ഉസ്മാനിയ ഖിലാഫത്ത്; പതനത്തിന്റെ നൂറുവര്‍ഷം
ഇംഗ്ലീഷില്‍ ഒട്ടോമന്‍ ഖിലാഫത്ത് എന്നറിയപ്പെടുന്ന ഉസ്മാനിയ ഖിലാഫത്തിന്റെ പതനം നടന്നിട്ടു നൂറുവര്‍ഷം തികഞ്ഞു. എന്തെല്ലാം ദൗര്‍ബല്യങ്ങളും പരിമിതികളും ഉണ്ടായിരുന്നുവെങ്കിലും ഒരു കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തേക്കാള്‍ വിപുലവും അധികാര ശക്തിയുള്ളതുമായിരുന്നു ഒട്ടോമന്‍ സാമ്രാജ്യം. തുര്‍ക്കി ആസ്ഥാനമായുള്ള ഈ ഭരണകൂടത്തിന്റെ മേധാവിത്തം ഈജിപ്ത്, ജസീറത്തുല്‍ അറബ്, ഫിലസ്ത്വീന്‍ അടക്കമുള്ള ശാം പ്രദേശങ്ങള്‍ മാത്രമല്ല ബോസ് നിയയും ഗ്രീസുമടക്കമുള്ള യൂറോപ്യന്‍ ഭൂപ്രദേശങ്ങള്‍ വരെ വ്യാപിച്ചു കിടന്നിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമൊക്കെയുള്ള ഭൂപ്രദേശങ്ങള്‍ തങ്ങളുടെ വരുതിയിലാക്കാന്‍ കഴിഞ്ഞ ഒരു ലോകശക്തിയായി നൂറ്റാണ്ടുകളോളം ഉസ്മാനികള്‍ക്ക് വാഴാന്‍ സാധിച്ചു. പിന്നെ അത് യൂറോപ്പിലെ 'രോഗി'യായിത്തീര്‍ന്നു. അഥവാ യൂറോപ്പ് അതിനെ 'രോഗശയ്യ'യില്‍ കിടത്തുന്നതില്‍ വിജയിച്ചു. 1924 മാര്‍ച്ച് മൂന്നിന് തുര്‍ക്കി പാര്‍ലമെന്റ് ഇസ് ലാമിക ഖിലാഫത്ത് റദ്ദ് ചെയ്ത്‌കൊണ്ടു ഉസ്മാനിയ ഖിലാഫത്തിന് അന്ത്യം കുറിച്ചു. രാഷ്ട്രീയ രംഗത്ത് മാത്രമല്ല സാംസ്‌കാരിക രംഗത്തും വലിയ ആഘാതങ്ങള്‍ ആ സംഭവം സൃഷ്ടിക്കുകയുണ്ടായി. കവിരാജന്‍ (അമീറു ശ്ശുഅറാഅ്) എന്ന് പുകഴ്‌പെറ്റ ഈജിപ്ഷ്യന്‍ മഹാകവി അഹ് മദ് ശൗഖിയുടെ കാവ്യചേതനയില്‍:
عادَت أَغاني العُرسِ رَجعَ نُواحِ وَنُعيتِ بَينَ مَعالِمِ الأَفراحِ
كُفِّنتِ في لَيلِ الزَفافِ بِثَوبِهِ وَدُفِنتِ عِندَ تَبَلُّجِ الإِصباحِ
(മാംഗല്യ ഗാനങ്ങള്‍ മരണ വിലാപങ്ങളായി മാറി; ആഹ്ലാദാരവങ്ങളുടെ അടയാളങ്ങള്‍ക്കിടയില്‍ അനുശോചനമേറ്റുവാങ്ങാനാണ് നിന്റെ ദുര്‍വിധി. മധുവിധുരാവില്‍ നിനക്ക് ശവപ്പുടവയാണ് അണിയേണ്ടി വന്നത്. നേരം പുലര്‍ന്നതോടെ നീ മണ്ണിനടിയിലുമായി)
'ഖലീഫ' എന്നത് ഇസ്്ലാമിക പരികല്‍പനയുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക പ്രയോഗമാണ്. പ്രവാചകന്റെ ഉത്തരാധികാരി എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന പോലെ ദൈവത്തിന്റെ പ്രതിനിധി എന്ന അര്‍ഥത്തിലും അതിന് പ്രയോഗ സാധുതയുണ്ട്. ഇസ് ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തില്‍ വിപ്രതിപത്തിയുള്ളവര്‍ രണ്ടാമത്തെ അര്‍ഥ സാധുതയെ നിരാകരിക്കുന്നവരാണ്. എന്നാല്‍ മുസ് ലിം ഉമ്മത്ത് മാത്രമല്ല പൊതുസമൂഹം തന്നെയും ഖിലാഫത്ത് എന്ന വാക്കിനെ ചരിത്രത്തിലുടനീളം മനസ്സിലാക്കിയിട്ടുള്ളത് രണ്ടാമത് പറഞ്ഞ അര്‍ഥത്തിലാണ്. ഉമവി ഖിലാഫത്ത്, അബ്ബാസി ഖിലാഫത്ത്, ഉസ്മാനിയ ഖിലാഫത്ത് എന്നൊക്കെ പറയുമ്പോള്‍ അധികാര സ്വരൂപങ്ങള്‍ തന്നെയാണ് പൊതുവെ ഉദ്ദേശിക്കുന്നത്. 'ഭൂമിയില്‍ ഞാനൊരു ഖലീഫ'യെ നിയോഗിക്കുകയാണ് എന്ന് ദൈവം മാലാഖമാരോടു പറയുമ്പോഴും (ഖുര്‍ആന്‍ - 7:30) ദൈവത്തിന്റെ പ്രതിനിധിയായി ഭൂമിയില്‍ വാഴുന്ന മനുഷ്യനാണ് വിവക്ഷ. വലുതായ അര്‍ഥ വ്യാപ്തിയുള്ള പദമാണ് ആ ഖിലാഫത്ത്. അത് പ്രകാരം ഓരോ മനുഷ്യനും ദൈവത്തിന്റെ 'ഖലീഫ'യാണ്. ദൈവത്തിന്റെ പരമാധികാര സങ്കല്‍പത്തിലധിഷ്ഠിതമാണ് ഈ ഖിലാഫത്ത് സങ്കല്‍പം. വ്യക്തിയാകട്ടെ, സമൂഹമാകട്ടെ ജീവിതം കെട്ടിപ്പടുക്കേണ്ടത് പ്രവാചകന്മാര്‍ വഴി ലഭ്യമായ ദൈവിക സാന്മാര്‍ഗിക വെളിച്ചത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇസ് ലാമിക രാഷ്ട്രീയത്തിന്റെ സാമൂഹിക യാഥാര്‍ഥ്യം മൂര്‍ത്തവല്‍ക്കരിക്കപ്പെടുന്നത് നബിയുടെ മദീനാ ജീവിത കാലത്താണ്. നബി മക്കയില്‍നിന്ന് പലായനം ചെയ്ത് യസ് രിബില്‍ എത്തിയതോടെ 'മദീനത്തുന്നബി' (പ്രവാചകനഗരി) എന്ന പേരില്‍ യസ് രിബ് അറിയപ്പെട്ടുതുടങ്ങി. യഹൂദരും ബഹുദൈവാരാധകരും മുസ് ലിംകളും ജീവിക്കുന്ന ആ കോസ്‌മോ പൊളിറ്റന്‍ സിറ്റിയുടെ ഭരണത്തിനായി പ്രവാചകന്‍ ഒരു ഭരണഘടന എഴുതി ഉണ്ടാക്കുകയും എല്ലാ വിഭാഗങ്ങളും അതില്‍ ഒപ്പു ചാര്‍ത്തുകയും ചെയ്തു. 'വസീഖത്തുല്‍ മദീന' എന്ന പേരില്‍ അതറിയപ്പെടുന്നു. ലോകത്തിലെ ആദ്യ ലിഖിത ഭരണഘടന എന്നാണ് ഡോ. ഹമീദുല്ല ഇതിനെ വിശേഷിപ്പിക്കുന്നത്. ഗോത്ര സമൂഹത്തില്‍നിന്ന് നാഗരിക സമൂഹത്തിലേക്കുള്ള വളര്‍ച്ചയില്‍ ഒരു കൊച്ചു നഗരരാഷ്ട്രം അവിടെ തെളിഞ്ഞുവരുന്നതായി കാണാം.
