മുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവിയുടെ ശാസ്ത്ര സംവാദങ്ങളിലൂടെയുള്ള നിരീക്ഷണങ്ങള്‍

കെ.എസ് ഷമീര്‍‌‌
img

ഖുര്‍ആനിക ജ്ഞാനശാസ്ത്രം വളരെ സംക്ഷിപ്തമായി ഈ വചനങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അറിവിന്റെ ഈ ദര്‍ശനം ശാസ്ത്രീയവും മാനവികവുമായ ചിന്താ ധാരകളെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് ആലോചനക്ക് പറ്റിയ ഒരു വിഷയമാണ്. ഭൂമിയോളവും കണ്‍കാണാ പ്രപഞ്ചത്തോളവും കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഓരോ മൗസ് ക്ലിക്കിലും വിരിയുകയും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പടരുകയും ചെയ്യുന്ന സ്ഥലവിസ്തൃതിയോളവും(cyber space) വിശാലമായ വിവരങ്ങളുടെ ആകത്തുകയാണ് ജ്ഞാനമെന്നു കരുതുന്ന അല്‍പത്തരത്തെയാണ് ഖുര്‍ആന്‍ വെല്ലുവിളിക്കുന്നത്. അതേ സമയം, മറ്റു സന്ദര്‍ഭങ്ങളില്‍ നിരീക്ഷണത്തിന്റെയും അപഗ്രഥനത്തിന്റെയും യുക്തിയുടെയും സാകല്യത്തെ ദൈവബോധത്തിന്റെയും നൈതികതയുടെയും അടിത്തറയായി ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് കാണാം. 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ' എന്ന ആഹ്വാനം ഖുര്‍ആനില്‍ അടിക്കടി വരുന്നുണ്ട്. നിരീക്ഷണത്തിന് യോഗ്യമായ ഭൗതിക പ്രപഞ്ചത്തിന്റെ വൈവിധ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുമ്പോഴാണ് ചിന്തയും യുക്തിയും ഉദ്ദീപിപ്പിക്കുന്ന അനുശാസനകള്‍ ഖുര്‍ആനില്‍ വരുന്നത്. ദൃശ്യ പ്രപഞ്ചത്തെയും അതിനെ അറിയാനുള്ള യുക്തിയെയും ഊന്നുമ്പോഴും അതിന്റെ അറ്റം നിമ്‌നലോകമല്ല എന്ന കാഴ്ചപ്പാട് ഇസ്‌ലാമിനെയും ശാസ്ത്രത്തെയും കുറിച്ച് എഴുതുമ്പോള്‍ മുഖവുരയായി പറയേണ്ടതുണ്ട് എന്ന് തോന്നുന്നു.
പാശ്ചാത്യ നവോത്ഥാനത്തിന്റെ അച്ചില്‍ വാര്‍ന്ന് വീഴുകയും സ്വയം ഒരു വാര്‍പ്പ് മാതൃകയായി പ്രതിഷ്ഠിക്കുകയും പ്രചരിക്കുകയും ചെയ്ത ആധുനിക ശാസ്ത്രത്തിന്റെ ജ്ഞാനദര്‍ശനം ഭൗതികതയുടെ അതിരുകള്‍ക്കകത്ത് ജീവിതത്തെ തളച്ചിടുന്ന ഒന്നായി വിഭാവനം ചെയ്യപ്പെടുന്നുണ്ട്. മതേതരമായ ഒരു പരിസരത്ത് വളരുകയും ആ പരിസരത്തെ ലോകം മുഴുവനും സ്വീകരിക്കപ്പെടേണ്ട അടിസ്ഥാന മൂല്യമായി (fundamental) വളര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് ശാസ്ത്രത്തിന്റെ വേരുകള്‍. ഇ.എഫ് ഷൂമാക്കറെ പോലുള്ളവര്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ( E. F. Schumacher: 1977).
ഇസ്‌ലാമും ശാസ്ത്രവും എന്ന് പറയുമ്പോള്‍ ഇസ്‌ലാമിനെ ശാസ്ത്രവുമായി അനുരഞ്ജിപ്പിക്കുവാനുള്ള താല്‍പര്യമാണ് എക്കാലവും ഉണ്ടായിരുന്നത്. ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടാത്ത മതമല്ല ഇസ്‌ലാം എന്ന് തെളിയിക്കാനുള്ള ക്ഷമാപണവും വ്യഗ്രതയും അനുരഞ്ജനത്തിന് ഒരുങ്ങുന്ന അധികമാളുകള്‍ക്കും ഉണ്ട്. എന്നാല്‍, ശാസ്ത്രീയമായ ഒരു മനോനില (നിരീക്ഷണം, യുക്തി എന്നിവയിലൂടെ അറിഞ്ഞതിനെ അപഗ്രഥിക്കാനും നിഗമനത്തെ ഊഹത്തില്‍ നിന്ന് വിമുക്തമാകാനും ഉള്ള മനോനില) വളര്‍ത്തുന്നതിനപ്പുറം ശാസ്ത്രത്തിന്റെ ഭൗതികമായ ലക്ഷ്യത്തിലേക്ക് ഇസ്‌ലാമിനെ ചേര്‍ത്തു വെക്കുവാനാണ് അവര്‍ ശ്രമിച്ചത്. ഇസ്‌ലാം, ശാസ്ത്രം എന്ന രണ്ട് ദ്വന്ദങ്ങള്‍ അല്‍ബിറൂനിയെപ്പോലൊരു ബുദ്ധിജീവിയുടെ മുമ്പില്‍ ഉണ്ടായിരുന്നില്ല. ഊഹം, നിമ്‌നലോകം എന്നീ രണ്ട് സങ്കുചിതത്വങ്ങള്‍ക്കെതിരായ ജിഹാദ് ആയിരുന്നു അദ്ദേഹം നടത്തിയത്. ഇസ്‌ലാമും ശാസ്ത്രവും എന്ന് പറയുമ്പോള്‍ ഈ സങ്കുചിതത്വങ്ങളാണ് നിലനില്ക്കുന്നത്. ശാസ്ത്രീയമായ ഒരു സിദ്ധാന്തം ഖുര്‍ആനികമായി ശരിയാണ് എന്ന# പറയുന്ന പല പ്രസ്താവനകളും ഊഹപ്രേരിതമാണ്. പലതും ആത്യന്തികമായി ഭൗതികവുമാണ്. ദൈവബോധം ഉണ്ടാകുവാനും ഭൗതികതയില്‍ ദൈവത്തിന്റെ രീതികളും നടപടികളും അറിയാനും ഭൗമ സങ്കല്‍പത്തെ അതിജയിക്കുന്ന തൗഹീദിന്റെ പ്രഭാവം കണ്ടെത്താനും ഉള്ള താല്‍പര്യത്തിനപ്പുറം ഖുര്‍ആനെ ഭൗതികമായ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഒരു പ്രസ്താവനയോട് രാജിയാക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്.
