ഹദീസുകളിലെ മൂലവാക്യങ്ങളുടെ പരിശോധന പണ്ഡിതന്മാരുടെ സംഭാവനകള്‍
ഒരു സംഘം ലേഖകര്‍
ഹദീസ് നിവേദകരുടെ പ്രാമാണികതയെക്കുറിച്ച് പരിശോധന നടത്തിയതിന്റെ പത്തിലൊന്നുപോലും ഹദീസുകളുടെ മത്‌ന് (മൂലവാക്യം) വിഷയകമായി നടന്നിട്ടില്ലെന്ന വിമര്‍ശനം, സാധുവായ പരമ്പരകളിലൂടെ നബി(സ) വരെ എത്തിയ ഹദീസുകളെക്കുറിച്ച് സംശയം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.
സംക്ഷിപ്ത മറുപടി
ഇവിടെ നാലു കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്:
1. ഹദീസുമായി ബന്ധപ്പെട്ട സാങ്കേതിക ശാസ്ത്രവും, സാധുവായ ഹദീസിന്റെ നിബന്ധനകളെക്കുറിച്ച വിവരണവും, ഹദീസ് പണ്ഡിതന്മാര്‍ നിവേദകരെക്കുറിച്ചു മാത്രമല്ല ഹദീസുകളുടെ ഉള്ളടക്കത്തെക്കുറിച്ചും ജാഗ്രതയോടെ നിരൂപണം നടത്തിയിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. രണ്ടിന്റെയും പ്രമേയം ഫലത്തില്‍ ഒന്നുതന്നെ. ഹദീസ് സാങ്കേതിക വിജ്ഞാനശാഖ നിലവില്‍ വന്നതുതന്നെ അന്തിമമായി ഹദീസിനെ ലക്ഷ്യം വെച്ചാണല്ലോ.
2. സ്വഹീഹായ ഹദീസിന്റെ മൂന്നാമത്തെ ഉപാധിയായ നിവേദകന്റെ കൃത്യതയും സത്യതയും അറിയാന്‍, ഒരാള്‍ നിവേദനം ചെയ്ത ഹദീസിനെ മറ്റു വിശ്വസ്തരായ നിവേദകരുടെ ഹദീസുകളുടെ വെളിച്ചത്തില്‍ പരിശോധിക്കണം. പരിശോധനയില്‍ വിശ്വസ്തരുടേതിനു യോജിച്ച വിധമാണ് അയാളുടെ ഹദീസെങ്കില്‍ അത് കൃത്യമാണെന്ന് മനസ്സിലാക്കാം; അല്ലെങ്കില്‍ കൃത്യമല്ലെന്നും.
3. സുന്നത്തിലെ പദങ്ങളുടെ എഡിറ്റിംഗും കൃത്യത വരുത്തലും ഹദീസ് വിജ്ഞാന ശാഖയിലെ പ്രധാന ധര്‍മങ്ങളാണ്. ഗരീബുല്‍ ഹദീസ്, മുഖ്തലഫുല്‍ ഹദീസ്, നാസിഖ് മന്‍സൂഖ് മുതലായവ ഹദീസുകളുടെ ഉള്ളടക്കവും ആശയവും കൃത്യതവരുത്തുന്നതിനുവേണ്ടി ആവിഷ്‌കൃതമായ വിജ്ഞാനശാഖയാണ്. നിവേദകരുമായല്ല അതിന്റെ ബന്ധം.
4. പണ്ഡിതന്മാര്‍ നിവേദക പരമ്പര കണിശമായി പരിശോധിച്ചത് ആക്ഷേപമായി കാണേണ്ടതില്ല. 'സനദി'നും 'മത്‌നി'നും അതിന്റേതായ പ്രാധാന്യമുണ്ട്. മത്‌നില്‍നിന്ന് വ്യത്യസ്തമായി സനദില്‍ ആയിരക്കണക്കിനു പേരുണ്ട്. അവരെക്കുറിച്ചെല്ലാം സൂക്ഷ്മമായി പഠിക്കണം. അത് നല്ല അധ്വാനമുള്ള ബൗദ്ധിക തപസ്യയാണ്.
വിശദമായി
(ഒന്ന്) സനദിനും മത്‌നിനും പരിഗണന
ഹദീസ് വിജ്ഞാന സാങ്കേതിക ശാസ്ത്രവും സ്വഹീഹായ ഹദീസുകളുടെ ഉപാധികളുടെ വിവരണവും 'സനദും മത്‌നും' പഠിക്കുന്നതില്‍ പണ്ഡിതന്മാര്‍ കാണിച്ച ജാഗ്രതയുടെ മികച്ച സാക്ഷ്യമാണ്. ഈ ശാഖയുടെ നിര്‍വചനം തന്നെ ഇങ്ങനെയാണ്: 'നിവേദകരുടെയും ഹദീസുകളുടെയും അവസ്ഥകള്‍ പരിശോധിച്ച് അവ സ്വീകരിക്കേണമോ വേണ്ടയോ എന്നറിയാനുള്ള നിയമങ്ങള്‍,
قوانين يعرف بها أحوال السّند والمتن من حيث القبول والرّدّ
'നിവേദകരുടെയും ഹദീസുകളുടെയും അവസ്ഥകള്‍' എന്നതിന്റെ വിവക്ഷ സ്വഹീഹ്, ഹസന്‍, ദഈഫ് പോലെ പൊതുവിലും, നിവേദക പരമ്പരയുമായി മാത്രം ബന്ധപ്പെട്ട് താഴോട്ടും മേലോട്ടും, ഹദീസിന്റെ ഉള്ളടക്കവുമായി മാത്രം ബന്ധപ്പെട്ട് നബിയില്‍നിന്നാണോ സ്വഹാബിയില്‍നിന്നാണോ, പരമ്പര മുറിഞ്ഞുപോയിട്ടുണ്ടോ മുതലായവ മനസ്സിലാക്കലുമാണ്.
ഇബ്‌നുല്‍ അക്ഫാനീ തന്റെ 'ഇര്‍ശാദുല്‍ ഖാസ്വിദ് ഇലാ അസ്‌നല്‍ മഖാസ്വിദ്' എന്ന തന്റെ ഗ്രന്ഥത്തില്‍ ഹദീസ് വിജ്ഞാനീയത്തെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഒന്ന്, നിവേദനവുമായി മാത്രം ബന്ധപ്പെട്ടത്.
علم يشتمل على نقل اقوال النّبيّ وأفعاله وروايتها وضبطها وتحرير ألفاظها
(നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും അവയുടെ നിവേദനവും കൃത്യത വരുത്തുന്നതും അതിലെ പദങ്ങള്‍ എഡിറ്റിംഗ് നടത്തുന്നതുമായ വിജ്ഞാനശാഖ).
രണ്ട്, ഹദീസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിജ്ഞാനശാഖ
علم يعرف منه حقيقة الرّواية وشروطها وأنواعها وأحكامها وحال الرّواة وشروطهم وأصناف المرويّات ومايتعلّق بها
(ഹദീസുകളുടെ യാഥാര്‍ഥ്യവും ഉപാധികളും ഇനങ്ങളും വിധികളും നിവേദകരുടെ അവസ്ഥയും മാനദണ്ഡങ്ങളും ഹദീസുകളുടെ ഇനങ്ങളും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളും മനസ്സിലാക്കാനുള്ള വിജ്ഞാനം)1
ഇബ്‌നു ഹജറില്‍ അസ്ഖലാനിയുടെ നിര്‍വചനം ഇങ്ങനെ:
معرفة القواعد المعرفة بحال الرّواي والمرويّ
'ഹദീസ് നിദാന ശാസ്ത്ര തത്വങ്ങള്‍ മനസ്സിലാക്കുക എന്നാല്‍, നിവേദകനും നിവേദന (ഹദീസ്) വുമായി ബന്ധപ്പെട്ട അവസ്ഥ മനസ്സിലാക്കുക എന്നത്രെ'2 പില്‍ക്കാല പണ്ഡിതന്മാരിലെ ഹദീസ് വിജ്ഞാനീയത്തിലെ അഗ്രഗണ്യനായ ഇബ്‌നു ഹജറില്‍ അസ്ഖലാനിയുടെ ഈ നിര്‍വചനം സനദിന്റെയും മത്‌നിന്റെയും പഠനനിരൂപണ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്.
മുകളിലെ നിര്‍വചനങ്ങല്‍ ഹദീസിന്റെ രണ്ടു തലങ്ങളും -സനദും മത്‌നും- ഒരുപോലെ പഠനപ്രാധാന്യമര്‍ഹിക്കുന്നു എന്ന് വ്യക്തമായും സൂചിപ്പിക്കുന്നു. ഒന്ന് കൈയൊഴിഞ്ഞ് മറ്റേതില്‍ മാത്രം ശ്രദ്ധയൂന്നുക എന്ന രീതി പണ്ഡിതന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. രണ്ടിലും തങ്ങളുടേതായ സാഹചര്യങ്ങള്‍ക്കനുസൃതമായി അവര്‍ പഠന വിശകലനങ്ങള്‍ നടത്തിയിട്ടുണ്ടെന്നു നമുക്ക് കാണാം. നിവേദക പരമ്പര മാത്രം മനസ്സിലാക്കുക, സ്വഹീഹായ ഹദീസുകളുടെ പരമ്പര മനസ്സിലാക്കുക എന്നതു മാത്രമാണ് ഹദീസ് വിജ്ഞാനീയത്തിന്റെ ലക്ഷ്യമെന്ന് ഒരു ഹദീസ് വിശാരദനും വാദിച്ചിട്ടില്ല.
സ്വഹീഹായ ഹദീസിന് അഞ്ചു നിബന്ധനകള്‍
സ്വഹീഹായ ഹദീസ് നിര്‍ണയിക്കാന്‍ പണ്ഡിതന്മാര്‍ അഞ്ചു മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നു. മൂന്നെണ്ണം നിവേദക പരമ്പരക്കും രണ്ടെണ്ണം ഉള്ളടക്കത്തിനും. ഈ അഞ്ചു മാനദണ്ഡങ്ങളും ഒത്തു വരുമ്പോഴാണ് ഒരു ഹദീസ് സ്വഹീഹായി പരിഗണിക്കപ്പെടുന്നത്.
1. اتصال السند (നിവേദക പരമ്പരയില്‍ കണ്ണികള്‍ വിടാതെ ചേര്‍ന്നുവരിക)
2. عدالة الرواة (നിവേദകരുടെ സത്യസന്ധത)
3. الضبط (കൃത്യത)
4. عدم الشذوذ (പ്രമാണവിരുദ്ധമാവാതിരിക്കുക, സാമാന്യവിരുദ്ധമാവാതിരിക്കുക)
5. عدم العلة (തകരാറില്ലാതിരിക്കുക)
ആദ്യത്തെ മൂന്ന് ഉപാധികളും നിവേദക പരമ്പരയുമായി ബന്ധപ്പെട്ടതാണ്. ഒടുവിലെ രണ്ടും ഉള്ളടക്കവുമായി ബന്ധപ്പെട്ടതും.
