ഹദീസെഴുത്ത് സ്വഹാബികളുടെയും താബിഉകളുടെയും കാലത്ത്

ഡോ. മുഹമ്മദ് അജ്ജാജുല്‍ ഖത്വീബ്‌‌‌
img

നബി(സ) ഹദീസുകള്‍ രേഖപ്പെടുത്താന്‍ അനുവദിക്കുകയും അനുവാദം ലഭിച്ചവര്‍ അതുപ്രകാരം എഴുതിവെക്കുകയും ചെയ്തുവെങ്കിലും മിക്ക സ്വഹാബികളും നബിയുടെയോ സ്വഹാബികളുടെയോ കാലത്ത് അതിനു തയാറാവുകയുണ്ടായില്ല. ഖുര്‍ആനും സുന്നത്തും ഇടകലരാതെ വെവ്വേറെ തന്നെ സുരക്ഷിതമായിരിക്കണമെന്ന താല്‍പര്യമായിരുന്നു അതിനു കാരണം. അതുകൊണ്ടുതന്നെ ചിലര്‍ ഹദീസുകള്‍ രേഖപ്പെടുത്തുന്നത് ഇഷ്ടപ്പെട്ടില്ല. അതേസമയം ചിലര്‍ അത് അനുവദനീയമായി കണ്ടു. അധികകാലം കഴിയും മുമ്പ് എഴുതാന്‍ അനുവാദം നല്‍കപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചു. ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചിരുന്നവര്‍ തന്നെ പിന്നീട് തല്‍പരരായ സംഭവങ്ങളും കാണാം.

ആഇശ(റ)യില്‍നിന്ന് ഹാകിം ഉദ്ധരിക്കുന്നു: ''എന്റെ പിതാവ് നബി(സ)യില്‍നിന്ന് അഞ്ഞൂറ് ഹദീസുകള്‍ ശേഖരിച്ചിരുന്നു. ഒരു ദിവസം രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന പിതാവ് അടുത്ത ദിവസം രാവിലെ എന്നോട് പറഞ്ഞു, 'പൊന്നുമോളേ! നിന്റെ കൈവശമുള്ള ഹദീസുകള്‍ കൊണ്ടുവരിക.' അതുപ്രകാരം ഞാന്‍ കൊണ്ടുകൊടുത്തു. അദ്ദേഹം തീകൊണ്ടുവരാന്‍ പറഞ്ഞു. എല്ലാം കത്തിച്ചുകളഞ്ഞു.''1
ഒരു ഘട്ടത്തില്‍ ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ഉദ്ദേശിച്ച ഉമര്‍(റ) പിന്നീട് പിന്മാറി. ഉര്‍വയില്‍നിന്നുള്ള റിപ്പോര്‍ട്ട് കാണുക: 'ഹദീസുകള്‍ രേഖപ്പെടുത്താന്‍ ഉദ്ദേശിച്ച ഉമര്‍(റ) തദ്വിഷയകമായി നബി(സ)യുടെ സ്വഹാബികളോട് ഫത്‌വ ആരാഞ്ഞു. എഴുതാമെന്ന് അവര്‍ നിര്‍ദേശിച്ചു. ഉമര്‍(റ) തദ്വിഷയകമായി അല്ലാഹുവോട് ഇസ്തിഖാറത്തിന്റെ പ്രാര്‍ഥന നടത്തി. അതുകഴിഞ്ഞ് ഒരു ദിവസം അദ്ദേഹം പറഞ്ഞു: 'ഞാന്‍ ഹദീസുകള്‍ രേഖപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നു. നിങ്ങള്‍ക്കു മുമ്പുള്ളവര്‍ ചില പ്രമാണങ്ങള്‍ എഴുതിയതും, അല്ലാഹുവിന്റെ ഗ്രന്ഥം ഉപേക്ഷിച്ച് അവര്‍ അവയിലേക്ക് ഉന്മുഖരായതും ഞാന്‍ ഓര്‍ത്തു. അല്ലാഹുവാണ, ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഒന്നും കൂട്ടിക്കലര്‍ത്തുകയില്ല തന്നെ.'2
ഖുര്‍ആന്‍ പഠന-പാരായണം പരിത്യജിച്ച് മറ്റു വല്ലതിലും ജനങ്ങള്‍ വ്യാപൃതരാകുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിന്റേത് لا كتاب مع كتاب الله
   'അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ കൂടെ മറ്റൊരു ഗ്രന്ഥമില്ല' എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.3
മുസ്‌ലിംകള്‍ ഖുര്‍ആന്‍ അവഗണിച്ച് ഹദീസിന് പ്രഥമ പരിഗണന നല്‍കിക്കളയുമോ എന്നതായിരുന്നു ഉമറിന്റെ ആശങ്ക.4

ബൈബിളിലെ 'ദാനിയേല്‍' പുസ്തകം പകര്‍ത്തി എഴുതുന്നതായറിഞ്ഞ ഉമര്‍(റ) അതു മായ്ച്ചു കളയാന്‍ നിര്‍ദേശിച്ചത് അതിന്റെ ഭാഗമാണ്. 'മായ്ച്ചാല്‍ മാത്രം പോരാ, അത് വായിക്കുകയോ ആര്‍ക്കെങ്കിലും വായിച്ച് കൊടുക്കുകയോ അരുത്, വായിക്കുകയോ, മറ്റാര്‍ക്കെങ്കിലും വായിച്ചു കൊടുക്കുകയോ ചെയ്തതായി അറിഞ്ഞാല്‍ ശിക്ഷിക്കുമെന്ന് അദ്ദേഹം ഒരാളെ ശാസിക്കുകയുണ്ടായി.'5 ഒരിക്കല്‍ അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു: 'ജനങ്ങളേ! നിങ്ങളുടെ കൈകളില്‍ ചില ഗ്രന്ഥങ്ങളുള്ളതായി ഞാന്‍ അറിഞ്ഞിട്ടുണ്ട്. ഗ്രന്ഥങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം അവയിലെ ഏറ്റവും നീതിപൂര്‍വകവും ചൊവ്വായതുമായ ഗ്രന്ഥമാണ്. അതുകൊണ്ട് നിങ്ങളുടെ കൈവശമുള്ള ഗ്രന്ഥങ്ങള്‍ എന്നെ കാണിക്കണം. അവ കണ്ട് ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞുതരാം.' ആളുകള്‍ വിചാരിച്ചത് ഗ്രന്ഥങ്ങളിലെ വ്യത്യാസങ്ങള്‍ പരിശോധിച്ച് ഏകാഭിപ്രായം രൂപവല്‍ക്കരിക്കാനാണെന്നാണ്. ആളുകള്‍ തങ്ങളുടെ കൈവശമുള്ള ഗ്രന്ഥങ്ങള്‍ ഉമറി(റ)ന്റെ സവിധത്തില്‍ കൊണ്ടുവന്നു. അവയെല്ലാം കത്തിച്ചുകളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: أمنية كأمنية أهل الكتاب 'വേദവിശ്വാസികളുടെ വ്യാമോഹം പോലെയുള്ള വ്യാമോഹം'.6 'ആരുടെയെങ്കിലും വശം വല്ലതുമുണ്ടെങ്കില്‍ കത്തിച്ചുകളയട്ടെ'.7
ഖുര്‍ആന്‍ നഷ്ടപ്പെടുകയോ ഖുര്‍ആനു തുല്യം മറ്റു ഗ്രന്ഥങ്ങള്‍ പരിഗണിക്കപ്പെടുകയോ ചെയ്യാതിരിക്കാനുള്ള കരുതല്‍ നടപടിയായിരുന്നു ഇതെന്നു സാരം. മരണാസന്ന വേളയില്‍, ചില രേഖകള്‍ ഞാന്‍ മായ്ച്ചുകൊള്ളാമെന്ന് മകന്‍ പറഞ്ഞപ്പോള്‍, ഞാന്‍ തന്നെ മായ്ച്ചുകൊള്ളാമെന്ന് ഉമര്‍(റ) ശഠിക്കുകപോലുമുണ്ടായി.8
ഖുര്‍ആനും ഹദീസും കൂടിക്കലരുകയില്ലെന്ന ഘട്ടമെത്തിയപ്പോള്‍ തന്റെ ഗവര്‍ണര്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉമര്‍(റ) ഹദീസുകള്‍ എഴുതി അയച്ചതായി കാണാം. അബൂ ഉസ്മാന്‍ അന്നഹ്ദീ ഉദ്ധരിക്കുന്നു: ഞങ്ങള്‍ ഉത്ബത്തുബ്‌നു ഫര്‍ഖദിന്റെ അടുത്തിരിക്കവെ, ഉമര്‍(റ) അദ്ദേഹത്തിന് ഏതാനും നബിവചനങ്ങള്‍ അയച്ചു നല്‍കുകയുണ്ടായി. 'ദുന്‍യാവില്‍ പട്ടു വസ്ത്രം ധരിക്കുന്നവര്‍ക്ക് പരലോകത്ത് അത് ലഭിക്കുകയില്ല' എന്ന ഹദീസ് അതിലുണ്ടായിരുന്നു.9

ഹദീസുകള്‍ എഴുതിവെക്കുന്നത് അബ്ദുല്ലാഹിബ്‌നു മസ്ഊദും ഇഷ്ടപ്പെട്ടിരുന്നില്ല. അബ്ദുര്‍റഹ്‌മാന്‍ പിതാവ് അസ്‌വദില്‍നിന്ന് ഉദ്ധരിക്കുന്നു: അല്‍ഖമ മക്കയില്‍നിന്നോ യമനില്‍നിന്നോ അഹ്‌ലു ബൈത്തിന്റെ കൈവശമുണ്ടായിരുന്ന ഹദീസുകളുടെ ഒരു രേഖയുമായി വന്നു. ഞങ്ങള്‍ അത് കാണിക്കാനായി അബ്ദുല്ലാഹിബ്‌നു മസ്ഊദിനെ സമീപിച്ചു. ഞങ്ങള്‍ അത് അദ്ദേഹത്തിന് കൈമാറി. അബ്ദുല്ല ഒരു പെണ്‍കുട്ടിയെ വിളിച്ച് പാത്രത്തില്‍ വെള്ളവുമായി വരാന്‍ പറഞ്ഞു: ഞങ്ങള്‍ ഇബ്‌നു മസ്ഊദിനോട് പറഞ്ഞു: 'നോക്കൂ, അതില്‍ നല്ല ഹദീസുകളുണ്ട്.' അദ്ദേഹം അതെടുത്ത് വെള്ളത്തില്‍ കുതിര്‍ത്ത് നശിപ്പിച്ചു കളഞ്ഞു. എന്നിട്ടദ്ദേഹം ഇങ്ങനെ പാരായണം ചെയ്തു:
'നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയതു വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്' (യൂസുഫ്: 3). എന്നിട്ട് അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു:

