വ്യക്തി നിയമങ്ങള്‍ ഒരു ചരിത്രവിശകലനം
ജവാദ് താനൂര്‍
വിശുദ്ധ ഖുര്‍ആനിലോ പ്രവാചക വചനങ്ങളിലോ മുന്‍കാല ഫിഖ്ഹീ ഗ്രന്ഥങ്ങളിലോ പരാമര്‍ശിക്കപ്പെടാത്ത ഒരു സാങ്കേതിക പ്രയോഗമാണ് 'അല്‍ അഹ്‌വാല്‍ അശ്ശഖ്‌സ്വിയ്യഃ (വ്യക്തിനിയമങ്ങള്‍). ഇതൊരു പാശ്ചാത്യ സംജ്ഞയാണ്. വിവാഹം, അനന്തരാവകാശം, രക്ഷാകര്‍തൃത്വം തുടങ്ങിയ വൈയക്തിക ഇടപാടുകളുടെ നിയമ വശങ്ങളാണ് ഇതിന്റെ ഇതിവൃത്തം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയുടെ അവസാന ഘട്ടത്തിലാണ് ഇസ്‌ലാമിക ഫിഖ്ഹീ വ്യവഹാരങ്ങളില്‍ ഈ സങ്കേതത്തെ ഉപയോഗിച്ച് തുടങ്ങുന്നത്.
പ്രവാചകനോളം എത്തി നില്‍ക്കുന്ന ഇസ്‌ലാമിക പാരമ്പര്യത്തില്‍ കൈകാര്യം ചെയ്യപ്പെട്ടു പോന്ന വൈയക്തിക വിഷയങ്ങളിലും അതിന്റെ നിയമ വശങ്ങള്‍ പ്രായോഗികവല്‍ക്കരിച്ചതിന്റെ രീതിശാസ്ത്രത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചതായി കാണാം. ഈ മാറ്റങ്ങളുടെ ചരിത്ര ഘട്ടങ്ങളെ അനാവരണം ചെയ്യുകയെന്നതാണ് ഈ ലേഖനത്തിന്റെ താല്‍പര്യം.
ഹിജ്‌റാനന്തരം പ്രവാചകന്‍ (സ) പരികല്‍പന ചെയ്ത ഇസ്‌ലാമിക നാഗരികതയുടെ ആവിര്‍ഭാവത്തോടു കൂടിയാണ് ശര്‍ഈ നിയമങ്ങളില്‍ ഏറിയ പങ്കും അവതരിക്കുന്നത്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നിയമങ്ങളോടൊപ്പം വ്യക്തി-കുടുംബ ജീവിതത്തിലെ നിര്‍ദേശങ്ങളും അവതരിക്കപ്പെട്ടു. ഈ നിയമങ്ങളൊക്കെയും പൊതുവായ ജീവിത നിര്‍ദേശങ്ങള്‍ എന്നതിലുപരിയായി സാമ്പത്തികം, രാഷ്ട്രീയം, കുടുംബം തുടങ്ങിയ രീതിയില്‍ വര്‍ഗീകരിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല, ഇവയൊക്കെയും പ്രവാചകന്റെ അധികാരപരിധിയിലും നിര്‍ദേശ തത്വങ്ങള്‍ക്കനുസരിച്ചും മാത്രമാണ് കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. ഒരു രാഷ്ട്രതലവനായും മുഫ്തിയായും ഖാദിയായും പ്രവാചകന്‍ തന്റെ ഈ ദൗത്യം ഭംഗിയായി നിർവഹിച്ചു.
