ഇസ്‌ലാമും ശാസ്ത്രവും

ഇബ്‌റാഹിം ഖലീല്‍‌‌
img

         ഇസ്‌ലാമും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന ചര്‍ച്ചകള്‍ വിശാലവും രാഷ്ട്രീയക്കാര്‍, വിദഗ്ധര്‍ എന്നിവരില്‍നിന്നും തുടങ്ങി പൊതുജനമധ്യത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു അത്. സിദ്ധാന്തവും പ്രായോഗവും തമ്മിലുള്ള എല്ലായിടത്തും ദൃശ്യമാകുന്ന പ്രശ്‌നങ്ങളെ വെളിപ്പെടുത്തിക്കൊണ്ട് ഈ സംവാദം രണ്ടുതലത്തില്‍ നടന്നുകൊണ്ടിരിക്കുന്നു; പ്രായോഗികരംഗത്തും ബൗദ്ധികരംഗത്തും. പ്രായോഗികരംഗത്ത് വെല്ലുവിളി നിലനില്‍ക്കുന്നത് നമ്മുടെ കാലഘട്ടത്തിന്റെ സാങ്കേതികവിദ്യാസംസ്‌കാരത്തോടൊപ്പം ചലിക്കുക എന്നിടത്തും മുസ്‌ലിം രാജ്യങ്ങളും വികസിത പാശ്ചാത്യ നാടുകളും തമ്മിലുള്ള വിടവില്‍ പാലം തീര്‍ക്കുക എന്നിടത്തുമാ ണ്. ആധുനിക തുര്‍ക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനായ കമാല്‍ അത്താതുര്‍ക്ക് മുതല്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും ധനിക ദരിദ്ര അറബ് രാജ്യങ്ങള്‍ വരെ മുസ്‌ലിം രാജ്യങ്ങളിലെ എല്ലാ ഗവണ്‍മെന്റുകളുടെയും ഉന്നത പരിഗണനയായിരുന്നു; അവര്‍ ആ ലക്ഷ്യത്തില്‍ പരിപൂര്‍ണമായി വിജയിച്ചില്ലെങ്കില്‍ കൂടിയും ശാസ്ത്ര സാങ്കേതികവിദ്യയിലൂടെ തങ്ങളുടെ രാജ്യത്തെ ശാക്തീകരിക്കുക എന്നത്. ഗവണ്‍മെന്റുകളും ബ്യൂറോക്രാറ്റുകളും മാത്രമല്ല, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും സ്വാധീനം ചെലുത്തുന്ന ശാസ്ത്ര സാങ്കേതിക വിദ്യയുടെ ശക്തിയിലും മാസ്മരികതയിലും വളരെയധികം താല്‍പര്യപ്പെട്ട പൊതുജനവും ഇത്തരത്തില്‍ ചിന്തിക്കുന്നുണ്ട്. പുറംലോകവുമായി വേര്‍തിരിക്കാന്‍ കഴിയാത്ത രീതിയില്‍ ഭൂരിപക്ഷ മുസ്‌ലിംകളും നിര്‍ബന്ധിതമായോ സ്വയം താത്പര്യപ്പെട്ടോ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ഉപയോഗിക്കുന്നുണ്ട്.
ശാസ്ത്രത്തിന്റെ പ്രായോഗികവത്കരണം എല്ലാറ്റിനെയും പിന്തുടരുമ്പോള്‍ അതിനെ ചുറ്റിപ്പറ്റിയുള്ള ബൗദ്ധിക അവകാശവാദങ്ങള്‍ ഗൗരവകരമായ പല ചോദ്യങ്ങളുമുയര്‍ത്തുന്നുണ്ട്. വ്യവസ്ഥാപിതമായി പ്രകൃതിയെ പഠിക്കുന്ന രീതിയെന്ന നിലക്ക് ദൈവശാസ്ത്രവുമായും തത്ത്വചിന്തയുമായും കൂടിക്കലര്‍ന്നുനില്‍ക്കുന്ന തത്ത്വശാസ്ത്ര മുന്‍വിധികളുടെ ചട്ടക്കൂടിനുള്ളിലാണ് ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. മതപരമായ, പ്രപഞ്ചോല്‍പത്തി ശാസ്ത്രപരവും അധ്യാത്മികവുമായ ആശയങ്ങള്‍ പ്രകൃതിയുടെ ക്രമത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിനുള്ള ന്യായീകരണ പശ്ചാത്തലം നല്‍കുന്നുണ്ട്. ഈ ആശയങ്ങളും അനുമാനങ്ങളും എല്ലായ്‌പ്പോഴും വ്യക്തമായി വിവരിക്കപ്പെട്ടിട്ടില്ലെങ്കിലും ക്ലാസിക്കല്‍ കാലഘട്ടത്തില്‍നിന്ന് ആധുനിക കാലഘട്ടത്തിലേക്കുള്ള എല്ലാ ശാസ്ത്രപാരമ്പര്യങ്ങളുടെയും ആശയാടിത്തറകളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട് അവ. പോസിറ്റിവിസ്റ്റുകളുടെയും ശുദ്ധശാസ്ത്രവാദികളുടേയും (സയന്റിഫിക് പ്യൂരിസ്റ്റ്)അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി ശാസ്ത്രാന്വേഷണം രൂപപ്പെടുത്തപ്പെട്ടത് ചരിത്ര സാമൂഹിക സന്ദര്‍ഭങ്ങളാലും മുന്‍ഗണനകളാലുമാണ്. 1962ല്‍ പ്രസിദ്ധീകരിക്കപ്പെട്ട തോമസ് കണ്ണിന്റെ 'ദ സട്രക്ച്ചര്‍ ഓഫ് മോഡേണ്‍ ഫിസിക്കല്‍ സയന്‍സും' അതിനെത്തുടര്‍ന്നുണ്ടായ ശാസ്ത്രത്തിന്റെ ഉത്തരാധുനിക വിമര്‍ശനങ്ങള്‍ക്കും വളരെ മുമ്പു തന്നെ എഡ്മണ്ട് ബര്‍ട്ട്‌സിന്റെ 'ഫൗണ്ടേഷന്‍സ് ഓഫ് മോഡേണ്‍ ഫിസിക്കല്‍ സയന്‍സ്' ഉള്‍പ്പെടെ ഒരുപാടു പഠനങ്ങള്‍ -മോഡേണ്‍ നാച്ചറല്‍ സയന്‍സിന്റെ പരോക്ഷവും വ്യക്തവുമായ ധാരണകളെക്കുറിച്ചന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. എത്രമാത്രം 'വസ്തുനിഷ്ഠ'വും 'കൃത്യ'വുമാണത് അവകാശപ്പെടുന്നത് എന്നതൊരു വിഷയമല്ല. സാമൂഹ്യവും ആശയപരവുമായ നിരപേക്ഷതയില്‍ ശാസ്ത്രം പ്രവര്‍ത്തിക്കുന്നില്ല.
ഇസ്‌ലാമിന്റെ വിശുദ്ധഗ്രന്ഥമായ ഖുര്‍ആന്‍ അടിക്കടി ക്രമത്തില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രപഞ്ചോല്‍പത്തിയെക്കുറിച്ചും അതിന്റെ വികാസത്തെക്കുറിച്ചും ശാസ്ത്രവസ്തുതകള്‍ ഉള്‍ക്കൊള്ളുകയും പ്രാപഞ്ചിക ലോകത്തെക്കുറിച്ച് ദൈവത്തിന്റെ അടയാളമെന്ന നിലക്ക് (ആയത്തുല്ല) ചിന്തിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഖുര്‍ആനിക വചനങ്ങള്‍ക്കും ആയത്ത് (ദൃഷ്ടാന്തം) എന്ന് വിളിക്കുന്നുണ്ട്. സൃഷ്ടിപ്പ്, ജീവന്‍, സ്വര്‍ഗം,ഭൂമി, ജീവികള്‍, അപകടമരണങ്ങള്‍, പ്രകൃതിയിലെ ക്രമങ്ങള്‍, അതിന്റെ ഭംഗിയില്‍നിന്നുള്ള വാദങ്ങള്‍, പ്രകൃതിയുടെ ക്രമങ്ങളും മനുഷ്യന്റെ ജീവിതരീതികളും തമ്മിലുള്ള ബന്ധം തുടങ്ങി നാച്വറല്‍ സയന്‍സില്‍ പഠനവിധേയമാക്കുന്ന വിഷയങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നുണ്ട്. പ്രകൃതിപ്രതിഭാസങ്ങളെ നമ്മള്‍ ജീവിക്കുന്ന പ്രകൃതിക്രമങ്ങളുടെ അടിസ്ഥാനങ്ങളായും മഹത്തായ കരവിരുതെന്ന നിലക്കുള്ള ദൈവത്തിന്റെ മനോഹരമായ സൃഷ്ടിപ്പായും ഖുര്‍ആന്‍ അവതരിപ്പിക്കുന്നു; പ്രകൃതിക്ക് മതപരമായ ഒരു അര്‍ഥവും, ജീവികളുടെ മഹത്തായ ശൃംഖലക്കകത്തുള്ള അഭൗതിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ നല്‍കുന്നതിലൂടെ പകരം ശാസ്ത്രത്തിന്റെ ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിന് അടിത്തറ നല്‍കുന്നു. എന്നാല്‍, ഭൗതിക അസ്തിത്വങ്ങളുടെമേല്‍ വെറും മതപരമായ തത്വശാസ്ത്രം കൂട്ടിച്ചേര്‍ക്കുകയല്ല അത് ചെയ്യുന്നത്. എന്നാല്‍, മനുഷ്യനും പ്രകൃതിയെയും പരസ്പരപൂരകമായി വര്‍ത്തിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് നല്‍കുന്നു അത്.

