സമകാലിക ശാസ്ത്ര ഉല്‍പാദനവും മുസ്‌ലിം ലോകവും

ഹസ്സന്‍ ഹസ്സന്‍‌‌
img

         ശാസ്ത്രലോകത്തെ അറബികളുടെ സുവര്‍ണകാലഘട്ടത്തെക്കുറിച്ച്(800-1100) പറഞ്ഞു പതഞ്ഞിട്ടുണ്ട്. ചിന്തയില്‍ പുത്തനൂര്‍ജ്ജങ്ങള്‍ നിറച്ച് മുസ്‌ലിം ലോകം യൂറോപ്പില്‍ നവോത്ഥാനത്തിനും ജ്ഞാനോദയത്തിനും വഴിതെളിയിച്ച ഒരു കാലം. എന്നാല്‍ സമകാലീന മുസ്‌ലിം ലോകത്തിന്റെ ശാസ്ത്ര സംഭാവനകള്‍ നിരാശാജനകമാണ്. ഇന്ത്യ, സ്‌പെയിന്‍ എന്നീ രണ്ട് രാജ്യങ്ങളില്‍നിന്ന് മാത്രം പുറത്തുവരുന്ന ശാസ്ത്രപഠനങ്ങള്‍ മുഴുവന്‍ മുസ്‌ലിം രാജ്യങ്ങളും ചേര്‍ന്ന് ഉല്‍പാദിപ്പിക്കുന്ന ശാസ്ത്രപഠനങ്ങളേയും കവച്ചുവെക്കുന്നു.
സമകാലിക ശാസ്ത്രലോകത്തിന് 57 മുസ്‌ലിം രാജ്യങ്ങളുടെയും സംഭാവന വെറും ഒരു ശതമാനത്തിലൊതുങ്ങുന്നു. ഇതു തന്നെ, ഗുണനിലവാരത്തില്‍ പിന്നിലുമാണ്. അറബ്‌വസന്തവും വസന്താനന്തരം ഇസ്‌ലാമിസ്റ്റുകള്‍ ശക്തിയാര്‍ജിച്ചതും മധ്യേഷ്യയില്‍ മതത്തിന്റെ റോള്‍ പ്രസക്തമാക്കിയ പശ്ചാത്തലത്തില്‍ മുസ്‌ലിം സമൂഹത്തിന് എവിടെയാണ് അബദ്ധം പിണഞ്ഞതെന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്.
ഇസ്‌ലാമിക സംസ്‌കാരത്തെ ശാസ്ത്രീയോന്മുഖതയില്‍ നിന്ന് മതമൗലികവാദത്തിലേക്ക് ഒറ്റക്ക് വഴിതിരിച്ചുവിട്ടത് മഹാചിന്തകനായ അബൂഹാമിദ് അല്‍ ഗസ്സാലി (1055-1111)യാണെന്ന വാദമാണ് കാലങ്ങളായി അക്കാദമിക ലോകത്തുള്ളവര്‍ കൊണ്ടു നടക്കുന്നത്.
നിര്‍ണായകം എന്നുതന്നെ വിളിക്കാവുന്ന ഒരു ധൈഷണികചുവടുമാറ്റത്തില്‍ ഫല്‍സിഫ (തത്വചിന്തയെന്ന് പ്രാഥമികാര്‍ഥമുള്ള ഈ പദം വിശാലാര്‍ഥത്തില്‍ തര്‍ക്കശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയേയും ഉള്‍കൊള്ളുന്നുണ്ട്) ഇസ്‌ലാമുമായി ചേര്‍ന്നു പോവില്ലെന്ന് അദ്ദേഹം തീര്‍പ്പുകല്‍പിച്ചു.
തത്ത്വചിന്തകരുടെ അസംബന്ധങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ രചന പൂര്‍ത്തിയാക്കിയതിനു ശേഷം അല്ഗാസെല്‍ (മധ്യകാല യൂറോപ്പില്‍ അദ്ദേഹം അറിയപ്പെടുന്നത് അങ്ങനെയാണ്) 'ഫല്‍സഫയെ മുസ്‌ലിം ലോകത്ത് പിന്നീടൊരിക്കലും ഉയര്‍ന്നുവരാനാവാത്ത തരത്തില്‍ കുത്തിമലര്‍ത്തിയെന്നു' പറയപ്പെടുന്നു.
ഫല്‍സഫയിലും ഇസ്‌ലാമിക ദൈവശാസ്ത്രത്തിലും സമാന്തരങ്ങളില്ലാത്ത തന്റെ ജ്ഞാനത്തിന്റെ ബലത്തില്‍ മുസ്‌ലിംകളില്‍ അദ്ദേഹം ശാസ്ത്രത്തോട് വെറുപ്പ് കുത്തിവെക്കുകയും ഇത് ശാസ്ത്രത്തിന്റെയും ഇസ്‌ലാമിക നാഗരികതയുടെയും തളര്‍ച്ചയിലേക്ക് നയിച്ചുവെന്നുമാണ് അക്കാദമിക്കുകളും ഓറിയന്റ്‌ലിസ്റ്റുകളും ഒരു നൂറ്റാണ്ടോളമായി വാദിച്ചുവരുന്നത്. തെറ്റിദ്ധാരണയാണ് ഈ വാദം ചിലയിടങ്ങളിലെങ്കിലും രൂഢമൂലമാവാന്‍ ഇടയാക്കിയതെന്നാണ് എന്റെ പക്ഷം.
മുസ്‌ലിംകള്‍ ശാസ്ത്രീയമായ അന്വേഷണങ്ങളോട് പുറംതിരിക്കാന്‍ തുടങ്ങിയ കാലഘട്ടത്തെ ഗണിച്ചതില്‍ (11ാം നൂറ്റാണ്ട്) അക്കാദമിക്കുകള്‍ക്ക് തെറ്റുപറ്റിയിട്ടില്ല. അതിനു കാരണക്കാരനായി അവര്‍ കണ്ടെത്തിയ ആളെയാണ് തെറ്റിയത്. നിസാമുല്‍ മുല്‍ക് എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ട സെല്‍ജൂക് കാലഘട്ടത്തിലെ പ്രധാനമന്ത്രി അബൂ അലി അല്‍ ഹസ്സന്‍ അല്‍ തൂസിയാണ് സത്യത്തില്‍ ഈ തളര്‍ച്ചയുടെ കാരണക്കാരന്‍.
നിസാമിയ എന്ന പേരില്‍ നിസാമുല്‍ മുല്‍ക് തുടങ്ങിവെച്ച വിദ്യാഭ്യാസ സമ്പ്രദായം സ്വതന്ത്ര ചിന്തയെ മുരടിപ്പിച്ച് മത പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇസ്‌ലാമിക ചരിത്രത്തിലാദ്യമായി മതപഠനങ്ങള്‍ സ്ഥാപനവത്കരിക്കപ്പെടുകയും മതപഠനം സാമ്പത്തിക അഭിവൃദ്ധി വാഗ്ദാനം ചെയ്യുന്ന തൊഴില്‍ മേഖല ആയി മാറുകയും ചെയ്തു. മുന്‍കാലങ്ങളില്‍ ശാസ്ത്രങ്ങളും ഇസ്‌ലാമിക നിയമവും ഒരുമിച്ചു പഠിക്കുന്ന സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്.
നിസാമിയ കോളേജുകള്‍ മതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല ചെയ്തത്. ഇസ്‌ലാമിക കര്‍മ ശാസ്ത്രത്തിന്റെ സുന്നീ വ്യാഖാനത്തിലെ ഒരു ഏടായ ശാഫി മദ്ഹബിനെ മാത്രമാണ് കരിക്കുലത്തിന്റെ സ്രോതസ്സായി കണ്ടത്. ഈ തെരഞ്ഞെടുപ്പ് യാദൃച്ഛികമായിരുന്നില്ല. ഉമവിയ്യ ഭരണകാലത്തും അബ്ബാസിയ ഭരണകാലത്തും ശക്തി പ്രാപിച്ച ശാഫി മദ്ഹ്ബ് ശരീഅത്തിന്റെ മൗലിക തത്ത്വങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും യുക്തിചിന്തയോട് അകലം പാലിക്കുകയും ചെയ്യുന്ന ധാരയാണ്.

