മനുഷ്യാവകാശം ഒരു സാമ്രാജ്യത്വ ഉപകരണം എന്ന നിലയില്‍

കെ. അഷ്‌റഫ്‌‌
img

         നമ്മുടെ കാലത്ത് വിമര്‍ശനങ്ങളില്ലാതെ സ്വീകരിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സങ്കല്‍പമാണ് മനുഷ്യാവകാശം. ഭരണകൂടം, സാമൂഹിക പ്രസ്ഥാനങ്ങള്‍, മതം, പ്രത്യയശാസ്ത്രം തുടങ്ങി വ്യക്തിപരവും സാമൂഹികവുമായ അനീതികളുടെ കെടുതികളെ കുറിച്ച് സംസാരിക്കാന്‍ മനുഷ്യാവകാശത്തിന്റെ ഭാഷ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇതേ മനുഷ്യാവകാശം ഒരു സൈദ്ധാന്തിക ഉപകരണം എന്ന നിലയില്‍ അത് സംരക്ഷിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളെ തന്നെ റദ്ദ് ചെയ്യുന്ന രാഷ്ട്രീയ സാഹചര്യം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുന്‍കൈയില്‍ തന്നെ നിലവില്‍ വന്നിരിക്കുന്നു എന്ന് വാദിക്കുകയാണ് ഴാന്‍ ബ്രിക്‌മോന്റ് എഴുതിയ Humanitarian Imperialism: Using Human Rights to Sell War എന്ന പുസ്തകം.1 അതായത് മനുഷ്യാവകാശത്തെ കുറിച്ചുള്ള നിരവധി ലിബറല്‍ വായനകള്‍ ഇപ്പോള്‍ വളരെയെളുപ്പം അമേരിക്കന്‍ അധിനിവേശത്തിനു മുന്‍കൂര്‍ സമ്മതം ഉറപ്പാക്കുന്ന സൈദ്ധാന്തിക ഉപകരണമായി മാറിയിരിക്കുന്നു. യൂറോപ്പിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സവിശേഷ സാഹചര്യത്തില്‍ എഴുതപ്പെട്ട ഈ പുസ്തകം മനുഷ്യാവകാശത്തെ കുറിച്ചുള്ള സമകാലിക സംവാദങ്ങളില്‍ താല്‍പര്യമുള്ള എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.
ചരിത്രപരമായി വിശകലനം ചെയ്യുകയാണെങ്കില്‍ ശീതയുദ്ധത്തിനു ശേഷമുള്ള കാലത്ത് മനുഷ്യാവകാശ സംരക്ഷണാര്‍ഥമാണ് ഒട്ടുമിക്ക അധിനിവേശങ്ങളും സ്വയം ന്യായീകരിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകള്‍ മനുഷ്യാവകാശ സംരക്ഷകരാവുകയും മറ്റുള്ളവരെല്ലാം അവരുടെ സംരക്ഷണത്തിന് വിധേയപ്പെടേണ്ടി വരുന്ന ലോക സാഹചര്യമാണിത്. വിയറ്റ്‌നാം അധിനിവേശത്തിനു ശേഷം നേരിട്ട പ്രതിച്ഛായ തകര്‍ച്ചയെ മറികടക്കാന്‍ ഒരു സായുധ അധികാരശക്തി എന്ന നിലയില്‍നിന്ന് മാറി ലിബറല്‍ ജനാധിപത്യ ശക്തി എന്ന പ്രതീതി ഉളവാക്കേണ്ടത് അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. ഇതിന് അമേരിക്കയെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സഹായിക്കുന്നത് മനുഷ്യാവകാശത്തെ മുന്‍ നിറുത്തി അവര്‍ തന്നെ നിര്‍മിച്ച ലിബറല്‍ വ്യവാഹാരങ്ങളാണ്. ഇതിലൂടെ ഏതൊരു ജനതയുടെയും ജീവിതത്തിലേക്ക് അവരുടെ യാതൊരു സമ്മതവുമില്ലാതെ കടന്നുചെല്ലാനും അവരെ കൊലപ്പെടുത്തിയും കൊള്ളയടിച്ചും തങ്ങളുടെ അധികാര താല്‍പര്യം നിലനിറുത്താനും അവര്‍ക്ക് പഴയ പോലെ തന്നെ സാധിക്കുന്നു. അതിനു വേണ്ടി അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ നിര്‍മിക്കാനും അതിന് പലരീതിയില്‍ മാധ്യമ പ്രചാരണം