സുൽത്വാൻ അബ്ദുല്‍ ഹമീദ് രണ്ടാമന്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി
ഉസ്മാനിയാ ഖിലാഫത്ത് അതീവ ദുര്‍ബലമാവുകയും യൂറോപ്യന്‍ സാമ്രാജ്യത്വം ഖിലാഫത്തിന്റെ മരണം കാത്തിരിക്കുകയും ചെയ്ത ഘട്ടത്തില്‍ പിതൃവ്യന്‍ സുല്‍ത്വാന്‍ അബ്ദുല്‍ അസീസിനെ തുടര്‍ന്ന് മുപ്പത്തിനാലാമത്തെ ഖലീഫയായി അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ഹി. 1293 ശഅ്ബാന്‍ 10/1876 ആഗസ്റ്റ് 31-ന് അധികാരമേറ്റു. ദീര്‍ഘമായ മുപ്പത്തിമൂന്നുവര്‍ഷം അധികാരം വാണ അദ്ദേഹം ഉസ്മാനിയാ സുല്‍ത്വാന്മാരില്‍ പലതുകൊണ്ടും ശ്രദ്ധേയനായിരുന്നു.
ഹി. 1327 റബീഉല്‍ അവ്വല്‍ 6/1909 ഏപ്രില്‍ 27-ന് അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. 1918 ഫെബ്രുവരി 10-ന് മരിക്കുന്നതുവരെ നിര്‍ബന്ധിത തടവില്‍ കഴിയേണ്ടി വന്നു. അനുകൂലികള്‍ 'അസ്സുല്‍ത്വാനുല്‍ മള്ലൂം' (മര്‍ദ്ദിതനായ സുല്‍ത്വാന്‍) എന്നും പ്രതിയോഗികള്‍ 'അസ്സുല്‍ത്വാനുല്‍ അഹ് മര്‍ (ചുകന്ന സുല്‍ത്വാന്‍) എന്നും അദ്ദേഹത്തെ വിളിച്ചുപോന്നു. 'ഗാസി' (യോദ്ധാവ്) എന്ന പേരുമുണ്ട്.
ജനനം, വളര്‍ച്ച
അബ്ദുല്‍ മജീദ് ഒന്നാമന്റെ മകനായ അബ്ദുല്‍ ഹമീദ് 1842 സെപ്റ്റംബര്‍ 22 (ഹി. 1258 ശഅ്ബാന്‍ 16) ന് ബോസ്ഫറസ് കടലിടുക്ക് മേഖലയിലെ മർമറാ കടലിനോട് ചേര്‍ന്ന ടോപ്കാപി കൊട്ടാരത്തി ലാണ് ജനിച്ചത്.
അബ്ദുല്‍ ഹമീദ് ചെറുപ്പം മുതല്‍ക്കെ അന്തര്‍മുഖനായിരുന്നു. മാതാവ് തേജ് മജ്കാന്‍ ക്ഷയരോഗ ബാധിതയായി മരിക്കുമ്പോള്‍ അദ്ദേഹത്തിന് പത്തുവയസ്സായിരുന്നു പ്രായം. അതീവ ദുഃഖിതനായ ബാലന്‍ അന്തര്‍മുഖനായി കഴിഞ്ഞു. പിതാവ് അബ്ദുല്‍ മജീദ് മകനെ അന്തര്‍മുഖനായ കുട്ടി' എന്നാണ് വിളിച്ചിരുന്നത്.
പിതാവിന്റെ രണ്ടാം ഭാര്യ ബീര്‍സ്തൂഖാദിന്‍ അബ്ദുല്‍ ഹമീദിന്റെ പരിപാലനമേറ്റെടുത്തു. വന്ധ്യയും മതഭക്തയുമായിരുന്ന അവര്‍ സ്വന്തം കുഞ്ഞിനെപോലെ ബാലനെ സംരക്ഷിച്ചു. സ്‌നേഹവാത്സല്യങ്ങള്‍ വാരിക്കോരി നല്‍കി. അനന്തര സ്വത്ത് വസ്വിയ്യത്ത് ചെയ്തു. അവരുടെ നന്മകള്‍ അബ്ദുല്‍ ഹമീദ് ഒപ്പിയെടുത്തു.
1861-ല്‍ പിതാവ് മരിക്കുമ്പോള്‍ അബ്ദുല്‍ ഹമീദിന് പതിനെട്ടായിരുന്നു പ്രായം. പിതാവിനു ശേഷം പിതൃവ്യന്‍ അബ്ദുല്‍ അസീസ് ഒന്നാമന്‍ അധികാരമേറ്റു. പിതൃവ്യന്റെ മരണശേഷം അബ്ദുല്‍ ഹമീദിന്റെ ജ്യേഷ്ഠസഹോദരന്‍ മുറാദ് അഞ്ചാമന്‍ അധികാരമേറ്റു. പക്ഷെ, അദ്ദേഹം കൂടുതല്‍ നാള്‍ അധികാരത്തിലിരുന്നില്ല. മൂന്നു മാസങ്ങള്‍ക്കു ശേഷം പ്രധാനമന്ത്രി ഭ്രാന്തുണ്ടെന്ന വാദമുയര്‍ത്തി മുറാദിനെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തി. തുടര്‍ന്ന് അബ്ദുല്‍ ഹമീദ് 1876 ആഗസ്റ്റ് 31-ന് ഭരണസാരഥ്യമേറ്റു.
വ്യക്തിത്വം
നല്ല ഓര്‍മശക്തിയുണ്ടായിരുന്ന അബ്ദുല്‍ ഹമീദ് ഭാഷാപഠനത്തില്‍ തല്‍പരനായിരുന്നു. ബാല്യത്തില്‍ തന്നെ കൊട്ടാരത്തിനകത്ത് കൈകാര്യം ചെയ്തിരുന്ന ശര്‍കസി, അല്‍ബേനിയന്‍ ഭാഷകൾ വശമാക്കി. കുറച്ചുമാത്രം സംസാരിച്ചിരുന്ന അദ്ദേഹം ശത്രുക്കളെ പോലും ധാരാളമായി കേട്ടിരുന്നു. തന്നോട് സംസാരിക്കുന്ന കുട്ടികളെയും തന്നെ കാണാന്‍ വരുന്നവരെയുമെല്ലാം സ്വീകരിച്ചു.
ഓട്ടം, കുതിര സവാരി, വാള്‍പയറ്റ് എന്നീ വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹം മുഖ്യമായും ആശാരിപ്പണിയില്‍ വ്യാപൃതനായിരുന്നു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം മരണം വരെയും അദ്ദേഹം ആശാരിപ്പണി ചെയ്തു. വായനയും പഠനവുമായിരുന്നു മറ്റൊരു പ്രധാന ഹോബി. മരണം വരെയും ഇതു നിലനിര്‍ത്തി. വായനക്കുവേണ്ടി ഭരണകാര്യങ്ങള്‍ അവഗണിച്ചു എന്നുപോലും വിമര്‍ശിക്കപ്പെട്ടു.
പിതാവിന്റെ ഭാര്യയില്‍നിന്ന് വലിയൊരു വക സമ്പത്ത് ലഭിച്ച അബ്ദുല്‍ ഹമീദ് അത് ഉപയോഗിച്ച് ആടുകളെ വളര്‍ത്തുകയും വില്‍പന നടത്തുകയും ചെയ്തു. രാത്രി ഉറക്കമിളച്ചിരുന്ന മറ്റു അമീറുമാരില്‍നിന്ന് വ്യത്യസ്തമായി രാത്രി കൊട്ടാരത്തില്‍ തന്നെ കഴിഞ്ഞിരുന്ന അദ്ദേഹം കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്നു. ദൈനംദിന കുടുംബ കാര്യങ്ങള്‍ സ്വന്തം നിലയില്‍തന്നെ പരിപാലിച്ചു പോന്നു.
പഠനം
കൊട്ടാരത്തിലെ പണ്ഡിതന്മാരില്‍നിന്ന് വ്യവസ്ഥാപിതമായ വിദ്യാഭ്യാസം നേടി. അറബി, പേര്‍ഷ്യന്‍ ഭാഷകള്‍, സാഹിത്യം, ചരിത്രം എന്നിവ വശമാക്കിയ അദ്ദേഹം പിന്നീട് തസ്വവ്വുഫില്‍ അഗാധ പാണ്ഡിത്യം നേടി. തുര്‍ക്കി ഭാഷയില്‍ കവിത രചിച്ചു. വാള്‍ പയറ്റും റിവോള്‍വര്‍ ഉപയോഗിച്ച് ലക്ഷ്യത്തിലേക്ക് വെടിവെപ്പും പരിശീലിച്ച അദ്ദേഹം സംഗീതവും സൈനിക-രാഷ്ട്രീയ വിജ്ഞാനങ്ങളും നേടി.
