ഹദീസ് പണ്ഡിതന്മാര്‍ 'മത്‌ന്' അവഗണിച്ച് 'സനദി'ല്‍ മാത്രം ശ്രദ്ധിച്ചോ?
ശരീഫ് മുഹമ്മദ് ജാബിര്‍
ഹദീസ് പണ്ഡിതന്മാര്‍ ഹദീസിന്റെ 'മത്‌ന്' (മൂലവാചകം) നിരൂപണം ചെയ്യാന്‍ മെനക്കെടാതെ സനദി(നിവേദക പരമ്പര)ല്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണുണ്ടായതെന്ന് ആധുനികരായ ചില എഴുത്തുകാര്‍ ആരോപിക്കാറുണ്ട്. ഹദീസിലെ മത്‌നുകള്‍ ശരീഅത്തിന്റെ ഖണ്ഡിതതത്വങ്ങള്‍ക്കും ബുദ്ധിക്കും ശാസ്ത്രത്തിനും വിരുദ്ധമാകുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ വിമര്‍ശനം സാധുവാണെന്ന് അവര്‍ അവകാശപ്പെടുന്നു. നിവേദക പരമ്പരകള്‍ മാത്രമല്ല, മത്‌നുകളും കര്‍ശനമായ നിരൂപണത്തിനു വിധേയമാവണം.
ഈ ആരോപണം എത്രത്തോളം ദുര്‍ബലമാണെന്ന് നമുക്ക് പരിശോധിക്കാം:
1. ഹദീസ് പണ്ഡിതന്മാര്‍ ഹദീസുകളുടെ ഉള്ളടക്കം അവഗണിച്ച് നിവേദക പരമ്പരയില്‍ മാത്രം ശ്രദ്ധിക്കുകയായിരുന്നോ? ഹദീസ് ഗ്രന്ഥങ്ങളെ ഉപരിപ്ലവമായി മാത്രം വിലയിരുത്തുന്നവര്‍ മാത്രമേ ഇങ്ങനെ വാദിക്കുകയുള്ളൂ. ഹദീസ് പണ്ഡിതന്മാരുടെ രീതിശാസ്ത്രം, ഹദീസ് വിജ്ഞാനീയത്തിന്റെ പ്രകൃതി, ശരീഅത്തിന്റെ ഇതര വിജ്ഞാനീയങ്ങളുമായി അവയുടെ ബന്ധം എന്നിവയെ സംബന്ധിച്ച് ആഴത്തില്‍ ധാരണ ഇല്ലാത്തവരുടെ ജല്‍പനമായേ ഇത് കാണാന്‍ കഴിയൂ.
ഹദീസ് പണ്ഡിതന്മാര്‍ എന്തുകൊണ്ടാണ് നിവേദകരിലും നിവേദക പരമ്പരയിലും ഊന്നിയത്
2. ഇമാം മുസ്‌ലിം (ഹി. 206-261) തന്റെ 'അല്‍ മുസ്‌നദുസ്സ്വഹീഹ്' എന്ന കൃതി(സ്വഹീഹു മുസ് ലിം)യുടെ മുഖവുരയില്‍ നിവേദകരെയും നിവേദക പരമ്പരകളെയും കൂടുതല്‍ ആഴത്തില്‍ പഠന വിധേയമാക്കിയതിന്റെ കാരണം വിശദീകരിച്ചിട്ടുണ്ട്. വാക്കും (ഖൗല്‍) വക്താവും (ഖാഇല്‍) തമ്മില്‍ നല്ല പൊരുത്തമുണ്ടാകണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഖുര്‍ആനില്‍നിന്നാണ് ഈ രീതിശാസ്ത്രം അവര്‍ കണ്ടെടുത്തത്.