മക്കാ വിജയാനന്തരം ഈ നഗരരാഷ്ട്രത്തിന്റെ തലവനായ പ്രവാചകന്‍ അയല്‍നാടുകളിലെ രാജാക്കന്മാര്‍ക്ക് കത്തുകളെഴുതി നയതന്ത്രബന്ധങ്ങളിലൂടെ അധികാര സീമകളുടെ വിപുലനത്തിന് ശ്രമങ്ങള്‍ ആരംഭിച്ചതായി കാണാം.
പ്രവാചകന്റെ മരണാനന്തരം മുഹാജിറുകളും അൻസ്വാറുകളും തമ്മില്‍ അധികാരത്തര്‍ക്കം ഉടലെടുക്കുകയും സഖീഫത്ത് ബനീ സാഇദയില്‍ സമ്മേളിച്ച അവര്‍ അബൂബക്റിനെ ഖലീഫയായി തെരഞ്ഞെടുത്ത് അതിന് പരിഹാരം കാണുകയും ചെയ്തു. തുടര്‍ന്ന് വന്ന ഉമര്‍, ഉസ്മാന്‍, അലി എന്നിവരും വിവിധ രൂപേണ തെരഞ്ഞെടുക്കപ്പെടുക തന്നെയായിരുന്നു. ഉസ്മാന്റെയും അലിയുടെയും കാലത്ത് നടന്ന മഹാകലാപങ്ങള്‍ ഖിലാഫത്ത് ചരിത്രത്തില്‍ വഴിത്തിരിവായി. ഉമവി വംശജനായ മുആവിയയുടെ കാലം മുതല്‍ക്കാണ് 'ഖിലാഫത്ത്' വ്യവസ്ഥ താവഴി ഭരണത്തിലേക്ക് വ്യതിചലിക്കുന്നത്.
മുആവിയയും തുടര്‍ന്ന് വന്ന ഉമവി ഭരണാധികാരികളും 'ഖലീഫ' എന്ന പദവി നിലനിറുത്തിപ്പോന്നു. പക്ഷേ, പ്രതിപക്ഷ ശക്തികളുടെ ആവിര്‍ഭാവത്തെ അത് തടുത്ത് നിറുത്തിയില്ല. മത-രാഷ്ട്രീയ മാനങ്ങളുള്ള ഈ റിബല്‍ പ്രസ്ഥാനങ്ങളുടെ നിരന്തര ശ്രമഫലമായി ക്രി. 750-ല്‍ ഉമവിവംശപരമ്പരയുടെ ഭരണകൂടം നിലംപൊത്തി.
അബ്ബാസി ഭരണകൂടമാണു ഉമവികളുടെ സ്ഥാനത്ത് പ്രതിഷ്ഠ നേടിയത്. ആരംഭത്തില്‍ വിശാല മേഖലകളില്‍ അധികാരം വ്യാപിപ്പിക്കുന്നതില്‍ അബ്ബാസി വംശജര്‍ വിജയിച്ചുവെങ്കിലും അചിരേണ അവരുടെ ശക്തി കേന്ദ്രങ്ങളെയും ജീര്‍ണത ബാധിച്ചു. അബ്ബാസി ഖിലാഫത്ത് ബഗ്ദാദില്‍നിന്ന് സാമര്‍റയിലേക്കും വീണ്ടും ബഗ്ദാദിലേക്കും ആസ്ഥാനം മാറി. ഈജിപ്തില്‍ ഇഖ്ശീദിയ ഭരണകൂടവും ശാമില്‍ ഹമദാനികളും അധീശത്വം നേടിയപോലെ വിവിധ മേഖലകളില്‍ ഉപഭരണകൂടങ്ങള്‍ നിലവില്‍ വരികയും അബ്ബാസി ഖിലാഫത്ത് കാലക്രമത്തില്‍ ഒരു പ്രതീകാത്മക അധികാര സ്വരൂപമായിത്തീരുകയും ചെയ്തു. ബഗ്ദാദ് താനും പത്ത് വര്‍ഷങ്ങളോളം ബുവൈഹി ഭരണത്തിന്റെ സ്വാധീനത്തിലായിരുന്നു.
അബ്ബാസി രാഷ്ട്രകൂടത്തെ കൂടുതല്‍ പ്രക്ഷീണമാക്കിയ ഒരു ഘടകമായിരുന്നു, ഇസ്മാഈലി ശിയാ സരണി പിന്തുടർന്ന ഫാത്വിമികളുടെ താരോദയം. അബ്ബാസികളെ മതതലത്തിലും രാഷ്ട്രീയ തലത്തിലും വെല്ലുവിളിച്ചുകൊണ്ടാണ് ക്രി. 10-ാം നൂറ്റാണ്ടില്‍ ഫാത്വിമികള്‍ രംഗപ്രവേശം ചെയ്തത്. വ്യത്യസ്ത കാലയളവില്‍ ഉത്തരാഫ്രിക്കയും ഈജിപ്തും ഹിജാസും ശാമും തങ്ങളുടെ അധികാര സീമകളിലേക്ക് ചേര്‍ക്കുന്നതില്‍ അവര്‍ വിജയിച്ചു. അബ്ബാസി ഖലീഫമാരില്‍ ഉജ്വലനായി കരുതപ്പെടുന്ന ഹാറൂന്‍ റഷീദി(763-809)ന്റെ മരണം നടന്ന് 130 വര്‍ഷത്തിന് ശേഷം ബഗ്ദാദില്‍ അബ്ബാസി ഖലീഫ അല്‍ ഖാഹിര്‍ ബില്ലാഹി (899-950)യുടെ കാവല്‍ ഭടന്മാര്‍ തന്നെ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും കണ്ണുകള്‍ പിഴുതെടുക്കുകയും ചെയ്തു. വര്‍ഷങ്ങളോളം അദ്ദേഹത്തിന് തടവില്‍ കഴിയേണ്ടി വന്നു. തടവറയില്‍നിന്ന് മോചിപ്പിക്കപ്പെട്ട 'ഖലീഫ'യുടെ പില്‍ക്കാല ജീവിതം പരിതാപകരമായിരുന്നു. ബഗ്ദാദിലെ മസ്ജിദുകളുടെ മുറ്റത്ത് പിച്ചയെടുത്താണ് പിന്നീടദ്ദേഹം ജീവിച്ചിരുന്നതെന്ന് ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നു.