'ഹൃദയങ്ങള്‍ പാത്രങ്ങളാണ്, നിങ്ങള്‍ അവയെ ഖുര്‍ആന്‍ കൊണ്ട് കര്‍മനിരതമാക്കുക, നിങ്ങള്‍ അവയെ ഖുര്‍ആന്‍ അല്ലാത്തതുകൊണ്ട് പ്രവര്‍ത്തിപ്പിക്കാതിരിക്കുക'10 തന്റെ സംസാരങ്ങളും ആളുകള്‍ പകര്‍ത്തുന്നു എന്നു മനസ്സിലാക്കിയ ഇബ്‌നു മസ്ഊദ് ഖുര്‍ആന്‍ ഒഴികെയുള്ളവ എഴുതി സൂക്ഷിക്കുന്നത് വിലക്കിയതായും റിപ്പോര്‍ട്ടുകളില്‍ കാണാം.11
വെള്ളത്തിലിട്ട് അലിയിച്ചത് അബുദ്ദര്‍ദാഇന്റെ ചില സംസാര രേഖകളും അദ്ദേഹം പറഞ്ഞ കഥകളും ആയിരുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.12

വേദവിശ്വാസികളുടെ ചില രേഖകളായിരുന്നതിനാലാണ് അങ്ങനെ ചെയ്തതെന്ന് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു:13 പക്ഷേ, ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നു പറയാന്‍ നമ്മുടെ പക്കല്‍ തെളിവുകളൊന്നുമില്ല. തന്നെയുമല്ല, അസ്‌വദുബ്‌നു ഹിലാലില്‍നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം, ഹദീസുകളെ ഒരു രേഖ ലഭിച്ചപ്പോള്‍ ഇബ്‌നു മസ്ഊദ് അത് വെള്ളത്തില്‍ കുതിര്‍ത്ത് മായ്ച്ചു കളയുകയും പിന്നീട് അത് കത്തിച്ചുകളയുകയും ചെയ്തതായി കാണാം. ഇത്തരം രേഖകള്‍ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ വിവരം എന്നെ ധരിപ്പിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു. ഇന്ത്യയിലെ ഏതെങ്കിലും മഠത്തിലാണ് അതുള്ളതെങ്കില്‍ പോലും ഞാന്‍ അവിടെ എത്തുമെന്നും മുന്‍കാല സമുദായങ്ങള്‍ അല്ലാഹുവിന്റെ ഗ്രന്ഥം അവഗണിച്ചതിനാലാണ് നശിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.14 (ദാറമിയുടെ റിപ്പോര്‍ട്ടില്‍, കൂഫയിലെ 'ഹന്ദാരിയ' യിലാണെങ്കിലും എന്നാണുള്ളത്).

ജനങ്ങള്‍ ഖുര്‍ആനെ ഉപേക്ഷിച്ച് ഹദീസുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതില്‍ മുഴുകി കളയുമോ, ഖുര്‍ആനല്ലാത്ത മറ്റു വല്ലതിലും ശ്രദ്ധയൂന്നുമോ എന്ന ആശങ്കയിലാണ് ഇബ്‌നു മസ്ഊദ് ഇങ്ങനെ പ്രതികരിച്ചതെന്ന് വ്യക്തം. അതേസമയം കാരണം നീങ്ങിയപ്പോള്‍ അദ്ദേഹം തന്നെ ഹദീസുകള്‍ എഴുതിയിരുന്നതായും കാണാം. മഅ്‌നില്‍നിന്ന് മിസ്അര്‍ നിവേദനം ചെയ്യുന്നു: 'അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ മകന്‍ അബ്ദുര്‍റഹ്‌മാന്‍ എനിക്ക് ഒരു പുസ്തകം കാണിച്ചിട്ട്, ഇത് പിതാവ് സ്വന്തം കൈപടയില്‍ എഴുതിയതാണെന്നു പറയുകയുണ്ടായി.'

ഇബ്‌നു മസ്ഊദിന്റെ അതേ ആശങ്ക അലി(റ)യും പങ്കുവെച്ചിരുന്നു. ഒരിക്കല്‍ പ്രസംഗമധ്യേ അദ്ദേഹം പറഞ്ഞു: 'എഴുതി സൂക്ഷിച്ചവയുള്ളവരെല്ലാം തിരിച്ചുപോയ ശേഷം മായ്ച്ചുകളയണം. തങ്ങളുടെ നാഥന്റെ ഗ്രന്ഥം ഉപേക്ഷിക്കുകയും പണ്ഡിതന്മാരുടെ വര്‍ത്തമാനങ്ങള്‍ പിന്‍പറ്റുകയും ചെയ്തപ്പോഴാണ് ജനങ്ങള്‍ നശിച്ചുപോയത്.'15 മര്‍വാനുബ്‌നുല്‍ ഹകം എഴുതാനൊരുങ്ങിയപ്പോള്‍ വിലക്കിക്കൊണ്ട് സൈദുബ്‌നു സാബിത്ത് ഇങ്ങനെ പറയുകയുണ്ടായി: 'ഞാന്‍ നിങ്ങളോട് പറഞ്ഞത്, ഞാന്‍ നിങ്ങളോട് പറഞ്ഞ വിധത്തില്‍ തന്നെ ആയിക്കൊള്ളണമെന്നില്ല.'16
'എന്റെ ഹദീസുകള്‍ എഴുതിവെക്കരുതെന്ന് നബി(സ) ഞങ്ങളോട് കല്‍പിച്ചിരുന്നു' എന്നും സൈദ്(റ) പ്രസ്താവിക്കുകയുണ്ടായി.17

മര്‍വാന്റെ എഴുത്തുകാരന്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അബൂഹുറൈറയുടെ പ്രതികരണവും ഇതേ വിധമായിരുന്നു.18 'താന്‍ ഒന്നും മറച്ചുവെക്കുകയോ എഴുതി നല്‍കുകയോ ഇല്ലെന്ന് അബൂഹുറൈറ പറയാറുണ്ടായിരുന്നു.'19 മറ്റൊരു റിപ്പോര്‍ട്ടില്‍, 'നാം എഴുതുകയോ, എഴുതിക്കുകയോ ഇല്ലെ'ന്നാണുള്ളത്.20 ഇതേ നിലപാടു തന്നെയായിരുന്നു ഇബ്‌നു അബ്ബാസിന്റേതും. 'നാം വിജ്ഞാനം എഴുതി സൂക്ഷിക്കുകയോ എഴുതിക്കുകയോ ഇല്ല.'21 'നിങ്ങള്‍ക്കു മുമ്പുള്ളവര്‍ പിഴച്ചുപോയത് ഗ്രന്ഥങ്ങള്‍ വഴി മാത്രമാണ്' എന്നു പറഞ്ഞിരുന്ന ഇബ്‌നു അബ്ബാസ് (റ), വിജ്ഞാനം എഴുതി സൂക്ഷിക്കുന്നത് വിലക്കിയിരുന്നു.22 ഖുര്‍ആനല്ലാത്ത ഒന്നും എഴുതി സൂക്ഷിക്കരുതെന്നും നബി(സ) യുടെ വിലക്ക് അതേപടി സ്വീകരിച്ച അബൂസഈദില്‍ ഖുദ്‌രി (റ), മനഃപാഠമാക്കാന്‍ കഴിയാതിരുന്നതിനാല്‍ അബൂനദ്‌റ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, 'ഞങ്ങള്‍ നിങ്ങള്‍ക്ക് എഴുതിത്തരില്ല, ഹദീസിനെ ഞങ്ങള്‍ ഖുര്‍ആനാക്കില്ല, ഞങ്ങള്‍ നബി(സ)യില്‍നിന്ന് ഹദീസുകള്‍ മനഃപാഠമാക്കിയതുപോലെ നിങ്ങളും മനഃപാഠമാക്കുക'23 എന്നു പറയുകയാണുണ്ടായത്.

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ന്റെ നിലപാടും ഇതു തന്നെയായിരുന്നു. സഈദുബ്‌നു ജുബൈറില്‍നിന്ന് നിവേദനം: 'ഞങ്ങള്‍ക്ക് ചില വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ അവ ഒരു പുസ്തകത്തിലെഴുതി, ഇബ്‌നു ഉമറിനെ സമീപിച്ച്, പുസ്തകത്തില്‍ നോക്കുന്നത് അദ്ദേഹം അറിയാതെ ചര്‍ച്ച ചെയ്തിരുന്നു. എഴുതിക്കൊണ്ടുവന്നത് കണ്ടാല്‍ അതോടെ ഞങ്ങള്‍ തമ്മില്‍ ബന്ധം വേര്‍പ്പെടേണ്ടി വരുമായിരുന്നു' 24. കൂടുകയോ കുറയുകയോ ചെയ്‌തേക്കുമോ എന്ന ഭയത്താല്‍ മകന്‍ തന്നില്‍നിന്ന് കേട്ടെഴുതുന്നത് അബൂമൂസാ ആശങ്കിച്ചിരുന്നു. എഴുതിയവ വെള്ളം ഉപയോഗിച്ച് മായ്ച്ചുകളഞ്ഞു.25 'ഞങ്ങള്‍ മനഃപാഠമാക്കിയതുപോലെ നിങ്ങളും മനഃപാഠമാക്കിക്കൊള്ളുക.'26
'ഇസ്രായേല്‍ സന്തതികള്‍ ഒരു ഗ്രന്ഥം എഴുതിയുണ്ടാക്കി. അത് പിന്‍പറ്റി ജീവിച്ചു. അവര്‍ തൗറാത്തിനെ ഉപേക്ഷിച്ചുകളഞ്ഞു.'27

ഹദീസുകള്‍ എഴുതി സൂക്ഷിക്കുന്നതിനെ ശക്തമായി വിലക്കിയ പ്രഗത്ഭ സ്വഹാബികളുടെ പ്രസ്താവനകളും നിലപാടുകളുമാണ് ഇതുവരെ നാം കണ്ടത്. കേവലം വ്യക്തിപരമായ താല്‍പര്യങ്ങളാലല്ല, ഖുര്‍ആനും ഹദീസും കൂടിക്കലരുമോ എന്ന ആശങ്കയിലായിരുന്നു സ്വഹാബികള്‍ അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് മുകളിലെ റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തം.

ഖത്വീബുല്‍ ബഗ്ദാദി എഴുതുന്നു: 'ഖുര്‍ആനില്‍നിന്ന് മറ്റുള്ളവയിലേക്ക് ശ്രദ്ധതിരിയാതിരിക്കുക, ഖുര്‍ആന് സമാനമാണ് അവയെന്ന് കരുതപ്പെടാതിരിക്കുക എന്നതാണ് നിരുത്സാഹപ്പെടുത്തിയതിന്റെ കാരണം. പഴയ ഗ്രന്ഥങ്ങള്‍ വിലക്കാന്‍ കാരണം അവയിലെ സത്യവും അസത്യവും തിരിച്ചറിയാത്തതും ഖുര്‍ആന്‍ അന്തിമസത്യമായി നിലവിലുള്ളതുമായിരുന്നു. ഇസ്‌ലാമിന്റെ ആരംഭകാലത്ത് വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ വിലക്കാന്‍ കാരണം അക്കാലത്ത് വഹ്‌യും വഹ്‌യേതരവുമായവ തിരിച്ചറിയാവുന്ന പണ്ഡിതന്മാര്‍ കുറവായതിനാലാണ്. ഗ്രാമീണ അറബികളില്‍ മിക്കവര്‍ക്കും ദീനീ വിജ്ഞാനം കുറവായിരുന്നു. പണ്ഡിതന്മാരുമായി അവര്‍ക്ക് സഹവാസമുണ്ടായിരുന്നില്ല. ഇതര ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ അവര്‍ വഴി ഖുര്‍ആനില്‍ കടന്നുകൂടാന്‍ സാധ്യത കൂടുതലായിരുന്നു.'28 തങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത് നബി(സ)യില്‍നിന്ന് കേട്ടവയാകാതിരിക്കുമോ എന്ന ഭയാശങ്ക സ്വഹാബികളെ പിടികൂടിയിരുന്നു.

