ഡോ. അബ്ദുല്‍ ഫത്താഹ് സ്വലാഹ് ഖാലിദി:  വര്‍ത്തമാനകാലത്തിന്റെ ഉള്ളറിഞ്ഞ  പണ്ഡിത വ്യക്തിത്വം

പി.കെ ജമാല്‍‌‌
img

വ്യക്തിമുദ്ര

ഇസ്‌ലാമിക സമൂഹം നേരിടുന്ന വര്‍ത്തമാനകാല വെല്ലുവിളികള്‍ തിരിച്ചറിയുകയും പാണ്ഡിത്യവും സര്‍ഗസിദ്ധികളും ഇസ്‌ലാമിക പ്രബോധനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് അബ്ദുല്‍ ഫത്താഹ് സ്വലാഹ് ഖാലിദി. ശഹീദ് സയ്യിദ് ഖുതുബിനെ നെഞ്ചിലേറ്റുകയും ചെറുപ്പം മുതല്‍ക്കേ സയ്യിദിന്റെ രചനകളോടൊപ്പം ജീവിക്കുകയും ഖുതുബിന്റെ 'ഫീ ളിലാലില്‍ ഖുര്‍ആന്‍' ഗവേഷണ വിഷയമായെടുത്ത് ഡോക്ടറേറ്റ് നേടുകയും ചെയ്ത സ്വലാഹ് ഖാലിദിയുടെ ഓരോ നിമിഷവും ഇസ്‌ലാമിന്നെതിരെ സിയോണിസ്റ്റ് ശക്തികള്‍ നടത്തുന്ന ഉപജാപങ്ങളെ തുറന്നുകാട്ടാനും സിയോണിസത്തോട് പോരാട്ടം നടത്തുവാനുമായിരുന്നു. 74-ാം വയസ്സില്‍ 28 ജനുവരി 2022-ന് അന്ത്യശ്വാസം വലിക്കുന്നത് വരെയും കര്‍മനിരതമായിരുന്നു ആ മഹദ് ജീവിതം. മകന്‍ ഡോ. ഹുദൈഫത്തുല്‍ ഖാലിദി പിതാവിന്റെ ധന്യമായ അന്ത്യനിമിഷങ്ങളെ കുറിച്ചെഴുതിയ വരികള്‍ വായിക്കാം. 'തൗഹീദിന്റെയും അറിവിന്റെയും ജിഹാദിന്റെയും പാഠങ്ങള്‍ നല്‍കുന്നതായിരുന്നു വന്ദ്യപിതാവിന്റെ അന്ത്യ നിമിഷങ്ങള്‍. കൊറോണ ബാധിതനായ പിതാവിന്റെ അന്ത്യവചനം 'ലാഇലാഹ ഇല്ലല്ലാഹു' എന്ന ശഹാദത്ത് കലിമയായിരുന്നു എന്ന് എമര്‍ജന്‍സി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. ഇഹലോകത്തെ അദ്ദേഹത്തിന്റെ അവസാനത്തെ കര്‍മം തൂലികകൊണ്ട് ജൂതര്‍ക്കെതിരെ ജിഹാദ് നയിച്ചും ഖുര്‍ആനിന്റെയും മുജാഹിദുകളുടെയും വിജ്ഞാന വ്യാപനത്തിന്റെയും സരണിയില്‍ നിലയുറപ്പിച്ചുമായിരുന്നു. രോഗശയ്യയിലെ അവശതക്കിടയിലും മരണ ദിനത്തിലെ പ്രഭാതത്തില്‍ ഒരു പുതിയ ഗ്രന്ഥത്തിന്റെ ആദ്യവരികള്‍ എഴുതിത്തുടങ്ങിയിരുന്നു. 'കവാശിഫു ഖുര്‍ആനിയ്യ ലിസുയൂഫില്‍ യഹൂദിയ്യ' (ജൂത വക്രീകരണത്തിന്റെ ഖുര്‍ആനിക വെളിപാടുകള്‍) എന്ന ഗ്രന്ഥത്തിന്റെ ആദ്യ നാല് പുറങ്ങള്‍ പ്രയാസപ്പെട്ട് എഴുതിയത് കാണാം. അന്ന് സൂര്യാസ്തമയത്തോടെ പിതാവ് തന്റെ പേന അടച്ചു വെക്കുകയും വുദുവെടുത്ത് മഗ്‌രിബ് നമസ്‌കരിക്കുകയും ചെയ്തു. പിന്നെ ഞങ്ങള്‍ ആസ്പത്രിയിലേക്ക് നീങ്ങി. വൈകിട്ട് 9.50-ന് പരിശോധനകള്‍ നടന്നുകൊണ്ടിരിക്കെ ആ ഹൃദയത്തിന്റെ സ്പന്ദനം നിലച്ചു... ഇസ്‌ലാമിന്റെ ശത്രുക്കളോടുള്ള നിരന്തര സമരത്തിന്നിടയിലായിരുന്നു ആ മരണമെന്നത് ജിഹാദിനോടും ഖുര്‍ആനോടുമുള്ള പിതാവിന്റെ അദമ്യ ബന്ധത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. 'ഏതൊന്നിന് വേണ്ടിയാണോ ഒരാള്‍ ജീവിച്ചത്, അയാളുടെ മരണവും അതിലായിരിക്കും' എന്ന ആപ്തവാക്യം അന്വര്‍ഥമാക്കി ആ വിടവാങ്ങല്‍.

