കേരളത്തിലെ അറബി, അറബി മലയാള വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍

ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി‌‌
img

         മനുഷ്യവിജ്ഞാനീയങ്ങളില്‍ ഏറ്റവും പ്രസക്തവും പ്രാധാന്യവുമുള്ള ആരോഗ്യ-വൈദ്യശാസ്ത്ര മേഖലകളില്‍ കേരളീയരായ മുസ്‌ലിം പണ്ഡിതന്മാരില്‍ ചിലര്‍ വിലമതിക്കാനവാത്ത സേവനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും പ്രശസ്ത ചരിത്രകാരനുമായ ഡോ. കെ.കെ.എന്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ 2011 ഫെബ്രുവരി 7 മുതല്‍ 19 കൂടിയ ദിവസങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന അറബി, അറബി-മലയാളം, ഉറുദു, പേര്‍ഷ്യന്‍ കൈയെഴുത്തു കൃതികളെ സംബന്ധിച്ച് ദേശീയ ശില്‍പശാലയില്‍ വൈദ്യഗ്രന്ഥങ്ങള്‍ കണ്ടെത്തുകയായിരുന്നു ഈ വരമൊഴിക്കാരന്റെ ദൗത്യം, ഇതു സംബന്ധിയായി നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍:
1. പൂര്‍വകാല ഇസ്‌ലാമിക പണ്ഡിതന്മാരിലും സയ്യിദ് കുടുംബങ്ങളിലും വൈദ്യ പരിജ്ഞാനമുള്ളവരുണ്ടായിരുന്നു.
2. മതവിഷയങ്ങളില്‍ ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയിരുന്നതുപോലെ, പഴയ പണ്ഡിതന്മാര്‍ ആരോഗ്യം, വൈദ്യം പോലെയുള്ള മാനുഷിക പ്രശ്‌നങ്ങളിലും വഴികാട്ടികളായിരുന്നു.
3. കേരളത്തിലെ പൂര്‍വികരായ മുസ്‌ലിം സമൂഹവും മറ്റും അവരെ ബാധിച്ചിരുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് അതാത് കാലത്തെ പണ്ഡിതന്മാരോടും തങ്ങന്‍മാരോടും പ്രതിവിധി തേടുന്നവരായിരുന്നു.
4. പ്രപിതാക്കളില്‍നിന്ന് പാരമ്പര്യമായി ലഭിച്ച നാട്ടുചികിത്സാരീതികളും ആയുര്‍വേദ യുനാനി വൈദ്യഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കിയ വൈദ്യ അറിവുകളുമായിരുന്നു പണ്ഡിതന്മാരും തങ്ങന്‍മാരും ആശ്രയിച്ചിരുന്നത്. കൂടാതെ പലരും പേര്‍ഷ്യ വഴി വന്ന അസ്മാഅ്, തല്‍സുമാത്വ്, മന്ത്ര ചികിത്സകളും അവലംബിച്ചിരുന്നു. ഇത്തരം ചികിത്സകളെ ആശ്രയിക്കുന്നവരുടെ ധാരണ ഇത് ഇസ്‌ലാംമത നിയമ പ്രകാരമുള്ള ചികിത്സയാണെന്നാണ്.

അറബി മലയാള വൈദ്യകൃതികള്‍
പൊന്നാനി മഖ്ദൂം കുടുംബാംഗമായ കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാവ മുസ്‌ലിയാര്‍ രചിച്ച സര്‍വരോഗ ചികിത്സാ സാരം എന്ന വലിയ വൈദ്യസാരം തര്‍ജമ എന്ന അറബി മലയാള ഗ്രന്ഥം ഒരുത്തമ വൈദ്യ വിജ്ഞാന കൃതിയാണ് ഹി. 1308 ലാണ് ഇതിന്റെ രചന പൂര്‍ത്തിയായത് 288 പേജുള്ള ഈ ഗ്രന്ഥത്തിലെ ഉപക്രമക്കുറിപ്പ് മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ള മുഴവന്‍ ശുദ്ധമായ വൈദ്യശാസ്ത്ര വിവരങ്ങളാണ്, ആയുര്‍വേദ ചികിത്സാ നിയമങ്ങളും മരുന്നുകളുടെയും ചില ചികിത്സകളുടെയും ഇസ്‌ലാമിക നിയമങ്ങളും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഹകീം പി.ബി.കെ കുഞ്ഞാമു രചിച്ച ഫവാഇദുല്‍ മുഫ്‌റദാത്ത് ബി ദലാഇലില്‍ അദവിയാത് എന്ന ഒറ്റമൂലികയാണ് മറ്റൊരു വൈദ്യഗ്രന്ഥം.
