സര്‍വമത സത്യവാദം ഇസ്‌ലാമിന്റെ നിലപാട്
ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി
ലോകത്തുള്ള മുഴുവന്‍ മതങ്ങളും തെറ്റാണെന്നും ഞങ്ങളുടെ മതം മാത്രമാണ് സ്രഷ്ടാവ് തൃപ്തിപ്പെട്ടതെന്നും അതുകൊണ്ട് തങ്ങള്‍ മാത്രമാണ് സ്വര്‍ഗാവകാശികള്‍ എന്നും മുസ്‌ലിംകള്‍ വാദിക്കുന്നു. മറ്റൊരു മതത്തിനും ആ അവകാശവാദമില്ല- ഇസ്‌ലാമിനെക്കുറിച്ച് ചിലര്‍ ഉന്നയിക്കുന്ന ആരോപണമാണിത്.
ചില വസ്തുതകള്‍
ഏതു കാര്യം ചര്‍ച്ച ചെയ്യുമ്പോഴും അതുമായി ബന്ധപ്പെട്ടതും അതിലുള്‍പ്പെട്ടതുമായ വസ്തുതകള്‍ അംഗീകരിച്ചേ മതിയാവൂ. അപ്പോള്‍ മാത്രമേ ആ ചര്‍ച്ച ഫലപ്രദവും വിഷയസ്പര്‍ശിയുമാകൂ. അത് അംഗീകരിക്കാന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ തയാറല്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഇസ്ലാമുമായി ബന്ധപ്പെട്ട് അവര്‍ നടത്തുന്ന ഏത് ചര്‍ച്ചയും തൊലിപ്പുറമെയുള്ളതായി പരിണമിക്കുകയാണ് ചെയ്യുക. അത്തരം മൗലികപ്രാധാന്യമുള്ള വസ്തുതകള്‍ എന്താണെന്ന് നോക്കാം.
എന്താണ് മതം?
മതം എന്ന പദത്തിന് 'ശബ്ദതാരാവലി'യില്‍ ഇപ്രകാരമാണ് അര്‍ഥം പറഞ്ഞുകാണുന്നത്: 1) ധര്‍മം 2) അഭിപ്രായം 3) ഇഷ്ടം 4) അറിവ് 5) വിശ്വാസം 6) സമ്മതം 7) നിരപ്പാക്കല്‍ 8) സിദ്ധാന്തം. പര്യായമായി സിദ്ധാന്തം, ദര്‍ശനം എന്നിങ്ങനെയും പറയുന്നുണ്ട്. ഇതില്‍ അഭിപ്രായം, ഇഷ്ടം, അറിവ്, സമ്മതം, നിരപ്പാക്കല്‍ എന്നിവ പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടേണ്ടതാണ്. പിന്നെയുള്ളത് ധര്‍മം, വിശ്വാസം, സിദ്ധാന്തം എന്നിവയാണ്.
സമൂഹം അംഗീകരിച്ചിട്ടുള്ള ആചാരമര്യാദകള്‍ കീഴ്വഴക്കം മൂലമോ ആചാര്യന്മാരുടെ നിര്‍ദേശപ്രകാരമോ ശരിയെന്ന് കരുതപ്പെടുന്നത് എന്നൊക്കെയാണ് ധര്‍മം എന്നതിന്റെ ഒരു വിവക്ഷ. മതത്തിന്റെ അഥവാ ധര്‍മത്തിന്റെ ഈ വിവക്ഷ ഇസ്‌ലാമിനു സ്വീകാര്യമല്ല. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ സമൂഹം അംഗീകരിച്ചു എന്നതോ അങ്ങനെയാണ് കീഴ്വഴക്കം എന്നതോ ഒരു കാര്യം അംഗീകാരയോഗ്യമാകാനുള്ള തെളിവല്ല. വിശ്വാസാനുഷ്ഠാനങ്ങളില്‍ അല്ലാഹുവും നബിയുമാണ് സര്‍വാവലംബം. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കും നബി(സ)യുടെ മാതൃകക്കും വിരുദ്ധമായതൊന്നും ഇവിടെ സ്വീകാര്യമല്ല. മതത്തെക്കുറിച്ച് മുകളില്‍ പറഞ്ഞ കാഴ്ചപ്പാടിനുള്ള മറ്റൊരു തകരാര്‍ അത് ജീവിതസ്പര്‍ശി അല്ല എന്നതാണ്. വ്യക്തിയും ഈശ്വരനും തമ്മിലുള്ള സ്വകാര്യ ഇടപാട് മാത്രമാണ് ചിലരുടെ കാഴ്ചപ്പാടില്‍ മതം. ആ അര്‍ഥത്തില്‍ ഇസ്‌ലാം ഒരു മതമല്ല. മതമെന്നതിന് കൃത്യമായ ഒരു നിര്‍വചനമില്ല എന്നതാണ് വസ്തുത. ശത്രുക്കള്‍ എപ്പോഴും ശ്രമിക്കുന്നത് ഇസ്‌ലാമിനെ മതത്തെക്കുറിച്ച് മുകളില്‍ പറഞ്ഞ പരിമിത വൃത്തത്തിനുള്ളില്‍ തളച്ചിടാനാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെ സംബന്ധിച്ച് കേവലമൊരു ആരാധനാസമ്പ്രദായം എന്ന അര്‍ഥത്തിലുള്ള മതം എന്ന പരികല്‍പന തള്ളിക്കളയുകയേ നിര്‍വാഹമുള്ളൂ. വസ്തുതയെ വസ്തുതയായി അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുക എന്നതാണല്ലോ അവരുടെ പ്രധാന ദൗര്‍ബല്യം.
ഇസ്‌ലാം മാത്രമാണ് ശരിയെന്നും സ്രഷ്ടാവ് ഇഷ്ടപ്പെട്ടത് അതുമാത്രമാണെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു, മറ്റു മതസ്ഥര്‍ക്ക് ആ വിശ്വാസം ഇല്ല എന്ന വ്യാജ പ്രസ്താവമാണ് രണ്ടാമത്തെ സംഗതി. ഈ പ്രസ്താവത്തെപ്പറ്റി വ്യാജം എന്ന് പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്?
ലോകത്തുള്ള ഒരു മതവിഭാഗവും അംഗീകരിക്കുന്ന കാര്യമല്ല മറ്റ് മതങ്ങളും ശരിയാണെന്ന്. യഹൂദ മതത്തെ എടുക്കാം. ഇതര ജനതതികളില്‍നിന്ന് ഒരാളെപ്പോലും തങ്ങളുടെ കൂടെ ചേര്‍ക്കാന്‍ അവര്‍ സന്നദ്ധരല്ല. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളാണ്, തങ്ങള്‍ മാത്രമാണ് എന്ന് വിശ്വസിക്കുന്ന ഒരു വംശമാണ് അവരുടേത്. അതിനാല്‍ തന്നെ ഈ വംശീയ വിശുദ്ധിയെ ഇതരര്‍ക്ക് പ്രവേശനം നല്‍കി കളങ്കപ്പെടുത്താന്‍ അവര്‍ സന്നദ്ധരല്ല.
ഇതു തന്നെയാണ് ക്രിസ്ത്യാനിയുടെയും അവസ്ഥ. അവര്‍ പക്ഷേ, മറ്റ് ജനവിഭാഗങ്ങളെ കൂടി തങ്ങളുടെ മതത്തിലേക്ക് ആകര്‍ഷിക്കുകയും അവരെ മതം മാറ്റാന്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ആസൂത്രിതശ്രമം നടത്തുകയും ചെയ്യുന്നവരാണ്. സ്വന്തം മതത്തിലെ ഇതര വിഭാഗങ്ങളെക്കൂടി അംഗീകരിക്കാന്‍ കഴിയാത്തവരാണ്. തങ്ങളിലെ തന്നെ എതിര്‍ ശബ്ദം പൊറുപ്പിക്കാന്‍ തയാറല്ലാത്തവര്‍. ക്രിസ്ത്വബ്ദം 325-ലെ പണ്ഡിതസഭ മുതല്‍ തുടര്‍ന്നിങ്ങോട്ടുള്ള അവരുടെ ചരിത്രം പരിശോധിച്ചാല്‍ അത് ബോധ്യമാവും. കുരിശുയുദ്ധം തൊട്ട് ഇന്നും മുസ്ലിം ലോകത്ത് അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കൈയേറ്റങ്ങളും കടന്നുകയറ്റങ്ങളും അതിന്റെ തന്നെ മറ്റൊരു തെളിവാണ്. ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ടു ബുഷ് പറഞ്ഞത്, ഇത് കുരിശു യുദ്ധമാണ് എന്നാണ്. ബോംബ് മാത്രമായിരുന്നില്ല അവര്‍ വിതരണം ചെയ്തത്; ബൈബിള്‍ കൂടിയായിരുന്നു. പട്ടാളക്കാര്‍ മാത്രമായിരുന്നില്ല അവിടെ വിമാനം ഇറങ്ങിയത്; പുരോഹിതന്മാരുമുായിരുന്നു. ബോസ്‌നിയയിലെ നരനായാട്ടിന്റെ ഭാഗമായി മുസ്ലിം സ്ത്രീകളെ ക്രിസ്ത്യന്‍ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്തതിനെ സംബന്ധിച്ചുള്ള പള്ളിയുടെ, അല്ലെങ്കില്‍ ക്രിസ്തീയ മതമേലധ്യക്ഷന്മാരുടെ പ്രസ്താവം ആ ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളെയൊക്കെ കൈയേറ്റ് ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിപ്പിക്കാനായിരുന്നു. മ്യാന്മാരില്‍ ബുദ്ധഭിക്ഷുക്കള്‍ ചെയ്തതും ശ്രീലങ്കയില്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും എന്തൊക്കെയാണെന്നു എല്ലാവര്‍ക്കുമറിയാം.
