തുര്‍ക്കിയ ഖിലാഫത്തും വഹ്ഹാബി പ്രസ്ഥാനവും

വി.എ കബീര്‍‌‌
img

ഉസ്മാനിയ്യ ഖിലാഫത്തിന്റെ അപചയ ഘട്ടത്തിലായിരുന്നു ശൈഖ് ഇബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ രംഗപ്രവേശം. ഉസ്മാനിയ്യ ഖിലാഫത്തിന്റെ പതനം യഥാര്‍ഥത്തില്‍ തുര്‍ക്കികളുടെ മാത്രം പ്രശ്‌നമായിരുന്നില്ല. അറബികളുടെ മാത്രവുമായിരുന്നില്ല. മുസ് ലിം ഉമ്മയുടെ മൊത്തം പ്രശ്‌നമായിരുന്നു. ഈ അപചയ ഘട്ടത്തെ ചൂഷണം ചെയ്തുകൊണ്ട് അറബികള്‍ക്കും തുര്‍ക്കികള്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചത് കൊളോണിയല്‍ ശക്തികളായിരുന്നു. ഇംഗ്ലീഷുകാര്‍ അവരുടെ മുന്‍പന്തിയില്‍ വന്നു. ഉസ്മാനിയഖിലാഫത്ത് ആഭ്യന്തരവും വൈദേശികവുമായ പല പ്രശ്‌നങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. യൂറോപ്പിലെ രോഗി എന്നറിയപ്പെട്ടിരുന്ന തുര്‍ക്കിയയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആ രോഗിയുടെ തലവെട്ടുകയാണെന്ന് ബോധമുള്ള ഒരു മുസ് ലിമും അഭിപ്രായപ്പെടുകയില്ലെന്ന് വ്യക്തം. ആവശ്യമായ ചികിത്സയായിരുന്നു അതിന്നാവശ്യം. വഹ്ഹാബി പ്രസ്ഥാനവും ഖിലാഫത്തും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുമ്പോള്‍ ഈ മുഖവുര ആവശ്യമാണ്.

തെറ്റുധാരണകള്‍
ഇരുവിഭാഗവും പരസ്പരം സ്വീകരിച്ച നിലപാട് ഓരോരുത്തര്‍ക്കും അപരനെ കുറിച്ചുണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. അത്യന്തം വികൃതവും ആശങ്കാഭരിതവുമായ ഒരു ചിത്രമായിരുന്നു വഹ്ഹാബി പ്രസ്ഥാനത്തെക്കുറിച്ച് ഖിലാഫത്ത് ആസ്ഥാനത്ത് അവതരിപ്പിക്കപ്പെട്ടിരുന്നത്. ബഗ്ദാദിലെയും ഹിജാസിലെയും ഗവര്‍ണര്‍മാര്‍ അയച്ചുകൊണ്ടിരുന്ന റിപ്പോര്‍ട്ടുകളിലും ആസിത്താനയിൽ എത്തുന്ന വ്യക്തികള്‍ കൊണ്ടുവരുന്ന വാര്‍ത്തകളിലും അങ്ങനെയൊരു ചിത്രമാണ് ഉണ്ടായിരുന്നത്. രിയാദിലെ മതപണ്ഡിതനായ സുലൈമാനുബ്‌നു സുഹൈമിനെപ്പോലുള്ളവര്‍ പ്രചരിപ്പിച്ചിരുന്ന വ്യാജാരോപണങ്ങള്‍ ഹിജാസിലുടനീളം പരന്ന് കഴിഞ്ഞിരുന്നു. അതൊക്കെ ആസിത്താനയിലുമെത്തി. എന്നാല്‍, ശൈഖിന്റെ മറുപടികളും പ്രതികരണങ്ങളും അവിടെ എത്തിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ദര്‍സുകളിലൂടെയും കത്തുകളിലൂടെയുമുള്ള ശൈഖിന്റെ പ്രതിരോധം ജസീറയില്‍ പരിമിതമായി നിന്നു. പ്രതിയോഗികള്‍ക്ക് മറുപടി നല്‍കാന്‍ ചിലപ്പോള്‍ അദ്ദേഹം തന്റെ ശിഷ്യന്മാരെ അയക്കാറുണ്ടായിരുന്നു. ഖല്ലതുശ്ശരീഫിലെ ഗവര്‍ണറായ അഹ്മദ് ശരീഫിന് അയച്ച കത്ത് ഇതിലേക്ക് സൂചന നല്‍കുന്നു: 'ഒരു ശിഷ്യനെ അയച്ചു തരണമെന്ന നിങ്ങളുടെ കല്‍പനയനുസരിച്ചു ഇതാ അയക്കുന്നു. അയാള്‍ ശരീഫിന്റെ സദസ്സില്‍ ഇരിക്കും. അദ്ദേഹത്തിനും മക്കയിലെ ഉലമാക്കള്‍ക്കും അല്ലാഹു പ്രതാപം നല്‍കട്ടെ. അവര്‍ ഏകോപിച്ചാല്‍ ദൈവത്തിന് സ്തുതി. ഭിന്നിക്കുകയാണെങ്കില്‍ ശരീഫിന് അവരുടെയും ഹന്‍ബലികളുടെയും ഗ്രന്ഥങ്ങള്‍ ഹാജരാക്കട്ടെ. ഞങ്ങളും നിങ്ങളുമെല്ലാം തങ്ങളുടെ പ്രവൃത്തികളിലൂടെ ദൈവപ്രീതിയും റസൂലിനെ സഹായിക്കലുമായിരിക്കണം ഉദ്ദേശിക്കുന്നത്.''