ഖുര്‍ആനെ ഏടുകളിലും മുസ്വ്ഹഫുകളിലും ഹൃദയങ്ങളിലും സൂക്ഷിക്കുക എന്നതിന് പ്രഥമ പരിഗണന നല്‍കിയ സ്വഹാബികള്‍, അബൂബക്‌റിന്റെ കാലത്ത് അത് ക്രോഡീകരിച്ചു, ഉസ്മാന്റെ കാലത്ത് പകര്‍ത്തി വിവിധ രാജ്യങ്ങളിലേക്ക് അയച്ചുകൊടുത്തു. ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമായ ഖുര്‍ആന്‍ മറ്റുള്ളവയുമായി കൂടിക്കലരുകയില്ലെന്ന് ബോധ്യമായതോടെ ഹദീസുകള്‍ പഠിക്കാനും എഴുതാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ധാരാളം സ്വഹാബികള്‍ ഈ ഘട്ടത്തില്‍ അതിനായി രംഗത്തുവന്നു.
ഹദീസുകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഓറിയന്റലിസ്റ്റുകള്‍ മേല്‍ റിപ്പോര്‍ട്ടുകളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി വളച്ചൊടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.29

ഖുര്‍ആന്‍പോലെ, ഹദീസും ക്രോഡീകരിക്കാന്‍ ശ്രമിച്ച ഉമര്‍(റ) ഖുര്‍ആനും ഹദീസും കൂടിക്കലരുന്നതും നവമുസ്‌ലിംകള്‍ക്ക് അവ തമ്മില്‍ തിരിച്ചറിയാതെ പോകുമോ എന്ന ആശങ്കിച്ചതു കാരണം പിന്‍വാങ്ങുകയാണുണ്ടായത്. 

1. ഹദീസുകള്‍ ശേഖരിക്കാനും ക്രോഡീകരിക്കാനും ഉമര്‍(റ) ശ്രമിച്ചു എന്നത്, ഹദീസുകള്‍ രേഖപ്പെടുത്താന്‍ അദ്ദേഹത്തിന് സമ്മതമായിരുന്നു എന്നതിന്റെ തെളിവാണ്. ആദ്യഘട്ടത്തില്‍ എഴുത്ത് നിരോധിച്ച നബി(സ)യും ഒടുവില്‍ അത് അംഗീകരിച്ചതാണല്ലോ. വല്ല സംശയവുമുണ്ടായിരുന്നുവെങ്കില്‍ നബി(സ) വിലക്കിയതെന്ന നിലയില്‍ അത് ഉമര്‍(റ) അംഗീകരിക്കുമായിരുന്നില്ല. എഴുതി സൂക്ഷിക്കുന്നത് ഇഷ്ടപ്പെടാതിരുന്നതിനാലല്ല, പ്രത്യുത, ക്രോഡീകരണം കൂടുതല്‍ കൂടുതല്‍ ജാഗ്രതയോടെ വേണം എന്നതിനാലായിരുന്നുവെന്ന് വ്യക്തം. ഖുര്‍ആനും ഹദീസും വേര്‍തിരിച്ചറിയുന്നവര്‍ക്ക് അദ്ദേഹം എഴുതി നല്‍കുകയുണ്ടായി. ഖുര്‍ആന്‍ മുസ്വ്ഹഫില്‍ ക്രോഡീകൃതമായതോടെ ഹദീസുകള്‍ എഴുതിക്കൊള്ളാന്‍ അദ്ദേഹം അനുവാദം നല്‍കി.

قيّدوا العلم بالكتاب 'നിങ്ങള്‍ വിജ്ഞാനത്തെ പുസ്തകത്തില്‍ എഴുതി ബന്ദിയാക്കുക'30 എന്ന ഉമറിന്റെ പ്രസ്താവം അതാണ് സൂചിപ്പിക്കുന്നത്. ഉമറിന്റെ വാളുറയില്‍ മകന്‍ അബ്ദുല്ല ഒരു പത്രിക കാണുകയുണ്ടായി എന്ന് റിപ്പോര്‍ട്ടുണ്ട്.31

ചില സ്വഹാബികള്‍ എഴുതാന്‍ അനുവാദം നല്‍കി. ചിലര്‍ സ്വന്തം കൈപ്പടയില്‍ എഴുതി. രേഖപ്പെടുത്തുന്നത് നിരോധിക്കാനുണ്ടായ സാഹചര്യം നീങ്ങിയപ്പോള്‍ ആദ്യ നിലപാടു മാറി. വിശിഷ്യാ, ഖുര്‍ആന്‍ മുസ്വ്ഹഫുകളിലായി ക്രോഡീകരിക്കപ്പെടുകയും വിവിധ നാടുകളിലേക്ക് കൊടുത്തയക്കപ്പെടുകയും ചെയ്ത ശേഷം 'നബി (സ) നടപ്പിലാക്കിയ സകാത്ത് വിഹിതങ്ങല്‍ സംബന്ധിച്ച് അബൂബക്ര്‍(റ) അനസുബ്‌നു മാലികിന് ഒരു രേഖ കൈമാറുകയുണ്ടായി' എന്ന റിപ്പോര്‍ട്ട് മേല്‍ അഭിപ്രായത്തെ ബലപ്പെടുത്തുന്നുണ്ട്.32

മുസ്വ്ഹഫുകളുടെ പകര്‍പ്പുകള്‍ എടുക്കുന്നതിനു മുമ്പായിരുന്നു ഇത്. ഖുര്‍ആനും ഹദീസും കൂടിക്കലരുമോ എന്ന ഭയം മാത്രമായിരുന്നില്ല നിരുത്സാഹപ്പെടുത്തിയതിന്റെ കാരണമെന്ന് ഇത്രയും വിവരിച്ചതില്‍നിന്ന് വ്യക്തം. പത്തുവര്‍ഷത്തോളം നബി(സ)യെ സേവിച്ച അനസി(റ)ന് ഖുര്‍ആനും ഹദീസും തിരിച്ചറിയാന്‍ കഴിയാത്ത പ്രശ്‌നം ഉണ്ടാവില്ലല്ലോ. ഇതെല്ലാം മുമ്പില്‍ വെച്ചുകൊണ്ട് നാം പറയുന്നു: അബൂബക്‌റും ഉമറും ഹദീസ് എഴുതിയിരുന്നു.33

'ഞങ്ങള്‍ നബി(സ)യുടെ കാലത്ത് ഇസ്തിഖാറത്തും തശഹ്ഹുദും മാത്രമേ എഴുതിയിരുന്നുള്ളൂ.'34 എന്ന അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ന്റെ പ്രസ്താവവും നബി(സ)യുടെ കാലത്തുതന്നെ സ്വഹാബികള്‍ ഹദീസെഴുതി സൂക്ഷിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ഇബ്‌നു മസ്ഊദ്(റ) തന്നെയും സ്വന്തം കൈപ്പടയില്‍ എഴുതി സൂക്ഷിച്ച കാര്യം നാം നേരത്തേ വായിച്ചുവല്ലോ.
അലി (റ) ജ്ഞാനാന്വേഷണവും എഴുത്തും പ്രോത്സാഹിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളില്‍ കാണാം. 'ഒരു ദിര്‍ഹമിന് ആരാണ് എന്നില്‍നിന്ന് അറിവു വാങ്ങുക?' എന്ന് അദ്ദേഹം ചോദിച്ചിരുന്നു. അബൂഖൈസമ വിവരിച്ചു പറയുന്നു: 'അറിവു എഴുതിവെക്കാന്‍ പറ്റിയ പത്രിക ഒരു ദിര്‍ഹമിന് ആരാണ് വാങ്ങുക?' എന്നു സാരം.35
ഹസനുബ്‌നു അലി(റ) തന്റെയും സഹോദരന്റെയും മക്കളോട്, 'നിങ്ങള്‍ പഠിക്കുക, നിങ്ങള്‍ പഠിക്കുക, ഇന്ന് ചെറിയവരായ നിങ്ങള്‍ നാളത്തെ വലിയവരാണ്, മനഃപാഠമാകാത്തവര്‍ എഴുതിക്കൊളളുക' എന്ന് പറഞ്ഞിരുന്നു. മറ്റൊരു റിപ്പോര്‍ട്ടില്‍, 'എഴുതട്ടെ, വീട്ടില്‍  സൂക്ഷിക്കട്ടെ' എന്നു കാണാം.36

നബിപത്‌നി ആഇശ(റ) സഹോദരീപുത്രന്‍ ഉര്‍വത്തുബ്‌നു സുബൈറിനോട് ഇങ്ങനെ പറയുകയുണ്ടായി: 'മകനേ, നീ എന്നില്‍നിന്ന് കേള്‍ക്കുന്ന ഹദീസുകള്‍ എഴുതിവെക്കുന്നതായി കേള്‍ക്കുന്നു.' ഉര്‍വ: 'നിങ്ങളില്‍നിന്ന് കേള്‍ക്കുന്നവ ചില മാറ്റങ്ങളോടെ മറ്റുള്ളവരില്‍നിന്ന് കേള്‍ക്കാന്‍ ഇടയാകുന്നു.' ആഇശ(റ): 'ആശയപരമായ മാറ്റങ്ങള്‍ കേള്‍ക്കാറുണ്ടോ?' ഉര്‍വ: 'ഇല്ല' ആഇശ(റ): 'എങ്കില്‍ കുഴപ്പമില്ല'37 എഴുതാന്‍ പാടില്ലായിരുന്നുവെങ്കില്‍ അവര്‍ അത് വിലക്കുമായിരുന്നു. പക്ഷേ, അവര്‍ വിലക്കിയില്ല.
അബൂഹുറൈറ(റ) ബശീറുബ്‌നു നുഹൈകിന് ഹദീസ് എഴുതാനും റിപ്പോര്‍ട്ട് ചെയ്യാനും അനുമതി നല്‍കുകയുണ്ടായി.'38 ബശീര്‍ പറയുന്നത് കാണുക: 'ഞാന്‍ എഴുതിയ ഹദീസ് രേഖകളുമായി അബൂഹുറൈറയെ സമീപിച്ചു. ഞാന്‍ അദ്ദേഹത്തിന് വായിച്ചു കേള്‍പ്പിച്ചു. ഇത് ഞാന്‍ താങ്കളില്‍നിന്ന് കേട്ടവയാണ്.' അബൂഹുറൈറ(റ): 'അതേ.'39 അബൂഹുറൈറ(റ)യുടെ കൈവശം ധാരാളം ഹദീസ് രേഖകള്‍ താന്‍ കണ്ടതായി അംറുബ്‌നു ഉമയ്യദ്ദംരി റിപ്പോര്‍ട്ട് ചെയ്യുന്നു.40 ചില ഹദീസുകള്‍ അബൂഹുറൈറ(റ) ഹമ്മാമുബ്‌നു മുനബ്ബഹിന് പറഞ്ഞുകൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
മുആവിയ (റ), മുഗീറത്തുബ്‌നു ശുഅ്ബ(റ)ക്ക് എഴുതിയ കത്തില്‍ 'താങ്കള്‍ നബി(സ)യില്‍നിന്ന് കേട്ട ഹദീസുകള്‍ എനിക്ക് എഴുതി അയച്ചു തരണം' എന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതുപ്രകാരം മുഗീറ(റ), നബി(സ)യുടെ 'കണ്ടതും കേട്ടതും പറയുന്നതും കൂടുതലായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും സമ്പത്ത് പാഴാക്കുന്നതും നിരോധിച്ചു' എന്ന ഹദീസ് എഴുതി നല്‍കുകയുണ്ടായി.41