കൊങ്ങണം വീട്ടില്‍ അഹ്മദ് ബാവ മുസ്‌ലിയാരുടെ മറ്റൊരു ഗ്രന്ഥമാണ് ഉപകാരം തര്‍ജമ ആയുര്‍വേദ ചികിത്സാനിയമങ്ങളും അസ്മാഉ തല്‍സുമാത്ത് പ്രകാരമുള്ള മന്ത്ര ചികിത്സകളുമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം എന്നാല്‍ അസ്മാഉ തല്‍സുമാത്ത്, മന്ത്ര ചികിത്സകള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഫരോഫകാരം തര്‍ജമ മറ്റൊരു പുസ്തകവും ഇദ്ദേഹത്തിനുണ്ട്. ആയുര്‍വേദ ചികിത്സകളും അസ്മാഉ തല്‍സുമാത്ത് മന്ത്ര ചികിത്സകളും പ്രതിപാദിക്കുന്ന മറ്റൊരു ചികിത്സാ പുസ്തകമാണ് കൊടുമുടി. പാലൊളി അബ്ദുല്ല മുസ്‌ലിയാര്‍ രചിച്ച ഇലാജുല്‍ അത്വ്ഫാല്‍ എന്ന ബാല ചികിത്സ. ഉപര്യുക്ത ഗ്രന്ഥങ്ങളെല്ലാം അറബിമലയാളത്തില്‍ പ്രസിദ്ധീകൃതമായാണ് തിരൂരങ്ങാടിയിലെ ആമിറുല്‍ ഇസ്‌ലാം ലിതോ പവര്‍ പ്രസാണ് ഇവ പ്രസിദ്ധീകരിച്ചത്.
കൈയെഴുത്തു ഗ്രന്ഥങ്ങള്‍
എന്നാല്‍ അനേകം ആളുകളുടെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസവും ശമനവും ലഭിക്കുന്നതും വെളിച്ചം കാണാത്തതുമായ അനവധി വൈദ്യവിവരങ്ങള്‍ മലയാളി മുസ്‌ലിം സമൂഹത്തിനിടയില്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
മഖ്‌സനുല്‍ മുഫ്‌റദാത്ത് ഫിത്വിബ്
1897ല്‍ മലപ്പുറം ജില്ലയിലെ പട്ടിക്കാട് ജനിച്ച് 1951ല്‍ ദിവംഗതനായ സ്വാതന്ത്ര്യ സമര നായകനുമായിരുന്ന കെ.ടി ഇബ്രാഹിം മൗലവി രചിച്ച അത്യപൂര്‍വവും അമൂല്യവുമായ മഖ്‌സനുല്‍ മുഫുറദാത്ത് ഫിത്വിബ്(വൈദ്യശാസ്ത്രത്തിലെ ഒറ്റമൂലികളുടെ നിധി) എന്ന വൈദ്യശാസ്ത്ര വിജ്ഞാനകോശം കണ്ടെത്താന്‍ കഴിഞ്ഞത് ഒരു വലിയ സൗഭാഗ്യമായിരുന്നു. ഇത്രയും ബൃഹത്തായ ഒരു വൈദ്യശാസ്ത്രകൃതി കേരളീയ പണ്ഡിതരാരും രചിച്ചിട്ടില്ല. വിജ്ഞാന സ്‌നേഹിയായ അബ്ദുര്‍റഹ്മാന്‍ മങ്ങാടില്‍നിന്നാണ് ഈ കൃതി സംബന്ധമായ ആദ്യം അറിയുന്നത്. അദ്ദേഹം മുഖേന ചരിത്രകാരനായിരുന്ന നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാരുടെ മകനായ അഹമ്മദ് ബാഖവിയില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് പാണ്ടിക്കാട് താമസിക്കുന്ന അദ്ദേഹത്തിന്റെ മകന്‍ അബ്ദുര്‍റഹ്മാന്‍(മാനു) മുസ്‌ലിയാരെ സമീപിക്കുകയും അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് മേല്‍ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതി ലഭിക്കുകയും ചെയ്തു. എ-ത്രി സൈസില്‍ ഇരുന്നൂറ്റിമുപ്പത്തിയൊമ്പത് പേജില്‍ മനോഹരമായി അറബി ഭാഷയില്‍ മൂന്ന് വാള്യങ്ങളിലായാണ് ഇതിന്റെ രചന പൂര്‍ത്തിയായിട്ടുള്ളത്. ഭാഷാ ശൈലികൊണ്ടും വൈദ്യവിജ്ഞാന മികവുകൊണ്ടും അപൂര്‍വമായ ഈ ഗ്രന്ഥത്തില്‍ ഔഷധ സസ്യങ്ങള്‍, ജൈവഔഷധങ്ങള്‍, ഖര ഔഷധങ്ങള്‍, രത്‌നഔഷധങ്ങള്‍ എന്നിവയാണ് ചര്‍ച്ചാവിഷയം ഔഷധഗുണങ്ങള്‍, ഔഷധങ്ങളുടെ പ്രാകൃതം, ഔഷധങ്ങളുടെ പ്രയോഗം എന്നിവയെല്ലാം വിശദമായി ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. നാലുപേജുകളില്‍ നീളുന്ന ആമുഖത്തില്‍ വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ പ്രസക്തിയും വൈപുല്യവും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. മതവിജ്ഞാനീയങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന മലബാറിലെ മുസ്‌ലിം സമൂഹം വൈദ്യവിജ്ഞാനത്തോട് കാണിക്കുന്ന അലംഭാവത്തില്‍ ഗ്രന്ഥകര്‍ത്താവ് പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ഖുര്‍ആന്‍ ഹദീസ് ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ വന്ന വൈദ്യവുമായി ബന്ധപ്പെട്ട പദങ്ങളും പ്രയോഗങ്ങളും വിശദീകരിക്കാന്‍ കഴിയാത്തത് ഈ വിഷയത്തിലുള്ള പണ്ഡിതന്മാരുടെ അജ്ഞതയാണെന്ന് പറയുന്ന ഗ്രന്ഥകാരന്‍ വൈദ്യം പഠിക്കാന്‍ ശ്രമിക്കാത്തത് പണ്ഡിതന്മാരുടെ വമ്പിച്ച കൃത്യവിലോപമായി കാണുന്നു. മതപാഠശാലകളില്‍ വൈദ്യം പാഠ്യവിഷയമാക്കുകയും അവിടെ ഒറ്റമൂലികള്‍, ഔഷധനിര്‍മാണം, രോഗനിര്‍ണയം, രോകലക്ഷണങ്ങള്‍, രോഗകാരണങ്ങള്‍ എന്നിവയെല്ലാം പഠിപ്പിക്കുകയും അതിന് വേണ്ടി നല്ല വൈദ്യവിജ്ഞാനമുള്ള അധ്യാപകരെ നിശ്ചയിക്കുകയും വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. 