അസ്ഹരി പണ്ഡിത സഭയില്‍
വഹ്ഹാബി പ്രസ്ഥാനത്തിന്റെ പ്രതിനിധി പുറത്തുള്ളവരുമായി ബന്ധപ്പെട്ട ഏക സംവാദം ഹി. 1229-ല്‍ അസ്ഹര്‍ പണ്ഡിതന്മാരുമായി നടത്തിയതാണ്. ഈജിപ്ത് ഗവര്‍ണര്‍ മുഹമ്മദ് അലി പാഷ പ്രതിനിധിയെ സ്വീകരിച്ചു. അസ്ഹരികളടക്കം വലിയൊരു പണ്ഡിതസംഘവുമായി സംവാദത്തിന് ഏര്‍പ്പാടു ചെയ്തു. പലവട്ടം ചര്‍ച്ച ചെയ്ത അവര്‍ വഹ്ഹാബി പ്രസ്ഥാനത്തെക്കുറിച്ചു വിശദവിവരങ്ങള്‍ നല്‍കാന്‍ ആ നജ്ദിയന്‍ പണ്ഡിതന്മാരോടാവശ്യപ്പെട്ടു. ചര്‍ച്ചയുടെ പര്യവസാനം വഹ്ഹാബികളുടെ വിജയത്തിലായിരുന്നു. വഹ്ഹാബി ആശയങ്ങളിൽ ഖുര്‍ആന്ന് വിരുദ്ധമായി യാതൊന്നുമില്ലെന്ന് വ്യക്തമായതായി തുടര്‍ന്ന് അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുകയുണ്ടായി. (ഡോ. അജീല്‍ ജാസിം നശ്മി, അല്‍ഹറകത്തുല്‍ വഹ്ഹാബിയ്യ ഫില്‍ മീസാന്‍, അല്‍ മുജ്തമഅ് 1980 നവ: 11)

അസ്ഹരികള്‍ക്ക് വഹ്ഹാബി പ്രസ്ഥാനത്തെക്കുറിച്ചു മനസ്സിലാക്കാന്‍ ഇത്രയും കാലമെടുത്തുവെങ്കില്‍ ഖിലാഫത്ത് ആസ്ഥാനത്തിന്റെ കഥപറയേണ്ടതില്ലല്ലോ. സുഊദ് ഇബ്നു അബ്ദുല്‍ അസീസ് മക്കയിലും മദീനയിലും അധികാരം വികസിപ്പിക്കുന്നതോടെയാണ് വഹ്ഹാബി പ്രസ്ഥാനം ഖിലാഫത്തിന്റെ പ്രതികരണത്തിന് വിഷയീഭവിക്കുന്നത്. അത് സ്വാഭാവികം. കാരണം, നജ്ദിലെ ചെറിയൊരു പ്രസ്ഥാനത്തേക്കാള്‍ ഗുരുതരമായ മറ്റ് പ്രശ്‌നങ്ങള്‍ അവരുടെ മുമ്പിലുണ്ടായിരുന്നു. ആഭ്യന്തരവും വൈദേശികവുമായ പ്രശ്‌നങ്ങള്‍ കാരണം മുഹമ്മദ് ബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ പ്രസ്ഥാനത്തെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. എന്നാല്‍, ഹിജാസ് കൈയ്യിൽനിന്ന് വഴുതിയ ഘട്ടമെത്തിയപ്പോള്‍ സ്വാഭാവികമായും ഖിലാഫത്ത് ഉണര്‍ന്നു. മക്കയും മദീനയും മുസ് ലിം സംഗമസ്ഥാനങ്ങള്‍. മതപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും ലോക മുസ് ലിംകളെ ബന്ധിപ്പിക്കുന്ന ഈ കേന്ദ്രസ്ഥാനങ്ങള്‍ സ്വന്തം വരുതിയില്‍നിന്ന് പുറത്തുപോവുക ഖിലാഫത്തിന് അചിന്ത്യമായിരുന്നു. വഹ്ഹാബി പ്രസ്ഥാനത്തിന്റെ ശത്രുക്കള്‍ ഈ അവസരം ശരിക്ക് മുതലെടുത്തു. ഖിലാഫത്തിന്റെ റിബൽ ശക്തിയായി ചിത്രീകരിച്ചുകൊണ്ട് വളരെ മോശമായ രീതിയില്‍ ഖിലാഫത്തിന്റെ മുമ്പാകെ അവര്‍ പ്രസ്ഥാനത്തെ അവതരിപ്പിച്ചു.

ഹി. 1217-ല്‍ മക്കയിലെ മുഖ്യന്മാരും പണ്ഡിതന്മാരും ഇസ്തംബൂളിലെത്തി വഹ്ഹാബി ആക്രമണത്തെക്കുറിച്ചു പരാതിപ്പെട്ടു. അതേവര്‍ഷം ദുല്‍ഹജ്ജ് 15-ന് ശരീഫ് ഗാലിബ് ത്വാഇഫിലെത്തിയ വഹ്ഹാബികളെ എതിരിട്ടെങ്കിലും പരാജയപ്പെട്ട്, മക്കയിലേക്കോടി. ത്വാഇഫ് പിടിച്ചടക്കിയ വഹ്ഹാബികള്‍ കുട്ടികളെയും സ്ത്രീകളെയും തടവുകാരാക്കിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. ഇത് തുര്‍ക്കിയയിലുമെത്തി. ഈജിപ്തിലുമെത്തി. മക്കയിലെയും മദീന, ഡമസ്‌കസ്, ഈജിപ്ത് എന്നിവിടയങ്ങളിലെയും ഗവര്‍ണര്‍മാരും ഉലമാക്കളും തമ്മില്‍ നടന്നുകൊണ്ടിരുന്ന കത്തിടപാടുകളില്‍ ഈ സംഭവങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. മദീനയിലെയും ഹറമിലെയും ഖാദിമാരും ശൈഖുമാരും മുദ്രവെച്ച കത്തുകളില്‍ വഹ്ഹാബി 'ഖവാരിജു'കളില്‍നിന്ന് രക്ഷ നല്‍കാന്‍ സഹായമാവശ്യപ്പെട്ടു. ഇതിന് ഖിലാഫത്തില്‍നിന്ന് പ്രതികരണമുണ്ടാവുക സ്വാഭാവികം. ഇതിന്റെയൊക്കെ ഫലമായി വഹാബികളെ കുറിച്ചു ആസിത്താനയില്‍ ചര്‍ച്ച സംഘടിപ്പിക്കപ്പെട്ടു.

