ഹസ്രത്ത് ആഇശ (റ) വിവാഹപ്രായവും പുതിയ ഗവേഷണവും
മുഹമ്മദ് കാടേരി
മുഹമ്മദ് നബി (സ്വ)യും ഹ. ആഇശ (റ) യും തമ്മിലുള്ള വിവാഹവും കുടുംബ ജീവിതവും ഇസ്‌ലാമിനെയും പ്രവാചകനെയും അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനും ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുകയാണ് ഇസ്‌ലാമിന്റെ ശത്രുക്കളും വിമര്‍ശകരും. ആഇശ(റ)ക്ക് ഒമ്പത് വയസ്സായപ്പോള്‍ നബി (സ്വ) അവരുമായി ദാമ്പത്യ ജീവിതം ആരംഭിച്ചത് വലിയ അപരാധമായെന്നാണ് വിമര്‍ശകരുടെ ആരോപണം. അടുത്ത കാലം വരെ തിരുദൂതനെതിരെ ഇങ്ങനെ ഒരു ആരോപണം അദ്ദേഹത്തിന്റെ ശത്രുക്കളോ വിമര്‍ശകരോ ഉന്നയിച്ചിരുന്നില്ല. കാരണം ബാല്യകാല വിവാഹം കഴിഞ്ഞ കാലങ്ങളില്‍ സാർവത്രികമായിരുന്നു. അറബികള്‍ക്കിടയിലും ഇസ്‌ലാമിക സമൂഹത്തിലും മാത്രമല്ല, മറ്റെല്ലാ ജനസമൂഹങ്ങളിലും അത് നിലനിന്നിരുന്നു. വിവിധ മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും വക്താക്കളും നായകരും ആചാര്യന്മാരും ബാലികാ വിവാഹം നടത്തിയതിന് നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്ന് എടുത്തു ദ്ധരിക്കാന്‍ സാധിക്കും. ബാല്യകാല വിവാഹം ചെയ്ത പെണ്‍കുട്ടികളില്‍ അധികപേരും സന്തുഷ്ടവും സമാധാനപൂര്‍ണവുമായ കുടുംബ ജീവിതം നയിച്ചതിനും ചരിത്രം സാക്ഷിയാണ്.
നബി(സ്വ)യും ആഇശ(റ)യും തമ്മിലുള്ള ദാമ്പത്യ ജീവിതമാകട്ടെ പരസ്പര സ്‌നേഹത്തിന്റെയും മനപ്പൊരുത്തത്തിന്റെയും ഉന്നതവും ഉദാത്തവുമായ മാതൃകയാണ് കാഴ്ചവെച്ചത്. വിമര്‍ശകര്‍ പുലമ്പുന്ന ശിശു പീഡനത്തിന്റെ ഒരു കണിക പോലും അവരുടെ കുടുംബ ജീവിതത്തില്‍ നിന്ന് എടുത്ത് കാണിക്കാനാവില്ല. ആഇശക്ക് ഉായിട്ടില്ലാത്ത പീഡാനുഭവം വിമര്‍ശകര്‍ അവരില്‍ വെച്ചുകെട്ടുകയാണ്.
അതിനാല്‍ ഇസ്‌ലാമിനും പ്രവാചകനുമെതിരെ ഉന്നയിക്കപ്പെടുന്ന ഈവിധ വിമര്‍ശനങ്ങളെ ചരിത്ര വസ്തുതകളെ ആധാരമാക്കി നിഷ്പ്രയാസം പൊളിച്ചടുക്കാവുന്നതേയുള്ളു. എന്നാല്‍ വിമര്‍ശനങ്ങളെ ഈ വിധം നേരിടുന്നതിനു പകരം ആധികാരികവും സംശയരഹിതവുമായ മാര്‍ഗേണ സ്ഥിരപ്പെട്ടതും ഇസ്‌ലാമിക ചരിത്രകാരന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കുമിടയില്‍ അഭിപ്രായാന്തരമില്ലാത്തതുമായ വസ്തുതകളെ തിരിത്തിക്കുറിക്കാനും അതുവഴി ഇസ്‌ലാമിനും നബി(സ)ക്കുമെതിരെ വരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുമാണ് ചില കുബുദ്ധികള്‍ ശ്രമിക്കുന്നത്. നബി(സ്വ) ആഇശ (റ) യെ വിവാഹം ചെയ്തത് അവരുടെ ആറാം വയസ്സിലാണെന്ന് ബുഖാരിയും മുസ്‌ലിമും മറ്റും അവരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അവര്‍ക്കന്ന് 18 വയസ്സായിട്ടുണ്ടെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
തങ്ങളുടെ വാദമുഖങ്ങള്‍ സമര്‍പ്പിക്കാനായി സമുദായം ഐകകണ്‌ഠ്യേന ആധികാരികമെന്ന് വിശ്വസിക്കുന്ന ബുഖാരി, മുസ്‌ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളുടെ പ്രാമാണികതയെ അവര്‍ ചോദ്യം ചെയ്യുന്നു. ഹദീസുകളുടെയും ചരിത്ര നിവേദനങ്ങളുടെയും വസ്തുനിഷ്ഠത ഉറപ്പുവരുത്താന്‍ പരിണത പ്രജ്ഞരായ ആദ്യകാല പണ്ഡിതന്മാര്‍ ആവിഷ്‌കരിച്ച ശാസ്ത്രീയവും ബുദ്ധിപരവുമായ മാനദണ്ഡങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. തങ്ങളുടെ വികലമായ ഗവേഷണം വഴി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വലിയ സേവനമാണ് തങ്ങള്‍ നിർവഹിക്കുന്നതെന്ന് അവര്‍ അവകാശപ്പെടുന്നു. നബി(സ)യുടെ വിവാഹത്തെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ക്ക് എന്നന്നേക്കുമായി അന്ത്യം കുറിക്കാന്‍ പര്യാപ്തമാണ് തങ്ങളുടെ ഗവേഷണ ഫലമെന്ന് അവര്‍ സായൂജ്യമടയുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ നബി(സ)ക്കെതിരെയുള്ള വിമര്‍ശനങ്ങളിലൂടെ ലക്ഷ്യമാക്കുന്നതെന്തോ അത് തന്നെയാണ് അറിഞ്ഞോ അറിയാതെയോ തങ്ങളുടെ ഗവേഷണവും വാദമുഖങ്ങളും മുഖേന പ്രവാചകനെതിരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ഇറങ്ങിത്തിരിച്ച ഇക്കൂട്ടരും ചെയ്തു കൊണ്ടിരിക്കുന്നത്. മുഹമ്മദ് നബിയിലും ഇസ്‌ലാമിലുമുള്ള മുസ്‌ലിം ജനസാമാന്യത്തിന്റെ അചഞ്ചലമായ വിശ്വാസത്തെ ഇളക്കി മറിക്കലാണ് പ്രവാചക വിമര്‍ശകരുടെ ലക്ഷ്യമെങ്കില്‍, ഇസ്‌ലാമിന്റെ ആധികാരിക സ്രോതസ്സുകളിലും പ്രാമാണികരും അവലംബാര്‍ഹരുമായ പണ്ഡിതന്മാരിലുള്ള വിശ്വാസത്തിന്റെ തകര്‍ച്ചയാണ് പുതിയ വാദഗതിയുടെ ആത്യന്തിക ഫലം. അതിനാല്‍ ആഇശ(റ) യുടെ വിവാഹപ്രായത്തെ ആറില്‍ നിന്ന് 18 ആക്കി ഉയര്‍ത്തിയവരുടെ ഗവേഷണ രീതികളും വാദമുഖങ്ങളും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലന വിധേയമാക്കി അതിലടങ്ങിയ ദൗര്‍ബല്യവും വിവരക്കേടും അനാവരണം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മനസ്സിലാക്കുന്നു.
