍പിക്കുന്നു; ഇതൊരു ശൃംഖലയായി മുന്നോട്ടു പോകുന്നു. അവസാനം ആ ചോദ്യം തിരിച്ച് ഒന്നാമന്റെയടുക്കല്‍ തന്നെയെത്തുന്നു.'' ഇമാം ശഅ്ബി തന്നെ മറ്റൊരിടത്ത് പ്രസ്താവിക്കുന്നു: ''അവര്‍(മുഫ്തികള്‍) നബിതിരുമേനിയെ ഉദ്ധരിച്ച് പറയുന്നത് നിങ്ങള്‍ സ്വീകരിക്കുക. അവരുടെ അനുമാനമനുസരിച്ച് പറയുന്നത് ചവറ്റുകൊട്ടയിലെറിയുക.'' (ഉദ്ധരണികള്‍ ദാരിമിയില്‍നിന്ന്)
ഹദീസ് ക്രോഡീകരണം
ഈയൊരു സാഹചര്യത്തില്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ നബിതിരുമേനിയുടെ ഹദീസുകളും സഹാബി വചനങ്ങളും ലഘുകൃതികളായും ഗ്രന്ഥങ്ങളായും സമാഹരിക്കുന്ന സമ്പ്രദായം സാര്‍വത്രികമായിത്തീര്‍ന്നു. ഹദീസില്‍ ഒരു ലഘുകൃതിയോ ഗ്രന്ഥമോ തയാറാക്കുക മുഖ്യലക്ഷ്യമായി കരുതാത്ത വല്ല ഹദീസ് പണ്ഡിതനും അക്കാലത്തുണ്ടായിരുന്നുവോ എന്ന കാര്യം സംശയമാണ്. ഈ ഉത്സാഹവും അദമ്യമായ അഭിനിവേശവും വളര്‍ന്ന് അക്കാലത്തുണ്ടായിരുന്ന പ്രാമാണിക ഹദീസ് പഠിതാക്കള്‍ ഹദീസുകള്‍ തേടി ഹിജാസ്, സിറിയ, ഇറാഖ്, ഈജിപ്ത്, യമന്‍, ഖുറാസാന്‍ മുതലായ പ്രദേശങ്ങള്‍ ചുറ്റി സഞ്ചരിക്കുകയും സമാഹരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഗരീബ്,4 നാദിര്‍5 വകുപ്പില്‍പെട്ട ഹദീസുകളും പൂര്‍വിക വചനങ്ങളും തെരഞ്ഞുപിടിക്കുന്നതില്‍പോലും അവര്‍ ഒരു വീഴ്ചയും വരുത്തിയില്ല. ആ മഹാന്മാരുടെ പ്രയത്‌നത്താല്‍ ഹദീസ് വിജ്ഞാനത്തിന്റെ ചരിത്രത്തില്‍ അതുല്യവും അതുവരെ അപ്രാപ്യവുമായിരുന്ന നബിവചനങ്ങളുടെയും മഹദ്‌വചനങ്ങളുടെയും വന്‍ ഭണ്ഡാഗാരം തന്നെ സമാഹരിക്കപ്പെട്ടു. അങ്ങനെ മുന്‍ഗാമികള്‍ക്ക് പ്രാപ്തമല്ലാത്ത വിഷയങ്ങള്‍ സ്വാഭാവികമായും അവര്‍ക്ക് ലഭ്യമായി. അവര്‍ക്ക് ഒരേ ഹദീസ് തന്നെ നിരവധി ശൃംഖലയിലൂടെ ലഭിച്ചു. ചില ഹദീസുകളുടെ നിവേദകന്മാര്‍ നൂറും അതിലധികവുമുണ്ടായിരുന്നു. ഒരു നിവേദന പരമ്പരയില്‍ നഷ്ടപ്പെട്ട ഹദീസ് ശകലം മറ്റൊരു ശൃംഖലയിലൂടെ വീണ്ടെടുക്കുക, ഗരീപും മശ്ഹൂറു6മായി ഹദീസുകള്‍ വകതിരിച്ചു മനസ്സിലാക്കുക, പല ഹദീസുകളുടെയും ശാഹിദുകളും താബിഉകളും7 പഠനവിധേയമാക്കാനുള്ള സൗകര്യം തുടങ്ങിയ വന്‍ നേട്ടങ്ങള്‍ കൈവന്നത് നിവേദന ശൃംഖലകളുടെ വര്‍ധനവു മൂലമത്രെ. മാത്രവുമല്ല, ഇതുവരെ ഫുഖഹാക്കള്‍ക്കജ്ഞാതമായിരുന്ന പ്രാമാണികമായ എണ്ണമറ്റ ഹദീസുകള്‍ പൊതുവില്‍ അറിയപ്പെടാനും ഇതു കാരണമായി. അല്ലാമാ ഇബ്‌നുഹുമാമിന്റെ ഒരു വിവരണം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ''ഇമാം ശാഫിഈ ഇമാം അഹ്മദി(റ)നോട് ആവശ്യപ്പെട്ടു: നിങ്ങള്‍ക്ക് സ്വഹീഹായ ഹദീസുകള്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ അറിയാം. താങ്കള്‍ക്കറിവുള്ള പ്രാമാണിക ഹദീസുകള്‍ എനിക്കും പറഞ്ഞുതരണം. എനിക്കും അവ പിന്തുടരാനുള്ള ഭാഗ്യമുണ്ടാകണം. ഹദീസ് കൂഫിയോ ബസ്വരിയോ ശാമിയോ ഏതും ആയിക്കൊള്ളട്ടെ.''
ഒരുവിഭാഗം ഹദീസ്ജ്ഞാനികളും മറ്റൊരു വിഭാഗം ഹദീസ് ജ്ഞാനം കുറഞ്ഞവരും ആകാന്‍ ചില കാരണങ്ങളുണ്ട്.
ഒന്ന്, പല പ്രാമാണിക ഹദീസുകളുടെയും നിവേദകന്മാര്‍ ഇതുവരെ ഒരു പ്രദേശത്തുകാര്‍ മാത്രമായിരുന്നു. സിറിയക്കാരോ ഇറാഖുകാരോ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഗരീബായ ഹദീസുകള്‍ ഉദാഹരണം. അതുപോലെ നിരവധി ഹദീസുകളുടെ നിവേദകന്മാര്‍ ഒരു ഗോത്രക്കാര്‍ മാത്രമായിരുന്നു. 'നുസ്ഖതു ബുറൈദ്' എന്നറിയപ്പെടുന്ന ഹദീസ് സമാഹാരം ഇതിനുദാഹരണമാകുന്നു. ബുറൈദ് മാത്രമാണ് അതിന്റെ നിവേദകന്‍. അദ്ദേഹം അബൂബുര്‍ദയില്‍നിന്നും അദ്ദേഹം അബൂമൂസയില്‍നിന്നും നിവേദനം ചെയ്തിരിക്കുന്നു. 'ഉമറുബ്‌നുശുഐബ്' എന്ന നാമധേയത്തില്‍ പ്രശസ്തമായ ഹദീസ് സമാഹാരവും അത്തരത്തിലുള്ളതാണ്. അദ്ദേഹം പിതാവില്‍നിന്നും പിതാവ് പ്രപിതാവില്‍നിന്നും നിവേദനം ചെയ്തിരിക്കുന്നു.
രണ്ട്, ചില സഹാബികള്‍ അപ്രശസ്തരായിരുന്നു. അവര്‍ക്ക് കുറഞ്ഞ ഹദീസുകളേ അറിയുമായിരുന്നുള്ളൂ. അങ്ങനെയുള്ള സഹാബികളില്‍നിന്ന് സ്വാഭാവികമായും ഏതാനുംപേര്‍ മാത്രമേ നിവേദനം ചെയ്യുകയുള്ളൂ.
