ഖുര്‍ആനിലെ പദകൗതുകങ്ങള്‍ أَلَّفَ، شَكْوَى

ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദി‌‌

تألِيفْ എന്ന പദം
ألُوف ، خَمْسَة الآف ، ثَلاثة الآف ، ألْفَان ، أَلْفْ ، الْمُؤَلَّفَةُ قُلُوبُهُمْ ، إيلَافْ ، يُؤَلِّفُ ، أَلَّفَ
എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളില്‍ ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്.
പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റാഗിബുല്‍ അസ്വ്ഫഹാനി എഴുതുന്നു:
التّأليف: الإلف اجتماع مع التئام، يقال: ألفت بينهم، ومنه الألفة والمؤلّف: ما جمع من أجزاء مختلفة ورتب ترتيبا قدم فيه ما حقه أن يقدم وأخر فيه ما حقه أن يؤخر
والأَلْف: سمّي بذلك لأن الأعداد فيه مؤتلفة فإن الأعداد أربعة: آحاد ، وعشرات ومئات وألوف. فاذا بلغت الألف فقد ائتلفت، وما بعده يكون مكرّرًا
  എന്നാല്‍ സംയോജിച്ച് ഒന്നാവുക എന്നര്‍ഥം 'അല്ലഫ്ത്തു ബൈനഹും' എന്നാല്‍ 'ഞാന്‍ അവര്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കി.' اَلأُلْفَة  (ഇണക്കം) എന്ന പദം അതില്‍ നിന്നുണ്ടായതാണ്.  اَلْمُؤَلَّف എന്നാല്‍ വ്യത്യസ്ത ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച് മുന്തിക്കേണ്ടത് മുന്തിച്ചും പിന്തിക്കേണ്ടത് പിന്തിച്ചും ക്രോഡീകരിക്കപ്പെട്ടത് എന്നര്‍ഥം.
 اَلْأَلْف (ആയിരം) എന്ന പദം പല അക്കങ്ങള്‍ ചേര്‍ന്നത് എന്ന അര്‍ഥത്തിലാണ് ഉപയോഗിക്കുന്നത്. (ഒറ്റകള്‍, പത്തുകള്‍, നൂറുകള്‍, ആയിരങ്ങള്‍ എന്നിങ്ങനെയാണല്ലോ സംഖ്യകള്‍.)

സംഖ്യ ആയിരമെത്തിയാല്‍ അവ ഒന്നായി സംയോജിച്ചു. ആയിരത്തിനുശേഷം സംഖ്യകള്‍ ആവര്‍ത്തിച്ചുപയോഗിക്കുകയാണല്ലോ ചെയ്യുന്നത്.
 

أَلَّفَ എന്ന ഭൂതകാലക്രിയ
രണ്ടു സൂക്തങ്ങളിലായി أَلَّفَ എന്ന ക്രിയ നാലുതവണ ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നു.
ഒന്നാം സൂക്തം:
وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُواۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا
(നിങ്ങള്‍ അല്ലാഹുവിന്റെ പാശം ഒന്നിച്ചൊന്നായി മുറുകെ  പിടിക്കുക, നിങ്ങള്‍ ഭിന്നിക്കരുത്. നിങ്ങള്‍ക്കുമേല്‍ അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ ശത്രുക്കളായിരുന്ന സന്ദര്‍ഭം! അവര്‍ നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരന്മാരായിത്തീര്‍ന്നു - ആലുഇംറാന്‍ 103).

സജാതീയവും സമീപസ്ഥവുമായ വസ്തുക്കള്‍ക്കിടയിലാണ് അനുരഞ്ജനം സാധ്യമാവുക. അതുകൊണ്ടുതന്നെ സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ അനുരഞ്ജനത്തിന് സജ്ജവും സന്നദ്ധവുമായിരിക്കും.

അനുരഞ്ജനത്തിന്റെ അടിസ്ഥാനാധാരം ഹൃദയങ്ങളാണ് മനുഷ്യ സ്വത്വത്തിന്റെ കേന്ദ്രം ഹൃദയമാണ്. 'നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ അവന്‍ അനുരഞ്ജനമുണ്ടാക്കി' എന്ന സൂക്തഭാഗം ഊന്നുന്നത് ഈ ആശയമാണ്.

ഹൃദയങ്ങള്‍ക്കിടയിലെ അനുരഞ്ജനത്തിന്റെ ഫലം അല്ലാഹുവിനെ മുന്‍നിര്‍ത്തിയുള്ള സാഹോദര്യമാണ്. അതാവട്ടെ, അല്ലാഹുവില്‍നിന്ന് നിറഞ്ഞൊഴുകുന്ന അനുഗ്രഹമാണ്. 'അങ്ങനെ നിങ്ങള്‍ അവന്റെ അനുഗ്രഹത്താല്‍ സഹോദരന്മാരായിത്തീര്‍ന്നു' എന്ന സൂക്തഭാഗം ഇതാണ് സൂചിപ്പിക്കുന്നത്.