പിതാവ് അബ്ദുല്‍ മജീദ് ഒന്നാമന്റെയും പിതൃവ്യന്‍ അബ്ദുല്‍ അസീസ് ഒന്നാമന്റെയും കാലത്ത് രാഷ്ട്രീയ പരിശീലനം നേടിയ അദ്ദേഹം യൗവനകാലം തൊട്ടെ ലോക രാഷ്ട്രീയത്തില്‍ തല്‍പരനായിരുന്നു. ഭരണത്തിന് അവസരം ലഭിക്കുന്നതിനു മുമ്പെ, ഭരണനടത്തിപ്പിന് നേതൃത്വം നല്‍കിയിരുന്ന മിദ്ഹത്ത് പാഷയെ പിന്നില്‍നിന്ന് സഹായിക്കാന്‍ അബ്ദുല്‍ ഹമീദിന് അവസരം ലഭിച്ചു.
രാഷ്ട്രീയ പരിചയം: അധികാരമേല്‍ക്കുന്നതിന് മുമ്പ് രാഷ്ട്രത്തിന്റെ അവസ്ഥ
അതീവ സങ്കീര്‍ണമായ സാഹചര്യത്തിലാണ് അബ്ദുല്‍ ഹമീദ് ഭരണമേറ്റെടുത്തത്. സഹോദരന്‍ മുറാദ് അഞ്ചാമന്‍ ഭ്രാന്ത് ആരോപിക്കപ്പെട്ട് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. പിതൃവ്യന്‍ അബ്ദുല്‍ അസീസ് ഒന്നാമന്‍ നിഗൂഢമായ സാഹചര്യത്തില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കാണപ്പെട്ടു. അത് ആത്മഹത്യയായിരുന്നോ, ആസൂത്രിത കൊലയായിരുന്നോ എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഈ അനുഭവങ്ങളെല്ലാം ഭരണകാലത്തു മുഴുവന്‍ അബ്ദുല്‍ ഹമീദിനെ വേട്ടയാടിക്കൊണ്ടിരുന്നു.
സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ-സൈനിക മേഖലകളിലെല്ലാം ശിഥിലമായിരുന്ന ഖിലാഫത്ത് 'രോഗിയുടെ ശേഷിപ്പ്' എന്നുപോലും വിളിക്കപ്പെട്ടു. വിദേശകടം കാരണം രാഷ്ട്രം പാപ്പറായി. 1875-ല്‍ രാഷ്ട്രം പാപ്പറായതായി സുല്‍ത്വാന്‍ പ്രഖ്യാപിച്ചു.
ഇതേ ഘട്ടത്തില്‍ യൂറോപ്പില്‍ ശാസ്ത്രവും നവോത്ഥാനവും മുന്നേറുകയായിരുന്നു. ഫ്രഞ്ചു വിപ്ലവ ഘട്ടത്തില്‍ തത്വശാസ്ത്ര, ചിന്താ പ്രസ്ഥാനങ്ങള്‍ രംഗപ്രവേശം ചെയ്തു. ദേശീയ ചിന്തകള്‍ വളര്‍ന്നുവികസിച്ചു. കനത്ത സമ്പത്തും ആസ്തിയുമുള്ള തുര്‍ക്കി സാമ്രാജ്യത്തിന്റെ ഭൂമികളിൽ യൂറോപ്പ് കണ്ണുവെച്ചു.
പാശ്ചാത്യ ചിന്തകള്‍ സ്വാധീനം നേടിയ അഭ്യസ്തവിദ്യരുടെ കൈയിലായിരുന്നു രാഷ്ട്രത്തിന്റെ ഭരണനിര്‍വഹണം.
ഭരണത്തിന് മുഖ്യ നേതൃത്വം നല്‍കിയിരുന്ന മിദ്ഹത്ത് പാഷ, നാമിഖ് കമാല്‍, ദിയാഅ് പാഷ മുതലായവര്‍ 1861-ല്‍ ഇസ്തംബൂളില്‍ സ്ഥാപിതമായ മസോണിസവുമായി ബന്ധമുള്ളവരായിരുന്നു. മസോണിസ്റ്റുകള്‍ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിനോട് ശത്രുത പുലര്‍ത്തി. ഉസ്മാനിയ ഖിലാഫത്തിന് അന്ത്യം കുറിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഖലീഫക്കു പകരം പ്രതിനിധിസഭ രൂപവല്‍ക്കരിക്കുകയായിരുന്നു. യൂറോപ്യന്‍ മാതൃകയില്‍ പാര്‍ലമെന്റ് രൂപവല്‍ക്കരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പ്രാതിനിധ്യ ഭരണം ആ കാലത്ത് തുര്‍ക്കിക്ക് ചേര്‍ന്നതായിരുന്നില്ല.
അധികാരമേല്‍ക്കുന്നതിന് മുമ്പ് മുഖ്യ ഭരണാധികാരിയും അദ്ദേഹത്തിന്റെ പ്രതിനിധിയുമായി സുല്‍ത്വാന്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു. അധികാരമേല്‍ക്കുന്നതിനു മുമ്പ് ഉസ്മാനിയ രാഷ്ട്രത്തിന് നിയമപരമായ ഒരു ഭരണ ഘടന അംഗീകരിക്കണമെന്ന് സുല്‍ത്വാനു മുമ്പില്‍ ഉപാധിവെച്ചു. അതിനുശേഷം മിദ്ഹത്ത് പാഷ ഭരണഘടന പ്രഖ്യാപിക്കുകയും യൂറോപ്യന്‍ മാതൃകയില്‍ ഒരു സഭ രൂപവല്‍ക്കരിക്കുയും ചെയ്തു.
1876 ജനുവരിയില്‍ ഭരണഘടന നിലവില്‍വന്നു. പ്രതിനിധിസഭ രൂപവല്‍ക്കരിച്ചു. സുല്‍ത്വാന്‍ അബ്ദുല്‍ഹമീദ് തന്നെ അത് ഉദ്ഘാടനം ചെയ്തു.
പ്രതിസന്ധിയുടെ തുടക്കം
അബ്ദുല്‍ ഹമീദ് അധികാരമെറ്റതോടെ ഉസ്മാനിയ ഖിലാഫത്തിനു കീഴിലെ ഭരണ പ്രദേശങ്ങളിലെ ക്രൈസ്തവരുടെ അവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ നടപടികളെടുക്കണമെന്ന് യൂറോപ്പില്‍നിന്ന് ആവശ്യമുയര്‍ന്നു. സുല്‍ത്വാന്‍ ഈ ആവശ്യം പാര്‍ലമെന്റിനു മുമ്പാകെ വെച്ചു. ഇത്തരമൊരാവശ്യം രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലാണെന്നായിരുന്നു പാര്‍ലമെന്റിന്റെ നിലപാട്. ഇത് യുദ്ധം പ്രഖ്യാപിക്കാന്‍ ഒരവസരമായി റഷ്യ പരിഗണിച്ചു. യൂറോപ്പിന്റെ തെക്ക് കിഴക്കുള്ള ബള്‍ഗേറിയ മുതല്‍ തുര്‍ക്കിയുടെ വടക്കു-പടിഞ്ഞാറുള്ള അദിര്‍നവരെ റഷ്യ അധിനിവേശം നടത്തി. ഉസ്മാനിയ ഖിലാഫത്തിനോട് ശത്രുത പലുര്‍ത്തിയിരുന്ന സെര്‍ബുകള്‍ക്ക് ഇത് പ്രോത്സാഹനമായി.
തുടര്‍ന്ന് സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് പ്രതിനിധിസഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. പ്രതിസന്ധിയെ നേരിട്ടുതന്നെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. പാശ്ചാത്യരാകട്ടെ, സുല്‍ത്വാന്‍ സ്വേഛാധിപതിയാണെന്ന് പ്രചരിപ്പിച്ചു. പ്രതിയോഗികളോട് സുല്‍ത്വാനെതിരില്‍ രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്തു. ഇത് നേരിടാന്‍ സുല്‍ത്വാന്‍ ഒരു സ്വകാര്യ വിംഗിന് രൂപം നല്‍കി. അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഒന്നാം പാദത്തില്‍ ബാല്‍ക്കണ്‍ മേഖലയിലെ കൂടുതല്‍ ഭാഗങ്ങളും ഉസ്മാനിയ ഖിലാഫത്തിന് നഷ്ടപ്പെട്ടു. അവ ഓസ്ട്രിയയുടെയും റഷ്യയുടെയും കീഴിലായി.
ഉസ്മാനിയാ ഖിലാഫത്തും റഷ്യയും തമ്മിലെ യുദ്ധങ്ങള്‍ അവസാനിച്ചപ്പോള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഉസ്മാനിയ ഖിലാഫത്തിനു കീഴിലെ രാജ്യങ്ങള്‍ കീഴ്‌പ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതുപ്രകാരം ഫ്രാന്‍സ് തുണീഷ്യയും ബ്രിട്ടന്‍ ഈജിപ്തും അധിനിവേശം ചെയ്തു.
സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിനെ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍
ഉസ്മാനിയാ ഖിലാഫത്തില്‍നിന്ന് വിടുതല്‍ വാങ്ങാന്‍ ബ്രിട്ടന്‍ കുര്‍ദുകളെ പ്രേരിപ്പിച്ചു. ബ്രിട്ടന് മേഖലയില്‍ താല്‍പര്യം വര്‍ധിച്ചു. കുര്‍ദ് വംശജരെ ഉസ്മാനികള്‍ക്കെതിരെ ഏകോപിപ്പിക്കാന്‍ ഇംഗ്ലണ്ട് പ്രതിനിധികളെ അയച്ചു. വിവരം രഹസ്യ വിഭാഗം മുഖേന സുല്‍ത്വാന്‍ അറിഞ്ഞു. അതിനെതിരെ അദ്ദേഹം ഒരു പദ്ധതി തയാറാക്കി.
അര്‍മേനിയക്കാരുടെ ആക്രമണത്തില്‍നിന്ന് കുര്‍ദുകളെ രക്ഷിക്കാനായി സൈനികമായ പിന്തുണ നല്‍കി. തൗഹീദിന്റെ കൊടിക്കൂറക്ക് കീഴില്‍ അണിനിരക്കണമെന്ന് ഉല്‍ബോധിപ്പിക്കാനായി പണ്ഡിതന്മാരെ നിയോഗിച്ചു. അതോടെ കുര്‍ദുകളെ ഇളക്കിവിടാനുള്ള ശ്രമം പരാജയപ്പെട്ടു. കുര്‍ദുകള്‍ക്ക് ഉസ്മാനിയ ഖിലാഫത്തുമായുള്ള ബന്ധം ദൃഢതരമായി.
എണ്ണായിരം സൈനികരെ യമനിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടാനായി നിയോഗിച്ചു. റയില്‍പാത ഹിജാസില്‍നിന്ന് യമനിലേക്ക് നീട്ടിപ്പണിയാന്‍ പ്ലാനിട്ടിരുന്ന ഘട്ടത്തില്‍ യമന്‍ ഉസ്മാനിയ ഖിലാഫത്തിനു കീഴില്‍ തന്നെ നിലകൊള്ളണമെന്ന തീരുമാനവും അതിനു പിന്നിലുണ്ടായിരുന്നു.
അതേസമയം, ആഫ്രിക്കയുടെ വടക്കന്‍ ഭാഗങ്ങള്‍ മുഴുവന്‍ തങ്ങളോട് ചേര്‍ക്കാന്‍ ഇറ്റലിക്ക് താല്‍പര്യമുണ്ടായിരുന്നു. പക്ഷെ, ഫ്രാന്‍സ് തുണീഷ്യയും ബ്രിട്ടന്‍ ഈജിപ്തും കോളനികളാക്കിക്കഴിഞ്ഞിരുന്നു ഈ സാഹചര്യത്തില്‍ ഇറ്റലിയുടെ നോട്ടം ലിബിയയിലേക്കായി. സ്‌കൂളുകളും ബാങ്കുകളും മറ്റും സ്ഥാപിച്ചു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ലിബിയയിലേക്ക് കടന്നുകയറാന്‍ അവര്‍ പദ്ധതികളിട്ടു. അധിനിവേശത്തിന് അന്താരാഷ്ട്ര അനുമതിയോടെ ശ്രമങ്ങള്‍ നടത്തിയശേഷം ഇറ്റലി ലിബിയയിലെ ഉസ്മാനിയ ഖിലാഫത്തിന്റെ വാഴ്ചക്കെതിരെ പ്രായോഗികമായിത്തന്നെ ഇടപെട്ടു.
ലിബിയയിലെ ഇറ്റലിയുടെ നടപടികളെക്കുറിച്ചറിഞ്ഞ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് പതിനയ്യായിരം സൈനികരെ ലിബിയയിലേക്ക് അയച്ചു. അവിടത്തെ സൈനിക സംവിധാനങ്ങളെ ശക്തിപ്പെടുത്തി. റോമിലെ തന്റെ സ്ഥാനപതി വഴി സ്ഥിതിഗതികളെ കുറിച്ച് വ്യക്തിപരമായി അന്വേഷിച്ചറിഞ്ഞു. ഇറ്റലി അധിനിവേശ പദ്ധതി നീട്ടിവെക്കാന്‍ നിര്‍ബന്ധിതരായി. അബ്ദുല്‍ ഹമീദിന്റെ ഭരണം അവസാനിക്കുകയും യുവതുർക്കികൾ അധികാരത്തിലേറുകയും ചെയ്തതോടെ ഇറ്റലിയുടെ പദ്ധതി സാക്ഷാല്‍കൃതമായി.
സുല്‍ത്വാനും മസോണിസ്റ്റുകളും
സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് അധികാരമേറ്റതോടെ അദ്ദേഹത്തെ അധികാരത്തില്‍നിന്ന് വീഴ്ത്താന്‍ മസോണിസ്റ്റുകള്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മസോണിസ്റ്റ് വൃത്തത്തിലെ പ്രധാന വ്യക്തിത്വവും തുര്‍ക്കി ഖിലാഫത്തിലെ മുഖ്യനുമായിരുന്ന മിദ്ഹത്ത് പാഷ (1822-1884) യെ നാടുകടത്തിയതോടെ എതിര്‍പ്പുകള്‍ വര്‍ധിച്ചു. ഗ്രീസിലെ തെസ്സലോനിക്കയില്‍ രൂപംകൊണ്ട Mecedonia Risorta മുതലായ ക്ലബ്ബുകള്‍ ഖിലാഫത്തിനെതിരില്‍ ചരടുവലികള്‍ നടത്തി. The Committee of Union and Progress എന്ന വേദിയുടെ നേതാക്കളും മസോണിസ്റ്റ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു.
സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് തന്റെ ഡയറിക്കുറിപ്പുകളില്‍ 'മസോണിസ്റ്റുകള്‍ മുഖാന്തിരം കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ഇംഗ്ലണ്ട് എപ്പോഴും ശ്രമിച്ചിരുന്നു' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ് ലാമിക രാഷ്ട്രം രൂപവല്‍കൃതമാകുന്ന തിനെതിരെ മസോണിസം മതമുക്ത മതേതരത്വം മുന്നോട്ടു വെക്കുന്നു. മുസ് ലിംകള്‍ ഭൂരിപക്ഷമായ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളെ ഭരണാധികാരികളായി വാഴിക്കാന്‍ അവര്‍ ശ്രമിക്കുന്നു.'
യുവതുര്‍ക്കികള്‍
സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന്റെ ഏറ്റവും വലിയ ശത്രുവായി ഗണിക്കപ്പെടുന്നതും ഉസ്മാനിയ ഖിലാഫത്തിനെ വീഴ്ത്തുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചതും, യൂറോപ്പില്‍ ആ ലക്ഷ്യം പ്രചരിപ്പിച്ചതും യുവതുര്‍ക്കികളുടെ വേദിയാണ്.
1889-ല്‍ സ്വകാര്യമായി രൂപംകൊണ്ട യുവ തുര്‍ക്കി പ്രസ്ഥാനം 1895-ല്‍ മാത്രമാണ് തങ്ങളുടെ പേരുകള്‍ പരസ്യപ്പെടുത്തിയത്. 1902-ല്‍ പാരീസില്‍ 'സ്വതന്ത്രരായ ഉസ്മാനികളുടെ സമ്മേളനം' എന്ന പേരില്‍ ഒരു സമ്മേളനം ചേരുന്നതായി പ്രഖ്യാപിച്ചു. ഉസ്മാനിയ ഖിലാഫത്തിനോട് വിയോജിപ്പുള്ള എല്ലാ വിഭാഗങ്ങളും 'യുവതുര്‍ക്കികള്‍' എന്ന മച്ചിനുകീഴെ സംഘടിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിനോടുള്ള വിയോജിപ്പുമാത്രമായിരുന്നു അവരെ ഏകോപിപ്പിച്ചിരുന്ന ഏകഘടകം.
വിദ്യാര്‍ഥികള്‍
സുല്‍ത്വാന്റെ കാലത്ത് വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച പുരോഗതിയുണ്ടായി. സാമ്പത്തിക-വാണിജ്യ-ഉന്നതവിദ്യാഭ്യാസ-നിയമ-സമുദ്ര- സ്ത്രീ വിദ്യാഭ്യാസ-തൊഴില്‍-വികലാംഗ മേഖലകളില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. ഇവ പക്ഷെ, പിന്നീട് ഖിലാഫത്തിന്റെ തകര്‍ച്ചക്ക് വഴിമരുന്നിട്ടു എന്നതാണ് ഫലത്തില്‍ സംഭവിച്ചത്.
വിദ്യാഭ്യാസത്തിലൂടെ ഇതര ഭാഷാകൃതികള്‍ തുര്‍ക്കിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ പാശ്ചാത്യ ചിന്തകളില്‍ വിശിഷ്യ ഫ്രഞ്ചു വിപ്ലവത്തില്‍ ആകൃഷ്ടരായ പുതിയ തലമുറ വളര്‍ന്നുവന്നു. മുഖ്യമായും ഫ്രഞ്ച് സംസാരിച്ചിരുന്ന യൂനിവേഴ്‌സിറ്റി ബിരുദധാരികളായിരുന്നു ഇവരില്‍ കൂടുതലും. 'ഉസ്മാനീ യുവാക്കള്‍' എന്ന് വിളിക്കപ്പെട്ട ഈ വിദ്യാര്‍ഥികള്‍ ഖിലാഫത്തിനെതിരെ സ്വാതന്ത്ര്യപ്പോരാട്ടം' പ്രഖ്യാപിച്ചു. ഇത്തരം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പാലമാക്കി ഖിലാഫത്തിനെ നിഷ്‌കാസനം ചെയ്യുകയായിരുന്നു.
