മാര്‍ക്‌സ്-ഫ്രോയ്ഡ്-ദുര്‍ഖേം മാനവ സമൂഹത്തെ മതനിരാസത്തിലേക്ക് നയിച്ച മൂന്നു പ്രധാനികള്‍

മുഹമ്മദ് ഖുത്ബ്‌‌‌
img

യൂറോപ്പും ക്രൈസ്തവതയും തമ്മിലുണ്ടായിരുന്ന ബന്ധം വിടര്‍ത്തിയത് യഹൂദരന്മാരല്ല എന്നതാണ് സത്യം. യഹൂദരുടെ താല്‍പര്യങ്ങള്‍ പോലെയാണ് സംഭവിച്ചതെന്നതില്‍ സംശയമില്ലെങ്കിലും, നവോത്ഥാനത്തോടെ യഹൂദരുടെ ഇടപെടലില്ലാതെത്തന്നെ യൂറോപ്പും ക്രൈസ്തവതയും തമ്മില്‍ ബന്ധം വേര്‍പ്പെട്ടുകഴിഞ്ഞിരുന്നു. അതുപോലെ യഹൂദരുടെ ഇടപെടലില്ലാതെത്തന്നെ ഡാര്‍വിന്റെ മുന്‍കൈയില്‍ ആശയലോകത്ത് സംഘട്ടനങ്ങള്‍ ഉടലെടുത്തു. ഇത് സിയണിസ്റ്റുകളെ വല്ലാതെ സന്തോഷിപ്പിച്ചു എന്നത് മറ്റൊരു കാര്യം.

എങ്കിലും ഈ ഘട്ടങ്ങളിലെല്ലാം യഹൂദര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
മതവും ശാസ്ത്രജ്ഞരും തമ്മിലും, മതവും ചിന്തകന്മാരും തമ്മിലും, മതവും സ്വാതന്ത്ര്യവാദികളും തമ്മിലും, മതവും സമൂഹത്തിലേക്ക് ഇടിച്ചുകയറാനും ജീവിതം 'ആസ്വദിക്കാനും' കൊതിക്കുന്ന സ്ത്രീയും തമ്മിലുമുള്ള വിഭജനം സംഭവിച്ചുകഴിഞ്ഞിരുന്നു എങ്കിലും മതത്തില്‍നിന്ന് അകലുന്നതും അതിനെ വെറുക്കുന്നതും അവഗണിക്കുന്നതുമെല്ലാം വ്യക്തികള്‍ തങ്ങളുടെ സ്വന്തമായ താല്‍പര്യങ്ങളുടെ പേരില്‍ സ്വീകരിച്ചുപോന്ന നിലപാട് മാത്രമായിരുന്നു.
ജനങ്ങളും മൂല്യങ്ങളും തമ്മിലെ വിഭജനം -വിശിഷ്യാ ലൈംഗിക രംഗത്ത്- വ്യക്തിപരമായ ഒഴികഴിവ് എന്ന നിലയില്‍ കൊണ്ടാടപ്പെട്ടു.

സാമൂഹിക ജീവിതം ഇങ്ങനെ മുന്നോട്ടു പോകവെ, മാര്‍ക്‌സും ഫ്രോയ്ഡും രംഗത്തുവരികയും മതമൂല്യരഹിതമായ ജീവിതത്തിന് ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ നൂതന വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്തു. ജനങ്ങളുടെ ദൃഷ്ടിയില്‍ തങ്ങളുടെ ആശയങ്ങളെ 'ശാസ്ത്രീയ യാഥാര്‍ഥ്യം' എന്ന അര്‍ഥത്തില്‍ അവര്‍ അവതരിപ്പിച്ചു. അതോടെ മൂല്യരഹിത ജീവിതം എന്നത് ക്ഷമാപണം ചെയ്യേണ്ട ഒന്നല്ലാതായി മാറി. ശാസ്ത്രപുരോഗതിയുടെ ഗുണഫലം എന്നു വിലയിരുത്തപ്പെട്ടു. മറ്റൊരു ന്യായീകരണത്തിന്റെ ആവശ്യം ഇല്ലെന്നായി. മതമൂല്യങ്ങള്‍ അനുസരിച്ചു ജീവിക്കുന്നവരാണ് തങ്ങളുടെ ജീവിതത്തിന് ന്യായം സമര്‍പ്പിക്കേണ്ടതെന്ന അവസ്ഥ സംജാതമായി. ഈയൊരു പതനത്തിലേക്ക് മാനവതയെ കൊണ്ടുപോയത് മാര്‍ക്‌സും ഫ്രോയ്ഡുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഇവരുടെ ചിന്തകള്‍ പാശ്ചാത്യ ലോകത്ത് വമ്പിച്ച സ്വാധീനം ചെലുത്തുകയുണ്ടായി.

'ചര്‍ച്ചല്ല, മതം തന്നെയാണ് പ്രശ്‌നം'
മതത്തെക്കുറിച്ച ചര്‍ച്ചിന്റെ ആശയധാരയല്ല, മതം തന്നെയാണ് തിരുത്തപ്പെടേണ്ടത് എന്നായിരുന്നു ഉയര്‍ന്നുവന്ന വാദം. മൂല്യങ്ങളെക്കുറിച്ച് നിലവിലുള്ള ധാരണയല്ല, മൂല്യങ്ങള്‍ തന്നെയാണ് തിരുത്തപ്പെടേണ്ടത് എന്ന് പരസ്യമായി ഉന്നയിക്കപ്പെട്ടു. അതുതന്നെയും ഗ്രന്ഥകാരന്റെ വ്യക്തിപരമായ അഭിപ്രായം എന്ന നിലയിലല്ല, ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടായി. അതോടെ പാശ്ചാത്യസമൂഹം ഏറ്റവും കടുത്ത ആശയപ്രതിസന്ധിയിലായി.

**

ഡാര്‍വിന്‍ സിദ്ധാന്തം, വ്യാവസായിക വിപ്ലവം മുതലായ സാമൂഹികവും സാമ്പത്തികവും ധൈഷണികവുമായ ഘടകങ്ങളെല്ലാം സജീവമായി ഉണ്ടായിരുന്നുവെങ്കിലും മതത്തെയോ മൂല്യങ്ങളെയോ തകര്‍ക്കാന്‍ അവക്കാവുമായിരുന്നില്ല. പല കാരണങ്ങളാലും പല കാലങ്ങളില്‍ മനുഷ്യര്‍ മതത്തില്‍നിന്ന് അകന്നുപോയിട്ടുണ്ട്. അപ്പോഴൊക്കെ വൈകാതെ അവര്‍ മതത്തിലേക്ക് തിരിച്ചുവന്നിട്ടുമുണ്ട്. പക്ഷേ ഇത്തവണ മടങ്ങിവരവുണ്ടായില്ല. മുമ്പൊക്കെ തികച്ചും വ്യക്തിപരമായ കാരണങ്ങളാലായിരുന്നു ആളുകള്‍ മതത്തില്‍നിന്ന് അകന്നുപോയിരുന്നതെങ്കില്‍, പില്‍ക്കാലത്ത് ശാസ്ത്രീയ യുക്തികള്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട കാര്യങ്ങളെ പരമസത്യമായി കാണുന്ന അവസ്ഥ സംജാതമായതോടെ മതത്തിലേക്ക് മടങ്ങേണ്ടതില്ലെന്നായി. കൂടുതല്‍ ശ്രേഷ്ഠവും സാധുവും സുബദ്ധവും അതാണെന്ന ധാരണ ഉറച്ചു വന്നു. മതത്തിലേക്കുള്ള മടക്കം മുടക്കാനുതകുന്ന ഫോര്‍മുല ശാസ്ത്രീയ പിന്‍ബലം എന്ന പേരില്‍ അണിയറയില്‍ തയാറാക്കപ്പെട്ടു.

**

മൂന്നു യഹൂദികള്‍ മൂന്നു തലങ്ങളില്‍ മാനവരാശിയുടെ മതാഭിമുഖ്യത്തെ നിഷേധാത്മകമായി സ്വാധീനിച്ചു. കാറല്‍ മാര്‍ക്‌സ് (1818-1883) സാമ്പത്തിക മേഖലയിലും ഫ്രോയ്ഡ് (1856-1939) മനഃശാസ്ത്രത്തിലും ദുര്‍ഖേം (1858-1917) സാമൂഹിക ശാസ്ത്രത്തിലും. മൂവരും വ്യത്യസ്ത മേഖലകളിലായിരുന്നുവെങ്കിലും അന്തിമമായി അവര്‍ ചില കാര്യങ്ങളില്‍ ഒരേ നിലപാടുകാരായിരുന്നു- ഉദാഹരണമായി, മനുഷ്യനെ മൃഗസമാന ജീവിയായി ഭൗതികമായി വ്യാഖ്യാനിക്കുന്ന ഡാര്‍വിന്‍ സിദ്ധാന്തത്തെ ഉപജീവിച്ച് പരിണാമ സിദ്ധാന്തത്തെ വികസിപ്പിക്കുകയും അതിന്റെ വിഷലിപ്തമായ ആശയങ്ങള്‍ക്ക് വ്യാപകമായ സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുകയുമുണ്ടായി.

മനുഷ്യനിലെ 'മൃഗീയസ്വത്വ'ത്തെ ശക്തമായി ഊന്നുന്നതായിരുന്നു ഡാര്‍വിന്‍ തിയറി. Man in the modern world എന്ന കൃതിയില്‍ ആധുനിക ഡാര്‍വിന്‍ സിദ്ധാന്തവാദികളില്‍ പ്രധാനിയായ ജീവശാസ്ത്രകാരന്‍ julian huxley (18871975) എഴുതുന്നു: 'ഡാര്‍വിന്‍ തിയറിയുടെ രംഗപ്രവേശത്തോടെ മനുഷ്യന് തന്നെ മൃഗമായല്ലാതെ കാണാനാവില്ല.'1
മനുഷ്യന്‍ യഥാര്‍ഥത്തില്‍ മൃഗീയ സ്വത്വമാണെന്ന ഈ വിതണ്ഡ വാദത്തെ മേല്‍ മൂന്നു പണ്ഡിതന്മാരും വികസിപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ അത് ഉടലെടുത്ത കേന്ദ്രത്തില്‍ തന്നെ തടഞ്ഞുവെക്കാനും പാശ്ചാത്യ സമൂഹത്തിലും മാനവ ചിന്തയിലും ഇടംകൊടുക്കാതെ നിര്‍വീര്യമാക്കാനും കഴിയുമായിരുന്നോ എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. അത്തരമൊരു സിദ്ധാന്തം ഉടലെടുത്ത പശ്ചാത്തലത്തില്‍ അത് സാധ്യമല്ലായിരുന്നു എന്നതാണ് വാസ്തവം. പരിണാമം എന്ന ആശയത്തെ ദൈവവിശ്വാസികളും മനുഷ്യനിലെ 'മനുഷ്യത്വ'ത്തെയും മാനവികനന്മയെയും വിലമതിക്കുന്നവരുമായ മറ്റു കൈകള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കില്‍ ലോകത്തിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.