എന്താണ് വസ്തുത?
മുഹമ്മദ് നബി (സ്വ) ക്ക് പ്രവാചകത്വം ലഭിച്ചതിന്റെ നാലാം വര്‍ഷമാണ് ആഇശ(റ) യുടെ ജനനം. ആറ് വയസ്സ് പൂര്‍ത്തിയാക്കി ഏഴാം വയസ്സിലേക്കു കടന്നപ്പോള്‍ നബി(സ്വ) മക്കയില്‍ വെച്ച് അവരെ വിവാഹം ചെയതു. ആഇശ(റ) ചെറുപ്പമായിരുന്നതിനാല്‍ മൂന്നു വര്‍ഷം കഴിഞ്ഞു മദീനയിലാണ് നബി(സ്വ)യോടൊന്നിച്ചുള്ള അവരുടെ ദാമ്പത്യ ജീവിതം ആരംഭിക്കുന്നത്. അന്ന് അവര്‍ക്ക് ഒമ്പത് വയസ്സായിരുന്നു. പിതാവ് അബുബക്‌റി(റ)ന്റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് അവരുമായി നബി(സ്വ) ദാമ്പത്യ ജീവിതത്തിന് തുടക്കം കുറിച്ചത്. അന്ന് അവര്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും തദനുസൃതമായ ശാരീരിക വളര്‍ച്ച പ്രാപിച്ചിരുന്നുവെന്നും ഇതില്‍ നിന്ന് അനുമാനിക്കാം. നബി(സ്വ) വഫാത്താകുമ്പോള്‍ അവര്‍ക്ക് 18 വയസ്സേ ഉണ്ടായിരുന്നുള്ളു. ഹി.58-ല്‍ 66 വയസ്സുള്ളപ്പോഴാണ് ആഇശ(റ) യുടെ നിര്യാണം. ഈ പറഞ്ഞ കാര്യങ്ങളിലൊന്നും ഹദീസ് പണ്ഡിതമാര്‍ക്കും ചരിത്രകാരന്മാര്‍ക്കും ഇടയില്‍ അഭിപ്രായാന്തരമില്ല. ഇമാം ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, അഹ്മദ്, നസാഈ, ഇബ്‌നു മാജ, ഹാകിം, ത്വബറാനി തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ അവരുടെ ഹദീസ് സമാഹാരങ്ങളിലും ഇമാം ഇബ്‌നു സഅ്ദിന്റെ ത്വബഖാത്ത്, ഇമാം ത്വബരിയുടെ താരീഖുല്‍ ഉമമി വല്‍ മുലൂക്, ഇബ്‌നുല്‍ അഥീറിന്റെ അല്‍ കാമിലു ഫിത്താരീഖ്, ഇബ്‌നു കഥീറിന്റെ അല്‍ ബിദായത്തു വന്നിഹായ, ദഹബിയുടെ സിയറു അഅലാമിന്നുബലാ, ഇബ്‌നുല്‍ ഖയ്യിമിന്റെ സാദുല്‍ മആദ്, ഇബ്‌നു അബ്ദില്‍ ബര്‍റിന്റെ അല്‍ ഇസ്തീ ആബ്, ഇബ്‌നുല്‍ അഥീറിന്റെ ഉസ്ദുല്‍ ഗാബ, ഹാഫിള് ഇബ്‌നു ഹജറിന്റെ അല്‍ ഇസ്വാബ തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തിയ യാഥാര്‍ത്ഥ്യങ്ങളാണവ. ഹദീസ് പണ്ഡിതനും സ്വഹാബി ചരിത്രകാരനുമായ ഇബ്‌നു അബ്ദില്‍ ബര്‍റ് ഇതേ പറ്റി പ്രസ്താവിച്ചത്: 'ഹദീസ് പണ്ഡിതന്മാര്‍ക്കോ ചരിത്രകാരന്മാര്‍ക്കോ ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നതയുള്ളതായി അറിവില്ല' എന്നാണ്.
ഖൗല ബിന്‍തുല്‍ ഹകീം എന്ന സ്വഹാബി വനിതയാണ് നബി(സ്വ) ക്കു വേണ്ടി വിവാഹാലോചനയുമായി അബുബക്‌റി(റ)നെ സമാപിച്ചത്. അതിനു മുമ്പ് മുത്വ്ഇമുബ്‌നു അദിയ്യ് തന്റെ മകനു വേണ്ടി ആഇശ(റ)യെ പിതാവ് അബൂബക്‌റിനോട് വിവാഹാലോചന നടത്തിയിട്ടുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹവുമായി സംസാരിക്കാതെ ഖൗലക്ക് മറുപടി നല്‍കാന്‍ അബൂബക്‌റി(റ)ന് നിർവാഹമില്ലായിരുന്നു. അബൂബക്്ർ (റ) മുത്വ്ഇമിനെ സമീപിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമാരാഞ്ഞു. തദവസരം അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചു: ഞങ്ങളുടെ മകന്‍ ആഇശയെ വിവാഹം കഴിച്ചാല്‍ അവനെ നിങ്ങളുടെ മതത്തി(ഇസ്‌ലാമി)ലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയില്ലേ? ഈ ചോദ്യം അബൂബക്്ർ(റ)ന് ഇഷ്ടപ്പെട്ടില്ല. അത് കാരണം അവരുടെ ആലോചന റദ്ദ് ചെയ്ത ശേഷമാണ് അബുബക്്ർ നബി(സ്വ)ക്ക് വിവാഹം ചെയ്തു കൊടുക്കാനുള്ള സന്നദ്ധത ഖൗലയെ അറിയിച്ചത്. ഈ സംഭവങ്ങള്‍ ഇമാം അഹ്മദ് തന്റെ മുസ്‌നദിലും ഇമാം ബൈഹഖി അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലും ആഇശ(റ) യില്‍ നിന്നുള്ള നിവേദക പരമ്പര സഹിതം ഉദ്ധരിച്ചിട്ടുണ്ട്. ഈ നിവേദനങ്ങള്‍ ഇമാം ഇബ്‌നു കഥീര്‍ തന്റെ അല്‍ ബിദായയില്‍ എടുത്തു ചേര്‍ത്തിട്ടുമുണ്ട്. ആഇശ(റ) ക്ക് ആറു വയസ്സായപ്പോഴാണ് ഈ വിവാഹാലോചനകള്‍ നടന്നതെന്ന് പ്രസ്തുത നിവേദനങ്ങളില്‍ പറയുന്നുണ്ട്. ഈ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചതില്‍ ആഇശ(റ)ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ മറ്റു കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വല്ല അസാംഗത്യമോ പരിഭവമോ തോന്നിയതായി ചരിത്രകാരന്മാരില്‍ ഒരാളും എവിടെയും ഉദ്ധരിച്ചു കണ്ടിട്ടില്ല. ഈ വിവാഹം നബി(സ്വ)ക്ക് അപകീര്‍ത്തി ഉളവാക്കുമെന്ന ആശങ്ക അത് പരാമര്‍ശിച്ച ഹദീസ് - ചരിത്ര പണ്ഡിതന്മാരില്‍ ഒരുത്തനും നാളിതുവരെ തോന്നിയതായും ചരിത്രമില്ല. നമ്മുടെ ഈ കാലഘട്ടത്തിലാണ് ചില മുസ്‌ലിം ബുദ്ധിജീവികള്‍ക്ക് പ്രസ്തുത വിവാഹം നബി(സ്വ)യെ സംബന്ധിച്ചേടത്തോളം അപമാനകരമാണെന്ന് തോന്നിത്തുടങ്ങിയത്. അതിനാല്‍ ഈ അപമാനത്തില്‍നിന്ന് പ്രവാചകനെ രക്ഷിച്ചെടുക്കേണ്ടതുണ്ടെന്ന് അവര്‍ ചിന്തിച്ചു. ഈ ചിന്ത ആഇശ(റ)യുടെ വിവാഹപ്രായം ആറില്‍നിന്ന് പതിനെട്ടാക്കി ഉയര്‍ത്താന്‍ അവര്‍ക്ക് പ്രചോദനമായി. അതിനായി കൃത്രിമമായ ചില തെളിവുകളും ന്യായങ്ങളും അവര്‍ കണ്ടെത്തുകയും ചെയ്തു.