യൂറോപ്യന്‍ സേനയുടെ സംഖ്യ കൂടുതലായിരുന്നതിനാല്‍ ഉസ്മാനി സേനയെ നവീകരിക്കാനായി സുല്‍ത്വാന്‍ ജര്‍മനിയുമായി ആഭിമുഖ്യം പുലര്‍ത്തി. പക്ഷെ, സേനയിലെ വിപ്ലവ ഗ്രൂപ്പുകള്‍ അത് വിസമ്മതിച്ചു. അതിനുപകരം തന്നോട് കൂറുപുലര്‍ത്തുന്ന ഓഫീസര്‍മാരടങ്ങുന്ന സുരക്ഷാ ഗ്രൂപ്പുകളുണ്ടാക്കാന്‍ തീരുമാനിച്ചു. പക്ഷെ, ഇതൊന്നും സൈനിക-മെഡിക്കല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ തടഞ്ഞു നിര്‍ത്തിയില്ല. അവര്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.
'ഉസ്മാനീ യുവാക്കള്‍' എന്ന വിഘടന ഗ്രൂപ്പിലെ, ഗ്രന്ഥങ്ങള്‍ വായിച്ചിരുന്ന ഈ വിദ്യാര്‍ഥികള്‍ അല്‍ബേനിയന്‍, അസര്‍ബൈജാന്‍ വംശീയരായ യുവാക്കളുടെ ഒരു വേദി രൂപവല്‍ക്കരിച്ചു. സ്വേഛാധിപത്യ ഭരണകൂടത്തിന്റെ കഥ കഴിക്കുക, ഉസ്മാനിയ സാമ്രാജ്യത്തിന്റെ സുവര്‍ണ കാലത്തേക്ക് മടങ്ങുക എന്നിവയായിരുന്നു അവരുടെ മുദ്രാവാക്യം. സുല്‍ത്വാന്‍ അബ്ദുല്‍ഹമീദ് ഭരണഘടന മരവിപ്പിച്ചത് അവര്‍ക്ക് വീര്യം പകര്‍ന്നു.
സൈനിക സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മസോണിസ്റ്റ് വേദികളിലൂടെ പാശ്ചാത്യ ചിന്തകള്‍ പകര്‍ന്നുകിട്ടിയതിന്റെ തുടര്‍ഫലമായിരുന്നു പ്രസ്തുതവേദി. ഫ്രഞ്ചു വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തോടെ 1889-ല്‍ പാരീസിലായിരുന്നു വേദി രൂപവല്‍കൃതമായത്. സുല്‍ത്വാനെ സ്ഥാനഭ്രഷ്ടനാക്കി ഫ്രഞ്ചു മാതൃകയില്‍ സെക്യുലര്‍ ഭരണം നടപ്പിലാക്കുക എന്നതായിരുന്നു ലക്ഷ്യം.
പാര്‍ലമെന്റ് നിര്‍വീര്യവും പ്രതിനിധിസഭ ബാഹ്യമായി നിലവിലിരിക്കുകയും ചെയ്ത അന്നത്തെ സാഹചര്യത്തില്‍ പത്രങ്ങള്‍ നിരീക്ഷണത്തിനു വിധേയമായിരുന്നു. ഇത് പാശ്ചാത്യ വിദ്യാഭ്യാസം നേടി ലോകകാര്യങ്ങള്‍ വീക്ഷിച്ചു തുടങ്ങിയ പുതിയ തലമുറയെ നിഷേധാത്മകമായി സ്വാധീനിച്ചു. അവരുടെ വീക്ഷണത്തില്‍ നിലവിലെ വ്യവസ്ഥ സ്വേഛാധിപത്യപരമായിരുന്നു.
'ദ കമ്മിറ്റി ഓഫ് യൂനിയന്‍ ആന്റ് പ്രോഗ്രസ്സ്' വേദിക്ക് മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. അവരിലധികവും പാരീസിലേക്ക് പോയി. അവര്‍ അവിടെ 'ഉസ്മാനി സ്വതന്ത്രരുടെ സമ്മേളനം' എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചു.
കമ്മിറ്റിയുടെ ശാഖകള്‍ ഉസ്മാനിയ രാഷ്ട്രത്തിന്റെ എല്ലാ ഭാഗങ്ങളിലും രൂപീകൃതമായി. ചെറുശമ്പളക്കാരായ യുവ ഓഫീസർമാരിലധികവും അതില്‍അംഗങ്ങളായി ചേര്‍ന്നു. ബാല്‍ക്കണ്‍ മേഖലയിലായിരുന്നു ഇത് കൂടുതലും. കമ്മറ്റി ബാല്‍ക്കണ്‍ മേഖലയിലെ വിപ്ലവകാരികളുമായി സഖ്യത്തിലായി. ബള്‍ഗേറിയയിലെയും ഗ്രീസിലെയും ചില സംഘങ്ങളുമായി കമ്മിറ്റിയംഗങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു.
കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ബാല്‍ക്കണിലേക്കു മാറ്റി. ഭരണകൂടത്തിന്റെ കണ്ണില്‍ പെടാതെ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ മാസിഡോണിയയിലേക്ക് മാറ്റി. യുവ ഓഫീസര്‍മാര്‍ക്കു പുറമെ സൈനിക കമാന്റര്‍മാരും അംഗങ്ങളായി ചേര്‍ന്നതോടെ സൈന്യത്തിനകത്ത് വിഘടന ചിന്തകള്‍ ശക്തമായി.
ബാല്‍ക്കണ്‍ മേഖല പ്രതിയോഗികളുടെ കേന്ദ്രമായി. വിഘടന മനസ്സുള്ള സൈനിക ഓഫീസര്‍മാര്‍ നേതൃത്വം വഹിച്ചു. ബാല്‍ക്കണ്‍ മേഖലയുടെ ഭരണ നേതൃത്വം വഹിക്കുന്ന മാസിഡോണിയയില്‍ ഇടപെടല്‍ സുല്‍ത്വാന് കഴിയുമായിരുന്നില്ല.
1906-ല്‍ കമ്മിറ്റി ഗ്രീസിലെ തെസ്സലോനിക്ക സിറ്റിയില്‍ സംഘടിക്കുകയും തുര്‍ക്കി സൈനിക ഓഫീസര്‍മാരെ ആകര്‍ഷിക്കുകയും ചെയ്തു. നേരത്തെ പക്ഷം ചേരാന്‍ ആഹ്വാനം ചെയ്തിരുന്ന കമ്മിറ്റി സായുധ ആക്രമണം എന്ന ഘട്ടത്തിലേക്ക് കടക്കാന്‍ തുടങ്ങി.
പാശ്ചാത്യ രാജ്യങ്ങളുടെ എംബസികള്‍ കമ്മിറ്റി അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. അവരുടെ സമ്മേളനങ്ങളില്‍ സ്ഥാനപതിമാര്‍ പങ്കെടുത്തു. സുല്‍ത്വാനെതിരില്‍ തെരുവുകളിലിറങ്ങി പ്രക്ഷോഭം നടത്താന്‍ പ്രോത്സാഹിപ്പിച്ചു.
രഹസ്യാന്വേഷണ സംഘങ്ങള്‍ വഴി യൂറോപ്പിന്റെ പദ്ധതികള്‍ സുല്‍ത്വാന്‍ മനസ്സിലാക്കി. പ്രതിയോഗികളെ തന്റെ പക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ചിലര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കി. ചിലരെ ചേര്‍ത്തു പിടിച്ചു. മറ്റു ചിലരുടെ മേല്‍ സമ്മര്‍ദം ചെലുത്തി. പക്ഷെ, പ്രതിയോഗികള്‍ക്ക് യൂറോപ്പില്‍നിന്ന് ഉദാരമായ സഹായം ലഭിച്ചുകൊണ്ടിരുന്നു. തെസ്സലോനിക്കിലെ സേനയില്‍ പിളര്‍പ്പുണ്ടായതും അന്‍വര്‍ പാഷ (1881-1922) യും മുസ്വതഫാ കമാല്‍ അതാതുര്‍ക്കും (1881-1938) പ്രതിയോഗികള്‍ക്കൊപ്പം ചേർന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാന്‍ സുല്‍ത്വാന്‍ ഏതാനും പാഷമാരെ അയച്ചുവെങ്കിലും പ്രക്ഷോഭകാരികള്‍ അവരെ വധിച്ചുകളഞ്ഞു. 1908-ല്‍ ഭരണഘടന പുനഃസ്ഥാപിക്കണമെന്നും പാര്‍ലമെന്റ് പ്രവര്‍ത്തിക്കണമെന്നും ഫ്രഞ്ചു വിപ്ലവത്തിന്റെ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണം നടത്തണമെന്നും അവര്‍ തീരുമാനിച്ചു.
