കച്ചവടമല്ല കല്യാണം സ്ത്രീ വില്‍പനചരക്കുമല്ല
സ്ത്രീധനം നമ്മുടെ നാട്ടില്‍ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയേറെ അനായാസം ലംഘിക്കപ്പെടുന്ന ഒരു നിയമം വേറെയുണ്ടോ എന്നു സംശയമാണ്. നിയമം നിര്‍മിക്കുന്നവരും നടപ്പാക്കുന്നവരുമെല്ലാം അതിനു അത്രയേ വില കല്‍പിക്കുന്നുള്ളൂ. വേലി തന്നെ വിള തിന്നുന്ന സംഭവങ്ങളാണ് സര്‍വത്ര. സ്വര്‍ണവും പണവുമില്ലാത്തതിന്റെ പേരില്‍ പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം മനുഷ്യസ്‌നേഹികളുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. അവരുടെ മാതാപിതാക്കളുടെ മനോവ്യഥകള്‍ ചിന്തിക്കാവുന്നതേയുള്ളൂ. സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകള്‍ക്ക് ഇന്ന് വാര്‍ത്താമൂല്യമില്ല. എന്നിട്ടും നിയമങ്ങളെയെല്ലാം വെല്ലുവിളിച്ച് ഈ കച്ചവടം പൊടിപൊടിക്കുക തന്നെയാണ്.
സ്വര്‍ണാഭരണങ്ങളുടെ ആധിക്യവും സ്ത്രീധനത്തിന്റെ ധാരാളിത്തവും പ്രൗഡിയുടെയും ആഢ്യതയുടെയും ലക്ഷണങ്ങളായി മനസ്സിലാക്കപ്പെടുന്നു എന്നതാണ് ഇതിനുള്ള കാരണം. സമ്പത്തിന്റെ കൂമ്പാരത്തോടൊപ്പം മകളെ സഞ്ചരിക്കുന്ന ജ്വല്ലറിയായി മരുമകന് നല്‍കുന്നതിലാണ് വിവാഹത്തിന്റെ മഹിമ നിലനില്‍ക്കുന്നതെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇത്തരം വിവാഹങ്ങളാണ് പൊടുന്നനെ തകരുന്നതും തീരാദുഃഖത്തിലേക്ക് തള്ളിവിടുന്നതും. ദമ്പതികളുടെ ധാര്‍മികൗന്നത്യവും സദാചാര മൂല്യങ്ങളുമാണ് കുടുംബ ജീവിതത്തെ ആനന്ദകരവും ആസ്വാദ്യകരവുമാക്കുന്നത്. അത് മനസ്സിലാക്കാതെ വിവാഹത്തെ കച്ചവടമാക്കുകയും സ്ത്രീയെ വില്‍പന വസ്തുവായി മനസ്സിലാക്കുകയും ചെയ്യുന്നവര്‍ നല്ല വ്യാപാരിയായേക്കും, കുടുംബനാഥനാകില്ല.
സ്ത്രീകള്‍ക്കു നേരെയുള്ള അനീതിയും വിവേചനവും പ്രാചീന സമൂഹങ്ങളില്‍ സര്‍വവ്യാപകമായിരുന്നു. പുരാതന ഹൈന്ദവ സംസ്‌കൃതിയില്‍ സ്ത്രീ എന്നെന്നും പുരുഷന്റെ നിയന്ത്രണത്തില്‍ കഴിയേണ്ടവളാണ്; ചെറുപ്പത്തില്‍ പിതാവിന്റെയും വിവാഹശേഷം ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ മരണശേഷം മകന്റെയും. 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നതാണതിന്റെ മുഖമുദ്ര. ഭര്‍ത്താവിന്റെ മരണശേഷം ജീവിക്കാനവള്‍ക്ക് അര്‍ഹതയില്ല. അവളുടെ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ജീവത്യാഗം ചെയ്യുന്നതാണ് പുണ്യം. വിധവ കുടുംബത്തിനു തന്നെ ദുശ്ശകുനമാണ്. സ്ത്രീകള്‍ക്കു വേദങ്ങള്‍ പഠിക്കാനോ ആരാധനാലയങ്ങളില്‍ പ്രവേശിക്കാനോ പാടില്ല. ഇത്തരം ദുരാചാരങ്ങള്‍ കലക്രമേണ നിയമം മൂലം നിരോധിക്കപ്പെട്ടുവെങ്കിലും അതിന്റെ ദുഃസ്വാധീനം ഇന്നും നിലനില്‍ക്കുന്നുണ്ട്.
ഇസ്ലാമിക സംസ്‌കൃതി പക്ഷേ സ്ത്രീസൗഹൃദപരമാണ്. സ്ത്രീകളോട് നീതിപൂര്‍വം വര്‍ത്തിക്കണമെന്നാണ് പ്രവാചകന്റെ വസ്വിയ്യത്ത്. പ്രവാചകന്‍ സ്ത്രീകളുടെ വ്യക്തിത്വം അംഗീകരിക്കുകയും അവളുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും ചെയ്തു. അവള്‍ക്ക് സ്വത്തവകാശം നല്‍കി. വിദ്യാഭ്യാസം നല്‍കാന്‍ കല്‍പിച്ചു. വിവാഹത്തിന് സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചു. വിവാഹവേളയില്‍ സ്ത്രീയില്‍നിന്ന് പണം പറ്റുകയല്ല, സ്ത്രീക്ക് വിവാഹമൂല്യം (മഹ്ര്‍) നല്‍കി സ്ത്രീത്വത്തെ ആദരിക്കണമെന്ന് കല്‍പിച്ചു. അവള്‍ക്കു ഉപജീവനത്തില്‍ പങ്കാളിത്തം വഹിക്കാനും വ്യാപാരമേഖലയില്‍ ഇടപെടാനും ഉദ്യോഗങ്ങള്‍ വഹിക്കാനും സ്വാതന്ത്ര്യം നല്‍കി. അങ്ങനെ മുസ്ലിം വനിതകള്‍ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സക്രിയമായി ഇടപെടുന്ന സാഹചര്യം സംജാതമായി.
