ഇമാം ബുഖാരി വിമര്‍ശനവും വസ്തുതയും

ഡോ. മുഅ്തസ്സുല്‍ ഖത്വീബ്‌‌‌
img

'ബുഖാരിയെ തകര്‍ക്കുന്ന ചില യാഥാര്‍ഥ്യങ്ങള്‍' എന്ന പേരില്‍ ഒരു വീഡിയോ ചില സൈറ്റുകളില്‍ കാണാനിടയായി. അഞ്ചു വിമര്‍ശനങ്ങളാണ് അതിന്റെ ഉള്ളടക്കം.
1. ന്യൂനപക്ഷങ്ങളുടെ ശബ്ദം സമൂഹത്തിലേക്കെത്തിക്കുക എന്നതാണ് തങ്ങളുടെ സ്ഥാപന ലക്ഷ്യം എന്ന് അവകാശപ്പെടുന്ന സൈറ്റ് ഇമാം ബുഖാരിക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം, അദ്ദേഹം അറബ് വംശജനല്ല എന്നതാണ്. ഇത് വംശീയ വാദമാണ്. നൂറ്റാണ്ടുകളായി അറബികളും പേര്‍ഷ്യക്കാരും തുര്‍ക്കികളും മറ്റും ഉള്‍പ്പെടെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സങ്കലിത സംസ്‌കാരങ്ങളുടെ സമുച്ചയമാണ് ലോക ഇസ്‌ലാമിക സമൂഹം. ഉദാഹരണമായി പ്രമുഖ അറബി ഭാഷാകാരനായിരുന്ന സീബവൈഹി1 അറബ് വംശജനായിരുന്നില്ല.

ബുഖാരി ജീവിച്ചിരുന്ന ഉസ്ബകിസ്താന്‍ അക്കാലത്തെ ദീനീ കേന്ദ്രങ്ങളില്‍നിന്ന് വളരെ അകലെയായിരുന്നു എന്നാണ് ഒരു വാദം. ഉമവികളുടെയും അബ്ബാസികളുടെയും ഭരണകാലത്തെ പ്രമുഖ ഇസ്‌ലാമിക നഗരങ്ങളിലൊന്നായ ഖുറാസാന്‍ സംസ്ഥാനത്തിന്റെ ഭാഗമായ തുര്‍കിസ്താന്റെ ഭാഗമായിരുന്നു ബുഖാറാ എന്നത് വിമര്‍ശകര്‍ക്കറിയാത്തതാവാം. ബുഖാരി, ഇബ്‌നുസീന മുതലായ ഹദീസ് പണ്ഡിതന്മാരും തത്വശാസ്ത്രജ്ഞരും ഉള്‍പ്പെടെ ധാരാളം മഹാപ്രതിഭകള്‍ക്ക് ബുഖാറ ജന്മം നല്‍കിയിട്ടുണ്ട്. 1924-ല്‍ 'ബുഖാറ റിപ്പബ്ലിക്' താജികിസ്താന്‍, ഉസ്ബകിസ്താന്‍, തുര്‍ക്കുമാനിസ്താന്‍' എന്നിവയോട് ചേര്‍ക്കപ്പെട്ടു. ബുഖാറ ഇപ്പോള്‍ ഉസ്ബകിസ്താനിലെ പ്രധാന നഗരങ്ങളിലൊന്നാണ്. പ്രാധാന്യം പരിഗണിച്ച് പണ്ടുകാലത്ത് തന്നെ ബുഖാറയുടെ ചരിത്രം രചിക്കപ്പെട്ടിട്ടുണ്ട്. അബൂബക്ര്‍ ബ്‌നു ജഅ്ഫര്‍ നര്‍ശഖീയുടെ 'താരീഖു ബുഖാറാ', ഹംഗേറിയന്‍ ഓറിയന്റലിസ്റ്റ് അര്‍മേനിയോസ് ഫാംബ്രി 1872-ല്‍ എഴുതിയ 'താരീഖു ബുഖാറാ മുന്‍ദുഅഖ്ദമില്‍ ഉസ്വൂര്‍ ഹത്തല്‍ അസ്വ്‌റില്‍ ഹാദിര്‍' എന്നിവ.
(രണ്ട്) 'ബുഖാരിയിലെ ഹദീസുകളെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്' എന്നതാണ് രണ്ടാമത്തെ വാദം.
ഇത് കള്ളമാണ്. ചില ഹദീസുകളെക്കുറിച്ച് ചിലര്‍ നിരൂപണം നടത്തിയിട്ടുണ്ട് എന്നതു മാത്രമാണ് സത്യം. വീഡിയോയില്‍ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനങ്ങള്‍:
(എ) നബി(സ)യുടെയും ബുഖാരിയുടെയും ഇടയില്‍ 200 വര്‍ഷത്തെ അകലമുണ്ട്. അതിനിടയില്‍ എല്ലാ സ്വഹാബികളും മരിച്ചിരുന്നു.
(ബി) ബഗ്ദാദ്, മക്ക, ഈജിപ്ത് എന്നിടങ്ങളിലേക്കുള്ള ബുഖാരിയുടെ യാത്രകള്‍ കുറച്ചെ നടന്നിട്ടുള്ളൂ. എല്ലാ നിവേദകന്മാരിലും ഹദീസുകള്‍ കേള്‍ക്കാനുള്ള ആവശ്യമായ സമയം ബുഖാരിക്ക് ലഭിച്ചിട്ടില്ല.