സുന്നിയേതര അടിയൊഴുക്കുകളോടുള്ള അക്കാദമിക പ്രതിരോധം
പലയിടങ്ങളിലും ശിയാ ഇസ്‌ലാം പ്രാമുഖ്യം നേടുകയും ശരീഅത്തിന്റെ ഗൂഢാര്‍ഥങ്ങളില്‍ വിശ്വസിക്കുന്ന ബാതിനിയ്യാ വിഭാഗം ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ മേഖലകളില്‍ വേരൂന്നാന്‍ തുടങ്ങുകയും ചെയ്ത സമയമായിരുന്നു അത്. ഇത്തരം സുന്നിയേതര അടിയൊഴുക്കുകളെ പ്രതിരോധിക്കുകയായിരുന്നു നിസാമിയ കോളേജുകളുടെ 'സ്ഥാപിത താല്‍പര്യം.'
അബ്ബാസികളുടെയും സെല്‍ജൂക്കുകളുടെയും നിയന്ത്രണത്തിലുള്ള പ്രമുഖ നഗരങ്ങളായ ബഗ്ദാദ്, ഇസ്ഫഹാന്‍ ഉള്‍പ്പെടെ അബ്ബാസികളുടെയും സല്‍ജൂക്കുകളുടെയും നിയന്ത്രണത്തിലുള്ള പ്രമുഖ നഗരങ്ങളിലും ശിയാഭൂരിപക്ഷ പ്രദേശങ്ങളായിരുന്ന ബസ്‌റ, സിറിയയിലെ അല്‍ജസീറ തുടങ്ങിയ പ്രദേശങ്ങളിലും നിസാമിയ കോളേജുകള്‍ സ്ഥാപിക്കപ്പെട്ടു.
സാമ്പ്രദായിക രീതിയിലുള്ള പഠനസമ്പ്രദായമുപേക്ഷിച്ച് കോളേജുകളില്‍ ചേര്‍ന്ന് മതം പഠിക്കാനുള്ള കുട്ടികളുടെ പ്രവണത അക്കാലത്തെ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരും ശാഫി മദ്ഹബ് സ്വീകരിച്ചതിനെ കുറിച്ചും ചില സുന്നീപണ്ഡിതന്മാര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. 12-ാം നൂറ്റാണ്ടിലെ ഐവി ലീഗ് കോളേജുകളായിരുന്നു നിസാമിയ കോളേജുകള്‍. ജുഡീഷ്യറി, പോലീസ് മുതലായ സര്‍ക്കാര്‍ ജോലികളില്‍ ഇവിടെ പഠിച്ചവര്‍ക്ക് മുന്‍ഗണനയുണ്ടായിരുന്നു. ബാതിനിയാക്കളെ എവിടെ കണ്ടാലും അവരുടെ വാദങ്ങളുടെ മുനയൊടിക്കാന്‍ ത്രാണിയുള്ളവരായിരുന്നു ഈ കോളേജുകളിലെ ബിരുദധാരികള്‍.

