നബി (സ) ജൂതന് പടയങ്കി പണയം വെച്ച സംഭവം: ഒരു വിശകലനം
അബ്ദുല്ലത്വീഫ് കൊടുവള്ളി
നബി (സ) ഭക്ഷണത്തിനായി തന്റെ പടയങ്കി ഒരു ജൂതന് പണയം വെച്ചത് വിവരിക്കുന്ന ഹദീസ് വസ്തുതാവിരുദ്ധവും അതുകൊണ്ടുതന്നെ വ്യാജവുമാണെന്ന് ഹദീസ് നിഷേധികള്‍ വ്യാപകമായി വാദിച്ചുവരുന്നു. ഹദീസ് ഇങ്ങനെ: നബിപത്നി ആഇശ (റ) പറയുന്നു:
إنّ النَّبِيّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اشْتَرَى طَعَامًا من يَهُودِيٍّ إِلَى أَجَلٍ وَرَهَنَهُ دِرْعًا لَهُ مِنْ حَدِيد
'നബി (സ) ഒരു യഹൂദിക്ക് ഒരു ഇരുമ്പ് പടയങ്കി പണയംവെച്ച് അവധിക്ക് ഭക്ഷണം വാങ്ങി'1.
ഹദീസ് നിഷേധികളുടെ വാദം:
1. (താങ്കളെ അവന് - അല്ലാഹു - ദരിദ്രനായി കണ്ടു. അങ്ങനെ അവന് താങ്കളെ ധനികനാക്കി) നബി (സ) ഐശ്വര്യവാനാണെന്ന് ഖുര്‍ആന്‍ തന്നെ പ്രസ്താവിച്ചിരിക്കെ മേല്‍ ഹദീസ് ഖുര്‍ആനുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടുന്നു. ഐശ്വര്യവാനായ നബി (സ) എന്തിന് കടം അഥവാ വായ്പ വാങ്ങണം? ഭക്ഷണത്തിനായി പണയം വെക്കുക എന്നതിനര്‍ഥം അത്രക്ക് പാവമായിരുന്നു നബി (സ) എന്നല്ലേ? അല്ലാഹു ധനികന് ആക്കിയ അദ്ദേഹം, അതും ഭക്ഷണത്തിനുവേണ്ടി പണയം വെച്ചു എന്നു പറയുന്നത് അദ്ദേഹത്തിനു മാത്രമല്ല സ്വഹാബികള്‍ക്കും അഭിമാനക്ഷതം അല്ലേ?
2. അന്നത്തെ മുസ്ലിംകളില് തന്നെ ഉസ്മാന്(റ), അബ്ദുര്‍റഹ്മാനുബ്നു ഔഫ് (റ) പോലുള്ള സമ്പന്നരുണ്ടായിരുന്നു എന്നിരിക്കെ ഇസ്ലാമിന്റെ ശത്രുവായ യഹൂദിയില്‍നിന്ന് ഭക്ഷണം വായ്പ വാങ്ങി എന്നു പറയുന്നത് ആദര്‍ശവിരുദ്ധ നിലപാട് അല്ലേ?
3. നബി (സ)ക്ക് ദിഗ്വിജയങ്ങളിലൂടെ സമരാര്ജിതമായും സമരരഹിതമായും (ഗനീമത്ത്, ഫൈഅ്) സമ്പത്ത് ലഭിച്ചിരുന്നു.
4. പടയങ്കി പണയം വെക്കുക എന്നാല്‍ സൈനികരഹസ്യം ശത്രുവുമായി പങ്കുവെക്കുക എന്നല്ലേ അര്‍ഥം?
മറുപടിയിലേക്ക് വരുന്നതിനുമുമ്പ്, മുസ്ലിംകളും യഹൂദികളും തമ്മില്‍ സാമൂഹിക ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന ബന്ധങ്ങളെക്കുറിച്ച് ഏകദേശധാരണ ഉണ്ടാവുന്നത് നന്നാവും.
നബി (സ)യും യഹൂദരും തമ്മിലെ
സാമൂഹിക ഇടപഴക്കം
മദീനയില്‍ യഹൂദികള്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന മാര്‍ക്കറ്റുകളില്‍ മുസ്ലിംകള് ചരക്കുകള്‍ വാങ്ങാനും വില്‍ക്കാനുമായി എത്തിയിരുന്നു. നബി (സ)യുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് മദീനയില്‍ രൂപം കൊണ്ട മാര്‍ക്കറ്റില്‍ യഹൂദികളും ഇടപാടുകള്‍ക്കായി എത്തിയിരുന്നു. രണ്ടിടങ്ങളിലും പ്രയാസങ്ങളില്ലാതെ ഇരുവിഭാഗങ്ങളും ഇടപാടുകള്‍ നടത്തി വന്നു. ബനൂ ഖൈനുഖാഅ് മാര്‍ക്കറ്റ് ആയിരുന്നു യഹൂദികളുടെ കീഴിലെ ഏറ്റവും വലിയ വിപണന കേന്ദ്രം. മുസ്ലിം സ്ത്രീകള്‍ യഹൂദ മാര്‍ക്കറ്റുകളില്‍ ഇടപാടുകള്‍ക്കായി വന്നുപോയിരുന്നു.2
ഉസ്മാന് (റ) ഒരു യഹൂദിയില്‍നിന്ന് റൂമ എന്ന കിണറിന്റെ പകുതി ഭാഗം വിലകൊടുത്തു വാങ്ങിയതും പൊതുആവശ്യത്തിന് വിട്ടുകൊടുത്തതും പ്രസിദ്ധമാണല്ലോ. മദീനയിലെ ജുര്ഫിനും സിഗാബക്കുമിടയില് ഖന്ദഖ് യുദ്ധവേളയില്‍ മക്കയിലെ മുശ്രിക്കുകള്‍ തമ്പടിച്ച സ്ഥലത്താണ് ഈ കിണര്‍.3 പൊതുആവശ്യത്തിന് എന്ന പരിഗണനയില്‍ സമ്മര്‍ദം ചെലുത്തി വാങ്ങാമായിരുന്നിട്ടും കിണര്‍ വിലയ്ക്കു വാങ്ങുകയായിരുന്നു.