കണ്ടെത്താനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സാധിക്കുന്നു. ഇപ്പോള്‍ മലാല യുസുഫ് സായിയെ മുന്‍ നിറുത്തി അമേരിക്കന്‍ അനുകൂല മാധ്യമങ്ങളും ലിബറല്‍ ബുദ്ധിജീവികളും ചേര്‍ന്ന് നിര്‍മിച്ച മനുഷ്യാവകാശ വ്യവഹാരങ്ങള്‍ പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ അമേരിക്കയുടെ പതിറ്റാണ്ടുകളായുള്ള സാമ്രാജ്യത്വ അധികാര താല്‍പര്യത്തിന്റെ സംരക്ഷണം നിര്‍വഹിക്കുന്നുവെന്നു കാണാം. മലാല യുസുഫ് സായി അങ്ങനെ ഇടത്തും വലത്തുമുള്ള ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും മനുഷ്യാവകാശ വാചകമടികളില്‍ ലോകമെങ്ങും വാര്‍ത്തകകളില്‍ നിറയുമ്പോള്‍ പാക്-അഫ്ഗാന്‍ മേഖലയില്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഇടപെട്ട രീതികളുടെ ചരിത്രവും സാമൂഹിക ശാസ്ത്രവും ഫലപ്രദമായി മറച്ചുവെക്കപ്പെടുന്നു. അതിലൂടെ വലിയൊരു ജനസമൂഹത്തിന്റെ ജീവിത ലോകങ്ങളും ചരിത്രവും പാരമ്പര്യവും മറച്ചുവെക്കപ്പെടുന്നു. ഇതേ മനുഷ്യാവകാശ വ്യവഹാരങ്ങളുടെ രാഷ്ട്രീയം തന്നെയായിരുന്നു അഫ്ഗാന്‍ അധിനിവേശ കാലത്ത് ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ഇരുന്നു അഫ്ഗാന്‍ സ്ത്രീകളുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിച്ച ലിബറലുകളും വെളുത്ത ഫെമിനിസ്റ്റുകളും മുസ്‌ലിം ക്ഷമാപണ ബുദ്ധിജീവികളും പിന്തുടര്‍ന്നിത്. അഫ്ഗാനില്‍ നിന്ന് വ്യത്യസ്തമായി ഇറാഖില്‍ സദ്ദാം ഹുസൈന്‍ എന്ന സ്വേചാധിപതി നടത്തിയ നരമേധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ആണ് അന്നത്തെ പ്രസിഡന്റായ ജോര്‍ജ് ബുഷ് സാമ്രാജ്യത്വ അനുകൂല മനുഷ്യാവകാശ വ്യവഹാരങ്ങളുടെ ഭാഗമായി ഉയര്‍ത്തിപ്പിടിച്ചത്.
ഈയൊരു സാഹചര്യത്തിലാണ് മനുഷ്യാവകാശത്തിന്റെ ഭാഷക്ക് സാമ്രാജ്യത്വ വിരുദ്ധ ഉള്ളടക്കം കൈമോശം വന്ന രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്യുന്ന പരികല്‍പന എന്ന നിലയില്‍ മാനവിക സാമ്രാജ്യത്വം (Humanitarian Imperialism) ശ്രദ്ധേയമാവുന്നത്. ഈ പുസ്തകം എഴുതപ്പെട്ടത് യുറോപ്പിലും അമേരിക്കന്‍ ഐക്യ നാടുകളിലും ബ്രികൊമോന്റ് നടത്തിയ നിരവധി സംവാദങ്ങള്‍ക്ക് ശേഷമാണ്. വലതു പക്ഷത്തെന്നപോലെതന്നെ ഒരു വിഭാഗം ഇടതുപക്ഷത്തിനിടയില്‍ വരെ വേരുറച്ച ധാരണ എന്നത് മനുഷ്യാവകാശം സംരക്ഷിക്കാന്‍ സൈനിക ഇടപെടല്‍ ആവശ്യമെങ്കില്‍ അതിനു മടിക്കരുത് എന്നാണ്. ഏഷ്യന്‍ ആഫ്രിക്കന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവിടെ യൂറോപ്യന്‍ അമേരിക്കന്‍ ഇടപെടലുകളുടെ ന്യായത്തെ അംഗീകരിക്കുന്നതാണെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് പോലും സംശയമില്ല. ചെച്‌നിയ, ടിബറ്റ്, കുര്‍ദിസ്ഥാന്‍ ഒക്കെ നാം യുറോ-അമേരിക്കന്‍ ജനാധിപത്യ വാദികള്‍ ഇടപെട്ടു സംരക്ഷിച്ചു കളയണം എന്നവര്‍ വാദിക്കുന്നു. സുഡാനിലും ചൈനയിലും ക്യൂബയിലും