ഫുഖഹാക്കളുടെ ദൃഷ്ടിയില്‍പെടാതെ പോയത് ഇത്തരം ഹദീസുകളായിരുന്നു. എന്നാല്‍, നേരെ മറിച്ചായിരുന്നു ഹദീസ് പണ്ഡിതന്മാരുടെ സ്ഥിതി. അവരുടെ മുമ്പാകെ മുഴുവന്‍ ഹദീസുകളുടെയും കലവറയുണ്ടായിരുന്നു. കൂടാതെ ഓരോ പ്രദേശത്തുമുണ്ടായിരുന്ന സഹാബി-താബിഈ ഫുഖഹാക്കളുടെ വൈജ്ഞാനിക സമ്പത്തും അവര്‍ ശേഖരിച്ചു കഴിഞ്ഞിരുന്നു. ഇതുവരെ ഏതു പണ്ഡിതനും തന്റെ ഗുരുനാഥന്മാരിലൂടെയും ദേശക്കാരിലൂടെയും സമ്പാദിക്കാവുന്ന നിവേദനങ്ങള്‍ മാത്രമേ സമാഹരിക്കാന്‍ സാധിച്ചിരുന്നുള്ളൂ. പുതുതായി മറ്റൊരു സ്ഥിതിവിശേഷംകൂടി സംജാതമായി; ഇതുവരെ നിവേദകന്മാരുടെ നാമവും നിലവാരവും ഗ്രഹിക്കാനുള്ള മാനദണ്ഡം പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന അവരുടെ ജീവിത സാഹചര്യവും വ്യക്തിത്വ ലക്ഷണങ്ങളും മാത്രമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഹദീസ് പണ്ഡിതന്മാര്‍ നിവേദക കലയുടെ ഈ വശത്തെ വ്യവസ്ഥാപിതമായ ഒരു ശാസ്ത്രമാക്കി വികസിപ്പിച്ചു. നിവേദകന്മാരെ അവര്‍ സ്വതന്ത്രമായ നിരൂപണത്തിന് വിധേയമാക്കി. നിവേദകന്മാരെക്കുറിച്ച് ചര്‍ച്ചകളും പഠനങ്ങളും പണ്ഡിതലോകത്ത് സുപരിചിതമായി. ഗവേഷണപരമായ ഈ ഗ്രന്ഥരചനയുടെ ഫലമായി ഹദീസുകളുടെ മേല്‍ ഉണ്ടായിരുന്ന അവ്യക്തതയുടെ ആവരണം നീങ്ങുകയും അതിനിടയില്‍ ഒളിഞ്ഞുകിടന്നിരുന്ന കണ്ണിചേരലിന്റെയും കണ്ണിമുറിയലിന്റെയും അവസ്ഥാന്തരങ്ങള്‍ വ്യക്തമാകുകയും ഹദീസുകളില്‍ മുത്തസ്വില്‍8 ഏതൊക്കെയെന്നും മുന്‍ഖത്വിഅ്9 ഏതൊക്കെയെന്നും വെളിപ്പെടുകയും ചെയ്തു. അബൂദാവൂദ് സിജിസ്താനി മക്കയിലേക്ക് എഴുതിയ ഒരു കത്തില്‍നിന്നും മനസ്സിലാകുന്നതുപോലെ ഇമാം സുഫ്‌യാനുസ്സൗരി, വകീഅ് എന്നിവരെപ്പോലുള്ള ഇതര ഹദീസ് വിജ്ഞാനസേവകന്മാരെല്ലാംകൂടി കഠിനാധ്വാനം ചെയ്തിട്ടും മുത്തസ്വിലും മര്‍ഫൂഉം ആയ ആയിരം ഹദീസുകള്‍ പോലും ശേഖരിക്കാനായില്ല. എന്നാല്‍, ഈ തലമുറയിലെ പണ്ഡിതന്മാര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളുടെ എണ്ണം ഏതാണ്ട് നാല്‍പതിനായിരത്തോളമാണ്. അവശേഷിച്ചവ നിരൂപണ ദൃഷ്ട്യാ അസ്വീകാര്യമെന്നോ തള്ളപ്പെടേണ്ടതെന്നോ പ്രഖ്യാപിക്കപ്പെട്ടു. ഇമാം ബുഖാരി തന്റെ 'ജാമിഅ്' ആറ് ലക്ഷം ഹദീസുകളുടെ കൂട്ടത്തില്‍നിന്ന് തെരഞ്ഞെടുത്ത് സമാഹരിച്ചതാണെന്ന് വിശ്വാസയോഗ്യമായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം അബൂദാവൂദിന്റെ 'സുനനു അബൂദാവൂദ്' അദ്ദേഹം ആകെ ശേഖരിച്ച അഞ്ച് ലക്ഷം ഹദീസുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നിവേദനങ്ങള്‍ ക്രോഡീകരിച്ചതാണെന്ന് പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ 'മുസ്‌നദ് അഹ്മദ്' ഹദീസുകളുടെ ബലാബലം നിര്‍ണയിക്കാന്‍ സഹായകമായ ഒരു മാനദണ്ഡം എന്ന നിലയില്‍ സമര്‍പ്പിതമാകുന്നു. അതായത്, ഈ ഗ്രന്ഥത്തിലുള്ള ഒറ്റപ്പെട്ട പരമ്പരയിലൂടെ നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ക്കുപോലും എന്തെങ്കിലുമൊരാധാരമുണ്ടായിരിക്കും. ഇതില്ലാത്ത ഹദീസുകള്‍ അതുകൊണ്ടുതന്നെ ഏറെക്കുറെ അടിസ്ഥാനരഹിതമാണ്.
മുഹദ്ദിസുകള്‍ ഫിഖ്ഹ് രംഗത്തേക്ക്
ഇവിടെ അനുസ്മരിക്കുന്ന ഹദീസ് പണ്ഡിതന്മാരില്‍ അബ്ദുര്‍റഹ്മാനിബ്‌നു മഹ്ദി, യഹ്‌യബ്‌നു സഈദ് ഖത്വാന്‍, യസീദുബ്‌നു ഹാറൂന്‍, അബ്ദുര്‍റസ്സാഖ്, അബൂബക്കറുബ്‌നു അബീശൈബ, മുസദ്ദദ്, ഹന്നാദ്, അഹ്മദുബ്‌നു ഹമ്പല്‍, ഇസ്ഹാഖുബ്‌നു റാഹവൈഹി, ഫദ്‌ലുബ്‌നുദകീന്‍, അലിയ്യുബ്‌നു മദീനി മുതലായവരും അവരുടെ സമശീര്‍ഷരായ മറ്റു മഹാന്മാരും സവിശേഷ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. ഈ തലമുറയാണ് മുഹമ്മദിസുകളുടെ നായകന്മാര്‍. അവരുടെ കൂട്ടത്തിലെ ഗവേഷണ പടുക്കള്‍ നിവേദന കലയെ വ്യവസ്ഥാപിതമായി ക്രോഡീകരിക്കുകയും ശാസ്ത്രീയമായി വികസിപ്പിക്കുകയും ഹദീസുകളുടെ നിലവാരനിര്‍ണയം അനായാസമാക്കുകയും ചെയ്തു. അനന്തരം അവര്‍ കര്‍മശാസ്ത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു. മുന്‍ഗാമികളില്‍പെട്ട ഫിഖ്ഹിന്റെ ഇമാമുകളില്‍ ഏതെങ്കിലും ഒരു ഇമാമിനെ പ്രത്യേകമെടുത്ത് തഖ്‌ലീദ് ചെയ്യുന്ന സമ്പ്രദായം തുടരാന്‍ അവര്‍ തയ്യാറായില്ല. പ്രചാരത്തിലിരിക്കുന്ന എല്ലാ കര്‍മസരണികളോടും വ്യക്തമായ വൈരുധ്യം പുലര്‍ത്തുന്ന നിരവധി നബിവചനങ്ങളും പൂര്‍വിക വീക്ഷണങ്ങളും അവരുടെ ദൃഷ്ടിയില്‍ പെട്ടുകഴിഞ്ഞിരുന്നു. അതിനാല്‍ അവര്‍ ഹദീസുകളും സഹാബികളുടെയും താബിഉകളുടെയും പൈതൃകങ്ങളും മുജ്തഹിദുകളുടെ അഭിപ്രായങ്ങളുമെല്ലാം അപഗ്രഥിച്ചു പഠിക്കാന്‍ തുടങ്ങി. എല്ലാ മസ്അലകളിലും കൂടുതതല്‍ ശരിയായ വിധി കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. ഈ പഠനത്തിന്റെ ഫലമായി പക്വവും സുസ്ഥാപിതവുമായ ഏതാനും നിദാനതത്ത്വങ്ങള്‍ രൂപീകൃതമായി. ചുവടെ ആ നിദാനതത്ത്വങ്ങളെ സംക്ഷിപ്തമായി പരിചയപ്പെടുത്താം.
പുതിയ ഉസൂലുല്‍ ഫിഖ്ഹ്
മസ്അലകളെ സംബന്ധിച്ചിടത്തോളം അവരുടെ നിലപാട് ഇപ്രകാരമായിരുന്നു:
1. വിശുദ്ധ ഖുര്‍ആന്‍ സ്പഷ്ടമായി പറഞ്ഞ കാര്യത്തില്‍ മറ്റുയാതൊന്നും പരിഗണിക്കാന്‍ പടില്ല.
2. വിശുദ്ധ ഖുര്‍ആന്റെ വിവരണം സുവ്യക്തമല്ലാത്തതും ഭിന്ന വ്യാഖ്യാനത്തിനിടം നല്‍കുന്നതുമാണെങ്കില്‍ അതില്‍ ഏതെങ്കിലും ഒരു വ്യാഖ്യാനം സ്വീകരിക്കുന്നത് നബിചര്യയെ ആസ്പദമാക്കിയാവണം.
3. വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടില്ലാത്ത പ്രശ്‌നത്തില്‍ നബിചര്യ സ്വീകരിക്കേണ്ടതാണ്. അക്കാര്യത്തില്‍ ഹദീസ് മശ്ഹൂര്‍, ഫുഖഹാക്കളുടെ പൊതു അംഗീകാരം നേടിയ ഹദീസുകള്‍, ഒരു ദേശത്തോ ഒരു കുടുംബത്തിലോ മാത്രം അറിയപ്പെട്ടതും പ്രസിദ്ധമായതുമായ ഹദീസ്, ഒരു നിവേദന പരമ്പര മാത്രമുള്ള ഹദീസ്, സഹാബികളും ഫുഖഹാക്കളും അനുധാവനം ചെയ്തതോ ചെയ്യാത്തതോ ആയ ഹദീസ് എന്നിങ്ങനെയുള്ള വിവേചനങ്ങള്‍ പ്രസക്തമല്ല. ചുരുക്കത്തില്‍ ഹദീസിന്റെ സാന്നിധ്യത്തില്‍ അതിനു വിരുദ്ധമായ ഏതെങ്കിലും പൂര്‍വിക വചനത്തിനോ ഇജ്തിഹാദിനോ ഒരു സ്ഥാനവും ഇല്ല.
4. ഒരു പ്രശ്‌നത്തില്‍ പരമാവധി അന്വേഷിച്ചിട്ടും ഹദീസ് ലഭിച്ചില്ലെങ്കില്‍ അവര്‍ സഹാബികളുടെയും താബിഉകളുടെയും അഭിപ്രായങ്ങളെ അവലംബിക്കും. എന്നാല്‍, ഇവിടെ ഫിഖ്ഹിന്റെ ഇമാമുകളുടേതു പോലുള്ള നിലപാടായിരുന്നില്ല ഈ ഹദീസ് പണ്ഡിതന്മാരുടേതെന്ന വസ്തുത ഗ്രഹിച്ചിരിക്കേണ്ടതാണ്. എല്ലായ്‌പ്പോഴും എല്ലാ മസ്അലകളിലും ഒരു പ്രത്യേക വിഭാഗക്കാരോ, ദേശക്കാരോ ആയ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ മാത്രമായിരുന്നില്ല അവര്‍ സ്വീകരിച്ചിരുന്നത്. പ്രത്യുത, ഒരു മസ്അലയില്‍ ഭൂരിപക്ഷം ഫുഖഹാക്കളും ഖുലഫാഉര്‍റാശിദുകളും ഏകാഭിപ്രായക്കാരാണെങ്കില്‍ യാതൊരു വൈമനസ്യവും കൂടാതെ അവരത് സ്വീകരിക്കും. എന്നാല്‍ പൂര്‍വികന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നതായി കണ്ടാല്‍ കൂട്ടത്തില്‍ പാണ്ഡിത്യത്തിലും ഭക്തിയിലും, ഹദീസ് വിജ്ഞാനത്തിലും കൂടുതല്‍ മികച്ചവരുടെ അഭിപ്രായത്തിന് പ്രാബല്യം നല്‍കും. അല്ലെങ്കില്‍ കൂടുതല്‍ അറിയപ്പെട്ട അഭിപ്രായം സ്വീകരിക്കും. എന്നാല്‍, ഒരു മസ്അലയില്‍ എല്ലാ നിലയിലും തുല്യസ്വഭാവത്തിലുള്ള 'രണ്ട് അഭിപ്രായങ്ങളുള്ള മസ്അല' എന്നു പറയപ്പെടുന്നു. രണ്ടില്‍ ഏതു അഭിപ്രായത്തെയും ഒരുപോലെ പിന്‍പറ്റാം.
5. സഹാബികളുടെയും താബിഉകളുടെയും അഭിപ്രായങ്ങള്‍ നിരീക്ഷിച്ചിട്ടും ഒരു മസ്അലക്ക് ഉത്തരം കണ്ടെത്താനായില്ലെങ്കില്‍ ഖുര്‍ആന്‍ സൂക്തങ്ങളുടെയും പ്രബല ഹദീസുകളുടെയും വിശാലമായ അര്‍ഥതലങ്ങളും സൂചനകളും തേട്ടങ്ങളും പഠിക്കുകയും 'മസ്അല'ക്ക് സമാന മസ്അല കണ്ടെത്തി അതിനെ അവലംബിച്ച് പരിഹാരമാവിഷ്‌കരിക്കുകയുമാണവര്‍ ചെയ്തത്. ഉപമാന പ്രശ്‌നത്തിലും ഉപമേയ പ്രശ്‌നത്തിലും വ്യക്തമായും സമാനതയുണ്ടായിരിക്കണമെന്ന ഉപാധിയോടുകൂടിയായിരുന്നു ഇത്. ഈ പ്രകൃതത്തില്‍ ഏതെങ്കിലും സിദ്ധാന്തത്തിനു ദാസ്യവേല ചെയ്യുകയായിരുന്നില്ല അവര്‍. പ്രത്യുത, അവരുടെ അവലംബം സ്വന്തം അവബോധത്തിലും മനസ്സമാധാനത്തിലും മാത്രമായിരുന്നു. ഒരു ഹദീസ് മുതവാതിര്‍ ആണെന്ന് തീരുമാനിക്കുന്നത് നിവേദകന്മാരുടെ എണ്ണമോ നീതിബോധമോ പരിഗണിച്ചല്ലല്ലോ. പ്രത്യുത, ഹദീസ് അതിന്റെ മുഴുവന്‍ ശൃംഖലസമേതം കേള്‍ക്കുന്ന ശ്രോതാക്കളുടെ മനസ്സില്‍ സ്വാഭാവികമായി ഉടലെടുക്കുന്ന വിശ്വാസമാണതിനാധാരം. അതുതന്നെയാണിവിടെയും സംഭവിക്കുന്നത്. ഇക്കാര്യം സഹാബികളുടെ സ്ഥിതി വിവരിക്കുമ്പോഴും നാം പറഞ്ഞിട്ടുണ്ട്.
പുതിയ ഉസൂലിന്റെ സ്രോതസ്
ഹദീസ് പണ്ഡിതന്മാരുടെ ഉപരിസൂചിത നിദാനതത്ത്വങ്ങളും വ്യവസ്ഥകളും പൂര്‍വികരുടെ ചിന്താശൈലിയില്‍നിന്നും അവരുടെ വ്യക്തമായ പ്രസ്താവനകളില്‍നിന്നും ആവിഷ്‌കരിച്ചവയായിരുന്നു. മൈമൂനുബ്‌നു മഹ്‌റാന്‍ അതിപ്രകാരം വിവരിക്കുന്നു:
''ഹ. അബൂബക്കറി(റ)ന്റെ മുമ്പില്‍ ഒരാള്‍ കേസുമായെത്തിയാല്‍ തീരുമാനത്തിനായി അദ്ദേഹം സസൂക്ഷ്മം ഖുര്‍ആന്‍ പരിശോധിക്കുമായിരുന്നു. അതില്‍നിന്നും മാര്‍ഗദര്‍ശനം സിദ്ധിച്ചാല്‍ അതനുസരിച്ച് തീരുമാനമെടുക്കും. ഖുര്‍ആനില്‍നിന്ന് ഒരു വിധി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനറിയാമായിരുന്ന നബിചര്യയെ ആസ്പദിച്ചായിരിക്കും തീരുമാനമെടുക്കുക. അറിയാവുന്ന നബിചര്യകളില്‍നിന്ന് മാര്‍ഗദര്‍ശനം കിട്ടിയില്ലെങ്കില്‍ പ്രശ്‌നം മുസ്‌ലിംകളുടെ മുമ്പാകെ സമര്‍പിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. 'എന്റെ മുമ്പാകെ ഇന്ന സ്വഭാവത്തിലുള്ള ഒരു പ്രശ്‌നം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു; നിങ്ങളില്‍ ആര്‍ക്കെങ്കിലും ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ നബിതിരുമേനി നല്‍കിയ വല്ല നിര്‍ദേശവും അറിയുമോ?' അദ്ദേഹം ചോദിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ മിക്കപ്പോഴും അദ്ദേഹത്തിന്റെ ചുറ്റും വലിയ സദസ്സ് ഉണ്ടാകും. അവരില്‍ ഓരോരുത്തരും അവരവരുടെ അറിവിനനുസരിച്ച് നബി(സ)യുടെ നിര്‍ദേശങ്ങള്‍ വിവരിക്കും. അത് ശ്രവിച്ച് സിദ്ദീഖുല്‍അക്ബര്‍ ആത്മഗതം ചെയ്യും. ഈ സമൂഹത്തില്‍ നബിചര്യയെ സംരക്ഷിക്കുന്ന ആളുകളെ ഉണ്ടാക്കിയ അല്ലാഹുവിന്ന് ആയിരമായിരം സ്തുതി. സാധ്യമായ ശ്രമങ്ങളൊക്കെ നടത്തിയിട്ടും ഒരു ഹദീസും അദ്ദേഹത്തിന് ലഭിച്ചില്ലെങ്കില്‍ സമൂഹത്തില്‍ കാര്യശേഷിയും ധിഷണാശക്തിയുമുള്ള ഉത്തരവാദപ്പെട്ട വ്യക്തികളെ വിളിച്ചുചേര്‍ത്ത് പ്രശ്‌നം അവരുമായി കൂടിയാലോചിക്കും. അവര്‍ ഏകകണ്ഠമായി ഒരു തീരുമാനത്തിലെത്തിയാല്‍ അദ്ദേഹം ആ തീരുമാനം പ്രഖ്യാപിക്കും.''