സയ്യിദ് ഖുത്വ്ബ് എന്ന പ്രചോദനം

ആരാണ് ഡോ. അബ്ദുല്‍ ഫത്താഹ് ഖാലിദി? ഫലസ്ത്വീനിലെ ജനീന്‍ പ്രദേശത്ത് 1947 ഡിസംബര്‍ ഒന്നിന് ജനനം. അസ്ഹറിന്റെ ആഭിമുഖ്യത്തിലുള്ള പ്രാഥമിക-സെക്കന്ററി സ്‌കൂളുകളില്‍ പഠനം പൂര്‍ത്തിയാക്കി സ്‌കോളര്‍ഷിപ്പോടെ കൈറോവിലേക്ക് പോയി.

അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ കുല്ലിയ്യത്തുശ്ശരീഅയില്‍നിന്ന് ബിരുദമെടുത്ത് ജോര്‍ദാനിലേക്ക് മടങ്ങി. 1970-ലായിരുന്നു അത്. ഫലസ്ത്വീന്‍ ഭൂഭാഗങ്ങള്‍ 1967-ല്‍ ഇസ്രയേലിന്റെ പിടിയില്‍ അമര്‍ന്നിരുന്നുവല്ലോ. മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കാന്‍ രിയാദിലെ ഇമാം മുഹമ്മദുബ്‌നു സുഊദ് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. 1980-ല്‍ മാസ്റ്റര്‍ ഡിഗ്രിയെടുത്ത സ്വലാഹ് ഖാലിദി 1984-ല്‍ അവിടെനിന്ന് ഡോക്ടറേറ്റെടുത്തു. തഫ്‌സീറിലും ഉലൂമുല്‍ ഖുര്‍ആനിലും നേടിയ പി.എച്ച്.ഡിയുടെ ഗവേഷണ വിഷയം 'ഫീ ളിലാലില്‍ ഖുര്‍ആന്‍: ദിറാസത്തുന്‍ വതഖ്‌വീം' എന്നതായിരുന്നു ഡോ. അഹ്മദ് ഹസന്‍ ഫര്‍ഹാത്ത്, ശൈഖ് മന്നാഉല്‍ ഖത്ത്വാന്‍, വിശ്രുത ഖുര്‍ആന്‍ പണ്ഡിതന്‍ ഡോക്ടര്‍ അദ്‌നാന്‍ സര്‍സൂര്‍ എന്നിവരുടെ കീഴിലായിരുന്നു ഗവേഷണം. പ്രാഥമിക പഠനത്തെതുടര്‍ന്ന് ഈജിപ്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് സ്വലാഹുല്‍ ഖാലിദി തന്നെ പറയുന്നത് കേള്‍ക്കാം: 'കൊടൂര പീഡന പർവത്തിലാണ് എന്റെ ഈജിപ്തിലേക്കുള്ള യാത്ര. പണ്ഡിതന്മാരോട് യുദ്ധം പ്രഖ്യാപിച്ച ഈജിപ്തിന്റെ ജയിലറകള്‍ അവരെക്കൊണ്ട് നിറഞ്ഞിരുന്നു. ആ ഘട്ടത്തില്‍ ജയിലില്‍ കഴിഞ്ഞവരാണ് ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, സയ്യിദ് സാബിഖ്, ഡോ. അബ്ദുല്‍ ഹലീം മഹ്മൂദ് എന്നിവര്‍. വിശേഷിച്ച് ശൈഖ് മുഹമ്മദുല്‍ ഗസ്സാലി കൈറോയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരുന്ന പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ ഞാന്‍ പോകുമായിരുന്നു.'

