ഉസ്മാനിയ ഖിലാഫത്ത്: ചരിത്രത്തിലെ വിസ്മയം

ഡോ. എ. എ. ഹലീം‌‌
img

മുസ്‌ലിം ലോകത്ത് അധികാരം കൈയാളിയ വ്യത്യസ്ത ഭരണവംശങ്ങളിൽ ഏറ്റവും ദീർഘമായ കാലയളവ് -ഏതാണ്ട് ആറ് നൂറ്റാണ്ടിലധികം- നിലനില്ക്കാൻ കഴിഞ്ഞവരാണ് ഉസ്മാനിയകൾ. ഉസ്മാനി ഖിലാഫത്ത് എന്ന പേരിലാണ് അവരുടെ ഭരണകൂടം സാമാന്യേന അറിയപ്പെടുന്നതെങ്കിലും ഉസ്മാനി സൽത്വനത്ത്, ഉസ്മാനി സാമ്രാജ്യം, തുർക്കികൾ തുടങ്ങിയ പേരുകളിലും ഓട്ടോമൻ സാമ്രാജ്യം എന്ന് ഇംഗ്ലീഷിലും അവർ പരാമർശിക്കപ്പെടുന്നുണ്ട്. 

ഹി. 40/ക്രി. 661-ൽ നാലാം ഖലീഫ അലി(റ) വധിക്കപ്പെടുകയും തുടർന്ന് ഖിലാഫതുർറാശിദയുടെ യുഗം അവസാനിക്കുകയും ചെയ്തതോടെയാണ് ഇസ് ലാമിക ലോകത്തിന്റെ ആധിപത്യം വിവിധ വംശങ്ങളുടെ നിയന്ത്രണത്തിലായത്. ഉമവികൾ, അബ്ബാസികൾ, സൽജൂഖികൾ, ഫാത്വിമികൾ, ഉസ്മാനികൾ തുടങ്ങിയ പ്രമുഖ താവഴികളാണ് പിന്നീട് ഭരണം കൈയാളിയത്. അവരിൽ അബ്ബാസികൾക്ക് ശേഷം ഏറ്റവും സുശക്തമായ സാമ്രാജ്യം പടുത്തുയർത്തിയവരാണ് ഉസ്മാനികൾ. ഉസ്മാൻ ഖാനാണ് പ്രസ്തുത ഭരണകൂടത്തിന് അടിത്തറ പാകിയത്. മുസ്്ലിം ലോകത്തിന്റെ കേന്ദ്രമെന്ന നിലയിൽ ഏഷ്യാമൈനർ ആസ്ഥാനമാക്കി ദീർഘമായ ആറ് നൂറ്റാണ്ടിലധികം കാലം നിലനില്ക്കാൻ അതിനു കഴിഞ്ഞു.

ഉസ്മാനികളുടെ സവിശേഷതകൾ
പ്രവിശാലമായ മുസ്‌ലിം ലോകത്തിന്റെ സാരഥ്യം ഏറ്റെടുത്ത വിവിധ ഭരണകൂടങ്ങളിൽ പല നിലയ്ക്കും ഖിലാഫത്തുർ റാശിദയിൽ പ്രകടമായിരുന്ന സവിശേഷതകളിൽ മിക്കതും നിലനിർത്തിയിരുന്നവരാണ് ഉസ്മാനികളെന്ന് കാണാൻ പ്രയാസമില്ല. നീതിനിഷ്ഠ, അക്രമത്തോടുള്ള വെറുപ്പ്, കൂടിയാലോചനാ സ്വഭാവം, വിട്ടുവീഴ്ച, സത്യസന്ധത, പ്രജാക്ഷേമ തൽപരത, നിയമവാഴ്ചയോടും ജുഡീഷ്യറിയോടുമുള്ള ആദരവ്, വിജ്ഞാനത്തോടും പണ്ഡിതന്മാരോടുമുള്ള ബഹുമാനം, ഇസ്്ലാമിക ശരീഅത്തിനോടുള്ള പ്രതിബദ്ധത, ഭൗതികതയുടെയും നാഗരികതയുടെയും വർണപ്പകിട്ടുകളോടും സുഖലോലുപതയോടുമുള്ള വിരക്തി, ജീവിത ലാളിത്യം തുടങ്ങിയ മൂല്യങ്ങൾ ഉസ്മാനികളിൽ മിക്കവരും കാത്തുസൂക്ഷിച്ചിരുന്നു. മറ്റു ഭരണ കൂടങ്ങളെക്കാൾ സുദീർഘമായ കാലം നിലനിൽക്കാൻ ഉസ്മാനികളെ സഹായിച്ചതും പ്രസ്തുത സവിശേഷതകളാണ്.

ഉസ്മാനി സാമ്രാജ്യ സ്ഥാപകനായ ഉസ്മാൻ ഒന്നാമൻ (657/1257- 726/1326), പുത്രൻ ഊർഖാന്ന് (687/1288-761/1360) നല്കിയ അന്ത്യോപദേശത്തിൽ അദ്ദേഹത്തിന്റെയും അദ്ദേഹം സ്ഥാപിച്ച ഭരണകൂടത്തിന്റെയും വിശിഷ്ട സ്വഭാവങ്ങൾ പ്രകടമായി കാണാം. ഉസ്മാനീ ചരിത്രകാരനായ ആശിഖ് ചെലബി അത് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "പ്രിയപ്പെട്ട മകനേ, അനുസരിക്കുന്നവരെ എമ്പാടും സഹായിക്കുക. ഭടന്മാരോട് ഔദാര്യം കാണിക്കുക. നിന്റെ ശക്തിയും സമ്പത്തും കൊണ്ട് പിശാച് നിന്നെ ചതിക്കാതിരിക്കട്ടെ. ശരീഅത്തിന്റെ ആളുകളിൽനിന്ന് അകന്നു പോകുന്നത് സൂക്ഷിക്കുക. മകനേ, അധികാരത്തിന്റെ ആനന്ദത്തിനു വേണ്ടിയോ ഏതെങ്കിലും വ്യക്തികൾക്ക് ആധിപത്യം ലഭിക്കാനോ യുദ്ധം ചെയ്യുന്നവരല്ല നമ്മൾ. ഇസ്്ലാം കൊണ്ട് നാം ജീവിക്കുന്നു; ഇസ്്ലാമിനു വേണ്ടി നാം മരിക്കും. അതിന്റെ മാത്രം ആളാണു നീ. മകനേ, ലോക നാഥന്റെ പ്രീതിയാണ് നമ്മുടെ ലക്ഷ്യമെന്ന് നിനക്കറിയാമല്ലോ. ജിഹാദുകൊണ്ട് എല്ലായിടത്തും നമ്മുടെ ദീനിന്റെ പ്രഭ പരക്കുന്നുണ്ട്. അതിനാൽ, പ്രതാപവാനും മഹാനുമായ അല്ലാഹുവിന് തൃപ്തിയുള്ളതു മാത്രം നീ പറയുക."
ബഗ്ദാദിന്റെ തകർച്ചക്ക് ശേഷം ഉയർന്നുവന്ന ഏറ്റവും ശക്തവും ഇസ്്ലാമിക ലോകത്തിന്റെ ഏതാണ്ട് പൂർണമായ പ്രാതിനിധ്യം അവകാശപ്പെടാൻ അർഹതയുള്ളതുമായ ഭരണകൂടം എന്ന നിലയിൽ ഉസ്മാനീ സാമ്രാജ്യം, മാനവ ചരിത്രത്തിലെ തന്നെ ഒരു വിസ്മയമാണ്. ഉസ്മാനി സൽത്വനതിന് അതിന്റെ ഉത്ഥാന കാലത്ത് അറബികളുടെ സാമ്രാജ്യത്തോളം വിസ്തൃതി ഉണ്ടായിരുന്നു. ഭദ്രതയുടെ കാര്യത്തിലാകട്ടെ ഏറ്റവും സുശക്തമായ ഭരണകൂടമായിരുന്നു അത്. ഇസ്്ലാമിക ചരിത്രത്തിലെ ഏറ്റവും ദീർഘായുസ്സുള്ള ഭരണകൂടവും ഉസ്മാനീ സൽത്വനത്തായിരുന്നു. 1288 മുതൽ 1700 വരെ പ്രതാപൈശ്വര്യങ്ങളോട് കൂടിയും 1700 മുതൽ 1800-കൾ വരെ സാമാന്യം ശക്തമായ നിലയിലും 1800-ന് ശേഷം 1924 വരെ ക്ഷയോന്മുഖമായ അവസ്ഥയിലും ഈ ഭരണം നിലനിന്നു. 

ഇസ്്ലാമിക ചരിത്രത്തിലെ നിർണായകമായ അനേകം സംഭവവികാസങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഉഥ്മാനീ സാമ്രാജ്യമാണ്. 857/1453-ലെ ഐതിഹാസികമായ കോൺസ്റ്റാന്റിനോപ്പിൾ വിജയം അവയിൽ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. ഈ പട്ടണം കീഴടക്കാൻ മുസ്‌ലിംകൾ ഉമവി ഖിലാഫത്തിന്റെ സ്ഥാപകൻ അമീർ മുആവിയയുടെ കാലം മുതലേ  ശ്രമം തുടങ്ങിയിരുന്നു. പിന്നീട് അറബികളും തുർക്കികളുമായ പലരും നിരവധി തവണ അതിന് ശ്രമിച്ചുവെങ്കിലും റോമക്കാരുടെ യുദ്ധമികവോ മുസ്‌ലിംകളുടെ അനൈക്യമോ കാരണമായി വിജയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ, ഉസ്മാനീ സുൽത്വാൻ മുഹമ്മദുൽ ഫാതിഹാണ് ആ നിർണായക വിജയം കൈവരിച്ചത്. 54 ദിവസത്തെ ഉപരോധത്തിന് ശേഷം 857/1453 മെയ് 29-ന് അദ്ദേഹം കോൺസ്റ്റാന്റിനോപ്ൾ കീഴടക്കി. അങ്ങനെ, പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ 1100 വർഷം പഴക്കമുള്ള ആസ്ഥാനം എന്നന്നേക്കുമായി നിലംപതിച്ചു. 'ദൈവം എനിക്ക് ഖൈസ്വറിന്റെയും കിസ്റായുടെയും താക്കോലുകൾ തന്നിരിക്കുന്നു' എന്ന നബി(സ)യുടെ പ്രവചനം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു. 
കോൺസ്റ്റാന്റിനോപ്ൾ കീഴടക്കിയതോടെ ഉസ്മാനി ഭരണകൂടത്തിന്റെ മുഖഛായ തന്നെ മാറുകയും ശക്തമായൊരു സാമ്രാജ്യമായി അവർ വികസിക്കുകയും ചെയ്തു. അതോടെ വ്യാപാര മേഖലയിലും രാഷ്ട്രീയ മേഖലയിലും വൻനേട്ടങ്ങൾ വാരിക്കൂട്ടാൻ ഉസ്മാനികൾക്കു കഴിഞ്ഞു. യൂറോപ്പിലെയും പരിസര പ്രദേശങ്ങളിലെയും അനവധി നാടുകൾ അവർ കീഴടക്കുകയുമുണ്ടായി. സമർത്ഥരും ഭരണ വിദഗ്ദ്ധരുമായ അനവധി ഖലീഫമാർ ഉസ്മാനി ഭരണകൂടത്തിലുണ്ടായിരുന്നു. 