ഇസ്‌ലാമിക ലോകവീക്ഷണവും ആധുനികശാസ്ത്രവും
         ഇസ്‌ലാമിന്റെ സമഗ്രമായ പ്രപഞ്ചവീക്ഷണം ഭൗതികലോകത്തിന്റെ മതേതരവും പദാര്‍ഥപരവും റിഡക്ഷനിസ്റ്റുമായ ആശയങ്ങളുമായി ഏറ്റുമുട്ടുന്നിടമാണ്. യഥാര്‍ഥ അര്‍ഥത്തിലുള്ള ശാസ്ത്രമല്ല മറ്റേത്, എന്നാല്‍ ബദല്‍ ലോകവീക്ഷണമെന്ന നിലക്ക് ശാസ്ത്രീയത(സയന്റിസം) എന്ന് ചിലര്‍ വിളിച്ച ശാസ്ത്രത്തിന്റെ ആശയപരമായ നിര്‍മിതിയാണത്. സയന്റിസം പ്രപഞ്ചത്തിന്റെ മതപരമായ വീക്ഷണത്തെ മാറ്റിമറിക്കുകയും യാഥാര്‍ഥ്യത്തിനുമേല്‍ യാതൊരു അവകാശവാദവുമുന്നയിക്കാന്‍ കഴിയാത്ത സദാചാരവുമായി മതത്തെ ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആധുനിക നിരീശ്വരത്വം എന്തുകൊണ്ടാണ് സയന്റിസത്തെ മതവിശ്വാസത്തിനെതിരായി മിക്കപ്പോഴും ഉപയോഗിക്കുന്നത് എന്ന് ഭാഗികമായി ഇത് വിശദീകരിക്കുന്നു. ഇസ്‌ലാമും ശാസ്ത്രവും തമ്മില്‍ പൊരുത്തപ്പെട്ടു പോകാന്‍ കഴിയുമോ എന്ന ചര്‍ച്ച സയന്റിസത്തിന്റെ പ്രാമാണികമായി തെളിയിക്കപ്പെടാത്ത അവകാശവാദത്തിന്റെയും അതിന്റെ സംശയാസ്പദമായ തത്ത്വശാസ്ത്രപരമായ വാദങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളെപ്പോലെയല്ല.
ലോകത്തിന്റെ രൂപരേഖ മതേതരവത്കരിക്കുക എന്നതായിരുന്നു ശാസ്ത്രവിപ്ലവത്തിന്റെ പ്രധാനഫലം. ഈ പ്രക്രിയയുടെ ഭാഗമായി ഉടലെടുത്ത ശാസ്ത്രീയലോകവീക്ഷണം പ്രകൃതിയുമായി ബന്ധപ്പെട്ടതിനെയെല്ലാം നിര്‍ജീവമാക്കുകയും പ്രകൃതിയില്‍ ഉള്‍ച്ചേര്‍ന്ന ഗുണങ്ങളെ ഒഴിവാക്കുകയും ചെയ്തു. പരമ്പരാഗത മതത്തിന്റെ സൃഷ്ടിവാദങ്ങളെ നിഷേധിക്കുകയും ശാസ്ത്രപദാവലികളില്‍ നിന്ന് പ്രയോജനവാദത്തെ പുറത്താക്കുകയും ചെയ്തു. ഉദാഹരണത്തിന് ഡാര്‍വ്വിന്റെ പരിണാമസിദ്ധാന്തം പാശ്ചാത്യലോകത്ത് മതവും ശാസ്ത്രവും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിന്റെ പ്രതീകമായി മാറുകയും ഭൂരിപക്ഷ മുസ്‌ലിംകളും ഭൂമിയിലെ ജീവനെ വിശദീകരിക്കാന്‍ സൃഷ്ടിവാദമെന്ന ആശയം കൊണ്ടുനടക്കുന്നതിനാല്‍ അതേസമയം മുസ്‌ലിംലോകത്ത് വളരെയധികം നിരാശയുണ്ടാക്കുകയുംചെയ്തു. ഖുര്‍ആനും ഇസ്‌ലാമിക ബൗദ്ധികപാരമ്പര്യവും പിന്തുണക്കുന്ന പ്രപഞ്ചത്തിന്റെ മതപരമായ വീക്ഷണവും ആധുനിക സയന്റിസത്തിന്റെ തത്ത്വശാസ്ത്രപരമായ മുന്‍വിധികളും തമ്മില്‍ പൊരുത്തപ്പെട്ടുപോകല്‍ അതിനാല്‍ തന്നെ എളുപ്പമല്ല. മതവും സയന്റിസവും എന്ന രണ്ടു വ്യത്യസ്ത ഇടങ്ങളെ പ്രതിനിധാനം ചെയ്യുക മാത്രമല്ല മറിച്ച് വളരെയധികം വ്യത്യസ്തവും പലപ്പോഴും പരസ്പരം വൈരുധ്യത്തിലേര്‍പ്പെടുകയും ചെയ്യുന്ന യാഥാര്‍ഥ്യത്തെയും പ്രപഞ്ചത്തെയും നോക്കിക്കാണുന്ന വ്യത്യസ്ത രീതികള്‍ കൂടിയാണ്. ഈ സമീപനങ്ങളില്‍ നിന്ന് രൂപപ്പെടുന്ന ലോകവീക്ഷണത്തിന് ഏതു നാഗരികതയിലും ശാസ്ത്രത്തിന്റെ സിദ്ധാന്തവും പ്രയോഗവുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. മുസ്‌ലിം ലോകത്തെ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കായി വാദിക്കുന്നവര്‍ ശാസ്ത്രത്തിന്റെ പ്രായോഗികതക്ക് ഊന്നല്‍ നല്‍കുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുസ്‌ലിം പുരോഗതിക്കുള്ള അനിവാര്യഘടകമായി കണക്കാക്കുകയും ചെയ്യുമ്പോള്‍ വിമര്‍ശകര്‍ സയന്റിസത്തിന്റെ തത്ത്വശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ അടിത്തറകളില്‍ കേന്ദ്രീകരിക്കുകയും ശാസ്ത്രത്തിന്റെ ബദല്‍ തത്വശാസ്ത്രം മുന്നോട്ടുവെക്കുകയും ചെയ്യുന്നു.

നിലനില്‍പ്പുഭീഷണി നേരിടുന്ന സയന്റിസം
         1883ല്‍ ഏണസ്റ്റ് റെനന്‍ സര്‍ബോണില്‍ വെച്ചുള്ള ഒരു പ്രഭാഷണത്തിലാണ് ഇസ്‌ലാമിനെതിരെ ആദ്യമായി സയന്റിസത്തിന്റെ ഭാഗത്തുനിന്നുള്ള കടുത്ത വിമര്‍ശനം ഉണ്ടാകുന്നത്. മതങ്ങളുടെ ചരിത്രകാരനെന്ന നിലക്ക് പ്രശസ്തനും തന്റെ കാലത്തെ കടുത്ത പോസിറ്റിവിസ്റ്റുമായ റീഗന്‍ ഇസ്‌ലാം അടിസ്ഥാനപരമായി തന്നെ യുക്തിക്ക് നിരക്കാത്തതും അത്യധികം അസഹിഷ്ണുതയുള്ളതും ശാസ്ത്രത്തെയോ തത്ത്വശാസ്ത്രത്തെയോ നിര്‍മിക്കാന്‍ ശേഷിയില്ലാത്തതുമാണെന്ന് വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ശാസ്ത്രവിപ്ലവം സാധ്യമാക്കിയ 'ശാസ്ത്രീയ കാഴ്ചപ്പാട്' ഇല്ലാത്തതിനാല്‍ മതപരവും അധ്യാത്മികവുമായ ആശയങ്ങളില്‍നിന്ന് സ്വതന്ത്രമായ 'സ്വതന്ത്രചിന്ത'യെയും ശാസ്ത്രവികാസത്തെയും ഇസ്‌ലാം തടഞ്ഞു. പുരോഗമനമുണ്ടായപ്പോഴെല്ലാം ഇസ്‌ലാമികപ്രമാണങ്ങളെ അവഗണിച്ചുകൊണ്ടായിരുന്നു മറിച്ച് അവ മൂലമല്ല. റെനന്റെ കുറച്ചു വംശീയ സ്വഭാവമുള്ള ആ ആക്രമണം മതവും ശാസ്ത്രവുമായോ, ഇസ്‌ലാമും യൂറോപ്പുമായോ ഉള്ള സംവാദത്തിനായുള്ള ക്ഷണായിരുന്നില്ല. എന്നിരുന്നാലും ആ പ്രസ്താവന മുസ്‌ലിം പണ്ഡിതന്മാരുടെയും ശാസ്ത്രകാരന്മാരുടെയും പലരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും തലമുറകളോളം പ്രതികരണമുളവാക്കാന്‍ കഴിയുന്നതായിരുന്നു. 'ല ഇസ്‌ലാമേ ല സയന്‍സ്' എന്ന പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച റെനന്റെ പ്രഭാഷണം യൂറോ കേന്ദ്രീകൃതലോകവീക്ഷണത്തിന്റെയും മുസ്‌ലിം ലോകത്തിനും യഥാര്‍ഥത്തില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കുമേലും അതിന്റെ പുതിയ സയന്റിസ്റ്റിക് ലോകവീക്ഷണത്തിന്റെ അന്തിമവിജയത്തിന്റെ വിജയപ്രഖ്യാപനമായിരുന്നു.
ആധുനികശാസ്ത്രവുമായും എങ്ങനെ അത് ഇസ്‌ലാമിക വിശ്വാസങ്ങളുമായി പൊരുത്തപ്പെട്ടുപോകുമെന്നതിനെക്കുറിച്ചുമുള്ള വലിയ അര്‍ഥത്തിലുള്ള വ്യവഹാരങ്ങള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ട് ജമാലുദ്ദീന്‍ അഫ്ഗാനിയാല്‍ പേര്‍ഷ്യയിലും നമിക് കമാലിനാല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിലും മുസ്‌ലിം എഴുത്തുകാര്‍ ചില മതവിരുദ്ധരായ തത്ത്വചിന്തകരുടെ കൈയില്‍ പെട്ട് ആധുനികശാസ്ത്രം വളച്ചൊടിക്കലിന് വിധേയമാക്കപ്പെട്ടിരിക്കുന്നു. അവര്‍ മനസ്സിലാക്കിയതിനുനേരെ സ്വയം പ്രതികരിക്കാന്‍ തയാറായി. പാരമ്പര്യമാകട്ടെ ആധുനികമാകട്ടെ മതവും ശാസ്ത്രം തമ്മില്‍ സംഘട്ടനമില്ലെന്നും ആധുനിക പാശ്ചാത്യ ശാസ്ത്രം തനതായതും യഥാര്‍ഥവുമായ മുമ്പ് ഇസ്‌ലാമികലോകത്ത് നവോത്ഥാനത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ഇസ്‌ലാം പ്രചരിപ്പിച്ച ഇസ്‌ലാമിക ശാസ്ത്രമല്ലാതെ മറ്റൊന്നുമല്ലെന്ന് ചരിത്രപരമായ ക്ഷമാപണം ആധാരമാക്കിയപ്പോള്‍ തന്റെ തലമുറയിലെ പൊതുമനസ്സിന്റെ മികച്ച ഉദാഹരണമായിമാറുകയായിരുന്നു അഫ്ഗാനി. അതേ കാരണത്താല്‍, അടിസ്ഥാനപരമായി ആധുനികശാസ്ത്രത്തിനോ, മതവിശ്വാസത്തെ ശാസ്ത്ര വസ്തുതകളുമായി പരിശോധിക്കുന്ന അതിന്റെ റിഡക്ഷനിസ്റ്റും പുറംതള്ളല്‍ രീതിയിലുള്ളതുമായ ശാസ്ത്രപ്രതിനിധാനവുമായോ ഒരു തെറ്റുമില്ല എന്നുവരുന്നു. ശാസ്ത്രപുരോഗതിയില്‍ ഒരുകാലത്ത് മുന്നില്‍ നടന്ന മുസ്‌ലിംരാജ്യങ്ങള്‍ തങ്ങളുടെ വര്‍ത്തമാന മങ്ങലില്‍ നിന്ന് മോചനംനേടി യൂറോപ്പിന്റെ അതേ സ്ഥാനത്തേക്കെത്തുമെന്നുകൂടി അഫ്ഗാനി വിശ്വസിച്ചിരുന്നു.(അദ്ദേഹത്തിന്റെ ടീച്ചിങ് ആന്റ് ലേണിങ് ആന്റ് ആന്‍സ്വര്‍ ടു ലെനന്‍ എന്ന പ്രഭാഷണം നോക്കുക.).
പ്രശസ്ത ഓട്ടോമന്‍ ചിന്തകനായ നമിര്‍കമാലും അറബികളുടെ ശാസ്ത്ര നേട്ടങ്ങളുടെ കാലഘട്ടത്തെ കേന്ദ്രീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ 'റിനന് ഒരു വിമര്‍ശനം'എന്ന തന്റെ കൃതിയിലൂടെ വിമര്‍ശനവുമായി അഫ്ഗാനിയുടെ ശ്രമത്തില്‍ പങ്കുചേര്‍ന്നു. മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തിന്റെ തന്റെ കണ്ടെത്തലില്‍ കമാല്‍ കൂടുതല്‍ വ്യത്യാസപ്പെട്ടിരിക്കുയും വ്യത്യസ്ത രീതിയില്‍ മതവിശ്വാസത്തിന്റേയും തത്ത്വചിന്താപരായ അന്വേഷണങ്ങളേയും ശാസ്ത്ര കണ്ടെത്തലിന്റേയും സമന്വയവും ഇസ്‌ലാമിക ബൗദ്ധികപാരമ്പര്യം ഉല്‍പ്പാദിപ്പിച്ചുവെന്ന് വ്യത്യസ്തമായ രീതിയില്‍ അദ്ദേഹം മുന്നോട്ടുവെച്ചു. ഭയപ്പെടുത്തുന്ന ആധുനിക ശാസ്ത്രത്തിന്റെ വെല്ലുവിളികളെക്കുറിച്ച് വളരെയധികം ശ്രദ്ധാലുവും എന്നാല്‍ അതിനാല്‍ ഭീതിപ്പെടാതെ പാരമ്പര്യവും ആധുനികതയും തമ്മില്‍ -നിരവിധി പണ്ഡിതന്മാരും ബുദ്ധജീവികളും ഇപ്പോഴും ശ്രമിച്ചുകൊണ്ടരിക്കുന്ന സന്തുലനാവസ്ഥക്ക് ശ്രമിച്ചു അദ്ദേഹം.