1258-ല്‍ താര്‍ത്താരി ആക്രമണത്തോടെ അബ്ബാസി ഖലീഫ അല്‍മുഅ്തസ്വിം ബില്ലാഹി (1218-1258) കൊല്ലപ്പെടുകയും ബഗ്ദാദ് തകര്‍ക്കപ്പെടുകയും ചെയ്തു. മംലൂക് സുൽത്വാന്‍ ളാഹിര്‍ ബൈബറസ് വാഴിക്കപ്പെടുന്നവരെ കുറേകാലം ഖലീഫ സ്ഥാനം ഒഴിഞ്ഞു കിടന്നു. മംലൂകുകള്‍ മുഅ്തസ്വിമിന്റെ പിന്‍തലമുറയെ ബഗ്ദാദില്‍നിന്ന് ഈജിപ്തിലേക്ക് കൊണ്ട് വന്ന് 'ഖലീഫ' പദവി നല്‍കി. അതൊരു പ്രതീകാത്മക പദവി മാത്രമായി. ഈ നാമമാത്ര ഖലീഫക്ക് ഭരണ നിര്‍വഹണത്തില്‍ യഥാര്‍ഥ റോളൊന്നുമുണ്ടായിരുന്നില്ല. ഭരണം മംലൂകുകളുടെയും പ്രാദേശിക ഭരണാധികാരികളുടെയും ഹസ്തങ്ങളില്‍ നിക്ഷിപ്തമായിരുന്നു. മസ്ജിദുകളിലെ വെള്ളിയാഴ്ച പ്രസംഗവേദികളില്‍ പ്രാര്‍ഥനയില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു ആലങ്കാരിക പദവി മാത്രമായി മാറി പിന്നീട് ഖലീഫ. രണ്ട് നൂറ്റാണ്ടിലധികം നീണ്ട് നിന്ന മമാലിക് ഭരണകാലത്തുടനീളം ഖലീഫ ഒരു പ്രതീകാത്മക സ്ഥാനം മാത്രമായിരുന്നു.
ഉസ്മാനികളുടെ കൈകളാലായിരുന്നു മമാലിക്കുകളുടെ അന്ത്യം. അനാത്തോലിയയിലേക്ക് ഇരച്ചു കയറിയ തുര്‍ക്കി ഗോത്ര നായകരാണ് ഉസ്മാനികള്‍. പിന്നീട് 1453-ല്‍ അവരുടെ സൈന്യം ബൈസാന്റിയന്‍ സാമ്രാജ്യ തലസ്ഥാനമായ കോണ്‍സ്റ്റന്റിനോപ്പിൾ ജയിച്ചടക്കി. കോണ്‍സ്റ്റന്റിനോപ്പിളാണ് പിന്നീട് ഇസ്തംബൂളായത്. ഉസ്മാനിയ സാമ്രാജ്യം കിഴക്കന്‍ യൂറോപ്പിലോളം വിസ്തൃതമായി. തങ്ങളുടെ അധികാര സീമകള്‍ വിസ്തൃതമാക്കിയ ഉസ്മാനികള്‍ മമാലിക്കുകളുടെ അധീശത്വം അവസാനിപ്പിക്കുന്നതില്‍ വിജയിച്ചു. ശാമും (സിറിയ, ഫലസ്ത്വീന്‍, ലബനാന്‍ എന്നിവ അടങ്ങിയ ഭൂപ്രദേശം) ഈജിപ്തും കീഴടക്കിയ ഉസ്മാനീ സുൽത്വാന്‍ സലീം ഒന്നാമന്‍ 1516-ല്‍ കൈറോവില്‍ പ്രവേശിച്ചു. മമാലിക്കുകളുടെ (മംലൂക്) ഭരണത്തിന് തിരശ്ശീല വീണതോടെ അബ്ബാസി ഖലീഫയുടെ പ്രതീകാത്മക റോളും അവസാനിച്ചു. ഖലീഫ ഖുറൈശി ഗോത്രത്തില്‍ നിന്നായിരിക്കണമെന്ന സങ്കല്‍പത്തെ മാനിച്ചു കൊണ്ടായിരുന്നു മമാലിക്കുകള്‍ ഈ പ്രതീകാത്മക അബ്ബാസി ഖലീഫയെ നിലനിറുത്തിപ്പോന്നിരുന്നതെന്ന് പറയപ്പെടുന്നു. ആ ആശയത്തില്‍ ഒരു ഹദീസ് ഉദ്ധരിക്കപ്പെടുന്നുണ്ട് എന്നത് ശരിയാണ്. പ്രവാചകന്‍ അതൊരു ശാശ്വത നിയമമെന്ന നിലയില്‍ പറഞ്ഞതായിരുന്നില്ല എന്ന് ആ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണ്. 'അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ലെന്നും ചുരുണ്ട മുടിയുള്ള ഒരു എത്യോപ്യക്കാരനാണ് നിങ്ങളുടെ ഭരണാധികാരിയെങ്കിലും അയാളെയും നിങ്ങള്‍ അംഗീകരിക്കണമെന്നുമുള്ള പ്രവാചകന്റെ തന്നെ ഇതരവചനങ്ങള്‍ മുന്നില്‍ വെച്ചു ചിന്തിച്ചാല്‍ വംശീയ വാദത്തിനുള്ള പ്രമാണമല്ല പ്രസ്തുത നബിവചനമെന്ന് സുതരാം വ്യക്തമാകും. സൂക്ഷ്മ ദൃക്കായ ഒരു നയതന്ത്രജ്ഞനെന്ന നിലയില്‍ വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ഒരു അനുഭവ യാഥാര്‍ഥ്യത്തിലേക്ക് വെളിച്ചം വീശുക മാത്രമായിരുന്നു ആ വചനത്തിലൂടെ പ്രവാചകന്‍. നൂറ്റാണ്ടുകളായി നേടിയെടുത്ത ശക്തിയും സ്വാധീനവും മൂലം ഖുറൈശി ഗോത്രം നിലനില്‍ക്കേ തനിക്ക് ശേഷം മറ്റൊരു ഗോത്രത്തിന് നേതൃത്വം നല്‍കിയാല്‍ അവര്‍ വിജയിക്കാന്‍ സാധ്യതയില്ലെന്ന് അക്കാലത്തെ അറബികളുടെ അവസ്ഥയില്‍നിന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ അക്കാര്യം സൂചിപ്പിക്കുകയായിരുന്നു പ്രവാചകന്‍. അത് ഒരു വസ്തുനിഷ്ഠസത്യവുമായിരുന്നു. തിരുമേനി ജനഹൃദയങ്ങളില്‍ പ്രസരിപ്പിച്ച ജനാധിപത്യ ബോധത്തിന്റെ ചൈതന്യം മൂലം ജനസ്വാധീനമില്ലാത്ത ഏതെങ്കിലും ഗോത്ര മൂപ്പനെയോ അടിമയെപ്പോലുമോ ഭരണാധികാരിയായി തെരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ടായിരുന്നു. അക്കാലത്തെ സാമൂഹ്യ ഘടന പരിഗണിക്കുമ്പോള്‍ അത് തികച്ചും തെറ്റായ ഒരു തെരഞ്ഞെടുപ്പാകുമായിരുന്നു. ആ വസ്തുനിഷ്ഠ സാഹചര്യത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയായിരുന്നു പ്രവാചകന്റെ ഉദ്ദേശ്യം. ഇതാണ് ഈ സംഗതിയുടെ യാഥാര്‍ഥ്യം.
