ഇസ്‌ലാമിക നാഗരികതയില്‍ അടിമസ്ത്രീകളുടെ പങ്ക്‌

മുഹമ്മദ് ശഅ്ബാന്‍ അയ്യൂബ്‌‌‌
img

ചരിത്രം

'എന്റെ അധീനത്തില്‍ ഇപ്പോള്‍ നാല് റോമന്‍ വനിതകളുണ്ട്. അവര്‍ നേരത്തെ വിദ്യാവിഹീനരായിരുന്നു. ഇപ്പോള്‍ അവര്‍ പണ്ഡിതകളും ചികിത്സാ വിദഗ്ധകളും തര്‍ക്കശാസ്ത്രജ്ഞകളും തത്ത്വശാസ്ത്രജ്ഞകളും ഗണിതജ്ഞകളും സംഗീത വിദുഷികളും ജ്യോതിശ്ശാസ്ത്രജ്ഞകളും വൈയാകരണരും കാവ്യാവിഷ്‌കാര വിദഗ്ധകളും സാഹിത്യകാരികളും കൈയെഴുത്ത് വിദഗ്ധകളുമാണ്. അവരുടെ കൈയെഴുത്തുകളില്‍ തന്നെയുള്ള രേഖകള്‍ അത് തെളിയിക്കുന്നുണ്ട്.' ഹി. 5/ക്രി. 11-ാം നൂറ്റാണ്ടിലെ അന്ദലുസിലെ ഒരു മുസ്‌ലിം അടിമവ്യാപാരിയുടെ പ്രസ്താവനയാണ് മുകളില്‍. ഇസ്‌ലാമിക ലോകത്തെ അടിമകള്‍ സേവനത്തിനും വിനോദത്തിനും ലൈംഗികാനന്ദത്തിനും വേണ്ടി മാത്രം ഉപയോഗിക്കപ്പെടുത്തപ്പെട്ടവരായിരുന്നില്ല എന്ന് ഇത് സ്ഥാപിക്കുന്നു. അറബ് വനിതകള്‍ക്കും സ്വതന്ത്ര മുസ്‌ലിം സ്ത്രീകള്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയുന്നതിനും അപ്പുറം നേട്ടങ്ങള്‍ കൈവരിക്കാന്‍ അടിമപ്പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നു. എന്തിനധികം പറയണം, അവരില്‍ പലര്‍ക്കും മഹാന്മാരായ ഭരണാധികാരികളുടെ മാതാക്കളാവാന്‍ പോലും അവസരം ലഭിക്കുകയുണ്ടായി. ബഗ്ദാദില്‍ ഖലീഫമാരായി വാണ മുപ്പത്തി ഏഴില്‍ മൂന്ന് പേര്‍ മാത്രമാണ് സ്വതന്ത്ര സ്ത്രീകള്‍ക്ക് ജനിച്ചവരായുള്ളത്. മുപ്പത്തിനാല് ഖലീഫമാരും അടിമ സ്ത്രീകളുടെ മക്കളാണ്. സഫ്ഫാഹ് (മ. ഹി. 136/ ക്രി. വ. 754), മഹ്ദി (മ.ഹി. 169/ ക്രി.വ 786), അമീന്‍ (മ.ഹി. 198/ ക്രി.വ. 813) എന്നീ മൂവരാണ് സ്വതന്ത്രകളായ സ്ത്രീകളുടെ മക്കള്‍.

അടിമസ്ത്രീകളുടെ ഈ രാഷ്ട്രീയ മാനം 'അടിമകളുടെ സംസ്‌കാരം' എന്നു നാമകരണം ചെയ്യാവുന്നവിധം വേറിട്ടുനിന്ന വൈജ്ഞാനിക പ്രതിഭാസത്തിന്റെ ഫലമായിരുന്നു. അറിവ് കൈവരുന്നതോടെ അധികാരം ലഭിക്കുന്നു, സ്വാതന്ത്ര്യം യാഥാര്‍ഥ്യമാവുന്നു!
ഇസ്‌ലാമിക നാഗരികതയില്‍ അടിമസ്ത്രീകള്‍ നയിച്ചുവന്ന ജീവിതം മഹാഭൂരിപക്ഷം പേരും മനസ്സിലാക്കി വെച്ചതില്‍നിന്ന് തീര്‍ത്തും ഭിന്നമായിരുന്നു. ആയിരക്കണക്കിനു അടിമ സ്ത്രീകള്‍ ഇസ്‌ലാമിക സാമൂഹിക-സാംസ്‌കാരിക ജീവിത തുറകളില്‍ ക്രിയാത്മകമായി പങ്കാളിത്തം വഹിച്ചവരാണ്. കവിതയും ഗാനവുമായിരുന്നു പ്രധാന മേഖലയെങ്കിലും എല്ലാ മേഖലകളിലും ഈ പങ്കാളിത്തം കാണാം.

അടിമത്ത സമ്പ്രദായം

ദിഗ്വിജയങ്ങളെ തുടര്‍ന്ന് പരാജിത സമൂഹങ്ങളില്‍നിന്ന് ബന്ദികളാവുന്നവരെ കൈകാര്യം ചെയ്യാനായി അടിമക്കമ്പോളങ്ങള്‍ നിലവില്‍വന്നു.

നബി(സ)യുടെ ആഗമനത്തിന്റെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുതല്‍ക്ക് തന്നെ അടിമത്തം ഒരു വ്യവസ്ഥാപിത ലോക സമ്പ്രദായമായി നിലവിലുണ്ടായിരുന്നു. മക്ക, മദീന, ദമസ്‌കസ്, ബഗ്ദാദ്, ഫുസ്ത്വാത്വ്, കൈറോ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് ആയിരക്കണക്കിന് അടിമകള്‍ കൊണ്ടുവരപ്പെട്ടു.

ഇബ്‌നുല്‍ ജൗസി തന്റെ 'മുന്‍തളിം' എന്ന കൃതിയില്‍ എഴുതുന്നു: 'മുസ്‌ലിംകള്‍ ഹി. 190 (ക്രി.വ. 805) ല്‍ ഹാറൂന്‍ റശീദി(മ.ഹി. 193/ ക്രി.വ. 808) ന്റെ ഭരണകാലത്ത് അനാതോലിയയിലെ ഹിറഖ്ല്‍ നഗരം ജയിച്ചടക്കിയപ്പോള്‍ അവിടത്തെ പതിനാറായിരം പേരെ ബന്ദികളാക്കി. അവരുടെ വില്‍പനയുടെ മേല്‍നോട്ടം ന്യായാധിപനായിരുന്ന അബുല്‍ ബുഖ്തരി (മ.ഹി. 200/, ക്രി.വ. 815) ക്കായിരുന്നു.

യുദ്ധങ്ങളെ തുടര്‍ന്നാണ് പ്രധാനമായും ബന്ദികള്‍ അടിമകളായി മാറുന്നതെങ്കിലും മറ്റു കാരണങ്ങളാലും അങ്ങനെ സംഭവിക്കുന്നുണ്ട്. വിശിഷ്യാ, വലിയ ദിഗ്വിജയങ്ങള്‍ നിലച്ച ശേഷം വ്യാപാരങ്ങളും അതിനു വഴിയൊരുക്കിയിട്ടുണ്ട്. റശീദിന്റെ ഭരണകാലത്തെങ്കിലും ന്യായാധിപന്മാരായിരുന്നു അടിമവ്യാപാരത്തിന് മേല്‍നോട്ടം വഹിച്ചിരുന്നതെന്ന് ഇബ്‌നുല്‍ ജൗസിയുടെ എഴുത്തില്‍നിന്ന് മനസ്സിലാവുന്നു. ന്യായാധിപന്മാരായിരുന്നു രാഷ്ട്രത്തിന്റെ പ്രതിനിധികള്‍ എന്നര്‍ഥം. അടിമകളെ വാങ്ങിയിരുന്നവരില്‍ ഭൂരിപക്ഷവും അടിമ വ്യാപാരികളായിരുന്നു.

അടിമവ്യാപാരികള്‍ തങ്ങളെപ്പോലുള്ള അടിമ വ്യാപാരികളില്‍നിന്നോ, സ്വതന്ത്ര മനുഷ്യരെ തട്ടിക്കൊണ്ടുവന്ന് വില്‍പന നടത്തുന്ന കടല്‍ക്കൊള്ളക്കാരില്‍നിന്നോ അടിമകളെ വാങ്ങിയിരുന്നു. അമേരിക്കന്‍ ചരിത്രകാരനായ വില്‍ഡ്യുറന്റ് (മ.ഹി. 1402/ ക്രി. വ. 1981) 'നാഗരികതയുടെ ചരിത്രം' എന്ന കൃതിയില്‍ എഴുതുന്നു: 'ക്രൈസ്തവരും മുസ്‌ലിംകളുമായ കടല്‍ക്കൊള്ളക്കാര്‍ മുസ്‌ലിം-ക്രൈസ്തവ നാടുകളുടെ തീരദേശങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. തങ്ങളുടെ എതിര്‍ വിശ്വാസക്കാരെ പിടികൂടി അടിമക്കമ്പോളങ്ങളില്‍ വില്‍ക്കുകയായിരുന്നു ഇരുവിഭാഗത്തിന്റെയും ആക്രമണ ലക്ഷ്യം.

അടിമ വ്യാപാരത്തില്‍ ഏറ്റവും വലിയ പങ്കുണ്ടായിരുന്നത് യഹൂദര്‍ക്കായിരുന്നു. ക്രൈസ്തവ-മുസ്‌ലിം നാടുകള്‍ക്കിടയിലും യൂറോപ്പിനും ഏഷ്യക്കുമിടയിലും പൂർവ യൂറോപ്പിലെ സ്ലാവ് വംശങ്ങള്‍ക്കും പാശ്ചാത്യ നാടുകള്‍ക്കുമിടയിലുമെല്ലാം യഹൂദര്‍ക്ക് വലിയ വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. പ്രമുഖ മുസ്‌ലിം ഭൂമിശാസ്ത്രകാരനായ ഇബ്‌നു ഖുര്‍ദാദ്ബഹ് (മ.ഹി. 280/ ക്രി. 893) 'അല്‍ മസാലിക് വല്‍ മമാലിക്' എന്ന കൃതിയില്‍ എഴുതുന്നു: 'യഹൂദ വ്യാപാരികള്‍ക്ക് അറബി, പേര്‍ഷ്യന്‍, റോം, ഫ്രഞ്ച്, അന്ദലുസ്, സിസിലിയന്‍ ഭാഷകള്‍ വശമുണ്ടായിരുന്നു. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് കര-കടല്‍ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. പടിഞ്ഞാറുനിന്ന് വേലക്കാരെയും ആണ്‍-പെണ്‍ അടിമ ബാലന്മാരെയും കൊണ്ടുവന്നിരുന്നു.

വ്യവസ്ഥാ വല്‍ക്കരണവും മേല്‍നോട്ടവും

കിഴക്കും പടിഞ്ഞാറുമുള്ള ലോകനഗരങ്ങളെപ്പോലെ, ഇസ്‌ലാമിക നഗരകേന്ദ്രങ്ങളിലും അടിമക്കമ്പോളങ്ങളുണ്ടായിരുന്നു. അവ 'ദാറുര്‍റഖീഖ്' 'സൂഖുര്‍റഖീഖ്', 'സൂഖുല്‍ ജവാരീ' എന്നീ പേരുകളില്‍ അറിയപ്പെട്ടു. (അടിമകളുടെ പാര്‍പ്പിടം, അടിമച്ചന്ത, അടിമ പെണ്‍കുട്ടികളുടെ ചന്ത എന്നര്‍ഥം). അബ്ബാസികളുടെ ഭരണകാലത്ത് ബഗ്ദാദിന്റെ പടിഞ്ഞാറു ഭാഗത്തായി ഇത്തരം ഒരു പ്രസിദ്ധ കേന്ദ്രമുണ്ടായിരുന്നു. പില്‍ക്കാലത്ത് അത് കൂടുതല്‍ വികസിച്ചു. അതേക്കുറിച്ച് യാഖൂതുല്‍ ഹമവി (മ.ഹി. 626/ക്രി.വ. 1229) 'മുഅ്ജമുല്‍ ബുല്‍ദാനി'ല്‍ എഴുതുന്നു: 'ദാറുര്‍റഖീഖ്: ബഗ്ദാദ് നഗരത്തിലെ ഒരിടം. നഗരത്തിന്റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. അതിന് 'ശാരിഉ ദാരിര്‍റഖീഖ്' എന്നും പേരുണ്ട്.