ശാസ്ത്രത്തിന്റെ അബ്ബാസി രക്ഷിതാക്കള്‍
മുസ്‌ലിംകളെ അമിതമായ മതാത്മതകതയിലേക്ക് തിരിച്ചുവിട്ടത് നിസാമിയ കോളേജുകളായിരുന്നു. ഇതിന് സല്‍ജൂക് വംശത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. സല്‍ജൂക്കുകള്‍ക്കു ശേഷം വന്ന മറ്റു ഭരണ വംശങ്ങള്‍ ഈ പാത പിന്തുടര്‍ന്നു. ഇസ്‌ലാമിന്റെ ഒരു പ്രത്യേക ധാരയെയാണ് ഇവരൊക്കെയും പിന്തുണച്ചത്. മറ്റു ഘടകങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. ശാസ്ത്രത്തിന്റെ രക്ഷിതാക്കളായിരുന്ന അബ്ബാസിയ വംശം നിരവധി ഭരണകൂടങ്ങളായി ക്ഷയിക്കുകയും തല്‍ഫലമായി മതപരമായ അസിഹിഷ്ണുത വേരുറപ്പിക്കുകയും ശാസ്ത്രീയമായ നിരീക്ഷണം ക്ഷയിക്കുകയും ചെയ്തു.
ഫല്‍സിഫയെ സംബന്ധിച്ചുള്ള ഗസ്സാലിയുടെ വിമര്‍ശം സത്യത്തില്‍ നിരൂപണാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു. സാമൂഹ്യ ശാസ്ത്രങ്ങളെ പ്രകൃതിശാസ്ത്രങ്ങളില്‍ നിന്ന് വേര്‍തിരിച്ചു കാണേണ്ടതുണ്ടെന്ന് ഏറ്റവും നേരത്തേ നിഷ്‌കര്‍ഷിച്ച പണ്ഡിതനാണ് അദ്ദേഹമെന്ന് പറയാവുന്നതാണ്. 'തത്ത്വചിന്ത മതവുമായി ചേര്‍ന്നുപോവില്ലെന്ന് വിശ്വസിക്കുന്ന ചില മൗലികവാദികള്‍ ശാസ്ത്രീയ സത്യങ്ങളായ ചാന്ദ്ര, സൂര്യഗ്രഹണങ്ങളടക്കം തത്ത്വചിന്തകരുടെ മുഴുവന്‍ വീക്ഷണങ്ങളും അടച്ചുനിഷേധിക്കുന്നതായി കാണുന്നു. പിന്നീട് ഒരു പ്രത്യേക വീക്ഷണം ഇവര്‍ക്ക് ബോധിച്ചാല്‍ തത്ത്വചിന്തകരുടെ മുഴുവന്‍ വാദങ്ങളും അന്ധമായി സ്വീകരിക്കുകയും ചെയ്യുന്നു.'
തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഈ വിഭാഗക്കാരെ 'അബദ്ധങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങുന്ന അനുകരണ വിശ്വാസികള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. തത്വചിന്തകരുടെ വാക്കുകളിലെ വൈരുദ്ധ്യങ്ങളും ആ വിഭാഗക്കാരുടെ അസംബന്ധങ്ങളും ദൈവശാസ്ത്രവുമായി ബന്ധപ്പെടുത്തി അവരുടെ ചിന്താരീതിയിലെ പൊരുത്തക്കേടുകളും കുറവുകളും ചൂണ്ടിക്കാട്ടുകയാണ് ഗ്രന്ഥത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

