ഉസ്മാനിയ ഖിലാഫത്ത് നേട്ടങ്ങള്‍ ഒരു വിശകലനം

ഒരു സംഘം ലേഖകർ‌‌
img

സാമ്പത്തികം
ഉസ്മാനികള്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ വിവിധ തലസ്ഥാനങ്ങളെ സവിശേഷം പരിഗണിച്ചും പരിപാലിച്ചും പോന്നു. Bursa, Edirna, Constantinople നഗരങ്ങളെ മധ്യപൗസ്ത്യ ദേശത്തെയും കിഴക്കന്‍ യൂറോപ്പിലെയും പ്രധാന വ്യവസായ-വാണിജ്യ കേന്ദ്രങ്ങളാക്കി. ഖിലാഫത്ത് പ്രതാപത്തിന്റെ ഉച്ചിയിലെത്തിയപ്പോള്‍ ലോകത്തെതന്നെ പ്രധാന സാമ്പത്തിക സ്രോതസ്സുകളായി അവമാറി. തങ്ങള്‍ക്കു കീഴിലെ വ്യത്യസ്ത നാടുകളില്‍നിന്ന് വിദഗ്ധരായ വ്യാപാരികളെയും തൊഴിലാളികളെയും അവിടങ്ങളിലേക്ക് ആകര്‍ഷിച്ചു. മുഹമ്മദുല്‍ ഫാതിഹ്, അദ്ദേഹത്തിന്റെ പിൻഗാമി ബായസീദ് രണ്ടാമന്‍, പുത്രന്‍ സലീം ഒന്നാമന്‍ എന്നിവരാണ് ഉസ്മാനിയ ഖിലാഫത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍. ഇവരുടെ കാലത്ത് കിഴക്കന്‍ യൂറോപ്പിലും അറബ് ലോകത്തും ധാരാളം വ്യാപാര മേഖലകള്‍ തുറന്നു. ഏറ്റവും വിദഗ്ധരായ തൊഴിലാളികളെ തലസ്ഥാനത്തെത്തിക്കുക എന്നത് ഉസ്മാനികളുടെ രീതിയായിരുന്നു. തിബ് രീസും കൈറോവും ജയിച്ചടക്കിയ സലീം ഒന്നാമന്‍ ഇതിനു മാതൃകയാണ്. അന്തിലൂഷ്യയുടെ പതനശേഷം സ്‌പെയിന്‍കാരുടെ പീഡനത്തിനിരയായ മുസ് ലിംകളും യഹൂദികളും ഐബീരിയന്‍ ഉപദ്വീപ് വിട്ടപ്പോള്‍ ഉസ്മാനികള്‍ അവരെ സ്വീകരിക്കുകയും രാഷ്ട്രത്തിലെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിത്തം വഹിക്കാനായി അവര്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയു ചെയ്തു.

മുന്‍കാലങ്ങളിലെ ഏതു ഇസ് ലാമിക രാഷ്ട്രത്തെക്കാളും ഉത്തമവും ക്രിയാത്മകവുമായ രീതിയില്‍ ഉസ്മാനികള്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ സാമ്പത്തിക കാര്യങ്ങളും ഖജനാവും വ്യവസ്ഥപ്പെടുത്തി. അവരുടെ സാമ്പത്തിക വ്യവസ്ഥ പതിനേഴാം നൂറ്റാണ്ടുവരെ ഏറ്റവും മികച്ചുനിന്നു. ഖിലാഫത്തിന്റെ സുവര്‍ണ കാലത്ത് സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടത്തിനു മാത്രമായി 'ദഫ്തര്‍ദാര്‍' എന്ന പേരില്‍ ഒരാളെ നിയമിച്ചു. ഇത് ഭരണാധികാരികളുടെ ദിഗ്വിജയങ്ങളെയും സൈനിക നീക്കങ്ങളെയും നന്നായി സഹായിച്ചു. സൈന്യങ്ങള്‍ക്ക് മികച്ച ആയുധങ്ങള്‍ ലഭ്യമാക്കാന്‍ വഴിയൊരുക്കി.

നാണയം
ഉസ്മാനിയ ഖിലാഫത്തിന്റെ തുടക്കത്തില്‍ നാണയം 'ഗുറൂശ്' അഥവാ 'ഖുറൂശ്' (Kurus) എന്ന പേരില്‍ അറിയപ്പെട്ടു. ചെമ്പും വെള്ളോടും ചേര്‍ത്തു നിര്‍മിച്ചവയായിരുന്നു അത്. ഖിലാഫത്തിന്റെ അവസാന ഘട്ടത്തില്‍ 'ലീറ'(Lira) യായിരുന്നു ഉസ്മാനി നാണയം. 'ലീറ മജീദിയ്യ' 'ലീറ റശാദിയ്യ' എന്ന പോലെ അതാത് കാലത്തെ സുല്‍ത്വാനിലേക്ക് ചേര്‍ത്തായിരുന്നു ലീറ അറിയപ്പെട്ടിരുന്നത്. ഒരു ലീറ നൂറ്റി അറുപത്തി രണ്ട് ഖിര്‍ശിന് തുല്യമായിരുന്നു. അറബികള്‍ അതിനെ 'അല്‍ ഉസ്മാനിയ്യ' എന്നായിരുന്നു വിളിച്ചിരുന്നത്. ഉസ്മാനി ലീറ തുടക്കത്തില്‍ സ്വര്‍ണ നിര്‍മിതമായിരുന്നു. പിന്നീട് ഒന്നാം ലോക യുദ്ധത്തിന്റെ ഘട്ടത്തില്‍ കടലാസ് കറന്‍സികള്‍ പുറത്തിറക്കി. യുദ്ധത്തിനു വേണ്ടി വന്‍ സംഖ്യകള്‍ വിനിയോഗിക്കേണ്ടി വന്നതിനാല്‍ സ്വര്‍ണ നാണയങ്ങള്‍ അടിച്ചിറക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വര്‍ണ-വെള്ളി നാണയങ്ങളെ അപേക്ഷിച്ച് കറന്‍സികളുടെ മൂല്യം വലിയ തോതില്‍ താണു. എങ്കിലും കറന്‍സിയെ സ്വര്‍ണ ലീറക്ക് സമാനം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ക്രയവിക്രയങ്ങളില്‍ കറന്‍സി ഉപയോഗിക്കാന്‍ പൗരന്മാരെ നിര്‍ബന്ധിച്ചു. ഉസ്മാനിയ ഖിലാഫത്തിന്റെ അവസാന ഘട്ടത്തില്‍ ശാമുകാര്‍ ഈജിപ്ഷ്യന്‍ നാണയം ഉപയോഗിക്കാന്‍ തുടങ്ങി.