ചരിത്രകാരന്‍ യഅ്ഖൂബി (മ.ഹി. 292നുശേഷം/ക്രി.വ. 1004) തന്റെ 'അല്‍ബുല്‍ദാനി'ല്‍ എഴുതുന്നു: 'അബ്ബാസി ഖലീഫ മുഅ്തസ്വിം (മ.ഹി. 227/ ക്രി. 842) ഹി. 221/ക്രി. 836-ല്‍ സാമര്‍റാഅ് നഗരം നിര്‍മിച്ചപ്പോള്‍ പലതരം വിപണി കേന്ദ്രങ്ങളുണ്ടാക്കി. പല വഴികളോടു കൂടിയ ഒരു ചത്വരം അടിമവ്യാപാരത്തിനു മാത്രമായി സംവിധാനിച്ചു, ചരിത്രകാരന്‍ മഖ്‌രീസി 'അല്‍ മവാഇള് വല്‍ ഇഅ്തിബാര്‍' എന്ന കൃതിയില്‍, കൈറോ നഗരത്തിലെ മിസ്ത്വാഹ് റോഡ് അടിമക്കമ്പോളത്തിന്റെ പ്രത്യേക ഇടമായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

അടിമ വ്യാപാരികളിലും ഉപഭോക്താക്കളിലും വ്യത്യസ്ത

മതവിഭാഗത്തില്‍പെട്ടവരുണ്ടായിരുന്നു. ഫാത്വിമി ഖലീഫ ളാഹിറി (മ.ഹി. 427/ക്രി.വ.1036) ന്റെ കാലത്ത് ക്രൈസ്തവര്‍ മുസ്‌ലിം ആണ്‍-പെണ്‍ അടിമകളെ വാങ്ങിയിരുന്നതായി പറയുന്നു. ഹി. 5-ാം നൂറ്റാണ്ടില്‍ അന്ദലുസിലെ ക്രൈസ്തവര്‍ അറബി സംസ്‌കാരവുമായി ഇടപഴകി അറബിഗാന സദസ്സുകള്‍ വരെ സംഘടിപ്പിക്കുകയുണ്ടായി. അവയില്‍ ഗായികമാരായ മുസ്‌ലിം അടിമപ്പെണ്‍കുട്ടികള്‍ പങ്കെടുത്തിരുന്നു. ശാമിന്റെ തീരങ്ങളില്‍ അധികാരം സ്ഥാപിച്ച കുരിശു സൈനികരും ഈ വിധം മുസ്‌ലിം അടിമപ്പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുകയുണ്ടായി.

അന്ദലുസിലെ അടിമവ്യാപാരിയും സർവകലാവല്ലഭനും, ഇബ്‌നുല്‍ കത്താന്‍ എന്ന പേരില്‍ വിശ്രുതനുമായ മുഹമ്മദുബ്‌നുല്‍ ഹുസൈന്‍ അല്‍ മദ്ഹിജി (മ.ഹി. 420/ക്രി.വ. 1030) ഇത്തരം ഒരു സദസ്സില്‍ പങ്കെടുത്തതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്.

അന്ദലുസിന്റെ വടക്കുഭാഗത്തുള്ള നബ്ബാറ/ നാഫാറാ രാജ്യത്തെ ഭരണാധികാരിയായ ക്രിസ്ത്യന്‍ ചക്രവര്‍ത്തി ശാഞ്ച/ഗര്‍സിയ മകന്‍ സാന്‍ശൂവിന്റെ കൊട്ടാരത്തില്‍ നടന്ന ഇത്തരം ഒരു പരിപാടിയില്‍ താന്‍ പങ്കെടുത്തതായി ഇബ്‌നുല്‍ കത്താന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊര്‍ദോവയിലെ ഭരണകാലത്ത് ഉമവി ഖലീഫ സുലൈമാനുബ്‌നുല്‍ ഹകം (മ.ഹി. 407/ക്രി.വ. 1017) ചക്രവര്‍ത്തിക്ക് സമ്മാനിച്ചവയായിരുന്നു ഗായികമാരായ ഈ മുസ്‌ലിം അടിമപ്പെണ്‍കുട്ടികള്‍.
സിസിലിയിലെ മുസ്‌ലിംഭരണം അവസാനിച്ച് ഒരു നൂറ്റാണ്ടിനു ശേഷം ഹി. 580/ക്രി.വ. 1185-ല്‍ അവിടെ സന്ദര്‍ശിച്ച സഞ്ചാരി ഇബ്‌നു ജുബൈര്‍ (മ.ഹി. 614/ക്രി. 1217) അവിടത്തെ അന്നത്തെ ചക്രവര്‍ത്തിയായ നോര്‍മാന്‍സി വില്യം രണ്ടാമ(മ.ഹി. 584/ക്രി. 1189)നെക്കുറിച്ച് പറയുന്നു: 'അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ അടിമപ്പെണ്‍കുട്ടികള്‍ മുഴുവന്‍ മുസ്‌ലിംകളാണ്. ചക്രവര്‍ത്തിയുടെ സേവകന്‍ യഹ്‌യബ്‌നു ഫിത്‌യാന്‍ പറഞ്ഞത്, കൊട്ടാരത്തിലെത്തുന്ന ക്രൈസ്തവ വനിതകള്‍ കൊട്ടാരത്തില്‍നിന്നു പോവുന്നത് മുസ്‌ലിംകളായാണെന്നാണ്. മുസ്‌ലിം അടിമപ്പെണ്‍കുട്ടികള്‍ അവരെ സ്വാധീനിച്ചിരുന്നു എന്നര്‍ഥം.'

പുരുഷന്മാര്‍ അടിമപ്പെണ്‍കുട്ടികളെ വ്യത്യസ്ത തൊഴിലുകള്‍ക്കായി ഉപയോഗപ്പെടുത്തിയതുപോലെ സമൂഹത്തിലെ ഉന്നതകളായ സ്ത്രീകളും കൈകാര്യ- വിനോദ മേഖലകളിലായി ഉപയോഗപ്പെടുത്തി. ഹുസ്വ് രി അല്‍ ഖൈറുവാനി (മ.ഹി. 453/ക്രി.വ. 1062) 'ജംഉല്‍ ജവാഹിര്‍ ഫില്‍ മുലഹി വന്നവാദിര്‍' എന്ന കൃതിയില്‍ എഴുതി: 'മന്ത്രി മുഹല്ലബിയുടെ മകള്‍ സീനത്ത് (മ.ഹി. 362/ക്രി. 973) തുര്‍ക്കി അടിമപ്പെണ്‍കുട്ടികളെ ആണ്‍വേഷം ധരിപ്പിച്ച് പാറാവുകാരായി നിയമിക്കുകയുണ്ടായി. സല്‍മാ നൂബിഖ്തിയ്യ, ആഇശ ബിന്‍ത് നസ്വ്ര്‍ അല്‍ഖസൂരി എന്നീ വനിതകളെ ഗുമസ്തകളായും നിശ്ചയിക്കുകയുണ്ടായി.

വ്യത്യസ്ത വംശീയതകള്‍

വ്യത്യസ്ത വര്‍ഗ-വംശങ്ങളില്‍നിന്നുള്ള അടിമപ്പെണ്‍കുട്ടികള്‍ ഇസ്‌ലാമിക നഗരങ്ങളിലേക്ക് കൊണ്ടുവരപ്പെട്ടു. തുര്‍ക്കിസ്താന്‍, സിന്ധ്, ഇന്ത്യ, റഷ്യ, അര്‍മീനിയ, കോക്കസ്, റോം, സിസിലി, സ്ലാവ്, നീഗ്രോ, എത്യോപ്യ, അബ്‌സീനിയ, നൂബിയ മുതലായ സ്ഥലങ്ങളില്‍നിന്നെല്ലാമുള്ള പെണ്‍കുട്ടികളുണ്ടായിരുന്നു. എല്ലാവരും ശാരീരികമായും സ്വഭാവപരമായും വ്യത്യസ്തതകളുള്ളവര്‍. സാഹിത്യം, ഗാനാലാപനം മുതലായവയില്‍ ഓരോ വിഭാഗവും തങ്ങളുടേതായ തനിമ പുലര്‍ത്തി. സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് ഗാനാലാപനം നടത്തുന്നതില്‍ അവര്‍ വിദഗ്ധകളായിരുന്നു. 'സ്വൂറത്തുല്‍ അര്‍ദ്' എന്ന കൃതിയില്‍ സഞ്ചാരിയും ഭൂമിശാസ്ത്രകാരനുമായ ഇബ്‌നു ഹൗഖലില്‍ മൗസ്വിലി (മ.ഹി. 367/ക്രി. 978) ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്.

അബുല്‍ ഹസന്‍ ഇബ്‌നു ബത്വ്‌ലാന്‍ അല്‍ ബഗ്ദാദി (മ.ഹി. 450/ക്രി.വ. 1059) തന്റെ 'രിസാല ജാമിഅ ലി ഫുനൂനിന്നാഫിഅ ഫീ ശര്‍യിര്‍റഖീഖ്' എന്ന കൃതിയില്‍ തന്റെ കാലത്തെ സൗന്ദര്യ മാനദണ്ഡങ്ങളനുസരിച്ച് വിവിധ വംശങ്ങളില്‍പെട്ട അടിമപ്പെണ്‍കുട്ടികളുടെ സൗന്ദര്യത്തെ വര്‍ണിച്ചിട്ടുണ്ട്. റോമന്‍ പെണ്‍കുട്ടികള്‍ വെളുത്തവരും നീലക്കണ്ണുള്ളവരും അനുസരണയുള്ളവരും വഴക്കമുള്ളവരും ഗുണകാംക്ഷികളും വിശ്വസ്തകളും സൂക്ഷ്മതയുള്ളവരുമായിരുന്നു.

അഭ്യസ്തവിദ്യകളായ അടിമപ്പെണ്‍കുട്ടികളുടെ ഉടമകളുടെ സമ്പാദ്യം സംബന്ധിച്ച് ഇബ്‌നു തഗ്‌രീ ബര്‍ദി (മ.ഹി. 874/ക്രി.വ. 1470) 'അന്നുജൂമുസ്സാഹിറ'യില്‍ എഴുതുന്നു: 'ബഗ്ദാദിലെ വ്യാപാരിയായ നാത്വിഫിയുടെ മദീനയില്‍ ജനിച്ച അടിമപ്പെണ്‍കുട്ടി ഇനാന്‍ സുന്ദരിയും കവയിത്രിയും ഉടന്‍ മറുപടി നല്‍കാന്‍ കഴിയുന്നവളും ആയിരുന്നു. വിവരമറിഞ്ഞ ഖലീഫ ഹാറൂന്‍ റശീദ് അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. അപ്പോള്‍ നാത്വിഫീ പറഞ്ഞു: 'ഒരുലക്ഷം ദിര്‍ഹമിനേ ഞാന്‍ അവളെ വില്‍ക്കുകയുള്ളൂ.' (ഏകദേശം ഇന്നത്തെ ഒന്നേകാല്‍ ലക്ഷം ഡോളര്‍) ഹാറൂന്‍ റശീദിന് വില്‍ക്കേണ്ടി വന്നില്ലല്ലോ എന്ന സന്തോഷത്താല്‍ നാത്വിഫി മുപ്പതിനായിരം ദിര്‍ഹം സ്വദഖ ചെയ്യുകയുണ്ടായി. നാത്വിഫി മരിച്ചപ്പോള്‍ ഒന്നരലക്ഷം ദിര്‍ഹമിന് അവരെ മറ്റൊരാള്‍ക്ക് വിറ്റു. ഹി. 226/ക്രി. 841-ല്‍ അവര്‍ ഖുറാസാനില്‍ മരിച്ചു.

രാഷ്ട്രത്തിന് ശക്തി ഉണ്ടായിരുന്നപ്പോള്‍ അടിമ വ്യാപാരം നിയന്ത്രിക്കാന്‍ 'ദീവാനുല്‍ മവാലീ വല്‍ ഗില്‍മാന്‍' എന്ന പേരില്‍ പ്രത്യേക വകുപ്പ് പ്രവര്‍ത്തിച്ചിരുന്നു. ഹി. 221/ക്രി. 836-ല്‍ ഖലീഫ മുഅ്തസ്വിം പ്രസ്തുത ഓഫീസ് പുതിയ തലസ്ഥാനമായ സാമര്‍റാഇലേക്ക് മാറ്റിയതായി ചരിത്രകാരന്‍ യഅ്ഖൂബി (മ.ഹി. 292-നു ശേഷം/ക്രി.വ. 905) 'അല്‍ബുല്‍ദാനി'ല്‍ രേഖപ്പെടുത്തുന്നു. അടിമച്ചന്തകള്‍ക്ക് വാര്‍ഷിക നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഈജിപ്തിലുണ്ടായിരുന്ന അടിമക്കമ്പോളത്തിന് വാര്‍ഷിക നികുതി അഞ്ഞൂറ് ദീനാറായിരുന്നു എന്ന് മഖ്‌രീസി (മ.ഹി. 845/ക്രി. 1441) 'അല്‍ മവാഇളു വല്‍ ഇഅ്തിബാര്‍' എന്ന കൃതിയില്‍ എഴുതുന്നു.