സ്ഥിരത എന്നത് കേവല യാഥാര്‍ഥ്യമായി കാണുന്ന പാശ്ചാത്യ സമൂഹത്തില്‍ പരിണാമം എന്ന ആശയം കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. ആ ആഘാതത്തില്‍ പാശ്ചാത്യര്‍ക്ക് അവരുടെ ശരി നഷ്ടപ്പെട്ടു. അവരുടെ വ്യതിചലനം അത്ര അനിവാര്യമൊന്നുമായിരുന്നില്ല. ശരിയിലേക്ക് വഴിനടത്താന്‍ പറ്റിയ മാര്‍ഗദര്‍ശികളുണ്ടായിരുന്നുവെങ്കില്‍ പാശ്ചാത്യര്‍ക്ക് പിഴക്കുമായിരുന്നില്ല.

മുസ്‌ലിംകള്‍ക്ക് പരിണാമത്തെക്കുറിച്ച് അഥവാ മാറ്റത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. സജീവമായ അവരുടെ ഗതകാല ചരിത്രത്തിലുടനീളം മാറ്റത്തോട് അവര്‍ ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട്. കര്‍മശാസ്ത്ര മേഖല ഉദാഹരണം. പുതിയ പ്രശ്‌നങ്ങള്‍ ഉണരുന്നതനുസരിച്ച് പുതിയ വിധികള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
(يجدّ للنّاس من الأقضية (أي الأحكام) بقدر ما يجدّ لهم من القضايا)
 എന്ന, ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ പ്രസ്താവം ശ്രദ്ധേയമാണ്. കര്‍മശാസ്ത്രകാരന്മാര്‍ ഈ നിലപാട് സ്വീകരിച്ചപ്പോള്‍ കര്‍മശാസ്ത്രം ഗവേഷണങ്ങളാല്‍ സമ്പന്നമായി.
ശാസ്ത്രരംഗത്തെ മുസ്‌ലിം മികവിനെക്കുറിച്ച് അമേരിക്കന്‍ ഭിഷഗ്വരനായ henry draper (18371882) 'ശാസ്ത്രവും മതവും തമ്മിലെ തര്‍ക്കം' എന്ന പുസ്തകത്തില്‍ എഴുതുന്നു: 'ആധുനിക യുഗത്തിലെ ശാസ്ത്ര കണ്ടുപിടിത്തങ്ങളായി നാം മനസ്സിലാക്കുന്നവ മുസ്‌ലിംകളുടെ ഗ്രന്ഥങ്ങളില്‍ കാണുമ്പോള്‍ നാം അമ്പരന്നുപോവും. ആധുനിക കണ്ടെത്തലായി പരിഗണിക്കപ്പെടുന്ന സാവയവ ജീവികളുടെ (organic) വളര്‍ച്ചയും പരിണാമവും മുസ്‌ലിം കലാലയങ്ങളില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. ഇന്ന് നാം എത്തിയതിനുമപ്പുറം അവര്‍ക്കെത്താന്‍ കഴിഞ്ഞിരുന്നു. നിര്‍ജീവ വസ്തുക്കളിലും ഖനിജങ്ങളിലും വരെ അവരുടെ പരീക്ഷണങ്ങള്‍ നടന്നിരുന്നു.'2 (മുസ്‌ലിംകള്‍ തങ്ങളുടെ ചിന്തകളിലൂടെ എത്തിച്ചേര്‍ന്നത് ഡാര്‍വിന്റെ തിയറിയിലേക്കായിരുന്നില്ല, പ്രത്യുത നിര്‍ജീവ വസ്തുക്കള്‍ മുതല്‍ മനുഷ്യന്‍ വരെയുള്ള സൃഷ്ടികളുടെ വ്യത്യസ്ത തട്ടുകളില്‍ ക്രമപ്രവൃദ്ധതയുണ്ടായിരുന്നു എന്നതായിരുന്നു. ഡാര്‍വിന്‍ വാദിച്ചപോലെ, മനുഷ്യന്‍ അടിസ്ഥാനപമായി മൃഗമാണെന്ന വാദം അവര്‍ക്കുണ്ടായിരുന്നില്ല. മനുഷ്യന്റെ വിലകുറച്ചു കാണുകയോ, മനുഷ്യനു മാത്രമുള്ള സവിശേഷതയെ നിരാകരിക്കുകയോ ചെയ്തിരുന്നില്ല. ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധി എന്ന സവിശേഷ സ്വത്വം മനുഷ്യന് ലഭിച്ചത് അല്ലാഹുവിന്റെ ഇഛയുടെ താല്‍പര്യമായിരുന്നു എന്നത്രെ ഇസ്‌ലാമിക വ്യാഖ്യാനം. പരിണാമവാദം പാശ്ചാത്യ ചിന്തയെ മലിനമാക്കിയതുപോലെ ഇസ്‌ലാമിക ചിന്ത മലിനമാക്കിയിട്ടില്ല).

മുസ്‌ലിംകള്‍ എക്കാലവും മനുഷ്യനിലെ സഹജവും മൗലികവുമായ മനുഷ്യസ്വത്വത്തെ അംഗീകരിച്ചവരായിരുന്നു, മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരായിരുന്നു. കാരണം, അവര്‍ അടിസ്ഥാനപരമായി അല്ലാഹുവില്‍ വിശ്വസിച്ചവരായിരുന്നു.

എന്നാല്‍ മാര്‍ക്‌സും ഫ്രോയ്ഡും ദുര്‍ഖേമും യൂറോപ്പിനെ നേര്‍വഴിക്ക് നയിക്കുക എന്നത് ഉത്തരവാദിത്വമായി ഏറ്റെടുത്തില്ല എന്നുമാത്രമല്ല, പിഴവുകളും പാളിച്ചകളും വലുതാക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് സംഭവിച്ചത്.

**

മാര്‍ക്‌സും ഡാര്‍വിനും
സ്ഥിരത എന്നൊന്നില്ലെന്നും എല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കുമെന്നും മനുഷ്യന്‍ അടിസ്ഥാനപരമായിത്തന്നെ ഭൗതിക പദാര്‍ഥവും മൃഗവുമാണെന്നതുമായിരുന്നു ഡാര്‍വിന്റെ പ്രധാന വാദഗതികള്‍. പരിസ്ഥിതിയിലെ, അഥവാ പ്രകൃതിയിലെ ഭൗതിക ഘടകങ്ങളാണ് മനുഷ്യനെ നിയന്ത്രിക്കുന്നതെന്നു വാദിച്ച അദ്ദേഹം ആത്മീയത എന്ന ഘടകത്തെ പൂര്‍ണമായും നിരാകരിച്ചു. തികച്ചും യാന്ത്രികമായ ഒരു സംവിധാനത്തില്‍ പ്രകൃതിവിരുദ്ധമായ ഒന്നിനെ വെച്ചുകെട്ടലാണ് ദൈവവിശ്വാസമെന്ന് ഡാര്‍വിന്‍ ഉദ്‌ഘോഷിച്ചു.
ഡാര്‍വിന്റെ മേല്‍ രണ്ടു സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയാണ് മാര്‍ക്‌സും ഫ്രോയ്ഡും ദുര്‍ഖേമും തങ്ങളുടെ സിദ്ധാന്തങ്ങള്‍ വികസിപ്പിച്ചെടുത്തത്.

സാമ്പത്തിക ശാസ്ത്രമായിരുന്നു മാര്‍ക്‌സിന്റെ ഗവേഷണ മേഖല. സാമ്പത്തിക ശാസ്ത്രത്തില്‍ അക്കാദമിക പഠനങ്ങളിലൊതുങ്ങാതെ ഡാര്‍വിന്റെ മേല്‍ രണ്ടാശയങ്ങളും ചേര്‍ത്തുവെച്ചുകൊണ്ട് മനുഷ്യജീവിതത്തിന് ഒരു സവിശേഷ സിദ്ധാന്തം ആവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുവേണ്ടി അദ്ദേഹം ചരിത്രത്തെ ഭൗതികമാത്രമായി വ്യാഖ്യാനിച്ചു. മനുഷ്യരുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും മേല്‍ വലിയ സ്വാധീനം ചെലുത്തുന്നത് ഭൗതിക ശക്തികളാണെന്നതാണ് ആ വ്യാഖ്യാനത്തിന്റെ അടിസ്ഥാന തത്വം. മനുഷ്യനിലെ മൃഗീയാസ്തിത്വത്തില്‍നിന്നും സ്വത്വത്തില്‍നിന്നുമുള്ള ഊര്‍ജമാണ് മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചാലകശക്തി.

'ചരിത്രം നിര്‍മിക്കുന്നത് ഭൗതികതയും സമ്പത്തും'
'ദൈനംദിനം കൈകാര്യം ചെയ്യുന്ന സാമൂഹികോല്‍പാദനത്തില്‍ ജനങ്ങള്‍ സാധാരണയായി നിര്‍ണിത ബന്ധങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നതായി നമുക്ക് കാണാം. അത് അവര്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ല. അത് അവരുടെ ഉദ്ദേശ്യങ്ങള്‍ക്കപ്പുറമാണ്. യഥാര്‍ഥത്തില്‍ ഭൗതിക ജീവിതത്തിലെ ഉല്‍പാദന മാര്‍ഗങ്ങളാണ് മനുഷ്യജീവിതത്തിലെ സാമൂഹിക-രാഷ്ട്രീയ-ധാര്‍മിക പ്രക്രിയകളെ നിര്‍ണയിക്കുന്നത്. ജനങ്ങളുടെ ബോധമല്ല, അവരുടെ അസ്തിത്വത്തെ സഹായിക്കുന്നത്, അസ്തിത്വം അവരുടെ ബോധങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത്' (കാറല്‍ മാര്‍ക്‌സ്).

'ഉല്‍പാദനവും ഉല്‍പന്നങ്ങളുടെ കൈമാറ്റങ്ങളുമാണ് എല്ലാ സാമൂഹിക വ്യവസ്ഥകളെയും നിലനിര്‍ത്തുന്നത്. എല്ലാതരം മാറ്റങ്ങളുടെയും അടിസ്ഥാനപരമായ അവസ്ഥാന്തരങ്ങളുടെയും ആത്യന്തികമായ കാരണങ്ങളെ മനുഷ്യരുടെ ബുദ്ധികളിലോ, നീതിയിലോ സത്യത്തിലോ അല്ല അന്വേഷിക്കേണ്ടത്. അത് തിരയേണ്ടത് ഉല്‍പാദനത്തിലും ഉല്‍പന്ന കൈമാറ്റങ്ങളിലുമാണ്' (എംഗല്‍സ്).

മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും പ്രസ്താവനകള്‍ അവരുടെ ജീവിത വീക്ഷണത്തെ സുതരാം വ്യക്തമാക്കുന്നുണ്ട്. അതായത് സത്യവും നീതിയുമല്ല, ഉല്‍പാദനവും ഉല്‍പന്ന കൈമാറ്റങ്ങളുമാണ് സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിക്കുന്നത്. എല്ലാ മാറ്റങ്ങളും ആത്യന്തികമായി ഇതില്‍ കേന്ദ്രീകൃതമായിരിക്കുമെന്ന് സാരം.

'മാനവചരിത്രം ഭൗതിക ചരിത്രം'
മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍ മാനവചരിത്രം മുഴുവന്‍ ഭൗതികമയമാണ്. പുതിയ യന്ത്രങ്ങളുടെ കണ്ടുപിടിത്തങ്ങളും അഥവാ ഉല്‍പാദനോപാധികളുടെ മാറ്റങ്ങളുമാണ് ചരിത്രത്തെ സൃഷ്ടിക്കുന്നത്. പ്രാഗ് കമ്യൂണിസം, ഫ്യൂഡല്‍ വ്യവസ്ഥ, മുതലാളിത്തം, രണ്ടാം കമ്യൂണിസം (അവസാനത്തെയും) എന്നിവയിലൂടെ മാനവസമൂഹം കടന്നുവന്ന ഘട്ടങ്ങളെല്ലാം യന്ത്രങ്ങളുടെ കണ്ടുപിടിത്തങ്ങളും ഉല്‍പാദനോപാധികളുടെ മാറ്റങ്ങള്‍ അനുസരിച്ചുമാണ് സംഭവിച്ചിട്ടുള്ളത്. സാമൂഹിക-രാഷ്ട്രീയ-ധാര്‍മിക പ്രക്രിയകളെല്ലാം മനുഷ്യസത്തയില്‍ മൗലികമായി നിലനില്‍ക്കുന്ന സഹജഭാവങ്ങളല്ല. അവയെല്ലാം ഭൗതിക ജീവിതത്തിലെ ഉല്‍പാദനോപാധികളുടെ പ്രതിഫലനം മാത്രമാണ്. സത്യത്തെയും നീതിയെയും യഥാര്‍ഥ മൂല്യങ്ങളായി കാണാന്‍ കഴിയില്ല. ഉല്‍പാദനത്തിലും ഉല്‍പന്നക്കൈമാറ്റത്തിലുമുണ്ടാകുന്ന മാറ്റങ്ങളാണ് മാര്‍ക്‌സിന്റെ വീക്ഷണത്തിലെ മൂല്യങ്ങള്‍. മനുഷ്യജീവിതത്തിന് ഒരു മാനിഫെസ്റ്റോ തയാറാക്കുകയാണെങ്കില്‍ ഭക്ഷണം, താമസം, ലൈംഗികത എന്നീ മൂന്ന് ആവശ്യങ്ങളില്‍ അത് പരിമിതമായിരിക്കുമെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ പറയുന്നു.

1- മതമൂല്യങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം മാര്‍ക്‌സിന്റെ വീക്ഷണത്തില്‍ പരിഹാസ്യമാണ്. ദൈവികസന്ദേശങ്ങളെല്ലാം അന്ധവിശ്വാസങ്ങളാണ്. ലോകത്തെക്കുറിച്ച എല്ലാ യാഥാര്‍ഥ്യങ്ങളും അതിന്റെ ഭൗതികതയില്‍ മാത്രമായി ഉള്ളടങ്ങുന്നു.3 ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനമനുസരിച്ച് ദൈവമില്ല, മതമില്ല, ദൈവികസന്ദേശങ്ങളില്ല.

2- 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.' അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ തങ്ങളുടെ നഷ്ടപ്പെട്ട അവകാശങ്ങള്‍ ചോദിക്കാതിരിക്കാനും പരലോകത്തെ സ്വര്‍ഗത്തെ മോഹിച്ച് നിലവിലെ സാഹചര്യത്തില്‍ തൃപ്തിപ്പെട്ടു ജീവിക്കാനുമായി ഭൂവുടമകള്‍ കണ്ടുപിടിച്ച മാര്‍ഗവും ചൂഷിത വിഭാഗങ്ങളുടെ സമ്പത്തുകള്‍ നിര്‍ഭയം അനുഭവിക്കുന്നതിന് അവര്‍ കണ്ടുപിടിച്ച വിദ്യയുമാണ് ദൈവവും മതവുമെന്നും മാര്‍ക്‌സ് സിദ്ധാന്തിച്ചു.
3- സാമ്പത്തിക സാഹചര്യങ്ങളാണ് മൂല്യങ്ങള്‍ക്ക് രൂപം നല്‍കുന്നത്. മനുഷ്യജീവിതത്തില്‍ മൂല്യങ്ങള്‍ക്ക് സ്ഥാനമില്ല. തന്നെയുമല്ല മൂല്യങ്ങള്‍ സ്ഥിരവുമല്ല. മാനവിക സമൂഹങ്ങള്‍ കടന്നുപോവുന്ന സാമ്പത്തിക വികസനങ്ങള്‍ക്കനുസൃതമായി മൂല്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. സാമ്പത്തിക വികസന ഘട്ടങ്ങളെല്ലാം അനിവാര്യവും തുടര്‍ന്നുവന്നുകൊണ്ടിരിക്കുന്നതുമായതിനാല്‍ മൂല്യങ്ങളും നിര്‍ണിതവും പരിവര്‍ത്തനവിധേയവുമായിരിക്കും. ചുരുക്കത്തില്‍, മാര്‍ക്‌സിയന്‍ വീക്ഷണത്തില്‍ ദൈവമില്ല, മതമില്ല, മൂല്യങ്ങളില്ല. എല്ലാം ഭൂവുടമകളുടെ സൃഷ്ടിയാണ് (ഇതൊന്നും പക്ഷേ, ഡാര്‍വിന്റെ വാദങ്ങളായിരുന്നില്ല).

സാമ്പത്തികശാസ്ത്രത്തില്‍ ശാസ്ത്രീയഗവേഷണം എന്ന തിരശ്ശീലക്കു പിന്നില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ചൂഴ്ന്നുനില്‍ക്കുംവിധം മാര്‍ക്‌സ്, ഡാര്‍വിന്റെ പരിണാമവാദത്തെ വികസിപ്പിച്ചവതരിപ്പിക്കുകയായിരുന്നു. മാര്‍ക്‌സിന്റെ വ്യാഖ്യാനങ്ങള്‍ പാശ്ചാത്യജീവിതത്തിന്റെ എല്ലാ ഏണിലും കോണിലും ആവേശിച്ചു.
തുടക്കത്തില്‍ റഷ്യ മാത്രമാണ് കമ്യൂണിസത്തെ സര്‍വാത്മനാ അംഗീകരിച്ചതും പ്രയോഗവത്കരിച്ചതും. മതത്തിനെതിരെ ഔദ്യോഗികമായി നിലപാടെടുത്തതും അവര്‍ തന്നെ. ഇതിന്റെ ഫലമായി മതവിശ്വാസികളെ പീഡിപ്പിച്ചു, വധിച്ചു, തടങ്കലിലിട്ടു, വസ്തുക്കള്‍ കണ്ടുകെട്ടി, നാടുകടത്തി, സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും നിരീശ്വരത്വവും നിര്‍മതത്വവും പാഠ്യവിഷയങ്ങളാക്കി.

കമ്യൂണിസത്തെ സൈദ്ധാന്തികമായി സ്വീകരിച്ചിട്ടില്ലാത്ത പാശ്ചാത്യര്‍ മാര്‍ക്‌സ് അവതരിപ്പിച്ച ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനം അംഗീകരിക്കുന്ന അവസ്ഥ സംജാതമായി. കമ്യൂണിസത്തിന്റെ വിരുദ്ധ ആശയമായ മുതലാളിത്തം നിലനിന്നിരുന്ന പാശ്ചാത്യജീവിതം ചിന്താപരമായും നാഗരികമായും കമ്യൂണിസ്റ്റാശയങ്ങളില്‍നിന്ന് സ്വതന്ത്രമായിരുന്നില്ല.

മതം പാശ്ചാത്യലോകത്ത്
പാശ്ചാത്യലോകത്ത് മതം കണ്ടുകെട്ടപ്പെട്ടിരുന്നില്ല. ജനങ്ങള്‍ മതവിശ്വാസികളായിരുന്നു. ഞായറാഴ്ച ചര്‍ച്ചുകളില്‍ പോവും, പ്രാര്‍ഥനകളില്‍ കുരിശുയര്‍ത്തും. മനുഷ്യനെയും ജീവിതത്തെയും സൃഷ്ടിച്ചത് ദൈവമാണ് മുതലായ വിശ്വാസങ്ങള്‍ നിലനിന്നിരുന്നു. പക്ഷേ, പ്രായോഗിക ജീവിതത്തില്‍ മതത്തിന് ഒരു റോളുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ-ചിന്താ രംഗങ്ങളെല്ലാം ഭൗതികത എന്ന അടിത്തറയില്‍ സ്ഥാപിതമായിരുന്നു.

