മുഹമ്മദ് - മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍
വി.കെ അലി
മുഹമ്മദ് നബിയുടെ ചരിത്രത്തെക്കുറിച്ച് അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇനിയും രചിക്കപ്പെടുകയും ചെയ്യും. എത്ര കോരിയെടുത്താലും കുറവുവരാത്ത ചരിത്ര സാഗരമാണ് പ്രവാചക ജീവിതം. എന്നാല്‍ എല്ലാ രചനകളും ഒരുപോലെയല്ല. ചരിത്ര രചനയുടെ മൗലിക ലക്ഷ്യങ്ങള്‍ ഫലപ്രദമായി സാക്ഷാത്കരിക്കുന്നതിലാണ് ഒരു കൃതിയുടെ വിജയം നിലകൊള്ളുന്നത്. പ്രസ്തുത വിഷയത്തില്‍ നഈം സിദ്ദീഖിയുടെ 'മുഹമ്മദ് - മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍' എന്ന ഈ ഗ്രന്ഥം അസാധാരണമായ വിജയം കൈവരിച്ചിരിക്കുന്നു. അതില്‍ അത്ഭുതവുമില്ല. ഉര്‍ദു സാഹിത്യത്തില്‍ വിഖ്യാതനായ എഴുത്തുകാരനായിരുന്നു നഈം സിദ്ദീഖി. നിരവധി ഗ്രന്ഥങ്ങളുടെ ഉടമ. മനോഹരമായ കവിതകളുടെ രചയിതാവ്. 'സയ്യാറെ ഡൈജസ്റ്റ്' പോലുള്ള സാഹിത്യമാസികകളുടെ പത്രാധിപര്‍. അദ്ദേഹത്തിന്റെ ഗദ്യവും കവിതാമയമാണ്. വായനക്കാരെ ഹരം കൊള്ളിക്കുന്നതും.
1960കളുടെ തുടക്കത്തില്‍ 'മുഹ്‌സിനെ ഇന്‍സാനിയ്യത്ത്' എന്ന പേരില്‍ ഈ ഗ്രന്ഥം വെളിച്ചം കണ്ടപ്പോള്‍ തന്നെ സഹൃദയലോകം അതിനെ സമോദം സ്വാഗതം ചെയ്തിരുന്നു. പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷകനുമായ മുന്‍ രാഷ്ട്രപതി ഡോ. സാക്കിര്‍ ഹുസൈന്‍ പ്രസ്തുത കൃതിയെക്കുറിച്ചെഴുതി: ഈയിടെ സാമ്പ്രദായിക രചനകളില്‍നിന്ന് വളരെ വ്യത്യസ്തമായൊരു പ്രവാചക ജീവചരിത്രം വായിക്കാനിടയായി. നഈം സിദ്ദീഖിയുടെ അനുഗ്രഹീത തൂലികയില്‍നിന്ന് വാര്‍ന്നുവീണ മുഹ്‌സിനെ ഇന്‍സാനിയത്ത് എന്ന കൃതിയാണത്.'' അക്കാലം മുതല്‍ക്കേ പ്രസ്തുത പുസ്തകം വായിക്കണമെന്ന് ഉല്‍ക്കടമായ അഭിലാഷം ഉണ്ടായിരുന്നുവെങ്കിലും 'മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍' എന്ന പേരില്‍ കെ.ടി ഹുസൈന്‍ പി.പി അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍ എന്നിവര്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്ത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചപ്പോഴാണ് ആഗ്രഹം സഫലമായത്. ഐ.പി.എച്ചിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ് ഈ കൃതിയുടെ പ്രസിദ്ധീകരണം മുഖേന സാധിച്ചിരിക്കുന്നത്.
സാമാന്യം ദീര്‍ഘമായ ഒരാമുഖത്തോടു കൂടിയാണ് നഈം സിദ്ദീഖി തന്റെ ഗ്രന്ഥം ആരംഭിക്കുന്നത്. പലര്‍ക്കും ചരിത്ര പാരായണത്തിന് - ചരിത്ര രചനക്കും- പല ലക്ഷണങ്ങളുമാണുള്ളതെന്ന് അതില്‍ വിശദീകരിക്കുന്നുണ്ട്. അത്തരക്കാരെ മൂന്ന് വിഭാഗമായി തരംതിരിച്ചിരിക്കുന്നു. 1) ദൈവപ്രീതി നേടാന്‍ മാത്രമായി ചരിത്രവായനയില്‍ താല്‍പര്യം കാണിക്കുന്നവര്‍. അവര്‍ ആഘോഷങ്ങളോടെ മീലാദ് മഹ്ഫിലുകള്‍ സംഘടിപ്പിക്കുന്നു, മധുര പലഹാരങ്ങള്‍, പുഷ്പ തോരണങ്ങള്‍, ഖവാലികളുടെയും സ്തുതിഗീതങ്ങളുടെയം അകമ്പടി, സാമ്പാണിത്തിരിയുടെയും ചന്ദനത്തിരിയുടെയും സുഗന്ധം എന്നിവയാകും അന്തരീക്ഷത്തില്‍ നിറയുന്ന നബിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി സംഭവിക്കുന്ന അമാനുഷിക ഗണത്തിലാണ് അവര്‍ എണ്ണപ്പെടുന്നത്. പ്രകാശത്താല്‍ രൂപപ്പെട്ട്, ശരീരത്തിന് തണലില്ലാത്ത ഏതോ അമാനുഷിക വ്യക്തിത്വത്തിന്റെ സങ്കല്‍പമാണവര്‍ക്ക് നബി. 