വ്യാപാരം
രാഷ്ട്രത്തിന്റെ പ്രധാന പാതകളിലെല്ലാം ഉസ്മാനികള്‍ വലിയ വ്യാപാര കേന്ദ്രങ്ങള്‍ തുറന്നു. സഞ്ചാരികളെയും യാത്രാസംഘങ്ങളെയും ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. കച്ചവടച്ചരക്കുകള്‍ സംഭരിക്കാനും വിലയിടാനും പ്രത്യേക കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. വ്യാപാര കേന്ദ്രങ്ങള്‍ 'ബദസ്താന്‍' എന്നറിയപ്പെട്ടു. ആദ്യഘട്ടത്തില്‍ 'ബര്‍സ'യിലും 'എദിര്‍ന'യിലും ആരംഭിച്ച ഇവ പിന്നീട് ഉസ്മാനിയ രാഷ്ട്രത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വികസിച്ചു. ചില വസ്തുക്കളുടെ വ്യാപാരത്തിനായി പ്രത്യേക സംവിധാനങ്ങളൊരുക്കിയിരുന്നു.

പതിനാലാം നൂറ്റാണ്ടില്‍ അന്താരാഷ്ട്ര വ്യാപാരം പോര്‍ച്ചുഗീസുകാരുടെയും വെനീസുകാരുടെയും നിയന്ത്രണത്തിലായിരുന്നു. തുറമുഖങ്ങളില്‍ എത്തിയിരുന്ന ചരക്കുകള്‍ കപ്പലുകളില്‍ കടല്‍ വഴിയായിരുന്നു വിറ്റഴിച്ചിരുന്നത്. വ്യാപാരവും വാണിജ്യവും പുഷ്‌കലമാകുന്ന രാഷ്ട്രങ്ങള്‍ക്കെ പുരോഗമിക്കുവാന്‍ കഴിയുകയുള്ളൂ എന്നറിയാമായിരുന്ന ഉസ്മാനികള്‍ ബി.സി രണ്ടാം നൂറ്റാണ്ടുമുതല്‍ ക്രി. ശേ. പതിനാറാം നൂറ്റാണ്ടുവരെ ഉപോയഗത്തിലിരുന്ന, ചൈനയില്‍നിന്ന് മധ്യേഷ്യയും മധ്യപൗരസ്ത്യദേശവും കടന്നുപോകുന്ന പട്ടുപാത (Silk Road) പുനരുജ്ജീവിപ്പിക്കുവാനും അതുവഴി കടല്‍ വ്യാപാരത്തേക്കാള്‍ സുരക്ഷിതമായ കരവ്യാപാരവും ചരക്കു കടത്തും സാധ്യമാക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. സുരക്ഷിതവും നിര്‍ഭയവുമായ ചരക്കു നീക്കങ്ങള്‍ സാധ്യമായതോടെ പതിനാലാം നൂറ്റാണ്ടുമുതല്‍ പതിനേഴാം നൂറ്റാണ്ടുവരെ അന്താരാഷ്ട്ര മേഖലയിലെ വ്യാപാര-വാണിജ്യ കുത്തക ഉസ്മാനികള്‍ക്കായിരുന്നു.
സഞ്ചരിച്ച് കച്ചവടം ചെയ്യുന്നവര്‍, നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്നവര്‍ എന്നിങ്ങനെ രണ്ടുതരം വ്യാപാരികളുണ്ടായിരുന്നു. നേരത്തെ പറഞ്ഞ 'ബദസ്‌താന്‍' കെട്ടിടങ്ങള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്നവരുടെ ആസ്ഥാനമായിരുന്നു. വിലനിര്‍ണയവും നികുതി ഈടാക്കലും അവിടെ വെച്ചു നടന്നു. വിലനിലവാരം നിശ്ചയിക്കുകയും നികുതി ചുമത്തുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ 'ബദസ്താനി'ല്‍ താമസിച്ചു വന്നു. അതുകൊണ്ടുതന്നെ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കാന്‍ കച്ചവടക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ബദസ്താനില്‍ ജോലിചെയ്തിരുന്ന ജീവനക്കാര്‍ ഒരു കുടുംബം പോലെ കഴിഞ്ഞുവന്നു. വിദ്യാഭ്യാസവും പരിശീലനവും നേടാത്തവരെ ഈ ജോലിക്ക് നിശ്ചയിച്ചിരുന്നില്ല.