എന്നാല്‍ ഇസ്ലാമിന്റെ ഈ സുന്ദര മുഖം വികൃതമാക്കാന്‍ ശത്രുക്കള്‍ സത്വരം ശ്രമിക്കുന്നുണ്ട്. സ്ത്രീവിരുദ്ധതയുടെ പര്യായമായി ഇസ്‌ലാമിനെ അവര്‍ അവതരിപ്പിക്കുന്നു. ഇസ്‌ലാമില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതായും സ്ത്രീസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതായും അവര്‍ പ്രചരിപ്പിക്കുന്നു. ഇതിന് തെളിവായി ബഹുഭാര്യത്വം, മുത്ത്വലാഖ്, പര്‍ദ എന്നിവയെ എടുത്തുകാണിക്കുന്നു. യഥാര്‍ഥത്തില്‍ ബഹുഭാര്യത്വം ഇസ്ലാം നിര്‍ബന്ധമാക്കിയ ഒരു കാര്യമല്ല. മാനുഷികമായ അനിവാര്യഘട്ടത്തില്‍ ചെയ്യാവുന്ന ഒരിളവ് മാത്രമാണത്. മറ്റുള്ളവര്‍ വിവാഹേതര ബന്ധങ്ങളിലും ലിവിംഗ് റ്റുഗദറിലും ആനന്ദം കണ്ടെത്തുമ്പോള്‍ ഇസ്ലാമിക ശരീഅഃത്ത് അതിനു കടുത്ത ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ത്വലാഖ് പോലും അനിവാര്യഘട്ടങ്ങളില്‍ അവസാനമായി മാത്രം അവലംബിക്കേണ്ട നടപടിക്രമമാണ്. അത് വിലക്കിയ സമൂഹങ്ങളെല്ലാം അതിലേക്കു തന്നെ മടങ്ങിയിട്ടുണ്ട്. മുത്ത്വലാഖ് എന്നത് ഇസ്ലാം നിര്‍ദേശിച്ച വിവാഹമോചന രീതിയല്ല. എന്നാല്‍ അത് മുസ്ലിംകള്‍ ചെയ്യുമ്പോള്‍ ക്രിമിനല്‍ കുറ്റവും മറ്റുള്ളവരാകുമ്പോള്‍ സാദാ നിയമലംഘനവുമാകുന്നതിലെ യുക്തിയാണ് പിടികിട്ടാത്തത്. പര്‍ദയാകട്ടെ, ഇസ്‌ലാം നിര്‍ബന്ധമാക്കിയ ഒരു വസ്ത്രധാരണരീതി അല്ല. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന ഖുര്‍ആനിക ശാസനയുടെ ഒരു ആവിഷ്‌കാരം മാത്രമാണ്. മുഖവും കൈകളും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കുന്ന ഏതു തരം വസ്ത്രവും ആകാം. പക്ഷേ പര്‍ദക്ക് തുല്യമായ നീളന്‍ വസ്ത്രവും ളോഹയും കന്യാസ്ത്രീകളും മതപുരോഹിതന്മാരും ധരിച്ചാല്‍ പ്രാകൃതമോ മതമൗലികമോ ആകില്ല. മുസ്‌ലിംകള്‍ ആകുമ്പോള്‍ ആകാശം പൊളിഞ്ഞുവീഴും എന്ന നിലപാട് ജുഗുപ്‌സാവഹമാണ്.
മുസ്‌ലിം സമൂഹത്തിലേക്ക് കടന്നുകൂടിയ സ്ത്രീധനം പോലുള്ള അനാചാരങ്ങളെ ഉന്മൂലനം ചെയ്യാന്‍ സമുദായ നേതാക്കളും പണ്ഡിതരും ശ്രദ്ധിക്കേണ്ടതുണ്ട്. ജനത്തെ ബോധവല്‍ക്കരിച്ചും ഇസ്‌ലാമിലെ വിവാഹ സമ്പ്രദായങ്ങളും അവയുടെ ലാളിത്യവും വിശദീകരിച്ചും അവര്‍ക്കതിന് സാധിക്കേണ്ടതുണ്ട്. ഇത്തരം ബാധ്യതകള്‍ നിറവേറ്റുന്നതിനു പകരം ന്യായീകരണങ്ങള്‍ ചമച്ചും ദുര്‍വ്യാഖ്യാനങ്ങള്‍ കണ്ടെത്തിയും സമുദായത്തെ വഴിപിഴപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പിശാചിന്റെ പിണിയാളുകള്‍ ആണെന്നു പറയേണ്ടിവരും.