ഇഖ്‌വാനുമായുള്ള തന്റെ ബന്ധം അനുസ്മരിച്ച് സ്വലാഹ് ഖാലിദി എഴുതി: ''ജനീന്‍ സ്‌കൂളിലെ പഠനവേളയില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിലെ ചില വ്യക്തികളുമായി ഞാന്‍ പരിചയപ്പെടുകയുണ്ടായി. അവര്‍ എന്നെ ജനീനിലെ ഇഖ്‌വാന്‍ ശാഖയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഖുര്‍ആന്‍ പാരായണവും പത്രവായനയുമൊക്കെയായി അവിടെ സമയം ചെലവിടും. അന്നെനിക്ക് 13 വയസ്. ശൈഖ് ഫരീദ് ജര്‍റാര്‍, തൗഫീഖ് ജര്‍റാര്‍ തുടങ്ങിയവരെ പരിചയപ്പെട്ടതും അന്നാണ്.''
ശഹീദ് സയ്യിദ് ഖുത്വ്ബുമായുള്ള സ്വലാഹ് ഖാലിദിയുടെ ആത്മബന്ധം സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. സ്‌നേഹത്തിന്റെയും ശിഷ്യത്വത്തിന്റെയും ബന്ധമായിരുന്നു അത്. അതിനെ കുറിച്ച് അദ്ദേഹം എഴുതുന്നു: 'എനിക്കും സയ്യിദ് ഖുത്വ്ബിനും തമ്മില്‍ വ്യക്തിപരമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഈജിപ്തിലേക്ക് പോയ 1965-ല്‍ സയ്യിദ് ഖുത്വ്ബ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്നു. തുടര്‍ന്ന് അദ്ദേഹം തൂക്കിലേറ്റപ്പെട്ടു. ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യനായത്. അവയെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. ഞാന്‍ ഈജിപ്തില്‍ എത്തി അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തോടുള്ള മതിപ്പ് കൂടി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്കെല്ലാം ഈജിപ്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടും ചില പ്രത്യേക വഴികളിലൂടെ ഞങ്ങള്‍ക്ക് അവ ലഭിക്കുമായിരുന്നു. സയ്യിദിന്റെ ആദ്യപുസ്തകം ഞാന്‍ വായിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ വായനയും പഠനവുമൊക്കെ എനിക്ക് ഹരമായിരുന്നു. സ്‌കൂള്‍ ലൈബ്രറിയില്‍ ഞാന്‍ ഇടക്കിടെ പോകും. 'മശാഹിദുല്‍ ഖിയാമത്തി ഫില്‍ ഖുര്‍ആന്‍' എന്ന തലക്കെട്ടില്‍ ഒരു പുസ്തകം എന്റെ ശ്രദ്ധയില്‍പെട്ടു. ഗ്രന്ഥകര്‍ത്താവ് സയ്യിദ് ഖുത്വ്ബ്. ഞാന്‍ ആദ്യമായാണ് ആ പേര് കേള്‍ക്കുന്നത്. സയ്യിദും ഖുത്വ്ബും. ആ പദങ്ങള്‍ രണ്ടും എന്നില്‍ കൗതുകം ഉണര്‍ത്തി. പുസ്തകത്തിന്റെ പേരും എന്നെ അതിശയിപ്പിച്ചു. പുസ്തകമെടുത്ത് വീട്ടില്‍ കൊണ്ടുപോയി വായിച്ചു. പലതും എനിക്ക് മനസ്സിലായില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ സയ്യിദിനെ കുറിച്ച് ഞാന്‍ ആദ്യം കേട്ടത് ആ ഗ്രന്ഥം മുഖേനയാണ്.''