നിസാഅ്: 6-ലെ നികാഹിന്റെ അര്‍ഥം വിവാഹപ്രായം എന്നല്ല പ്രായപൂര്‍ത്തി എന്നാണ്. നബി(സ്വ) ആഇശ(റ) യെ ആറാം വയസ്സില്‍ വിവാഹം ചെയ്തു എന്ന് സൂചിപ്പിക്കുന്ന ഇമാം ബുഖാരിയും മുസ്‌ലിമും യോജിച്ചു റിപ്പോര്‍ട്ട് ചെയ്ത (മുത്തഫഖുന്‍ അലൈഹി) ഹദീസ് ഖുര്‍ആന് വിരുദ്ധമായതിനാല്‍ അടിസ്ഥാന രഹിതമാണെന്ന കണ്ടെത്തലാണ് ഇതില്‍ ആദ്യത്തേത്.
وَابْتَلُوا الْيَتَامَىٰ حَتَّىٰ إِذَا بَلَغُوا النِّكَاحَ فَإِنْ آنَسْتُم مِّنْهُمْ رُشْدًا فَادْفَعُوا إِلَيْهِمْ أَمْوَالَهُمْۖ
'വിവാഹ പ്രായമാകും വരെ അനാഥരെ പരീക്ഷിച്ചു കൊണ്ടിരിക്കുക. അവര്‍ കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്തുക്കള്‍ അവരെ ഏല്പിക്കുക' (ഖു. 4:6) എന്ന സൂക്തത്തിന് വിരുദ്ധമാണത്രെ പ്രസ്തുത ഹദീസ്. പ്രബലമായ ഹദീസുകളുടെ വെളിച്ചത്തില്‍ ഖുര്‍ആനെ മനസ്സിലാക്കുന്ന വിശകലന രീതിയാണ് നാളിതുവരെ ശരീഅത്ത് വിശാരദന്മാര്‍ സ്വീകരിച്ചു പോന്നിട്ടുള്ളത്. ഖുര്‍ആനികാശയങ്ങളും നിയമവിധികളും പ്രബലമായ ഹദീസുകളെ ആധാരമാക്കി ഗ്രഹിക്കണമെന്നതാണ് ഖുര്‍ആന്റെ തന്നെ നിര്‍ദ്ദേശം.
إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُۚ
'അല്ലാഹു കാണിച്ചു തന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുന്നതിനു വേണ്ടിയാണ് സത്യസമേതം നാം നിനക്ക് ഈ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്.' (ഖു. 4:105)
وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
'നിനക്കു നാം ഈ ഉല്‍ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചു തന്നിരിക്കുന്നു; ജനങ്ങള്‍ക്കായി അവതരിപ്പിപ്പെട്ടത് അവര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും' (ഖു. 16:44) എന്നീ ഖുര്‍ആന്‍ സൂക്തങ്ങളുടെ താല്പര്യമാണത്. എന്നാല്‍ ഈ ഖുര്‍ആനിക നിര്‍ദേശങ്ങള്‍ക്കു ഭിന്നമായി ഖുര്‍ആനെ സുന്നത്തിന്റെ മേല്‍ വിധി കര്‍ത്താവാക്കുകയും തുടര്‍ന്ന് സുന്നത്തിനെ തള്ളിക്കളയുകയുമാണ് ഇവര്‍ ചെയ്തിട്ടുള്ളത്. എന്നിട്ട് ഖുര്‍ആന് സ്വയംകൃത വ്യാഖ്യാനം നല്‍കുകയും ചെയ്തു. എന്നിട്ട് വിവാഹം കഴിക്കാന്‍ ഇസ്‌ലാം പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ശൈശവ വിവാഹം ഖുര്‍ആന് വിരുദ്ധമാണെന്നും വാദിച്ചു.
സൂറതുന്നിസാഇലെ മുകളിലുദ്ധരിച്ച ആറാം സൂക്തത്തിലെ 'അന്നികാഹ്' എന്ന പദത്തിന് വിവാഹപ്രായം എന്ന അര്‍ത്ഥ കല്പന നല്‍കിയത് ശരിയല്ല. പ്രായപൂര്‍ത്തി എന്ന അര്‍ത്ഥത്തിലാണ് പ്രസ്തുതപദം ഉദ്ധൃത സൂക്തത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.വിവാഹമോ വിവാഹ പ്രായമോ ഈ സൂക്തത്തിന്റെ പ്രതിപാദ്യ വിഷയമല്ല. പ്രത്യുത, അനാഥകളുടെ സ്വത്ത് അവര്‍ക്ക് വിട്ടുകൊടുക്കുന്നത് പ്രായപൂര്‍ത്തിയും കാര്യപ്രാപ്തിയും കൈവരിച്ച ശേഷമായിരിക്കണം എന്ന നിയമമാണ് മേല്‍ ആയത്തിലൂടെ നല്‍കപ്പെട്ടിട്ടുള്ളത്.
اختبروا اليتامى حتى اذا بلغوا سنّ النكاح وهو (بلوغ الحلم) الذي يصلحون عنده للنّكاح
അനാഥകള്‍ വിവാഹമെത്തിയാല്‍, അതായത്, അവര്‍ വിവാഹത്തിന് യോഗ്യരാവുന്ന പ്രായപൂര്‍ത്തി എത്തിയാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ചറിയുക.' (സ്വഫ്‌വത്തുത്തഫാസീര്‍).