എന്നാല്‍ വിവിധ വിജയങ്ങളുടെയും പ്രബോധന പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി വ്യത്യസ്ത നാടുകളിലേക്ക് ഇസ്‌ലാമിന്റെ വെള്ളിവെളിച്ചം പരന്നു. മദീനയിലിരുന്ന് നിയന്ത്രിക്കാന്‍ കഴിയുന്നതിലുമപ്പുറം ഇസ്‌ലാമിക രാഷ്ട്രം വളര്‍ന്നു കഴിഞ്ഞിരുന്നു. പുതുതായി ഇസ്‌ലാം കടന്നുചെന്ന നാടുകളിലേക്ക് അമീറുമാരെ പറഞ്ഞയക്കാന്‍ റസൂല്‍ (സ) തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് മുആദുബ്‌നു ജബല്‍ (റ) വിനെ യമനിലെയും അത്താബ് ബ്‌നു ഉസൈദിനെ മക്കയിലെയും അമീറുമാരായി നിയമിക്കുന്നത്. ഈ അമീറുമാര്‍ പ്രവാചകന്‍ (സ) യുടെ നിര്‍ദേശപ്രകാരം ഭരണനിർവഹണവും വിധിതീര്‍പ്പും നടത്തിപ്പോന്നു.
പ്രവാചകന്‍ (സ) യുടെ മരണശേഷം ഖിലാഫത്ത് ഏറ്റെടുത്ത അബൂബക്ര്‍ (റ) റിന്റെ ഭരണകാലം പ്രവാചക കാലഘട്ടത്തില്‍നിന്നും വലിയ വ്യതിരിക്തതകളൊന്നുമുണ്ടായിരുന്നില്ല. ഖലീഫയുടെ കീഴില്‍ വ്യത്യസ്ത നാടുകളിലായി ഭരണകര്‍ത്താക്കള്‍ അവരുടെ ചുമതലകള്‍ നിർവഹിച്ചു പോന്നു. എല്ലാ കാര്യത്തിലും റസൂലിനെ അവലംബിച്ചിരുന്ന അവസ്ഥയില്‍നിന്ന് വ്യത്യസ്തമായി വിശുദ്ധ ഖുര്‍ആനെയും തിരുസുന്നത്തിനെയും അവലംബിക്കേണ്ടി വന്നു. അക്കാര്യത്തില്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തുന്നവരായിരുന്നു അവര്‍. ഒരേ സമയം ഭരണാധികാരിയുടെയും ഖാദിയുടെ മുഫ്തിയുടെയും ഉത്തരവാദിത്തം നിർവഹിച്ചിരുന്നത് ഖലീഫ നിയോഗിച്ചിരുന്ന പ്രസ്തുത അമീറുമാരായിരുന്നു. എന്നാല്‍, ഖലീഫ അബൂബക്(റ)റിന്റെ നിര്യാണ ശേഷം ഖിലാഫത്ത് ഏറ്റെടുത്ത ഉമര്‍ (റ) ഇതില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അദ്ദേഹം ഖദാഇനെ (കോടതി വ്യവഹാരങ്ങള്‍) ഹുക്മില്‍ (ഭരണനിർവഹണ പ്രക്രിയ) നിന്ന് വേര്‍പ്പെടുത്തുകയാണ് ചെയ്തത്. അമീറുമാര്‍ക്ക് പുറമെ സ്വഹാബാക്കളില്‍ പെട്ട പ്രഗല്‍ഭരായ ഉലമാക്കളെ അദ്ദേഹം വ്യത്യസ്ത നാടുകളില്‍ ഖാദിമാരായി നിയോഗിച്ചു. അബൂദര്‍ദ്ദാഇ(റ)നെ മദീനയിലേക്കും അബൂമുസല്‍ അശ്അരിയെ ബസ്വ്‌റയിലേക്കും നിയോഗിച്ചത് ഉദാഹരണങ്ങളാണ്. ഖലീഫ ഉമറി(റ)ന് ശേഷം ഖിലാഫത്ത് ഏറ്റെടുത്ത ഉസ്മാന്‍ (റ) വും അലി (റ) വും ഇതേ രീതി ശാസ്ത്രം തന്നെയാണ് സ്വീകരിച്ചിരുന്നത്.