മതം,തത്ത്വശാസ്ത്രം, ശാസ്ത്രം
         മതത്തിന്റേയും തത്ത്വശാസ്ത്രത്തിന്റേയും ശാസ്ത്രത്തിന്റേയും സന്തുലിതമായൊരു സമന്വയത്തിനായുള്ള അന്വേഷണം ഇസ്‌ലാം ശാസ്ത്രസംവാദത്തിലെ കേന്ദ്രപ്രമേയമാണ്.തത്ത്വശാസ്ത്രമെന്നത് ഒരു പാലവും ശാസ്ത്രസത്യങ്ങളും, മതപരമായ സത്യങ്ങളും തമ്മില്‍ ഒരു മധ്യസ്ഥ റോള്‍വഹിക്കുന്നതുമാണ് കാരണം. അത് ഭൗതിക യാഥാര്‍ഥ്യങ്ങളുടെ ശാസ്ത്രവിവരണങ്ങളുമായി ബന്ധപ്പെട്ട് പ്രപഞ്ചവുമായി ബന്ധപ്പെട്ട മതവീക്ഷണമടങ്ങുന്ന ആശയപരമായ ചട്ടക്കൂട് അത് പ്രദാനം ചെയ്യുന്നുണ്ട്. ശാസ്ത്രത്തിന് 'ലോകവീക്ഷണം' മുന്നോട്ടുവെക്കാന്‍ കഴിയില്ല. കാരണം, ഹൂസ്റ്റണ്‍ സ്മിത്ത് അദ്ദേഹത്തിന്റെ 'ബിയോണ്ട് ദ പോസ്റ്റ്‌മോഡേണ്‍ മൈന്റി'ല്‍ വാദിക്കുന്ന പോലെ 'ലോകം' എന്നത് മൊത്തത്തില്‍ സൂചിപ്പിക്കപ്പെടുമ്പോള്‍ ശാസ്ത്രം ഭാഗികമായേ ഉള്ളൂ, മൊത്തത്തിലുള്ളതിന്റെ തിരിച്ചറിയാന്‍ കഴിയുന്ന ഭാഗം ഭാഗികമായിത്തന്നെയാണ് കാണിക്കാന്‍ കഴിയുക. ശാസ്ത്ര വിജ്ഞാനമെന്നത് ഉള്ളടക്കത്തില്‍ കൃത്യവും എന്നാല്‍ വ്യാപ്തിയില്‍ അത്യധികം നിയന്ത്രിക്കപ്പെട്ടതുമായ പ്രത്യേകതരത്തിലുള്ള വിജ്ഞാനമാണ്. ശാസ്ത്രത്തിന്റെ അതിരുകള്‍ അതു തന്നെ നിര്‍ണയിക്കപ്പടുന്നതാണ്. ഭൗതികലോകത്തിന്റെ അളവുമായി ബന്ധപ്പെടുത്തി മാത്രം(ക്വാണ്ടിറ്റേറ്റീവ്) പരിമിതപ്പെട്ട ശ്രമമാണിത്. ഈശ്രമത്തില്‍ ഭൗതികശാസ്ത്രങ്ങള്‍ പ്രാഗല്ഭ്യം തെളിയിക്കുകയും പ്രാവീണ്യം തെളിയിക്കുകയും ചെയ്യുന്നു. ഈ അതിരുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ ശാസ്ത്രം സയന്റിസമായി മാറുകയും ഉള്ളടക്കത്താല്‍ ദരിദ്രമായ തത്ത്വശാസ്ത്രമായി മാറുകയും ചെയ്യുന്നു.
പൂര്‍വാധുനിക മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ശാസ്ത്രത്തെക്കുറിച്ചുള്ള തങ്ങളുടെ വ്യഖ്യാനശാസ്ത്രത്തില്‍ ഈ തത്വം പ്രയോഗിക്കുകയും ശാസ്ത്രവിവരങ്ങളെ ഇസ്‌ലാമിന്റെ പ്രപഞ്ചോല്‍പത്തിയുമായുള്ള കാഴ്ച്ചപ്പാടുമായും ലോകവീക്ഷണത്തിനുള്ളിലും വ്യാഖ്യനിച്ചു. മികച്ച ഉദാഹരണമെന്തെന്നുവെച്ചാല്‍ ഘടികാരനിര്‍മാതാവെന്ന നിലക്കുള്ള ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പവും മുസ്‌ലിംകള്‍ക്കിടയില്‍ അതെന്തുകൊണ്ട് മതപരമായ പ്രതിഷേധം ഉണ്ടാക്കിയില്ല എന്നതുമാണ്. പ്രപഞ്ചത്തിന്റെ യാന്ത്രികവത്കരണം ആധുനിക ശാസ്ത്രലോകവീക്ഷണത്തിന്റെ മുഖമുദ്രയും ഇന്ന് പുതിയ നാസ്തികതക്ക് വളരെയധികം അടിത്തറയായി വര്‍ത്തിക്കുകയും ചെയ്യുന്നു. കാരണം, അത് പ്രപഞ്ചത്തിന്റെ സൃഷ്ടാവെന്നോ ദൈവികമായ പ്രതിനിധി എന്നോ ഉള്ള ആശയങ്ങളെ തള്ളിക്കളയുന്നു. നന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംവിധാനമെന്ന ഉപമയിലൂടെ പ്രപഞ്ചത്തിന്റെ ക്രമവും സന്തുലിതത്വത്തിന്റേയും വിശദീകരണമെന്നത് തികച്ചും ആധുനിക പ്രതിഭാസമല്ല. ഖുര്‍ആനിക കാഴ്ചപ്പാടുകളായ സന്തുലിതത്വം എന്ന മീസാനും ക്രമമെന്ന നിസാമും ദൈവത്തിന്റെ പരിപൂര്‍ണതക്കും സൃഷ്ടിവൈഭവവും തെളിയിക്കാന്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ ദൈവാസ്തിക്യത്തിന്റേതായ ക്ലാസ്സിക്കല്‍ തെളിവെന്തെന്നാല്‍ ദൈവത്തിന്റെ സൃഷ്ടിപ്പാണ്. അതായത് നമ്മള്‍ പ്രഞ്ചത്തില്‍ കാണുന്ന ക്രമം, സന്തുലിതത്വം, ആനുപാതികത, സൗന്ദര്യം, സമാധാനം തുടങ്ങിയവ. ഒരാള്‍ക്ക് പ്രപഞ്ചത്തിന്റെ ഭൗതികതയെക്കുറിച്ച് പഠിക്കുകയും അതിനെ ദൈവത്തില്‍ നിന്ന് വേര്‍തിരിച്ച് സ്വയം നിലനില്‍ക്കുന്നതും സ്വയം നിയന്ത്രിക്കപ്പെടുന്നതുമായ അസ്തിത്വമായി കാണാതെ അതിന്റെ ഗണിതപരമായ കൃത്യതയെക്കുറിച്ച ്അദ്ഭുതപ്പെടുകയും ചെയ്യാം. മുസ്‌ലിംദൈവശാസ്ത്രം അല്ലെങ്കില്‍ കലാം പ്രപഞ്ചത്തെക്കുറിച്ചും ഭൗതികശാസ്ത്രത്തെക്കുറിച്ചും പഠിക്കുന്ന മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ പരിശ്രമങ്ങളുടെ കൂടെ ചേരുകയും ഭൗതികപ്രപഞ്ചത്തെക്കുറിച്ച് ശാസ്ത്രീയമായി മികച്ചതും തത്ത്വശാസ്ത്രപരമായി സമഗ്രവുമായ കാഴ്ച്ചപ്പാട് രൂപീകരിക്കുകയും ചെയ്തു.

വിശ്വാസവും യുക്തിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മതവും ശാസ്ത്രവുമായി ബന്ധപ്പെട്ടോ മതവിശ്വാസവും യുക്തിചിന്തയുമായി ബന്ധപ്പെട്ടോ ആയിരുന്നില്ല. പല മതപണ്ഡിതന്മാരും ശാസ്ത്രജ്ഞരും തത്ത്വചിന്തകരും ചരിത്രകാരന്‍മാരും ഭാഷാശസ്ത്രജ്ഞരുമായിരുന്നു. മറിച്ചും സംഭവിച്ചിരുന്നു. വിശ്വാസവും, യുക്തിയും തമ്മില്‍ പൊരുത്തപ്പെട്ടുപോകുന്നതിനെക്കുറിച്ചു ചോദ്യമുയര്‍ന്നപ്പോള്‍ മധ്യകാലാനന്തര യൂറോപ്പിലെപ്പോലെ അത് ഉയര്‍ത്തിപ്പിടിച്ചത് മതേതര ചിന്തകരല്ല, മറിച്ച് മുസ്‌ലിം തത്ത്വചിന്തകരുടെ സിദ്ധാന്തങ്ങളാലും വ്യാഖ്യാനങ്ങളാലും തൃപ്തിവരാത്ത മതാധികാരികളാലായിരുന്നു. എതിര്‍പ്പുകളില്‍ മിക്കതും അരിസ്റ്റോട്ടിലിന്റെ പ്രധാന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം ജ്ഞാനികള്‍ വികസിപ്പിച്ചെടുത്ത തത്ത്വശാസ്ത്രപരവും പ്രപഞ്ചത്തിന്റെ ഉല്‍പത്തി ശാസ്ത്രവുമായി ബന്ധപ്പെട്ടതുമായ പഠനശാഖകളെ സംബന്ധിച്ചിടത്തോളമായിരുന്നു. ശാസ്ത്രം മാത്രം വിവാദങ്ങളില്‍ നിന്നൊഴിവായിരുന്നു. 'തഹാഫത്തുല്‍ ഫലാസിഫ'യില്‍ അരിസ്റ്റോട്ടിലിയന്‍ വാദക്കാര്‍ക്കുള്ള ഇമാം ഗസ്സാലിയുടെ വിമര്‍ശനം ഉദാഹരണം.

അതിരുകളെ ഭേദിക്കുമ്പോള്‍
         അടിത്തറയില്ലാത്ത അധ്യാത്മികതക്കും പ്രപഞ്ചോല്‍പത്തിശാസ്ത്രത്തിനെതിരെയുമുള്ള ഗസാലിയുടെ തത്ത്വശാസ്ത്രത്തിന്റേയും ശാസ്ത്രത്തിന്റേയും വിമര്‍ശനം ഇസ്‌ലാമില്‍ ശാസ്ത്രത്തിനും തത്ത്വശസ്ത്രത്തിനുമുള്ള മരണമണിയായി വ്യാഖ്യാനിക്കപ്പെടുന്നു-ഇന്നും ശാസ്ത്ര ഇസ്‌ലാം സംവാദങ്ങളില്‍ ഉന്നയിക്കപ്പെടുന്ന വിഷയമാണത്. ഇസ്‌ലാമിന്റെ ബൗദ്ധികപാരമ്പര്യത്തെക്കുറിച്ചുള്ള ലളിതവായനയാണിത്. മാത്രമല്ല, സുദീര്‍ഘവും സങ്കീര്‍ണവുമായ മുസ്‌ലിം ലോകത്തെ ശാസ്ത്രചരിത്രത്തോട് നീതിപുലര്‍ത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. തത്ത്വശാസ്ത്ര, ശാസ്ത്ര പഠനങ്ങള്‍ ഗസ്സാലിക്കുശേഷവും തുടരുകയും വളരെ വികസിച്ച ശാസ്ത്രവിജ്ഞാനമെന്ന രീതിയില്‍ അതിന്റെ പാരമ്യത്തിലെത്തുകയും, അന്തലുസിയ, ഓട്ടോമന്‍ സാമ്രാജ്യം, ഇന്ത്യന്‍ ഉപഭൂഖണ്ഡം തുടങ്ങിയിടങ്ങളിലെ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും ചെയ്തു.
വളരെ പ്രധാനമായിട്ടുള്ളത് തന്റെ ആത്മകഥയായ 'അല്‍ മുന്‍ഖിത് മിന്‍ അല്‍ ദലാല്‍ ഗസ്സാലി' വ്യക്തമാക്കുന്നത് അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ എതിര്‍പ്പുകള്‍ ഫിലോസഫിക്കെതിരല്ലെന്നും ഫിലോസഫര്‍മാര്‍ക്കും പ്രത്യേകിച്ചും അവരുടെ അധ്യാത്മികശാസ്ത്രത്തിനെതിരെയുമാണെന്നാണ്. ഒരു കാന്റിയന്‍ ശ്രമത്തില്‍ ഊഹാധിഷ്ഠിതമായ ഫിലോസഫിയുടെ പരിമിതികള്‍ക്കും ഇസ്‌ലാമിക അധ്യാത്മികതയുടേയും പരിമിതികള്‍ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതായിരുന്നു ഇമാം ഗസ്സാലിയുടെ പരിഗണന. മുസ്‌ലിം ജ്ഞാനാന്വേഷകര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അരിസ്റ്റോട്ടിലിയന്‍ സംവിധാനം ദൈവത്തെക്കുറിച്ചും പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ചും വിശദീകരിക്കാന്‍ പര്യാപ്തമല്ല അത് ദൈവത്തിന്റെ പരമാധികാരത്തോടും അനന്തതയോടും കരുണ, ദയ തുടങ്ങിയവയോട് നീതി പുലര്‍ത്താത്ത കാരണം ദൈവത്തെ അത് വികാരങ്ങളില്ലാത്ത നടത്തിപ്പുകാരനായി കണ്ടു.