(സി) മിക്ക ഹദീസുകളിലും നബി(സ)യുടെയും ബുഖാരിയുടെയും ഇടയില്‍ ഒമ്പത് നിവേദകരുണ്ട്. നിവേദകര്‍ മറന്നുപോകാനും കളവു പറയാനും അവര്‍ക്ക് തെറ്റു പറ്റാനും വലിയ സാധ്യകളുണ്ട്.
(ഡി) ഇമാം ബുഖാരി തന്റെ സ്വഹീഹുല്‍ ബുഖാരി തയാറാക്കാനെടുത്ത പതിനാറുവര്‍ഷം അദ്ദേഹത്തിന്റെ തന്നെ മാനദണ്ഡ പ്രകാരം ആറുലക്ഷം ഹദീസുകള്‍ സംശോധന നടത്തി ക്രോഡീകരിക്കാന്‍ പര്യാപ്തമായ കാലയളവല്ല. ഒരു ഹദീസിന് പതിനഞ്ച് മിനുട്ട് എന്ന തോതില്‍ കണക്കാക്കിയാല്‍ ഇരുനൂറു വര്‍ഷമെടുക്കും. റിപ്പോര്‍ട്ടര്‍മാരെ നേരില്‍ കണ്ട്, നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ വെച്ച് വിലയിരുത്താന്‍ പതിനാറു വര്‍ഷം പര്യാപ്തമല്ല.
മറുപടി
(എ) നബി(സ)യും ഇമാം ബുഖാരിയും തമ്മിലെ കാല അകലമോ അടുപ്പമോ ഹദീസുകളുടെ സാധുത്വത്തിന്റെയോ അസാധുത്വത്തിന്റെയോ മാനദണ്ഡമല്ല. നിവേദക പരമ്പരയുടെ പരിശോധനക്ക് അതിന്റേതായ രീതികളുണ്ട്. അവയാണ് പ്രധാനം. അല്ലാതെ കാലയളവ് ഹ്രസ്വമോ ദീര്‍ഘമോ എന്നതല്ല. തന്നെയുമല്ല, ബുഖാരി ഹദീസുകള്‍ ക്രോഡീകരിച്ച ഒന്നാമത്തെ ആളുമല്ല. മഅ്മറുബ്‌നു റാശിദ് (മ.ഹി. 153) മാലികുബ്‌നു അനസ് (മ.ഹി. 179) മുതലായവര്‍ ബുഖാരിയുടെ മുമ്പെ ഹദീസുകള്‍ ക്രോഡീകരിച്ചവരാണ്. ഏറ്റവും അവസാനമായി മരിച്ച സ്വഹാബി ആമുറുബ്‌നു വാസില അല്‍കിനാനി ഹി. 102-ലോ 110-ലോ ആണ് മരിച്ചത്.
(ബി) തന്റെ യാത്രകളെക്കുറിച്ച് ബുഖാരി തന്നെ പറയുന്നത് കാണുക: 'ഞാന്‍ ശാമിലും ഈജിപ്തിലും അല്‍ജസീറയിലും രണ്ടു തവണയും ബസ്വ്‌റയില്‍ നാലു തവണയും പോയിട്ടുണ്ട്. ഹിജാസില്‍ ആറു വര്‍ഷം താമസിച്ചു. കൂഫയിലും ബഗ്ദാദിലും എത്ര തവണ പോയി എന്ന് എനിക്കറിയില്ല.' ബുഖാറ, ബല്‍ഖ്, മർവ്, റയ്യ്, ബഗ്ദാദ്, കൂഫ, ബസ്വ്‌റ, മക്ക, മദീന, ഈജിപ്ത്, ശാം മുതലായ ഇസ്‌ലാമിക നഗരങ്ങളിലെ പണ്ഡിതന്മാരില്‍നിന്ന് ഹദീസുകള്‍ ശേഖരിച്ചു. ആയിരത്തി എണ്‍പത് പേരുടെ ചരിത്രം ബുഖാരി ക്രോഡീകരിച്ചതായി ജീവചരിത്ര കൃതികള്‍ രേഖപ്പെടുത്തുന്നു.
(സി) ബുഖാരിയിലെ ഏറ്റവും നീണ്ട നിവേദക പരമ്പരയില്‍ ഒമ്പത് പേരാണുള്ളത്. 'കിതാബുല്‍ ഫിതനി'ല്‍ ബുഖാരി ഉദ്ധരിച്ച ويل للعرب من شرّ قد اقترب എന്ന ഹദീസിന്റെ പരമ്പരയാണത്. അതില്‍ നാലു സ്വഹാബി വനിതകളുമുണ്ട്. ചില പരമ്പരകളില്‍ ആറോ ഏഴോ പേരാണുള്ളത്. ചില പരമ്പരയില്‍ മൂന്നു നിവേദകര്‍ മാത്രമാണുള്ളത്. ഇതെല്ലാം പണ്ഡിതന്മാരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ച സ്വഹീഹുല്‍ ബുഖാരിയുടെ സവിശേഷതകളാണ്. അബുല്‍ ഖൈര്‍ മുഹമ്മദ്ബ്‌നു മൂസാ അസ്സ്വഫ്ഫാര്‍, അലി ബയൂമി എന്നിവര്‍ ബുഖാരിയിലെ നിവേദക പരമ്പരയിലെ ഇത്തരം സവിശേഷതകളെക്കുറിച്ച് പഠനം നടത്തിയവരാണ്. (ഇരുവരുടെയും പഠനങ്ങളുടെ കൈയെഴുത്തു പ്രതികള്‍ എന്റെ വശമുണ്ട്) താബിഈങ്ങളില്‍നിന്ന് നേരിട്ട് ഹദീസുകള്‍ ഉദ്ധരിച്ചവര്‍ വരെ ബുഖാരിയുടെ ഗുരുക്കന്മാരിലുണ്ട്.