മതത്തില്‍നിന്ന് ഉറവെടുക്കുന്ന മൂല്യങ്ങള്‍ക്ക് സാമൂഹിക ജീവിതത്തില്‍ സ്ഥാനമില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വതന്ത്ര ലൈംഗികതയാവാം. ലൈംഗികതക്ക് മതവുമായി യാതൊരു ബന്ധവുമില്ല. ജീവിതത്തിനായുള്ള സംഘട്ടനത്തില്‍ മതത്തിന് ഒന്നും പറയാനില്ല. പരിധിയില്‍ കവിഞ്ഞ സുഖാനുഭവങ്ങള്‍ക്ക് ക്രൈസ്തവാശയങ്ങളുമായി ഒരു ബന്ധവുമില്ല. ഇങ്ങനെ പോകുന്നു വ്യാഖ്യാനങ്ങള്‍. എല്ലാ പാശ്ചാത്യ സമൂഹങ്ങളിലും പ്രചാരത്തിലുള്ള കാഴ്ചപ്പാട്, മൂല്യങ്ങളുടെ മാപിനികള്‍ ആധുനികമായി മാറിയിരിക്കുന്നു എന്നതായിരുന്നു. വ്യാവസായിക സമൂഹത്തിന്റെ തണലില്‍ ഈ മാറ്റം അനിവാര്യമായിരുന്നു.
ഇതുവരെ നിലനിന്നുപോന്ന പഴയ മൂല്യമാപിനികള്‍ക്ക് ഇന്ന് ഒട്ടുമേ സ്ഥാനമില്ല. വ്യാവസായിക വിപ്ലവത്തോടെ സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രമായതിനാല്‍ കാര്‍ഷിക സാമൂഹിക വ്യവസ്ഥയില്‍ നിലനിന്ന പാതിവ്രത്യ സങ്കല്‍പം ഇനിയും തുടരുന്നതിനു ന്യായമില്ല. ചുരുക്കത്തില്‍, സാമ്പത്തിക ശാസ്ത്രത്തില്‍ ശാസ്ത്രീയ ഗവേഷണം എന്ന തിരശ്ശീലയുടെ പിറകില്‍നിന്ന് മതത്തെയും മൂല്യങ്ങളെയും നിരസിക്കുംവിധം പാശ്ചാത്യരെ  ആശയപരമായി സ്വാധീനിക്കാന്‍ മാര്‍ക്‌സിനു കഴിഞ്ഞു. അതിലൂടെ മാര്‍ഗഭ്രഷ്ടരായവര്‍ക്ക് മാര്‍ക്‌സിന്റെ ചിന്തകള്‍ ഊന്നുവടിയായി. ശരിയായ അറിവിന്റെയും ശാസ്ത്രത്തിന്റെയും പിന്‍ബലത്തിലാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് അവര്‍ സമാധാനിച്ചു.

ഫ്രോയ്ഡ്
ഡാര്‍വിന്റെ പരിമാണവാദത്തിനു പകരം അദ്ദേഹം മുന്നോട്ടുവെച്ച മനുഷ്യനിലെ മൃഗീയാംശത്തെയാണ് ഫ്രോയ്ഡ് തന്റെ ചിന്തകള്‍ക്ക് ആധാരമാക്കിയത്. എല്ലാ മനഃശാസ്ത്ര ചിന്തകന്മാരെയും പോലെ ഫ്രോയ്ഡും മനുഷ്യാസ്തിത്വത്തിന് സ്ഥിരമായൊരു ചിത്രം വരച്ചുകാട്ടുന്നു; അദ്ദേഹത്തിന്റെ totem and taboo എന്ന ഗ്രന്ഥത്തില്‍ പരിണാമത്തിന്റെ ചില വശങ്ങള്‍ പരാമര്‍ശിക്കുന്നുവെങ്കിലും വ്യക്തികളുടെയും സമൂഹങ്ങളുടെയും മനഃശാസ്ത്രം, മതത്തിന്റെ പരിണാമം, വിലക്കപ്പെട്ടവയുടെ പരിണാമം.... മുതലായവയാണ് അദ്ദേഹത്തിന്റെ വിഷയം. പക്ഷേ, മനുഷ്യനെ മനുഷ്യനായി കണ്ടല്ല, മൃഗമായി പരിഗണിച്ചുകൊണ്ടുള്ള വ്യാഖ്യാനങ്ങളാണ് ഫ്രോയ്ഡിന്റേത്.
മാര്‍ക്‌സ് മതത്തെയും മൂല്യങ്ങളെയും സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം എന്ന പേരില്‍ വ്യാഖ്യാനിച്ച് അവതരിപ്പിച്ചപ്പോള്‍ ഫ്രോയ്ഡ് അതേവിഷയം മനഃശാസ്ത്രത്തിലെ ശാസ്ത്രീയ ഗവേഷണ ഫലം എന്ന പേരില്‍ അവതരിപ്പിച്ചു എന്ന് മാത്രം. മനുഷ്യമനസ്സായിരുന്നു അദ്ദേഹത്തിന്റെ പഠന മേഖല. വികാരവിചാരങ്ങള്‍, മനോഭാവങ്ങള്‍... മാര്‍ക്‌സ് പറഞ്ഞ പുറംലോകത്തെ നേരിടാന്‍ ആവശ്യമായ ആന്തരികലോകം. ഫ്രോയ്ഡിന്റെ സിദ്ധാന്തമനുസരിച്ച് മനുഷ്യജീവിതത്തിന്റെ മൗലികരംഗം മനസ്സാണ്. മനസ്സെന്ന മൗലിക സത്തയില്‍നിന്നാണ് എല്ലാ ചിന്തകളും വികാരവിചാരങ്ങളും ഉറന്നൊഴുകുന്നത്. അവ പ്രായോഗിക ജീവിതത്തില്‍ യാഥാര്‍ഥ്യങ്ങളായി സംഭവിക്കുന്നു. മുകളില്‍ പറഞ്ഞതുപ്രകാരം മാര്‍ക്‌സിയന്‍ വീക്ഷണത്തിന്റെ നേര്‍വിപരീതമാണ് ഫ്രോയ്ഡിന്റെ ചിന്ത എങ്കിലും, പക്ഷേ, മതത്തെയും മൂല്യങ്ങളെയും എതിര്‍ക്കുന്ന വിഷയത്തില്‍ രണ്ടും ഒരേ തൂവല്‍ പക്ഷികളാണ് എന്നത് വിചിത്രമായ ഒരു വൈപരീത്യമാണ്. അതേസമയം മനുഷ്യന്നും മനുഷ്യത്വത്തിനും രണ്ടു പേരും മൃഗീയ വ്യാഖ്യാനം നല്‍കുന്നു എന്നതും ശ്രദ്ധേയമാണ്.

മതത്തെയും മൂല്യങ്ങളെയും അധമമായി അവതരിപ്പിക്കുന്നതിലും മനുഷ്യജീവിതത്തിന്റെ അടിത്തറയായി അതിനെ മാനിക്കാതിരിക്കുന്നതിലും മനുഷ്യനിലെ ഭൗതികവും മൃഗീയവുമായ താല്‍പര്യങ്ങളുടെ പ്രതിഫലനം മാത്രമായി അതിനെ പരിമിതപ്പെടുത്തുന്നതിലും ആത്യന്തികമായി മാര്‍ക്‌സിയന്‍ വീക്ഷണം ഫ്രോയ്ഡിന്റെ മനഃശാസ്ത്ര വീക്ഷണവുമായി യോജിക്കുന്നുവെങ്കിലും മനസ്സിനെക്കുറിച്ച ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങള്‍ അതിനെ ചെളിക്കുണ്ടില്‍ താഴ്ത്തുന്ന വിധമാണെന്ന് കാണാന്‍ കഴിയും.

ഫ്രോയ്ഡിന്റെ വീക്ഷണമനുസരിച്ച് മനുഷ്യ മനസ്സ് മൃഗീയം മാത്രമാണെന്നല്ല, പ്രത്യുത, മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന തരത്തില്‍ അത് ശക്തമാണ് എന്നുമാണ്.

'മനുഷ്യന്‍ എന്ന മൃഗം'
മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു മൃഗം മാത്രമാണ്. മൃഗം എന്ന നിലയിലുള്ള അവന്റെ പ്രകൃതിപരമായ താല്‍പര്യങ്ങളും ആവശ്യങ്ങളുമാണ് അവനെ ഭരിക്കുന്നത്. മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് ജൈവികാവശ്യങ്ങളാണ്. മനുഷ്യനിലെ ആത്മാവ് എന്നത് കെട്ടുകഥയാണ് (ഇവിടെ മാര്‍ക്‌സുമായി ഫ്രോയ്ഡ് യോജിക്കുന്നു). അതേസമയം മനുഷ്യന്‍ എന്ന മൃഗത്തില്‍ 'ബുദ്ധി' എന്നൊരു സിദ്ധിവിശേഷമുണ്ടെന്ന് ഫ്രോയ്ഡ് സമ്മതിക്കുന്നു. അതാണ് മനുഷ്യനിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്, ദൈനംദിന ജീവിതത്തെ നേരിടുന്നത്, പ്രശ്‌നങ്ങളുടെ നേരെയുള്ള നിലപാട് നിര്‍ണയിക്കുന്നത്. പക്ഷേ, മനുഷ്യസ്വത്വത്തിലെ അഹംബോധം (ego) അഥവാ ബുദ്ധി കൊണ്ടെന്തുഫലം? യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു രാഷ്ട്രീയക്കാരന്‍, ജനങ്ങള്‍ക്കിടയിലെ തന്റെ സ്ഥാനം എന്തായാലും, ബാഹ്യമായ യാഥാര്‍ഥ്യത്തിന് മുന്‍തൂക്കം നല്‍കി അവസരം ഉപയോഗപ്പെടുത്തുന്ന കപട നിലപാട് സ്വീകരിക്കേണ്ടിവരുന്നു.4 അതായത് മൂല്യങ്ങള്‍ അന്ധവിശ്വാസമാണ്; ജനങ്ങള്‍ കൈമാറ്റത്തിനുപയോഗിക്കുന്ന കള്ളനാണയമാണ്. മൂല്യങ്ങള്‍ വെറും കള്ളവര്‍ത്തമാനങ്ങളാണ്. മാര്‍ക്‌സിന്റെയും ഫ്രോയ്ഡിന്റെയും അവലംബങ്ങള്‍ രണ്ടാണെങ്കിലും മൂല്യങ്ങളെ കുറിച്ച നിലപാടുകള്‍ ഫലത്തില്‍ ഒന്നുതന്നെ.

'മനുഷ്യന്റെ മൗലികഭാവം ലൈംഗികത'
മനുഷ്യനില്‍ അഗാധദൃഢവും രൂഢമൂലവുമായി സ്ഥിതിചെയ്യുന്ന ആന്തരിക യാഥാര്‍ഥ്യമായ ഐഡി വൈകാരിക ശേഷി മാത്രമല്ല, കൃത്യമായി പറഞ്ഞാല്‍ ലൈംഗിക ചോദനയും ശക്തിയുമാണ്. മനുഷ്യനിലെ ഇതര ശേഷികളേക്കാളെല്ലാം ലൈംഗികത മുന്നിട്ടുനില്‍ക്കുന്നു. ലൈംഗികതയാണ് മനുഷ്യസ്വത്വം എന്ന് ഫ്രോയ്ഡ് സിദ്ധാന്തിക്കുന്നു. ഫ്രോയ്ഡിനെ വിശകലനം ചെയ്യുക ഇപ്പോള്‍ ഉദ്ദേശ്യമല്ല.5

ക്രൈസ്തവ യൂറോപ്പില്‍ സദാചാരവിരുദ്ധത നിലനിന്നിരുന്നുവെങ്കിലും ലൈംഗികത പൊതുവെ മ്ലേഛമായ കാര്യമായാണ് മനസ്സിലാക്കപ്പെട്ടിരുന്നത്. അതേപ്പറ്റി സംസാരിക്കുന്നതും അത് വെളിവാക്കുന്നതും ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഈ ഘട്ടത്തിലാണ് ഫ്രോയ്ഡിന്റെ രംഗപ്രവേശം. മനുഷ്യമനസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും 'മ്ലേഛമായ' ലൈംഗികതയെ മാധ്യമമാക്കി അദ്ദേഹം അവതരിപ്പിച്ചു. അവിടെയും നില്‍ക്കാതെ, മതത്തെയും മൂല്യങ്ങളെയും ലൈംഗികതയുടെ പ്രകാശനമായി വ്യാഖ്യാനിച്ചു.