2) പാശ്ചാത്യരില്‍ കാണുന്ന വീരാരാധനയോട് സദൃശമായതാണ് രണ്ടാമത്തെ പ്രവണത. ഒരുതരം സാമുദായിക വികാരത്തെ അത് പ്രതിനിധീകരിക്കുന്നു. ''ഞങ്ങളുടെ ചരിത്രത്തില്‍ എത്ര വലിയ പുണ്യാത്മാക്കളാണ് കഴിഞ്ഞു പോയത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരവും വിശ്വോത്തരവുമാണ്. ഞങ്ങളതിന്റെ അന്തരാവകാശികളാണ്. ഇത്തരം വ്യക്തിത്വങ്ങളുടെ ജന്മദിനവും മരണദിനവുമെല്ലാം സാഘോഷം കൊണ്ടാടുകയാണെന്നല്ലാതെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ ഇതുകൊണ്ട് സാധ്യമല്ല. 3) പ്രവാചക സന്ദേശത്തെ ഒരു സങ്കുചിത മതസന്ദേശമായി മനസിലാക്കുന്നു എന്നതാണ് മൂന്നാമത്തെ രീതി. തിരുമേനി ഏതാനും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ചില ധാര്‍മിക ഉദ്‌ബോധനങ്ങളും ഏതാനും കര്‍മശാസ്ത്ര വിധികളും പഠിപ്പിക്കാനാണ് വന്നത്. ശുദ്ധി, നമസ്‌കാരം നോമ്പ്, സുന്നത്തുകള്‍, ദിക്‌റുകള്‍, വൈയക്തിക മൂല്യങ്ങള്‍ എന്നിവ പ്രവാചകനില്‍നിന്ന് സ്വീകരിക്കുകയല്ലാതെ സാമൂഹിക ജീവിതത്തിന്റെ വിശാല മണ്ഡലങ്ങളില്‍ പ്രവാചക ചര്യയുടെ മാതൃക ഇവര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ചരിത്ര പഠനത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്തായിരിക്കണമെന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു: എന്റെ വീക്ഷണത്തില്‍ പ്രവാചക ചരിത്ര വായനയുടെ ഒരേയൊരു ലക്ഷ്യം അദ്ദേഹം കൊളുത്തിയ സന്ദേശത്തിന്റെ ജ്വാല നമ്മുടെ മുന്നിലും മുഴുവന്‍ മനുഷ്യരാശിയുടെ മുന്നിലും ഒരിക്കല്‍ കൂടി പ്രകാശിക്കുകയും വര്‍ത്തമാനകാലഘട്ടത്തിന്റെ അന്ധകാരങ്ങളില്‍ മോക്ഷത്തിന്റെ വഴി തുറന്നു കിട്ടുകയുമാണ്.'' (പേജ്: 52) ''ഇത് വായിക്കുമ്പോള്‍ പതിനാലു നൂറ്റാണ്ടുകളുടെ അകലം മുറിച്ചുകൊണ്ട് പ്രവാചകനെ സമീപസ്ഥനായി അനുഭവിക്കാന്‍ വായനക്കാരന് കഴിയുമെന്നും ഓരോ സംഭവവും തനിക്ക് മുന്നപില്‍ ചലിക്കുന്നതായി അനുഭവപ്പെടുമെന്നും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തിരമാലകള്‍ തന്റെ സങ്കല്‍പ ലോകത്ത് ഒഴുകിപ്പരക്കുന്നതായി കാണുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യവും മിഥ്യയും തമ്മിലുള്ള ഈ സംഘര്‍ഷത്തില്‍ നിഷ്പക്ഷനായിരിക്കാന്‍ അവന് കഴിയില്ലെന്നും മറിച്ച് അവന്നുള്ളില്‍ രചനാത്മകമായ വികാരം ഉണര്‍ന്നു വരുമെന്നും മാനവചരിത്രത്തില്‍ തന്റെ പങ്ക് എന്താണെന്ന് ചിന്തിക്കാന്‍ അവന്‍ നിര്‍ബന്ധിതനായിത്തീരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. (പേജ്: 79).
മുഹമ്മദ് നബിയുടെ ചരിത്രത്തെ വികലമായാണ് പാശ്ചാത്യര്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്നും അതിനുള്ള അടിസ്ഥാന കാരണങ്ങല്‍ എന്താണെന്നും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. 1) മുഹമ്മദ് നബി രംഗപ്രവേശം ചെയ്തപ്പോള്‍ ജൂതന്മാരും ക്രിസ്ത്യാനികളും അധഃപതനത്തിന്റെ ചരിത്ര ഘട്ടത്തിലൂടെയാണ് പ്രയാണം ചെയ്തിരുന്നത്. മതജന്മികള്‍ കച്ചവട മനഃസ്ഥിതിയോടു കൂടി താല്‍പര്യങ്ങളുടെ കടകള്‍ തുറന്നിരുന്നു. നാഗരികതയുടെ സംസ്‌കരണവും മനുഷ്യത്വത്തിന്റെ നന്മയും അവരുടെ പരിഗണനയിലുണ്ടായിരുന്നില്ല. വിഭാഗീയത നിലനിര്‍ത്തി പക്ഷപാതിത്വത്തിന്റെയും അസൂയയുടെയും ശത്രുതയുടെയും മുന്നണി രൂപവല്‍ക്കരിക്കുകയാണവര്‍ ചെയ്തത്. ചരിത്രത്തിന്റെ മലിനജലം പിന്‍തലമുറകളിലേക്കും പകരാനാണവര്‍ ശ്രമിച്ചത്. നബിയുടെ സമകാലികരായ ജൂത-ക്രൈസ്തവ വിഭാഗത്തിന്റെ ഈ ദുഷിച്ച വൈകാരിക പ്രതികരണം പിന്‍ഗാമികളെയും ആഴത്തില്‍ സ്വീധീനിച്ചു.