(ഡി) പതിനാറു വര്‍ഷംകൊണ്ടാണ് ഇമാം ബുഖാരി ഹദീസുകള്‍ സംശോധന നടത്തിയത്. ബുഖാരി പറഞ്ഞതായി അബൂ അലി ഗസ്സാനി ഉദ്ധരിക്കുന്നു: 'ആറു ലക്ഷം ഹദീസുകളില്‍നിന്നാണ് ഞാന്‍ ഹദീസുകള്‍ സംശോധന നിർവഹിച്ചത്.' ഹദീസുകളെക്കുറിച്ച ശരിയായ കാഴ്ചപ്പാടുകള്‍ക്കു പകരം, അശാസ്ത്രീയമായ രീതിയിലൂന്നിയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കൃത്യമായ പരിശോധനക്കായി ഹദീസ് പണ്ഡിതന്മാര്‍ ഒരേ മത്‌ന് (ഹദീസിന്റെ മൂലം) വ്യത്യസ്ത നിവേദക പരമ്പരയിലൂടെ ലഭിക്കുന്നുണ്ടോ എന്ന് പഠനം നടത്തുകയും അങ്ങനെ ലഭിക്കുന്നവ വെവ്വേറെ പരമ്പരകളായിത്തന്നെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം പരമ്പരകളിലെ നിവേദകരുടെ എണ്ണം പരിമിതമായിരുന്നു. ബുഖാരിയിലെ മൊത്തം നിവേദകരുടെ എണ്ണം ആയിരത്തി അഞ്ഞൂറ്റി ഇരുപത്തഞ്ചാണ്. ഇമാം അബൂ നസ്വീര്‍ കാലാബാദി (ഹി: 398)യുള്‍പ്പെടെ ചിലര്‍ അവരെക്കുറിച്ച് പഠിച്ചിട്ടുണ്ട്.
തുടക്കം ചെറുപ്പത്തില്‍
ചെറുപ്പം മുതല്‍ക്കെ ഹദീസുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളില്‍ വ്യാപൃതനായിരുന്ന ബുഖാരിയെ അദ്ദേഹം സംശോധനക്ക് നീക്കി വെച്ച് പതിനാറു വര്‍ഷത്തെ ശ്രമങ്ങള്‍ മാത്രം മുന്‍നിര്‍ത്തി വിലയിരുത്തുന്നത് വൈജ്ഞാനിക സത്യസന്ധതയല്ല. 'അനാഗതശ്മശ്രുവായ മുഹമ്മദ് ബ്‌നു ഇസ്മാഈലിനെപ്പറ്റി ഞങ്ങള്‍ എഴുതിയിട്ടുണ്ടെ'ന്ന് അബൂബക്ര്‍ അല്‍ അഅ്‌യുന്‍ പ്രസ്താവിച്ചതായി കാണാം. അതിന്റെയര്‍ഥം കൗമാരത്തില്‍ തന്നെ ബുഖാരി പ്രശസ്തനായിരുന്നു എന്നാണല്ലോ. സ്വഹാബികളെയും താബിഉകളെയും കുറിച്ച് വിവരങ്ങളും അവരുടെ പ്രസ്താവനകളും പതിനെട്ടാം വയസ്സില്‍ തന്നെ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ബുഖാരിയുടെ ഗുരുക്കന്മാരും സമകാലികരും നടത്തിയ വൈജ്ഞാനിക ശ്രമങ്ങളും വിമര്‍ശകര്‍ കാണാതെ പോകുന്നു. ബുഖാരി ശൂന്യതയില്‍നിന്ന് തുടങ്ങുകയായിരുന്നില്ല. മറിച്ച് തന്റെ മുന്‍ഗാമികളുടെ വൈജ്ഞാനിക പാരമ്പര്യത്തില്‍ കണ്ണിയാവുകയായിരുന്നു. ഹാഫിള് അബൂജഅ്ഫര്‍ ഉഖൈലി എഴുതുന്നു: 'സ്വഹീഹുല്‍ ബുഖാരി'യുടെ രചന പൂര്‍ത്തിയായപ്പോള്‍ ബുഖാരി അത് അഹ്മദുബ്‌നു ഹമ്പല്‍, യഹ്‌യബ്‌നു മഈന്‍, അലിയ്യുബ്‌നുല്‍ മദീനി മുതലായവര്‍ക്ക് കാണിച്ചു കൊടുക്കുകയുണ്ടായി. അവര്‍ അതേക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തി. നാലെണ്ണം ഒഴികെയുള്ളവയുടെ സാധുത അവര്‍ അംഗീകരിച്ചു. അവര്‍ അസാധു എന്ന് അഭിപ്രായപ്പെട്ടവയും സാധുവാണെന്നാണ് ബുഖാരിയുടെ പക്ഷം.