മുഹമ്മദ് രണ്ടാമൻ (അൽഫാതിഹ്) (1451-1481), ബായസീദ് രണ്ടാമൻ (1481-1512), പുത്രൻ സലീം ഒന്നാമൻ (1512-1520), സുലൈമാൻ അൽഖാനൂനി (1520-1566), സലീം രണ്ടാമൻ (1566-1574), മുറാദ് മൂന്നാമൻ (1574-1595), മുഹമ്മദ് മൂന്നാമൻ (1595-1603), അഹ്മദ് ഒന്നാമൻ (1603-1617) തുടങ്ങിയവർ അവരിൽ ചിലരാണ്. കിഴക്കൻ യൂറോപ്പിന്റെ ഭാഗമായ ബോസ്നിയ, കൊസോവോ, അൽബേനിയ മുതലായ പ്രദേശങ്ങളിൽ ഇസ്്ലാം പ്രചരിച്ചതും തുർക്കികളുടെ വാഴ്ചക്കാലത്താണ്.

ഉസ്മാനി ഭരണ മാതൃകകൾ
ഉസ്മാനി സാമ്രാജ്യത്തിന്റെ സംസ്ഥാപനവും അവരുടെ ഭരണനിർവഹണ നടപടികളും ഏറെക്കുറെ ഇസ്്ലാമിക മര്യാദകൾ പാലിച്ചുകൊണ്ടായിരുന്നുവെന്ന് കാണാം. ഭരണകൂട സ്ഥാപകനായ ഉസ്മാൻ ഇബ്നു ഉർത്വുഗ്റുൽ അധികാരമേറ്റയുടനെ സ്വീകരിച്ച നടപടി തന്നെ അതിലേക്ക് സൂചന നൽകുന്നു. തന്റെ പ്രദേശത്തെ ഭരണകാര്യങ്ങളിൽ കൂടിയാലോചന നടത്താൻ യോഗ്യതയുള്ളവരെ ഒരുമിച്ചുകൂട്ടി അദ്ദേഹം അവരോട് പറഞ്ഞു: “ജിഹാദ് നടത്താനുള്ള ശക്തിയും കഴിവും എനിക്കുണ്ട്. എന്നാൽ, നിങ്ങളുടെ അറിവിന് അനുസരിച്ച് ഈ സമൂഹത്തെ ക്രമപ്പെടുത്താനുള്ള ചുമതല ഞാൻ നിങ്ങളെ തന്നെ ഏൽപ്പിക്കുന്നു.” അങ്ങനെ ക്രി. 1299 മുതൽ ചുമതല ഏൽപ്പിക്കപ്പെട്ട ഈ പ്രമുഖരാണ് ഉസ്മാനി സമൂഹത്തിന്റെ കാര്യങ്ങൾ ഖുർആനും സുന്നത്തും മുജ്തഹിദുകളുടെ വീക്ഷണങ്ങളും അടിസ്ഥാനമാക്കി ക്രമപ്പെടുത്തിയത്. ചെറിയ ഒരു ഭൂപ്രദേശത്ത് തുടക്കമിട്ട ഭരണകൂടം  വളർന്ന് സുൽത്താനേറ്റും പിന്നീട് ഖിലാഫത്തും ആയി. അപ്പോഴൊക്കെയും അതിന്റെ അടിസ്ഥാനം ഇസ്‌ലാമിക അധ്യാപനങ്ങളും ദീനിയ്യായ അവലംബം മശീഖതുൽ ഇസ്്ലാം എന്ന സ്ഥാപനവുമായിരുന്നു. 
സുൽത്വാനും പ്രജകളും ഒരുപോലെ ആദരിക്കുകയും വാക്കുകൾക്ക് വിലകൽപ്പിക്കുകയും ചെയ്യുന്ന ബഹുമാന്യ വ്യക്തിത്വമായി ശൈഖുൽ ഇസ്്ലാം പദവി വഹിക്കുന്നവർ പരിഗണിക്കപ്പെട്ടു.

സലീം ഒന്നാമന്റെ കാലം മുതലുള്ള എല്ലാ ഉസ്മാനി സുൽത്വാൻമാരും രണ്ട് രീതിയിലാണ് ഭരണകാര്യങ്ങൾ മുമ്പോട്ട് നീക്കിയത്. സാധാരണ ഭരണനിർവഹണ നടപടികൾക്ക് ഉത്തരവിടുന്ന സുൽത്വാൻ എന്ന നിലയിലും ശൈഖുൽ ഇസ്‌ലാമിൽ നിന്ന് തനിക്ക് ലഭിക്കുന്ന നിർദേശങ്ങൾ നടപ്പാക്കാൻ എക്സിക്യൂട്ടീവ് അതോറിറ്റിയോട് കൽപ്പിക്കുന്ന ഖലീഫ എന്ന നിലയിലും. അതിനാൽ, ഉസ്മാനി സാമ്രാജ്യപരിധിയിൽ ഉടനീളം ഇസ്്ലാമിന്റെ മൂല്യങ്ങൾ വിശിഷ്യാ നീതി സർവത്ര പ്രകടമായിരുന്നു. ഉസ്മാനി സുരക്ഷ(അൽഅമാനുൽ ഉസ്മാനി) എന്ന യൂറോപ്യൻമാരുടെ പ്രയോഗം തന്നെ അതിൽനിന്നാണ് ഉണ്ടായത്. 

ദീവാനെ ഹുമായൂൻ (അദ്ദീവാനുൽ ഹുമായൂനി) എന്ന പേരിലാണ് ഉസ്മാനി ഭരണനിർവഹണ വകുപ്പ് അറിയപ്പെട്ടിരുന്നത്. മധ്യകാല മുസ്‌ലിം നാടുകളിൽ സാർവത്രികമായി നിലനിന്നിരുന്ന ദീവാൻ എന്ന പ്രയോഗത്തെ ഉഥ്മാനി ഭരണനിർവഹണ ഉദ്യോഗസ്ഥരാണ് ദീവാനെ ഹുമായൂൻ എന്ന പേര് നൽകി ഭരണഘടനാ സംജ്ഞകളിൽ ഉൾപ്പെടുത്തിയത്. സൽജൂഖികളുടെ ദീവാനുൽ ആലി, ഈൽഖാനികളുടെ ദീവാനുൽ കബീർ, മംലൂകുകളുടെ ദീവാനുസ്സുൽത്വാൻ പോലെ ഉഥ്‌മാനികൾ ആവിഷ്കരിച്ചതാണ് ദീവാനെ ഹുമായൂൻ. ഉഥ്‌മാനികളുടെ കാലത്ത് ഭരണനിർവഹണവുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളുടെയും നയനിലപാടുകളും നടപടിക്രമങ്ങളും ദീവാനെ ഹുമായൂനിന്റെ ഇടപെടലുകളെയും വിശകലനങ്ങളെയും തുടർന്നാണ് നിലവിൽ വന്നിരുന്നത്. മന്ത്രിമാരും മുതിർന്ന രാഷ്ട്രതന്ത്രജ്ഞരും മുതിർന്ന ഇസ്്ലാമിക പണ്ഡിതന്മാരുമാണ് അതിൽ പ്രതിനിധികളായി ഉണ്ടായിരുന്നത്. 
ശൂറാ സമ്പ്രദായം തുടക്കം മുതൽ അവസാന നാൾ വരെ ഉസ്മാനി ഭരണത്തിന്റെ അടിസ്ഥാനമായി നിലകൊണ്ടു. നീതിപൂർവകമായ ഭരണം ശൂറാ സമ്പ്രദായത്തിന്റെ സൽഫലമാണല്ലോ. അതിനാൽ, ഉസ്മാനി പൗരൻമാർക്കിടയിൽ എപ്പോഴും സമത്വം നിലനിന്നിരുന്നു. യാതൊരു വിധത്തിലുള്ള വിവേചനങ്ങൾക്കും ഖിലാഫത്തിൽ ഇടമുണ്ടായിരുന്നില്ല. ഉദാഹരണങ്ങൾ നിരവധിയാണ്:

ചരിത്രത്തിലെ അത്യപൂർവമായ ഈ സംഭവം കാണുക: ഒരിക്കൽ സുൽത്വാൻ മുഹമ്മദ് രണ്ടാമന്റെ (മുഹമ്മദുൽ ഫാതിഹ്) കൈ മുറിക്കാൻ ജഡ്ജി ഉത്തരവിട്ടു. ഉസ്മാനി ഖിലാഫത്തിന്റെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനമെന്താണ് എന്നോർക്കുക!
ഒരു റോമക്കാരന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അദ്ദേഹത്തിന്റെ സൈനികർ അതിക്രമം കാണിച്ചതായിരുന്നു, കാരണം. നിയമം ഭരണാധികാരിക്ക് അനുകൂലമാകുന്നതിന് പകരം അത് അതിന്റെ വഴിക്ക് നീങ്ങുന്ന മനോഹരമായ കാഴ്ച! വലിയ ഒരു സാമ്രാജ്യത്തിന്റെ സർവാധിപതിയായ സുൽത്വാൻ തന്റെ സകല ഗാംഭീര്യത്തോടെയും കോടതി മുറിയിൽ പ്രവേശിച്ച് ന്യായാധിപന്റെ അരികിൽ വന്ന് നിൽക്കുന്നത് കണ്ട റോമക്കാരൻ അക്ഷരാർഥത്തിൽ ഞെട്ടി. ജഡ്ജി കേസിന്റെ മെരിറ്റിൽ മാത്രം ഊന്നുന്നതും സുൽത്വാനെ  ശ്രദ്ധിക്കാതിരുന്നതും അവനെ തുല്യനായി പരിഗണിച്ചതും അയാളുടെ ആശ്ചര്യം വർധിപ്പിച്ചു.