ഹ. ഉമറിനെക്കുറിച്ച് ശുഹൈറും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശുറൈഹ് പറയുന്നു; ''ഹ. ഉമര്‍ എനിക്ക് നിര്‍ദേശം അയച്ചു; നിന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെടുന്ന കേസ് ഖുര്‍ആനില്‍തന്നെ വിധിയുള്ളതാണെങ്കില്‍ അതനുസരിച്ച് വിധിക്കുക. അറിയുക, വ്യക്തിസ്വാധീനം ഖുര്‍ആനില്‍നിന്നും നിന്നെ പിന്‍തിരിപ്പിക്കാതിരിക്കട്ടെ. നിന്റെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കേസ് വിശുദ്ധ ഖുര്‍ആനില്‍ ഒരു വിധിയുമില്ലാത്ത തരത്തിലുള്ളതാണെങ്കില്‍ നബിതിരുമേനിയുടെ ചര്യ പരിശോധിച്ച് അതിന്റെ വെളിച്ചത്തില്‍ വിധിപറയുക. എന്നാല്‍, ഒരു കേസില്‍ ദൈവികഗ്രന്ഥത്തില്‍നിന്നോ തിരുചര്യയില്‍നിന്നോ ഒരു വിധിയും ലഭിച്ചില്ലെങ്കില്‍ ഭൂരിപക്ഷ പണ്ഡിതന്മാര്‍ ഇത്തരം കേസുകളില്‍ എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് പരിശോധിച്ച് അതുപ്രകാരം പ്രവര്‍ത്തിക്കുക. എന്നാല്‍, ഖുര്‍ആന്റെയും സുന്നത്തിന്റെയും മാര്‍ഗദര്‍ശനവും മുന്‍ഗാമികളുടെ അഭിപ്രായങ്ങളും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നിനക്ക് രണ്ടിലൊരു മാര്‍ഗം സ്വീകരിക്കാവുന്നതാണ്. ഇജ്തിഹാദ് ചെയ്ത് സ്വന്തം വീക്ഷണപ്രകാരം ഉടന്‍ വിധി പ്രസ്താവിക്കണമെങ്കില്‍ അങ്ങനെ ചെയ്യാം; ഇജ്തിഹാദിനുശേഷം എത്തിച്ചേരുന്ന വിധി കൂടുതല്‍ പര്യാലോചനക്കായി, നടപ്പാക്കുന്നത് നീട്ടിവെക്കണമെങ്കില്‍ അതിനും അനുവാദമുണ്ട്. രണ്ടാമത്തെ മാര്‍ഗമാണ് കൂടുതല്‍ ഉത്തമമെന്ന് ഞാന്‍ കരുതുന്നു.''
അബ്ദുല്ലാഹിബ്‌നു മസ്ഊദ് പ്രസ്താവിക്കുന്നു:
''വ്യവഹാരങ്ങളില്‍ തീരുമാനം കാണുകയെന്ന ബാധ്യതയില്ലാത്ത ഒരു കാലഘട്ടം ഞങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. അന്ന് ഞങ്ങളതിനര്‍ഹരുമായിരുന്നില്ല. എന്നാല്‍, ദൈവേഛ ഞങ്ങളെ ഇപ്പോഴത്തെ ഈ സ്ഥാനത്ത് കൊണ്ടുവന്നു നിര്‍ത്തിയിരിക്കുന്നു. ആയതിനാല്‍ കേട്ടുകൊള്ളുക: ഇന്നുമുതല്‍ ആരുടെ മുമ്പാകെ എന്തുതരം കേസ് സമര്‍പ്പിക്കപ്പെട്ടാലും തീരുമാനം ഖുര്‍ആന്‍ അനുസരിച്ചായിരിക്കേണ്ടതാണ്. ഒരു പ്രശ്‌നത്തില്‍ ദൈവികഗ്രന്ഥത്തില്‍ ഒരു വിധിയും നിര്‍ദേശിക്കപ്പെട്ടിട്ടില്ലെങ്കില്‍ റസൂല്‍ തിരുമേനിയുടെ നിര്‍ദേശങ്ങള്‍ പരിശോധിച്ച് അതനുസരിച്ച് തീരുമാനിക്കേണ്ടതാകുന്നു. എന്നാല്‍, ഖുര്‍ആനിലും സുന്നത്തിലും പരാമര്‍ശിക്കപ്പെടാത്ത പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നതെങ്കില്‍ സുകൃതികളായ പണ്ഡിതന്മാരുടെ തീരുമാനം സ്വീകരിക്കേണ്ടതാകുന്നു. ഈ കാര്യങ്ങളില്‍ പിന്നെ 'ഞാന്‍ ഭയപ്പെടുന്നു'വെന്നോ 'എന്റെ അഭിപ്രായം ഇന്നതാണെ'ന്നോ പറയരുത്.10 കാരണം, അനുവദീയമായതെന്തെന്നും നിഷിദ്ധമാക്കപ്പെട്ടതെന്തെന്നും സ്പഷ്ടമാണ്. രണ്ടിനുമിടയില്‍ ചില കാര്യങ്ങളുടെ വിധിയുടെ കാര്യത്തില്‍ അസ്പഷ്ടതയുണ്ട്. അത്തരം കാര്യങ്ങളില്‍ ഒരു തീരുമാനം കൈക്കൊള്ളുമ്പോള്‍ സംശയാസ്പദമായത് ഉപേക്ഷിക്കുകയും അല്ലാത്തത് സ്വീകരിക്കുകയും ചെയ്യുക.''
ഹ. ഇബ്‌നു അബ്ബാസ് ഖുര്‍ആന്‍ അനുസരിച്ചായിരുന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞിരുന്നത്. ഖുര്‍ആനില്‍നിന്നും ഉത്തരം ലഭിച്ചില്ലെങ്കില്‍ നബിചര്യയനുസരിച്ചുത്തരം നല്‍കും. അവ രണ്ടും മൗനം പാലിച്ച വിഷയമാണെങ്കില്‍ അബൂബക്കര്‍, ഉമര്‍ എന്നീ ഖലീഫമാരുടെ വിധികളെ അവലംബിക്കും. അവരുടെ വിധികളും ലഭിക്കാതെ വന്നാല്‍ സ്വയം ഇജ്തിഹാദ് ചെയ്ത് ഒരഭിപ്രായം രൂപീകരിക്കും. അദ്ദേഹമൊരിക്കല്‍ താക്കീതിന്റെ സ്വരത്തില്‍ ജനങ്ങളെയഭിമുഖീകരിച്ചു ചോദിക്കുകയുണ്ടായി: ''റസൂല്‍(സ)യുടെ പ്രസ്താവനക്ക് സമാനമായി റസൂലിന്റെ തിരുവചനം ഇപ്രകാരമാണ്, ഇന്നയാളുടെ പ്രസ്താവന അങ്ങനെയാണ് എന്നിങ്ങനെ പറയുമ്പോള്‍ നിങ്ങളുടെ മേല്‍ ദൈവശിക്ഷ പതിക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ ഭൂമിയിലേക്ക് ആഴ്ത്തപ്പെടുകയോ ചെയ്യുമെന്ന് ഭയപ്പെടാത്തതെന്ത്?11
ഹ. ഖതാദ നിവേദനം ചെയ്യുന്നു: ''ഇബ്‌നു സീരീന്‍ ഒരാള്‍ക്ക് നബിതിരുമേനിയുടെ ഹദീസ് പറഞ്ഞുകൊടുത്തപ്പോള്‍ അദ്ദേഹം ഈ വിഷയത്തില്‍ ഒരു പണ്ഡിതന്‍ മറ്റൊരഭിപ്രായം പറഞ്ഞിരിക്കുന്നുവെന്ന് അറിയിച്ചു. ഇബ്‌നുസീരീന്‍ ചോദിച്ചു: ഞാന്‍ നിനക്ക് നബിതിരുമേനിയുടെ ഹദീസ് പറഞ്ഞുതരുമ്പോള്‍ നീ അക്കാര്യത്തില്‍ ഇന്നയാള്‍ പറഞ്ഞത് മറ്റൊന്നാണെന്ന് പറയുകയോ?''