സിയാദുബ്‌നു അബീസുഫ്‌യാന്‍ ആഇശ(റ)യോട് ഹാജിമാരുമായി ബന്ധപ്പെട്ട സംശയം ചോദിച്ചതും അവര്‍ നബി(സ)യുടെ രീതി പറഞ്ഞുകൊടുത്തതും42 മറ്റൊരു ഉദാഹരണമാണ്. നബിയുടെ ഉറ്റമിത്രമായിരുന്ന അബൂറാഫിഇ(റ)നോട് ഇബ്‌നു അബ്ബാസ് (റ) ചോദ്യങ്ങള്‍ ചോദിക്കുകയും അതെഴുതിയെടുക്കാന്‍ ആളെ കൊണ്ടുപോവുകയും ചെയ്തിരുന്നു.43 ഹദീസുകള്‍ എഴുതിയെടുക്കാന്‍ അദ്ദേഹത്തിന്റെ വശം ഫലകങ്ങള്‍ ഉണ്ടായിരുന്നു.44 ഇബ്‌നു അബ്ബാസ്(റ) എഴുതാനും പഠിക്കാനും ആളുകളെ പ്രേരിപ്പിക്കുമായിരുന്നു. 'നിങ്ങള്‍ വിജ്ഞാനത്തെ പുസ്തകത്തില്‍ ബന്ദിയാക്കുക, ആരാണ് ഒരു ദിര്‍ഹമിന് എന്നില്‍നിന്ന് വിജ്ഞാനം വാങ്ങുക'45 എന്നദ്ദേഹം ചോദിക്കുമായിരുന്നു. മുജാഹിദുബ്‌നു ജുബൈറിന് ഖുര്‍ആന്‍ വ്യാഖ്യാനം പറഞ്ഞുകൊടുത്തിരുന്ന ഇബ്‌നു അബ്ബാസ്(റ), അത് എഴുതിവെക്കാന്‍ നിര്‍ദേശിച്ചിരുന്നു.46 ഇറാഖിലെ അമീറായിരുന്ന ഹജ്ജാജ്, സഹോദരിയെ അവിഹിതത്തിന് നിര്‍ബന്ധിച്ച ഒരു സഹോദരന്റെ വിഷയത്തിലെ ഫത്‌വ ചോദിച്ചപ്പോള്‍ തദ്വിഷയകമായ നബി(സ)യുടെ ഒരു ഹദീസ് ഇബ്‌നു അബ്ബാസ് (റ) അയച്ചുകൊടുക്കുകയുണ്ടായി. അംറുബ്‌നുല്‍ ആസ്വിന്റെ മകന്‍ അബ്ദുല്ല സ്വന്തമായി ഒരു ഏട് സൂക്ഷിച്ചിരുന്നു (അതേപ്പറ്റി വഴിയെ).

'എന്നില്‍നിന്ന് ഖുര്‍ആനൊഴികെ വല്ലതും എഴുതിയവര്‍ അത് മായ്ച്ചുകളയട്ടെ' എന്ന നബിവചനം ഉദ്ധരിച്ച അബൂസഈദില്‍ ഖുദ്‌രി(റ) 'ഞങ്ങള്‍ ഖുര്‍ആനും തശഹ്ഹുദും അല്ലാതെ എഴുതിയിരുന്നില്ല' എന്നു പറയുകയുായി (തശഹ്ഹുദ് ഹദീസാണല്ലോ എന്ന് സൂചന).47 ബറാഉബ്‌നു ആസിബ് ആളുകള്‍ക്ക് ഹദീസുകള്‍ കൈമാറുകയും അവര്‍ അതെഴുതിയെടുക്കുകയും ചെയ്തിരുന്നു. അബ്ദുല്ലാഹിബ്‌നു ഖുനൈസ് പറയുന്നു: 'ആളുകള്‍ ബറാഇ(റ)ന്റെ അടുത്തിരുന്ന് ഹദീസുകള്‍ എഴുതിയെടുത്തിരുന്നു. അവരുടെ കൈകളില്‍ ഈറ്റ(മുള)യുടെ എഴുത്താണികളുണ്ടായിരുന്നു.'48

മുഗീറത്തുബ്‌നു ശുഅ്ബയുടെ എഴുത്തുകാരന്‍ വര്‍റാദ്, മുഗീറയുടെ മുമ്പില്‍ വെച്ച് എഴുതിയിരുന്നു.49 ഇബ്‌നു ഉമര്‍ (റ) രാവിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങിയിരുന്നത് താന്‍ എഴുതിയത് വായിച്ച ശേഷമായിരുന്നു.50 പത്തുവര്‍ഷക്കാലം നബി(സ)യുടെ സേവകനായി പ്രവര്‍ത്തിച്ച അനസ്(റ) തന്റെ മക്കളോട്, 'നിങ്ങള്‍ വിജ്ഞാനത്തെ രേഖപ്പെടുത്തി ബന്ദിയാക്കുക' എന്നു പറയാറുണ്ടായിരുന്നു.51 ഒരു വിശേഷാല്‍ ഹദീസ് കേട്ടപ്പോള്‍ അത് എഴുതിവെക്കാന്‍ അനസ്(റ) മക്കളോട് പറയുകയുണ്ടായി. അദ്ദേഹം ഹദീസ് എഴുതാനായി പറഞ്ഞുകൊടുത്തിരുന്നു.52 അറിവുതേടി ആളുകള്‍ ധാരാളം വന്നു തുടങ്ങിയപ്പോള്‍ അദ്ദേഹം ഒരു കൂട്ടം പുസ്തകങ്ങള്‍ കൊണ്ടുവന്ന് അവരുടെ മുമ്പില്‍ വെച്ചിട്ട് പറഞ്ഞു: 'ഇവയത്രയും ഞാന്‍ നബി(സ)യില്‍നിന്ന് കേട്ടവയും എഴുതിയെടുത്തവയും അദ്ദേഹത്തിന് കാണിച്ചുകൊടുത്തവയുമാണ്.53

മുകളില്‍ കൊടുത്ത വിവരങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാവുന്നത്, സ്വഹാബികള്‍ ഹദീസുകള്‍ എഴുതാന്‍ അനുവദിക്കുകയും സ്വന്തമായി ഹദീസുകള്‍ എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു എന്നാണ്; ന്യായമായ കാരണങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ എഴുതാതിരുന്ന സ്വഹാബികള്‍, തടസ്സങ്ങള്‍ നീങ്ങിയപ്പോള്‍ എഴുതിയിരുന്നു എന്നാണ്. അലി (റ), ഹസന്‍ (റ), ഇബ്‌നു അബ്ബാസ്(റ), അനസുബ്‌നു മാലിക് (റ) എന്നിവര്‍ ഖുര്‍ആന്‍ ഒഴികെ മറ്റുള്ളവ എഴുതാതിരുന്നുവെങ്കിലും അവര്‍ ഇസ്തിഖാറത്തും തശഹ്ഹുദും എഴുതിയിരുന്നു. ഖുര്‍ആനുമായി ഇടകലരാതിരിക്കുക എന്നതായിരുന്നു കരുതലിനു കാരണം. ഖത്വീബുല്‍ ബഗ്ദാദി എഴുതുന്നു: 'നിര്‍ഭയാവസ്ഥ സംജാതമായപ്പോള്‍ എഴുതുന്നത് വിലക്കിയില്ല. തശഹ്ഹുദും ഇതര വിജ്ഞാനീയങ്ങളും ഖുര്‍ആനല്ലെന്നു വ്യക്തമാണല്ലോ. സ്വഹാബികള്‍ ഒരു ഘട്ടത്തില്‍ എഴുതാതിരുന്നതും മറ്റൊരു ഘട്ടത്തില്‍ എഴുതിയതും ഒരുപോലെ സൂക്ഷ്മതയുടെ ഭാഗമായാണ്.'54

ക്രോഡീകരണം താബിഉകളുടെ കാലത്ത്
സ്വഹാബികള്‍ നബി(സ)യില്‍നിന്നെന്ന പോലെ, താബിഉകള്‍ സ്വഹാബികളില്‍നിന്ന് വിജ്ഞാനമാര്‍ജിച്ചു, ഇടകലര്‍ന്ന് ജീവിച്ച് എല്ലാം പഠിച്ചെടുത്തു. നബി(സ)യുടെ ഹദീസുകള്‍ക്ക് അവര്‍ മുഖ്യപരിഗണന നല്‍കി. സ്വഹാബികള്‍ ഹദീസുകള്‍ എഴുതാതിരുന്നതും എഴുതിയതും ഏതു സാഹചര്യത്തിലായിരുന്നുവെന്ന് അവര്‍ മനസ്സിലാക്കി. സ്വഹാബികള്‍ തങ്ങള്‍ക്ക് മാതൃകയായതിനാല്‍ മറ്റു വിഷയങ്ങളിലെന്നപോലെ ഹദീസ് ക്രോഡീകരണത്തിലും ഇരുവിഭാഗത്തിന്റെയും അഭിപ്രായങ്ങള്‍ ഏകമായിരുന്നു. സച്ചരിതരായ നാലു ഖലീഫമാരും സ്വഹാബികളും എന്തു കാരണത്താലാണോ ക്രോഡീകരിക്കാതിരുന്നത്, അതേ കാരണത്താല്‍ തന്നെയാണ് താബിഉകളും അതിനു താല്‍പര്യമെടുക്കാതിരുന്നത്. എങ്കിലും അവരിലെ ഭൂരിപക്ഷവും ക്രോഡീകരണത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.

