വിദ്യാഭ്യാസ രംഗത്തെ ആദ്യകാല മുസ്‌ലിം വനിതാ നായകത്വം
സർവത്ത് അല്‍ ബത്വാവീ
മുസ്‌ലിം പെണ്‍കുട്ടികളുടെയും വനിതകളുടെയും വിദ്യാഭ്യാസാവകാശം സംബന്ധിച്ച് കഴിഞ്ഞ നൂറ്റാണ്ടുവരെയും സംവാദങ്ങളുണ്ടായിട്ടില്ല. കാരണം നൂറ്റാണ്ടുകളായി വിദ്യാഭ്യാസ രംഗത്തും സ്‌കൂള്‍-യൂനിവേഴ്‌സിറ്റികളുടെ നിര്‍മാണത്തിലും അറബ് വനിതകള്‍ക്ക് നായകസ്ഥാനമുണ്ടായിരുന്നു.
ലോകത്ത് ആദ്യമായി സ്ഥാപിതമായ യൂനിവേഴ്‌സിറ്റിയുടെ സ്ഥാപക ഒരു മുസ്‌ലിം വനിതയായിരുന്നു. ഏറ്റവും വലുതും പഴയതുമായ അറബ് യൂനിവേഴ്‌സിറ്റി സ്ഥാപിച്ചതിന്റെ മഹത്വം ഒരു അറബി വനിതാ അമീറിന്നാണ്. അയ്യൂബി ഭരണകാലം മുതല്‍ അടിമരാജവംശം വരെയുള്ള കാലത്ത് ഈജിപ്തിലും ശാമിലും യമനിലും ഇറാഖിലും വനിതകളുടെ മുന്‍കൈയാല്‍ സ്‌കൂളുകള്‍ സ്ഥാപിതമായി.
19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലും അതിനുമുമ്പുമായി പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മുസ്‌ലിം വനിതകളുടെ ശ്രമഫലമായി വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമിട്ടു. ദല്‍ഹിയിലെ സുല്‍ത്താനേറ്റ് സ്‌കൂളുകള്‍ സ്ഥാപിക്കുകയും പണ്ഡിതര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയുമുണ്ടായി.
സ്ഥാപക റോളിനപ്പുറം പണ്ഡിത, കര്‍മശാസ്ത്രജ്ഞ, ഹദീസ് പണ്ഡിത എന്നീ നിലകളിലും വനിതകള്‍ പ്രശസ്തരായി. സയ്യിദ ബിന്‍തുല്‍ ഹസന്‍, ശഹ്ദ ബിന്‍തുല്‍ അബ്‌രി അല്‍ കാതിബ്, ഫാത്വിമ ബിന്‍ത് അലാഉദ്ദീന്‍ അസ്സമര്‍ഖന്ദി, ഹുജൈമ ബിന്‍ത് ഹുയയ്യ് അല്‍ഔസ്വാബിയ്യ, അസ്മാഅ് ബിന്‍ത് അസദുബ്‌നുല്‍ ഫുറാത്ത്, ഖദീജ ബിന്‍തുല്‍ ഇമാം സഹ് നൂന്‍, മസ്ഊദ അല്‍ വസ്‌കത്തിയ്യ മുതലായ ധാരാളം പണ്ഡിതകള്‍ പ്രശസ്തരായി വേറെയുമുണ്ട്.