എല്ലാം മതങ്ങളും ശരിയാണെന്നാണ് ഇവരൊക്കെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെങ്കില്‍ ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള ശത്രുതാപരമായ ഈ സമീപനത്തിന്റെ പൊരുളെന്താണ്? ഇസ്‌ലാം ശരിയാണെന്ന് ഇവരൊക്കെ അംഗീകരിക്കുന്നുണ്ടോ? അതോ ഇസ്‌ലാമും ശരിയാണെങ്കിലും ആ ശരി അംഗീകരിക്കാന്‍ സമ്മതിക്കുകയില്ല. ഞങ്ങള്‍ ശരിയെന്ന് കരുതുന്നത് മാത്രം അംഗീകരിക്കാനേ ആരെയും വിടുകയുള്ളൂ എന്നാണോ? അതോ ഇസ്‌ലാം ശരിയല്ല, ഞങ്ങളുടേത് മാത്രമാണു ശരി എന്നോ?
ഹിന്ദുമതത്തില്‍ അതിലേറെ സങ്കീര്‍ണമാണ് പ്രശ്‌നം. ഇവിടെ ഒരു മതത്തിലെ തന്നെ ആളുകള്‍ പല തട്ടിലാണ്. അനുയായികളെ നാലു ജാതിയിലാണ് ആ മതം വേര്‍തിരിച്ചിട്ടുള്ളത്. ബ്രാഹ്‌മണനും ക്ഷത്രിയനും വൈശ്യനും ശുദ്രനും. ഒരു ജാതിയും ജാതിധര്‍മം വിട്ട് പ്രവര്‍ത്തിക്കാവതല്ല. അങ്ങനെ പരധര്‍മത്തെ സ്വീകരിക്കുന്നവന്‍ പാപിയാണ്. ആ പാപിക്ക് ലഭിക്കാന്‍ പോകുന്നത് അസിതപത്രമെന്നോ അസിപത്രമെന്നോ പറയുന്ന നരകമാണ്. ഈ നാലു ജാതികളെ ഒഴിച്ചാല്‍ മറ്റുള്ളവര്‍ പഞ്ചമികളാണ്. അവര്‍ മനുഷ്യരേ അല്ല. അവിടെ ആര്യവംശാധിപത്യ കാഴ്ചപ്പാടാണ് അവര്‍ വെച്ചുപുലര്‍ത്തുന്നത്.
സ്വര്‍ഗ-നരകങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ്. യഹൂദ, ക്രൈസ്തവ, ഹിന്ദു മതങ്ങള്‍ക്കൊക്കെയുമുണ്ട് ഇസ്‌ലാമിനെപ്പോലെ തന്നെ സ്വര്‍ഗ-നരകങ്ങളെക്കുറിച്ചുള്ള സങ്കല്‍പം. സ്വര്‍ഗം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്നാണ് യഹൂദര്‍ വാദിക്കുന്നത്. തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണ് അതെന്നു തന്നെയാണ് ക്രിസ്ത്യാനികളും കരുതുന്നത്. യേശുവിനെ ദൈവവും ദൈവപുത്രനുമായി അംഗീകരിക്കുന്നവരേ അവരുടെ കാഴ്ചപ്പാടനുസരിച്ച് വിശ്വസികളാവൂ. യേശു സ്ഥാപിക്കാന്‍ പോകുന്ന സ്വര്‍ഗരാജ്യം വിശ്വാസികള്‍ക്കുള്ളതാണ്. ബുദ്ധമതക്കാരന്റെ നിര്‍വാണം ആ തത്വം അംഗീകരിക്കുന്നവര്‍ക്കുള്ളതാണ്. ഹിന്ദു മതത്തിന്റെ മോക്ഷ സിദ്ധാന്തവും തഥൈവ. ഈ വസ്തുതകളത്രയും മറച്ചുവെച്ചുകൊണ്ടാണ് ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും ശത്രുക്കള്‍ വ്യാജപ്രസ്താവം നടത്തിക്കൊണ്ടിരിക്കുന്നത്.
ശത്രുക്കളില്‍ യുക്തിവാദികളുടെ കാര്യമാണ് ഏറെ പരിതാപകരവും പരിഹാസ്യവും. തങ്ങള്‍ക്ക് ഒരു മതത്തോടും പ്രത്യേകിച്ച് വിരോധമോ വിധേയത്വമോ ഇല്ലെന്നാണ് അവര്‍ വാദിക്കാറുള്ളത്. പക്ഷേ ഇസ്‌ലാമിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ക്ക് ആയിരം നാവാണ്! മറ്റുള്ളവര്‍ ചവച്ചരച്ചത് വീണ്ടും ചവച്ചരച്ച് ഛര്‍ദിക്കുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യം. അവര്‍ സായൂജ്യമടയുന്നതും അതിലാണ്. അതുകൊണ്ടാണ് അവര്‍ ഇപ്രകാരം വ്യാജപ്രസ്താവം നടത്തുന്നത്.
അല്ലെങ്കിലും ലോകത്ത് നിലവിലുള്ള ഏതൊരു പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും തനതു തത്വങ്ങളും ഘടനാരീതികളുമൊക്കെയുണ്ട്. അത് കണക്കിലെടുത്തും പരിഗണിച്ചും വേണം അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും വിശകലനങ്ങളും. ഇസ്ലാമിന്റെ കാര്യം വരുമ്പോള്‍, പക്ഷേ, അതത്രയും അവഗണിക്കുകയാണ് പതിവ്.
ഇസ്‌ലാം
സ്വന്തമായി സാങ്കേതിക പ്രയോഗങ്ങളും പ്രയോഗരീതികളും അവക്കടിസ്ഥാനമായ തത്വങ്ങളുമില്ലാത്ത ഒരു പ്രസ്ഥാനവും ലോകത്ത് കാണുക സാധ്യമല്ല. ഇസ്‌ലാമിന്റെ കാര്യവും അങ്ങനെ തന്നെ. ഒരു സാങ്കേതിക പ്രയോഗത്തെ ഭാഷാര്‍ഥത്തില്‍ മാത്രം പരിഗണിക്കുന്നത് വൈജ്ഞാനികവും ബൗദ്ധികവുമായ സത്യസന്ധതക്ക് വിരുദ്ധമാണ്. ഭാഷാര്‍ഥ പ്രയോഗത്തിലൂടെ മാത്രം സാങ്കേതിക പ്രയോഗം വഴി മനസ്സിലാക്കപ്പെടുന്ന ആശയം ഗ്രഹിക്കാനാവുകയില്ല. സാങ്കേതിക പ്രയോഗത്തെ അങ്ങനെ തന്നെ ഉപയോഗിക്കുന്നതാണ് ശരിയും നീതിയും.