باب وجوب الرواية عن الثقات وترك الكذّابين، والتحذير من الكذب على رسول الله
(വിശ്വസ്തരില്‍നിന്ന് നിവേദനം ചെയ്യേണ്ടതും പെരുങ്കള്ളന്മാരെ ഒഴിവാക്കേണ്ടതും നബി(സ)യുടെ പേരില്‍ കളവു പറയുന്നതില്‍നിന്ന് ജാഗ്രത പുലര്‍ത്തേണ്ടതും നിര്‍ബന്ധമാണെന്നു വിശദീകരിക്കുന്ന അധ്യായം) എന്ന തലക്കെട്ടിനു താഴെ അദ്ദേഹം എഴുതുന്നു:
واعلم -وفقك الله تعالى- أن الواجب على كل أحد عرف واعلم -وفقك الله تعالى- أن الواجب على كل أحد عرف التمييز بين صحيح الروايات وسقيمها، وثقات الناقلين لها من المتهمين ألا يروي منها إلا ما عرف صحة مخارجه، والستارة في ناقليه وأن ينتقي منها ما كان عن أهل التهم والمعاندين من أهل البدع، والدليل على أن الذي قلنا من هذا هو اللازم دون ما خالفه قول الله -تعالى ذكره-: {يَا أَيُّهَا الَّذِينَ آمَنُوا إِن جَاءكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ}[(6) سورة الحجرات]، وقال -جل ثناؤه-:{مِمَّن تَرْضَوْنَ مِنَ الشُّهَدَاء}[(282) سورة البقرة]، وقال -عز وجل-:{وَأَشْهِدُوا ذَوَيْ عَدْلٍ مِّنكُمْ}[(2) سورة الطلاق]، فدل بما ذكرنا من هذه الآي، أن خبر الفاسق ساقط غير مقبول، وأن شهادة غير العدل مردودة
''അറിയുക: അല്ലാഹു നിനക്ക് തൗഫീഖ് ചെയ്യട്ടെ- സാധുവായ റിപ്പോര്‍ട്ടും അസാധുവായ റിപ്പോര്‍ട്ടും എല്ലാവരും തിരിച്ചറിയണം. വിശ്വസ്തരായ നിവേദകരെയും തെറ്റിദ്ധരിക്കപ്പെടാവുന്നവരെയും തഥൈവ. ഹദീസുകള്‍ വന്ന വഴികളുടെ സാധുത്വവും നിവേദകരെക്കുറിച്ച് അവ്യക്തതയും പുത്തന്‍വാദികളില്‍നിന്ന് ഉദ്ധരിച്ചു വന്നവയും കരുതലോടെ കാണണം. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ! ഒരു അധര്‍മി ഒരു വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങള്‍ നിജഃസ്ഥിതി ഉറപ്പുവരുത്തണം; ഏതെങ്കിലും ഒരു സമൂഹത്തിന് അജ്ഞതയാല്‍ നിങ്ങള്‍ അപകടം വരുത്താതിരിക്കാന്‍- (നിജഃസ്ഥിതി ഉറപ്പുവരുത്തിയില്ലെങ്കില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കേണ്ടി വന്നേക്കാം' (ഹുജുറാത്ത്: 6) 'നിങ്ങളില്‍നിന്നുള്ള രണ്ടു പേരെ നിങ്ങള്‍ സാക്ഷിനിര്‍ത്തണം. (ത്വലാഖ്: 2)
അധര്‍മികളുടെ വാക്കുകള്‍ അസ്വീകാര്യമാണെന്നും നീതിമാന്റേതല്ലാത്ത സാക്ഷ്യം തള്ളപ്പെടേണ്ടതാണെന്നും ഇതില്‍നിന്ന് മനസ്സിലായി.''
3. മുകളിലെ ഖുര്‍ആനിക സാക്ഷ്യത്തിന്റെ വെളിച്ചത്തില്‍ ഇമാം മുസ്‌ലിം, ഹദീസ് പണ്ഡിതന്മാര്‍ നിവേദക പരമ്പരയില്‍ ശ്രദ്ധിക്കാന്‍ കാരണം എന്തായിരുന്നു എന്നു വിശദീകരിച്ചു. 'വക്താവും' 'വാക്കും' തമ്മിലും, 'വാഹകരും' 'വഹിക്കപ്പെടുന്ന വസ്തുവും' തമ്മിലും നല്ല പൊരുത്തമുണ്ടാവണം. വക്താവായ നിവേദകന്റെ വാക്കിനെ സാധ്യമാംവിധം പദപരമായും ആശയപരമായും വഹിക്കുന്ന മനുഷ്യപാത്രമായി നമുക്ക് കാണാം. പാത്രത്തിന് എന്തെങ്കിലും തകരാറുണ്ടെങ്കില്‍, പാത്രത്തിനകത്ത് ദുഷിച്ച പദാര്‍ഥങ്ങളുണ്ടെങ്കില്‍ അതിലേക്കൊഴിക്കുന്ന നല്ല പദാര്‍ഥവും കേടുവരും. അതില്‍നിന്ന് സ്വീകരിക്കാന്‍ ആരും തയാറാവില്ല.