ലോകത്തെ ഒന്നാമത്തെ യൂനിവേഴ്‌സിറ്റിയുടെ സ്ഥാപക ഫാത്വിമ അല്‍ ഫിഹ്‌രിയ്യ
മൊറോക്കോയിലെ ഫെസില്‍ ക്രി. 859-ല്‍ സ്ഥാപിതമായ ഖറവിയ്യീനാണ് (ഝമൃമംശ്യ്യശി) ലോകത്തെ ഏറ്റവും പഴക്കമുള്ള യൂനിവേഴ്‌സിറ്റി എന്ന് അധികമാളുകള്‍ക്കും അറിയില്ല. ഗിന്നസ് റിക്കാര്‍ഡ്‌സ് അനുസരിച്ച് ഫാത്വിമ ബന്‍ത് മുഹമ്മദ് ബ്‌നു അബ്ദില്ല അല്‍ ഫിഹ് രിയ്യ അല്‍ ഖൈറുവാനിയ്യ എന്ന അറബ് വംശജയായ മഹതിയാണ് അതിന്റെ സ്ഥാപക. അമീര്‍ യഹ്‌യബ്‌നു മുഹമ്മദ്ബ്‌നു ഇദ്‌രീസിന്റെ ഭരണകാലത്ത് യൂനിവേഴ്‌സിറ്റി ഖൈറുവാനില്‍നിന്ന് ഫെസിലേക്ക് മാറ്റി സ്ഥാപിച്ചു. ഫാത്വിമ കുടുംബസമേതം ഖറവിയ്യീനിലെ താഴ്‌വരയുടെ ചരിഞ്ഞ പാര്‍ശ്വത്തില്‍ താമസിച്ചു. ധാരാളം അനന്തരസ്വത്ത് ലഭിച്ച അവര്‍ അത് വിറ്റ് ഭൂനിലം വാങ്ങി. അത് പിന്നീട് പള്ളിയും യൂനിവേഴ്‌സിറ്റിയുമായി മാറി. ഹി. 245 റമദാനില്‍ അവര്‍ തന്നെ നിര്‍മാണത്തിന് നേതൃത്വം നല്‍കി. അവിടെ ഒരു കിണറും കുഴിച്ചു. അതിപ്പോഴും അവിടെയുണ്ട്. പ്രഥമ മതപഠന കേന്ദ്രമായിരുന്ന ജുമുഅത്തു പള്ളി മൊറോക്കോയിലെ അറബിക്കോളേജായി മാറി. യൂനിവേഴ്‌സിറ്റി ഇപ്പോഴും അക്കാദമിക സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു.
സിത്തുശ്ശാം
വിജ്ഞാനം, സാഹിത്യം, വിദ്യാലയ നിര്‍മാണം, തദാവശ്യാര്‍ഥമുള്ള ധനവ്യയം, പണ്ഡിതന്മാരോടും സാഹിത്യകാരന്മാരോടുമുള്ള ആദരവ് മുതലായ വിഷയങ്ങളില്‍ അദ്വിതീയയായിരുന്നു സ്വലാഹുദ്ദീന്‍ അയ്യൂബി (ക്രി. 1219)യുടെ സഹോദരിയും നജ്മുദ്ദീന്‍ അയ്യൂബിന്റെ മകളുമായ 'സംറദ്' എന്നുപേരുള്ള ഖാത്തൂന്‍ ഫാത്വിമ.
പുണ്യപ്രവൃത്തികളില്‍ അതീവ തല്‍പരയായിരുന്ന സിത്തുശ്ശാം രണ്ട് വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. 'അല്‍ മദ്‌റസത്തുശ്ശാമിയ്യ അല്‍ബര്‍റാനിയ്യ' (ക്രി. 1186). അന്ന് കിട്ടാവുന്ന ഏറ്റവും പ്രഗത്ഭരായ അധ്യാപകരെ നിയമിച്ചു. വിദ്യാര്‍ഥികളില്‍ മുഴുശ്രദ്ധയും കേന്ദ്രീകരിക്കേണ്ടതിനാല്‍ അധ്യാപകര്‍ മറ്റു വിദ്യാലയങ്ങളില്‍ പഠിപ്പിക്കരുതെന്ന് അവര്‍ വ്യവസ്ഥ വെച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പിന്നായി ധാരാളം സമ്പത്ത് വഖ്ഫ് ചെയ്തു.
'അല്‍ മദ്‌റസത്തുശ്ശാമിയ്യഃ അല്‍ ജവാനിയ്യഃ'യാണ് രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനം. അവരുടെ വീട് ഈ സ്ഥാപനമായി വികസിപ്പിക്കുകയായിരുന്നു. ഇതിനും ധാരാളം സ്വത്തുക്കള്‍ വഖ്ഫ് ചെയ്തു. ഡമസ്‌കസിലെ ഏറ്റവും പ്രമുഖമായ സ്ഥാപനമായി അത് വളര്‍ന്നു. പ്രമുഖ ശാഫിഈ പണ്ഡിതനായിരുന്ന തഖിയ്യുദ്ദീന്‍ ഇബ്‌നുസ്സ്വലാഹി (ക്രി. 1245)നെ സ്ഥാപനത്തിന്റെ കാര്യദര്‍ശിയായി നിയമിച്ചു.