ഇസ്‌ലാം എന്ന പദത്തിന് സമാധാനം, സമര്‍പ്പണം എന്നൊക്കെ ഭാഷയില്‍ അര്‍ഥം പറയും. പക്ഷേ, അതൊരു പ്രത്യയശാസ്ത്രത്തിന്റെയും ജീവിതരീതിയുടെയും പേര് എന്ന നിലക്ക് അത് അങ്ങനെ തന്നെ പ്രയോഗിേച്ച പറ്റൂ. സമാധാനമെന്നോ സമര്‍പ്പണമെന്നോ പറഞ്ഞാല്‍ ഇസ്‌ലാം എന്ന് പറയുമ്പോഴുള്ള ആശയം മനസ്സിലേക്ക് കടന്നുവരികയില്ല. മറ്റു മതങ്ങളില്‍നിന്നും പ്രത്യയശാസ്ത്രങ്ങളില്‍നിന്നുമുള്ള അതിന്റെ വ്യതിരിക്തത ഉരുത്തിരിഞ്ഞു കിട്ടുകയുമില്ല. അതിനാല്‍ ഇസ്‌ലാമിനെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ആ പദം തന്നെ വേണം ഉപയോഗിക്കാന്‍. വേറെയും ചില പദങ്ങളുണ്ട്. അതിലൊന്നാണ് അല്ലാഹു.
അല്ലാഹു
അല്ലാഹു എന്നത് ഒരു സംജ്ഞയാണ്. അണ്ഡകടാഹത്തിന്റെ വിധാതാവും അതിന്റെ സംവിധായകനും സംരക്ഷകനും സംഹാരകനുമൊക്കെയായിട്ടുള്ള ഏകശക്തിക്ക് പറയുന്ന പേരാണത്. ഈശ്വരന്‍, യഹോവ എന്നിങ്ങനെ ഓരോ ഭാഷയിലും അവനെ സംബോധന ചെയ്യുന്നുണ്ട്. ഖുര്‍ആന്‍ അറബി ഭാഷയിലായതുകൊണ്ട് ആ ഭാഷയില്‍ അവന് അല്ലാഹു എന്ന പേര് ഉപയോഗിക്കുന്നു എന്നുമാത്രം.
ഇസ്‌ലാം, യഹൂദ, ക്രൈസ്തവ മതങ്ങളില്‍ പ്രപഞ്ചം, സൃഷ്ടി, ലോകം എന്നൊക്കെ പറയുന്നത് ഏറക്കുറെ ഒന്നുതന്നെയാണ്. ക്രിസ്തുമതത്തില്‍ യേശുവിനെയും പരിശുദ്ധാത്മാവിനെയും സംബന്ധിച്ചുള്ള കാഴ്ചപ്പാടാണ് ഒരപവാദമായുള്ളത്. ഇസ്ലാമിന്റെയും യഹൂദ മതത്തിന്റെയും കാഴ്ചപ്പാടില്‍ യേശു അഥവാ പുത്രനും പരിശുദ്ധാത്മാവുമൊക്കെ പ്രപഞ്ചത്തിന്റെ ഭാഗമാണ്.
ഹിന്ദുമതത്തില്‍ പക്ഷേ, സൃഷ്ടിയുമായി ബന്ധപ്പെട്ട മറ്റൊരു കാഴ്ചപ്പാടാണുള്ളത്. അവിടെ പരബ്രഹ്‌മത്തിന് പ്രത്യേക പ്രവര്‍ത്തനരംഗമൊന്നുമില്ല. സൃഷ്ടി നടത്തുന്നത് ബ്രഹ്‌മാവാണ്. ബ്രഹ്‌മാവ് വിഷ്ണുവിന്റെ നാഭിയില്‍നിന്നുണ്ടായതാണ്. ബ്രഹ്‌മാവിന്റെ ഭ്രൂവില്‍(പുരികത്തില്‍)നിന്ന് ശിവനുണ്ടായി. വിഷ്ണുവോ? പഞ്ചഭൂതനിര്‍മിതമായ പ്രപഞ്ചത്തിലെ വിശാലമായ ജലപ്പരപ്പില്‍ അറിയപ്പെടുന്ന ആദികാലത്ത് വിഷ്ണു ബാലരൂപിയായി ഒരു ആലിലയില്‍ കിടന്ന് ഞാന്‍ ആരാണ്, എങ്ങനെ സൃഷ്ടിക്കപ്പെട്ടു, എന്നെ എന്തിനു സൃഷ്ടിച്ചു, ഞാന്‍ എന്തു പ്രവര്‍ത്തിക്കണം എന്നെല്ലാം വിചാരിക്കാന്‍ തുടങ്ങി. ഉടനെ ആകാശത്തില്‍നിന്നും 'എല്ലാം ഞാന്‍ തന്നെ. ഞാന്‍ ഒഴികെ സനാതനം ആയിട്ട് യാതൊന്നുമില്ല' എന്ന ഒരു ശബ്ദം മഹാവിഷ്ണുവിന് കേള്‍ക്കാനായി. മഹാവിഷ്ണു ആ ശബ്ദത്തെപ്പറ്റി ധ്യാനം കൊണ്ടുകിടന്നപ്പോള്‍ മഹാദേവി മഹാവിഷ്ണുവിന്റെ മുമ്പില്‍ പ്രത്യക്ഷയായി ഇങ്ങനെ പറഞ്ഞു: 'വിഷ്‌ണോ, ലോകത്തിന് സൃഷ്ടിസ്ഥിതിലയങ്ങളുണ്ടാകുന്ന കാലങ്ങളിലെല്ലാം പരാശക്തിയുടെ അഥവാ നിര്‍ഗുണ ബ്രഹ്‌മത്തിന്റെ പ്രഭാവം നിമിത്തം അങ്ങയും ഉണ്ടായിട്ടുണ്ടല്ലോ! പരാശക്തിയാകട്ടെ, ഗുണാതീതനാണെന്നറിയുക. നമ്മളെല്ലാം ഗുണത്തോടുകൂടിയുള്ളതാണ്. അങ്ങ് സത്വഗുണപ്രധാനനാണ്. അങ്ങയുടെ നാഭിയില്‍നിന്ന് രജോഗുണപ്രധാനനായ ബ്രഹ്‌മാവുണ്ടാകും. ആ ബ്രഹ്‌മാവിന്റെ ഭ്രൂമധ്യത്തില്‍നിന്ന് താമസശക്തിയോടുകൂടിയ ശിവനും ജനിക്കും. ബ്രഹ്‌മാവ് തപോബലം നിമിത്തം സൃഷ്ടി ശക്തിയെ സമ്പാദിച്ച് രജോഗുണം കൊണ്ട് രക്തവര്‍ണമായ ലോകത്തെ സൃഷ്ടിക്കും. ആ ജഗത്തിന് അങ്ങ് രക്ഷിതാവായിത്തീരും. ആ ജഗത്തിന് കല്‍പാന്തത്തില്‍ ശിവന്‍ സംഹരിക്കുകയും ചെയ്യും.' ('പുരാണിക് എന്‍സൈക്ലോപീഡിയ', വെട്ടം മാണി, സൃഷ്ടി എന്ന ഭാഗം നോക്കുക, പേജ് 1298).
ഇസ്‌ലാമിലെ ഈശ്വര കാഴ്ചപ്പാടുമായി ക്രിസ്തുമതത്തിലേറെ അന്തരമുണ്ട് ഈ കാഴ്ചപ്പാടിന്. ഇസ്‌ലാമിന്റെ മൗലികാടിത്തറയായ തൗഹീദിന് കടകവിരുദ്ധമാണ് മുകളില്‍ പറഞ്ഞ രണ്ട് ക്രൈസ്തവ-ഹൈന്ദവ കാഴ്ചപ്പാടുകളും. അതായത് തൗഹീദിന് കടകവിരുദ്ധമായ ശിര്‍ക്കുപരമായ കാഴ്ചപ്പാടുകളാണവ. ശിര്‍ക്ക് അല്ലാഹു പൊറുക്കുകയില്ലെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മറ്റൊന്നുകൂടിയുണ്ട്. അത് ഇതാണ്: ഇസ്‌ലാമികാധ്യാപനമനുസരിച്ച് സൃഷ്ടിയും സ്രഷ്ടാവും രണ്ടും രണ്ടാണ്. സ്രഷ്ടാവ് ഒരേ ഒരുവന്‍ മാത്രം. മറ്റെല്ലാം അവന്റെ സൃഷ്ടിയാണ്. സ്രഷ്ടാവിന് തുടക്കമില്ലാത്തതുപോലെ ഒടുക്കവുമില്ല. ഇവിടെ വിഷ്ണുബ്രഹ്‌മശിവന്മാര്‍ എല്ലാവരും സൃഷ്ടികളും ജനിച്ചവരുമാണ്. എല്ലാവര്‍ക്കും മരണവുമുണ്ട്. അതായത് മതങ്ങള്‍ എല്ലാം തന്നെ മൗലികതത്വത്തില്‍ തന്നെ ഭിന്ന കാഴ്ചപ്പാട് പുലര്‍ത്തുന്നവയാണ്. ഈ കാഴ്ചപ്പാടില്‍ ഒന്നേ ശരിയാവൂ. ഒരേ ആള്‍ സൃഷ്ടിയും സ്രഷ്ടാവുമാവുക എന്നത് അസംഭവ്യമാണ്. ഈശ്വരന് -അല്ലാഹുവിന് - പുത്രകളത്രങ്ങളോ മാതാപിതാക്കളോ ഇല്ല എന്നത് ഇസ്‌ലാമില്‍ കട്ടായം.
