ശാസ്ത്രം, കല, സാഹിത്യം; ഉസ്മാനിയാ ഖിലാഫത്തില്‍

എ.കെ അബ്ദുല്‍ മജീദ്‌‌
img

ഉസ്മാനിയാ ഖിലാഫത്തിനെ കുറിച്ച് പാശ്ചാത്യര്‍ പ്രചരിപ്പിച്ച ഒരപഖ്യാതി അവര്‍ ശാസ്ത്രത്തെ നിശ്ചലമാക്കി എന്നാണ്. പതിനാറാം നൂറ്റാണ്ടില്‍ തുര്‍ക്കിയില്‍ ശാസ്ത്രം നിരോധിച്ചു എന്നുവരെ അവര്‍ പറഞ്ഞു കളഞ്ഞു. സ്വന്തം സൈനിക ശക്തിയില്‍ വലിയ മതിപ്പുണ്ടായിരുന്ന 'ഒട്ടോമന്മാര്‍' യൂറോപ്പുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനോ അതിന്റെ ശാസ്ത്ര മുന്നേറ്റങ്ങളില്‍ നിന്ന് പഠിക്കുന്നതിനോ താല്‍പ്പര്യം കാണിച്ചില്ല എന്നായിരുന്നു ആരോപണം.  മതകലാലയങ്ങളെയും പരമ്പരാഗത മതപണ്ഡിതന്മാരെയും അവര്‍ ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തി.  എന്നാല്‍ ഉസ്മാനിയ ഖിലാഫത്തിനെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ യൂറോപ്യന്‍ പക്ഷപാതികള്‍ നടത്തിയ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ദുരാരോപണങ്ങള്‍ എന്ന് പില്‍ക്കാല ഗവേഷകര്‍ വ്യക്തമായ തെളിവുകളോടെ സമർഥിക്കുകയുണ്ടായി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്ലാമിക് കോ-ഓപ്പറേഷന്റെ (ഒ.ഐ.സി) സെക്രട്ടറി ജനറല്‍ ആയിരുന്ന എക്‌മെലെദ്ദീന്‍ ഇഹ്‌സനോഗ്ലുവിന്റെ പഠനങ്ങള്‍ ആണ് ഈ ദിശയിലേക്ക് അന്വേഷണങ്ങളുടെ ഗതി തിരിച്ചുവിട്ടത്. ജീവിതകാലം മുഴുവന്‍ ചെലവഴിച്ച് അദ്ദേഹം തയാറാക്കിയ ''ഒട്ടോമന്‍ സയന്റിഫിക് ഹെറിറ്റേജ്'' എന്ന മൂന്ന് വാല്യങ്ങളുള്ള ബൃഹദ് രേഖ ശാസ്ത്ര ചരിത്രകാരന്മാര്‍ക്കും ഉസ്മാനിയ ഖിലാഫത്തിനെ കുറിച്ച് പഠിക്കുന്നവര്‍ക്കും  ഒഴിവാക്കാന്‍ പറ്റാത്ത റഫറന്‍സ് ആണ്. 

1258-ല്‍ മംഗോളികള്‍ ബാഗ്ദാദ് കൊള്ളയടിച്ചതോടെ ഇസ്്ലാമിക ലോകത്തെ ശാസ്ത്രത്തിന്റെ സുവര്‍ണ്ണകാലം അവസാനിച്ചു എന്ന ഓറിയന്റലിസ്റ്റ് വാദത്തെയാണ് ഉസ്മാനിയ ഖിലാഫത്തിന്റെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ രേഖപ്പെടുത്തുക വഴി എക്‌മെലെദ്ദീന്‍ പൊളിച്ചടുക്കിയത്. ഉസ്മാനിയ ഖിലാഫത്തിന്റെ കാലത്ത് തുര്‍ക്കി കൈവരിച്ച ശാസ്ത്രനേട്ടങ്ങളെ കുറിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും ഇപ്പോള്‍ ലഭ്യമാണ്. സയന്റിഫിക് എംപയര്‍ (ശാസ്ത്രസാമ്രാജ്യം) എന്ന് ഉസ്മാനിയ ഖിലാഫത്ത് വിശേഷിപ്പിക്കപ്പെടുന്നേടത്തോളം ഈ അന്വേഷണങ്ങള്‍ പുരോഗമിച്ചിരിക്കുന്നു.

ആറ് നൂറ്റാണ്ടുകള്‍ കൊണ്ട് പരിണമിച്ചു സമ്പന്നമായതാണ് ഉസ്മാനിയ സാമ്രാജ്യത്തിന്റെ ശാസ്ത്ര, കലാ, സാഹിത്യ, വിദ്യാഭ്യാസ സംസ്‌കാരം. സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ട പല നാടുകളുടെ പൈതൃകങ്ങള്‍ മുഴുവന്‍ ആ സംസ്‌കാരത്തില്‍ സ്വാഭാവികതയോടെ ഉള്‍ചേര്‍ക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്തു. ജോര്‍ദാന്‍, ഈജിപ്ത്, ഫിലസ്ത്വീന്‍ തുടങ്ങിയ സമീപ ഇസ്്ലാമിക ദേശ രാഷ്ട്രങ്ങളും ഉസ്മാനിയാ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു. സല്‍ജൂഖുകള്‍ വഴി പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെ ഈടുവെപ്പുകളും ഉസ്മാനികള്‍ക്ക് സ്വന്തമായി. ഉസ്മാനിയാ ഖിലാഫത്തിന് കീഴില്‍ സ്വയംഭരണാവകാശം സിദ്ധിച്ചിരുന്ന അര്‍മേനിയക്കാര്‍, ജൂതന്മാര്‍, അസീറിയക്കാര്‍ മുതലായവരുടെ വ്യതിരിക്ത വൈജ്ഞാനിക- സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ നിന്നും ഉപയുക്തമായവ സ്വീകരിക്കുന്നതിന് ഉസ്മാനികള്‍ക്ക് മടി ഉണ്ടായിരുന്നില്ല. തുര്‍ക്കിയുമായി അതിര്‍ത്തികള്‍ പങ്കിട്ട അറേബ്യന്‍ ഉപദ്വീപിന്റെയും ആഫ്രിക്കയുടെയും യൂറോപ്പിന്റെയും ബാള്‍ക്കന്‍ പ്രദേശങ്ങളുടെയും ചൈനയുടെയും വൈജ്ഞാനിക, സാംസ്‌കാരിക സമൃദ്ധികളും ഉസ്മാനിയാ ഖിലാഫത്തിനു ഗുണം ചെയ്തു. ആധുനിക തുര്‍ക്കിയുടെ ഊടും പാവും നിര്‍ണയിക്കുന്നതില്‍ ഉസ്മാനിയ കാലഘട്ടത്തിലെ വൈജ്ഞാനിക-ശാസ്ത്ര കേന്ദ്രങ്ങള്‍ നിര്‍ണായകമായ പങ്കു വഹിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബര്‍സ, എദിര്‍നെ, ഇസ്തംബുള്‍, അമസ്യ, സ്‌കോപ്‌ജെ, സരജേവോ തുടങ്ങിയ  വൈജ്ഞാനിക കേന്ദ്രങ്ങള്‍ ഉസ്മാനിയാ കാലത്താണ് അഭിവൃദ്ധിപ്പെട്ടത്.

വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയുള്‍പ്പെടെ വിവിധ ജ്ഞാന ശാഖകളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഉസ്മാനിയാ ഖിലാഫത്ത് പ്രദാനം ചെയ്തു. മത- ദേശ പരിഗണനകള്‍ക്കതീതമായി വിവിധ നാടുകളില്‍ നിന്നുള്ള  ശാസ്ത്രജ്ഞരെയും പണ്ഡിതന്മാരെയും കലാകാരന്മാരെയും സുൽത്വാന്മാര്‍ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ചുവരുത്തി. സ്വതന്ത്രമായി ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനും ഗ്രന്ഥങ്ങള്‍ രചിക്കുന്നതിനും അദ്ധ്യയനം നടത്തുന്നതിനും ഉള്ള വിപുലമായ സൗകര്യങ്ങളാണ് ഉസ്മാനിയാ  ഖിലാഫത്തിനു കീഴില്‍ തുര്‍ക്കിയില്‍ ഉണ്ടായിരുന്നത്.
ഉസ്മാനിയാ ഖിലാഫത്തിനോടൊപ്പം  തുര്‍ക്കി ഭാഷയും വളര്‍ന്നു. സാമ്രാജ്യത്തിന്റെ ആരംഭ കാലത്ത് അറബി, പേര്‍ഷ്യന്‍ ഭാഷകളിലായിരുന്നു ശാസ്ത്ര രചനകള്‍ പ്രധാനമായും നടന്നിരുന്നത്.  ശാസ്ത്ര മാധ്യമം എന്ന നിലയില്‍ തുര്‍ക്കി ഭാഷ പിച്ചവെച്ചു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ഉസ്മാനിയാ  ഖിലാഫത്തിന് മുമ്പ്  രണ്ട്  ശാസ്ത്രകൃതികള്‍ മാത്രമായിരുന്നുവത്രേ തുര്‍ക്കി ഭാഷയില്‍ ഉണ്ടായിരുന്നത്. 15-ാം നൂറ്റാണ്ടോടെ ഉസ്മാനീ രക്ഷാകര്‍തൃത്വത്തില്‍ 88 ശാസ്ത്ര കൃതികള്‍ തുര്‍ക്കി ഭാഷയില്‍ പ്രസിദ്ധീകരിച്ചു. 16-ാം നൂറ്റാണ്ടില്‍ അറബി, തുര്‍ക്കി, പേര്‍ഷ്യന്‍ ഗ്രന്ഥങ്ങളുടെ എണ്ണം വർധിച്ചു. ക്രമേണ തുര്‍ക്കി മുന്‍നിരയില്‍ എത്തി. പത്തൊന്‍പതാം നൂറ്റാണ്ടോടെ 880 അറബി പുസ്തകങ്ങള്‍ വിരചിതമായപ്പോള്‍  3,294 പുസ്തകങ്ങളുമായി തുര്‍ക്കി പ്രബലമായ ശാസ്ത്ര ഭാഷയായി ഉയര്‍ന്നു. ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് ഉസ്മാനിയാ ഖിലാഫത്ത് കല്‍പ്പിച്ച പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് ഈ വസ്തുതകള്‍.