അടിമ വ്യാപാരത്തിന് പ്രത്യേക സംവിധാനമില്ലാതിരുന്നപ്പോള്‍ ഭരണകൂടത്തിനു കീഴിലെ 'ഹസബ' സംവിധാനമാണ് അത് നിയന്ത്രിച്ചിരുന്നത്. ഇബ്‌റാഹീമുബ്‌നു ബത്വ്ഹാ അല്‍ ബഗ്ദാദി (മ.ഹി. 332/ക്രി. 944) ഈ മേഖലയിലെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്നു എന്ന് അസ്സ്വാബിഅ് (മ.ഹി. 448/ക്രി. 1057) തന്റെ 'തുഹ്ഫത്തുല്‍ ഉമറാഅ് ഫീ താരീഖില്‍ വുസറാഅ്' എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നു. ഈജിപ്തില്‍ ഇതിന് മേല്‍നോട്ടം വഹിച്ചിരുന്നത് അഹ്മദുബ്‌നു മുഹമ്മദിബ്‌നി മാസാ (മ.ഹി. 324/ക്രി. 936) ആയിരുന്നുവെന്ന് ഇബ്‌നുല്‍ ജൗസി 'മുന്‍തളിമി'ല്‍ എഴുതുന്നു.

നിയമപരമായ മേല്‍നോട്ടം
'ഖയ്യിമത്തുല്‍ ജവാരീ' എന്ന പേരില്‍ അടിമപ്പെണ്‍കുട്ടികളുടെ മേല്‍നോട്ടത്തിന് വനിതകളെ നിയമിച്ചിരുന്നു. വിപണിയിലും അടിമപ്പെണ്‍കുട്ടികള്‍ പാര്‍ക്കുന്ന ഇടങ്ങളിലും ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു. താബിഈ ആയ അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍ അല്‍ ഹാശിമി (മ.ഹി. 80/ക്രി.വ. 701) യും ഉമവി ഖലീഫ അബ്ദുല്‍ മലികിബ്‌നു മർവാനും (മ.ഹി. 86/ക്രി.വ 705) തമ്മില്‍ നടന്ന സംഭാഷണം ഇബ്‌നു അബ്ദി റബ്ബിഹി (മ.ഹി. 328/ഹി. 940) 'അല്‍ ഇഖ്ദുല്‍ ഫരീദി'ല്‍ എഴുതുന്നു: ഇബ്‌നു ജഅ്ഫര്‍ പറഞ്ഞു: '..... അങ്ങനെ ഞാന്‍ പെണ്‍കുട്ടികളുടെ മേല്‍നോട്ടച്ചുമതലയുള്ള വനിതയോട് പറഞ്ഞു. 'നിങ്ങള്‍ ഇപ്പോള്‍ തന്നെ പോയി പെണ്‍കുട്ടിയെ ചമയിച്ചൊരുക്കുക.'
അടിമപ്പെണ്‍കുട്ടികളെ ചന്തകളില്‍ നഗ്നകളായി പ്രദര്‍ശിപ്പിച്ചിരുന്നതായി ചില ഓറിയന്റലിസ്റ്റുകളുടെ പെയ്ന്റിംഗുകളിലും സിനിമകളിലും ചിത്രീകരിച്ചതു കാണാം. എന്നാല്‍, അടിമക്കച്ചവടത്തിന് ഇസ്‌ലാമിക നാഗരികതയില്‍ കര്‍ശന വ്യവസ്ഥകളുണ്ടായിരുന്നു എന്നതാണ് വാസ്തവം.

'നിഹായത്തുര്‍റുത്ബത്തിള്ളരീഫ ഫീ ത്വലബില്‍ ഹസബത്തിശ്ശരീഫ' എന്ന കൃതിയില്‍ ജലാലുദ്ദീന്‍ ശീസ്‌രി (മ.ഹി. 590/ക്രി. 1193) എഴുതുന്നു: 'അടിമക്കച്ചവടക്കാരന്‍ വിശ്വസ്തനും നീതിമാനും പതിവ്രതനും ആയിരിക്കണം. കാരണം, അയാളാണ് ആണ്‍-പെണ്‍ അടിമകളെ ഏറ്റുവാങ്ങുന്നത്. ചിലപ്പോള്‍ അവര്‍ വീട്ടില്‍ അവര്‍ക്കൊപ്പം കഴിയേണ്ടിവരും. വാങ്ങാനെത്തുന്നവരെ നേരിട്ടോ മറ്റുള്ളവര്‍ മുഖേനയോ അറിയാതെ വില്‍ക്കാന്‍ പാടില്ല. വില്‍ക്കപ്പെടുന്നവര്‍ സ്വതന്ത്രരോ മോഷ്ടിക്കപ്പെട്ടവരോ ആവാതിരിക്കാന്‍ പേരുകളും വിശേഷണങ്ങളും രേഖപ്പെടുത്തിവെക്കണം. പെണ്ണടിമകളെ വാങ്ങുന്നവര്‍ക്ക് അവരുടെ മുഖവും മുന്‍കൈകളും കാണാന്‍ അനുവാദമുണ്ടായിരിക്കും. അവരെ വീട്ടില്‍ കൊണ്ടുപോയി പരിശോധിക്കാനോ അവരോടൊപ്പം ഒറ്റക്ക് കഴിയാനോ അനുവാദമുണ്ടായിരുന്നില്ല. ചരിത്രകാരന്‍ മഖ്‌രീസി 'ഇത്തിആളുല്‍ ഹുനഫാ' എന്ന കൃതിയില്‍ എഴുതിയതു പ്രകാരം, ഹി. 399/ക്രി.വ. 1011-ല്‍ കൈറോവിലെ അടിമച്ചന്തയില്‍ ക്രയവിക്രയങ്ങള്‍ക്കല്ലാതെ ആരും പ്രവേശിക്കാവതല്ലെന്നും ആണ്‍-പെണ്‍ അടിമകള്‍ക്ക് പ്രത്യേകം പ്രത്യേകം ദിവസങ്ങള്‍ നിശ്ചയിക്കണമെന്നും സര്‍ക്കാര്‍ തലത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു എന്നു മനസ്സിലാക്കാം.

അടിമ വ്യാപാരവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ ഉണ്ടാകാവുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം സംവിധാനമുണ്ടായിരുന്നു. ന്യായാധിപനായിരുന്ന വകീഉല്‍ ബഗ്ദാദി (മ.ഹി. 306/ക്രി. വ. 918) 'അഖ്ബാറുല്‍ ഖുദാത്ത്' എന്ന കൃതിയില്‍ ഇത്തരം ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബസ്വ്‌റയിലെ പ്രമുഖ അടിമ വ്യാപാരിയായിരുന്ന സലാമുല്‍ ബസ്വ്‌രി, താന്‍ വാങ്ങിയ അടിമപ്പെണ്‍കുട്ടി മന്ദബുദ്ധിയാണെന്ന് ബസ്വ്‌റയിലെ ജഡ്ജിയായിരുന്ന ഇയാസുബ്‌നു മുആവിയല്‍ മുസനി (മ.ഹി. 121/ക്രി.വ. 740) യോട് പരാതിപ്പെടുകയുണ്ടായി.

ജഡ്ജി: 'മന്ദബുദ്ധിയാണെന്നതിന്റെ പേരില്‍ അടിമയെ തിരിച്ചു കൊടുക്കാന്‍ കഴിയില്ല.'
സലാമുല്‍ ബസ്വ്‌രി: 'ഇത് ഭ്രാന്തിനെക്കാള്‍ കടുത്ത മന്ദബുദ്ധിയാണ്.' ന്യായാധിപന്‍ അടിമപ്പെണ്‍കുട്ടിയെ വിളിച്ച് ചോദിച്ചു: 'നിന്റെ ഏതു കാലിനാണ് നീളം കൂടുതല്‍.'
അവള്‍ ഇടതു കാല്‍ നീട്ടി കാണിച്ച് ഇത് എന്നു പറഞ്ഞു.
'നിന്റെ ജനനം ഏത് രാത്രിയാണെന്ന് ഓര്‍മയുാേ?'
അവള്‍: 'അതെ.' ന്യായാധിപന്‍ അവളെ ഉടമക്ക് തന്നെ കൈമാറി.

പലതരം പങ്കാളിത്തങ്ങള്‍

ഇസ്‌ലാമിക സമൂഹത്തിന്റെ ചലനാത്മകതയിലും ധൈഷണിക സംസ്‌കാരത്തിലും ആയിരക്കണക്കിന് അടിമ സ്ത്രീകള്‍ പങ്കാളികളായി. ഇസ്‌ലാമിക ചരിത്രത്തിലെ രാഷ്ട്ര ശില്‍പികളില്‍ പ്രധാനികളായ പലര്‍ക്കും ജന്മം നല്‍കിയത് അടിമസ്ത്രീകളായിരുന്നു. ഇമാം ദഹബി (മ.ഹി. 748/ക്രി. വ. 1348) തന്റെ 'സിയറു അഅ്‌ലാമിന്നുബലാഇ'ല്‍ എഴുതുന്നു: 'ഭൂമി ഭരിച്ചത് രണ്ട് ബര്‍ബേറിയന്‍ അടിമ സ്ത്രീകളുടെ മക്കളായ രണ്ടു പേരാണ്.... ഉമവി ഖലീഫയായ അബ്ദുര്‍റഹ്മാന്‍ അദ്ദാഖിലും (മ.ഹി. 172/ക്രി.വ. 788) അബ്ബാസി ഖലീഫ മന്‍സ്വൂറും (മ.ഹി. 158/ക്രി.വ. 775) ആണ് എന്ന് ആളുകള്‍ പറയാറുണ്ടായിരുന്നു.

ശാഫിഈ പണ്ഡിതനും സാഹിത്യകാരനുമായ അബൂഹയ്യാന്‍ അത്തൗഹീദി (മ.ഹി. 400/ ക്രി.വ. 1010) 'അല്‍ ഇംതാഉ വല്‍ മുആനസത്തു' എന്ന കൃതിയില്‍, അടിമപ്പെണ്‍കുട്ടികളെ തെരഞ്ഞെടുത്തിരുന്നത് അവരുടെ കൗതുകവാര്‍ത്തകളും ഉടന്‍ മറുപടികളും മിതമായ ചലനവേഗതയും ചുറുചുറുക്കും മറ്റും പരിഗണിച്ചായിരുന്നു എന്നും ഇത്തരം പെണ്‍കുട്ടികള്‍ ആളുകളുടെ ബുദ്ധിയെയും മനസ്സിനെയും കീഴടക്കിയിരുന്നു എന്നും എഴുതിയിരിക്കുന്നു.

സമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങളുടെ കൊട്ടാരങ്ങളിലും വീടുകളിലുമെല്ലാം അഭ്യസ്തവിദ്യകളും ഗായികമാരുമായ അടിമപ്പെണ്‍കുട്ടികളുണ്ടായിരുന്നു. 'ഹി. 360/ക്രി. 972 കാലത്ത് ബഗ്ദാദിലെ കര്‍ഖ്, റുസ്വാഫ ഭാഗങ്ങളില്‍ മാത്രം നാനൂറ്റി അറുപത് അടിമപ്പെണ്‍കുട്ടികളുണ്ടായിരുന്നതായി അബൂഹയ്യാനിത്തൗഹീദി 'ഇംതാഇ'ല്‍ എഴുതുന്നു. കൂടാതെ നൂറ്റി ഇരുപത് സ്വതന്ത്ര സ്ത്രീകളും, തൊണ്ണൂറ്റി അഞ്ച് കുട്ടികളുമുണ്ടായിരുന്നു. (ചിലേടത്ത് പാറാവുകാരുടെ വിലക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ചില വീടുകളിലെ കണക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല).

സംഗീതോപകരണങ്ങള്‍ വായിക്കാനും ഗാനമാലപിക്കാനും നല്ല പ്രാഗത്ഭ്യമുള്ള പെണ്‍കുട്ടികള്‍ക്കായിരുന്നു ആകര്‍ഷകമായ വില ലഭിച്ചിരുന്നത്. ഖലീഫമാരും നേതാക്കളും ഉള്‍പ്പെടെ സമൂഹത്തിലെ ഉന്നത വിഭാഗങ്ങള്‍ ഇവരെ തെരഞ്ഞെടുത്ത് സ്വന്തമാക്കി. ഇത്തരം ഗാനസദസ്സുകള്‍ കൂടുതലും മദീനയിലും ബസ്വ്‌റയിലുമായിരുന്നു.
വ്യത്യസ്ത കഴിവുകളുള്ള പെണ്‍കുട്ടികള്‍ക്ക് മാതൃകയായി ഉദ്ധരിക്കപ്പെടുന്നവയില്‍ ഏറ്റവും പഴയത് അഫീഫുദ്ദീന്‍ അല്‍ യാഫിഈ (മ.ഹി. 768/ക്രി.വ. 1366) 'മിര്‍ആത്തുല്‍ ജിനാന്‍ വ ഇബ്‌റത്തുല്‍ യഖ്‌ളാന്‍' എന്ന കൃതിയില്‍ എഴുതിയ താഴെ സംഭവമാണ്. 'ഉബൈദുല്ലാ ഇബ്‌നു മഅ്മര്‍ അല്‍ ഖുറശി (മ.ഹി. 60/ക്രി.വ. 1366) ഇരുപതിനായിരം ദീനാറി(ഏകദേശം ഇന്നത്തെ 3.3 മില്യണ്‍ ഡോളര്‍)ന് പ്രാഗത്ഭ്യത്തികവിനാല്‍ 'അല്‍കാമില' എന്ന് വിളിപ്പേരുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ വാങ്ങുകയുണ്ടായി.
ഗാനാലാപനം, സംഗീതോപകരണ വായന, ഈണ പരിജ്ഞാനം, ഖുര്‍ആന്‍, കവിത, എഴുത്ത്, പാചകം, സുഗന്ധ നിര്‍മാണം മുതലായവയില്‍ അവള്‍ അതീവ വിദഗ്ധയായിരുന്നു.