ശരീഫ് മക്കയുടെ കത്ത്
മക്കയിലെ ശരീഫ് തുര്‍ക്കിയയിലേക്ക് എഴുതിയ കത്ത് നോക്കുക:
''ശാം താഴ് വരയില്‍ പ്രത്യക്ഷപ്പെട്ട ഒരു വഹ്ഹാബി അവിടെ അറബികളെ വരുതിയിലാക്കി ജനങ്ങളെ പാട്ടിലാക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ആളുകളുടെ സ്വത്തും മുതലുകളും വളര്‍ത്തുമൃഗങ്ങളും കൊള്ളചെയ്യുകയാണ് ലക്ഷ്യം. അനുദിനം ഇത് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. പലതവണ തിരു മനസ്സിനെ ഉണര്‍ത്തിച്ചിട്ടുള്ള സുഊദുബ്‌നു അബ്ദില്‍ അസീസ് എന്ന കുടില കാഫിര്‍ ദുര്‍ബല ബുദ്ധികളെ കുതന്ത്രങ്ങളിലൂടെ പാട്ടിലാക്കിവരികയാണ്. കഴിഞ്ഞവര്‍ഷം തന്റെ വമ്പിച്ച അനുചരന്മാരോടൊപ്പം ഇയാള്‍ ഹജ്ജ് സീസണില്‍ മക്കയെ ആക്രമിച്ചത് ഓര്‍ക്കുമല്ലോ. മക്കയിലും അറഫാത്തിലും മുസ് ലിംകള്‍ക്കിടയില്‍ ഇവര്‍ ഭീതിയുണ്ടാക്കി. ദൈവസഹായത്താല്‍ ഇവരുടെ ഉപദ്രവങ്ങളേല്‍ക്കാതെ തീര്‍ഥാടകരെ രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു. ജിദ്ദയിലെയും ശാമിലെയും ഗവര്‍ണര്‍മാരുടെയും ഈജിപ്ഷ്യന്‍ തീര്‍ഥാടക സംഘം തലവന്റെയും മക്കയിലെ പണ്ഡിതന്മാരുടെയും ഒരു സമ്മേളനം വിളിക്കാന്‍ ഈ പശ്ചാത്തലത്തില്‍ തീരുമാനിക്കുകയുണ്ടായി. ഹറം ശരീഫിനെ ഖവാരിജുകളുടെ ദുരക്ക് വിട്ടുകൊടുക്കരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. വിശിഷ്യാ മഗ് രിബ് ദേശങ്ങളില്‍നിന്ന് പന്ത്രണ്ടായിരത്തോളം തീര്‍ഥാടകരുണ്ട്. അങ്ങനെ യുദ്ധത്തിന് കഴിവുള്ളവരോടു ഞങ്ങള്‍ സഹായം അഭ്യര്‍ഥിച്ചു. സാധ്യമല്ലാത്തവരോട് ജിദ്ദയിലേക്കും അവിടന്ന് കടല്‍വഴി ഈജിപ്തിലേക്കും പോകാന്‍ ആവശ്യപ്പെട്ടു. ഈജിപ്ഷ്യന്‍ തീര്‍ഥാടകത്തലവന്‍ അത്യാവശ്യ സഹായങ്ങൾ വാഗ്ദാനം ചെയ്തു.... അങ്ങനെ ഇക്കൂട്ടരുടെ മാലിന്യത്തില്‍നിന്ന് വിശുദ്ധഭൂമികളുടെ ശുദ്ധീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഈജിപ്തില്‍നിന്നും ശാമില്‍നിന്നും അത്യാവശ്യമായ ചില സഹായങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഞങ്ങളുടെ നില ഭദ്രമാകും. എങ്കില്‍ ഈ ഖവാരിജുകളെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ അറിവിന്നായാണ് ഈ കത്ത്.
-ഗാലിബു ബിന്‍ സഈദ് (ഒപ്പ്)
ശരീഫ് മക്ക

വഹ്ഹാബി പ്രസ്ഥാനത്തെ ഖവാരിജുകളും ഖലീഫയുടെ വിരോധികളുമായി ആരോപിക്കുന്ന ഇത്തരം കത്തുകള്‍ ഖിലാഫത്ത് ആസ്ഥാനത്തെ ചൊടിപ്പിക്കുമെന്നതില്‍ സംശയമില്ല. (ഇക്കാലത്ത് സലഫികള്‍ ഇസ് ലാമിക പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കാന്‍ ഉപയോഗിക്കുന്ന അതേ ഖവാരിജ് ശകാര വാക്കാണ് അക്കാലത്ത് അവര്‍ക്കെതിരെ അവരുടെ പ്രതിയോഗികളും ഉപയോഗിച്ചിരുന്നത് എന്നത് കൗതുകജനകമാണ്.) പ്രവാചകത്വ വാദം, നബിയെ വിലയിടിക്കല്‍, പ്രവാചകന്റെ മുറി പൊളിക്കാനുള്ള ശ്രമം, സ്വഹാബികളുടെ ഖബ്റുകള്‍ തകര്‍ക്കൽ തുടങ്ങിയ ആരോപണങ്ങളൊന്നും ഈ കത്തില്‍ ആവര്‍ത്തിക്കപ്പെടുന്നില്ലെന്നത് ശ്രദ്ധേയമാണ്. തികച്ചും രാഷ്ട്രീയ പ്രേരിതമാണിത്. സുൽത്വാനെതിരിലുള്ള കലാപശ്രമം ആരോപിച്ചുകൊണ്ടു പ്രസ്ഥാനത്തെ തകര്‍ക്കുകയായിരുന്നു ലക്ഷ്യം.

വഹ്ഹാബി പ്രസ്ഥാനത്തോടുള്ള സമീപനം നിര്‍ണയിക്കാനായി ആസിത്താനയില്‍ ഒട്ടോമന്‍ ഭരണകൂടം വിളിച്ച് കൂട്ടിയ സമ്മേളനത്തിലെ 3790-ാം രേഖയിലെ കത്തുകളിലൊന്നാണ് മുകളില്‍. പ്രസ്തുത യോഗത്തെക്കുറിച്ച് പ്രധാനമന്ത്രി തയാറാക്കിയ റിപ്പോര്‍ട്ടിന് ആസ്പദം മേല്‍ചൊന്ന മട്ടിലുള്ള കത്തുകളായിരുന്നു.