ജ്യോതിശാസ്ത്രം 
ഇസ്്ലാമിക നാഗരികതയില്‍ ഏറ്റവും അഭിവൃദ്ധി പ്രാപിച്ച ശാഖയാണ് ജ്യോതിശാസ്ത്രം.  സൂര്യന്റെയും ചന്ദ്രന്റെയും ചലനങ്ങള്‍ നിരീക്ഷിച്ച് പ്രാര്‍ത്ഥനാ സമയത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനു വേണ്ടി നടന്ന അന്വേഷണങ്ങളാണ് ഇതിനു നിമിത്തമായത്. 
മുന്‍ നൂറ്റാണ്ടുകളിലെ മുസ്്ലിം ഗോള ശാസ്ത്ര പണ്ഡിതന്മാരുടെ ഗവേഷണ ഫലങ്ങള്‍ പ്രയോജനപ്പെടുത്തി മുറാദ് രണ്ടാമന്റെ കാലത്ത് (1421-1451) തന്നെ ഉസ്മാനികള്‍ സ്വന്തമായി പഞ്ചാംഗം വികസിപ്പിച്ചെടുത്തിരുന്നു.
ജ്യോതിശാസ്ത്രജ്ഞരെ നയിക്കാനുള്ള ചുമതലയുള്ള മുഖ്യ ജ്യോതിശാസ്ത്രജ്ഞനെ മുനജ്ജിംബാശി എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന് സ്വന്തമായി ഓഫീസ് സ്റ്റാഫും ഉണ്ടായിരുന്നു.  വാര്‍ഷിക കലണ്ടറുകള്‍ തയ്യാറാക്കലായിരുന്നു മുഖ്യ ജ്യോതിശാസ്ത്രജ്ഞന്റെ ഏറ്റവും പ്രധാനപ്പെട്ട കടമ.
മുവാഖിത്താന്‍ എന്നറിയപ്പെട്ട സമയ സൂക്ഷിപ്പുകേന്ദ്രങ്ങളും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു. മിക്കവാറും എല്ലാ പട്ടണങ്ങളിലെയും  മസ്ജിദുകളോടനുബന്ധിച്ച് സമയപാലന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. ഇസ്തംബൂള്‍ കീഴടക്കിയതിനുശേഷം ആണ് ഇവ വ്യാപകമായി നിർമിക്കപ്പെട്ടത്. മുവാഖിത് (സമയപാലകന്‍) എന്ന പേരിലാണ് ഈ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ അറിയപ്പെട്ടിരുന്നത്. 
ഇസ്്ലാമിലെ ഏറ്റവും വികസിതമായ ശാസ്ത്ര-പഠനം. ഖഗോള- നക്ഷത്ര നിരീക്ഷണാലയങ്ങള്‍ മുസ്്ലിം നാഗരികതയുടെ ഭൗമ അടയാളങ്ങളായി നില കൊണ്ടു.  ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബഗ്ദാദില്‍ അബ്ബാസീ ഖലീഫ അല്‍-മഅ്മൂന്‍ തുടക്കം കുറിച്ച നിരീക്ഷണാലയ നിര്‍മാണങ്ങളുടെ തുടര്‍ച്ചയായി വേണം 1577-ല്‍ മുറാദ് മൂന്നാമന്‍ ഇസ്തംബൂളില്‍ സ്ഥാപിച്ച ജ്യോതിര്‍ നിരീക്ഷണ കേന്ദ്രത്തെയും കാണാന്‍. ഇസ്്ലാമിക നാഗരികതയുടെ അവസാനത്തെ വലിയ നിരീക്ഷണ കേന്ദ്രം കൂടിയായിരുന്നു ഇസ്തംബൂളിലേത്. നിരീക്ഷണാലയത്തോടനുബന്ധിച്ച് ഗണിതശാസ്ത്ര, ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ലൈബ്രറിയും സജ്ജീകരിച്ചിരുന്നു. ഉസ്മാനി കാലഘട്ടത്തിലെ ഏറ്റവുംപ്രമുഖ ജ്യോതിശാസ്ത്ര പണ്ഡിതന്‍ ആയിരുന്ന തഖിയ്യുദ്ദീന്‍ അല്‍റശീദാണ് (മരണം 1585) നിരീക്ഷണാലയത്തിനു മുന്‍കൈ എടുത്തതും നേതൃത്വം നല്‍കിയതും. ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, മെക്കാനിക്‌സ്, വൈദ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ മുപ്പതിലധികം ഗ്രന്ഥങ്ങള്‍ രചിച്ച തഖിയ്യുദ്ദീന്‍ നിരവധി ജ്യോതിശാസ്ത്ര ഉപകരണങ്ങളും ഘടികാരങ്ങളും കണ്ടുപിടിക്കുകയും ചെയ്തു. പഴയ ഇസ്്ലാമിക നിരീക്ഷണാലയങ്ങളില്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ വളരെ ശ്രദ്ധയോടെ പുനര്‍ നിർമിച്ച തഖിയ്യുദ്ദീന്‍ ഉയരങ്ങളില്‍ വെള്ളം എത്തിക്കുന്നതിനുള്ള യന്ത്രവും രൂപകല്‍പ്പന ചെയ്തു. നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം അളക്കുന്നതിന് അദ്ദേഹം കണ്ടുപിടിച്ച ഉപകരണം പതിനാറാം നൂറ്റാണ്ടില്‍ ജ്യോതിശാസ്ത്രരംഗത്ത് ഉണ്ടായ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നു. അതേ നൂറ്റാണ്ട് ജ്യോതി ശാസ്ത്രത്തിനു നല്‍കിയ മറ്റൊരു പ്രധാന സംഭാവനയായ ജ്യോതിശാസ്ത്ര ഘടികാരവും അദ്ദേഹത്തിന്റെ നിര്‍മ്മിതിയാണ്. മുസ്്ലിം ലോകത്ത് പരക്കെ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഉലൂഗ് ബേഗിന്റെ ജ്യോതിശാസ്ത്ര പട്ടികകളിലെ പിഴവുകള്‍ പുതിയ നിരീക്ഷണാലയം  കേന്ദ്രീകരിച്ചുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം തിരുത്തി. അദ്ദേഹത്തിന്റെ സമകാലികനായ ഡാനിഷ് ജ്യോതിശാസ്ത്രജ്ഞന്‍ ടൈക്കോ ബ്രാഹെ(Tycho Brahe)യുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ തഖിയ്യുദ്ദീന്റെ നിരീക്ഷണങ്ങള്‍ കൂടുതല്‍ കൃത്യമായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 
ഉസ്മാനിയ കാലഘട്ടത്തിലെ മറ്റൊരു പ്രധാന ജ്യോതിശാസ്ത്ര പണ്ഡിതനാണ് മുസ്ത്വഫ ഇബ്‌നു അലി അല്‍-മുവാഖിത് (മരണം 1571). ജ്യോതിശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞന്‍, ഭൂമിശാസ്ത്രജ്ഞന്‍, ഘടികാര നിർമാതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ മേഖലകളില്‍ അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ഈ വിഷയങ്ങളിലായി തുര്‍ക്കി, അറബി ഭാഷകളില്‍ മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു.ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും സംബന്ധിച്ചു നിരവധി നിബന്ധങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതി വരെ വിവിധ കലാശാലകളില്‍ പാഠപുസ്തകങ്ങളായി ഉപയോഗിച്ചിരുന്നു ഇവ.
ഇസ്തംബൂളിലെ യാവുസ് സലീം  മസ്ജിദില്‍ സമയപാലകനായിരുന്ന അദ്ദേഹം പിന്നീട് പത്തുവര്‍ഷക്കാലം മുഖ്യ ജ്യോതിശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചു. ജ്യോതിശാസ്ത്ര നിരീക്ഷണത്തിനായി കണ്ടുപിടിച്ച ഉപകരണമാണ് റബ്‌ഐ ആഫാഖി.

ഭൂമിശാസ്ത്രം
ജ്യോതിശാസ്ത്രരംഗത്തെന്ന പോലെ, ഭൂമിശാസ്ത്രരംഗത്തും ഉസ്മാനികള്‍ ഇസ്്ലാമിക നാഗരികതയുടെ ക്ലാസിക്കല്‍ പാരമ്പര്യം നിലനിര്‍ത്തി. തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നതിനും സൈനിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉസ്മാനി സുൽത്വാന്‍മാര്‍ക്ക് ഭൂമിശാസ്ത്രപരമായ അറിവ് അനിവാര്യമായിരുന്നു. മൂന്ന് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടന്ന ഉസ്മാനിയാ സാമ്രാജ്യം ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം നിലനിന്ന വിശാലമായ സാമ്രാജ്യങ്ങളില്‍ ഒന്നാണ്. 