ഏതായാലും ഉസ്മാനീ സുൽത്വാനായ സലീം ഒന്നാമന്‍ ഈ ഖുറൈശി നിബന്ധനയെക്കുറിച്ചു ബോധമുള്ളതിനാല്‍ 'ഖലീഫ' പട്ടം സ്വീകരിച്ചിരുന്നില്ലെന്ന് ഉസ്മാനീ രാഷ്ട്രകൂട ചരിത്രം എഴുതിയ തുര്‍ക്കി ചരിത്രകാരന്‍ ഖലീല്‍ ഈനാല്‍ജിക് പറയുന്നു. സലീമിന്റെ ഉത്തരാധികാരികളും സുൽത്വാന്‍ എന്ന പദവിയാണ് സ്വീകരിച്ചു പോന്നത്. എങ്കിലും കുറേ കഴിഞ്ഞപ്പോള്‍ സുൽത്വാന്‍ പദവിയോടൊപ്പം ഉസ്മാനികളും ഖലീഫ പദവിയും സ്വീകരിച്ചു തുടങ്ങി. മുസ് ലിം ഭൂരിപക്ഷം താമസിക്കുന്ന ഭൂപ്രദേശങ്ങളുടെ ഭരണാധികാരികള്‍ എന്ന് സൂചിപ്പിക്കാന്‍ ഇത്തരമൊരു പദവി ഉപകാരപ്പെടുമെന്ന് അവര്‍ മനസ്സിലാക്കി കാണും.
മുന്‍ഗാമികളെപ്പോലെ താവഴി ഭരണരീതി തന്നെയാണ് ഉസ്മാനികളും സ്വീകരിച്ചത്. ഉസ്മാനീ ഭരണകൂടവും ആഭ്യന്തര വെല്ലുവിളികള്‍ നേരിട്ടിരുന്നു. പേര്‍ഷ്യ(ഇറാന്‍)യിലെ സ്വഫവികളായിരുന്നു ഉസ്മാനികളുടെ മുഖ്യപ്രതിയോഗികൾ. ഉസ്മാനികളുമായി പലപ്പോഴും അവര്‍ ഏറ്റുമുട്ടുകയുണ്ടായി. എങ്കിലും നൂറ്റാണ്ടുകളോളം ഉസ്മാനികള്‍ ഇസ് ലാമിക ലോകത്ത് ഒരു വന്‍ ശക്തിയായി നിലനിന്നുപോന്നു. യൂറോപ്പില്‍ നിരവധി സൈനിക വിജയങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവര്‍ക്ക് സാധിച്ചു. പല തവണ അവരുടെ സൈന്യം വിയന്നയുടെ അതിരുകളിലോളമെത്തുകയുണ്ടായി.
പതിനെട്ടാം നൂറ്റാണ്ടായതോടെ ശാക്തിക സന്തുലനം ഉസ്മാനികളുടെ എതിര്‍ദിശയിലേക്ക് പായാന്‍ തുടങ്ങി. യൂറോപ്പിലെ ജ്ഞാനോദയം ഉസ്മാനികള്‍ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ശാസ്ത്രരംഗത്ത് ഉസ്മാനികളെ കവച്ചുവെച്ചുകൊണ്ട് യൂറോപ്പ് വന്‍ മുന്നേറ്റം നടത്തി. അച്ചടിയന്ത്രങ്ങളുടെ കാര്യം മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 15-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തന്നെ യൂറോപ്പില്‍ അച്ചടി യന്ത്രങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മതന്യൂനപക്ഷങ്ങളിലെ ഏതാനും വ്യക്തികള്‍ക്ക് മാത്രമേ അവ സ്ഥാപിക്കാൻ അനുവാദം നല്‍കിയിരുന്നുള്ളൂ. മുസ് ലിംകള്‍ അപ്പോഴും കൈകൊണ്ട് പകര്‍ത്തി എഴുതുകയായിരുന്നു. 1729-ല്‍ അതായത് യൂറോപ്പില്‍ മുദ്രണാലയങ്ങള്‍ തുടങ്ങി 280 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുര്‍ക്കിയില്‍ ആദ്യമായി മുസ് ലിംകളുടേതായ ഒരു അച്ചുകൂടം സ്ഥാപിതമാകുന്നത്.
19-ാം നൂറ്റാണ്ടിന്റെ നാന്ദിയില്‍ തുര്‍ക്കിയില്‍ വിപുലമായ പരിഷ്‌കരണങ്ങള്‍ക്കായുള്ള മുറവിളികള്‍ ഉയര്‍ന്ന് തുടങ്ങി. പാശ്ചാത്യന്‍, റഷ്യന്‍ സൈനിക ശക്തികള്‍ക്ക് മുന്നില്‍ തുര്‍ക്കി സൈന്യത്തിന്റെ പിന്‍മാറ്റം ഈ മുറവിളികള്‍ക്ക് ശക്തിപകര്‍ന്നു. യൂറോപ്പില്‍ ദേശീയ വികാരം ആളിക്കത്തിത്തുടങ്ങിയത് ഉസ്മാനികളുടെ അധികാര ശക്തിക്ക് മുന്നില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി. പാശ്ചാത്യ-റഷ്യന്‍ ശക്തികളുടെ സഹായത്തോടെ ഉസ്മാനീ ഭരണത്തിന്നെതിരെ പല ഭൂപ്രദേശങ്ങളിലും വിമോചന പ്രസ്ഥാനങ്ങള്‍ ഉയിരെടുത്തു. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സെര്‍ബുകളും ഗ്രീക്കുകാരും ഉസ്മാനീ ഭരണത്തിന്നെതിരെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. അക്കാലത്ത് തന്നെ കിഴക്കന്‍ യൂറോപ്പിലെ പല രാജ്യങ്ങളിലും സ്വാതന്ത്ര്യ സമരാഗ്നി പടര്‍ന്ന് പിടിക്കാന്‍ തുടങ്ങി. നൂറ്റാണ്ടുകളോളം പടിഞ്ഞാറന്‍ വികസന മോഹത്തെതടുത്ത് നിറുത്തി സംരംക്ഷിച്ചുപോന്ന പൗരസ്ത്യ മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളും 19-ാം നൂറ്റാണ്ടോടെ അവരുടെ കൈകളില്‍നിന്ന് നഷ്ടപ്പെട്ടു തുടങ്ങി. ഈജിപ്തില്‍ നെപ്പോളിയന്റെ സൈനികാധിനിവേശം മൂന്നുവര്‍ഷം നീണ്ടുനിന്നു. അള്‍ജീരിയയും തുനീഷ്യയും ഫ്രഞ്ച് അധീനത്തിലായി. മുഖ്യമായും ക്രീമിയ യുദ്ധമടക്കം പല സന്ദര്‍ഭങ്ങളിലും റഷ്യക്കെതിരെ ഉസ്മാനികളെ സഹായിച്ചുപോന്ന അന്നത്തെ ലോക ശക്തികളായ ബ്രിട്ടനും ഫ്രാന്‍സും ഉസ്മാനീ ഭരണകൂടത്തെ 'യൂറോപ്പിലെ രോഗി'യായി കാണാന്‍ തുടങ്ങി. റഷ്യന്‍ വികസനമോഹത്തില്‍നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കണമോ അവര്‍ക്ക് കീഴിലുള്ള രാജ്യങ്ങള്‍ ഭാഗിച്ചെടുക്കണമോ എന്നതില്‍ പാശ്ചാത്യ ശക്തികള്‍ രണ്ട് തട്ടിലായി.