ആദര്‍ശപരമായ വൈജാത്യവും വൈരുധ്യവും നിലനിന്നിരുന്നതോടൊപ്പം മദീനയിലെ എല്ലാവിഭാഗം ജനങ്ങളുമായും നബി(സ)യും സ്വഹാബികളും നല്ല ബന്ധങ്ങളും ഇടപഴക്കങ്ങളും നിലനിര്‍ത്തിയിരുന്നു. ഉസാമതുബ്നു സൈദ് (റ) ഉദ്ധരിക്കുന്നു: ''നബി (സ) ഫദകില്‍ നിര്‍മിച്ച ഒരു വസ്ത്രം വിരിച്ച് കഴുതയുടെ പുറത്തു കയറി. എന്നെ അദ്ദേഹത്തിന്റെ പിന്നില്‍ ഇരുത്തി. സഅ്ദു ബ്നു ഉബാദ(റ)യെ
സന്ദര്‍ശിക്കുകയായിരുന്നു ഉദ്ദേശ്യം. ബദ്റിനു മുമ്പാണ് സംഭവം. മുസ്ലിംകളും ബഹുദൈവ വിശ്വാസികളും യഹൂദികളും ഒന്നിച്ചിരിക്കുന്ന ഒരു സദസ്സിന് അടുത്തുകൂടി ഞങ്ങള്‍ കടന്നു പോയി. സദസ്സില്‍ മുനാഫിഖ് നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യുബ്നു സലൂലും അബ്ദുല്ലാഹിബ്നു റവാഹ(റ)യും ഉണ്ട്. കഴുതയുടെ നടത്തം കൊണ്ട് പൊടിമണ്ണ് പറന്നപ്പോള്‍ ഉബയ്യുബ്നു സലൂല്‍ മൂക്കുപൊത്തിക്കൊണ്ടു പറഞ്ഞു: 'നിങ്ങള്‍ ഞങ്ങളുടെ മേല്‍ പൊടി പറത്താതെ!'
നബി (സ) അവര്‍ക്ക് സലാം പറഞ്ഞു. കഴുതപ്പുറത്തുനിന്നിറങ്ങി അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു. അപ്പോള്‍ ഉബയ്യുബ്നു സലൂല്‍ പറഞ്ഞു: 'നീ പറയുന്നത് സത്യമാണെങ്കില്‍ ഞങ്ങളുടെ സദസ്സുകളില്‍ വന്ന് ഞങ്ങളെ ശല്യം ചെയ്യരുത്. വീട്ടിലേക്ക് പോകണം. ഞങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും അവിടെ വന്നാല്‍ അവരോട് അവിടെവെച്ച് സംസാരിച്ചാല്‍ മതി.'4 തുടര്‍ന്ന് അവര്‍ക്കിടയില്‍ ചില സംസാരങ്ങളും ഉണ്ടായെങ്കിലും നബി (സ) രംഗം ശാന്തമാക്കി.'' യഹൂദികളും മുനാഫിഖുകളുമായി നബി(സ)ക്കും സ്വഹാബികള്‍ക്കും ഉണ്ടായിരുന്ന അടുത്ത ബന്ധത്തിന്റെ നല്ലൊരു ഉദാഹരണമാണ് മേല്‍ സംഭവം.
അബു സഈദില്‍ ഖുദ്രി മറ്റൊരു സംഭവം ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി (സ) ഇരിക്കുന്ന സദസ്സിലേക്ക് ഒരു യഹൂദി കടന്നു വന്നിട്ടു പറഞ്ഞു: 'അബുല്‍ ഖാസിം! നിങ്ങളുടെ ഒരു അനുയായി എന്റെ മുഖത്തടിച്ചു.' നബി (സ) അടിച്ചയാളെ വരുത്തിയിട്ട് 'അടിച്ചോ?' എന്ന് ചോദിച്ചു. അയാള്‍ പറഞ്ഞു: ''ജൂതന് അങ്ങാടിയില്‍ വച്ച്, 'എല്ലാ മനുഷ്യരേക്കാളും മൂസായെ വിശേഷാല്‍ തെരഞ്ഞെടുത്ത അല്ലാഹുവാണ!' എന്നു പറഞ്ഞപ്പോള്‍ 'മുഹമ്മദ് നബി (സ)യേക്കാളും മൂസായെ വിശേഷപ്പെടുത്തണമെന്നോ?' എന്ന് ചോദിച്ച് ഞാന്‍ ഒരു അടികൊടുത്തു.'' നബി (സ) ഇടപെട്ടുകൊണ്ട് പറഞ്ഞു: 'നിങ്ങള്‍ നബിമാര്‍ ക്കിടയില് വിവേചനം കല്പിക്കരുത്.'5
അബ്ദുല്ലാഹിബ്നു ഹറാമിന്റെ മകന് ജാബിര്‍ (റ) ഒരു യഹൂദിയുമായി നടത്തിയ ഇടപാടില്‍, സമയത്തിന് കടം വീട്ടാന്‍ കഴിയാതെ വന്നപ്പോള്‍ നബി (സ) യഹൂദിയോട് ശിപാര്‍ശ പറയാനായി വന്നു. സംഭവം വിവരിച്ചുകൊണ്ട് ജാബിര്‍ (റ) പറയുന്നു: മദീനയില്‍ ഒരു യഹൂദി ഉണ്ടായിരുന്നു. അയാള്‍ വിളവെടുപ്പുകാലം വരെ എനിക്ക് ഉണക്ക ഈത്തപ്പഴം കടമായി തരുമായിരുന്നു. റൂമ കിണര്‍ ഉള്ള ഭാഗത്ത് എനിക്ക് ഒരു കൃഷിഭൂമി ഉണ്ടായിരുന്നു. വിളവെടുപ്പ് സമയമായപ്പോള്‍ യഹൂദി എന്നെ സമീപിച്ചു. പക്ഷേ ആ വര്‍ഷം വിളവുണ്ടായിരുന്നില്ല. അടുത്ത വര്‍ഷം തരാമെന്ന് പറഞ്ഞെങ്കിലും അയാള്‍ വഴങ്ങിയില്ല. വിവരമറിഞ്ഞ നബി (സ) 'പോവാം, ജാബിറിന് യഹൂദിയില്‍നിന്ന് അവധികിട്ടുമോ എന്ന് നമുക്ക് നോക്കാം' എന്നു പറഞ്ഞു.