മദീനയിലെ പ്രഗത്ഭ ഗായികയും കവയിത്രിയുമായിരുന്നു അസ്സത്തുല്‍ മൈലാഅ് (മ.ഹി. 115/ക്രി.വ. 733) എന്ന് ഇമാം ശൗകാനി (മ.ഹി. 1255/ക്രി. 1839) 'നൈലുല്‍ ഔത്വാറി'ല്‍ രേഖപ്പെടുത്തുന്നു. 'അബുല്‍ ഫറജ് അല്‍ അസ്വ്ബഹാനി (മ.ഹി. 356/ക്രി.വ. 967) സ്വഹാബിയും കവിയുമായ ഹസ്സാനുബ്‌നു സാബിത്ത്' (മ.ഹി. 54/ ക്രി.വ. 674) അസ്സത്തുല്‍ മൈലാഇല്‍നിന്ന് തന്റെ ഒരു കവിത പാടി കേള്‍ക്കുകയുണ്ടായി.

ഹിജാസിന്റെ സംഭാവനകള്‍

അസ്സത്തുല്‍ മൈലാഇനെപ്പറ്റി ന്യായാധിപനും കര്‍മശാസ്ത്രകാരനും ചരിത്രകാരനുമായ ഇബ്‌നു ഫദ്‌ലില്ലാഹില്‍ അംരി (മ.ഹി. 749/ക്രി.വ. 1349) തന്റെ 'മസാലികുല്‍ അബ്‌സ്വാര്‍' എന്ന കൃതിയില്‍ ഇരുനൂറ് സംഗീത വിദഗ്ധരെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പകുതിയും അടിമസ്ത്രീകളാണ്. 'അസ്സ അന്‍സ്വാറുകളുടെ വിമോചിത അടിമയായിരുന്നു. അവര്‍ താമസിച്ചിരുന്നത് മദീനയിലായിരുന്നു. ഹിജാസിലെ വനിതകളില്‍ ഗാനമാലപിച്ച ഏറ്റവും പഴയ ഗായിക ഇവരായിരുന്നു. മക്കയിലെയും മദീനയിലെയും ധാരാളം പേര്‍ ഗാനാലാപനം പഠിച്ചത് ഇവരില്‍ നിന്നായിരുന്നു.

അടിമപ്പെണ്‍കുട്ടിയായ അസ്സ മൈലാഇന്റെ ശിഷ്യഗണങ്ങളില്‍ ഏറ്റവും ശ്രദ്ധേയയായ 'ഖസഅത്തുല്‍ ഹിജാസിയ്യ' യെപ്പറ്റി ഇമാം ഇബ്‌നു അസാകിര്‍ (മ.ഹി. 571/ക്രി.വ. 1175) 'താരീഖു ദിമശ്ഖ്' എന്ന കൃതിയില്‍ എഴുതുന്നു: 'അബുല്‍ ഫറജ് അല്‍ അസ്വ്ബഹാനിയുടെ ഗ്രന്ഥത്തില്‍ ഞാന്‍ ഇങ്ങനെ വായിക്കുകയുണ്ടായി. 'ഹിജാസിലെ ഏറ്റവും മികച്ച ഗായികയായിരുന്ന അസ്സയുടെ ശിഷ്യയായിരുന്നു 'ഖസഅത്തുല്‍ ഹിജാസിയ്യ'.

തന്റെ കാലത്തെ ബസ്വ്‌റയിലെ അടിമപ്പെണ്‍കുട്ടികളെപ്പറ്റി ജാഹിള് (മ.ഹി. 255/ക്രി.വ. 869) 'അര്‍റസാഇലി'ല്‍ എഴുതുന്നു: 'ഏറ്റവും വിലപിടിപ്പും ഔന്നത്യവുമുള്ളത് ബസ്വ്‌റയിലെ അടിമ സ്ത്രീകള്‍ക്കാണ്. അജൂസ് ഉമൈര്‍, മുതയ്യം, ബദ്ല്‍, ഇബ്‌റാഹീമുബ്‌നു മഹ്ദി (മ.ഹി. 224/ക്രി.വ. 839) യുടെ അടിമപ്പെണ്‍കുട്ടിയായ ശാരിയ, അഹ്ദബിന്റെ അടിമപ്പെണ്‍കുട്ടിയായ അസാലീജ്, അബ്ദിയുടെ അടിമപ്പെണ്‍കുട്ടിയായ ഫദ്ല്‍ എന്നിവരാണ്. അവര്‍ക്കു മുമ്പ് സല്‍സലും സല്‍സലിനെപ്പോലെ വേറെ ചിലരുമുണ്ട്.
അബുല്‍ ഫറജ് അല്‍ അസ്വ്ബഹാനി, - ഇദ്ദേഹം വ്യാജം പറയുന്ന ആളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ സത്യസന്ധനാണെന്ന് ഇമാം ദഹബി 'മീസാനുല്‍ ഇഅ്തിദാലി'ല്‍ രേഖപ്പെടുത്തിയിരിക്കുന്നു- ജാഹിള് പരാമര്‍ശിച്ച മുതയ്യമുല്‍ ഹിശാമിയ്യ കവയിത്രിയും ഗായികയുമായിരുന്നു. അസര്‍ബീജാനിലെ അമീറായിരുന്ന അലിയ്യുബ്‌നു ഹിശാം (മ.ഹി. 217/ക്രി.വ. 832) അവരെ വിലയ്ക്കു വാങ്ങി. അവര്‍ ജനിച്ചതും വളര്‍ന്നതും സാഹിത്യ-ഗാന മേഖലകളില്‍ പ്രവര്‍ത്തിച്ചതും ബസ്വ്‌റയിലാണ്. സൗന്ദര്യത്തിലും ഗാനസാഹിത്യ മേഖലകളിലും അവര്‍ അഗ്രഗണ്യയായിരുന്നു.
മദീനയില്‍ ജനിച്ച ബദ്ല്‍ എന്ന അടിമസ്ത്രീ ഗാനമേഖലയിലെ ഏറ്റവും പ്രശസ്ത വനിതയായിരുന്നു. ഈ മേഖലയിലെ ഒന്നാമത്തെ കൃതി രചിച്ചതു തന്നെയും ഇവരായിരുന്നു. അസ്വ്ബഹാനി എഴുതുന്നു:

ഇവര്‍ക്ക് മുപ്പതിനായിരത്തോളം ഈണങ്ങള്‍ അറിയാമായിരുന്നു. ഇതില്‍ പന്ത്രണ്ടായിരം ഈണങ്ങള്‍  ഉള്ള ഒരു ഗാനപുസ്തകമുണ്ട്. സുന്ദരിയും ബുദ്ധിമതിയും സംഗീത വിദഗ്ധയുമായിരുന്നു. അബ്ബാസി അമീര്‍ ജഅ്ഫര്‍ ഇബ്‌നു മൂസാ അല്‍ഹാദി അവരെ വിലയ്ക്കുവാങ്ങി. അദ്ദേഹത്തില്‍നിന്ന് അദ്ദേഹത്തിന്റെ പിതൃവ്യ
പുത്രന്‍ ഖലീഫ മുഹമ്മദുല്‍ അമീന്‍ (മ.ഹി. 198/ക്രി.വ. 813) വലിയ തുക കൊടുത്ത് അവരെ വാങ്ങി.

അറിവുകളുടെ പോറ്റുകാര്‍

അടിമപ്പെണ്‍കുട്ടികളുടെ സാംസ്‌കാരികാഭിവൃദ്ധിക്ക് നിദാനം ഉടമകളായ അടിമക്കച്ചവടക്കാരായിരുന്നു. അവരില്‍ ചിലര്‍ വൈജ്ഞാനിക-സാഹിത്യ- സാംസ്‌കാരിക മേഖലകളില്‍ സമുന്നത സ്ഥാനീയരായിരുന്നു. ഉദാഹരണമായി, ഇമാം ബുഖാരി 'അത്താരീഖുല്‍ കബീറി'ല്‍ അബൂ ഹുമാം മുഹമ്മദുബ്‌നു മുഹബ്ബബുല്‍ ബസ്വ്‌രിയെ പരിചയപ്പെടുത്തിക്കൊണ്ട് എഴുതുന്നു: 'അടിമ വിപണിയിലെ ദല്ലാളായിരുന്നു ഇദ്ദേഹം. അബൂഹുറൈറ, അബൂസ്വാലിഹ്, അഅ്മശ്, സുഫ്‌യാന്‍ വഴി അബൂഹുമാം ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടിമ വ്യാപാരികള്‍ ഹദീസ് നിവേദകരാണെങ്കില്‍ അവരുടെ അധീനത്തിലുള്ള അടിമപ്പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ സംസ്‌കാരത്തില്‍ വളരുക സ്വാഭാവികമാണ്. ചുരുങ്ങിയപക്ഷം അദ്ദേഹത്തില്‍നിന്ന് കേള്‍ക്കുകയെങ്കിലും ചെയ്യും.

ചരിത്രകാരനും ശാഫിഈ പണ്ഡിതനുമായ ഇമാം സ്വിഫ്ദി (മ.ഹി. 764/ക്രി.വ. 1362) 'അല്‍ വാഫീ ബില്‍ വഫയാത്ത്' എന്ന കൃതിയില്‍ മക്കയിലെ അടിമസ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കിയിരുന്ന 'ഖലീലാനുല്‍ മുഗ്‌നി' എന്നയാളെ പരിചയപ്പെടുത്തിക്കൊണ്ട് എഴുതുന്നു: ഖലീലുബ്‌നു അംറില്‍ മക്കി അധ്യാപകനും ഗായകനും ഖലീലാന്‍ എന്ന പേരില്‍ വിശ്രുതനുമാണ്. അദ്ദേഹം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ഖുര്‍ആന്‍ പഠിപ്പിക്കുകയും എഴുത്തു പഠിപ്പിക്കുകയും അടിമപ്പെണ്‍കുട്ടികളെ ഗാനം അഭ്യസിപ്പിക്കുകയും ചെയ്തിരുന്നു. താബിഈ പണ്ഡിതനായ അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍, ഉമവി ഖലീഫ അബ്ദുല്‍ മലികിനോട് ഒരിക്കല്‍ പറഞ്ഞത്, 'ഞാന്‍ സുന്ദരികളായ അടിമപ്പെണ്‍കുട്ടികളെ പണം കൊടുത്തു വാങ്ങുന്നു, ഏറ്റവും നല്ല കവിതകളും ഗദ്യങ്ങളും പഠിപ്പിക്കുന്നു. അവര്‍ എനിക്കത് നല്ല ശബ്ദത്തില്‍ ചൊല്ലിത്തരുന്നു.'

പ്രസിദ്ധ കവി അബൂനവാസ് (മ.ഹി. 198/ക്രി.വ. 813) അടിമസ്ത്രീകളെ വാങ്ങുകയും അവരെ തന്റെ കവിതകള്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. അബൂഹഫ്ഫാന്‍ അല്‍ അബ്ദിയുടെ (മ.ഹി. 257/ക്രി.വ. 871) 'അഖ്ബാറു അബീ നവാസ്' എന്ന കൃതിയില്‍ യൂസുഫ് ഇബ്‌നുദ്ദായയെ ഉദ്ധരിച്ച് ഇങ്ങനെ എഴുതിയത് കാണാം: 'അബൂനവാസ് അടിമച്ചന്തയില്‍ ഞങ്ങള്‍ക്കരികെ വന്നിരുന്ന് അടിമപ്പെണ്‍കുട്ടികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നു. അവരെല്ലാം അതീവ സുന്ദരികളും ആരും മോഹിക്കുന്നവരുമായിരുന്നു.'
ബഗ്ദാദിലെ അടിമ വ്യാപാരിയായിരുന്ന കവി മഹ്മൂദ് ബ്‌നു ഹുസൈന്‍ അല്‍വര്‍റാഖി (മ.ഹി. 220/ക്രി.വ. 835) ന്റെ കൈവശമുണ്ടായിരുന്ന അടിമപ്പെണ്‍കുട്ടികളെക്കുറിച്ചും ധാരാളം വിവരങ്ങളുണ്ട്. ബഗ്ദാദിലെ ഗവര്‍ണറായിരുന്ന ഉബൈദുല്ലാഹിബ്‌നു ത്വാഹിര്‍ (മ.ഹി. 300/ക്രി.വ. 912) അടിമപ്പെണ്‍കുട്ടികളെ വാങ്ങി അവരെ ഗാനങ്ങള്‍ പഠിപ്പിച്ചിരുന്നു.
അടിമവ്യാപാരിയായിരുന്ന പ്രമുഖ പണ്ഡിതന്‍ ഇബ്‌നുല്‍ കത്താനിയെക്കുറിച്ച് ഹദീസ് പണ്ഡിതന്‍ ഹുമൈദുല്‍ അന്ദലൂസി (മ.ഹി. 488/ക്രി.വ. 1095) 'ജദ്‌വത്തുല്‍ മുഖ്തബിസ്' എന്ന കൃതിയില്‍ എഴുതുന്നു. 'സാഹിത്യം, കവിത, വൈദ്യം, തര്‍ക്കശാസ്ത്രം, തത്ത്വജ്ഞാനം മുതലായവയില്‍ നല്ല വ്യുല്‍പത്തി ഉണ്ടായിരുന്നു. ഇബ്‌നു ഹസം അള്ളാഹിരി (മ.ഹി. 456/ക്രി.വ. 1065) യുടെ തര്‍ക്കശാസ്ത്രാധ്യാപകനായിരുന്നു ഇബ്‌നുല്‍ കത്താനി എന്ന് മുഖ്യ ന്യായാധിപനായിരുന്ന ഇബ്‌നു ഖല്ലികാന്‍ (മ.ഹി. 681/ക്രി.വ. 1283) 'വഫയാത്തുല്‍ അഅ്‌യാനി'ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