മുസ്‌ലിം ലോകത്തെ ശാസ്ത്രത്തെക്കുറിച്ച വ്യത്യസ്ത വീക്ഷണങ്ങള്‍
         ഈ ചരിത്രപശ്ചാത്തലത്തെ മനസ്സില്‍ കണ്ട് മുസ്‌ലിം ലോകത്തിലെ ശാസ്ത്രം മത സംവാദങ്ങളില്‍ മൂന്നു പ്രധാന നിലപാടുകള്‍ കാണാന്‍ കഴിയും. ആദ്യത്തേത് ശാസ്ത്രമെന്നത് സംസ്‌കാരങ്ങളെ അതിവര്‍ത്തിക്കുന്നതാണെന്നും അതിന് 'ഇസ്ലാമെ'ന്നോ' പാശ്ചാത്യ'മെന്നോ ഉള്ള രീതിയില്ല എന്നതാണ്. അവരുടെ അഭിപ്രായത്തില്‍ ലളിതമായി പറഞ്ഞാല്‍ പ്രകൃതിയെക്കുറിച്ച് പഠിക്കുകയും ജനജീവിതം സുഗമമാക്കാനുള്ള ഉപകരണവുമാണ് ശാസ്ത്രം. അതൊരു തത്ത്വശാസ്ത്രമോ അതിനൊരു മതപരപമായ വ്യാഖ്യാനങ്ങളോ ആവശ്യമില്ല. ഭൂതകാലത്തില്‍ ക്ലാസിക്കല്‍ ഇസ്‌ലാമിക സംസ്‌കാരം എന്ത് ചെയ്തുവെന്നതെന്ന് മുസ്‌ലിം നാടുകളിലുണ്ടായിരുന്ന ശാസ്ത്ര പാരമ്പര്യം പടിഞ്ഞാട്ടേക്ക് ആധുനികശാസ്ത്ര അടിത്തറപാകിക്കൊണ്ട് കൈമാറ്റം ചെയ്യപ്പെട്ടുവെന്നതാണ്. അതിനാല്‍ തന്നെ, മുസ്‌ലിംലോകം ശാസ്ത്രസാങ്കേതികവിദ്യകള്‍ മതപരമോ സദാചാരപരമോ ആയ പരിണതിയെ ഭയക്കാതെ തങ്ങളുടെ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറക്കുമതി ചെയ്യണം.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ സയ്യിദ് അഹ്മദ്ഖാന്‍, ജമാലുദ്ദീന്‍ അഫ്ഗാനി പോലെയുള്ള വ്യക്തിത്വങ്ങളാല്‍ മുന്നോട്ടുവെക്കപ്പെട്ട ഈ കാഴ്ച്ചപ്പാട് നിരവധി മുസ്‌ലിം ശാസ്ത്രജ്ഞന്മാരാല്‍ ഇന്നും വാദിക്കപ്പെടുന്നുണ്ട്. അതിന്റെ ഏറ്റവും പ്രമുഖ പ്രചാരകന്‍ അത്താത്തുര്‍ക്ക് ആയിരുന്നു. ലളിതവും വ്യക്തവുമായ സ്വരത്തില്‍ അദ്ദേഹം പറയുന്നു 'ഉത്ഭവം എവിടെ നിന്നായിരുന്നാലും ശാസ്ത്രത്തെയും വിജ്ഞാനത്തെയും നമ്മള്‍ സ്വീകരിക്കുകയും രാജ്യത്തിന്റെ എല്ലാവരുടേയും മനസ്സില്‍ നിക്ഷേപിക്കുകയും ചെയ്യും. ശാസ്ത്രത്തിനും വിജ്ഞാനത്തിനും നിബന്ധനകളോ നിയന്ത്രണങ്ങളോ ഇല്ല. യുക്തിപരമായ തെളിവില്ലാത്ത വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും മുറുകെ പിടിക്കാന്‍ നിര്‍ബന്ധം പിടിക്കുന്ന ഒരു രാജ്യത്തിന് പുരോഗതി പ്രയാസമാണ്, ചിലപ്പോള്‍ അസാധ്യം പോലുമാണ്. മുസ്‌ലിം രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ അതേ സമീപനങ്ങള്‍ പിന്തുടരുകയും ആധുനിക ശാസ്ത്രസാങ്കേതിക പുരോഗതികളില്‍ നിന്ന് ഗുണമുള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പല മുസ്‌ലിം രാജ്യങ്ങളും ശാസ്ത്ര ഗവേഷണത്തിലും അതിന്റെ പ്രചാരണത്തിലും പിന്നിലാകുമ്പോള്‍ തങ്ങളുടെ സൈനിക, സാമ്പത്തിക, സാമൂഹിക വികസനത്തിനു വേണ്ടി ശാസ്ത്രസാങ്കേതിക വിദ്യകള്‍ കൈവശപ്പെടുത്തുന്നതിനും അവ കൈമാറ്റം ചെയ്യപ്പെടുന്നതിലുമുള്ള ലക്ഷ്യത്തില്‍ പങ്കാളികളാകുന്നു.

ദൈവികദൃഷ്ടാന്തങ്ങളുടെ അര്‍ഥം കണ്ടെത്താനുള്ള ശ്രമമെന്ന നിലക്കുള്ള ശാസ്ത്രം
         മതപരമായ പശ്ചാത്തലത്തില്‍, മതവും ശാസ്ത്രവും തമ്മിലുള്ള പൊരുത്തപ്പെടലിനെ സൂചിപ്പിക്കാന്‍ വ്യത്യസ്ത തരത്തിലുള്ള ഈ വീക്ഷണം രൂപപ്പെടുത്തിയത്. ഫരീദ് വജ്ദി, സഈദ് നുസ്‌റി, നുസ്‌റിയുടെ അനുയായിയായിരുന്ന ഫത്ഹുല്ലാഹ് ഗുല്ന്‍ തുടങ്ങിയവരാണ്. നുസ്‌റിയും ഗുലന്നും തങ്ങളുടെ അനുയായികള്‍ക്കിടയില്‍ പ്രപഞ്ചത്തില്‍ ദൈവികദൃഷ്ടാന്തങ്ങളുടെ പൊരുളറിയാനുള്ള ശ്രമത്തിനുള്ള ഉപാധിയെന്ന നിലക്ക് ശാസ്ത്രപഠനം ജനകീയവത്കരിച്ചു. അവരെ സംബന്ധിച്ചിടത്തോളം പ്രകൃതിയുടെ ക്രമമായി വികസിപ്പിക്കപ്പെട്ട ദൈവികമായി വിധികളെ ശാസ്ത്രം വെളിപ്പെടുത്തുകയും അങ്ങനെ ദൈവത്തിന്റെ സര്‍ഗാത്മക സൃഷ്ടികളെക്കുറിച്ച് വിസ്മയിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രകൃതിയെ ഖുര്‍ആന്‍ വിവരിക്കുന്നത് ഖുര്‍ആനിന്റെ സഹായത്താല്‍ വായിക്കേണ്ട പുസ്തകവും പ്രകൃതിയിലെ ഓരോ അടയാളവും വിരല്‍ചൂണ്ടുന്നത് ദൈവത്തിന്റെ അധികാരത്തെയും ഉദാരതയെയുമാണ് സൂചിപ്പിക്കുന്നത് എന്നുമാണ.് പ്രകൃതിയുടെ വിശുദ്ധ ഭാഷയെ ചുരുളഴിക്കാനുള്ള ഉപാധിയെന്ന നിലക്ക് ശാസ്ത്രത്തെ കാണുന്നത് തലമുറകളോളമുള്ള മുസ്‌ലിം ക്രൈസ്തവേലോകത്തെ ഭക്തരായ വിശ്വാസികളെ ആകര്‍ഷിച്ചു. പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം, ദൈവത്തിന്റെ സൃഷ്ടിപ്പിന് സാക്ഷ്യം വഹിക്കുന്ന പ്രകൃതിയും അവ രണ്ടുമായി ബന്ധപ്പെട്ടതും സവിശേഷമായ സ്ഥാനം വഹിക്കുന്ന മനുഷ്യന്റെ ജീവിതരീതികളും യാഥാര്‍ഥ്യത്തിന്റെ മൂന്ന് ക്രമങ്ങളുടെ ഐക്യം കാണിക്കാനാണ് അത് ഉപയോഗിക്കപ്പെട്ടത.്
ശാസ്ത്രത്തെക്കുറിച്ചുള്ള ഈ വീക്ഷണം നിരീശ്വരത്വത്തിന്റേയും സയന്റിസത്തിന്റേയും മതവിരുദ്ധമായ അവകാശവാദങ്ങളെ പ്രതിരോധിക്കാന്‍ ഉപയോഗിക്കപ്പെടുന്നു. പ്രപഞ്ചത്തിനെക്കുറിച്ച് മതവീക്ഷണം വെച്ചുപുലര്‍ത്തുന്നവര്‍ സയന്റിസത്തെ തത്ത്വശാസ്ത്രവീക്ഷണത്തില്‍ മാത്രമല്ല മറിച്ച് ശാസ്ത്രീയ നിലപാടില്‍ കൂടിയുമാണ് എതിര്‍ക്കുകയും ഭൗതികശാസ്ത്രത്തിന്റെ വസ്തുനിഷ്ഠ കണ്ടെത്തലുകളുമായി സ്ഥിതീകരിക്കപ്പെടാത്തതാണ് സയന്റിസം എന്ന് പ്രസതാവിക്കുകയും ചെയ്യുന്നു. പ്രകൃതി എന്നത് ശരിയായി പഠിക്കപ്പെട്ടാല്‍ വെളിപ്പെടുന്നത് അസാധാരണമായ രീതിയുടെ ഘടനയും സന്തുലിതത്വവും അനുപാതവും എല്ലാം തന്നെ പ്രപഞ്ചത്തിലെ ഉന്നതമായ നിയമത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ദൈവത്തിന്റെ അദൃശ്യകരം പ്രപഞ്ചത്തില്‍ വ്യക്തമായി കാണപ്പെടുന്നു. അത് മനുഷ്യന്‍ അവരുടെ പ്രയോഗിക ലൗകിക ആവശ്യങ്ങള്‍ക്ക് തീര്‍ച്ചയായും ഉപയോഗിക്കുക മാത്രമല്ല ദൈവത്തിന്റെ കാരുണ്യത്തിന് നന്ദിപ്രകടിപ്പിക്കാന്‍ വേണ്ടി കൂടിയാണ് മനസ്സിലാക്കുന്നത്. ദൈവത്തിന്റെ മഹത്തായ കലാസൃഷ്ടിയെന്ന നിലക്ക് പ്രകൃതിയെ പഠിക്കുന്ന ശാസ്ത്രങ്ങള്‍ക്ക് മാത്രമേ ദൈവത്തില്‍ അയാളുടെ വിശ്വാസം വര്‍ധിപ്പാക്കാന്‍ കഴിയുകയുള്ളൂ. മതത്തിന്റെ ശാസ്ത്രീയ വിമര്‍ശകര്‍ ശാസ്ത്ര സിദ്ധാന്തങ്ങളെയും വസ്തുതകളെയും ദുരുപയോഗം ചെയ്യുകയും സയന്റിസം എന്നു വിളിക്കുന്ന കപടമതം നിര്‍മിക്കുകയും ചെയ്യുന്നു. പരസ്പരം വൈരുദ്ധ്യത്തിലേര്‍പ്പെടുന്നതില്‍ നിന്ന് വിരുദ്ധമായി ഇസ്‌ലാമും ശാസ്ത്രവും പരസ്പരപൂരകമായി വര്‍ത്തിക്കുന്നു. ആധുനികകാലഘട്ടത്തില്‍ ഇസ്‌ലാമിനെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളെഴുതിയവരില്‍ പെട്ടയാളുമായ ഫരീദ് വജ്ദി 'ഇസ്‌ലാം ഇന്‍ ഏജ് ഓഫ് സയന്‍സ് (ശാസ്ത്രകാലത്തെ ഇസ്‌ലാം) എന്ന കഴിഞ്ഞ നൂറ്റാണ്ടില്‍ അറബിയില്‍ പ്രസിദ്ധീകൃതമായ ബൃഹത്തായ ഗ്രന്ഥത്തില്‍ 'എല്ലാ കാലഘട്ടത്തിലേയും ശാസ്ത്രം ഇസ്‌ലാമിനെ പിന്തുണക്കുകയും ഉറപ്പിക്കുകയും ഇസ്‌ലാം പഠനത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു.
തുര്‍ക്കി പണ്ഡിതനും ഇസ്‌ലാമിന്റ പ്രചാരകനുമായ ഹാറൂണ്‍ യഹ്‌യ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന അദ്‌നാന്‍ ഒക്താരിന്റെ ഗ്രന്ഥങ്ങളിലൂടെയാണ് ഈ വീക്ഷണത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ജനകീയവത്കരിക്കപ്പെടുന്നത്. നിരവധി പ്രസിദ്ധീകരണങ്ങളിലൂടെയും, വീഡിയോ, ഇന്റര്‍നെറ്റ് വിവരങ്ങളിലൂടെ ഡാര്‍വിനിസത്തിനെതിരെയും, പരിണാമസിദ്ധാന്തത്തിനെതിരെയും വന്‍തോതിലുള്ള ആക്രമണം അഴിച്ചുവിടുകയും ഏകദൈവത്തിലധിഷ്ഠിതമായ സൃഷ്ടിവാദത്തെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സിദ്ധാന്തമായി പ്രതിരോധിക്കുകയും ചെയ്തു. 'ഖുര്‍ആനിന്റെ ശാസ്ത്രീയ വ്യാഖ്യാനം' എന്ന് ചിലര്‍ വിളിച്ചത് അതിന്റെ മികച്ച ഉദാഹരണമാണ് .