ക്രിസ്ത്യാനിറ്റിയില്‍ പിതാവുണ്ട്, പുത്രനുണ്ട്. ഹിന്ദുമതത്തില്‍ നിര്‍ഗുണസമ്പന്നനായ പരബ്രഹ്‌മത്തെ മാറ്റിനിര്‍ത്തിയാല്‍ എല്ലാ ദൈവങ്ങള്‍ക്കും ഭാര്യാസന്താനങ്ങളുണ്ട്. അവിടെ ദേവന്മാര്‍ മാത്രമല്ല, ദേവിമാരുമുണ്ട്. ഈ ദേവന്മാര്‍ തന്നെയും കലഹപ്രിയരും അസൂയാലുക്കളുമൊക്കെയാണ്. അതായത് ഇസ്‌ലാമും ഇതര മതങ്ങളും മൗലികമായി തന്നെ ഭിന്നങ്ങളാണ്. അപ്പോള്‍ രണ്ടിലൊന്നേ ശരിയാവൂ. ഒന്നുകില്‍ ഇസ്‌ലാമിന്റെ ഏകീശ്വര കാഴ്ചപ്പാട്. അല്ലെങ്കില്‍ മറ്റു മതങ്ങളുടെ ബഹുവീശ്വര കാഴ്ചപ്പാട്. ബഹുവീശ്വര കാഴ്ചപ്പാടിനെ ഇസ്‌ലാം പാടേ തള്ളിക്കളയുന്നു. ഈശ്വരപ്രസാദത്തിന്റെ പ്രഥമവും പരമവുമായ ഉപാധിയായി ഇസ്ലാം മുന്നോട്ടുവെക്കുന്നതും ഈ ഏകീശ്വര കാഴ്ചപ്പാടാണ്.
ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ് ഇസ്‌ലാം, മതങ്ങളെ മാത്രമല്ല ഇസങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയുമൊക്കെ വിലയിരുത്തുന്നത്. വിരുദ്ധാശയങ്ങള്‍ ഒന്നാവുകയില്ല, എല്ലാം ശരിയാവുകയില്ല എന്നത് വൈരുധ്യങ്ങള്‍ ഒന്നിച്ചു പോവുകയില്ലെന്ന തര്‍ക്കശാസ്ത്ര തത്വമനുസരിച്ചും സര്‍വസമ്മതമാണ്. ഇരുളും വെളിച്ചവും രാത്രിയും പകലും ഒരേസമയം ഒരേ സ്ഥലത്ത് സമ്മേളിക്കുകയില്ലെന്നത് സുസമ്മത യാഥാര്‍ഥ്യമാണ്. അതുകൊണ്ട് ഇസ്‌ലാം പറയുന്നു: 'ഇസ്‌ലാം മാത്രമേ സത്യം ഉള്ളൂ. മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇസങ്ങളും ഒക്കെ അസത്യമാണ്.'
ഇനി ഇതിന്റെ മറുവശമെന്താണ്? മറ്റു മതങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ഇസങ്ങളോ സത്യമാണെങ്കില്‍ ഇസ്‌ലാം സത്യമല്ലെന്നുമാണ്. അത് തീരുമാനിക്കേണ്ടത് മതങ്ങളെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും പഠിക്കാനും ചിന്തിക്കാനും തയാറുള്ള നിഷ്പക്ഷനായ മനുഷ്യനാണ്. ഖുര്‍ആന്‍ പറഞ്ഞുവല്ലോ:
قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ قُلِ ٱللَّهُ ۖ وَإِنَّآ أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِى ضَلَٰلٍۢ مُّبِينٍۢ﴿٢٤﴾
''ചോദിക്കുക: ആകാശങ്ങളില്‍നിന്നും ഭൂമിയില്‍നിന്നും നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് ആരാണ്? പറയുക: അല്ലാഹു! നിങ്ങളും ഞങ്ങളും രണ്ടിലൊരു കൂട്ടര്‍ സന്മാര്‍ഗത്തിലാണ്. അല്ലെങ്കില്‍ ദുര്‍മാര്‍ഗത്തിലാണ്!'' (34:24). അതായത് ഒരു കൂട്ടരേ സത്യത്തിലുള്ളൂ, മറ്റുള്ളവര്‍ അസത്യത്തിലാണ്. ഈ പറഞ്ഞതില്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. എല്ലാറ്റിനെയും വെള്ളപൂശുന്ന സ്വഭാവം ഇസ്‌ലാമിനില്ല.
എന്നാല്‍ അപ്പോഴും ഇസ്‌ലാം ഒരു മതത്തിന്റെ യും അസ്തിത്വം നിരാകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. കാരണം, എതിര്‍ശബ്ദത്തെ അത് എത്രമേല്‍ നേര്‍ത്തതാണെങ്കിലും അതിനെ അംഗീകരിച്ചുകൊണ്ടേ അതിനെ ചോദ്യം ചെയ്യാനാവൂ, എതിര്‍ക്കാനാവൂ. അസത്യത്തെ അസത്യമാണെന്ന് തുറന്നുപറയണമെങ്കിലും അതിന്റെ അസ്തിത്വം അംഗീകരിക്കേണ്ടതുണ്ട്. ഇസ്‌ലാം പടവെട്ടുന്നത് നിഴലിനോടല്ല, യാഥാര്‍ഥ്യത്തോടാണ്. ശുദ്ധജലം ഏതെന്നറിയണമെങ്കില്‍ മലിനജലം ഏതെന്നറിയേണ്ടതുണ്ട്. അത് തിരിച്ചറിയാനാവാത്തവന്‍ മലിനജലം മോന്തി മാരകരോഗം ബാധിച്ച് കഷ്ടപ്പെടേണ്ടിവരും. ഇസ്‌ലാമിന്റെ മുമ്പിലുള്ളത് മനുഷ്യനാണ്. ആ മനുഷ്യന്റെ ഇഹപരക്ഷേമവും രക്ഷയുമാണ്. അതുകൊണ്ടാണ് അവനോട് സ്വര്‍ഗനരകങ്ങളെക്കുറിച്ച് പറയേണ്ടിവരുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് മദീനയിലെ ആദ്യനാളുകളില്‍ മുഹമ്മദ് നബി (സ) അവിടെ നിലനിന്നിരുന്ന ബഹുസ്വരങ്ങളെ മുഖവിലക്കെടുത്തത്, ഒരുഭാഗത്ത് അവയെ വിമര്‍ശിക്കുകയോ ചോദ്യംചെയ്യുകയോ നിരൂപണ വിധേയമാക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ തന്നെ മറുഭാഗത്ത് അവയുമായി കൈകോര്‍ത്ത് മുമ്പോട്ടു നീങ്ങാമെന്നു വെച്ചത്. മക്കയിലും ഇതാഗ്രഹിക്കാതെയല്ല. അതുകൊണ്ടാണല്ലോ ഖുര്‍ആന്‍ 109-ാം അധ്യായത്തില്‍ അവരോട് ഇങ്ങനെ പറഞ്ഞത്,
لَكُمْ دِينُكُمْ وَلِىَ دِينِ
(നിങ്ങള്‍ക്ക് നിങ്ങളുടെ രീതിയും എനിക്ക് എന്റെ രീതിയും).
സ്വര്‍ഗ നരകങ്ങള്‍
ഇഹലോക ജീവിതം മാത്രമല്ല മനുഷ്യന്റെ മരണാനന്തര ജീവിതവും ഇസ്‌ലാം ഗൗരവത്തില്‍, അല്ല, അതീവഗൗരവത്തില്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് അവനോട് സ്വര്‍ഗ -നരകങ്ങളെക്കുറിച്ച്, അവിടത്തെ രക്ഷാശിക്ഷകളെക്കുറിച്ച് പറയേണ്ടിവരുന്നത്. അവിടെയും ഇസ്‌ലാമിന് ഒളിച്ചുവെക്കലില്ല. ഉള്ളത് ഉള്ളതുപോലെ തുറന്നുപറയുകയാണ് അത് ചെയ്യുന്നത്. അത് മനുഷ്യനെ വഞ്ചിക്കാനുദ്ദേശിക്കുന്നില്ല. വഞ്ചന ഏതു ഭാഗത്തുനിന്നായാലും അത് അത്യന്തം വെറുക്കുന്നു. മുഖത്തുനോക്കി കാര്യം വെട്ടിത്തുറന്ന് പറയുക എന്ന ഒന്നുണ്ടല്ലോ. അതുകൊണ്ടാണ് മുസ്‌ലിമേ സ്വര്‍ഗത്തില്‍ പോകൂ, കാഫിറിന് ലഭിക്കാനിരിക്കുന്നത് നരകമാണ് എന്നു പറയുന്നത്. മുസ്‌ലിം ആരാണ്, കാഫിര്‍ ആരാണ് എന്നൊക്കെ വഴിയെ പറയാം.