ജീവിതം മുഴുവന്‍ ലൈംഗികമയമാണ്,  ലൈംഗികതയില്‍നിന്നാണ് ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഉറവെടുക്കുന്നത്.

ലൈംഗികത ജനനത്തോടെ തുടങ്ങുന്നു!
മനുഷ്യനില്‍ ലൈംഗികത കൗമാരത്തിലോ പ്രായപൂര്‍ത്തിയാകുമ്പോഴോ അല്ല ആരംഭിക്കുന്നത്. പ്രത്യുത, ജനനത്തോടെ തന്നെ ആരംഭിക്കുന്നു. മനുഷ്യ ശിശു എന്നാല്‍ കുഞ്ഞിന്റെ തുകലില്‍ പൊതിഞ്ഞ ലൈംഗികതയുടെ സത്ത! കുഞ്ഞിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ലൈംഗിക ശേഷിയുടെ പ്രകാശനമാണ്. മുലകുടി ലൈംഗികതയാണ്, തള്ളവിരല്‍ ഉറുഞ്ചുന്നത് ലൈംഗികതയാണ്, പേശികളുടെ ചലനം ലൈംഗികതയാണ്, മലമൂത്ര വിസര്‍ജനം ലൈംഗികതയാണ്, മാതാവുമായി പറ്റിച്ചേര്‍ന്നു കഴിയുന്നത് ലൈംഗികതയാണ്. ഒടുവില്‍ പറഞ്ഞതാണ് വ്യക്തികളുടെയും സമൂഹങ്ങളുടെയും മാനസിക ജീവിതത്തെ രൂപപ്പെടുത്തുന്നത്.

കുഞ്ഞ് മാതാവിനെ ഇഷ്ടപ്പെടുന്നത് ലൈംഗിക പ്രേരണയാലാണ്. മാതാവുമായുള്ള വേഴ്ചക്ക് പിതാവ് വിഘാതമായതിനാല്‍ കുഞ്ഞ് അത് അടിച്ചമര്‍ത്തേണ്ടിവരുന്നു. പെണ്‍കുഞ്ഞും തന്റെ പിതാവിനെ ലൈംഗിക വികാരത്തോടെയാണ് കാണുന്നത്. വികാരം അടക്കേണ്ടിവരുന്ന അവളിലും അതുവഴി പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ഈ അഭിശപ്തമായ സങ്കീര്‍ണതയിലാണ് മനഃസാക്ഷി, മതം, മൂല്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ മുതലായവ ഉടലെടുക്കുന്നത്.

ഫ്രോയ്ഡിന്റെ ഭാഷ്യമനുസരിച്ച് മാനവ സമൂഹത്തിന്റെ തുടക്കത്തില്‍ ആണ്‍മക്കള്‍ മാതാവിനെ ലൈംഗിക വികാരത്തോടെ നോക്കിക്കണ്ടു. മാതാവിനെ പ്രാപിക്കുന്നതിന് തടസ്സമായ പിതാവിനെ അവര്‍ കൊന്നു. അത് തെറ്റായിപ്പോയി എന്നു തോന്നിയ ആണ്‍മക്കള്‍ക്ക് മനഃസ്താപമുണ്ടായി. തെറ്റുതിരുത്താന്‍ അവര്‍ പിതാവിന്റെ ഓര്‍മകളെ വിശുദ്ധവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. പിതാക്കളെ ആരാധിച്ചു. അതാണ് പിതൃപൂജയുടെ തുടക്കം. പിന്നീടത് ടോട്ടം ആരാധനയായി വികസിച്ചു (totem: സത്കുല ചരിതമായി ഉപയോഗിക്കുന്ന പടുചിത്രം). അത് മനുഷ്യ മനസ്സില്‍ പിതാവിനെ മൃഗപരിചരണവുമായി ബന്ധിപ്പിക്കുന്ന പ്രതീകമായി സങ്കല്‍പിക്കപ്പെട്ടു തുടങ്ങി. അതേസമയം തന്നെ ആണ്‍മക്കള്‍ മാതാവിനെ പ്രാപിക്കാനായി തങ്ങള്‍ തമ്മില്‍ പോരാടേണ്ടി വരുമെന്ന് മനസ്സിലാക്കി. ആഭ്യന്തര പോരാട്ടം ശരിയല്ലെന്നു മനസ്സിലാക്കിയ അവര്‍ തങ്ങള്‍ക്ക് അത് വിലക്കിയതായി അംഗീകരിച്ചു. അതുവഴി ആദ്യത്തെ ലൈംഗിക വിലക്ക് നടപ്പായി. സംഘര്‍ഷത്തിനുപകരം പരസ്പര സഹകരണം നടപ്പായി. അങ്ങനെയാണ് ലോകത്ത് മൂല്യങ്ങള്‍ നടപ്പിലായിത്തുടങ്ങിയതെന്ന് ഫ്രോയ്ഡ് വാദിക്കുന്നു. ആദിമാനവ സമൂഹത്തില്‍ നടന്ന ഈ കഥ അക്കാലത്ത് മാത്രമല്ല, മാനവ ചരിത്രത്തില്‍ എക്കാലവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി അദ്ദേഹം പറയുന്നു.

എല്ലാ കുഞ്ഞുങ്ങളും മാതാവിനെ ലൈംഗിക വികാരത്തോടെ പ്രണയിക്കുന്നുവെങ്കിലും അത് അമര്‍ത്തിവെക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. ആ അടിച്ചമര്‍ത്തലില്‍നിന്ന് മതവും മൂല്യങ്ങളും ആരാധനാനുഷ്ഠാനങ്ങളും നാഗരികതയും ഉടലെടുക്കുന്നു. അതോടൊപ്പം അടിച്ചമര്‍ത്തലുകളും തുടരുന്നു. അത് നിരന്തരമായ മാനസികാസ്വസ്ഥതയായി മാറുന്നു. ജനങ്ങള്‍ക്ക് ഒട്ടുമേ സ്വാസ്ഥ്യം ലഭിക്കുന്നില്ല. ഫ്രോയ്ഡ് എഴുതുന്നത് കാണുക:
''ആണ്‍കുട്ടികളുടെ കുറ്റബോധം എന്ന പ്രശ്‌നം പരിഹരിക്കാനായാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എല്ലാ മതങ്ങളും ഉടലെടുത്തത്. നാഗരികതകളുടെ വ്യത്യാസമനുസരിച്ചും പ്രയോഗവല്‍ക്കരിച്ച മാര്‍ഗങ്ങള്‍ക്കനുസരിച്ചും വ്യത്യാസമുണ്ടാവുമെങ്കിലും എല്ലാം ലക്ഷ്യം വെക്കുന്നത് ഒന്നുതന്നെ. നാഗരികതകള്‍ വളര്‍ന്നുവന്ന 'പിതൃവധം' എന്ന ഭയാനക സംഭവത്തിന്റെ തിരിച്ചടിയെന്നോണമാണ് മതങ്ങളുടെ ഉത്ഭവം. അന്നുമുതല്‍ ഇതുവരെയും മാനവതക്ക് സ്വാസ്ഥ്യം അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല.''6

മനുഷ്യനെയും മൃഗത്തെയും കൂട്ടിക്കെട്ടുന്നു
മനുഷ്യനെക്കുറിച്ച് ഈ വ്യാഖ്യാനം മൃഗമാത്ര വ്യാഖ്യാനമാണ്. ജീവലോകത്തെക്കുറിച്ച് ഡാര്‍വിന്റെ നിരീക്ഷണങ്ങളില്‍നിന്ന് വികസിച്ചുവന്നതാണ് ഫ്രോയ്ഡ് അവതരിപ്പിക്കുന്ന ഈ കഥ. കാളകളെ നിരീക്ഷിച്ച് അദ്ദേഹം അമ്മയായ പശുവിനെ പ്രാപിക്കാനായി കാളക്കൂറ്റന്മാര്‍ മത്സരിക്കുന്നതു കണ്ടു. ജനകനായ കാളയഛന്‍ അതിനു തടസ്സമാണെന്ന് മനസ്സിലാക്കുന്ന കൂറ്റന്മാര്‍ ജനകനായ കാളയെ കൊല്ലാനായി ശ്രമിക്കുന്നു. അങ്ങനെ കൊന്നുകഴിഞ്ഞ ശേഷം അവയില്‍ കൂടുതല്‍ ശക്തിയുള്ള കൂറ്റന്‍ മറ്റുള്ളവരെ തോല്‍പിച്ച് തള്ളയെ സ്വന്തമാക്കി പുതിയ യജമാനനായി രംഗത്തു വരുന്നു.

യൂറോപ്യന്‍ ക്രൈസ്തവതയുടെ മ്ലേഛമായ ലൈംഗികതയില്‍ മുക്കിയെടുത്ത് മതത്തെയും മൂല്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഫ്രോയ്ഡ് സമൂഹത്തിലവതരിപ്പിച്ചു. ലൈംഗികതയിലെ മ്ലേഛം എടുത്തുകളയാന്‍ നടത്തിയ അയാളുടെ ശ്രമം മറ്റൊരു അശ്ലീലതയായി എന്നതത്രെ സത്യം.