അടിമപ്പെണ്‍കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതില്‍ ഇബ്‌നുല്‍ കത്താനിയുടെ താല്‍പര്യത്തെക്കുറിച്ച് അന്ദലൂസിലെ ചരിത്രകാരനായ ഇബ്‌നു ബസ്സാം ശന്തരീനി (മ.ഹി. 542/ക്രി.വ. 1147) 'അദ്ദഖീറ'യില്‍ എഴുതുന്നു. ഇബ്‌നുല്‍ കത്താനി അടിമപ്പെണ്‍കുട്ടികളുടെ വിപണിക്കു വേണ്ടി നന്നായി പണം വിനിയോഗിച്ചിരുന്നു. അവരെ എഴുത്തുവിദ്യയും ഇഅ്‌റാബും ഇതര സാഹിത്യകലകളും പഠിപ്പിച്ചിരുന്നു. അടിമ വ്യാപാരത്തിലൂടെ തന്റെ നാടിന് ധാരാളം സമ്പത്ത് ലഭിച്ചിരുന്നതായി ന്യായാധിപനായ സ്വാഇദു അന്‍ദുലുസി (മ.ഹി. 462/ക്രി.വ. 1071) പ്രസ്താവിച്ചതായി ഇബ്‌നു അബീഉസൈ്വബിഅ് (മ.ഹി. 668/ക്രി.വ. 1270) 'ഉയൂനുല്‍ അന്‍ബാഅ് ഫീ ത്വബഖാത്തില്‍ അത്വിബ്ബാഅ്' എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നു.

ഇബ്‌നുല്‍ കത്താനിയുടെ അടിമസ്ത്രീകള്‍ പതിമൂന്നുതരം കലാസാഹിത്യ വിജ്ഞാനീയങ്ങള്‍ നേടിയിരുന്നതായി ശന്തരീനി രേഖപ്പെടുത്തുന്നു. ഇബ്‌നുല്‍ കത്താനി പറയുന്നു: 'എന്റെ അധീനത്തില്‍ ഇപ്പോള്‍ നാല് റോമന്‍ പെണ്‍കുട്ടികളുണ്ട്. അവര്‍ ഇന്നലെ വരെ അജ്ഞകളായിരുന്നു. ഇന്ന് അവര്‍ പണ്ഡിതകളും ചികിത്സകാരികളും തര്‍ക്കശാസ്ത്രജ്ഞകളും തത്ത്വശാസ്ത്രജ്ഞകളും ഗണിതജ്ഞകളും സംഗീതവിദഗ്ധകളും സമയം നിര്‍ണയിക്കാന്‍ കഴിയുന്നവരും നക്ഷത്ര ശാസ്ത്രജ്ഞകളും വൈയാകരണകളും കാവ്യവൃത്തങ്ങള്‍ അറിയുന്നവരും സാഹിത്യകാരികളും കൈയെഴുത്തു വിദഗ്ധകളുമായിരിക്കുന്നു. വിവിധ ശാസ്ത്ര ശാഖകളില്‍ അവരുടെ കൈപടകളില്‍ എഴുതപ്പെട്ട വലിയ സമാഹാരങ്ങള്‍ അവരുടെ വൈദഗ്ധ്യത്തിന്റെ മഹത്തായ സാക്ഷ്യമാണ്. എഴുതുന്നവയുടെ അര്‍ഥവും ആശയവും അറിയുന്നതുകൊണ്ട് എഴുതുന്നവക്ക് ഇഅ്‌റാബ് ചേര്‍ത്തിരുന്നത് അവര്‍ തന്നെയായിരുന്നു.

സ്‌പെഷ്യലൈസേഷന്‍

സവിശേഷതകളും നൈപുണികളും പരിഗണിച്ചായിരുന്നു അടിമസ്ത്രീകളെ വാങ്ങിയിരുന്നത്. സേവനം, പരിപാലനം, സന്തത്യുല്‍പ്പാദനം, ഗാനാവതരണം മുതലായവയായിരുന്നു പ്രത്യേകമായി പരിഗണിക്കപ്പെട്ടിരുന്നത്. ഇതോടൊപ്പം വൈജ്ഞാനികമായും സൗന്ദര്യപരമായും മികച്ചു നില്‍ക്കുന്നവര്‍ക്കായിരുന്നു മുന്തിയ സ്വീകാര്യത ലഭിച്ചിരുന്നത്. ഖലീഫമാരും ഭരണാധികാരികളും വന്‍കിട വ്യാപാരികളും സമ്പന്നരുമെല്ലാം വൈജ്ഞാനികമായും സാഹിത്യപരമായും പ്രശസ്തകളായവരെ താല്‍പര്യപൂർവം അന്വേഷിച്ചിരുന്നു. ഇമാം ത്വബരി (മ.ഹി. 311/ക്രി.വ. 923) തന്റെ ചരിത്രത്തില്‍ എഴുതുന്നു: 'അടിമസ്ത്രീകളിലെ ഒരു സാഹിത്യ വിദുഷി ഒരിക്കല്‍ ഖലീഫ സുലൈമാനുബ്‌നു അബ്ദില്‍ മലികിനെ നോക്കി. അദ്ദേഹം ചോദിച്ചു: 'എന്താണ് നോക്കുന്നത്?' അവര്‍ പറഞ്ഞു:
أنتَ خيرُ المتاع لو كُنتَ تبقى ** غير أن لا بقـــــــاءَ للإنسانِ
ليس فيما علمـــــتُه فيكَ عيبٌ ** كان في الناس غيرَ أنك فانِ!
'നിങ്ങള്‍ ശേഷിച്ചിരിക്കുമായിരുന്നുവെങ്കില്‍ നിങ്ങള്‍ ഉത്തമ വിഭവമാണ്. പക്ഷേ, മനുഷ്യന് ശേഷിപ്പില്ലല്ലോ. ഞാന്‍ അറിഞ്ഞേടത്തോളം ജനങ്ങള്‍ക്കുള്ള ഒരു ന്യൂനതയും താങ്കളില്‍ ഇല്ല. പക്ഷേ, താങ്കള്‍ തീര്‍ച്ചയായും നശിച്ചു പോവുക തന്നെ ചെയ്യും.'
ചില ഖലീഫമാര്‍ പ്രമുഖരായ പണ്ഡിതന്മാരോടും സാഹിത്യകാരന്മാരോടും അടിമപ്പെണ്‍കുട്ടികളുടെ സാംസ്‌കാരിക നിലവാരം നിര്‍ണയിച്ചുതരാന്‍ ആവശ്യപ്പെട്ടിരുന്നു. ഖത്വീബുല്‍ ബഗ്ദാദി (മ.ഹി. 463/ക്രി.വ. 1071) 'താരീഖു ബഗ്ദാദി' ല്‍ എഴുതുന്നു: സാഹിത്യവിശാരദന്‍ അസ്വ്മഈ (മ.ഹി. 216/ക്രി.വ. 831) ഒരിക്കല്‍ ഖലീഫ റശീദിന്റെ ആസ്ഥാനത്തു ചെന്നു. ഞാന്‍ അദ്ദേഹത്തിന് സലാം പറഞ്ഞു: അദ്ദേഹം എന്നെ അടുത്തേക്കു വിളിച്ചു. ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഇരുന്നു. ഖലീഫ പറഞ്ഞു: 'എനിക്ക് രണ്ട് അടിമപ്പെണ്‍കുട്ടികളെ ലഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കും സാഹിത്യവൈഭവമുണ്ട്. അവരെ താങ്കള്‍ എനിക്ക് വേണ്ടി പരിശോധിച്ചു തരണം.'

രണ്ടു പെണ്‍കുട്ടികള്‍ കടന്നുവന്നു. മൂത്തവളോട് ഞാന്‍ പേരു ചോദിച്ചു. അവള്‍ പേരു പറഞ്ഞു. ഞാന്‍: 'എന്തൊക്കെ അറിയാം?' അവള്‍: 'അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ കല്‍പിച്ചതെല്ലാം. പിന്നെ സാഹിത്യ-കവിതകളും.' ഞാന്‍ അവളോട് ഖുര്‍ആനിനെക്കുറിച്ച് ചിലതു ചോദിച്ചു. പുസ്തകത്തില്‍ നോക്കി വായിക്കുന്നതുപോലെ ക്ഷണനേരംകൊണ്ടായിരുന്നു മറുപടി. അറബി വ്യാകരണം, കവിതാവൃത്തം മുതലായവയെക്കുറിച്ചും ചോദിച്ചു. എല്ലാറ്റിനും മറുപടി തന്നു. ഞാന്‍: 'അല്ലാഹു നിനക്ക് ബര്‍കത്ത് ചെയ്യട്ടെ. എല്ലാറ്റിനും നീ നല്ല മറുപടി തന്നു. കവിത രചിക്കുമെങ്കില്‍ ഒരു കവിത ചൊല്ലൂ. അവള്‍ ക്ഷണനേരംകൊണ്ട് ഖലീഫയെക്കുറിച്ച് താഴെ കൊടുത്ത കവിത ചൊല്ലി:
يا غياثَ البلادِ في كل مَحْلٍ *** ما يريدُ العـــبادُ إلا رضاكا
لا ومَن شرّفَ الإمامَ وأعلى *** ما أطاعَ الإلهَ عبدٌ عصاكا!
'രാജ്യങ്ങളുടെ ആശാകേന്ദ്രമേ? എല്ലാ ദേശങ്ങളിലും താങ്കളുടെ തൃപ്തിയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇല്ല, നേതാവിനെ മഹത്വപ്പെടുത്തുകയും മഹോന്നതനാക്കുകയും ചെയ്തവനാണ, താങ്കളെ ധിക്കരിച്ച ഒരടിമയും അല്ലാഹുവിനെ അനുസരിച്ചിട്ടില്ല.'
അവള്‍ പിന്നെയും കവിതകള്‍ ചൊല്ലി. ഞാന്‍ പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍', ഇതുപോലൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല.'

വൈജ്ഞാനിക സാഹിത്യ ശേഷികളുള്ള അമീറുമാര്‍ സ്വന്തമായി തന്നെ അടിമപ്പെണ്‍കുട്ടികളുടെ ശേഷി പരിശോധിച്ചിരുന്നു. ഇമാം സുയൂത്വി (മ.ഹി. 911/ക്രി.വ. 1506) 'താരീഖുല്‍ ഖുലഫാഇ'ല്‍ എഴുതുന്നു: 'ഒരു അടിമവ്യാപാരി ഖലീഫ മഅ്മൂനിന്റെ മുമ്പാകെ കവയിത്രിയും സാഹിത്യ വിദുഷയും ചതുരംഗ കളിക്കാരിയുമായ ഒരു അടിമപ്പെണ്‍കുട്ടിയെ കാണിച്ചുകൊടുത്തു. രണ്ടായിരം ദീനാര്‍ വേണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ മഅ്മൂന്‍ പറഞ്ഞു: ഞാന്‍ ചൊല്ലുന്ന കവിതക്ക് സമാനമായി അവള്‍ ഒരു കവിത ചൊല്ലിയാല്‍ അതില്‍ കൂടുതല്‍ ഞാന്‍ പ്രതിഫലമായി തരാം.'
മഅ്മൂന്‍ പാടി:
ماذا تقولين في مَن شفَّه أرَقٌ ** مِن جَهد حُبكِ حتى صار حيرانا؟!
'നിന്നോടുള്ള പ്രേമത്താല്‍ പരിക്ഷീണിതനും പരിഭ്രാന്തനുമായതിനാല്‍ ഉറക്കം നഷ്ടപ്പെട്ട ഒരാളെക്കുറിച്ച് നീ എന്തു പറയുന്നു?'
അടിമപ്പെണ്ണ് തുടര്‍ന്നുപാടി:
إذا وجدنا مُحِــبًا قد أضرَّ به ** داءُ الصَّبــــــابة أولينَاهُ إحْسَــــانًا”!!
'കമിതാവ് പ്രണയരോഗത്താല്‍ പീഡിതനായതായി കണ്ടാല്‍ ഞങ്ങള്‍ അയാള്‍ക്ക് ഔദാര്യം ചെയ്യുന്നതായിരിക്കും.'