ഈ നൂറ്റാണ്ടില്‍, ഉസ്മാനി നാവികസേന ഒരു വശത്ത് അറ്റ്‌ലാന്റിക് സമുദ്രവും മറുവശത്ത് ഇന്ത്യന്‍ മഹാസമുദ്രവും വരെ എത്തിയിരുന്നു. ഈ നാവിക യാത്രകളിലെ അഡ്മിറലുകള്‍ ആയിരുന്ന പീരിറഈസും സെയ്ദി അലി റഈസും തങ്ങളുടെ അനുഭവങ്ങളും അന്വേഷണങ്ങളും അടിസ്ഥാനമാക്കി ഭൂമിശാസ്ത്ര ഗ്രന്ഥങ്ങള്‍  തയാറാക്കി. മുന്‍കാല മുസ്്ലിം ഭൂമിശാസ്ത്രജ്ഞരുടെ കൃതികളും യൂറോപ്യന്‍ വംശജരുടെ കൃതികളും അവര്‍ ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. സൈനിക ആവശ്യങ്ങള്‍ക്കായി ഭൂപടങ്ങള്‍ നിര്‍മ്മിക്കേണ്ടത് ഭരണകൂടത്തിന് ആവശ്യമായിരുന്നു. ഇത് ഭൗമശാസ്ത്രകാരന്‍മാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ സമ്മാനിച്ചു. ഈ രംഗത്ത് അനശ്വരമായ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭാശാലിയാണ് റെയ്‌സ്. അക്കാലത്ത് ലഭ്യമായ ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ കിടയറ്റതാണ്. സ്‌പെയിന്‍, കിഴക്കന്‍ ആഫ്രിക്ക, അറ്റ്‌ലാന്റിക് സമുദ്രം എന്നിവയുടെ ഭൂപടങ്ങള്‍ അദ്ദേഹം ആദ്യമായി വരച്ചു. ഒട്ടോമന്‍ രേഖകള്‍ ആര്‍ക്കൈവ് ചെയ്യുന്നതിനുള്ള തുര്‍ക്കി ഗവണ്‍മെന്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഈ ഭൂപടങ്ങള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. 

സൈനിക ആവശ്യങ്ങള്‍ക്കുള്ള കൈപ്പുസ്തകങ്ങള്‍ക്ക് പുറമെ ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ വിശകലനങ്ങളും സഞ്ചാരികളുടെ യാത്രാവിവരണങ്ങളും ഭൂമിശാസ്ത്രപരമായ അറിവിന്റെ ചക്രവാളം വികസിപ്പിച്ചു. സമുദ്ര ഭൂമിശാസ്ത്രം (മറൈന്‍ ജിയോഗ്രഫി) എന്ന പഠനശാഖയുടെ വളര്‍ച്ചക്കും വികാസത്തിനും ഉസ്മാനി നാവികരും ഗവേഷകരും നല്‍കിയ സംഭാവനകള്‍ പ്രത്യേകപഠനം അര്‍ഹിക്കുന്നു. 

വൈദ്യശാസ്ത്രം
ഉസ്മാനിയാ സാമ്രാജ്യത്തിന്റെ വിസ്്തൃതി വ്യത്യസ്ത ഭൂവിഭാഗങ്ങളെയും കാലാവസ്ഥാ മേഖലകളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു.  ഇത്  വ്യത്യസ്തങ്ങളായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി. ആരോഗ്യ സംരക്ഷണത്തിനും രോഗനിവാരണത്തിനും ബഹുവിധങ്ങളായ സമ്പ്രദായങ്ങളെ പ്രയോജനപ്പെടുത്തേണ്ട സാഹചര്യം ഇതുമൂലം സംജാതമായത് സ്വാഭാവികം. പ്രധാനമായും മൂന്ന് വൈദ്യ സമ്പ്രദായങ്ങള്‍ ആണ് ഉസ്മാനി കാലഘട്ടത്തിലെ തുര്‍ക്കി വൈദ്യശാസ്ത്രത്തെ രൂപപ്പെടുത്തിയത്. പ്രവാചക വൈദ്യം, യൂനാനി, പാരമ്പര്യവൈദ്യം എന്നിവയാണവ. 

ഉസ്മാനി വൈദ്യസമ്പ്രദായത്തിന്റെ ഒരു പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഭക്ഷണത്തെ ഔഷധമായി ഉപയോഗിക്കുന്നതിനുള്ള വ്യത്യസ്ത തരം പാചകവിധികള്‍ അടങ്ങിയ ആഹാര ശീലങ്ങള്‍ ആണ്. പലവ്യഞ്ജനങ്ങളുടെ ഔഷധമൂല്യങ്ങള്‍ ഉസ്മാനി വൈദ്യന്മാര്‍ തിരിച്ചറിഞ്ഞിരുന്നു. കുരുമുളക്, ചായ, കാപ്പി സുഗന്ധദ്രവ്യങ്ങള്‍ ഇവ ഉപയോഗിച്ചുള്ള പാനീയങ്ങള്‍ ചികിത്സക്കായി അവര്‍ ഉപയോഗപ്പെടുത്തി. ഇവ ഉപയോഗിച്ചുള്ള വൈദ്യ പാചകക്കുറിപ്പുകള്‍ ധാരാളമായി പ്രചരിച്ചു. സാമ്രാജ്യത്തില്‍ സുലഭമായിരുന്ന പഴങ്ങളും പച്ചക്കറികളും നിത്യാഹാരത്തിന്റെ ഭാഗമാക്കുക വഴി ആരോഗ്യം കാത്തുസൂക്ഷിക്കാമെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു.

ഉസ്മാനിയ ഖിലാഫത്തിന്റെ തുടക്കം മുതല്‍ തന്നെ ആശുപത്രികള്‍ വിവിധ നഗരങ്ങളില്‍ സ്ഥാപിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ ബര്‍സയില്‍ ആണ് ആദ്യത്തെ ആശുപത്രി സ്ഥാപിച്ചത്. തങ്ങളുടെ മുന്‍ഗാമികളായ സല്‍ജൂഖികളില്‍ നിന്നാണ് ഉസ്മാനികള്‍ ആശുപത്രിയുടെ മാതൃക സ്വീകരിച്ചത്.   ഈജിപ്തില്‍ നിന്ന്  ഭിഷഗ്വരനെ വരുത്തി മുഖ്യ ചികിത്സകനായി നിയമിച്ചു. പതിനഞ്ചാം നൂറ്റാണ്ടില്‍ സുൽത്വാന്‍ മുഹമ്മദ് അല്‍ ഫാത്തിഹ് ആണ് രണ്ടാമത്തെ പ്രധാന ആശുപത്രി സ്ഥാപിച്ചത്. പേര്‍ഷ്യയില്‍ നിന്നാണ് അദ്ദേഹം വൈദ്യന്മാരെ കൊണ്ടുവന്നത്. ചികിത്സാലയങ്ങള്‍ എന്നതിനോടൊപ്പം വൈദ്യ വിദ്യാലയങ്ങളായും ഈ ആശുപത്രികള്‍ പ്രവര്‍ത്തിച്ചു. 

