ബദറുല്‍മുനീര്‍ ഹുസ്‌നുല്‍ജമാല്‍ അറബി മലയാളത്തിലെ അനശ്വരഗാഥ
വി.കെ രമേഷ്
പ്രപഞ്ച സൃഷ്ടികളില്‍ ഏറ്റവും മനോഹരമായ വികാരം പ്രണയമാണ്. സര്‍വ്വചരാചരങ്ങളിലും ആനന്ദോദ്ദീപകമായി വര്‍ത്തിക്കുന്നതും ഇതേ വികാരമാണ്. അവയ്ക്ക് കാവ്യരൂപം സിദ്ധിക്കുമ്പോള്‍ അതീവ ഹൃദ്യവും മൗലികവുമായിത്തീരുന്നു. മഹത്തായ അത്തരം സൃഷ്ടികള്‍ ഇതര കൃതികള്‍ക്ക് മാര്‍ഗ്ഗദര്‍ശിയാവുകയും കാലാതിവര്‍ത്തിയായ് നിലകൊള്ളുകയും ചെയ്യുന്നു. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയിലുടനീളം പ്രണയ കാവ്യങ്ങള്‍ അദ്വിതീയമായ സ്ഥാനമലങ്കരിച്ചിട്ടുണ്ട്.
ഒരു സമാന്തരശാഖയെന്നോണം കേരള ദേശത്ത് പ്രചാരം സിദ്ധിക്കുകയും നൂറ്റാണ്ടുകളോളം മുസ്‌ലിംകളുടെ ഗ്രന്ഥഭാഷയായി നിലകൊള്ളുകയും ചെയ്ത അറബി മലയാളത്തിലും മൗലികമായ ചില പ്രണയഗാഥകള്‍ പിറവിയെടുത്തിട്ടുണ്ട്. അവയില്‍ പ്രഥമഗണനീയമായ സ്ഥാനമാണ് ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിനുള്ളത്.
പേര്‍ഷ്യന്‍ സാഹിത്യവുമായി അറബി-മലയാളത്തിനുണ്ടായിരുന്ന ആധര്‍മ്മ്യമാണ് കേരള ദേശത്ത് ഈ ഖിസ്സയ്ക്ക് പ്രചാരം നേടിക്കൊടുത്തത്. യൂറോപ്പിലും ഇതര ദേശങ്ങളിലും സാഹിത്യം ഒരു പ്രസ്ഥാനമായി രൂപപ്പെട്ടു വരുന്നതിനെത്രയോ മുമ്പ് പേര്‍ഷ്യന്‍ സര്‍ഗ്ഗ വ്യവഹാരങ്ങള്‍ ലോകമൊട്ടുക്കും പ്രചാരം നേടിയിരുന്നു. കേരള മുസ്‌ലിംകള്‍ ജീവിത വ്യാപാരങ്ങളിലും സര്‍ഗ്ഗ രചനകളിലും പേര്‍ഷ്യന്‍ സമ്പ്രദായങ്ങളെ അനുകരിക്കുകയും ചെയ്തിരുന്നു.
വിഖ്യാത സാഹിത്യകാരനായ ഖാജാ മുഈനുദ്ധീന്‍ ശാഹ് ശീറാസ് പേര്‍ഷ്യനില്‍ രചിച്ച പ്രണയ നോവലിന്റെ അറബി മലയാള കാവ്യാവിഷ്‌ക്കാരമാണ് ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍. മൂലകൃതിക്ക് അറബി മലയാളത്തിലൂടെ കാവ്യരൂപം ചമച്ചത് മാപ്പിള കവി സമ്രാട്ടായ മോയിന്‍കുട്ടി വൈദ്യരായിരുന്നു. കേവലം നാല്‍പ്പതു വര്‍ഷം(1852-1892) മാത്രം ജീവിച്ചിരുന്ന മഹാകവി ചെറുതും വലുതുമായ ഒട്ടേറെ കൃതികളെ അറബി മലയാളത്തിനു സംഭാവന ചെയ്തു. എന്നാല്‍ മാപ്പിള സാഹിത്യത്തില്‍ വൈദ്യരെ അനശ്വരനാക്കിയത് തന്റെ ഇരുപതാം വയസ്സില്‍(1872) രചിച്ച ഈ പ്രണയ കാവ്യമാണ്. പേര്‍ഷ്യന്‍ പണ്ഡിതനും കവിയുടെ ആത്മമിത്രവുമായിരുന്ന നിസാമുദ്ധീന്‍ ശൈഖാണ് ഈ പ്രണയ നോവലിനെ വൈദ്യര്‍ക്കു പരിചയപ്പെടുത്തി കൊടുത്തത്.