അഭ്യസ്തവിദ്യരായ ഭരണാധികാരികള്‍ തങ്ങളുടെ അടിമപ്പെണ്‍കുട്ടികളുടെ വൈഭവങ്ങള്‍ മനസ്സിലാക്കാന്‍ മത്സരങ്ങള്‍ നടത്തിയിരുന്നു. അന്ദലൂസിലെ മഹാപണ്ഡിതനും ധാരാളം കൃതികളുടെ ഉടമയുമായ ഉമവി ഖലീഫ മുസ്തന്‍സ്വിര്‍ (മ.ഹി. 366/ക്രി. 977) ഈ രീതി പരിശോധിച്ചിരുന്നു. ഇബ്‌നു ഫദ്‌ലില്ലാഹില്‍ അംരി ഉദ്ധരിക്കുന്ന താഴെ സംഭവം ഇതിന്റെ നല്ല സാക്ഷ്യമാണ്: ഒരിക്കല്‍ ഹകം തന്റെ അടിമപ്പെണ്‍കുട്ടികളെ മുഴുവന്‍ ഒരിടത്തു സമ്മേളിപ്പിച്ച് ഗാനങ്ങളുടെ ഈണങ്ങള്‍ ചിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ടു. അനന്തരം ഒരു കവിതക്കു തനിക്കു ഏറ്റവും പഥ്യമായ ഈണം കൊടുക്കാന്‍ കഴിയുന്നവര്‍ക്ക് അവര്‍ മോഹിക്കുന്ന സമ്മാനം തരാമെന്ന് വാഗ്ദാനം ചെയ്തു. എല്ലാവരും വ്യത്യസ്ത ഈണങ്ങള്‍ അവതരിപ്പിച്ചു. ഹകം അതൊന്നും ഗൗനിച്ചില്ല. അതിനിടെ ബഹ്ജ എന്ന പെണ്‍കുട്ടി തന്റേതായ ഈണത്തില്‍ കവിത അവതരിപ്പിച്ചു. അദ്ദേഹത്തിന് സന്തോഷമായി. എല്ലാവര്‍ക്കും പാരിതോഷികം നല്‍കി. ബഹ്ജക്ക് അവള്‍ മോഹിച്ചത് കൊടുത്തു.
കഴിവുകള്‍, ശേഷികള്‍ അടിമപ്പെണ്‍കുട്ടികളുടെ ഉന്നതവും അപാരവുമായ ശേഷികളെക്കുറിച്ച് ചരിത്രത്തില്‍ ധാരാളം സംഭവങ്ങള്‍ ഉദ്ധരിച്ചതായി കാണാം. ഇസ്‌ലാമിക രാഷ്ട്രത്തിലെ പൊതുസ്ഥാപനങ്ങളില്‍ അവരില്‍ പലരും ഉദ്യോഗസ്ഥകളായി ജോലി ചെയ്തിരുന്നു. 'രിസാലത്തുല്‍ ഗുഫ്‌റാനി'ല്‍ അബുല്‍ അലാ ഇല്‍ മഅര്‍രി (മ.ഹി. 449/ക്രി.വ. 1058) എഴുതുന്നു: 'തൗഫീഖുസ്സൗദാഅ്' എന്ന അടിമപ്പെണ്‍കുട്ടി ബുവൈഹികളുടെ ഭരണകാലത്ത് ബഗ്ദാദിലെ 'ദാറുല്‍ ഇല്‍മ്' എന്ന സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതുന്നവര്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നു അവരുടെ പ്രധാന തൊഴില്‍. അവരും ഗ്രന്ഥങ്ങള്‍ പകര്‍ത്തി എഴുതിയിരുന്നു. ഹി. അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബഗ്ദാദിലെ ലൈബ്രറി സന്ദര്‍ശിച്ച മഅര്‍രിയുടെ നേരനുഭവമാണ് ഇതെന്ന് മനസ്സിലാക്കാം.

കാവ്യകലകളില്‍ വിദഗ്ധകളായ അടിമപ്പെണ്‍കുട്ടികള്‍ 'അല്‍ ഇമാഉശ്ശവാഇര്‍' (കവയിത്രികളായ അടിമസ്ത്രീകള്‍) എന്നറിയപ്പെട്ടു. അസ്വ്ബഹാനി ഈ ശാഖയില്‍ ഒരു സമാഹാരം തയാറാക്കിയിട്ടുണ്ട്. ഇവരില്‍ പലരുടെയും നിമിഷ കവനശേഷി ഖലീഫമാരെപ്പോലും ഉത്തരം മുട്ടിച്ചിട്ടുണ്ട്. ഇബ്‌നുല്‍ ജൗസിയുടെ പൗത്രന്‍ (മ.ഹി. 654/ക്രി.വ. 1256) 'മിര്‍ആത്തുസ്സമാന്‍' എന്ന കൃതിയില്‍ ഇനാന്‍ എന്നു പേരുള്ള ഒരു അടിമപ്പെണ്‍കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ട്.

കവയിത്രിയും സാഹിത്യകാരിയും സമര്‍ഥയും സുന്ദരിയും വിവിധ രാഗങ്ങളെക്കുറിച്ച് നന്നായറിയുന്നവളുമായ ഇനാനിനെ വാങ്ങുന്നുണ്ടോ എന്ന് അടിമക്കച്ചവടക്കാരന്‍ ഹാറൂന്‍ റശീദിനോട് ചോദിച്ചു. അദ്ദേഹം ഗൗനിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി അദ്ദേഹത്തിന്റെ സദസ്സിലെ ചിലര്‍ ജരീറി(മ.ഹി. 110/ക്രി.വ. 719) ന്റെ ചില കവിതകള്‍ പാടി:
إنَّ الذين غَدَوْا بلُـــبِّك غادروا ** وَشَلًا بعينِكَ لا يــزال مَعينا
غيَّضنَ مِن عَبَراتهنَّ وقلْنَ لي ** ماذا لقيتَ من الهوى ولَقِينا!
കവിത കേട്ട് ഹാറൂന്‍ റശീദ് അതിയായി സന്തോഷിച്ചു. 'തുല്യമായ കവിത ചൊല്ലുന്നവര്‍ക്ക് പതിനായിരം ദിര്‍ഹം പാരിതോഷികം തരാം.' സദസ്സിലുണ്ടായിരുന്ന ഒരു സേവകന്‍ ഇനാനെ സമീപിച്ച് വിവരം ധരിപ്പിച്ചു. അവള്‍ ഉടന്‍ സമാന കവിത ചൊല്ലി.
هيَّجتَ بالقـــول الذي قد قلتَه ** داءً بقلــــــــبي لا يزال دَفينا
قد أَينَعَتْ ثَمرَاتُه وتضاعفَتْ ** وسُقينَ من ماء الهوى فرَوِينا
كذَبَ الذين تقوَّلــوا يا سيِّدي ** إنَّ القلــــوبَ إذا هَوَينَ هَوِينا!
സേവകന്‍ ഇനാന്റെ കവിത ഹാറൂന്‍ റശീദിനെ ചൊല്ലിക്കേള്‍പ്പിച്ചു. അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഉടന്‍ തന്നെ അവരെ ഒരു ലക്ഷം ദിര്‍ഹമിന് സ്വന്തമാക്കി.
മറ്റൊരു പ്രശസ്ത കവയിത്രിയാണ് ഗരീബുല്‍ മഅ്മൂനിയ്യ. ഖലീഫ മഅ്മൂനിന്റെ പ്രിയംകരി ആയിരുന്നതിനാലാണ് ആ പേരിലറിയപ്പെട്ടത്. ബുദ്ധിയും സൗന്ദര്യവും നല്ല കൈയെഴുത്തുമുണ്ടായിരുന്ന അവര്‍ കവിത, സാഹിത്യം എന്നിവയില്‍ അഗ്രഗണ്യയുമായിരുന്നു.

ഇബ്‌നുല്‍ ജൗസി 'മുന്‍തളിമി'ല്‍ എഴുതിയ മറ്റൊരു സംഭവം കാണാം. ഖലീഫ മുഅ്തസ്വിം അടിമവ്യാപാരിയായ മഹ്മൂദുല്‍ വര്‍റാഖില്‍നിന്ന് ഏഴായിരം ദീനാറിന് (ഇന്ന് 1.2 അമേരിക്കന്‍ മില്യണ്‍ ഡോളര്‍) ഒരു അടിമപ്പെണ്‍കുട്ടിയെ വിലയ്ക്കുവാങ്ങാന്‍ ഉദ്ദേശിച്ചു. മഹ്മൂദ് വില്‍ക്കാന്‍ കൂട്ടാക്കിയില്ല. മഹ്മൂദിന്റെ മരണാനന്തരം മുഅ്തസ്വിമിനുവേണ്ടി മറ്റൊരാള്‍ എഴുനൂറ് ദീനാറിന് അവളെ ഏറ്റുവാങ്ങി.

അന്ദലുസിയന്‍ പങ്കാളിത്തം

ഹി. 206/ക്രി. 822-ല്‍ അന്ദലുസിന്റെ വാനമണ്ഡലത്തില്‍ ശോഭിച്ച സംഗീത നക്ഷത്രമാണ് സിര്‍യാബ് മൗസ്വിലി (മ.ഹി. 243/ക്രി.വ. 858). ബഗ്ദാദിലെ അബ്ബാസിയ കൊട്ടാരത്തില്‍നിന്നാണ് അദ്ദേഹം അന്ദലുസിലേക്ക് വന്നത്. അതോടെ അവിടത്തെ കലാചരിത്രമാകെ തിരുത്തി എഴുതപ്പെട്ടു. ഉമവി ഖലീഫമാരുടെ അടുത്ത് അദ്ദേഹത്തിന് വലിയ സ്ഥാനവും പരിഗണനയും ലഭിച്ചു. നൂറോളം അടിമകള്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. ധാരാളം ഭൂസ്വത്തുക്കള്‍ക്കു പുറമെ മൂന്നുലക്ഷം ദീനാര്‍ അദ്ദേഹത്തിനു സ്വന്തമുണ്ടായിരുന്നു എന്ന് 'നഫ്ഹുത്ത്വീബ്' എന്ന കൃതിയില്‍ മഖര്‍രി രേഖപ്പെടുത്തിയിട്ടുണ്ട്.

സിര്‍യാബിന്റെ ശിക്ഷണത്തില്‍ ആണ്‍-പെണ്‍ അടിമകള്‍ സംഗീത വിദ്യയഭ്യസിച്ചു. ആഴത്തില്‍ സംഗീതവും സാഹിത്യവും പഠിച്ച ധാരാളം പെണ്‍കുട്ടികള്‍ വളര്‍ന്നുവന്നു. സിര്‍യാബിന്റെ സുന്ദരിയായ അടിമപ്പെണ്‍കുട്ടിയായ മുത്അ ഇവരില്‍ പ്രശസ്തയായിരുന്നു. സിര്‍യാബില്‍നിന്ന് ഗാനാലാപനം അഭ്യസിച്ച മസ്വാബീഹ് എന്ന പെണ്‍കുട്ടി സംഗീത വൈദഗ്ധ്യത്തിലും ശബ്ദസൗകുമാര്യത്തിലും അദ്വിതീയയായിരുന്നു.
അഭ്യസ്ത വിദ്യകളായ അടിമപ്പെണ്‍കുട്ടികളെ വളര്‍ത്തിയെടുത്ത് അന്ദലുസിനെ സ്വയം പര്യാപ്തമാക്കാനോ വ്യാപാരികളെ ആകര്‍ഷിക്കാനോ സിര്‍യാബി സ്‌കൂളിന് മാത്രം കഴിയുമായിരുന്നില്ല. അതിന്റെ ഭാഗമായി പൗരസ്ത്യ ഇസ്‌ലാമിക ലോകത്തുനിന്ന് വിശിഷ്യാ, മദീനയില്‍നിന്നും ബഗ്ദാദില്‍നിന്നും കലാ-സാഹിത്യ വിദുഷികളായ അടിമപ്പെണ്‍കുട്ടികളെ കൊണ്ടുവന്നു.