ബുഖാരിയുടെ ഹദീസ് സ്വീകരണ മാനദണ്ഡങ്ങള്‍
ഇമാം ബുഖാരിയുടെ ഹദീസ് സ്വീകരണോപാധികളെക്കുറിച്ച് പണ്ഡിതന്മാര്‍ ധാരാളമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഹദീസുകള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ ഇമാം ബുഖാരി കര്‍ക്കശ വ്യവസ്ഥക്കാരനായിരുന്നു. നിവേദകരുടെ പേരു പറയാതെ, ഇന്നയാളില്‍നിന്ന് ഇന്നയാള്‍ എന്ന രീതി (അന്‍അനത്ത്)യില്‍ ഉദ്ധരിക്കപ്പെടുന്ന ഹദീസുകള്‍ ഇമാം ബുഖാരി സ്വീകരിച്ചിരുന്നില്ല. രണ്ടു നിവേദകര്‍ -ഗുരുവും ശിഷ്യനും- തമ്മില്‍ ഒരു തവണയെങ്കിലും നേരില്‍ കണ്ടിരിക്കണമെന്നായിരുന്നു ബുഖാരിയുടെ നിബന്ധന. സമകാലികരായിരുന്നാല്‍ മതി എന്ന ഇമാം മുസ്‌ലിമിന്റെ നിബന്ധന അദ്ദേഹം സ്വീകരിച്ചിരുന്നില്ല. നീതിമാനും സത്യസന്ധനുമായ നിവേദകര്‍ സമാന ഗുണമുള്ളയാളില്‍നിന്ന് ന്യൂനതകളില്ലാതെ ഉദ്ധരിച്ചുകിട്ടുന്നവയാണ് സ്വഹീഹായ ഹദീസ് എന്നത്രെ പൊതുവെ പണ്ഡിതമതം. (ഇത് വിശാലമായ പഠനമേഖലയാണ്)
ബുഖാരിയുടെ വ്യക്തിത്വം
'ബുഖാരിയുടെ വ്യക്തിത്വത്തെക്കുറിച്ച് മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് ഏകോപിതാഭിപ്രായമില്ല' എന്നതാണ് മറ്റൊരു വിമര്‍ശം. അബൂഹാതിമിര്‍റാസി, മകന്‍ അബ്ദുര്‍റഹ്മാന്‍, മുഹമ്മദുബ്‌നു യഹ്‌യ ദ്ദഹ്‌ലിയെ പോലുള്ളവര്‍ ബുഖാരിയെ വിമര്‍ശിച്ചിട്ടുണ്ട്.' ഈ വാദം വസ്തുതാവിരുദ്ധമാണ്. ചരിത്രത്തില്‍ എക്കാലവും ഇമാം ബുഖാരിക്ക് ഇസ്‌ലാമിക സമൂഹത്തില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അഹ്മദ് ബ്‌നു ഹമ്പല്‍ പറയുന്നു: 'മുഹമ്മദ് ബ്‌നു ഇസ്മാഈലിനെ പോലൊരാള്‍ക്ക് ബുഖാറാ ജന്മം നല്‍കിയിട്ടില്ല' ഹാഫിള് ഖത്വീബുല്‍ ബഗ്ദാദി ബസ്വ്‌റ, ഹിജാസ്, കൂഫ, ബഗ്ദാദ്, റയ്യ്, ഖുറാസാന്‍ എന്നിവിടങ്ങളിലെ പ്രഗത്ഭമതികളെ പോലെയാണ് ബുഖാറയില്‍ ജാതനായ ബുഖാരിയെ എണ്ണിയിരിക്കുന്നത്. ഇമാമുമാരായ നവവിയും ത്വൂഫിയും പറയുന്നു: 'ബുഖാരിയെയും മുസ്‌ലിമിനെയും മുഹദ്ദിസുകളുടെ ഇമാമുമാര്‍ എന്ന് വിളിക്കുന്നത്. അവരുടെ ഭക്തിയും ഭൗതിക വിരക്തിയും സ്വഹീഹായ ഹദീസുകള്‍ ശേഖരിക്കുന്ന വിഷയത്തില്‍ അവര്‍ നടത്തിയ അത്യധ്വാനവും പരിഗണിച്ചാണ്. അവര്‍ക്കുശേഷം വന്നവര്‍ അവരെ മാതൃകയാക്കി.' തുര്‍മുദി പറയുന്നു: 'ഇറാഖിലും ഖുറാസാനിലും ഹദീസുകളുടെ നിവേദക പരമ്പരകളെയും നിവേദകരുടെ ചരിത്രവും മുഹമ്മദ്ബ്‌നു ഇസ്മാഈലില്‍ ബുഖാരിയേക്കാള്‍ അറിയുന്നവരായി ഇല്ല.'