ഉമവീ ഭരണകൂടം നിലവില്‍ വന്നപ്പോള്‍ ഇസ്‌ലാമിക ഭരണ സംവിധാനങ്ങള്‍ക്ക് വലിയ വികാസം സംഭവിച്ചിരുന്നെങ്കിലും പ്രസ്തുത രീതിക്ക് പറയത്തക്ക മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല. ഖാദിമാര്‍ നല്‍കിയ ഫത്‌വകളും നടപ്പിലാക്കപ്പെട്ട നിയമങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെടുന്നതും ക്രോഡീകരിക്കപ്പെടുന്നതും അമവികളുടെ കാലഘട്ടത്തോടു കൂടിയാണ്. ഖാദിമാര്‍ നല്‍കിയ ഫത്‌വകള്‍ പില്‍ക്കാലത്ത് നിഷേധിക്കപ്പെടാതിരിക്കുക, അവര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിധി തീര്‍പ്പിലെത്താതിരിക്കുക തുടങ്ങിയ പൊതു നന്മകളെ പരിഗണിച്ചുകൊണ്ടാണ് അമവീ ഖലീഫമാര്‍ ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിച്ചേരുന്നത്. നിയമ നിര്‍ധാരണത്തിന്റെ പ്രഥമ സ്രോതസ്സുകളായി വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പുറമെ സ്വഹാബികളുടെയും താബിഉകളുടെയും ഇജ്തിഹാദുകളെയും ഇവര്‍ പരിഗണിച്ചിരുന്നു. പ്രസ്തുത കാലം വരെ കര്‍മ്മശാസ്ത്ര മേഖലയില്‍ വിഷയാധിഷ്ഠിത വര്‍ഗീകരണങ്ങളൊന്നും സംഭവിച്ചിരുന്നില്ല. അബ്ബാസികളുടെ കാലത്താണ് ഇത് സംഭവിക്കുന്നത്.
ഉമവികള്‍ക്ക് ശേഷം അധികാരത്തിലേറിയ അബ്ബാസി ഭരണകൂടം പുതിയ വിഷയങ്ങളെയും പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടതായി വന്നു. ഇതോടു കൂടി ഖാദിമാര്‍ക്ക് പുറമെ കര്‍മ്മശാസ്ത്ര പണ്ഡിതന്മാരെയും വ്യത്യസ്ത നാടുകളിലേക്ക് നിയോഗിക്കാന്‍ ഖലീഫമാര്‍ നിര്‍ബന്ധിതരായി. കര്‍മ്മശാസ്ത്ര മദ്ഹബുകളുടെ ആവിര്‍ഭാവം സംഭവിക്കുന്നതും വികാസം പ്രാപിക്കുന്നതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. ഹനഫീ, മാലികി, ശാഫിഈ, ഹംബലി എന്നീ പ്രബലമായ നാല് മദ്ഹബുകള്‍ക്ക് പുറമെ ഔസാഇ, ലൈസുബ്‌നു സഅ്ദ്, അസ്സൗരി തുടങ്ങിയവരുടെയും ളാഹിരികളുടെയും മദ്ഹബുകളും രൂപം കൊണ്ടു. കര്‍മശാസ്ത്ര വിഷയങ്ങളെ പ്രധാനമായും ഇബാദാത്തുകള്‍ (ആരാധനകള്‍), മുആമലാത്തുകള്‍ (ഇടപാടുകള്‍) എന്നിങ്ങനെ വര്‍ഗീകരിച്ചതിനു പുറമെ മറ്റു ചില വര്‍ഗീകരണ രീതിയും പ്രകടമായത് പ്രസ്തുത മദ്ഹബുകളുടെ ആവിര്‍ഭാവത്തോടുകൂടിയാണ്. ഹനഫീ മദ്ഹബില്‍ ഫിഖ്ഹിനെ ഇബാദാത്ത്, മുആമലാത്ത്, ഉഖൂബാത്ത് (ശിക്ഷാവിധികള്‍) എന്നിങ്ങനെ മൂന്നായും, മാലികീ മദ്ഹബില്‍ ആരാധനകളും അതിന്റെ അനുബന്ധങ്ങളും, വിവാഹവും അതിന്റെ അനുബന്ധങ്ങളും, കച്ചവടവും അതിന്റെ അനുബന്ധങ്ങളും വാടകയും അതിന്റെ അനുബന്ധങ്ങളും എന്നിങ്ങനെ നാലായും, ശാഫിഈ മദ്ഹബില്‍ ആരാധനകള്‍, ഇടപാടുകള്‍, വിവാഹം, കുറ്റകൃത്യങ്ങളുടെ നടപടിക്രമങ്ങള്‍ എന്നിങ്ങനെ നാലായും, ഹമ്പലി മദ്ഹബില്‍ ആരാധനകള്‍, ഇടപാടുകള്‍, വിവാഹവും അതിന്റെ അനുബന്ധങ്ങളും, കുറ്റകൃത്യങ്ങളും അതിന്റെ അനുബന്ധങ്ങളും എന്നിങ്ങനെ നാലായും വര്‍ഗീകരിക്കുന്നത് കാണാം. എന്നാല്‍ ഈ വിഷയങ്ങളൊക്കെയും വര്‍ഗീകരിക്കപ്പെട്ടത് നിയമ സംവിധാനങ്ങളില്‍ ഇവയോരോന്നും വ്യത്യസ്തമായി കൈകാര്യം ചെയ്യപ്പെടുക എന്ന ലക്ഷ്യത്തോടു കൂടിയായിരുന്നില്ല. മറിച്ച്, പില്‍കാല പണ്ഡിതന്‍മാര്‍ക്കും വിജ്ഞാന കുതുകികള്‍ക്കും കാര്യങ്ങളെ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടു കൂടിയായിരുന്നു. ഫിഖ്ഹീ മസ്അലകളുടെയും ഹുക്മുകളുടെയും ക്രോഡീകരണം വളരെയധികം സജീവമായതും കര്‍മശാസ്ത്ര വിധികളുടെ നിര്‍ധാരണ തത്വങ്ങളും ഇസ്‌ലാമിക നിയമനിര്‍മാണ തത്വങ്ങളുമൊക്കെ രൂപപ്പെടുന്നതും ഈ കാലഘട്ടത്തില്‍ തന്നെയാണ്.
ഇതോടുകൂടി കര്‍മ്മശാസ്ത്ര മദ്ഹബുകളുടെ വളര്‍ച്ച വേഗത്തിലായി. ഗവേഷണങ്ങളും പഠനങ്ങളും രചനകളും വളരെയധികം വര്‍ദ്ധിച്ചു. കര്‍മശാസ്ത്ര പ്രശ്‌നങ്ങളെ വിഷയാധിഷ്ഠിതമായി വര്‍ഗീകരിക്കുവാന്‍ പണ്ഡിതന്മാര്‍ നിര്‍ബന്ധിതരായി. അറിവുകൊണ്ടും കര്‍മം കൊണ്ടും ജനങ്ങളില്‍ സ്വാധീനം ചെലുത്തിയ പണ്ഡിതന്മാരിലൂടെ കര്‍മ്മശാസ്ത്ര മദ്ഹബുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേരുറച്ചു. ഓരോ പ്രദേശവും ഒരു മദ്ഹബിനെ മാത്രം അവലംബിച്ചു പോരുന്ന പ്രവണത ശക്തമായ രീതിയില്‍ കാണപ്പെട്ടു. ഹനഫീ മദ്ഹബ് മശ്‌രിഖിലും (കിഴക്കന്‍ പ്രദേശങ്ങള്‍) മാവറാഅന്നഹറിലും വ്യാപിച്ചതുപോലെ ശാഫിഈ മദ്ഹബ് ശാമിലും മാലികി മദ്ഹബ് മഗ്‌രിബിലും (പടിഞ്ഞാറന്‍ പ്രദേശങ്ങള്‍) സ്വാധീനം ചെലുത്തി. ഖാദിമാരാകട്ടെ, അവരില്‍ സ്വാധീനം ചെലുത്തിയ മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ ഫത്‌വ നല്‍കുകയും വിധിതീര്‍പ്പിലെത്തുകയും ചെയ്തു.