2) ക്രിസ്ത്യാനികള്‍ക്ക് ശക്തമായ സ്വാധീനവും ശക്തിയുമുണ്ടായിരുന്ന പല പ്രദേശങ്ങളും ഇസ്‌ലാമിന്റെ കീഴില്‍ വന്നത് ശത്രുതാപരമായ വികാരം സൃഷ്ടിക്കപ്പെടുകയും അത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തു. ഈ ശത്രുത പ്രവാചകനും ഇസ്‌ലാമിനും എതിരെ തിരിയാന്‍ കാലതാമസമുണ്ടാവില്ല. കുരിശുയുദ്ധകാലത്ത് അത് പാരമ്യത്തിലെത്തി. മുസ്‌ലിംകളില്‍ കാണപ്പെട്ട ദൗര്‍ബല്യങ്ങളും പാളിച്ചകളും ഇസ്‌ലാമിന്റെയും പ്രവാചകന്റെയും തലയില്‍ വെച്ചുകെട്ടുകയും പ്രവാചക ചരിത്രത്തെക്കുറിച്ച തെറ്റായ സങ്കല്‍പം രൂപപ്പെടുത്തിയെടുക്കുയും ചെയ്തു.
3) ഇസ്‌ലാമിനും പ്രവാചകനുമെതിരെ ക്രൈസ്തക പാതിരിമാര്‍ പ്രചരിപ്പിക്കുന്ന ചിത്രം പാശ്ചാത്യന്‍ ബുദ്ധിജീവികളിലും സ്വാധീനം ചെലുത്തി. ഓറിയന്റലിസ്റ്റുകളുടെ ഗ്രന്ഥമെഴുത്ത് പരിശോധിച്ചാല്‍ അവര്‍ എത്രകണ്ട് ഈ പ്രോപഗണ്ടക്ക് വശംവദരായിരിക്കുന്നുവെന്ന് മനസ്സിലാക്കാം.
4) കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ പാശ്ചാത്യ സാമ്രാജ്യത്വം മുസ്‌ലിം ജനതയെ പൈശാചികമായി വേട്ടയാടി. ഇതിനെതിരെ സ്വതന്ത്രചിന്തയും സമത്വഭാവനയും വളര്‍ത്തി മുസ്‌ലിംകളെ ഉത്തേജിപ്പിച്ചത് മതവ്യക്തിത്വങ്ങളായിരുന്നു. ഇസ്‌ലാമിന്റെ നീതിവ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ആവേശം നുരഞ്ഞുപൊന്തി. അതിനാല്‍ പാശ്ചാത്യര്‍ മുസ്‌ലിം രാജ്യങ്ങളിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളില്‍ കാണപ്പെടുന്ന ആവേശത്തെ മതഭ്രാന്തായും മതമൗലികവാദമായും ചിത്രീകരിച്ചും ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ എന്തെങ്കിലും നല്ലവശമുണ്ടെങ്കില്‍ അതെല്ലാം ക്രിസ്തുമതത്തിന്റെയും ജൂതായിസത്തിന്റെയും സ്വാധീനത്തെയും അവര്‍ പ്രചരിപ്പിച്ചു.
തുടര്‍ന്ന് അദ്ദേഹം എഴുതുന്നു: ഇസ്‌ലാമിനെ ക്രിസ്തുമതത്തിന്റെ പ്രതിയോഗിയായ മതമെന്ന നിലയിലല്ല, ജനാധിപത്യത്തെയും സോഷ്യലിസത്തെയും പോലുള്ള പ്രസ്ഥാനമെന്ന നിലക്കും ജീവിതത്തിനുള്ള സാംസ്‌കാരിക ക്രമമെന്ന നിലയിലുമാണ് മനസിലാക്കേണ്ടത്.
പ്രവാചകന്‍ മുഴുവന്‍ ജീവിതത്തെയും മാറ്റിക്കൊണ്ടാണ് മുന്നോട്ട് പോയത്. നാഗരികതയുടെ മുഴുവന്‍ സൗധവും പുനര്‍നിര്‍മിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. സാമൂഹ്യ വ്യവസ്ഥ മുഴുവന്‍ മികച്ച രൂപരേഖ പ്രകാരം അഴിച്ചു പണിയാനാണ് അദ്ദേഹം നിയുക്തനായത്.''