The protocols of the elders of zion എന്ന പുസ്തകത്തില്‍ എഴുതിയത് ഇങ്ങനെ വായിക്കാം:
'എല്ലാ മേഖലകളിലും മൂല്യങ്ങള്‍ തകരാനായി നാം പ്രവര്‍ത്തിച്ചേ പറ്റൂ. അങ്ങനെയായാല്‍ നമ്മുടെ ആധിപത്യം എളുപ്പമാവും. ഫ്രോയ്ഡ് നമ്മുടെ ആളാണ്. ലൈംഗിക ബന്ധങ്ങളെ അദ്ദേഹം സൂര്യപ്രകാശത്തില്‍ അവതരിപ്പിച്ചത്, അത് വിശുദ്ധമല്ലെന്ന മനോഭാവം യുവാക്കളില്‍ വളര്‍ത്തും. അങ്ങനെ ലൈംഗികത ശമിപ്പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുവാക്കള്‍ മനസ്സിലാക്കി തുടങ്ങും. അതോടെ മൂല്യങ്ങള്‍ തകര്‍ന്നടിയും.'
അടിച്ചമര്‍ത്തപ്പെട്ട ലൈംഗിക വികാരം തുറന്നുവിടുന്നതോടെ യുവാക്കള്‍ മൃഗസമാനരായി മാറും. ഒരുതരം മനഃപ്രയാസവുമുണ്ടാവില്ല. അതോടൊപ്പം മതവും മൂല്യങ്ങളും അനുഷ്ഠാനങ്ങളും അടിസ്ഥാനപരമായി ലൈംഗികതയില്‍നിന്ന് ഉടലെടുത്തതാണെന്ന് ചിത്രീകരിക്കുന്നതോടെ മതവും മ്ലേഛമായി വിലയിരുത്തപ്പെട്ടുകൊള്ളും. ഇതാണ് ഫ്രോയ്ഡിന്റെ കാഴ്ചപ്പാട്. മറ്റൊരുവിധം പറഞ്ഞാല്‍ മതവും മൂല്യങ്ങളും മ്ലേഛമായ ലൈംഗികതയിലേക്കും ലൈംഗികത മതത്തിന്റെയും മൂല്യങ്ങളുടെയും വിശുദ്ധ പദവിയിലേക്കും മാറ്റി സ്ഥാപിക്കപ്പെടും (ശാസ്ത്രീയ പിന്‍ബലമോ സാധുവായ ന്യായമോ ഇല്ലാത്ത ഫ്രോയ്ഡിയന്‍ വാദങ്ങളെക്കുറിച്ച് എന്റെ മുന്‍പുസ്തകങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്).

ഫ്രോയ്ഡിന്റെ പൊള്ളവാദങ്ങള്‍
(1) മനുഷ്യന് ഡാര്‍വിന്‍ നല്‍കിയ വ്യാഖ്യാനങ്ങളില്‍നിന്ന് വികസിപ്പിച്ചെടുത്തവയാണ് ഫ്രോയ്ഡിന്റെ കാഴ്ചപ്പാടുകള്‍. ഡാര്‍വിന്‍ പക്ഷേ അത്തരം വാദങ്ങള്‍ ഉന്നയിച്ചിട്ടില്ല. എന്നാല്‍ യഹൂദിയായ ഫ്രോയ്ഡ് മനഃശാസ്ത്ര ഗവേഷണത്തിന്റെ മറവില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും പരിണാമ വാദത്തെ വികസിപ്പിക്കുകയായിരുന്നു.
(2) ഡാര്‍വിനില്‍നിന്ന് കണ്ടെടുത്ത ആശയം മുന്‍നിര്‍ത്തി മനഃശാസ്ത്ര-ചരിത്രത്തിന്റെ ഉള്ളറകളിലൂടെ സഞ്ചരിച്ച ഫ്രോയ്ഡ് ഒടുവില്‍ മതത്തിലും മൂല്യങ്ങളിലും കേന്ദ്രീകരിച്ചു. ചരിത്രത്തില്‍ മുമ്പൊരിക്കലും ഇല്ലാത്തവിധം അവയെ മലിനീകരിക്കാന്‍ ശ്രമിച്ചു. മതമെന്നു കേള്‍ക്കുമ്പോള്‍ തന്നെ അറപ്പുളവാകുംവിധം, സൂചനയായല്ലാതെ തുറന്നു തന്നെ മോശമായി ചിത്രീകരിച്ചു. ശ്രേഷ്ഠതയും ഉത്കൃഷ്ടതയും അസാധാരണവും വിചിത്രവുമായ ശീലമാണെന്നും (three contribution to the sexual theory പേ: 83) സാധാരണ പ്രകൃതിപരമായ അവസ്ഥയില്‍ പോലും മൂല്യങ്ങള്‍ ക്രൂരമാണെന്നും (the ego and the id പേ: 80) ക്രൈസ്തവ ഐതിഹ്യങ്ങള്‍ മകന്‍ (യേശു) തന്റെ പിതാവിനെ (ദൈവത്തെ) വധിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും അതു സാധ്യമാവാതെ വന്നപ്പോള്‍ യേശു പിതാവിനു പകരം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അങ്ങനെ പിതാവിന്റെ സ്ഥാനത്ത് സ്വയം ദൈവമായി അവരോധിതനായെന്നും (totem and taboo പേ: 154) ലൈംഗികശക്തിയുടെ സ്വതന്ത്ര വളര്‍ച്ചയുമായി നാഗരികത സംഘര്‍ഷത്തിലേര്‍പ്പെടുമെന്നും (three contribution പേ: 85) മതവും മൂല്യങ്ങളും നാഗരികതയും വളര്‍ന്നു വരുന്നത് അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയില്‍നിന്നാണെന്നും അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത മനസ്സിനും പേശികള്‍ക്കും അപകടമാണെന്നുമൊക്കെയായിരുന്നു ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങള്‍.

ദുര്‍ഖേം
ഫ്രോയ്ഡില്‍നിന്ന് തികച്ചും വിരുദ്ധമായി അഥവാ വ്യക്തിക്കു പകരം സമൂഹത്തെ അടിസ്ഥാനമാക്കിയായിരുന്നു ദുര്‍ഖേമിന്റെ ചിന്തകള്‍ (David emile durkheim1858-1917). വ്യക്തിയുടെ സ്വത്വമല്ല, സാമൂഹിക ജീവിതമാണ് വ്യക്തിയെ രൂപവല്‍ക്കരിക്കുന്നത് എന്നായിരുന്നു ദുര്‍ഖേമിന്റെ വാദം. മനഃശാസ്ത്രം ചെയ്യുന്നതുപോലെ, വ്യക്തിയുടെ മനസ്സ് ആധാരമാക്കിയല്ല ജീവിതത്തെ വ്യാഖ്യാനിക്കേണ്ടത്. വ്യക്തിയുടെ മാനസിക പ്രവണതകളെയും സാമൂഹിക പ്രവണതകളെയും രണ്ടായിത്തന്നെ കാണണം; ചിലപ്പോള്‍ അവ തമ്മില്‍ ബന്ധമുണ്ടെന്നു തോന്നിയാലും.

ദുര്‍ഖേം എഴുതുന്നു: 'വ്യക്തിയുടെയും സമൂഹത്തിന്റെയും ഇന്ദ്രിയാവബോധവും ഗ്രഹണവും അന്യോന്യം ഭിന്നമായിരിക്കും. വ്യക്തിയുടെ ചിന്തയില്‍നിന്ന് ഭിന്നമായിരിക്കും സമൂഹത്തിന്റെ ചിന്ത. രണ്ടിനും അതിന്റേതായ സവിശേഷതകളുണ്ടാവും.'7

'സമൂഹത്തിന്റെ ചിന്തകളും പെരുമാറ്റവുമെല്ലാം വ്യക്തികളുടെ മനഃസാക്ഷികള്‍പ്പുറമുള്ള യാഥാര്‍ഥ്യങ്ങളാണ്. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ആ യാഥാര്‍ഥ്യത്തിനു വഴങ്ങാന്‍ വ്യക്തികള്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്.'8
'സാമൂഹിക പ്രവണതകളില്‍നിന്ന് ഉത്ഭൂതമാകുന്ന സംയുക്ത പ്രവര്‍ത്തനം നമ്മിലെ വ്യക്തികളുടെ ബോധത്തിനു പുറത്താണ് രൂപം കൊള്ളുന്നത്. ഒരുപറ്റം മനഃസാക്ഷികളുടെ അന്തിമഫലമാണത്. അതുവഴി ചില പ്രത്യേക തരം ചിന്തകളും രീതികളും സ്ഥാപിച്ചെടുക്കാനും ഉറപ്പിക്കാനും കഴിയുന്നു. അവ ഏതെങ്കിലും വ്യക്തിയുടെ ഇഛക്കു വിധേയമല്ല. നമ്മില്‍നിന്ന് ബാഹ്യമായാണ് അവ രൂപവല്‍ക്കരിക്കപ്പെടുന്നത്.'9

സാമൂഹിക സ്വഭാവമുള്ള മനുഷ്യ ജീവിതത്തിന് വ്യക്തിയുടെ മനസ്സിനെയോ പ്രകൃതിയെയോ വ്യക്തിസ്വത്വത്തെയോ വ്യാഖ്യാനിക്കാന്‍ കഴിയുമെന്ന് ദുര്‍ഖേം സമ്മതിക്കുന്നില്ല. വ്യക്തികളുടെ വൃത്തത്തിനു പുറത്തുള്ള 'സമൂഹ ബുദ്ധി'യാണ് അത് വ്യാഖ്യാനിക്കേണ്ടതെന്ന് അദ്ദേഹം വാദിക്കുന്നു.