രണ്ടാം സൂക്തം
ഈ സൂക്തത്തില്‍ 'അല്ലഫ' എന്ന ക്രിയ മൂന്നു തവണ വന്നിരിക്കുന്നു.
وَإِن يُرِيدُوا أَن يَخْدَعُوكَ فَإِنَّ حَسْبَكَ اللَّهُۚ هُوَ الَّذِي أَيَّدَكَ بِنَصْرِهِ وَبِالْمُؤْمِنِينَ ﴿٦٢﴾ وَأَلَّفَ بَيْنَ قُلُوبِهِمْۚ لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا مَّا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَٰكِنَّ اللَّهَ أَلَّفَ بَيْنَهُمْۚ إِنَّهُ عَزِيزٌ حَكِيمٌ ﴿٦٣﴾
(ഇനി അവര്‍ നിന്നെ വഞ്ചിക്കാനുദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്റെ സഹായം മുഖേനയും, വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയത്. അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിച്ചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു - അന്‍ഫാല്‍ 62,63).

ألّف എന്ന ക്രിയയിലെ സൂച്യാശയങ്ങള്‍

1. 'അല്ലഫ' എന്ന ക്രിയ അല്ലാഹുവിലേക്ക് ചേര്‍ത്ത്, സ്ഥാപിത (مثبت) മായാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് لكن الله الّف بينهم ، والّف بين قلوبهم (എന്നാല്‍ അല്ലാഹുവാണ് അവര്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കിയത്, അവന്‍ അവര്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കുകയും ചെയ്തിരിക്കുന്നു) എന്ന്. മൂന്നാമത് ഒരിടത്ത്, നബി(സ)യിലേക്ക് ചേര്‍ത്ത് ما الّفت بين قلوبهم 'അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഇണക്കിച്ചേര്‍ക്കാന്‍ നിനക്ക് കഴിയുമായിരുന്നില്ല' എന്ന് നിഷേധാത്മക (منفي) മായി പറഞ്ഞിരിക്കുന്നു.

സ്ഥാപിതവും നിഷേധാത്മകവുമായ മേല്‍ രണ്ടു പ്രയോഗങ്ങളും ഒരു യാഥാര്‍ഥ്യം അനാവരണം ചെയ്യുന്നു. അതായത്, അല്ലാഹുവിനെ അനുസരിക്കാന്‍ തക്കവിധം മനുഷ്യ ഹൃദയങ്ങള്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കാന്‍ അല്ലാഹുവിനു മാത്രമെ കഴിയുകയുള്ളൂ. നബിമാര്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍ക്ക് കഴിയില്ല എന്ന യാഥാര്‍ഥ്യം.

2. ഒരേ തരത്തില്‍പെട്ട ഹൃദയങ്ങള്‍ക്കിടയില്‍ അനുരഞ്ജനം ഉണ്ടാക്കാനുള്ള മാധ്യമം അല്ലാഹുവിനെ മുന്‍നിര്‍ത്തിയുള്ള സാഹോദര്യവും അല്ലാഹുവെ പ്രതി സദ്‌വൃത്തരുടെ സ്‌നേഹവും അല്ലാഹുവിനുള്ള അനുസരണത്തില്‍ എല്ലാവരുടെയും ഒത്തുചേരലും മാത്രമാണെന്ന് മേല്‍ സൂക്തം പഠിപ്പിക്കുന്നു. ഭൗതികോപാധികള്‍ക്കൊന്നും അത് സാധിതമാക്കാനാവില്ല. എന്നു തന്നെയല്ല അനുരഞ്ജനമുണ്ടാക്കാന്‍ അവക്ക് കഴിയില്ല എന്ന് സൂക്തം തറപ്പിച്ചു പറയുകയും ചെയ്യുന്നു. 'ഭൂമിയിലുള്ളതെല്ലാം നീ ചെലവഴിച്ചാലും അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ അനുഞ്ജനമുണ്ടാക്കാന്‍ നിനക്കാവില്ല.'

3. അനുരഞ്ജനം ഉണ്ടാവേണ്ടത് ഹൃദയങ്ങളിലാണെന്ന് സൂക്തം ഊന്നി സ്ഥാപിക്കുന്നു. അല്ലാഹുവിനോടുള്ള സ്‌നേഹം, അല്ലാഹുവിനെ മുന്‍നിര്‍ത്തിയുള്ള സാഹോദര്യം, അല്ലാഹുവിനുള്ള അനുസരണം എന്നിവയെ ആധാരമാക്കി ഹൃദയങ്ങള്‍ സംയോജിക്കുമ്പോഴാണ് ഇത് യാഥാര്‍ഥ്യമാവുക.