മദ്ഹബിന്റെ ഇമാമുമാരോ പ്രാമാണികരായ കര്‍മ്മ ശാസ്ത്ര വിശാരദന്മാരോ വിവാഹത്തിന് പ്രായപൂര്‍ത്തി പ്രാപിക്കണമെന്ന നിയമം പ്രസ്തുത ആയത്തില്‍ നിന്ന് നിര്‍ദ്ധാരണം ചെയ്തിട്ടില്ല. മറിച്ച് നാല് മദ്ഹബുകള്‍ ഉള്‍പ്പെടെ മുഴുവന്‍ കര്‍മ്മശാസ്ത്ര വിശാരദന്മാരും ശൈശവ വിവാഹം ഉപാധികളോടെ അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ടവരാണ്. ഇതിന് അവരുടെ പ്രഥമാവലംബം വിശുദ്ധ ഖുര്‍ആന്‍ തന്നെ. അല്ലാഹു പറയുന്നു:
وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَۚ
'നിങ്ങളുടെ സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചു കഴിഞ്ഞവരുടെ കാര്യത്തില്‍ സംശയം തോന്നിയാല്‍ (അറിഞ്ഞിരിക്കുക) അവരുടെ ഇദ്ദ മൂന്ന് മാസമാകുന്നു. ഇനിയും ഋതുമതികളായി കഴിഞ്ഞിട്ടില്ലാത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളവും വിധി ഇതു തന്നെ. (ത്വലാഖ്: 4) 'ചെറിയ മക്കളെ വിവാഹം കഴിപ്പിക്കല്‍' എന്ന ശീര്‍ഷകത്തിനു താഴെ പ്രസ്തുത ആയത്തിലെ 'വല്ലാഈ ലം യഹിദ്‌ന' എന്ന ഭാഗം ഉദ്ധരിച്ച ശേഷം ഇമാം ബുഖാരി എഴുതുന്നു: ഈ ദൈവിക വചനം പ്രായപൂര്‍ത്തിക്കു മുമ്പ് പെണ്‍കുട്ടികളുടെ ഇദ്ദ (വിവാഹ മോചനാനന്തരമുള്ള ദീക്ഷാകാലം) മൂന്ന് മാസമാക്കി നിശ്ചയിച്ചിരിക്കുന്നു (ബുഖാരി/ഫത്ഹുല്‍ബാരി 9:96). പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ 'ഇനിയും ആര്‍ത്തവമുണ്ടായിട്ടില്ലാത്തവള്‍' എന്ന തിന്റെ വിവക്ഷ ചെറിയ പെണ്‍കുട്ടിയാണെന്നും അവളുടെ ഇദ്ദ മൂന്നു മാസമാണെന്നും ഇമാം ഖുര്‍ത്വുബി രേഖപ്പെടുത്തിയിരിക്കുന്നു. ഹനഫി പണ്ഡിതനായ ഇമാം അബൂബക്്ർ അല്‍ ജസ്സ്വാസ്വ് എഴുതുന്നു: ആര്‍ത്തവം ഉണ്ടായിട്ടില്ലാത്ത ബാലികയുടെ ത്വലാഖ് സാധുവാണെന്ന് മേല്‍ ആയത്ത് വിധിച്ചിരിക്കുന്നു. സാധുവായ വിവാഹ ബന്ധത്തിലല്ലാതെ ത്വലാഖ് സംഭവിക്കുന്നതല്ല. അതിനാല്‍ ബാലികയെ വിവാഹം കഴിപ്പിക്കല്‍ അനുവദനീയമാണെന്ന കാര്യം ഈ ആയത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. (അഹ്കാമുല്‍ ഖുര്‍ആന്‍).
ഹദീസ് ഗ്രന്ഥങ്ങളിലെ പ്രബലമായ റിപ്പോര്‍ട്ടുകളും ഏകസ്വരത്തിലുള്ള ചരിത്ര നിവേദനങ്ങളും ഇസ്‌ലാമിക പണ്ഡിതന്മാരുടെ ഏകകണ്ഠമായ നിരീക്ഷണങ്ങളും മാറ്റി വെച്ച് ആഇശ(റ)യുടെ ജനനത്തിയ്യതിയും വിവാഹപ്രായവും ജീവിതകാലവും പുനര്‍നിര്‍ണയം ചെയ്യാന്‍ ഒരുമ്പെട്ടവരുടെ ജല്പനങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം :
'ജേഷ്ഠത്തി അസ്മാ(റ) ആഇശ(റ)യേക്കാള്‍ പത്ത് വയസ്സിന് മൂത്തവളാണെന്ന് ചരിത്രകാരന്മാരെല്ലാം രേഖപ്പെടുത്തുന്നു. ഹി:73-ലാണ് അസ്മാ (റ) നിര്യാതയായത്. അന്നവര്‍ക്ക് 100 വയസ്സുണ്ടായിരുന്നുവെന്നതില്‍ ചരിത്രകാരന്മാരെല്ലാം യോജിക്കുന്നു. അതിനാല്‍ ഹിജ്‌റയുടെ സമയത്ത് അവര്‍ക്ക് 27 വയസ്സായിരുന്നുവെന്നത് സ്ഥാപിതമായി (100-73 = 27) അന്ന് അനുജത്തി ആഇശക്ക് 17 വയസ്സ് (27-10 = 17). അവര്‍ ജനിച്ചത് നുബുവ്വത്തിന്റെ നാലു വര്‍ഷം ഇതില്‍ നിന്നു വ്യക്തമായി (17-13 = 4)'
മേല്‍ പറഞ്ഞതില്‍ 'ജ്യേഷ്ഠത്തി അസ്മാ(റ) ആഇശ(റ)യേക്കാള്‍ 10 വയസ്സിന് മൂത്തവളാണെന്ന് ചരിത്രകാരന്മാരെല്ലാം രേഖപ്പെടുത്തുന്നു' എന്ന പ്രസ്താവന വാസ്തവ വിരുദ്ധമാണ്. ഹിജ്‌റ സമയത്ത് അസ്മാഇന് 27 വയസ്സാണെന്നതും ഹി. 73-ല്‍ വഫാത്താകുമ്പോള്‍ 100 വയസ്സുണ്ടെന്നതും ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണ്. എന്നാല്‍ ഇത് പോലെ സ്ഥിരീകരണമുള്ളതല്ല , അവരും ആഇശയും തമ്മിലുള്ള പ്രായ വ്യത്യാസം. ചരിത്രകാരന്മാരില്‍ പലരും അസ്മാക്ക് ആയിശയേക്കാള്‍ പ്രായം കൂടുതലുണ്ടെന്നേ പറയുന്നുള്ളു. പത്ത് വയസ്സ് കൂടുതലുണ്ടെന്ന് ഇബ്‌നു അബിസ്സിനാദ് പറഞ്ഞതായിട്ടാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.
നുബുവ്വത്തിന്റെ നാലു വര്‍ഷം മുമ്പാണെന്ന് ഇതില്‍ നിന്നു വ്യക്തമായി.
താബിഉത്താബിഇകളില്‍ ഒരാളായ ഇബ്‌നു അബിസ്സിനാദ് ആഇശ(റ) യുടെയോ അസ്മാഇ (റ) ന്റെയോ കാലത്ത് ജീവിച്ച വ്യക്തിയല്ല. അതിനാല്‍ ആഇശ(റ) യുടെ പ്രായവുമായി അദ്ദേഹത്തിന്റെ നിവേദനം കണ്ണിയറ്റതും (മുന്‍ഖത്വിഅ്) അസ്വീകാര്യവുമാകുന്നു. നിവേദകന്‍ എന്ന നിലയില്‍ അദ്ദേഹം വിശ്വാസയോഗ്യനല്ലെന്ന് നിരൂപകന്മാര്‍ വ്യക്തമാക്കായിട്ടുമുണ്ട്. അത് കൊണ്ട് തന്നെ ആഇശയും ജ്യേഷ്ഠത്തി അസ്മയും തമ്മിലുള്ള പ്രായ വ്യത്യാസം 10 വയസ്സാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സ്വീകാര്യമല്ലെന്ന് ഇമാം ദഹബി വ്യക്തമാക്കിയിരിക്കുന്നു (താരീഖുല്‍ ഇസ്‌ലാം 3: 354). തദ്വിഷയകമായ നിവേദനങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ഇമാം ദഹബി പ്രസ്താവിച്ചത്, 'അസ്മാഇന് ആഇശയെക്കാള്‍ പത്തില്‍ ചില്വാനം വയസ്സ് കൂടുതലായിരുന്നു' (വ കാനത് അസന്ന മിന്‍ഹാ ബിബിദ്അ അശറത സന:) എന്നാണ്. മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള സംഖ്യയെ ഉദ്ദേശിച്ച് പറയാവുന്ന പദമാണ് ബിദ്അ്. ബിദ്അ അശറത സന: എന്ന പ്രയോഗത്തിന് 13 മുതല്‍ 19 വരെയുള്ള സംഖ്യ ഉദ്ദേശ്യമാകാം. അതിനാല്‍ ആഇശ(റ) യുടെ വിവാഹ പ്രായവും നിര്യാണ സമയത്തെ പ്രായവും മറ്റുമായി ബന്ധപ്പെട്ട പ്രബലമായ നിവേദനങ്ങളുടെ വെളിച്ചത്തില്‍ അവര്‍ക്ക് സഹോദരി അസ്മയേക്കാള്‍ 19 വയസ്സ് കുറവായിരുന്നുവെന്ന് മനസ്സിലാക്കാം. അതനുസരിച്ച് പ്രവാചകന്റെ ഹിജ്‌റാ വേളയില്‍ അസ്മാ(റ)ക്ക് 27 വയസ്സും ആഇശ(റ)ക്ക് എട്ട് വയസ്സുമാകുന്നു (27-19 = 8).