ഈ പശ്ചാത്തലത്തിലാണ് ചില ഉസ്മാനീ സുൽത്വാന്മാര്‍ 'തന്‍ളീമാത്ത്' എന്ന പേരില്‍ ഭരണപരവും നിയമപരവുമായ ചില പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നത്. പക്ഷേ, ഉസ്മാനീ ഖിലാഫത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതില്‍ അതൊന്നും വേണ്ടത്ര ഫലപ്രദമായി കലാശിച്ചില്ല. 1875-ല്‍ വിദേശക്കടം അടച്ചു തീര്‍ക്കുന്നതിലുള്ള രാജ്യത്തിന്റെ നിസ്സഹായത തുറന്ന് പ്രഖ്യാപിക്കപ്പെടുകയുണ്ടായി.
ഈ സന്ദര്‍ഭത്തിലാണ് 1876-ല്‍ സുൽത്വാന്‍ അബ്ദുല്‍ ഹമീദ് അധികാരാരോഹണം നടത്തുന്നത്. ഉദാരമായൊരു ഭരണ ഘടനക്ക് അംഗീകാരം ലഭിക്കുന്നതും പാര്‍ലമെന്റ് രൂപീകരിക്കപ്പെടുന്നതും ഇദ്ദേഹത്തിന്റെ കാലത്താണ്. പക്ഷേ, ഈ പരീക്ഷണം അധികകാലം നീണ്ടുനിന്നില്ല. 1877-ല്‍ ഉസ്മാനീ ഭരണകൂടത്തിന്നെതിരെ റഷ്യ യുദ്ധം തുടങ്ങി ഒരു വര്‍ഷത്തിനകം തന്നെ സുൽത്വാന്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണഘടന പ്രവര്‍ത്തനരഹിതമാക്കുകയും പരിഷ്‌കരണ വാദികളുടെ നേതാക്കളെ നാട് കടത്തുകയും ചെയ്തു.
റഷ്യന്‍ യുദ്ധം കൈകാര്യം ചെയ്ത രീതിയില്‍ സുൽത്വാനെയും സുൽത്വാന്റെ ഭരണകൂടത്തെയും ചില പാര്‍ലമെന്റംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചതിനോടുള്ള അസഹിഷ്ണുതയാണ് സുൽത്വാന്റെ ഈ നടപടിക്കുള്ള ഭാഗികകാരണമെന്നാണ് 'ഉസ്മാനികളുടെ പതനം' (The fall of Ottomens) എന്ന കൃതി രചിച്ച ബ്രിട്ടീഷ് ചരിത്രകാരന്‍ യൂജിന്‍ റോജന്‍ (Eugene Rogan) പറയുന്നത്.
സുൽത്വാന്റെ നടപടികള്‍ സ്വാഭാവികമായും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി; വിശിഷ്യാ പരിഷ്‌കരണവാദികളുടെയും ലിബറലുകളുടെയും ഭാഗത്ത്‌നിന്ന്. പക്ഷേ, ഈ വിമര്‍ശനങ്ങളൊന്നും വകവെക്കാതെ സുൽത്വാന്‍ അബ്ദുല്‍ഹമീദ് അടിസ്ഥാന ഘടനകളിലും വിദ്യാഭ്യാസ രംഗത്തും പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിക്കൊണ്ടു തനിച്ചു ഭരണം തുടര്‍ന്നു. മാത്രമല്ല ഖിലാഫത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, തന്റെ സംബോധന ശൈലിക്ക് മതപരമായ വര്‍ണം പകര്‍ന്ന് നല്‍കി. ഓട്ടോമന്‍ ഭരണപ്രദേശങ്ങളിലെ നിവാസികള്‍ക്കിടയില്‍ ഇത് സുൽത്വാനോടുള്ള മതിപ്പ് വര്‍ധിപ്പിച്ചു; പരമ്പരാഗത സാംസ്‌കാരിക മൂല്യങ്ങള്‍ക്കെതിരെ യൂറോപ്യന്‍ സാമ്രാജ്യ ശക്തികള്‍ സൃഷ്ടിച്ച ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും.
1881-ലെ ഫ്രാന്‍സിന്റെ തുനീഷ്യന്‍ അധിനിവേശത്തിന്റെയും 1882-ലെ ബ്രിട്ടന്റെ ഈജിപ്ഷ്യന്‍ അധിനിവേശത്തിന്റെയും ഫലമായി ഒട്ടോമന്‍ ഭൂപ്രദേശങ്ങളുടെ അധികാര സീമകള്‍ക്ക് ശോഷണം സംഭവിച്ചുവെങ്കിലും സുൽത്വാന്‍ അബ്ദുല്‍ ഹമീദിന് താല്‍ക്കാലികമായി പിടിച്ചുനില്‍ക്കാന്‍ സാധിച്ചു. അതിനിടെ അബ്ദുല്‍ ഹമീദിന്റെ ഭരണകൂടവും അര്‍മീനിയന്‍ ഭരണകൂടവും തമ്മില്‍ പുതിയ സംഘര്‍ഷം രൂപം കൊണ്ടു. അതെത്തുടര്‍ന്ന് അനേകം അര്‍മീനിയക്കാര്‍ക്ക് ജീവഹാനി സംഭവിച്ചു. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അത് പെരുപ്പിച്ചു കാണിച്ചു. സുൽത്വാന്‍ അബ്ദുല്‍ ഹമീദിനെ 'അസ്സുൽത്വാനുല്‍ അഹ് മര്‍' (ചോരക്കൊതിയന്‍ സുൽത്വാന്‍) എന്ന് വിശേഷിപ്പിക്കാറുണ്ട്. സുൽത്വാന്‍ അബ്ദുല്‍ ഹമീദിന്റെ ഭരണകാലത്തെ കുറിച്ചുള്ള മറ്റൊരു ആക്ഷേപം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന വലിയ തോതിലുള്ള ചാരവൃത്തിയാണ്. അന്ന് പലതലങ്ങളിലും അരങ്ങേറിയിരുന്ന രാഷ്ട്രീയ ഗൂഢാലോചനകളുടെ പശ്ചാത്തലത്തില്‍ ഈ ചാരപ്പോലീസ് സംവിധാനത്തില്‍ അത്ഭുതത്തിനവകാശമില്ല. എന്നാല്‍ ഇതൊന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ, വിശിഷ്യാ 'ഇത്തിഹാദ് വ തറഖീ' (പുരോഗമന ഐക്യ) സംഘത്തിന്റെ ശക്തിയെ തളര്‍ത്തിയില്ല. തുര്‍ക്കി ദേശീയ വികാരമായിരുന്നു അവരുടെ ഒരു ആയുധം. സുൽത്വാന്നെതിരെ അവര്‍ ബഹുജന പ്രക്ഷോഭത്തിന് ഇന്ധനം പകര്‍ന്നു. അങ്ങനെ സുൽത്വാന്‍ തന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതനായി. 1908-ല്‍ ഭരണഘടന പുനഃസ്ഥാപിക്കുകയും 'ഇത്തിഹാദ് തറഖീ' പുരോഗമന വാദികള്‍ക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് പുനര്‍ രൂപീകരിക്കുകയും ചെയ്തു. ഭരണഘടനയുടെ പുനഃസ്ഥാപനം ഉദ്ദിഷ്ട ഫലം ചെയ്തില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളായി വരികയായിരുന്നു. മറ്റൊരു വശത്ത് മതാദര്‍ശവാദികള്‍ മതേതര പുരോഗമന ഐക്യസംഘത്തിന്നെതിരെ രൂക്ഷമായി കടന്നാക്രമണം നടത്തി.