ഉള്ളടക്കവുമായി ബന്ധപ്പെട്ട പ്രമാണവിരുദ്ധത, സാമാന്യവിരുദ്ധത എന്നതിന്റെ വിവക്ഷ, നിവേദക പരമ്പരയിലെ എന്ന പോലെ ഉള്ളടക്കത്തിലെയും സാമാന്യവിരുദ്ധതയാണ്. തകരാര്‍ എന്നതിന്റെ വിവക്ഷയും പരമ്പരയിലെയും ഉള്ളടക്കത്തിലെയുമാണ്.3 പ്രബലരും കൂടുതല്‍ വിശ്വസ്തരുമായ നിവേദകര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ക്കു വിരുദ്ധമായി, അവരുടെയത്ര പ്രബലരോ വിശ്വസ്തരോ അല്ലാത്തവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നവ 'സാമാന്യ വിരുദ്ധ'മായവ (ശാദ്ദ്) എന്ന ഗണത്തിലാണ് വരിക. തകരാറ് (ഇല്ലത്ത്) ഉണ്ടോ, ഇല്ലേ എന്ന പരിശോധനയും ഹദീസിന്റെ ഉള്ളടക്കത്തിലാണ് ഊന്നുന്നത്. 'കൃത്യത ഉറപ്പുവരുത്തുക' (ദബ്ത്വ്) എന്ന മാനദണ്ഡം ഒരു നിവേദകന്റെ റിപ്പോര്‍ട്ടുകളെ അദ്ദേഹത്തിന്റെ സമകാലികരുടെ റിപ്പോര്‍ട്ടുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് സാക്ഷാത്കൃതമാവുന്നത്. ഇത് നിസ്സംശയം ഹദീസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ടതാണ്.
മേല്‍വശങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് ഹദീസ് പണ്ഡിതന്മാര്‍ ഐകകണ്‌ഠ്യേന അംഗീകരിച്ച തത്വമാണ്, നിവേദക പരമ്പര ശരിയായാലും സാമാന്യവിരുദ്ധ കാരണമോ മറ്റു തകരാറുകള്‍ കാരണമോ ഹദീസിന്റെ ഉള്ളടക്കം ശരിയായിക്കൊള്ളണമെന്നില്ല എന്നത്. അതേ പോലെ മറ്റു നിവേദക പരമ്പരകളിലൂടെ ഹദീസിന്റെ ഉള്ളടക്കം ശരിയാണെന്നതിനു തെളിവുകളുണ്ടെന്നതുകൊണ്ട് അതേ ഉള്ളടക്കമുള്ള മറ്റൊരു നിവേദക പരമ്പര ശരിയാവണമെന്നില്ല, ഉള്ളടക്കം ശരിയാവുകയും ചെയ്യാം. ഇതൊക്കെ നിദാനശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങളാണ്. ഹദീസ് ശാഖയുമായി ബന്ധപ്പെട്ട സൂക്ഷ്മ സാധ്യതകള്‍ പോലും പണ്ഡിതന്മാര്‍ പരിഗണിച്ചു എന്നതിന് ഇതില്‍പരം തെളിവെന്തു വേണം?4
ഉള്ളടക്കത്തില്‍ തകരാറുള്ള ഹദീസുകള്‍ക്ക് ഉദാഹരണമാണ് അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന താഴെ ഹദീസ്. നബി(സ) പറഞ്ഞു:
الطّيرة شرك ، ومامنّا إلّا ، ولكن يذهبه الله بالتوكل
'പക്ഷി ലക്ഷണം നോക്കല്‍ ബഹുദൈവത്വപരമാണ്. അത് ബാധിക്കാത്തവരായി നമ്മില്‍ ആരുമില്ല (മനസ്സ് പക്ഷിലക്ഷണത്തിന് അനുകൂലമായിപ്പോവുന്നു). പക്ഷേ, അല്ലാഹു അതിനെ തവക്കുലിനാല്‍ പോക്കിക്കളയും.'5 മേല്‍ ഹദീസ് നിവേദകപരമായും ഉള്ളടക്കപരമായും പ്രത്യക്ഷത്തില്‍ ശരിയാണ്. പക്ഷേ, ഉള്ളടക്കത്തിലെ 'വമാമിന്നാ ഇല്ലാ' എന്നതില്‍ ഗോപ്യമായ തകരാറുണ്ട്. ബുഖാരി പറയുന്നു: സുലൈമാനുബ്‌നു ഹര്‍ബ് ഈ ഹദീസ് 'വമാമിന്നാ വലാകിന്‍ യുദ്ഹിബ്ഹുല്ലാഹു ബിത്തവക്കുലി' എന്നാണ് ഉദ്ധരിക്കാറ്. ഇബ്‌നു മസ്ഊദ് ഇങ്ങനെയാണ് ഉദ്ധരിച്ചിരുന്നതെന്ന് സുലൈമാന്‍ പറഞ്ഞിരുന്നു. ഖത്ത്വാബി പറയുന്നു: 'വമാമിന്നാ ഇല്ലാ' എന്നതിന്റെ അര്‍ഥം 'പക്ഷി ലക്ഷണം ബാധിക്കാതിരിക്കില്ല' എന്നാണ്. ഇത് മനസ്സിലേക്ക് വെറുപ്പ് കടന്നുവരാന്‍ കാരണമാവും. അതിനാല്‍ ഇബ്‌നു മസ്ഊദ് വാക്കുകള്‍ ചുരുക്കി 'പക്ഷേ അല്ലാഹു തവക്കുല്‍ വഴി അതു പോക്കിക്കളയും' എന്ന ഭാഗം ശ്രോതാവിനു മനസ്സിലാവും എന്ന ഭാഗത്തില്‍ ഊന്നുകയുമായിരുന്നു. അതായത്, മനസ്സില്‍ കടന്നു കൂടുന്ന അനിഷ്ടം അല്ലാഹുവിനെ അവലംബിക്കുന്നതിലൂടെ നീങ്ങിപ്പോവും.
ഈ ഹദീസിന്റെ ഉള്ളടക്കത്തിന് തകരാറുണ്ടെന്ന് വിധിക്കാന്‍ കാരണം, ഹദീസിന്റെ തുടക്കം ഇബ്‌നു മസ്ഊദില്‍നിന്ന് ഒന്നിലധികം പേര്‍ വര്‍ധനവില്ലാതെ ഉദ്ധരിച്ചിട്ടുണ്ടെന്നതാണ്.6
സൂക്ഷ്മവും ഗോപ്യവുമായ കാര്യങ്ങള്‍ കണ്ടെത്താനായി ഹദീസുകളുടെ തകരാറുകള്‍ മനസ്സിലാക്കണമെന്നതുകൊണ്ട് പണ്ഡിതന്മാര്‍ വിവിധ രീതികളില്‍ പഠന വിശകലനങ്ങള്‍ നടത്തിയിട്ടുണ്ട്. വിവിധ നിവേദക പരമ്പരകളെയും ഹദീസുകളുടെ ഉള്ളടക്കങ്ങളെയും പരസ്പരം ഒത്തുനോക്കി പരിശോധിക്കുക എന്നതാണ് ഇതിനായി അവര്‍ സ്വീകരിച്ച ഒരു രീതി. ഇതിലൂടെ യോജിപ്പുള്ളവയും വിയോജിപ്പുള്ളവയും കണ്ടെത്താം. വിശ്വസ്തരായ നിവേദകര്‍ക്ക് സംഭവിച്ച ചെറുപിഴവുകളും ധാരണാപിശകുകളും കണ്ടെത്താന്‍ കഴിയും.7 തകരാറുള്ള മത്‌നുകള്‍ കണ്ടെത്താന്‍ മത്‌നുകളില്‍ ഊന്നിയുള്ള പഠനമനനങ്ങള്‍ക്ക് അവര്‍ മുഖ്യപരിഗണന തന്നെ നല്‍കുകയുണ്ടായി.
ഇത്രയും പറഞ്ഞതില്‍നിന്ന്, ഹദീസ് പണ്ഡിതന്മാര്‍ ഹദീസുകളുടെ ഉള്ളടക്കത്തെ മാറ്റിനിര്‍ത്തിയിരുന്നില്ലെന്ന് മനസ്സിലാക്കാം. ഹദീസ് വിജ്ഞാനീയത്തെ സനദ്, മത്‌ന് എന്നിങ്ങനെ തരംതിരിച്ചതുതന്നെ അതുകൊണ്ടാണല്ലോ.
ഇതുപോലെതന്നെ നിവേദകരുടെ കൃത്യതയും ഹദീസുകളുടെ ഉള്ളടക്കത്തിന്റെ നിരൂപണവും തമ്മില്‍ വലിയ ബന്ധവുമുണ്ട്. കാരണം നിവേദകന്റെ നിലവാരം ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളെ ശക്തമായി നിരൂപണം ചെയ്യേണ്ടതുണ്ട്. വിശ്വസ്തനായി കരുതപ്പെടുന്ന റിപ്പോര്‍ട്ടര്‍ അതിന് അര്‍ഹനാണോ? ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിന്റെ ആളാണോ? സ്വാഭാവിക ജീവിതത്തിലൂടെ നേടിയ വിശുദ്ധിയുടെ അംഗീകാരമാണോ അദ്ദേഹത്തിന്റെ വിശ്വസ്തത എന്ന വിശേഷണം? ഹദീസുകള്‍ സ്വാംശീകരിക്കാനും അതു കേട്ടു പഠിച്ചതുപോലെത്തന്നെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാനുമുള്ള വൈജ്ഞാനിക പ്രാപ്തി അദ്ദേഹത്തിനുണ്ടായിരുന്നോ?