2
അല്ലാമാ യുസുഫ് അലിയുടെ ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷയില്‍ ഭൗതിക പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ വിവരണങ്ങളും വ്യാഖ്യാനങ്ങളും ഒരു കാലത്തെ ഇന്ത്യന്‍ മുസ്‌ലിം ധിഷണയുടെ സ്വഭാവ സവിശേഷതകള്‍ വരച്ചു കാട്ടുന്നുണ്ട്. അദ്ധ്യായം 55:19 ന് അദ്ദേഹം നല്‍കുന്ന വ്യാഖ്യാനം ശ്രദ്ധിക്കുക. പരസ്പരം കണ്ടു മുട്ടുന്ന, എന്നാല്‍ സ്വതന്ത്രമായി ഒഴുകുന്ന രണ്ടു സമുദ്രങ്ങളെ കുറിച്ച് പറയുമ്പോള്‍ ചെങ്കടലിന്റെ സവിശേഷമായ പ്രത്യേകത പറയുകയും തൊട്ടടുത്ത വചനത്തിന്റെ വ്യാഖ്യാനത്തില്‍ പവിഴത്തിന്റെ ശാസ്ത്രീയവും ഭൗതികവുമായ പ്രത്യേകതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന യൂസുഫ് അലിയുടെ ആഖ്യാനം ഞൊടിയിടയില്‍ മാറുന്നത് കാണാം. പവിഴത്തിന്റെ ഭൗതിക സത്തയില്‍ നിന്ന് അതിന്റെ അതിഭൗതികമായ വിശേഷണങ്ങളിലേക്ക് തെന്നിമാറുന്ന അയവാണ് (flexibility) ഒരു കാലത്ത് ഇസ്‌ലാമിക നാഗരികത സ്വാംശീകരിച്ചതും ആഫ്രിക്കന്‍ നാഗരികതയെപ്പോലെ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ അടിസ്ഥാനം ഊട്ടിയുറപ്പിച്ചതും. ശാസ്ത്രീയമായ നിഗമനങ്ങളോട് ഖുര്‍ആനിക പ്രസ്താവനകളെ അനുരഞ്ജിപ്പിക്കുമ്പോഴും അതില്‍ വിട്ടു പോയ ആത്മീയമായ ശൂന്യതകളെ അദ്ദേഹം നികത്തുന്നു. എന്നാല്‍, യുസുഫ് അലിയെ വായിക്കുകയും അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെടുകയും ചെയ്ത കേരളത്തിലെ ചിന്തകര്‍ യുസുഫ് അലിയെപ്പോലെ ബാഹ്യാര്‍ത്ഥത്തിന്റെ ബഹുത്വത്തില്‍ നിന്ന് ആന്തരികാര്‍ത്ഥത്തിന്റെ എകത്വത്തിലെക്ക് അനായാസം ഒഴുകി നീങ്ങിയിട്ടുണ്ടോ? ഈ ചോദ്യത്തിന് മറുപടി പറയുവാനാണ് യൂസുഫ് അലിയുടെ വ്യാഖ്യാനത്തിന്റെ അര്‍ത്ഥഘടനയോട് ഇണങ്ങുന്ന ഒരു പരിഭാഷ മലയാളികള്‍ക്ക് നല്‍കിയ, ശാസ്ത്രാവബോധവും ചിന്തയും സായത്തമാക്കിയ ബഹുതലസ്പര്‍ശിയായ ഒരു പണ്ഡിതന്റെ മുട്ടാണിശേരില്‍ കോയാക്കുട്ടി മൗലവിയുടെ ശാസ്ത്ര വിചാരത്തെ ചര്‍ച്ച ചെയ്യുമ്പോള്‍ ഞാന്‍ ശ്രമിക്കുന്നത്.