താബിഉകളിലെ മുതിര്‍ന്നവരും മധ്യപ്രായത്തിലുള്ളവരും ചെറുപ്രായക്കാരും ക്രോഡീകരണ വിഷയത്തില്‍ രണ്ടു നിലപാടുകാരായിരുന്നു- വേണമെന്ന് ഒരുപക്ഷം, വേണ്ടെന്ന് മറുപക്ഷം. പില്‍ക്കാല സ്വഹാബികളും മുതിര്‍ന്ന താബിഉകളും ക്രോഡീകരിക്കണം എന്ന പക്ഷക്കാരായിരുന്നു.55

ഉബൈദുബ്‌നു അംറ് അസ്സല്‍മാനി അല്‍ മുറാദീ (ഹി. 72), ഇബ്‌റാഹീമുബ്‌നു യസീദ് അത്തമീമി (ഹി. 92), ജാബിറുബ്‌നു സൈദ് (ഹി. 93), ഇബ്‌റാഹീമുന്നഖഈ (ഹി. 96) മുതലായവര്‍ ക്രോഡീകരിക്കേണ്ടതില്ല എന്ന പക്ഷക്കാരായിരുന്നു. ഇവരില്‍ ഉബൈദ തന്റെ അടുത്ത് വെച്ച് ആരെങ്കിലും എഴുതുന്നതോ, ആരെങ്കിലും വായിക്കുന്നതോ ഇഷ്ടപ്പെട്ടിരുന്നില്ല.56 ഇബ്‌റാഹീമാവട്ടെ, എന്റെ വകയായി ഒരു ഗ്രന്ഥവും ശാശ്വതമായി വേണ്ട എന്നു പറയുമായിരുന്നു.57 മരിക്കുന്നതിനു മുമ്പ് തന്റെ ഗ്രന്ഥങ്ങളെല്ലാം കത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'വരും തലമുറ അവയെ അസ്ഥാനത്ത് ഉപയോഗപ്പെടുത്തിക്കളയുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.'58 ഇബ്‌റാഹീമുന്നഖഈ, മുസ്വ്ഹഫുകളോട് സദൃശമാകത്തക്കവിധം എഴുതിവെക്കുന്നതിനോട് വിയോജിച്ചു.59 ഞാന്‍ ഒന്നും എഴുതിവെച്ചിട്ടില്ല എന്നായിരുന്നു ഇബ്‌റാഹീം പറയാറ്.60 ഹമ്മാദുബ്‌നു സുലൈമാന്‍ ഹദീസുകളുടെ തുടക്കം എഴുതിവെച്ചപ്പോള്‍ ഇബ്‌റാഹീം അദ്ദേഹത്തെ വിലക്കുകയുണ്ടായി.61 'ഞാന്‍ വെള്ളയില്‍ കറുപ്പ് കൊണ്ട് എഴുതിയിട്ടില്ല, ഒരാളില്‍നിന്ന് ഹദീസ് കേട്ടിട്ട് അത് ആവര്‍ത്തിച്ചു പറയാന്‍ ഞാന്‍ ആരോടും ആവശ്യപ്പെട്ടിട്ടുമില്ല.'62 ഹദീസുകള്‍ രേഖപ്പെടുത്തുന്നത് വ്യക്തിപരമായി കൂടുതല്‍ ഇഷ്ടപ്പെടാതിരുന്ന താബിഉകള്‍ തങ്ങളുടെ ശിഷ്യന്മാര്‍ എഴുതിയെടുക്കുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു.
എഴുതുന്നത് ഇഷ്ടപ്പെടാതിരുന്നത് തങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി ശിഷ്യന്മാര്‍ എഴുതിവെച്ചുകളയുമോ എന്നതിനാലായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്റെ അധ്യാപകന്‍ ഡോ. യൂസുഫുല്‍ ഉശ്ശ് എഴുതുന്നു: 'താബിഈ തലമുറയിലെ സഈദുബ്‌നുല്‍ മുസയ്യബ് (ഹി. 94), താവൂസ് (ഹി. 106), ഖാസിം (ഹി. 107) പോലുള്ളവരെല്ലാം ഫഖീഹുകളായിരുന്നു. ഫഖീഹല്ലാത്ത ഹദീസ് പണ്ഡിതന്മാരായി അവരില്‍ ആരുമുണ്ടായിരുന്നില്ല. ഫഖീഹുകള്‍ ഹദീസിനെയും അതേക്കുറിച്ച് തന്റെ വീക്ഷണത്തെയും സംയോജിപ്പിച്ചാണ് അവതരിപ്പിക്കുക. ശിഷ്യന്മാര്‍, തങ്ങളുടെ ഇജ്തിഹാദിനെയും വീക്ഷണത്തെയും ഹദീസുകളുടെ കൂടെച്ചേര്‍ത്ത് എഴുതിക്കളയുമോ എന്ന് അവര്‍ സ്വാഭാവികമായും ആശങ്കിച്ചിരുന്നു.'63 ചില ഉദാഹരണങ്ങള്‍ കാണുക: ഒരിക്കല്‍ ഒരാള്‍ സഈദുബ്‌നു മുസയ്യബിനെ സമീപിച്ച് ഒരു വിഷയത്തെക്കുറിച്ച് ചോദിച്ചു. അദ്ദേഹം മറുപടി കൊടുത്തു. ആഗതന്‍ തുടര്‍ന്ന് തദ്വിഷയകമായി ഇബ്‌നു മുസയ്യബിന്റെ വ്യക്തിഗതമായ അഭിപ്രായം ആരാഞ്ഞു. ആഗതന്‍ അത് എഴുതിയെടുത്തു. അപ്പോള്‍ സദസ്സില്‍നിന്നൊരാള്‍ ഇടപെട്ടുകൊണ്ടു പറഞ്ഞു: താങ്കളുടെ അഭിപ്രായം എഴുതിവെക്കണമോ? ഇബ്‌നു മുസയ്യബ് ആഗതനോട് പറഞ്ഞു: 'അതിങ്ങ് തരൂ' അദ്ദേഹം അത് വാങ്ങി നശിപ്പിച്ചുകളഞ്ഞു.64 തന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും എഴുതി സൂക്ഷിച്ചവരോട് ജാബിറുബ്‌നു സൈദ് പറഞ്ഞത് 'നാളെ ഒരുപക്ഷേ, ഞാന്‍ തിരുത്തിപ്പറഞ്ഞേക്കാവുന്ന അഭിപ്രായമാണ് നിങ്ങള്‍ എഴുതിവെക്കുന്നത്' എന്നായിരുന്നു.65

ഇത്രയും വിവരിച്ചതില്‍നിന്ന്, ഹദീസുകള്‍ എഴുതരുതെന്നല്ല, അതോടൊപ്പം ഗുരുനാഥന്മാരുടെ അഭിപ്രായങ്ങള്‍ ചേര്‍ത്തെഴുതരുതെന്നാണ്. ഖുര്‍ആനും ഹദീസും ഇടകലരുക, ഖുര്‍ആന്റെ മുന്‍ഗണന നഷ്ടപ്പെടുമാറ് ഹദീസുകളില്‍ ആമഗ്നരാവുക പോലുള്ളവ സംഭവിച്ചേക്കുമോ എന്ന നബിയുടെയും സ്വഹാബികളുടെയും അതേ ആശങ്ക തന്നെയാണ് താബിഉകളും മുഖവിലക്കെടുത്തത്.66

താബിഉകള്‍ എഴുതാന്‍ പ്രേരിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു എന്നത് നമ്മുടെ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. ഹദീസുകളും പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും വെവ്വേറെ എഴുതിയിരിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടതു മുതല്‍ എഴുത്ത് കൂടുതല്‍ സജീവമായി. ഇബ്‌നു അബ്ബാസിന്റെ ശിഷ്യനായിരുന്ന സഈദുബ്‌നു ജുബൈര്‍ (ഹി. 95) ഏടുകള്‍ നിറഞ്ഞാല്‍ ചെരിപ്പുകളില്‍ എഴുതിവെച്ചിരുന്നതായി കാണാം.67 ഇബ്‌നു ജുബൈര്‍ പറയുന്നു: ഇബ്‌നു ഉമറിന്റെയും ഇബ്‌നു അബ്ബാസിന്റെയും മധ്യത്തിലായി ഞാന്‍ സഞ്ചരിക്കുമായിരുന്നു. ഇരുവരില്‍നിന്നും കേള്‍ക്കുന്ന ഹദീസുകള്‍ ഞാന്‍ ഒട്ടകത്തിന്റെ ജീനിയില്‍ എഴുതിവെക്കുകയും നിലത്തിറങ്ങുമ്പോള്‍ അത് പകര്‍ത്തിവെക്കുകയും ചെയ്തിരുന്നു.68 തനിക്ക് മനഃപാഠമാക്കല്‍ ബുദ്ധിമുട്ടുണ്ടെന്ന് അബ്ദുര്‍റഹ്‌മാന്‍ ബ്‌നു ഹര്‍മല പ്രയാസം പറഞ്ഞപ്പോള്‍ ഇബ്‌നുല്‍ മുസയ്യബ് അദ്ദേഹത്തെ എഴുതാന്‍ അനുവദിക്കുകയുണ്ടായി.69 താന്‍ വെളുപ്പില്‍ കറുപ്പാലെ ഒന്നും എഴുതിയിട്ടില്ല എന്നു പറഞ്ഞിരുന്ന ശഅ്ബി പില്‍ക്കാലത്ത് ഗ്രന്ഥമെന്നത് അറിവിനെ ബന്ദിയാക്കലാണെന്ന് ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു.70