പാല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന നാം മോശം പാത്രത്തില്‍ സൂക്ഷിച്ച പാല്‍ വാങ്ങുമോ? പാല്‍ നന്നോ ഇല്ലയോ എന്നു പരിശോധിച്ചിട്ട് നിലപാടെടുക്കാം എന്നു വെക്കുമോ? അതോ, തുടക്കത്തില്‍ തന്നെ ആ പാല്‍ വേണ്ടെന്നു തീരുമാനിക്കുമോ? ഒടുവില്‍ പറഞ്ഞതല്ലേ ബുദ്ധിയുള്ള ആരും ചെയ്യുകയുള്ളൂ.
കള്ളം പറയുന്നയാളെന്നു നമുക്ക് ബോധ്യമുള്ള ഒരാളില്‍നിന്ന് ഒരു വാര്‍ത്ത കേട്ടാല്‍, ആ വാര്‍ത്തയില്‍ നാം കള്ളം സംശയിക്കില്ലേ? അതിശയോക്തിയായോ, വസ്തുതാവിരുദ്ധമായോ ഒക്കെ അങ്ങനെ സംഭവിക്കാം. ഹദീസ് പണ്ഡിതന്മാര്‍ ഇതേക്കുറിച്ചെല്ലാം ബോധവാന്മാരായിരുന്നു. അതുകൊണ്ടുതന്നെ നിവേദകരെപറ്റി വസ്തുനിഷ്ഠമായി പഠിക്കാന്‍ അവര്‍ തയാറായി. നബി(സ)യുടേതായി പറയുന്ന പ്രസ്താവങ്ങള്‍ ശരിയോ തെറ്റോ എന്നറിയാന്‍ ഖുര്‍ആന്റെ മാനദണ്ഡമനുസരിച്ച് അവര്‍ ഒരു ഹദീസ് നിദാനശാസ്ത്രം വികസിപ്പിച്ചെടുത്തു.
ഹദീസ് പണ്ഡിതന്മാര്‍ ഹദീസുകളുടെ ഉള്ളടക്കം അവഗണിച്ചുവോ?
4. ഹദീസുകള്‍ സുബദ്ധമോ എന്നു കണ്ടെത്തുന്നതിനു നിവേദകരുടെ അവസ്ഥകള്‍ മനസ്സിലാക്കി വിലയിരുത്തുന്നതിനു പുറമെ വേറെയും മാര്‍ഗങ്ങള്‍ ഹദീസ് പണ്ഡിതന്മാരുടെ മുമ്പിലുണ്ടായിരുന്നു. അപരിചിതമായ ഉള്ളടക്കം കണ്ടാല്‍ അതവര്‍ സംശയപൂര്‍വം നോക്കിക്കാണുകയും തള്ളിക്കളയുകയും ചെയ്തിരുന്നു. ഇമാം മുസ്‌ലിം പറയുന്നതു കാണുക:
علامة المنكر في حديث المحدث، إذا ما عرضت روايته للحديث على رواية غيره من أهل الحفظ والرضا، خالفت روايته روايتهم، أو لم تكد توافقها، فإذا كان الأغلب من حديثه كذلك كان مهجور الحديث، غير مقبوله، ولا مستعمله
'ഒരു പണ്ഡിതന്റെ ഹദീസ്, മനഃപാഠവും തൃപ്തികരമായ നിലവാരവുമുള്ള മറ്റൊരാളുടെ ഹദീസുമായി തട്ടിച്ചു നോക്കുമ്പോള്‍ യോജിച്ചു വരാതിരിക്കുകയോ മിക്കവാറും വിയോജിച്ചു വരികയോ അദ്ദേഹത്തിന്റെ ഹദീസുകള്‍ മിക്കതും അത്തരത്തില്‍ പെടുകയോ ചെയ്താല്‍ അത്തരക്കാരുടെ ഹദീസ് സ്വീകരിക്കപ്പെടുകയോ പ്രയോഗവല്‍ക്കരിക്കപ്പെടുകയോ ഇല്ല.'