സുല്‍ത്വാനും യഹൂദികളും
ഈ കാലയളവിലെല്ലാം യൂറോപ്പിലും റഷ്യയിലും യഹൂദികള്‍ പീഡിത ജനതയായി കഴിയുകയായിരുന്നു. യഹൂദികളെ ഭാരമായി കണ്ടിരുന്ന യൂറോപ്പ് അതൊഴിവാക്കാന്‍ വഴികൾ അന്വേഷിച്ചു. യഹൂദികള്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം എന്ന ആശയത്തിനു തുടക്കമായി. സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകന്‍ തിയഡോര്‍ ഹര്‍സല്‍ ഫലസ്ത്വീനിലേക്ക് യഹൂദികളുടെ ശ്രദ്ധയാകര്‍ഷിച്ചു. ജര്‍മനിയിലെ ചക്രവര്‍ത്തിയുള്‍പ്പെടെ സുല്‍ത്വാന് ഏറെ അടുപ്പമുള്ള ചിലരെ മുന്‍നിര്‍ത്തി ഈയാവശ്യാര്‍ഥം ഇടപെട്ടു. സുല്‍ത്വാനെ സമ്മതിപ്പിക്കുന്നതില്‍ അവര്‍ക്ക് വിജയിക്കാനായില്ല.
ഫലസ്ത്വീനില്‍ യഹൂദികളെ കുടിയിരുത്തുന്നതിനു പകരം സമ്പത്തു തരാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും സുല്‍ത്വാന്‍ വിസമ്മതിക്കുകയായിരുന്നു. സാമ്പത്തികമായി വളരെയേറെ പ്രതിസന്ധിയിലായിരുന്നുവെങ്കിലും അടിയറവു പറയാന്‍ സുല്‍ത്വാന്‍ തയാറായില്ല.
'ഫലസ്ത്വീന്റെ ഒരു ചാണ്‍ ഭൂമിപോലും ഞാന്‍ വില്‍ക്കുകയില്ല, അത് എന്റേതല്ല, ഒരു ജനതയുടെ ഭൂമിയാണ്' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
യഹൂദികളെ ഫലസ്ത്വീനില്‍ കുടിയിരുത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് 'ഉസ്മാനിയ ഖിലാഫത്തിന്റെ ഭൂമിയില്‍ യഹൂദികളെ കുടിയിരുത്താനുള്ള സിയോണിസ്റ്റ് തീരുമാനം സ്വീകാര്യമല്ല, വന്നവരെ അവർ പോന്നേടത്തേക്ക് തന്നെ തിരിച്ചയക്കണം' എന്ന് 1890 ജൂണ്‍ 28-ന് ഉത്തരവായി.
ഉസ്മാനിയ രാഷ്ട്രത്തില്‍നിന്ന് ഫലസ്ത്വീനെ വിലയ്ക്കു വാങ്ങാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ സുല്‍ത്വാന്റെ ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടാന്‍ അര്‍മേനിയയിലെ ചില സംഘങ്ങളെ തദ്ദേശീയമായും സ്വിറ്റ്‌സര്‍ലാന്റിലും സാമ്പത്തികമായി സഹായിക്കാന്‍ യഹൂദികള്‍ തീരുമാനിച്ചു. പക്ഷെ, ഇതും പരാജയപ്പെട്ടു.
സുല്‍ത്വാന്‍ കടുത്ത നിലപാട് തുടര്‍ന്നതോടെ ഹര്‍സല്‍ തന്റെ സിയോണിസ്റ്റ് ലക്ഷ്യങ്ങള്‍ 1897-ല്‍ സ്വിറ്റ്‌സര്‍ലാന്റില്‍ ചേര്‍ന്ന സമ്മേളനത്തില്‍ തുറന്നു പ്രഖ്യാപിച്ചു. സുല്‍ത്വാന്‍ നിലപാട് കൂടുതല്‍ കടുപ്പിച്ചു.
സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് തന്റെ ശാദുലി ഗുരുവായ മഹ് മൂദ് അബുശ്ശാമാത്തി (1841-1922) ന് തന്റെ മരണത്തിനു മുമ്പായി അയച്ച കത്തില്‍ ഇങ്ങനെ കുറിച്ചു: 'പരിശുദ്ധ ഭൂമിയായ ഫലസ്ത്വീനില്‍ യഹൂദര്‍ക്ക് മാതൃദേശം സ്ഥാപിക്കാന്‍ ഒത്താശ ചെയ്യണമെന്ന് ഈ 'കമ്മിറ്റി ഓഫ് യൂണിയന്‍' എന്നോട് നിര്‍ബന്ധിക്കുന്നു. ഞാന്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങുന്ന പ്രശ്‌നമില്ല. നൂറ്റമ്പത് മില്യന്‍ ഇംഗ്ലീഷ,് സ്വര്‍ണ ലീറ തരാമെന്ന് അവര്‍ വാഗ്ദാനം ചെയ്തുവെങ്കിലും ഞാന്‍ അത് തീര്‍ത്തും തള്ളിക്കളഞ്ഞിരിക്കുകയാണ്. നിങ്ങള്‍ ലോകം മുഴുവന്‍ നിറയുമാറ് സ്വര്‍ണം തന്നാലും നിങ്ങളുടെ ആവശ്യം അംഗീകരിക്കുന്ന പ്രശ്‌നമില്ല' 'മുപ്പതു വര്‍ഷത്തിലധികമായി ഞാന്‍ ഇസ് ലാമിക സമൂഹത്തെ സേവിച്ചു കൊണ്ടിരിക്കുന്നു. എന്റെ പിതാക്കളും പ്രപിതാക്കളുമായ ഭരണാധികാരികളുടെയും ഉസ്മാനി ഖലീഫമാരുടെയും പാരമ്പര്യങ്ങളെ ഞാന്‍ ലംഘിട്ടിച്ചിട്ടില്ല. എന്റെ ഖണ്ഡിത മറുപടി ലഭിച്ചതോടെ എന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ അവര്‍ തീരുമാനിച്ചു. എന്നെ തെസ്സലോനിക്കിലേക്ക് നാടുകടത്തുമെന്നാണവര്‍ അറിയിച്ചിരിക്കുന്നത്. ഞാന്‍ അതിന് സന്നദ്ധനായിരിക്കുകയാണിപ്പോള്‍.'
1909-ലെ മാര്‍ച്ച് വിപ്ലവം
1908-ല്‍ ഓസ്ട്രിയ ബോസ്‌നിയയിലും ഹര്‍സഗിലും അധിനിവേശം നടത്തി. ബള്‍ഗേറിയ പൂര്‍ണസ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഗ്രീസിന്റെ മറ്റുഭാഗങ്ങള്‍ വിപ്ലവകാരികളോടൊപ്പം ചേര്‍ന്നു. യുവതുര്‍ക്കികളുടെ ഭാഗത്തുനിന്നുള്ള പ്രതിലോമ പ്രവര്‍ത്തനങ്ങളാല്‍ ഖിലാഫത്ത് ആസ്ഥാനം സംഘര്‍ഷ ഭരിതമായി.
ചില സൈനിക ഓഫീസര്‍മാരും ചില രാഷ്ട്രീയ പാര്‍ട്ടികളിലെ യുവാക്കളും പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും പരിഷ്‌കരണങ്ങല്‍ നടപ്പാക്കാനും ശ്രമിച്ചു. 1909 ഓടെ സ്ഥിതിഗതികള്‍ പ്രശ്ന കലുഷിതമായി. രക്തപങ്കിലമായ നീക്കത്തിലൂടെ നിയന്ത്രണരേഖ ലംഘിച്ച് ഇസ്തംബൂളിലേക്ക് കടന്നുകയറാന്‍ വിഘടിത സൈനികര്‍ ശ്രമിച്ചു.
1909 മാര്‍ച്ച് 31-ന് സൈനിക യൂനിറ്റുകളും സ്‌കൂള്‍ വിദ്യാര്‍ഥികളും 'അല്‍ ഇത്തിഹാദുല്‍ മുഹമ്മദി' എന്ന വേദിയുടെ നേതൃത്വത്തില്‍ ഇസ് ലാമിക ശരീഅത്ത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം നടത്തുകയുണ്ടായി. തെസ്സലനോകില്‍നിന്ന് മാര്‍ച്ചു ചെയ്‌തെത്തിയ കമ്മിറ്റി ഓഫ് യൂനിയന്റെ സേന ശരീഅത്ത് പുനഃസ്ഥാപനം എന്ന ആവശ്യത്തെ അടിച്ചമര്‍ത്തി. മഹ്്മൂദ് ശൗകത്ത് പാഷ (1856-1913) യുടെ നേതൃത്വത്തിലെ സൈന്യത്തിന്റെ ലക്ഷ്യം സുല്‍ത്വാനെ രക്ഷിക്കുക എന്നതായിരുന്നു എന്നാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഏപ്രില്‍ 25-ന് സൈന്യം ഇസ്തംബൂളില്‍ പ്രവേശിച്ചു. വിമത സേനയുമായി ഏറ്റുമുട്ടാന്‍ വിസമ്മതിച്ച സുല്‍ത്വാന്‍ 'മുസ് ലിംകളുടെ ഖലീഫ എന്ന നിലയില്‍, മുസ് ലിംകള്‍ക്കിടയില്‍ ഏറ്റുമുട്ടലുണ്ടാകാന്‍ ഞാന്‍ അനുവദിക്കുകയില്ല' എന്ന് പ്രഖ്യാപിച്ചു.