ഹിന്ദ് രാജ്യത്തെ അസ്മീര്‍ പട്ടണം വാണിരുന്ന മഹാസിന്റെ പുത്രിയായിരുന്നു ഹുസ്‌നുല്‍ ജമാല്‍. മന്ത്രിയായിരുന്ന മസാമീറിന്റെ പുത്രന്‍ ബദറുല്‍ മുനീറില്‍ അവള്‍ അനുരക്തയായി. അവരുടെ പ്രണയത്തില്‍ അസൂയ പൂണ്ട ചിലരുടെ ഏഷണി മൂലം പരസ്പരം കാണാനും സംസാരിക്കാനും സാധിക്കാതെ വന്നു. ഒരു ദിവസം ജമാല്‍ തന്റെ വിശ്വസ്തനായ ഒരടിമയെ വിട്ട് മുനീറിനെ തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. പിറ്റേന്നു രാത്രി ഒളിച്ചോടാന്‍ അവര്‍ തീരുമാനിച്ചു. ഒളിച്ചോട്ടത്തിനു മുന്‍കൈ എടുക്കുന്നതും ആ സ്ത്രീ രത്‌നമാണ്. അവരുടെ സംഭാഷണം ഒളിച്ചിരുന്നു കേട്ട അബുസയ്യിദ് എന്ന മുക്കുവന്‍ വിവരം മുനീറിന്റെ പിതാവിനെ അറിയിച്ചു. രാജകോപം ഭയന്ന മന്ത്രി പുത്രനെ വീട്ടു തടങ്കലിലാക്കി.
മുനീര്‍ വന്നുനില്‍ക്കുമെന്ന് പറഞ്ഞ സ്ഥലത്ത് വേഷ പ്രച്ഛന്നനായ് അബുസയ്യിദ് ചെന്നുനിന്നു. ഈ ചതി തിരിച്ചറിയാനാകാതെ വന്ന ഹുസ്‌നുല്‍ ജമാല്‍ മുനീറെന്നു തെറ്റിദ്ധരിച്ച് അബുസയ്യിദിനൊപ്പം കുതിരപ്പുറത്തേറി രാജ്യം വിടുന്നു. ഏറെ നേരത്തെ യാത്രയ്ക്കു ശേഷമാണ് അവള്‍ സത്യം തിരിച്ചറിഞ്ഞത്. അബൂ സയ്യിദിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച ജമാല്‍ അവനെ തന്റെ ദാസനാക്കി. തന്നെ ദര്‍ശിക്കാനും സ്പര്‍ശിക്കാനുമായെത്തിയവരെയെല്ലാം വാക്കും വാളുമൂരി ആ സ്ത്രീ ഒറ്റയ്ക്ക് നേരിട്ടു. ഒരു പൂന്തോപ്പിലിരുന്ന് ഉറങ്ങിപ്പോയ ജമാല്‍ തന്റെ പ്രിയതമനെ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു. ഏറെനാളത്തെ അലച്ചിലിനൊടുവില്‍ അവള്‍ ജിന്നുകളുടെ രാജാവായ മുസ്താക്കിന്റെ കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നു.