സൈദ്ധാന്തിക പഠനത്തോടൊപ്പം പ്രായോഗിക പരിശീലനത്തിനും ഉസ്മാനിയ ആശുപത്രികളില്‍ സൗകര്യം ഉണ്ടായിരുന്നു.  മാനസികവും മനഃശാസ്ത്രപരവുമായ ആരോഗ്യരംഗത്ത് മുന്തിയ പരിഗണനയാണ് അവര്‍ നല്‍കിയത്. ഈ വിഭാഗങ്ങളില്‍ നിന്നുള്ള രോഗികളെ ചികിത്സിക്കുന്ന ആദ്യത്തെ ആശുപത്രി 1488-ല്‍ ദാറുശ്ശിഫാ എന്ന പേരില്‍ എദിര്‍നെ നഗരത്തില്‍ സ്ഥാപിതമായി. അത് അന്നത്തെ ഒരു പ്രധാന വികസനമായിരുന്നു. ഈ രോഗങ്ങള്‍ ലോകത്ത് ഏറെക്കുറെ അവഗണിക്കപ്പട്ട കാലം. ഉസ്മാനീ ഭിഷഗ്വരന്മാര്‍ ഈ വക രോഗങ്ങള്‍ക്കുള്ള ചികിത്സാ രീതികള്‍ കണ്ടുപിടിച്ചു.  രോഗികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സംഗീതം, പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ചികിത്സ. ആധുനിക ശാസ്ത്രം അതിന്റെ ഫലത്തെക്കുറിച്ച് സമീപ കാലത്താണ് മനസ്സിലാക്കിയത്.

ആശുപത്രികളില്‍ തന്നെയാണ് ഔഷധങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. മുഖ്യവൈദ്യന്‍, സഹ ചികിത്സകര്‍,  നേത്രരോഗ വിദഗ്ധന്‍, ഔഷധ നിര്‍മ്മാതാക്കള്‍, ശുശ്രൂഷകര്‍, പാചക തൊഴിലാളികള്‍, അലക്കുകാര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നതായിരുന്നു ആശുപത്രി ജീവനക്കാര്‍.   കൊട്ടാര വൈദ്യന്‍മാരായിരുന്ന അബ്ദുല്ല അഫന്ദി,  നൂഹ് അഫന്ദി എന്നിവര്‍ തങ്ങളുടെ സേവനം  ആശുപത്രി വഴി സാധാരണക്കാര്‍ക്കും ലഭ്യമാക്കി. ''നിലവില്‍ ഉപയോഗിക്കുന്ന ഫോഴ്‌സ്പ്‌സ്, സ്‌കാല്‍പെല്‍സ്, കത്തീറ്ററുകള്‍ തുടങ്ങിയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഒട്ടോമന്‍മാര്‍ കണ്ടുപിടിച്ചു.'' എന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. 
(''Ottomans invented currently used surgical instruments such as forceps, scalpels, and catheters'- Ottoman Empire Facts, Britannica.com). 
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉസ്മാനികളുടെ കീഴില്‍ വൈദ്യശാസ്ത്രത്തിന്റെ ആധുനികവല്‍ക്കരണ പ്രക്രിയ ആരംഭിച്ചു. യൂറോപ്പില്‍ വൈദ്യ പഠനം നിര്‍വഹിച്ച പുതുതലമുറാ ഡോക്ടര്‍മാര്‍ സ്വയം പരസ്യപ്പെടുത്തി (അതായിരുന്നു അന്നത്തെ രീതി)  വിവിധ നഗരങ്ങളില്‍ ക്ലിനിക്കുകള്‍ തുറന്നു. ഉസ്മാനി വൈദ്യ ചരിത്രത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന വനിതാ ഡോക്ടറാണ് സഫിയ അലി (1894 - 1952).  ഇസ്തംബൂളിലെ റോബര്‍ട്ട് കോളേജില്‍ നിന്ന് ബിരുദം എടുത്ത ശേഷം ജര്‍മ്മനിയില്‍ നിന്ന് വൈദ്യ വിദ്യാഭ്യാസം നേടിയ സഫിയ അലി ബാള്‍ക്കന്‍ യുദ്ധങ്ങളിലും ഒന്നാം ലോകമഹായുദ്ധത്തിലും തുര്‍ക്കി സ്വാതന്ത്ര്യസമരത്തിലും സൈനികരെ ചികിത്സിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചു അമ്മമാരെ ബോധവല്‍ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. 

സാങ്കേതിക വിദ്യ 
എഞ്ചിനീയറിംഗിലും വ്യവസായത്തിലും ഉസ്മാനികള്‍ മികവ് പുലര്‍ത്തി. അക്കാലം മുതല്‍ ഈ കാലഘട്ടം വരെ തുര്‍ക്കി സാങ്കേതിക വിജ്ഞാനത്തിന് പ്രശസ്തമാണ്. സുല്‍ത്വാന്‍ മുസ്ത്വഫ മൂന്നാമന്റെ ഭരണകാലത്ത് സ്ഥാപിതമായ ഇസ്താംബുള്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി  സാങ്കേതിക, മെക്കാനിക്കല്‍ മേഖലകളില്‍ വിപ്ലവം സൃഷ്ടിച്ചു.മറൈന്‍ എഞ്ചിനീയറിംഗ്, കപ്പല്‍ നിര്‍മ്മാണം, സൈനിക സാങ്കേതിക പരിശീലനം എന്നീ മേഖലകളില്‍ നിസ്തുലമായ നേട്ടങ്ങളാണ് ഉസ്മാനീ സാങ്കേതിക വിദ്യ കൈവരിച്ചത്. ആദ്യത്തെ നീരാവി യന്ത്രം, ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വെള്ളം പമ്പ് ചെയ്യുന്ന യന്ത്രം,  മെക്കാനിക്കല്‍ ജ്യോതിശാസ്ത്ര ക്ലോക്ക് എന്നിവയാണ് അന്നത്തെ കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും പ്രമുഖം. 