മഹ് മൂദ് ശൗകത്ത് പാഷ സംയുക്ത ദേശീയ സഭ എന്ന പേരില്‍ പ്രതിനിധിസഭായോഗം വിളിച്ചുകൂട്ടി. ഇസ് ലാമിക ശരീഅത്ത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരെ സഹായിച്ചു എന്നതിന്റെ പേരില്‍ സുല്‍ത്വാനെ സ്ഥാനഭ്രഷ്ടനാക്കണമെന്ന് ഫത് വ പുറപ്പെടുവിച്ചു. സഈദ് പാഷയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ലമെന്റ് 1909 ഏപ്രില്‍ 27-ന് സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ ഭരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
സ്ഥാനഭ്രഷ്ട്
താന്‍ പുനരുജ്ജീവിപ്പിച്ച പാര്‍ലമെന്റിന്റെ പ്രതിനിധി സംഘം തന്നെ സ്ഥാനഭ്രഷ്ടനാക്കിയ കാര്യം അറിയിക്കാനായി വന്നപ്പോള്‍ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് തന്റെ ലൈബ്രറിയില്‍ പുസ്തകം വായിച്ചിരിക്കുകയായിരുന്നു. സംഘം അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് 'താങ്കളെ സമുദായം സ്ഥാനഭ്രഷ്ടനാക്കിയിരിക്കുന്നു' എന്ന് പറഞ്ഞു. 'സമുദായം എന്ന സ്ഥാനഭ്രഷ്ടനാക്കിയിരിക്കുന്നു' എന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് പ്രതികരിച്ച അദ്ദേഹത്തിന്റെ തുടര്‍ വാചകങ്ങള്‍ ചരിത്രപ്രസിദ്ധമാണ്.
'ഞാന്‍ മുസ്്ലിംകളുടെ ഖലീഫയും സുല്‍ത്വാനുമാകുന്നു. എന്നെ ആര്‍ക്കെങ്കിലും സ്ഥാനഭ്രഷ്ടനാക്കാന്‍ കഴിയുമെങ്കില്‍ അത് മുസ്്ലിംകള്‍ക്കു മാത്രമാണ്. എന്നാല്‍ നിങ്ങളിലൊരാള്‍ യഹൂദിയാണ്, മറ്റൊരാള്‍ അര്‍മേനിയക്കാരനാണ്, നിങ്ങളിലെ മൂന്നാമന്‍ നന്ദികെട്ടവനാണ്.'
1909 ഏപ്രില്‍ 27-ന് വന്ന നിവേദക സംഘത്തിലുണ്ടായിരുന്നത് യഹൂദിയായ ഇമ്മാനുവല്‍ ഖറാസ്വു, (Emmanuel Carasso (1862-1934), അര്‍മേനിയക്കാരനായ ആറാം അഫന്‍ദി, അല്‍ബേനിയന്‍ വംശജനായ അസദ് തോബീത്താനി, ആരിഫ് ഹിക്മത്ത്, സഅ്ദ് അല്‍ അര്‍നാഊത്വ് എന്നിവരായിരുന്നു. സുല്‍ത്വാനെയും കുടുംബത്തെയും ഗ്രീസിലെ യഹൂദരുടെയും മസോണിസ്റ്റുകളുടെയും കേന്ദ്രമായ തെസ്സലോനിക്കയിലേക്ക് നാടുകടത്താനായിരുന്നു വിമതരുടെ തീരുമാനം.
നിര്‍ബന്ധിച്ചും ജനതയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും സ്ഥാനഭ്രഷ്ടനാക്കിയപ്പോള്‍ സുല്‍ത്വാന്‍ പറഞ്ഞു: 'കഴിഞ്ഞ മുപ്പത്തിമൂന്നുവര്‍ഷമായി ഞാന്‍ എന്റെ രാഷ്ട്രത്തിനും ജനതക്കുമായി പ്രവര്‍ത്തിച്ചു. അല്ലാഹു തീര്‍ച്ചയായും എന്നെ വിചാരണ ചെയ്യുക തന്നെ ചെയ്യും. അല്ലാഹുവിന്റെ ദൂതനാണ് എന്നെ വിചാരണ ചെയ്യാന്‍ അര്‍ഹനായ മറ്റൊരാള്‍. ഞാന്‍ ഈ രാഷ്ട്രത്തെ എങ്ങനെ ഏറ്റുവാങ്ങിയിരിക്കുന്നുവോ, അതേപ്രകാരം ഞാന്‍ അതിനെ തിരിച്ചേല്‍പിച്ചിരിക്കുന്നു. ഈ ഭൂമിയുടെ ഒരിഞ്ചുപോലും ഞാന്‍ വിറ്റിട്ടില്ല. എന്റെ എല്ലാ സേവനങ്ങളെയും വികൃതമാക്കാന്‍ എന്റെ ശത്രുക്കള്‍ ശ്രമിച്ചാല്‍ എനിക്ക് എന്തു ചെയ്യാനാവും? അവര്‍ അതില്‍ വിജയിച്ചു കഴിഞ്ഞിരിക്കുന്നു.'
സുല്‍ത്വാന്‍ അബ്ദുല്‍ഹമീദ് കൊല്ലപ്പണിയോടൊപ്പം തനിക്ക് പരിചയമുള്ള ആശാരിപ്പണിയും ചെയ്ത് ഏതാനും വര്‍ഷം കഴിച്ചുകൂട്ടി. മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം 1912 നവംബറില്‍ ഒന്നാം ബാല്‍ക്കണ്‍ യുദ്ധം (ബാല്‍ക്കണ്‍-ഉസ്മാനിയ യുദ്ധം) പൊട്ടിപ്പുറപ്പെട്ടതോടെ സുല്‍ത്വാനെ ഇസ്തംബൂളിലെ ബെയിലർ ബെയി കൊട്ടാരത്തിലേക്ക് മാറ്റി.
രാഷ്ട്രീയ ചിന്തകള്‍
ഭരണം
ശക്തിക്കു പകരം നീതിയിലധിഷ്ഠിതമായിരിക്കണം ഭരണം എന്നതായിരുന്നു സുല്‍ത്വാന്റെ കാഴ്ചപ്പാട്. 'ഒരു ഭരണം നിയമാനുസൃതമാകുന്നത് അത് നീതിയിലധിഷ്ഠിതമാകുമ്പോഴാണ്- നിയമാനുസൃതത്വം ഭരണത്തിന് പിന്‍ബലമേകുന്നു. ശക്തി നിയമാനുസൃതത്വത്തിന് ഊർജം പകരുന്നു. നീതിയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. നീതിരഹിതമായി ഭരിക്കുമ്പോള്‍, നിയമാനുസൃതമായല്ലാതെ ശക്തി ഉപയോഗിക്കുമ്പോള്‍ അത്തരം ഭരണം തകര്‍ന്നുപോകും.'
സമുദായത്തിന്റെ ആഗ്രഹങ്ങള്‍ തെറ്റാണെങ്കില്‍ പോലും ഭരണകൂടം അതിനു മുമ്പില്‍ വിലങ്ങു തടിയാകരുത്. സമുദായം ആഗ്രഹങ്ങള്‍ വെച്ചു പുലര്‍ത്തുവോളം അതിനു മുമ്പില്‍ തടസ്സമായി നില്‍ക്കുന്നത് ബുദ്ധിമുട്ട് മാത്രമേ സൃഷ്ടിക്കുകയുള്ളൂ.'