മംലൂക്ക് ഭരണകൂടം ഇതുതന്നെ തുടര്‍ന്നു പോന്നെങ്കിലും മംലൂക്ക് ഭരണാധികാരി ളാഹിര്‍ ബേബറസിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ചില മാറ്റങ്ങള്‍ക്ക് കാരണമായി. ശാഫിഈ മദ്ഹബിനെ സവിശേഷമായ പരിഗണന നല്‍കിയതോടൊപ്പം ഓരോ മദ്ഹബിനും ഒരു ഖാദി എന്ന രീതിയില്‍ ഖാദിമാരെ വിവിധ പ്രദേശങ്ങളിലായി നിയമിച്ചു.
എന്നാല്‍ ഉസ്മാനികള്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ രീതിശാസ്ത്രത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. ഹനഫീ മദ്ഹബിനെ ഔദ്യോഗിക മദ്ഹബായി ഭരണകൂടം സ്വീകരിച്ചു. പ്രസ്തുത മദ്ഹബിനെ അടിസ്ഥാനപ്പെടുത്തി ഫത്‌വകളും കര്‍മശാസ്ത്രവിധികളും ക്രോഡീകരിക്കപ്പെട്ടു. ഇതിന്റെ പ്രതിഫലനമായാണ് മജല്ലത്തുല്‍ അഹ്കാമില്‍ അദ്‌ലിയ്യ (ജേര്‍ണല്‍ ഓഫ് ജുഡീഷ്യല്‍ ജഡ്ജ്‌മെന്റ്) രൂപപ്പെടുന്നത്. ഉസ്മാനിയ ഖിലാഫത്തിന് തകര്‍ച്ച സംഭവിച്ച്, ഇസ്‌ലാമിക ഭരണകൂടം വ്യത്യസ്ത രാഷ്ട്രങ്ങളും സഖ്യ രാഷ്ട്രങ്ങളുമൊക്കെയായി ശിഥിലീകരിക്കപ്പെടുന്നത് വരെയും അവര്‍ ഔദ്യോഗിക അവലംബമായി സ്വീകരിച്ചിരുന്നത് മജല്ലത്തുല്‍ അഹ്കാമില്‍ അദ്‌ലിയ്യയെ ആയിരുന്നു. ഖിലാഫത്തിന്റെ തകര്‍ച്ചയുടെ ഘട്ടമായപ്പോഴേക്കും മുസ്‌ലിം ജീവിതത്തിന്റെ സുപ്രധാന മേഖലകളിലെല്ലാം സെക്യുലറിസം പിടിമുറുക്കി കഴിഞ്ഞിരുന്നു. മതം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കപ്പെടുകയാണുണ്ടായത്. മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തില്‍ ആത്മീയ കോടതികള്‍(ഖാദിമാരുടെ നിയന്ത്രണത്തിലുള്ള സംവിധാനം)ക്ക് പകരം സെക്യുലര്‍ കോടതികള്‍ ഇടം പിടിച്ചു. ഇസ്‌ലാമിന്റെ സാങ്കേതിക പ്രയോഗങ്ങള്‍ക്ക് പകരം സെക്യുലര്‍ സങ്കേതങ്ങളെ കൂടി ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരായി.