3
മതം ശാശ്വത സത്യവും ശാസ്ത്രം ആപേക്ഷിക സത്യവും സാഹിത്യം ആലങ്കാരിക സത്യവുമാണെന്ന് മൗലവി പലപ്പോഴും പറയുമായിരുന്നു. ഈ നിര്‍വ്വചനം അദ്ദേഹത്തിന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുമുണ്ട്. ഇത്തരമൊരു നിര്‍വചനത്തിനും അപ്പുറമുള്ള സൂക്ഷ്മഭേദങ്ങള്‍ അറിയാവുന്ന ഒരാള്‍ ഈ ready-made നിര്‍വചനത്തിന്റെ തീര്‍പ്പിലേക്ക് എത്തിച്ചേര്‍ന്നത് എന്നെ സംബന്ധിച്ചിടത്തോളം ഇന്നും അതിശയമാണ്. ഇതില്‍ മതം എന്താണ്? ഇസ്‌ലാം, religion എന്നീ രണ്ട് വാക്കുകള്‍ ശബ്ദോല്‍പത്തിശാസ്ത്രപരമായി (teymology) ദൈവ സമര്‍പ്പണം, കീഴടങ്ങല്‍ എന്നീ സാരങ്ങളെ ധ്വനിപ്പിക്കുന്നുണ്ട്. പക്ഷേ, താത്ത്വികമായി അത് ശരിയാണെങ്കിലും മതം പ്രയോഗത്തില്‍ ശാശ്വത സത്യത്തെ കുറിച്ചുള്ള അധികാരത്താല്‍ നിയന്ത്രിതമായ വിഭിന്നമായ അറിവുകളാണെന്ന (discourse) വാദഗതിയെ മൗലവി അംഗീകരിച്ചിരുന്നില്ല. ഈ അറിവുകള്‍ക്കപ്പുറത്ത് യുസുഫ് അലിയുടെ വ്യാഖാനങ്ങളില്‍ കാണുന്ന പോലെ ആത്മീയവും അതിഭൗതികവുമായ മാനം നിലനില്ക്കുന്നുണ്ട്. അത് ശാശ്വത സത്യത്തിലേക്കുള്ള വഴി കാട്ടിയാണ് എന്നതിനപ്പുറം discourse ആയി നിലനില്‍ക്കുന്ന അറിവുകളെയാണ് അദ്ദേഹം ശാശ്വത സത്യമായി നിര്‍വചിച്ചത്.
അതുപോലെ ശാസ്ത്രം ആപേക്ഷിക സത്യമാണെന്ന് പറയുമ്പോള്‍ യഥാര്‍ത്ഥ സത്യം വെളിപ്പെടുന്നത് വരെ നിലനില്‍ക്കുന്ന നിഗമനങ്ങള്‍ ആപേക്ഷികമായി ശരിയും സത്യവും ആണെന്ന ധാരണ വരുന്നുണ്ട്. ഫിസിക്‌സില്‍, ന്യൂട്ടന്റെ കാലഘട്ടത്തില്‍ നിലനിന്ന പല ധാരണകളും പില്‍ക്കാലത്ത് തിരുത്തപ്പെട്ടിട്ടുണ്ട്. പക്ഷേ ന്യൂട്ടന്റെ നിഗമനങ്ങള്‍ ആപേക്ഷികമായി സത്യമാണ് എന്ന് വരുന്നു. ഒപ്പം തിരുത്തപ്പെടാത്ത ഒരു നിഗമനത്തിന്റെ കുറച്ചു കാലത്തേക്കുള്ള (provisional) സ്വീകാര്യതയായി ഇത് മാറുന്നു. അതിന്റെ രാഷ്ട്രീയവും അല്ലാതെയുമുള്ള ശരികേടുകള്‍ പരിഗണനക്ക് വരുന്നതേയില്ല. ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ ശരികേടുകള്‍ കാണാതെ പോകുന്നതം ഇബ്‌നു ഖല്‍ദൂന്റെ നരവംശ നിരീക്ഷണങ്ങളിലെ വംശീയതയെ ചോദ്യം ചെയ്യാതെ അംഗീകരിക്കേണ്ടി വരുന്നതും അതുകൊണ്ടാണ്.
4
ഉമയ്യദ്, അബ്ബാസിയ്യ കാലഘട്ടത്തിലെ പുഷ്‌കലമായ നാഗരികതയും അതിന്റെ പ്രഭാവത്തിന് ഇസ്‌ലാമിക സംസ്‌കാരം നല്‍കിയ സംഭാവനയും ദേശരാഷ്ട്രങ്ങളുടെ സ്വഭാവത്തെ കുറിച്ച് കോളനിയാനന്തര ദേശങ്ങളില്‍ (post -colonial nations) ബുദ്ധിജീവികളുടെ ഇടയില്‍ നിലനിന്ന സംവാദങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. മുട്ടാണിശേരി മൗലവിയും ആ സംവാദങ്ങളെ പിന്തുണക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇഖ്ബാല്‍, ജിന്ന, സര്‍ സയ്യിദ് എന്നിവര്‍ രാഷ്ട്രനിര്‍മിതിയുടെ ഭാഗമായി ശാസ്ത്രപുരോഗതിയെ വിലയിരുത്തുന്നത് കാണാം. ഈ വിലയിരുത്തല്‍ ഇഖ്ബാല്‍ വിഭാവനം ചെയ്തതുപോലെ ആദര്‍ശാത്മകമോ (ideal) ജിന്നയും നെഹ്‌റുവും ചെയ്തത് പോലെ പ്രായോഗിക രാഷ്ട്രീയത്തിന്റെ മണ്ഡലത്തിലോ ആകാം. നാഗരിക/ ദേശീയ വികാസത്തിനുള്ള tool മാത്രമായിരുന്നു ഇവിടെ ശാസ്ത്രം. ഗവേഷണ, പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ഗ്രാന്റ് നല്‍കി ദേശം ശാസ്ത്രത്തെയും, പുതിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കി ശാസ്ത്രം ദേശത്തെയും സഹായിക്കുന്നു. ഇസ്‌ലാമിക ലോകത്ത് ഇതിന്റെ മാതൃക സുവര്‍ണ കാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്ന അബ്ബാസിയ്യ കാലഘട്ടമാണ്.
ശാസ്ത്രജ്ഞരെ ഭരണകൂടം പിന്താങ്ങുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതു വഴി ഭരണകൂടത്തിന്റെ പുരോഗതിക്ക് സഹായകമാവുന്ന വിധം അവരുടെ 'അനുസരണ' ഉറപ്പ് വരുത്താന്‍ കഴിയുന്നു. ഇബ്‌നു ഖല്‍ദൂന്‍, മുആവിയ തുടങ്ങിയവരോടുള്ള മുട്ടാണിശേരി മൗലവിയുടെ കടപ്പാട്, ഭരണകൂടത്തോടുള്ള അനുസരണക്കേട് (rebellion) താങ്ങാന്‍ കഴിയുന്നതല്ല എന്ന ഇര്ജാ (quietism) മനോഭാവം മൗലവിയുടെ രാഷ്ട്രീയ ചിന്തയില്‍ ഉടലെടുക്കുന്നതിന് വഴിയൊരുക്കിയതായി മറ്റൊരു സന്ദര്‍ഭത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട് (ഷമീര്‍: )
ഭരണകൂടം, ശാസ്ത്രം എന്നിവയുടെ കൃത്യമായ പ്രതിപ്രവര്‍ത്തനത്തെയും അതിന്റെ സാധൂകരണത്തിനു ഇസ്‌ലാമിക സുവര്‍ണ കാലഘട്ടങ്ങളുടെ മാതൃക സ്ഥാപിക്കുന്നതിനെയും ന്യായീകരിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍:
അ) ഭരണകൂടം നിര്‍വ്വചിച്ച വ്യക്തമായ പോളിസി അനുസരിച്ചായിരുന്നില്ല ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിച്ചിരുന്നത്. അല്‍ ബിറൂനിയേയോ കിന്ദിയെയോ റാസിയെയോ ശാസ്ത്രജ്ഞര്‍ എന്ന് വിളിക്കുന്നത് അവരെ ന്യൂനീകരിക്കലാണ്. ഇന്നത്തെ സ്‌പെഷലൈസേഷനോ ശാസ്ത്ര പോളിസിയോ ശ്വാസം മുട്ടിക്കുന്ന നിബന്ധനകളോ ഇല്ലാത്തതുകൊണ്ട് അക്കാലത്തെ അറിവിന്റെ മേഖല സ്വതന്ത്രവും ജനകീയവും വൈവിധ്യവുമായിരുന്നു. തങ്ങള്‍ സ്വയം സ്ഥാപിച്ച പോളിസി അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഇ) ഭരണകൂടവും ബുദ്ധിജീവികളും തമ്മിലുള്ള ബന്ധം പൂര്‍ണമായും പാരസ്പര്യത്തിന്റേതായിരുന്നില്ല. ഉദാരമായ പരിലാളനം ഖലീഫാ മുതവക്കിലിന്റെ കാലത്ത് ഉലമാക്കള്‍ക്ക് നല്‍കിപ്പോന്നിരുന്നെങ്കിലും അതിന് തൊട്ട് മുമ്പായി ഖലീഫാ മഅ്മൂന്റെ കാലത്ത് ഭരണകൂടത്തെ വിമര്‍ശിച്ചിരുന്ന പണ്ഡിതരെ ദ്രോഹവിചാരണയിലൂടെ ശിക്ഷിക്കുവാന്‍ തീരുമാനിച്ച സംഭവം ഉദാഹരണം. ഇമാം അഹ്മദ് ഇബ്‌നു ഹമ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് വാങ്ങിയ ഈ സംഭവം ബുദ്ധിജീവികളെ ഭരണകൂടത്തിന്റെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമമായി കണക്കാക്കപ്പെടുന്നു.
അല്‍ബിറൂനിയെ കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥങ്ങളില്‍ (അടുത്തിടെ പുറത്തിറങ്ങിയ സയ്യിദ് മിര്‍സയുടെ The Monk, Moor and Moses Ben Jalloun ഉള്‍പ്പെടെയുള്ള കൃതികളില്‍) അദ്ദേഹവും ഖലീഫമാരും തമ്മിലുള്ള സംഘര്‍ഷഭരിതമായ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. പലപ്പോഴും ഉലമാക്കള്‍ക്കെതിരെയുള്ള ഭരണകൂടത്തിന്റെ ഇടപെടലുകള്‍ മിന്‍ഹ ഉള്‍പ്പെടെയുള്ള നടപടികള്‍) പരാജയപ്പെട്ടതിന്റെ കാരണം ഏകാധിപതികളായ ഖലീഫമാരുടെ മറുഭാഗത്ത് പൊതുജനത്തിന്റെ ഇച്ഛയും, ആത്മീയമായ പിന്തുണയും ഉലമാക്കള്‍ക്ക് ലഭിച്ചതുകൊണ്ടാണ്.
ഉലമാക്കളുടെ സ്വാധീനം വര്‍ദ്ധിക്കുമെന്നുള്ളത് കൊണ്ടും ജിസ്‌യ നികുതിയില്‍ കുറവ് വരുമെന്നതുകൊണ്ടും ഖലീഫമാര്‍ മതം മാറ്റത്തെ പിന്തുണച്ചിരുന്നില്ലെന്ന് ആദം സില്‍വര്‍സ്‌റ്റെയിന്‍ അഭിപ്രായപ്പെടുന്നു. (Adam Silverstein).