ശാസ്ത്രീയ വ്യാഖ്യാനം
         പ്രപഞ്ചത്തിലെ ദൈവികദൃഷ്ടാന്തങ്ങളുടെ ചുരുളഴിക്കാനുള്ള മാര്‍ഗമെന്ന നിലക്കുള്ള ശാസ്ത്രത്തിന്റെ വ്യാഖ്യാനം മുസ്‌ലിം പണ്ഡിതന്മാരെ ഖുര്‍ആനിക വ്യഖ്യാനങ്ങളെ ആധുനിക പ്രകൃതിശാസ്ത്ര കണ്ടെത്തലുകള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിലേക്ക് നയിച്ചു. തിരിച്ച് ശാസ്ത്ര കണ്ടെത്തലുകള്‍ മതവിശ്വാസവുമായുള്ള പൊരുത്തപ്പെടല്‍ കാണിക്കാനായി വ്യാഖ്യാനിക്കപ്പെട്ടു. ഖുര്‍ആന്‍ ശാസ്ത്രീയ സത്യങ്ങളുമായി പൊരുത്തപ്പെട്ടുപോവുക മാത്രമല്ലെന്നും പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ അത് പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിച്ചുവെന്നും അതിനാല്‍ ഖുര്‍ആനിന്റെ അദ്ഭുതപ്രവൃത്തിയായി അത് കാണണമെന്നുമൊക്കെ സ്ഥാപിച്ച് ചിലര്‍ അതിലും മുന്നോട്ടുപോയി. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് മുതലും മേഘത്തിന്റെ രൂപീകരണം മുതല്‍ ഭ്രൂണങ്ങളുടെ തുടക്കവും വരെ ഖുര്‍ആനിന്റെ വചനങ്ങളും പ്രവാചകവചനങ്ങളും അവയുടെ ശാസ്ത്രീയ കൃത്യതയും സത്യവും വിശദീകരിക്കാനായി വിശകലനം ചെയ്യപ്പെടുന്നു.
ഫ്രഞ്ച് ഡോക്ടറായ മോറിസ് ബുക്കായിയുടെ 1976ല്‍ പ്രസിദ്ധീകൃതമായ ദ ബൈബിള്‍, ഖുര്‍ആന്‍ ആന്റ് സയന്‍സ് (ബൈബിളും ഖുര്‍ആനും, ശാസ്ത്രം) ഇതിന് മികച്ച ഉദാഹരണമായിരുന്നു, ഖുര്‍ആനിന്റെ ശാസ്ത്രീയ വ്യാഖ്യാനം (അല്‍ തഫ്‌സീറുല്‍ ഇല്‍മി, അല്‍ തഫ്‌സീറുല്‍ ഫന്നി)എന്നു വിളിക്കപ്പെട്ടതിലേക്ക് ഈ സമീപനം നയിച്ചു. ഇതിന്റെ പ്രഥമ പരിഗണന എന്നത് പുതിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ ഉപയോഗിച്ച് ഖുര്‍ആനിന്റെ മാസ്മരികത തെളിയിക്കുക എന്നതായിരുന്നു. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ മുഹമ്മദ് അബ്ദു, മുഹമ്മദ് ഇബ്ന്‍ അല്‍ ഇസ്‌കന്തരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ കവാകിബി, മുഹമ്മദ് അബ്ദുല്ല ദ്രാസും സഈദ് നൂര്‍സിയും അടങ്ങുന്ന വിവിധ മുസ്‌ലിം പണ്ഡിതന്മാരാല്‍ ഈ വീക്ഷണം വലിയ അളവില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ന് വ്യത്യസ്ത ഭാഷകളിലായി ആധുനിക ഭൗതികശാസ്ത്രങ്ങളുടെ മതവിശ്വാസത്തിലധിഷ്ഠിതമായ വ്യാഖ്യാനത്തിന് വേണ്ടി വാദിക്കുന്ന വിവിധ പ്രസിദ്ധീകരണങ്ങളുണ്ട്.
ഇസ്‌ലാമിന്റെ താദാത്മ്യപ്പെട്ടുപോകുന്ന ആധുനികശാസ്ത്രത്തിന്റെ മതവിശ്വാസത്തിലധിഷ്ഠിതമായ വ്യാഖ്യാനങ്ങള്‍ ഇസ്‌ലാമിക ശാസ്ത്ര പാരമ്പര്യവും ആധുനിക ശാസ്ത്രത്തിന്റെ മതേതര കാഴ്ചപ്പാടും തമ്മിലുള്ള വലിയ തത്ത്വശാസ്ത്രപരമായ വ്യത്യാസങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുന്നു. വില്യം ചിറ്റിക്ക് അദ്ദേഹത്തിന്റെ 'സയന്‍സ് ഓഫ് കോസ്‌മോസ്, സയന്‍സ് ഓഫ് ദ സോള്‍ പെര്‍ട്ടിനന്‍സ് ഓഫ് ഇസ്‌ലാമിക് കോസ്‌മോളജി ഇന്‍ ദ മോഡേണ്‍വേള്‍ഡ് '(പ്രപഞ്ചത്തിന്റെ ശാസ്ത്രം, ആത്മാവിന്റെ ശാസ്ത്രം, ഇസ്‌ലാമിക പ്രാപഞ്ചികശാസ്ത്രത്തിന്റെ പ്രത്യേകത)വാദിക്കുന്നതുപോലെ പരമ്പരാഗത ഭൗതികകാസ്ത്രങ്ങളുടെ ലക്ഷ്യവും ആധുനികശാസ്ത്രത്തിന്റേയും ഒന്നാണെന്ന് പറയല്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. സാങ്കേതികപദ്ധതികളുടെ പുരോഗതിയിലും, രീതികളിലും, ശാസ്ത്ര വിവരങ്ങള്‍ ശേഖരിക്കുന്നതിലും മാത്രമായിരുന്നു ആധുനികശാസ്ത്രത്തില്‍ നിന്നും ആധുനികപൂര്‍വ ശാസ്ത്രങ്ങള്‍ വ്യത്യാസപ്പെട്ടിരുന്നത് എന്ന് അനുമാനിക്കലും തെറ്റാണ്. ക്ലാസിക്കല്‍ സയന്‍സും ആധുനികശാസ്ത്രവും കാഴ്ചപ്പാടുകളിലെല്ലാം തന്നെ തന്നെയുള്ള ഗുണാത്മക വ്യത്യാസങ്ങള്‍ അവഗണിക്കാന്‍ കഴിയുന്നതിനേക്കാല്‍ പ്രകടമാണ്. ജോര്‍ജ് സലിബ അദ്ദേഹത്തിന്റെ 'ഇസ്‌ലാമികശാസ്ത്രവും യൂറോപ്യന്‍ നവോത്ഥാനത്തിന്റെ രൂപീകരണവും' എന്ന ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നപോലെ ഇസ്‌ലാമികശാസ്ത്രപാരമ്പര്യത്തിന്റെ ഉദയം ഗ്രീക്ക് ഹെലിനിസ്റ്റിക് പാരമ്പര്യങ്ങളുമായുള്ള മുസ്‌ലിം ഇടപാടുകളായും തുടര്‍ന്നു വരുന്ന മുസ്‌ലിം പണ്ഡിതന്മാരുടേയും ശാസ്ത്രകാരന്മാരുടേയും അതിന്റെ ഉപയോഗവുമായി കുറച്ചുകാണാന്‍ കഴിയില്ല. ഇസ്‌ലാമികശാസ്ത്ര പാരമ്പര്യത്തിന്റെ രൂപീകരണത്തില്‍ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യങ്ങള്‍ പങ്കുവഹിക്കുകയും അവ തത്ത്വശാസ്ത്രപരിഗണനകളാലും പ്രായോഗിക ആവശ്യങ്ങളാലും വളരെയധികം പ്രാധാന്യം അതിന് കൈവന്നു. താഴെ അത് വിവരിക്കാം.