കൃഷി, വ്യവസായം
ഉസ്മാനിയ ഖിലാഫത്തിനു കീഴിലെ ഫലഭൂയിഷ്ഠമായ കൃഷി നിലങ്ങളില്‍ പ്രധാനം ശാം നാടുകളിലെ സമതലങ്ങളായിരുന്നു. ഡാന്യൂബ്, ടൈഗ്രിസ്, യൂഫ്രട്ടിസ്, നൈല്‍ നദികളുടെ താഴ് വരകളും ഏഷ്യാമൈനറിലെയും ഉത്തര ആഫ്രിക്കയിലെയും സമതലങ്ങളും എല്ലാ കാലത്തും കാര്‍ഷിക സമൃദ്ധിക്ക് പുകള്‍ പെറ്റതായിരുന്നു. മണ്ണിന്റെ വളക്കൂറും സമൃദ്ധമായ ജലലഭ്യതയും അത്യുല്‍പാദന ശേഷിയും അവിടങ്ങളില്‍ മികച്ചു നിന്നു. ഗോതമ്പുള്‍പ്പെടെയുള്ള ധാന്യങ്ങള്‍ ശാം, ഈജിപ്ത്, അനത്തോലിയ എന്നിവിടങ്ങളിലും ഒലിവ് ശാമിലും അനത്തോലിയയിലും ബാല്‍ക്കണ്‍ രാജ്യങ്ങളിലും കൃഷി ചെയ്തുവന്നു. ഗ്രീസ്, സിറിയ, ലബനാന്‍, ഫിലസ്ത്വീന്‍, ഉത്തരാഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ മുന്തിരി, അത്തി, ചെറി, പീച്ച് (Peach), പേരക്ക, ആപ്പിള്‍, സഫര്‍ജല്‍, ബദാം മുതലായവ കൃഷി ചെയ്തുവന്നു.

കന്നുകാലി സമ്പത്തും മികച്ചതായിരുന്നു. ആട്, ചെമ്മരിയാട്, പശു, ഒട്ടകം, പോത്ത് എന്നിവയുടെ കൂട്ടങ്ങള്‍ തന്നെ ബാല്‍ക്കണിലും ഏഷ്യാമൈനറിലും ശാമിലും നൈല്‍നദീ തടങ്ങളിലും വിഹരിച്ചു മേഞ്ഞിരുന്നു.

ജൈവ, സസ്യ സ്രോതസ്സുകളില്‍നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു വന്നു. പട്ട്, കമ്പിളി, സോപ്പ് എന്നിവയുടെ നിര്‍മാണം മികച്ച നിലയില്‍ നടന്നു.
സുവര്‍ണ കാലത്ത് സൈനികോപകരണങ്ങളുടെ നിര്‍മാണത്തില്‍ പുരോഗതിയുണ്ടായി. തോക്ക്, റിവോള്‍വര്‍, പീരങ്കി മുതലായവ കൂടുതലായി നിര്‍മിച്ചു. ഹംഗറി, ഓസ്ട്രിയ, ഫ്രാന്‍സ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ക്കായിരുന്നു. ഇവയുടെ നിര്‍മാണ നേതൃത്വം. വാളുകള്‍, കുന്തങ്ങള്‍, അമ്പുകള്‍, പടയങ്കികള്‍ മുതലായവയുടെ നിര്‍മാണവും നടന്നു. ഖിലാഫത്തിന് ബലക്ഷയം സംഭവിച്ചതോടെ ഇവയുടെ നിര്‍മാണം ക്ഷയിച്ചു.

ഭരണ വ്യവസ്ഥ
ഉസ്മാനികള്‍ തങ്ങളുടെ രാഷ്ട്രത്തിന് ലളിതമായ ഒരു ഘടനയാണ് ആവിഷ്‌കരിച്ചത്. കേന്ദ്ര നേതൃത്വം, പ്രാദേശിക നേതൃത്വം എന്നീ രണ്ടു ഭരണ സംവിധാനങ്ങള്‍. സുല്‍ത്വാനായിരുന്നു ഭരണാധികാരിയും മുസ് ലിംകളുടെ ഖലീഫയും. ഭരണനിര്‍വഹണത്തില്‍ അറബ്-പേര്‍ഷ്യന്‍-ബൈസാന്റിയന്‍ രീതികള്‍ക്കൊപ്പം തുര്‍ക്കി സമ്പ്രദായങ്ങളും ചേര്‍ത്ത് പുതിയൊരു ഭരണരീതി അവര്‍ വികസിപ്പിച്ചെടുത്തു.

കേന്ദ്രഭരണം
സുല്‍ത്വാനും പരിവാരങ്ങളും അടങ്ങുന്നതാണ് കേന്ദ്ര ഭരണനേതൃത്വം. ഇവര്‍ 'ആലുഉസ്മാന്‍' (ഉസ്മാന്‍ കുടുംബം) എന്നറിയപ്പെടുന്നു. 'ദീവാന്‍' എന്ന ഓഫീസ് വിഭാഗം ഇവരെ സഹായിച്ചു. മുഖ്യ അധ്യക്ഷനും ഭരണനിര്‍വഹണ വിഭാഗത്തിലെ വ്യക്തികളും അടങ്ങുന്നതാണ് ദീവാന്‍ എന്ന കാര്യാലയം. സുല്‍ത്വാന്‍ കഴിഞ്ഞാല്‍ മുഖ്യ അധ്യക്ഷനാണ് രണ്ടാംസ്ഥാനം. ഈ സ്ഥാനം വഹിക്കുന്നവര്‍ ഒരേസമയം പ്രധാനമന്ത്രിയും കാര്യാലയ മുഖ്യനുമായിരുന്നു. സൈനിക നേതൃത്വങ്ങളുടെ നിയമനം, കേന്ദ്ര-മേഖലാ ഭരണാധികാരികളെ നിശ്ചയിക്കല്‍ മുതലായവയെല്ലാം ഇതിനു കീഴിലായിരുന്നു. ഭരണാധികാര വിഭാഗം 'അസാകിറ' 'അസ്‌കര്‍' എന്നറിയപ്പെട്ടു. 'അസ്‌കരി' എന്ന് ഏകവചനം. സാമ്പത്തിക കാര്യങ്ങളുടെ ഉത്തരവാദിത്വവും വരവു ചെലവുകളുടെ കണക്കും കൈകാര്യം ചെയ്തിരുന്നത് 'ദഫ് ത്തര്‍ദാര്‍' എന്ന തസ്തികയിലുള്ളയാളായിരുന്നു. സൈനിക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് 'കീഖിയാബാശീ' എന്ന തസ്തികയിലുള്ള സൈനിക ഉദ്യോഗസ്ഥനായിരുന്നു. 'ജാവീശ്ബാശീ' എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ ജഡ്ജിമാരുടെയും പണ്ഡിതന്മാരുടെയും വിധി ന്യായങ്ങള്‍ നടപ്പിലാക്കി വന്നു. മിക്ക സന്ദര്‍ഭങ്ങളിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചിരുന്നത് സുല്‍ത്വാനായിരുന്നു. സുല്‍ത്വാന്‍ മുറാദ് നാലാമന്റെ ഭരണകാലം വരെ ഈ രീതി തുടര്‍ന്നു. കാര്യാലയ വിഭാഗത്തിന്റെ സ്വാധീനം വര്‍ധിച്ചതോടെ സുല്‍ത്വാന്മാര്‍ അവരുടെ യോഗങ്ങളില്‍ കൂടുതലായി പങ്കെടുക്കാതായി. 