മതം ശാശ്വത സത്യമാണ് എന്ന് പറയുമ്പോള്‍, ഭരണകൂടം ഏകീകരിക്കാന്‍ ശ്രമിക്കുമ്പോഴും വൈവിധ്യവത്കരിക്കപ്പെടുന്ന അറിവിന്റെ മണ്ഡലം മതപരവും ഭൗതികവുമായ ജ്ഞാനങ്ങളെ വിഭിന്നമാക്കുകയും സ്‌പെഷിലൈസേഷന്റെ അതിര്‍ വരമ്പുകളെ അതിജയിക്കുന്ന ഒന്നായി നിലനില്‍ക്കുകയും ചെയ്തു. ബുദ്ധിജീവികളുടെ മാര്‍ഗം മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യത്തില്‍ പറയുന്നതു പോലെ ഭൗതിക താല്‍പര്യങ്ങക്കും ലക്ഷ്യങ്ങള്‍ക്കും അതീതമായതുകൊണ്ടും മരുഭൂമിയുടെ സവിശേഷമായ സാംസ്‌കാരികബോധത്തില്‍ നിലനിന്ന അനിശ്ചിതത്വത്താല്‍ സ്വാധീനിക്കപ്പെട്ടതുകൊണ്ടും ഊര്‍ജ്ജസ്വലമായിരുന്നു. പക്ഷേ, (അതിനാല്‍) നാഗരിക ചോദനകളെയും ഭൗതിക പുരോഗതിയും അതിന്റെ പ്രഭാവം സ്വാധീനിക്കുകയും ചെയ്തു.
ഉ) നെഹ്രുവിയന്‍ കാലഘട്ടത്തില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണ് ശാസ്ത്രം രാഷ്ട്രപുരോഗതിക്ക് എന്നത്. ശാസ്ത്രത്തെ പ്രയോജനവാദത്തിനു (utilitarianism) വേണ്ടി പരിമിതപ്പെടുത്തുന്ന ഈ കാഴ്ചപ്പാട് കോളനീകരണത്തിനു വിധേയമായ എല്ലാ സമൂഹങ്ങളിലും രാഷ്ട്രനിര്‍മാണ ഘട്ടത്തില്‍ സ്വീകാര്യമായി. രാഷ്ട്രനിര്‍മാണത്തിന്റെയും പോളിസിയുടെയും ആവശ്യത്തിനുവേണ്ടി ചുരുങ്ങുന്ന ശാസ്ത്രം ഭൗതികതയുടെ സാമ്പത്തീകരാഷ്ട്രീയ രൂപമായ മുതലാളിത്തത്തിന്റെ ഉപകരണം മാത്രമാണ്.
5
ഗണിത ശാസ്ത്രവും തത്ത്വശാസ്ത്രവും പരസ്പരം ഇണങ്ങുന്ന രണ്ട് ധാരകളാണ്. ലോജിക്ക് ആശ്രയിക്കുന്നത് ആത്യന്തികമായി ഗണിതശാസ്ത്രപരമായ അനുമാനത്തെയാണ്. ആല്‍ഫ്രെഡ് നോര്‍ത്ത് വൈറ്റ്‌ഹെഡും ബെര്‍ട്രാണ്ട് റസലും ചേര്‍ന്നെഴുതിയ Principia Mathematica തത്ത്വശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും ചര്‍ച്ചയ്ക്ക് അടിവരയിടുന്ന ഗ്രന്ഥമാണ്. മുട്ടാണിശേരി മൗലവിയെപ്പോലെ ഈ കൃതി വളരെ സൂക്ഷ്മമായി വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത അപൂര്‍വ്വം ആളുകളേ കേരളത്തില്‍ ഉള്ളൂ. മൗലികതത്ത്വം (axiom), മാറ്റം വരുന്ന പരിവര്‍ത്തിത വസ്തുക്കള്‍ (variables) തുടങ്ങിയവ തമ്മിലുള്ള വ്യത്യാസങ്ങള്‍ റസലും വൈറ്റ്‌ഹെഡും അടിവരയിടുന്നുണ്ട്. ഇഖ്ബാലിനെ (മുട്ടാണിശേരി മൗലവിയെയും) ആകര്‍ഷിച്ചത് തൗഹീദ്, ബഹുത്വം എന്നിവയോട് മഃശീാ, ്മൃശമയഹലന്റെ സാദൃശ്യതയാണ്. എന്നാല്‍ ഇബ്‌ന് അറബിയുടെ തത്ത്വശാസ്ത്രത്തില്‍ ഈ ചിന്തകള്‍ കടന്നുവരുന്നുണ്ട്. ഉന്മത്തരായ സൂഫികളോടുള്ള (intoxicated sufis) ഇഖ്ബാലിന്റെ വിപ്രതിപത്തിയാകാം ഇബ്‌നു അറബിയെ അദ്ദേഹം ആ തലത്തില്‍ വായിക്കാതിരുന്നതിന്റെ കാരണം. സൂഫിസത്തിന്റെ കാര്യത്തില്‍ മുട്ടാണിശേരി മൗലവി പിന്തുടര്‍ന്നത് ഇഖ്ബാല്‍ പ്രോത്സാഹിപ്പിച്ച സമചിത്തരായ സൂഫികളെയാണ് (sober sufis). പ്രപഞ്ചാസ്ഥിത്വവും അതിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന തൗഹീദും ഇബ്‌നു അറബി വളരെ ഗഹനമായി രേഖാഗണിതത്തിന്റെയും (geometry), സംഖ്യകളുടെയും (numbers) രൂപകങ്ങളിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്:
'എണ്ണം മുഴുവനും ഒന്നാണ്. ആയിരത്തില്‍ നിന്ന് ഒന്ന് കുറച്ചാല്‍ ആയിരം എന്ന നാമവും യാഥാര്‍ഥ്യവും ഇല്ലാതാവുന്നു. 999 എന്ന മറ്റൊരു യാഥാര്‍ത്യം നിലവില്‍ വരുന്നു. 999ല്‍ നിന്ന് ഒന്ന് കുറച്ചാല്‍ അതിന്റെ രൂപം പോയ്‌പ്പോകുന്നു. ഏതില്‍ നിന്നും ഒന്ന് കുറയുമ്പോള്‍ അതില്ലാതാകുന്നു. ഒന്ന് വരുമ്പോള്‍ അത് നിലവില്‍ വരുന്നു. തൗഹീദ് അത് തന്നെയാണ്. പരിശോധിച്ച് നോക്കൂ നിങ്ങള്‍ എവിടെയായിരുന്നാലും അവനുണ്ടവിടെ (ഹദീദ് 57:4) [Winkle:53]