കാരണം, ഇസ്്ലാമിക നിയമം ഈ ന്യായാധിപൻ പൂർണമായും പാലിക്കുന്നു. ഭരണാധികാരിയും പ്രജയും തമ്മിൽ ഇവിടെ ഒരു തരത്തിലുമുള്ള വ്യത്യാസവും കാണിക്കുന്നില്ല. റോമക്കാരൻ വിട്ടുവീഴ്ച ചെയ്തില്ലായിരുന്നുവെങ്കിൽ ആ വിധി നടപ്പാക്കപ്പെടുമായിരുന്നു.

ഫെഡറൽ ഘടന
സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിച്ചിരുന്ന യഹൂദന്മാരും ക്രിസ്ത്യാനികളുമായ പ്രജകളുടെ മനസ്സിൽ ഉസ്മാനി നീതിവ്യവസ്ഥ കവിഞ്ഞ മതിപ്പ് ഉളവാക്കുകയും അതുവഴി രാഷ്ട്രത്തോടുള്ള സ്നേഹം രൂപപ്പെടുത്തുകയും ചെയ്തിരുന്നു. കാരണം, അവർ അതിൽ നീതിയും സുരക്ഷിതത്വവും സമത്വവും കണ്ടെത്തി. ഇസ്‌ലാമികേതര വിഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന മന്ത്രിമാർ, ഗവർണർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പട്ടിക വളരെ നീണ്ടതാണ്. തുനീഷ്യയിലെ ഖൈറുദ്ദീൻ പാഷ അത്തൂനിസി ഏറ്റവും മികച്ച ഉദാഹരണമാണ്. ഉസ്മാനി രാഷ്ട്രത്തിൽ ഒരു അടിമയായിരുന്ന അദ്ദേഹം പിന്നീട് തുനീഷ്യയുടെ ഗവർണർ വരെ ആയിത്തീർന്നു. ആ സ്ഥാനത്ത് എത്തിയപ്പോൾ അത്തൂനിസി എന്ന വിളിപ്പേരും ലഭിച്ചു. പിന്നീട് പല ഉന്നത നേതൃതലങ്ങളിലേക്കും ഉയർന്ന അദ്ദേഹത്തിന്റെ കൈവശമായിരുന്നു സുൽത്താന്റെ ഔദ്യോഗിക മുദ്ര. 

ഉസ്മാനി ഖിലാഫത്തിന് കീഴിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഈജിപ്ത്. അവിടത്തെ സമ്പദ്‌ഘടനയെ വ്യവസ്ഥപ്പെടുത്താൻ ആരെയെങ്കിലും അയച്ചു തരണമെന്ന് തലസ്ഥാനമായ ഇസ്താംബൂളിനോട് ആവശ്യപ്പെട്ടപ്പോൾ സുൽത്വാൻ, അർമേനിയൻ ക്രിസ്ത്യാനിയായ നൂബാർ പാഷയെയാണ് അങ്ങോട്ട് അയച്ചത്.
തങ്ങളുടെ അതിവിശാലമായ ഭൂപരിധിയിൽ അധിവസിച്ചിരുന്ന വ്യത്യസ്ത വംശങ്ങളിലും വർഗങ്ങളിലും ഉൾപ്പെട്ട വിവിധ ജനവിഭാഗങ്ങളോടുള്ള ഭരണകൂടത്തിന്റെ പെരുമാറ്റവും ഇടപാടുകളും പരിശോധിച്ചാൽ, അത് ഏറെ മാതൃകാപരമായിരുന്നു എന്ന് കാണാം. ഉസ്മാനി ഖിലാഫത്തിന്റെ ഭാഗമായിരുന്ന ഈജിപ്ത് സംസ്ഥാനം ഭരിക്കാൻ ധാരാളം ബോസ്നിയൻ ഗവർണർമാർ ചുമതലയേറ്റിട്ടുണ്ട്. ഓർക്കുക! ഈജിപ്തുകാർ അവരോട് അങ്ങേയറ്റത്തെ സ്നേഹ- ബഹുമാങ്ങളോടെ ഇടപെടുന്നു; അവരും അവിടത്തെ ജനങ്ങളെ സേവിക്കാൻ അതേ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു! ആർക്കും ഏത് പദവിയിലേക്കും സ്വപ്രയത്നത്തിലൂടെ ഉയർന്നുവരുന്നതിന് യാതൊരുവിധ തടസ്സവും ഉണ്ടായിരുന്നില്ല.

പൗരത്വത്തിനുള്ള അവകാശം -മുമ്പ് സൂചിപ്പിച്ചതുപോലെ- ഉസ്മാനി സാമ്രാജ്യത്തിൽ അതിന്റെ ഭരണ ഘട്ടങ്ങളിൽ ഉടനീളം എല്ലാ വിഭാഗങ്ങൾക്കും ഉറപ്പുവരുത്തിയിരുന്നു. അൻദലുസിൽനിന്ന് മുസ്്ലിംകൾക്കൊപ്പം പുറത്താക്കപ്പെട്ട ജൂതന്മാരെയും ഉസ്മാനി ഭരണകൂടം സ്വീകരിക്കുകയും പൗരത്വത്തിനുള്ള അവകാശം നൽകി ആദരിക്കുകയുംചെയ്തു. അങ്ങനെ അവർ ഭരണനിർവഹണ മേഖലകളിലടക്കം വിവിധ തസ്തികകളിൽ ഉയർന്നുവരികയും ചെയ്തു. അരാമിയക്കാർ, അർമേനിയക്കാർ, കരാജ് (ജോർജിയക്കാർ) എന്നിവർക്കും പൗരത്വത്തിനുള്ള അവകാശം നൽകിയിരുന്നു. ബോസ്നിയയിലെ ബോഗോമിൽസ്, യൂറോപ്യൻ രാജ്യങ്ങളിലെ കത്തോലിക്കർ, ഗ്രീസിലെ ഓർത്തഡോക്സ് സഭാ വിശ്വാസികൾ എന്നിവരും പൗരത്വ അവകാശങ്ങൾ ഉറപ്പുനൽകപ്പെട്ട വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്നു.

വിവിധ സംസ്ഥാനങ്ങളുടെ കാര്യത്തിൽ കേന്ദ്ര ഭരണകൂടം പുലർത്തിയിരുന്ന ശ്രദ്ധ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ആധുനിക രാഷ്ട്രമീമാംസ പ്രകാരം പറഞ്ഞാൽ പൂർണമായ അർഥത്തിലുള്ള കോൺഫെഡറൽ ഘടന കാത്തുസൂക്ഷിച്ചിരുന്നു, ഉസ്മാനികൾ എന്ന് കാണാം. തലസ്ഥാനമായ ഇസ്താംബൂളിലെ ഫെഡറൽ ഗവൺമെന്റിന്റെ കൈകളിലായിരുന്നു സൈന്യം, ബജറ്റ് തുടങ്ങിയവയുടെ നിയന്ത്രണം. എന്നാൽ, സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ആസൂത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൂർണ സ്വയംഭരണാവകാശം അനുവദിച്ച് കൊടുത്തിരുന്നു. ഇപ്പോഴത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെന്ന പോലെ, സംസ്ഥാനങ്ങൾക്ക് അവരുടെ കാര്യങ്ങൾ പരിപാലിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഭരണപരമായും സാമൂഹികമായും അവ ഏറക്കുറെ സ്വതന്ത്രമാണ്. അതേസമയം, അമേരിക്കൻ വിദേശനയം, സൈന്യം, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തുടങ്ങിയവയുടെ അടിസ്ഥാന നിയന്ത്രണം വാഷിംഗ്ടന്റെ കൈയിലും.

ഖിലാഫത്തും മുസ്‌ലിം പ്രശ്നങ്ങളും
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്്ലിം ഉമ്മത്ത് പ്രശ്നങ്ങൾ നേരിട്ടപ്പോൾ അവരെ പിന്തുണക്കുന്നതിൽ ഉസ്മാനി ഖിലാഫത്ത് ഒരു തരത്തിലുള്ള വീഴ്ചയും വരുത്തിയിട്ടില്ലെന്ന് ചരിത്രത്തെ നിഷ്പക്ഷമായി സമീപിക്കുന്നവർക്ക് കാണാൻ പ്രയാസമില്ല; നിക്ഷിപ്ത താൽപര്യക്കാർ മറിച്ച് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും. 

1492-ൽ സ്പെയിനിന്റെ പതനം സംഭവിക്കുകയും മുസ്്ലിംകളും ജൂതന്മാരും അവിടെനിന്ന്  പലായനം ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്തപ്പോൾ, ഉസ്മാനി സുൽത്വാൻ ബായസീദ് രണ്ടാമൻ, തന്റെ നാവികസേനാ മേധാവിയായ ഖൈറുദ്ദീൻ ബർബറൂസയെ അവരുടെ രക്ഷക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തി. തങ്ങളുടെ ജീവനും മതവും സംരക്ഷിക്കാനായി അൻദലുസിൽനിന്ന് മെഡിറ്ററേനിയൻ സമുദ്രത്തിന്റെ മറുവശത്ത് ഉസ്മാനി ഖിലാഫത്തിന് കീഴിലുള്ള നാടുകളിലേക്ക് ഓടിപ്പോകുന്നവർക്ക് ബർബറൂസ സംരക്ഷണ വലയമൊരുക്കി. ഉസ്മാനി സാമ്രാജ്യം കടുത്ത ആഭ്യന്തര അസ്വസ്ഥതകൾ നേരിട്ടുകൊണ്ടിരുന്ന കാലമായിരുന്നു അതെന്നോർക്കണം. 