അത്തരമൊരു സാങ്കേതിക പ്രയോഗമാണ് 'അല്‍ അഹ്‌വാലുശ്ശഖ്‌സ്വിയ്യഃ.' വൈയക്തിക വ്യവഹാരങ്ങളുടെ നിയമ വശമാണ് ഇതിന്റെ ഇതിവൃത്തമെങ്കിലും പ്രസ്തുത വിഷയങ്ങളിലെ ക്രിമിനല്‍ നിയമ നടപടികള്‍ പൂര്‍ണമായും ഇതില്‍ നിന്നൊഴിവാക്കി.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളില്‍ ഇറ്റാലിയന്‍ നിയമ സംഹിതകളിലാണ് ഈ പ്രയോഗം ആദ്യമായി ഉപയോഗിച്ച് തുടങ്ങുന്നത്. ഇറ്റലിയില്‍ നിലനിന്നിരുന്ന വളരെ സുപ്രധാനമായ രണ്ട് നിയമ സംഹിതകളില്‍ പൊതുവായി അംഗീകരിക്കപ്പെട്ടിരുന്നത് റോമന്‍ നിയമങ്ങളായിരുന്നു. അതോടൊപ്പം തന്നെ പ്രദേശിക നിയമ വ്യവസ്ഥകളും നിലനിന്നു പോന്നു. റോമന്‍ നിയമങ്ങളെ 'ഖാനൂന്‍' (നിയമം) എന്നും പ്രാദേശിക നിയമങ്ങളെ 'ഹാല്‍' (അവസ്ഥ) എന്നുമാണ് പ്രയോഗിച്ചിരുന്നത്. ഹാലിന്റെ ബഹുവചനമായ 'അഹ്‌വാല്‍'നെ വൈയക്തികം, സാമ്പത്തികം എന്നിവയിലേക്ക് ചേര്‍ത്ത് രണ്ടായി വിഭജിച്ചിരുന്നു. പ്രാദേശിക സാമ്പത്തിക നിയമങ്ങളെ കുറിക്കാന്‍ 'അഹ്‌വാലി'നെ 'അംവാലി' (സമ്പത്ത്)ലേക്ക് ചേര്‍ത്ത് 'അഹ്‌വാലുല്‍ അംവാല്‍' എന്നും വ്യക്തിനിയമങ്ങളെ കുറിക്കാന്‍ 'അഹ്‌വാലി'നെ 'അശ്ശഖ്‌സ്വിയ്യഃ' (വൈയക്തികം) യിലേക്ക് ചേര്‍ത്ത് 'അല്‍ അഹ്‌വാലുശ്ശഖ്‌സ്വിയ്യഃ' എന്നും പ്രയോഗിക്കുകയാണുണ്ടായത്.
'അഹ്‌വാലുല്‍ അംവാല്‍' എന്ന സാങ്കേതിക പദം അറിയപ്പെട്ടില്ലെങ്കിലും 'അല്‍ അഹ്‌വാല്‍ അശ്ശഖ്‌സ്വിയ്യഃ' എന്ന പ്രയോഗം പില്‍ക്കാലത്ത് പ്രചുരപ്രചാരം നേടി. പേര്‍ഷ്യന്‍ നിയമ വ്യവസ്ഥകളിലൂടെയാണ് ഈ സാങ്കേതിക പദത്തെ അറബികള്‍ പരിചയപ്പെടുന്നത്. 1890-ല്‍ മുഹമ്മദ് ഖുദ്‌രീ ബാഷ എന്ന ഹനഫീ പണ്ഡിതന്‍ തന്റെ 'കിതാബുല്‍ അഹ്കാം ഫില്‍ അഹ്‌വാലിശ്ശഖ്‌സ്വിയ്യഃ' എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ഈ സാങ്കേതിക പ്രയോഗം ഉപയോഗിക്കുന്നത്. സെക്യുലര്‍ സമൂഹത്തില്‍ ജീവിക്കേണ്ടി വന്ന മുസ്‌ലിം ജനതക്ക് അവരുടെ കോടതി വ്യവഹാരങ്ങളില്‍ 'അല്‍ അഹ്‌വാല്‍ അശ്ശഖ്‌സ്വിയ്യഃ' യെ ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതരായിരുന്നു.