നബി(സ)യും ചിലരും ഈത്തപ്പന തോട്ടത്തില്‍ വന്ന് യഹൂദിയുമായി സംസാരിച്ചു. 'അബുല്‍ ഖാസിം! ഞാന്‍ അവധി നീട്ടി നല്‍കില്ല' - യഹൂദി തീര്‍ത്തുപറഞ്ഞു. നബി (സ) തോട്ടം ചുറ്റിനടന്നു കണ്ടു. പിന്നെയും സംസാരിച്ചെങ്കിലും അയാള്‍ പഴയ നിലപാട് ആവര്‍ത്തിച്ചു. ഞാന്‍ കുറച്ച് ഈത്തപ്പഴം കൊണ്ടുവന്ന് നബി(സ)യുടെ മുമ്പില്‍ വെച്ചു. അദ്ദേഹം തിന്നു. 'ജാബിര്‍! വിശ്രമിക്കാനുള്ള പന്തല്‍ എവിടെ? അവിടെ എന്തെങ്കിലും വിരിച്ചു തരൂ!' നബി (സ) അവിടെ കുറച്ചുനേരം കിടന്നുറങ്ങി, ഉണര്‍ന്നെണീറ്റു. ഞാന്‍ ഒരു പിടി ഈത്തപ്പഴം കൂടി കൊടുത്തു. അതുകൂടി തിന്നു. അതുകഴിഞ്ഞ് നബി (സ) യഹൂദിയുമായി വീണ്ടും സംസാരിച്ചു. അപ്പോഴും അയാള്‍ സമ്മതിച്ചില്ല. നബി (സ) പാക മായ ഈന്തപ്പഴങ്ങള്‍ ഒന്നു പോയി കണ്ടു. തിരിച്ചു വന്നിട്ട് പറഞ്ഞു: 'ജാബിര്‍, അവ അറുത്തെടുത്ത് കടം വീട്ടുക' അങ്ങനെ, ഞാന്‍ ഉണക്ക ഈത്തപ്പഴത്തിന് പകരം പാകമായ ഈത്തപ്പഴം കൊടുത്തു കടം വീട്ടി. കുറച്ചു മിച്ചം വന്നു. ഞാന്‍ നബി (സ) യെ ചെന്നു കണ്ടു സന്തോഷം പങ്കിട്ടു. അപ്പോള്‍ അദ്ദേഹം 'അല്ലാഹുവിന്റെ ദൂതന് ആണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു' എന്ന് പറയുകയുണ്ടായി.6
അന്നിസാഅ് 135-ല്‍ അല്ലാഹു നിര്‍ദേശിച്ച പ്രകാരം നീതിപൂര്‍വകമായി പ്രശ്നം കൈയാളാന്‍ ഇടപെടുകയായിരുന്നു നബി (സ).
ഒരു യഹൂദിക്ക് ഇബ്നു അബീ ഹദ്ദാദ് അസ്ലമി (റ) നാലു ദിര്‍ഹം കൊടുക്കാന്‍ ഉണ്ടായിരുന്നതും പുതപ്പ് വിറ്റ് കടം വീട്ടാന്‍ നബി (സ) നിര്‍ദേശിച്ചതും മറ്റൊരുദാഹരണം.7 ഖൈബര്‍ യുദ്ധവേളയില്‍ ഒരു യഹൂദ വനിത പാകം ചെയ്ത് നല്കിയ ആടുമാംസം നബി (സ) ഭക്ഷിച്ചു. മദീനയിലെ മറ്റൊരു യഹൂദിയുടെ സല്‍ക്കാരവും നബി (സ) സ്വീകരിച്ചിരുന്നു.
മറുപടി: 1
വിമര്‍ശനവിധേയമായ ഹദീസ് ഹദീസ് നിദാന ശാസ്ത്രപ്രകാരം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്.
ഇതേ വിഷയം ഇമാം മുസ്ലിം ഉദ്ധരിക്കുന്നത് ഇങ്ങനെ:
اشْتَرَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ من يَهُودِيٍّ طَعَامًا وَرَهَنَهُ دِرْعًا مِنْ حَدِيد
'നബി (സ) ഒരു യഹൂദിയില്‍നിന്ന് ഇരുമ്പ് പടയങ്കി പണയം വെച്ച് ഭക്ഷണം വാങ്ങി'.8
ഇമാം ശാഫിഈയും ബൈഹഖിയും രേഖപ്പെടുത്തിയതു പ്രകാരം ളഫര്‍ വംശജനായ അബൂ ശഹ്മ് എന്ന യഹൂദിയില്‍നിന്ന് പടയങ്കി പണയം വെച്ച് ഇരുപത് / മുപ്പത്/ നാല്പത് സ്വാഅ് യവം വാങ്ങി യെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. അനസില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു:
وَلَقَدْ رَهَنَ النَّبِيُّ صلى الله عليه وسلم دِرْعًا لَهُ بِالْمَدِينَةِ عِنْدَ يَهُودِيٍّ، وَأَخَذَ مِنْهُ شَعِيرًا لأَهْلِهِ، وَلَقَدْ سَمِعْتُهُ يَقُولُ “ مَا أَمْسَى عِنْدَ آلِ مُحَمَّدٍ صلى الله عليه وسلم صَاعُ بُرٍّ وَلاَ صَاعُ حَبٍّ، وَإِنَّ عِنْدَهُ لَتِسْعَ نِسْوَةٍ ”.
'നബി (സ) മദീനയില്‍ ഒരു യഹൂദിയുടെ അടുത്ത് ഒരു പടയങ്കി പണയംവെച്ച് അയാളില്‍ നിന്ന് തന്റെ കുടുംബത്തിനായി ബാര്‍ലി വാങ്ങുകയുണ്ടായി. മുഹമ്മദിന്റെ കുടുംബത്തിന്റെ അടുത്ത് ഒരു സ്വാഅ് ഗോതമ്പോ, ഒരു സ്വാഅ് ധാന്യമോ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കൂടെ അന്ന് ഒമ്പത് ഭാര്യമാരുണ്ടായിരുന്നു.'9
ഇതേ ഹദീസ് ആഇശ(റ)യില്നിന്ന് അനസ് (റ)വഴി വേറെയും പരമ്പരകളിലൂടെ സാധുവായി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സംഭവം അനിഷേധ്യമാണ്. നബി(സ)യിലേക്ക് എത്തും വിധം സാധുവായ പരമ്പരകളിലൂടെ മറ്റ് ഹദീസ് സമാഹാരങ്ങളിലും ഇതേ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആഇശ(റ)യില്‍ നിന്ന് അസ്വദ്, ഇബ്റാഹീം, അഅ്മശ് വഴി നസാഈ ഉദ്ധരിച്ചിട്ടുണ്ട്.10 അനസില്‍(റ)നിന്ന് ഖതാദ, ഹിശാം വഴി മറ്റൊരു റിപ്പോര്‍ട്ട് ഉണ്ട്.11 മേല്‍ പരമ്പരകളിലൂടെ ഇബ്നുമാജയും ഇത് ഉദ്ധരിച്ചിട്ടുണ്ട്.12 മേല്‍ രണ്ടു പരമ്പരകളിലൂടെ തന്നെ ഇമാം അഹ്മദ് തന്റെ മുസ്നദില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.13 ഹദീസ് നിദാനശാസ്ത്രപ്രകാരം മേല്‍ ഹദീസ് തള്ളിക്കളയേണ്ട സാഹചര്യമില്ല എന്നര്‍ഥം.
ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ റാഫിദുകളും ഖവാരിജുകളുമാണ് ഈ ഹദീസിനെതിരെ രംഗത്തു വന്ന തല്പരകക്ഷികള്. അതിനെ ഖണ്ഡിച്ചുകൊണ്ട് ഇബ്നു ഖുതൈബ (ഹി. 213-276) 'തഅ്വീലു മുഖ്തലാഫില് ഹദീസി'(142)ല്‍ മറുപടി പറഞ്ഞിട്ടുണ്ട്.
സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ 'ഫത്ഹുല്‍ ബാരി'യില്‍ 'കച്ചവട ഇടപാടുകള്‍' അധ്യായത്തില്‍ 2068, 2096, 2200, 2251, 2252, 2386, 2509, 2513, 2916, 4467 നമ്പറുകളിലായി ഈ ഹദീസിന്റെ വ്യത്യസ്ത പാഠഭേദങ്ങള്‍ കാണാം.