സുൽത്വാൻ മുഹമ്മദുൽ ഫാതിഹിന്റെ മരണശേഷം അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ  -ബായസീദും ജെമ്മും- തമ്മിൽ അധികാരത്തർക്കം ഉടലെടുത്തു. കറമാന്‍ ഗവര്‍ണറായിരുന്ന ജെം കൊന്‍യയിലാണ് താമസിച്ചിരുന്നത്. ജാനിസ്സരി സൈന്യത്തിന്റെയും ഉദ്യോഗസ്ഥ മേധാവികളില്‍ പ്രബല വിഭാഗത്തിന്റെയും പിന്തുണയോടെ ബായസീദ് സിംഹാസനാരോഹണം സുഗമമാക്കി. പരാജിതനായ ജെം സിറിയയിലേക്കും അവിടെനിന്ന് ഈജിപ്തിലേക്കും പിന്‍വാങ്ങി. മംലൂക് സുൽത്വാന്‍ ഖായ്ത് ബേയുടെ പിന്തുണയോടെ ജെം പുതിയ സൈന്യത്തെ സംഘടിപ്പിച്ച് കൊന്‍യക്കും അങ്കാറക്കുമെതിരെ പടനീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ജെം റോഡ്സില്‍ സെന്റ് ജോണിന്റെ പ്രഭുക്കളുടെയടുക്കല്‍ അഭയം തേടി. അവര്‍ ജെമിനെ പോപ്പിന്റെ അധീനതയിലാക്കി. ജെമിനെ ഉപയോഗിച്ച് ബായസീദിനെ ഭീഷണിപ്പെടുത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ജെമിനെ മുന്നില്‍ നിര്‍ത്തി ക്രൈസ്തവ രാജാക്കന്മാര്‍ സഖ്യംചേര്‍ന്ന് അക്രമിക്കുമെന്ന ഭീതിമൂലം ബായസീദ് കിഴക്കോ പടിഞ്ഞാറോ കാര്യമായ സൈനിക മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. 1495 ഫെബ്രുവരി 25-ന് ജെം നേപ്പ്ള്‍സില്‍ മരിക്കുന്നതുവരെ ഈ നില തുടര്‍ന്നു. സഹോദരന്മാരെ തമ്മിലടുപ്പിച്ച് ഉസ്മാനി ഖിലാഫത്തിനെ ദുർബലപ്പെടുത്തുകയും തുടർന്ന് ലോക നിയന്ത്രണം കുത്തകയാക്കുകയും ചെയ്യുക എന്നതായിരുന്നു മാർപ്പാപ്പയുടെ ലക്ഷ്യം. അത് പക്ഷെ, നടന്നില്ല.

അൽജീരിയ, തുനീഷ്യ, ഈജിപ്ത് എന്നീ നാടുകളെ പാശ്ചാത്യ കൊളോണിയലിസം വിഴുങ്ങിയ ഘട്ടത്തിലും സാധ്യമാകുന്ന രൂപത്തിൽ ആ രാജ്യങ്ങളെ പിന്തുണക്കാൻ ഉസ്മാനി ഭരണകൂടം മുന്നോട്ട് വന്നിട്ടുണ്ട്. ലോകത്തെവിടെയും മുസ്‌ലിംകളെ പിന്തുണയ്ക്കുന്നത് ഒരു നയമായി അവർ സ്വീകരിച്ച് പോന്നതായി കാണാം. ഉസ്മാനി ഖിലാഫത്ത് അതിന്റെ ഏറ്റവും ദുർബലമായ ഘട്ടങ്ങളിൽ ആയിരുന്നപ്പോഴാണ് അൽജീരിയ, തുനീഷ്യ, ലിബിയ എന്നിവയെ തങ്ങളുടെ വരുതിയിലാക്കാൻ പടിഞ്ഞാറൻ സാമ്രാജ്യത്വ ശക്തികൾ മുതിർന്നത്. തദവസരത്തിൽ  സൈനികമായി പ്രതികരിക്കാൻ കഴിയാതിരുന്ന ഉസ്മാനി ഭരണകൂടം നയതന്ത്രപരവും അന്തർദ്ദേശീയവുമായ മാർഗങ്ങളിലൂടെയാണ് പ്രതിരോധ നീക്കങ്ങൾ നടത്തിയത്. എന്നാൽ, ഇസ്തംബൂൾ, ഉത്തരാഫ്രിക്കയിലെ ഇസ്്ലാമിക ചെറുത്തുനിൽപ്പിന് നേരിട്ട് തന്നെ നേതൃത്വം നൽകുകയും ഫ്രാൻസും ഇറ്റലിയും അതെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തത് സ്മരണീയമാണ്. ഉസ്മാനി ആർക്കൈവുകളിലും ഫ്രഞ്ച് ആർക്കൈവുകളിലും സൂക്ഷിക്കപ്പെട്ടിട്ടുള്ള രേഖകൾ ഇത്തരത്തിലുള്ള ഇടപെടലുകളിലേക്ക് വെളിച്ചം വീശുന്നുണ്ട്.

തുർക്കികളും അറബികളും
തുർക്കികൾ അറബികളെ തങ്ങളോടൊപ്പം തുല്യപൗരന്മാരായി പരിഗണിച്ചിരുന്നോ എന്ന ചോദ്യം ഉയർത്തുന്നവരുണ്ട്! വിഭാഗീയ പ്രവണതകൾക്ക് അതീതമായി ഇസ്്ലാമിക ആദർശം മുന്നോട്ട് വക്കുന്ന മാനവിക മൂല്യങ്ങളോട്  പ്രതിബദ്ധത പുലർത്തിയിരുന്ന ഉസ്മാനികളെക്കുറിച്ച് അങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നത് തന്നെ ദുരുപദിഷ്ടമാണ്. തങ്ങളുടെ ഭരണ പ്രദേശത്ത് ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും വരെ പൗരത്വത്തിനുള്ള അവകാശം അനുവദിച്ച് കൊടുക്കുകയും അവർക്ക് സമ്പൂർണ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്ത തുർക്കികൾ, അറബികളുടെ കാര്യത്തിൽ മറിച്ചൊരു നിലപാട് എടുക്കുക സംഭവ്യമാണോ? വിശേഷിച്ചും, തുർക്കികളെ സംബന്ധിച്ചിടത്തോളം അറബികൾ തങ്ങളുടെ ആദർശ സഹോദരങ്ങൾ ആണെന്നിരിക്കെ. മനുഷ്യരുടെ ഇടപെടലുകളില്ലാത്ത ദൈവദത്തമായ നിയമങ്ങൾക്ക് അനുസൃതമായി ചലിക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തിലെ എല്ലാ അവകാശങ്ങളും അനുഭവിച്ചിരുന്ന സാക്ഷാൽ പൗരന്മാരായിരുന്നു അറബികൾ എന്നതാണ് യാഥാർഥ്യം. മതേതര ചിന്താഗതിക്കാർ ഉസ്മാനി സാമ്രാജ്യം ഭരിച്ച പത്ത് വർഷങ്ങൾ ഇതിന് അപവാദമാണെന്ന് പറയാം. അതാകട്ടെ, ഉസ്മാനി ഭരണകൂടത്തിന്റെ അവസാന ഘട്ടത്തിലെ പത്ത് വർഷങ്ങളാണ്.

തുർക്കി ജനകീയ സാഹിത്യവും ഈ ദുരാരോപണങ്ങൾക്ക് മറുപടി പറയുന്നത് കാണാം. ഉദാഹരണങ്ങൾ നിരവധിയാണ്. തുർക്കി ജനതയുടെ മനസ്സിൽ അറബികളുടെ സ്ഥാനം എന്തായിരുന്നുവെന്നറിയാൻ ഉസ്മാനി കാലഘട്ടത്തിൽ വിരചിതമായ കൃതികൾ പരിശോധിച്ചാൽ മാത്രം മതിയാകും. അവരുടെ സ്വഭാവ വിശേഷങ്ങളെപ്പറ്റി അവയിൽ സമൃദ്ധമായി പരാമർശിച്ചത് കാണാം. അറബികളെ ഒരു കുലീന ജനതയായാണ് തുർക്കിയിലെ എല്ലാ വിഭാഗം ജനങ്ങളും കണക്കാക്കിയിരുന്നത്. ബുദ്ധിശക്തിയാൽ വേറിട്ടുനിൽക്കുന്ന ജനവിഭാഗമെന്ന പരിവേഷവും അവർക്ക് നൽകപ്പെട്ടു. ഔദ്യോഗിക തുർക്കി സാഹിത്യത്തിൽ അറേബ്യ ഇസ്്ലാമിന്റെ ആദ്യ മാതൃഭൂമിയാണ്. അവരിലാണ് ദൈവദൂതൻ നിയോഗിക്കപ്പെട്ടത്; അവരുടെ ഭാഷയിലാണ് അല്ലാഹു ഖുർആൻ അവതരിപ്പിച്ചത്. 

തുർക്കികളിലെ ഏറ്റവും വലിയ കവിയായ അബ്ദുൽ ഹഖ്ഖ് ഹാമിദ് (1851-1937), തന്റെ കവിതകളിലും നാടകങ്ങളിലും അറബികളെ അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും അന്തസ്സിന്റെയും മാതൃകയായാണ് അവതരിപ്പിക്കുന്നത്. അപ്രകാരം തന്നെ, അറബ് മുസ്്ലിം വനിതകളെ പവിത്രതയുടെയും വീര്യം, ശൗര്യം, ധൈര്യം തുടങ്ങിയ മഹത്തായ ഗുണങ്ങളുടെയും വിളനിലമായും വിവരിച്ചു. ഭൂമിയുടെ എല്ലാ കോണുകളിലേക്കും ഇസ്‌ലാമിന്റെ പതാകവാഹകരായി പോകുന്ന ഒരു  തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ വ്യഗ്രതയെക്കുറിച്ചും തന്റെ കൃതികളിൽ അദ്ദേഹം വാചാലനാകുന്നത് കാണാം. പ്രഗൽഭ ഉസ്മാനി സാഹിത്യകാരനായ ശൈഖ് ഗാലിബ് (1757-1799), എല്ലാ മഹത്തായ ഗുണങ്ങളുടെയും മനുഷ്യർക്ക് മാതൃകയാക്കാവുന്ന സകല മൂല്യങ്ങളുടെയും വക്താക്കളായാണ് അറബികളെ വിശേഷിപ്പിച്ചത്.