സ്വര്‍ഗ-നരകങ്ങള്‍ ഇസ്‌ലാമിന്റെ മാത്രം കണ്ടുപിടിത്തമല്ല. അല്ലെങ്കില്‍ ഇസ്‌ലാമിന്റെ മുഹമ്മദീയന്‍ പതിപ്പിന്റെ മാത്രം കണ്ടുപിടിത്തമല്ല. ആദിമമനുഷ്യന്‍ മുസ്‌ലിം ആയിരുന്നു. അയാളുടെ മതം ഇസ്‌ലാമായിരുന്നു. അയാളോടും ഇസ്‌ലാം സ്വര്‍ഗ -നരകങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ ആദമിനോട് പറയുന്നുണ്ടല്ലോ :
فَإِمَّا يَأْتِيَنَّكُم مِّنِّى هُدًۭى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٣٨﴾وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَٰتِنَآ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ﴿٣٩﴾
''എന്റെ ഭാഗത്തുനിന്ന് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം വന്നുകിട്ടും. എന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റിയവര്‍ക്ക് ഭയക്കാനില്ല, അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. എന്റെ നിര്‍ദേശങ്ങള്‍ നിഷേധിക്കുകയും കള്ളം എന്നു പറഞ്ഞ് തള്ളുകയും ചെയ്തവര്‍, അവര്‍ നരകക്കാരാവും. അതിലെ ശാശ്വതവാസികളും അവരാവും'' (2:38,39).
അതുകൊണ്ടെത്ര മതങ്ങളുടെയൊക്കെ അധ്യാപനങ്ങളില്‍ സ്വര്‍ഗ-നരകങ്ങള്‍ ഇടംപിടിച്ചത്. ബൈബിളില്‍ അവിടവിടെയായി സ്വര്‍ഗനരകങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഹൈന്ദവ വേദഗ്രന്ഥങ്ങളിലുമുണ്ട് ഈ രണ്ടു ലോകത്തെയും കുറിച്ച പരാമര്‍ശങ്ങള്‍ ധാരാളമായി. ഖുര്‍ആനില്‍ നരകത്തെ പറ്റി പറഞ്ഞപ്പോള്‍ അതിനെ ഏഴു കവാടങ്ങളുണ്ട് എന്നു മാത്രമാണ് പറഞ്ഞത്.
وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ﴿٤٣﴾ لَهَا سَبْعَةُ أَبْوَٰبٍۢ لِّكُلِّ بَابٍۢ مِّنْهُمْ جُزْءٌۭ مَّقْسُومٌ﴿٤٤﴾
''നരകമാണ് അവരുടെയൊക്കെ വാഗ്ദത്ത സ്ഥലം. അതിന് ഏഴ് കവാടങ്ങളുണ്ട്. ഓരോ കവാടത്തിലും ഉണ്ട് അവരില്‍ നിശ്ചിത സംഘം'' (15:43,44).
സ്വര്‍ഗത്തിന് 8 കവാടങ്ങളുള്ളതായി ഹദീസില്‍ കാണാം. ഇബ്‌നുല്‍ മുബാറക് റഖാഇഖില്‍ ഉദ്ധരിച്ചിട്ടുള്ള ഹദീസ് ഇപ്രകാരമാണ്: ഹസന്‍ (റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതന്‍ (സ) പറഞ്ഞതു ഞാന്‍ കേട്ടു; സ്വര്‍ഗത്തിന് എട്ടു കവാടങ്ങളുണ്ട്. അതിലെ കവാടങ്ങളുടെ കതകുകള്‍ക്കിടയിലുള്ള അകലം നാല്‍പത് വര്‍ഷത്തെ വഴിയകലമാണ്.'
അബൂദാവൂദും ഇതേ എണ്ണം ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌നദ് അഹ്‌മദിലും കാണാം ഇതേ എണ്ണം ഉദ്ധരിച്ചതായി. എന്നാല്‍ ഹൈന്ദവ കാഴ്ചപ്പാട് അനുസരിച്ച് നരകത്തിന്റെ എണ്ണം 28 ആണ്. അത് ഇങ്ങനെ വായിക്കാം. ''കാലനാണ് പിതൃലോകത്തിന്റെ നാഥന്‍. നീതിന്യായത്തില്‍ ഏറ്റവും ധര്‍മനിഷ്ഠനായതിനാല്‍ കാലന് യമധര്‍മനെന്നും പേരുണ്ട്. അദ്ദേഹം അവിടെ ഇരുന്നു തന്റെ കിങ്കരന്മാര്‍ കൊണ്ടുവരുന്ന ജന്തു ക്കള്‍ക്കെല്ലാം അവരവര്‍ ചെയ്ത പാപപുണ്യങ്ങള്‍ കണക്കാക്കി ശരിയായ ശിക്ഷ കല്‍പ്പിക്കുന്നു. പാപപുണ്യങ്ങള്‍ തിട്ടപ്പെടുത്തി അതിനു ശരിയായ ശിക്ഷ നിശ്ചയിക്കുന്നതിനല്ലാതെ ശിക്ഷാ നിയമത്തെയോ ശിക്ഷാസമ്പ്രദായത്തെയൊ ഭേദപ്പെടുത്താന്‍ ധര്‍മരാജന് അധികാരമില്ല. തെറ്റു ചെയ്തവന്റെ തെറ്റിന്റെ സ്വഭാവമനുസരിച്ച് യമധര്‍മന്‍ അവനെ വിവിധ തരത്തിലുള്ള നരകങ്ങളിലേക്കയക്കുന്നു. നരകങ്ങളെപ്പറ്റി പുരാണങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട് ('പുരാണിക് എന്‍സൈക്ലോപീഡിയ', കാലന്‍ എന്ന ഭാഗം നോക്കുക, പേജ് 256).
നരകങ്ങളും അവയില്‍ പ്രവേശിക്കുന്നവരും
1) താമിസ്രം: അന്യന്റെ ധനം, ഭാര്യ, ശിശു എന്നിവ അപഹരിക്കുന്നവന്‍.
2) അന്ധതാമിസ്രം: ഭര്‍ത്താവിനെ വഞ്ചിച്ച് ഭക്ഷണം കഴിക്കുന്ന ഭാര്യയും ഭാര്യയെ വഞ്ചിച്ച് ഭക്ഷണം കഴിക്കുന്ന ഭര്‍ത്താവും.
3) രൗരവം: പ്രാണിദ്രോഹക്കുറ്റം ചെയ്തവന്‍.
4) മഹാരൗരവം: സ്വത്ത് അവകാശികള്‍ക്ക് നല്‍കാതെ അനുഭവിക്കുന്നവര്‍.
5) കുംഭീപാക്കം: മൃഗപക്ഷ്യാദികളെ കൊന്നുതിന്നുന്നവര്‍.
6) കാലസൂത്രം: ഗുരുജനങ്ങളെയും അമ്മ, അഛന്‍, പ്രായം ചെന്നവര്‍ എന്നിവരെയും ബഹുമാനിക്കാത്തവര്‍.
7) അസിപത്രം/അസിതപത്രം: സ്വധര്‍മം ഉപേക്ഷിച്ച് പരധര്‍മം കൈക്കൊള്ളുന്നവര്‍.
8) സൂകരമുഖം: ധര്‍മം വെടിഞ്ഞ് അപമര്യാദയായി രാജ്യപരിപാലനം ചെയ്യുന്ന രാജാക്കന്മാര്‍.
9) അന്ധകൂപം: ബ്രാഹ്‌മണരെയോ മറ്റ് ഈശ്വരന്മാരെയോ സാധുക്കളെയോ ഹിംസിക്കുന്നവന്‍.
10) കൃമിഭോജനവും സംദംശനവും: അതിഥിപൂജ, ദേവപൂജ തുടങ്ങിയുള്ള പഞ്ചയജ്ഞങ്ങള്‍ ചെയ്യാതെ ഭോജനം കഴിക്കുന്ന അധമദ്വിജന്മാര്‍.
