ഫിലസ്ത്വീൻ പ്രശ്നവും ഉസ്മാനിയ ഖിലാഫത്തും
അബൂ ആദില
ഇസ്‌ലാമിന്റെ പ്രഥമ ഖിബ്‌ലയായ ബൈത്തുൽ മഖ്ദിസ് ഉൾപ്പെടുന്ന ഫിലസ്ത്വീൻ പ്രദേശം ഉസ്മാനി ഖിലാഫത്തിന്റെ ആധിപത്യത്തിൽ വരുന്നത് സുൽത്വാൻ സലീം ഒന്നാമന്റെ (875/1470-926/1520) കാലത്താണ്. 922 റജബ് 25/1516 ആഗസ്ത് 24-ന് മര്‍ജ് ദാബിഖില്‍ നടന്ന യുദ്ധത്തില്‍ ഉസ്മാനി സൈന്യം മംലൂക്കുകളെ പരാജയപ്പെടുത്തി സിറിയ, ഈജിപ്ത്, ഫിലസ്ത്വീന്‍ എന്നീ പ്രദേശങ്ങള്‍ ജയിച്ചടക്കി. കൈറോയില്‍ വെച്ച് മക്കയിലെ ശരീഫ് കഅ്ബയുടെ താക്കോല്‍ സുല്‍ത്വാന്‍ സലീമിന് സമര്‍പ്പിച്ചു. ഖാദിമുല്‍ ഹറമൈന്‍ എന്ന സ്ഥാനപ്പേരില്‍ സുല്‍ത്വാന്‍ സലീം അറിയപ്പെട്ടു. ഈജിപ്തിൽ ഉണ്ടായിരുന്ന അവസാനത്തെ അബ്ബാസി ഖലീഫ അല്‍മുതവക്കില്‍ അലല്ലാ ഖിലാഫത്ത് സുല്‍ത്വാന്‍ സലീമിനെ ഏല്‍പ്പിച്ചു. ഇതോടെ അദ്ദേഹം ആഗോള മുസ്‌ലിംകളുടെ ഖലീഫയും ഇസ്‌ലാമിക ലോകത്തിന്റെ നേതാവുമായി അംഗീകരിക്കപ്പെട്ടു. ഒപ്പം അദ്ദേഹത്തിന്റെ കാലത്ത് ഇസ്‌ലാമിക സാമ്രാജ്യം പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മുതല്‍ കാസ്പിയന്‍ കടല്‍ വരെയും യൂഫ്രട്ടീസ് നദി മുതല്‍ മാവറാഅന്നഹ്റ് വരെയും വ്യാപിച്ചുകിടന്നിരുന്നു. അങ്ങനെ 1516 മുതൽ സുദീർഘമായ നാല് നൂറ്റാണ്ട് കാലം വിശുദ്ധമായ ആ ഭൂപ്രദേശം അവർ കാത്ത് സൂക്ഷിച്ച് പോന്നു. ഉസ്മാനി സാമ്രാജ്യത്തിന്റെ പരിധിയിൽ അറബ് രാജ്യങ്ങൾ പ്രവേശിച്ചതോടെയാണ് ഫിലസ്ത്വീൻ പ്രശ്നവുമായുള്ള അവരുടെ ബന്ധം ആരംഭിച്ചതെന്ന് പറയാം. ഫിലസ്ത്വീൻ വിഷയത്തിൽ ഉസ്മാനി തുർക്കികൾ വഹിച്ച പങ്ക് ഒരിക്കലും അതർഹിക്കുന്ന പരിഗണനയോടെ ചരിത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്.
ഉസ്മാനി ചരിത്രത്തിൽ സവിശേഷ പഠനം നടത്തിയ ഇസ്തംബൂളിലെ സ്വബാഹുദ്ദീൻ സഈം സർവകലാശാലയിലെ പ്രഫ. ഡോ. മുഹമ്മദ് ഹർബ് (ജന.1941- പ്രസ്തുത വിഷയത്തിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യ അറബി ഗവേഷകനും അറബ് ലോകത്ത് ഉസ്മാനികളെ സംബന്ധിച്ച പഠനത്തിന്റെ തുടക്കക്കാരനായി അറിയപ്പെടുന്ന ആളുമാണ് ഈജിപ്തുകാരനായ അദ്ദേഹം), ജോർഡാനിയൻ ചിന്തകനും ഗ്രന്ഥകാരനും പ്രസ്ഥാന നേതാവും പത്രപ്രവർത്തകനുമായ സിയാദ് മഹ്മൂദ് അബൂഗനീമ (1937-2015) തുടങ്ങിയവർ ഈ വിഷയത്തിൽ വിലപ്പെട്ട പല വിവരങ്ങളും പുറത്തുകൊണ്ടു വന്നിട്ടുണ്ട്. അബൂഗനീമ: എഴുതുന്നു: “അറബ്-മുസ്്ലിം ചരിത്രകാരന്മാരോ പാശ്ചാത്യ ചരിത്രകാരന്മാരോ ഒരിക്കലും ഫിലസ്ത്വീൻ പ്രശ്നത്തിലെ ഉസ്മാനികളുടെ പങ്കിനെക്കുറിച്ച് വസ്തുനിഷ്ഠമായും പക്ഷാന്തരമില്ലാതെയും പരാമർശിച്ചിട്ടില്ല. പ്രത്യേകിച്ച്, ജൂതന്മാരിൽ നിന്നോ ജൂതന്മാരാൽ സ്വാധീനിക്കപ്പെട്ടവരിൽ നിന്നോ അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല; പാശ്ചാത്യ ചരിത്രകാരന്മാരിൽ ഏറെയും തുർക്കികളുടെ പങ്കിനെക്കുറിച്ച് കരിനിഴൽ വീഴ്ത്താനാണ് ശ്രമിച്ചത്. അറബ് ജനതയുമായി സഹവർത്തിത്വത്തിൽ കഴിയാൻ ശ്രമിച്ച തുർക്കികളുടെ ക്രിയാത്മക നിലപാടുകൾ ജൂതന്മാരെയും അവരുടെ സംരക്ഷകരെയും ഏറെ വിറളി പിടിപ്പിച്ചിരുന്നു. ഇരുകൂട്ടരെയും തമ്മിൽ അകറ്റാൻ ശ്രമിച്ചവർ തുർക്കികളും അറബികളും തമ്മിലുള്ള അടുപ്പം മറച്ചുവെക്കാനാണ് ശ്രമിച്ചത്.