'സാമൂഹിക ശാസ്ത്രത്തിലെ രീതിശാസ്ത്രങ്ങള്‍' എന്ന പുസ്തകത്തില്‍ സംഘങ്ങളുടെ വികാസപരിണാമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ദുര്‍ഖേം അതിനെ മനസ്സിന്റെ ഏതെങ്കിലും അടിസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തുന്നില്ല. ഇത് ഫ്രോയ്ഡിന്റെ സിദ്ധാന്തത്തിന് നേര്‍വിരുദ്ധമായ കാഴ്ചപ്പാടാണ്. അദ്ദേഹം എഴുതുന്നു:
'സാമൂഹിക പ്രവാഹങ്ങള്‍ ഉറവെടുക്കുന്ന സ്രോതസ്സ് ഏതെന്ന് മനസ്സിലാക്കണമെങ്കില്‍ അതിന്റെ ഉറവയുടെ തുടക്കം വരെ നാം ചെന്നുനോക്കണം. സാമൂഹിക പ്രവണതകളെയും പ്രതിഭാസങ്ങളെയും അവയില്‍ തന്നെ നമുക്ക് കാണാന്‍ കഴിയും. അവ ബാഹ്യമാണെന്നു തന്നെ നമുക്കറിയാനാവും. അവയെ ബാഹ്യമായ കാര്യങ്ങള്‍ എന്ന നിലയില്‍ പുറത്തുനിന്നു പഠിക്കുകയാണ് വേണ്ടത്.'10

മതം, വിവാഹം, കുടുംബം
ദുര്‍ഖേം എഴുതുന്നു: 'പിതാക്കള്‍ മക്കളുടെയും മക്കള്‍ പിതാക്കളുടെയും നേരെ വെച്ചു പുലര്‍ത്തുന്ന വൈകാരിക ബന്ധത്തില്‍നിന്നാണ് കുടുംബം എന്ന ഘടന ഉണ്ടായതെന്ന് ആളുകള്‍ വിശദീകരിക്കുന്നു. ദമ്പതികള്‍ക്ക് നന്മകള്‍ വരുത്തുന്നതാണ് വിവാഹം എന്ന പൊതുവിശ്വാസം നിലനില്‍ക്കുന്നു. തന്റെ താല്‍പര്യങ്ങള്‍ക്ക് ഊനം തട്ടുമ്പോള്‍ വ്യക്തിക്കുണ്ടാവുന്ന വേദനയാണ് ദേഷ്യമായി ഭവിക്കുന്നത്. സമ്പത്ത് നേടാനുള്ള വ്യക്തിപരമായ താല്‍പര്യമാണ് സാമ്പത്തിക ജീവിതത്തിന്റെ അടിത്തറയായി സങ്കല്‍പിക്കപ്പെടുന്നത്. സ്വഭാവസംബന്ധമായ പ്രവണതകളും വ്യക്തിതലത്തില്‍നിന്നാണ് ഉത്ഭൂതമാകുന്നതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ഒരു വ്യക്തിക്ക് തന്നോടു തന്നെയുള്ള ബാധ്യതകളാണ് സ്വഭാവമൂല്യങ്ങളുടെ അടിത്തറയായി മൂല്യവിശാരദന്മാര്‍ സ്വീകരിക്കുന്നത്. മതവും തഥൈവ. പ്രകൃതിയിലെ വലിയ ശക്തികളോ ഒറ്റപ്പെട്ട വ്യക്തിത്വങ്ങളോ ഇളക്കിവിടുന്ന ചിന്തകളുടെ സൃഷ്ടിയാണ് മതമെന്നാണ് നിലവിലെ വിശ്വാസം. എന്നാല്‍ സാമൂഹിക പ്രവണതകളെയും പ്രതിഭാസങ്ങളെയും വിരൂപവല്‍ക്കരിക്കാന്‍ മാത്രമേ ഈ ചിന്തകള്‍ ഉപകരിക്കുകയുള്ളൂ.'11
'ഇതുതന്നെയാണ് ഓരോ മനുഷ്യനിലും പ്രകൃത്യാ തന്നെ മതാത്മകബോധം ഉള്ളടങ്ങിയിട്ടുണ്ടെന്ന വിശ്വാസവും. ലൈംഗികത, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍, മക്കളോടുള്ള സ്‌നേഹം മുതലായവ പോലെ മതാഭിമുഖ്യവും മനുഷ്യസഹജ യാഥാര്‍ഥ്യമായി ചിലര്‍ വാദിക്കുന്നു. എന്നാല്‍ മേല്‍ വികാരങ്ങളും പ്രവണതകളും ആഭിമുഖ്യങ്ങളും മനുഷ്യസഹജമല്ലെന്നാണ് ചരിത്രം പറയുന്നത്.'12
'ആയതിനാല്‍ മുന്‍ അഭിപ്രായത്തിന്റെ വെളിച്ചത്തില്‍, സ്വന്തം നിലയില്‍ തന്നെ അടിസ്ഥാനമില്ലാത്ത മൂല്യങ്ങളുടെ സംഘാടനം വിജ്ഞാനീയത്തിന്റെ വിഷയമാകാവതല്ല.'13

ചുരുക്കത്തില്‍, ദുര്‍ഖേമിന്റെ സിദ്ധാന്തപ്രകാരം മതം മനുഷ്യനിലെ സഹജ ബോധമല്ല. വിവാഹവും കുടുംബവും തഥൈവ. മൂല്യങ്ങള്‍ക്ക് സ്വന്തം നിലയില്‍ നിലനില്‍പില്ല. അത് മനുഷ്യരില്‍ വെച്ചു കെട്ടപ്പെട്ടതാണ്.

വ്യക്തികളുടെ വൃത്തത്തിനപ്പുറമുള്ള 'സംഘടിത ബുദ്ധി' എന്ന ദുര്‍ഖേമിന്റെ ഐതിഹ്യത്തെ നമുക്ക് തല്‍ക്കാലം വിടാം. വ്യക്തികളുടെ സ്വത്വാവബോധത്തിനു വിരുദ്ധമായി ആളുകളുടെ താല്‍പര്യവും സഹജസന്നദ്ധതയും പരിഗണിക്കാതെ അടിച്ചേല്‍പിക്കുന്നതാണ് മതവും മൂല്യങ്ങളും എന്നാണല്ലോ അദ്ദേഹത്തിന്റെ വാദം.

ദുര്‍ഖേമിന്റെ വാദങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍
മനുഷ്യജീവിതത്തിലെ സ്ഥിരത എന്ന ആശയത്തെ നിരാകരിക്കുന്ന 'നിരന്തരമായ പരിണാമം' എന്ന ആശയം ദുര്‍ഖേം സ്വീകരിച്ചത് ഡാര്‍വിനിസത്തില്‍നിന്നാണ്. വ്യക്തികള്‍ക്ക് ആന്തരമായുണ്ടാവുന്ന സ്വത്വ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി അവരെ 'ബാഹ്യമായ സമ്മര്‍ദ'ത്തിലൂടെ മാറ്റിയെടുക്കാം എന്ന അദ്ദേഹത്തിന്റെ ചിന്തയും ഡാര്‍വിനില്‍ നിന്നുതന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

മനുഷ്യനെക്കുറിച്ച് വിശദീകരിക്കേണ്ടിവരുമ്പോള്‍ ജന്തുലോകത്തെ തെളിവായുദ്ധരിക്കുന്നതും ഡാര്‍വിന്റെ ചിന്താ സ്വാധീനത്താല്‍ തന്നെ. ദുര്‍ഖേം എഴുതുന്നു:
'കൂട്ടുകൂടാനും സംഘടിക്കാനുമുള്ള താല്‍പര്യം മനുഷ്യനില്‍ ആരംഭകാലം തൊട്ടേ സഹജമായോ പൈതൃകമായോ ലഭിച്ചതാണെന്നതിന് തെളിവില്ല. നൂറ്റാണ്ടുകളിലൂടെ നമ്മുടെ മനസ്സുകളില്‍ വികസിച്ചുവന്നതാണ് സാമൂഹികാവബോധം. കൂട്ടായി ജീവിക്കാന്‍ നിര്‍ബന്ധിക്കുന്ന ആവാസ പ്രകൃതിക്കനുസൃതമായി ജീവികള്‍ ജീവിക്കുന്നത് കണ്ടാണ് തങ്ങള്‍ക്കും വേണ്ടത് സാമൂഹിക ജീവിതമാണെന്ന് മനുഷ്യര്‍ പഠിച്ചെടുത്തത്.'14
പ്രകൃതിയെക്കുറിച്ച് ദുര്‍ഖേം വ്യാഖ്യാനിച്ചതുപോലെ ഡാര്‍വിന്‍ വ്യാഖ്യാനിച്ചിട്ടില്ല. ഡാര്‍വിന്റെ ജന്തുവ്യാഖ്യാനത്തെ ജീവിതത്തിലേക്ക് മുഴുവന്‍ വികസിപ്പിച്ച് 'ശാസ്ത്ര'മെന്ന വ്യാജേന സാമൂഹിക ശാസ്ത്രമായി അവതരിപ്പിക്കുകയായിരുന്നു.
ചുരുക്കത്തില്‍, മതവും വിവാഹവും കുടുംബവുമെല്ലാം മനുഷ്യന്റെ സഹജപ്രകൃതിയല്ല. മൂല്യങ്ങള്‍ മനുഷ്യസ്വത്വത്തിന്റെ സ്വാഭാവികാവസ്ഥയല്ല. അവക്ക് നിയതമായ ഭാവമില്ല. വ്യത്യസ്ത സമൂഹങ്ങള്‍ക്കനുസൃതമായി മൂല്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. എല്ലാ സാമൂഹിക പ്രവണതകളുടെയും അടിസ്ഥാനം സമൂഹമാണ്; മനുഷ്യന്‍ എന്ന ഏകകമല്ല.
**
മാര്‍ക്‌സിന്റെയും ഫ്രോയ്ഡിന്റെയും ദുര്‍ഖേമിന്റെയും മറ്റും ദാര്‍ശനികാപഭ്രംശങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പാശ്ചാത്യ ലോകത്ത് വന്‍ ചലനങ്ങളുണ്ടാക്കുകയുണ്ടായി. മൂവരുടെയും ചിന്തകള്‍ താഴെ കാര്യങ്ങളില്‍ സംയോജിച്ചു:
1. മതം, മൂല്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവക്കെതിരെ ആക്രമണം. അവയുടെ വിശുദ്ധി നിഷേധം, അവയെക്കുറിച്ച് സംശയമുണ്ടാക്കുക; പേരുദോഷമുണ്ടാക്കുക.
2. ഈ ആക്രമണത്തിന് ശാസ്ത്രം, ശാസ്ത്രീയ ഗവേഷണം എന്ന പേരു നല്‍കി.
3. മതനിരാസത്തെയും മൂല്യനിഷേധത്തെയും പരിണാമവുമായി ബന്ധിപ്പിച്ചു.
4. നിരാകരണവും സര്‍വതന്ത്ര സ്വാതന്ത്ര്യവും അനിവാര്യമാണ്. കാരണം പരിണാമത്തെ തടഞ്ഞുവെക്കാനാവില്ല.