ബുഖാരിയോടുള്ള എതിര്‍പ്പിനു കാരണം
അബൂഹാതിമിര്‍റാസിയും മകന്‍ അബ്ദുര്‍റഹ്മാനും ദുഹ്‌ലിയും ബുഖാരിയോട് വിയോജിച്ചത് സംബന്ധിച്ച് അബ്ദുര്‍റഹ്മാന്‍ അര്‍റാസി തന്നെ വിശദീകരിച്ചത് കാണുക: 'ബുഖാരിയില്‍നിന്ന് എന്റെ പിതാവ് അബൂഹാതിമും അബൂസുര്‍അയും ഹദീസുകള്‍ കേട്ടിരുന്നു. അതിനിടെ, ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് ബുഖാരി, തങ്ങളോട് പറഞ്ഞതായി മുഹമ്മദ്ബ്‌നു യഹ്‌യദ്ദുഹ്‌ലി ന്നൈസാബൂരി ഇരുവരെയും അറിയിച്ചു. അതോടെ അവര്‍ ബുഖാരിയില്‍നിന്ന് ഹദീസുകള്‍ കേള്‍ക്കുന്നത് നിര്‍ത്തിവെച്ചു. പില്‍ക്കാലത്ത് താജുദ്ദീന്‍ സുബുകി ഉള്‍പ്പെടെയുള്ളവര്‍ ഇരുവരുടെയും നടപടിയില്‍ അത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. ബുഖാരിയോ ബുഖാരിയുടെ ഹദീസ് സമാഹാരമോ അല്ല വിഷയം. ഖുര്‍ആന്‍ സൃഷ്ടിയോ അല്ലയോ എന്നത് അന്ന് ഹദീസ് പണ്ഡിതന്മാര്‍ക്കിടയില്‍ വലിയ വിവാദങ്ങള്‍ക്ക് തീ കൊളുത്തിയ പ്രശ്‌നമായിരുന്നു. ബുഖാരിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ദുഹ്‌ലിയുടെ പ്രസ്താവന കാരണമായി. ബുഖാരിയെക്കുറിച്ച് മുമ്പും ഇപ്പോഴും എഴുതിയവര്‍ ദുഹ്‌ലിയെ ഇതിന്റെ പേരില്‍ വിമര്‍ശിച്ചിട്ടുണ്ട്. ബുഖാരി നൈസാബൂരില്‍ എത്തിയപ്പോള്‍ ബുഖാരിയുടെ വിജ്ഞാന സദസ്സില്‍ പങ്കെടുക്കാന്‍ ദുഹ്‌ലി ജനങ്ങളെ പ്രേരിപ്പിച്ചിരുന്നു. പിന്നീട് അവര്‍ക്കിടയിലെ ബന്ധം വഷളായി. ദുഹ്‌ലി, ബുഖാരിയെപ്പറ്റി ബുഖാറയിലെ അമീറായിരുന്ന ഖാലിദുബ്‌നു അഹ്മദിനെ 'ഇദ്ദേഹം (ബുഖാരി) സുന്നത്തിന് വിരുദ്ധമായ നിലപാടുള്ളയാളാണെന്ന് അഥവാ, അദ്ദേഹത്തിന് ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് വാദമുള്ളതായി ധരിപ്പിച്ചു. അതേസമയം ഇമാം ബുഖാരിക്ക് അങ്ങനെയൊരു വാദമുണ്ടായിരുന്നില്ല. ഇമാം സുബുകി പറയുന്നു: 'ഇതാണ് വസ്തുതയെന്ന് നീ മനസ്സിലാക്കണം. ചരിത്രകാരന്മാരുടെ അന്ധവിശ്വാസങ്ങള്‍ നീ വിട്ടുകളയണം. മുഹമ്മദുബ്‌നു യഹ്‌യദ്ദുഹ്‌ലിയെ, അല്ലാഹുവിന്റെ സവിശേഷ കാവല്‍ ലഭിക്കാത്തവരെ ബാധിക്കുന്ന അസൂയ ആവേശിച്ചതായിരുന്നു.' അബൂ ഹാതിമും മകന്‍ അബ്ദുര്‍റഹ്മാനും ദുഹ്‌ലിക്ക് വശംവദരാവുന്നതിനു മുമ്പ് ബുഖാരിയുടെ ശിഷ്യത്വം സ്വീകരിച്ചവരായിരുന്നു. ചില നിവേദകരെ കുറിച്ച വസ്തുതകള്‍ മനസ്സിലാക്കാന്‍ അബൂസുര്‍അഅവലംബിച്ചിരുന്നതും ബുഖാരിയെത്തന്നെയായിരുന്നു.
ദാറഖുത്വ്‌നിയുടെ വിമര്‍ശനം
അബൂഹാതിമും മകന്‍ അബ്ദുര്‍റഹ്മാനും സ്വഹീഹുല്‍ ബുഖാരിയെക്കുറിച്ച് ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ല. ഹദീസുമായി ബന്ധമില്ലാത്ത ഒരു വിഷയത്തില്‍ മാത്രം അവര്‍ വിയോജിച്ചു എന്നുമാത്രം. ഹാഫിള് സൈനുദ്ദീനും ദാറഖുത്വ്‌നി(ഹി. 385)യും ഗസ്സാനി (ഹി. 498)യും സ്വഹീഹുല്‍ ബുഖാരിയെ വിമര്‍ശിച്ചിട്ടില്ല. ഹദീസ് വിജ്ഞാന ശാസ്ത്രവുമായി ബന്ധപ്പെട്ട് ചില നിരൂപണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നുമാത്രം. അബൂമസ്ഊദ് അദ്ദിമശ്ഖി(മ.ഹി. 401)യും ഈ ഗണത്തില്‍ വരുന്നയാളാണ്. ബുഖാരിയുടെ ആയിരക്കണക്കിന് ഹദീസുകളില്‍ ഇരുനൂറു ഹദീസുകള്‍ മാത്രമാണ് ദാറുഖുത്വ്‌നി നിരൂപണം നടത്തിയത്. ബുഖാരിയും മുസ്‌ലിമും തങ്ങള്‍ മാനദണ്ഡമാക്കിയ നിബന്ധനകള്‍ മേല്‍ ഹദീസുകളില്‍ പാലിച്ചില്ല എന്നതാണ് 'അല്‍ ഇല്‍സാമാത്ത് വത്തത്തബ്ബുഅ്' എന്ന കൃതിയിലെ വിമര്‍ശനത്തിന്നാധാരം. അബൂമസ്ഊദ് അദ്ദിമശ്ഖി തന്റെ 'തഖ്‌യീദുല്‍ മുഹ്മില്‍' എന്ന കൃതിയില്‍ ബുഖാരിയുടെ ചില നിവേദകരെ നിരൂപണം നടത്തിയിട്ടുണ്ട്. ഇമാം നവവി ഉള്‍പ്പെടെയുള്ളവര്‍, കര്‍മശാസ്ത്രകാരന്മാരും നിദാനശാസ്ത്രകാരന്മാരുമായ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും തീര്‍പ്പുകള്‍ക്ക് വിരുദ്ധമാണ് ദാറഖുത്വ്‌നിയുള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം എന്ന് പറഞ്ഞ് തള്ളിയതായി കാണാം.