ജൂതൻമാരുടെ കാര്യം നമുക്ക് വിടാം; എന്നാൽ, ഫിലസ്ത്വീൻ വിഷയത്തിൽ തുർക്കികളുടെ പങ്ക് രേഖപ്പെടുത്തുന്നതിൽ അറബ്- മുസ്്ലിം ചരിത്രകാരൻമാർ മാപ്പർഹിക്കാത്ത അപരാധമാണ് കാണിച്ചത്. ഫിലസ്ത്വീൻ കൊള്ളയടിക്കാനുള്ള തങ്ങളുടെ പദ്ധതികൾക്ക് തടസ്സമായി ജൂതന്മാരും അവരുടെ സഹായികളും കണക്കാക്കിയിരുന്നത് ഉസ്മാനി ഖിലാഫത്തിനെയാണ്. അതിനാൽ, ഖിലാഫത്തിനെ തകർക്കാനുള്ള പദ്ധതിയിൽ അറബികളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും അവരുടെ പിന്തുണ ഉറപ്പുവരുത്തുന്നതിലും അവർ ബദ്ധശ്രദ്ധരായി എന്നതാണ് യാഥാർഥ്യം. ചുരുക്കിപ്പറഞ്ഞാൽ, ഉസ്മാനികൾ നാല് നൂറ്റാണ്ടു കാലം ഫിലസ്ത്വീനെ സംരക്ഷിച്ചു പോന്നു; പക്ഷേ, നാം -അറബികൾ- ആകട്ടെ, മൂന്ന് പതിറ്റാണ്ട് കൊണ്ട് അതിനെ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്.''1
ഫിലസ്ത്വീനിലെ ജൂതദുർമോഹങ്ങളുടെ അപകടം ആദ്യം തിരിച്ചറിഞ്ഞത്, ആ പ്രദേശം സാമ്രാജ്യത്തിന്റെ ഭാഗമാക്കിയ സുൽത്വാൻ സലീം ഒന്നാമൻ തന്നെയാണ്. അവരുടെ ഗൂഢനീക്കങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നേരത്തെതന്നെ അറിവുണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. ഫിലസ്ത്വീൻ പ്രശ്നത്തിന്റെ ചരിത്രത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒരു നിലപാട് അദ്ദേഹം കൈക്കൊണ്ടു. ജൂതന്മാർ ഫിലസ്ത്വീനിലും സീനായിലും വസിക്കുന്നത് വിലക്കുന്ന ആദ്യത്തെ നിയമം അദ്ദേഹം പുറപ്പെടുവിച്ചത് അതിനാലാണ്.
ഫിലസ്ത്വീനിലെ ജൂത താൽപര്യങ്ങളുടെ അപകടം മണത്തറിയുന്നതിൽ അറബികളെക്കാൾ ജാഗ്രത പുലർത്തിയ ഉസ്മാനി തുർക്കികളിലെ ആദ്യകാല രാഷ്ട്രീയ നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തിനുള്ള സാക്ഷ്യപത്രമായിരുന്നു ഈ നിയമം.
ഫിലസ്ത്വീനിലും സീനായിലും ജൂതന്മാർ താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള സുൽത്വാൻ സലീമിന്റെ ഉത്തരവ്, നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന അറബികളെ ആട്ടിയോടിച്ച് ഫിലസ്ത്വീനിൽ ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. അതിനാൽ, അവർ തങ്ങളുടെ എല്ലാ കഴിവുകളും സമാഹരിച്ച് ഈ കൽപ്പന റദ്ദാക്കാൻ യത്നിച്ചു. യഹൂദ ജനതയുടെ സഹജമായ സർവ കുതന്ത്രങ്ങളും അതിനായി അവർ പ്രയോഗിച്ചു.
1492-ലെ ഗ്രാനഡയുടെ പതനത്തെ തുടർന്ന് സംജാതമായ സാഹചര്യവും അതിനായി അവർ പ്രയോജനപ്പെടുത്തിയെന്നതാണ് ഏറെ വിചിത്രമായിട്ടുള്ളത്. സ്‌പെയിനിലെ മുസ്്ലിം ഭരണകാലത്ത് ജൂതൻമാർ സർവ സ്വാതന്ത്ര്യവും അനുഭവിച്ചുകൊണ്ടാണ് അവിടെ കഴിഞ്ഞുകൂടിയിരുന്നത്.
മുസ്‌ലിംകളോട് പ്രതികാരബുദ്ധ്യാ പെരുമാറിയ ക്രിസ്ത്യൻ ഭരണാധികാരികൾ ജൂതന്മാരെയും വേട്ടയാടി. യൂറോപ്പിലെ ക്രിസ്ത്യൻ രാജ്യങ്ങൾ ജൂതന്മാർക്ക് മുമ്പിൽ തങ്ങളുടെ അതിർത്തികൾ അടച്ചിട്ടപ്പോൾ, പീഡനത്തിന് വിധേയരായ ജനതകളെന്ന നിലയിൽ അവരെ പുനരധിസിപ്പിക്കാൻ തയാറായത് സഹിഷ്ണുതക്ക് പേരുകേട്ട ഉസ്മാനി സാമ്രാജ്യമാണ്. എന്നാൽ, അതുപോലും സുൽത്വാൻ സലീമിന്റെ ഉത്തരവ് റദ്ദാക്കാനുള്ള ആദ്യ അവസരമായാണ് ജൂതന്മാർ ഉപയോഗിക്കാൻ ശ്രമിച്ചത്. അന്ന് ഉസ്മാനി സാമ്രാജ്യമല്ലാത്ത മറ്റൊരിടവും അവരെ സ്വീകരിക്കാൻ സന്നദ്ധമായി ഉണ്ടായിരുന്നില്ല എന്നോർക്കണം. മറ്റെവിടെയും ഒരഭയസ്ഥാനം അവർ കണ്ടെത്തിയതുമില്ല. ജൂതൻമാരുടെ കെണിയിൽ പക്ഷേ, തന്ത്രജ്ഞരും ബുദ്ധിമാൻമാരുമായ ഉസ്മാനി സുൽത്വാൻമാർ വീണില്ല. തന്റെ പിതാവ് പുറപ്പെടുവിച്ച കൽപ്പന നടപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണ് എന്നാണ് സുൽത്വാൻ സലീമിന്റെ പിൻഗാമിയായി അധികാരം ഏറ്റെടുത്ത സുൽത്വാൻ സുലൈമാൻ പ്രഖ്യാപിച്ചത്. ഫിലസ്ത്വീനും സീനായും ഒഴികെ ഉസ്മാനി സാമ്രാജ്യത്തിന്റെ ഏത് ഭാഗത്തും താമസിക്കാൻ സ്പെയിനിൽനിന്ന് പുറത്താക്കപ്പെട്ട ജൂതന്മാർക്ക് അവസരം നൽകിയത് അദ്ദേഹമായിരുന്നു. എന്നിട്ടും ഫിലസ്ത്വീന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിന് സുൽത്വാനെ പ്രേരിപ്പിക്കാൻ അവർ നിരന്തരം ശ്രമിച്ചുപോന്നു. ഫിലസ്ത്വീനിലേക്ക് ജൂതന്മാരുടെ നുഴഞ്ഞുകയറ്റം തടയാനുള്ള നടപടികൾ പൂർവാധികം ശക്തിയോടെ നടപ്പാക്കാൻ ഇത് സുൽത്വാനെ പ്രേരിപ്പിച്ചു.