36 ഔഷധ അളവുതൂക്ക വസ്തുക്കളുടെ നാമങ്ങള്‍ വിവരിക്കുന്ന പട്ടികകൊണ്ട് തുടങ്ങുന്ന ഈ മഹത് ഗ്രന്ഥത്തിന്റെ അവസാനത്തില്‍ ഔഷധങ്ങളുടെ ഉറുദുവിലും ഹിന്ദിയിലും അറബി-മലയാളത്തിലുമുള്ള നാമങ്ങളുടെ വിശദമായ ഇന്‍ഡക്‌സും ഗ്രന്ഥകാരന്‍ നല്‍കിയിട്ടുണ്ട്. അറബി, പാര്‍സി, ഹിന്ദി, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകളിലുള്ള വൈദ്യശാസ്ത്രഗ്രന്ഥങ്ങള്‍ ആശ്രയിച്ചാണ് ഈ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗ്രന്ഥത്തിലെ വിഷയ പ്രതിപാദ്യം ഇപ്രകാരമാണ്: ആദ്യം അറബി, പേര്‍ഷ്യന്‍ നാമങ്ങള്‍ പിന്നീട് ഔഷധഗുണങ്ങളും ശേഷം ഉറുദു, ഹിന്ദി പ്രയോഗങ്ങള്‍ പിന്നീട് മലയാളം, ഇംഗ്ലീഷ് പേരും ഓരോ പേജിലും നാലുകോളം വീതം വരച്ച് ശാസ്ത്രീയമായാണ് രചന നിര്‍വഹിച്ചിട്ടുള്ളത്. മലബാര്‍ മേഖലയില്‍ വൈദ്യപഠനം പരിപോഷിപ്പിക്കുകയാണ് തന്റെ രചനയുടെ ലക്ഷ്യമെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രസംഗിച്ച് അവരെ സമരസന്നദ്ധമാക്കിയതിന്റെ പേരില്‍ തന്നെ ബ്രിട്ടീഷ് പട്ടാളം വകവരുത്താന്‍ ശ്രമിക്കുന്നതറിഞ്ഞ് വയനാട്-മൈസൂര്‍ വഴി ബോംബെയിലെത്തിയ കെ.ടി ഇബ്രാഹിം മൗലവിയുടെ കല്യാണിലെ പതിനൊന്ന് വര്‍ഷക്കാലത്തെ ഇമാം സേവനമാണ് ഇത്തരമൊരു പ്രതിഭയെ അദ്ദേഹത്തില്‍ വാര്‍ത്തെടുത്തതെന്ന് മനസ്സിലാക്കാം. അലിഫ് മുതല്‍ യാ വരെ അക്ഷര ക്രമത്തില്‍ 1197 ഒറ്റമൂലികളെക്കുറിച്ച് സവിസ്തരം വിശദീകരിക്കുന്ന ഈ മഹനീയ കൃതി എന്തുകൊണ്ടാണാവോ കേരളീയര്‍ ശ്രദ്ധിക്കാതെ പോയത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഡോ. എസ്. ദേശമണിയുടെ ഗ്രന്ഥത്തില്‍ 310 ഒറ്റമൂലികള്‍ മാത്രമാണ് പ്രതിപാദ്യം. ഹകീം പി.ബി.കെ കുഞ്ഞാമു മൗലവിയുടെ ഫവാഇദുല്‍ മുഫ്‌റദാത്ത് എന്ന കൃതിയില്‍ 537 ഒറ്റമൂലികള്‍ മാത്രമാണ് പരിചയപ്പെടുത്തുന്നത്. ഹകീം സയ്യിദ് സഫിയുദ്ദീന്‍ അലിയുടെ യൂനാനി അദവിയ്യ മുഫ്‌റദ എന്ന് ഗ്രന്ഥത്തില്‍പോലും മുന്നൂറോളം ഒറ്റമൂലികള്‍ മാത്രം പരാമര്‍ശിക്കപ്പെടുമ്പോള്‍ 1197 ഒറ്റമൂലികളെക്കുറിച്ചുള്ള ആധികാരിക വിവരം തരുന്ന ഈ മഹത് ഗ്രന്ഥം വൈദ്യശാസ്ത്രത്തില്‍ കേരളീയരുടേതായി ലഭ്യമായ ഒരേയൊരു അറബി കൃതിയാണ് ഈ ഗ്രന്ഥകാരന്‍ രചനക്ക് പിന്നിലുള്ള കഠിന പ്രയത്‌നങ്ങളും ത്യാഗവും ഊഹിക്കാവുന്നതിലുമുപരിയാണ്.