യുദ്ധം
സമൂഹങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ആപത്ത് യുദ്ധമാണെന്ന് രാഷ്ട്രം തകരുന്ന ഘട്ടത്തില്‍ യുദ്ധത്തിലേക്ക് എടുത്തു ചാടാതിരുന്നതിനു കാരണമായി സുല്‍ത്വാന്‍ പറയുകയുണ്ടായി. യുദ്ധത്തില്‍ ജയിക്കുന്നവര്‍ പോലും തങ്ങളുടെ സമൂഹങ്ങളെ തുടച്ചുനീക്കുകയാണ് ചെയ്യുന്നത്. തന്റെ രാജ്യം ഒരു യുദ്ധത്തിലേക്ക് കടക്കാന്‍ പാകമല്ലാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഒരു യഥാര്‍ഥ ഭരണാധികാരി എന്നതിനു പകരം പദപരമായ ഭരണാധികാരി എന്ന നിലയില്‍ മാത്രമായി ഒരു ഭരണാധികാരിയും പ്രവര്‍ത്തിച്ചുകൂടാത്തതാണ്. ബള്‍ഗേറിയ ഫിലിപ്പി നഗരവും ഫ്രാന്‍സ് തുണീഷ്യയും ഇംഗ്ലണ്ട് ഈജിപ്തും കീഴടക്കിയപ്പോഴും ഇതേ നിലപാടു തന്നെയായിരുന്നു അദ്ദേഹത്തിന്. 'ഞാന്‍ തുണീഷ്യയില്‍ ഫ്രാന്‍സിനെ പ്രതിരോധിക്കാന്‍ പോയിരുന്നുവെങ്കില്‍ അതുകാരണം സിറിയ നഷ്ടപ്പെടുമായിരുന്നു. ഈജിപ്തില്‍ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടാന്‍ പോയിരുന്നുവെങ്കില്‍ ഫലസ്ത്വീനും ഇറാഖും നിസ്സംശയം നഷ്ടപ്പെടുമായിരുന്നു.'
സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്കെതിരായിരുന്നില്ല. പക്ഷെ അവ ഘട്ടംഘട്ടമായാവണം നടപ്പിലാക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പുറമെനിന്ന് തീറ്റുന്ന രീതിയില്‍ അവ സ്വീകരിച്ചാല്‍ നമുക്ക് വിജയിക്കാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു.
വധശ്രമങ്ങള്‍
1877-ല്‍ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന്റെ പിതൃവ്യന്‍ സുല്‍ത്വാന്‍ അബ്ദുല്‍ അസീസിന്റെ പ്രതിയോഗികളിലൊരാളായിരുന്ന അലി സആവി (1838-1878) സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന്റെ മാപ്പിനെ തുടര്‍ന്ന് നാടുകടത്തപ്പെട്ട യൂറോപ്പില്‍നിന്ന് ഇസ്തംബൂളിലേക്ക് തിരികെ വന്ന് ചില ഭരണോത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. സുല്‍ത്വാനുമായി അടുക്കാന്‍ ശ്രമിച്ച അദ്ദേഹം അതില്‍ വിജയിച്ചു. പക്ഷെ, അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ സുല്‍ത്വാന് അനിഷ്ടകരമായതിനാല്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യപ്പെട്ടു.
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് സിറാഗണ്‍ കൊട്ടാരത്തില്‍ തടങ്കലില്‍ കഴിയുന്ന സുല്‍ത്വാന്‍ മുറാദ് അഞ്ചാമനെ കൊട്ടാരം ആക്രമിച്ച് പുറത്തുകൊണ്ട് വന്ന് സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന് പകരം സ്ഥാനത്തവരോധിക്കാന്‍ അലി സആവി തീരുമാനിച്ചു. മുറാദ് യൂറോപ്യന്‍ മസോണിസ്റ്റ് വേദികളിലെ സജീവ പ്രവര്‍ത്തനകനായിരുന്നതിനാല്‍ യൂറോപ്പിന് ഈ അട്ടിമറിയില്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷെ, കൊട്ടാരകാവല്‍ക്കാര്‍ ആക്രമണം തടുത്തു. സആവിയും കൂടെ ഇരുപതു പേരും വധിക്കപ്പെട്ടു. ഗൂഢാലോചന വിഫലമായി.
ഈ സംഭവത്തിനുശേഷം പ്രതിനിധി സഭ പിരിച്ചു വിടപ്പെട്ടു. സുല്‍ത്വാന്‍ അധികാരം കൈയിലൊതുക്കി. രാഷ്ട്രത്തിന്റെ സംരക്ഷണത്തിനായി യിൽദിസ് എന്ന പേരില്‍ രഹസ്യാന്വേഷണ വിഭാഗം രൂപവല്‍ക്കരിച്ചു. അതേസമയം അതിനെ ചിലർ സ്വേഛാധിപത്യപരമായി കണ്ടു. സഭ ഒരു സ്ഥാപനം എന്ന നിലയില്‍ തുടര്‍ന്നു നിലനിന്നു. സുല്‍ത്വാന്‍ നിയമത്തിനു പുറത്തു കടന്നതായി ആര്‍ക്കും പറയാന്‍ കഴിയുമായിരുന്നില്ല.
ക്ലാന്റിസ് സൊസൈറ്റി
ഒന്നാമത്തെ ഗൂഢാലോചന പരാജയപ്പെട്ട് രണ്ടു മാസങ്ങള്‍ക്കു ശേഷം ക്ലാന്റിസ് കാലീരി സൊസൈറ്റി അലി സആവിയുടേതിനു സമാനമായ ഗൂഢാലോചന നടത്തി. മുറാദ് അഞ്ചാമന്‍ കൊല്ലപ്പെടുകയോ അപകടപ്പെടുത്തപ്പെടുകയോ ചെയ്യാമെന്ന ഭീതിയില്‍ അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ അറിയാന്‍ സൊസൈറ്റി താല്‍പര്യം കാണിച്ചു.
സുല്‍ത്വാന്‍ മുറാദിനെ തടവില്‍ കഴിയുന്ന കൊട്ടാരത്തില്‍നിന്നു പുറത്തുകടത്തി അസീസ് ബക് കൊട്ടാരത്തില്‍ ഒളിപ്പിച്ച ശേഷം സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിനു പകരം അദ്ദേഹത്തെ സുല്‍ത്വാനായി വാഴിക്കുകയായിരുന്നു ഉദ്ദേശ്യം. സിറാഗണ്‍ കൊട്ടാരത്തിനകത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിനെതിരില്‍ റോഡുകള്‍ നീളെ പോസ്റ്ററുകള്‍ ഒട്ടിച്ചു.
മസോണിസ്റ്റുകള്‍ മുഖ്യമായി ആശ്രയിച്ചിരുന്ന ഭരണത്തിലെ മുഖ്യ കാര്‍മികന്‍ അദ്ഹം പാഷ (1851-1909) യെ സ്ഥാനഭ്രഷ്ടനാക്കാന്‍ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് തീരുമാനിച്ച ദിവസം തന്നെ ക്ലാന്റിസ് തന്റെ ഗൂഢാലോചന നടപ്പിലാക്കാനായി തെരഞ്ഞെടുത്തു. സൊസൈറ്റിയിലെ ഒരംഗം തന്നെ ഗൂഢാലോചനാ വിവരം സുല്‍ത്വാനെ അറിയിച്ചു. ഗൂഢാലോചനയില്‍ പങ്കാളികളായവർ ഒരു യോഗത്തിനിടെ പിടിക്കപ്പെട്ടു.
അര്‍മേനിയന്‍ ഗൂഢാലോചന
1905 ജുലൈയില്‍ ഒരു ടൈംബോംബുവഴി വധിക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് മൂന്നാമത്തെ വധശ്രമം. ചില അര്‍മേനിയക്കാരായിരുന്നു അതിനു പിന്നില്‍. യില്‍ദിസ് ജുമാമസ്ജിദില്‍നിന്ന് സുല്‍ത്വാന്‍ ജുമുഅ കഴിഞ്ഞു പുറത്തു വരുമ്പോള്‍ പൊട്ടത്തക്ക വിധമായിരുന്നു ബോംബ് വിന്യസിച്ചിരുന്നതെങ്കിലും അദ്ദേഹം പുറത്തിറങ്ങുന്നതിനു മുമ്പെ ബോംബ് പൊട്ടുകയായിരുന്നു. സുല്‍ത്വാന് ഒന്നും സംഭവിച്ചില്ലെങ്കിലും ഇരുപത്തിയേഴു പേര്‍ വധിക്കപ്പെടുകയും അമ്പത്തെട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സുല്‍ത്വാന്റെ എതിരാളികള്‍ക്ക് ഒത്താശ ചെയ്ത ഒരു വിദേശ എംബസ്സിയില്‍നിന്ന് എണ്‍പതു കിലോഗ്രാം ഭാരമുള്ള ബോംബുമായി ഏതാനും അര്‍മേനിയക്കാര്‍ വരികയായിരുന്നു. സുല്‍ത്വാന്റെ വണ്ടിയുടെ അടുത്ത് നിര്‍ത്തി ബോംബിന് തീ കൊടുത്തു. മുഫ്തിയായിരുന്ന ജമാലുദ്ദീന്‍ അഫന്ദി(ഹി. 1264-1337)യുമായി സംസാരിച്ചുകൊണ്ടിരുന്നതിനാല്‍ സുല്‍ത്വാന്‍ വണ്ടിയുടെ അടുത്തേക്ക് എത്തിയിരുന്നില്ല.