ഫിലസ്ത്വീനിലും സീനായിലും താമസിക്കുന്നതിൽനിന്ന് തങ്ങളെ തടഞ്ഞ സുൽത്വാൻ സലീമിന്റെ ഉത്തരവ് റദ്ദാക്കിക്കിട്ടുന്നതിന് ഉസ്മാനി സാമ്രാജ്യത്തെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങളിൽനിന്ന് ജൂതന്മാർ ഒരിക്കലും പിന്തിരിഞ്ഞില്ല. നാനാമാർഗങ്ങളിലൂടെ അവരത് ആവർത്തിച്ചുകൊണ്ടേയിരുന്നു. അതിനായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി പാമർസ്റ്റണിന്റെ പേരിൽ ഔദ്യോഗിക അഭ്യർത്ഥന സമർപ്പിക്കാൻ ബ്രിട്ടീഷ് ജൂത രാഷ്ട്രീയക്കാരനായ എർലെ ഷാഫ്റ്റെസ്ട്രിയോട് അവർ നിർദ്ദേശിച്ചു. ജൂതന്മാരുടെ സമ്മർദ്ദത്തിന് വഴങ്ങിയ പാമർസ്റ്റൺ അവരാവശ്യപ്പെട്ടത് ചെയ്തു. സുൽത്വാൻ അബ്ദുൽ മജീദിനോട് (1839-1861) ഫിലസ്ത്വീനിലേക്കും സീനായിലേക്കും ജൂത കുടിയേറ്റം തടയുന്ന നിയമം നിർത്തലാക്കാൻ ഔദ്യോഗികമായി അഭ്യർഥിക്കുന്ന രേഖയുമായി പ്രതിനിധിയെ അയച്ചു. എന്നാൽ, സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ പിതാവായ സുൽത്വാൻ അബ്ദുൽ മജീദ്, പ്രസ്തുത അഭ്യർത്ഥനയുമായി ഇസ്തംബൂളിലേക്ക് വന്ന പ്രത്യേക ബ്രിട്ടീഷ് പ്രതിനിധിയെ സ്വീകരിക്കാൻ വിസമ്മതിക്കുകയും അഭ്യർഥന നിരസിക്കുകയുമാണ് ചെയ്തത്.
അബ്ദുൽ ഹമീദ് രണ്ടാമനും
ഫിലസ്ത്വീൻ പ്രശ്നവും
ഫിലസ്ത്വീന്റെ കാര്യത്തിലുള്ള യഹൂദ ദുർമോഹങ്ങൾക്ക് മുന്നിൽ ഉസ്മാനി സാമ്രാജ്യം നടത്തിയ പോരാട്ടത്തിലെ ഏറ്റവും സങ്കീർണവും അപകടകരവുമായ ഘട്ടത്തിന് സാക്ഷ്യം വഹിച്ചത് സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ ഭരണ കാലമാണ്. ജൂത താൽപര്യങ്ങളുടെ സംരക്ഷകരും സയണിസ്റ്റ് ലോബിയും ലോകത്തിലെ മിക്ക രാജ്യങ്ങളിലും -പ്രത്യേകിച്ച് അമേരിക്കയിലും ബ്രിട്ടനിലും- പടർന്നുകയറിയ അതിന്റെ നീരാളി കൈകളും തീരുമാനമെടുക്കുന്ന സകല കേന്ദ്രങ്ങളിലും പിടിമുറുക്കി. ഒപ്പം ഉസ്മാനികളെ പാട്ടിലാക്കാനുള്ള നീക്കങ്ങളും ശക്തമാക്കി. സുൽത്വാൻ അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ ഉസ്മാനികൾ അതിനെ നേരിടുന്നതിന് പ്രസ്തുത ഘട്ടത്തിൽ സ്വീകരിച്ച നടപടികളിൽ ചിലത് പ്രത്യേകം പരാമർശമർഹിക്കുന്നു.