മനസ്സില്‍നിന്ന് മായാത്ത ദൃശ്യങ്ങള്‍

സയ്യിദ് ഖുത്വ്ബിനെ തൂക്കിലേറ്റിയ സമയം ഖാലിദി കൈറോവിലുണ്ട്. തന്റെ മനോഗതങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയതിങ്ങനെ: 'സയ്യിദ് ഖുത്വ്ബിന്റെ രക്തസാക്ഷിത്വം എല്ലാവരെയും പിടിച്ചു കുലുക്കി. 29.8.1966-ലായിരുന്നു അദ്ദേഹം ശഹീദായത്. ഞങ്ങളൊക്കെ അങ്ങേയറ്റം വേദനിച്ചു. ഒരു ദൃശ്യം ഞാന്‍ ഓര്‍ക്കുന്നു: 'സയ്യിദ് ഖുത്വ്ബിനെ തൂക്കിലേറ്റുന്ന സമയത്തിന് അല്‍പം മുമ്പ് ഞങ്ങള്‍ അസ്ഹര്‍ കാമ്പസിലെ കാഫ്‌റ്റേറിയയില്‍ ആയിരുന്നു. വൈകിട്ട് എട്ട് മണിക്കുള്ള വാര്‍ത്തകള്‍ ടെലിവിഷനില്‍ വായിക്കുകയാണ്. തൂക്കിലേറ്റുന്നതിന് ജയിലിലേക്ക് പുറപ്പെട്ട സയ്യിദ് ഖുത്വുബിന്റെ ദൃശ്യങ്ങളാണ് ടി.വിയില്‍. ഓഫീസര്‍മാര്‍ക്കും സൈനിക മേധാവികള്‍ക്കും അദ്ദേഹം ഹസ്തദാനം ചെയ്തു. ജയിലിന്റെ കവാടത്തില്‍ എത്തിയ സയ്യിദ് നിന്ന അവിടെ നില്‍പ്പുറപ്പിച്ചവര്‍ക്കും കൈകൊടുത്തു. ജയില്‍ വാഹനം അദ്ദേഹത്തെ കാത്ത് നില്‍പ്പുണ്ടായിരുന്നു. വാഹനത്തില്‍ കയറിയ സയ്യിദ് പിറകിലേക്ക് തിരിഞ്ഞ് വീണ്ടും അവരെ അഭിവാദ്യം ചെയ്തു. ഒരു വിടര്‍ന്ന മനോഹര മന്ദഹാസവും പുഞ്ചിരിയും സയ്യിദ് അവര്‍ക്ക് സമ്മാനിച്ചു. സയ്യിദ് തൂക്കിലേറ്റപ്പെട്ടു. ആ ദിവസം ഞാന്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി. പുറത്തിറങ്ങിയില്ല. സംഭവിച്ച ദുരന്തത്തിലുള്ള സങ്കടവും ദുഃഖവും ഞങ്ങള്‍ക്ക് മറച്ചുവെക്കാന്‍ കഴിയുമായിരുന്നില്ല. ഈജിപ്ഷ്യന്‍ പോലീസ് ആരൊക്കെയാണ് ദുഃഖം പ്രകടിപ്പിക്കുന്നതെന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

തൂക്കിലേറ്റപ്പെട്ടതിന്റെ പിറ്റെ ദിവസം ഞങ്ങള്‍ കാണുന്നത് സയ്യിദ് ഖുത്വ്ബ് തൂക്കിലേറ്റപ്പെട്ടതിലുള്ള ദുഃഖം മുഖത്ത് പ്രകടമായ എല്ലാവരെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതാണ്. കണ്ണുനീര്‍ തുള്ളികളെയും അറസ്റ്റ് ചെയ്ത കിരാതകാലം!''
ബൃഹദ്‌രചനകളുടെ കര്‍ത്താവ്, ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഖുര്‍ആനിലും വ്യുല്‍പത്തിനേടിയ ശൈഖ് ഖാലിദിയെ ഏറെ സ്വാധീനിച്ച വ്യാഖ്യാന ഗ്രന്ഥമാണ് സയ്യിദ് ഖുത്വ്ബിന്റെ 'ഫീ ളിലാലില്‍ ഖുര്‍ആന്‍'. സാമാന്യ ജനങ്ങളുമായി ഇടപെട്ട് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ അദ്ദേഹം പള്ളികളിലെ ക്ലാസുകളില്‍ ശ്രദ്ധ പതിപ്പിച്ചു. പ്രത്യേകിച്ച് ഞാന്‍ പതിവായി നമസ്‌കരിക്കുന്ന പള്ളിയില്‍. സയ്യിദ് ഖുത്വ്ബിനെ വിശദമായി ലോകത്തിന് പരിചയപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ വ്യാഖ്യാന ഗ്രന്ഥത്തിലെ അക്ഷയ ഖനികള്‍ അനുവാചക ഹൃദയങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിലുമായിരുന്നു സ്വലാഹ് ഖാലിദി സായൂജ്യം കണ്ടെത്തിയത്, രക്തസാക്ഷികളുടെ പവിത്ര രക്തത്തിന്റെ ശോണിമയില്‍ വേണം പ്രബോധന പ്രവര്‍ത്തനത്തിന്റെ നിറക്കൂട്ട് എന്ന് ദൃഢമായി വിശ്വസിച്ചു അദ്ദേഹം. ജോര്‍ദാന്‍ യൂനിവേഴ്‌സിറ്റി തഫ്‌സീര്‍ ഫാക്കല്‍റ്റി ഡോ. അഹ്മദ് ശുക്‌രിയുടെ വാക്കുകളില്‍: 'ഈ കാലഘട്ടത്തിലെ നിസ്തുല വ്യക്തിത്വമാണ് സ്വലാഹ് ഖാലിദി. സലഫുസ്വാലിഹീങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വചനങ്ങള്‍. വൈവിധ്യമാര്‍ന്ന നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണദ്ദേഹം. ജോര്‍ദാനിലെയും അറബ് ലോകത്തെയും വിഖ്യാത പണ്ഡിതന്മാരുടെ ഗണത്തില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച വ്യക്തിത്വമാണ് സ്വലാഹ് ഖാലിദിയെന്ന ജോര്‍ദാന്‍ പത്രാധിപരായ ആത്വിഫ് ജൂലാനി അനുസ്മരിക്കുന്നു.