ഈ പരിശോധനയില്‍ ഒരാളുടെ റിപ്പോര്‍ട്ടുകള്‍ മറ്റുള്ളവരുടേതുമായി ഒത്തുവരുന്നതായി ബോധ്യപ്പെട്ടാല്‍ അദ്ദേഹം കൃത്യതയുള്ളയാളെന്നും വിശ്വസ്തനാണെന്നും വിധിക്കാന്‍ നമുക്ക് കഴിയുന്നു. ഹദീസ് നിദാന ശാസ്ത്രത്തിലെ 'അല്‍ജര്‍ഹു വത്തഅ്ദീല്‍' (ഹദീസ് നിവേദകര്‍ക്ക് ഹദീസ് നിവേദനം ചെയ്യാന്‍ ആവശ്യമായ അംഗീകൃത യോഗ്യത ഉണ്ടോ ഇല്ലേ എന്നു പരിശോധിക്കുന്ന മാനദണ്ഡ ശാസ്ത്രം) എന്ന ഗ്രന്ഥശേഖരം റിപ്പോര്‍ട്ടര്‍ക്ക് റിപ്പോര്‍ട്ടുകളില്‍ വരുന്ന പിശകുകളാണ് പഠനവിധേയമാക്കുന്നത്. 'മുന്‍കറുല്‍ ഹദീസ് ..... യര്‍വീ അല്‍മനാകീര്‍' (ഇദ്ദേഹം അംഗീകാരയോഗ്യമല്ലാത്തവ റിപ്പോര്‍ട്ട് ചെയ്യുന്നയാളാണ്). 'രിവായാത്തുഹു വാഹിയഃ' (അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ദുര്‍ബലമാണ്). മുതലായ പ്രസ്തുത ഗ്രന്ഥങ്ങളിലെ പ്രയോഗങ്ങള്‍ ഹദീസുകളിലെ പദങ്ങള്‍ അവര്‍ കാര്യക്ഷമതയോടെ വിലയിരുത്തിയിരുന്നു എന്നു വ്യക്തമാക്കുന്നു.8 അത്ര പ്രശസ്തരല്ലാത്ത നിവേദകരുടെ റിപ്പോര്‍ട്ടുകളെ പ്രമുഖരായ റിപ്പോര്‍ട്ടര്‍മാരുടെ റിപ്പോര്‍ട്ടുകളുമായി തട്ടിച്ചുനോക്കി അതുമായി ഒത്തുവരുന്നതാണെങ്കില്‍ മാത്രം കൃത്യവും സാധുവുമായി വിധിക്കുകയാണ് സ്വീകരിച്ചുവരുന്ന രീതി. ഇബ്‌നു അദിയ്യില്‍ ജുര്‍ജാനി (മരണം ഹി: 365) തന്റെ 'അല്‍കാമിലു ഫിര്‍രിജാല്‍' എന്ന കൃതിയില്‍ ഒരു നിവേദകനെ അദ്ദേഹം ഉദ്ധരിച്ച എല്ലാ ഹദീസുകളും പഠിച്ച ശേഷവും കൃത്യത ഉറപ്പുവരുത്തിയ ശേഷവുമാണ് യോഗ്യനോ അയോഗ്യനോ എന്ന് വിധിച്ചിട്ടുള്ളത്. ഈ രംഗത്തെ എല്ലാ പണ്ഡിതന്മാരും നിവേദകര്‍ ഹദീസുകള്‍ എങ്ങനെയാണ് അടുത്തയാള്‍ക്ക് കൈമാറിയിരുന്നതെന്ന് ഉറപ്പുവരുത്തിയിരുന്നു. ഉദാഹരണമായി, ഹദീസ് പണ്ഡിതന്‍ അബൂഹാതിമിനോട് ഒരു നിവേദകനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മകന്‍ ചോദിച്ചപ്പോള്‍, അബൂഹാതിമിന്റെ മറുപടി തനിക്ക് അദ്ദേഹത്തെപ്പറ്റി അറിയുകയില്ല എന്നായിരുന്നു.
മകന്‍: 'ഇന്ന ഇന്ന ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അദ്ദേഹമാണ്.' മകന്‍ ചില ഹദീസുകള്‍ കേള്‍പ്പിച്ചു. ഹദീസുകള്‍ സ്വഹീഹെങ്കില്‍ അത് സ്വഹീഹാണെന്നും അല്ലെങ്കില്‍ അതൊഴിവാക്കുക എന്നും അബൂഹാതിം വിശദീകരിച്ചു. സനദ് മാത്രമല്ല, ഹദീസുകളുടെ മത്‌നും പണ്ഡിതന്മാര്‍ ഗൗരവത്തോടെ വിലയിരുത്തിയിരുന്നു എന്ന് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
(രണ്ട്) ഹദീസിന്റെ ഉള്ളടക്കത്തിന്റെ സാധുത പരിശോധിക്കാന്‍ പണ്ഡിതന്മാര്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയുണ്ടായി. ഇതുവഴി ഹദീസിലെ പദങ്ങള്‍ കൃത്യത വരുത്താന്‍ അവര്‍ക്ക് സാധിച്ചു. നിവേദനവുമായി ബന്ധപ്പെട്ട പ്രത്യേക വിജ്ഞാനശാഖയെ നിര്‍വചിച്ചുകൊണ്ട് ഇബ്‌നുല്‍ അക്ഫാനീ പറയുന്നു:
علم يشتمل على أقوال النّبي ص وأفعاله وروايتها وضبطها وتحرير الفاظها
'നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അവയുടെ നിവേദനവും കൃത്യതയും പദങ്ങളുടെ സൂക്ഷ്മപരിശോധനയും കൈകാര്യം ചെയ്യുന്ന പ്രത്യേക വിജ്ഞാനശാഖ.'9
നബി(സ)യുടെ ഭാഷ അറബി ആയിരുന്നതിനാല്‍ അദ്ദേഹം ഉപയോഗിച്ച ഒരു വാക്ക് അകാരമായാണോ ഇകാരമായാണോ ഉകാരമായാണോ പറഞ്ഞത് മുതലായതുപോലുള്ള കൃത്യതകള്‍ പ്രധാനമാണ്.ذكاة الجنين ذكاة أمه നബി(സ)യുടെ എന്ന പ്രസ്താവന ഉദാഹരണം10 (അറുക്കപ്പെട്ട കന്നുകാലിയുടെ വയറ്റില്‍നിന്ന് ജീവനില്ലാതെ പുറത്തുവരുന്നതോ, വയറ്റില്‍ ചത്തതായി കാണപ്പെടുന്നതോ ആയ ഗര്‍ഭസ്ഥ ശിശുവിനെ തിന്നല്‍ അനുവദനീയമാണ്. കുഞ്ഞ് ഭക്ഷ്യയോഗ്യമാവാന്‍ അതിനെ അറുക്കേണ്ടതില്ല. തള്ളയെ അറുത്തതുതന്നെ അതിന്റെയും അറവായി പരിഗണിക്കും എന്നു സാരം). ഇബ്‌നുല്‍ അസീര്‍, 'നിഹായ'യില്‍ എഴുതുന്നു: ഈ ഹദീസ് ഉകാരത്തോടെയും അകാരത്തോടെയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതായത് ഹദീസിലെ രണ്ടാമത്തെ 'ദകാത്ത്' എന്നത് 'ദകാത്തു ഉമ്മിഹി', 'ദകാത്ത ഉമ്മിഹി' എന്ന് വ്യത്യസ്ത വായനകളുണ്ട്. 'ദകാത്തു ഉമ്മിഹി' എന്നു വായിക്കുന്നവര്‍ ദകാത്തുല്‍ ജനീനി എന്ന മുബ്തദഇ(ആഖ്യ)ന്റെ ഖബറാ(ആഖ്യാതം)യാണ് അങ്ങനെ വായിക്കുന്നത്. അതനുസരിച്ച് 'ദകാത്തുല്‍ ഉമ്മി ഹിയ ദകാത്തുല്‍ ജനീന്‍' എന്നാവും! അതനുസരിച്ച് രണ്ടാമത് ഒരു അറവ് ആവശ്യമില്ലെന്നു വരും.
അകാരത്തോടെ ദകാത്ത എന്നു വായിക്കുന്നവര്‍ 'ദകാത്തുല്‍ ജനീനി' 'ക' 'ദകാത്തി ഉമ്മിഹി' എന്ന് സങ്കല്‍പിച്ചാണ് വായിക്കുന്നത്. ഈ വാക്യത്തില്‍ ദകാത്തി എന്നു വായിക്കാന്‍ കാരണമായ 'ക' എന്ന അക്ഷരം കളഞ്ഞപ്പോള്‍ അകാരം വന്നു. അതായത്, 'യുദ്കാ തദ്കിയത്തന്‍ മിസ്‌ല ദകാത്തി ഉമ്മിഹി' എന്ന് അകാരത്തോടെ വായിച്ചു (തള്ള അറുക്കപ്പെട്ടതുപോലെ പിള്ളയും അറുക്കപ്പെടണം). ഇങ്ങനെ വായിക്കുമ്പോള്‍, കുഞ്ഞ് ജീവനോടെയാണ് പുറത്തു വരുന്നതെങ്കില്‍ അതിനെ അറുത്ത ശേഷമേ കഴിക്കാവൂ എന്നര്‍ഥം. ചില പണ്ഡിതന്മാര്‍ ഹദീസിലെ, രണ്ട് 'ദകാത്ത്' എന്ന പദങ്ങളെയും അകാരത്തോടെ 'ദകാത്ത' എന്നു വായിക്കുന്നവരാണ്. അതനുസരിച്ച് അര്‍ഥം, 'തള്ളയെ അറുത്തതുപോലെ പിള്ളയെയും അറുക്കുക' എന്നായിരിക്കും.11
ഹദീസിലെ പദങ്ങള്‍ മാത്രമല്ല, പദങ്ങളുടെ വ്യാകരണ വ്യാഖ്യാന സാധ്യതകള്‍ പോലും പണ്ഡിതന്മാര്‍ എത്രമാത്രം ചര്‍ച്ച ചെയ്തു എന്നതിന്റെ പല ഉദാഹരണങ്ങളില്‍ ഒന്നാണിത്.
വികസിച്ചു വന്ന ഹദീസ് വിജ്ഞാനശാഖ
ഹദീസ് വിജ്ഞാനീയത്തില്‍നിന്ന് ഉറവെടുത്ത വിജ്ഞാനീയങ്ങളില്‍ സനദുമായി മാത്രം ബന്ധപ്പെട്ടതുണ്ട്. ഹദീസ് നിവേദകശാസ്ത്രം, ഹദീസ് നിവേദകരുടെ യോഗ്യതയും അയോഗ്യതയും ചര്‍ച്ച ചെയ്യുന്ന വിജ്ഞാനം, ഹദീസുകളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ടവയാണ് മറ്റൊരിനം. ഹദീസിലെ പദങ്ങള്‍ വിശദീകരിക്കുന്നവ, ഹദീസുകളിലെ അഭിപ്രായ ഭിന്നതയുള്ളവ ചര്‍ച്ച ചെയ്യുന്നവ, ദുര്‍ബലപ്പെടുത്തിയവും ദുര്‍ബലപ്പെടുത്തപ്പെട്ടവയും വിശദീകരിക്കുന്നവ മുതലായവ ഈ ഇനത്തില്‍പെടുന്നു.
സനദും മത്‌നുമായി ബന്ധപ്പെട്ടവ ഒരുപോലെ ചര്‍ച്ചക്ക് വരുന്ന 'ഇല്‍മുഇലലില്‍ ഹദീസ്' (ഹദീസുകളിലെ തകരാറുകള്‍ മനസ്സിലാക്കുന്ന വിജ്ഞാനശാഖ) സവിശേഷം പ്രസ്താവ്യമാണ്.