ഇതിനേക്കാള്‍ ഗഹനവും സൂക്ഷ്മവുമാണ് അദ്ദേഹത്തിന്റെ ജാമിതീയമായ വിശകലനങ്ങള്‍. ഭൗതിക പദാര്‍ത്ഥത്തിന്റെയും അസ്ഥിത്വത്തിന്റെയും സൂചനയായ വൃത്തവും അതിന്റെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന, അതിര് തിരിക്കുവാനാകാത്ത അന്തഃസാരത്തിന്റെ സൂചനയായ വൃത്തകേന്ദ്രവും ബഹുത്വവും ഏകതയും പ്രകടമാക്കുന്ന ജാമിതീയ രൂപകങ്ങളാണ്. ഭൗതികതയില്‍ ഒടുങ്ങുകയും അടങ്ങുകയും ചെയ്യാത്ത മുസ്‌ലിം സര്‍ഗചേതനയുടെ ആവിഷ്‌കാരമാണിത്. Principia പഠിപ്പിച്ച ക്ലാസ്സുകളില്‍ മുട്ടാണിശേരി മൗലവി പലവുരു ഈ തത്ത്വം പറഞ്ഞിട്ടുണ്ട്, ഇബ്‌നു അറബിയോളം ഗഹനമായിട്ടല്ലെങ്കിലും. ഇബ്‌നു അറബിയെ അദ്ദേഹം വായിച്ചിരുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍. പക്ഷേ, തന്റെ പൊതുവായ എഴുത്തുകളിലും, പ്രഭാഷണങ്ങളിലും ഇത്തരം ചിന്തകളെ പറ്റി അദ്ദേഹം പറഞ്ഞിരുന്നില്ല. അദ്ദേഹം പറയുകയും പ്രചരിപ്പിക്കുകയും ചെയ്തതാകട്ടെ റഷാദ് ഖലീഫ ആഘോഷിച്ച 19ന്റെ രഹസ്യങ്ങളാണ്. ഖുര്‍ആന്‍ മുഴുവനും പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന മഹത്തായ അക്കമാണ് 19 എന്നും ഖുര്‍ആനിലെ നിഗൂഢമായ പദങ്ങളുടെ സാരം 19 ആണെന്നും 'തിസ്അത്ത ആശരീങ്ങള്‍' (പത്തൊമ്പതന്മാര്‍) പറഞ്ഞു. മൗലവി തന്റെ അര്‍ത്ഥസമ്പുഷ്ടമായ ജീവിതത്തിന്റെ ഏറിയ പങ്കും അതുപറഞ്ഞുകൊണ്ടിരുന്നു. അതിന്റെ വിമര്‍ശകരായി വന്നവര്‍ ജോസഫ് ഇടമറുക്, ബിലാല്‍ ഫിലിപ്‌സ് എന്നിവരായിരുന്നു. ഇടമറുകിന്റെ ഇസ്‌ലാം വിമര്‍ശനത്തിന്റെ ഭാഗമാണ് തന്റെ സിദ്ധാന്തത്തിന്റെ വിമര്‍ശനം എന്ന അഭിമാനത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ബിലാല്‍ ഫിലിപ്‌സ് ഒരു ചിന്തകന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രത്തിന് തത്ത്വശാസ്ത്രത്തിന്റെ കൈത്താങ്ങ് ഇല്ലാതെ വരുമ്പോള്‍ സംഭവിക്കുന്ന അനിവാര്യമായ ദുരന്തമാണിത്. ഗ്രീക്ക് തത്ത്വചിന്തയോടുള്ള ഇഖ്ബാല്‍, ഗസ്സാലി എന്നിവരുടെ വിപ്രതിപത്തിയാണ് മൗലവിക്ക് ഉണ്ടായിരുന്നത്. പക്ഷേ, അത് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് ഖുര്‍ആനിക ഗുപ്തവിദ്യ (occultism)യിലാണ്. ഖുര്‍ആനിലെ നിഗൂഡമായ അക്ഷരങ്ങളെയും സൂത്രങ്ങളെയും കണ്ടെത്താനുള്ള വ്യഗ്രത. മോറിസ് ബുക്കായി, ഹാറൂണ്‍ യഹ്‌യ തുടങ്ങിയ നിരവധി പണ്ഡിതന്മാര്‍ ഒക്കല്‍റ്റുകള്‍ക്ക് പിറകെ പായുകയും ഖുര്‍ആന്‍ ഇതുവരെ കണ്ടെത്തിയതും ഇനി കണ്ടെത്താനിരിക്കുന്നതുമായ ശാസ്ത്രസത്യങ്ങളുടെ സഞ്ചയമാണെന്നുമുള്ള ധാരണ നിലവില്‍ വരുന്നതിന് കാരണക്കാരായിട്ടുമുണ്ട്. ഖുര്‍ആന്‍ പ്രപഞ്ചം നിരീക്ഷിക്കുവാനാണ് ആവശ്യപ്പെടുന്നത്. ടെലിസ്‌കോപ് ഉപയോഗിച്ച് വാനം നിരീക്ഷിക്കേണ്ടവര്‍ ലെന്‍സ് ഉപയോഗിച്ച് ഖുര്‍ആന്‍ പരതുകയാണുണ്ടായത്. ഇസ്‌ലാമും ശാസ്ത്രവും എന്ന ലേബലിന്റെ ആകത്തുകയാണത്. നാഗരികതയുടെ പുനര്‍സൃഷ്ടി വേദങ്ങളിലെ നിഗൂഢമായ ശാസ്ത്ര സത്യങ്ങള്‍ കണ്ടെത്തുന്നതിലാണെന്ന് ധരിച്ച് അതിപ്രസരിപ്പോടെ (hyperactive) നിഷ്‌ക്രിയമായ ഒരു തലമുറ എല്ലാ മത സമൂഹങ്ങളിലും ഉണ്ടായിട്ടുണ്ട്.