സാംസ്‌കാരികശ്രമമെന്ന നിലക്കുള്ള ശാസ്ത്രം
         മുസ്‌ലിം ലോകത്തെ രണ്ടാമത്തെ കാഴ്ച്ചപ്പാടെന്നത് ജ്ഞാനശാസ്ത്രപരമായ കാഴ്ചപ്പാടെന്ന് നമ്മള്‍ വിളിക്കുന്ന ശാസ്ത്രത്തിന്റെ സമകാലിക തത്ത്വശാസ്ത്രത്തില്‍ നിന്നു പകര്‍ത്തിയതും ശാസ്ത്രീയ സിദ്ധാന്തങ്ങളുടെ സാമൂഹികവും ചരിത്രപരവുമായ അടിത്തറകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതുമാണ്. ഈ വാദം മുന്നോട്ടുവെക്കുന്നവര്‍ ആധുനികപാശ്ചാത്യ ശാസ്ത്രത്തെ ജ്ഞാനശാസ്ത്രപരമായ നിലപാടുകളിന്മേല്‍ വിമര്‍ശിക്കുകയും ഭൗതികശാസ്ത്രത്തേയും അതിന്റെ തത്ത്വശാസ്ത്ര അവകാശവാദങ്ങളേയും ഉത്തരാധുനിക വിമര്‍ശനങ്ങളെ ഉപയോഗിച്ച് വിശകലനത്തിന് വിധേയമാക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രപരമായ വിമര്‍ശനങ്ങള്‍ ഭൗതികശാസ്ത്രത്തെ ചരിത്രപരമായ കാരണങ്ങളുള്ള, സാമൂഹികമായ കാരണങ്ങള്‍ സ്വാധീനിക്കുന്ന, സാംസ്‌കാരിക മായി നിലകൊള്ളുന്നതും സാമ്പത്തികമായി പ്രചോദിക്കപ്പെട്ടതുമായ മറ്റു ചില മനുഷ്യപ്രവൃത്തിയെപ്പോലെത്തന്നെ പരിഗണിക്കുന്നു.
ടി. കണ്‍, പി. ഫെയറബെന്‍ഡ്, ഐ. ലകാറ്റോസ് തുടങ്ങി മറ്റു ചിലരാല്‍ നേതൃത്വം നല്‍കിയ ശാസ്ത്രത്തിന്റെ തത്ത്വശാസ്ത്രം സാമൂഹികസാഹചര്യങ്ങളേയും ചരിത്രപരമായ മുന്‍വിധികളേയും ചരിത്രത്തില്‍ എല്ലായ്‌പ്പോഴും ശാസ്ത്രരീതികളേയും കാഴ്ച്ചപ്പാടിനേയും രൂപപ്പെടുത്തുന്ന പരോക്ഷമായ മുന്‍ധാരണകളേയും ചികഞ്ഞു കണ്ടെത്തി പതുക്കെ ജ്ഞാനത്തിന്റെ സാമൂഹികശാസ്ത്രമാക്കി മാറ്റി. ചരിത്രപരമായ രൂപീകരണങ്ങളുടെ പശ്ചാത്തലത്താല്‍ സ്വാധീനിക്കപ്പെടാത്ത പരിശുദ്ധ ശാസ്ത്രം എന്ന ഒന്നില്ല, ശാസ്ത്രങ്ങള്‍ അവ അവകാശപ്പെടുന്നത് എത്രമാത്രം കൃത്യവും വസ്തുനിഷ്ഠവുമായാലും ഇതില്‍ നിന്നെല്ലാം മുക്തമാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. ഭൗതികശാസ്ത്രങ്ങള്‍ സാംസ്‌കാരിക ഉല്‍പന്നങ്ങളും ചില പ്രത്യേക മാര്‍ഗങ്ങളിലൂടെ പ്രകൃതിയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ബൗദ്ധികസൃഷ്ടികളുമാണ്. ഇതിന്റെ ഫലമായി മതപരവും, തത്ത്വശാസ്ത്രപരവും കലാപരവുമായ ജ്ഞാനങ്ങളടങ്ങുന്ന ജ്ഞാനത്തിന്റെ മറ്റു വിവിധ രൂപങ്ങള്‍ക്കുമേല്‍ ആധുനിക ശാസ്ത്രത്തിന്റേയും സയന്റിസത്തിന്റേയും എക്‌സ്‌ക്ലുസീവിസ്റ്റ് അവകാശവാദങ്ങള്‍ തള്ളിക്കളയുകയും ജ്ഞാനത്തിന്റെ വ്യത്യസ്ത രൂപങ്ങളെ അംഗീകരിക്കുകയും വേണം.
ആധുനികശാസ്ത്രത്തേയും അതിന്റെ ജ്ഞാനശാസ്ത്രപരമായ മേധാവിത്വത്തിന്റെ മറ്റുള്ളതിനെ പുറം തള്ളുന്ന അവകാശവാദങ്ങളേയും കുറിച്ച് ജ്ഞാനശാസ്ത്രപരവും രീതിശാസ്ത്രപരവുമായ വിമര്‍ശനം പൂര്‍ണമായും വികസിപ്പിച്ചത് ഇസ്മായില്‍ ഫാറൂഖി, സിയാവുദ്ദീന്‍ സര്‍ദാര്‍, സിക്കികിര്‍മാനി, എം അഹ്മദ് അനീസ് എന്നിവരടങ്ങുന്ന നിരവധി മുസ്‌ലിം പണ്ഡിതന്മാരും ബുദ്ധിജീവികളുമാണ്. ഭൗതികശാസ്ത്രങ്ങളുടെ ജ്ഞാനശാസ്ത്രപരവും തത്ത്വശാസ്ത്രപരവുമായ ഘടനയിലേക്ക് ഇസ്‌ലാമിക ഉള്ളടക്കം നല്‍കാന്‍ ശ്രമിക്കുക കൂടിയുണ്ടായി അവര്‍. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടില്‍ വെച്ച് ഇസ്മായീല്‍ ഫാറൂഖിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും വികസിപ്പിച്ച വിജ്ഞാനീയങ്ങളുടെ ഇസ്‌ലാമികവത്കരണം പദ്ധതി സാമൂഹിക ഭൗതികശാസ്ത്രങ്ങള്‍ക്ക് ഇസ്‌ലാമികവീക്ഷണത്തിലുള്ള പുതിയ ജ്ഞാനശാസ്ത്ര അടിത്തറ ഉദ്ദേശ്യംവെച്ചിട്ടുള്ളതും എല്ലാ വിജ്ഞാനീയങ്ങളേയുമുപയോഗിച്ചുള്ള സമീപനരീതിയുള്ളതുമാണ്. എന്നാല്‍, അവര്‍ ഭൗതികശാസ്ത്രത്തിന് അത്യാവശ്യമായ നിഷ്പക്ഷതയില്‍ വിശ്വസിക്കുകയും അത് അവ പ്രത്യേക ശ്രദ്ധ ആവശ്യമില്ലെന്ന് ചിന്തിക്കുകയും സാമൂഹികശാസ്ത്രത്തിനുനേരെ തിരിയുകയും നിലനില്‍ക്കുന്ന ജ്ഞാനരീതികളു#ം സാമൂഹികശാസ്ത്ര വിഷയങ്ങളേയും അവ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ പടിഞ്ഞാറില്‍ വികസിച്ചതെന്ന നിലക്ക് അവയെ ഇസ്‌ലാമികവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു.
സിയാവുദ്ദീന്‍ സര്‍ദാറും വളരെയധികം അടുത്തുപ്രവര്‍ത്തിക്കുന്ന ഇജ്മലീസ് എന്ന എന്നു വിളിക്കപ്പെടുന്ന പണ്ഡിതന്മാരും അലിഗര്‍ ചിന്താധാരയും ശാസ്ത്രത്തേയും ശാസ്ത്രീയ വിജ്ഞാനത്തേയും ഇസ്‌ലാമികവീക്ഷണത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. ശാസ്ത്രത്തിനുനേരെ വലിയ അര്‍ഥത്തിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ സമീപനം സ്വീകരിക്കുകയും അതിനെ 'എല്ലാ സംസ്‌കാരങ്ങളുടേയും ഒരു പ്രശ്‌നപരിഹാര ഉപാധിയായി' വ്യാഖ്യാനിക്കുകയും ചെയ്തു. സിയാവുദ്ദീന്‍ സര്‍ദാര്‍ അദ്ദേഹത്തിന്റെ എക്‌സ്‌പ്ലൊറേഷന്‍സ് ഇന്‍ ഇസ്‌ലാമിക് സയന്‍സ് (ഇസ്‌ലാമിക ശാസ്ത്രത്തിലെ അന്വേഷണങ്ങള്‍) എന്ന ഗ്രന്ഥത്തില്‍ വാദിക്കുന്നത് ഭൗതികശാസ്ത്രം മറ്റേതെങ്കിലും മനുഷ്യപ്രവൃത്തിപോലെത്തന്നെ ചില സാംസ്‌കാരിക ചരിത്രപശ്ചാത്തലത്തിലാണ് നിലകൊള്ളുന്നത.് അവയുടെ പരോക്ഷമായ തത്ത്വശാസ്ത്രമുന്‍വിധികളും ശാസ്ത്രപ്രയത്‌നങ്ങളെല്ലാം തന്നെ അവ രൂപപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാമൂഹികചരിത്ര ഘടനയാല്‍ രൂപപ്പെട്ടതാണ്. ഉത്തരാധുനിക ശാസ്ത്രത്തിന്റെ സംരക്ഷകരെന്ന നിലക്ക് അവരുടെ നിലപാട് എല്ലാം ശാസ്ത്ര വിവരങ്ങളും അത്തരത്തിലുള്ള ചരിത്രപരമായ വായനക്ക് വിധേയവും അവയുടെ സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തില്‍നിന്ന് സ്വതന്ത്രമായുള്ള ആത്യന്തിക സത്യമായി കണക്കാക്കാന്‍ കഴിയില്ല എന്നുമാണ്. ശാസ്ത്രകണ്ടുപിടുത്തങ്ങളുടെ പ്രാധാന്യത്തെയോ അവയെ അവലംബിക്കുന്നതിനേയോ കുറച്ചുകാട്ടുകയല്ല ഇത്. മറിച്ച് അത് ഭൗതികശാസ്ത്രത്തിന് മാറ്റമില്ലാത്ത പ്രാപഞ്ചിക സത്യമെന്ന നിലക്കുള്ള വസ്തുനിഷ്ഠതയും പ്രായോഗികതയും അവകാശപ്പെടാന്‍ കഴിയുന്ന അവസ്ഥയെ ചുരുക്കുകയാണ് ചെയ്യുന്നത്.
ശാസ്ത്രത്തെക്കുറിച്ചുള്ള ജ്ഞാനശാസ്ത്രപരമായ വീക്ഷണം നിരവധി മുസ്‌ലിം പണ്ഡിതന്മാരെയും, ശാസ്ത്രകാരന്മാരേയും ബുദ്ധിജീവികളെയും ഭൗതികശാസ്ത്രം, ഗോളശാസ്ത്രം, ജന്തുശാസ്ത്രം തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കനുസരിച്ചുള്ള നാച്ചറല്‍ സയന്‍സിന്റെ രീതികളുടെ വികാസത്തിന് മേല്‍ വലിയ അര്‍ത്ഥത്തിലുള്ള സാഹിത്യങ്ങള്‍ രൂപീകരണത്തിലേക്ക് നയിച്ചു. പാകിസ്ഥാനിലേയും മലേഷ്യയിലേയും ധാരാളം യൂണിവേഴ്‌സിറ്റികള്‍ അവരുടെ കരിക്കുലത്തില്‍ ഈ തത്ത്വങ്ങള്‍ നടപ്പിലാക്കുകയും, ഇസ്‌ലാമികവീക്ഷണത്തിലൂടെയും സര്‍വ വിജ്ഞാനീയങ്ങളേയും സമന്വയിപ്പിച്ചുള്ള വീക്ഷണ കോണിലൂടെ പഠിപ്പിക്കുകയും ചെയ്തു. അവര്‍ ചില വിജയങ്ങള്‍ നേടിയെങ്കിലും ഇപ്പോഴും സമഗ്രവും യുക്തയുക്തവുമായ ജ്ഞാനരൂപങ്ങളെ സാമൂഹികശാസ്ത്രത്തിലോ ഭൗതികകാസ്ത്രങ്ങളിലോ ഉത്പാദിപ്പിക്കന്‍ പരാജയപ്പെട്ടിരിക്കുന്നു.
ശാസ്ത്രത്തിന്റെ സാംസ്‌കാരിക ചരിത്രപരമായ വിമര്‍ശനം മുസ്‌ലിം ലോകത്ത് ശാസ്ത്രത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട് തുടര്‍ന്നും വികസിപ്പിക്കപ്പെട്ടു. ഉദാഹരണത്തിന്, അഹ്മദ് ദലാല്‍ തന്റെ ഇസ്‌ലാം സയന്‍സ് ആന്റ് ദ ചാലഞ്ച് ഓഫ് ഹിസ്റ്ററി (ഇസ്‌ലാമും ശാസ്ത്രവും, ചരിത്രത്തിന്റെ വെല്ലുവിളികളും) എന്ന ഗ്രന്ഥത്തില്‍ മുസ്‌ലിംകളെ തങ്ങളുടെ പഠനത്തിന്റെ പ്രാഥമികമേഖലയായി ഭൗതികശാസ്ത്രങ്ങളെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച സാംസ്‌കാരിക ശക്തികളെ വിശകലനംചെയ്തുകൊണ്ട് പരമ്പരാഗത ഇസ്‌ലാമിക സംസ്‌കാരത്തില്‍ ശാസ്ത്രപ്രവര്‍ത്തനങ്ങളുടെ ചരിത്രം കണ്ടെത്തി. ടോബി ഹഫ്‌സിന്റെ ദ റൈസ് ഓഫ് ഏര്‍ളി മോഡേണ്‍ സയന്‍സ് ഇസ്‌ലാം, ചൈന, ആന്റ് ദ വെസ്റ്റ് എന്ന ഗ്രന്ഥം ചൈനയിലേയും ഇസ്‌ലാമിക പാശ്ചാത്യ പാരമ്പര്യത്തിലേയും ശാസ്ത്രപഠനത്തെക്കുറിച്ചുള്ള താരതമ്യ പഠനം പ്രദാനംചെയ്യുകയും നിയമ, അധികാരസ്ഥാപനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ പതിനാറും പതിനേഴും നൂറ്റാണ്ടുകള്‍ വരെ യൂറോപ്പിനേക്കാള്‍ വളരെയധികം വികസിച്ചിരുന്ന സ്ഥിതിയായിരുന്ന ചൈനയോ അല്ലെങ്കില്‍ ഇസ്‌ലാമിക ലോകത്തോ എന്തുകൊണ്ട് ശാസ്ത്രവിപ്ലവം നടന്നില്ല എന്ന് ഹഫ്‌സ് അന്വേഷിക്കുന്നു.