സിയോണിസ്റ്റ് വിപത്തിന്റെ വേരുകള്‍ ചികയുന്ന ചരിത്രപരത അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ വേറിട്ടതാക്കുന്നു. ചരിത്ര ബോധം വിജ്ഞാന മണ്ഡലത്തെ സമ്പന്നമാക്കി. 
സയ്യിദ് ഖുത്വ്ബ്, അശ്ശഹീദുല്‍ ഹയ്യ്,
'നള്‌രിയ്യത്തുത്തസ്വ്‌വീരില്‍ ഫന്നിയ്യി ഇന്‍ദ സയ്യിദ് ഖുത്വ്ബ്'
'മദ്ഖലുന്‍ ഇലാ ളിലാലില്‍ ഖുര്‍ആന്‍'
'അല്‍ മന്‍ഹജുല്‍ ഹറകി ഫീ ളിലാലില്‍ ഖുര്‍ആന്‍'
'ഫീ ളിലാലില്‍ ഖുര്‍ആന്‍ ഫില്‍ മീസാന്‍'
'അശ്ശഖ്‌സിയ്യത്തുല്‍ യഹൂദിയ്യ മിന്‍ഖിലാലില്‍ ഖുര്‍ആന്‍'
'ഥവാബിതുന്‍ ലില്‍ മുസ്‌ലിമില്‍ മുആസ്വിര്‍'
'അത്തഫ്‌സീറു വത്തഅ്‌വീലു ഫില്‍ ഖുര്‍ആന്‍'
'ജുദൂരില്‍ ഇര്‍ഹാബില്‍ യഹൂദി ഫീ അസ്ഫാറില്‍ അഹ്ദില്‍ ഖദീം'
'ഇഅ്ജാസുല്‍ ഖുര്‍ആനില്‍ ബയാനി'
തുടങ്ങി വൈവിധ്യമാര്‍ന്ന 45 കനപ്പെട്ട ഗ്രന്ഥങ്ങള്‍ ഡോ. അബ്ദുല്‍ ഫത്താഹ് സ്വലാഹ് ഖാലിദി രചിച്ചിട്ടുണ്ട്.

സ്വലാഹ് ഖാലിദിയുടെ 'മഫാതീഹുലിത്തആമുലി മഅല്‍ ഖുര്‍ആന്‍' 'ഖുര്‍ആന്‍ മനസ്സിലാക്കാന്‍ 27 മാര്‍ഗങ്ങള്‍' എന്ന പേരില്‍ വിചാരം ബുക്‌സ് തൃശൂര്‍ പ്രസിദ്ധീകരിച്ചിട്ടു്. 

വിവര്‍ത്തകന്‍: അബ്ദുല്ലത്വീഫ് കൊടുവള്ളി

മറ്റൊരു കൃതിയായയ 'ലത്വാഇഫു ഖുര്‍ആനിയ്യ' ബോധനം ത്രൈമാസികയില്‍ 'ഖുര്‍ആനിലെ പദ കൗതുകങ്ങള്‍' എന്ന പേരില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വരുന്നു.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top