ആയിടക്കാണ് ബള്‍ഗേറിയ ഉസ്മാനിയ രാഷ്ട്രകൂടത്തില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ആസ്ത്രിയന്‍ - ഹംഗേറിയന്‍ സാമ്രാജ്യം ബോസ്‌നിയയെയും തങ്ങളുടെ രാജ്യത്തോട് ചേര്‍ത്തു. ഈ സംഭവവികാസങ്ങള്‍ പ്രതിയോഗികള്‍ക്ക് ഇത്തിഹാദിനെ ആക്രമിക്കാന്‍ കളമൊരുക്കിക്കൊടുത്തു. 1909-ല്‍ സുൽത്വാനോട് കൂറുപുലര്‍ത്തുന്ന സൈന്യത്തിലെ ഓഫീസര്‍മാർക്കും തങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ക്കെതിരെ തിരിയാന്‍ അത് പ്രേരകമായി. അവര്‍ മതാധികാരികള്‍ക്കൊപ്പം ചേര്‍ന്ന് ഇത്തിഹാദിനെ ഭരണത്തില്‍നിന്ന് പുറംതള്ളി സുൽത്വാനെ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പക്ഷേ, തുര്‍ക്കി ദേശീയ വാദികളോട് അനുഭാവം പുലര്‍ത്തുന്ന സൈനിക ഓഫീസര്‍മാര്‍ ഉടനെ ഇസ്തംബൂളിലേക്ക് തിരിക്കുകയും സുൽത്വാന്‍ അബ്ദുല്‍ ഹമീദിനെ അനുകൂലിക്കുന്ന പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പാര്‍ലമെന്റ് സുൽത്വാന്‍ അബ്ദുല്‍ ഹമീദിനെ സ്ഥാനഭ്രഷ്ഠനാക്കി, അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് റശാദിനെ മുഹമ്മദ് അഞ്ചാമന്‍ എന്ന പേരില്‍ സുൽത്വാനായി വാഴിക്കുകയും ചെയ്തു.
1909-ല്‍ സുൽത്വാന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ പതനത്തോടെ ഒട്ടോമന്‍ സുൽത്വാന്മാരുടെ യഥാര്‍ഥ റോള്‍ അവസാനിച്ചു. അതോടെ 'പുരോഗമന ഐക്യ സംഘ'ത്തിന്റെ ത്രിമൂര്‍ത്തി നേതാക്കളായ അന്‍വര്‍ പാഷ, ജമാല്‍ പാഷ, ത്വല്‍അത്ത് പാഷ എന്നീ മൂന്ന് പാഷമാരുടെ അധികാരാരോഹണത്തിന് ത്വരിത വേഗം കൈവന്നു. സുൽത്വാനെ സ്ഥാനഭ്രഷ്ടനാക്കുന്നതില്‍ ഇത്തിഹാദ് സംഘം വിജയിച്ചുവെങ്കിലും കൂടുതല്‍ ഭൂപ്രദേശങ്ങളുടെ നഷ്ടത്തിനിടവരുത്തിയേക്കുമെന്നതിനാല്‍ പാശ്ചാത്യ-റഷ്യന്‍ ശക്തികളുമായി ഏറ്റുമുട്ടാനുള്ള ഇത്തിഹാദ്കാരുടെ നീക്കത്തിന് ലിബറലുകളുടെ തന്നെ എതിര്‍പ്പു നേരിടേണ്ടി വന്നു. 1911-ല്‍ ഇറ്റലി ലിബിയയെ ആക്രമിച്ചപ്പോള്‍ ഇവര്‍ തമ്മിലുള്ള ഈ ഭിന്നത കൂടുതല്‍ പ്രകടമായി. ലിബറലുകള്‍ നയിക്കുന്ന തുര്‍ക്കിയ ഗവണ്‍മെന്റ് ഇറ്റലിയെ പ്രതിരോധിക്കുന്നതില്‍ വിമുഖത കാണിച്ചപ്പോള്‍ ഇത്തിഹാദുകാര്‍ ലിബിയക്ക് സംരക്ഷണം നല്‍കാന്‍ യുദ്ധത്തില്‍ ഇടപെടാനും സൈന്യത്തെ അയക്കാനുമാണ് തീരുമാനിച്ചത്. യുദ്ധം കലാശിച്ചതാകട്ടെ ലിബിയയുടെ പരാജയത്തിലാണ്. അതോടെ തുര്‍ക്കിയക്ക് യൂറോപ്പില്‍ കൂടുതല്‍ ഭൂപ്രദേശങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. എങ്കിലും അന്‍വര്‍ പാഷയുടെ നേതൃത്വത്തിലുള്ള സൈനികാക്രമണത്തില്‍ ബള്‍ഗേറിയയുടെ കൈവശത്തില്‍നിന്ന് ഏതാനും പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു. അത് ഇത്തിഹാദ്കാര്‍ക്ക് ഏതാണ്ട് പൂര്‍ണമായും തന്നെ തുര്‍ക്കിയ ഭരണം പിടിച്ചടക്കുന്നതിന് വഴി തെളിയിച്ചു.
1914-ല്‍ ഒന്നാംലോക യുദ്ധത്തില്‍ ജര്‍മനിയുടെയും ഹംഗേറിയന്‍-ആസ്ത്രിയന്‍ സാമ്രാജ്യങ്ങളുടെയും പക്ഷത്ത് ചേര്‍ന്ന് ഇംഗ്ലണ്ട്, ഫ്രാന്‍സ്, റഷ്യ എന്നിവക്കെതിരെ തുര്‍ക്കിയ യുദ്ധപ്രഖ്യാപനം നടത്തി. ഇതില്‍ പരാജയപ്പെടുക എന്നാല്‍ ഉസ്മാനിയ സാമ്രാജ്യത്തിന്റെ പതനം എന്നാണര്‍ഥമെന്ന് ഇസ്തംബൂളിലെ അധികാര കേന്ദ്രങ്ങള്‍ മനസ്സിലാക്കാതെയല്ല.
ഈ സൈനിക ഏറ്റുമുട്ടലുകളോടൊപ്പം മറ്റൊരു വശത്ത് തുര്‍ക്കിവല്‍ക്കരണ നയം ഇതര ദേശീയ വിഭാഗങ്ങളെയും ഉത്തേജിപ്പിക്കുന്നുണ്ടായിരുന്നു. അറബ്-അര്‍മീനിയന്‍ ദേശീയതകളെ ഇളക്കി വിടാന്‍ ബ്രിട്ടന്‍ ശ്രമിച്ചു. അത് പുതിയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും അനേകമാളുകളുടെ ബലിയില്‍ കലാശിക്കുകയും ചെയ്തു. തുര്‍ക്കികളും ജര്‍മന്‍ സഖ്യകക്ഷികളും ബ്രിട്ടന്നും ഫ്രാന്‍സിന്നുമെതിരെ, ഇസ്താംബൂളില്‍ അധികാരത്തിലിരിക്കുന്നവരുടെ ആഭിമുഖ്യങ്ങളില്‍നിന്ന് ഭിന്നമായ സിദ്ധാന്തത്തെ ഉപജീവിക്കാന്‍ തുടങ്ങി. ബ്രിട്ടീഷ്-ഫ്രഞ്ച് കോളനികളിലെ മുസ് ലിംകള്‍ക്കിടയില്‍ ഉസ്മാനിയാ ഖലീഫയെ പിന്തുണക്കാനായി കോളനി ഭരണാധികാരികള്‍ക്കെതിരെ സമരാഗ്നി ആളിക്കത്തിച്ചു. യുദ്ധത്തില്‍ ജര്‍മനി പരാജയപ്പെട്ടതോടെ ഉസ്മാനീ ഭരണകൂടത്തിന്റെ നില കൂടുതല്‍ പരുങ്ങലിലായി. യുദ്ധം ജയിച്ച ബ്രിട്ടനും ഫ്രാന്‍സും റഷ്യയും 1916-ല്‍ സെയ്സ് പൈക്കോ കരാറില്‍ ഒപ്പിട്ട്‌കൊണ്ട് ഒട്ടോമന്‍ ഭൂപ്രദേശങ്ങള്‍ ഭാഗിച്ചെടുത്തു.