ഉസ്മാനി കാലഘട്ടം മുതല്‍ ഗവണ്‍മെന്റിന് 'അല്‍ബാബുല്‍ ആലീ' (ഉന്നതകവാടം) എന്ന് പേരു വന്നു. അടിസ്ഥാനപരമായി സുല്‍ത്വാന്റെ കൊട്ടാരത്തിനാണ് ആ പേരുപയോഗിച്ചിരിക്കുന്നത്. പിന്നീടത് രാജാവിന് ശക്തിപകരുന്ന സേനാവിഭാഗത്തിന് ഉപയോഗിച്ചു വന്നു. ഉസ്മാനി സന്താനപരമ്പരകള്‍, ഭരണം നടത്തിയ മുസ് ലിം കുടുംബങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചവരാണ്. ഉസ്മാനീ കുടുംബത്തിന്റെ നേതൃത്വവും രാഷ്ട്രത്തിന്റെ ഉത്തരവാദിത്വവും മുസ് ലിംകളുടെ ഖലീഫ പദവിയും സുല്‍ത്വാനില്‍ നിക്ഷിപതമായിരുന്നു. 'രാജാക്കന്മാരുടെ രാജാവ്' എന്ന അര്‍ഥത്തില്‍ സുല്‍ത്വാന്‍ 'ബാദ്ശാഹ്' എന്ന് വിളിക്കപ്പെട്ടു. ഇസ് ലാമിക ശരീഅത്തിന്റെ പരിധിയില്‍നിന്നുകൊണ്ട് നിരുപാധികം ഭരണ നിര്‍വഹണം നടത്താന്‍ സുല്‍ത്വാന് അവകാശമുണ്ടായിരുന്നു. ശരീഅത്തിന്റെ പരിധികള്‍ കടക്കുകയോ, ഭരണനിര്‍വഹണം അസാധ്യമാകുമാറ് ശാരീരികമോ ബുദ്ധിപരമോ ആയ പോരായ്മകള്‍ ഉണ്ടാവുകയോ, പ്രജകളുടെ വിഷയങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെയാവുകയോ ചെയ്താല്‍ പണ്ഡിത നേതൃത്വമായ ശൈഖുല്‍ ഇസ് ലാമിന് സുല്‍ത്വാനെ സ്ഥാനഭ്രഷ്ടനാക്കാന്‍ അധികാരമുണ്ടായിരുന്നു- ഉസ്മാനിയ ഖിലാഫത്തിന്റെ ശക്തിയും പ്രൗഢിയും ഉച്ചിയിലെത്തിയ ഘട്ടത്തില്‍ അധികാരത്തിലുണ്ടായിരുന്ന സുല്‍ത്വാന്മാര്‍ പൊതുവെ ശരീഅത്തിന്റെ പരിധികളില്‍ പ്രതിബദ്ധതയോടെ ജീവിച്ചവരായിരുന്നു. എന്നാല്‍ സുല്‍ത്വാന്‍ സുലൈമാനുല്‍ ഖാനൂനി(1494-1566)യുടെ ഭരണകാലശേഷം സ്ഥിതിഗതികള്‍ മാറി. സുല്‍ത്വാന്‍ മുസ്വ്്ത്വഫാ നാലാമന്‍ (1779-1808) അധികാരമേറ്റതോടെ അപചയങ്ങള്‍ തുടങ്ങി. ഇതുവരെയുള്ള കാലയളവില്‍ പതിനെട്ട് സുല്‍ത്വാന്മാര്‍ അധികാരം വാണുവെങ്കിലും അധാര്‍മികതകള്‍ക്ക് മാതൃകയായിരുന്ന മന്ത്രിമാര്‍ മുഖേനയല്ലാതെ അവര്‍ക്ക് ഭരിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാഷ്ട്രം തന്നെ തകരുമോ എന്ന് ആശങ്കിക്കേണ്ട സാഹചര്യങ്ങള്‍ പലതുമുണ്ടായി. ഇതുപരിഹരിക്കാന്‍ ഏതാനും വര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്ന ചില്ലറ പരിഹാരങ്ങള്‍ മാത്രം ചെയ്തുവന്നു.
വംശീയമായും പാരമ്പര്യപരമായും മാത്രം തുര്‍ക്കിയായിരുന്ന കുടുംബം, രാഷ്ട്രത്തിന്റെ വികാസത്തോടെ ഫലത്തില്‍ സമീപ രാജ്യങ്ങളിലെ സംസ്‌കാരങ്ങളും നാഗരികതകളുമായി ഇഴുകിച്ചേര്‍ന്ന് മിശ്രിത സമൂഹമായി മാറിക്കഴിഞ്ഞിരുന്നു. തല്‍ഫലമായി ഭരണത്തിന്റെ തുര്‍ക്കി സ്വത്വം കാലക്രമേണ നഷ്ടപ്പെട്ടു.
എല്ലാ സുല്‍ത്വാന്മാര്‍ക്കും സ്വന്തമായി സീലുണ്ടായിരുന്നു. രാജകീയ ഉത്തരവുകളിലും വിദേശ രാജാക്കന്മാര്‍ക്കും പ്രധാനികള്‍ക്കും മറ്റും അയക്കുന്ന കത്തുകളിലും സ്വന്തം സീലുകള്‍ ഉപയോഗിച്ചു. 