ഇമാം മുസ്‌ലിം ഇതിലൂടെ പറഞ്ഞുവെക്കുന്നത്, ഹദീസ് പണ്ഡിതന്മാര്‍ക്ക് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഉള്ളടക്കത്തെ പറ്റി നല്ല ധാരണ ഉണ്ടായിരുന്നു എന്നാണ്. നിവേദക പരമ്പരയിലെ ആളുകളെ പറ്റി മാത്രമല്ല, അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധങ്ങളെപ്പറ്റിയും അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. സുഹ്‌രിയെ പോലുള്ള പ്രസിദ്ധനായ പണ്ഡിതനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത് പേരുകേട്ട ശിഷ്യന്മാരായിരുന്നു. അവര്‍ റിപ്പോര്‍ട്ട് ചെയ്തവയുടെ ഉള്ളടക്കങ്ങള്‍ തമ്മില്‍ വലിയ സാദൃശ്യമുണ്ടായിരുന്നു. അറിയപ്പെടാത്ത ഒരാള്‍ വന്ന് സുഹ്‌രിയില്‍നിന്ന് അദ്ദേഹത്തിന്റെ മറ്റു ശിഷ്യന്മാര്‍ ഉദ്ധരിക്കാത്ത ഹദീസുകള്‍ 'ഉദ്ധരിച്ചാല്‍' ആ ഹദീസ് ദുര്‍ബലമാണെന്ന് പണ്ഡിതന്മാര്‍ വിധിച്ചിരുന്നു. ഹദീസുകളുടെ 'സനദി'നു പുറമെ 'മത്‌നും' വിലയിരുത്തിപ്പഠിച്ചതിനാലാണ് ഇതു സാധ്യമായത്.
المعروف بالسنين (സുന്നത്തുകളിലെ അറിയപ്പെട്ടത്) എന്ന പ്രയോഗം തന്നെ ഉദ്ധരിക്കപ്പെടുന്ന ഹദീസുകളെ ചികഞ്ഞു പരിശോധിച്ചവ എന്ന ആശയം സൂചിപ്പിക്കുന്നുണ്ട്.
തന്റെ സ്വഹീഹില്‍ ഇമാം മുസ്‌ലിം താഴെ ഹദീസ് ചേര്‍ത്തത് ഈ പശ്ചാത്തലത്തില്‍ വേണം മനസ്സില്ലാക്കാന്‍:
سَيَكونُ في آخِرِ أُمَّتي أُناسٌ يُحَدِّثُونَكُمْ ما لَمْ تَسْمَعُوا أنتُمْ ولا آباؤُكُمْ، فإيَّاكُمْ وإيَّاهُمْ
'എന്റെ സമുദായത്തില്‍ ചിലയാളുകള്‍ ഉണ്ടാവും. അവര്‍ നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേള്‍ക്കാത്ത ഹദീസുകള്‍ നിങ്ങളോട് പറയും. നിങ്ങളത് സൂക്ഷിക്കണം. നിങ്ങള്‍ അവരെ കരുതിയിരിക്കണം.' ഇബ്‌നു മസ്ഊദ് പറയുന്നു:
ما أنْتَ بمُحَدِّثٍ قَوْمًا حَدِيثًا لا تَبْلُغُهُ عُقُولُهُمْ، إلَّا كانَ لِبَعْضِهِمْ فِتْنَةً
'നീ ആളുകളോട് അവരുടെ ബുദ്ധിക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഹദീസ് പറഞ്ഞാല്‍ അതവര്‍ക്ക് കുഴപ്പമായി ഭവിക്കാം.'