ചുരുക്കത്തില്‍ ആഇശ(റ)യുടെ ജനനത്തിയ്യതിയും വിവാഹ സമയത്തെ പ്രായവും തിരുത്തിക്കുറിക്കാന്‍ ഒരുമ്പെട്ടവരുടെ മുഖ്യാവലംബം, നിവേദനപരമായി ബാലിശമെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടതും അബു സ്സിനാദില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നതുമായ ഒരു പ്രസ്താവന മാത്രമാണ്. ഈ പ്രസ്താവനയില്‍ ചാരി നിന്നാണ് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും പോലെ പ്രാമാണികരായ ഹദീസ് പണ്ഡിതന്മാരുടെ വിശ്വാസ്യതയെ അവര്‍ ചോദ്യം ചെയ്യുന്നത്! ആധികാരികവും അവലംബാര്‍ഹവുമായി മുസ്‌ലിം ലോകം അംഗീകരിച്ചു വന്നിട്ടുള്ളതുമായ ഹദീസ് ഗ്രന്ഥങ്ങളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് വിവാഹ സമയത്ത് ആഇശ(റ)ക്ക് 15 വയസ്സുണ്ടായിരുന്നുവെന്ന് വാദിക്കുന്നവരുടെ മുഖ്യാവലംബമായ റിപ്പോര്‍ട്ടിന്റെ സ്ഥിതിയാണ് മേല്‍ വിവരിച്ചത്. അതിന് ഉപോദ്ബലകമായി നിരത്തിയ തെളിവുകളുടെ നിലവാരമാകട്ടെ, അതിനേക്കാള്‍ തരംതാണതാണ്. ഈ തെളിവുകളിലൊന്ന്, ഇമാം ഇബ്‌നു ജരീരിത്ത്വബരി തന്റെ താരീഖില്‍ ഇപ്രകാരം പ്രസ്താവിച്ചുണ്ടെന്ന വ്യാജ ജല്പനമാണ്: 'അബൂബക്്ർ(റ)ന്റെ സന്താനങ്ങളെല്ലാം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പാണ് ജനിച്ചത്.'
താരീഖുല്‍ ഉമമില്‍ അബൂബക്്ർ സ്വിദ്ദീഖി (റ) ന്റെ ചരിത്രം മുഴുവന്‍ പരതിയിട്ടും ഇപ്രകാരം ഒരു പ്രസ്താവന ഈ ലേഖകന് കണ്ടെത്താന്‍ കഴിഞ്ഞില്ല. മറിച്ച്, ഇമാം ത്വബരി അവ്വിധം ഒരു പരാമര്‍ശം തന്റെ ഗ്രന്ഥത്തില്‍ നടത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാന്‍ മതിയായ തെളിവുകളാണ് ലഭിച്ചത്. ഹി. 13-ല്‍ അബൂബക്്ർ (റ) നിര്യാതനാകുമ്പോള്‍ പുത്രന്‍ മുഹമ്മദുബ്‌നു അബീബക്‌റിന് മൂന്ന് വയസ്സേ ഉണ്ടായിരുന്നുള്ളു. ഭാര്യ ഹബീബ ഗര്‍ഭിണിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിനു ശേഷം അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി എന്നിങ്ങനെ അബൂബക്്ർ(റ) ന്റെ ചരിത്രത്തില്‍ ഇമാം ത്വബരി രേഖപ്പെടുത്തിയിരിക്കുന്നു. എന്നിരിക്കെ , അബൂബക്‌റിന്റെ സന്താനങ്ങളെല്ലാം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പാണ് ജനിച്ചത് എന്ന് ത്വബരി രേഖപ്പെടുത്തുമോ? അഥവാ അങ്ങനെ ഒരു പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ടെങ്കില്‍ ഗ്രന്ഥത്തിന്റെ വാല്യം , അധ്യായം , പേജ് നമ്പര്‍ എന്നിവ ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തട്ടെ.
പ്രവാചകന്റെ ഹിജ്‌റയുടെ സമയത്ത് ആഇശ(റ)ക്ക് 17 വയസ്സാണെന്ന് വാദിക്കുന്നവരുടെ മറ്റൊരു തെളിവ് ബുഖാരിയുടെ താഴെ റിപ്പോര്‍ട്ടാണ്: ആഇശ(റ) പറയുന്നു: 'എനിക്ക് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ മാതാപിതാക്കള്‍ ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു. അന്ന് എല്ലാ ദിവസവും രാവിലെയും വൈകീട്ടും റസൂല്‍ (സ) ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. മുസ്‌ലിംകള്‍ പീഡനത്തിനിരയായപ്പോള്‍ പിതാവ് അബൂബക്്ർ (റ) അബ്‌സീനിയയിലേക്ക് പലായനം ചെയ്യാനിറങ്ങി.' ഇത് ഉദ്ധരിച്ച ശേഷം തുടര്‍ന്ന് ഇപ്രകാരം എഴുതിയിരിക്കുന്നു: 'അബ്‌സീനിയയിലേക്ക് ആദ്യമായി പലായനം നടത്തിയത് ദിവ്യ ബോധനം ലഭിച്ച് അഞ്ചാമത്തെ വര്‍ഷമാണ്. അന്ന് നടന്ന കാര്യങ്ങളെല്ലാം കൃത്യമായി ഓര്‍ക്കാനുള്ള പ്രായമുണ്ടായിരുന്നു ആഇശ (റ)ക്കെന്ന് ഈ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണല്ലോ. ശരിയായ കണക്കില്‍ അന്നവര്‍ക്ക് ഒമ്പത് വയസ്സായിരുന്നു.' ബുഖാരിയിലെ സുദീര്‍ഘമായ ഹദീസിന്റെ ആദ്യ ഭാഗമാണ് ഒരു ലേഖകന്റെ മേല്‍ ഉദ്ധരണി. അതില്‍ ഹബശ (അബി സീനിയ) എന്നു കണ്ടപ്പോഴേക്ക്, അബൂബക്്ർ (റ) ഹിജ്‌റക്കൊരുങ്ങിയത് നുബുവ്വത്തിന്റെ അഞ്ചാം വര്‍ഷമാണെന്ന് മനസ്സിലാക്കുകയും പ്രസ്തുത സംഭവം നിവേദനം ചെയ്ത ആഇശ(റ)ക്ക് അന്ന് ഒമ്പത് വയസ്സായിരിക്കണമെന്ന് പ്രസ്താവിക്കുകയും ചെയ്താണ് നാം കണ്ടത്. അബ്‌സീനിയയിലേക്ക് പ്രവാചകാനുചരന്മാരുടെ ആദ്യ ഹിജ്‌റ ഹി. അഞ്ചാം വര്‍ഷമായിരുന്നുവെന്നതില്‍ സംശയമില്ല. എന്നാല്‍ അബൂബക്്ർ (റ) ഹിജ്‌റക്കൊരുങ്ങിയത് ആ വര്‍ഷം തന്നെയായിരുന്നുവെന്ന ഒരു സൂചനയും ഉപരി സൂചിത ഹദീസില്‍ ഇല്ല. ഹദീസ് മുഴുവന്‍ വായിക്കുന്ന ഒരാള്‍ അങ്ങനെ ഒരു നിഗമനത്തില്‍ എത്താനും സാധ്യതയില്ല. കാരണം അബൂബക്്ർ (റ) ഹബശ പലായനത്തിനിറങ്ങിയത് വിശ്വാസികള്‍ മദീനാ പലായനം ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു എന്നാണ് ഹദീസിന്റെ സൂചന.