ഊര്‍ഖാന്‍ ഒന്നാമന്‍ തുടങ്ങിവെച്ച മോണോഗ്രാം സുല്‍ത്വാന്‍ സുലൈമാനുല്‍ ഖാനൂനിയുടെ കാലംവരെ ചിലമാറ്റങ്ങളോടെ തുടര്‍ന്നു. അദ്ദേഹത്തിനു ശേഷം വന്ന സുല്‍ത്വാന്മാര്‍ മാറ്റം വരുത്താതെ ഒരേ രീതിയില്‍ ഉപയോഗിച്ചുവന്നു.
17,18 നൂറ്റാണ്ടുകളില്‍ രാജ്യഭരണത്തില്‍ സുല്‍ത്വാന്മാരുടെ ശ്രദ്ധ കുറഞ്ഞുവന്നു. ഇവരില്‍ ചിലര്‍ ഭരണമേല്‍ക്കുന്നതിന് മുമ്പ് സുല്‍ത്വാന്‍ വംശത്തിലെ കുടുംബാംഗങ്ങള്‍ താമസിച്ചുവന്ന സ്വകാര്യ ഇടങ്ങളില്‍ കഴിഞ്ഞുവന്നവരായിരുന്നു. ഇത് അധികാരമേറ്റ ശേഷം അവരുടെ പ്രകടനങ്ങളില്‍ നിഷേധാത്മകമായി പ്രതിഫലിച്ചു. ഇവരില്‍ ചിലര്‍ ആഢംബരത്തിലും പ്രൗഡിയിലും ധൂര്‍ത്തന്മാരായിരുന്നു. കൊട്ടാരത്തിലെ വനിതകള്‍ക്ക് സുല്‍ത്വാന്മാരുടെ മേല്‍ നല്ല സ്വാധീനമുണ്ടായിരുന്നു. വിശിഷ്യ, പതിനേഴാം നൂറ്റാണ്ടില്‍. ചിലസന്ദര്‍ഭങ്ങളില്‍ കൊട്ടാരത്തിലെ സ്ത്രീകളാണ് ഭരിച്ചിരുന്നത് എന്നുപോലും പറയാം.
മുസ്വ്്ത്വഫാ നാലാമന്‍ മുതല്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ കാലം വരെ സുല്‍ത്വാന്മാര്‍ തന്നെയായിരുന്നു ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. രാജ്യകാര്യങ്ങള്‍ Committee of Union and Progress യുടെ കരങ്ങളിലായതോടെ സുല്‍ത്വാന്‍ അവരുടെ കൈകളിലെ പാവയായി. നേരത്തെ ലോകത്തെത്തന്നെ ഏറ്റവും വലിയ സ്ഥാനപ്പേരുണ്ടായിരുന്ന സുല്‍ത്വാന്‍ 'ഉസ്മാനികളുടെ സുല്‍ത്വാന്‍, മുസ് ലിംകളുടെ ഖലീഫ' എന്നീ സ്ഥാനപ്പേരുകളിലേക്ക് ചുരുങ്ങി. സുലൈമാന്‍ ഖാനൂനിയുടെ സ്ഥാനപ്പേര് ഏഴുവരിയോളം നീളത്തിൽ.
سلطان السلاطين وبرهان الخواقين، وأمير المؤمنين، وخليفة رسول ربّ العالمين، متوج الملوك وظل الله في الأرضين، وسلطان البحرين وخادم الحرمين الشريفين  ملك الأناضول والروملي وقرمان الرومان وولاية ذي القدريه وديار بكر وكردستان وأذربيجان والعجم والشام وحلب ومصر وجمع ديارالعرب واليمن وممالك كثيرة أخرى السلطان سليمان خان بن السلطان سليم خان بن السّلطان بايزيدخان 
എന്നായിരുന്നു.