ഹദീസുകളിലെ പദങ്ങളുടെ അര്‍ഥവിശദീകരണത്തില്‍ ഹദീസ് പണ്ഡിതന്മാര്‍ ശ്രദ്ധിച്ചിരുന്നു. അതറിയാത്തവരെ ഹദീസ് പണ്ഡിതനായി അവര്‍ അംഗീകരിച്ചിരുന്നില്ല. പ്രത്യക്ഷത്തില്‍ വൈരുധ്യം തോന്നുന്ന ഹദീസുകളെ സംയോജിപ്പിച്ചു മനസ്സിലാക്കാനും അവര്‍ ചില സാങ്കേതിക രീതികള്‍ സ്വീകരിച്ചിരുന്നു. പൊതുവില്‍ പറഞ്ഞതിനെ സവിശേഷമാക്കിയും, നിരുപാധികമായി പറഞ്ഞതിനെ സോപാധികമാക്കിയും, ചില ഹദീസുകള്‍ ഒന്നിലധികം സംഭവങ്ങളുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന് വ്യാഖ്യാനിച്ചും, സാധുവും സാധ്യവുമായ വ്യാഖ്യാനങ്ങള്‍ കണ്ടെത്തിയും, ചിലതിനെ മറ്റു ചിലതിനേക്കാള്‍ മുന്‍തൂക്കം നല്‍കിയും, സംയോജിപ്പിച്ച് മനസ്സിലാക്കിയുമൊക്കെ പ്രശ്‌നഹദീസുകളെക്കുറിച്ച് മനസ്സിലാക്കാന്‍ വിജ്ഞാനശാഖ വളര്‍ത്തിയെടുത്തു.
ദുര്‍ബലപ്പെടുത്തിയ ഹദീസും ദുര്‍ബലപ്പെടുത്തപ്പെട്ട ഹദീസും മനസ്സിലാക്കാനും ഈ വിജ്ഞാന ശാഖയില്‍ സംവിധാനങ്ങളുണ്ട്. രണ്ടു ഹദീസുകള്‍ പരസ്പരവിരുദ്ധമാവുകയും, രണ്ടും സംയോജിപ്പിച്ചു മനസ്സിലാക്കാന്‍ വഴി ഇല്ലാതിരിക്കുകയും, രണ്ടിന്റെയും ചരിത്രം മനസ്സിലാക്കാന്‍ വഴിയുണ്ടാവുകയും ചെയ്താല്‍ ആദ്യം വന്നതായി മനസ്സിലാവുന്ന ഹദീസ് ദുര്‍ബലപ്പെടുത്തപ്പെട്ടതായി മനസ്സിലാക്കണം. അതനുസരിച്ച് പിന്നീടു വന്ന ഹദീസിനായിരിക്കും പ്രാബല്യം. രണ്ടു ഹദീസുകളുടെയും ചരിത്രം അറിയില്ലെങ്കില്‍ മുന്‍ഗണന നല്‍കാനുള്ള ന്യായങ്ങള്‍ പരിശോധിച്ച് വിലയിരുത്തി രണ്ടില്‍ ഒന്നിന് മുന്‍ഗണന നല്‍കണം. ഹദീസ് പണ്ഡിതന്മാരുടെ പ്രാഗത്ഭ്യവും നൈപുണിയും വെളിവാകുന്നത് ഇവിടെയാണ്.
ഹദീസുകളുടെ ന്യൂനതകള്‍ മനസ്സിലാക്കുന്ന ശാസ്ത്രമാണ് മറ്റൊരു വക. നിവേദക പരമ്പരകളിലെയും ഹദീസുകളുടെ ഉള്ളടക്കങ്ങളിലെയും ന്യൂനതകള്‍ മനസ്സിലാക്കാന്‍ ഹദീസ് പണ്ഡിതന്മാര്‍ പ്രത്യേക നിയമങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഇത്രയും പറഞ്ഞതില്‍നിന്ന് ഈ രംഗത്തുണ്ടായ ഗവേഷണ പാടവം വ്യക്തമാണല്ലോ.12
ഹദീസുകളുടെ ഉള്ളടക്കവുമായി മാത്രം ബന്ധപ്പെട്ട പഠനത്തിന് ആവിഷ്‌കരിച്ചവ
ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ ഹദീസുകള്‍ സ്വീകാര്യമാണോ അല്ലയോ എന്നു പരിശോധിക്കാനായി പണ്ഡിതന്മാര്‍ താഴെ പറയുന്ന മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു:
1. ഹദീസുകളിലെ പദങ്ങള്‍ വിലക്ഷണ രീതിയിലുള്ളതോ, ദുര്‍ബല ശൈലിയിലോ ആവരുത്. അറബി സാഹിത്യ ശൈലി നന്നായി മനസ്സിലാവുന്നവര്‍ക്ക്, വിലക്ഷണ പദപ്രയോഗങ്ങള്‍ നബിയെപ്പോലെ ഏറ്റവും നല്ല ഭാഷാചാതുരിയോടെ സംസാരിക്കുന്ന ഒരാളില്‍നിന്ന് ഉണ്ടാവില്ലെന്ന് മനസ്സിലാക്കാന്‍ കഴിയും.
ഇബ്‌നു ദഖീഖില്‍ ഈദ് പറയുന്നു: 'പണ്ഡിതന്മാര്‍ വ്യാജമായ ഹദീസുകള്‍ എന്നു വിധിക്കുന്നവയില്‍ കൂടുതലും ഹദീസുകളുടെ ഉള്ളടക്കം പരിഗണിച്ചുകൊണ്ടാണ്. ഹദീസുകളിലെ പദങ്ങളുമായി യഥേഷ്ടം ഇടപഴകിയവരായതുകൊണ്ട് അവര്‍ക്ക് അവയുമായി മാനസികമായി നല്ല വഴക്കം സാധ്യമായിട്ടുണ്ട്. നബി(സ) ഉപയോഗിക്കാന്‍ സാധ്യതയുള്ള പദങ്ങള്‍, ഉപയോഗിക്കാന്‍ സാധ്യതയില്ലാത്ത പദങ്ങള്‍ എന്നിങ്ങനെ നിര്‍ണയിച്ചുപറയാന്‍ അതുകൊണ്ടുതന്നെ അവര്‍ക്ക് സാധിച്ചിരുന്നു. പത്തുവര്‍ഷക്കാലം ഒരാളുടെ സേവകനായിരുന്ന ഒരാളോട് മറ്റൊരാള്‍, യജമാനന് ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു എന്നു പറഞ്ഞാല്‍ അതിലെ ശരിയും തെറ്റും സേവകനു കേള്‍ക്കുന്ന മാത്രയില്‍ തന്നെ മനസ്സിലാവും.'13
2. വ്യാഖ്യാനിച്ചു മനസ്സിലാക്കാന്‍ കഴിയാത്തവിധം ബുദ്ധിയുടെ പ്രാഥമിക ബോധ്യങ്ങള്‍ക്കു വിരുദ്ധമാവാതിരിക്കുക. ഇത്തരം ഹദീസുകള്‍ വ്യാജമെന്ന ഗണത്തിലാണ് വരിക. ഉദാഹരണം: 'നൂഹ് നബിയുടെ കപ്പല്‍ കഅ്ബയെ ഏഴു തവണ പ്രദക്ഷിണം ചെയ്തു. മഖാമു ഇബ്‌റാഹീമില്‍ രണ്ടു റക്അത്ത് നമസ്‌കരിച്ചു.'
പൊതു മൂല്യങ്ങള്‍ക്ക് വിരുദ്ധമായവയാണ് മറ്റൊരുതരം. ലൈംഗിക വികാരത്തിനും അതുവഴി അരാജകത്വത്തിനും കാരണമാകാവുന്നവയാണ് മറ്റൊരു തരം. ഉദാ: 'സൗന്ദര്യമുള്ള മുഖത്തേക്കു നോക്കുന്നത് കണ്ണിന് നല്ല കാഴ്ചശക്തി നല്‍കും.' ദൈനംദിനാനുഭവങ്ങള്‍ക്ക് വിരുദ്ധമായവയാണ് മറ്റൊരു തരം. ഉദാ: 'നൂറിനുശേഷം അല്ലാഹുവിന് ആവശ്യമുള്ള ഒരു കുഞ്ഞും ജനിക്കുകയില്ല.' ഏകകണ്ഠമായ വൈദ്യശാസ്ത്രതത്വങ്ങള്‍ക്ക് വിരുദ്ധമായവയാണ് വേറൊരു തരം. ഉദാ: 'വഴുതന എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനമാണ്.' അല്ലാഹുവിന്റെ വിശുദ്ധിക്ക് വിരുദ്ധമായവ. ഉദാ: 'അല്ലാഹു കുതിരയെ സൃഷ്ടിച്ചു. അതിനെ ഓടിച്ചപ്പോള്‍ അത് വിയര്‍ത്തു. അല്ലാഹു അതില്‍നിന്ന് തന്റെ ശരീരത്തെ സൃഷ്ടിച്ചെടുത്തു.' ചരിത്രത്തിനോ അല്ലാഹുവിന്റെ പ്രാപഞ്ചിക നടപടിക്രമത്തിനോ വിരുദ്ധമാവുക. ഉദാ: 'ഇവജുബ്‌നു ഉനുഖിന് മൂവായിരം മുഴം നീളമുണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങുമെന്നായപ്പോള്‍ തന്നെ കപ്പലില്‍ കയറ്റണമെന്നാവശ്യപ്പെട്ടു. പ്രളയം അവന്റെ ഞെരിയാണിവരെ എത്തിയിരുന്നില്ല, അയാള്‍ കടലിനടിയില്‍നിന്ന് മത്സ്യത്തെ എടുക്കുമായിരുന്നു, സൂര്യനില്‍ കാണിച്ച് വേവിച്ചെടുക്കുമായിരുന്നു.'14
3. ഖുര്‍ആന്നോ ഖണ്ഡിത സുന്നത്തിനോ ദീനില്‍പെട്ടതെന്ന് അനിവാര്യമായും ബോധ്യമുള്ള കാര്യങ്ങള്‍ക്കോ വിരുദ്ധമാവാതിരിക്കുക. ഖുര്‍ആന് വിരുദ്ധമായ ഹദീസുകള്‍ തിരസ്‌കൃതമാണ്. ഉദാ: 'വ്യഭിചാരത്തില്‍ ജനിക്കുന്ന കുട്ടികള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' എന്ന ഹദീസ്. 'ഭാരം പേറുന്ന ഒരാളും മറ്റൊരാളുടെ ഭാരം പേറുകയില്ല' (ഇസ്‌റാഅ്: 15) എന്ന സൂക്തത്തിന് വിരുദ്ധമാണത്. അനേക പരമ്പരകളിലൂടെ വന്ന ഹദീസുകള്‍ക്ക് വിരുദ്ധമായവയാണ് മറ്റൊരു തരം. ഉദാ: 'സത്യത്തോട് യോജിക്കുന്ന ഒരു ഹദീസ് നിങ്ങള്‍ക്ക് കിട്ടിയാല്‍ നിങ്ങള്‍ അത് സ്വീകരിക്കുക, ഞാന്‍ അത് പറഞ്ഞതാണെങ്കിലും, അല്ലെങ്കിലും.' 'കുഞ്ഞിന് മുഹമ്മദ് എന്ന പേര് നല്‍കിയാല്‍ ആ കുഞ്ഞും പിതാവും സ്വര്‍ഗത്തിലായിരിക്കും' മുതലായ ഈ ഗണത്തില്‍ വരുന്നവ അസ്വീകാര്യമാണെന്നു പറയേണ്ടതില്ലല്ലോ.