അബൂബക്്ർ(റ) അബ്‌സീനിയയിലേക്ക് പലായനത്തിന് ഇറങ്ങിത്തിരിച്ചതും ഇബ്‌നുദ്ദുഗ്‌നഃ അദ്ദേഹത്തിന് അഭയം നല്‍കിയതും പിന്നീട് അഭയം റദ്ദാക്കിയ കാര്യവും പറഞ്ഞ ഉടനെ പ്രസ്തുത ഹദീസില്‍ ആഇശ (റ) പറയുന്നത് ഇപ്രകാരമാണ്: തദവസരം റസൂല്‍ (സ്വ) പ്രസ്താവിച്ചു: 'നിങ്ങള്‍ക്ക് ഹിജ്‌റ ചെയ്യാനുള്ള സ്ഥലത്തെപ്പറ്റി എനിക്ക് സ്വപ്ന ദര്‍ശനമുണ്ടായിരിക്കുന്നു. ഇരു കല്‍പ്രദേശങ്ങള്‍ക്കിടയിലുള്ള ഈത്തപ്പനകളുടെ ദേശമാ (മദീനഃ)ണത്.' പിന്നീട് ഹിജ്‌റ ചെയ്തവരെല്ലാം മദീനയുടെ ഭാഗത്തേക്കാണ് പോയത്.' അബൂബക്്ർ (റ) അബ്‌സീനിയയിലേക്ക് പലായനത്തിന് ഇറങ്ങിത്തിരിച്ചത് വിശ്വാസികള്‍ മദീനാ പലായനം ആരംഭിച്ചതിന്റെ തൊട്ടുമുമ്പാണെന്ന് ഇത് വ്യക്തമാക്കുന്നു. അതിനാല്‍ ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നുബുവ്വത്തിന്റെ അഞ്ചാം വര്‍ഷത്തില്‍ ആഇശ(റ)ക്ക് ഒമ്പത് വയസ്സാണെന്ന് പറയാന്‍ നിർവാഹമില്ല.
'വിശുദ്ധ ഖുര്‍ആനിലെ 54-ാം അധ്യായം സൂറത്തുല്‍ ഖമര്‍ അവതരിച്ചത് ആഇശ(റ) വ്യക്തമായി ഓര്‍ക്കുന്നു. താന്‍ കളിച്ചു നടക്കുന്ന പ്രായത്തിലായിരുന്നു അതെന്ന് അവര്‍ പറഞ്ഞതായി ബുഖാരി രേഖപ്പെടുത്തുന്നു.' ഇങ്ങനെയൊരു ഉദ്ധരണി നല്കിയ ശേഷം ലേഖകന്‍ ചോദിക്കുന്നു: 'നുബുവ്വത്തിന്റെ നാലാം വര്‍ഷമാണ് പ്രസ്തുത അധ്യായം അവതരിച്ചതെന്നത് നിസ്തര്‍ക്കമാണ്. ക്രി. 621-ല്‍ വിവാഹം നടന്ന സമയത്ത് അവര്‍ക്ക് ആറ് വയസ്സാണെങ്കില്‍ ഈ അധ്യായം അവതരിച്ച സമയം അവര്‍ ജനിച്ചിട്ട് പോലുമില്ല എന്നല്ലേ വരിക? നുബുവ്വത്തിന്റെ നാലു വര്‍ഷം മുമ്പ് ജനിച്ച അവര്‍ക്ക് അന്ന് എട്ട് വയസ്സ് പൂര്‍ത്തിയായിട്ടുണ്ടായിരുന്നു എന്നതാണ് വസ്തുത.' എന്നാല്‍ ലേഖകന്‍ ഉദ്ധരിച്ച രൂപത്തില്‍ ആഇശ(റ) യുടെതായി ഒരു പ്രസ്താവന ബുഖാരിയില്‍ ഇല്ല.
ഉള്ളത് ഇപ്രകാരമാണ്: ആഇശ(റ)യില്‍ നിന്ന് നിവേദനം. 'അല്ല , ആ അന്ത്യ സമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. അന്ത്യ സമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കൈപേറിയതുമാകുന്നു' (ഖു. 54:46) എന്ന സൂക്തം മുഹമ്മദ് നബിക്ക് മക്കയില്‍ വെച്ച് അവതരിപ്പിക്കപ്പെട്ടു. ഞാനന്ന് കളിച്ചു നടക്കുന്ന കുട്ടിയായിരുന്നു' (ബുഖാരി). സൂറത്തുല്‍ ഖമറിന്റെ അവതരണമല്ല, അതിലെ 46-ാം സൂക്തത്തിന്റെ അവതരണമാണ് ഈ നിവേദനത്തില്‍ ആഇശ (റ) അനുസ്മരിക്കുന്നത്. ഹി. നാലാം വര്‍ഷം തന്നെ സൂറത്തുല്‍ ഖമര്‍ മുഴുവനായി അവതരിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാലേ അന്ന് ആഇശ (റ) ക്ക് എട്ട് വയസ്സാണെന്ന വാദം വസ്തുതയാവുകയുള്ളു. സൂറത്തുല്‍ ഖമര്‍ പല ഘട്ടങ്ങളിലായാണ് അവതരിച്ചതെന്നും റസൂല്‍ (സ്വ) ചന്ദ്രന്‍ പിളര്‍ത്തിക്കാണിച്ച സന്ദര്‍ഭത്തില്‍ ആദ്യ രണ്ട് ആയത്തുകളാണ് അവതരിച്ചതെന്നുമാണ് നിവേദനങ്ങളിലുള്ളത്. അനസ് (റ) ല്‍ നിന്ന് തിര്‍മിദി നിവേദനം ചെയ്യുന്നു: 'മക്കാ നിവാസികള്‍ നബി(സ്വ) യോട് ഒരു ദൃഷ്ടാന്തം ആവശ്യപ്പെട്ടു. അപ്പോള്‍ മക്കയില്‍ ചന്ദ്രന്‍ രണ്ട് ഭാഗമായി പിളര്‍ന്നു. തത്സമയം 'അന്ത്യ സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു' എന്നത് മുതല്‍ 'ഇത് നില നിന്ന് വരുന്ന ജാലവിദ്യയാകുന്നു' എന്ന വാക്യം വരെയുള്ള സൂക്തങ്ങള്‍ (ഖു. 54: 1, 2) അവതരിച്ചു.' ഇമാം അഹ്മദ് , ത്വബരി , ബൈഹഖി (ദലാഇലുന്നുബുവ്വഃ), ഹാകിം തുടങ്ങിയവരും സമാനമായ നിവേദനങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് സൂറത്തുല്‍ ഖമറിലെ ആദ്യത്തെ രണ്ട് ആയത്തുകള്‍ ഹി.നാലാം വര്‍ഷം അവതരിച്ചുവെന്നേ മനസ്സിലാക്കാവൂ. ബാക്കി ഭാഗം എപ്പോള്‍ അവതരിച്ചുവെന്ന് തീര്‍ച്ചപ്പെടുത്താന്‍ മതിയായ രേഖകള്‍ ഒന്നുമില്ല. ആദ്യകാല മുഫസ്സിറുകളില്‍ പ്രസിദ്ധനും താബിഈ പണ്ഡിതന്‍ ഇമാം മുജാഹിദിന്റെ ശിഷ്യനുമായ മുഖാത്തിലു ബ്‌നു സുലൈമാന്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: 'മദീനയില്‍ അവതരിച്ച മൂന്ന് ആയത്തുകള്‍ ഒഴികെ സൂറത്തുല്‍ ഖമര്‍ മക്കയിലാണ് അവതരിച്ചത്.'