ഇതോടു ചേര്‍ത്ത് വായിക്കേണ്ടതാണ് ഭൗതികശാസ്ത്ര മേഖലയിലെ ഉസ്മാനി സംഭാവനകള്‍. പ്രകൃതിയിലെ ഭൗതിക പ്രതിഭാസങ്ങള്‍ നിരീക്ഷിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും അവര്‍ വളരെയധികം മുന്നോട്ടു പോയി. പ്രത്യേകിച്ച് പ്രകാശവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളായ റിഫ്രാക്ഷന്‍, പ്രതിഫലനം തുടങ്ങിയവ ഉസ്മാനി ഭൗതിക ശാസ്ത്രജ്ഞര്‍ കൃത്യതയോടെ വിശദീകരിച്ചു.  ആധുനിക ക്യാമറകളുടെ പ്രവര്‍ത്തനത്തിന് ശാസ്ത്രീയ അടിത്തറ സൃഷ്ടിച്ചത് ഈ വിശകലനങ്ങളാണ്.

കലയും സാഹിത്യവും
ഇസ്്ലാമിക സംസ്‌കാരത്തിന്റെയും ജീവിതവീക്ഷണത്തിന്റെയും വിശദാംശങ്ങള്‍ ആവിഷ്‌കരിക്കുന്നതായിരുന്നു ഉസ്മാനിയാ കല. ഇസ്്ലാമികമായ ആവിഷ്‌കാര മാതൃകകളോടൊപ്പം പരമ്പരാഗത കലാരൂപങ്ങളും നിലനിര്‍ത്തുന്നതിനു സാമ്രാജ്യം ശ്രമിച്ചു. കലാകാരന്മാര്‍ക്ക് മുന്തിയ പരിഗണനയും ആദരവുമാണ് ഭരണകൂടം നല്‍കിയത്. വാസ്തുവിദ്യ, ചിത്രരചന, ഗ്രന്ഥനിര്‍മാണം, ടൈല്‍സ്, വസ്ത്ര കല, പാത്ര നിര്‍മ്മാണം എന്നിവയിലെല്ലാം സ്വന്തം മുദ്ര അടയാളപ്പെടുത്താന്‍ ഉസ്മാനിയാ കലക്കു സാധിച്ചു. സാമ്രാജ്യത്തിന്റെ വിഭവശേഷിയും മനുഷ്യ വിഭവവും  ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള സുല്‍ത്വാന്മാരുടെ സന്നദ്ധതയാണ് ഇത് സാധ്യമാക്കിയത്. 
സുല്‍ത്വാന്റെ ഗ്രന്ഥാലയങ്ങള്‍ക്ക് വേണ്ടി പുസ്തകങ്ങളുടെ കൈയെഴുത്ത് പ്രതികള്‍ തയ്യാറാക്കുന്നതിന് പ്രത്യേകം സര്‍ഗ്ഗശാലകള്‍ ഉണ്ടായിരുന്നു.  ഏറ്റവും പ്രശസ്തമായ കലാ കേന്ദ്രമായിരുന്നു നക്കഷാനെ. ഈ കളരിയില്‍ അഭ്യസിച്ചവരായിരുന്നു അക്കാലത്തെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍. സുല്‍ത്വാന്‍മാരും ഇവിടെനിന്നു കലാഭ്യസനം ചെയ്തിരുന്നു. ഭിന്ന ശൈലികളിലുള്ള ചിത്ര ആലേഖന സമ്പ്രദായങ്ങള്‍ ഇവിടെ വികസിച്ചു വന്നു. ഗ്രീക്ക്, റോമന്‍,  അറബി, തുര്‍ക്കി,  പേര്‍ഷ്യന്‍ കലകളുടെ മിശ്രണത്തിന് ഉസ്മാനി സര്‍ഗ്ഗശാലകള്‍ സാക്ഷ്യം വഹിച്ചു. കയ്യെഴുത്ത് കല, അറബസ്ഖ്, ചിത്രകല എന്നിവയില്‍ പുതിയ സമ്പ്രദായങ്ങള്‍ ഇങ്ങനെ രൂപപ്പെട്ടു. പില്‍ക്കാല പേര്‍ഷ്യന്‍ മിനിയേച്ചറുകളെ സ്വാധീനിച്ചവയാണ് തുര്‍ക്കി മിനിയേച്ചറുകള്‍. 16, 17 നൂറ്റാണ്ടുകളില്‍ ഉരുത്തിരിഞ്ഞു  വന്ന അറബി കലിഗ്രാഫിയുടെ വര്‍ത്തുളവും വ്യതിരിക്തവുമായ ഉസ്മാനി ശൈലിയാണ് ദീവാനി ലിപി. ഹുസം റൂമിയാണ് ഇത് കണ്ടുപിടിച്ചത്. മഹാനായ സുലൈമാനു (1520-66) കീഴില്‍ ദീവാനി കയ്യെഴുത്ത് അതിന്റെ  വളര്‍ച്ചയുടെ പാരമ്യത്തില്‍ എത്തി. അതിസങ്കീര്‍ണ്ണമാണ് ഇതിലെ അക്ഷര വിന്യാസം. വാക്കുകള്‍ക്കുള്ളില്‍ അക്ഷരങ്ങള്‍ കെട്ടുപിണച്ചുള്ള   അലങ്കാര വേല ഈ ലിപിയെ വ്യതിരിക്തമാക്കുന്നു. 
സയ്യിദ് ഖാസിം ഗുബാരി,  ഹംദുല്ല, അഹമ്മദ് കരാഹിസാരി, ഹാഫിസ് ഉസ്മാന്‍ എന്നിവര്‍  ഉസ്മാനി കയ്യെഴുത്ത് കലാകാരന്മാരില്‍ പ്രധാനികളാണ്. 