ഉസ്മാനിയ ഖിലാഫത്തിന്റെ ആദ്യഘട്ടങ്ങളില്‍ 'അല്‍ വസീര്‍' എന്ന സ്ഥാനപ്പര് ഉപയോഗിച്ചിരുന്നു. സുല്‍ത്വാന്‍ മുറാദ് ഒന്നാമന്റെ മന്ത്രിയായിരുന്ന ഖലീല്‍ ഖൈറുദ്ദീന്‍ പാഷയാണ് 'വസീര്‍ അഅ്‌ളം' (മുഖ്യമന്ത്രി) എന്നതിനുപകരം 'സ്വദ്‌റ് അഅ്‌ളം' (മുഖ്യസ്ഥാനി) എന്ന പുതിയ സ്ഥാനപ്പേര് ആദ്യമായി സ്വീകരിച്ചത്. ഇതര മന്ത്രിമാരില്‍നിന്ന് വ്യത്യസ്തമായി രാജകീയ സീല്‍ കൈവശമുള്ളയാളെ വേര്‍തിരിച്ചറിയാനായിരുന്നു ഈ പേര് നല്‍കിയിരുന്നത്. ഈ പേരിനു പകരം പിന്നീട് അസ്സ്വദ്‌റുല്‍ ആലീ, അല്‍വകീലുല്‍ മുത്വ്‌ലഖ്, സ്വാഹിബുദ്ദൗല, അസ്സര്‍ദാറുല്‍ അക്രം, അസ്സര്‍ദാറുല്‍ അഅ്‌ളം, അദ്ദാത്തുല്‍ ആലീ മുതലായ സ്ഥാനപ്പേരുകളും പ്രയോഗത്തില്‍ വന്നു. സുല്‍ത്വാന്‍ സുലൈമാനുല്‍ ഖാനൂനിയുടെ കാലശേഷം ഭരണകാര്യങ്ങളില്‍ കൂടുതല്‍ ഇടപെടൽ തുടങ്ങിയതോടെ സ്വദ്‌റ് അഅ്‌ളമിന്റെ സ്ഥാനം വര്‍ധിച്ചു. ഉസ്മാനിയ ഖിലാഫത്തിലെ അല്‍ബേനിയന്‍ വംശജരും കുലീനരുമായ കോപ്രുലു കുടുംബ (Koprulu Family) ത്തില്‍നിന്ന് സ്വദ്‌റ് അഅ്‌ളമുകളായവരാണ് ഇവരില്‍ പ്രസിദ്ധന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ പുനഃസംഘടനകള്‍ക്കുശേഷം സ്ഥാനമേറ്റ സ്വദ്‌റ് അഅ്‌ളമുകള്‍ക്ക് പാശ്ചാത്യ രാജഭരണകൂടങ്ങളിലെ പ്രധാനമന്ത്രിക്കുണ്ടായിരുന്നതിനേക്കാള്‍ അധികാരങ്ങള്‍ ഉണ്ടായിരുന്നു. 1908-ലെ ഭരണഘടന അംഗീകരിച്ചതോടെ സ്വദ്‌റ് അഅ്‌ളം തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാര്‍ലമെന്റിനു മുമ്പാകെ ഉത്തരം പറയേണ്ടയാളായി മാറി.

പ്രാദേശിക ഭരണസംവിധാനം
വലുപ്പം പരിഗണിച്ച് രാഷ്ട്രത്തെ സംസ്ഥാനങ്ങളും പ്രവിശ്യകളുമായി വിഭജിച്ചു. സംസ്ഥാനത്തെ ജില്ലകളായി തിരിച്ചു. ജില്ലകളെ വീണ്ടും വിഭജിച്ചു. സംസ്ഥാന ഭരണാധികാരി പാഷ എന്നും, ജില്ല ഭരണാധികാരി ഹിക്മ്ദാര്‍ എന്നും (സ്ഥാനപ്പേര് അല്‍ബക്) അറിയപ്പെട്ടു. ഇദ്ദേഹത്തെ ഒരു ഓഫീസും സുരക്ഷാ പോലീസും സഹായിച്ചു വന്നു. ജില്ലയുടെ താഴെ ആഗാ എന്ന സ്ഥാനപ്പേരുള്ള ഒരു ഭരണാധികാരി മേല്‍നോട്ടം വഹിച്ചു.

പാര്‍ലമെന്റും ഉസ്മാനി ഭരണഘടനയും
സുല്‍ത്വാന്‍ മഹ്മൂദ് രണ്ടാമന്‍ അധികാരത്തിലേറിയ 1808-ലാണ് ഉസ്മാനിയ രാഷ്ട്രത്തില്‍ ഭരണഘടനാ ജീവിതത്തിന് തുടക്കമായത്. തന്റെ ഭരണത്തിന്റെ തുടക്കത്തില്‍ സ്വദ്‌റ് അഅ്‌ളമായിരുന്ന മുസ്വ്്ത്വഫാ പാഷ ബൈര്‍ ഖദാർ ഇസ്തംബൂളില്‍ ഒരു കൂടിയാലോചനായോഗം വിളിച്ചു. യോഗത്തില്‍വെച്ച് സംസ്ഥാന ഭരണാധികാരികള്‍ സുല്‍ത്വാനോട് കൂറുള്ളവരായിരിക്കണമെന്ന് പ്രഖ്യാപിച്ചു. ഭരണാധികാരികള്‍ തമ്മിലും രാഷ്ട്രത്തിലെ ഉദ്യോഗസ്ഥർ തമ്മിലും അനുരഞ്ജനമുണ്ടാകണമെന്നും പരസ്പര ബന്ധങ്ങള്‍ നീതിയിലധിഷ്ഠിതമാകണമെന്നും നിര്‍ണയിക്കപ്പെട്ടു. ഇത് ഉസ്മാനിയാ ഖിലാഫത്തിന്റെ യഥാര്‍ഥ അടിത്തറയാകേണ്ടിയിരുന്നുവെങ്കിലും ഫലത്തില്‍ അങ്ങനെയായില്ല. സുല്‍ത്വാന്‍ നിര്‍ബന്ധിതനായി അതില്‍ ഒപ്പുവെച്ചുവെങ്കിലും തന്റെ അധികാരം കുറച്ചു കളയുന്നു എന്ന ന്യായേന സുല്‍ത്വാന്‍ വൈകാതെ അതിനെ നിര്‍വീര്യമാക്കി. ബൈര്‍ ഖദാര്‍ വധിക്കപ്പെട്ടത് അതിന് അവസരമൊരുക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സുല്‍ത്വാന്‍ ഉസ്മാനി സംസ്ഥാനങ്ങളെ ശക്തമായ ഒരു കേന്ദ്ര ഗവണ്‍മെന്റിനു കീഴില്‍ കൊണ്ടുവന്നു.