'ബദ്ര്‍, ഉഹുദ് രണാങ്കണങ്ങളില്‍ സേവനം ചെയ്ത ഉമ്മു സുലൈം , ഉമ്മു ഉമാ റ (റ) എന്നിവര്‍ക്കൊപ്പം ആഇശ (റ) യും ഉണ്ടായിരുന്നു. ഹിജ്‌റക്കു ശേഷം ഒരു വര്‍ഷം കഴിഞ്ഞു ഒമ്പതാം വയസ്സിലാണ് ആഇശ (റ) ദാമ്പത്യ ജീവിതം ആരംഭിച്ചതെങ്കില്‍ ബദ്ര്‍ യുദ്ധം നടക്കുമ്പോള്‍ അവര്‍ക്ക് 10 വയസ്സേ ഉണ്ടാവുകയുള്ളു. പത്ത് വയസ്സു കാരിയെ ആരെങ്കിലും യുദ്ധക്കളത്തിലേക്കു കൊണ്ടു പോകുമോ? ആ പ്രായത്തിലുള്ളവര്‍ക്ക് എന്ത് സേവനമാണ് അവിടെ നിർവഹിക്കാനുള്ളത്? അതിനാല്‍ അന്ന് ആഇശ (റ) ക്ക് 19 വയസ്സെങ്കിലും ഉണ്ടാവണം'. ബുഖാരി , മുസ്‌ലിം പോലെയുള്ള ആധികാരിക ഹദീസ് ഗ്രന്ഥങ്ങളില്‍ അവിശ്വാസം ജനിപ്പിക്കാന്‍ തിരുത്തല്‍ വാദികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും പ്രസ്താവനകളുമാണ് മുകളില്‍ പരാമര്‍ശിച്ചത്. പ്രമാണങ്ങളെ വേണ്ട പോലെ വായിക്കുകയോ പരിശോധിക്കുകയോ ചെയ്ത ശേഷമല്ല അവയ്‌ക്കെതിരെ ഇവര്‍ പ്രസ്താവനയിറക്കുന്നത് എന്നതിന്റെ സ്പഷ്ടമായ തെളിവാണ് പ്രസ്തുത വാചകങ്ങള്‍. ബദ്‌റില്‍ മുസ്‌ലിം ഭടന്മാരോടൊപ്പം വനിതകളാരും പങ്കെടുത്തിട്ടില്ലെന്ന വസ്തുതയാണ് ഇവര്‍ ആദ്യം മനസ്സിലാക്കേണ്ടത്. യുദ്ധക്കളത്തില്‍ ശത്രുവിനോട് പൊരുതാന്‍ നബി (സ) പത്ത് വയസ്സുകാരിയെ എന്നല്ല മുതിര്‍ന്ന വനിതകളെയും കൊണ്ടുപോയിട്ടില്ലെന്നാണ് അവര്‍ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം. പരിക്കേറ്റവര്‍ക്ക് കുടിവെള്ളം നല്‍കലാണ് ഉഹുദില്‍ ആഇശ (റ) യും മറ്റും ചെയ്ത സേവനം. ഇത് 10 വയസ്സുകാരിക്കും ചെയ്യാനാകും. എന്നല്ല , ഓടി നടന്ന് വെള്ളം നല്‍കാന്‍ മുതിര്‍ന്നവരേക്കാള്‍ പത്ത് വയസ്സുകാരിക്കാണ് എളുപ്പം സാധിക്കുക. ആഇശ (റ) വെള്ളപ്പാത്രവുമായി ഓടിയിട്ടുണ്ടെങ്കില്‍ അതവര്‍ക്ക് വഹിക്കാന്‍ പാകത്തിലുള്ള പാത്രമാണെന്നു കരുതിയാല്‍ മതി. പരിക്കേറ്റവരുടെ വായില്‍ വെള്ളം ഒഴിച്ചു കൊടുക്കാന്‍ ഉപയോഗിച്ചതും അതേ പാത്രമാണല്ലോ.
'ആഇശ (റ) യെ നബി(സ്വ) ആറാം വയസ്സില്‍ നികാഹ് ചെയ്തു വെന്നും ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടിയെന്നും പറയുന്ന ഹദീസുകളുടെയെല്ലാം ഉറവിടം പരിശോധിച്ചാല്‍ എല്ലാ നിവേദന പരമ്പരകളും ചെന്നെത്തുന്നത് ഹിശാമു ബ്‌നു ഉർവ എന്ന താബിഇ യിലാണെന്ന് കാണാം. ഹിശാം മദീനയിലായിരുന്നു ജീവിതത്തിന്റെ നല്ല കാലം കഴിച്ചുകൂട്ടിയത്. അക്കാലത്ത് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തതെല്ലാം വിശ്വസനീയമായ ഹദീസുകളാണ്. ഏതാണ്ട് 71 വയസ്സായ ശേഷം അദ്ദേഹം ഇറാഖിലേക്കു മാറിത്താമസിച്ചു. അവിടെ വെച്ച് അദ്ദേഹത്തിന്റെ ഓര്‍മ്മ ശക്തി തകരാറിലായി. അതിനു ശേഷം റിപ്പോര്‍ട്ടു ചെയ്ത ഹദീസിലാണ് ആഇശ (റ) യെ പ്രവാചകന്‍ വിവാഹം കഴിച്ചത് ആറാം വയസ്സിലാണ് എന്നുള്ളത്. ഹദീസ് നിരൂപകന്മാരായ ഇമാം മാലിക്, ബൈഹഖി, ദഹബി എന്നിവര്‍ ദുര്‍ബലമാണെന്ന് വിശേഷിപ്പിച്ച പരമ്പരയിലൂടെയാണത് വന്നിട്ടുള്ളത്.'
ആഇശ(റ) യുടെ വിവാഹ സമയത്തെ പ്രായവുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി , ഇമാം മുസ്‌ലിം തുടങ്ങിയ പ്രാമാണികരായ ഹദീസ് പണ്ഡിതന്മാര്‍ ഉദ്ധരിച്ച ഹദീസിനെ സംബന്ധിച്ച് വിമര്‍ശകന്മാരുടെ വിലയിരുത്തലാണ് മേല്‍ ഉദ്ധരണിയില്‍ അടങ്ങിയിട്ട ട്ടുള്ളത്. ഒട്ടേറെ അബദ്ധങ്ങളാണ് ഇതില്‍ എഴുന്നള്ളിച്ചിരിക്കുന്നു. ആഇശ(റ) യുടെ വിവാഹം പരാമര്‍ശിച്ചിട്ടുള്ള ഹദീസുകളുടെയെല്ലാം ഉറവിടം ഹിശാമുബ്‌നു ഉർവയാണ്. പ്രസ്തുത ഹദീസുകളുടെ നിവേദക പരമ്പര മുഴുവന്‍ ചെന്നെത്തുന്നത് ഹിശാമുബ്‌നു ഉർവ എന്ന താബിഇയിലാണ് എന്ന പ്രസ്താവനയാണ് ഒന്നാമത്തെ അബദ്ധം. ഹദീസുകളെയും അവയുടെ നിവേദക പരമ്പരകളെയും സൂക്ഷ്മമായി പഠിക്കുകയും പരിശോധിക്കുകയും ചെയ്ത ശേഷമല്ല അവക്കെതിരെ ആരോപണങ്ങളുമായി ഇവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.