6
മുട്ടാണിശേരി മൗലവിയുടെ അപ്രകാശിത ഗ്രന്ഥമാണ് ഭാഷാശാസ്ത്ര വിശകലനത്തിലൂടെ ഖുര്‍ആനും പരിണാമസിദ്ധാന്തവും തമ്മിലുള്ള സാധര്‍മ്യങ്ങളെ പരിശോധിക്കുന്ന ഗ്രന്ഥം. 'ആദമിനോടും ഇണയോടും സ്വര്‍ഗത്തില്‍നിന്ന് പുറത്തു പോകാന്‍ കല്‍പിക്കാന്‍ ഉപയോഗിക്കുന്ന ara എന്ന ക്രിയയുടെ (ബഖറ 2:38) സര്‍വ്വനാമം സൂചിപ്പിക്കുന്ന ബഹുവചനത്തിന്റെ സൂചിതം എന്ത് (ആദം, ആദമിന്റെ ഇണ, x, y, z) എന്ന ചോദ്യത്തില്‍ നിന്ന് തുടങ്ങുന്ന അന്വേഷണം യേശുവിന്റെയും ആദമിന്റെയും ജനനത്തിന് ഹേതുവായതായി മൗലവി നിരീക്ഷിക്കുന്ന polyploid (രണ്ട് സെറ്റ് ക്രോമസോമുകള്‍ അടങ്ങിയ സാവയവ ജീവിയാണ് പോളിപ്ലോയിഡു), parthenogenesis (ബീജസങ്കലനം കൂടാതെ അണ്ഡം ഒരു പുതിയ വ്യക്തിയായി പരിണമിക്കുന്ന അവസ്ഥ) തുടങ്ങിയവയുടെ ചര്‍ച്ചയിലൂടെ പുരോഗമിക്കുന്നുണ്ട്. മൗലവിയുടെ പാണ്ഡിത്യത്തിന്റെയും വിശകലനബുദ്ധിയുടെയും പ്രഭാവം ഈ ഗ്രന്ഥത്തിലുണ്ട്. ഒരു പക്ഷേ, നിഗമനത്തിന്റെ കാര്യത്തില്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നുണ്ടെങ്കിലും. ഉത്തര ഡാര്‍വിനിയന്‍ ചിന്തകളെ ആധാരമാക്കി എന്‍.എം ഹുസൈന്‍ രചിച്ച ഗ്രന്ഥങ്ങളാണ് കുറെക്കൂടി നിസ്സന്ദേഹമായി ഈ വിഷയം അപഗ്രഥനം ചെയ്യുന്നത്. എന്നാല്‍, പരിണാമ സിദ്ധാന്തം കേരളീയ മുസ്‌ലിം പൊതു മണ്ഡലത്തില്‍ എകാത്മകമായിട്ടല്ല ചര്‍ച്ച ചെയ്തത് എന്നത് സമൂഹത്തിന്റെ സുപ്തമായ ഊര്‍ജ്ജസ്വലതയുടെ ലക്ഷണമാണ്. പരിണാമ സിദ്ധാന്തത്തെകുറിച്ചുള്ള സിയാവുദ്ധീന്‍ സര്‍ദാറിന്റെ Reading Quran-se നിരീക്ഷണങ്ങള്‍ ഇതോട് ചേര്‍ത്ത് വായിക്കുക. (Ziauddin Sardar:2011)
7
കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ബാബു ജോസഫ് കയോസ് സിദ്ധാന്തത്തെ കുറിച്ച് മലയാളത്തില്‍ എഴുതിയ പുസ്തകം മൗലവി വിമര്‍ശനാത്മകമായി വായിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. കയോസ് സൂചിപ്പിക്കുന്ന അനിയന്ത്രിതമായ ക്രമരാഹിത്യത്തിന്റെ അവസ്ഥ നിരുപാധികമായ അച്ചടക്കത്തിലൂടെയും ക്രമത്തിലൂടെയും നിലവില്‍വരുന്ന ഖല്‍ദൂനിയന്‍ ലോകാവസ്ഥയില്‍ നിന്ന് വിഭിന്നമായിരുന്നു . പദാര്‍ത്ഥത്തിന്റെ സൃഷ്ടിപ്പിനു മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കുള്ള അനുക്രമമായ പരിവര്‍ത്തനമാണ് കയോസ്. ഒരു വ്യവസ്ഥയുടെ പ്രാഥമിക ഘട്ടത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും നാടകീയ പരിവര്‍ത്തനത്തിന് കാരണമാകുന്നു. കാലാവസ്ഥാ പ്രവചനം, കമ്പ്യൂട്ടിംഗ്, തുടങ്ങിയ മേഖലകളില്‍ ഏറെ സഹായകമായ ഈ സിദ്ധാന്തം ചിത്രശലഭ പ്രഭാവം (ചിത്രശലഭത്തിന്റെ ചിറകിന്റെ ഇളക്കം കാന്‍സാസില്‍ ഭൂകമ്പമുണ്ടാക്കുമെന്ന വാദം) എന്ന ആശയത്തിലൂടെയാണ് പ്രചരിക്കപ്പെടുന്നത്. നമ്മുടെ ഉറച്ച, മാറ്റമില്ലാത്ത ധാരണകളുടെയും, ഭാവി പ്രവചിക്കാനുള്ള ശേഷിയുടെയും അവസാനമായിട്ടാണ് കയോസിനെ സര്‍ദാര്‍ കാണുന്നത് (Ziauddin Sardar:1998)നിലവിലെ സാമൂഹിക പ്രതിഭാസത്തെ വിശദീകരിക്കാനും ആധുനികോത്തരമായ അവസ്ഥകളുടെ വ്യാഖ്യാനമായും അദ്ദേഹം കയോസിനെ പരിചയപ്പെടുത്തുന്നുണ്ട്. (Ziauddin Sardar:2011)