സുല്‍ത്വാന്‍ അബ്ദുല്‍ മജീദ് ഒന്നാമന്റെ കാലത്ത് ഭരണഘടനാ സമാനമായ ധാരാളം പരിഷ്‌കാരങ്ങള്‍ വരുത്തി. 1856-ല്‍ സുല്‍ത്വാന്‍ അബ്ദുല്‍മജീദ് ഓരോ സംസ്ഥാനത്തുനിന്നും രണ്ടുപേരെ തെരഞ്ഞെടുത്ത് 'മജ്‌ലിസുഅഅ്‌യാനില്‍ വിലായാത്ത്' (സംസ്ഥാനങ്ങളിലെ പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സഭ) രൂപവല്‍ക്കരിച്ചു. അറിവും സമൂഹത്തിന്റെ അംഗീകാരമുള്ളവരായിരുന്നു ഇവര്‍. ഭരണപരിഷ്‌കരണങ്ങള്‍ നിര്‍ദേശിക്കുകയായിരുന്നു ഇവരുടെ ഉത്തരവാദിത്വം. ഇത് ഖിലാഫത്തിലെ പ്രഥമനടപടിയായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍و പ്രതിനിധികള്‍ യോഗ്യരല്ലാതിരുന്നതിനാലും കേന്ദ്രഭരണകൂടത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അവര്‍ക്കിടയില്‍ ചില സംശയങ്ങള്‍ ഉണ്ടായതിനാലും ഈ സംവിധാനം പരാജയപ്പെട്ടു. ക്രി. 1876-ല്‍ സുല്‍ത്വാന്‍ അബ്ദുല്‍ അസീസ് ഒന്നാമന്‍  നിമയങ്ങളുടെ പ്രയോഗവല്‍ക്കരണവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ക്ക് അഭിപ്രായപ്രകടനം നടത്താന്‍ കഴിയുമാറ് 'മജ്‌ലിസുദ്ദൗല' (രാഷ്ട്രസഭ) രൂപവല്‍ക്കരിച്ചു.

ഭരണകാര്യങ്ങള്‍ക്കൊപ്പം രാഷ്ട്രത്തിന്റെ നിലപാടുകളില്‍നിന്ന് വ്യതിചലിക്കുന്നതായി കരുതപ്പെടുന്ന ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ഈ സഭ കൈകാര്യം ചെയ്തു.

ഉസ്മാനിയ ഖിലാഫത്തിലെ പ്രഥമ ഭരണ ഘടനാനുസൃത സുല്‍ത്വാന്‍ എന്ന നിലയില്‍ പ്രസിദ്ധനാണ് സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍. ഉസ്മാനി സാമ്രാജ്യത്തിന് ഒരു ഭരണ ഘടന അംഗീകരിച്ചാല്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ രാജ്യകാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് ഇത്തിഫാഖുൽ ഹമിയ്യ' കൂട്ടായ്മയുടെ നേതാവ് മിദ്ഹത്ത് പാഷ ബോധ്യപ്പെടുത്തിയതനുസരിച്ച് അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ഭരണഘടന പ്രഖ്യാപിച്ചു. ശാമിലെയും ബാല്‍ക്കണ്‍ മേഖലകളിലെയും ക്രൈസ്തവ പൗരന്മാരുടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ ഭരണഘടന സഹായിക്കുമെന്ന് നിര്‍ദേശിക്കപ്പെട്ടു. മിദ്ഹത്ത് പാഷയുടെ നേതൃത്വത്തില്‍ ഭരണഘടന സമിതി രൂപംകൊണ്ടു. ഇതനുസരിച്ച് 'മജ്‌ലിസുല്‍ അഅ്‌യാന്‍' എന്ന പേരില്‍ പൗരപ്രമുഖന്മാരുടെ സഭയും 'മജ്‌ലിസുല്‍ മബ്ഊസാന്‍' എന്ന പേരില്‍ പ്രതിനിധിസഭയും രൂപവല്‍ക്കരിച്ചു.

ഭരണഘടന പ്രകാരം സുല്‍ത്വാന് സ്വതന്ത്രാധികാരമുണ്ടായിരുന്നു. ഇസ് ലാമിന്റെ സംരക്ഷകന്‍ എന്ന നിലയിലുള്ള പരിഗണന അദ്ദേഹത്തിന് ലഭിച്ചു. രാഷ്ട്രത്തിന്റെ തലസ്ഥാനവും അതിര്‍ത്തികളും നിര്‍ണയിച്ചു. പൗരന്മാരുടെ അവകാശങ്ങളും ബാധ്യതകളും വ്യവസ്ഥ ചെയ്തു. സുല്‍ത്വാന്റെ കീഴ്സ്ഥാനീയനായ സ്വദ്‌റ് അഅ്‌ളമിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു. സഭയിലേക്ക് പ്രമുഖരെ തെരഞ്ഞെടുക്കാനുള്ള അധികാരം സുല്‍ത്വാനില്‍ നിക്ഷിപ്തമാക്കി. സഭാംഗങ്ങളുടെ പ്രായം നാല്‍പതില്‍ കുറയരുതെന്ന് നിജപ്പെടുത്തി. പ്രതിനിധി സഭാംഗങ്ങളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തി. എല്ലാവര്‍ഷവും നവംബര്‍ മാസം മുതല്‍ ഫെബ്രുവരി അവസാനം വരെ സഭകളുടെ യോഗം ചേര്‍ന്നു. പുതിയ നിയമനിര്‍മാണങ്ങള്‍ സമര്‍പ്പിച്ചിരുന്നത് ഗവണ്‍മെന്റായിരുന്നു. ഇരുസഭകളിലെയും നിര്‍ദേശങ്ങള്‍ സുല്‍ത്വാന്റെ മുമ്പാകെ സമര്‍പ്പിക്കണമായിരുന്നു. സുല്‍ത്വാന്‍ അനുകൂലിച്ചാല്‍ അത് പാര്‍ലമെന്റിനു മുമ്പില്‍ വെക്കുകയാണ് ചെയ്തിരുന്നത്. ഇരുസഭകളിലെ ഒരാളെങ്കിലും വിയോജിച്ചാല്‍ അതേ സമ്മേളനത്തില്‍വെച്ച് അതില്‍ പുനരാലോചന നടത്തിയിരുന്നില്ല.