യുദ്ധത്തില്‍ തുര്‍ക്കി സേന പരാജയപ്പെടുകയും യൂറോപ്യന്‍ സേന ഇസ്തംബൂളില്‍ പ്രവേശിക്കുകയും ചെയ്തതോടെ ഇത്തിഹാദി നേതാക്കള്‍ അവിടെനിന്ന് ഒളിച്ചോടി. എങ്കിലും ഒട്ടോമന്‍ സര്‍ക്കാറും സുൽത്വാന്‍ മുഹമ്മദ് ആറാമനും ജേതാക്കളുടെ ഭാവിപരിപാടികള്‍ എന്താണെന്നറിയാന്‍ കാത്തിരുന്നു. അറബ് പ്രദേശങ്ങള്‍ നഷ്ടപ്പെട്ടുവെങ്കിലും മുസ് ലിം ഭൂരിപക്ഷം വസിക്കുന്ന ഭൂപ്രദേശങ്ങള്‍ കൈവിടാതിരിക്കാനായി തുര്‍ക്കിയ ദേശീയ പ്രസ്ഥാനം പുതിയൊരു സൈനിക മേധാവിയുടെ കീഴില്‍ രൂപം കൊണ്ടു. പില്‍ക്കാലത്ത് അത്താതുര്‍ക്ക് എന്ന പേരില്‍ അറിയപ്പെട്ട മുസ്ത്വഫ കമാല്‍പാഷയായിരുന്നു ഈ പുതിയ സേനാനായകന്‍. ലിബിയൻ യുദ്ധത്തില്‍ പങ്കെടുത്ത യുവ സൈനിക ഓഫീസറായിരുന്നു മുസ്ത്വഫ. ഒന്നാം ലോക യുദ്ധത്തില്‍ ഗാലിപോളി (Galipoli) സംഘട്ടനത്തില്‍ സഖ്യകക്ഷികള്‍ക്കെതിരെ ഒട്ടോമന്‍ സേനക്ക് വിജയം നേടിക്കൊടുക്കുന്നതില്‍ മുസ്ത്വഫ മികച്ച സംഭാവന നല്‍കിയിരുന്നു. അങ്കാറ കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച മുസ്ത്വഫ സഖ്യകക്ഷികളുമായി ഉസ്മാനികള്‍ ഉണ്ടാക്കിയ കരാറിന്നെതിരെ ദേശീയ പ്രസ്ഥാനം രൂപീകരിച്ചു പ്രവര്‍ത്തനനിരതനായി. സൈനിക നീക്കങ്ങള്‍ മരവിപ്പിച്ചു ഇസ്തംബൂളില്‍നിന്ന് പുറപ്പെടുവിച്ച കല്‍പനകള്‍ ധിക്കരിച്ചുകൊണ്ടായിരുന്നു ഈ നടപടികള്‍.
1920-ല്‍ ഇറ്റലിയിലെ സാന്‍ റിമോ (San Remo) വില്‍ നടന്ന കോണ്‍ഫ്രന്‍സില്‍ ഒപ്പ് വെച്ച സേവേര്‍ (Severs) കരാറിനെത്തുടര്‍ന്ന് സിറിയയും ലബനാനും സിറിയന്‍ മാന്റേറ്റിലും, ഫലസ്ത്വീനും ജോര്‍ദാനും ഇറാഖും ബ്രിട്ടീഷ് മാന്റേറ്റിലുമായി. കരാറനുസരിച്ച് തുര്‍ക്കിയയുടെ കീഴിലുള്ള പ്രദേശങ്ങളുടെ വിസ്തൃതി വളരെ ചുരുങ്ങി. ഉടമ്പടി അംഗീകരിച്ചുകൊണ്ടുള്ള ഉസ്മാനീ ഭരണകൂടത്തിന്റെ നടപടി മുസ്ത്വഫ കമാല്‍പാഷയെയും ദേശീയ വാദികളെയും പ്രകോപിതരാക്കി. അതേസമയം കരാര്‍ അംഗീകരിക്കാതിരുന്നാല്‍ പുതിയ സൈനിക ഏറ്റുമുട്ടലുകള്‍ക്ക് അത് വഴിവെക്കുമെന്നും ഇസ്തംബൂള്‍ തന്നെയും നഷ്ടപ്പെടുന്നതിലായിരിക്കും അത് കലാശിക്കുക എന്നുമായിരുന്നു ഉസ്മാനികളുടെ ഭയം. തുര്‍ക്കി ദേശീയ വാദികളും ഇസ്തംബൂള്‍ ഭരണകൂടവും തമ്മിലുള്ള ഭിന്നതകള്‍ മുസ്ത്വഫ കമാല്‍പാഷക്ക്, അസാന്നിധ്യത്തില്‍ സൈനിക കോടതി വധശിക്ഷ വിധിക്കുന്നിടത്തോളം മൂര്‍ഛിച്ചു.
അതിനിടെ കമാല്‍പാഷയുടെ സൈനിക ദളം കാക്കസില്‍ അര്‍മീനിയക്കെതിരെയും കിലീകിയയില്‍ ഫ്രഞ്ച്കാര്‍ക്കെതിരെയും അനാതോലില്‍ ഗ്രീസിന്നെതിരെയും യുദ്ധമാരംഭിക്കുകയും തുടര്‍ന്ന് വന്‍ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തു. 1923-ഓടെ കമാല്‍പാഷ നേടിയ യുദ്ധവിജയങ്ങള്‍ അദ്ദേഹത്തിന് മുന്‍പാര്‍ലമെന്റംഗങ്ങളുടെ പിന്തുണ നേടിക്കൊടുത്തു. ഇസ്തംബൂള്‍ ഗവണ്‍മെന്റിന്നെതിരെ അവര്‍ അങ്കാറയില്‍ ഒരു സമാന്തര സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചു. സൈനിക നേട്ടങ്ങളിലൂടെ കരുത്ത് നേടിയ മുസ്ത്വഫ കമാല്‍ പാഷ ഇസ്തംബൂള്‍ സര്‍ക്കാറിനെ റദ്ദ് ചെയ്ത് പാര്‍ലമെന്റില്‍ മേധാവിത്തം സ്ഥാപിക്കുകയും 'ഖലീഫ'യെ മതപരമായ പ്രതീകമെന്നനിലയില്‍ മാത്രം നിലനിറുത്തുകയും ചെയ്തു. കമാല്‍ പാഷയുടെ ജീവചരിത്രം (Ataturk: The Biography of the Founder of Modern Turkey (1999) എഴുതിയ ആന്‍ഡ്രൂ മാന്‍ഗോ (Andrew Mango) പാര്‍ലമെന്റില്‍ കമാല്‍ പാഷ ചെയ്ത പ്രഖ്യാപനത്തില്‍ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കുന്നു:
''തുര്‍ക്കി ജനത ഇനിമേല്‍ ആര്‍ക്കും വഞ്ചിക്കാന്‍ സാധ്യമല്ലാത്തവിധം കൂടുതല്‍ ശക്തരായിത്തീരുകയും രാജ്യം ആധുനിക നാഗരികത കൈവരിച്ചു മാനവതയും വ്യക്തിത്വവും പരിരക്ഷിക്കുകയും ചെയ്യും. മറ്റൊരു വശത്ത് ഖിലാഫത്ത് സ്ഥാപനം ഇസ് ലാമിക ലോകത്തിന്റെ മനഃസാക്ഷിയും ചൈതന്യവുമായി ബന്ധപ്പെട്ട ഒരു കണ്ണിയായി വര്‍ത്തിക്കുകയും ചെയ്യും.''