നടക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ തദ്ദേശീയരെക്കാള്‍ യൂറോ-അമേരിക്കന്‍ മാനവികവാദികളുടെ തലവേദനയായി മാറുന്നു. ആമസോണ്‍ കാടുകള്‍ മുതല്‍ മുസ്‌ലിം സ്ത്രീകള്‍ വരെ യൂറോ-അമേരിക്കന്‍ സഹായം ആവശ്യപ്പെട്ടു ജീവിക്കുന്നു എന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ലോകം ഇപ്പോള്‍ ഒരു ഗ്രാമമായി മാറിയിരിക്കുന്നു. അതിനാല്‍, യൂറോപ്പിനും അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ജനാധിപത്യ മതേതര സംരക്ഷകര്‍ ആയി എവിടെയും ഇടപെടാന്‍ ന്യായം ധാരാളം ഉണ്ടെന്നും പലരും പറയുന്നു.
ഈയൊരു സാഹചര്യത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന ബ്രിക്‌മോന്റ് പറയുന്നത് ഇവിടെ പുതിയ അമേരിക്കന്‍ സാമ്രാജ്യത്വ അനുകൂല രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം ആവുന്നത് (പോര്‍ച്ചുഗീസ് സ്പാനിഷ് കൊളോണിയലിസത്തിനു ക്രിസ്തുമതമോ ബ്രിട്ടീഷ് കൊളോണിയലിസത്തിനു വെള്ളക്കാരന്റെ ഭാരമോ ഫ്രഞ്ച് റിപ്പബ്ലിക് പറയുന്ന നാഗരിക മിഷനോ ആയത് പോലെ) മനുഷ്യാവകാശവും മാനവിക രാഷ്ട്രീയവുമാണ്. ഈ പുതിയ സാമ്രാജ്യത്വ രാഷ്ട്രീയത്തിന് അമേരിക്കന്‍ അനുകൂല രാഷ്ട്രങ്ങള്‍ രണ്ടാംലോക യുദ്ധകാലത്ത് പറഞ്ഞപോലെ പുതിയ കാലത്തെ ഹിറ്റ്‌ലറുകളില്‍നിന്ന് ലോകത്തെ സംരക്ഷിക്കാനുള്ള മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും പക്ഷത്തുനിന്നുള്ള ഇടപെടലാണ്. ഈയൊരു ചരിത്രരഹിതമായ സമീപനം അപകടകരമായ വൈജ്ഞാനിക രാഷ്ട്രീയത്തിന്റെ ഉല്‍പന്നമാണ് എന്നാണ് ബ്രിക്‌മോന്റ് വാദിക്കുന്നത്. കഴിഞ്ഞ മുപ്പതു വര്‍ഷമായി പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍, സിനിമകള്‍, ലേഖനങ്ങള്‍ ഈ മേല്‍കോയ്മാ രാഷ്ട്രീയത്തിന്റെ ഭാഗമായതിനാല്‍ എളുപ്പം വെല്ലുവിളിക്കാന്‍ പ്രയാസമാണെന്ന് ബ്രിക്‌മോന്റ് പറയുന്നു ഉദാഹരണമായി A Matter of Principle: Humanitarian Arguments for War in Iraq എന്ന രണ്ടായിരത്തി അഞ്ചില്‍ പുറത്തിറങ്ങിയ പുസ്തകം ഇറാഖില്‍ ഇടപെടലിന്റെ മനുഷ്യാവകാശ ന്യായങ്ങളെ മുന്‍നിറുത്തി എഴുതപ്പെട്ട പുസ്തകമാണ്. ഇവരുടെ വീക്ഷണ പ്രകാരം സദ്ദാമിന്റെ പക്കല്‍ ഉണ്ടെന്നു പറയപ്പെട്ട കൂട്ടനശീകരണായുധങ്ങളെ കുറിച്ചുള്ള പ്രചരണങ്ങള്‍ കളവാണെന്ന് നേരത്തേ അറിയാമായിരുന്നു. അതിലേറെ അവര്‍ പറഞ്ഞത് സദ്ദാം നടത്തുന്ന മനുഷ്യാവകാശ ലംഘനമാണ് ഇറാഖിനെ അധിനിവേശത്തിനു കീഴില്‍ കൊണ്ടുവരാനുള്ള മുഖ്യന്യായം. ഇത് നേരത്തേ സൂചിപ്പിച്ച പോലെ ലിബറല്‍ മനുഷ്യാവകാശ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമാണ്. വിലക്കെടുത്തതോ അല്ലാത്തതോ ആയ ബുദ്ധിജീവികളെ കൊണ്ട് പുസ്തകങ്ങളും ലേഖനങ്ങളും എഴുതിപ്പിക്കുന്ന ഈ രാഷ്ട്രീയം സാധാരണ ജനങ്ങളെകൊണ്ട് കത്തെഴുതിച്ചും ഒപ്പ് ശേഖരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്.
സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള മനുഷ്യാവകാശ വ്യവഹാരം പ്രവര്‍ത്തിക്കുന്ന രീതികള്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഉദാഹരണമായി ഇറാഖ് അധിനിവേശത്തെക്കുറിച്ച് സംസാരിക്കാതെ അവര്‍ ഇറാഖിലെ പീഡനത്തിനെതിരെ വലിയ വായില്‍ ചര്‍ച്ച ചെയ്യും. അങ്ങനെ അധിനിവേശത്തിനു സമ്മതം ഒരുക്കുന്ന ഉപപാഠം (subtext) ആയി അവരുടെ പീഡനത്തിനെതിരായ നിലപാട് മാറുന്നു. ഇവിടെ ലിബറല്‍ മനുഷ്യാവകാശം ശരിക്കുമുള്ള വിമോചന രാഷ്ട്രീയത്തെ തകര്‍ക്കുന്ന സേഫ്റ്റി വാല്‍വുകളായി തീരുന്നുവെന്നു കാണാം. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും സ്ത്രീ അവകാശത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന അവര്‍ അതിലൂടെ പ്രദേശം, കൊളോണിയലിസം അടക്കമുള്ള ബഹുവിധ അധികാരത്തിന്റെയും അവകാശരാഹിത്യത്തിന്റെയും പ്രശ്‌നങ്ങളെ സമര്‍ഥമായി മറികടക്കുന്നു. ഇങ്ങനെയുള്ള കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്നത് സാമ്രാജ്യത്വ വിരുദ്ധ ചിന്തയുള്ളവരുടെ ഉള്ളില്‍ സവിശേഷമായ കുറ്റബോധം (guilt feeling) ഉല്‍പാദിപ്പിച്ചുകൊണ്ട് കൂടിയാണ്. ഇവിടെ കുറ്റബോധം പ്രത്യയശാസ്ത്ര ആയുധം തന്നെയായി മാറുന്നു. സാമ്രാജ്യത്വ വിരുദ്ധരായ സമൂഹങ്ങളോട് ഇവര്‍ ചോദിക്കുന്നത് നിങ്ങള്‍ എന്തുകൊണ്ട് മലാല യൂസുഫ് സായിയെ കുറിച്ചോ താലിബാനികള്‍ അവകാശം നിഷേധിച്ച അഫ്ഗാന്‍ സ്ത്രീകളെ കുറിച്ചോ സംസാരിക്കുന്നില്ല? സദ്ദാം കൊന്ന മനുഷ്യരോടുള്ള നിങ്ങളുടെ സമീപനം എന്താണ്? അതുവരെ ഇറാഖിലും അഫ്ഗാനിലും ജീവിച്ച അനേകം മനുഷ്യരുടെ അനുഭവങ്ങളുടെയും ആഖ്യാനങ്ങളുടെയും മേലെ നടക്കുന്ന ഹിംസ തന്നെയായി ലിബറല്‍ രാഷ്ട്രീയശരികളുടെ ഭാഗമായ മനുഷ്യാവകാശം മാറുന്നു.