ശാസ്ത്രത്തിന്റെ അധ്യാത്മികശാസ്ത്രം
         ശാസ്ത്രത്തിന്റെ നിരപേക്ഷവാദത്തിനും ജ്ഞാനശാസ്ത്രപരവും ചരിത്രപരവുമായ വീക്ഷണങ്ങളും കൂടാതെ മതേതരവും ഭൗതികപരവുമായ വീക്ഷണത്തിന്റെയും സയന്റിസത്തിന്റെ തത്ത്വശാസ്ത്രപരമായ അവകാശവാദങ്ങളെക്കുറിച്ചും വിമര്‍ശനമുള്‍ക്കൊള്ളുന്ന കൂടുതല്‍ ഉള്ളടക്കത്താല്‍ സമ്പന്നമായൊരു ശാസ്ത്രത്തിന്റെ മൂന്നാം വീക്ഷണം ഉടലെടുക്കുകയും ചെയ്തു. സയ്യിദ്ഹുസൈന്‍ നസ്‌റിനാല്‍ നയിക്കപ്പെടുകയും നഖീബുല്‍ അത്താസ്, ഉസ്മാന്‍ ബക്കര്‍, അല്‍പര്‍സ്ലാന്‍ അക്കിന്‍ജംഗ്, മഹ്ദി ഗുല്‍ഷനി, മുസഫര്‍ ഇഖ്ബാല്‍ എന്നിവരാല്‍ പിന്തുണക്കപ്പെടുകയുംചെയ്ത ഈ വീക്ഷണത്തിന്റെ പ്രചാരകര്‍ ആധുനിക ശാസ്ത്രത്തിന്റെ അതിഭൗതിക തത്ത്വശാസ്ത്ര അടിത്തറകളെ ലക്ഷ്യം വെക്കുകയും പ്രകൃതിയെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും മതത്തിന്റെ വിശുദ്ധാധ്യാപനങ്ങളെ അടിത്തറയാക്കി കൊണ്ടുള്ള വീക്ഷണം മുന്നോട്ടുവെക്കുകയും ചെയ്തു. ഓരോ ശാസ്ത്രീയ പ്രവര്‍ത്തനവും ചില തത്ത്വങ്ങളുടെയും ആശയങ്ങളുടേയും പ്രപഞ്ചത്തെക്കുറിച്ചുള്ള മുന്‍ധാരണകളുടേയും ചട്ടക്കൂട്ടിലാണ് നടക്കപ്പെടുന്നതെന്നുള്ള ജ്ഞാനശാസ്ത്ര വീക്ഷണത്തോട് യോജിക്കുകയും ചെയ്യുന്നു. എന്നാലിവയൊന്നും ലളിതമായ രീതിശാസ്ത്രപരമായ തത്ത്വങ്ങളല്ല, ശാസ്ത്ര പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന പ്രകൃതവുമായി ബന്ധപ്പെട്ടതാണ്. സത്തയെക്കുറിച്ച നമ്മുടെ അടിസ്ഥാന ആശയപരിസരം ഭൗതികയാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരണങ്ങളെ പിന്തുടരുന്നതിനാല്‍തന്നെ മതവും ശാസ്ത്രവുമായുള്ള നമ്മുടെ ശരിയായ അര്‍ഥത്തിലുള്ള പഠനം തുടങ്ങേണ്ടത് അധീശപരമായ ആശയങ്ങളേയും അനുമാനങ്ങളേയും വിശദമായി വിവരിച്ചുകൊണ്ടാകണം.

ഈ ആശയങ്ങളെയും ഭൗതികലോകത്തിന്റെ ശാസ്ത്രാന്വേഷണത്തിന് ഉപയോഗിക്കുന്ന തത്ത്വങ്ങളെയും വ്യക്തമാക്കുക എന്നതാണ് ശാസ്ത്രത്തെക്കുറിച്ചുള്ള യഥാര്‍ഥ തത്ത്വശാസ്ത്രത്തിന്റെ ദൗത്യം. പ്രപഞ്ചത്തിനെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന അധ്യാപനങ്ങളാല്‍ വിഭാവനചെയ്യപ്പെട്ട യാഥാര്‍ത്ഥ്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിര്‍മിക്കപ്പെട്ട ശാസ്ത്രത്തിന്റെ ഒരു രീതിക്കാണ് 'ഇസ്‌ലാമികശാസ്ത്ര'മെന്ന് സൂചിപ്പിക്കുന്നത്. അതിഭൗതികവും ധാര്‍മികവുമായ ചട്ടക്കൂടായ എല്ലാ ജീവികളെയും ഉള്‍ക്കൊള്ളുകയും അവ തമ്മിലെ ബന്ധത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ജീവികളുടെ മഹത്തായ ശൃംഖലയുടെ ഭാഗമെന്ന നിലക്ക് പ്രകൃതി യാഥാര്‍ഥ്യത്തെ നോക്കിക്കാണുന്ന രീതിയാണ്. അതിനെ പിന്തുണക്കുന്നവരുടെ അഭിപ്രായത്തില്‍ പ്രപഞ്ചത്തിലെ ഓരോന്നും ഓരോന്നിനോടും ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാല്‍ ഇസ്‌ലാമികശാസ്ത്രം നിലകൊള്ളുന്നത് സങ്കല്‍പപരമായ ഏകത എന്ന തത്ത്വത്തിന്‍മേലും യാഥാര്‍ത്ഥ്യക്കുറിച്ചുള്ള സമഗ്രമായ വീക്ഷണത്തിന്മേലുമാണ്. പ്രപഞ്ചത്തെക്കുറിച്ചുള്ള ഖുര്‍ആനിക വീക്ഷണം പ്രകൃതിലോകത്തിന്റെ ശാസ്ത്രീയ പഠനരീതിശാസ്ത്രമെന്ന നിലക്ക് മാത്രമല്ല മറിച്ച് എല്ലാ തത്ത്വശാസ്ത്രപരമായ അന്വേഷണങ്ങളേയും ശാസ്ത്രകണ്ടെത്തലുകള്‍ക്കും പശ്ചാത്തലമൊരുക്കുന്ന 'മൗലികമായ അധ്യാത്മികത' എന്നനിലക്കുകൂടിയാണ് ശാസ്ത്ര പഠനത്തെ ഉള്‍ക്കൊള്ളുന്നത്. സയന്‍സ് ആന്റ് സിവിലൈസേഷന്‍ ഇന്‍ ഇസ്‌ലാം(ശാസ്ത്രവും നാഗരികതയും ഇസ്‌ലാമില്‍ )എന്ന തന്റെ ഗ്രന്ഥത്തില്‍ നസ്ര്‍ പറയുന്നപോലെ 'ഇസ്‌ലാമികശാസ്ത്രങ്ങളുടെ ലക്ഷ്യമെന്നത് നിലനില്‍ക്കുന്ന എല്ലാത്തിന്റേയും ഏകതയും പരസ്പരബന്ധവും കാണിക്കുക എന്നതാണ്. അതിനാല്‍ പ്രപഞ്ചത്തിന്റെ ഏകതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രകൃതിയുടെ ഏകത എന്ന ദൃശ്യം ദൈവിക തത്ത്വങ്ങളുടെ ഏകതയിലേക്ക് മനുഷ്യനെ നയിച്ചേക്കാം. അങ്ങനെ, തൗഹീദ് എന്ന ദൈവത്തിന്റെ ഏകത്വം എന്ന തത്ത്വം ദൈവശാസ്ത്രത്തിനും ശാസ്ത്രത്തിനും ബാധകമാകുന്നു. ഈ സങ്കല്‍പത്തിന്റെ മാര്‍ഗത്തിലൂടെ തട്ടുതട്ടായുള്ള പരസ്പരബന്ധവും അതില്‍ ഉള്ളടങ്ങിയിട്ടുള്ള ക്രമവും വസ്തുക്കളുടെ ഉള്ളടക്കങ്ങളും വെളിവാക്കപ്പെടുന്നു.'
തന്റെ 'ഇസ്‌ലാം ആന്റ് സയന്‍സ്' എന്ന ഗ്രന്ഥത്തില്‍ മുസഫര്‍ ഇഖ്ബാല്‍ ചര്‍ച്ചചെയ്യുന്ന പോലെ ക്ലാസിക്കല്‍ ഇസ്‌ലാമിക നാഗരികതയുടെ കാലത്തെ മുസ്‌ലിം ശാസ്ത്രകാരന്‍മാര്‍ മഹത്തായ നേട്ടമുണ്ടാക്കിയത് അത്തരം ബോധ്യത്തിന്റെ ചട്ടക്കൂടിലാണെന്നും അതിനാല്‍ തന്നെ അവര്‍ ഇസ്‌ലാമിക തത്ത്വശാസ്ത്രം പ്രായോഗികശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും മേഖലയിലേക്കും അവര്‍ വ്യാപിപ്പിച്ചു. ഇസ്‌ലാമിന്റെ മതപര ആശയലോകത്തിനുള്ളില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മുസ്‌ലിം രാജ്യങ്ങളുടെ പ്രായോഗിക ആവശ്യങ്ങള്‍ക്കുനേരെ ഭൗതികശാസ്ത്രങ്ങള്‍ പ്രതികരിച്ചിട്ടുണ്ട.് വ്യത്യസ്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇത് ഉള്‍ക്കൊള്ളുന്നുണ്ട്, ഖിബ്‌ലയുടെ ദിശ നിര്‍ണയിക്കല്‍, പ്രാര്‍ത്ഥനാസമയം തീരുമാനിക്കല്‍, സങ്കീര്‍ണമായ ടാക്‌സ് സംവിധാനങ്ങളുടെ രീതികള്‍ കണ്ടെത്തല്‍, പുതിയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വികസിപ്പിക്കല്‍, മനുഷ്യശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ കണ്ടുപിടിക്കല്‍, പുതിയ മരുന്നുകള്‍ കണ്ടെത്തല്‍, ഗണിതശാസ്ത്ര മാതൃകകളും ജ്യാമിതീയ രൂപങ്ങളും വാസ്തുവിദ്യയിലേക്കും പ്ലാസ്റ്റിക് വസ്തു നിര്‍മാണത്തിലേക്കും പ്രയോഗിക്കല്‍, സങ്കീര്‍ണമായ വര്‍ണങ്ങളും കളറിങ് മെത്തേഡുകളും ഉണ്ടാക്കല്‍, പ്രകാശത്തിന്റേയും അതിന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍, വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കുവേണ്ടി ലെന്‍സുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങള്‍ വികസിപ്പിക്കല്‍, വിദഗ്ദ്ധവും സൗകര്യപ്രദവുമായ കാറ്റാടി മില്ലുകളും വാട്ടര്‍മില്ലുകളും നിര്‍മിക്കുക,സൈബര്‍നെറ്റിക്‌സിന്റെ ശാസ്ത്രം വികസിപ്പിക്കുക, അളക്കുന്നതിന്റെ പുതിയ ഉപകരണങ്ങള്‍ കണ്ടുപിടിക്കുക, ഭൂപടനിര്‍മാണ വിദ്യ വികസിപ്പിക്കല്‍ അങ്ങനെപോകുന്നു.