630 പേജുകളില്‍ പരന്നുകിടക്കുന്ന ഈ ഗ്രന്ഥത്തില്‍ 31 അധ്യായങ്ങളാണുള്ളത്. പ്രവാചകന്റെ ശരീര പ്രകൃതിയും സ്വഭാവശീലങ്ങളും പ്രതിപാദിക്കുന്നു, ''വ്യക്തിത്വം ഒറ്റനോട്ടത്തില്‍'' എന്‌ന അധ്യായത്തിനു ശേഷം പ്രവാചക ചരിത്രത്തെ മക്കാ കാലഘട്ടം, മദീനാകാലഘട്ടം എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു. എതിര്‍പ്പുകള്‍, അബ്‌സീനിയന്‍ പാലായനം, ഉമറിന്റെ ഇസ്‌ലാം ആശ്ലേഷണം, ഉപരോധം, ത്വാഇഫ് യാത്ര, മക്കയോട് വിട എന്നിവയാണ് മക്കാ കാലഘട്ടത്തിലെ പ്രധാന ശീര്‍ഷകങ്ങള്‍. ഗൂഢാലോചനകള്‍, മദീനാ പലായനം, മക്കാവിജയം, ഉടമ്പടികള്‍, ദേശാന്തരീയ പ്രബോധനം, എതിര്‍പ്പിന്റെ അവസാന തരംഗം, അറഫാ സംഗമം, വിയോഗം എന്നീ വിഷയങ്ങളാണ് മദീനഘട്ടത്തിലെ മുഖ്യ അധ്യായങ്ങള്‍. നബി ചരിത്രത്തിലെ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളെയും ഒരുമുത്തുമാലപോലെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു. കേവലം ചരിത്ര സംഭവങ്ങള്‍ പറഞ്ഞു പോവുകയില്ല, മഹത്തായ ഒരു ലക്ഷ്യം നേടിയെടുക്കുന്നതിന് പ്രവാചകനും അനുയായികളും എങ്ങനെ കഠിനാധ്വാനം ചെയ്തുവെന്നും ഒരു പുതിയ നാഗരികതയും സംസ്‌കാരവും എപ്രകാരം നിര്‍മിച്ചെടുത്തുവെന്നും വിശദമായി പ്രതിപാദിക്കുകയാണ് സിദ്ദീഖി. പലേടത്തും അദ്ദേഹത്തിന്റെ ഭാഷ കവിതാമയവും മനോഹരവുമാണ്. തന്റെ സഹോദരിയുടെ ശരീരത്തില്‍ രക്തം കണ്ടപ്പോള്‍ മനപരിവര്‍ത്തനം വന്ന ഉമര്‍(റ)നെ പറ്റി എഴുതുമ്പോള്‍ 'വജ്രഹൃദയം പുഷ്പദളത്താല്‍ പിളര്‍ന്നുപോയി(പേജ്: 201) എന്നും പ്രവാചകന്റെ ആഗമനം കാത്തിരിക്കുന്ന മദീനക്കാരെക്കുറിച്ച്, പെയ്യാനിരിക്കുന്ന മഴമേഘങ്ങളെ കാത്തിരിക്കുന്ന പുതുനാമ്പുകള്‍പോലെ, വസന്തഋതുവില്‍ കാറ്റിനെ കാത്തിരിക്കുന്ന പൂന്തോപ്പിനെപോലെ, ഒരു നവലോക നിര്‍മിക്കുവേണ്ടി ചേരുവകള്‍ തയാറാക്കി തങ്ങളുടെ നേതാവിനെ അവര്‍ കാത്തിരുന്നു (പേജ് 243) എന്നും അദ്ദേഹം എഴുതുന്നു. മറ്റുചില ഉദാഹരണങ്ങള്‍ കാണുക: മദീനക്ക് ലഭിച്ച ആ ചരിത്ര മുഹൂര്‍ത്തം കൊണ്ടു സങ്കല്‍പിച്ചു നോക്കൂ. തെരുവുകളിലെ ഓരോ മണല്‍ത്തരിയും ത്രസിച്ചിരിക്കും. കാറ്റിനുപോലും വികാരാവേശം ഉണ്ടായിക്കാണും. ചുമുരുകളിലെ കിളിവാതിലുകള്‍ക്ക് ആ ധന്യനിമിഷങ്ങളില്‍ കണ്ണുകള്‍ ലഭിച്ചിരിക്കും. (പേജ് 244). മദീനയിലെ ഇസ്‌ലാമിന്റെ വളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍: സത്യപ്രബോധനത്തിന്റെ വയലേലകളില്‍ എങ്ങനെയാണ് വിളകള്‍ തൊഴുത്തു വളരുന്നത്. ഇന്ന് ഇവിടെ ഒരു ബീജം പൊട്ടിമുളക്കുമ്പോള്‍ നാളെ മറ്റൊരിടത്ത് കോബലകളായി പ്രത്യക്ഷപ്പെടുന്നു. പ്രഭാതത്തില്‍ ഇവിടെ ഒരു പൂകെട്ട് വിരിയുമ്പോള്‍ പ്രദോഷത്തില്‍ ഏതോ ദീപാങ്കുരം ആകാശത്തില്‍ മിന്നിത്തിളങ്ങുന്ന താരഗണങ്ങളെന്നോണം കണ്ണു തുറക്കുന്നു. ആദ്യം ഒന്ന്, പിന്നെ രണ്ടും നാലും, പിന്നെ പത്തും ഇരുപതും, പിന്നെ നൂറും ആയിരവും പതിനായിരവും ലക്ഷങ്ങളും. അത് പെരുകുകയാണ്. ഒരാള്‍ വിരലുയര്‍ത്തുമ്പോള്‍ മറ്റൊരാള്‍ തലപൊക്കുന്നു. മൂന്നാമതൊരാള്‍ കണ്ണ് തുറക്കുന്നു. പിന്നീടവര്‍ കിരണങ്ങളുടെ ചിറക് വിരിച്ച് പറക്കാന്‍ തുടങ്ങുന്നു. പറന്ന് പറന്ന് അവര്‍ പരസ്പരം ആശ്ലേഷിക്കുന്നു. അവരില്‍നിന്ന് പുതിയൊരു ലോകം ജന്മമെടുക്കുന്നു. (പേജ് 493) ഇതുപോലെ എത്രഎത്ര ഉദാഹരണങ്ങള്‍!