'എന്നില്‍നിന്ന് കേള്‍ക്കുന്നവര്‍ ചുമരിലെങ്കിലും എഴുതിവെക്കുക' എന്ന് അദ്ദേഹം പറഞ്ഞിരുന്നു.71 എഴുത്തിനേക്കാള്‍ മനഃപാഠം ആശ്രയിച്ചിരുന്നയാളായിരുന്നു ശഅ്ബി. വല്ലതും കേട്ടാല്‍ ചുമരിലെങ്കിലും എഴുതിവെക്കുക എന്നതായിരുന്നു ദഹ്ഹാകുബ്‌നു മുസാഹിമിന്റെയും നിര്‍ദേശം. ഹജ്ജ് കര്‍മാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഹദീസുകള്‍ അദ്ദേഹം ഹുസൈനുബ്‌നു ഉഖൈലിനു എഴുതാന്‍ പറഞ്ഞുകൊടുത്തിരുന്നു.72
ഹസനുല്‍ ബസ്വ്‌രി(ഹി. 110)യുടെ കാലമായപ്പോഴേക്ക് ഗ്രന്ഥങ്ങള്‍ വര്‍ധിച്ചു. 'തങ്ങള്‍ക്ക് ഞങ്ങള്‍ പരിപാലിച്ചു സൂക്ഷിച്ചിരുന്ന ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു' എന്ന് അദ്ദേഹം പറഞ്ഞിരുന്നു.73 അബൂഖലാബയില്‍നിന്ന് നിവേദനം: ഒരിക്കല്‍ ഉമറുബ്‌നു അബ്ദില്‍ അസീസ് (ഹി: 61-101) ളുഹ്ര്‍ നമസ്‌കരിക്കാന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ഒരു കടലാസുണ്ടായിരുന്നു. അസ്വ്‌റിനു വന്നപ്പോഴും കടലാസു കണ്ട് ഞാന്‍ ചോദിച്ചു: 'അമീറുല്‍ മുഅ്മിനീന്‍, ഇതെന്താണ് രേഖ?' ഉമര്‍(റ): 'ഔനുബ്‌നു അബ്ദില്ലയില്‍നിന്ന് ഞാന്‍ ഒരു ഹദീസ് കേട്ടിരുന്നു. അത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാന്‍ അത് എഴുതിവെച്ചു'74 (ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ സംഭാവനകള്‍ വഴിയെ). മുകളിലെ സംഭവങ്ങളില്‍നിന്നെല്ലാം, വ്യത്യസ്ത താബിഈ തലമുറകളിലെല്ലാം ഹദീസെഴുത്ത് വ്യാപകമായിരുന്നു എന്നു വ്യക്തം. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ ഒടുവിലോ, രണ്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആരും അത് അഹിതകരമായി കണ്ടിരുന്നില്ല എന്നതാണ് ശരി. മുജാഹിദുബ്‌നു ജുബൈര്‍ (ഹി: 103) തന്റെ വിദ്യാര്‍ഥികള്‍ക്ക് തന്റെ റൂമിലേക്ക് കയറാനും പുസ്തകങ്ങള്‍ പകര്‍ത്തി എഴുതാനും സമ്മതം നല്‍കിയിരുന്നു.75 ഹിശാമുബ്‌നു അബ്ദില്‍ മലിക് തന്റെ ഗവര്‍ണര്‍ വഴി റജാഉബ്‌നു ഹയാത്തി(ഹി. 112)നോട് ഒരു ഹദീസിനെ പറ്റി ചോദിച്ചു. അതിനു റജാഇന്റെ മറുപടി, 'ഞാന്‍ അത് എഴുതിവെച്ചില്ലായിരുന്നുവെങ്കില്‍ മറന്നുപോയേനെ' എന്നായിരുന്നു.76 അത്വാഉബ്‌നു റബാഹ് (ഹി. 114) സ്വന്തമായി എഴുതി സൂക്ഷിക്കുകയും മകനെക്കൊണ്ട് എഴുതിക്കുകയും ചെയ്തിരുന്നു.77 അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ മുമ്പാകെ വെച്ച് എഴുതിയിരുന്നു.78 അബൂഹകീം അല്‍ ഹമദാനി പറയുന്നു: അത്വാഉബ്‌നു അബീ റബാഹ്, കുട്ടികളായ ഞങ്ങളെ വിളിച്ച്, 'വരൂ കുട്ടികളേ എഴുതൂ, നിങ്ങള്‍ക്ക് എഴുതാന്‍ അറിയില്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതിത്തരാം. കടലാസില്ലാത്തവര്‍ക്ക് എഴുതാന്‍ കടലാസു തരാം' എന്നു പറയുമായിരുന്നു.79

താബിഈ കാലഘട്ടത്തില്‍ വൈജ്ഞാനിക മേഖല വികസിക്കുകയും കൂടുതല്‍ ഊര്‍ജസ്വലമാവുകയും ചെയ്തു. പണ്ഡിതന്മാരുടെ സവിധത്തില്‍ എഴുതുകയും വായിക്കുകയും ചെയ്യുന്ന രീതി സജീവമായി. വലീദുബ്‌നു അബിസ്സാഇബിന്റെ താഴെ പ്രസ്താവന ശ്രദ്ധിക്കുക: 'മക്ഹൂലിന്റെയും നാഫിഇന്റെയും അത്വാഇന്റെയും സദസ്സുകളില്‍ ഹദീസുകള്‍ വായിക്കപ്പെടുന്നത് ഞാന്‍ കണ്ടു.'80 ഉബൈദുല്ലാഹിബ്‌നു റാഫിഇല്‍നിന്ന്: 'അബ്ദുര്‍റഹ്‌മാനുബ്‌നു ഹുര്‍മുസീ(ഹി: 117)യുടെ അടുത്ത് ആളുകള്‍ ഹദീസുകള്‍ അവതരിപ്പിക്കുന്നത് ഞാന്‍ കണ്ടു.'81 ഇബ്‌നു ഉമറിന്റെ വിമോചിത അടിമ നാഫിഅ് (ഹി. 117) പഠിതാക്കള്‍ക്ക് ഹദീസുകള്‍ പറഞ്ഞുകൊടുക്കുകയും അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ച് എഴുതിയെടുക്കുകയും ചെയ്തിരുന്നു.82 ഹദീസുകള്‍ എഴുതുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബതാദത്തുബ്‌നു ദിആമസ്സദ്ദൂസി (ഹി. 118) നല്‍കിയ മറുപടി താബിഈ തലമുറകള്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തിയിരുന്നു എന്നു മനസ്സിലാക്കാം.
''എന്തുകൊണ്ട് എഴുതിക്കൂടാ? അല്ലാഹു പറഞ്ഞത് കണ്ടില്ലേ?

قَالَ عِلْمُهَا عِندَ رَبِّي فِي كِتَابٍۖ لَّا يَضِلُّ رَبِّي وَلَا يَنسَى
'അതേക്കുറിച്ച അറിവ് എന്റെ റബ്ബിങ്കല്‍ ഒരു ഗ്രന്ഥത്തിലുണ്ട്. എന്റെ റബ്ബിന് തെറ്റുകയില്ല, അവന്‍ മറക്കുകയുമില്ല' (ത്വാഹാ; 52).''83 താബിഈ കാലഘട്ടത്തില്‍ ഹദീസുകളുടെ ക്രോഡീകൃത രേഖകള്‍ വര്‍ധിച്ചു. ഖാലിദുല്‍ കലാഈ(ഹി. 104)യുടെ സമാഹാരം ധാരാളം കയറുകള്‍ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.84
ഹിജ്‌റ നൂറാം വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉമറുബ്‌നു അബ്ദില്‍ അസീസ് (റ) പ്രമുഖ പണ്ഡിതന്മാരോട് ഹദീസുകള്‍ ശേഖരിക്കാനും ക്രോഡീകരിക്കാനും കല്‍പിച്ചു. എന്നിട്ടവ തന്റെ ഭരണത്തിനു കീഴിലെ എല്ലാ നാടുകളിലേക്കും അയച്ചുകൊടുത്തു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗികമായ ഒന്നാമത്തെ സമാഹാരമായാണ് ഇതിനെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.

രേഖപ്പെടുത്തുന്നതിനോടുള്ള വിരക്തി തിരിച്ചുവരുന്നു
ഇത്രയും വായിക്കുമ്പോള്‍, ഹദീസുകള്‍ രേഖപ്പെടുത്തുന്നതിനോടുള്ള വിരക്തി, അതിന്റെ അനുവദനീയതയുടെ മുമ്പില്‍ പരാജയപ്പെട്ടതായി തോന്നും. രാഷ്ട്രം തന്നെ മുന്‍കൈയെടുത്ത് എഴുത്തു സമാഹാരങ്ങള്‍ക്ക് ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും, എഴുതിവെക്കുന്നത് ഇഷ്ടപ്പെടാതിരുന്നവരുടെ ശബ്ദം വീണ്ടും ഉയര്‍ന്നുവന്നു. താബിഉകളിലെ രണ്ടാം തലമുറകളുമായിരുന്നു ഇവര്‍. ഹദീസുകള്‍ കടലാസുകളില്‍ എഴുതുന്നതും പണ്ഡിതന്മാരും വിദ്യാര്‍ഥികളും അവ ആശ്രയിക്കുന്നതും മനഃപാഠമാക്കാതിരിക്കുന്നതും അവര്‍ ശരിയായി കണ്ടില്ല. എഴുത്ത് അനുവദിക്കാതിരുന്ന രേഖകള്‍ അവര്‍ മുറുകെ പിടിച്ചു. ഹദീസ് പണ്ഡിതന്മാര്‍ രേഖാ സമാഹാരങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഹദീസുകള്‍ മനഃപാഠമാക്കുന്ന സ്വഹാബികളുടെ രീതിയും ശൈലിയും തിരികെ കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിച്ചു. മനഃപാഠമാക്കാതെ, ഗ്രന്ഥങ്ങള്‍ നോക്കുന്നത് അവര്‍ അനഭിലഷണീയമായി കണ്ടില്ല.

മനഃപാഠമാക്കുന്നത് നിര്‍ത്തി, ഗ്രന്ഥങ്ങളെ മാത്രം ആശ്രയിക്കുന്നത് ഓര്‍മശക്തിയെ നിര്‍വീര്യമാക്കലും ആ മേഖലയില്‍നിന്നുള്ള വിട്ടുനില്‍പുമായി അവര്‍ കരുതി.
നേരത്തേ ഹദീസുകള്‍ എഴുതി സൂക്ഷിക്കുന്നത് അനുവദിച്ചിരുന്ന ദഹ്ഹാക്കു ബ്‌നു മുസാഹിം തന്റെ നിലപാട് പുനഃപരിശോധിച്ചുകൊണ്ട് പറയുന്നു: 'ജനങ്ങള്‍ക്ക് ഒരു കാലം വരാന്‍ പോവുന്നു. അന്ന് ഹദീസുകള്‍ വര്‍ധിക്കുകയും, നോക്കാന്‍ ആളില്ലാതെ മുസ്വ്ഹഫുകള്‍ പൊടിപിടിച്ച് കിടക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവും.'85 അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പ്രസ്താവന ഇങ്ങനെ വായിക്കാം: 'ആളുകള്‍ക്ക് ഒരു കാലം വരും. അന്ന് തൂങ്ങിക്കിടക്കുന്ന മുസ്വ്ഹഫില്‍ ചിലന്തി വലകെട്ടും. മുസ്വ്ഹഫ് പ്രയോജനപ്പെടുത്താത്ത അവസ്ഥയുണ്ടാവും. ആളുകള്‍ ഹദീസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാവും.'86 ഖുര്‍ആനേക്കാള്‍ ഹദീസുകള്‍ക്ക് മുഖ്യപരിഗണന കല്‍പിക്കുന്നതിനെതിരെ അദ്ദേഹം, 'മുസ്വ്ഹഫുകള്‍ തയാറാക്കാന്‍ കടലാസുകള്‍ ഉപയോഗിക്കുന്നതുപോലെ ഹദീസുകള്‍ക്ക് നിങ്ങള്‍ കടലാസുകള്‍ ഉപയോഗിക്കാതിരിക്കുക' എന്നുവരെ പറയുകയുണ്ടായി.87 'വിജ്ഞാനം എഴുതിവെക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഭരണാധികാരികള്‍ ഞങ്ങളെ എഴുതാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അത് മുസ്‌ലിംകള്‍ക്ക് വിലക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു' എന്ന ഇമാം സുഹ്‌രിയുടെ പ്രസ്താവനയും ഇതോട് ചേര്‍ത്തുവായിക്കാം.88 ഇതേ ഇമാം സുഹ്‌രി നേരത്തേ ഹദീസുകള്‍ എഴുതുകയും എഴുതാന്‍ പഠിതാക്കളെ പ്രോത്സാഹിപ്പിക്കുകയും ഹദീസ് നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ ചെരുപ്പിന്റെ പുറത്ത് എഴുതിവെക്കുകയും ചെയ്തിരുന്നതാണ്.89 ഹിശാമുബ്‌നു അബ്ദില്‍ മലിക് തന്റെ മകള്‍ക്ക് ഹദീസുകള്‍ പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇമാം സുഹ്‌രി ആ ഉത്തരവാദിത്വം നിര്‍വഹിച്ചതും ചരിത്രമാണ്.90 'രാജാക്കന്മാര്‍ എന്നോട് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. അവര്‍ക്കെഴുതിക്കൊടുത്ത ഞാന്‍ സാധാരണക്കാര്‍ക്ക് എങ്ങനെയാണ് എഴുതി നല്‍കാതിരിക്കുക' എന്ന് സുഹ്‌രി ആത്മഭാഷണം നടത്തിയിരുന്നു.91