1881-ൽ, ഇസ്തംബൂളിലെ അമേരിക്കൻ-ബ്രിട്ടീഷ് അംബാസഡർമാർ ചേർന്ന് ഒരു സംയുക്ത സമ്മർദ പ്രചാരണത്തിന് നേതൃത്വം നൽകി. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള നിരവധി അംബാസഡർമാരും കോൺസൽമാരും അതിൽ പങ്കുചേർന്നു. റഷ്യൻ ചക്രവർത്തി സാർ അലക്സാണ്ടർ രണ്ടാമന്റെ അടിച്ചമർത്തലിൽനിന്ന് രക്ഷപ്പെട്ട് ഓടിപ്പോകുന്ന റഷ്യൻ ജൂതന്മാരെ ഫിലസ്ത്വീനിലേക്ക് കുടിയേറാൻ അനുവദിക്കുന്നതിന് സുൽത്വാൻ അബ്ദുൽ ഹമീദിനെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. തന്റെ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചതിനാലാണ് ജൂതൻമാർക്ക് എതിരെ അലക്സാണ്ടർ നടപടിയെടുത്തത്. എന്നാൽ, തന്നെ വന്നുകണ്ട് വിഷയം അവതരിപ്പിക്കാൻ ശ്രമിച്ച അംബാസഡർമാരുടെ സംഘത്തിന് സുൽത്വാൻ അബ്ദുൽ ഹമീദിന്റെ ഉറച്ചതും ധീരവുമായ മറുപടി ഇതായിരുന്നു. "ഉസ്മാനി സാമ്രാജ്യം നിലനിൽക്കുന്നിടത്തോളം ജൂതന്മാരെ ഫിലസ്ത്വീനിൽ സ്ഥിരതാമസമാക്കാൻ ഞാൻ അനുവദിക്കില്ല.”2
1882-ൽ യഹൂദന്മാർ തങ്ങളുടെ ശ്രമം ആവർത്തിച്ചു. സൊസൈറ്റി ഓഫ് ലവേഴ്‌സ് ഓഫ് സീയോൺ, ഒഡെസയിലെ തന്റെ സ്ഥാനപതി മുഖേന സുൽത്വാൻ അബ്ദുൽ ഹമീദിന് അയച്ച നിവേദനത്തിന്, മുൻ ശ്രമങ്ങളെ നേരിട്ട അതേ ദൃഢതയോടെയായിരുന്നു സുൽത്വാന്റെ പ്രതികരണം.
“ഉസ്മാനി ഭൂപ്രദേശങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ജൂതന്മാരിൽ ആരെയും ഫിലസ്ത്വീനിൽ സ്ഥിരതാമസമാക്കാൻ അനുവദിക്കില്ലെന്ന് ഉസ്മാനി സർക്കാർ അറിയിക്കുന്നു.”3
സുൽത്വാൻ അബ്ദുൽ ഹമീദിന്റെ ഫിലസ്ത്വീൻ പ്രശ്നത്തെക്കുറിച്ചുള്ള ഫയലിൽ, ഫിലസ്ത്വീന്റെ പ്രാന്തപ്രദേശത്ത് കുടിയേറ്റ കേന്ദ്രം സ്ഥാപിക്കാനുള്ള ആദ്യ ജൂതശ്രമം പ്രായോഗികമായി പരാജയപ്പെടുത്തിയ ആദ്യത്തെ മുസ്്ലിം ഭരണാധികാരി അദ്ദേഹമാണെന്ന് പറയുന്നു. 1892-ൽ ഫ്രീഡ്മാൻ എന്നൊരാൾ ജർമൻ ജൂതന്മാരുടെ ഒരു സംഘത്തെ നയിച്ചുകൊണ്ട്, ശറമുശ്ശൈഖിന് അഭിമുഖമായി സ്ഥിതിചെയ്യുന്നതും അഖബ ഉൾക്കടലിന്റെ കിഴക്കൻ തീരപ്രദേശങ്ങളുമായ അൽമൂലിഹ്, അൽവജ, അദ്ദബ എന്നിവിടങ്ങളിലെത്തി, ഒരു അർധ സൈനിക സെറ്റിൽമെന്റ് സ്ഥാപിച്ചു. തദവസരത്തിൽ സുൽത്വാൻ അബ്ദുൽ ഹമീദ് ഈജിപ്ഷ്യൻ ഗവൺമെന്റിനോട് അയാളെ പുറത്താക്കാനും സെറ്റിൽമെന്റ് പൊളിക്കാനും ഉത്തരവിട്ടു. കെയ്‌റോയിലെ ജർമൻ അംബാസഡറുടെ സമ്മർദ്ദത്തിന് വഴങ്ങിയിട്ടാവാം, തന്റെ ഉത്തരവ് നടപ്പാക്കുന്നതിൽ ഈജിപ്ഷ്യൻ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് സുൽത്വാന് തോന്നി. അതെ തുടർന്ന്, പ്രസ്തുത പ്രദേശത്തിന്റെ മേൽനോട്ടം വഹിക്കാൻ ഈജിപ്ഷ്യൻ ഗവൺമെന്റിന് ഉസ്മാനികൾ നൽകിയ അധികാരം റദ്ദാക്കുന്നതായി സുൽത്വാൻ പ്രഖ്യാപിച്ചു. ഒടുവിൽ, (1892 ഫെബ്രുവരി 16-ന്) അഖബയിലും പരിസരങ്ങളിലും ഉസ്മാനി നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനുള്ള തീരുമാനം പുറപ്പെടുവിക്കാൻ ഖിദൈവി അബ്ബാസ് ഹിൽമി നിർബന്ധിതനായി. ഉടനെ തന്നെ സുൽത്വാൻ സൈനിക സംഘത്തെ നിയോഗിച്ച്, ഫ്രീഡ്മാനെയും കൂട്ടരെയും പുറത്താക്കുകയും അവർ വന്ന അതേ കപ്പലിൽ തന്നെ അവരെ ജർമനിയിലേക്ക് തിരിച്ചയച്ചയക്കുകയും ചെയ്തു.