ഇസ്‌ലാമികശാസ്ത്രത്തിന്റെ ചരിത്രം
         ശാസ്ത്രകാരന്മാരും സാങ്കേതികവിദഗ്ധരും ഈ പ്രായോഗിക ആവശ്യങ്ങളെ അഭിമുഖീകരിക്കുകയും അവരുടെ സമൂഹങ്ങളുടെ ഭൗതികസൗകര്യങ്ങളെ വികസിപ്പിക്കുകയും ചെയ്തപ്പോള്‍, രാഷ്ട്രങ്ങളും രാഷ്ട്രീയ നേതാക്കന്‍മാരും പിന്തുണക്കുകയും ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായി ഫണ്ടുകളനുവദിക്കുകയും ചെയ്തു. ചില കേസുകളില്‍ എതിരാളികളായ രാഷ്ട്രങ്ങള്‍ ബൈസാന്റിയന്‍ സാമ്രാജ്യം മുതല്‍ ചൈന വരെ, ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരെ ആകര്‍ഷിക്കാന്‍ പരസ്പരം മത്സരിക്കുകയും ചെയ്തു. ഫിസിക്‌സ്, കെമിസ്ട്രി,ലെന്‍സുമായി ബന്ധപ്പെട്ട ശാസ്ത്രം, വൈദ്യം എന്നിവയിലെ ശാസ്ത്രപദ്ധതികളെല്ലാം തന്നെ പൊതുഫണ്ടിലൂടെമാത്രമല്ല എന്‍ഡോവ്‌മെന്റിലൂടെയും സ്‌കൂളുകള്‍, ലൈബ്രറി, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയും നല്‍കപ്പെട്ടു. ഉദാഹരണത്തിന്, പ്രശസ്തമായ ബൈത്തുല്‍ ഹിക്മ ഒന്‍പതാം നൂറ്റാണ്ടില്‍ അത്തരമൊരു കേന്ദ്രമായിത്തീരുകയും പിന്നീടുള്ള നൂറ്റാണ്ടുകളില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും മാതൃകയായിത്തീരുകയും ചെയ്തു. ഗ്രീക്ക് തത്ത്വശാസ്ത്രഗ്രന്ഥങ്ങളും ശാസ്ത്രഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്തുന്ന കേന്ദ്രം മാത്രമായിരുന്നില്ല; വികസിതമായ രീതിയിലുള്ള പഠന,ഗവേഷണ കേന്ദ്രവും കൂടിയായിരുന്നു. അവിടെ മുസ്‌ലിംകളും അമുസ്‌ലിംകളും അറബികളും അനറബികളുമെല്ലാം ജ്ഞാനം തേടിയെത്തുകയും ചെയ്തു. ഇന്നും വിജ്ഞാനത്തിന്റെ വിളക്കായും മുസ്‌ലിം പണ്ഡിതന്‍മാരുടേയും ശാസ്ത്രകാരന്‍മാരുടേയും മഹത്തായ നേട്ടത്തിന്റെ മറക്കാന്‍ കഴിയാത്ത സാക്ഷിയായും അത് ഓര്‍ക്കപ്പെടുന്നു.
റോഷ്ദി റാഷിദ്, എന്‍.ഹഖ്.ഇ കെന്നഡി ഉള്‍പ്പെടെയുള്ളവര്‍ മുസ്‌ലിം ശാസ്ത്രകാരന്‍മാരുടെ സംഭാവനകള്‍ നിരവധി അക്കാദമിക നിലവാരമുള്ള പുസ്തകങ്ങളില്‍ പഠിക്കപ്പെട്ടിട്ടുണ്ട്. 'കാംബ്രിഡ്ജ് ജേണല്‍ ഓഫ് അറബിക് സയന്‍സസ് ആന്റ് ഫിലോസഫി' മുസ്‌ലിം ലോകത്ത് ശാസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് പണ്ഡിതോചിതമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഇസ്‌ലാമിക പശ്ചാത്തലത്തിലെ ശാസ്ത്രത്തിന്റെ സിദ്ധാന്തവും പ്രയോഗവുമായി ബന്ധപ്പെട്ട സംവാദങ്ങളിലൂടെ ഇസ്‌ലാമും ശാസ്ത്രസംവാദങ്ങളിലേര്‍പ്പെടുന്നുണ്ട് മുസഫ്ര്‍ ഇഖ്ബാലിനാല്‍ എഡിറ്റ് ചെയ്തിറങ്ങുന്ന ദ ജേണല്‍ ഇസ്ലാം ആന്റ് സയന്‍സിലൂടെ.
സയ്യിദ് ഹുസൈന്‍ നസ്‌റിന്റെ ഇസ്‌ലാമിക് സയന്‍സ്: ആന്‍ ഇല്ലസ്‌ട്രേറ്റഡ് സ്റ്റഡി (ഇസ്‌ലാമിക ശാസ്ത്രം വിശദമായ പഠനം) എന്ന ഗ്രന്ഥമാണ് പൊതുജനത്തിന് പ്രാപ്യമാവുന്ന തരത്തിലുള്ള വീക്ഷണത്തില്‍ ഇറക്കപ്പെട്ട ആദ്യ വലിയ പഠനഗ്രന്ഥം. വളരെയടുത്ത് ക്ലാസിക്കല്‍ ഇസ്‌ലാമിക ശാസ്ത്രത്തിന്റെ പ്രധാന നേട്ടങ്ങള്‍ '1001 ഇന്‍വെന്‍ഷന്‍സ്: മുസ്‌ലിം ഹെറിറ്റേജ് ഇന്‍ അവര്‍ വേള്‍ഡ്' (ആയിരത്തി ഒന്ന് കണ്ടുപിടിത്തങ്ങള്‍: നമ്മുടെ ലോകത്തെ മുസ്‌ലിം പാരമ്പര്യം) എന്ന വലിയ എക്‌സിബിഷനില്‍ അവതരിപ്പിക്കപ്പെട്ടു. പ്രദര്‍ശനം മുസ്‌ലിം ശാസ്ത്രകാരന്മാര്‍ നടത്തിയ ചിലപ്രധാന കണ്ടുപിടിത്തങ്ങള്‍ ഒരുമിച്ചു കൊണ്ടുവരികയും പൊതുവിജ്ഞാനത്തിന് അവരുടെ സംഭാവനകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.
ഫുആത് സെസ്‌കിന്റെ നേതൃത്വത്തില്‍ ഇതേ ആശയത്തോടുകൂടി ഇസ്‌ലാമികശാസ്ത്ര, സാങ്കേതികവിദ്യയുടെ ഒരു മ്യൂസിയം തുര്‍ക്കിയിലെ ഇസ്തംബൂളില്‍ തുറക്കപ്പെടുകയുണ്ടായി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ, ഇസ്‌ലാമിക ചിന്തയുടേയും ശാസ്ത്രത്തിന്റേയും ചരിത്രകാരന്മാരിലൊരാളായ സെസ്‌കിന്റെ സൃഷ്ടികള്‍ നിരവധി ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഇസ്‌ലാമിക ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും പ്രധാന വശങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ശാസ്ത്ര മ്യൂസിയം മുസ്‌ലിം ശാസ്ത്രകാരന്‍മാര്‍ വികസിപ്പിച്ച നിരവധി സാങ്കേതിക ഉപകരണങ്ങളെക്കുറിച്ചും യന്ത്രങ്ങളെക്കുറിച്ചും ഫലവത്തായ വിവരങ്ങള്‍ നല്‍കുന്നുണ്ട്.
ഇസ്‌ലാം ശാസ്ത്ര സംവാദത്തിന്‍ വിമര്‍ശകര്‍ കൂടിയുണ്ട്. വിമര്‍ശകര്‍ ഇസ്‌ലാമികശാസ്ത്രസാഹിത്യത്തെ ആശയപരമായി ദുര്‍ബലവും ചരിത്രപരമായ വേരുകളല്ലാത്തതും, ശാസ്ത്രീയമായി ഉല്‍പ്പാദനശേഷിയില്ലാത്തതുമാണെന്ന നിലക്ക് നിരാകരിക്കുന്നു. ഉദാഹരണത്തിന്, പര്‍വേസ് ഹുഡ് പൂഡ്‌ഹോയും ടനേര്‍ എഡിസും വ്യത്യസ്ത സമീപനങ്ങളെടുക്കുമ്പോഴും മതത്തിന്റേയും ശാസ്ത്രത്തിന്റേയും മേഖലകള്‍ തമ്മില്‍ സുവ്യക്തമായ വേര്‍തിരിവ് ആവശ്യപ്പെടുകയും, സമന്വയത്തിന്റേയും സഹവര്‍ത്തിത്വത്തിനായുള്ള ശ്രമങ്ങളേയും അനാരോഗ്യമായി കാണുകയും ചെയ്യുന്നു. രണ്ടും രണ്ടാണെന്ന നിലപാട് പൊതുവെ അവര്‍ സ്വീകരിക്കുകയും മതവും ശാസ്ത്രവും വ്യത്യസ്ത പഠനമേഖലയായി പരിഗണിക്കപ്പെടണമെന്ന വാദം മുന്നോട്ടുവെക്കകുകയും ചെയ്യുന്നു.

ഭൗതികശാസ്ത്രത്തിലേയും ജീവശാസ്ത്രത്തിലേയും പ്രശ്‌നങ്ങള്‍
         ഇന്ന് മുസ്‌ലിം പണ്ഡിതരും ശാസ്ത്രകാരന്‍മാരും ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും മേഖലകളില്‍ ആശയപരമായും പ്രായോഗികമായും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകളും ജീവിതത്തിന്റെ വിവിധമേഖലകളില്‍ അതിന്റെ പ്രയോഗവും ഇസ്‌ലാമടക്കമുള്ള ലോകമതങ്ങള്‍ക്ക് വെല്ലുവിളികളുയര്‍ത്തുന്നുണ്ട്. ബയോ എത്തിക്‌സിലെ പ്രശ്‌നങ്ങളായ മനുഷ്യക്ലോണിംഗ്, ജനിതകഎഞ്ചിനീയറിങ്, അവയവം മാറ്റിവെക്കല്‍, മൂലകോശങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ എന്നിവയെല്ലാം മുസ്‌ലിം ശാസ്ത്രകാരന്മാരിലും പണ്ഡിതരിലും വ്യത്യസ്ത പ്രതികരണങ്ങളുളവാക്കി. തീവ്രമായ സംവാദത്തിന്റെ പുതിയ മേഖലയാണിത്. ഇതില്‍ മുസ്‌ലിം നിയമജ്ഞരും ജീവശാസ്ത്രകാരന്‍മാരും വൈദ്യന്‍മാരും ഉത്തരം തേടപ്പെട്ടു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഇന്നും വിവാദ വിഷയമാണ്, പിന്തുണക്കുന്നവരും എതിരാളികളും ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്ന് തെളിവ് കണ്ടെത്തുന്നു. ഉസ്മാന്‍ ബര്‍ക്കറിന്റെ 'ക്രിട്ടിക്ക് ഓഫ് എവല്യൂഷണറി തിയറി എ കളക്ഷന്‍ ഓഫ് എസ്സേസ് ' എന്ന തലക്കെട്ടിലുള്ള ലേഖനങ്ങള്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അശാസ്ത്രീയമായും അനിസ്‌ലാമികമെന്നും കണക്കാക്കുന്നു. സമാനമായ പ്രശ്‌നങ്ങള്‍ പ്രകൃതിപഠനങ്ങള്‍ക്കും ഭൗതികശാസ്ത്രത്തിനുമുണ്ട്. ക്വാണ്ടം തിയറി പദാര്‍ഥത്തെക്കുറിച്ച നമ്മുടെ സങ്കല്‍പത്തെ മാറ്റി മറിക്കുകയും അതിന്റെ തത്ത്വശാസ്ത്രപരമായ വിവക്ഷകള്‍ വിധിനിര്‍ണയവാദവുമായി ബന്ധപ്പെട്ടും അളവ്, സാധ്യത, അനിവാര്യത എന്നിവയിലെല്ലാം പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു. ആധുനിക പ്രകൃതിശാസ്ത്രവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങള്‍, ബിഗ്ബാങ് തിയറി, നരവംശശാസ്ത്ര സിദ്ധാന്തങ്ങള്‍, ഡിസൈനില്‍ നിന്നുള്ള വാദങ്ങള്‍, പ്രപഞ്ചത്തിന്റെ വികാസവും മാറ്റങ്ങളും എന്നിവ വലിയ അര്‍ഥത്തിലുള്ള സാഹിത്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും മതവും തത്ത്വശാസ്ത്രവും തമ്മിലുള്ള വ്യത്യാസങ്ങളെ വീണ്ടും അസാധ്യമാക്കുകയും ചെയ്തു. ഒരുപാട് മുസ്‌ലിംശാസ്ത്രകാരന്മാര്‍ ആധുനിക ഭൗതികശാസ്ത്രത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ഇസ്‌ലാമിക വീക്ഷണകോണില്‍ നിന്ന് എഴുതിയിട്ടുണ്ട്.

സംഗ്രഹം
         ഇസ്‌ലാമും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തില്‍ മുസ്‌ലിം ശാസ്ത്രകാരന്മാരും ചിന്തകരും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. അവരുടെ വ്യത്യസ്ത പ്രതികരണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇസ്‌ലാമിക ചട്ടക്കൂടിനുള്ളില്‍ തന്നെയുള്ള വിവിധ സങ്കല്‍പങ്ങള്‍ രൂപീകരിക്കാനുള്ള സാധ്യതകളേയാണ്. ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയും പ്രായോഗികവും സങ്കല്‍പ്പപരവുമായ വെല്ലുവിളികള്‍ മുസ്‌ലിം സമൂഹത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ശാസ്ത്ര സാങ്കേതികതയോട് സംവദിക്കാന്‍ കരുത്തുള്ള ഇസ്‌ലാമിക ചട്ടക്കൂട് എങ്ങനെ വികസിപ്പിക്കാം എന്ന ചര്‍ച്ച മുസ്‌ലിം ലോകത്തെ പ്രധാന ജൈവശാസ്ത്ര പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനവിവക്ഷകളുമായി തുടരുന്നു. ശാസ്ത്ര സാങ്കേതികതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വികസ്വര മുസ്‌ലിം രാഷ്ട്രങ്ങള്‍ പ്രശ്‌നങ്ങളില്‍ തുടരുകയാണ്. ഇസ്‌ലാം ശാസ്ത്ര സംവാദങ്ങള്‍ ഇനിയുമൊരുപാട് മുന്നോട്ടുപോകാനുണ്ട്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top