8
മുമ്പ് സൂചിപ്പിച്ച പോലെ അനുസരണ, ക്രമം, രാഷ്ട്ര പുരോഗതിക്ക് ശാസ്ത്രം തുടങ്ങി കയോസിനെ സങ്കല്‍പിക്കാനാവാത്ത ലോക സങ്കല്‍പവും ആധുനികതക്ക് ശേഷം (post modernity) എന്ന് വിളിക്കപ്പെടുന്ന ലോകസങ്കല്‍പവും തമ്മിലുള്ള സങ്കര്‍ഷമാണ് മൗലവിയും സര്‍ദാറും കയോസിനെ വായിക്കുമ്പോള്‍ സംഭവിക്കുന്നത്. രാഷ്ട്ര ചിന്തയില്‍ ഇബ്‌നു ഖല്‍ദൂനും ഫൂക്കോയും തമ്മിലുള്ള വ്യത്യാസവും അതു തന്നെ. (ഷമീര്‍: )
9
ഈ ലേഖനം മൗലവിയുടെ സംഭാവനകളെ കുറച്ച് കാണിക്കുക എന്ന താല്‍പര്യത്തോടെ എഴുതിയതല്ല. അദ്ദേഹത്തിന്റെ സംഭാവനകളെ മുസ്‌ലിം സംസ്‌കാരത്തിന്റെയും നാഗരികതയുടെയും അരങ്ങില്‍നിന്ന് വായിക്കാന്‍ ശ്രമിക്കുകയാണ്. തന്റെ കാലത്ത് ലഭ്യമായ അറിവുകള്‍ ഉപയോഗിച്ച് അപഗ്രഥനത്തിന്റെയും ചിന്തയുടെയും പുതിയ വഴികള്‍ തുറക്കുവാന്‍ അദ്ദേഹം ശ്രമിച്ചു എന്നതില്‍ സംശയമില്ല. അക്ഷീണമായ പരിശ്രമം തന്നെയായിരുന്നു അത്. വിമര്‍ശനമേല്‍ക്കാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍, അത് സംഘടനകളെ ക്കൊണ്ടും സമ്പത്ത് കൊണ്ടും പ്രസിദ്ധീകരണങ്ങള്‍ കൊണ്ടും സമ്പന്നമായ മുസ്‌ലിം പൊതു മണ്ഡലമാണ്. ഒരു ലബോറട്ടറിയോ ടെലിസ്‌കോപ്പോ, അത്യന്തം ബൃഹത്തായ ഗ്രന്ഥശാലയോ ഗ്രാന്റോ ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ സംഭാവന മറ്റൊന്നാകുമായിരുന്നു. പക്ഷേ, അതിനുവേണ്ട സര്‍ഗശേഷിയും ചിന്താശേഷിയും സമൂഹത്തിലെ സമ്പന്നര്‍ക്കോ നേതാക്കള്‍ക്കോ ഇല്ല എന്ന് പരിഭവിച്ചിട്ട് കാര്യമില്ല. നാഗരികത ക്ഷയിക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പറഞ്ഞത് ഇബ്‌നു ഖല്‍ദൂന്‍ ആണല്ലോ?

Reference

1. EF Schumacher, A Guide For The Perplexed, Vintage Classics, 2011, ISBN 9780099480211
2.Adam Silverstein, Islamic History: Islamic History: A Very Short Introduction, Oxford University Press, 2010, ISBN 0199545723
3, Eric Winkle, Alif is not a letter and 1 is not a numbe: Geometry and Number in Ibn Arabi's Metaphysics, Islamic Academic Conference Proceedings, 2012,al Jamia Al Islamiya, Shanthapuram, Perinthalmanna, link to another article on the same topic : https://www.academia.edu/4182729/Alif_is_not_a_letter_and_1_is_not_a_number 

4. ഷമീര്‍, മുട്ടാണിശേരില്‍ കോയാക്കുട്ടി മൗലവിയുടെ വായനയും രാഷ്ട്രീയവും, ക്യാമ്പസ് എലൈവ്‌

5, Saeed Akhtar Mirza, The Monk, the Moor and Moses Ben Jalloun, 2012, HarperCollins India, ISBN 9350292068

6, Ziauddin Sardar, Introducing Chaos: A Graphic Guide, 2008,Icon Books Ltd; New Ed edition, ISBN, 1848310137

7, Ziauddin Sardar, Reading the Quran, 2011, C Hurst & Co Publishers Ltd, ISBN, 1849041075

 

 

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top