തിയഡോർ ഹെർസലിന്റെ രംഗപ്രവേശം
തിയഡോർ ഹെർസൽ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തതിനു ശേഷം ഫിലസ്തീന്റെ കാര്യത്തിൽ ഉസ്മാനികളുമായുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. ചിലപ്പോൾ രഹസ്യമായും പലപ്പോഴും പരസ്യമായും പ്രസ്തുത സംഘർഷം തുടർന്നുകൊണ്ടേയിരുന്നു. സയണിസ്റ്റുകളും അവരുടെ സഖ്യകക്ഷികളും ബ്രിട്ടീഷുകാരും അമേരിക്കക്കാരും യൂറോപ്യന്മാരുമായ, ഉസ്മാനി സാമ്രാജ്യത്തിനുള്ളിലെ അവരുടെ സഹായികളായ ഫ്രീമേസൺമാരും അതിൽ തരാതരം പോലെ പങ്കുചേർന്നു. സുൽത്വാൻ അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ഉസ്മാനി സാമ്രാജ്യവും, മനുഷ്യരൂപംപൂണ്ട പിശാചെന്ന് ഫിലസ്ത്വീനികൾ കരുതുന്ന തിയോഡോർ ബെഞ്ചമിൻ സീവ് ഹെർസൽ നയിക്കുന്ന സയണിസ്റ്റ് പ്രസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പ്രധാന ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:
ഉസ്മാനി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അർമീനിയയിലെ ക്രിസ്ത്യാനികൾ സുൽത്വാൻ അബ്ദുൽ ഹമീദിന്റെ കാലത്ത് കലാപത്തിന് ശ്രമിച്ചപ്പോൾ ഹെർസൽ പെട്ടെന്ന് തന്നെ അതിൽ ഇടപെട്ടു. അതുവഴി സുൽത്വാനെ പ്രീതിപ്പെടുത്തുക ആയിരുന്നു ലക്ഷ്യം. അർമേനിയൻ നേതാക്കളുമായി ബന്ധപ്പെട്ട് കലാപം നിർത്താനുള്ള തന്റെ ശ്രമങ്ങൾ, തുർക്കി രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള പോളിഷ് വംശജനായ ആസ്ട്രിയൻ ജൂതൻ ഫിലിപ്പ് മൈക്കൽ ന്യൂലിൻസ്കി മുഖേന സുൽത്വാനെ അറിയിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അർമേനിയൻ കലാപം അവസാനിപ്പിക്കുന്നതിൽ തന്റെ പങ്കിനെക്കുറിച്ച് സുൽത്വാൻ സംപ്രീതനാണെന്ന് ന്യൂലിൻസ്കി ഹെർസലിനെ അറിയിച്ചുകൊണ്ടുമിരുന്നു. തദ്വാരാ അബ്ദുൽ ഹമീദ്, ജൂതന്മാരുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് ഹെർസൽ കണക്കുകൂട്ടിയത്. അതിനാൽ, അദ്ദേഹം ന്യൂലിൻസ്‌കിയെ ഇടനിലക്കാരനാക്കി ഒരു പദ്ധതി അവതരിപ്പിക്കാൻ ശ്രമിച്ചു. ഫിലസ്ത്വീനിലേക്ക് ജൂത കുടിയേറ്റം അനുവദിക്കുന്നതിന് പകരമായി ഉസ്മാനി സാമ്രാജ്യ ട്രഷറിയിലേക്ക് 20 മില്യൺ ടർക്കിഷ് ലീറ നൽകാനുള്ള ജൂതന്മാരുടെ സന്നദ്ധതയായിരുന്നു അത്. എന്നാൽ, പ്രസ്തുത ഓഫറുമായി തന്നെ സമീപിച്ച ന്യൂലിൻസ്കിയെ സുൽത്വാൻ അപ്പോൾ തന്നെ തന്റെ കൗൺസിലിൽ നിന്ന് പുറത്താക്കുകയാണുണ്ടായത്. വിവരമറിഞ്ഞ ഹെർസൽ കടുത്ത നിരാശയിലായി.
യഹൂദരുടെ പണം ഉപയോഗിച്ച് ഉസ്മാനി സാമ്രാജ്യത്തെ പിന്തുണക്കുക വഴി സുൽത്വാൻ അബ്ദുൽ ഹമീദിനെ വശീകരിക്കാനുള്ള ഹെർസലിന്റെ ശ്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. സുൽത്വാന് കൈക്കൂലി വാഗ്ദാനം ചെയ്യുന്നതിൽ ഹെർസലിന്റെ ഇടനിലക്കാർ നിരവധിയായിരുന്നു. അവരിൽ പ്രത്യക്ഷത്തിൽ മുസ്്ലിംകളും പരോക്ഷമായി യഹൂദനുമായ (ദോനുമ) ജാവിദ് ബേ, സുൽത്വാന്റെ ഏതൻസിലെ അംബാസഡർ മഹ്മൂദ് നദീം പാഷ, ജൂത പത്രപ്രവർത്തകനും ദോൻമയുമായ അഹ്മദ് മിദ്ഹത് പാഷ, ബെർലിനിലെ സുൽത്വാന്റെ അംബാസഡർ അഹ്മദ് തൗഫീഖ് പാഷ തുടങ്ങിയവർ ഉൾപ്പെടുന്നു.
ഫിലസ്ത്വീനിലേക്കുള്ള കുടിയേറ്റത്തിന്റെ വാതിലുകൾ ജൂതന്മാർക്ക് തുറന്നുകൊടുക്കാൻ സുൽത്വാനെ പ്രലോഭിപ്പിക്കാനുള്ള ഹെർസലിന്റെ എല്ലാ ശ്രമങ്ങളും തുടർച്ചയായ പരാജയം ഏറ്റുവാങ്ങിയത് അയാളെ കടുത്ത നിരാശയിലാഴ്ത്തി. അതദ്ദേഹം 1897 ആഗസ്റ്റ് 29-ന് നടന്ന ഒന്നാം സയണിസ്റ്റ് കോൺഗ്രസിന് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ പ്രകടമായിരുന്നു. ഉസ്മാനി സാമ്രാജ്യം ഫിലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തെ കർശനമായി വിലക്കിയാൽ അവിടെ ജൂത രാഷ്ട്രം സ്ഥാപിക്കപ്പെടുന്നത് അടഞ്ഞ അധ്യായമായിരിക്കുമെന്ന് അയാൾ അറിയിച്ചു.
സാമ്പത്തികമായ നീക്കങ്ങളും കൈക്കൂലിയും കൊണ്ടുള്ള പ്രലോഭന രീതിയുടെ പരാജയം, ഫിലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിനായി മറ്റുവഴികൾ തേടാൻ ഹെർസലിനെ പ്രേരിപ്പിച്ചു. പ്രസ്തുത വിഷയത്തിൽ ഉസ്മാനി സാമ്രാജ്യത്തിന്റെ നിലപാട് പാറപോലെ ഉറച്ചതാണെന്ന് അയാൾക്ക് ബോധ്യമായി. തുടർന്നാണ് ഹെർസൽ തന്റെ തന്ത്രം മാറ്റാൻ ധൃഷ്ടനായത്. ലക്ഷ്യസാക്ഷാൽക്കാരത്തിനായി ഒരു ദ്വിമുഖ തന്ത്രമാണ് പിന്നീട് അയാൾ ആവിഷ്കരിച്ചത്. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഫിലസ്ത്വീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുക എന്ന ആശയത്തെ മുൻനിർത്തിയുള്ള അന്താരാഷ്‌ട്ര ഉടമ്പടി അംഗീകരിക്കാൻ ഉസ്മാനി സാമ്രാജ്യത്തെ നിർബന്ധിക്കുന്നതായിരുന്നു ഹെർസൽ സ്വീകരിച്ച ഒന്നാമത്തെ വഴി. രണ്ടാമത്തേത്, ഫിലസ്ത്വീനിലേക്കുള്ള ജൂതന്മാരുടെ രഹസ്യ കുടിയേറ്റത്തെ ഉത്തേജിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ്. ഫിലസ്ത്വീൻ, ബൈറൂത്ത്, ജറുസലേം, ഹൈഫ എന്നിവിടങ്ങളിലെ അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളുടെ കോൺസൽമാരുടെ പരോക്ഷ പിന്തുണയുടെ മറവിൽ അനധികൃതമായി ഭൂമി സമ്പാദിക്കാൻ ജൂതൻമാരെ പ്രാപ്തരാക്കുന്നതായിരുന്നു അത്.