4. നബി(സ)യുടെ കാലത്തെ ചരിത്രത്തിനു വിരുദ്ധമാവാതിരിക്കുക. ഉദാ: 'ഇബ്‌നു മസ്ഊദ്(റ) സ്വിഫ്ഫീനില്‍ ഞങ്ങളുടെ അടുത്തേക്കു വന്നു.15 സ്വിഫ്ഫീനിനു മുമ്പ് മരിച്ച ഇബ്‌നു മസ്ഊദ് സ്വിഫ്ഫീനില്‍ വരുന്നതെങ്ങനെ?'
5. തീവ്രവാദികളും പക്ഷപാതികളുമായ വിഭാഗങ്ങളില്‍നിന്ന് ഉദ്ധരിക്കപ്പെട്ടവയാവാതിരിക്കുക. ഉദാ: 'നമസ്‌കാരത്തില്‍ കൈകള്‍ ഉയര്‍ത്താത്തവരുടെ നമസ്‌കാരം സ്വീകാര്യമല്ല.' 'ഞാന്‍ -അലി(റ)- നബിയോടൊപ്പം അല്ലാഹുവിനെ അഞ്ചുവര്‍ഷം അഥവാ ഏഴുവര്‍ഷം ഇബാദത്തെടുത്തു. അക്കാലത്ത് ഈ സമുദായത്തിലെ ആരും അല്ലാഹുവിനെ ഇബാദത്തെടുത്തിരുന്നില്ല.'16
6. കൂടുതല്‍ പേര്‍ ഉദ്ധരിക്കേണ്ടതായിട്ടും ഒരാള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകള്‍. ഉദാ: നബി(സ)യുടെ കാലശേഷം അലി(റ)യായിരിക്കും ഖലീഫ എന്ന് പറയുന്ന തരത്തിലുള്ള ഹദീസുകള്‍.
7. ചെറിയ പ്രവര്‍ത്തനത്തിന് അമിതമായ പ്രതിഫലം വാഗ്ദാനം ചെയ്യുന്നവ. ചെറിയ തെറ്റുകള്‍ക്ക് കടുത്ത ശിക്ഷ വിധിക്കുന്നവ.17
ഹദീസ് നിരൂപണത്തിന് പണ്ഡിതന്മാര്‍ നിര്‍ണയിച്ച പ്രധാന വ്യവസ്ഥകളാണ് മുകളില്‍ കൊടുത്തത്. നിവേദക പരമ്പര പോലെ ഹദീസുകളുടെ ഉള്ളടക്കവും അവര്‍ സവിശേഷം പരിഗണിച്ചിരുന്നതായി ഇതില്‍നിന്ന് മനസ്സിലാക്കാം. ഹദീസുകള്‍ നിരൂപണം ചെയ്യുന്നതിലും മറുപടികള്‍ നല്‍കുന്നതിലും അവര്‍ പ്രത്യേക മികവു പുലര്‍ത്തിയിരുന്നു. കേള്‍ക്കുന്ന മാത്രയില്‍ തന്നെ തള്ളേണ്ട ഹദീസുകള്‍ നിര്‍ദേശിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. 'ഈ ഹദീസ് ഇരുട്ടത്താണ്', 'ഉള്ളടക്കം ഇരുണ്ടതാണ്', 'മനസ്സിന് യോജിക്കുന്നില്ല', 'മനസ്സമാധാനം തരുന്നില്ല' എന്നിങ്ങനെ ചില ഹദീസുകളെപറ്റി അവര്‍ രേഖപ്പെടുത്തിയിരുന്നു. റബീഉബ്‌നു ഖൈസം പറയുന്നു: 'ചില ഹദീസുകള്‍ക്ക് സൂര്യന്റെ വെളിച്ചമുണ്ട്, ചില ഹദീസുകള്‍ക്ക് രാത്രിയുടെ ഇരുട്ടുണ്ട്'18
ഇബ്‌നുല്‍ ജൗസി പറയുന്നു; 'ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഹദീസുകള്‍ കേള്‍ക്കുമ്പോള്‍ ജ്ഞാനാര്‍ഥിയുടെ ചര്‍മം ചുളിഞ്ഞുപോവും, മിക്കവാറും ഹൃദയം വെറുത്തുപോവും.'19 'ബുദ്ധിക്ക് യോജിക്കാത്തതും അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധവുമായ ഹദീസുകള്‍ വ്യാജമാണെന്നു മനസ്സിലാക്കണം.'20
ഹദീസ് പണ്ഡിതന്മാര്‍ നിവേദക പരമ്പര മാത്രം ശ്രദ്ധിച്ചു, ഉള്ളടക്കം പരിശോധിച്ചില്ല എന്ന വാദം ശരിയല്ല എന്നതിന് ചില ഉദാഹരണങ്ങള്‍ കാണുക. 'എനിക്ക് ചെങ്കണ്ണ് ബാധിച്ചെന്ന് ഞാന്‍ ജിബ്‌രീലിനോട് ആവലാതിപ്പെട്ടു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: നീ മുസ്വ്ഹഫില്‍ നോക്കുക.' ഇബ്‌നുല്‍ ജൗസി: 'മുസ്വ്ഹഫില്‍ നോക്കാന്‍ നബി(സ)യുടെ കാലത്ത് മുസ്വ്ഹഫുണ്ടോ?'
ഇബ്‌നു ഹജര്‍ നിരൂപണം ചെയ്ത ഒരു ഹദീസ് ഇങ്ങനെ: 'ജിബ്‌രീല്‍ ഒരു സഫര്‍ജലുമായി എന്നെ സമീപിച്ചു.21 നിശാപ്രയാണം നടന്ന രാത്രിയില്‍ ഞാന്‍ അത് തിന്നു. അപ്പോള്‍ ഖദീജ ഫാത്വിമയുമായി ഒട്ടിപ്പിടിച്ചു. സ്വര്‍ഗീയ സുഗന്ധം ആസ്വദിക്കണമെന്നു ആഗ്രഹം തോന്നുമ്പോള്‍ ഞാന്‍ ഫാത്വിമയുടെ പിരടി മണക്കുമായിരുന്നു.' ഇതേപറ്റി ഇബ്‌നു ഹജര്‍ പറയുന്നു: 'ഇത് വ്യാജമാണെന്നു വ്യക്തം. കാരണം ഫാത്വിമ(റ)യുടെ ജനനം നബി(സ)യുടെ നിശാപ്രയാണത്തിനു മുമ്പായിരുന്നു എന്നത് പണ്ഡിതന്മാര്‍ ഏകോപിച്ചഭിപ്രായപ്പെട്ട കാര്യമാണ്.'22
'ഹദീസ് ഉദ്ധരിക്കവെ തുമ്മിയാല്‍ പ്രസ്തുത ഹദീസ് സത്യമാണെ'ന്ന ഹദീസിനെ പറ്റി ഇബ്‌നുല്‍ ഖയ്യിം പറയുന്നു: 'ഇതിന്റെ പരമ്പര ശരിയാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അത് വ്യാജമാണെന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ആളുകള്‍ തുമ്മുമ്പോഴെല്ലാം കളവ് അതിന്റെ ജോലിചെയ്യുന്നുണ്ട്. നബിയുടെ ഹദീസ് ഉദ്ധരിക്കുന്ന സ്ഥലത്ത് വെച്ച് ആയിരം പേര്‍ തുമ്മിയാലും അപ്പോള്‍ ഉദ്ധരിക്കപ്പെടുന്ന ഹദീസ് സ്വഹീഹാവുകയില്ല.'23
മൂലവാക്യവും അര്‍ഥവും മുന്നില്‍ വെച്ചുള്ള പഠനം ഹദീസുകളുടെ നിവേദകപരമ്പര ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രയോജനപ്പെടും. കള്ളം കണ്ടെത്താനുള്ള വഴിയായി ഇത് മാറും.
ഹദീസിലെ വാചകങ്ങളും ആശയങ്ങളും സംശോധന ചെയ്യുന്നത് സനദ് ഉള്ളപ്പോഴും അത് നഷ്ടപ്പെടുമ്പോഴും ഫലപ്രദമാണ്. വ്യാജോക്തിയുടെ നിജഃസ്ഥിതി വെളിച്ചത്താകുന്നതിന് അത് സഹായകമായിത്തീരാറുണ്ട്. കാരണം നിവേദകന്മാര്‍ മുഴുവന്‍ പ്രാമാണികരായിട്ടുള്ള പരമ്പരയായിരിക്കും ഹദീസുമായി ഘടിപ്പിച്ചിട്ടുണ്ടാവുക. വ്യാജോക്തി ചമച്ചവന്‍ നിവേദകനെയും മുകള്‍ത്തട്ടിലുള്ളവരെ തെരഞ്ഞെടുക്കുന്നതിലും, അവരിലേക്ക് ചേര്‍ത്തിപ്പറഞ്ഞ ഹദീസിനെ നിരാകരിക്കാനാവത്തവിധം നിവേദക ശ്രേണിയില്‍ ഗുരു-ശിഷ്യന്മാരെ വിന്യസിക്കുന്നതിലും വൈദഗ്ധ്യം കാണിച്ചിട്ടുണ്ടാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിരൂപകന്‍ ഉദ്ധൃത വചനത്തിന്റെ സംശോധനയെ അവലംബിക്കുന്നു. അതുവഴി ഹദീസും അതിനോട് ചേര്‍ത്തുവെച്ച നിവേദക ശ്രേണിയും വ്യാജമാണെന്ന് തെളിയിക്കാനാവും. കാരണം ഏതൊരു മിഥ്യയോടുമൊപ്പം അതിന്റെ അസത്യതയെ കുറിക്കുന്ന തെളിവ് ഉണ്ടായിരിക്കുമെന്നത് അല്ലാഹുവിന്റെ സൃഷ്ടികളില്‍ നടപ്പിലുള്ള നടപടിക്രമമാകുന്നു. അത് കണ്ടെത്താനാകുന്നവര്‍ക്ക് അത് ഗ്രഹിക്കാനാവുന്നു. അല്ലാത്തവര്‍ അതേപ്പറ്റി അജ്ഞരായിരിക്കും.