യുദ്ധങ്ങളും സാംസ്കാരിക വിനിമയവും
മുസ്‌ലിം ഉമ്മത്തിന്റെ ഭാഗമെന്ന നിലയിൽ അറബികളും അനറബികളുമായ വിവിധ ജനവിഭാഗങ്ങളോടും തങ്ങളുടെ ഭരണപരിധിയിൽ അധിവസിച്ചിരുന്ന മറ്റു മത-ന്യൂനപക്ഷ സമൂഹങ്ങളോടും ഉസ്മാനി ഖിലാഫത്ത് പുലർത്തിപ്പോന്ന സൗഹാർദപരവും സമത്വപൂർണവുമായ സമീപനങ്ങൾ നാം കണ്ടു. ഇത്രയേറെ സഹിഷ്ണുതയോടെ നിലകൊണ്ടിട്ടും ദീർഘമായ ആറു നൂറ്റാണ്ടിനിടയിൽ സൽത്വനത്തിന് അനേകം യുദ്ധങ്ങളിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ട്. പ്രസ്തുത  യുദ്ധപരമ്പരകളിൽ മറുവശത്ത് ചിലപ്പോൾ യൂറോപ്പും മറ്റു ചിലപ്പോൾ റഷ്യയും ഇനിയും ചില സന്ദർഭങ്ങളിൽ ഇറാനുമാണ് ഉണ്ടായിരുന്നത്. ഉസ്മാനി ഭരണകൂടത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിലും അതിനെ തുരങ്കംവയ്ക്കുന്നതിലും പ്രസ്തു യുദ്ധങ്ങൾക്കുള്ള പങ്ക് ചെറുതല്ല.
എന്നാൽ, ഖിലാഫത്തിനെ ശിഥിലമാക്കാനുള്ള അത്തരം പ്രവണതകൾക്കെതിരെ നിരന്തരം പടപൊരുതാനും ശത്രുക്കളുടെ നീക്കങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളാനും അവർക്ക് സാധ്യമാവുകയുണ്ടായി. ഉസ്മാനി രാഷ്ട്രത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കുന്നതിൽ ഭരണ നേതൃത്വം സ്വീകരിച്ചുപോന്ന കരുത്തുറ്റ ജാഗ്രതയാണ് അതിന് സഹായകമായി വർത്തിച്ചത്. 

ഈ യുദ്ധങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ഇരുപക്ഷത്തിനും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തെങ്കിലും അതിനുമപ്പുറത്ത് മഹത്തായ പല നേട്ടങ്ങൾക്കും അത് നിമിത്തമായിട്ടുണ്ടെന്ന് കാണാം. അവയിൽ മനുഷ്യരാശിക്ക് പൊതുവിലും യൂറോപ്പിനും ഉസ്മാനി ഖിലാഫത്തിനും പ്രത്യേകിച്ചും പ്രയോജനകരമായ നിരവധി കാര്യങ്ങളുണ്ട്. യൂറോപ്പിൽ ഇസ്‌ലാമിന്റെ സന്ദേശവും സംസ്കാരവും നീതിയിൽ അധിഷ്ഠിതമായ അതിന്റെ സാമൂഹിക ക്രമവും പെരുമാറ്റ രീതികളും സാമ്പത്തിക വ്യവസ്ഥയുടെ മേൻമകളും വ്യാപകമായ തോതിൽ പ്രചരിക്കാനുള്ള സാഹചര്യം ഒരുങ്ങിയതാണ് അതിൽ പ്രധാനം. പരസ്പര സഹകരണത്തിന്റെയും സാംസ്‌കാരികവും കലാപരവുമായ ആദാനപ്രദാനങ്ങളുടെയും പുതിയ വാതിലുകൾ തുറക്കപ്പെട്ടതോടെ ഇസ്‌ലാമിക-പാശ്ചാത്യ ലോകങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വർധിച്ചു. ഉസ്മാനി സാമ്രാജ്യത്തിന്റെ എല്ലാ  ഭാഗങ്ങളിലും കളിയാടിയിരുന്ന സാമ്പത്തിക അഭിവൃദ്ധി പടിഞ്ഞാറിനെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്. 

അതോടൊപ്പം തന്നെ, ഉസ്മാനി- ഇസ്‌ലാമിക വാസ്തുവിദ്യാ രംഗത്ത് വളരെയധികം കൊള്ളക്കൊടുക്കകൾക്കും അവസരമുണ്ടായി. പാശ്ചാത്യ ലോകത്ത് പ്രചുരമായ വാസ്തുവിദ്യാ സമ്പ്രദായം മുസ്്ലിംകൾക്ക് പുതിയതായിരുന്നു. അതിനാൽ, അവർ അതിൽനിന്ന് ഏറെ പ്രയോജനം നേടി. വ്യത്യസ്ത വിഷയങ്ങളിലുള്ള ധാരാളം  ഇസ്‌ലാമിക കൃതികൾ വിവിധ യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 
എന്നാൽ, ഉസ്മാനി ഖിലാഫത്ത് ദുർബലമാവുകയും പാശ്ചാത്യ ലോകത്തെമ്പാടും വ്യാപകമായ ആധുനിക സാങ്കേതികവിദ്യയെ പര്യാപ്തമായ അളവിൽ സ്വാംശീകരിക്കാൻ കഴിയാതെ വരികയും ചെയ്ത ഘട്ടത്തിൽ ഈ യുദ്ധങ്ങൾ വിനാശകരമായ അനുഭവങ്ങളായാണ് കലാശിച്ചത്. പ്രത്യേകിച്ചും, ഖിലാഫത്തിന്റെ അവസാന കാലഘട്ടത്തിൽ. എല്ലാ ഭരണകൂട സംവിധാനങ്ങളിലും തകർച്ചയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു. സൈനിക-ശാസ്ത്ര സ്ഥാപനങ്ങൾ കാലാനുസൃതമായ നവീകരണത്തിന്റെ അഭാവത്തിൽ ഏറെ പിന്നാക്കമായി. ശരീരഘടനാ പഠനം, രസതന്ത്രം മുതലായ ശാസ്ത്രങ്ങളിൽ ഉണ്ടായ വികസനം തീരെ പരിഗണിക്കപ്പെടാതെ വന്നപ്പോൾ പുരോഗതിയില്ലാതെ മുരടിച്ചു. പുതിയ സങ്കേതങ്ങൾ നടപ്പാക്കാതെയും പഴയവ അതേപടി നിലനിർത്തിയും പോന്നതിനാൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായി.
പാശ്ചാത്യ ചിന്താഗതിക്കാരായ ആളുകൾ തുർക്കി സാമ്രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. തുർക്കി ഭരണകൂടം യുദ്ധത്തിന് ഒരു നിലക്കും പാകമല്ലാതിരുന്നിട്ടും മതേതര വാദികളായ ജമാൽ പാഷയും അൻവർ പാഷയും ഒന്നാം ലോകയുദ്ധത്തിൽ ജർമനിയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചത് ആത്യന്തികമായി ഉസ്മാനി ഖിലാഫത്തിന്റെ തകർച്ചക്ക് ആക്കംകൂട്ടുകയാണ് ചെയ്തത്. യുദ്ധത്തിലോ രാഷ്ട്രീയത്തിലോ യാതൊരുവിധ പരിചയവുമില്ലാത്ത പുതിയ യജമാനന്മാരിൽ യുവാക്കളും ഉൾപ്പെട്ടിരുന്നു. അൻവർ പാഷ, മിഡിൽ ഈസ്റ്റിലെ യുദ്ധക്കളം അവഗണിക്കുകയും മധ്യേഷ്യൻ രാജ്യങ്ങളെ റഷ്യൻ ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ ഉസ്മാനി സൈനികരെ റഷ്യയിലേക്ക് നയിക്കുകയും ചെയ്തു. തന്റെ സൈനികരുടെ ബലഹീനതയോ റഷ്യൻ രണഭൂമിയിലെ അതിശൈത്യമോ ഒന്നും അദ്ദേഹത്തിന്റെ പരിഗണനയിൽ വന്നില്ല. റഷ്യയിൽ പ്രവേശിക്കാനും മധ്യേഷ്യയിലെ തുർക്കി ജനതയെ മോചിപ്പിക്കാനും അദ്ദേഹം സൈന്യത്തോട് കൽപ്പിച്ചു. ആത്മഹത്യാപരമായ ഈ നിലപാടുകളുടെ പരിണതി സമ്പൂർണ പരാജയമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഒന്നാം ലോക യുദ്ധത്തിൽ ജർമനി പരാജയപ്പെട്ടപ്പോൾ ഉസ്മാനി സാമ്രാജ്യമാണ് അതിന്റെ കെടുതികൾ മുഴുവനും അനുഭവിക്കേണ്ടി വന്നത്.

വ്യതിചലനത്തിൻ്റെ തുടക്കം
പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് വിദ്യാഭ്യാസം നേടിയവരോ പാശ്ചാത്യ ചിന്തകളാൽ സ്വാധീനിക്കപ്പെട്ടവരോ ആയ പുതിയൊരു വരേണ്യ വിഭാഗം ഉസ്മാനി സാമ്രാജ്യത്തിൽ സ്വാധീനം ഉറപ്പിക്കുന്നതുവരെ നീതി, സമത്വം, കൂടിയാലോചന തുടങ്ങിയ മൂല്യങ്ങൾ ഏറെക്കുറെ പരിരക്ഷിക്കപ്പെട്ട് പോന്നിരുന്നു. ഭരണനിർവഹണ മേഖലയിൽ, വിശേഷിച്ചും കുഞ്ചിക സ്ഥാനങ്ങളിൽ പിടിമുറുക്കിയ ഈ അഭിജാത വർഗം പരമ്പരാഗത രീതികൾക്ക് പകരം പടിഞ്ഞാറ് നിന്ന് പകർത്തിയ മതേതര സമ്പ്രദായങ്ങളാണ് അഭികാമ്യമായി കണ്ടത്. തൻളീമാത് എന്ന പേരിൽ അറിയപ്പെട്ട ഈ ഭരണപരിഷ്കരണ നടപടികൾ പിൽക്കാലത്ത് സാമ്രാജ്യത്തിന്റെ പതനത്തിന് തന്നെ നിമിത്തമായ പ്രധാന ഘടകങ്ങളിൽ ഒന്നായിത്തീർന്നു. 