(2) അദ്ദുഹാ സൂക്തം ദാരിദ്ര്യാനന്തരം നബി(സ)ക്ക് സുഭിക്ഷത കൈവന്നു എന്ന് വ്യക്തമാക്കുന്നു. അതേസമയം മേല്‍ ഹദീസ്, ഖുര്‍ആനിലെ പ്രസ്താവനക്ക് വിരുദ്ധമായി, ശത്രുവില്‍നിന്ന് പോലും ഭക്ഷണം വായ്പ വാങ്ങേണ്ട സാഹചര്യമുണ്ടായി എന്നു പറയുന്നു. ഇത് വൈരുധ്യമല്ലേ?
ഈ സൂക്തത്തിന് രു വിവക്ഷയു്: ഒന്ന്, ആത്മസംതൃപ്തിയും മാനസിക ധന്യതയും അല്ലാഹു നിനക്ക് പ്രദാനം ചെയ്തു. ര്‍, അല്ലാഹു ഐശ്വര്യത്തിന്റെ വഴികള്‍ നിനക്ക് തുറന്നു തന്നു. എന്നാല്‍ നബി(സ) നിരാസത്തിന്റെയും പരിത്യാഗത്തിന്റെയും മാര്‍ഗമാണ് സ്വീകരിച്ചത്.
ഒന്നാമത്തെ അര്‍ഥത്തിലുള്ള ഐശ്വര്യം (ആത്മസംതൃപ്തി) എന്ന വിവക്ഷ ധാരാളം പണ്ഡിതന്മാരെ ഉദ്ധരിച്ച് ഇമാം ഖുര്‍ത്വുബി എഴുതുന്നു: 'അല്ലാഹു 'നിന്നെ മാനസികമായി ദരിദ്രനായി കണ്ടു. താങ്കളെ മാനസികമായി ധന്യനാക്കി.'14
ഇബ്നു കസീര്‍ എഴുതുന്നു: 'ആശ്രിതരുള്ള ദരിദ്രനായിരുന്നു താങ്കള്‍. അല്ലാഹുവല്ലാത്തവരെ ആശ്രയിക്കേണ്ടത് ഇല്ലാത്ത അവസ്ഥ അല്ലാഹു സംജാതമാക്കി. നന്ദി ചെയ്യുന്ന ധനികന്റെയും ക്ഷമാലുവായ ദരിദ്രന്റെയും സംയുക്താവസ്ഥ അല്ലാഹു നല്കി.'15
ബഗവി എഴുതുന്നു: 'വര്‍ധിച്ച സമ്പത്ത് അല്ല വിവക്ഷ. ആത്മസംതൃപ്തിയാണ് ഉദ്ദേശ്യം. അതാണല്ലോ യഥാര്‍ഥ ഐശ്വര്യം.'16 സയ്യിദ് ഖുത്വ്ബ് എഴുതുന്നു: 'താങ്കള്‍ ദരിദ്രനായിരുന്നു. അല്ലാഹു താങ്കളുടെ ഹൃദയത്തെ ധന്യമാക്കി.'17
ചുരുക്കത്തില്‍, സൂക്തത്തിലെ ഐശ്വര്യം എന്നതിന്റെ വിവക്ഷ സുഖസമൃദ്ധിയോ വിഭവധാരാളിത്തമോ അല്ല. പ്രത്യുത, ആത്മസംതൃപ്തിലൂടെ ലഭിക്കുന്ന മാനസിക ധന്യതയാണ്. ലാളിത്യം നബിയുടെ മുഖമുദ്രയായിരുന്നു. നബിയുടെ ജീവിതം അത്യന്തം ലളിതവും സാധാരണവും ആയിരുന്നു എന്ന് എത്രയോ ഹദീസുകളില്‍നിന്ന് മനസ്സിലാകുന്നതാണെന്നിരിക്കെ ഇത് ഉള്‍ക്കൊള്ളാന്‍ പ്രയാസമില്ല. ഇത്തരം സാഹചര്യത്തില്‍ കുടുംബത്തിന്റെ ഭക്ഷണാവശ്യത്തിന് വായ്പ വാങ്ങേണ്ടുന്ന അവസ്ഥ ഉണ്ടാവാം.
ഇനി, സൂക്തത്തിലെ ഐശ്വര്യത്തിന്റെ വിവക്ഷ സാമ്പത്തിക സമൃദ്ധി എന്നാണെങ്കിലും സൂക്തവും ഹദീസും തമ്മില്‍ വൈരുധ്യമില്ല. ദിഗ്വിജയങ്ങളിലൂടെയും സമരാര്‍ജിത സമ്പത്തുകളിലൂടെയും നബി(സ)ക്ക് സമ്പത്ത് കൈവന്നിരുന്നു. ഈ അര്‍ഥത്തില്‍ അദ്ദേഹം ധനികന് തന്നെയായിരുന്നു. എന്നാല്‍ അവയൊന്നും തന്റെയോ കുടുംബത്തിന്റെയോ ഐശ്വര്യപൂര്‍ണമായ ജീവിതത്തിന് ഉപയോഗിച്ചിരുന്നില്ല. മദീനാ ഘട്ടത്തില്‍ പോലും വിശപ്പ് സഹിക്കാതെ ഉദരത്തി ല്‍ കല്ലുവെച്ച് കെട്ടിയ സംഭവവും ഉണ്ടായിട്ടുണ്ടല്ലോ.
കൈവരുന്ന സ്വത്തുക്കളെല്ലാം പാവങ്ങള്‍ക്കും ആവശ്യക്കാര്‍ക്കും കൈമാറുക എന്നതായിരുന്നു നബി(സ)യുടെ രീതി. സ്വന്തം ചെരിപ്പ് തുന്നിയും മെത്ത ഉപയോഗിക്കാതെ പായയില്‍ കിടന്നും വസ്ത്രം തുന്നിയും കുറച്ചു മാത്രം ഭക്ഷണം കഴിച്ചും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമത്രയും. ഇത് വിവരിക്കുന്ന ഹദീസുകള്‍ എത്രയുമുണ്ട്. ഭൗതിക വിഭവങ്ങളില്‍നിന്ന് അല്പം മാത്രം എടുത്ത് ബാക്കിയെല്ലാം സ്വര്‍ഗപ്രാപ്തിക്കായി ദാനം ചെയ്യുക എന്നതായിരുന്നു നബി(സ)യുടെ രീതി. കിസ്റായും സീസറും ആരാമങ്ങളിലും ആറുകളിലും ആറാടുമ്പോള്‍ താങ്കള്‍ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്ന ഉമറിന്റെ ചോദ്യത്തിന് 'അവര്‍ക്ക് ദുന്യാവും നമുക്ക് പരലോകവും ലഭിക്കുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?' എന്നായിരുന്നു നബി(സ )യുടെ മറുപടി.18
لَوْ كَانَ لِي أُحُدٌ ذَهَبًا مَا احبّ أَنْ يَمُرَّ عَلَيَّ ثَلَاثُ وَعِنْدِي مِنْهُ شَيْءٌ إِلَّا أَرْصُدُهُ لِدَيْنٍ
'എന്റെ വശം ഉഹുദോളം സ്വര്‍ണം ഉണ്ടായാലും മൂന്ന് ദിവസം കഴിയുമ്പോഴേക്ക് ഏതെങ്കിലും കടം വീട്ടാന്‍ ഞാന്‍ കരുതിവെക്കുന്ന വല്ലതുമല്ലാതെ മിച്ചം ഉണ്ടാകണമെന്ന് ഞാന്‍ ഇഷ്ടപ്പെടുന്നില്ല' (ബുഖാരി) എന്നതായിരുന്നു നബി(സ)യുടെ നിലപാട്.