സുൽത്വാൻ അബ്ദുൽ ഹമീദ്, ഹെർസലിന്റെ പുതിയ തന്ത്രത്തോട് കൂടുതൽ തീവ്രമായാണ് പ്രതികരിച്ചത്. 1898 ജൂണിൽ അദ്ദേഹം പുറപ്പെടുവിച്ച നിയമത്തിൽ ഉസ്മാനി പൗരൻമാരല്ലാത്ത ഒരു വിദേശ യഹൂദനും മതപരമായ ആവശ്യങ്ങൾക്കല്ലാതെ ഫിലസ്ത്വീൻ സന്ദർശിക്കാൻ അനുവാദമില്ല എന്ന് വ്യവസ്ഥ ചെയ്തു. അവിടത്തെ അവരുടെ താമസം 30 ദിവസത്തിൽ കവിയാനും പാടില്ല. കാലാവധി അവസാനിച്ചതിന് ശേഷം അവിടെ തങ്ങുന്നവരെ ബലം പ്രയോഗിച്ച് പുറത്താക്കും. ഈ നിയമത്തിന് എതിരായി ഉസ്മാനി സാമ്രാജ്യത്തിലെ അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളിലെ അംബാസഡർമാരുടെയും കോൺസൽമാരുടെയും പ്രതിഷേധം സുൽത്വാൻ കാര്യമാക്കിയില്ല. പകരം, അവരും അവരുടെ രാജ്യങ്ങളും നിയമം പാലിക്കുന്നുണ്ടോയെന്ന് കൂടുതൽ ജാഗ്രതയോടെ നിരീക്ഷിച്ച് കൊണ്ടിരുന്നു. നിയമം ലംഘിച്ച് ഫിലസ്ത്വീനിൽ പ്രവേശിക്കാൻ ശ്രമിച്ച അന്ത്യോക്യയിലെ ജൂതനായ ബ്രിട്ടീഷ് കോൺസലിനെതിരെ അദ്ദേഹം നടപടിയെടുത്തു. ഹൈഫയിലെ ഉസ്മാനി ഗവർണർ, പുതിയ നിയമം ലംഘിച്ചതിന് ഒമ്പത് ബ്രിട്ടീഷ് ജൂതന്മാരെ പലസ്തീനിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ജറുസലേമിലെ ബ്രിട്ടീഷ് കോൺസൽ, ഉസ്മാനി സാമ്രാജ്യത്തിന് ഇത് സംബന്ധമായ പ്രതിഷേധ കുറിപ്പ് നൽകിയപ്പോൾ സുൽത്വാന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: “ഉസ്മാനി സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥർ നിയമപ്രകാരമുള്ള തങ്ങളുടെ ചുമതല നിറവേറ്റുകമാത്രമാണ് ചെയ്തത്.''4
സുൽത്വാൻ അബ്ദുൽ ഹമീദിന്റെ ക്ഷണപ്രകാരം, സുഹൃദ് രാജ്യമായ ജർമനിയുടെ ചക്രവർത്തി വില്യം കൈസർ ഉസ്മാനി സാമ്രാജ്യ തലസ്ഥാനം സന്ദർശിച്ചപ്പോൾ ഇസ്തംബൂളിലെ അമേരിക്കൻ അംബാസഡർ സ്ട്രാവിസ്, ഒരു തന്ത്രപരമായ നീക്കം നടത്തി. ഹെർസലിന് ജർമൻ ചക്രവർത്തിയെ കാണാൻ അവസരം ഒരുക്കുന്നതായിരുന്നു അത്. പ്രസ്തുത കൂടിക്കാഴ്ചയിൽ ഹെർസൽ, വില്യമിനോട് അഭ്യർഥിച്ചതെന്തെന്നാൽ, സുഹൃത്തായ സുൽത്വാനോട് ഫിലസ്ത്വീനിലേക്കുള്ള യഹൂദരുടെ കുടിയേറ്റ വിഷയത്തിൽ പുലർത്തുന്ന കാർക്കശ്യം ലഘൂകരിക്കണം എന്നതായിരുന്നു. എന്നാൽ, അതിന് തന്റെ ദൂതൻ മുഖേന ജർമൻ ചക്രവർത്തി ഹെർസലിന് നൽകിയ മറുപടി അയാളെ അത്യന്തം നിരാശനാക്കി. ഫിലസ്ത്വീനിലേക്കുള്ള യഹൂദരുടെ കുടിയേറ്റത്തെക്കുറിച്ച് അദ്ദേഹം സംസാരമധ്യേ സൂചിപ്പിക്കാൻ ശ്രമിച്ചപ്പോഴേക്കും സുൽത്വാന്റെ കണ്ണുകളിൽ തീപാറുന്നതാണ് താൻ കണ്ടതെന്നും സംഭാഷണ ഗതി തിരിച്ചുവിട്ടുവെന്നുമായിരുന്നു, അത്.