ചരിത്ര സംഭവങ്ങളെ അവലോകന വിധേയമാക്കാനും വ്യാഖ്യാനിക്കാനും ചരിത്രകാരന് സാധിക്കേണ്ടതുണ്ട്. ഈ രംഗത്തും നഈം സിദ്ദീഖി വിജയിച്ചിരിക്കുന്നു. മക്കയില്‍നിന്ന് പറിച്ചുനട്ട ഇസ്‌ലാമിക പ്രസ്ഥാനത്തെ മദീനയിലെ വേദക്കാര്‍ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് അദ്ദേഹം എഴുതി: മക്കയില്‍ പ്രവാചകന്‍ ഇബ്‌റാഹീമിന്റെ പിന്‍മുറക്കാരായിരുന്നു ശത്രുക്കകളെങ്കില്‍ മദീനയില്‍ മൂസാനബിയുടെ പിന്‍ഗാമികളായിരുന്നു. മക്കയില്‍നിന്ന് വ്യത്യസ്തമായി ഇവര്‍ക്ക് വേദഗ്രന്ഥവും വിശുദ്ധവേഷവുമുണ്ടായിരുന്നു. മക്കയില്‍ കഅ്ബാലയത്തിന്റെ ഊരാളന്മാര്‍ ശത്രുപക്ഷത്ത് അണിനിരന്ന പോലെ മദീനയില്‍ ബൈതുല്‍ മുഖദ്ദസിന്റെ പ്രതിപുരുഷന്മാരാണ് രംഗത്ത് വന്നത്.
സത്യമതത്തെ നേരിടാന്‍ മതവിശ്വാസികള്‍ തന്നെയാണ് എന്നും എവിടെയാണ് രംഗത്ത് വന്നിട്ടുള്ളത് എന്നത് ഇസ്‌ലാമിക ചരിത്രത്തിലെ വലിയ ദുരന്തമാണ്. സത്യത്തിന്റെ സന്ദേശം കേള്‍ക്കുമ്പോള്‍ ആദ്യ അണിയില്‍ ചേര്‍ന്ന് 'ലബ്ബൈക' പറയേണ്ട മതവിശ്വാസികള്‍ തന്നെയാണ് ദൗര്‍ഭാഗ്യവശാല്‍ 'ആദ്യത്തെ നിഷേധി'യാകാന്‍ ധൃതികൂട്ടുന്നത്. വിനാശകാലത്ത് പൊതുവെ മതങ്ങള്‍ക്ക് സ്വന്തം അനുയായികളില്‍ നിന്നതന്നെയാണ് ക്ഷതമേല്‍ക്കാറുള്ളത്. അവര്‍ക്ക് മതം ലാഭകരമായ കച്ചവടവും പൈതൃക സ്വത്തുമായി മാറുന്നു. മതവിധികള്‍ക്ക് വിപണിവില നിശ്ചയിക്കുന്നു. ഉപദേശങ്ങള്‍ വില്‍പനച്ചരക്കും വിജ്ഞാനം ധനസമ്പാദന മാര്‍ഗവുമായിത്തീരുന്നു. സ്ഥാനമാനങ്ങള്‍ ആത്മീയ ശക്തി പ്രഭാവത്തിലേക്കുള്ള ഏണിപ്പടികളാകുന്നു (പേജ് 250,251)
ഇസ്‌ലാമിക വ്യവസ്ഥയുടെ സംസ്ഥാപനം എങ്ങനെ സാധിച്ചു എന്നതിനെപ്പറ്റി നഈം സിദ്ദീഖി നിരീക്ഷിക്കുന്നു: നാനാഭാഗത്ത് നിന്നുള്ള എതിര്‍പ്പുകളുടെയും ഏറ്റുമുട്ടലുകളുടെയും പ്രളയത്തില്‍ പത്ത് പന്ത്രണ്ട് ചതുരശ്ര നാഴിക ഭൂപ്രദേശത്ത് താമസിക്കുന്ന വലിയൊരു മനുഷ്യസഞ്ചയം എങ്ങനെ ഇസ്‌ലാമിക വ്യവസ്ഥയുടെ തണലില്‍ വന്നുചേര്‍ന്നു. നിബിഢാന്ധകാരത്തിന്റെ നെഞ്ചു പിളര്‍ന്ന് പുലരിയുടെ ഹൂറി എങ്ങനെ പുഞ്ചിരിച്ചു? ആ പുഞ്ചിരി എങ്ങനെ ചുറ്റുവട്ടങ്ങളില്‍ ജ്വാലയായി പടര്‍ന്നു? സന്ദേശം സത്യമാണെങ്കില്‍, പ്രസ്ഥാനം മനുഷ്യ ക്ഷേമത്തില്‍ അധിഷ്ഠിതമാണെങ്കില്‍, അതിന്റെ ധ്വജവാഹകന്‍ നിസ്വാര്‍ഥവും പരോപകാരതല്‍പരതയും ത്യാഗസന്നദ്ധനുമാണെങ്കില്‍ സത്യത്തിന്റെ വിപ്ലവാത്മക സാര്‍ഥവാഹകസംഘത്തെ സംബന്ധിച്ചേടത്തോളം എതിര്‍പ്പുകളും ഏറ്റുമുട്ടലുകളും കുതിരസവാരിക്കാരന്റെ ബൂട്ടിലെ മുള്ളുപോലെ മുന്നോട്ടു കുതിക്കാനുള്ള പ്രചോദമായിരിക്കും....