11) തപ്തമൂര്‍ത്തി: അന്യന്റെ സ്വര്‍ണം, രത്‌നം, ആഭരണം, പണം എന്നിവ ബലാല്‍ക്കാരമായി അപഹരിക്കുന്നവന്‍.
12) ശാല്‍മലി: തനിക്ക് സ്വീകരിക്കാന്‍ അര്‍ഹതയില്ലാത്ത പുരുഷനെ അല്ലെങ്കില്‍ സ്ത്രീയെ സ്വീകരിച്ചവന്‍.
13) വജ്രകണ്ടകശാലി: പശു ആദിയായ ശാന്ത മൃഗങ്ങളെ വ്യഭിചരിക്കുന്നവര്‍.
14) വൈതരണി: ശാസ്ത്ര വിധികളെ ഉല്ലംഘിച്ച് വര്‍ത്തിക്കുന്ന രാജാക്കന്മാരും ജാര പുരുഷന്മാരും.
15) പൂയോദകം: ആചാരവും ലജ്ജയും വെടിഞ്ഞ് നാനാജാതിയിലുള്ള സ്ത്രീകളെ സ്വീകരിക്കുന്ന ബ്രാഹ്‌മണാദികള്‍. ഉത്തരവാദിത്വമില്ലാതെ ചുറ്റിത്തിരിയുന്നവരും.
16) പ്രാണരോധം: നായ, കഴുത മുതലായ ഹീന ജന്തുക്കളെ വളര്‍ത്തിയും നിരന്തരം വേട്ടയാടിയും മൃഗങ്ങളെ വധിച്ചു ജീവിക്കുന്ന ബ്രാഹ്‌മണന്‍.
17) വിശസനം: പണത്തിന്റെ കൊഴുപ്പ് കൊണ്ട് പ്രതാപത്തിന് വേണ്ടി പശുക്കളെ കൊന്നു യാഗം കഴിക്കുന്നവര്‍.
18) ലാലാഭക്ഷം: കാമലോലുപര്‍.
19) സാരമേയാശനം: വീട് മുതലായവ തീ വെക്കുക, വിഷം കൊടുക്കുക, കൂട്ടക്കൊല നടത്തുക, രാജ്യങ്ങള്‍ നശിപ്പിക്കുക തുടങ്ങി പൊതുജന ദ്രോഹം ചെയ്യുന്നവര്‍.
20) അവീചി: കള്ളസാക്ഷി പറയുന്നവന്‍, കള്ളസത്യം ചെയ്യുന്നവന്‍, കള്ളനാമം സ്വീകരിക്കുന്നവന്‍.
21) അയഃഹനം: ബ്രാഹ്‌മണാദി മൂന്ന് വര്‍ണങ്ങള്‍ സോമപാനം, സുരപാനം മുതലായവ ചെയ്താല്‍.
22) ക്ഷാരകര്‍ദമം: വമ്പുപറഞ്ഞു നടക്കുന്നവരും ഉന്നതകുലജാതരെ പരിഹസിക്കുന്നവരും.
23) രക്ഷോഭക്ഷം: മാംസം ഭക്ഷിക്കുന്നവര്‍, മനുഷ്യരെ ബലി കഴിക്കുന്നവര്‍, നരമാംസം ഭക്ഷിക്കുന്നവര്‍ അവര്‍ക്കൊക്കെ പ്രത്യേകം പ്രത്യേകം ഇടങ്ങളുണ്ടിവിടെ.
24) ശൂലപ്രേതം: തനിക്ക് യാതൊരു ഉപദ്രവവും ചെയ്തിട്ടില്ലാത്തവരെ നിഗ്രഹിക്കുന്നവര്‍. കാട്ടില്‍ വെച്ചോ നാട്ടില്‍ വെച്ചോ അസത്യം പറഞ്ഞു വിശ്വസിപ്പിച്ചും ചതി പ്രയോഗിച്ചും ശൂലമോ മറ്റു യന്ത്രങ്ങളോ ഉപയോഗിച്ച് നിഗ്രഹിക്കുന്നവര്‍.
25) ദന്ദശൂകം: സദാ ജന്തുക്കളെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നവര്‍.
26) വടാരോധം: പര്‍വത ശൃംഗങ്ങളിലും വന്‍ കാടുകളിലും കൂടുകളിലും മരപ്പൊത്തുകളിലും ജീവിക്കുന്ന ജന്തുക്കളെ ഉപദ്രവിക്കുന്നവര്‍.
27) പര്യാവര്‍ത്തനുകം: ഭക്ഷണനേരം വരുന്ന അതിഥിയെ അയാള്‍ക്കും ഭക്ഷണം നല്‍കേണ്ടിവരുമെന്ന കാരണത്താല്‍ കുപിതനായി ചീത്ത വിളിക്കുന്നവന്‍.
28) സൂചിമുഖം: വലിയ നാട്യത്തോടെ ആവശ്യത്തിനു പോലും പണം ചെലവഴിക്കാത്ത പിശുക്കന്‍. (വിശദവിവരത്തിന് 'പുരാണിക് എന്‍സൈക്ലോപീഡിയ' കാലന്‍ എന്ന ഭാഗം നോക്കുക).
ഈ വിവരണമനുസരിച്ച് ഒരു മനുഷ്യനും നരകത്തില്‍നിന്ന് രക്ഷപ്പെടുക സാധ്യമല്ല. സ്വര്‍ഗത്തെ സംബന്ധിച്ചും ഹൈന്ദവ വേദങ്ങളും മറ്റു ഗ്രന്ഥങ്ങളും പലപ്പോഴായി പ്രതിപാദിക്കുന്നതു കാണാം.
ചുരുക്കത്തില്‍, സ്വര്‍ഗ-നരകങ്ങളെക്കുറിച്ച് പ്രതിപാദിക്കാത്ത ഒരു മതവുമില്ല എന്നുവേണം കരുതാന്‍. ഇതു കാണിക്കുന്നത് ഈ മതങ്ങളത്രയും ഒരേ ഉറവയില്‍നിന്ന് നിര്‍ഗളിച്ച നദികളാണെന്നതാണ്. പക്ഷേ ഈ നദികളില്‍ ഒന്നൊഴികെ മറ്റുള്ളതെല്ലാം വിഷവസ്തുക്കളും മാലിന്യങ്ങളും കുമിഞ്ഞുകൂടി കാളിയന്റെ വിഷമേറ്റ കാളിന്ദീനദിക്ക് സമാനം അപകടം പതിയിരിക്കുന്നവയായി മാറി. ആ വിശുദ്ധ നദി ഏതെന്നു കണ്ടെത്തേണ്ട ബാധ്യത ലക്ഷ്യബോധമുള്ള മനുഷ്യന്റേതാണ്.
മുസ്‌ലിമും കാഫിറും
മുസ്‌ലിം, മൂഅ്മിന്‍, കാഫിര്‍, മുശ്‌രിക് ആദിയായവ സാങ്കേതിക പദങ്ങളാണ്. സാങ്കേതിക പദങ്ങളെ ബുദ്ധിയുള്ളവരാരും ഭാഷാര്‍ഥത്തിലെടുക്കാറില്ല.