അയ്യൂബി ഭരണത്തിലെ ഖാത്തൂനത്തുകള്‍
സിത്തുശ്ശാം ഖാത്തൂനെപ്പോലെ, അയ്യൂബി ഭരണാധികാരികളുടെ 'ഖാത്തൂനാത്തുകള്‍' എന്ന പേരില്‍ അറിയപ്പെട്ട ഭാര്യമാര്‍ക്ക് വിദ്യാലയ നിര്‍മാണ രംഗത്തും വിജ്ഞാന വ്യാപന മേഖലയിലും വലിയ പങ്കുണ്ടായിരുന്നു.
'അല്‍ മദ്‌റസത്തുല്‍ ഖാത്തൂനിയ്യ' സ്ഥാപിച്ച ശംസുല്‍ മുലൂകിന്റെ മാതാവ് ഖാത്തൂന്‍ ഈ രംഗത്ത് ഏറ്റവും നല്ല മാതൃകയാണ്. ദമസ്‌കസിലെ 'വാദിശ്ശഖ്‌റാഅ്' അവര്‍ ഇതിനുവേണ്ടി വഖ്ഫ് ചെയ്തു. ഹലബിലും ഹമാത്തിലും ദമസ്‌കസിലും കൈറോവിലും വേറെയും ധാരാളം ഖാത്തൂന്മാര്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു.
റസിയ സുല്‍ത്താന
ക്രി. 1210-1526-ന് ഇടയില്‍ ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹി ഭരിച്ച അടിമരാജവംശത്തിലെ ഇല്‍ത്തുമിശിന്റെ മകള്‍ റസിയ സുല്‍ത്താന ധാരാളം വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ദക്ഷിണേന്ത്യയിലെ ഏക വനിതാ മുസ്‌ലിം ഭരണാധികാരിയാണവര്‍. ക്രി. 1236 മുതല്‍ 1240 വരെ അവര്‍ ഭരിച്ചു. ധാരാളം ഭരണപരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തി. സാധാരണ ജനങ്ങളുമായി അവര്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.
ആദര്‍ കരീമ ജിഹ സ്വലാഹ്
യമനിലെ റസൂലിയ രാഷ്ട്രത്തിലെ അഞ്ചാമത്തെ രാജാവായ മലിക് അലി ദാവൂദിന്റെ മാതാവ് ആദര്‍ കരീമ ജിഹ സ്വലാഹ്, മകന്‍ പതിനാല് മാസക്കാലം ഈജിപ്തില്‍ തടവിലായിരുന്നപ്പോള്‍ യമനില്‍ അധികാരം വാഴുകയുണ്ടായി.
അധികാരാരോഹണത്തിനുശേഷം യമനില്‍ പ്രക്ഷോഭങ്ങളുണ്ടായെങ്കിലും മകന്‍ തിരിച്ചുവരുന്നതുവരെ രാജ്യത്തിന്റെ നിയന്ത്രണം അവരുടെ കൈയില്‍ ഭദ്രമായിരുന്നു.
യമനിലെ വിദ്യാഭ്യാസ മേഖലയില്‍ രചനാത്മകമായ സ്വാധീനം ചെലുത്താന്‍ അവര്‍ക്കു കഴിഞ്ഞു. സബീദ് നഗരത്തില്‍ 'അല്‍മദ്‌റസത്തുല്‍ ഇസ്വ്‌ലാഹിയ്യ'യും സബീദ് താഴ്‌വരയിലെ മുസല്ലബിലും തഅ്‌സിലെ സലാമയിലും സമാന വിദ്യാലയങ്ങളും സ്ഥാപിച്ചു. സ്ഥാപനങ്ങള്‍ക്കെല്ലാം മതിയായ വഖ്ഫ് സ്വത്തുക്കള്‍ വകയിരുത്തി. ക്രി. 1361-ല്‍ യമനില്‍ അവര്‍ നിര്യാതയായി.
തത്ത്ർ അല്‍ ഹിജാസിയ്യ
ഇവര്‍ ക്രി. 1360-ല്‍ ഒരു വിദ്യാലയം സ്ഥാപിച്ചു. പള്ളി, ലൈബ്രറി, ഉദാരമായ വിഭവ വിതരണമുള്ള അനാഥാലയം എന്നിവക്ക് അവര്‍ തുടക്കം കുറിച്ചു. സുല്‍ത്വാന്‍ മലിക് നാസ്വിര്‍ മുഹമ്മദുബ്‌നു ഖലാവൂനിന്റെ മകളും അമീര്‍ ബക് തമര്‍ അല്‍ ഹിജാസീയുടെ ഭാര്യയുമായ തത്ത്ര്‍ കൈറോവിലെ വിദ്യാലയത്തിന് വന്‍ വഖ്ഫു സ്വത്തുക്കള്‍ നീക്കിവെച്ചു.