ഇസ്മത്ത് ബെക്കിന്റെ നിര്‍ദേശങ്ങള്‍
മിക്ക മുന്‍പ്രധാനമന്ത്രിമാരും മന്ത്രിമാരും സൈന്യത്തലവന്മാരും പൗര പ്രധാനികളും മതമേധാവികളും പങ്കെടുത്ത ഈ സമ്മേളനം ശൈഖുല്‍ ഇസ് ലാമിന്റെ ഹ്രസ്വമായ പ്രാരംഭ ഭാഷണത്തിന് ശേഷം ആദ്യമായി ജസീറത്തുല്‍ അറബിലെ സ്ഥിതിഗതികള്‍ പഠിച്ചു. അതിന് ശേഷം ശരീഫ് മക്ക, ശൈഖുല്‍ ഹറം, നാഇബുല്‍ ഹറം, ഖാദി അല്‍ മദീന എന്നിവരില്‍നിന്ന് ലഭിച്ച കത്തുകള്‍ വായിച്ചു. കത്തുകള്‍ വായിച്ച ശേഷം ഇസ്മത്ത് ബെക് എഴുന്നേറ്റ് സംസാരിച്ചു തുടങ്ങി: ഖവാരിജുകളുമായി സന്ധിയിലെത്തുക എന്നതാണ് പ്രശ്‌നത്തിന് പരിഹാരമായി കാണുന്നതെങ്കില്‍ അതൊരു പരിഹാരമായിരിക്കുകയില്ല. കാരണം, കൂടുതല്‍ ഗുണ്ടാ വിളയാട്ടത്തിന് നാം അവര്‍ക്ക് ഒരവസരം നല്‍കുക എന്നതായിരിക്കും അതിന്റെ ഫലം. ദിര്‍ഇയ്യയും ആക്രമിച്ച ഈ ഖാരിജിയുടെ വേരുകള്‍ പിഴുതെറിയുകയാണ് ഇതിന്റെ ശരിയായ പരിഹാരം. ശംസുദ്ദീന്‍ അഫന്‍ദി ഈ അഭിപ്രായത്തെ പിന്താങ്ങി. ജിദ്ദയിലും മദീനയിലും ഗവര്‍ണറെയും ഒരു സൈനിക മേധാവിയെയും നിശ്ചയിക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. ശാം വഴി ദിര്‍ഇയ്യയിലേക്ക് പോവുക ക്ലേശകരമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. കാരണം മൂന്ന് മാസത്തെ വഴി ദൂരമുള്ള ഈ യാത്രക്ക് ധാരാളം മൃഗങ്ങളും ആളുകളും സന്നാഹങ്ങളും ആവശ്യമാകും. സമ്മേളനത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങളെല്ലാം ക്രോഡീകരിച്ച പ്രധാനമന്ത്രിയുടെ ഈ റിപ്പോര്‍ട്ട് മൂന്ന് വലിയ പേജുകള്‍ വരും. വഹ്ഹാബി പ്രസ്ഥാനത്തെ നിരീക്ഷിച്ചുപോന്ന സുല്‍ത്താനും ഗുരുതരാവസ്ഥ പ്രാപിക്കും മുമ്പേ അതിന്റെ കഥകഴിക്കണമെന്ന് ആഗ്രഹക്കാരനായിരുന്നു.

യുദ്ധ പ്രഖ്യാപനം
മുന്‍ചൊന്ന റിപ്പോര്‍ട്ടുകളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ ഒട്ടോമന്‍ സുൽത്വാന്‍ വഹ്ഹാബി പ്രസ്ഥാനത്തെ ഖിലാഫത്ത് വിരുദ്ധ ശക്തിയായി മനസ്സിലാക്കിയതില്‍ അദ്ഭുതമില്ല. മുസ് ലിം ലോകത്തിന്റെ മര്‍മകേന്ദ്രത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഈ 'ഛിദ്ര ശക്തിയുടെ കഥകഴിക്കേണ്ടതാവശ്യമാണെന്ന് കരുതിയ തുര്‍ക്കിയ അധികാരികള്‍ അതിന്നെതിരെ യുദ്ധപ്രഖ്യാപനം നടത്തി. പക്ഷെ, അടിച്ചമര്‍ത്താനുള്ള ആ ആസൂത്രിത പദ്ധതി നടപ്പിലാക്കിത്തുടങ്ങിയപ്പോള്‍ പ്രസ്ഥാനം കൂടുതല്‍ ആഴത്തില്‍ അസ്തിത്വം ഉറപ്പിക്കുന്നതാണ് കണ്ടത്. അടിച്ചമര്‍ത്തല്‍ പദ്ധതി നടപ്പാക്കിത്തുടങ്ങിയ കാലത്ത് കൈമാറ്റം ചെയ്യപ്പെട്ട കത്തുകളില്‍നിന്ന് ഈ വസ്തുത വായിച്ചെടുക്കാവുന്നതാണ്. സൈന്യത്തലവന്മാര്‍ക്കും സുല്‍ത്താന്നും മുഹമ്മദലി പാഷക്കുമിടയില്‍ നടന്ന കത്തിടപാടുകള്‍ ഉദാഹരണം.

ഡമസ്‌കസ് ഗവര്‍ണര്‍ യൂസുഫ് കജക് പാഷ ഈജിപ്ത് ഗവര്‍ണര്‍ മുഹമ്മദലി പാഷക്ക് അയച്ച കത്തില്‍ ഇപ്രകാരം എഴുതുന്നു: 'സുല്‍ത്വാന്‍ തിരുമനസ്സ് നിങ്ങളുടെ ഈ വന്‍വിജയത്തില്‍ (ഈജിപ്തിലെ മമാലിക് രാജവംശത്തെ ഉന്മൂലനം ചെയ്ത കുപ്രസിദ്ധമായ അല്‍-ഖല്‍അ കൂട്ടക്കൊല സന്തുഷ്ടനാണെന്ന കാര്യം കൂടി ഞാന്‍ അറിയിക്കട്ടെ. ആ ധിക്കാരികളുടെ കലാപത്തിന്നെതിരിലായായിരുന്നുവല്ലോ നിങ്ങളുടെ മനസ്സ്. അപ്പോലെ തന്നെ വഹ്ഹാബി ഫിത്‌ന അമര്‍ച്ച ചെയ്യുന്നതിലും നിങ്ങളുടെ ഉഗ്രശക്തി പ്രയോഗിക്കാന്‍ കല്‍പനയായിരിക്കുന്നു. കുറേകാലമായി അവര്‍ ഖിലാഫത്തിന്നെതിരെ കുഴപ്പവും ധിക്കാരവും കാണിക്കാന്‍ തുടങ്ങിയിട്ട്. വിശുദ്ധ ഹറമുകൾ അവര്‍ ബലാല്‍ക്കാരം പിടിച്ചടക്കിയിരിക്കുന്നു. മക്കയിലും മദീനയിലും അവര്‍ കാട്ടിക്കൂട്ടിയ വന്യമായ പ്രവൃത്തികള്‍ ആരെയും കിടിലംകൊള്ളിക്കുന്നതാണ്. മുന്‍പറഞ്ഞ കൈറോ ഭരണാധികാരികളെ നിര്‍മൂലനം ചെയ്തപോലെ ഇവരുടെയും തല അരിയാന്‍ നിങ്ങളുടെ ശക്തി പ്രയോഗിക്കുക. അങ്ങനെ വിശുദ്ധ ഹറമുകള്‍ ഇക്കൂട്ടരുടെ മാലിന്യങ്ങളില്‍നിന്നും കുഴപ്പങ്ങളില്‍നിന്നും രക്ഷപ്പെടട്ടെ.... ഈ ഖവാരിജുകളെ അടിച്ചൊതുക്കാനുള്ള നിര്‍ദേശം സര്‍വാത്മനാ സ്വീകരിച്ചതായി അറിയിക്കുന്ന ഒരു രേഖ മുദ്രവെച്ചു കൊടുത്തയക്കാന്‍ താല്‍പര്യം. ഈ ഖവാരിജുകളുടെ തലവനെ മുസ് ലിംകളുടെ ഖലീഫയായ സുൽത്വാന്‍ തിരുമനസ്സിനോടുള്ള അസൂയയാണ് നയിക്കുന്നത്. ഖിലാഫത്തിനോട് പകവെച്ചു പുലര്‍ത്തുന്ന അയാൾ താനാണ് മുസ് ലിംകളുടെ യഥാര്‍ഥ ഖലീഫ എന്ന് അവകാശപ്പെടുന്നു'' (16-4-1808).