പരവതാനി നെയ്ത്ത് ആണ് ഉസ്മാനിയാ സാമ്രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മറ്റൊരു കല. അലങ്കാര സാമഗ്രികള്‍ എന്ന നിലയിലും വില പിടിപ്പുള്ള  വിനിമയോപാധി എന്ന നിലയിലും മുസ്്ലിം ലോകത്ത് പരവതാനികള്‍ക്ക് വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. ദിക്കുകള്‍ മാറി സഞ്ചരിച്ചിരുന്ന നാടോടി സമൂഹങ്ങള്‍ക്ക് പരവതാനികള്‍ എളുപ്പത്തില്‍ കൊണ്ടുപോകാവുന്ന ഫര്‍ണിച്ചര്‍ ആണ്. നാടോടികള്‍ക്കിടയില്‍ മാത്രമല്ല സ്ഥിരതാമസക്കാരിലും പരവതാനികള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു.  മുറിയുടെ തറയില്‍ മാത്രമല്ല ചുവരുകളിലും വാതിലുകളിലും അവര്‍ പരവതാനികള്‍ തൂക്കിയിട്ടു. മസ്ജിദുകള്‍ അലങ്കരിക്കുന്നതിന് ധനാഢ്യര്‍ പരവതാനികള്‍ സംഭാവന നല്‍കി. മാതാപിതാക്കള്‍ പെണ്‍മക്കള്‍ക്ക് ഉപഹാരം എന്ന നിലയില്‍ പരവതാനികള്‍ സമ്മാനിക്കുന്ന പതിവുണ്ടായിരുന്നു. സൂക്ഷിച്ചു വെച്ച സമ്പത്തിന് സമമായിരുന്നു പരവതാനികളുടെ ശേഖരം. ഹെരെകെ,  കൊട്ടാരം, യൂറുക്ക്, ഉഷക്, മിലാസ് , ടര്‍ക്ക്‌മെന്‍ എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെട്ട പരവതാനികള്‍ ഏറെ ഉപഭോക്താക്കളെ ആകര്‍ഷിച്ചു.

ഉസ്മാനിയ ഖിലാഫത്തിന്റെ ഏറ്റവും മികച്ച കലാശേഷിപ്പുകള്‍  അവരുടെ നിസ്തുലമായ വാസ്തു ശില്പങ്ങളാണ്.  തലസ്ഥാന നഗരികളാളായിരുന്ന  ബര്‍സ, എദിര്‍നെ, ഇസ്താംബുള്‍ എന്നിവയിലും അമസ്യ, മാനിസ തുടങ്ങിയ മറ്റ് പ്രധാന ഭരണ കേന്ദ്രങ്ങളിലും  സുലഭമായിരുന്നു ഉസ്മാനി വാസ്തുവിദ്യയുടെ വിസ്മയങ്ങള്‍. മസ്ജിദ്, മദ്രസ, പൊതു സ്‌നാന ഗൃഹം, സര്‍ക്കാര്‍ കാര്യാലയം, മാര്‍ക്കറ്റ്, യാത്രക്കാര്‍ക്ക് താമസിക്കാനുള്ള കാരവന്‍സെറായി, പാവങ്ങള്‍ക്കുള്ള ഭക്ഷണശാല, ഗ്രന്ഥാലയം, സ്മാരക മന്ദിരം എന്നിവ ഉള്‍പ്പെട്ട  വിശാലമായ കെട്ടിടസമുച്ചയങ്ങള്‍ ആയിരുന്നു ഇവ. ഇസ്്ലാമിക ലോകത്തെ ഏറ്റവും പ്രശസ്തനായ വാസ്തുശില്പികളില്‍ ഒരാളായ സിനാന്‍ (ഏകദേശം 1500-1588) നിര്‍മ്മിച്ച പള്ളികളും  മന്ദിര സമുച്ചയങ്ങളും ഉസ്മാനി സാമ്രാജ്യത്തിലുടനീളം കാണാം. നൂറുകണക്കിന് പൊതു കെട്ടിടങ്ങള്‍ സിനാന്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തു. സല്‍ജൂഖി  മാതൃകയില്‍വിശാലമായ താഴികക്കുടവും  അതിനു താഴെ വിശാലമായ നമസ്‌കാര സ്ഥലവും ഉള്ള പള്ളികളാണ് ആദ്യ കാലത്ത് നിര്‍മ്മിച്ചിരുന്നത്. പിന്നീട് ഒന്നിലധികം ഖുബ്ബകളുള്ള പള്ളികള്‍ വന്നു.

പ്രാദേശിക വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, പതിനാറാം നൂറ്റാണ്ടിലെ ഉസ്മാനി കലാ പാരമ്പര്യത്തിന്റെ പൈതൃകം ഇപ്പോഴും ബാള്‍ക്കണ്‍ മുതല്‍ കോക്കസസ് വരെയും അള്‍ജീരിയ മുതല്‍ ബാഗ്ദാദ് വരെയും ക്രിമിയ മുതല്‍ യമന്‍ വരെയും അര്‍ദ്ധഗോള താഴികക്കുടങ്ങളും നേര്‍ത്ത പെന്‍സില്‍ പോലെയുള്ള മിനാരങ്ങളും  ഉള്‍ക്കൊള്ളുന്ന സ്മാരകങ്ങളും കാണാം. {ഉസ്മാനി കല വിശദ വിവരങ്ങള്‍ക്ക് ഈ ലേഖകന്റെ 'ഇസ്്ലാമിക കല' - ഐ പി ബി ബുക്‌സ്, രണ്ടാം പതിപ്പ് 2022) - എന്ന പുസ്തകത്തിന്റെ പതിനെട്ടാം അധ്യായം നോക്കുക}.

കല പോലെ ഉസ്മാനീ സംഗീതവും പ്രസിദ്ധമാണ്.  പരമ്പരാഗത സംഗീതത്തിനു പുറമെ പ്രത്യേക ശൈലിയിലുള്ള  ശ്രേഷ്ഠ കൊട്ടാര സംഗീതവും  സംഗീതജ്ഞര്‍ വികസിപ്പിച്ചെടുത്തു.   വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ, താളാത്മകമായി ആലപിക്കുന്ന ഈ സമ്പ്രദായം ഉസൂല്‍ എന്നറിയപ്പെട്ടു. മെഹ്തറാന്‍ എന്ന സൈനിക ബാന്‍ഡുകള്‍ ആയിരുന്നു ഉസ്മാനി സംഗീതത്തിന്റെ മറ്റൊരു പ്രധാന ഇനം. 

സാഹിത്യം
ഉസ്മാനി സാമ്രാജ്യത്തിന്റെ സവിശേഷ കാവ്യ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ് ദീവാന്‍ ('കവിതാ സമാഹാരം' എന്ന് വാക്കര്‍ത്ഥം) എന്നറിയപ്പെടുന്ന കവിതകള്‍.  ആറ് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന സമ്പന്നവും പുരാതനവുമായ  ഈ കാവ്യ പാരമ്പര്യത്തിന്റെ സ്വാധീനം ആധുനിക തുര്‍ക്കി കവിതകളിലും പ്രകടമാണ്. ഉസ്മാനി തുര്‍ക്കി ഭാഷയിലാണ് ദിവാന്‍ കവിതകളുടെ രചന.