കൈവശമുള്ളതെല്ലാം ദാരിദ്ര്യം ഭയക്കാത്ത ആളെ പോലെ വിനിയോഗിക്കുന്ന ശീലമായിരുന്നു നബി(സ)യുടെത്. 'ദരിദ്രരെ പറ്റി അറിവില്ലാത്തവന് (അവരുടെ) മാന്യത കണ്ട് അവര്‍ ധനികര്‍ ആണെന്ന് ധരിച്ചേക്കും. അവരുടെ ലക്ഷണം കൊണ്ട് അവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ചു വിഷമിപ്പിക്കുക ഇല്ല' (ബഖറ: 273) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചതരം അഭിമാനബോധത്തില്‍ ഊന്നിയ ആത്മസംതൃപ്തി ആയിരുന്നു നബി(സ)യുടേത്.
സൈന്യങ്ങളെ യുദ്ധങ്ങള്ക്കയക്കുകയും ഫദകിലേക്കുള്ള തോട്ടങ്ങള്‍ സമരരഹിതമായി ലഭിക്കുകയും ഹുദൈബിയയില്‍ എഴുപതും ഉംറത്തുല്‍ ഖദാഇല്‍ അറുപതും ഒട്ടകങ്ങളെ അറുക്കുകയും മദീനയിലെ പ്രധാന കാര്‍ഷിക മേഖലയായ ആലിയയില്‍ ഏഴു തോട്ടങ്ങള്‍ വഖ്ഫ് ചെയ്യുകയും ചെയ്ത നബി (സ) ഭക്ഷണത്തിനുവേണ്ടി പടയങ്കി പണയം വെക്കുകയോ? ഈ ചോദ്യം സ്വാഭാവികമാണ്.
ഇത് നബി(സ)യുടെ ജീവിതത്തിന്റെ ഒരു വശം മാത്രമാണ്. മറുവശവും നാം കാണണം. സമ്പത്തുകള്‍ ഉണ്ടായിരുന്നു എന്നത് അനിഷേധ്യമാണ്. പക്ഷേ, 'കൊടുങ്കാറ്റിനേക്കാള്‍ വേഗത്തില്‍ കൈവശമുള്ളത് ദാനം ചെയ്യുന്ന' ശീലക്കാരന്‍ ആയിരുന്നു അദ്ദേഹം എന്നതാണാ വശം. ദരിദ്രര്‍, സാധുക്കള്‍, വിധവകള്‍, അനാഥര്‍, ഇസ്ലാമിനോട് ആഭിമുഖ്യം ഉള്ളവര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ അദ്ദേഹത്തിന്റെ ഔദാര്യത്തിന്റെ ഗുണഭോക്താക്കള്‍ ആയിരുന്നു. അനസ് (റ) ഉദ്ധരിക്കുന്നു: 'ഒരാള്‍ രണ്ടു മലകള്‍ക്കിടയിലെ ആടുകളെ മുഴുവന്‍ തനിക്ക് വേണമെന്നു പറഞ്ഞു. നബി(സ) അവ അപ്പാടെ അയാള്‍ക്ക് നല്കി. അയാള്‍ സ്വജനതയില്‍ എത്തിയിട്ട്, എന്റെ ജനമേ! നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചോളൂ. മുഹമ്മദ് ദാരിദ്ര്യം ഭയക്കാത്തവനെപ്പോലെ ദാനം ചെയ്യുന്നു.' അനസ് തുടരുന്നു: 'ചിലയാളുകള്‍ ദുന്യാവിനു വേണ്ടി മാത്രം ഇസ്ലാം സ്വീകരിച്ചിരുന്നു. അങ്ങനെ, ഒടുവില്‍ ഇസ്ലാം ദുന്യാവും അതിലുള്ളതും അയാള്‍ക്ക് ഏറ്റവും പ്രിയങ്കരമായിത്തീരുന്നു.'19
പ്രവാചകത്വത്തിനു മുമ്പേ ഈ ഗുണം നബി(സ)യില്‍ ഉണ്ടായിരുന്നു. ഇക്കാര്യം വഹ്യാരംഭത്തില് ഖദീജ (റ) എടുത്തു പറഞ്ഞതാണല്ലോ. ഒന്നും മിച്ചം വെക്കാതെ അപ്പപ്പോള്‍ ദാനം ചെയ്യുക എന്നതായിരുന്നു നബി(സ)യുടെ ശീലം. ഈയൊരു സാഹചര്യത്തിലാണ് പടയങ്കി പണയം വെച്ച് ഭക്ഷണം വായ്പയായി വാങ്ങേണ്ടിവന്നത്.20
കൈവശം പണം ഇരിക്കുന്നത് എത്രമേല്‍ ആശങ്കയോടെയാണ് കണ്ടിരുന്നത് എന്നത് നബിപത്നി ഉമ്മുസലമ വിശദീകരിക്കുന്നത് ഇങ്ങനെ വായിക്കാം: 'ഒരു ദിവസം നബി വിവര്‍ണമുഖനായി കടന്നുവന്നു. ഞാന്‍ വിചാരിച്ചു, എന്തോ വേദനയായിരിക്കും എന്ന്. ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ നബിയേ! താങ്കളുടെ മുഖം എന്താണ് വിവര്ണമായിരിക്കുന്നത്?' നബി (സ):
من أجل الدّنانير السبعة الّتي
أتتنا أمس أمسينا وهو خصم الفراش
'ഇന്നലെ വൈകുന്നേരം നമ്മുടെ അടുത്ത് വന്നുചേര്‍ന്ന ഏഴു ദീനാറുകള്‍ കാരണം. വൈകുന്നേരം മുതല്‍ അത് നമ്മുടെ വിരിപ്പില്‍ ഉണ്ട്.'21
نحن معاشر الأنبياء لا نورث
'ഞങ്ങള്‍ നബിമാര്‍ അനന്തരമെടുക്കപ്പെടുകയും ഇല്ല' എന്ന നബിവചനപ്രകാരം നബി (സ) അനന്തരാവകാശികള്‍ക്കു വേണ്ടി സമ്പത്ത് സ്വരൂപിച്ചുവെക്കുന്ന പ്രശ്നമുത്ഭവിക്കുന്നില്ല. വല്ലതും മിച്ചം ഉണ്ടായിരുന്നുവെങ്കില്‍ തന്നെ പൊതുഖജനാവിലേക്ക് മാറ്റപ്പെടുകയാണ് ചെയ്യുക.