ഈ വരേണ്യ വർഗത്തിന്റെ സ്വാധീനം ക്രമേണ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയും സിവിലിയൻ പദവികളിൽ മിക്കതും ഉസ്മാനി സൈന്യത്തിലെ മർമസ്ഥാനങ്ങളും അവരുടെ നിയന്ത്രണത്തിലാവുകയും ചെയ്ത ഘട്ടത്തിലാണ് 1908-1909-ലെ അട്ടിമറി അരങ്ങേറുന്നത്. തുടർന്ന് അതുവരെ ഉസ്മാനി ഖിലാഫത്തിന്റെ ചിഹ്നമായിരുന്ന “ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദുർ റസൂലുല്ലാ” എന്നത് ഉപേക്ഷിച്ച് ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം (സ്വാതന്ത്ര്യം-സാഹോദര്യം-സമത്വം) പകരം സ്ഥാപിച്ചു. ഈ തത്വങ്ങൾ ഇസ്്ലാമിന് അന്യമായിരുന്നുവെന്ന് ധ്വനിപ്പിക്കും വിധം! 
യുവതുർക്കികൾ (അൻജുമൻ ഇത്തിഹാദ് വത്തറഖി) എന്ന പേരിൽ അറിയപ്പെട്ട ഈ കൂട്ടർ അധികാരം ഏറ്റെടുത്തതിനുശേഷം ഉസ്മാനി ഭരണകൂടം പരമ്പരാഗതമായി നിലനിർത്തിപ്പോന്ന പല മൂല്യങ്ങളും അപ്രത്യക്ഷമായി. ആശയപരമായി  ഐക്യമുള്ളവർ ആയിരുന്നില്ല, ഈ ആളുകൾ. വിഭിന്ന ചേരികളിൽ നിലയുറപ്പിച്ച അവർ അധികാരത്തിന്റെ പേരിൽ പരസ്പരം പോരാട്ടത്തിൽ ഏർപ്പെടുകയും ഒടുവിൽ ഉസ്മാനി ഭരണകൂടത്തെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ഒരു യുദ്ധത്തിലേക്ക് -ഒന്നാം ലോക യുദ്ധം- തള്ളിവിടുകയും ചെയ്തു. സാമ്രാജ്യത്വ ശക്തികൾ ഒരുക്കിയ കെണിയിൽ അവർ അകപ്പെടുകയായിരുന്നു. ഉസ്മാനി ഖിലാഫത്തിന്റെ സമ്പൂർണ തകർച്ച ഉറപ്പാക്കിയാണ് പ്രസ്തുത യുദ്ധം  അവസാനിച്ചത്. 

ഏറെ വിചിത്രമായ ഒരു സംഗതി എന്തെന്നാൽ, ഇതിനിടയിൽ സംഭവിച്ച ചില അത്യാചാരങ്ങളെ മുൻനിർത്തി പല ചരിത്രകാരന്മാരും ഉസ്മാനി സാമ്രാജ്യത്തെ അപലപിക്കുന്നുവെന്നതാണ്. അറബ് രാജ്യങ്ങളിൽ തുർക്കി ഭാഷ അടിച്ചേൽപ്പിക്കുക, ലബ്നാനിലും സിറിയയിലും അറബികൾക്കായി തൂക്കുമരം സ്ഥാപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ആയിരുന്നു, അവ. ഈ സംഭവങ്ങൾ നടന്നത് അധികാരം മതേതരവാദികളുടെ കൈകളിലായിരിക്കുമ്പോഴാണ് എന്നതാണ് യാഥാർഥ്യം. 
യുവതുർക്കികളിൽ പ്രമുഖരായ ജമാൽ പാഷ-അൻവർ പാഷ- ത്വൽഅത്ത് പാഷ എന്നീ മൂവർ സംഘമാണ് അന്ന് ഭരണത്തലപ്പത്ത് ഉണ്ടായിരുന്നത്. അവരുടെ ഭരണം പത്ത് വർഷത്തോളം നിലനിന്നിരുന്നു. ഉസ്മാനി ഖിലാഫത്ത് അതിൽ പൂർണമായും നിരപരാധികളായിരുന്നു. 

തകർച്ചയുടെ ഘടകങ്ങൾ
ആറ് നൂറ്റാണ്ടിലധികം കാലം നിലനിന്ന ഉസ്മാനി ഭരണകൂടത്തെ തകർച്ചയിലേക്ക് നയിച്ച  ഘടകങ്ങൾ മുഖ്യമായും രണ്ട് വിധത്തിലായിരുന്നുവെന്ന് കാണാം. ബാഹ്യമായ ഘടകങ്ങളാണ് അതിലൊന്ന്. ആധുനികതയുടെ ആവിർഭാവത്തോടെ യൂറോപ്പിൽ രൂപംകൊണ്ട അഭൂതപൂർവമായ ശാസ്ത്ര-സാങ്കേതിക മുന്നേറ്റത്തെ സ്വാംശീകരിക്കുന്നതിൽ ഉസ്മാനി ഭരണകൂടം വേണ്ടത്ര വിജയിച്ചില്ല.
കാർഷിക-വ്യാവസായിക വിപ്ലവങ്ങളെ തുടർന്ന് പടിഞ്ഞാറൻ നാടുകൾ ഉത്പാദന രംഗത്ത് ഏറെ ഏറെ മുമ്പോട്ട്പോയി. പ്രത്യേകിച്ചും ആയുധങ്ങളുടെയും പടക്കോപ്പുകളുടെയും ആവികൊണ്ട് പ്രവർത്തിക്കുന്ന എൻജിനുകളുടെയും നിർമാണത്തിൽ. പൗരസ്ത്യ നാടുകളെ തങ്ങളുടെ വരുതിയിലാക്കുന്നതിനും സാമ്രാജ്യത്ത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ സകല നടപടികളും അവർ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നു. 

പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ഇസ്തംബൂൾ നഗരം 1453-ൽ ഉസ്മാനികൾ ജയിച്ചടക്കി തങ്ങളുടെ തലസ്ഥാനമാക്കിയത് പടിഞ്ഞാറിനേറ്റ കനത്ത ആഘാതമായിരുന്നു. അന്ന് മുതൽ തന്നെ ഒരു പ്രതികാരത്തിനായി അവർ തക്കംപാർത്തിരുന്നു എന്നതാണ് യാഥാർഥ്യം. 1492-ലെ മുസ്്ലിം സ്പെയിനിന്റെ പതനം അതിനവർക്ക് കൂടുതൽ കരുത്ത് പകർന്നു. തുടർന്ന് കിഴക്കൻ നാടുകളിലേക്ക് വേഗത്തിൽ എത്താൻ സഹായകമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുള്ള നീക്കങ്ങൾ അവർ ശക്തിപ്പെടുത്തി. എങ്കിലും, അവ ലക്ഷ്യം കണ്ടു തുടങ്ങിയത് പിന്നെയും നൂറ്റാണ്ടുകൾ കഴിഞ്ഞാണ്. 

ഇതിനിടയിൽ വിവിധ യൂറോപ്യൻ നാടുകളിൽ നിന്ന് നിരവധി കച്ചവട-സൈനിക സംഘങ്ങൾ പൂർവദേശങ്ങളിലേക്ക് വിശിഷ്യാ, മുസ്്ലിം നാടുകളിലേക്ക് യാത്ര തിരിച്ചു. വ്യാപാരത്തിനെന്ന വ്യാജേന വിവിധയിടങ്ങളിലെത്തിയ തൽപരകക്ഷികൾക്ക് മുസ് ലിം ലോകത്തെ കീഴടക്കാനുള്ള  ആസൂത്രിത പദ്ധതികൾ ഉണ്ടായിരുന്നു. വിഭവങ്ങൾ കൊള്ളയടിക്കുന്നതിനുള്ള പ്രത്യക്ഷ നടപടികൾക്കു (ഇസ്തിഅ്മാർ) പുറമേ, മത-സാംസ്കാരിക പഠനം (ഇസ്തിശ്റാഖ് അഥവാ ഓറിയന്റലിസം), ക്രൈസ്തവ വൽക്കരണം (തൻസ്വീർ) എന്നിവയായിരുന്നു,അതിൽ മുഖ്യം. 

മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ആവിർഭാവം സൃഷ്ടിച്ച അനുകൂലാവസ്ഥ പാശ്ചാത്യരെ ബഹുദൂരം മുന്നേറാൻ സഹായിച്ചപ്പോൾ അതിന്റെ കെടുതികൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നത് മുസ്്ലിം ഭരണകൂടങ്ങൾ പ്രത്യേകിച്ചും, ഉസ്മാനി ഖിലാഫത്ത് ആയിരുന്നു. 

അധിനിവേശം ശക്തിപ്പെടുത്താനും ഉൽപ്പാദനം വർധിപ്പിക്കാനും ഇതര കൊളോണിയൽ താൽപര്യങ്ങൾ സംരക്ഷിക്കാനും സാമ്രാജ്യത്വ ശക്തികൾക്ക് വമ്പിച്ച തോതിലുള്ള വിഭവങ്ങൾ ആവശ്യമായി വന്നു. അതിന്നായി അവർ മുഖ്യമായി ആശ്രയിച്ചത് പുതുതായി വരുതിയിലാക്കിയ നാടുകളെ ആയിരുന്നു. പാശ്ചാത്യ ലോകത്ത് ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഊർജ്ജ സ്രോതസ്സുകൾക്കും പ്രകൃതി വിഭവങ്ങൾക്കും വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയ ഘട്ടത്തിൽ തന്നെയാണ് ഉസ്മാനി ഭരണ പ്രദേശത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ശേഖരത്തിന്റെ അഭാവം ഗുരുതരമായിത്തീർന്നത്.

സൈനിക-പര്യവേക്ഷക സംഘങ്ങൾ പുതുതായി ചെന്നെത്തിയ ഭൂപ്രദേശങ്ങളിൽ വിശിഷ്യാ അമേരിക്കയിൽ സ്വർണ്ണത്തിന്റെ വൻതോതിലുള്ള ശേഖരം കണ്ടെത്തയത് സാമ്രാജ്യത്വ ശക്തികൾക്ക് തങ്ങളുടെ അജണ്ടകൾ വേഗത്തിൽ നടപ്പാക്കുന്നതിന് അവസരമൊരുക്കി. 

ഉസ്മാനി ഖിലാഫത്തിന്റെ തകർച്ചയുടെ ഘടകങ്ങളിൽ രണ്ടാമത്തേത് ആഭ്യന്തരമാണ്. ഭരണസിരാകേന്ദ്രമായ  സുൽത്വാന്റെ കൊട്ടാരത്തിൽ വ്യാപകമായിത്തീർന്ന ആഡംബര പ്രമത്തതയെയും സാമ്രാജ്യത്തിന്റെ കൈവശമുണ്ടായിരുന്ന വമ്പിച്ച അളവിലുള്ള സമ്പത്തിന്റെ യുക്തിരഹിതമായ വിതരണത്തെയുമാണ് മുഖ്യമായും ഈ വശം പ്രതിനിധീകരിക്കുന്നത്. തുടർന്ന്, ഈ ആഡംബര പ്രവണത പ്രജകൾക്കിടയിലും വ്യാപിച്ചു. അനഭിലഷണീയമായ ഇത്തരം അത്യാചാരങ്ങൾ ഉസ്മാനികൾക്കിടയിൽ വ്യാപിപ്പിക്കുന്നതിൽ യൂറോപ്പിന് നിർണായക പങ്കുണ്ടായിരുന്നു. പാശ്ചാത്യ മാതൃകയിൽ ഭരണനടപടികൾ പരിഷ്കരിക്കാൻ ഉസ്മാനി ഭരണകൂടം ആഗ്രഹിച്ചപ്പോൾ, അത് സാക്ഷാൽക്കരിക്കുന്നതിനായി വിപുലമായ തോതിൽ യുവാക്കളെ യൂറോപ്പിലേക്ക് അയച്ച കാര്യം നേരത്തെ സൂചിപ്പിച്ചു. അവർ അവിടെനിന്ന് മടങ്ങിയത് യൂറോപ്യൻ ആഡംബര ജീവിതത്തിന്റെ ദൂഷ്യവശങ്ങൾ പകർത്തിക്കൊണ്ടാണ്, അവരുടെ രാജ്യത്ത് അത് പ്രയോഗവൽക്കാൻ ഉൽസുകരായിക്കൊണ്ട്. 