അറബി ലിപിയുടെ ഒരു വകഭേദം ഉപയോഗിച്ചായിരുന്നു എഴുത്ത്. അറബി, പേര്‍ഷ്യന്‍ പദങ്ങള്‍ സമൃദ്ധമായി ഉപയോഗിച്ചു.  ആധുനിക തുര്‍ക്കിയില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഭാഷാ ശൈലി. ഇക്കാരണങ്ങളാല്‍ തന്നെ ക്ലാസിക്കല്‍ ഭാഷാ പരിജ്ഞാനം ഉള്ളവര്‍ക്കിടയില്‍ പരിമിതമായിരുന്നു ദീവാനുകളുടെ പ്രചാരം. ചരിത്രപരമായി നോക്കുമ്പോള്‍ തുര്‍ക്കി, അറബി, പേര്‍ഷ്യന്‍ ഭാഷകളുടെ സങ്കലനം ഈ കാവ്യ പാരമ്പര്യത്തില്‍ ദര്‍ശിക്കാവുന്നതാണ്. ഉസ്മാനികളുടെ തൊട്ടുമുമ്പ് തുര്‍ക്കിഭരിച്ച സല്‍ജൂഖുകളുടെ ഔദ്യോഗിക ഭാഷ പേര്‍ഷ്യന്‍ ആയിരുന്നു എന്ന വസ്തുത ഇവിടെ സ്മരിക്കണം. പേര്‍ഷ്യനില്‍ നിന്ന് കടംകൊണ്ട ഗസലുകളും മസ്‌നവിയുയിരുന്നു ഉസ്മാനികളുടെ കൊട്ടാരത്തിലെ ഏറ്റവും സാധാരണമായ കാവ്യരൂപങ്ങള്‍. അറബി പാരമ്പര്യത്തില്‍ നിന്ന് വന്ന ഖസ്വീദകളും ഇതോടു കൂട്ടിച്ചേര്‍ക്കപ്പെട്ടു. പേര്‍ഷ്യന്‍ അറബി വൃത്തങ്ങളാണ് തുര്‍ക്കി കവികളും സ്വീകരിച്ചത്.

ഉസ്മാനിയാ ഭരണത്തിലെ 'തന്‍സീമത്' എന്ന് പ്രസിദ്ധമായ പരിഷ്‌കരണം തുര്‍ക്കി ഭാഷാ സാഹിത്യത്തില്‍ നിര്‍ണായകമായ ഗതിമാറ്റമാണ് കൊണ്ടുവന്നത്. 1839-1876 കാലത്ത് ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച വരെ ഈ പരിഷ്‌കരണ ദൗത്യം തുടര്‍ന്നു.  ദീവാന്‍ കാവ്യപാരമ്പര്യം ക്രമാനുഗതമായി ക്ഷയിക്കുകയും തുര്‍ക്കി നാടോടി പാരമ്പര്യത്തിന്റെയും യൂറോപ്യന്‍ സാഹിത്യത്തിന്റെയും  സ്വാധീനം പ്രബലമാവുകയും ചെയ്തു. നാടോടി ഗായക സംഘങ്ങളും ദര്‍വീശുകളും കവിതകള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി. ബാഗ്ലാമ (സാസ്) എന്ന വാദ്യോപകരണം കയ്യിലേന്തി സ്‌നേഹ ഗായകര്‍ (ആശിഖുകള്‍)  ഊരു ചുറ്റി. പൗരാണിക നാടോടി കഥകളെ അവര്‍ ആത്മീയതയുടെ പുത്തന്‍ ഉടയാടകള്‍ അണിയിച്ചു.                
ഉസ്മാനിയാ  ഗദ്യ സാഹിത്യത്തിന്  വിശാലമായ രണ്ട് ഘട്ടങ്ങളുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന് മുമ്പത്തെ ആദ്യകാല ഗദ്യം ആണ് ഒന്ന്. വാസ്തവനിഷ്ഠാഖ്യാനങ്ങള്‍ക്കായിരുന്നു ഈ ഘട്ടത്തില്‍ പ്രാധാന്യം. അറബി മാതൃകയിലുള്ള പ്രാസനിബദ്ധമായ ഗദ്യമാണ് ഇക്കാലത്ത് ആഘോഷിക്കപ്പെട്ടത്. സഫര്‍ നാമ: എന്നറിയപ്പെട്ട യാത്രാ വിവരണങ്ങള്‍ ഇക്കാലത്ത് വായനക്കാരെ ആകര്‍ഷിച്ചു. രാഷ്ട്രതന്ത്രം, ജീവചരിത്രം എന്നീ ശാഖകളിലും   രചനകള്‍ ധാരാളമായി നടന്നു. രണ്ടാമത്തേത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ തന്‍സീമാത് പരിഷ്‌കരണ കാലഘട്ടം മുതല്‍ 1922-ലെ  ഖിലാഫത്തിന്റെ പതനം വരെ നീണ്ടു നിന്ന കാലമാണ്.  ഗദ്യ രൂപത്തിലുള്ള കഥകളുടെയും ഭാവനാഖ്യാനങ്ങളുടെയും കാലമാണ് രണ്ടാമത്തേത്.  


ആധാരസൂചി:
1.    Ekmeleddin Ihsanoglu, Science, Technology and Learning in the Ottoman Empire Western Influence, Local Institutions, and the Transfer of Knowledge,  Routledge, 2004.
2.    Sardar, Z. A scientific empire?. Nature 428, 894-895 (2004). https://doi.org/10.1038/428894b
3.    Science and technology in the Ottoman Empire, https://en.wikipedia.org
4.    What the Ottomans did for science - and science did for the Ottomans, www.nature.com
5.    Miri Shefer-Mossensohn, Medicine in the Ottoman Empire, Tel Aviv University, 2016
6.    Markus Hattstein, Peter Delius (Editors), Islam: Art and Architecture, Konemann, 2013
7.    Encyclopaedia of the History of Science, Technology, and Medicine in Non-Western Cultures, https://link.springer.com/referencework/10.1007/978-94-007-3934-5
8.    Ottoman Empire Facts, Britannica.com
9.    Zeynep Demircan Soner, A Visual Culture Analysis of an Ottoman Figural Calligraphy from Seventeenth Century, Academia Letters, 2022
10.     Ashley Clark, Turkish Literature Through the Ottoman Empire, (Chapter 7, Windows into Turkish Culture), The Ohio State University, 
11.    2018 إنجازات عثمانية اسْتفاد منها العالم
tdapartment.com

© Bodhanam Quarterly. All Rights Reserved

Back to Top