അതിപ്രഗത്ഭരായ ഹദീസ് പണ്ഡിതന്മാര്‍ ഈ മേഖലയില്‍ വമ്പിച്ച സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. നബി(സ) സല്‍മാനുല്‍ ഫാരിസിയെ യഹൂദിയും കൊര്‍ദോവക്കാരനുമായ ഉസ്മാനു ബ്‌നുല്‍ അശ്ഹലില്‍നിന്ന് മോചിപ്പിച്ചു. ഹിജ്‌റ ഒന്നാംവര്‍ഷം ജുമാദുല്‍ ഊലാ രണ്ടാം തീയതി മോചനപത്രം എഴുതിക്കൊടുത്തു എന്നതിനെക്കുറിച്ച് ഖത്ത്വീബുല്‍ ബഗ്ദാദി എഴുതുന്നു: 'ഇത് സംശയാസ്പദമാണ്. കാരണം സല്‍മാന്‍(റ) നബി(സ)യോടൊപ്പം പങ്കെടുത്ത ആദ്യയുദ്ധം. ഹി. അഞ്ചില്‍ നടന്ന ഖന്‍ദഖ് യുദ്ധമാണ്. ഹി. ഒന്നാം വര്‍ഷം അദ്ദേഹം അടിമത്ത മോചനം നേടിയിരുന്നുവെങ്കില്‍ ഖന്‍ദഖിനു മുമ്പുള്ള യുദ്ധങ്ങള്‍ അദ്ദേഹത്തിന് നഷ്ടപ്പെടുമായിരുന്നില്ല. തന്നെയുമല്ല, നബി(സ)യുടെ കാലത്ത് ഹിജ്‌റ വര്‍ഷകാല ഗണനയുണ്ടായിരുന്നില്ല. ഹിജ്‌റയെ ആധാരമാക്കി വര്‍ഷഗണന തുടങ്ങിയത് ഉമറിന്റെ ഖിലാഫത്ത് കാലത്താണ്.24
ഖൈബറുകാര്‍ക്ക് നബി(സ) ജിസ്‌യയില്‍ ഇളവു നല്‍കിയതായും അതില്‍ ചില സ്വഹാബികള്‍ ഒപ്പുവെച്ചതായുമുള്ള മറ്റൊരു റിപ്പോര്‍ട്ട് ഉദാഹരണം. ഇതു സംബന്ധമായി ഇബ്‌നു കസീര്‍ 'അല്‍ബിദായ വന്നിഹായ'യില്‍ എഴുതുന്നു: 1. രേഖയില്‍ സഅ്ദുബ്‌നു മുആദ് സാക്ഷിയായിരുന്നതായി പറയുന്നു: സഅ്ദ് ഖൈബര്‍ യുദ്ധത്തിനു മുമ്പെ മരിച്ചിരുന്നു. മറ്റൊരു സാക്ഷിയാണെന്നു പറയുന്ന മുആവിയ സംഭവം നടക്കുമ്പോള്‍ മുസ്‌ലിമായിരുന്നില്ല. അലിയാണ് രേഖ എഴുതിയതെന്നു പറയുന്നതും തെറ്റാണ്. അന്ന് ജിസ്‌യ നടപ്പിലാക്കപ്പെട്ടിരുന്നില്ല എന്നതും പ്രധാനമാണ്. ഹി. ഒമ്പതാം വര്‍ഷം നിവേദക സംഘമായെത്തിയ നജ്‌റാന്‍കാര്‍ക്കാണ് ആദ്യമായി ജിസ്‌യ ചുമത്തിയത്.'25
ഇവിടെ ചര്‍ച്ചയായ വ്യാജരേഖകളെക്കുറിച്ചും അതിനു മുമ്പുണ്ടായ ഹദീസുകളെക്കുറിച്ചും മറ്റും വിവിധ ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ അപാര വൈദഗ്ധ്യമുള്ള മഹാപ്രതിഭകള്‍ക്കു മാത്രമേ ഇടപെട്ട് വസ്തുതകള്‍ അനാവരണം ചെയ്യാന്‍ കഴിയൂ. ഇമാം ഇബ്‌നു ജരീരിത്ത്വബരി, ഖത്ത്വീബുല്‍ ബഗ്ദാദി, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ, ഇബ്‌നു കസീര്‍ മുതലായവര്‍ ഈ ഗണത്തിലെ ചിലരാണ്.26
ഹദീസുകളിലെ മൂലവാക്യം നിരൂപണം ചെയ്യുന്നതിന് നിശ്ചയിച്ചുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളുമെല്ലാം കണിശമായ പരിശോധന നടന്നിട്ടില്ലാത്ത ഹദീസ് സമാഹാരങ്ങളെ ഉദ്ദേശിച്ചാണ്. തഫ്‌സീര്‍, ഫിഖ്ഹ് കൃതികളില്‍ ഇത്തരം ഹദീസുകള്‍ കാണാം. മാനദണ്ഡങ്ങള്‍ വെച്ച് വിലയിരുത്തി ഹദീസല്ലാത്തവ കണ്ടെത്താന്‍ എളുപ്പം സാധിക്കും.27
ഇങ്ങനെ വ്യത്യസ്ത രീതികളിലെല്ലാം ഹദീസ് വിജ്ഞാനീയത്തെ പണ്ഡിതന്മാര്‍ പരിരക്ഷിച്ചിട്ടും ഹദീസുകളിലെ മൂലവാക്യങ്ങള്‍ നിരൂപണവിധേയമാക്കിയില്ലെന്ന് കുറ്റപ്പെടുത്തുന്നത് ക്ഷന്തവ്യമല്ല.
പണ്ഡിതന്മാര്‍ സനദില്‍ കൂടുതല്‍ ഊന്നിയതെന്തുകൊണ്ട്?
(മൂന്ന്) പണ്ഡിതന്മാര്‍ സനദുകള്‍ വിശദമായി നിരൂപണവിധേയമാക്കി എന്നത് കുറ്റമായല്ല, നന്മയായാണ് കാണേണ്ടത്. മൂലവാക്യത്തേക്കാള്‍ പരിഗണന എണ്ണപ്പെരുപ്പമുള്ള നിവേദകപരമ്പര താല്‍പര്യപ്പെടുന്നുണ്ട്. രണ്ടിനും അവയുടേതായ സാഹചര്യമുണ്ട്. നിവേദക പരമ്പരയിലെ ആളുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയുമാണ്. ഒരു പരമ്പരയില്‍ ശരാശരി പത്തു പേര്‍ കാണും. ഒരു ഹദീസ് നിരൂപകനെ സംബന്ധിച്ചേടത്തോളം അയാള്‍ അയ്യായിരം നിവേദകരുടെ ചരിത്രമെങ്കിലും പഠിപ്പിച്ചിരിക്കണം. അവരുടെ സത്യസന്ധതയെയും വിശ്വസ്തതയെയും സുബദ്ധാബദ്ധങ്ങളെയും കുറിച്ച് അവബോധം വേണം.
ഒരു ഹദീസ് ഗ്രന്ഥത്തില്‍ അയ്യായിരം ഹദീസും ഓരോ ഹദീസിന്റെയും പരമ്പരയില്‍ അയ്യായിരം പേരുമുണ്ടെന്നും സങ്കല്‍പിക്കുക. അതനുസരിച്ച് നിരൂപകന് അയ്യായിരം നിവേദകന്മാരുടെ ചരിത്രത്തെപ്പറ്റി നല്ല അവഗാഹം വേണം. ഇത് അത്ര എളുപ്പമല്ല. ഹദീസിനെപ്പറ്റി കൃത്യത വരുത്താന്‍ അത് കൂടിയേ തീരൂ. ഹദീസ് സ്വഹീഹാണെങ്കിലും ദഈഫാണെങ്കിലും ഹസനാണെങ്കിലും വ്യാജമാണെങ്കിലും ഈ അധ്വാനം ഒരുപോലെ തന്നെ. എന്നാല്‍ ഹദീസുകള്‍ ആയിരം എണ്ണമേ വരുന്നുള്ളൂ. അതായത്, മൂലവാക്യം പഠിക്കാനുള്ള അധ്വാനത്തിന്റെ അഞ്ചിരട്ടി നിവേദക പരമ്പരയെക്കുറിച്ച് പഠിക്കാന്‍ വിനിയോഗിക്കണം. നിവേദക പരമ്പര പരിശോധിക്കുന്നതുതന്നെ മൂലവാക്യത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ്. ഹദീസുകളെ സേവിക്കേണ്ടതില്ലായിരുന്നുവെങ്കില്‍ നിവേദക പരമ്പര നിരൂപണം നടത്തേണ്ടതില്ലായിരുന്നു. ചുരുക്കത്തില്‍, രണ്ടും പരസ്പരബന്ധിതമാണ്, ഭിന്നമല്ല.
നിവേദകരുടെ ചരിത്രവും വര്‍ത്തമാനവും ഗോപ്യമാണ്. അവരുടെ ജീവിതവും വ്യവഹാരങ്ങളും ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷത്തിലില്ല. ഒരു ഹദീസിലെ നിവേദകരുടെ പേരുമാത്രം വായിച്ചതു കൊണ്ട് അയാളെക്കുറിച്ച് നമുക്ക് ഒന്നും അറിയാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ അവരെ അടിമുടി പഠനവിധേയമാക്കേണ്ടത് ആവശ്യമായി വരുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി മൂലവാക്യങ്ങളിലെ പദങ്ങളിലും ഘടനകളിലും അതിലെ ആശയം ഉള്ളടങ്ങിയിരിക്കുന്നു. പണ്ഡിതന്മാര്‍ക്കും ഭാഷാവിദഗ്ധര്‍ക്കും അതു മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി, 'സുന്ദരമായ മുഖത്തേക്കു നോക്കുന്നത് ഇബാദത്താണ്' എന്നത് കേള്‍ക്കുന്ന മാത്രയില്‍ തന്നെ വ്യാജമാണെന്നു മനസ്സിലാവും, അത് സ്വഹീഹായ സനദാണെങ്കിലും.28
മൂലവാക്യം ശരിയോ തെറ്റോ എന്നു മനസ്സിലാക്കുന്ന അത്ര എളുപ്പമല്ല, സനദ് ശരിയോ തെറ്റോ എന്നു മനസ്സിലാക്കല്‍. മൂലവാക്യം തെറ്റാണെന്നതിനു അതില്‍ തന്നെ പരാമര്‍ശമുണ്ടാവും. എന്നാല്‍ നിവേദക പരമ്പര അങ്ങനെയല്ല. പണ്ഡിതന്മാര്‍ ഹദീസുകളുടെ മൂലവാക്യം നിരൂപണം ചെയ്യുന്നതില്‍ വിശാല നയം കൈക്കൊള്ളുകയും നിവേദക പരമ്പര നിരൂപണം ചെയ്യുന്നതില്‍ മിതത്വം പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരെ നമുക്ക് ആക്ഷേപിക്കാമായിരുന്നു. കാരണം, ഹദീസിന്റെ മൂലവാക്യം പരിശോധിക്കാനും ശരിയോ തെറ്റോ എന്നുകണ്ടെത്താനും ഇപ്പോഴും എളുപ്പമാണ്. അതേസമയം നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയ നിവേദകരെ കുറിച്ച് ഇപ്പോള്‍ നമുക്ക് ഒന്നും തീര്‍പ്പു കല്‍പിക്കാനാവില്ല. പഴയകാല പണ്ഡിതന്മാര്‍ നിവേദകരെക്കുറിച്ച് കൂലങ്കശമായി നിരൂപണം ചെയ്തു പഠിച്ചില്ലായിരുന്നുവെങ്കില്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം ജീവിക്കുന്ന നാം എങ്ങനെയാണ് അവരെക്കുറിച്ച സത്യാവസ്ഥ മനസ്സിലാക്കുക?29
നിവേദക പരമ്പരയെക്കുറിച്ച് നടത്തിയ അത്ര അളവില്‍ നിരൂപണം മൂലവാക്യത്തെക്കുറിച്ച് നടത്താതിരുന്നത് ദീനിയായ പരിഗണനയാലാണ്. നിവേദകരുടെ ഭക്തി, നീതി, സത്യസന്ധത, മനഃപാഠം, കൃത്യത പ്രമാണപ്രധാനനായ നബി(സ)യുടെ പേരില്‍ കളവു പറഞ്ഞാലുള്ള ഭവിഷ്യത്തിനെക്കുറിച്ച ബോധം മുതലായവ എന്നിവയാണവര്‍ പരിഗണിച്ചത്. ഇവ വേുവോളമുള്ള ഇത്തരം വ്യക്തിത്വങ്ങളെ അവിശ്വസിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൊതുവെ മൂലവാക്യങ്ങളെ കീറിമുറിച്ച് പരിശോധിക്കേണ്ട പ്രശ്‌നമുണ്ടായിരുന്നില്ല.