കുടിയേറ്റത്തിന്റെ വാതിൽ തുറക്കാൻ ഉസ്മാനി സാമ്രാജ്യത്തെ നിർബന്ധിക്കുന്നതിൽ തന്റെ മുൻ തന്ത്രങ്ങളെ പോലെ പുതിയതും പരാജയപ്പെട്ടുവെന്ന് ഹെർസൽ മനസ്സിലാക്കി. അയാൾ തന്ത്രം വീണ്ടും മാറ്റി. യഹൂദരുടെ ആവശ്യങ്ങൾ സുൽത്വാനെ ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കുമെന്ന പ്രതീക്ഷ അയാളിൽ പിന്നെയും അവശേഷിച്ച പോലെ. 1899 ആഗസ്റ്റ് 15-ന് ബാസലിൽ മൂന്നാം സയണിസ്റ്റ് കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ സുൽത്വാന് ഒരു ടെലിഗ്രാം അയച്ചുകൊണ്ടാണ് ഹെർസൽ തന്റെ പുതിയ തന്ത്രം പ്രയോഗിച്ചത്. കാപട്യവും ചതിയും തുളുമ്പി നിന്ന അതിൽ പ്രസ്താവിച്ചത് ഇപ്രകാരമാണ്:
“മൂന്നാം ബാസൽ കോൺഫറൻസിൽ ഒത്തുകൂടിയ സയണിസ്റ്റുകൾ, നിങ്ങളുടെ മഹത്തായ സിംഹാസനത്തിന്റെ വാതിൽപ്പടിയിൽ കൊണ്ടുവരുന്നത് എന്തെന്നാൽ, യഹൂദ പ്രജകളോടുള്ള നിങ്ങളുടെ ദയയും പരിഗണനയും നിങ്ങളുടെ മഹത്വത്തിന്റെ നിദർശനമായി അവർ കണക്കാക്കുന്നു. ഉസ്മാനി സാമ്രാജ്യത്തിന്റെ ഉയർച്ചക്കും സമൃദ്ധിക്കുമായി സംഭാവനകൾ അർപ്പിക്കാനുള്ള അവരുടെ ആത്മാർത്ഥമായ ആഗ്രഹം വിശ്വസ്തതയോടെ പ്രകടിപ്പിക്കുന്നത് ഒരു കടമായി അവർ കാണുന്നു.”5
സുൽത്വാൻ അബ്ദുൽ ഹമീദ് ഈ യഹൂദ കാപട്യത്തോട് കൂടുതൽ തീവ്രതയോടെ പ്രതികരിക്കുകയും 1900-കളുടെ അവസാനത്തിൽ ഒരു നിയമം പുറപ്പെടുവിക്കുകയും ചെയ്തു. അതനുസരിച്ച് ഫിലസ്ത്വീൻ, സിറിയ, ലബ്നാൻ, സീനായ് എന്നിവിടങ്ങളിലെ ജൂതന്മാർക്ക് ഭൂമി വിൽക്കുന്നത് അദ്ദേഹം നിരോധിച്ചു. ഈ നിയമം ഉസ്മാനി പൗരത്വമുള്ള ജൂതന്മാർക്കും ബാധകമാണ്.
എങ്കിലും ഹെർസൽ നിരാശനായില്ല. തന്റെ സുഹൃത്ത് ഹംഗേറിയൻ ജൂത ഓറിയന്റലിസ്റ്റ് ആർമിനിയസ് ഫാബ്രിയുടെ സഹായത്തോടെ സുൽത്വാൻ അബ്ദുൽ ഹമീദുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ അയാൾ അതിൽ വിജയിക്കുകയും ചെയ്തു. ഹെർസൽ തന്റെ ഡയറിയിൽ എഴുതി: “തന്റെ കോപം ഉണർത്തുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് സുൽത്വാന്റെ സമക്ഷത്തിങ്കൽ സംസാരിക്കരുതെന്ന് ഫാബ്രി എന്നെ ഉപദേശിക്കുകയുണ്ടായി: ഒന്ന്, സയണിസത്തിന്റെ പ്രശ്നം; രണ്ട്, ഫിലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ പ്രശ്നം.''6
1901 മേയ് 18-ന് സുൽത്വാൻ, ഹെർസലിന് കൂടിക്കാഴ്ചക്ക് അനുവാദം നൽകി. അയാൾ സുൽത്വാന്റെ സാന്നിധ്യത്തിൽ നിൽക്കുകയായിരുന്നു. അന്നത്തെ സംഭവവികാസങ്ങളെക്കുറിച്ച് തന്റെ ഡയറിയിൽ ഹെർസൽ വിവരിക്കുന്നുണ്ട്. സുൽത്വാൻ, ഹെർസലിനും അയാളുടെ കൂട്ടാളികളായ തുർക്കിയിലെ ജൂതന്മാരുടെ റബ്ബി മോഷെ ലെവി, തുർക്കിയിലെ ഫ്രീമേസണറിയുടെ ജൂത നേതാവ് ഇമ്മാനുവൽ ഖാർസുഹ് ഉൾപ്പെടെയുള്ളവരുടെയും നേരെ പ്രകടിപ്പിച്ച നിസ്സംഗതയിൽ തനിക്ക് ഭയവും അരിശവും തോന്നിയെന്ന് അയാൾ പറയുന്നു.