ഇമാം ഔസാഇയില്‍നിന്ന് നിവേദനം: ''ഉമറുബ്‌നു അബ്ദില്‍ അസീസ് വിളംബരം ചെയ്തു: ഖുര്‍ആനിന്റെ വിധിക്കുമുമ്പില്‍ ആരുടെയും അഭിപ്രായത്തിന് ഒരു വിലയുമില്ല. ഖുര്‍ആനിലോ സുന്നത്തിലോ വിധിനിര്‍ദേശിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്‌നങ്ങളില്‍ മാത്രമേ മുജ്തഹിദുകളായ ഇമാമുകളുടെ അഭിപ്രായം പരിഗണിക്കപ്പെടുകയുള്ളൂ. നബി(സ) ഒരു ചര്യ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ഏതു വ്യക്തിയുടെയും സ്വാഭിപ്രായത്തിന് പുല്ലുവിലപോലുമില്ല.''
അശ്മശ് വിവരിക്കുന്നു; ഇമാമും ഒരു മഅ്മൂമും മാത്രമേയുള്ളൂവെങ്കില്‍ മഅ്മൂം ഇമാമിന്റെ ഇടതുഭാഗത്താണ് നില്‍ക്കേണ്ടതെന്നായിരുന്നു ഇബ്‌റാഹിം നഖഈയുടെ ഫത്‌വ. താന്‍ ഒരു നിശാനമസ്‌കാരത്തില്‍ നബിതിരുമേനിയുടെ ഇടതുഭാഗത്ത് നിന്നപ്പോള്‍ തിരുമേനി, തന്നെ വലതുഭാഗത്തേക്കു മാറ്റിനിര്‍ത്തിയതായി ഇബ്‌നു അബ്ബാസിന്റെ ഒരു നിവേദനം സമീഉസ്സയാത്തിനെ ഉദ്ധരിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതോടെ ഇബ്‌റാഹീം നഖഈ തന്റെ നിലപാട് തിരുത്തി.
ഒരാള്‍ ഇമാം ശഅ്ബിയുടെ അടുത്ത് ഒരു 'മസ്അല' ചോദിക്കാന്‍ വന്ന സംഭവം ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഇമാം തദ്വിഷയകമായി അയാള്‍ക്ക് അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ അഭിപ്രായം പറഞ്ഞുകൊടുത്തു. അയാള്‍ പറഞ്ഞു: ''താങ്കളുടെ വീക്ഷണം പറഞ്ഞുതന്നാലും.'' ഇതുകേട്ട് ശഅ്ബി സദസ്യരോട് പറഞ്ഞു: ''ജനങ്ങളേ, ഇയാളെക്കുറിച്ച് നിങ്ങള്‍ക്കാശ്ചര്യം തോന്നുന്നില്ലേ? ഞാനയാള്‍ക്ക് ഹ. ഇബ്‌നുമസ്ഊദിന്റെ ഫത്‌വ പറഞ്ഞുകൊടുത്തപ്പോള്‍ അയാള്‍ എന്റെ സ്വന്തം അഭിപ്രായം ചോദിക്കുന്നു! സ്വാഭിപ്രായം പറയുന്നതിനേക്കാള്‍ ഈ രീതിയില്‍ ഉത്തരം പറയുന്നതെത്രയോ ഗുണകരമാണെന്നത്രെ ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാഹുവാണെ, എന്റെ നാവില്‍നിന്നു വല്ല അസഭ്യവാക്യങ്ങളും ഉതിരുന്നത് ഞാനിഷ്ടപ്പെട്ടേക്കാം. പക്ഷേ, ഇബ്‌നു മസ്ഊദിനെപ്പോലെ മഹാനായ ഒരു സഹാബിയുടെ ഫത്‌വെക്കെതിരായി സ്വാഭിപ്രായം പ്രകടിപ്പിക്കുന്നത് ഇഷ്ടപ്പെടുകയില്ലതന്നെ.''
മുകളിലുദ്ധരിച്ച മഹദ്‌വചനങ്ങളെല്ലാം ദാരിമി രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം തിര്‍മുദിയും അബൂസാഇബും നിവേദനം ചെയ്യുന്നു: ''ഞങ്ങള്‍ വകീഇന്റെ സന്നിധിയിലായിരുന്നു. ശരീഅത്തിന്റെ യുക്തിവല്‍ക്കരണത്തെ അനുകൂലിക്കുന്ന ഒരാളോട് അദ്ദേഹം പറഞ്ഞു: ''ഇശ്ആര്‍12 മുസ്‌ല13ക്ക് തുല്യമാണെന്ന് ഇമാം അബൂഹനീഫ പറയുന്നു. എന്നാല്‍, റസൂല്‍(സ) ഇശ്ആര്‍ ചെയ്തിട്ടുണ്ട്.'' അയാള്‍ പറഞ്ഞു: ''ഇബ്‌റാഹീം നഖഈ ഇശ്ആറിനെ മുസ്‌ലയായി ഗണിച്ചിരുന്നുവെന്നതാണിതിനു കാരണം.'' ഇതുകേട്ട് വകീഅ് കോപാകുലനാകുന്നതാണ് കണ്ടത്. നീയോ, അതിനെതിരായി ഇബ്‌റാഹീം നഖഈയുടെ അഭിപ്രായം കേള്‍പ്പിക്കുന്നു. വാസ്തവത്തില്‍ നിന്നെ ജയിലിലടക്കുകയാണ് വേണ്ടത്. ഈ വാദം വെടിയുന്നതുവരെ വിട്ടയക്കരുത്.''
ഹ. അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അത്വാഅ്, മുജാഹിദ്, മാലികുബ്‌നു അനസ് മുതലായവര്‍ സാധാരണ ഉണര്‍ത്താറുണ്ടായിരുന്നു: ''യാതൊരാളുടെയും വാക്ക് കണ്ണടച്ചംഗീകരിക്കേണ്ടതില്ല. ആരു പറഞ്ഞാലും തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടാകും; റസൂലിന്റെ തിരുമൊഴികളൊഴികെ.''
പുതിയ സമീപനത്തിന്റെ മെച്ചം
ചുരുക്കത്തില്‍ പൂര്‍വസൂരികളുടെ മാതൃക അവലംബിച്ചുകൊണ്ടാണ് ഹദീസ് പണ്ഡിതന്മാര്‍ കര്‍മശാസ്ത്രനിയമങ്ങളാവിഷ്‌കരിക്കുന്നതിനുള്ള നിദാന തത്ത്വങ്ങള്‍(ഉസൂല്‍) രൂപീകരിച്ചത്. ഉസൂലുല്‍ ഫിഖ്ഹിനെ പുതിയ അടിത്തറയില്‍ ക്രോഡീകരിച്ചുകൊണ്ട് മുമ്പു ചര്‍ച്ചചെയ്യപ്പെട്ടതോ ഇപ്പോള്‍ അഭിമുഖീകരിക്കുന്നതോ ആയ ഏതെങ്കിലും കര്‍മശാസ്ത്രപ്രശ്‌നത്തെ സംബന്ധിച്ച് മര്‍ഫൂഓ മുത്തസ്വിലോ മുര്‍സലോ മൗഖൂഫോ സ്വഹീഹോ ഹസനോ14 മറ്റു വിധത്തില്‍ അംഗീകരിക്കുന്നതോ ആയ ഒരു ഹദീസ്, അല്ലെങ്കില്‍ അബൂബക്കര്‍, ഉമര്‍ എന്നീ ഖലീഫമാരുടെയോ ഇതര ഖുലഫാഉര്‍റാശിദുകളുടെയോ ഫിഖ്ഹ് പണ്ഡിത്മാരുടെയോ ഖാദിമാരുടെയോ ഒരു വചനമെങ്കിലും ലഭിക്കാതിരിക്കുകയോ അവയൊന്നുമില്ലാതെവരുമ്പോള്‍ ഖുര്‍ആനിലും സുന്നത്തിലുമുള്ള സുവ്യക്ത പ്രമാണങ്ങളെ അവലംബിച്ച്, അവയുടെ സൂചനകളും അര്‍ഥവ്യാപ്തിയും നേട്ടവും പരിശോധിച്ചു സ്വയം നിയമനിര്‍ധാരണം ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ഉണ്ടായിട്ടില്ല. ഇപ്രകാരം അല്ലാഹു അവര്‍ക്ക് യഥാര്‍ഥ നബിചര്യ അനുധാവനം ചെയ്യാനുള്ള രാജവീഥി തുറന്നുകൊടുത്തു. ഹദീസുകള്‍ കൂടുതല്‍ ഉദ്ധരിക്കുക, ഹദീസുകളുടെ നിലവാരം സംബന്ധിച്ച ജ്ഞാനം, കര്‍മശാസ്ത്രപരമായ ഉള്‍ക്കാഴ്ച എന്നിവ പരിഗണിച്ചാല്‍ അവരില്‍ അദ്വിതീയന്‍ മഹാനായ അഹ്മദുബ്‌നു ഹമ്പല്‍ ആണ്. ദ്വിതീയന്‍ ഇസ്ഹാഖുബ്‌നു റാഹവൈഹിയും.