മുഹമ്മദലി പാഷയുടെ പുത്രന്‍ ഇബ്‌റാഹീം പാഷ 1818 ജനുവരിയില്‍ നടന്ന ഒരു സംഘട്ടനത്തിന്റെ വിശദറിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ടു ഖലീഫക്കെഴുതിയ കത്തില്‍ 'ഖവാരിജുകളെ' പിച്ചിച്ചീന്തിയ സംഭവം അഭിമാനപൂര്‍വം വിശദീകരിക്കുന്നുണ്ട്. ഖിലാഫത്തിന്റെ സംരക്ഷണത്തിനും രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തിനും വഹ്ഹാബിസത്തെ നേരിടുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന നിലപാടായിരുന്നു തുര്‍ക്കിയക്കുണ്ടായിരുന്നതെന്ന് ഈ കത്തുകള്‍ വെളിപ്പെടുത്തുന്നു. ഈ നിലപാട് യഥാര്‍ഥത്തില്‍ ശരിയായിരുന്നോ? വഹ്ഹാബി പ്രസ്ഥാനം സത്യത്തില്‍ ഖിലാഫത്ത് വിരുദ്ധ പ്രസ്ഥാനമായിരുന്നോ? ഉഭയവിഭാഗങ്ങൾക്കിടയിൽ നടന്ന ഈ ഏറ്റുമുട്ടലുകൾ ഒഴിവാക്കാമായിരുന്നതാണോ? ഈ സംഘട്ടനങ്ങളുടെ സാക്ഷാല്‍ ഉത്തരവാദി ആരായിരുന്നു?