ഉസ്മാനി സാമൂഹിക ജീവിതത്തിൽ ഇസ്്ലാമിക മൂല്യങ്ങൾ നിലനിന്നിരുന്നിടത്തോളം കാലം സുൽത്വാനും പരിവാരങ്ങളും താമസിച്ചിരുന്നതും അദ്ദേഹം സമ്രാജ്യത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിച്ചിരുന്നതും അത്യന്തം ലളിതമായ രീതിയിലായിരുന്നു. കൊട്ടാരത്തിലെ സംവിധാനങ്ങളും വളരെ ലളിതമായിരുന്നു, എന്നാൽ, പാശ്ചാത്യ ആശയങ്ങൾ ഉൾക്കൊണ്ട പുതിയ തലമുറ അവരുടെ ജന്മനാട്ടിൽ  തിരിച്ചെത്തിയപ്പോൾ ഇതിന് നേർവിപരീതമായ സംഭവങ്ങളാണ് അരങ്ങേറിയത്. അവർ സുവർണ്ണ അലങ്കാരങ്ങൾ ഉൾപ്പെടെയുള്ള ആഡംബര ചിഹ്നങ്ങൾ തുന്നിച്ചേർത്ത ഫ്രഞ്ച് മാതൃകയിലുള്ള വസ്ത്രധാരണ രീതിയിലേക്കും മറ്റും മാറി. പരമ്പരാഗത ഉസ്മാനി വസ്ത്രങ്ങൾക്ക് പകരമായി പാശ്ചാത്യരെ അനുകരിച്ച് സ്വർണ്ണം കൊണ്ട് അലങ്കരിച്ച വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. അത്തരം ആഡംബര വസ്ത്രങ്ങളുടെ നിർമാണത്തിന്നായ് മാത്രം മുസ് ലിംകളല്ലാത്ത നിർമാതാക്കളെ ആശ്രയിക്കേണ്ട സാഹചര്യം വന്നു ചേർന്നു. ഇത്തരം നടപടികൾ, ക്രമേണ സ്വർണ്ണ വ്യാപാരത്തിന്റെ കുത്തക തന്നെ മുസ്്ലിംകളുടെ കൈകളിൽ നിന്ന് അരോമകളുടെയും അർമേനിയക്കാരുടെയും കൈകളിലേക്ക് എത്തുന്നതിന് വരെ നിമിത്തമായി.

തകർച്ച പൂർണമാവുന്നു.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ യൂറോപ്പുമായുള്ള കിടമത്സരത്തിൽ ഉസ്മാനികൾക്ക് ക്ഷീണം സംഭവിച്ച് തുടങ്ങിയെന്ന് പറയാം. ഇസ്്ലാമിക ചരിത്രത്തിലെ തന്നെ ഉത്ഥാന കാലഘട്ടത്തിന് അതോടെ തിരശ്ശീല വീഴാനും തുടങ്ങി. എങ്കിലും, ഉസ്മാനീ സൽത്വനത്ത് പിന്നെയും ഒന്നേകാൽ നൂറ്റാണ്ട് കാലം നിലനിന്നുവെന്നത് നിസ്സാര കാര്യമല്ല. 
മുസ് ലിം നാടുകളെ പൊതുവിലും ഉസ്മാനി സാമ്രാജ്യത്തെ പ്രത്യേകിച്ചും രാഷ്ട്രീയമായും സാമ്പത്തികമായും തങ്ങളുടെ വരുതിയിലാക്കാൻ സാമ്രാജ്യത്വ ശക്തികൾ സകല ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്ന പശ്ചാത്തലത്തിലാണ് 1876-ൽ സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമൻ അധികാരമേൽക്കുന്നത്.

ഉസ്മാനി ഖിലാഫത്ത് ക്ഷയോൻമുഖമായ ഘട്ടത്തിൽ സുദീർഘമായ 33 വർഷം അധികാരം കൈയാളിയ അദ്ദേഹം ഭരണകൂടത്തെ ശക്തിപ്പെടുത്താൻ പല നടപടികളും സ്വീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇസ്്ലാമിക നവോത്ഥാന നായകനായ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി, പാൻ ഇസ്‌ലാമിക ആശയങ്ങൾ മുന്നോട്ട് വെച്ചതും അക്കാലത്ത് തന്നെയാണ്. പടിഞ്ഞാറിന്റെ വെല്ലുവിളികളെ നേരിടാൻ ഏറ്റവും ഫലപ്രദവും ശക്തവുമായ ഒരായുധം എന്ന ഭാവവും ഈ ആശയത്തിന് കൈവന്നിരുന്നു. സാർവലൗകിക സാഹോദര്യത്തിൽ അധിഷ്ഠിതമായ ഇസ്്ലാമിക ഐക്യവും തദടിസ്ഥാനത്തിലുള്ള ഒരു ഭരണകൂടവും എന്നതാണ് പാൻ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കാതലായി അഫ്ഗാനി വിഭാവനം ചെയ്തത്. ഉസ്മാനി സൽത്വനേത്ത് അതിൽ ആകൃഷ്ടമാകുകയും പാൻ ഇസ്്ലാമിക ആശയങ്ങൾക്ക് പ്രായോഗിക രൂപംനൽകാൻ അഫ്ഗാനിയുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. സുൽത്വാൻ അബ്ദുൽ ഹമീദിന്റെ താൽപര്യവും പ്രായോഗിക നടപടികളും പ്രസ്ഥാനത്തിന്റെ ആശയങ്ങൾക്ക് മൂർത്ത രൂപം നൽകുന്നതിൽ കുറെയൊക്കെ വിജയിക്കുകയും ചെയ്തു. ലോകത്തെങ്ങുമുള്ള ഇസ്്ലാമിക സമൂഹങ്ങൾക്കിടയിൽ ഐക്യബോധമുണർത്തുന്നതിലും സാമ്രാജ്യത്വ ശക്തികൾക്കെതിരെ ഇസ്്ലാമിക ഖിലാഫത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിലും ഒരളവ് വരെ വിജയം നേടാൻ പാൻ ഇസ്്ലാമിക ആശയങ്ങൾക്ക് സാധിച്ചു.
എന്നാൽ, തുർക്കി ഖിലാഫത്തിനെ ഗളഹസ്തം ചെയ്യാൻ പദ്ധതികൾ ആവിഷ്കരിച്ച് തക്കംപാർത്തിരുന്ന ശത്രുക്കളുടെ ഗൂഢശ്രമങ്ങൾക്ക് ശക്തിപകരുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഉസ്മാനി സൽത്വനത്തിൽനിന്ന് അറബി നാടുകളെ വേർപ്പെടുത്തി, മക്ക ആസ്ഥാനമായി അറബികൾക്ക് പ്രാമുഖ്യമുള്ള ഒരു ഖിലാഫത്ത് സ്ഥാപിക്കുക എന്ന ആശയം, പാൻ ഇസ്‌ലാമിക പ്രസ്ഥാനത്തിൽ ഭീതി പൂണ്ട ശത്രുക്കൾ ഉയർത്തിക്കൊണ്ടു വന്നതാണ് അതിൽ പ്രധാനം. ഖിലാഫത്തിനെ സംബന്ധിച്ച അറബി ദേശീയബോധത്തിൽ അധിഷ്ഠിതമായ ഈ ആശയത്തെ മുസ്്ലിംകളിൽ ചിലരും പിന്തുണച്ചു. ഉസ്മാനി സാമ്രാജ്യത്തിന് കീഴിൽ കഴിഞ്ഞിരുന്ന അറബി-ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും പ്രസ്തുത ആവശ്യമുയർന്നതും ഇതോട് ചേർത്ത് വായിക്കണം.

തുർക്കി-അറബ് ദേശീയ വാദത്തിന് ബദലായി ഇസ്്ലാമിക ഐക്യം മുന്നോട്ടുവച്ച സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമൻ ജമാലുദ്ദീൻ അഫ്ഗാനിയുടെ ആശയങ്ങൾ സാക്ഷാൽക്കരിക്കാൻ ചില പ്രായോഗിക നടപടികൾ സ്വീകരിച്ചുവെങ്കിലും അറബി നാടുകളെ ഇസ്്ലാമിക സാമ്രാജ്യത്തിൽനിന്ന് വേർപെടുത്തി, ഖിലാഫത്ത് വ്യവസ്ഥയെ തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചിരുന്ന തീവ്രദേശീയ വാദികളുടെയും അവരുടെ പ്രായോജകരായ സാമ്രാജ്യത്വ ശക്തികളുടെയും മോഹങ്ങൾ വളരെ വേഗം സഫലമാകുന്നതാണ് പിന്നീട് കാണുന്നത്. ഇസ്്ലാമിക ഖിലാഫത്തിന്റെ ശത്രുക്കൾക്ക് ലക്ഷ്യം നേടാൻ അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തന്നെ പാൻഇസ്്ലാമിക ആശയങ്ങൾക്ക് പ്രായോഗിക രൂപംനൽകുന്നതിൽ ഗണ്യമായ സംഭാവനകൾ അർപ്പിച്ച സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമനെ ഉപജാപങ്ങളിലൂടെ സ്ഥാനഭ്രഷ്ടനാക്കുന്നതിൽ ശത്രുക്കൾ വിജയിച്ചു (1909-ൽ). 
ഒന്നാം ലോകയുദ്ധത്തിന്റെ മറപറ്റി ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ തുടക്കത്തിൽ ഇസ്്ലാമിക ഖിലാഫത്ത് വ്യവസ്ഥയെ ഭൂമുഖത്തുനിന്ന് തന്നെ തുടച്ചുമാറ്റുന്നതിലും അവർ ലക്ഷ്യം കണ്ടു. ഖിലാഫത്തിനെ നിഷ്കാസനം ചെയ്യുന്നതിന് കൂട്ടുനിൽക്കാൻ സാമ്രാജ്യത്വ ശക്തികൾ, അറബ് ദേശീയ വാദികളുടെ പിന്തുണ തേടിയിരുന്നു. ലക്ഷ്യം കൈവരിച്ചു കഴിഞ്ഞാൽ അറബികൾക്ക് തങ്ങളുടേതായ ഒരു സ്വതന്ത്ര ഖിലാഫത്ത് സ്ഥാപിക്കാൻ അവസരമൊരുക്കുമെന്നവർ വാഗ്ദാനം നൽകിയിരുന്നതിനാൽ അറബ് ദേശീയവാദികൾ, ഇ്സ്്ലാമിന്റെ ശത്രുക്കളെ നിർലോഭം സഹായിക്കുകയും ചെയ്തു.