ഈ കര്‍മശാസ്ത്രപഠന സമ്പ്രദായം അനായാസകരമല്ല. ഇതനുസരിച്ച് ശരീഅത്ത് നിയമങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഹദീസുകളുടെയും പൂര്‍വാഭിപ്രായങ്ങളുടെയും ഒരു വലിയ ഭണ്ഡാരം തന്നെ സ്വായത്തമാക്കിയവര്‍ക്കേ സാധിക്കുകയുള്ളൂ. ഇമാം അഹ്മദുബ്‌നു ഹമ്പലിനോട് ഒരാള്‍ ചോദിച്ചു: ഒരാള്‍ മുഫ്തിയാകണമെങ്കില്‍ ഒരുലക്ഷം ഹദീസ് അറിഞ്ഞാല്‍ മതിയാകുമോ? അദ്ദേഹം പറഞ്ഞു: പോരാ. ചോദ്യകര്‍ത്താവ് എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അഞ്ചുലക്ഷം ഹദീസുകള്‍ അറിഞ്ഞാല്‍ മതിയാകുമോ? എന്നു ചോദിച്ചു. അപ്പോള്‍ ഇമാം അവര്‍കള്‍ പ്രതിവചിച്ചു: അങ്ങനെയുള്ള ഒരാള്‍ക്ക് മുഫ്തിയാകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം (ഗായതുല്‍മുന്‍തഹാ).
ഇവിടെ മുഫ്തിയാകുകയെന്നതുകൊണ്ട് ഇമാം അവര്‍കള്‍ ഉദ്ദേശിച്ചത് മുകളില്‍ പറഞ്ഞ സമ്പ്രദായമനുസരിച്ച് ഫത്‌വ നല്‍കുയെന്നതാകുന്നു.
ഹദീസ് സംശോധനായുഗം
അനന്തരം അല്ലാഹു പണ്ഡിതന്മാരുടെ മറ്റൊരു തലമുറക്ക് ജന്മം നല്‍കി. ഹദീസുകളുടെ ക്രോഡീകരണം, മുകളില്‍ പറഞ്ഞ നിദാനതത്ത്വങ്ങള്‍ക്കനുസൃതമായി കര്‍മശാസ്ത്രത്തിന്റെ അടിത്തറയുറപ്പിക്കല്‍ എന്നീ കടമകള്‍ മുന്‍ഗാമികള്‍ നിര്‍വഹിച്ചു കഴിഞ്ഞതായും ഇനിയും അക്കാര്യത്തില്‍ തങ്ങളൊന്നും ചെയ്യേണ്ടതില്ലാത്തതായും അവര്‍ കണ്ടു. അതിനാല്‍, അവര്‍ ഹദീസ് വിജ്ഞാനവുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉദാഹരണമായി യസീദുബ്‌നു ഹാറൂന്‍, യഹ്‌യബ്‌നു സഈദ്ഖത്വാന്‍, അഹ്മദുബ്‌നുഹമ്പല്‍, ഇസ്ഹാഖുബ്‌നുറാഹവൈഹി മുതലായ സര്‍വസമ്മതരായ മുഹദ്ദിസുകള്‍ പ്രബലമെന്ന് ഏകോപിച്ച് അഭിപ്രായപ്പെട്ട ഹദീസുകള്‍ തെരഞ്ഞുപിടിച്ച് ക്രോഡീകരിക്കുക, കര്‍മശാസ്ത്ര വിശാരദന്മാര്‍ തങ്ങളുടെ മദ്ഹബുകള്‍ക്കാധാരമായെടുത്ത ഹദീസുകള്‍ സമാഹരിക്കുക, പൂര്‍വികര്‍ 'പൊതുവില്‍' ഉദ്ധരിച്ചിട്ടില്ലാത്ത ശാദ്ദ്,15 ഗരീബ് ഇനത്തില്‍പെട്ട ഹദീസുകളുടെ നിലവാരം വിലയിരുത്തുക, ആദ്യകാലങ്ങളില്‍ ഹദീസുകള്‍ സമാഹരിച്ചവര്‍ക്ക് ലഭിച്ചിട്ടില്ലാത്തതും വിഷയവുമായി ബന്ധപ്പെട്ടതുമായ നിവേദനങ്ങള്‍ ശേഖരിക്കുക, പരമ്പരയൊത്തിട്ടില്ലാത്തവര്‍ക്ക് പരമ്പരയൊത്ത സരണി കണ്ടെത്തുക, തിരുമേനിയിലേക്ക് മധ്യവര്‍ത്തികള്‍ കുറഞ്ഞ പരമ്പരയന്വേഷിക്കുക, ഫഖീഹില്‍നിന്ന് ഫഖീഹ്, അല്ലെങ്കില്‍ ഹാഫിളി(ഹദീസ് മനപാഠമാക്കിയ പണ്ഡിതന്‍)ല്‍നിന്ന് ഹാഫിള് ഉദ്ധരിച്ചത് കണ്ടെത്തുക, ഒരേ ഹദീസിന് പല പരമ്പരകള്‍ തേടിപ്പിടിക്കുക മുതലായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടു.
ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂദാവൂദ്, അബ്ദുബ്‌നു ഹുമൈദ്, ദാരിമി, ഇബ്‌നുമാജ, അബൂയഅ്‌ല, തിര്‍മുദി, നസാഈ, ദാറഖുത്‌നി, ഹാകിം, ബൈഹഖി, ഖത്വീബ്, ദൈലമി, ഇബ്‌നു അബ്ദില്‍ബര്‍റ് തുടങ്ങിയ പണ്ഡിത കേസരികള്‍ ഈ വിഭാഗത്തിലുള്‍പ്പെട്ട വിശിഷ്ടരാണ്. എന്റെ അഭിപ്രായത്തില്‍ സമഗ്രമായ അറിവ്, ഗ്രന്ഥങ്ങളുടെ സ്വീകാര്യത, (പ്രയോജനം) പ്രശസ്തി എന്നിവ പരിഗണിച്ച് അവരില്‍ നാല് മഹാന്മാര്‍ ഈ ഉദ്യാനത്തില്‍ അതിശ്രേഷ്ഠ പുഷ്പങ്ങളാകുന്നു. അവരെല്ലാവരും മിക്കവാറും സമകാലീനരുമാകുന്നു. നാമിവിടെ അവരെ ചുരുക്കി അനുസ്മരിക്കുന്നു.
ഇമാം ബുഖാരി
ഇവരില്‍ അദ്വിതീയ വ്യക്തിത്വമാണ് ഇമാം ബുഖാരിയുടേത്. ഹദീസുകളെക്കുറിച്ച് അദ്ദേഹത്തിന്റെ വീക്ഷണം ഇങ്ങനെ സംഗ്രഹിക്കാം; പരമ്പരയൊത്ത (മുത്തസ്വില്‍), പ്രബലവും(സ്വഹീഹ്) പ്രസിദ്ധവുമായ ഹദീസുകളെ മറ്റു ഹദീസുകളില്‍നിന്നു വേര്‍തിരിക്കേണ്ടതാണ്. അവയായിരിക്കണം കര്‍മശാസ്ത്രം, ചരിത്രം, ഖുര്‍ആന്‍ വ്യാഖ്യാനം എന്നിവയ്ക്കാധാരം. കര്‍മശാസ്ത്രവിധികള്‍ (മസ്അലകള്‍) അവയില്‍നിന്ന് നിര്‍ധാരണം ചെയ്യേണ്ടതാണ്. ഈ ഉദ്ദേശ്യാര്‍ഥം അദ്ദേഹം ക്രോഡീകരിച്ച ഹദീസ് സമാഹാരമാണ് 'ജാമിഅ്‌സ്വഹീഹുല്‍ ബുഖാരി' അദ്ദേഹം സ്വയം നിര്‍ണയിച്ച ഉപാധികള്‍ക്ക് വിധേയമായിട്ടാണ് ഇതു ക്രോഡീകരിച്ചിട്ടുള്ളത്.
സ്വഹീഹുല്‍ ബുഖാരിയുമായി ബന്ധപ്പെട്ട് ഒരു മഹാന് ഇങ്ങനെയൊരു സ്വപ്നദര്‍ശനമുണ്ടായതായി പറയപ്പെടുന്നു: അദ്ദേഹം നബിതിരുമേനിയെ സ്വപ്നത്തില്‍ ദര്‍ശിച്ചു. തിരുമേനി ചോദിച്ചു: 'എന്റെ ഗ്രന്ഥം ഉപേക്ഷിച്ച് മുഹമ്മദുബ്‌നു ഇദ്‌രീസി(ഇമാം ശാഫിഈ)ന്റെ കര്‍മശാസ്ത്രഗ്രന്ഥത്തില്‍ ആണ്ടുപോകാന്‍ നിനക്കെന്തു പറ്റി?' 'അല്ലാഹുവിന്റെ ദൂതരേ, ഏതാണ് അങ്ങയുടെ ഗ്രന്ഥം?' -അദ്ദേഹം അന്വേഷിച്ചു. 'സ്വഹീഹുല്‍ ബുഖാരി' -അവിടന്ന് പറഞ്ഞു. അല്ലാഹുവാണെ, സ്വഹീഹുല്‍ ബുഖാരിക്ക്- ലഭിച്ച പ്രശസ്തിയും അംഗീകാരത്തിനുമുപരി ഒരു പ്രശസ്തിയും അംഗീകാരവും ആര്‍ക്കും ആശിക്കാന്‍ പോലുമാവില്ല.