ഹെർസലിനെയും കൂട്ടാളികളെയും കൊട്ടാരത്തിൽ നിന്ന് പുറത്താക്കുന്നതിലാണ് ആ അഭിമുഖം കലാശിച്ചത്. ഫിലസ്ത്വീനിലേക്ക് കുടിയേറാൻ ജൂതന്മാരെ അനുവദിക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ പ്രസിദ്ധമാണ്. സുൽത്വാൻ അബ്ദുൽ ഹമീദിന്റെയും ഉസ്മാനി സാമ്രാജ്യത്തിന്റെയും ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തേണ്ടതാണ് അവ. അതിപ്രകാരമാണ്: “ഫിലസ്ത്വീനിലെ ഓരോ ഇഞ്ച് മണ്ണും ഞങ്ങളുടെ പൂർവ്വികർ രക്തം ചിന്തി നേടിയെടുത്തതാണ്. അന്ന് അവർ ചിന്തിയതിനേക്കാൾ കൂടുതൽ ചോര ചിന്താതെ അതിലെ ഒരു ഇഞ്ച് ഭൂമി പോലും വഞ്ചകരായ തൽപര കക്ഷകൾക്ക് വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ല.”7
ഹെർസൽ, ഇസ്തംബൂളിലെ തന്റെ താമസസ്ഥലത്ത് മടങ്ങിയെത്തിയ ശേഷം സുൽത്വാനുമായുള്ള അഭിമുഖം തന്നിലുണ്ടാക്കിയ എല്ലാ രോഷവും നിരാശയും ഡയറിയിൽ (1901 മേയ് 18) ഇങ്ങനെ രേഖപ്പെടുത്തി: “അബ്ദുൽ ഹമീദ് എന്നത് ഒരുകൂട്ടം നികൃഷ്ട വ്യക്തികളുടെ പേരാണ്.”8
പിന്നീട് അയാൾ സുൽത്വാൻ അബ്ദുൽ ഹമീദിനോട് തനിക്കുള്ള പകയും വിദ്വേഷവും തീർക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് ഏർപ്പെട്ടത്. ഉസ്മാനി സാമ്രാജ്യത്തിനെതിരായി സയണിസ്റ്റ് പ്രസ്ഥാന നേതൃത്വത്തിന് സമർപിച്ച രഹസ്യ റിപ്പോർട്ടിൽ ഹെർസൽ പറഞ്ഞു: “സുൽത്വാൻ അബ്ദുൽ ഹമീദുമായി ബന്ധപ്പെട്ട് എന്റെ ഇതുവരെയുള്ള നീക്കങ്ങളുടെ വെളിച്ചത്തിൽ ഒരു കാര്യം ഞാൻ തീർത്തു പറയാം: ഫിലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ കാര്യത്തിൽ ഉസ്മാനി സാമ്രാജ്യത്തിന്റെ നയം മാറ്റാത്തിടത്തോളം കാലം നമുക്ക് ഒരടി പോലും മുമ്പോട്ട് പോകാനാവില്ല. അതിനാൽ, ഒന്നുകിൽ നാം തുർക്കികളെ അവർ പരാജയപ്പെടുമെന്ന് ഉറപ്പുള്ള യുദ്ധങ്ങളിൽ തളച്ചിടുകയോ അല്ലെങ്കിൽ അന്തർദേശീയ പ്രശ്‌നങ്ങളിൽ കുരുക്കിയിടുകയോ ചെയ്യണം. അല്ലെങ്കിൽ ഒരേ സമയം രണ്ട് വഴികളിലൂടെയും നീങ്ങണം.”9
സയണിസ്റ്റുകൾ രണ്ട് വഴിയും സ്വീകരിച്ചുവെന്നതാണ് പിന്നീട് നാം കാണുന്നത്. ഉസ്മാനി ഭരണ പ്രദേശങ്ങളിൽ ഉടനീളം വിവിധ വംശീയ വിഭാഗങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചതോടൊപ്പം ഒന്നാം ലോക യുദ്ധത്തിലേക്ക് ഖിലാഫത്തിനെ വലിച്ചിഴക്കുകയും ചെയ്തു, സുഹൃദ് രാജ്യമായ ജർമനിയുടെ സഖ്യകക്ഷിയെന്ന നിലയിൽ.
ഒടുവിൽ, ഫിലസ്ത്വീൻ ജനതയുടെ കാര്യത്തിൽ സവിശേഷമായും മുസ്്ലിം ലോകത്തെ സംബന്ധിച്ച് പൊതുവിലും നിർഭാഗ്യകരമായ ആ ദുരന്തം സംഭവിക്കുക തന്നെ ചെയ്തു. സയണിസ്റ്റ് പ്രസ്ഥാനത്തിലെ ഹെർസലിന്റെ പിൻഗാമികൾ അവരുടെ മുഖ്യ എതിരാളിയായ സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമനെ അധികാര ഭ്രഷ്ടനാക്കുന്നതിൽ (1909) വിജയിച്ചു. അതോടെ ഫിലസ്ത്വീനിൽ ഒരു ജൂത രാഷട്രം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലും അതിന് തടസ്സമായി നിന്ന ഉസ്മാനി സാമ്രാജ്യത്തെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിലും സയണിറ്റുകൾക്ക് ഏറെ മുന്നോട്ട് പോകാനായി.
ഖിലാഫത്തിന്റെ തകർച്ചയോടെ മുസ്്ലിം ലോകത്തിന് നഷ്ടപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയാൻ അറബികൾക്കും സാധിച്ചില്ല. മഹ്മൂദ് അബൂഗനീമ എഴുതുന്നു: “ഉസ്മാനി രാഷ്ട്രത്തെ ഉന്മൂലനം ചെയ്യുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ അറബികൾ അന്താരാഷ്ട്ര സയണിസത്തെ അറിഞ്ഞോ അറിയാതെയോ സഹായിച്ചു എന്നത് ഖേദകരമാണ്. ഫിലസ്ത്വീനിലെ സയണിസ്റ്റ് അഭിലാഷങ്ങൾക്ക് പ്രതിരോധനിര തീർക്കാൻ അവസാന നിമിഷം വരെ പോരാടിയ ഉസ്മാനികളെ പിന്തുണക്കാൻ അവർക്ക് സാധിച്ചില്ല. അങ്ങനെയാണ് അറബ്-മുസ്്ലിം ഹൃദയഭൂമിയിൽ ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള ജൂതന്മാരുടെ സ്വപ്നം സാക്ഷാത്കൃതമായത്.”10
ഗ്രന്ഥസൂചി:
മുഹമ്മദ് ഫരീദ് ബക്- താരീഖുദ്ദൗലത്തിൽ അലിയ്യതിൽ ഉഥ്മാനിയ്യ; ഡോ. അലി ഹസ്സൂൻ- താരീഖുദ്ദൗലത്തിൽ ഉഥ്മാനിയ്യ; ഡോ. മുഹമ്മദ് ഹർബ്- അൽഉഥ്മാനിയ്യൂന ഫിത്താരീഖി വൽഹദാറ; മൗസൂഅതു സഫീർ ലിത്താരീഖിൽ ഇസ്്ലാമി, അബ്ദുൽ അസീസ് മുഹമ്മദ് ശനാവി- അദ്ദൗലതുൽ ഉഥ്മാനിയ്യ; ഹസ്സാൻ ആലാഖ്- മൗഖിഫുദ്ദൗലതിൽ ഉസ്മാനിയ്യ മിനൽ ഹർകതിസ്സ്വിഹ് യൂനിയ്യ-1897-1909; അടിക്കുറിപ്പുകൾ 1-10: സിയാദ് മഹ്മൂദ് അബൂഗനീമ- ദൗറുൽ അത്റാകിൽ ഉസ്മാനിയ്യീന ഫിൽ ഖദിയ്യതിൽ ഫിലസ്ത്വീനിയ്യ (ലേഖനം), അൽമുജ്തമഅ് അറബി വാരിക 1999 മാർച്ച് 16.