ഇസ്‌ലാമിക സമൂഹം ഏകകണ്ഠമായി അംഗീകരിച്ചുപോന്ന വിശ്വാസ-നിയമസംഹിതകള്‍ക്ക് യോജിക്കാത്തവ ഹദീസ് പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ അസ്വീകാര്യമാണ്. അതുകൊണ്ടുതന്നെ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഹദീസുകള്‍ക്കു വിരുദ്ധമായി വന്നിട്ടുള്ളവ പ്രമുഖ ഹദീസ് പണ്ഡിതന്മാര്‍ സ്വീകരിച്ചിരുന്നില്ല. ഹദീസിന്റെ മത്‌നുകള്‍ സംശോധന നടത്താന്‍ ഹദീസ് വിശാരദര്‍ അത്യധ്വാനം ചെയ്തിട്ടുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം- സ്വഹീഹബുല്‍ ബുഖാരി, ജാമിഉത്തിര്‍മിദി, സുനനു അബീദാവൂദ് മുതലായ കൃതികളുടെ രചന ഇവ്വിധമാണ് പൂര്‍ത്തിയായത്.
ഇസ്‌ലാമിന്റെ അടിസ്ഥാന ഖണ്ഡിത തത്വങ്ങള്‍ക്കോ ബുദ്ധിക്കോ യോജിക്കാത്തവ അത്തരം ഹദീസ് കൃതികളില്‍ കാണാതിരിക്കുന്നത് ഈ സംശോധനാ ഘട്ടങ്ങള്‍ കടന്നുവന്നതിനാലാണ്. ഒഴിവാക്കപ്പെടണമെന്ന് തോന്നിയത് അവര്‍ നേരത്തേ തന്നെ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവയില്‍ മുന്‍കറായ ഹദീസുകള്‍ കാണില്ല. പ്രാമാണികമല്ലാത്ത ഗ്രന്ഥങ്ങളിലാണ് അവ കാണുന്നത്. പണ്ഡിതന്മാര്‍ അവയെ നിഷ്‌കൃഷ്ടമായി നിരൂപണം നടത്തി സ്വഹീഹും (സാധുവും) ദഈഫും (അസാധുവും) തരം തിരിച്ചിട്ടുണ്ട്.
നിവേദകരെ നിരൂപണം നടത്തുന്നത് മത്‌നിന്റെ സാധുത ഉറപ്പുവരുത്താന്‍
5. ഹദീസ് പണ്ഡിതന്മാര്‍ നിവേദക പരമ്പരയില്‍ ഒരാളുടെ ദൗര്‍ബല്യം മുന്‍നിര്‍ത്തി ഒരു ഹദീസ് ദുര്‍ബലമാണെന്ന് പറയുമ്പോള്‍ ഹദീസിന്റെ ഉള്ളടക്കം പരിഗണിക്കാതെയും നിരൂപണം നടത്താതെയും നിവേദനം മാത്രം പരിഗണിച്ചാണ് അങ്ങനെ വിധിച്ചതെന്ന് നാം വിചാരിക്കും. യഥാര്‍ഥത്തില്‍ നിവേദകന്മാരെക്കുറിച്ച് ഹദീസ് പണ്ഡിതന്മാരുടെ തീര്‍പ്പുകള്‍ അധികവും ഹദീസുകളുടെ ഉള്ളടക്കത്തെക്കുറിച്ച നിലപാടിന്റെ ഭാഗമായാണ്. വിശദീകരണം താഴെ.