മുസ്‌ലിം എന്നാല്‍ അനുസരണയുള്ളവന്‍, സമര്‍പ്പിതന്‍ എന്നൊക്കെയാണ് ഭാഷയില്‍ അര്‍ഥം. സാങ്കേതികമായി ഇസ്‌ലാം എന്ന ആശയ-പ്രയോഗങ്ങള്‍ മനസ്സാ-വാചാ-കര്‍മണാ കൈക്കൊണ്ടവനാണ് മുസ്‌ലിം. മുഅ്മിന്‍ എന്നാല്‍ വിശ്വസിച്ചവന്‍ എന്നോ നിര്‍ഭയത്വം നല്‍കിയവന്‍ എന്നോ ഒക്കെ അര്‍ഥം പറയാം. സാങ്കേതികമായ ചില കാര്യങ്ങള്‍ സത്യമാണെന്ന് സര്‍വാത്മനാ അംഗീകരിക്കുകയും അതിനൊത്ത് ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുന്നവനാണ് മൂഅ്മിന്‍. മുഅ്മിനും മുസ്‌ലിമും പരസ്പരപൂരകങ്ങളാണ്. ഒരേ ആശയത്തില്‍ ഖുര്‍ആന്‍ തന്നെ പലപ്പോഴും ആ രണ്ടു പദങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാം എന്നത് അതിന്റെ ഭാഷാര്‍ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ഇസ്‌ലാം അംഗീകരിച്ച് ഉള്‍ക്കൊണ്ട ആള്‍ എന്ന അര്‍ഥത്തില്‍ മുസ്‌ലിം എന്നു തന്നെയാണ് ഖുര്‍ആന്‍ സാങ്കേതികമായി പ്രയോഗിച്ചിട്ടുള്ളത്. പ്രവാചക കാലംതൊട്ട് ഇന്നോളം മുസ്‌ലിം സമൂഹം പ്രയോഗിച്ചിട്ടുള്ളത് മുസ്‌ലിം എന്ന പദം തന്നെയാണ്. മറ്റു മതങ്ങളിലെ പ്രവാചകന്മാര്‍ പൊതുവിലും അവസാനമായി മുഹമ്മദ് നബി വിശേഷിച്ചും ഈ തത്വം അംഗീകരിച്ച ആളുകള്‍ക്ക് പ്രതിനിധാനം ചെയ്ത വ്യവസ്ഥിതിയെയും ആശയത്തെയും ദ്യോതിപ്പിക്കാന്‍ പ്രയോഗിച്ചിട്ടുള്ളത് ഇസ്‌ലാം എന്ന പദമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാം എന്നു കേള്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്റെയും മനസ്സില്‍ ഓടിയെത്തുക അതിന്റെ ഭാഷാര്‍ഥമല്ല; അത് പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രമാണ്; മുസ്‌ലിം എന്ന് പറയുമ്പോള്‍ ആ പ്രത്യയശാസ്ത്രം അംഗീകരിച്ചവനും.
ഇതുതന്നെയാണ് കാഫിര്‍, മുശ്‌രിക് എന്നീ പദങ്ങളുടെയും അവസ്ഥ. ഇസ്‌ലാമിനെ നിരാകരിച്ചവനാണ് കാഫിര്‍. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ഏകീശ്വര കാഴ്ചപ്പാടിനെ നിരാകരിച്ച്, ഈശ്വരന്മാരെ സങ്കല്‍പ്പിക്കുന്നവരെയാണ് മുശ്‌രിക് എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്. ശിര്‍ക്ക് എന്ന പദത്തിന് പങ്കുചേര്‍ക്കുക എന്നേ ഭാഷയില്‍ അര്‍ഥമുള്ളൂ. അത് ഏതുതരം പങ്കുചേര്‍ക്കലുമാകാം. അതുകൊണ്ടാണ് കൂട്ടു സംരംഭങ്ങള്‍ക്ക് ശിര്‍ക്കത്ത് -കമ്പനി - എന്നു പറയുന്നത്. എന്നാല്‍ ഖുര്‍ആന്‍ ശിര്‍ക്ക് എന്ന് പറയുന്നത് ഇത്തരം പങ്കാളിത്തങ്ങളെക്കുറിച്ചല്ല. അതൊരു സാങ്കേതിക പ്രയോഗമാണ്. ബഹുവീശ്വരത്വം മാത്രമല്ല, ഈശ്വരന് ഭാര്യയെ, മക്കളെ, അഛനെ, അമ്മയെ, കൂട്ടുകുടുംബങ്ങളെ ഒക്കെ സങ്കല്‍പ്പിക്കുന്നതടക്കം ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ശിര്‍ക്കാണ്. അതുകൊണ്ടാണ് ക്രിസ്തുമതത്തിലെ ത്രിത്വവും ഹിന്ദുമതത്തിലെ ദേവലോക കാഴ്ചപ്പാടുമൊക്കെ ഇസ്‌ലാമിന്റെ ഭാഷയില്‍ ശിര്‍ക്കാവുന്നത്. അപ്പോള്‍ മുസ്‌ലിമും കാഫിറും ഭിന്നാശയ പദങ്ങളാണ്.
എന്നാല്‍ ഈ ഭിന്നാശയങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ കാഫിര്‍ എന്ന പദത്തെ ഖുര്‍ആന്‍ വ്യത്യസ്ത അര്‍ഥതലങ്ങള്‍ നല്‍കി ഉപയോഗിച്ചിട്ടുണ്ട്. അത് വ്യക്തമായി മനസ്സിലാക്കാതെ ഉപയോഗിക്കുന്നത് മുസ്‌ലിംകളുടെ കാര്യത്തിലായാലും അമുസ്‌ലിംകളുടെ കാര്യത്തിലായാലും വലിയ തെറ്റിദ്ധാരണയിലാണ് കൊണ്ടെത്തിക്കുക.
കുഫ്ര്‍ എന്നതാണ് കാഫിറിന്റെ അടിസ്ഥാന പദം. കുഫ്‌റിന് മറച്ചുവെക്കുക എന്നാണ് ഭാഷാര്‍ഥം. ഒളിപ്പിച്ചുവെക്കുക എന്നും അര്‍ഥം പറയാം. 'കഫറ' ഒളിപ്പിച്ചുവെച്ചു, അല്ലെങ്കില്‍ മറച്ചുവെച്ചു എന്നര്‍ഥമാണ്. കാഫിര്‍ എന്നാല്‍ ഒളിപ്പിച്ചുവെച്ച വന്‍, മറച്ചുവെച്ചവന്‍ എന്നിങ്ങനെയും. 'കഫറ'യുടെ കര്‍തൃനാമരൂപമാണ് കാഫിര്‍. അതിന്റെ ബഹുവചനമായി കാഫിറൂന്‍, കുഫ്ഫാര്‍ എന്നീ പദങ്ങളും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്.
ഒളിപ്പിച്ചുവെക്കുക, മറച്ചുവെക്കുക എന്നീ അര്‍ഥങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഖുര്‍ആന്‍ കര്‍ഷകരെ കുഫ്ഫാര്‍ എന്ന് പറഞ്ഞിട്ടുള്ളത്. ഖുര്‍ആന്‍ 57:20-ല്‍ ഇപ്രകാരം പറയുന്നുണ്ട്:
''അറിയുക: ഭൗതികജീവിതം കളിയും വിനോദവുമാണ്. നിങ്ങള്‍ പരസ്പരമുള്ള ആഭിജാത്യപ്രകടനവും സമ്പത്തും സന്തതിയും സംബന്ധിച്ചുള്ള പെരുമ പറച്ചിലുമാണ്. ഒരു കൃഷിക്ക് സമാനം. അതിലെ സസ്യം കുഫ്ഫാറിനെ - കര്‍ഷകരെ - ഹരംകൊള്ളിക്കുന്നുവല്ലോ..''
കാഫിര്‍ എന്ന പദം ശത്രു എന്ന അര്‍ഥത്തിലും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്.
ചില ഉദാഹരണങ്ങള്‍:
''മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്. അദ്ദേഹത്തോടൊപ്പമുള്ളവര്‍ കുഫ്ഫാറിനോട് - ശത്രുക്കളോട്- കര്‍ക്കശമായി പെരുമാറുന്നവരും പരസ്പരം കാരുണ്യത്തോടുകൂടി വര്‍ത്തിക്കുന്നവരുമത്രെ'' (48:29).
''അവര്‍ വിശ്വാസിനികളെന്ന് ബോധ്യമായാല്‍ അവരെ കുഫ്ഫാറിന്റെ - ശത്രുക്കളുടെ- അടുത്തേക്ക് തിരിച്ചയക്കരുത്'' (60:10).
ശത്രുക്കള്‍ക്ക് കുഫ്ഫാര്‍ എന്ന് പ്രയോഗിക്കുന്നത് അവര്‍ ശരീരത്തെ ആയുധത്തിനുള്ളില്‍ ഒളിപ്പിച്ചുവെക്കുന്നതുകൊണ്ടാണ്. രാത്രിക്ക് പോലും അറബിഭാഷയില്‍ കാഫിര്‍ എന്നു പറയും. ഇരുള്‍ കൊണ്ട് ലോകത്തെ മറയ്ക്കുന്നു എന്നതാണ് അങ്ങനെ പറയാന്‍ കാരണം.