فلا تغترّ بذلك (അതില്‍ വഞ്ചിതനാവേണ്ട) എന്നാണ് ഇമാം നവവി രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വഹീഹുല്‍ ബുഖാരിയുടെ നേരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങളത്രയും അതിലെ ഹദീസുകളുടെ സാധുതയെക്കുറിച്ചല്ല, സാങ്കേതികത്വത്തെക്കുറിച്ചാണ്. മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഹദീസ് പണ്ഡിതന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചില അഭിപ്രായാന്തരങ്ങളാണ് ഭിന്നതയുടെ ആധാരം. സ്വഹീഹായി പരിഗണിക്കാവുന്ന ഹദീസിന് ചിലര്‍ കടുത്ത നിബന്ധന സ്വീകരിക്കുന്നു. മറ്റു ചിലര്‍ ലാഘവത്വം സ്വീകരിക്കുന്നു. അതൊന്നും ഹദീസിന്റെ സാധുതയെ ബാധിക്കുന്ന തരം വിമര്‍ശനമല്ല.
സ്വഹീഹുല്‍ ബുഖാരിയുടെ പ്രാമാണികത
ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികം സ്വഹീഹുല്‍ ബുഖാരിയാണെന്ന് നൂറ്റാണ്ടുകളായി മുസ് ലിംകള്‍ക്കിടയില്‍ സമ്മതമുള്ള തീര്‍ച്ചയാണ്. നസാഈ, ഇബ്‌നുസ്സ്വലാഹ്, നവവി, ത്വൂഫീ മുതല്‍ ധാരാളം പണ്ഡിതന്മാര്‍ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. ബുഖാരിയുടെ ശിഷ്യന്മാരായ മുസ്‌ലിം, അബൂസുര്‍അര്‍റാസീ, തിര്‍മിദി, ഇബ്‌നു ഖുസൈമ ഉള്‍പ്പെടെയുള്ളവരും സ്വഹീഹുല്‍ ബുഖാരിയുടെ പ്രാമാണികത സമ്മതിച്ചവരാണ്. ഇബ്‌നു ഖല്‍ദൂന്‍ എഴുതുന്നു:
'ഇമാം ബുഖാരി ഹിജാസുകാരുടെയും ഇറാഖുകാരുടെയും ശാമുകാരുടെയും നിവേദക പരമ്പരയില്‍ ഹദീസുകള്‍ നിവേദനം ചെയ്തു. അവരെല്ലാവരും യോജിച്ച നിവേദക പരമ്പരകളാണ് അദ്ദേഹം അവലംബിച്ചത്. എല്ലാവരും യോജിച്ചിട്ടില്ലാത്ത പരമ്പരകള്‍ അദ്ദേഹം ഒഴിവാക്കി. ഹദീസുകളില്‍ ഒന്നാം നിലവാരത്തിലുള്ള ഹദീസുകള്‍ വിശദീകരിക്കാന്‍ ആളുകള്‍ പ്രയാസപ്പെട്ടു. ആതുകൊണ്ടുതന്നെ നമ്മുടെ പല ഗുരുക്കന്മാരും 'സ്വഹീഹുല്‍ ബുഖാരി സമുദായത്തിന് ഒരു ബാധ്യതയാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി.' (ഇബ്‌നു ഹജരില്‍ അസ്ഖലാനിയുടെ 'ഫത്ഹുല്‍ ബാരി' പ്രശ്‌നത്തിനു പരിഹാരമായി).
സ്വഹീഹുല്‍ ബുഖാരിക്ക് എണ്‍പത്തി രണ്ട് ശര്‍ഹുകള്‍ ഉള്ളതായി ഹാജിഖലീഫ രേഖപ്പെടുത്തിയിട്ടുണ്ട്. ജമാലുദ്ദീന്‍ ഖാസിമി എഴുതുന്നു: 'ബുഖാരി വായിക്കുകയോ വിശദീകരിക്കുകയോ കേള്‍ക്കാന്‍ ആഗ്രഹിക്കുകയോ ഉദ്ധരിക്കുന്നതില്‍ അഭിമാനിക്കുകയോ ചെയ്യാത്തവരായി ഒരു മദ്ഹബിലെയും പണ്ഡിതന്മാരില്ല. സ്വഹീഹുല്‍ ബുഖാരിയിലെ പരമ്പരകളുമായി ചേരുന്ന ശാം, ഹിജാസ്, ഈജിപ്ത്, ഇറാഖ്, ഇന്ത്യ, മൊറോക്കോ മുതലായ നാടുകളിലെ പണ്ഡിതന്മാരിലൂടെയുളള പരമ്പരകളും പ്രമുഖരായ പണ്ഡിതന്മാര്‍ ക്രോഡീകരിച്ചിട്ടുണ്ട്. ശാഫിഈ, ഹനഫി, മാലികി, ഹമ്പലി പണ്ഡിതന്മാരുടെ പരമ്പരകള്‍ വേറെയുമുണ്ട്.
കര്‍മശാസ്ത്രത്തില്‍ മുജ്തഹിദ് മുത്വ്‌ലഖായിരുന്ന ബുഖാരിയെ ഏതെങ്കിലും മദ്ഹബിലേക്ക് ചേര്‍ത്തു പറയുന്നത് ശരിയല്ല. സ്വഹീഹുല്‍ ബുഖാരി അധ്യായങ്ങളുടെ ശീര്‍ഷകങ്ങളില്‍നിന്ന് ബുഖാരിയുടെ ഫിഖ്ഹീ നിലപാടുകള്‍ മനസ്സിലാക്കാവുന്നതാണ്.