പാണക്കാട്ടെ കൈയെഴുത്തു കൃതികള്‍
വൈദ്യശാസ്ത്ര കൈയെഴുത്ത് കൃതികള്‍ അന്വേഷിച്ച് ആദ്യമായി പാണക്കാട് കൊടപ്പനക്കല്‍ തറവാടിനെയാണ് സമീപിച്ചത്. മലബാറിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ജാതി മതഭേദമില്ലാതെ അവരെ ബാധിക്കുന്ന ആത്മീയ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി തേടിയെത്താറുള്ള കൊടപ്പനക്കല്‍ ഹൗസില്‍, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ കൈവശംവെച്ച് ഉപയോഗിച്ചുവന്നിരുന്ന രണ്ട് പുരാതന ഗ്രന്ഥങ്ങളും നാല് ഡയറികളും കൊടപ്പനക്കല്‍ ഹൗസില്‍ ഇപ്പോള്‍ താമസിക്കുന്ന സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളില്‍നിന്ന് ലഭിച്ചു. എന്നാല്‍ ലഭ്യമായ രണ്ട് ഗ്രന്ഥങ്ങളിലും നാല് ഡയറികളിലും അനേകം രോഗങ്ങള്‍ക്ക് പ്രതിവിധികള്‍ നിര്‍ദേശിക്കുന്നുണ്ട്. അസ്മാഅ്, തല്‍സുമാത് പ്രകാരമുള്ള നാടന്‍ ചികിത്സാ നിര്‍ദേശങ്ങളുമാണവ. അനേകം ചികിത്സാ കുറിപ്പുകളും ഔഷധ പ്രയോഗങ്ങളും അറബി മലയാളത്തിലെഴുതിയ ആറ് ഡയറികളിലൊന്നിലേത് പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൈയെഴുത്താണെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. ആരുടേതാണെന്ന് വ്യക്തമല്ലാത്ത ഇത്തരത്തിലുള്ള ഒരു കൈയെഴുത്ത് കൃതി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ശേഖരത്തില്‍നിന്നും ലഭിച്ചു എഴുപത്തിയൊമ്പത് പേജുള്ള അതിപുരാതനമെന്ന് തോന്നിപ്പിക്കുന്ന ഒരു കൃതിയാണിത്.

നന്തിയില്‍ മുസ്‌ലിയാരുടെ കൃതി
കൊയിലാണ്ടിക്കടുത്ത നന്തി ദാറുസ്സലാം അറബിക് കോളേജ് സ്ഥാപകനായ നന്തിയില്‍ മുഹമ്മദ് മുസ്‌ലിയാര്‍ ധാരാളം രോഗികള്‍ക്ക് ആശ്വാസമായിരുന്ന അറിയപ്പെട്ട പണ്ഡിതനും ചികിത്സകനുമായിരുന്നു. വൈദ്യത്തിന്റെ മര്‍മം അറിഞ്ഞിരുന്ന മുസ്‌ലിയാര്‍ നിര്‍ദേശിക്കുന്ന ചികിത്സകളധികവും വളരെ ലളിതവും ചെലവ് കുറഞ്ഞതുമായിരുന്നു. ആയുര്‍വേദ യൂനാനി വിധിപ്രകാരമായിരുന്നു ചികിത്സകള്‍. ധാരാളം വൈദ്യ പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അറബി മലയാളത്തിലുള്ള ഒരു കൃതി അദ്ദേഹത്തിന്റെ മകനും നന്തി ദാറുസ്സലാം ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പലുമായ തഖിയുദ്ദീന്‍ ഹൈതമിയില്‍നിന്ന് ലഭിച്ച എണ്‍പത്തിയഞ്ച് പേജുള്ള ഈ കൃതിയില്‍ അനവധി രോഗങ്ങള്‍ക്കുള്ള പച്ചമരുന്ന് ചികിത്സ, നാടന്‍ ചികിത്സ, മന്ത്ര ചികിത്സ എന്നിവയെല്ലാം ഈ പുസ്തകത്തിലുണ്ട്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top