നിവേദകരുടെ ജീവചരിത്രം ക്രോഡീകരിച്ച ബുഖാരിയുടെ 'അത്താരീഖ്', ഇബ്‌നു ഹിബ്ബാന്റെ 'മജ്‌റൂഹീന്‍', ഇബ്‌നു അദിയ്യിന്റെ 'അല്‍ കാമിലു ഫിദ്ദുഅഫാഅ്' മുതലായ കൃതികളില്‍ വിശ്വാസയോഗ്യമല്ലാത്തവ (മനാകീര്‍) ഉദ്ധരിക്കുന്നവരെ 'മുന്‍കറുല്‍ ഹദീസ്' (വിശ്വാസയോഗ്യമല്ലാത്ത ഹദീസ് ഉദ്ധരിക്കുന്നവന്‍) എന്ന് വിശേഷിപ്പിക്കുന്നതു കാണാം. ബുഖാരി ചിലരെക്കുറിച്ച് മന്‍കറുല്‍ ഹദീസ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു ഹിബ്ബാന്‍ ചിലരെ പറ്റി 'അയാള്‍ അപരിചിതമായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നയാളാണ്, അതുകൊണ്ട് പരിഗണനാര്‍ഹനല്ല' എന്ന് രേഖപ്പെടുത്തിയത് കാണാം. അതായത് 'മത്‌റൂക്' (പരിത്യക്തന്‍) ആണ്. അയാളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനത്തിലെത്തുന്നത്. ഇബ്‌നു അദിയ്യ് ഒരാളെപ്പറ്റി പറയുന്നതു കാണുക: 'അയാളുടെ അധിക റിപ്പോര്‍ട്ടുകളും സുരക്ഷിതമല്ല.' ഇതെല്ലാം വ്യക്തമാക്കുന്നത് പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങളുമായി മറ്റുള്ളവരെ താരതമ്യം ചെയ്യാന്‍ പണ്ഡിതന്മാര്‍ അത്യധ്വാനം ചെയ്തിട്ടുണ്ട് എന്നുതന്നെയാണ്. ചുരുക്കത്തില്‍, വലിയൊരു ഭാഗം ഹദീസുകള്‍ ദുര്‍ബലമാണെന്ന് വിധിക്കപ്പെട്ടത് നിവേദകരെക്കുറിച്ച വിധിതീര്‍പ്പില്‍ നിന്നാണെങ്കിലും, അവക്കാധാരമായത് ഹദീസുകളുടെ ഉള്ളടക്കത്തെക്കുറിച്ച അനിശ്ചിതത്വമാണ് എന്നര്‍ഥം. അതുകൊണ്ടുതന്നെ നിവേദകരുടെ ചരിത്രം ഉള്ളടക്കത്തിന്റെ ചരിത്രം കൂടിയായി മാറുന്നു.
ഹദീസുകളുടെ ഉള്ളടക്കം മനസ്സിലാക്കുന്നത് ഹദീസ് പണ്ഡിതന്മാര്‍ മാത്രമല്ല
6. ഒരു ഹദീസ് സാധുവാണെന്ന് വിധിക്കപ്പെട്ടതുകൊണ്ടുമാത്രം അത് മുസ്‌ലിംകളുടെ ജീവിതത്തില്‍ വിധിയായി വരികയില്ല. ഇസ്‌ലാമിക വിധികള്‍ ആവിഷ്‌കൃതമാകുന്ന പ്രക്രിയകളെക്കുറിച്ച് അറിയാത്തവര്‍ അങ്ങനെ ധരിച്ചുവശാവാറുണ്ട്. ഹദീസ്, ഫിഖ്ഹ് നിദാനശാസ്ത്ര പണ്ഡിതരിലൂടെ സംയുക്തമായി നടക്കുന്ന പ്രക്രിയയുടെ ഫലമായാണ് ശരീഅത്ത് നിയമങ്ങള്‍ ആവിഷ്‌കൃതമാവുന്നത്. ഹദീസ് പണ്ഡിതന്മാരല്ല നിയമാവിഷ്‌കാരത്തിന്റെ ഏകാധികാരികള്‍! 'ഫല്‍സഫത്തുസ്സുന്ന' എന്ന എന്റെ കൃതിയില്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. പറഞ്ഞതിന്റെ ചുരുക്കം, ഹദീസിന്റെ ഉള്ളടക്കം കര്‍മശാസ്ത്ര-നിദാനശാസ്ത്രങ്ങളുടെ വെളിച്ചത്തില്‍ നിരൂപണം നടത്തിയശേഷമാണ് ശരീഅത്തിന്റെ ചട്ടക്കൂട്ടില്‍ അത് സ്ഥാപിതമാവുന്നത്. ഖുര്‍ആനിലൂടെയും അനിഷേധ്യമായ പരമ്പരയിലൂടെ ഉദ്ധരിച്ചുവന്ന ഹദീസിലൂടെയും പണ്ഡിതന്മാരുടെ ഏകോപിതാഭിപ്രായത്തിലൂടെയും ഖണ്ഡിതമായി സ്ഥാപിതമായ നിയമങ്ങളെ അവക്കു വിരുദ്ധമായ ഒന്നോ രണ്ടോ ഹദീസുകളാല്‍ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല.