ഇമാം മുസ്‌ലിം
രണ്ടാമന്‍ മുസ്‌ലിം നൈസാപൂരിയാകുന്നു. ഹദീസുകളെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിനെ ഇങ്ങനെ സംഗ്രഹിക്കാം: ഹദീസ് പണ്ഡിതന്മാരെല്ലാം നിവേദന പരമ്പര നബിതിരുമേനിവരെ എത്തിയിട്ടുണ്ടെന്ന് (മുത്തസ്വില്‍ മര്‍ഫൂഅ്) ഏകോപിച്ച് സമ്മതിച്ചിട്ടുള്ളതും നബി(സ)യുടെ ചര്യ(സുന്നത്ത്) ശരിയായ വിധത്തില്‍ ചൂണ്ടിക്കാണിച്ചു തരുന്നതുമായ ഹദീസുകള്‍ തെരഞ്ഞെടുക്കാനും, ഏറെ ക്ലേശിക്കാതെ നിയമങ്ങളും വിധികളും സാമാന്യ ജനങ്ങള്‍ക്കുകൂടി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ ഹദീസുകള്‍ ക്രോഡീകരിക്കാനും അദ്ദേഹം നിശ്ചയിച്ചു. 'അല്‍ഹംദുലില്ലാഹ്!' ഈ നിശ്ചയത്തില്‍ അദ്ദേഹം പൂര്‍ണമായും വിജയിച്ചിരിക്കുന്നു. ഈ അടിസ്ഥാനത്തില്‍ തന്റെ ഗ്രന്ഥം അദ്ദേഹം നന്നായി ക്രോഡീകരിച്ചിരിക്കുന്നു. ഹദീസുകളുടെ സനദുകള്‍(നിവേദന പരമ്പര) അദ്ദേഹം ഒരുമിച്ച് ഒരു സ്ഥലത്ത് സമാഹരിച്ചു. അതുവഴി ഒരേ ഹദീസിന്റെ വിവിധ മൂലവാക്യത്തിന്റെ(മത്ന്‍) പാഠഭേദങ്ങള്‍ വെളിച്ചത്തുവരുന്നു. അവയുടെ വ്യത്യസ്ത പരമ്പരകള്‍(സനദ്) ഒരേ മുരടില്‍നിന്നുദ്ഭവിച്ച് ശാഖകളും ഉപശാഖകളുമായി പിരിഞ്ഞതെങ്ങനെയെന്നും മനസ്സിലാകുന്നു. കൂടാതെ പ്രത്യക്ഷത്തില്‍ പരസ്പര വിരുദ്ധങ്ങളായി തോന്നുന്ന ഹദീസുകളെ അദ്ദേഹം പരസ്പരം പൊരുത്തപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അനുഗൃഹീതമായ ഈദൃശ പ്രവര്‍ത്തനങ്ങളിലൂടെ ഇമാം മുസ്‌ലിം, അറബിഭാഷാപരിജ്ഞാനമുള്ള ആര്‍ക്കും പ്രവാചകചര്യയാകുന്ന രാജവീഥിയില്‍നിന്ന് ഇതര വ്യാജവീഥികളിലേക്ക് വ്യതിചലിക്കാനുള്ള പഴുതുകള്‍ ഒന്നൊഴിയാതെ അടച്ചുകളഞ്ഞു.
ഇമാം അബൂദാവൂദ്
മൂന്നാമത്തെ മഹാന്‍ ഇമാംഅബൂദാവൂദുസ്സിജിസ്താനിയാകുന്നു. അദ്ദേഹം ലക്ഷ്യമിട്ടത് ഫുഖഹാക്കള്‍ പ്രാമാണികമെന്ന് അംഗീകരിച്ച ഹദീസുകളില്‍ കൂടുതല്‍ പ്രശസ്തമായതും അഹ്കാമുകള്‍(നിയമങ്ങള്‍)ക്കാധാരമായി പരക്കെ പരിഗണിക്കപ്പെട്ടതുമായവ ഒരിടത്ത് സമാഹരിക്കുകയായിരുന്നു. ഈ രീതിയില്‍ അദ്ദേഹം ഹദീസുകള്‍ ക്രോഡീകരിച്ചു. അതില്‍ സ്വഹീഹ്, ഹസന്‍ എന്നീ ഇനത്തില്‍പെട്ട ഹദീസുകളോടൊപ്പം കര്‍മപരമായ അംഗീകാരമുള്ള ദുര്‍ബ്ബല(ദഈഫ്) ഹദീസുകള്‍കൂടി സമാഹരിച്ചു. അദ്ദേഹം പ്രസ്താവിക്കുന്നു: ''ഞാന്‍ ഈ ഗ്രന്ഥത്തില്‍ ഹദീസ് പണ്ഡിതന്മാര്‍ ഒരുമിച്ചുപേക്ഷിച്ച ഒരു ഹദീസും ഉള്‍പ്പെടുത്തിയിട്ടില്ല.'' ദുര്‍ബലമായ നിവേദനങ്ങള്‍ ദുര്‍ബലമാണെന്ന് പ്രസ്താവിക്കുകയും ഇല്ലത്തുള്ള16 നിവേദനങ്ങള്‍ ഹദീസ് വിജ്ഞാനത്തില്‍ പിടിപാടുള്ളവര്‍ക്ക് സൂക്ഷ്മദൃഷ്ടികൊണ്ട് കണ്ടെത്താവുന്ന ശൈലിയില്‍ വിശദീകരിക്കപ്പെടുകയും ചെയ്തു. ഏറ്റവും വലിയ കാര്യം ഓരോ ഹദീസും വിവരിക്കുന്നതിനു മുമ്പായി ശീര്‍ഷകമായി ആ ഹദീസില്‍നിന്ന് ഏതെങ്കിലും ഒരു പണ്ഡിതന്‍ നിര്‍ധാരണം ചെയ്തതോ അല്ലെങ്കില്‍ ആരെങ്കിലും തങ്ങളുടെ മദ്ഹബ് ആയി അംഗീകരിച്ചതോ ആയ ഒരു ''ഫിഖ്ഹ് മസ്അല'' ചേര്‍ത്തിരിക്കുന്നുവെന്നുള്ളതാണ്. അതുകൊണ്ടാണ് ഇമാം ഗസ്സാലിയും മറ്റും ''അബൂദാവൂദിന്റെ ഗ്രന്ഥം മുജ്തഹിദിന് മതിയായ ഗ്രന്ഥമാണ്'' എന്ന് അഭിപ്രായപ്പെട്ടത്.
ഇമാം തിര്‍മുദി
അബൂഈസാ തിര്‍മുദിയാണ് നാലാമത്തെ മഹാന്‍. അദ്ദേഹം ഒരുവശത്ത് നിവേദനങ്ങള്‍ വിവരിക്കുന്നതില്‍ ഇമാം ബുഖാരിയുടെയും ഇമാം മുസ്‌ലിമിന്റെയും സമ്പ്രദായം ഇഷ്ടപ്പെട്ടപ്പോള്‍ മറുവശത്ത് ഫുഖഹാക്കളുടെയും പണ്ഡിതന്മാരുടെയും മദ്ഹബുകള്‍ ക്രോഡീകരിക്കുന്നതില്‍ ഇമാം അബൂദാവൂദിന്റെ സമീപനത്തില്‍ ആകൃഷ്ടനായതായിത്തോന്നുന്നു. തന്റെ രചനയില്‍ ഈ രണ്ട് നന്മകളെയും അദ്ദേഹം സമ്മേളിപ്പിച്ചിരിക്കുന്നു. കൂടാതെ സഹാബികളും താബിഉകളുമായ ഇതര പണ്ഡിതന്മാരുടെ മദ്ഹബുകളും വിവരിച്ചിട്ടുണ്ട്. അദ്ദേഹം തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ സവിശേഷതകള്‍ താഴെ:
1. ഹദീസിന്റെ വ്യത്യസ്ത സനദുകളില്‍ ഒന്ന് ഉദ്ധരിക്കുകയും മറ്റുള്ളവയിലേക്ക് സൂചനമാത്രം നല്‍കുകയും ചെയ്തുകൊണ്ട് അദ്ദേഹം അതിസമര്‍ഥമായി സംക്ഷേപിച്ചിരിക്കുന്നു.