നിരവധി നൂറ്റാണ്ടു കാലമായി നിലനിന്ന ഒരു വ്യവസ്ഥാപിത സംവിധാനമാണ് ഖിലാഫത്തിന്റെ തകർച്ചയിലൂടെ മുസ്്ലിംകൾക്ക് നഷ്ടമായത്. ഇസ്‌ലാമിക സമൂഹത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഖിലാഫത്തിന്റെ തകർച്ചയെ തുടർന്ന് നേരിടേണ്ടിവന്നത്. 

1924-ൽ മുസ്ത്വഫാ കമാൽ അത്താതുർക്ക് ഇസ്്ലാമിക ഖിലാഫത്ത് ദുർബലപ്പെടുത്തിയതായി പ്രഖ്യാപിച്ചതോടെയാണ് ഉസ്മാനീ സാമ്രാജ്യത്തിന് സമ്പൂർണ തിരശ്ശീല വീണത്.

സ്വാധീനം
ലോക ചരിത്രത്തിൽ തന്നെ ദീർഘമായ കാലഘട്ടം അധികാരം വാണവരെന്ന നിലയിൽ നാഗരികത, വിദ്യാഭ്യാസം, സാഹിത്യം, കല, സംസ്കാരം, നിയമം, സൈന്യം തുടങ്ങിയ മേഖലകളിലെല്ലാം മഹത്തായ സംഭാവനകൾ അർപ്പിച്ച ഭരണകൂടമായിരുന്നു ഉസ്മാനികളുടേത്. നിർമാണ പ്രവർത്തനങ്ങളിലും ശാസ്ത്ര-സാങ്കേതിക മേഖലയിലും പല ശ്രദ്ധേയമായ കുതിപ്പുകളും ഈ കാലത്ത് ഉണ്ടായിട്ടുണ്ട്. തുർക്കിയിലും പരിസരങ്ങളിലും ഇന്നും അതിന്റെ ശേഷിപ്പുകൾ കണാവുന്നതാണ്.

ഉസ്മാനിയ ഖിലാഫത്ത് ഇസ്്ലാമിന്റെയും മുസ്‌ലിംകളുടെയും ചരിത്രത്തിൽ മാത്രമല്ല, മനുഷ്യ നാഗരികതയുടെ സുദീർഘമായ പ്രയാണത്തിൽ തന്നെ ഇടംനേടിയ ഒരു വിസ്മയമാണ്. ഇത്രയും ദീർഘമായ കാലം സർവവിധ സന്നാഹങ്ങളോടും കൂടി നിലനിന്ന ഭരണകൂടങ്ങൾ ചരിത്രത്തിൽ തന്നെ വിരളമാണ്. അക്കാലത്തെ ജനപ്പാർപ്പുള്ള ലോകത്തിന്റെ വിശാലമായ ഭാഗമായിരുന്നുകൊണ്ട് അത് നീതിക്കായി പോരാടുകയും കഠിനാധ്വാനം ചെയ്യുകയുംചെയ്തു. തെറ്റുകൾ പലതും സംഭവിച്ചിട്ടുണ്ട്. എന്നാൽ, അതിലുപരി കൂടുതൽ ശരിയായത് പ്രവർത്തിക്കുകയും മുസ്്ലിംകൾക്ക് പ്രതാപവും മനുഷ്യരാശിക്ക് അഭിമാനവും കൈവരുത്താൻ യത്നിക്കുകയും ചെയ്തുവെന്നതാണ് ചരിത്രത്തിൽ എക്കാലത്തും ഉസ്മാനികളെ അനുസ്മരണീയരാക്കുന്നത്. 

പഠനങ്ങൾ
ഉസ്മാനി ഖിലാഫത്തിനെക്കുറിച്ചും ചരിത്രത്തിലും നാഗരികതയിലും അവർ വഹിച്ച പങ്കിനെപ്പറ്റിയും വിവിധ ലോകഭാഷകളിൽ അനേകം രചനകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവയിൽ പലതും നിക്ഷിപ്ത താൽപര്യങ്ങൾ മുൻനിർത്തി വിരചിതമായതാണ് എന്നതാണ് യാഥാർഥ്യം. ഇസ്്ലാമിക ഭരണകൂടങ്ങളെയും അതിന്റെ രാഷ്ട്രീയ-സാംസ്കാരിക സംഭാവനകളെയും മുൻവിധിയോടെ സമീപിക്കുന്നതും പലപ്പോഴും താറടിച്ച് കാണിക്കുന്നതുമായ പല സന്ദർഭങ്ങളും അവയിൽ സുലഭമാണ്. എന്നാൽ, ഉസ്മാനി ഖിലാഫത്തിനെ കുറിച്ച് നിഷ്പക്ഷവും ആധികാരികവുമായ കൃതികളും വിരചിതമായിട്ടുണ്ട്. ഉദാഹരണത്തിനായി അവയിൽ ചിലതിന്റെ പേര് മാത്രം സൂചിപ്പിക്കുന്നു: മുഹമ്മദ് ഫരീദ് ബകിന്റെ താരീഖുദ്ദൗലതിൽ അലിയ്യതിൽ ഉഥ്മാനിയ്യ; ഡോ. അലി ഹസ്സൂന്റെ താരീഖുദ്ദൗലത്തിൽ ഉഥ്മാനിയ്യ, അൽഉസ്മാനിയ്യൂന വൽബൽഖാൻ, ഡോ. മുഹമ്മദ് ഹർബിന്റെ അൽഉഥ്മാനിയ്യൂന ഫിത്താരീഖി വൽഹദാറ; മൗസൂഅതു സഫീർ ലിത്താരീഖിൽ ഇസ്്ലാമി, അബ്ദുൽ അസീസ് മുഹമ്മദ് ശനാവിയുടെ അദ്ദൗലതുൽ ഉഥ്മാനിയ്യ; ഡോ. അഹ്മദ് ശലബിയുടെ മൗസൂഅതു ത്താരീഖിൽ ഇസ്്ലാമി വൽഹദാറതിൽ ഇസ്്ലാമിയ്യ; ഹസ്സാൻ ആലാഖിന്റെ മൗഖിഫുദ്ദൗലത്തിൽ ഉസ്മാനിയ്യ മിനൽ ഹർകതിസ്സ്വിഹ്്യൂനിയ്യ- 1897-1909; മുസ്ത്വഫാ ഹിൽമിയുടെ അൽഅസ്റാറുൽ ഖഫിയ്യ വറാഅ ഇൽഗാഇൽ ഖിലാഫതിൽ ഉഥ്മാനിയ്യഃ; യൂസുഫ് ആസ്വാഫിന്റെ താരീഖു സലാത്വീനി ആലി ഉസ്മാൻ; സിയാദ് അബൂ ഗനീമയുടെ ജവാനിബു മുദീഅ ഫീ താരീഖിൽ ഉഥ്മാനിയ്യീനൽ അത്റാക്; മുഹമ്മദ് അനീസിന്റെ അദ്ദൗലതുൽ ഉഥ്മാനിയ്യഃ വശ്ശർഖുൽ അദ്നാ; മുഹമ്മദ് സ്വാദിഖുൽ അബ്സിയുടെ ഫത്ഹുൽ ഖുസ്ത്വൻത്വീനിയ്യഃ; മുഹമ്മദ് ഫുആദ് കോപ്രീലിയുടെ ഖിയാമുദ്ദൗലതിൽ ഉഥ്മാനിയ്യഃ (അറബി വിവർത്തനം); അഹ്മദ് സഈദ് സുലൈമാനും ഗസീസ് സാമിഹ് അൽതറും ചേർന്നെഴുതിയ അൽഅത്റാകുൽ ഉസ്മാനിയ്യൂന ഫീ ഇഫ്രീഖിയ്യ അശ്ശിമാലിയ്യ (അറബി വിവർത്തനം); മഹ്മൂദ് അലി ആമിറും മുഹമ്മദ് അസീറും ചേർന്നെഴുതിയ ദൗലതെ ഉഥാനിയ്യഃ; മുഹമ്മദ് സ്വാബിറിന്റെ തർകാനെ ഉഥ്മാനി തുടങ്ങിയ കൃതികൾ അതിൽ ഉൾപ്പെടുന്നു.

ഗ്രന്ഥസൂചി
മുഹമ്മദ് ഫരീദ് ബക്- താരീഖുദ്ദൗലത്തിൽ അലിയ്യതിൽ ഉഥ്മാനിയ്യ; ഡോ. അലി ഹസ്സൂൻ- താരീഖുദ്ദൗലത്തിൽ ഉസ്മാനിയ്യ, അൽഉസ്മാനിയ്യൂന വൽബൽഖാൻ; ഡോ. മുഹമ്മദ് ഹർബ്- അൽഉഥ്മാനിയ്യൂന ഫിത്താരീഖി വൽഹദാറ; അബ്ദുൽ അസീസ് മുഹമ്മദ് ശനാവി- അദ്ദൗലതുൽ ഉസ്മാനിയ്യ; ഡോ. അഹ്മദ് ശലബി- മൗസൂഅതു ത്താരീഖിൽ ഇസ്്ലാമി വൽ ഹദാറതിൽ ഇേസ്്ലാമിയ്യ; മൗസൂഅതു സഫീർ ലിത്താരീഖിൽ ഇസ്്ലാമി; ഡോ. എ.എ. ഹലീം (എഡി)- ഉസ്മാനി ഖിലാഫത്ത്: ചരിത്രം, സംസ്കാരം; ഡോ. മുഹമ്മദ് ഹർബ്- നമൂദജുൽ ഹുക്മിൽ ഇസ്്ലാമി ഫിദ്ദൗലത്തിൽ ഉസ്മാനിയ്യ: (ലേഖനം), അൽമുജ്തമഅ് അറബി വാരിക 1999 മാർച്ച് 16.  

© Bodhanam Quarterly. All Rights Reserved

Back to Top