ചില ഹദീസുകളും വിമര്‍ശനവും
മതപരിത്യാഗിയുടെ വധം, വ്യഭിചാരിയുടെ ശിക്ഷ, ഖുര്‍ആന്‍ സൂക്തം വിഴുങ്ങിയ ആട്, നബി(സ)യുടെ ആത്മഹത്യാ ശ്രമം മുതലായ ഹദീസുകള്‍ ഉദ്ധരിച്ച ആള്‍ എന്ന നിലയില്‍ ഇമാം ബുഖാരി വിമര്‍ശന വിധേയനാണെന്നതാണ് മറ്റൊരു വാദം.
1) അവ്യക്തമായ ചില ഹദീസുകളെ മുന്‍നിര്‍ത്തി ബുഖാരിയെയും സ്വഹീഹുല്‍ ബുഖാരിയെയും വിമര്‍ശിക്കുന്നവര്‍, ഹദീസുകള്‍ ആദ്യമായി ക്രോഡീകരിച്ചയാളല്ല, 'സ്വഹീഹായ ഹദീസുകള്‍ മാത്രം ഒന്നാമതായി ക്രോഡീകരിച്ചയാളാണ് അദ്ദേഹമെന്നത് അവഗണിച്ച് കളയുന്നു.
2) ആടു തിന്നുകളഞ്ഞ സൂക്തമുള്ള ഏടിനെക്കുറിച്ച ഹദീസ് ഉദ്ധരിച്ചത് ബുഖാരിയല്ല. മുഹമ്മദുബ്‌നു ഇസ്ഹാഖാണ് അത് ഉദ്ധരിച്ചത്. ബുഖാരി, ഇബ്‌നു ഇസ്ഹാഖില്‍നിന്ന് ഹദീസ് ഉദ്ധരിച്ചിട്ടില്ല. അഹ്മദും ഇബ്‌നുമാജയും അത് ഉദ്ധരിച്ചിട്ടുണ്ടെങ്കിലും മേല്‍ സംഭവം സ്ഥാപിതമല്ല. വിശ്വസ്തരായ പണ്ഡിതന്മാരുടെ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമാണത് എന്നത് തന്നെ പ്രഥമ കാരണം.
3) മതപരിത്യാഗിയുടെ വധം സംബന്ധിച്ച ഹദീസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ബുഖാരിയല്ല, ശാഫിഈ (ഹി. 201)യും ഇബ്‌നു അബീശൈബ (ഹി. 235)യും അഹ്മദ്ബ്‌നു ഹമ്പലു(ഹി. 241)മാണ്.
4) വഹ്‌യ് നിലച്ചപ്പോള്‍ നബി(സ) ആത്മഹത്യക്ക് ശ്രമിച്ചതായി ഉദ്ധരിക്കപ്പെടുന്ന ഹദീസ് ആഇശയുടേതല്ല, അത് സുഹ്‌രിയുടേതാണെന്നാണ് ബുഖാരി പറഞ്ഞത്. ബുഖാരിയുടെ നിബന്ധനയനുസരിച്ച് പ്രസ്തുത ഹദീസ് സ്വഹീഹല്ല. 'ഈ ഹദീസിനെ ബുഖാരിയിലേക്ക് ചേര്‍ക്കുന്നത് തെറ്റാണ്. നബി(സ)യുടെ അത്മഹത്യാ ശ്രമം സംബന്ധിച്ച ഹദീസ് ബുഖാരിയുടെ നിബന്ധനയനുസരിച്ച് ശരിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അത് സ്വഹീഹല്ല എന്നതാണ് വസ്തവം' എന്നത്രെ ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി രേഖപ്പെടുത്തിയിട്ടുള്ളത്.
സംഗ്രഹം
അനുബന്ധങ്ങള്‍ ഒഴിവാക്കിയാല്‍ ബുഖാരിയിലെ ഹദീസുകളുടെ എണ്ണം 7397 ആണ്. അവയിലെ 110 എണ്ണം പണ്ഡിതന്മാര്‍ നിരൂപണവിധേയമാക്കിയിട്ടുണ്ട്. ഇവയിലെ 32 ഹദീസുകള്‍ ഇമാം മുസ്‌ലിമും ഉദ്ധരിച്ചവയാണ്. അതനുസരിച്ച് 78 ഹദീസുകള്‍ മാത്രമാണ് ബുഖാരി മാത്രമായി ഉദ്ധരിച്ചതായുണ്ടാവുക. ഇവയെക്കുറിച്ച് ഇബ്‌നു ഹജരില്‍ അസ്ഖലാനി പറയുന്നു:
وليست عللها كلها قادحة بل اكثرها الجواب عنه ظاهر والقدح فيه مندفع وبعضها الجواب عنه محتمل واليسير منه في الجواب عنه تعسّف
'അവയിലെ എല്ലാ ഹദീസുകളും ന്യൂനതകള്‍ ഉള്ളതല്ല, അവയിലെ മിക്കതിനും പ്രത്യക്ഷമായ മറുപടിയുണ്ട്. അവയില്‍ ചിലതിന് മറുപടി സാധ്യമാണ്. കുറച്ചെണ്ണത്തിന് മറുപടി പ്രയാസകരമാണ്.'
ഇബ്‌നു ഹജര്‍ തന്റെ 'ഹദ്‌യുസ്സാരീ'യില്‍ ഹദീസുകള്‍ വെവ്വേറെ ചര്‍ച്ച ചെയ്തിട്ടുണ്ട്' നിരൂപണ വിധേയമല്ലാത്തവയെ അപേക്ഷിച്ച് നിരൂപണ വിധേയമായവ നന്നെ ചുരുക്കമാണ്.