ഹദീസുകള്‍ കടഞ്ഞെടുക്കാനുള്ള ഇമാം സുഹ്‌രിയുടെ ആഗ്രഹം ഹദീസുകള്‍ ക്രോഡീകരിക്കാനുള്ള അദ്ദേഹത്തിന്റെയും സമകാലീനരുടെയും ശ്രമങ്ങള്‍ക്ക് വലിയ പ്രചോദനമാവുകയുണ്ടായി. അത് വഴിയെ നമുക്ക് മനസ്സിലാവും.
'ഞാന്‍ ഒരു ഹദീസ്‌പോലും എഴുതിവെച്ചിട്ടില്ല, മനഃപാഠമാക്കുകയായിരുന്നു' എന്നാണ് സഈദുബ്‌നു അബ്ദില്‍ അസീസ് പറഞ്ഞിരുന്നത്.92
ഇമാം ഔസാഈ(മ.ഹി. 157)യാവട്ടെ, പഠിതാക്കള്‍ക്ക് ഹദീസുകള്‍ പറഞ്ഞുകൊടുക്കുകയും തെറ്റുതിരുത്തിക്കൊടുക്കുകയും ചെയ്തിരുന്നുവെങ്കിലും മനഃപാഠമാക്കാതെ പുസ്തകങ്ങളെ മാത്രം ആശ്രയിച്ചു പഠിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.93 പണ്ഡിതന്മാരുടെ വായകളില്‍നിന്ന് അറിവു നേടുക എന്ന രീതിക്കു പകരം എഴുതുന്ന രീതിയെ അദ്ദേഹം മോശമായാണ് കണ്ടിരുന്നത്. 'ഹദീസ് വിജ്ഞാനീയം പണ്ഡിതന്മാരുടെ വായകളില്‍നിന്ന് സ്വീകരിച്ചിരുന്നപ്പോള്‍ അത് പവിത്രമായിരുന്നു' എന്ന് അദ്ദേഹം പറഞ്ഞിരുന്നു.94 'ഹദീസുകള്‍ ഗ്രന്ഥങ്ങളിലായപ്പോള്‍ അതിന്റെ വെളിച്ചം കെട്ടുപോയി. അനര്‍ഹരായ ആളുകള്‍ അത് കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടായി.'95

ചില താബിഈ പണ്ഡിതന്മാര്‍ ഹദീസുകള്‍ മനഃപാഠമാക്കാനായി എഴുത്തിനെ ആശ്രയിക്കുകയും മനഃപാഠമാക്കിയ ശേഷം, എഴുതിയത് മായ്ക്കുകയുമുണ്ടായി. സുഫ്‌യാനുസ്സൗരി (ഹി. 161), ഹമ്മാദുബ്‌നു സലമ (ഹി. 167) മുതലായവര്‍ ഈ ഗണത്തില്‍ വരുന്നു.96 ഖാലിദുല്‍ ഹദ്ദാഅ് (ഹി. 141) പറയുന്നു: 'ഒരു ദീര്‍ഘമായ ഹദീസല്ലാതെ ഞാന്‍ ഒന്നും എഴുതിയിട്ടില്ല. മനഃപാഠമാക്കിയ ഹദീസുകള്‍ ഞാന്‍ മായ്ച്ചുകളഞ്ഞിരുന്നു.'97
മിക്ക താബിഉകളും തങ്ങളുടെ ഗ്രന്ഥങ്ങളും തങ്ങളുടെ മരണത്തിനു മുമ്പെ മായ്ക്കുകയോ, വിശ്വസ്തരായ ആളുകള്‍ക്ക് കൈമാറുകയോ ചെയ്തിരുന്നു. അനര്‍ഹര്‍ കൈകാര്യം ചെയ്തുകളയുമോ എന്ന ആശങ്കയായിരുന്നു കാരണം. അബൂഖലാബ (ഹി. 104) തന്റെ കൃതികള്‍ അയ്യൂബിനു കൈമാറി. ശുഅ്ബബ്‌നുല്‍ ഹജ്ജാജ് തന്റെ മരണശേഷം ഗ്രന്ഥങ്ങള്‍ വെള്ളത്തില്‍ കഴുകിക്കളയണമെന്ന് മകനെ ഉപദേശിച്ചു.98,99
എഴുതുന്നത് അനഭിലഷണീയമായി കരുതുന്ന പ്രവണതക്ക്, പക്ഷേ, എഴുത്തിനെ പ്രതിരോധിക്കാനായില്ല. എഴുത്തു വിരോധത്തേക്കാള്‍

എഴുത്തിനനുകൂലമായിരുന്നുതാബിഉകളുടെ പൊതു മനസ്സ്. അയ്യൂബുസ്സഖ്തിയാനീ (ഹി. 131) എഴുതുന്നതിനെ അനഭിലഷണീയമായി കണ്ടിരുന്നവരെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത്, ''നാം എഴുതിവെക്കുന്നതിനെ അവര്‍ ന്യൂനതയായി കാണുന്നു. എന്നിട്ടവര്‍, 'അതേക്കുറിച്ച് അറിവ് എന്റെ റബ്ബിങ്കല്‍ ഒരു ഗ്രന്ഥത്തിലുണ്ടെ'ന്ന (ത്വാഹാ: 52) സൂക്തം ഓതുകയും ചെയ്യുന്നു'' എന്നായിരുന്നു.100

വൈകാതെ രണ്ടു പ്രവണതകളും ഏകീകൃതമായി. അനഭിലഷണീയമായി കണ്ടവര്‍ ഹദീസുകളുടെ സംരക്ഷണത്തിന് മനഃപാഠവും എഴുത്തും ഒന്നിച്ചുപയോഗപ്പെടുത്തണമെന്ന് അംഗീകരിക്കേണ്ടിവന്നു. പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇബ്‌നുസ്സ്വലാഹ് എഴുതുന്നു: 'ഈ വിഷയകമായ അഭിപ്രായ വ്യത്യാസം നീങ്ങി. എഴുത്തിനെ മുസ്‌ലിംകള്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഹദീസുകള്‍ ഗ്രന്ഥങ്ങളില്‍ എഴുതി സൂക്ഷിച്ചില്ലായിരുന്നുവെങ്കില്‍ അവ പില്‍ക്കാലത്ത് നഷ്ടപ്പെട്ടുപോകുമായിരുന്നു.'101

ഹദീസ് പണ്ഡിതന്‍ റാമഹര്‍മുസി എഴുതുന്നു:
'ഹദീസുകള്‍ കൃത്യമാവണമെങ്കില്‍ എഴുതിവെക്കണം. പരസ്പര ചര്‍ച്ചകളും പഠനങ്ങളും നടക്കണം. മനഃപാഠമാക്കിയും പരിപാലിച്ചും വശമാക്കണം. ചോദ്യങ്ങള്‍ ഉന്നയിച്ചും ഓര്‍മ പുതുക്കിയും നവീകരിക്കണം. റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് പരിശോധിച്ചറിയണം, ഉദ്ധരിക്കുന്നവയെക്കുറിച്ച് അവഗാഹം വേണം. ആദ്യകാല തലമുറകള്‍ നബി(സ)യുടെ കാലവുമായി അടുത്തവരായതിനാലും, നിവേദകര്‍ സമീപകാലക്കാരായതിനാലും, എഴുതുന്നവര്‍ മനഃപാഠമൊഴിവാക്കി എഴുത്തിനെ മാത്രം ആശ്രയിച്ചുകളയുമോ എന്ന ആശങ്ക നിലനിന്നിരുന്നതിനാലുമാണ് ആദ്യഘട്ടത്തില്‍ എഴുതുന്നത് അനഭിലഷണീയമായി കണ്ടത്. എന്നാല്‍ കാലം പിന്നിടുകയും നിവേദക പരമ്പരകള്‍ അടുത്തല്ലാതിരിക്കുകയും വ്യത്യസ്തമായിരിക്കുകയും നിവേദകര്‍ സദൃശരാവുകയും മറവി വന്നുപെടാവുന്നതിനാലും മനഃപാഠമാക്കിയത് ശരിയോ തെറ്റോ എന്ന ശങ്ക സ്വാഭാവികമായതിനാലും ഹദീസുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതു തന്നെയാണ് കൂടുതല്‍ കരണീയം.'102

ഈ വിഷയകമായി പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ടു ധാരകള്‍ -എഴുത്തിനെ അനുകൂലിച്ചവരും മനഃപാഠത്തെ പിന്തുണച്ചവരും- നിലനിന്നത് രണ്ടു പക്ഷങ്ങളായി ചേരിതിരിഞ്ഞതിനാലല്ല. പ്രത്യുത, നാം ഇതിനകം വിശദീകരിച്ച കാരണങ്ങളാലാണ്. വിലക്കേണ്ട സാഹചര്യമുണ്ടെന്ന് ബോധ്യമായപ്പോള്‍ വിലക്കി, വിലക്ക് എടുത്തുകളയേണ്ട സാഹചര്യമുണ്ടെന്ന് മനസ്സിലായപ്പോള്‍ വിലക്ക് നീക്കി- ഏറ്റവും ഒടുവില്‍ ഹദീസുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുണ്ടെന്ന് ഇസ്‌ലാമിക സമൂഹം ഏകോപിത വീക്ഷണത്തിലെത്തുകയായിരുന്നു.

സംഗ്രഹം
1. നബി(സ)യുടെ കാലത്ത് ഹദീസുകള്‍ ഔദ്യോഗികമായി രേഖപ്പെടുത്താതിരുന്നത്, അന്നത്തെ മുസ്‌ലിംകള്‍ക്ക് എഴുത്തും വായനയും അറിയാത്തതിനാലായിരുന്നില്ല. അന്ന് വായനയും എഴുത്തും അറിയാവുന്നവര്‍ ഉണ്ടായിരുന്നു (അതുകൊണ്ടാണല്ലോ ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ കഴിഞ്ഞത്). ഹദീസുകള്‍ ഖുര്‍ആനുമായി ഇടകലര്‍ന്നുപോകുമോ എന്ന ആശങ്കയാലാണ് പ്രധാനമായും എഴുതാതിരുന്നത്. ഖുര്‍ആന്‍ എഴുത്ത്, പഠനം, മനഃപാഠം എന്നിവക്കു പകരം മുസ്‌ലിംകള്‍ ഹദീസുകളില്‍ കെട്ടുപിണഞ്ഞു പോകുമോ എന്ന ആശങ്കയും നിലനിന്നിരുന്നു.