ഇതിനിടയില്‍ ജയില്‍ മോചിതനായ മുനീര്‍ തന്റെ പ്രേയസിയെത്തേടിയലഞ്ഞു. പല യാതനകളും അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. ജിന്നുകളുടെ രാജ്ഞി ഖമര്‍ബാന്റെ കൊട്ടാരത്തിലെ പൂന്തോട്ടത്തിലെത്തിയ മുനീര്‍ അവിടെ സുഖനിദ്രപൂണ്ടു. ആ വഴിയെത്തിയ സുഫൈറത്തെന്ന മറ്റൊരു ജിന്ന് മുനീറിനെ ഉണര്‍ത്താതെ തേരിലേറ്റി തന്റെ സഹോദരനായ മുസ്താക്കിന്റെ സമക്ഷമെത്തിച്ചു. ഹുസ്‌നുല്‍ ജമാല്‍ മുസ്താക്കിന്റെ സംരക്ഷണത്തിലായിരുന്നല്ലോ. അനന്തരം ആ കമിതാക്കള്‍ അവിടെ വെച്ച് കണ്ടുമുട്ടുകയും പരസ്പ്പരം ആലിംഗനബദ്ധരായ് ആനന്ദാശ്രുക്കള്‍ പൊഴിക്കുകയും ചെയ്തു. ജിന്നുകളുടെ അകമ്പടിയോടെ ഇരുവരും സ്വരാജ്യത്തെത്തിച്ചേര്‍ന്നു. മഹാസിന്‍ തന്റെ പുത്രിയെ മുനീറിനുതന്നെ വിവാഹം ചെയ്തു കൊടുത്തു. ഒപ്പം രാജാധികാരവും കൈമാറി. ശേഷം ഖമര്‍ബാന്‍, സുഫൈറത്ത്, ജമീല എന്നീ മൂന്ന് ജിന്നു കന്യകമാരെക്കൂടി വഴിപോലെ വിവാഹം കഴിച്ച് സൗഭാഗ്യ സമ്പൂര്‍ണ്ണനായ് ബദറുല്‍ മുനീര്‍ ഏറെക്കാലം നാടുവാണു.
ഒരു സാഹിത്യകൃതി എന്ന നിലയില്‍ ഒട്ടേറെ സവിശേഷതകളവകാശപ്പെടാവുന്ന ഒന്നാണ് ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍. മോയിന്‍കുട്ടി വൈദ്യരുടെ കവിത്വ സിദ്ധിക്കും രചനാ വൈഭവത്തിനും ഈ കൃതി ഒരുത്തമ ദൃഷ്ടാന്തമാണ്. വര്‍ണ്ണനകളില്‍ മതിവരാത്തവരത്രേ പ്രാചീന കവികള്‍. നായികാനായകന്മാരുടെ അംഗപ്രത്യംഗ വര്‍ണ്ണനകളില്‍ ഉചിതമായ പദങ്ങളെ സന്നിവേശിപ്പിച്ച് കാവ്യശരീരം മോടിപിടിപ്പിക്കാന്‍ വൈദ്യര്‍ക്കു സാധിച്ചിട്ടുണ്ട്.
''പൂമകളാനെ ഹുസ്‌നുല്‍ ജമാല്‍
പുന്നാരത്താളം മികന്തെ ബീവി
ഹേമങ്ങള്‍ മെത്ത പണി ചിത്തിരം
ആഭരണക്കോവ അണിന്ത ബീവി
നാമങ്ങളെണ്ണിപ്പറഞ്ഞാല്‍ തീരാ
നവരത്‌നച്ചിങ്കാരം പൂണ്ട ബീവി
കാണ്‍മാനക്കാഴ്ചക്കദൃപ്പമെന്താം
കത്തും തഖ്ത്തില്‍ മരുങ്ങും ബീവി
മരതകത്തുകിലും ഞൊറിഞ്ഞുടുത്ത്
മാണിക്യക്കൈ രണ്ടെറിന്തുവീശി
പരുക്കിത്തലമുടിയും കുനിത്ത്
പെരുമാന്‍ കളുത്തും ചരിത്തും കൊണ്ട്
കരിപോല്‍ ഇടത്തും വലത്തീട്ടൂന്നി
കണ്‍പീലി വെട്ടിച്ചുഴറ്റീടലില്‍
പരിനൂല്‍മദനം തരിത്തുനോക്കും
പവിഴപ്പൊന്‍ ചുണ്ടാലെ പുഞ്ചിരിത്തും
പുഞ്ചിരിത്തന്നനടച്ചായലില്‍
പൂമാനത്തേവി വരവു തന്നില്‍
തഞ്ചങ്ങള്‍ ജിന്നും മനുവര്‍ കണ്ടാല്‍
തന്‍പോതം വിട്ടു മദപ്പെടുമേ''
എന്നിങ്ങനെയെല്ലാമാണ് ഹുസ്‌നുല്‍ ജമാലിനെ വാഴ്ത്തുന്നത്. മുനീറിന്റെ വര്‍ണ്ണനകളിലും കവി ഒട്ടും പുറകോട്ടു പോയിട്ടില്ല.