അല്ലാമാ മഖര്‍രി (മ.ഹി. 1041/ക്രി.വ. 1632) 'നഫ്ഹുത്ത്വീബി'ല്‍, മദീനയില്‍നിന്ന് കൊണ്ടുവന്ന പാട്ടുകാരികളായ അടിമപ്പെണ്‍കുട്ടികളുടെ പേരുകള്‍ പറയുന്നുണ്ട്. അന്ദലുസിലെ ഉമവി ഖലീഫ അബ്ദുര്‍റഹ്മാന്‍ ഇബ്‌നുല്‍ ഹകമാണ്(മ.ഹി. 238/ക്രി.വ. 852) ഇതിന് മുന്‍കൈയെടുത്തത്. കൊര്‍ദോവയിലെ അമീരീ കൊട്ടാരത്തില്‍ 'ദാറുല്‍ മദനിയ്യാത്ത്' എന്ന പേരില്‍ അവര്‍ക്ക് പ്രത്യേക സംവിധാനം തന്നെയൊരുക്കിയിരുന്നു.
മഖര്‍രി എടുത്തുപറഞ്ഞ മറ്റൊരു അടിമപ്പെണ്‍കുട്ടിയാണ് 'ഫദ്‌ലുല്‍ മദീന'. ഹാറൂന്‍ റശീദിന്റെ മകളുടെ മകളായ ഇവര്‍ സംഗീതവും ഗാനവുമായ എല്ലാറ്റിലും അതിവിദഗ്ധയായിരുന്നു. ബഗ്ദാദിലായിരുന്നു ജനനവും വിദ്യാഭ്യാസവും. മദീനയിലേക്കു പോയ അവര്‍ അവിടെനിന്ന് കൂടുതല്‍ വൈഭവം നേടി. അലമുള്‍പ്പെടെ ഏതാനും അടിമപ്പെണ്‍കുട്ടികളെ അമീര്‍ അബ്ദുര്‍റഹ്മാനുവേണ്ടി 'ദാറുല്‍ മദനിയ്യാത്തി'ലേക്ക് കൊണ്ടുവന്നു. അവരുടെ മികവാര്‍ന്ന ഗാനാലാപനവും സൗന്ദര്യവും സൗശീല്യവും അദ്ദേഹത്തെ ആകര്‍ഷിച്ചു.

കിഴക്കന്‍ നാടുകളില്‍നിന്ന് കൊണ്ടുവരപ്പെട്ട അടിമപ്പെണ്‍കുട്ടികള്‍ക്ക് അന്ദലുസിന്റെ ഹൃദയങ്ങളിലുണ്ടായിരുന്ന സ്ഥാനം ഇതില്‍നിന്ന് ഗ്രഹിക്കാം. കൊര്‍ദോവയില്‍ പ്രാദേശികമായി അടിമപ്പെണ്‍കുട്ടികള്‍ നൈപുണി നേടിയാല്‍, 'പുരോഗമിച്ച പൗരസ്ത്യന്‍ ഗായികമാരെ'പ്പോലുണ്ടല്ലോ എന്ന് അവരെപ്പറ്റി ആളുകള്‍ പറഞ്ഞിരുന്നു. ഹദീസ് പണ്ഡിതനായ ഇബ്‌നുല്‍ അബ്ബാര്‍ അല്‍ അന്ദലുസ് (മ.ഹി. 658/ക്രി.വ. 1260) 'തക്മില' എന്ന കൃതിയില്‍ പണ്ഡിതകളും സാഹിത്യകാരികളും ഗായികമാരുമായ പന്ത്രണ്ട് പേരുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ 'നുസ്ഹത്തുല്‍ വഹ്ബിയ്യ'യെക്കുറിച്ച് അദ്ദേഹം എഴുതുന്നു: 'അന്ദലുസിലെ ഗാന വിസ്മയമായിരുന്നു അവര്‍. നൈസര്‍ഗിക കഴിവ് വേണ്ടുവോളമുള്ളവള്‍, അതിസുന്ദരി. കഥകളും അറബികളുടെ പഴയകാല വര്‍ത്തമാനങ്ങളും ഉപമകളും വംശമൂലങ്ങളുമെല്ലാം അവര്‍ നന്നായി അവതരിപ്പിക്കുമായിരുന്നു.

അന്ദലുസുകാര്‍ക്കിടയില്‍ മദീനയിലെ അടിമപ്പെണ്‍കുട്ടികളുടെ കലാവൈദഗ്ധ്യത്തിന് സവിശേഷ അംഗീകാരമുള്ളതിനാല്‍ പൗരസ്ത്യരായ അടിമക്കച്ചവടക്കാര്‍ അവരെ തേടി  ആന്ദിലേഷ്യയില്‍ വന്നിരുന്നു. ന്യായാധിപന്മാരും പണ്ഡിതന്മാരുമുള്‍പ്പെടെയുള്ളവരുടെ മുമ്പാകെ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു ഏറ്റുവാങ്ങല്‍ പൂര്‍ത്തിയാക്കിയിരുന്നത്.

ഹദീസ് പണ്ഡിതനായ ഹുമൈദി തന്റെ ഗുരു ഇമാം ഇബ്‌നു ഹസ്മില്‍നിന്ന് ഉദ്ധരിക്കുന്നു: 'ശൈബാനീ എന്ന പൗരസ്ത്യന്‍ അന്ദലുസിലെത്തി കൊര്‍ദോവയില്‍ താമസിച്ചിരുന്നു. ഒരിക്കല്‍ മുഖ്യ ന്യായാധിപന്‍ അബൂബക്ര്‍ ഇബ്‌നുസ്സലീം (മ.ഹി. 367/ക്രി. 978) ഒരാവശ്യത്തിനായി പുറത്തിറങ്ങി. അതിനിടെ മഴപെയ്തപ്പോള്‍ വാഹനവുമായി ശൈബാനിയുടെ വീട്ടിലേക്ക് കയറേണ്ടി വന്നു. ശൈബാനി ജഡ്ജിയെ സ്വീകരിച്ചു വീടിനകത്തേക്കു കൊണ്ടുപോയി. ശൈബാനി: 'അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ! എന്റെ കൂടെ മദീനക്കാരിയായ ഒരു അടിമപ്പെണ്‍കുട്ടിയുണ്ട്. അവളുടേതിനെക്കാള്‍ നല്ല ശബ്ദം ഞാന്‍ കേട്ടിട്ടില്ല. താങ്കള്‍ക്ക് സമ്മതമാണെങ്കില്‍ ഏതാനും സൂക്തങ്ങളും കവിതകളും അവര്‍ കേള്‍പ്പിച്ചു തരും.'

ന്യായാധിപന്‍: 'ആവട്ടെ, അടിമപ്പെണ്‍കുട്ടി ഏതാനും സൂക്തങ്ങള്‍ ഓതി, ഗാനങ്ങള്‍ ആലപിച്ചു. അദ്ദേഹത്തിന് അവതരണം നന്നായി ഇഷ്ടപ്പെട്ടു. അവര്‍ക്ക് ഇരുപത് ദീനാര്‍ പാരിതോഷികമായി നല്‍കി.'

മറ്റൊരു പ്രശസ്തയാണ് 'ഖമറുല്‍ ബഗ്ദാദിയ്യ.' ഉമവീ ഖലീഫയായിരുന്ന അബ്ദുല്ലാഹിബ്‌നു മുഹമ്മദ് അല്‍ ഉമവി (മ.ഹി. 300/ക്രി.വ. 912)യുടെ ഭരണകാലത്ത് സെവില്ലയിലെ ഗവര്‍ണറായിരുന്ന ഇബ്‌റാഹീമുബ്‌നു ഹജ്ജാജ് അല്ലഖ്മി (മ.ഹി. 298/ക്രി. 912) യുടെ അടിമപ്പെണ്‍കുട്ടിയായിരുന്നു അവര്‍. ഇബ്‌നുല്‍ അബ്ബാറിന്റെ വിവരണ പ്രകാരം, സാഹിത്യ ചതുരയും ഈണങ്ങള്‍ തയാറാക്കുന്നതില്‍ വിദഗ്ധയും നല്ല മനഃ
പാഠമുള്ളവരും ആയിരുന്നു അവര്‍; ഗ്രഹണ ശേഷിയും സൗന്ദര്യവും പുറമെ. അവരുടെ ഒരു കവിത താഴെ:
آهاً على بغــدادها وعـــراقها ** وظبائــــــها والسِّحْر في أحــداقها!
ومجالُـها عند الفـرات بأوجه ** تبدو أهلــــتُها على أطــــــــــواقها
متبخــتراتٍ في النعــيم كأنما ** خُلِق الهــوى العذريّ من أخـلاقها
نفسي الفداءُ لها فأيُّ مَحاسنٍ ** في الدهر تُشـرِق مِن سَنا إشراقها!
ഇറാഖിനെയും ബഗ്ദാദിനെയും അവിടത്തെ മാന്‍പേടകളെയും അവിടത്തെ തോട്ടങ്ങളിലെ മായക്കാഴ്ചകളെയും ചൊല്ലി ഞാന്‍ വിലപിക്കുന്നു. യൂഫ്രട്ടീസിനടുത്ത അതിന്റെ കണ്ഠാഭരണങ്ങളില്‍ അവിടത്തെ ബാലചന്ദ്രദൃശ്യങ്ങള്‍ തെളിയുന്നു. സുഖാലസ്യങ്ങളില്‍ അത് അഭിരമിക്കുന്നു. കന്യകാ തുല്യമായ പ്രണയം അതിന്റെ സ്വഭാവങ്ങളില്‍നിന്ന് സൃഷ്ടിക്കപ്പെട്ടതുപോലുണ്ട്. എന്റെ ആത്മാവിനെ ഞാന്‍ അതിന് സമര്‍പ്പിക്കുന്നു. അതിന്റെ ഉഭയപ്രകാശത്തില്‍നിന്ന് കാലത്തിന്റെ മറ്റെന്ത് നന്മകളാണ് ഉദയം ചെയ്യാനുള്ളത്?'

അഭ്യസ്ത വിദ്യകളായ പെണ്‍കുട്ടികളെ കിഴക്കന്‍ നാടുകളില്‍നിന്ന് കൊണ്ടുവരിക എന്നത് പൊതു നിലപാടായിരുന്നുവെങ്കിലും, യഥാര്‍ഥത്തില്‍ അവരില്‍ പലരും അന്ദലുസില്‍ ജനിച്ചവരും ശേഷം അടിമക്കച്ചവടക്കാര്‍ കിഴക്കന്‍ നാടുകളിലേക്ക് സാഹിത്യാഭ്യസനത്തിനായി കൊണ്ടുപോയവരുമായിരുന്നു. ജാരിയ ഖലം എന്ന പെണ്‍കുട്ടി ഉദാഹരണം. ഇപ്പോള്‍ സ്‌പെയിനിലെ ബാസ്‌ക് മേഖലയിലുള്ള ബശ്കുന്‍ ഡീ/ബശ്കുന്‍ ശിയില്‍നിന്ന് യുദ്ധത്തില്‍ പിടികൂടപ്പെട്ട അവര്‍ അന്ദലുസ് വംശജയാണ്. അമീര്‍ അബ്ദുര്‍റഹ്മാന് വളരെ പ്രിയപ്പെട്ടയാളായിരുന്നു അവര്‍. ശൈശവ
പ്രായത്തില്‍ തന്നെ അവരെ കിഴക്കന്‍ നാടുകളിലേക്ക് കൊണ്ടുപോയി. മദീനയില്‍വെച്ച് ഗാനാലാപനം അഭ്യസിച്ചു. ശേഷം അമീര്‍ അബ്ദുര്‍റഹ്മാനു വേണ്ടി അന്ദലുസിലേക്ക് തിരിച്ചുകൊണ്ടുവന്നു. നല്ല ഓര്‍മശക്തിയും സുന്ദരമായ കൈയെഴുത്തും കവിതകള്‍ ഉദ്ധരിക്കാനുള്ള പ്രത്യേക കഴിവും വ്യത്യസ്ത സാഹിത്യശാഖകളെക്കുറിച്ച അറിവും പഴയകാല ചരിത്രങ്ങള്‍ പറയാനുള്ള വൈഭവവും അവരുടെ പ്രത്യേകതയായിരുന്നു.
കിഴക്കന്‍ നാടുകളില്‍ എന്ന പോലെ പടിഞ്ഞാറന്‍ നാടുകളിലും പ്രഗത്ഭ വനിതകള്‍ ഉണ്ടായിരുന്നു. അന്ദലുസിലെ അതി പ്രശസ്തനായ ഒരാളുടെ അടിമപ്പെണ്ണായിരുന്ന ഹിന്ദുശ്ശാത്വബിയ്യയോട് ശാത്വബയിലെ ചരിത്രകാരനും സാഹിത്യകാരനുമായ അബൂ ആമിര്‍ (മ.ഹി. 547/ക്രി. 1152) വീണയുമായി തന്റെ അടുത്തുവരാന്‍ ആവശ്യപ്പെടുകയുണ്ടായി.
يَا هِنْدُ هَل لَكِ فِي زِيَـــــارَة فتيةٍ ** نبذوا المَحَارِم غير شرب السَّـلْـسَلِ
سمِعُوا البلابلَ قد شَدَتْ فتذكَّرُوا ** نغمـــاتِ عُودِكِ فِي ‘الثقيلِ الأولِ’!
'ഹിന്ദേ! ശുദ്ധജലം കുടിക്കുന്നു എന്നതൊഴിച്ചാല്‍ ഹറാമുകള്‍ വലിച്ചെറിഞ്ഞ ഏതാനും യുവാക്കളെ സന്ദര്‍ശിക്കുന്നതില്‍ വിരോധമുണ്ടോ? രാപ്പാടികള്‍ പാടുന്നത് അവര്‍ കേട്ടു. അപ്പോള്‍ അവര്‍ നിന്റെ വീണയിലെ രാഗങ്ങള്‍ ഓര്‍ത്തു. (ആശയസംഗ്രഹം)
ഇതിനു മറുപടിയായി അബൂആമിര്‍ അയച്ച കടലാസ് തുണ്ടിന്റെ മറുവശത്ത് ഹിന്ദ് ഇങ്ങനെ കുറിച്ചു.