ഇന്നത്തെ മനുഷ്യാവകാശ രാഷ്ട്രീയത്തിന്റെ സാമ്രാജ്യത്വ ഉള്ളടക്കം തിരിച്ചറിയാനും മനുഷ്യാവകാശത്തിന്റെ ഭാഷയെ അഴിച്ചു പണിയാനും ഉള്ള ധീരമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പുസ്തകം. ഈ പുസ്തകം വാദിക്കുന്നത്, മനുഷ്യാവകാശ പ്രവര്‍ത്തനം എന്നത് രാഷ്ട്രീയമായിത്തന്നെ ജാഗ്രതയയോടെ സമീപിക്കപ്പെടേണ്ട, വിമര്‍ശനാത്മകമായി പഠിക്കപ്പെടേണ്ട ഇടപെടലാണ്. ഈ പുസ്തകം ഉന്നയിക്കുന്ന നിരവധി ചോദ്യങ്ങള്‍ ഉണ്ട്. ആരാണ് മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തുന്നത്? ആരുടെ അവകാശങ്ങളെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്? എന്തുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തനം ഒരു ഉപരി വര്‍ഗ രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുന്നു? ഉപരി വര്‍ഗ മനുഷ്യാവകാശ സംരക്ഷകര്‍ മനുഷ്യാവകാശ ലംഘനത്തിന് ഇരയാവുന്ന സമൂഹങ്ങളെ എങ്ങനെയാണ് കാണുന്നത്? മനുഷ്യാവകാശ വ്യവഹാരങ്ങളിലെ മനുഷ്യനെ കുറിച്ചുള്ള ഭാവനയുടെ പ്രത്യേകത എന്താണ്? എന്തുകൊണ്ട് പീഡനത്തിനിരയാവുന്ന വ്യക്തിക്ക് സ്വയം സംസാരിക്കാന്‍ കഴിയാതെ പോവുന്നു? ഇങ്ങനെ തീക്ഷ്ണമായ നിരവധി ചോദ്യങ്ങളെ ഈ പുസ്തകം ഉയര്‍ത്തി പിടിക്കുന്നു. അതിലൂടെ പീഢനത്തിനു ഇരയാവുന്ന സാമൂഹിക വിഭാഗങ്ങളുടെ സോഷ്യല്‍ ഏജന്‍സിയെ യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങാതെ ഈ പുസ്തകം ഉയര്‍ത്തിപ്പിടിക്കുന്നു. കാരണം, കഴിഞ്ഞ നാല് നൂറ്റാണ്ടില്‍ ലോകംകണ്ട ഏറ്റവും വലിയ വിമോചന പോരാട്ടം അടിമകള്‍ അടിമത്തം നിരോധിക്കാന്‍ നടത്തിയ പോരാട്ടവും കോളനിവല്‍ക്കരിക്കപ്പെട്ടവര്‍ അതിനെതിരെ നടത്തിയ പോരാട്ടവും ആയിരുന്നു. ഇത് രണ്ടിന്റെയും പ്രത്യേകത പ്രസ്തുത പ്രശ്‌നങ്ങള്‍ അനുഭവിച്ച വിഭാഗങ്ങള്‍ നടത്തിയ പോരാട്ടം തന്നെയാണ് അവര്‍ക്ക് മോചനം നല്‍കിയത്. അല്ലാതെ, യൂറോപ്പിലെ വന്‍ നഗരങ്ങളിലെ ഉപരിവര്‍ഗ മനുഷ്യാവകാശവാദികള്‍ വിപ്ലവം ഇറക്കുമതി ചെയ്തതുകൊണ്ടല്ല. ഈ തിരിച്ചറിവും അതുണ്ടാക്കുന്ന പുതിയ ചോദ്യങ്ങളും ഇന്നത്തെ മനുഷ്യാവകാശ രാഷ്ട്രീയത്തെ കുറിച്ച് നാം ഏറെ ജാഗ്രതയോടെ തന്നെ അന്വേഷിക്കേണ്ടതുണ്ട്.

1. ഉത്തരാധുനികതയുടെ ചിന്താപരമായ ഫാഷന്‍ ഭ്രമങ്ങളെ തുറന്നുകാട്ടി അലന്‍ സോകലിനോടൊപ്പം എഴുതിയ Fashionable Nonsense : Postmodern Intellectuals Abuse of Science  ഏറെ കോളിളക്കം ഉണ്ടാക്കിയ ബ്രിക്‌മോന്റിന്റെ മറ്റൊരു പുസ്തകമാണ്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top