2. നബി(സ) എഴുത്ത് വിലക്കിയതും അനുവദിച്ചതും തമ്മില്‍ വൈരുധ്യം കാണേണ്ടതില്ല. മനഃപാഠമാക്കാന്‍ കഴിയുന്നവരും നന്നായി എഴുതാനറിയാത്തവരും മനഃപാഠമാക്കുകയാണ് വേണ്ടതെന്ന് നിര്‍ദേശിക്കപ്പെട്ടു. മനഃപാഠമാക്കാന്‍ കഴിയാത്തവര്‍ക്ക് എഴുതാന്‍ അനുവാദവും ലഭിച്ചു. ഇസ്‌ലാമിന്റെ ആദ്യഘട്ടത്തില്‍ ഖുര്‍ആനും സുന്നത്തും കൂടിക്കലരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയപ്പോള്‍ പിന്നീട് ഹദീസുകള്‍ രേഖപ്പെടുത്താന്‍ നിരുപാധികം അനുവാദം നല്‍കപ്പെട്ടു (ഇത് ഇസ്‌ലാമിലെ വിരുദ്ധ ഗ്രൂപ്പുകളുടെ നിലപാടുകളായിരുന്നു എന്ന ഇസ്‌ലാംവിരുദ്ധരുടെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്).

3. സ്വഹാബികളും താബിഉകളും ഹദീസുകള്‍ എഴുതണമോ വേണ്ടയോ എന്നതു സംബന്ധിച്ച് വീക്ഷണ വ്യത്യാസം പുലര്‍ത്തിയത് അവര്‍ രണ്ടു കക്ഷികളായി നിലപാടെടുത്തതുകൊണ്ടല്ല. വിലക്കാനുള്ള കാരണം നീങ്ങിയപ്പോള്‍ എഴുതാന്‍ അനുവദിച്ചു. എഴുത്തു വിലക്കാനുള്ള കാരണങ്ങളുണ്ടായപ്പോള്‍ വിലക്കി. അത്രമാത്രം. ഖുര്‍ആന്‍ എഴുതിയ കടലാസുകള്‍ ഹദീസ് രേഖപ്പെടുത്തിയ കടലാസുകളുമായി ഇടകലരുമോ എന്ന ഭയം ഉദാഹരണം. എഴുത്ത് അനുവദിച്ചവര്‍ തന്നെ പിന്നീട് വിലക്കിയതും, വിലക്കിയവര്‍ പിന്നീട് അനുവദിച്ചതുമെല്ലാം ഇതിന്റെ തന്നെ ഭാഗമായിരുന്നു. എല്ലാവരുടെയും ലക്ഷ്യം ഒന്നുമാത്രം. ഖുര്‍ആനും സുന്നത്തും യഥാതഥമായി സംരക്ഷിക്കപ്പെടണം. ഏറ്റവുമൊടുവില്‍ രേഖപ്പെടുത്തണമെന്ന് ഏകോപിതാഭിപ്രായമായി.

കുറിപ്പുകള്‍

1. تذكرة الحفاظ ص 5 ج 1
2. جامع بيان العلم وفضله ص 64 ج1، تقييد العلم ص 50، طبقات ابن سعد 206
3. جامع بيان العلم وفضله ص 64 ج 1
4. تقييد العلم ص 50
5. تقييد العلم ص 52، جامع بيان العلم ص 42 ج 2، الجامع لأخلاق الرّاوي ص 146
6. تقييد العلم ص 52
7. تقييد العلم ص 53، جامع بيان العلم ص 65 ج 1
8. طبقات ابن سعد ص 247 قسم 2 ج 3
9. مسند الإمام أحمد ص 261 ج 1
10. تقييد العلم ص 54
11. سنن الدّارمي ص 125 ج 1
12. تقييد العلم ص 54-55
13. جامع بيان العلم ص 66 ج 1 ، سنن الدّارمي ص 124ج1
14. المرجع السّابق ص 65 ج 1، ونحوه في سنن الدّارمي
15. المرجع السابق ص 63 ج 1
16. جامع بيان العلم وفضله ص 63 ج 1
17. تقييد العلم ص 35
18. تقييد العلم ص 41، الإصابة ص 202 ج 7
19. طبقات ابن سعد ص 119 قسم 2 ج 2، تقييد العلم ص 42
20. جامع بيان العلم ص 66 ج 1، سنن الدّارمي ص 122 ج 1
21. جامع بيان العلم ص 65 ج 1، تقييد العلم ص 42
22. جامع بيان العلم ص 65 ج 1، تقييد العلم ص 43
23. سنن الدارمى ص 122 ج 1 ، تقييد العلم ص 36-38، جامع بيان العلم ص 64 ج 1
24. جامع بيان العلم ص 66 ج 1، تقييد العلم ص 44
25. المحدّث الفاصل ص 6 ج 4، كتاب العلم لزهيربن حرب ص 193، سنن الدارمي ص 122 ج 1
26. جامع بيان العلم ص 22 ج 1
27. تقييد العلم ص 52
28. تقييد العلم ص 57
29. انظر كتابنا السنّة قبل التدوين ص 375
30. تقييد العلم ص 88، جامع بيان العلم ص 72 ج 1
31. الكفاية ص 354، توجيه النّظر ص 348
32. تقييد العلم ص 87، مسند الإمام أحمد ص 183 ج 1
33. مسند الإمام أحمد ص 261 ج 1، الكفاية ص 336
34. مصنّف ابن أبي شيبة ص 115 ج 1
35. العلم، زهيربن حرب ص 193، تقييد العلم ص 9
36. الكفاية ص 229، تقييد العلم ص 91
37. الكفاية ص 205
38. العلم، زهيربن حرب ص 193، المحدّث الفاصل ص 128
39. طبقات ابن سعد ص 162 ج 7، جامع بيان العلم
ص 72 ج 1 العلم لزهير ص 193 الكفاية ص 255، 283
40. جامع بيان العلم ص 74 ج 1، فتح الباري ص 217 ج 1
41. معرفة علوم الحديث ص 100، فتح الباري ص 95 ج 9 طبعة مصر بولاق مسنة 1312 ه
42. الإجابة لما استدركته عائشة على الصحابة ص 95-96
43. ترجمة ابن عباس في الإصابة
44. تقييد العلم ص 91-92، 109
45. العلم لزهيربن حرب ص 193، جامع بيان العلم ص 72 ج 1، تقييد العلم ص 92
46. تفسير الطبرى بتحقيق احمد شاكر ص 31 ج 1
47. تقييد العلم ص 93
48. جامع بيان العلم ص 81 ج 1، كتاب العلم لزهيربن حرب ص 193، تقييد العلم ص 105
49. كتاب العلم لزهيربن حرب ص 187
50. الاداب الشرعيّة ص 125 ج 2
51. كتاب العلم لزهيربن حرب ص 192، تقييد العلم ص 96,97, صحيح مسلم بشرح النّووي ص 244 ج 1
52. تاريخ بغداد ص 259 ج 8
53. تقييد العلم ص 95,96
54. تقييد العلم ص 94
55. تقييد العلم (الدكتور يوسف العشّ ص 19, مجلة الثقافة المصريّة (352) ص 8
56. جامع بيان العلم ص 67 ج 1، تقييد العلم ص 45,46, كتاب العلم لزهير ص 193
57. جامع بيان العلم ص 67 ج 1، تقييد العلم ص 45,46, كتاب العلم لزهير ص 193
58. جامع بيان العلم ص 67 ج 1، سنن الدّارمي ص 121 ج 1، طبقات ابن سعد ص 63 ج 6
59. سنن الدّارمي ص 121 ج 1، جامع بيان العلم ص 67 ج 1، تقييد العلم ص 48
60. تقييد العلم ص 60، جامع بيان العلم ص 68 ج 1
61. طبقات ابن سعد ص 19 ج 1
62. العلم لزهير بن حرب ص 187, جامع بيان العلم ص 67 ج 1
63. تقييد العلم : التصدير ص 2
64. جامع بيان العلم ص 31 ج 2
65. جامع بيان العلم ص 31 ج 2
66. مجلة الثقافة المصريّة ص 8-9، العدد 352 (السّنة السّابعة)
67. تقييد العلم ص 99، جامع بيان العلم ص 75 ج 1
68. المرجع السّابق ص 100، المحدّث الفاصل ص 4 ج 4 ، العلم لزهير ص 193
69. تاريخ بغداد ص 232 ج 11
70. تقييد العلم ص 102، المحدّث الفاصل ج 4
71. تقييد العلم ص 103 ، جامع بيان العلم ص 72 ج 1، طبقات ابن سعد ص 179 ج 6
72. جامع بيان العلم ص 72 ج 1
73. جامع بيان العلم ص 74 ج 1، العلم لزهيربن حرب ص 189
74. سنن الدّارميّ ص 13 ج 1، المحدّث الفاصل ص 3 ج 4
75. سنن الدارمي ص 128 ج 1 تقييد العلم ص 105
76. سنن الدّارمي ص 129 ج 1 تقييد العلم ص 105
77. المحدّث الفاصل ص 3 ج 4
78. سنن الدّارمي ص 129 ج 1
79. المحدّث الفاصل ص 3 ج 4
80. الكفاية فى علم الرّواية ص 264
81. طبقات بن سعد ص 209 ج 5
82. سنن الدارمي ص 129 ج 1
83. تقييد العلم ص 103، طبقات ابن سعد ص 2 ج 7، سنن الدّارمي ص 120 ج 1
84. تذكرة الحفاظ ص 87 ج 1
85. جامع بيان العلم ص 65 ج 1
86. جامع بيان العلم 129 ج 2
87. تقييد العلم ص 47
88. تقييد العلم ص 107، طبقات ابن سعد ص 35 قسم 2 ج 2
89. تقييد العلم ص 107
90. حلية الأولياء ص 363 ج 3
91. جامع بيان العلم ص 77 ج 3
92. سنن الدّارمي ص 121 ج 1، تذكرة الحفاظ ص 203 ج 1
93. الكفاية ص 322
94،95. جامع بيان العلم ص 68 ج 11 سنن الدّارمي ص 121 ج 1، تقييد العلم ص 64
96. تقييد العلم ص 58-2
97. المرجع السّابق ص 59
98،99. طبقات ابن سعد ص 135 ج 7، تذكرة الحفاظ ص 88 ج 1، تقييد العلم ص 62
100. تقييد العلم ص 110، سنن الدّارمي ص 121 ج 1 جامع بيان العلم ص 73 ج 1
101. مقدّمة ابن الطّلاح ص 171
102. المحدّث الفاصل ص 71

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top