يَا سيداً حَاز الــــــعُلَا عَن سادةٍ ** ”شُمِّ الأنوف مِن الطِّــراز الأوَّلِ“
حسبي من الْإِسْرَاع نَحْوَكَ أنني ** كنتُ الجوابَ مَعَ ”السودِ المُقبل“!
അറബി കവിതാ വൃത്തശാസ്ത്രത്തില്‍ വിദഗ്ധയായിരുന്നതിനാല്‍ 'ഇശ്‌റാഖുല്‍ അറൂദിയ്യ' എന്ന പേരില്‍ വിശ്രുതയായ 'ഇശ്‌റാഖുസ്സുവൈദാഅ്' (മ.ഹി. 443/ക്രി. 1052)ല്‍നിന്ന് അടിമപ്പെണ്‍കുട്ടി ഹിന്ദ് ശാത്വബിയ്യയുടെ ശിഷ്യയായിരുന്നു. പല വിജ്ഞാനീയങ്ങളിലും ഗുരുവിനെ കവച്ചുവെക്കാന്‍ ഇശ്‌റാഖുസ്സുവൈദാഇന് കഴിഞ്ഞു. ഇബ്‌നുല്‍ അബ്ബാര്‍ പറയുന്നു: 'ഇശ്‌റാഖ് തന്റെ യജമാനനായ അബുല്‍ മുത്വ്‌രിഫി (ഇബ്‌നു ഗല്‍ബൂന്‍ അല്‍ ഖുര്‍ത്വുബി- മ.ഹി. 443/ക്രി. 1052) ല്‍നിന്ന് അറബി, ഭാഷാ, സാഹിത്യ വിജ്ഞാനീയങ്ങള്‍ അഭ്യസിച്ചു. ഗുരുവിനെ കവച്ചുവെക്കാന്‍ ഇശ്‌റാഖിനു കഴിഞ്ഞു. അന്ദലുസിലെ ഖുര്‍ആന്‍ പാരായണന്മാരുടെ ഗുരുവായ അബൂദാവൂദ് സുലൈമാനുബ്‌നു നജാഹ് അല്‍മുഖ്‌രിഅ് (മ.ഹി. 496/ക്രി. 1102) പറയുന്നു: 'ഞാന്‍ വൃത്തശാസ്ത്രം പഠിച്ചത് ഇശ്‌റാഖില്‍നിന്നാണ്. അബുല്‍ അലി അല്‍ ഖാലി (മ.ഹി. 356/ക്രി. 967) യുടെ 'അന്നവാദിര്‍', അബുല്‍ അബ്ബാസ് അല്‍മുബര്‍റദി (മ.ഹി. 286/ക്രി. 899) ന്റെ 'അല്‍കാമില്‍' എന്നിവ അവരില്‍നിന്നാണ് ഞാന്‍ പഠിച്ചത്. രണ്ട് ഗ്രന്ഥങ്ങളും അവര്‍ക്ക് മനഃപാഠമായിരുന്നു. അവ വിശദീകരിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു.

മറ്റു ചില അടിമപ്പെണ്‍കുട്ടികള്‍ പല കലകളിലും പുരുഷന്മാരെ വെല്ലാന്‍ മാത്രം വൈഭവമുള്ളവരായിരുന്നു. സെവില്ലയിലെ അമീറായിരുന്ന മുഅ്തദിദുബ്‌നു അബ്ബാദി (മ.ഹി. 461/ക്രി. 1070) ന്റെ കൊട്ടാരത്തിലെ അടിമയായിരുന്ന 'അല്‍ജാരിയ അല്‍ അബ്ബാദിയ' ഭാഷാശാസ്ത്രത്തില്‍ അദ്വിതീയയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഇബ്‌നു അബ്ബാര്‍ അവരെക്കുറിച്ചെഴുതുന്നു: 'അവര്‍ സുന്ദരിയും സാഹിത്യകാരിയും എഴുത്തുകാരിയും നല്ല മനഃപാഠമുള്ളവരുമായിരുന്നു. അവര്‍ ഉപയോഗിച്ചിരുന്ന പല പദങ്ങളും സെവില്ലയിലെ പണ്ഡിതന്മാര്‍ക്ക് അറിയില്ലായിരുന്നു.'
പ്രമുഖരായ പണ്ഡിതന്മാരില്‍നിന്ന് ഹദീസുകള്‍ ഉദ്ധരിച്ചിരുന്നവരാണ് മറ്റൊരു വിഭാഗം. ഇബ്‌നു ഹയ്യാന്‍ അല്‍ അന്ദലുസി (മ.ഹി. 469/ക്രി. 1080) 'മുഖ്തബസ്' എന്ന കൃതിയില്‍ എഴുതുന്നു: 'ദഹ്ഹൂന്‍ എന്ന് വിളിപ്പേരുള്ള ഹബീബുബ്‌നുല്‍ വലീദ് അല്‍ ഉമവി (മ.ഹി. 200/815) ഹജ്ജിനു പോയപ്പോള്‍ മക്കയില്‍വെച്ച് പിതൃവ്യപുത്രന്‍ മുഹമ്മദുബ്‌നു യസീദ് ബ്‌നു സലമയുമായി സന്ധിച്ചു. മുഹമ്മദ് അദ്ദേഹത്തിന് 'ആബിദ അല്‍ മദനിയ്യ' എന്ന കറുകറുത്ത അടിമപ്പെണ്‍കുട്ടിയെ സമ്മാനിച്ചു. ആബിദ മാലികുബ്‌നു അനസി(മ.ഹി. 179/ക്രി.വ. 795)ല്‍ നിന്നും മറ്റുമായി ഹദീസുകള്‍ ഉദ്ധരിച്ചിരുന്നു. പതിനായിരം ഹദീസുകള്‍ നിവേദക പരമ്പരയോടെ ഉദ്ധരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. അവരുടെ അപാരമായ അറിവില്‍ ആകൃഷ്ടനായ ദഹ്ഹൂന്‍ അവരെ അന്ദലുസിലേക്ക് കൂടെ കൂട്ടി.
വിവിധ വിഷയങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിവുള്ളവരായിരുന്നു മറ്റൊരു വിഭാഗം അടിമസ്ത്രീകള്‍. ഖലീഫ ഹകം മുസ്തന്‍സ്വിറിന്റെ (മ.ഹി. 366/ക്രി. 977) അടിമപ്പെണ്‍ ഉദാഹരണം. ഹകം ഇവരെ റുസ്വാഫി എന്ന പേരില്‍ പ്രശസ്തനായ സുലൈമാന്‍ ഇബ്‌നു അഹ്മദിന്റെ അടുത്തേക്ക് കോണുകളുടെ അളവുകളും സൂര്യന്റെയും നക്ഷത്രങ്ങളുടെയും അകലം നിര്‍ണയിക്കാനുള്ള ഉപകരണവും പരീക്ഷിച്ച് പഠിക്കാനായി അയച്ചു. അവര്‍ അവ മൂന്നുവര്‍ഷം കൊണ്ട് നല്ല വഴക്കത്തോടെ പഠിച്ചെടുത്തു.

അത്ഭുതം തോന്നിയ ഹകം അവരെ കൊട്ടാരത്തിലുള്ളവരെ പഠിപ്പിക്കാനായി ചുമതലപ്പെടുത്തി.

സാഹിത്യ, സംഗീതാദി കലാവിജ്ഞാനീയങ്ങള്‍ക്കൊപ്പം ഇത്തരം ശാസ്ത്ര വിജ്ഞാനീയങ്ങളും അവരില്‍ പലരും പഠിച്ചിരുന്നു. അന്ദലുസിന്റെ കിഴക്കുള്ള സമതല മേഖലയുടെ അമീറായിരുന്ന ഹുദൈലുബ്‌നു ഖലഫ് ബ്‌നു റസീനി (മ.ഹി. 436/ക്രി. 1044) ന്റെ അടിമപ്പെണ്‍കുട്ടിയെപ്പറ്റി ശന്‍തരീനി 'അദ്ദഖീറ'യില്‍ ഇബ്‌നു ഹയ്യാനെ ഉദ്ധരിച്ചെഴുതുന്നു: 'അന്ദലുസില്‍ ഏറ്റവും കൂടിയ വിലകൊടുത്ത് ആദ്യമായി ഗായികമാരെ വാങ്ങിയത് ഹുദൈലാണ്. അബൂ അബ്ദില്ലാ ഇബ്‌നുല്‍ കത്താനിയുടെ അടിമപ്പെണ്‍കുട്ടിയെ ഹുദൈല്‍ വാങ്ങിയത് മൂവായിരം ദീനാറിനാണ് (ഏകദേശം ഇന്നത്തെ അഞ്ചുലക്ഷം ഡോളര്‍). ഇതിനു പുറമെ, ഖുര്‍ആന്‍ വിദഗ്ധമായും മനോഹരമായും പാരായണം ചെയ്യുന്ന പെണ്‍കുട്ടികളെയും അദ്ദേഹം സ്വന്തമാക്കി. അദ്ദേഹത്തിന്റെ ഗാനസദസ്സ് അന്ദലുസിലെ രാജാക്കന്മാരുടെ ഏറ്റവും വലിയ സംഗീത സദസ്സായിരുന്നു.
വിശ്വവിജ്ഞാനകോശ സമാനം പരന്ന വിജ്ഞാനമുണ്ടായിരുന്ന ഇബ്‌നുല്‍ കത്താനിയുടെ ശിഷ്യത്വത്തില്‍ അദ്ദേഹത്തിന്റെ പതിപ്പായി മാറിയ അവര്‍ തന്റെ കാലത്തെ അതുല്യമായ ഗായികയായാണ് അറിയപ്പെടുന്നത്. അതിമനോഹര ഗാനം, ഏറ്റവും നല്ല എഴുത്ത്, മികച്ച സാഹിത്യം, വിദഗ്ധമായ ചികിത്സ, പ്രകൃതിശാസ്ത്രജ്ഞാനം, ആന്തരികാവയവങ്ങളുടെ സര്‍ജറിയില്‍ നൈപുണ്യം, അമ്പുകള്‍ ചെത്തി ശരിയാക്കല്‍, തുകല്‍ കൊണ്ടുള്ള പരിച നിര്‍മാണം, വാളും കുന്തവും കഠാരകളും ഉപയോഗിച്ചുള്ള ആയോധന വിദ്യ, ആനന്ദകരമായ വിവിധ കേളികള്‍ എന്നിവയിലെല്ലാം അവര്‍ അസാമാന്യ പ്രതിഭയായിരുന്നു.

വിദൂര നാടുകളില്‍ പ്രഗത്ഭമതികളായ അടിമസ്ത്രീകള്‍ ഉണ്ടെന്നറിഞ്ഞാല്‍ അവരെ സ്വന്തമാക്കാന്‍ ചില അമീറുമാര്‍ എന്തു സാഹസത്തിനും മുതിര്‍ന്നിരുന്നു. ഇവരില്‍ പ്രശസ്തയാണ് 'ഖമറുല്‍ ബഗ്ദാദിയ്യ' എന്ന പെണ്‍കുട്ടി. ഇബ്‌നു അദാരി (മ.ഹി. 712/ക്രി. 1312) 'അല്‍ ബയാനുല്‍ മുഗ്‌രിബി'ല്‍ എഴുതുന്നു: 'അന്ദലുസിലെ ഭരണാധികാരി ഇബ്‌റാഹീം ഇബ്‌നു ഹജ്ജാജ് അല്ലഖ്മി ഖമറുല്‍ ബഗ്ദാദിയ്യയുടെ പ്രാഗത്ഭ്യം അറിഞ്ഞ് വമ്പന്‍ സമ്പത്ത് മുടക്കി അവരെ സെവില്ലയിലെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. പ്രകാശമാനമായ പൂര്‍ണ ചന്ദ്രന്റെ തെളിച്ചമുള്ള സാഹിത്യ, വാഗ്വിലാസ, സംഗീതവിദ്യ, ഗാനാലാപന പാരംഗതയായിരുന്നു അവര്‍. തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞ താഴെ കവിത അതിന്റെ മാതൃകയാണ്:
قالُوا أتتْ “قَمَـــرٌ” في زِيِّ أطمَارِ ** مِنْ بَعدِما هَتَـــــكَتْ قَلباً بِأشفَارِ
تُمسِي علىَ وَحَلٍ تغـدو على سُبُلٍ ** تَشُقُّ أمصارَ أَرْضٍ بعدَ أَمصَارِ
لا حُرَّةٌ هَيَ مِن أحـرار مَوضِعِها ** وَلاَ لَهَا غَيرُ تَرســــــيلٍ وأشعَارِ
لَو يعقلون لَمَا عَـــــابُوا غَريبَتهم ** لله مِن أمَةٍ تُـــــزرِي بأحـــرارِ!
ما لابنِ آدمَ فــــخرٌ غَيرَ هِمَّــــتِهِ ** بَعدَ الدِّيَانةِ والإخلاصِ للبارِي”!!
(ചരിത്രരകാരനും ഗവേഷകനും എഴുത്തുകാരനുമാണ് ലേഖകന്‍)

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top