''നാമക്കരുത്തന്‍ ബദറുല്‍ മുനീര്‍
നാളുകം ഒത്ത പുരുഷരില്ലെ
താമരപൂക്കും മുഖത്തെ കണ്ടാല്‍
തേനാര്‍ ചിറക്കും പയക്കം കേട്ടാല്‍
സാമീറ വാക്കും ദുനികള്‍ രാഗം
സംഗീത കല്യാണി പാടും നാക്കും
കാമിനി ജിന്‍ മനു പൂമാതര്‍കള്‍
കണ്ടാല്‍ മതിമറന്നിന്‍സാലെത്തും''
എന്നീ ഈരടികള്‍ അതിന്നുദാഹരണങ്ങളാണ്. വൈദ്യരുടെ വര്‍ണ്ണനാ വൈഭവത്തിന് ഇതില്‍പ്പരമൊരുദാഹരണം വേണ്ടതില്ല. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വൈദ്യര്‍ പാടിപ്പറഞ്ഞ ഈ കെട്ടുകഥ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുന്നതിന് എത്രയോ മുമ്പുതന്നെ അനുവാചക ഹൃദയങ്ങളില്‍ സ്ഥാനം നേടിയിരുന്നു. വാമൊഴിയായി സഹൃദയര്‍ ഏറ്റുപാടിയ ഈ പ്രണയഗാഥ മാപ്പിള സാഹിത്യത്തിലെ അനശ്വരമായ ഈടുവെപ്പുകളിലൊന്നായിത്തീര്‍ന്നു.
ഭാഷാപരതയിലും സൈദ്ധാന്തികതലത്തിലും സവിശേഷതകള്‍ ഏറെ അവകാശപ്പെടാവുന്ന ഒരു കൃതികൂടിയാണ് ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍. അറബിക്ക് പുറമെ പേര്‍ഷ്യന്‍ ഭാഷയുടെ ആധിക്യവും ഈ കൃതിയിലുണ്ട്. മലയാളത്തിനു പുറമെ തമിഴ് ഭാഷാപദങ്ങളുടെ സ്വാധീനവും ഈ പ്രണയഗാഥയില്‍ കാണാം. തമിഴകത്തെ മുസ്‌ലിം കവികളായിരുന്ന പുലവന്മാരും അവരിലൂടെ കേരളദേശത്ത് പ്രചാരം സിദ്ധിച്ച പ്രവാചകന്റെയും ആത്മീയ പുരുഷന്മാരുടേയും സീറ (ജീവ ചരിത്രം)കളുടെ സാന്നിധ്യമാണ് മാപ്പിളപ്പാട്ടുകളിലുടനീളം തമിഴിന്റെ സാന്നിധ്യം ഊട്ടിയുറപ്പിച്ചത്. ചിത്തിരം(ചിത്രം), തേവി (ദേവി), കോവ(കൂട്ടം), അതൃപ്പം(ആശ്ചര്യം), മനുവര്‍(മനുഷ്യര്‍), പോതം (ബോധം), പയക്കം (സംസാരം), ചിങ്കാരം(ശൃംഗാരം), മികന്ത (മികച്ച) തുടങ്ങി തദ്ഭവങ്ങളും തത്സമങ്ങളുമായ ഒട്ടേറെ പദങ്ങള്‍ ഇതിനുദാഹരണമായെടുക്കാം. അവയ്ക്കുപരി ഉറുദു, തുളു, കന്നഡ, തെലുങ്ക് എന്നീ ഭാരതീയ ഭാഷകളില്‍ നിന്ന് കടംകൊണ്ട പദങ്ങള്‍ വൈദ്യര്‍ ഉചിതമായി ഈ ഖിസ്സയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.