സമൂഹം, സംസ്‌കാരം
ഉസ്മാനി നാഗരികത എന്ന് പ്രത്യേകം എടുത്തുപറയാന്‍ ഒരു നാഗരികത ഉണ്ടായിരുന്നില്ല എന്നത്രെ ചരിത്രകാരമതം. മുന്‍നാഗരികതകളുടെയും സമകാലിക നാഗരികതകളുടെയും സങ്കരമെന്നു പറയാവുന്ന നാഗരികതയാണ് അവിടെ നിലവിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അറബികളുടെയും പേര്‍ഷ്യക്കാരുടെയും ബൈസാന്റിയയുടെയും യൂറോപ്പിന്റെയും സ്വാധീനം അതില്‍ ദൃശ്യമായിരുന്നു. ഉസ്മാനിയ നാഗരികത അബ്ബാസി കാലത്ത് പാരമ്യത്തിലെത്തിയ അറബി-ഇസ് ലാമിക നാഗരികതയുടെ വികസിത രൂപമായിരുന്നു എന്നു നമുക്ക് പറയാം. ഉസ്മാനിയ ഘട്ടത്തില്‍ തുര്‍ക്കി ടച്ചോടെ നാഗരികത വികസിച്ചു. തുടക്കത്തില്‍ ബൈസാന്റിയന്‍ സ്വാധീനവും ശേഷം യൂറോപ്യന്‍ ഛായയും കൈവരികയുണ്ടായി.

സാമൂഹിക ഘടന
ഇതര സാമൂഹിക വിഭാഗങ്ങളുടെ അവകാശങ്ങൾ ധ്വംസിക്കാത്ത രാഷ്ട്രീയ നിലപാടുകളായിരുന്നു ഉസ്മാനികള്‍ സ്വീകരിച്ചിരുന്നത്. തങ്ങളുടെ കീഴിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഓരോ വിഭാഗത്തിനും ഉത്തരവാദപ്പെട്ടവരെ നിശ്ചയിച്ചിരുന്നു. സുല്‍ത്ത്വാന്നു മുമ്പാകെ അവരായിരുന്നു കാര്യങ്ങള്‍ ധരിപ്പിക്കേണ്ടിയിരുന്നത്. രാഷ്ട്രത്തിന്റെ ബലക്ഷയത്തിനും ചില ദേശീയതകള്‍ വിഘടന വാദം ഉന്നയിക്കാനും ഇതാണ് കാരണമായതെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുമ്പോള്‍ നാനാത്വവും വൈവിധ്യവുമാണ് ഖിലാഫത്തിനെ നൂറ്റാണ്ടുകളോളം നിലനിര്‍ത്തിയതെന്ന മറുവാദവും നിലവിലുണ്ട്. ചില മത-വംശീയ വിഭാഗങ്ങളെ രാഷ്ട്രത്തിന്റെ ഭൂവിഭാഗങ്ങളില്‍ സ്വതന്ത്രമായി ജീവിക്കാനും ജിസ് യ ഒടുക്കി മതാചാരങ്ങളും ചിഹ്നങ്ങളും നിലനിര്‍ത്തിപ്പോരാനും സുല്‍ത്താന്മാര്‍ അനുവദിക്കുകയുണ്ടായി. സുല്‍ത്വാന്‍ മുഹമ്മദുല്‍ ഫാതിഹ് യഹൂദികളെയും ക്രൈസ്തവരെയും കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് ക്ഷണിച്ചു വരുത്തിയത് ഉദാഹരണം.
കോണ്‍സ്റ്റാന്റിനോപ്പിള്‍ പോലെയുള്ള നഗരങ്ങള്‍ സവിശേഷമായ സാംസ്‌കാരിക-സാമൂഹിക ഛായയുള്ളവയായിരുന്നു. വാണിജ്യ കേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍, സംസ്ഥാന ആസ്ഥാനങ്ങള്‍, മതകേന്ദ്രങ്ങള്‍ എന്നീ നിലകളില്‍ അവ പ്രസിദ്ധങ്ങളായിരുന്നു.
സരായാവോ, സ്‌കൂബിയ, സലോനിക്, ദമസ്‌കസ്, ബഗ്ദാദ്, ബൈറൂത്ത്, മക്ക, ഖുദ്‌സ് നഗരങ്ങള്‍ ഇപ്പോഴും ഉസ്മാനി ടച്ച് നിലനിര്‍ത്തിപ്പോരുന്നു. ഈ നഗരങ്ങളിലെ അധിക നിവാസികളും ഉസ്മാനിയ ഖിലാഫത്തു കാലത്ത് ഇതര രാജ്യങ്ങളില്‍നിന്ന് ഈ നഗരങ്ങളില്‍ കുടിയേറിപ്പാര്‍ത്തവരാണ്. 
(തീര്‍ന്നില്ല)

© Bodhanam Quarterly. All Rights Reserved

Back to Top