സത്യത്തെ നിഷേധിക്കുന്നവന്‍ എന്ന അര്‍ഥത്തിലും ഖുര്‍ആന്‍ കാഫിര്‍ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. ഒരാള്‍ കാഫിറാകുന്നത് സത്യമറിഞ്ഞു നിഷേധിക്കുമ്പോഴാണ്. ഇസ്‌ലാമിനെക്കുറിച്ച് അതിന്റെ അടിസ്ഥാനാശയങ്ങളും ആദര്‍ശങ്ങളും സാമാന്യം മനസ്സിലാക്കിയിട്ടും അത് അംഗീകരിക്കാന്‍ കൂട്ടാക്കാത്തവനാണ് കാഫിര്‍. അത്തരം ആളുകള്‍ സത്യം വെടിഞ്ഞവരാണെന്നത്രെ ഇസ്‌ലാം പറയുന്നത്. സത്യത്തെ നിരാകരിച്ചവന്‍ എങ്ങനെയാണ് സത്യ വാദിയാവുക! മുസ്‌ലിംകള്‍ മാത്രമാണ് സത്യത്തില്‍, മറ്റുള്ളവര്‍ അസത്യത്തിലാണ് എന്ന് പറയുന്നതിന്റെ പൊരുളും മറ്റൊന്നല്ല.
സര്‍വാത്മനാ ഇസ്‌ലാം അംഗീകരിച്ചവന്‍ മുസ്‌ലിം. അതംഗീകരിക്കാത്തവന്‍ കാഫിര്‍. ഇതാണ് മുസ്‌ലിം എന്നും കാഫിര്‍ എന്നും പറയുമ്പോള്‍ യഥാര്‍ഥത്തില്‍ അര്‍ഥമാക്കുന്നത്. ഈ മുസ്‌ലിമിനെയും കാഫിറിനെയുമാണ് മുസ്‌ലിംകളേ സ്വര്‍ഗത്തില്‍ പ്രവേശിക്കൂ, കാഫിറിന് നരകമാണ് ലഭിക്കാന്‍ പോകുന്നത് എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്. അല്ലാതെ മുസ്‌ലിം കുടുംബത്തില്‍ പിറന്നവര്‍ അല്ലെങ്കില്‍ അറബി പേരുള്ളവര്‍ എല്ലാവരും മുസ്‌ലിംകള്‍ എന്നതല്ല. സ്വര്‍ഗലബ്ധിയുടെയോ നരകപ്രവേശത്തിന്റെയോ മാനദണ്ഡം അറബിപ്പേരും മുസ്‌ലിം കുടുംബത്തില്‍ ജനിക്കലുമല്ല.
ഇസ്‌ലാമിക സന്ദേശമെത്തിയിട്ടില്ലാത്ത, അത് മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവരെ അല്ലാഹു ശിക്ഷിക്കുമോ? ഇല്ലെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ''ഒരു ദൂതനെ നിയോഗിച്ചല്ലാതെ നാം ശിക്ഷിക്കുന്നവനല്ല.''
സ്വര്‍ഗനരകങ്ങളുടെ സ്രഷ്ടാവും സംവിധായകനും അല്ലാഹുവാണ്. അവന്‍ മാത്രം. ഒരാള്‍ നിര്‍മിച്ച വീട്ടിലേക്ക് ആര്‍ക്കൊക്കെ പ്രവേശനം നല്‍കാം, നല്‍കിക്കൂടാ എന്ന് തീരുമാനിക്കുന്നതിനുള്ള അധികാരവും അവകാശവും അയാള്‍ക്കാണ്. ഇതംഗീകരിക്കാത്ത ഒരു യുക്തിവാദിയുമുണ്ടാവുകയില്ല. ഉപാധി പാലിച്ചവര്‍ക്ക് വീട്ടില്‍ വരാം. അല്ലാത്തവര്‍ക്ക് പറ്റില്ല. ഭവനത്തില്‍ വസിക്കാന്‍ അനുവാദമുള്ളവരും ഇല്ലാത്തവരുമുണ്ടാകും. ഉപാധി പാലിക്കാത്തവര്‍ക്കും അവിടെ പ്രവേശനം അനുവദിക്കണമെന്ന് പറയുന്നത് യുക്തിയല്ല, കുയുക്തിയാണ്. സ്വര്‍ഗനരകങ്ങളുടെ സ്രഷ്ടാവ് അത് രണ്ടിലുമുള്ള പ്രവേശത്തിന് നിശ്ചയിച്ച ഉപാധികളാണ് ഇസ്‌ലാമും കുഫ്‌റും. ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം. കുഫ്ര്‍ സ്വീകരിച്ചവര്‍ക്ക് നരകത്തിലും. സത്യം കൈക്കൊണ്ടവനാണ് മുസ്‌ലിം. സത്യത്തെ നിരാകരിച്ചവന്‍ കാഫിറും. പരലോകത്ത് രണ്ട് ഭവനമേ ഉള്ളൂ, സ്വര്‍ഗവും നരകവും. മനുഷ്യരില്‍ രണ്ടുവിഭാഗം, മൂന്നാമതൊന്നില്ല. മുസ്‌ലിമും കാഫിറും. മുസ്‌ലിമിന് സ്വര്‍ഗം ലഭിക്കും, കാഫിറിന് നരകവും.
ഈ പറച്ചില്‍ തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്, വ്യക്തിയെയോ വംശത്തെയോ അടിസ്ഥാ നപ്പെടുത്തിയല്ല എന്നു കൂടി മനസ്സിലാക്കണം. മുസ്‌ലിമായാലും കാഫിറായാലും ഈ വ്യക്തി സ്വര്‍ഗ്ഗത്തിലാണ്, ഇന്ന വ്യക്തി നരകത്തിലാണ് എന്ന് വിധിയെഴുതാന്‍ ആര്‍ക്കും അധികാരമില്ല. അതേയവസരം മുസ്ലിം സ്വര്‍ഗത്തിലാണ്, കാഫിര്‍ നരകത്തിലാണ് എന്നു പറയാം. അത് തത്വാധിഷ്ഠിതമാണ്.
അല്ലെങ്കിലും ഈ പരാമര്‍ശത്തില്‍ ആശ്ചര്യപ്പെടാന്‍ എന്താണുള്ളത്, ഒരു മുസ്‌ലിമിന് അല്ലെങ്കില്‍ ഹിന്ദുവിന് ക്രിസ്ത്യാനിയുടെ വിശ്വാസിപ്രയോഗം ബാധകമാവുമോ? അവര്‍ വിഭാവനം ചെയ്യുന്ന സ്വര്‍ഗരാജ്യം ആര്‍ക്കുള്ളതാണ്? ത്രിത്വ സിദ്ധാന്തം അംഗീകരിക്കാത്തവര്‍ക്കും അവിടെ സ്ഥാനലബ്ധി സാധ്യമാണോ? ഹിന്ദുവിന്റെ മോക്ഷസിദ്ധാന്തത്തില്‍ ആര്‍ക്കൊക്കെയാണ് പ്രവേശനമുള്ളത്. യഹൂദന്റെ ദൈവജനത്തില്‍ ക്രിസ്ത്യാനിക്കു പോലും പ്രവേശനമില്ല. എന്തിന് മതത്തിന്റെ കാര്യം മാത്രം പറയണം? ലോകത്തെങ്ങുമുള്ള പ്രസ്ഥാനങ്ങളെ ഏതും എടുത്തുനോക്കുക. ഏത് പ്രസ്ഥാനമാണ് എതിര്‍ചേരിയിലുള്ളവര്‍ക്ക് ആ പ്രസ്ഥാനത്തില്‍ അംഗങ്ങളായിരിക്കെ ഈ പ്രസ്ഥാനത്തില്‍ കൂടി അംഗത്വം നല്‍കാന്‍ തയാറുള്ളത്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ലോകത്ത് രണ്ടേ രണ്ടു പാര്‍ട്ടികളേ ഉള്ളൂ; അല്ലാഹുവിന്റെ പാര്‍ട്ടിയും ചെകുത്താന്റെ പാര്‍ട്ടിയും. അല്ലാഹുവിന്റെ പാര്‍ട്ടി ഇസ്‌ലാം ആണെങ്കില്‍ ചെകുത്താന്റൈ പാര്‍ട്ടി കുഫ്‌റാണ്. ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മറ്റേ പാര്‍ട്ടിയില്‍നിന്നും സ്വാഭാവികമായും പുറത്താകും. അല്ലാഹുവിന്റെ പാര്‍ട്ടിയില്‍ അണിചേര്‍ന്നു കഴിഞ്ഞാല്‍ അയാള്‍ക്ക് സ്വര്‍ഗം നല്‍കാമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. ചെകുത്താന്റെ ചേരിയില്‍ ചേര്‍ന്നാല്‍ അതായത് കുഫ്ര്‍ കൈക്കൊണ്ടാല്‍ നരകമാവും ഫലമെന്നത് അല്ലാഹുവിന്റെ തന്നെ താക്കീതുമാണ്. അതില്‍ യുക്തിവിരുദ്ധമായി ഒന്നുമില്ല.