പണക്കാര് തന്നെ ചില അവസരങ്ങളില്‍ മറ്റുള്ളവരില്‍നിന്ന് വായ്പയും കടവും വാങ്ങുന്ന സാഹചര്യം ഉണ്ടാവാറുള്ളതാണല്ലോ. ഒന്നും മിച്ചം വെക്കാതെ ധര്‍മം ചെയ്യുന്ന നബി(സ)യെ പോലുള്ളവരുടെ കാര്യം പിന്നെ പറയാനുണ്ടോ? ആവശ്യക്കാരനായ നബി (സ) അറിയിക്കാതെയോ ആവശ്യപ്പെടാതെ യോ സ്വഹാബികളിലെ സമ്പന്നര്‍ ഭക്ഷണ ആവശ്യം അറിയുന്നതെങ്ങനെ? മറ്റു മുസ്ലിംകള്ക്ക് അനുഭവിക്കാന്‍ അവസരം ലഭിക്കുന്നതുപോലെ സകാത്ത് വിഹിതം നബി(സ)ക്ക് അനുഭവിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ആവശ്യമുള്ള വസ്തുക്കള്‍ ബന്ധുക്കളെപ്പോലും അറിയിക്കാതെ അന്യരില്‍നിന്ന് നാം ചിലപ്പോഴെങ്കിലും വാങ്ങാറുള്ളതാണല്ലോ.
ഐശ്വര്യം എന്നതിന്റെ യഥാര്‍ഥ ആശയം
ليس الغنى عن كثرة العرض ، ولكن الغنى غنى النفس
'ഐശ്വര്യം എന്നത് ധാരാളം വിഭവങ്ങള്‍ ഉണ്ടാവലല്ല, ഐശ്വര്യം എന്നത് മനസ്സിന്റെ ഐശ്വര്യമാണ്.'22 ആത്മസംതൃപ്തിയാണ് യഥാര്‍ഥ ധന്യത എന്ന് പറയുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്ത നബി (സ) പണയം വെച്ച സംഭവം അതുകൊണ്ടുതന്നെ ദഹിക്കാത്ത വിഷയമല്ല, ഖുര്‍ആനും ഹദീസും പൊരുത്തപ്പെടുന്നില്ല എന്ന് വാദിക്കേണ്ടതുമില്ല.
മുസ്ലിംകള്ക്ക് പണയം വെക്കുന്നതിനു പകരം ജൂതന് പണയം വെച്ചതില്‍ എന്താണിത്ര ആക്ഷേപിക്കാനുള്ളത്? അതിലൂടെ മുസ്ലിംകളെ പലതും പഠിപ്പിക്കുകയായിരുന്നു തിരുമേനി. ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇബ്നുഹജര്‍ അസ്ഖലാനി എഴുതുന്നു: 'കൈകാര്യം ചെയ്യപ്പെടുന്ന വസ്തു നിഷിദ്ധമാണെന്ന് ഉറപ്പില്ലെങ്കില്‍ മുസ്ലിംകളും അമുസ്ലിംകളും തമ്മിലുള്ള ഇടപാടുകളില്‍ ഒരു പ്രശ്നവുമില്ല. ഇസ്ലാമിക സമൂഹത്തോട് ശത്രുതയില്ലാത്തവരുമായി വില്‍പ്പന, വാടക, പണയം പോലുള്ളവ ആകാമെന്നും ഈ ഹദീസില്‍നിന്ന് മനസ്സിലാക്കാം. പണക്കാരായ സ്വഹാബികള്‍ ഉണ്ടായിട്ടും ജൂതനുമായി ഇടപാട് നടത്തിയത് അത് അനുവദനീയമാണെന്ന് മുസ്ലിംകളെ പഠിപ്പിക്കാനോ വാങ്ങിയാല്‍ പകരം വിലയോ പകരമോ സ്വീകരിക്കുകയില്ലെന്ന് തോന്നിയതിനാലോ ആവാമെന്നാണ് പല പണ്ഡിതന്മാരും വിശദീകരിച്ചിരിക്കുന്നത്. സമ്പന്നരുണ്ടായിരുന്നുവെങ്കിലും അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നത് നബി ഉദ്ദേശിച്ചിട്ടില്ലായിരിക്കാം.'23
ഇമാം നവവി എഴുതുന്നു: 'പണയ ഇടപാട് അനുവദനീയമാണെന്ന് ഈ ഹദീസില്‍നിന്നും മനസ്സിലാക്കാം. ദിമ്മികള്‍ക്ക് യുദ്ധായുധം പണയം വെക്കാം. നാട്ടില്‍ താമസിക്കുന്നതിനിടെ പണയ ഇടപാട് ആവാം. ശാഫിഈ, മാലിക്, അബൂഹനീഫ, അഹ്മദ് ഉള്‍പ്പെടെ എല്ലാ പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്. നബി(സ)യുടെ പടയങ്കി പണയമായി സ്വീകരിക്കുന്നതോ വില സ്വീകരിക്കുന്നതോ സ്വഹാബികള്‍ക്ക് ചിന്തിക്കാവുന്ന കാര്യമായിരുന്നില്ല. ഈ കാരണങ്ങളില്‍ ഏതെങ്കിലും ഒന്നിനാല്‍ നബി (സ) ജൂതനുമായി ബന്ധപ്പെടുകയായിരുന്നു.'24
ഇമാം ഇബ്നു ഖുതൈബ പറയുന്ന ന്യായം മറ്റൊന്നാണ്: 'നബി(സ)യുടെ കാലത്ത് ഭക്ഷണ വില്‍പ്പന നടത്തിയിരുന്നത് യഹൂദികള്‍ ആയിരുന്നു. നബി (സ) പൂഴ്ത്തിവെപ്പ് നിരോധിച്ചിരുന്നതിനാല്‍ മുസ്ലിംകള് ആ മേഖലയിലുണ്ടായിരുന്നില്ല.'25 നബി (സ) ഇടപാട് നടത്തിയ യഹൂദിയുടെ വശം മാത്രമേ അന്ന് ഭക്ഷണം മിച്ചമുണ്ടായിരുന്നുള്ളൂ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നബി (സ) ഇങ്ങനെയൊരു ഇടപാടു നടത്തിയില്ലായിരുന്നുവെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് അറിയാന്‍ കഴിയുമായിരുന്നില്ല.