പ്രധാന നേട്ടങ്ങള്‍
ഹിജാസ് റെയില്‍വെ, ബഗ്ദാദ് റെയില്‍വെ, റൊമേലിയ (ഇന്നത്തെ ഗ്രീസ്, മാസിഡോനിയ, അല്‍ബേനിയ, കൊസോവ, സെര്‍ബിയ, ബള്‍ഗേറിയ, ബോസ്‌നിയ, മോണ്ടിനെഗ്രോ എന്നീ യൂറോപ്യന്‍ നാടുകള്‍ ഉസ്മാനിയ ഖിലാഫത്തിന് കീഴിലായിരുന്നപ്പോള്‍ അവയ്ക്ക് തുര്‍ക്കികള്‍ വിളിച്ചിരുന്ന പേര്) റെയില്‍വെ, അനാത്തൂല്‍ റെയില്‍വെ
റഷ്യ-ഉസ്മാനിയ യുദ്ധം (1877-1878), ഉസ്മാനിയ-ഗ്രീസ് യുദ്ധം (1897), ഉസ്മാനിയ രാഷ്ട്രത്തില്‍നിന്ന് ബള്‍ഗേറിയ വിട്ടുപോയത് മുതലായവ അദ്ദേഹത്തിന്റെ കാലത്തെ പ്രധാന സംഭവങ്ങളാണ്.
ജനസംഖ്യാ രജിസ്‌ട്രേഷന്‍, പത്രങ്ങള്‍ക്കുമേല്‍ അധികാരം, നിയമം, കലകള്‍, സിവില്‍ എഞ്ചിനീയറിംഗ്, മൃഗവൈദ്യം, ചുങ്കം മുതലായ മേഖലകളില്‍ വികസനങ്ങള്‍ കൊണ്ടുവന്നു. റെയില്‍വെ, ടെലഗ്രാഫ് മേഖലകളില്‍ ജര്‍മന്‍ കമ്പനികള്‍ നിര്‍ണായകമായ പങ്കു വഹിച്ചു.
1877-1878ല്‍ റഷ്യയുമായി നടന്ന യുദ്ധം പരാജയപ്പെട്ടുവെങ്കിലും 1897-ല്‍ ഗ്രീസിനെതിരെ നടന്ന യുദ്ധത്തില്‍ വിജയിക്കാനായി.
1867 ജൂണ്‍ 21 മുതല്‍ ആഗസ്റ്റ് 7 വരെ നടത്തിയ യൂറോപ്യന്‍ പര്യടനത്തില്‍ ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബെല്‍ജിയം, ഓസ്ട്രിയ, ഹംഗറി, ജര്‍മനി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
നമസ്‌കാരം, ഖുര്‍ആന്‍ പാരായണം പോലുള്ള മതാനുഷ്ഠാനങ്ങളില്‍ തല്‍പരനായിരുന്ന അദ്ദേഹം ശാദുലി ത്വരീഖത്തുകാരനായിരുന്നു. അര്‍മേനിയന്‍ യുദ്ധത്തിനുശേഷം ശത്രുക്കള്‍ അദ്ദേഹത്തെ 'ചുകന്ന സുല്‍ത്വാന്‍' 'അര്‍മേനിയക്കാരുടെ ഘാതകന്‍' എന്നീ പേരുകളില്‍ വിളിച്ചിരുന്നു.
പരിഷ്‌കരണങ്ങള്‍
പതന ഘട്ടത്തില്‍ കൃഷി, വ്യവസായം, വ്യാപാരം, വിധിന്യായം, സൈനിക-കലാ വിദ്യാഭ്യാസം, ആരോഗ്യമേഖല, റെയില്‍, സമുദ്ര ഗതാഗതം, കമ്പിതപാല്‍ മേഖലകളില്‍ ഉസ്മാനിയ ഖിലാഫത്ത് ഉത്തുംഗതയിലായിരുന്നു.
അബ്ദുല്‍ ഹമീദ് അധികാരമേറ്റപ്പോള്‍ 2,528,010,885 ഉസ്മാനി ലീറ കടമുണ്ടായിരുന്നത് 106,437,234 ലീറയായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. യൂറോപ്യന്‍ ധനകാര്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കിയാണ് ഇത് സാധ്യമായത്. സൈനിക നവീകരണത്തിന് ജര്‍മനിയുടെ സേവനം ഉപയോഗപ്പെടുത്തി. അവിടെനിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു. ഇസ്തംബൂൾ മുനിസിപ്പാലിറ്റിയില്‍ കുട്ടികള്‍ക്കു മാത്രമായി ഒരു ആശുപത്രിയും വൃദ്ധന്മാര്‍ക്കുവേണ്ടി ഒരു വീടും നിര്‍മിച്ചു. മന്ദബുദ്ധികള്‍ക്കായി ഒരു തൊഴില്‍ ശാല സ്ഥാപിച്ചു. തൊപ്പി നിര്‍മാണ ഫാക്ടറി വികസിപ്പിച്ചു. ഇസ്തംബൂള്‍ സിറ്റിയില്‍ ഇപ്പോഴും നിലവിലുള്ള 'മിയാഹുല്‍ ഹമീദിയ്യ' എന്ന ജലക്കുഴലുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വികസിപ്പിച്ചു. 1878-ൽ ലോ കോളേജ് സ്ഥാപിച്ചു. സിവില്‍, ക്രമിനല്‍ കോടതികളുടെ മേല്‍നോട്ടം നീതിന്യായ വകുപ്പിനു കീഴിലായി പുനസംഘടിപ്പിച്ചു.
ഗതാഗതം
യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ 452 കി.മീറ്റര്‍ നീളത്തില്‍ 1852-ല്‍ റയില്‍പാതയൊരുക്കാന്‍ ആരംഭിച്ചു. 1861-ല്‍ ഇതിന്നായി ഫ്രഞ്ച്-ബെല്‍ജിയം കമ്പനികളുമായി ഒരു കരാര്‍ ഒപ്പുവെച്ചുവെങ്കിലും 1870-1871-ല്‍ ഫ്രാന്‍സ് ജര്‍മനിയോട് തോറ്റതോടെ പദ്ധതി നിന്നുപോയി. സുല്‍ത്വാന്റെ കാലത്ത് 1888-ല്‍ യൂറോപ്യന്‍ നഗരങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് വിയന്നയില്‍നിന്ന് ഇസ്തംബൂളിലേക്ക് ആദ്യത്തെ തീവണ്ടി എത്തിച്ചേര്‍ന്നു. 1907-1908 കാലത്തായി 5883 കി. മീറ്റര്‍ റെയില്‍വെ ലൈനിന്റെ പണി പൂര്‍ത്തിയായി.
സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് മുന്‍കൈയെടുത്ത അറബി ഭാഷ, പാന്‍ ഇസ് ലാമിസം, ഹിജാസ് റെയില്‍വെ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് അന്യത്ര ചേർത്ത ഉസ്മാനിയ ഖിലാഫത്ത്: നേട്ടങ്ങൾ' എന്ന ലേഖനം കാണുക.
മരണം
ബെയിലർ ബെയ് പാലസില്‍ തടവിലായിരുന്ന സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ്, ശക്തമായ ഇന്‍ഫ്‌ളുവന്‍സ രോഗം ബാധിച്ച് 1918 ഫെബ്രുവരിയില്‍ നിര്യാതനായി. 76 വയസ്സുണ്ടായിരുന്നു. ഒന്നാം ലോകയുദ്ധം അവസാനിക്കുന്നതിന്റെ ഒമ്പതുമാസം മുമ്പായിരുന്നു വിയോഗം.
സുല്‍ത്വാന്‍ മഹ്്മൂദ് രണ്ടാമന്റെ ശ്മശാനത്തില്‍ മറമാടപ്പെട്ടു.
കുടുംബം
ഭാര്യമാര്‍: നാസിക് ഇദാ ഖാദിന്‍ അഫന്‍ദി, ബൈദാര്‍ ഖാദിന്‍, മുശ്ഫിഖ ഖാദിന്‍ അഫന്‍ദി, ബഹീജ ഖാനിം അഫന്‍ദി.
മക്കള്‍: അല്‍വിയ്യ സുല്‍ത്വാന്‍, മുഹമ്മദ് സലീം അഫന്‍ദി, സകിയ്യ സുല്‍ത്വാന്‍, അസ്സുല്‍ത്വാന, നഈമ, നാഇല സുല്‍ത്വാന്‍ ബിന്‍ത് അബ്ദുല്‍ ഹമീദ്, മുഹമ്മദ് ബുര്‍ഹാനുദ്ദീന്‍ അഫന്‍ദി, അസ്സുല്‍ത്വാന ശാദിയ, ഹമീദ ആഇശ സുല്‍ത്വാന്‍, റുഖിയ സുല്‍ത്വാന്‍, അബ്ദുര്‍റഹീം ഖൈരീ അഫന്‍ദി, മുഹമ്മദ് ആബിദ് അഫന്‍ദി, ഖദീജ സുല്‍ത്വാന്‍, മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ അഫന്‍ദി.
സഹോദരന്മാര്‍, സഹോദരിമാര്‍: മുറാദുല്‍ ഖാമിസ്, മുഹമ്മദുൽ ഖാമിസ് അല്‍ ഉസ്മാനി, മുഹമ്മദ് ബുര്‍ഹാനുദ്ദീന്‍ അഫന്‍ദി, മുഹമ്മദുസ്സാദിസ് അല്‍ ഉസ്മാനി, അഹ്മദ് കമാലുദ്ദീന്‍.