ഖുന്‍ദാ ബര്‍കത്ത്
സുല്‍ത്വാന്‍ ശഅ്ബാന്‍ ബ്‌നു ഹുസൈന്റെ മാതാവ് ബര്‍കത്ത് ക്രി. 1370-ല്‍ ഒരു വിദ്യാലയം സ്ഥാപിച്ചു. അത് 'മദ്‌റസത്തു ഉമ്മിസ്സുല്‍ത്വാന്‍' എന്ന പേരില്‍ പ്രശസ്തമായി. ചരിത്രകാരന്‍ മഖര്‍രീ അവരെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
നാഇല ഖാത്തൂന്‍
ഇറാഖില്‍ ഉസ്മാനിയ ഖിലാഫത്തിനു കീഴിലെ മുറാദ് അഫന്‍ദി മക്ദൂബജിയുടെ ഭാര്യ നാഇല ഖാത്തൂന്‍ ഭര്‍ത്താവിന്റെ ഭരണശേഷം ക്രി. 1874-ല്‍ ബഗ്ദാദിലെ തന്റെ വീട് വഖ്ഫ് ചെയ്തു. അതിനു കീഴില്‍ അവര്‍ 'മദ്‌റസത്തു നാഇല ഖാത്തൂന്‍/മദ്‌റസത്തു മുറാദിയ്യ' സ്ഥാപിച്ചു. അധ്യാപകനെയും ഇമാമിനെയും ബാങ്ക് കൊടുക്കുന്നയാളെയും സേവകരെയും നിയമിച്ചു. രാവും പകലും ഇരുപത് വിദ്യാര്‍ഥികള്‍ സ്ഥാപനത്തിലുണ്ടായിരിക്കണമെന്ന് അവര്‍ വ്യവസ്ഥ ചെയ്തു.
നാനാ അസ്മാഅ്
നൈജീരിയയിലും ദക്ഷിണാഫ്രിക്കയിലും വനിതാ വിദ്യാഭ്യാസം പ്രചുരമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച മഹതിയും പണ്ഡിതയും കവയിത്രിയും ശിക്ഷകയുമായിരുന്നു നാനാഅസ്മാഅ്. പ്രശസ്ത ദീനീപരിഷ്‌കര്‍ത്താവായിരുന്ന ഉസ്മാനുബ്‌നു ഫൗദിയുടെ മകന്‍ ഉസ്മാന്റെ പൗത്രിയായ നാനാ അസ്മാഅ് ക്രി. 1792-ല്‍ ജനിച്ചു. വനിതകള്‍ക്ക് എഴുത്തും വായനയും അഭ്യസിപ്പിക്കാന്‍ വിപുലമായ സംവിധാനങ്ങളൊരുക്കി. സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
തജ്‌വീദ്, ഫിഖ്ഹീ നിയമങ്ങള്‍ പഠിപ്പിക്കാനായി അവ കവിതാപാഠങ്ങളായി അവതരിപ്പിച്ചു. ഇങ്ങനെ പഠിച്ചു വന്നവര്‍ പിന്നീട് അവരുടെ അംബാസഡര്‍മാരെന്നോണം കര്‍മരംഗത്തുണ്ടായിരുന്നു. അവരും വിദ്യാഭ്യാസ രംഗത്ത് സംഭാവനകള്‍ അര്‍പ്പിച്ചു. നാനാ അസ്മാഇനോടുള്ള ആദരവിന്റെ ഭാഗമായി ധാരാളം വിദ്യാലയങ്ങള്‍ക്കും വനിതാസംരംഭങ്ങള്‍ക്കും അവരുടെ പേരു നല്‍കി.