* * *
ഈ വിഷയം ചര്‍ച്ച ചെയ്ത ഭൂരിപക്ഷം പണ്ഡിതന്മാരും ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന് ആയുധം പണയമായി നല്‍കാം എന്ന പോലെ, ദിമ്മിക്കും പണയമായി നല്‍കാമെന്ന പക്ഷക്കാരാണ്. സന്ധിയില്‍ ഏര്‍പ്പെട്ട സത്യനിഷേധിയും തഥൈവ. അതേസമയം യുദ്ധം പ്രഖ്യാപിച്ച ശത്രുവുമായി ആകാവതല്ല. അദ്ദേഹം ദിമ്മിയായിരുന്നു. അതുകൊണ്ടുതന്നെ ഇടപാട് സാധുവും.26
ഇമാം ബുഖാരിയുടെ സ്വഹീഹിലെ 'യഹൂദികളുടെയും മറ്റുള്ളവരുടെയും അടുത്ത് പണയം വെക്കല്‍' എന്ന അധ്യായത്തിന് ഇബ്നുഹജര്‍, 'അമുസ്ലിംകളുമായി ഇടപാടുകള്‍ നടത്തല്‍ അനുവദനീയമാണ് എന്നതാണ് അതിന്റെ വിവക്ഷ' എന്ന് വിശദീകരിച്ചിരിക്കുന്നു.27
ഇബ്നുഹജര്‍ എഴുതുന്നു: 'ഇടപാട് നടക്കുന്ന വസ്തു ഹറാമല്ല എന്ന് തീര്‍ച്ചയുണ്ടെങ്കില്‍ അമുസ്ലിംകളുമായി ഇടപാടാകാം എന്ന് ഹദീസ് തെളിയിക്കുന്നു. അവരുടെ വിശ്വാസത്തിലെയോ അവര്‍ തമ്മിലെ ഇടപാടുകളിലെയോ തകരാറുകള്‍ പരിഗണിക്കേണ്ടതില്ല. യുദ്ധം പ്രഖ്യാപിച്ചിട്ടില്ലാത്ത അവിശ്വാസിയുമായി ഇത്തരം ഇടപാടുകള്‍ ആവാം എന്ന് ഇതിനാല്‍ തെളിയുന്നു.'28
ഇമാമുമാരായ നവവിയും ശൗകാനിയും ഉള്‍പ്പെടെയുള്ളവര്‍ സത്യനിഷേധികളുമായി ഇടപാടുകള്‍ നടത്തുന്നത് അനുവദനീയമാണെന്നതില്‍ ഏകോപിതാഭിപ്രായം ഉണ്ടെന്ന് രേഖപ്പെടുത്തുന്നു. അതേസമയം, യുദ്ധം പ്രഖ്യാപിച്ചവരുമായി ഏതെങ്കിലും തരത്തില്‍ ആയുധ ഇടപാടുകള്‍ നടത്താവതല്ല.29
കരാറുള്ളവനോ ദിമ്മിയോ ആയ സത്യനിഷേധിക്ക് ആയുധം വില്‍ക്കുന്നത് അനുവദനീയമാണെങ്കില്‍, ആയുധം പണയം വെക്കുന്നത് തീര്‍ച്ചയായും ശരിയാവും. കാരണം, വില്‍പ്പനയാകുമ്പോള്‍ ആയുധത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നില്ല, താല്ക്കാലികമായ കൈവശാവകാശമേ ലഭിക്കുന്നുള്ളൂ എന്ന് ഇമാം നവവിയും ഇമാം ഇബ്നുല്‍ ഖയ്യിമും അഭിപ്രായപ്പെടുന്നു.30
യഹൂദികള്‍ സ്വീകരിച്ചിരുന്ന ഇടപാട് വ്യവസ്ഥകള്‍ മനസ്സിലാക്കാനും സംഭവം സഹായകമായിട്ടുണ്ട്. സര്‍ഖാനി എഴുതുന്നു: 'വീട്ടില്‍ ഒരു അതിഥി വന്നപ്പോള്‍ അദ്ദേഹത്തെ സല്ക്കരിക്കാന് കുറച്ച് ഭക്ഷണം സംഘടിപ്പിച്ചു വരാനായി നബി(സ) ഒരാളെ യഹൂദിയുടെ അടുത്തേക്ക് വിട്ടു. പണയം ഇല്ലാതെ തരില്ലെന്ന് അയാള്‍ പറഞ്ഞു. അതുപ്രകാരം പടയങ്കി പണയമായി നല്കി. ഇത് അവിടത്തെ യഹൂദികളുടെ രീതിയായിരുന്നു.'
നബി(സ)യില്നിന്ന് പണയം ഈടാക്കാന്‍ സ്വാഭാവികമായും സ്വഹാബികള്‍ ഇഷ്ടപ്പെടുകയില്ല. തന്റെ ഒട്ടകത്തെ ഏറ്റുവാങ്ങിക്കൊള്ളാന് നബി(സ) ആവശ്യപ്പെട്ടപ്പോള്‍, തേവി നനക്കാന്‍ ഉപയോഗിക്കുന്ന ഒട്ടകത്തെ എങ്ങനെ വാങ്ങും എന്നതിനാല്‍ ജാബിര്‍ (റ) മാറിനിന്നതും, അന്‍സ്വാരി വനിതകളെ പുകഴ്ത്തിയെങ്കിലും അഭിമാനരോഷം കൂടുതലുള്ള അവരില്‍നിന്ന് നബി (സ) വിവാഹം കഴിക്കാതിരുന്നതുമെല്ലാം മനുഷ്യസാധാരണമായ ലജ്ജയാല്‍ ആയിരുന്നു. ഏതെങ്കിലും വിഷയത്തിന്റെ അംശലേശമെടുത്തു വിമര്‍ശിച്ച് എല്ലാം തകര്‍ക്കുക എന്നതാണ് വിമര്‍ശകരുടെ ലക്ഷ്യം.