നബി (സ്വ ) തന്നെ ആറാം വയസ്സില്‍ നികാഹ് ചെയ്തുവെന്നും ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടിയെന്നുമുള്ള ആഇശ (റ) യുടെ ഹദീസ് ഹിശാം ഇബ്‌നു ഉർവ മാത്രമല്ല നിവേദനം ചെയ്തിട്ടുള്ളതെന്ന്, സ്വഹീഹു മുസ്‌ലിം തുറന്നു നോക്കിയാല്‍, ഹദീസ് വിജ്ഞാനവുമായി സാമാന്യ ബന്ധമെങ്കിലും ഉള്ള ഏതൊരാള്‍ക്കും നിഷ്പ്രയാസം കണ്ടെത്താനാകും. ഹിശാം ഇബ്‌നു ഉർവ തന്റെ പിതാവ് ഉർവ ഇബ്‌നു സുബൈറില്‍ നിന്നദ്ധരിച്ച അതേ ഹദീസ് ഉർവയില്‍ നിന്ന് ഇമാം സുഹ്‌രി നിവേദനം ചെയ്തിട്ടുണ്ട്.
ഈ ഹദീസ് ആഇശ(റ)യില്‍ നിന്ന് താബിഈ പണ്ഡിതനായ അസ്‌വദുബ്‌നു യസീദും നിവേദനം ചെയ്തിട്ടുണ്ട്. ഈ രണ്ടു നിവേദനങ്ങളും സ്വഹീഹു മുസ്‌ലിമില്‍ കാണാം. കൂടാതെ പ്രസ്തുത ഹദീസ് ആഇശ (റ) യില്‍ നിന്നു തന്നെ യഹ്‌യ ബ്‌നു അബ്ദിര്‍റഹ്മാന്‍ നിവേദനം ചെയ്തായി അബൂദാവൂദ് ഉദ്ധരിച്ചിരിക്കുന്നു. അതേ ഹദീസ് ആഇശ (റ) യില്‍ നിന്ന് ഉദ്ധരിച്ചവരില്‍ ഖാസിമുബ്‌നു അബ്ദിര്‍ഹ്മാന്‍, ഖാസിമുബ്‌നു മുഹമ്മദിബ് നി അബീബക്്ർ, അംറ: ബിന്‍തു അബദിര്‍ റഹ് മാന്‍ എന്നിവരും ഉള്‍പെടുന്നതായി ഹദീസ് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.
ഉർവയില്‍ നിന്ന് ഹിശാമുബ്‌നു ഉർവക്കു പുറമെ പ്രസ്തുത ഹദീസ് ഉദ്ധരിച്ചവരില്‍ ഇബ്‌നു ശിഹാബിസ്സുഹ്‌രി, അബൂ ഹംസ മൈമൂന്‍ മൗലാ ഉർവ എന്നിവര്‍ ഉള്‍പെടുന്നു. ഹിശാമു ബ്‌നു ഉർവയില്‍ നിന്ന് മദീനക്കാരായ നിവേദകര്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
അബുസ്സിനാദ് അബ്ദുല്ലാഹി ബ്‌നു ദക്‌വാന്‍, അബ്ദുര്‍ റഹ്മാന്‍ ബ്‌നു അബിസ്സിനാദ്, അബ്ദുല്ലാഹിബ്‌നു മുഹമ്മദ് എന്നിവരാണവര്‍. ഹിശാമില്‍ നിന്ന് പ്രസ്തുത ഹദീസ് മദീനക്കാരായ നിവേദകര്‍ ഉദ്ധരിച്ചത്, അദ്ദേഹം മദീനയില്‍ വെച്ചു തന്നെയാണത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് തെളിയിക്കുന്നു. അതിനാല്‍ ഇറാഖില്‍ വന്ന ശേഷം, ഹിശാമിന്റെ ഓര്‍മ്മശക്തിക്കു ഭംഗം നേരിട്ടതിനു ശേഷം ഉദ്ധരിച്ചതാണ് പ്രസ്തുത ഹദീസ് എന്ന വാദം ബുഖാരീ വിമര്‍ശകരുടെ വാചാടോപം മാത്രമാകുന്നു. പ്രസിദ്ധ സ്വഹാബി അബദുല്ലാഹിബ്‌നു സ്സുബൈറിന്റെ പൗത്രനായ ഹിശാമുബ്‌നു ഉർവ പ്രാമാണികനും വിശ്വസ്തനുമായ ഹദീസ് നിവേദകനാണ്. ഇമാം മുസ്‌ലിം തന്റെ സ്വഹീഹിന്റെ മുഖദ്ദിമയില്‍ വിശ്വാസയോഗ്യരായ നിവേദകന്മാര്‍ക്ക് ഉദാഹരണമായി ഹിശാമു ബ്‌നു ഉർവ യെ എടുത്ത് പറഞ്ഞത് ശ്രദ്ധേയമാണ്. പ്രായമായപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ ശക്തി ദുര്‍ബലമായെന്നാണ് വിമര്‍ശകരുടെ ആരോപണം. പ്രായമാകുമ്പോള്‍ മനുഷ്യരുടെ ഓര്‍മ്മ ശക്തി ദുര്‍ബലമാകുന്നത് സ്വാഭാവികമാണ്. ഇതിലപ്പുറം അദ്ദേഹത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഇമാം ദഹബി വ്യക്തമാക്കിയിട്ടുണ്ട്. ഓര്‍മ്മ ശക്തിക്ക് തകരാറ് സംഭവിച്ച നിവേദകമാരില്‍ നിന്ന് പ്രമുഖരായ ഹദീസ് പണ്ഡിതന്മാരാരും ഹദീസുകള്‍ ശേഖരിക്കാറില്ല. ഹിശാമിന്റെ ഹദീസുകള്‍ വര്‍ജ്യമാണെന്നു നിരൂപകര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ഓര്‍മ ശക്തി ദുര്‍ബലമായ അവസ്ഥയെ സംബന്ധിച്ചാണ്. സ്വഹീഹാ യ ഹദീസുകള്‍ മാത്രം രേഖപ്പെടുത്താന്‍ ദൃഢ നിശ്ചയം ചെയ്ത ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇക്കാര്യത്തില്‍ ഏറെ ജാഗ്രത പുര്‍ത്തിയവരാണ്. ഹിശാമുബ്‌നു ഉർവയില്‍ നിന്ന് അവര്‍ ഹദീസ് സ്വീകരിച്ചത് മദീനയില്‍ വെച്ചാണെന്ന് ഉപരി സൂചിത വിശകലനത്തില്‍ നിന്ന് വ്യക്തമാണല്ലോ. അതിനാല്‍ പ്രസ്തുത ഹദീസ് സ്വഹീഹുകളില്‍ ഉള്‍പെടുത്തിയ ഇമാം ബുഖാരിക്കോ ഇമാം മുസ്‌ലിമിനോ തെറ്റുപറ്റിയിട്ടില്ല. തെറ്റുപറ്റിയത് വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ഹദീസുകളെ നിരൂപണം ചെയ്യാന്‍ ഒരുമ്പെട്ടവര്‍ക്കാകുന്നു.