വഹ്ഹാബി പ്രസ്ഥാനത്തിന്റെ മുന്നേറ്റം
ശൈഖിന്റെ പ്രബോധനം ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചിരുന്നില്ല. ശരീഫ് ഗാലിബിന്റെ കാലത്ത് മക്കയിലെ പണ്ഡിതന്മാരോട് തന്റെ നിലപാടു വിശദീകരിക്കാന്‍ അബ്ദുല്‍ അസീസുബ്‌നു ഹബീബിനെ ശൈഖ് അയക്കുകയുണ്ടായി. ചര്‍ച്ച വിജയകരമായിരുന്നു. തുടര്‍ന്ന് തന്റെ അനുയായികളെ ഹജ്ജിന്നനുവദിക്കണമെന്ന് ശരീഫ് ഗാലിബിനോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ശരീഫ് ഗാലിബ് അതിന് വിസമ്മതിച്ചു. 1203 (1789 ക്രി.) ലായിരുന്നു ഈ സംഭവം. മാത്രമല്ല ശരീഫ് ഗാലിബ് ഹി. 1205 (ക്രി. 1790)ല്‍ തന്റെ സഹോദരന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ഒരു വന്‍ പടയെ ഒരുക്കി. വഴിക്ക് വെച്ച് ഗമീര്‍, മതീൻ എന്നിവിടങ്ങളിലെ ഗോത്രങ്ങളെ പ്രലോഭിപ്പിച്ചു കൂട്ടി. നജ്ദിന്റെ പ്രാന്തത്തില്‍ ഒന്നും ചെയ്യാതെ കുറേക്കാലം അവര്‍ കഴിച്ചു കൂട്ടി. 1205 ശഅ്ബാനില്‍ (ക്രി. 1791) ശരീഫ് ഗാലിബ് പോഷകസേനയുമായി ഇവരോടൊത്ത് ചേര്‍ന്നു. അവരെല്ലാം 'ശിഅ്‌റാ'യിലെത്തി ഉപരോധിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് 'ബറൂദി' ലേക്ക് തിരിച്ചെങ്കിലും ഖബീലകള്‍ അദ്ദേഹത്തില്‍നിന്ന് വേര്‍പെട്ടു. അങ്ങനെ ഹജ്ജ് സീസണടുത്തതിനാല്‍ ശരീഫ് ഗാലിബ് മക്കയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായി. അതിനിടെ നജ്ദിയന്‍ ഗോത്രങ്ങളായ മതീൻ, ഗമീര്‍ എന്നിവ വീണ്ടും ദിര്‍ഇയ്യ അക്രമിക്കാന്‍ ഒരുമ്പെട്ടെങ്കിലും പരാജയപ്പെട്ടു. ശൈഖ് ഇബ്‌നു വഹ്ഹാബും അമീര്‍ സുഊദും അവരെ പാഠം പഠിപ്പിക്കാന്‍ സൈനിക നീക്കം നടത്തി.
ഈ വിജയങ്ങള്‍ വഹ്ഹാബി പ്രസ്ഥാനത്തിന് വീര്യം പകരുകയും ശരീഫ് ഗാലിബിനെ ദുര്‍ബലമാക്കുകയും ചെയ്തു. തന്മൂലം അനേകം ഖബീലകള്‍ വഹ്ഹാബി പ്രസ്ഥാനത്തോടു ചേര്‍ന്നു. ഈ ഗോത്രങ്ങളെ പാഠം പഠിപ്പിക്കാന്‍ ശരീഫ് ഗാലിബ് 1206 റബീഉസ്സാനിയില്‍ സൈനിക നീക്കം നടത്തുകയുണ്ടായെങ്കിലും അമ്പേ പരാജയപ്പെടുകയാണുണ്ടായത്. ഇതോടെ വഹ്ഹാബി പ്രസ്ഥാനവും സുഊദി ഭരണകൂടവുമായി അനുരഞ്ജനത്തിലെത്തുകയാണ് നല്ലതെന്ന് ശരീഫ് ഗാലിബിന് തോന്നി. അങ്ങനെ പുണ്യഭൂമി സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ട് ശരീഫ് ഗാലിബ് ദിര്‍ഇയ്യയിലേക്ക് സന്ദേശമയച്ചു. ക്ഷണം സ്വീകരിച്ച് ഇമാം ശിഷ്യന്‍ അബ്ദുല്‍ അസീസും പുത്രന്‍ സുഊദും അനേകം സഹചരരുമായി മക്കയിലെത്തി. മക്കയിലെ പണ്ഡിതന്മാര്‍ക്ക് ശൈഖിന്റെ ഒരു കത്തും അവര്‍ കൊണ്ടുവന്നിരുന്നു. ഉസ്മാനിയ്യ ഖിലാഫത്തിനോടുള്ള ശൈഖിന്റെ നിലപാട് റിബലിന്റെതായിരുന്നില്ലെന്നതിന് സാക്ഷ്യമാണ് ഈ കത്ത്. കാരണം ശരീഫ് ഗാലിബിന്റെ ശക്തിക്ഷയം ചൂഷണം ചെയ്തുകൊണ്ട് വഹ്ഹാബികള്‍ക്ക് വേണമെങ്കില്‍ മക്ക അപ്പോള്‍ തന്നെ കീഴടക്കാമായിരുന്നു. ശൈഖിന് 91 വയസ്സായിരുന്ന ഈ ഘട്ടത്തില്‍ കാര്യങ്ങളുടെ നിയന്ത്രണം അബ്ദുല്‍ അസീസിന്റെയും സുഊദിന്റെയും കൈയിലായിരുന്നു. എങ്കില്‍ പോലും ശൈഖുമായി കൂടിയാലോചിച്ചേ അവര്‍ എന്തും പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഹി. 1206-ലാണ് അദ്ദേഹത്തിന്റെ നിര്യാണം.
ഖിലാഫത്ത് തകര്‍ക്കുക എന്നതിലുപരി ഇസ് ലാമിന്റെ ആദിമ വിശുദ്ധി വീണ്ടെടുത്ത് സമൂഹത്തില്‍ പുനഃസ്ഥാപിക്കുന്നതിലായിരുന്നു ശൈഖ് ഇബ്‌നു അബ്ദില്‍ വഹ്ഹാബിന് താല്‍പത്യം. നവോത്ഥാന പ്രസ്ഥാനം എന്നതിന് പകരം പുനരുത്ഥാന പ്രസ്ഥാനം എന്ന വിശേഷണത്തിനാണ് അത് കൂടുതല്‍ അര്‍ഹം. നിലവിലെ ഇസ് ലാമിനെ കലര്‍പ്പുകളില്‍നിന്ന് (ബിദ്അത്തുകള്‍) സംരക്ഷിച്ചു ആദിമ വിശുദ്ധി വീണ്ടെടുക്കുക എന്നതായിരുന്നു വഹ്ഹാബി പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യം. രാഷ്ട്രത്തേക്കാളുപരി സമൂഹത്തെ സ്പര്‍ശിക്കുന്ന പ്രബോധനപരമായ മാനമാണ് അതിനുണ്ടായിരുന്നത്. ഉസ്മാനിയ്യ ഖിലാഫത്ത് അതെന്ന നിലയില്‍ അതിന്റെ ആക്രമണ ലക്ഷ്യമായിരുന്നില്ല. പക്ഷേ, അനേകം മസാറുകളുടെ സംരക്ഷണം ഈ ഖിലാഫത്തിന്റെ കരങ്ങളില്‍ നിക്ഷിപ്തമായിരുന്നു. ഇവ പൊളിച്ചു മാറ്റുക പ്രസ്ഥാനത്തിന്റെ ലക്ഷ്യമാകുമ്പോള്‍ അധികാരമില്ലാതെ അത് സുസാധ്യമാകില്ല. സൈദുബ്‌നുല്‍ ഖത്വാബിന്റെ ഖബറിന് മുകളിലുള്ള ഖുബ്ബ സ്വന്തം കൈകൊണ്ട് ഇബ്‌നു അബ്ദുല്‍ വഹ്ഹാബിന് തകര്‍ക്കാന്‍ കഴിഞ്ഞത് ഈ അധികാരബലത്തിലായിരുന്നു. നാമമാത്ര മുസ് ലിംകളായിരുന്ന, ജസീറത്തുല്‍ അറബിലെ ദക്ഷിണ ഭാഗത്ത് താമസിക്കുന്ന ഗോത്ര സമൂഹങ്ങളെ പുതിയൊരു മതാവേശത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളായിരുന്നു. അക്കാലത്ത് ദിര്‍ഇയ്യ എന്ന കൊച്ചുപട്ടണത്തില്‍ മാത്രം അധികാരമുണ്ടായിരുന്ന ആലു സുഊദ് ആണ് ആ ആവേശത്തിന് പ്രവൃത്തി രൂപം നല്‍കിയത്. ആളിക്കത്തുന്ന ഒന്നിനോടും രാജിയാകാത്ത ആ വിശ്വാസ പ്രസ്ഥാനത്തിന് ഏതാനും ദശകം കൊണ്ട് അറേബ്യന്‍ ഉപദ്വീപിന്റെ വലിയൊരു ഭാഗം മുഴുവന്‍ കൈവശപ്പെടുത്താന്‍ കഴിയുമാര്‍ ഇബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ ആവേശദായകമായ വാക്കുകള്‍ക്ക് ഇബ്‌നു സുഊദ് കുടുംബമാണ് കര്‍മശേഷി നല്‍കിയതെന്ന് മുഹമ്മദ് അസദ് മക്കയിലേക്കുള്ള പാതയില്‍ കുറിച്ചത് ശ്രദ്ധേയമാണ്.