മൂലവാക്യത്തിന്റെ സവിശേഷത
ചില ഹദീസുകളിലെ മൂലവാക്യം സദൃശ സ്വഭാവത്തിലുള്ളതായിരിക്കും. അഥവാ വ്യാഖ്യാന സാധ്യത ഉള്ളതായിരിക്കും. ബുദ്ധി ഉപയോഗിച്ച് കണ്ടെത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അതിന്റെ ഉദ്ദേശ്യം അല്ലാഹുവിനോ അവന്റെ ദൂതനോ മാത്രം അറിയുന്നതാവാം. യാഥാര്‍ഥ്യം അല്ലാഹുവിനു മാത്രം അറിയാം എന്ന വിശ്വാസത്തോടെ പിന്‍പറ്റാനേ നമുക്ക് അവിടെ നിവൃത്തിയുള്ളൂ.
ചില മൂലവാക്യങ്ങള്‍ നബി(സ)യുടെ അമാനുഷ ദൃഷ്ടാന്തങ്ങളായി പരിഗണിക്കപ്പെടുന്നതോ, പില്‍ക്കാല ശാസ്ത്രം പുറത്തുകൊണ്ടുവന്ന സത്യമോ ആവാം. ഉദാ: 'നായമുഖമിട്ട നിങ്ങളുടെ പാത്രം വൃത്തിയാക്കേണ്ടത് അത് ഏഴു തവണ കഴുകിക്കൊണ്ടാണ്. അവയില്‍ ആദ്യത്തേത് മണ്ണുകൊണ്ടായിരിക്കണം.'30
രോഗകാരണമാകാവുന്ന സൂക്ഷ്മാണുക്കളെ നിര്‍മാര്‍ജനം ചെയ്യുന്നതില്‍ മണ്ണിനുള്ള ശേഷി ഇന്ന് ഒരു ശാസ്ത്രതത്വമായി അംഗീകരിക്കപ്പെട്ടതാണല്ലോ. ചിലര്‍ ഇതിനെ ശരീഅത്തിനെ പുഛിക്കാന്‍ ഉപയോഗിച്ചുവെങ്കിലും സത്യവിശ്വാസികള്‍ തങ്ങള്‍ക്കറിയാത്ത യാഥാര്‍ഥ്യത്തെ അല്ലാഹുവിനു വിട്ടുകൊടുത്തുകൊണ്ട് ആരാധനാപൂര്‍വം അത് അനുഷ്ഠിക്കുകയായിരുന്നു.
പൂര്‍വകാല പണ്ഡിതന്മാര്‍ ഇത്തരം ഹദീസുകളെ ഉപരിപ്ലവമായി മാത്രം വീക്ഷിക്കുകയും, തങ്ങള്‍ക്ക് മനസ്സിലായില്ല എന്നു വിധിച്ച് തള്ളുകയും ചെയ്തിരുന്നുവെങ്കില്‍ പില്‍ക്കാലത്ത് അവയുടെ യുക്തിയും യാഥാര്‍ഥ്യവും അനാവൃതമാകുമ്പോള്‍ അവരുടെ നടപടി വിഡ്ഢിത്തമായല്ലേ മനസ്സിലാക്കപ്പെടുക?31
അവസാനമായി പറയാനുള്ളത് ഇത്രയുമാണ്: ഹദീസ് പണ്ഡിതന്മാര്‍ ഹദീസുകളിലെ മൂലവാക്യങ്ങളേക്കാള്‍ നിവേദക പരമ്പരകളെക്കുറിച്ച പഠനത്തില്‍ ഊന്നിയത് മൂലവാക്യങ്ങളെ അവഗണിച്ചതുകൊണ്ടല്ല. നിവേദക പരമ്പരകള്‍ മൂലവാക്യങ്ങളേക്കാള്‍ അനേകമായതിനാലാണ്. അതോടൊപ്പം മൂലവാക്യങ്ങള്‍ നിഷ്‌കൃഷ്ടമായി നിരൂപണം നടത്താന്‍ അവര്‍ കൃത്യമായ വ്യവസ്ഥകള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.32
സംഗ്രഹം
1) 'ഹദീസ് സാങ്കേതിക ശാസ്ത്രം' എന്നാല്‍ നിവേദക പരമ്പരയും ഹദീസിലെ മൂലവാക്യവും തള്ളേണ്ടതാണോ കൊള്ളേണ്ടതാണോ എന്നു പരിശോധിക്കുന്നതിനുള്ള സംവിധാനമാണ്. രണ്ടിനെക്കുറിച്ചും ഒന്നിച്ചുള്ള പഠനമാണ് അതുവഴി നടക്കുന്നത്, അല്ലാതെ നിവേദക പരമ്പരയെക്കുറിച്ചു മാത്രമല്ല.
2) ഹദീസ് വിജ്ഞാനീയം രിവായ (നിവേദനം), ദിറായ (മൂലവാക്യം ഗ്രഹിക്കല്‍) എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. നിവേദനത്തെക്കുറിച്ച സവിശേഷ പഠനം നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും നിവേദനവും കൃത്യതയും അതിലെ പദങ്ങളുടെ സംശോധനയും ഉള്‍ക്കൊള്ളുന്നു. ഈ പഠനവും സംശോധനയും ആത്യന്തികമായി ഹദീസുകളിലെ മൂലവാക്യങ്ങളെ ഉദ്ദേശിച്ചാണ് നടക്കുന്നത്.
3) ഹദീസ് സാങ്കേതിക ശാസ്ത്രത്തിന്റെ നിര്‍വചനം ഒരുപോലെ നിവേദക പരമ്പരയുടെയും മൂലവാക്യങ്ങളുടെയും കൃത്യതയില്‍ ഊന്നിയുള്ളതാണെന്ന് നിര്‍വചന പ്രകാരം മനസ്സിലാവുന്നുണ്ട്. അതനുസരിച്ച് ഹദീസുകള്‍ സ്വീകാര്യമാവാനുള്ള ഉപാധികള്‍ മേല്‍നിര്‍വചനത്തെ സാധൂകരിക്കുന്നുണ്ട്. പണ്ഡിതന്മാര്‍ തങ്ങളുടെ പഠനങ്ങളില്‍ അത് ദീക്ഷിച്ചതായും മനസ്സിലാക്കാം. മൂലവാക്യത്തെ അടിസ്ഥാനമാക്കി സ്വഹീഹായ ഹദീസ് എന്നു വിധിക്കാനുള്ള ഉപാധികളില്‍ രണ്ടെണ്ണം- ഒറ്റപ്പെട്ടതാവാതിരിക്കുക, തകരാറില്ലാതിരിക്കുക- അവര്‍ നിശ്ചയിക്കുകയും ചെയ്തു.
4) ചിലതില്‍ നിവേദക പരമ്പര ശരിയാവും, മൂലവാക്യം ശരിയാവില്ല; മറ്റു ചിലതില്‍ മൂലവാക്യം ശരിയാവും, നിവേദക പരമ്പര ശരിയാവില്ല. ഇത് അവര്‍ രണ്ടിലും ശ്രദ്ധയൂന്നിയിരുന്നു എന്നതിന്റെ തെളിവാണ്. നിവേദക പരമ്പരയില്‍ മാത്രം ഊന്നിയില്ല എന്നതും വ്യക്തം.
5) സ്വഹീഹായ ഹദീസ് നിര്‍ണയിക്കാനുള്ള മൂന്നാമത്തെ ഉപാധിയായ നിവേദകന്റെ കൃത്യത മനസ്സിലാക്കല്‍ എന്നത് സാധ്യമാവുന്നത് അയാളുടെ ഹദീസുകളുടെ മൂലവാക്യങ്ങളെ വിശ്വസ്തരായ മറ്റു നിവേദകരുടെ മൂലവാക്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ്. അയാളുടെ നിവേദനം അവരുടേതുമായി ഒത്തുവന്നാല്‍ അയാള്‍ കൃത്യത ഉള്ള ആളാണെന്നു മനസ്സിലായി. എതിരായാല്‍ അയാള്‍ കൃത്യത ഇല്ലാത്ത ആളാണെന്നും ബോധ്യമായി.
6) ഉദ്ധരിക്കപ്പെടുന്ന ഹദീസുകളുടെ സാധുതയും ബലഹീനതയും മുന്‍നിര്‍ത്തി പണ്ഡിതന്മാര്‍ നിവേദകരെക്കുറിച്ച് വിധിപറയാറുണ്ടായിരുന്നു. നിവേദകരുടെ അവസ്ഥ ആരാഞ്ഞിരുന്ന മകനോട് ഹദീസ് പണ്ഡിതനായ അബൂഹാതിം ഇവ്വിധം പറയാറുണ്ടായിരുന്നു.
7) ഹദീസ് പദങ്ങളുടെയും വാക്യങ്ങളുടെയും കൃത്യതയും സംശോധനയും ഉറപ്പുവരുത്തുക എന്നത് ഹദീസ് വിജ്ഞാനീയത്തിന്റെ മുഖ്യധര്‍മമാണ്. ഗരീബുല്‍ ഹദീസ് (ഹദീസിലെ പദങ്ങള്‍), മുഖ്തലഫുല്‍ ഹദീസ് (വിരുദ്ധാശയമുണ്ടെന്ന് തോന്നിക്കുന്നവ), നാസിഖ് മന്‍സൂഖ് (ദുര്‍ബലപ്പെടുത്തിയതും ദുര്‍ബലപ്പെടുത്തപ്പെട്ടതും), സനദും മത്‌നുമായി ബന്ധപ്പെട്ട ഇലലുല്‍ ഹദീസ് (ഹദീസിലെ തകരാറുകള്‍) മുതലായവയുടെ പഠനത്തിനായി പ്രത്യേക വിജ്ഞാനശാഖകള്‍ തന്നെ രൂപം കൊണ്ടു.
8) ഹദീസുകളിലെ പദങ്ങള്‍ കൃത്യപ്പെടുത്താനായി പണ്ഡിതന്മാര്‍ അത്യധ്വാനം ചെയ്തു. അതിലൂടെ നബിയുടെ സംസാരവും അല്ലാത്തവയും നിര്‍ണയിക്കാന്‍ അവര്‍ക്ക് സാധിച്ചു.