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ കരുത്ത് തെളിവുകളായിരുന്നു. ശൈഖ്-മുരീദ് സംവിധാനമായിരുന്നു അതെങ്കില്‍ ബുദ്ധിക്ക് മൂടുപടമിടുകയാണ് ചെയ്യുക. സാമ്പ്രദായിക മതമായിരുന്നുവെങ്കില്‍ ഊഹാധിഷ്ഠിതമാകുമായിരുന്നു. പൗരോഹിത്യ-സൂഫി ത്വരീഖത്തായിരുന്നുവെങ്കില്‍ കണ്ണും കാതും ചുണ്ടുമടങ്ങിയിരുന്ന മാന്ത്രികവിദ്യയാകുമായിരുന്നു. ഇവിടെ പക്ഷേ, ആവശ്യം ദൈവഭക്തിയിലധിഷ്ഠിതമായ നാഗരികത കെട്ടിപ്പടുക്കാനും കൊണ്ടുനടക്കാനും സാധിക്കുന്ന ഉല്‍ബുദ്ധ ചേതസ്സുകളായിരുന്നു.''
സൂഫികളുടെ പ്രബോധനത്തില്‍ അപേക്ഷയുടെയും അഭ്യര്‍ഥനയുടെയും ഒരേയൊരു രീതിയേയുള്ളൂ. അവിടെ വ്യക്തിജീവിതം മാത്രമേ പരിവര്‍ത്തിക്കപ്പെടുന്നുള്ളൂ. സാമൂഹിക ഘടനയെ അത് സ്വാധീനിക്കുന്നില്ല. സൂഫികളുടെയും വ്യക്തിഗതമതങ്ങളുടെയും പരിമിതയാണത്. സ്വാധീനിക്കപ്പെടുന്ന വ്യക്തി വിശ്വാസത്തിലും വൈയക്തിക ഗുണങ്ങളിലും പ്രശോഭിക്കുകയും തിന്മകളില്‍നിന്ന് രക്ഷപ്പെടാന്‍ അഭ്യസിക്കുകയും ചെയ്യുന്നുവെങ്കിലും തിന്മയുടെ സംഘടിത ശക്തിയെ നേരിടാനോ കലാപകലുഷിതമായ സ്ഥിതിഗതികളെ അടിച്ചമര്‍ത്താനോ ഉള്ള ശേഷി കൈവരുന്നില്ല. തദ്ഫലമായി അക്രമി നേതൃസ്ഥാനത്ത് വിരാജിക്കുകയും മാനവികത കാലിനടിയിലിട്ട് ചവിട്ടിമെതിക്കുകയും ചെയ്യുന്നത് കണ്ട് നെടുവീര്‍പ്പിടുക മാത്രമാണ് അവര്‍ക്ക് ചെയ്യാനാവുക. അത്തരം പരിത്യാഗികള്‍ ആത്മീയ ലോകത്ത് തളച്ചിടപ്പെടുന്നു. ബാഹ്യലോകത്തിന്റെ എല്ലാ ബന്ധങ്ങളോടും രാഷ്ട്രീയ വ്യവസ്ഥയോടും അകന്നുനില്‍ക്കുന്നു. എല്ലാവരോടും അങ്ങേയറ്റത്തെ വിനീതവിധേയത്വം കാണിക്കുന്നു.''