അങ്ങനെ 1922 നവംബര്‍ ഒന്നിന് ഉസ്മാനീ പാരമ്പര്യ വാഴ്ച അവസാനിപ്പിച്ച് സുൽത്വാനെ തെരഞ്ഞെടുക്കാനുള്ള അധികാരം പാര്‍ലമെന്റില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് പ്രമേയം പാസ്സാക്കി. പിന്നീട് ജീവഭയം പ്രകടിപ്പിച്ച മുഹമ്മദ് ആറാമന്‍ ഖലീഫയെയും കുടുംബത്തെയും 1922 നവംബര്‍ 17-ന് ബ്രിട്ടന്‍ തങ്ങളുടെ യുദ്ധക്കപ്പലില്‍ വിദേശത്തേക്ക് ചേക്കാറാന്‍ സഹായിച്ചു. ഇതേതുടര്‍ന്ന് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ മാതുല പുത്രന്‍ അബ്ദുല്‍ മജീദ് രണ്ടാമനെ ഖലീഫയായി വാഴിച്ചു. പുതിയ ഖലീഫയുടെ സിംഹാസനാരോഹണ ചടങ്ങില്‍ ജുബ്ബയും തലപ്പാവും അണിയുന്നതിന് പകരം ഖലീഫ നീണ്ട ഗൗണ്‍ ധരിക്കണമെന്ന് കമാല്‍ പാഷ നിര്‍ബന്ധം പിടിച്ചു.
1923 ജൂലൈയില്‍ ലൂസാന്‍ കരാറിനെ തുടര്‍ന്ന് ആധുനിക തുര്‍ക്കിയയുടെ രൂപ ഘടന നിര്‍ണയിക്കപ്പെട്ടു. അതേവര്‍ഷം ഒക്ടോബറില്‍ തുര്‍ക്കിയ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുകയും കമാല്‍പാഷ പ്രസിഡന്റായി അധികാരമേല്‍ക്കുകയും ചെയ്തു. ഖലീഫ അബ്ദുല്‍ മജീദ് രണ്ടാമനാകട്ടെ ഇസ്തംബൂളിലെ കൊട്ടാരത്തില്‍ അധികാരങ്ങളൊന്നുമില്ലാത്ത ഖലീഫയായി കുത്തിയിരിക്കാന്‍ വിധിക്കപ്പെടുകയും ചെയ്തു.
1923 ഡിസംബറില്‍ തുര്‍ക്കി പത്രങ്ങളില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടു. ഖിലാഫത്ത് പദവി നിലനിറുത്തണമെന്നാവശ്യപ്പെട്ടു, ഇന്ത്യന്‍ മുസ് ലിം നേതാക്കള്‍ തുര്‍ക്കിയ ഗവണ്‍മെന്റിന് ഒപ്പിട്ടയച്ച ഒരു കത്തായിരുന്നു അത്. ഖലീഫ മുന്‍ സുൽത്വാന്മാരുടെ അതേപാതയിലാണെന്നും വിദേശ നയതന്ത്ര പ്രതിനിധികളുമായി അദ്ദേഹം സമ്പര്‍ക്കപ്പെടുന്നുണ്ടെന്നും ആരോപിക്കാന്‍ കമാല്‍ പാഷ ഈ കത്ത് ആയുധമാക്കി. 1924 മാര്‍ച്ച് ഒന്നിന് കമാല്‍ പാഷ പാര്‍ലമെന്റില്‍ ഇസ് ലാമിനെ ഇനി മുതല്‍ രാഷ്ട്രീയോപകരണമാക്കാന്‍ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ചു. സൂചന മനസ്സിലാക്കിയ കമാല്‍ പാഷ അനുകൂലികളായ എം.പിമാര്‍ മാര്‍ച്ച് നാലിന് ഔഖാഫ് മന്ത്രാലയം നിറുത്തലാക്കുന്നതും പുതിയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതും ഖിലാഫത്ത് സ്ഥാപനം റദ്ദ് ചെയ്യുന്നതുമായ മൂന്ന് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മൂന്ന് ബില്ലും പാസ്സായതോടെ ഖലീഫ അബ്ദുല്‍ മജീദ് രണ്ടാമന്‍ അതേവര്‍ഷം മാര്‍ച്ച് 4-ന് നാട് വിടാന്‍ നിര്‍ബന്ധിതമായി.
രണ്ട് വര്‍ഷം മുമ്പ് ഖിലാഫത്തിനെ ഒരു പ്രതീകാത്മക പദവിയായി തുടരാന്‍ അനുവദിച്ച കമാല്‍ പാഷ എന്തുകൊണ്ടാണ് പിന്നീടത് റദ്ദ് ചെയ്യുകയും മുസ് ലിം ഭൂരിപക്ഷ മതാനുയായികളുള്ള ഒരു രാജ്യത്തെ മതപരമായ ചിഹ്നങ്ങളൊക്കെ നിരോധിച്ചുകൊണ്ട് ഒരു സമ്പൂര്‍ണ സെക്യുലര്‍ രാജ്യമാക്കി മാറ്റുകയും ചെയ്തത്? ഇസ് ലാമിന്റെ ധീര പോരാളി (ഗാസി മുസ്ത്വഫ) എന്ന അപരാഭിധാനത്താല്‍ മുസ് ലിം ലോകത്ത് ആദ്യകാലത്ത് അറിയപ്പെട്ട കമാല്‍ പാഷ എങ്ങനെയാണ് ഇമ്മട്ടില്‍ മാറിപ്പോയത്? അദ്ദേഹം ഒരു ദോന്മ - യഹൂദി- വേഷം മാറിയ ജൂതന്‍ - (Crypto- Jew) ആണെന്നൊക്കെ പറയപ്പെടുന്നുണ്ട്. അതെന്തായാലും ഖിലാഫത്തിന്റെ പതനത്തിന് 100 വര്‍ഷം പിന്നിടുമ്പോഴും ഇസ് ലാമിക ശക്തിയും ഇസ് ലാമിക ചിഹ്നങ്ങളും തുര്‍ക്കിയയില്‍ തിരിച്ചുവരുന്ന കാഴ്ച ഇസ് ലാമിന് ജനഹൃദയങ്ങളിലുള്ള അപാര സ്വാധീനത്തിനുള്ള തെളിവാണ്. ഖിലാഫത്തിനെ കുറിച്ചുള്ള പുതുഭാവനകളും മുസ് ലിം ധൈഷണിക മണ്ഡലത്തില്‍ സജീവമാണ്. 'ബോധന'ത്തിന്റെ ഈ ലക്കം ആ വിഷയങ്ങള്‍ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ളതാണ്.