ഇബ്നു ഹിബ്ബാന്‍ ഹദീസ് ഉദ്ധരിച്ചുകൊണ്ട് എഴുതിയ വിവരണത്തില്‍ (3/19 മുഅസ്സസതുര്‍റിസാല പതിപ്പ്) എഴുതുന്നു:
ذكر خبر قد شنّع به بعض المعطلة على أهل الحديث حيث حرموا التوفيق لإدراك معناه
'ആശയം മനസ്സിലാക്കാനുള്ള തൗഫീഖ് നഷ്ടപ്പെട്ട ചിലര്‍ ഹദീസ് പണ്ഡിതന്മാരെ വഷളാക്കാന്‍ ഉപയോഗിച്ച ഒരു ഹദീസ്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഹദീസിനൊപ്പം ഫിഖ്ഹിലും നല്ല ഗ്രാഹ്യതയുണ്ടായിരുന്ന ഇമാം ബുഖാരി ആവട്ടെ മേല്‍ ഹദീസില്‍നിന്ന് വ്യത്യസ്ത പാഠങ്ങള്‍ കണ്ടെടുക്കുകയും അവ സ്വഹീഹുല്‍ ബുഖാരിയില്‍ വിവിധ അധ്യായങ്ങള്‍ ക്ക് തലക്കെട്ടുകള്‍ ആയി നല്‍കുകയും ചെയ്തിരിക്കുന്നു. 'നബി (സ) കടമായി വാങ്ങിയത്', 'ഭക്ഷണം അവധിക്കു വാങ്ങല്‍', 'കൈവശം പണമില്ലാത്തവന് കടമായി വാങ്ങല്‍' എന്നിവയാണ് ആ തലക്കെട്ടുകള്‍. ഇമാം നസാഈ കൊടുത്ത ഒരു തലക്കെട്ട്, 'സ്വദേശത്ത് കഴിയവെ പണയം വെക്കല്‍' എന്നാണ്. ബഖറ 283 - ല്‍ യാത്രയില്‍ പണയം വെക്കുന്നതിനെ പറ്റിയാണ് പറയുന്നത് എന്നതിനാലാണ്, ഇമാം നസാഈ 'സ്വദേശത്തായിരിക്കെ പണയം വെക്കല്‍' എന്ന് പ്രത്യേകം തലക്കെട്ട് കൊടുത്തത്. ഇത് ഹദീസ് പണ്ഡിതന്മാരുടെ ഫിഖ്ഹീ ഗ്രാഹ്യതയുടെ തെളിവാണ്. ഇമാം നവവി നല്കിയ ശീര്‍ഷകം 'യാത്രയില്‍ എന്നപോലെ സ്വദേശത്ത് വെച്ചും പണയത്തിന് അനുവാദം' എന്നാണ്. 'പടയങ്കി പണയം വെച്ച ആളെ കുറിച്ച അധ്യായം' എന്ന ശീര്‍ഷകം ആയുധം പോലുള്ളവ പണയം വെക്കാം എന്ന വ്യക്തമായ സൂചന നല്കുന്നു. നവവിയുടെ തന്നെ 'യഹൂദികളുടെയും മറ്റും അടുത്ത് പണയം വെക്കല്‍' എന്ന ശീര്‍ഷകം അമുസ്ലിംകളുമായി ഇടപാടുകള്‍ ആവാമെന്ന് വ്യക്തമാക്കുന്നു. ഇമാം നസാഈയുടെ ഒരു ശീര്‍ഷകവും 'വേദവിശ്വാസികളുമായി ഇടപാടുകള്‍' എന്നത്രെ.
ഇമാം അഹ്മദ് മേല്‍ ഹദീസിലെ നബി(സ)യുടെ ഭൗതികവിരക്തിയെ കുറിച്ചാണ് ഊന്നി പറയുന്നത്. അതിന് വിശദീകരണം എഴുതിയ അബുശ്ശൈഖ് അസ്വ്ബഹാനി ഈ ഹദീസ് നബി(സ)യുടെ ഭൗതിക വിരക്തിയെയും സമ്പത്തില്‍ തന്നേക്കാള്‍ സ്വഹാബികള്‍ക്ക് മുന്‍ഗണന നല്കുന്ന അദ്ദേഹത്തിന്റെ ഔദാര്യമനസ്കതയെയും എടുത്തുകാണിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ഉദാരത നബിയുടെ പ്രകൃതമായിരുന്നു. ആത്മസംതൃപ്തി സിദ്ധഗുണം ആയിരുന്നു. ദുന്‍യാവിനേക്കാള്‍ പരലോകത്തിന് മുന്‍തൂക്കം നല്കി. ആരെയും മടക്കി അയക്കുക അദ്ദേഹത്തിന്റെ രീതി ആയിരുന്നില്ല.31
സംഗ്രഹം
1. സ്വഹീഹായ ഒട്ടേറെ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട ഈ സംഭവം അതിനാല്‍ തന്നെ തള്ളിക്കളയേണ്ടതില്ല.
2. നബി(സ)യെ ഐശ്വര്യവാനാക്കി എന്നതിന്റെ വിവക്ഷ മാനസികമായ ധന്യതയാണ്.
3. ചില ഇനങ്ങളിലായി വരുമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും എല്ലാം ധര്‍മം ചെയ്യുകയായിരുന്നു നബി(സ)യുടെ പൊതുരീതി.
4. അമുസ്ലിംകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് മുസ്ലിംകള്ക്ക് അവബോധം സൃഷ്ടിക്കുകയായിരുന്നു ഇടപാടിന്റെ ലക്ഷ്യം.
കുറിപ്പുകള്‍
1. صحيح البخارى (فتح الباري)، البيوع، باب شراء النّبي.....
2. ابن هشام: السّيرة النبوية 2/48، ابن سيّد الناس: عيون الأثر 1/343
3. ياقوت الحموي: معجم البلدان 3/104
4. البخارى ، كتاب الإستئذان (5899) ، مسلم ، كتاب الجهاد والسّير (1798)
5. البخارى: كتاب الخصومات (2281) مسلم، كتاب الفضائل (2347)
6. كتاب الأطعمة، باب الرّطب والثمر (5128)
7. أحمد (15528) ، الطبراني في الأوسط (4512)، السلسلة الصحيحة (2108)
8. صحيح مسلم (شرح النووي) كتاب المساقاة، باب الرّهن وجوازه.....) نيل الأوطار، الشوكاني (الرّهن)
9. صحيح البخارى، كتاب البيوع، باب النبي ص بالنسيئة
10. النسائي، كتاب البيوع، باب شراء النبي ص
11. النسائي، كتاب البيوع، الرّهن في الحضر
12. ابن ماجه ، كتاب الرّهون
13. أحمد، (24192) (13192) إسناده صحيح
14. الجامع لأحكان القرآن، القرطبي،
15. تفسير ابن كثير
16. معالم التنزيل، البغوي
17. في ظلال القرآن
18. صحيح مسلم
19. صحيح مسلم، كتاب الفضائل
20. صحيح البخارى (فتح الباري) تحقيق: محبّ الدّين الخطيب 5/168
21. أحمد، صحّح إسناده شعيب الأناؤوط
22. صحيح البخاري، كتاب الرّقاق
23. فتح الباري 5/168
24. شرح صحيح مسلم، النووي 6/2489
25. تأويل مختلف الحديث، ابن قتيبة ص 206
26. ضلالات منكري السّنّة، د. طه جيشي ص 165
27. فتح الباري شرح صحيح البخاري (5/173)
28. فتح الباري شرح صحيح البخاري 5/168
29. شرح صحيح مسلم 5/2489
30. إعلام الموقعين، ابن القيّم 3/158
31. أخلاق النّبي وادابه 4/138
d^-d³kp-IÄ
1. انكارحديث رهن النبي (ص) - بيان الاسلام
http\\bayanilelslam.net
2. حديث رهن النبي (ص)
Alukah.net
3. تعامل الرسول مع اليهود، راغب السرجاني
www.islamstory.com
4. فتاوى بحثية
dar-al-ifta.org
دار الإفتاء المصرية