9) ഹദീസുകളിലെ മൂലവാക്യങ്ങള്‍ (മത്‌ന്) സ്വീകരിക്കാന്‍ പണ്ഡിതന്മാര്‍ അതിസൂക്ഷ്മമായ ഉപാധികള്‍ വെച്ചു. ഉപാധികള്‍ ഒത്തുവന്ന ഹദീസുകള്‍ മാത്രം സ്വീകാര്യമായി പരിഗണിച്ചു. ഹദീസിലെ മൂലവാക്യം ഏതെങ്കിലും ഉപാധിക്ക് വിരുദ്ധമായാല്‍ അവര്‍ സ്വീകരിച്ചിരുന്നില്ല.
10) ഹദീസ് പണ്ഡിതന്മാരുടെ സവിശേഷമായ കഴിവിന് ഹദീസുകള്‍ നിരൂപണം ചെയ്യുന്നതില്‍ വ്യക്തമായ സ്വാധീനമുണ്ടായിരുന്നു. കേള്‍ക്കുന്ന മാത്രയില്‍ തന്നെ നിരാകരിക്കേണ്ട ഹദീസുകള്‍ നിരാകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. ഹദീസുകളെക്കുറിച്ച് പ്രത്യേകിച്ച് ഒരു അടിക്കുറിപ്പും എഴുതിയിട്ടില്ലെങ്കില്‍ അത് സ്വഹീഹാണെന്നതിനു തെളിവായിരുന്നു. ഇതിനെ മൗനമായ രചനാത്മക നിരൂപണം എന്നു പറയാം.
11) പണ്ഡിതന്മാര്‍ ഹദീസുകളേക്കാള്‍ നിവേദക പരമ്പരയില്‍ ഊന്നിയത് ആക്ഷേപകരമല്ല. രണ്ടിനും അവയുടേതായ പ്രസക്തിയുണ്ട്. നിവേദക പരമ്പരയുടെ നിരൂപണം എന്നാല്‍ പരമ്പരയിലെ ഓരോരുത്തരെയും കുറിച്ച പഠനമാണ്. അത് അസംഖ്യമാണ്. മൂലവാക്യത്തില്‍നിന്ന് വ്യത്യസ്തമായി അത്യന്തം ശ്രമകരമാണ്.
12) നിവേദക പരമ്പര നിരൂപണം ചെയ്യുന്നത് മൂലവാക്യത്തെ സേവിക്കാനാണ്. ഹദീസിനു വേണ്ടിയല്ലെങ്കില്‍ നിവേദക പരമ്പരയുടെ നിരൂപണത്തിന് സ്വതന്ത്രമായ അസ്തിത്വമില്ല തന്നെ. സനദും മത്‌നും അന്യോന്യബന്ധിതമാണ്. രണ്ടും വെവ്വേറെയല്ല.
13) നിവേദകരുടെ ജീവചരിത്രം നമ്മെ സംബന്ധിച്ചേടത്തോളം അജ്ഞാതമാണ്. പണ്ഡിതന്മാര്‍ അവ പഠിച്ച് രേഖപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ അത് മനസ്സിലാക്കാന്‍ നമുക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ ഹദീസുകളിലെ മൂലവാക്യങ്ങളുടെ അവസ്ഥ അതല്ല. അവ എപ്പോഴും നമുക്ക് പഠിക്കാനാവും. നിവേദക പരമ്പരക്ക് പകരം മൂലവാക്യങ്ങളില്‍ അവര്‍ ശ്രദ്ധയൂന്നിയിരുന്നുവെങ്കില്‍ അത് ആക്ഷേപകരമാവുമായിരുന്നു.
14) നിവേദക പരമ്പരയെക്കുറിച്ച് കൂടുതല്‍ ഊന്നലോടെ പഠിക്കാന്‍ കാരണം അതിന്റെ പശ്ചാത്തല പ്രാധാന്യമാണ്. ചില ഹദീസുകളുടെ ഉളളടക്കം കാലം മുന്നോട്ടു പോകുമ്പോള്‍ മാത്രം മനസ്സിലാവുന്നതാണ്. ലോകാവസാനത്തിന്റെ അടയാളങ്ങള്‍, ചില സംഘര്‍ഷങ്ങളെക്കുറിച്ച മുന്നറിയിപ്പുകള്‍, ഫിത്‌നകള്‍, അദൃശ്യസംഭവങ്ങള്‍ മുതലായവ ഉദാഹരണം. ഇവയുടെ യാഥാര്‍ഥ്യങ്ങള്‍ അനുഭവവേദ്യമാവാതെ അവര്‍ പ്രസ്തുത ഹദീസുകളെക്കുറിച്ച് എങ്ങനെയാണ് വിധിയെഴുതുക?
(ബയാനുല്‍ ഇസ്‌ലാം ലിര്‍റദി അലാ ശുബ്ഹാത്തിന്‍ ഹൗലല്‍ ഇസ്‌ലാം)
കുറിപ്പുകള്‍
1. تدريب الراوي في شرح تقريب النووي، جلال الدين السيوطي، تحقيق: د. عزت على عطية وموسى محمد على، دار الكتب الحديثة، القاهرة، 1980 م، (1/ 40، 41).
2. تدريب الراوي في شرح تقريب النووي، جلال الدين السيوطي، تحقيق: د. عزت علي عطية وموسى محمد علي، دار الكتب الحديثة، القاهرة، 1980م، (1/ 40، 41).
3. جناية الشيخ محمد الغزالي على الحديث وأهله، أشرف عبد المقصود عبد الرحيم، مكتبة الإمام البخاري، مصر، ط1، 1410ھ/ 1989م، ص90 ، 91 بتصرف.
4. السنة المطهرة والتحديات، د. نور الدين عتر، دار المكتبي، سوريا، ط 1، 1419ھ/ 1999م، ص75، 76 بتصرف.
5. صحيح: أخرجه ابن حبان في صحيحه، كتاب: العدوى والطيرة والفأل، (13/ 491)، رقم (6122) وصححه شعيب الأرنؤوط في تعليقه على صحيح ابن حبان .
6. تحفة الأحوذي بشرح جامع الترمذي، المباركفوري، دار الكتب العلمية، بيروت، ط1، 1410هـ/ 1990م، (5/ 197،198) بتصرف.
7. السنة المطهرة والتحديات، د. نور الدين عتر، دار المكتبي، سوريا، ط 1، 1419 هـ / 1999 م، ص72، 73 بتصرف.
8. السنة المطهرة والتحديات، د. نور الدين عتر، دار المكتبي، سوريا، ط1، 1419هـ/1999م، ص 76,77 بتصرف.
9. تدريب الراوي في شرح تقريب النووي، جلال الدين السيوطي، تحقيق: د. عزت على عطية وموسى محمد علي، دار الكتب الحديثة، القاهرة، 1980م، (1/ 40).
10. صحيح: أخرجه الترمذي في سننه (بشرح تحفة الأحوذي)، كتاب: الأطعمة، باب: في ذكاة الجنين، (5/ 40)، رقم (1503)، وصححه الألباني في صحيح وضعيف سنن الترمذي برقم (1476 ).
11. النهاية في غريب الحديث والأثر، ابن الأثير، تحقيق محمود محمد الطناحي وطاهر أحمد الزاوي، دار إحياء التراث العربي، بيروت، د. ت، (2/ 164).
12. جناية الشيخ محمد الغزالي على الحديث وأهله، أشرف عبد المقصود عبد الرحيم، مكتبة الإمام البخاري، مصر، ط1، 1410هـ/ 1989م، ص93،94 بتصرف.
13. انظر: قواعد التحديث من فنون مصطلح الحديث، جمال الدين القاسمي، دارالعقيدة، القاهرة، ط 3، 1425 هـ/ 2008م، ص136 بتصرف.
14. السنة ومكانتها في التشريع الإسلامي، د. مصطفى السباعي، دار السلام، مصر، ط3 ،1427هـ/ 2006 م، ص98 بتصرف.
15. صحیح مسلم (بشرح النووي)، المقدمة، باب: بيان أن الإسناد من الدين، (1/ 180).
16. السنة ومكانتها في التشريع الإسلامي، د. مصطفى السباعي، دار السلام، مصر، ط3، 1427ه/ 2006م، ص99 بنصرف.
17. دفاع عن الحديث النبوي، د. أحمد عمر هاشم، مكتبة وهبة، القاهرة، ط1، 1421هـ/ 2000م، ص 93 بتصرف.
18. الزهد، هناد بن الشري الكوفي، دار الخلفاء للكتاب الإسلامي، الكويت، ط1، 1406هـ، (1/ 293).
19. الشذا الفياح من علوم ابن الصلاح، برهان الدين الأبناسي، مكتبة الرشد، الرياض، ط1، 1418هـ/ 1998م، (1/ 229).
20. فتح المغيث شرح الفية الحديث، شمس الدين السخاوي، دار الكتب العلمية، بيروت، ط1، 1403هـ، (1/ 269).
21. السفرجل: شجر مثمر من الفصيلة الوردية، أزهاره بيضاء، وتطلق الكلمة . أيضا على تمر ذلك الشجر، وهو تمر يشبه التفاح، رائحته عطرية، يكون أخضر قبل نضجه، وإذا نضج اصفر.
22. اللآلئ المصنوعة في الأحاديث الموضوعة، السيوطي، دار الكتب العلمية، بيروت، د. ت، (1/ 361).
23. المنار المنيف في الصحيح والضعيف، ابن قيم الجوزية، تحقيق: عبد الفتاح أبو غدة، مكتبة المطبوعات الإسلامية، سوريا، ط2، 1403هـ/ 1983م، ص51.
24. تاريخ بغداد، الخطيب البغدادي، دار الكتب العلمية، بيروت، د. ت، (1/ 170، 171).
25. البداية والنهاية، ابن كثير، دار التقوى، القاهرة، 2004م، (2/ 581) بتصرف.
26. لمحات من تاريخ السنة وعلوم الحديث، عبد الفتاح أبو غدة، مكتب المطبوعات الإسلامية، سوريا، ط5، 1429هـ/ 2008م، ص168: 171 بتصرف.
27. الشبهات الثلاثون المثارة لإنكار السنة النبوية، د. عبد العظيم المطعني، مكتبة وهبة، القاهرة، ط1، 1420ھ/ 1999م، ص111 بتصرف.
28. الشبهات الثلاثون المثارة لإنكار السنة النبوية، د. عبد العظيم المطعني، مكتبة وهبة، القاهرة، ط1، 1420هـ/ 1999م، ص109، 110 بتصرف.
29. دفاع عن الحديث النبوي، د. أحمد عمر هاشم، مكتبة وهية، القاهرة، ط1، 1421هـ/ 2000م، ص91 يتصرف.
30. صحيح مسلم (بشرح النووي)، كتاب: الطهارة، باب: حكم ولوغ الكلب، (2/ 816)، رقم (639).
31. دفاع عن السنة، د. محمد محمد أبو شهبة، مكتبة السنة، القاهرة، ط2، 1428هـ/ 2007م، ص48 : 50
32. دفاع عن الحديث النبوي، د. أحمد عمر هاشم، مكتبة وهبة، القاهرة، ط1، 1421هـ/ 2000م، ص91 يتصرف.