ഇസ്‌ലാമിനെയും പ്രവാചകനെയും ഇകഴ്ത്തിക്കാണിക്കാനും വ്യാജാരോപണങ്ങളുന്നയിച്ച് അതിന്റെ മുഖം വികൃതമാക്കാനും ശ്രമിക്കുകയെന്നത് പാശ്ചാത്യന്‍ ചരിത്രകാരന്മാരുടെ സ്വഭാവമാണ്. ഇത്തരം ആരോപണങ്ങളുടെ പൊള്ളത്തരം അനാവരണം ചെയ്യാന്‍ ഈ കൃതിയില്‍ പ്രത്യേകം പരിശ്രമിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ ജിഹാദും പ്രവാചകന്റെ യുദ്ധങ്ങളും ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ട മുഖ്യവിഷയങ്ങളാണ്. ഇവയെക്കുറിച്ച് വിശദമായി ഗ്രന്ഥകാരന്‍ ചര്‍ച്ച ചെയ്തിരിക്കുന്നു. 347-ാം പേജ് മുതല്‍ ആരംഭിക്കുന്ന ഖഡ്ഗങ്ങളുടെ നിഴലില്ഡ എന്ന അധ്യായം മുതല്‍ ബദ്ര്‍ യുദ്ധം, ഉഹ്ദ് യുദ്ധം, അഹ്‌സാബ് യുദ്ധം, മക്കാവിജയം, രണ്ട് വിദേശയുദ്ധങ്ങള്‍, പൊതുബോധത്തില്‍ ജിഹാദിന്റെ സ്വാധീനം എന്നീ ശീര്‍ഷകങ്ങളിലായി ഇരൂനൂറിലേറെ പേജുകള്‍ ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ യുദ്ധദര്‍ശനം, ഇസ്‌ലാമിലെ ജിഹാദ് എല്ലാം വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹം എഴുതുന്നു:
''പരമാവധി കുറഞ്ഞ രക്തച്ചൊരിച്ചില്‍' എന്നതായിരുന്നു പ്രവാചകന്റെ യുദ്ധതന്ത്രം. ഏറ്റവും കുറഞ്ഞ ജീവഹാനിയിലൂടെയാണ് പത്തുലക്ഷം ചതുരശ്ര കി.മീറ്റര്‍ വരുന്ന രാഷ്ട്രം സ്ഥാപിതമായത്. മുസ്‌ലിം രക്തസാക്ഷികളുടെ മൊത്തം എണ്ണം 255 മാത്രം. എതിരാളികളുടേത് 759 പേര്‍.... ഈ സംഖ്യ മുന്നില്‍വെച്ച് ഇസ്‌ലാമിന്റെ രക്തച്ചൊരിച്ചിലിനെക്കുറിച്ച് വാചാലരാകുന്ന എതിരാളികളുടെ ചരിത്രം പരിശോധിക്കുക. ഈ യുദ്ധങ്ങള്‍ മതപ്രബോധനത്തിന് വേണ്ടിയായിരുന്നുവെങ്കില്‍ യഹൂദരുടെയും ക്രൈസ്തവരുടെയും ചരിത്രത്തില്‍ ഉണ്ടായതുപോലെ വളരെ വലിയ ക്രൂരതകള്‍ അരങ്ങേറുക മാത്രമല്ല അറേബ്യന്‍ മരുഭൂമിയിലെ ഓരോ മണല്‍ത്തരിപോലും രക്തപങ്കിലമാകുകമായിരുന്നു (പേജ് 359). അദ്ദേഹം പറഞ്ഞു: ഒരു തുള്ളി രക്തം ചിന്താതെ ഒരു രാഷ്ട്രത്തിന് അസ്തിവാരമിട്ടതിന് ചരിത്രത്തിലെങ്ങും തുല്യത കാണില്ല. 'രക്തരഹിതവിപ്ലവം' എന്നൊക്കെ പറയാറില്ലേ? അക്ഷരാര്‍ഥത്തില്‍ അതിന്റെ നേര്‍സാക്ഷിയായി മദീന. അവിടെ പടുത്തുയര്‍ത്തിയ രാഷ്ട്രത്തിന്റെ ചുമരുകളില്‍ മനുഷ്യമാംസത്തിന്റെ ഗന്ധമുണ്ടായിരുന്നില്ല എന്നത് ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നായിരുന്നു (പേജ് 363)
ഇസ്‌ലാം അതിന്റെ ആവിര്‍ഭാവ ഘട്ടത്തില്‍ തന്നെ അറബ് ജാഹിലിയ്യത്തില്‍ കെട്ടിപ്പടുത്ത സാമൂഹിക വ്യവസ്ഥക്ക് കനത്ത പ്രഹരമേല്‍പിക്കുകയുണ്ടായി. അന്നു മദീനയുടെ ജനസംഖ്യ അയ്യായിരമായിരുന്നു. അതില്‍ പകുതി യഹൂദികള്‍. മൊത്തം ജനസംഖ്യയില്‍ അന്‍സാറുകളും മഹാജിറുകളും അടക്കമുള്ള മുസ്‌ലിംകള്‍ അഞ്ഞൂറില്‍ കവിയില്ല. എന്നാല്‍ കര്‍മോത്സുകരും സുസംഘടിതരും ജാഗ്രത്തുമായ ഈ ന്യൂനപക്ഷത്തിന്റെ ബലത്തില്‍ പ്രവാചകന്‍ ഈ അയ്യായിരത്തെ തന്റെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നു. 12 ഉപഗോത്രങ്ങളിലായി ചിതറിക്കിടക്കുകയായിരുന്ന ഈ വിഭാഗത്തെ ഒരു ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ സംഘടിപ്പിച്ചു. ലോകചരിത്രത്തില്‍തന്നെ മാതൃകയില്ലാത്ത ഒരു ഭരണഘടനാ രേഖയാണിതെന്ന് ഡോ. ഹമീദുല്ല നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളും ഈ ഗ്രന്ഥത്തില്‍ വായിക്കാവുന്നതാണ്.