പ്രത്യക്ഷത്തില്‍ അവ്യക്തതകള്‍ ഉള്ള ഹദീസുകളെക്കുറിച്ച് പഠിക്കാന്‍ 'മുശ്കിലുല്‍ ഹദീസ്', 'മുഖ്തലഫുല്‍ ഹദീസ്' മുതലായ പേരുകളില്‍ ഹദീസ് പണ്ഡിതന്മാര്‍ ഒരു ശാഖതന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇസ്‌ലാമിക പണ്ഡിത സമൂഹത്തിലെ അതീവ വിശ്വസ്തരും പ്രഗത്ഭരുമായ പണ്ഡിതന്മാര്‍ ഉദ്ധരിച്ചിട്ടുള്ള ഹദീസുകളെ ഒട്ടുമേ ന്യൂനീകരിച്ചുകാണാവതല്ല. ദീനിലെ ഖണ്ഡിത തത്വങ്ങള്‍ക്കനുസൃതമായി അവയെ വ്യാഖ്യാനിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്.
7. ഇസ്‌ലാമിലെ ഖണ്ഡിത തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചിലര്‍ വാദിക്കുന്ന ഹദീസുകളെ അനായാസേന നമുക്ക് സംയോജിപ്പിച്ചു മനസ്സിലാക്കാന്‍ കഴിയും. നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്നു പറയുന്ന ഹദീസ് ഉദാഹരണം. പ്രസ്തുത ഹദീസ് നബി(സ)യുടെ പ്രവാചകത്വ സുരക്ഷിതത്വം എന്ന ആശയത്തിന്റെ ലംഘനമാണെന്ന് ചിലര്‍ നിരീക്ഷിക്കാറുണ്ട്. ഇവിടെ നാം മനസ്സിലാക്കേണ്ടത് നബി(സ)ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വഹ്‌യിനെ അത് പ്രതികൂലമായി ബാധിച്ചില്ല എന്നാണ്. നബി(സ)യുടെ ഭൗതിക ജീവിതത്തില്‍ മാത്രമേ അത് ബാധിച്ചിരുന്നുള്ളൂ. 'അദ്ദേഹം ഭാര്യമാരെ സമീപിക്കുന്നതായി മനസ്സിലാക്കുന്നു, എന്നാലോ അദ്ദേഹം അവരെ സമീപിക്കുന്നുമില്ല' എന്ന തല്‍സംബന്ധമായ ഭാഗം ഭൗതികമായി മാത്രമേ അത് സ്വാധീനിച്ചുള്ളൂ എന്ന് വ്യക്തമാക്കുന്നു. നബിക്ക് നിര്‍ബന്ധമായും ലഭിക്കേണ്ടുന്ന വഹ്‌യ് വിഷയകമായ സുരക്ഷിതത്വവും ദുന്‍യവീ വിഷയത്തിലെ ചില പ്രയാസങ്ങളും തമ്മില്‍ വൈരുധ്യം കാണേണ്ടതില്ല. സിഹ്‌റ് ബാധിച്ചാല്‍ തന്നെയും വഹ്‌യ് വിഷയത്തില്‍ അദ്ദേഹത്തിന് സംരക്ഷണം നല്‍കാന്‍ അല്ലാഹുവിനു കഴിയുമല്ലോ?
ഇസ്‌ലാമിലെ ഖണ്ഡിത വിധികള്‍ക്ക് വിരുദ്ധമെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന പലതും കൃത്രിമമല്ലാത്ത രീതിയില്‍ തന്നെ നമുക്ക് സംയോജിപ്പിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ എന്നു ചുരുക്കം.
(ലേഖകന്‍ ഫലസ്ത്വീനിലെ എഴുത്തുകാരനും സാഹിത്യ ഗവേഷകനും അറബി സാഹിത്യത്തില്‍ ഉന്നത ബിരുദധാരിയുമാണ്).