ഏതെങ്കിലും താല്‍പര്യങ്ങളെയോ, പ്രസ്താവനകളെയോ, പ്രയോജനങ്ങളെയോ, ഭൗതിക ബന്ധങ്ങളെയോ ദേശീയ ബാന്ധവങ്ങളെയോ മുന്‍നിര്‍ത്തിയാണ് അനുരഞ്ജനം സ്ഥാപിക്കുന്നതെങ്കില്‍ അവയൊക്കെയും എത്രയും പെട്ടെന്ന് ശിഥിലമാവുക തന്നെ ചെയ്യും.

4. അനുരഞ്ജനത്തിന് ഒരുപോലെ സന്നദ്ധമായ വസ്തുക്കള്‍ക്കിടയില്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. വീതിയിലും നീളത്തിലും അളവിലും വലുപ്പത്തിലും സമമെന്ന പോലെ, അനുരഞ്ജനത്തിന്റെ ഫലമായി അത്തരം ഹൃദയങ്ങള്‍ ഏക ഹൃദയമായി മാറും. ഇത്തരം അനുരഞ്ജനത്തിലൂടെ ശക്തവും ദൃഢവും സുന്ദരവുമായ ഒരു ഏകാത്മക സർവം ഉണ്ടായിത്തീരും. അതുകൊണ്ടാണ് 'അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ എന്നു പറയാതെ  ولكنّ الله الّف بينهم 'എന്നാല്‍ അല്ലാഹു അവര്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കിയിരിക്കുന്നു' എന്നു പ്രസ്താവിച്ചത്. - അല്ലാഹുവാണ് ഏറ്റവും നന്നായറിയുന്നവന്‍.

اَلشَّكْوَى അല്ലാഹുവോട് മാത്രം

اَلشَّكْو എന്നതില്‍നിന്ന് നിഷ്പന്നമാണ് اَلشَّكْوَى. ഇമാം റാഗിബുല്‍ അസ്വ്ഫഹാനി എഴുതുന്നു:
الشكو والشكاية والشِكاة والشكْوَى : إظهار البثّ
وأصل الشكو : فتح الشكوة واظهار ما فيه وهي سقاء صغير يُجْعَلُ فيه الماء وكأنه في الأصل استعارة كقولهم: بثثت له ما في وعائي ونفضت ما في جرابي : إذا أظهرت ما في قلبك
'വെള്ളം നിറച്ചുവെച്ച ചെറിയ തോല്‍പാത്രം തുറന്ന് അതിനകത്തുള്ളത് പുറത്തെടുക്കുക എന്നാണ് 'ശക്‌വ്' എന്ന പദത്തിന്റെ മൂലാശയം. എന്റെ പാത്രത്തിലുള്ളത് ഞാന്‍ അയാള്‍ക്കുവേണ്ടി പരത്തിയിട്ടു. എന്റെ തോല്‍പാത്രത്തിലുള്ളത് ഞാന്‍ അയാള്‍ക്കുവേണ്ടി കുടഞ്ഞിട്ടു എന്നൊക്കെ പറയുന്നതു പോലെ, രൂപാലങ്കാര (استعارة)  പ്രയോഗമായി, ഹൃദയത്തിലുള്ളത് പ്രകാശിപ്പിക്കുന്നതിന് ഈ പദം ഉപയോഗിച്ചുവരുന്നു.
ഒരാള്‍ മറ്റൊരാളോട് അയാളുടെ സഹായം ലഭിക്കുന്നതിനായി തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും മനോവ്യഥകള്‍ സമര്‍പ്പിക്കുകയും ദുഃഖങ്ങള്‍ പങ്കുവെക്കുകയും വേദനകള്‍ ഇറക്കിവെക്കുകയും ചെയ്യുക എന്നത്രെ 'ശക്‌വാ' എന്നതിന്റെ വിവക്ഷ.
ഖുര്‍ആനിലെ ഇത്തരം പ്രയോഗങ്ങള്‍ നമുക്ക് പരിശോധിക്കാം. 'ശക്‌വാ' എന്നതിന്റെ വര്‍ത്തമാന/ഭാവികാല രൂപങ്ങളാണ് ഖുര്‍ആനില്‍ വന്നിരിക്കുന്നത്.