'സയണിസ്റ്റ് പ്രോട്ടോക്കോള്‍' എന്ന കൃതിയില്‍ ഇങ്ങനെ കാണാം: 'ഡാര്‍വിന്റെയും മാര്‍ക്‌സിന്റെയും നീഷേയുടെയും ചിന്തകള്‍ വിജയിച്ചിരിക്കുന്നു. ജൂതേതര ചിന്തകളില്‍ അവരുടെ സിദ്ധാന്തങ്ങള്‍ സൃഷ്ടിക്കുന്ന മൂല്യധ്വംസനത്തിന്റെ സ്വാധീനം നമുക്ക് വ്യക്തമായും കാണാം.'
**
'പരിണാമം' അഥവാ മാറ്റം എന്ന മാലിന്യവും, മതത്തോടും മൂല്യങ്ങളോടുമുള്ള ശത്രുത എന്ന വികാരവും ജനസമൂഹങ്ങളില്‍ അനിയന്ത്രിതമായ വികാരാവേശമുണ്ടാക്കി. മാര്‍ക്‌സിനേക്കാളും ദുര്‍ഖേമിനേക്കാളും, വിനാശകരമായ ഈ പ്രക്രിയയില്‍ ഫ്രോയ്ഡിനായിരുന്നു മുന്‍തൂക്കം. ഫ്രോയ്ഡിയന്‍ ചിന്തകള്‍ക്ക് ജനകീയ തലത്തില്‍ വേരോട്ടം ലഭിച്ചു. മറ്റു രണ്ടുപേര്‍ക്കും വിശിഷ്യാ ദര്‍ഖേമിന് പൊതുജന നിലവാരത്തിനും മീതെയായിരുന്നു സ്ഥാനം. എങ്കിലും മതമൂല്യനിരാസത്തിന്റെയും പരിണാമത്തിന്റെയും ആത്യന്തികലാഭം മൂന്നു പേര്‍ക്കുമായിരുന്നു; കോപ്പിറൈറ്റും ആനുപാതിക പങ്കാളിത്തവും വ്യത്യസ്തമായിരുന്നുവെങ്കിലും.

പരിണാമവാദം ഫാഷനായി കൊണ്ടാടപ്പെട്ടു. സ്വയം മാറാന്‍ തയാറാവാത്തതിനെ ബലാല്‍ക്കാരം മാറ്റണം. ഭൂമിയില്‍ ഒന്നിനും സ്ഥായിയായ നിലനില്‍പില്ല. മതം, ദൈവം, മൂല്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍ എല്ലാം മാറിയേ പറ്റൂ. ജീവനറ്റ ശാന്തതയില്‍നിന്നും അപമാനകരമായ സ്ഥിരാവസ്ഥയില്‍നിന്നും നാം പരിവര്‍ത്തിതരായേ മതിയാവൂ.

പരിവര്‍ത്തനത്തിന് വിഘാതമാവുന്ന മൂല്യങ്ങളുടെ ചങ്ങലകള്‍ തകര്‍ത്തേ തീരൂ. ഭൂതകാല കാര്‍ഷിക സാമൂഹിക ഘടനയില്‍ നാം ബന്ധനത്തില്‍ കഴിഞ്ഞു. പരിവര്‍ത്തനവിധേയമായ പുതിയകാല വ്യാവസായിക സമൂഹത്തില്‍ നാം ബന്ധനങ്ങളെ തകര്‍ത്തെറിയണം (മാര്‍ക്‌സ്). അത് സാധ്യമായില്ലെങ്കില്‍ മനസ്സിന്റെ ആന്തരിക യാഥാര്‍ഥ്യത്തെക്കുറിച്ച അപകടകരമായ അജ്ഞതയുടെ ഫലമായി നാം വിമോചിതരാവാതെ വരും. മൂല്യാനുഷ്ഠാനം മനുഷ്യ സ്വത്വത്തെ അടിച്ചമര്‍ത്തലാണ് (ഫ്രോയ്ഡ്). ഉല്‍പാദനോപാധികളുടെ മാറ്റത്തിനനുസരിച്ച് മൂല്യങ്ങള്‍ മാറിക്കൊണ്ടിരിക്കും (മാര്‍ക്‌സ്), സമൂഹത്തിന്റെ മാറ്റമനുസരിച്ച് മൂല്യങ്ങള്‍ മാറിക്കൊണ്ടിരിക്കും (ദുര്‍ഖേം). മതവും മൂല്യങ്ങളും കാര്‍ഷിക  സമൂഹത്തിനു മാത്രം യോജിച്ചവയാണ്, വ്യാവസായിക സമൂഹത്തിനു യോജിച്ചതല്ല (മാര്‍ക്‌സ്). ആകാശത്തുനിന്ന് അവതീര്‍ണമായ വിശുദ്ധ ആശയമാണ് മതം എന്നു കരുതപ്പെട്ടിരുന്ന കാലത്തിനുമാത്രം യോജിച്ചതാണ് മതാശയങ്ങള്‍. ലൈംഗിക വികാരത്തെ അടിച്ചമര്‍ത്തുന്ന ഉപദ്രവകാരിയാണെന്ന് നാം മനസ്സിലാക്കിയതിനുശേഷം മതത്തിനും മൂല്യങ്ങള്‍ക്കും സ്ഥാനമില്ല.
പുതിയ സമൂഹത്തില്‍ നാം നമ്മെ പുതുതായി നിര്‍മിക്കേണ്ടിയിരിക്കുന്നു. പരിണാമവിധേയവും ചലനാത്മകവും കുതിച്ചു ചാടുന്നതുമായ സമൂഹത്തില്‍ മതവും മൂല്യങ്ങളുമില്ലാതെ നാമും ചേരണം. (മൂവരുടെയും ആഹ്വാനം ഇതായിരുന്നു).

സ്ത്രീസ്വാതന്ത്ര്യം എന്ന വ്യാജേന അഴിഞ്ഞാട്ടം
ആധുനിക കാലം സ്ത്രീസ്വാതന്ത്ര്യത്തിന്റേതായിരുന്നു. മാനവതയെ കേടുവരുത്താനും ദുഷിപ്പിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം പുരുഷന്മാരെ കുഴപ്പത്തില്‍ ചാടിപ്പിക്കാന്‍ പാകത്തില്‍ സ്ത്രീകളെ രംഗത്തേക്കു കൊണ്ടുവരികയാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും ജീവിതാവകാശങ്ങള്‍ നേടിയെടുക്കുന്നതിന്റെയും വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും സുഖാസ്വാദനത്തിന്റെയുമെല്ലാം പേരില്‍ സ്ത്രീകളെ രംഗത്തിറക്കുക മാത്രമല്ല, പ്രലോഭനീയമായ വശ്യതയോടെ അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

മൂല്യങ്ങള്‍ മുറുകെ പിടിച്ചും സ്ത്രീസഹജമായ ലജ്ജാശീലത്തോടെയും ശാന്തവും സ്വസ്ഥവുമായ കുടുംബജീവിതം നയിച്ചും മുന്നോട്ടു പോയാല്‍ മാനവതയെ ദുഷിപ്പിക്കാന്‍ നാം നടത്തിയ ശ്രമങ്ങളെല്ലാം വെറുതെയാവും എന്നതായിരുന്നു അവരുടെ ആശങ്ക. എഴുത്തുകാരും പത്രപ്രവര്‍ത്തകരും കഥാകാരന്മാരും സിനിമാക്കാരുമെല്ലാം നഗ്നതാ പ്രദര്‍ശനത്തെ മഹത്വവല്‍ക്കരിച്ചു. റേഡിയോയും ടെലിവിഷനും മത്സരിച്ചു. ഫാഷന്‍ വസ്ത്രങ്ങള്‍ വ്യവസായമായി. ദൈനംദിന ജീവിതത്തിന്റെ സകല ഏണിലും കോണിലും സുന്ദരികളായ സ്ത്രീകള്‍ നിറഞ്ഞാടി.

രണ്ടു ലോകയുദ്ധങ്ങള്‍ സാമൂഹിക ജീവിതത്തെ ശക്തമായി സ്വാധീനിച്ചു. ഒന്നാം ലോകയുദ്ധത്തില്‍ പത്തു ദശലക്ഷം യുവാക്കള്‍ വധിക്കപ്പെട്ടു. രണ്ടാമത്തേതില്‍ നാല്‍പത് ദശലക്ഷവും. നാഥനില്ലാത്ത അനേകായിരം കുടുംബങ്ങള്‍. വേള്‍ക്കാന്‍ പുരുഷന്മാരില്ലാതെ സ്ത്രീകള്‍. സ്വമേധയായോ നിര്‍ബന്ധിതമായോ സ്ത്രീകള്‍ അന്നവും ലൈംഗികതയും തേടി പുറത്തിറങ്ങേണ്ടി വന്നു. മൂല്യങ്ങള്‍ അവഗണിച്ച് സര്‍വസ്വാതന്ത്ര്യം അനുഭവിക്കുന്ന അവസ്ഥയായി.

എല്ലാ യുവതികളും ജോലിക്കിറങ്ങുന്നതും സ്‌നേഹിതനുമൊത്ത് യഥേഷ്ടം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും പാശ്ചാത്യലോകത്ത് സര്‍വസാധാരണമായി. മതത്തെയും മൂല്യത്തെയും കുറിച്ച് ചിന്തിക്കുന്നവര്‍ പിന്തിരിപ്പന്മാരായി. ഘടികാരം പിറകോട്ട് തിരിക്കുന്നവരായി. ഇതായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ പരിണാമം, അഥവാ പരിവര്‍ത്തനം.

ഇരുപതാം നൂറ്റാണ്ട് നിര്‍മിച്ച സാമൂഹിക ചിത്രത്തിനു പിന്നില്‍ സത്യത്തില്‍ പരിണാമമാണോ അഥവാ പരിവര്‍ത്തനമാണോ ചാലകശക്തിയായത്? അത് പുരോഗതിയാണെങ്കിലും അഴിഞ്ഞാട്ടമാണെങ്കിലും മാനവതയുടെ കുതിച്ചുചാട്ടമാണെങ്കിലും മൃഗീയ ലോകത്തേക്കുള്ള വഷളായ വീഴ്ചയാണെങ്കിലും പരിണാമമാണോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്? ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്ര നാഗരികത ഉണ്ടാക്കിയെടുത്ത പുതിയ പുരോഗതി തന്നെയായിരുന്നോ അത്? നമുക്ക് നാഗരികതകളുടെ ചരിത്രം എന്താണ് പറയുന്നതെന്ന് പരിശോധിക്കാം.
'അത്തത്വവ്വുറു വസ്സബാത്തു ഫീ ഹയാത്തില്‍ ബശര്‍' എന്ന കൃതിയില്‍നിന്ന്.

കുറിപ്പുകള്‍
1. ترجمة حسن خطاب
2. الاسلام دين خالد، محمّد فريد و جدي ص 233
3. കാറല്‍ മാര്‍ക്‌സ് തന്റെ anti dihringഎന്ന കൃതിയില്‍
4. the ego and the id p: 83 (1942)
5. എന്റെ 'അല്‍ ഇന്‍സാനു ബൈനല്‍ മാദ്ദിയ്യത്തി വല്‍ ഇസ്‌ലാം' എന്ന കൃതിയിലെ 'ഫ്രോയ്ഡ്' കാണുക.
6. totem and taboo പേ: 145
7. قواعد المنهج في علم الإجتماع، إميل دركايم ترجمة محمود قاسم ص 15
8. المصدر السابق ص 22
9. ص 25
10. ص 66
11. ص 165
12. ص 173
13. ص 6-59
14. ص 173
15. David emile dur kheim (18581917)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top