ഉസ്മാനിയ്യ ഖിലാഫത്തിനേക്കാള്‍ വഹ്ഹാബി പ്രസ്ഥാനത്തെയും ആലു സുഊദിനെയും ഭീഷണിയായി കണ്ടിരുന്നത് ജസീറത്തുല്‍ അറബില്‍ ഉസ്മാനിയ്യ ഖിലാഫത്തിന്റെ ഗവര്‍ണര്‍ പദവി (ശരീഫ്) വഹിച്ചവരായിരുന്നു. ആ ദിശയിലേക്കാണ് റശീദ് രിദാ സൂചന നല്‍കുന്നത്:

'എന്നാല്‍ ഉസ്മാനിയ്യ ഖിലാഫത്ത് ഒരു നൂറ്റാണ്ടോളം ആലു സുഊദിനോട് ശത്രുത പുലര്‍ത്തിയത് ജസീറത്തുല്‍ അറബില്‍നിന്ന് അവരുടെ അധികാരം തുടച്ചു നീക്കി തുര്‍ക്കിയ ഖിലാഫത്തിനെ തന്നെ തകര്‍ത്ത ആലു സുഊദ് ശക്തമായൊരു അറബ് ഭരണകൂടം സ്ഥാപിച്ചെടുക്കുമെന്ന ധാരണ കാരണമായിരുന്നു. പിന്നീട് തങ്ങള്‍ക്ക് ഗുണകരം അവരുമായി അനുരഞ്ജനത്തിലെത്തുകയാണെന്ന് മനസ്സിലാക്കി നജ്ദിലും പ്രാന്തപ്രദേശങ്ങളിലും അവരെ അംഗീകരിക്കാന്‍ ഉസ്മാനികള്‍ സന്നദ്ധരായി. ചില വിവരദോഷികള്‍ കരുതുന്നത് പോലെ ഈ ശത്രുതക്ക് കാരണം മതപരമല്ലെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

''അതേസമയം ശരീഫുകള്‍ എന്നറിയപ്പെടുന്ന മക്കയിലെ ഭരണകര്‍ത്താക്കള്‍ വഹ്ഹാബി പ്രസ്ഥാനത്തിനെതിരെ പച്ചക്കള്ളങ്ങള്‍ പടച്ചുവിട്ട് മതവിരുദ്ധരായി മുദ്രകുത്തി ആക്ഷേപശകാരം അഴിച്ചുവിടുന്ന അപഭ്രംശത്തില്‍ തുടരുകയായിരുന്നു. അമീര്‍ ഹുസൈന്‍ ഇബ്‌നു അലിയായിരുന്നു അതിന്റെ മുന്‍പന്തിയില്‍. ഹിജാസിന്റെ ഭരണം ഉസ്മാനികളുടെ തണലില്‍ അയാളുടെ ഹസ്തത്തില്‍ മാത്രമായി നിക്ഷിപ്തമാവുകയും ഇംഗ്ലീഷുകാരുടെയും സഖ്യകക്ഷികളുടെയും അംഗീകാരം ലഭിക്കുകയും ചെയ്തപ്പോള്‍ നജ്ദ് അധീനപ്പെടുത്താനുള്ള സുവര്‍ണാവസരം കൈവന്നതായി അയാള്‍ ധരിച്ചുവശായി. പക്ഷേ, സുൽത്വാന്‍ അബ്ദുല്‍ അസീസ് ഹിജാസിലേക്ക് മാര്‍ച്ചു ചെയ്തതോടെ ഇയാളുടെ ദുഷ്ടകരങ്ങളില്‍നിന്നും അഴിമതി വീരന്മാരായ സന്തതികളില്‍നിന്നും ആ നാട് മോചിതമായി'' (റഷീദ് രിദ, അൽ വഹ്ഹാബിയ്യൂന വല്‍ ഹിജാസ്, ദാറുന്നദാ, മദീനത്തു നസ് ര്‍, ഈജിപ്ത് - 2000).