മലയാളത്തില്‍ ഇതുവരെ പ്രസിദ്ധീകൃതമായ നബിചരിത്ര ഗ്രന്ഥങ്ങളില്‍ ഏറ്റവും സമഗ്രവും ഉദാത്തവുമാണ് ഐ.പി.എച്ചിന്റെ ഈ ഗ്രന്ഥം എന്ന് നിസ്സംശയം പറയാം. എങ്കിലും ചെറിയ ചില സ്ഖലിതങ്ങള്‍ ഗ്രന്ഥത്തിലുണ്ടെന്നത് പറയാതിരിക്കാന്‍ വയ്യ. ഉദാഹരണമായി 92-ാം പേജില്‍ ''27 ഒട്ടകങ്ങള്‍ക്ക് പകരമായി നബി(സ) വിലപിടിച്ച വസ്ത്രജോഡികള്‍ വാങ്ങുകയും അത് ധരിച്ച് നമസ്‌കരിക്കുകയും ചെയ്തു'' എന്ന് കാണുന്നു. ഇത് എവിടെനിന്ന് കിട്ടിയ വിവരമാണെന്നു ഗ്രന്ഥകാരന്‍ വ്യക്തമാക്കിയിട്ടില്ല. ലളിത ജീവിതത്തിന്റെയും ആഢംബര നിരാസത്തിന്റെയും പ്രതീകമായ പ്രവാചകനില്‍ ഇത്തരമൊരു കാര്യം അചിന്ത്യമാണ്. അതുപോലെ 'ജഅ്ഫറുത്വയ്യാര്‍' എന്ന പ്രഗത്ഭസ്വഹാബിയെ 'ജഅ്ഫരുബ്‌നു ത്വയ്യാര്‍' എന്നെഴുതിയതും പിശകാണ്. ജഅ്ഫറിന്റെ തന്നെ അപരനാമമാണ് 'അത്ത്വയ്യാര്‍' എന്നത്. അത് ഇബ്‌നു ത്വയ്യാര്‍ ആകുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവിന്റെ അപരനാമമായി മാറും. ഉമറുബ്‌നുല്‍ ഖത്താബ് എന്ന് പറയുന്നത് പോലെ. ആവര്‍ത്തനവും പലേടത്തും വായനയെ അരസികമാക്കുന്നുണ്ട്. അഖബാ ഉടമ്പടിയെക്കുറിച്ച് 235-ാം പേജിലും 500 പേജിലും വിശദീകരിക്കുന്നതും മദീനയിലെ പ്രഥമ ഭരണഘടനയെപ്പറ്റി 247-ാം പേജിലും 502 മുതല്‍ 508 പേജുകളിലും പ്രതിപാദിച്ചതും ഉദാഹരണങ്ങളാണ്.
പരിഭാഷ കുറെക്കൂടി മെച്ചപ്പെടുത്തേണ്ടിയിരുന്നു. ചെറിയ വാചകങ്ങളില്‍ വലിയ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രവാചക കഴിവിന് ഉദാഹരണായി പറയുന്ന ഹദീസുകളുടെ മൊഴിമാറ്റം ഗ്രന്ഥത്തില്‍ കാണാം. അവയുടെ പരിഭാഷ വായിക്കുമ്പോള്‍ ആശയ ഗാംഭീര്യം ചോര്‍ന്നു പോകുന്നതായി അനുഭവപ്പെടും. അറബി പേരുകള്‍ മലയാളത്തില്‍ എഴുതിയതിലും ഒരുപാട് പിശകുകളുണ്ട്. 'ദിഹ്‌യ'തുല്‍ കല്‍ബിയെ 'വഹ്‌യ' എന്നെഴുതിയതും തുഫൈലുബ്‌നു 'അംറു ദ്ദൗസി'യെ ത്വഫൈലുബ്‌നു 'അംറൂസി' എന്നാക്കിയതും റുബയ്യിഅ് ബിന്‍ത് മുഅവ്വിദിനെ 'റബീഅ് ബിന്‍ത് മുഅവ്വദ് എന്നും 'മര്‍ഫദ്'ബ്‌നു അബുല്‍ 'മര്‍സദിനെ 'മുര്‍സിദ് ആക്കിയതും അദ്ല്‍, ഖാറ എന്നീ രണ്ടു ഗോത്രങ്ങളെ 'അദ്ല്‍ വഖാറ' എന്ന ഒറ്റഗോത്രമാക്കിയതും ഹകീം ഇബ്‌നു 'നിസാമി'നെ ഹകീമുബ്‌നു 'ഹസ്മ്' ആക്കിയതും അബൂ അസീസിനെ 'അബൂ ഉസൈര്‍' ആക്കിയതും ഉദാഹരണങ്ങളാണ്. വില 390 രൂപ എന്നതും അധികമല്ല. മൂന്ന് പേജുകളില്‍ ഒതുങ്ങുന്ന ചെറിയൊര അവതാരിക എഴുതിയ മൗലാനാ മൗദൂദി ഈ ഗ്രന്ഥത്തെ ആദരിച്ചിട്ടുണ്ട് എന്നതും പ്രത്യേകം സ്മരണീയമാണ്.
മുഹമ്മദ് മനുഷ്യ സ്‌നേഹത്തിന്റെ പ്രവാചകന്‍
നഈം സിദ്ദീഖി
വിവര്‍ത്തനം: കെ.ടി ഹുസൈന്‍, പി.പി അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍
പ്രസാധനം: ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്
പേജ്: 630 വില: 390