ഫാത്വിമ ബിന്‍ത് അല്‍ ഖദേവി ഇസ്മാഈല്‍
ലോകത്തെ ഒന്നാമത്തെ യൂനിവേഴ്‌സിറ്റി ഒരു അറബി വനിത സ്ഥാപിച്ചതാണെങ്കില്‍ യൂനിവേഴ്‌സിറ്റികളില്‍ ഏറ്റവും വേരുകളാഴ്ത്തിയത് കൈറോ യൂനിവേഴ്‌സിറ്റിയാണ്. ഈജിപ്ഷ്യന്‍ ഭരണാധികാരിയായിരുന്ന ഖദേവി ഇസ്മാഈലിന്റെ മകള്‍ അമീറ ഫാത്വിമയാണ് അതിന്റെ സ്ഥാപക. 'ജാമിഅ മിസ്വ്‌രിയ്യ' എന്നറിയപ്പെട്ടിരുന്ന യൂനിവേഴ്‌സിറ്റിക്ക് 1909-ല്‍ കൈറോവിലെ അവരുടെ കൊട്ടാരത്തിനടുത്ത് ഭൂമി ദാനം ചെയ്തു. വിവിധ വിഷയങ്ങള്‍ക്കായി കോളേജുകള്‍ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. നൈല്‍ നദീതീരത്ത് 674 ഭൂമി യൂനിവേഴ്‌സിറ്റിക്ക് വഖ്ഫ് ചെയ്തു. യൂനിവേഴ്‌സിറ്റി ബില്‍ഡിംഗ് നിര്‍മിക്കാനായി അന്ന് പതിനെട്ടായിരം ഈജിപ്ഷ്യന്‍ പവന്‍ മൂല്യമുള്ള ആഭരണങ്ങള്‍ നല്‍കി. ലോകത്തെ പല രാജാക്കന്മാരില്‍നിന്നും ഭരണാധികാരികളില്‍നിന്നും ലഭിച്ച ധാരാളം ഗ്രന്ഥങ്ങളും അപൂർവ കൈയെഴുത്തു കോപ്പികളും യൂനിവേഴ്‌സിറ്റിക്ക് കൈമാറി. മറ്റൊരു യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിന് 1914-ല്‍ തന്റെ സ്വന്തം സ്വത്തില്‍നിന്ന് ഒരു ഭാഗം തന്നെയായിരിക്കണം ഉപയോഗിക്കുന്നതെന്ന് അവര്‍ നിര്‍ബന്ധ നിലപാട് സ്വീകരിച്ചു.
രാജ്ഞി ഇഫ്ഫത്ത് ആലു സന്‍യാന്‍
പണ്ഡിതന്മാര്‍ വനിതാ വിദ്യാഭ്യാസം വിലക്കിയിരുന്ന ഘട്ടത്തില്‍, സുഊദി രാജാവായിരുന്ന ഫൈസ്വലിന്റെ പത്‌നി ഇഫ്ഫത്ത് ആലു സന്‍യാന് അതിനെതിരെ പോരാടേണ്ടി വന്നു. പെണ്‍കുട്ടികള്‍ക്കു മാത്രമുള്ള വിദ്യാലയങ്ങളിലേക്കുപോലും അവരെ അയക്കാന്‍ പണ്ഡിതന്മാര്‍ തടസ്സം നിന്നപ്പോള്‍ അവര്‍ സ്വന്തം കൊട്ടാരത്തില്‍ പെണ്‍കുട്ടികള്‍ക്കായി വിദ്യാലയം സ്ഥപിച്ചു. 1915-ല്‍ തുര്‍ക്കിയില്‍ ജനിക്കുകയും 1932-ല്‍ ഫൈസല്‍ രാജാവിനെ വിവാഹം ചെയ്യുകയും ചെയ്ത ഇഫ്ഫത്ത് ആലു സന്‍യാനാണ് സുഊദിയിലെ വനിതാ വിദ്യാഭ്യാസത്തിന്റെ മുന്‍നിരയില്‍. 1940-ല്‍ ത്വാഇഫിലെ വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി അവര്‍ ഒരു വിംഗിന് തുടക്കമിട്ടു. പെണ്‍കുട്ടികളെ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ വിസമ്മതിച്ചതിനാല്‍ മറുവഴി എന്ന നിലയില്‍ സ്വന്തം കൊട്ടാരത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു വിദ്യാലയം സ്ഥാപിക്കുകയായിരുന്നു. മതപണ്ഡിതന്മാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിബന്ധങ്ങളുണ്ടായെങ്കിലും ഭര്‍ത്താവ് ഫൈസ്വല്‍ രാജാവിന്റെ സഹകരണത്തോടെ 1955-ല്‍ 'ദാറുല്‍ ഹനാന്‍' വിദ്യാലയം സ്ഥാപിച്ചു. സുഊദിയിലെ ഒന്നാമത്തെ വനിതാ വിദ്യാലയമായിരുന്നു ഇത്.
(ഥർവത്ത്ബത്വാവി Tharwat Al-Batawi- ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകനാണ്).