പുരോഗതിക്ക് തടയിട്ട പാഠശാലകള്‍
തത്ത്വചിന്തയും തര്‍ക്കശാസ്ത്രവും തമ്മിലും ഭൗതികശാസ്ത്രവും ഗണിതശാസ്ത്രവും തമ്മിലും വ്യവച്ഛേദിച്ച പണ്ഡിതനാണ് ഗസ്സാലി.
ഇവയെ ഒന്നായി പരിഗണിക്കുന്ന അസംബന്ധത്തെയാണ് അല്‍ഗസ്സാലി തന്റെ പുസ്തകത്തില്‍ ഇഴകീറി പരിശോധിക്കുന്നത്. ഗസ്സാലി മുസ്‌ലിംകളില്‍ ശാസ്ത്രത്തോട് വെറുപ്പ് കുത്തിവെച്ചെന്ന ആശയം ആധുനിക അക്കാദമിക്കുകളുടേതാണ്. ആ കാലഘട്ടത്തിലെ ഒരു മുസ്‌ലിം പണ്ഡിതനും ഗസ്സാലിയുടെ ചിന്തകള്‍ കാരണം ശാസ്ത്രത്തിനെതിരെയുള്ള വാദവുമായി മുന്നോട്ട് വന്നിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
എന്നുമാത്രവുമല്ല, തന്റെ അന്ത്യശ്വാസം വരെ ഗസ്സാലി തത്ത്വചിന്തയോട് കൂറുള്ളയാളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സമകാലികര്‍ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണശേഷം അവരെഴുതി. 'തത്ത്വചിന്തയെ വിഴുങ്ങിയ വ്യക്തിയായിരുന്നു നമ്മുടെ ആദരണീയ നേതാവ്. അദ്ദേഹത്തിന് അത് തുപ്പിക്കളയാനായില്ല.'
എന്നാല്‍, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മതപഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കോളേജുകള്‍ ശാസ്ത്രീയമായ ചുവടുവെയ്പുകളെ കഴുത്തുഞെരിച്ചു കളഞ്ഞു. ഈ അവസ്ഥ തന്നെയാണ് ഇന്നും തുടരുന്നത്. ബാതിനിയാക്കളുടെ സ്വാധീനത്തിന് തടയിട്ട് സുന്നീ ഇസ്‌ലാമിന് ആധിപത്യം നേടിയെടുക്കാന്‍ ഇതുവഴി സാധിച്ചതിനാല്‍ വ്യാപകമായ പ്രശംസക്കും ഇത് പാത്രമായിട്ടുണ്ട്. സമകാലിക മുസ്‌ലിം ലോകത്ത് പുത്തന്‍ പ്രവണതകളെ നിരാകരിക്കുന്നവരും നിസാമിയ കോളേജുകളും തമ്മില്‍ സാമ്യതകള്‍ കാണാം. വിഭാഗീയതയില്‍ അടിയുറച്ചുനിന്ന് പുത്തന്‍ പ്രവണതകളില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിച്ചെടുക്കാനുള്ള തത്രപ്പാടിന്റെ കാര്യത്തില്‍ ഇരു പക്ഷവും ഒരേ തൂവല്‍ പക്ഷികളാണ്.
ഇസ്‌ലാമിക ശാസ്ത്രീയാന്വേഷണത്തിന്റെ അപചയത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. എന്നാല്‍, പുരോഗതിക്ക് പുറം തിരിഞ്ഞു നടക്കാന്‍ മുസ്‌ലിം ലോകത്തെ പ്രേരിപ്പിച്ചതില്‍ നിസാമിയ കോളേജുകളുടെ പങ്ക് ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.

വിവ: ബിശ്ര്‍ മുഹമ്മദ്

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top