1. രണ്ടാമത്തെ മകനെയും ഈജിപ്തില്‍ തടഞ്ഞുവെച്ചതറിഞ്ഞ യഅ്ഖൂബ് നബി, അവനെയും യൂസുഫിനെയും ചൊല്ലി വേപഥു കൊള്ളുന്നതാണ് ഒരു രംഗം.
إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّهِ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ
'എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് സങ്കടപ്പെടുന്നത്. അല്ലാഹുവിങ്കല്‍നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാന്‍ അറിയുന്നുമുണ്ട്' (യൂസുഫ് 86). ഇവിടെ യഅ്ഖൂബ് നബി തന്റെ വേവലാതികളെല്ലാം അല്ലാഹുവിന്റെ മുമ്പാകെ മാത്രമാണ് സമര്‍പ്പിക്കുന്നത്.

2. തന്നെ 'ളിഹാര്‍' ചെയ്ത ഭര്‍ത്താവ് ഔസുബ്‌നു സ്സ്വാമിതിന്നെതിരില്‍ ഭാര്യ ഖൗല ബിന്‍തു സഅ്‌ലബ നബി(സ)യുടെ മുമ്പാകെ സമര്‍പ്പിച്ച ആവലാതിയാണ് രണ്ടാമത്തേത്.
(നബിയേ) തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.' (മുജാദില 1)
ഈ സൂക്തത്തില്‍നിന്ന് നാലു കാര്യങ്ങള്‍ ഉരുത്തിരിച്ചെടുക്കാം.

1. ആവലാതികള്‍ അല്ലാഹുവിന്റെ മുമ്പാകെ മാത്രമേ സമര്‍പ്പിക്കാവൂ. അതുകൊണ്ടാണ് ഖൗല അല്ലാഹുവിനോട് പരാതിപ്പെട്ടത്.
2. ആവലാതി പറയുന്നവരുടെ ആവലാതികള്‍ കേള്‍ക്കുകയും അവക്ക് പരിഹാരം കാണുകയും വേണം. അല്ലാഹു അത് കേട്ടു, പരാതി പരിഹരിച്ചു.
سمع الله (അല്ലാഹു കേട്ടു), الله يسمع (അല്ലാഹു കേള്‍ക്കുന്നു) ان الله سميع (തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനാണ്) എന്നിങ്ങനെ കേള്‍വിയെ ഭൂതകാല ക്രിയ, വര്‍ത്തമാനകാല ക്രിയ, അതിവര്‍ണന(مبالغة)യായും മൂന്നു തവണ എടുത്തുപറയുന്നുണ്ട്.
4. മേല്‍സൂക്തം അല്ലാഹുവെപ്പറ്റി സംസാരിക്കുന്നു, അല്ലാഹു മഹത്വപ്പെടുത്തുന്നതാണ് സൂക്ത സന്ദര്‍ഭം, 'അല്ലാഹു' എന്ന മഹദ് നാമം സൂക്തത്തില്‍ നാലുതവണ ആവര്‍ത്തിച്ചിരിക്കുന്നു.

ഇതില്‍നിന്ന് താഴെ പറയുന്ന കൗതുക സത്യം അനാവൃതമാവുന്നു. അതായത്, ഖുര്‍ആനില്‍ ആവലാതി പറയുക' എന്ന ആശയം വര്‍ത്തമാന/ഭാവികാല ക്രിയാരൂപത്തിലാണ് വന്നിരിക്കുന്നത്. അതുതന്നെയും അല്ലാഹുവിലേക്കു മാത്രം.
ആവലാതി പറയുന്നതുമായി ബന്ധപ്പെട്ട ഖുര്‍ആനിലെ ഈ സവിശേഷ പ്രയോഗം, അല്ലാഹുവിനോട് മാത്രമെ പരിഹാരാര്‍ഥം സങ്കടപ്പാടുകള്‍ പറയാവൂ എന്ന് മുസ്‌ലിംകളെ പഠിപ്പിക്കുന്നു. കാരണം അത് അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ.

അതേസമയം, മനുഷ്യര്‍ക്ക് തങ്ങളെപോലുള്ളവരോട് സങ്കടങ്ങള്‍ പറയുന്നതിന് ഇസ്‌ലാമില്‍ വിലക്കില്ല. അല്ലാഹുവിന്റെ ഇടപെടലും പരിഹാരവും ആഗ്രഹിച്ചും അവനില്‍ ഭരമേല്‍പ്പിച്ചും എല്ലാറ്റിനും കഴിവുള്ളവന്‍ അവനാണെന്ന് ദൃഢമായി വിശ്വസിച്ചുമാവണം എന്നുമാത്രം. തന്റെ സങ്കടം കേള്‍ക്കുന്ന മനുഷ്യര്‍ കാരണക്കാര്‍ മാത്രമാണ്, കാരണങ്ങളുടെ കര്‍ത്താവും വിധിക്കുന്നവനും അല്ലാഹുവാണ്. 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top