വഹ്ഹാബി പ്രസ്ഥാനത്തെ കുറിച്ച് മക്കയിലേക്കുള്ള പാതയില്‍ മുഹമ്മദ് അസദിന്റെ വിലയിരുത്തല്‍ കൃത്യവും കൗതുകകരവുമാണ്: ''വഹ്ഹാബികള്‍ തീര്‍ച്ചയായും ഒരു പ്രത്യേക മതശാഖയല്ല. പ്രത്യേക 'മതശാഖ', അതേ വിശ്വാസത്തിലേര്‍പ്പെടുന്ന മറ്റനുയായികളുടെ വന്‍ സമൂഹത്തില്‍നിന്ന് സ്വന്തം അനുയായികളെ വേര്‍തിരിച്ചറിയുന്നതിന് വേണ്ടി പ്രത്യേകമായ ചില സിദ്ധാന്തങ്ങള്‍ മുന്‍കൂട്ടി കണ്ടു വെക്കും. വഹ്ഹാബിസത്തില്‍, ഏതായാലും, അത്തരം പ്രത്യേക സിദ്ധാന്തങ്ങളൊന്നുമില്ല. മറിച്ച്, ഇസ് ലാമിന്റെ യഥാര്‍ഥ പാഠങ്ങള്‍ക്ക് മേല്‍ കെട്ടിയേല്‍പിക്കപ്പെട്ടവയും അടിഞ്ഞു കൂടിയവയും അതിന് ചുറ്റും നൂറ്റാണ്ടുകളായി വളര്‍ന്നുവന്നവയും ആയ സിദ്ധാന്തങ്ങളെ പറിച്ചു മാറ്റാനും പ്രവാചകന്റെ ആദിമ സന്ദേശങ്ങളിലേക്ക് തിരിച്ചുപോകാനും ഈ പ്രസ്ഥാനം പരിശ്രമിക്കുകയുണ്ടായി. സുവ്യക്തതകൊണ്ട് ഈ സന്ദേശം നിശ്ചയമായും മഹത്തായൊരു പരിശ്രമമായിത്തീര്‍ന്നു. കാലക്രമത്തില്‍ സ്വന്തം സന്ദേശത്തെ ദുര്‍ഗ്രഹമാക്കിത്തീര്‍ത്ത അന്ധവിശ്വാസങ്ങളില്‍നിന്ന് ഇസ് ലാമിനെ സമ്പൂര്‍ണ മോചനത്തിലേക്ക് നയിക്കാന്‍ അതിന് കഴിഞ്ഞു. ഇന്ത്യയിലെ അഹ് ലെ ഹദീസ് പ്രസ്ഥാനം, ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും ഈജിപ്തുകാരനായ മുഹമ്മദ് അബ്ദുവിന്റെയും പ്രവര്‍ത്തനങ്ങള്‍ മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ് പതിനെട്ടാം നൂറ്റാണ്ടില്‍ ഉയര്‍ത്തിവിട്ട ആത്മീയ പ്രചോദനത്തില്‍നിന്ന് നേരിട്ട് ആവേശം ഉള്‍ക്കൊണ്ടവയാണ്. പക്ഷേ, അദ്ദേഹത്തിന്റെ നജ്ദീ പാഠങ്ങളെ വലിയൊരു ആത്മീയ നിയതി ആകാതെ തടഞ്ഞു നിര്‍ത്തിയത് പ്രധാനമായും രണ്ട് വീഴ്ചകളാണ്. ഈ വീഴ്ചകളിലൊന്ന്, ഏതാണ്ട് എല്ലാ മതയത്‌നങ്ങളെയും വിധിവിലക്കുകളുടെ അക്ഷരങ്ങളില്‍ ഒതുക്കി നിറുത്തുന്ന സങ്കുചിതത്വം തന്നെ. അവയുടെ ആധ്യാത്മിക പൊരുളിലേക്ക് ആഴ്ന്നിറങ്ങേണ്ടതിന്റെ ആവശ്യകത അവഗണിക്കപ്പെടുകയും ചെയ്തു. രണ്ടാമത്തെ വീഴ്ച, അറബികളുടെ സ്വഭാവത്തില്‍ തന്നെ വേരുപിടിച്ചതാണ്. വിയോജിക്കാനുള്ള അവകാശം മറ്റാര്‍ക്കും വകവെച്ചുകൊടുക്കാത്ത ആ മതാന്ധതയുടെയും അവനവന്‍ മാത്രം ശരി എന്ന മനോഭാവത്തിന്റെയും ചായ് വ്. ഈ കടുംപിടിത്തം യഥാര്‍ഥ സെമിറ്റിക് വംശജരില്‍ സവിശേഷം കണ്ടുവരുന്നതാണ്. എപ്പോഴും ഭിന്നധ്രുവങ്ങള്‍ക്കിടയില്‍ ആടിക്കളിക്കുകയല്ലാതെ ഒരിക്കലും ഒരു മധ്യമാര്‍ഗം കണ്ടെത്താതിരിക്കുക എന്നത് അറബികളുടെ സ്വഭാവത്തിലെ ദുരന്തമാണ്. ഏതാണ്ട് രണ്ട് നൂറ്റാണ്ടിനപ്പുറം മുസ് ലിം ലോകത്തിലെ മറ്റേത് വിഭാഗത്തെക്കാളും ഇസ് ലാമില്‍നിന്ന് ആന്തരികമായി കൂടുതല്‍ അകന്നാണ് നജ്ദിലെ അറബികള്‍ കഴിഞ്ഞു കൂടിയിരുന്നത്. മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ ആവിര്‍ഭാവം തൊട്ട് വിശ്വാസത്തിന്റെ പരിപാലകരായി മാത്രമല്ല, ഏതാണ്ടതിന്റെ മൊത്തം മുതലാളിമാരായിത്തന്നെ അവര്‍ സ്വയം കണക്കാക്കാന്‍ തുടങ്ങിയിരിക്കുന്നു.

''പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ സുഊദി ആധിപത്യം സ്ഥാപിതമാവുകയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ അത് അറേബ്യയുടെ വലിയൊരു ഭാഗം വരെ വ്യാപിക്കുകയും ചെയ്തതോടെ സാമൂഹികവും രാഷ്ട്രീയവുമായ അധികാരം നേടുക എന്ന ബാഹ്യ ലക്ഷ്യം വഹ്ഹാബിസം സാക്ഷാത്കരിക്കുകയുണ്ടായി. ആ സാക്ഷാല്‍ക്കാര നിമിഷം തൊട്ടു തന്നെ ആന്തരിക നവീകരണം എന്ന അതിന്റെ ആധ്യാത്മിക ഭാവം ദുഷിക്കാനും തുടങ്ങിയിട്ടുണ്ട്. സ്വന്തം അനുയായികള്‍ എന്ന് അധികാരം കൈക്കലാക്കിയോ അന്നു മുതല്‍ മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ ആശയം കാഴ്ചക്ക് വ്യത്യാസമില്ലാത്ത ഒരു ജഡമായി മാറി. ആത്മാവ് അധികാരത്തിന്റെ വേലക്കാരനാവില്ല; അധികാരമാവട്ടെ ആത്മാവിന്റെ വേലക്കാരനാകാന്‍ പോവുകയുമില്ല.
''വഹ്ഹാബി നജ്ദിന്റെ ചരിത്രം, ഒരു മതചിന്ത ഉത്സാഹത്തിന്റെയും അഭിലാഷത്തിന്റെയും ചിറകുകളില്‍ ഉയരുകയും അത് കഴിഞ്ഞു ആചാരപരതയുടെയും 'അവനവന്‍ ശരി' വാദത്തിന്റെയും ചതുപ്പു നിലങ്ങളില്‍ മുങ്ങിത്താഴുകയും ചെയ്തതിന്റെ ചരിത്രമാണ്. അഭിലാഷവും വിനയവും കൈവിടുന്നതോടെ എല്ലാ ധാര്‍മികതയും സ്വയം നശിക്കുന്നു. ഹാറൂത്തിന്റെയും മാറൂത്തിന്റെയും കഥ ആവര്‍ത്തിക്കപ്പെടുന്നു.'' (മക്കയിലേക്കുള്ള പാത, എം.എന്‍ കാരശ്ശേരിയുടെ പരിഭാഷ, പേ: 233-234, ഐ.പി.എച്ച് 13-ാം പതിപ്പ്).

എത്ര ദൂരക്കാഴ്ചയുള്ള വാക്കുകള്‍. തന്റെ വഴികാട്ടി സൈദിനൊപ്പം അസദ് താണ്ടി കടന്ന ആ മരുഭൂ ദേശത്തെ സമകാലിക യാഥാര്‍ഥ്യങ്ങള്‍ ഈ വാക്കുകള്‍ക്ക് അടിവരയിടുന്നതായി കാണാം. 

© Bodhanam Quarterly. All Rights Reserved

Back to Top