ഇമാം ബുഖാരിയുടെ ഫിഖ്ഹി നിലപാടുകള്‍
ഇമാം ബുഖാരി ഫിഖ്ഹില്‍ മുജ്തഹിദ് മുത്വ്‌ലഖായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഏതെങ്കിലും മദ്ഹബിലേക്ക് ചേര്‍ത്തു പറയുന്നത് നല്ലതല്ല. അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെ അധ്യായങ്ങളുടെ ശീര്‍ഷകങ്ങളില്‍നിന്ന് അദ്ദേഹത്തിന്റെ ഫിഖ്ഹ് മനസ്സിലാക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ ചില ഫിഖ്ഹീ വിഷയങ്ങള്‍: ജനാബത്തുള്ളവര്‍ക്ക് ഖുര്‍ആന്‍ ഓതാവുന്നതാണ്, സ്ഖലനമുണ്ടായാല്‍ മാത്രമെ കുളി നിര്‍ബന്ധമുള്ളൂ, സ്ഖലനമുണ്ടായില്ലെങ്കിലും കുളിക്കുന്നത് നല്ലതാണ്, പുരുഷന്റെ തുട ഔറത്തല്ല, ബഹുദൈവവിശ്വാസിക്ക് പള്ളിയില്‍ പ്രവേശിക്കാവുന്നതാണ്, പ്രതിമകള്‍ ഇല്ലാത്ത ചര്‍ച്ചുകളില്‍ വെച്ച് നമസ്‌കരിക്കാം, ബിദ്അത്തുകാരനായ ഇമാമിനെ തുടര്‍ന്ന് നമസ്‌കരിക്കാം, സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് സേവനം ചെയ്യാം മുതലായവ ഉദാഹരണങ്ങളാണ്.

ബുഖാരി പാപസുരക്ഷിതനല്ല

മുകളില്‍ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ബുഖാരി പാപസുരക്ഷിതനാണെന്ന് വാദിക്കാനില്ല. അതുപോലെ സ്വഹീഹുല്‍ ബുഖാരിയിലെ എല്ലാ ഹദീസുകളും ഖണ്ഡിതമായും സ്വഹീഹാണെന്നും വാദമില്ല. അതിലെ ഹദീസുകളെല്ലാം കര്‍മമാതൃകയാക്കണമെന്നും അവകാശപ്പെടുന്നില്ല. ഹദീസ് സമാഹാരങ്ങളെല്ലാം അവയുടെ കര്‍ത്താക്കളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രോഡീകരിച്ചവയാണ്. സ്വഹീഹുല്‍ ബുഖാരിയുടെ പ്രാധാന്യം പണ്ഡിതന്മാര്‍ അതിന് പ്രഥമ പരിഗണന നല്‍കി എന്നതും അത് അംഗീകരിച്ചു എന്നതുമാണ്. എന്നുവെച്ച് അതിലെ ഓരോ അക്ഷരവും നബി(സ) പറഞ്ഞതാണ് എന്നല്ല. ഹദീസിന്റെ സാധുതയും അതനുസരിച്ച കര്‍മവും തമ്മില്‍ അന്തരമുണ്ട്. ചിലപ്പോള്‍ ഹദീസ് സാധുവായിരിക്കും. അതേസമയം അത് കര്‍മലക്ഷ്യത്തോടെയുള്ളതാവില്ല. എല്ലാ കര്‍മശാസ്ത്ര സരണികളും സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിക്കപ്പെടുന്നതിനു മുമ്പെ രൂപീകൃതമായവയാണ്. അതിനുശേഷവും മദ്ഹബുകള്‍ നിലനില്‍ക്കുന്നുണ്ട്.

അമേരിക്കന്‍ കോണ്‍ഗ്രസ് സാമ്പത്തിക സഹായം ചെയ്യുന്ന ചില ഇസ്‌ലാം വിരുദ്ധ ശക്തികള്‍ വാടകക്കെടുത്ത ചില സെന്ററുകള്‍ ഇസ്‌ലാമിനെ വികലമായി അവതരിപ്പിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം വീഡിയോകള്‍ എന്നതിനാലാണ് ഇത്രയും കുറിച്ചത്.

1. സീബവൈഹി (ഹി. 148-180/ ക്രി.വ. 765-796) അംറുബ്‌നു ഖമ്പര്‍ അല്‍ ഹാരിസി എന്നു മുഴുവന്‍ പേര്. അബൂ ബിശ് ര്‍ എന്ന് വിളിപ്പേര്. പേര്‍ഷ്യയിലെ ശീറാസിലെ ബൈദാഇല്‍ ജനനവും മരണവും. അറബി വ്യാകരണത്തിന്റെ ഇമാം എന്ന പേരില്‍ പ്രശസ്തന്‍. സീബവൈഹി എന്നത് അപരനാമമാണ്. 'ആപ്പിളിന്റെ ഗന്ധം' എന്നാണ് സീബവൈഹി എന്നതിനര്‍ഥം. ഖലീലുബ്‌നു അഹ് മദ് അല്‍ ഫറാഹീദി, യൂനുസ്ബ്‌നു ഹബീബ്, അബുല്‍ ഖത്ത്വാബ് അല്‍ അഖ്ഫശ്, ഈസബ്‌നു അംറ് എന്നിവരാണ് ഗുരുനാഥന്മാര്‍. (വിവ.) 

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top