പാട്ടു പ്രസ്ഥാനം ചെന്തമിഴിനെ ഉള്‍ക്കൊണ്ടുവളര്‍ന്ന കാലഘട്ടത്തില്‍ തന്നെയാണ് അറബി മലയാള സാഹിത്യ കൃതികളും പിറവിയെടുക്കുന്നത്. ലീലാതിലകകാരന്‍ പാട്ടിനു കല്‍പ്പിച്ചിരിക്കുന്ന ലക്ഷണങ്ങള്‍ ഏറെക്കുറെ മാപ്പിള സാഹിത്യ കൃതികളും പിന്‍പറ്റിയിരുന്നു. മാപ്പിളപ്പാട്ടുകളിലെ വൃത്തവ്യവസ്ഥയായ ഇശലുകള്‍ തമിഴില്‍ നിന്നും രൂപപ്പെട്ടുവന്നവയാണ്. മനോഹരമായ ഒട്ടേറെ ഇശലുകള്‍ വൈദ്യര്‍ ഈ കൃതിയില്‍ പ്രയോഗിച്ചിരിക്കുന്നു. ദ്വതീയാക്ഷര പ്രാസം അറബി മലയാളത്തില്‍ കഴുത്ത് എന്നും ആദ്യാക്ഷര പ്രാസം കമ്പി എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം എതുക, മോന എന്നിവയ്ക്ക് സമമാണ്. അന്ത്യാക്ഷര പ്രാസം വാല്‍ക്കമ്പി എന്നും അന്താദിപ്രാസം വാലുമ്മല്‍കമ്പി എന്നും വ്യാഖ്യാനിച്ചുവരുന്നു. അത്തരം പ്രാസവ്യവസ്ഥകള്‍ ഒത്തിണങ്ങിയ കൃതി കൂടിയാണ് ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍. പദങ്ങള്‍ തെറ്റുകൂടാതെ ഓര്‍ത്തിരിക്കാനും ശ്രവണസുഖം പകരാനും ഇത്തരം പ്രാസ വ്യവസ്ഥകള്‍ക്കു സാധിക്കും. ചെന്തമിഴ് സാഹിത്യത്തിലെ 'ചെയ്യുള്‍ വികാരങ്ങളെ' അതേപടി ഈ പാട്ടില്‍ വൈദ്യര്‍ പരിപാലിച്ചിട്ടുണ്ട്. ഇമ്പമാര്‍ന്ന ഈരടികളും ചടുലമായ താളക്രമങ്ങളും ചേര്‍ന്ന ഈ പ്രണയ കാവ്യത്തിന്റെ പാരായണം അതീവ ഹൃദ്യമായിത്തീരുന്നു.
കേവലമൊരു സാഹിത്യകൃതി എന്നതിനപ്പുറം മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ വിപ്ലവാത്മകമായ ചലനങ്ങള്‍ക്ക് തുടക്കമിടാനും ഈ പ്രണയഗാഥയ്ക്ക് സാധിച്ചിട്ടുണ്ട്. ശൃംഗാരകവനരീതി ഒട്ടും അനുവദനീയമല്ലാതിരുന്ന മുസ്‌ലിം സമുദായക്കാര്‍ക്കിടയില്‍ സുധീരമായ ഒരു കാല്‍വെപ്പാണ് വൈദ്യര്‍ ഈ കൃതിയിലൂടെ സാധിച്ചെടുത്തത്. പുരുഷ കേന്ദ്രീകൃതമായ പ്രണയ സങ്കല്‍പ്പങ്ങളെ ഉല്ലംഘിച്ച കൃതിയാണ് ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍. പ്രണിയത്തിനു വേണ്ടി നാടും വീടും ത്യജിക്കാന്‍ തയ്യാറായ ഒരു സ്ത്രീയെ നായികയാക്കിയതിലൂടെ സ്വതന്ത്രബോധത്തിന്റെ പ്രതീകമായി മാപ്പിള സ്ത്രീത്വത്തെ ഉയര്‍ത്തിക്കാട്ടാനും വൈദ്യര്‍ക്കു സാധിച്ചു. തന്റെ ഇണയെ തിരഞ്ഞെടുക്കാന്‍ സ്ത്രീക്കും തുല്യ അവകാശമുണ്ടെന്ന് ഈ മാപ്പിളപ്പാട്ടുകാവ്യം വിളംബരം ചെയ്തു. അറബി മലയാള സാഹിത്യത്തില്‍ ഫെമിനിസ്റ്റ് ചിന്തകള്‍ക്ക് തുടക്കമിട്ട കൃതിയും ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ ആണ്. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാപ്പിള സ്ത്രീകള്‍ ഒട്ടേറെ പരിമിതികളനുഭവിച്ചിരുന്ന കാലത്താണ് വൈദ്യരുടെ ഈ പ്രണയകാവ്യം പുറത്തിറങ്ങുന്നത്. യാഥാസ്ഥിതികരെ ചൊടിപ്പിക്കുന്ന ഇത്തരമൊരാഖ്യാനത്തിലൂടെ ഒരു നവോത്ഥാന ചിന്തയ്ക്ക് തുടക്കമിടാനും കവിക്കു സാധിച്ചു. പില്‍ക്കാലത്ത് രൂപംകൊണ്ട മതനവീകരണ പ്രസ്ഥാനങ്ങളും അവയിലൂടെ മാപ്പിള സ്ത്രീകള്‍ക്കാര്‍ജ്ജിക്കാനായ കരുത്തിനും ഒരു പ്രചോദനമായി വര്‍ത്തിച്ചത് ഇത്തരം പ്രണയ കാവ്യങ്ങളാണ്. ആശാന്‍ നളിനിയിലൂടെയും ലീലയിലൂടെയും ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചതെന്തോ, മൂന്നു ദശകങ്ങള്‍ക്കു മുമ്പേ ഒരു സമാന്തരശാഖയിലൂടെ വൈദ്യര്‍ സാര്‍ത്ഥകമാക്കിയിരുന്നു.
പില്‍ക്കാല മാപ്പിളകവികള്‍ക്കെല്ലാം ഈ പ്രണയഗാഥ ഒരു മികച്ച മാതൃക കൂടിയായിരുന്നു. ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിനെ കെട്ടിലും മട്ടിലും അനുകരിച്ചുകൊണ്ട് ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ പല കാലഘട്ടങ്ങളിലായി പുറത്തിറങ്ങി. വാമൊഴിയായും വരമൊഴിയായും തലമുറകളിലേക്ക് സംക്രമിച്ച ഈ പ്രണയ കാവ്യത്തിന് ആംഗലേയ ഭാഷ്യം നല്‍കിയത് എഫ്. ഫോസറ്റായിരുന്നു. ഇതര ഭാരതീയ ഭാഷകളിലും ഈ ഖിസ്സക്ക് പരിഭാഷകളുണ്ടായി. പാഠങ്ങളും പാഠഭേദങ്ങളുമായി മലയാളത്തിലും ഈ കഥ നിറഞ്ഞുനിന്നു. മാപ്പിള സാഹിത്യ ഗവേഷകനും നിരൂപകനുമായ എം.എന്‍ കാരശ്ശേരി ഗദ്യ രൂപത്തില്‍ ഈ കൃതി പുനരാഖ്യാനം ചെയ്തു. ഇബ്രാഹീം വെങ്ങരയുടെ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ നാടകം വായനക്കാര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ഒരുപോലെ സ്വീകാര്യത നേടി. വിഖ്യാത മലയാള കവിയായിരുന്ന ഡി. വിനയചന്ദ്രന്‍ സ്വതന്ത്രമായ കാവ്യപരിഭാഷ തയ്യാറാക്കി. പേരിനേയും പെരുമയേയും അന്വര്‍ത്ഥമാക്കിക്കൊണ്ട് സംഗീത സമാഹാരങ്ങളിലും ചലച്ചിത്രങ്ങളിലും വരെ ഈ അനശ്വരഗാഥ സ്ഥാനം നേടിയെടുത്തു.
മലയാളികളുടെ സര്‍ഗ്ഗബോധത്തെ ഈ കൃതി സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് നൂറ്റിനാല്‍പ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കാലമേറെച്ചെന്നിട്ടും സഹൃദയര്‍ക്കിടയില്‍ ഒളിമങ്ങാതിരിക്കുന്ന ഈ കെട്ടുകാവ്യം പ്രണയമെന്ന വികാരത്തിന്റെ മൗലികതയെയാണ് വെളിവാക്കിത്തരുന്നത്. അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല പരിതസ്ഥിതിയില്‍പ്പോലും ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിനെ പുനര്‍വായിക്കേണ്ടത് സനാതനമായ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ച കാവ്യം എന്ന നിലയില്‍ത്തന്നെയാണ്.