2. സ്വഹീഹ്, ഹസന്‍, ളഈഫ്, മുന്‍കര്‍17 എന്നിങ്ങനെയുള്ള ഏതിനത്തില്‍ ഹദീസ് പെടുന്നുവെന്നും ദുര്‍ബലമായ നിവേദനങ്ങളുടെ ദൗര്‍ബല്യത്തിന്(ളുഅ്ഫിന്) കാരണമെന്താണെന്നും വ്യക്തമാക്കിയിരിക്കുന്നു. അതുവഴി ഈ വിജ്ഞാനത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ചയും പ്രാമാണികമല്ലാത്ത ഹദീസുകള്‍ വേര്‍തിരിക്കാനുള്ള കഴിവും സിദ്ധിക്കുന്നു.
3. ഹദീസുകള്‍ മശ്ഹൂറാണോ ഗരീബാണോ എന്ന് സ്പഷ്ടമായി പ്രസ്താവിച്ചിരിക്കുന്നു.
4. സഹാബികളുടെയും ഫുഖഹാക്കളുടെയും മദ്ഹബുകള്‍ ഉദ്ധരിക്കുന്നു. ആവശ്യാനുസാരം അവരുടെ നാമവും പിതൃനാമവും കൂടി നല്‍കുന്നുണ്ട്.
ചുരുക്കത്തില്‍, ഹദീസ് വിജ്ഞാനത്തില്‍ ഉത്സുകരായ വിദ്യാര്‍ഥികള്‍ക്ക് യാതൊരു അവ്യക്തതയും ഈ ഗ്രന്ഥത്തില്‍ കാണുകയില്ല. അതുകൊണ്ടാണ് ഇത് ''മുജ്തഹിദിന് മതിയായതും മുഖല്ലിദിന് തികഞ്ഞതുമായ ഗ്രന്ഥം'' എന്നറിയപ്പെട്ടത്.
അടിക്കുറിപ്പ്
1. ഖുര്‍ആനില്‍നിന്നോ ഹദീസില്‍നിന്നോ ഒരുകാര്യം നിഷിദ്ധമാക്കാനുള്ള കാരണം അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ സ്വന്തം അഭിപ്രായമനുസരിച്ച് അതിനെ ഹലാല്‍ എന്നോ ഹറാം എന്നോ പറയാന്‍ ഞാന്‍ ആളല്ല എന്നു താല്‍പര്യം.
2. സംഭവലോകത്ത് ഉണ്ടായിക്കഴിഞ്ഞിട്ടില്ലാത്ത പ്രശ്‌നങ്ങളെ സംബന്ധിച്ച് ഇപ്പോള്‍തന്നെ വിധിയന്വേഷിച്ചുകൊണ്ടിരിക്കരുതെന്ന് സാരം.
3. താല്‍പര്യമിതാണ്: പണ്ഡിതന്റെ ഉത്തരവാദിത്വം വളരെ ഭാരിച്ചതാണ്. അയാള്‍ മനുഷ്യര്‍ക്കും അല്ലാഹുവിനുമിടയില്‍ ഒരു മാധ്യമമായി വര്‍ത്തിക്കുകയാണ്. അയാള്‍ മുഖേനയാണ് മനുഷ്യര്‍ അല്ലാഹുവിന്റെ പ്രീതിക്കുള്ള മാര്‍ഗം മനസ്സിലാക്കുന്നത്. അതിനാല്‍, പണ്ഡിതനെ തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുകയും ലാഘവത്വം കൈക്കൊള്ളുകയും ശരീഅത്ത് നിയമങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നതില്‍ സ്വാഭിപ്രായങ്ങള്‍ക്കും സ്വാര്‍ഥങ്ങള്‍ക്കും മുന്‍ഗണന നല്‍കുകയുമാണെങ്കില്‍ അതിദുഷ്ടമായ പരിണതിയായിരിക്കും അയാള്‍ക്ക് വന്നുഭവിക്കുക. വളരെ ആത്മാര്‍ഥതയോടും ഭയഭക്തിയോടെയും മാത്രം കൈകാര്യം ചെയ്യപ്പെടേണ്ടതാണ് ശരീഅത്ത്.
4. ഗരീബ്: ഒരാള്‍ മാത്രം നിവേദനം ചെയ്ത ഹദീസ്.
5. അപൂര്‍വമായത്.
6. മശ്ഹൂര്‍: സഹാബികളുടെയും താബിഉകളുടെയും കാലത്ത് പ്രചാരം നേടിയിട്ടില്ലാത്തതും അനന്തരകാലത്ത് വ്യാപകമായതുമായ ഹദീസ്.
7. 'ശാഹിദ്', 'താബിഅ്': വിവിധ സഹാബികളില്‍നിന്ന് പല നിവേദകന്മാര്‍ റിപ്പോര്‍ട്ട് ചെയ്ത, ഒരേ ഉള്ളടക്കമുള്ള ഹദീസുകളെ ശാഹിദുകള്‍ എന്നും ഒരേ സഹാബിയില്‍നിന്ന് പല നിവേദകന്മാര്‍ റിപ്പോര്‍ട്ട് ചെയ്ത, ഒരേ ഉള്ളടക്കമുള്ള ഹദീസുകളെ താബിഉകള്‍ എന്നും പറയുന്നു.
8. മുത്തസ്വില്‍: ഇടക്ക് നിവേദകന്മാര്‍ വിട്ടുപോകാതെ നിവേദനം ചെയ്യപ്പെട്ട ഹദീസ്.
9. മുന്‍ഖത്വിഅ്: ഇടക്ക് എവിടെയെങ്കിലും നിവേദന്മാര്‍ നഷ്ടപ്പെട്ട കണ്ണിമുറിഞ്ഞ നിവേദന പരമ്പരയുള്ള ഹദീസ്.
10. ഖുര്‍ആനിലൂടെയോ സുന്നത്തിലൂടെയോ ഇജ്മാഇലൂടെയോ ഒരുവിധി അറിവായാല്‍ അത് വെളിപ്പെടുത്താന്‍ അനാവശ്യമായി ഭയപ്പെടരുതെന്നര്‍ഥം.
11. റസൂലിന്റെ തിരുമൊഴിക്കു തുല്യമായി മറ്റാരുടെയെങ്കിലും അഭിപ്രായത്തെ പരിഗണിക്കുന്നത് നാശമുണ്ടാക്കുമെന്നര്‍ഥം.
12. ഇശ്ആര്‍: ബലിമൃഗത്തെ തിരിച്ചറിയുന്നതിനുവേണ്ടി അതിന്റെ പൂഞ്ഞയില്‍ മുറിവേല്‍പ്പിച്ച് അടയാളപ്പെടുത്തുന്നതിനാണ് ശരീഅത്തിന്റെ സാങ്കേതിക ഭാഷയില്‍ ഇശ്ആര്‍ എന്നു പറയുന്നത്.
13. മുസ്‌ല: യുദ്ധത്തില്‍ ശത്രുവിന്റെ അംഗഛേദം നടത്തി ജഡം വികൃതമാക്കുന്ന സമ്പ്രദായം. ഇത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു.
14. ഹസന്‍: സ്വഹീഹിന്റെ നേരെ താഴെ പടിയിലുള്ള ഹദീസ്: നിവേദന പരമ്പരയില്‍ വിടവില്ലാത്തതും ഗോപ്യമായ ന്യൂനതകളില്ലാത്തതുമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
മര്‍ഫൂഅ്: നിവേദന പരമ്പര വിടവില്ലാതെ നബിയിലോളം എത്തുന്ന ഹദീസ്.
മൗഖൂഫ്: നിവേദന പരമ്പര സഹാബിയില്‍ അവസാനിക്കുന്നത്.
മുത്തസ്വില്‍: കണ്ണിചേര്‍ന്ന നിവേദന ശൃംഖലയുള്ളത്.
മുര്‍സല്‍: ഇടയില്‍നിന്ന് സഹാബി പോയത്.
സ്വഹീഹ്: ഹദീസ് പ്രാമാണികമാകുന്നതിന് നിശ്ചയിക്കപ്പെട്ട ഉപാധികള്‍ ഒത്തിണങ്ങിയത്.
15. ശാദ്: പ്രാമാണികനായ ഏക നിവേദകന്‍ പ്രബലവും ശക്തവുമായ മറ്റു ഹദീസുകള്‍ക്ക് വിരുദ്ധമായി ഉദ്ധരിച്ച ഹദീസ്.
16. ഇല്ലത്ത്: ഗവേഷകന്റെ സൂക്ഷ്മ ദൃഷ്ടിക്ക് പോലും പിടികൂടാന്‍ പ്രയാസകരമായ, ഹദീസിന്റെ മൂലത്തിലും പരമ്പരയിലും കാണപ്പെടുന്ന ഒളിഞ്ഞ ന്യൂനത.
17. മുന്‍കര്‍: സ്വഹീഹോ ഹസനോ ആയ ഹദീസുകള്‍ക്ക് വിരുദ്ധമായ ളഈഫ് ആയ ഹദീസ്.