ശാസ്ത്രവും സാങ്കേതികതയും
സിയാവുദ്ദീന്‍ സര്‍ദാര്‍
ഖുര്‍ആന്‍ അറിവുതേടലിന് അതിബൃഹത്തായ പ്രാധാന്യം കൊടുക്കുന്നത് നാം ഇതിനോടകം കണ്ടുകഴിഞ്ഞു. പ്രപഞ്ചം മുഴുവന്‍ ദൈവിക അടയാളങ്ങളാ(ദൃഷ്ടാന്തം)ണെന്നും ഈ അടയാളങ്ങള്‍ യുക്തിപരവും വസ്തുനിഷ്ഠവുമായ അന്വേഷണത്തിലൂടെ മാത്രമേ വെളിവാക്കപ്പെടുകയുള്ളൂ എന്നും ഖുര്‍ആന്‍ നമ്മോട് പറയുന്നു. ഈ ദൈവിക ദൃഷ്ടാന്തങ്ങളെ അഥവാ പ്രകൃതിയെപ്പറ്റി വ്യവസ്ഥാപിതമായി പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒരുപാട് സൂക്തങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തിലുണ്ട്. ചിന്തിക്കാനും ആലോചിക്കാനും വിവേചിച്ചറിയാനും 'നാഥാ, നീ ഞങ്ങള്‍ക്ക് വിജ്ഞാനം വര്‍ധിപ്പിച്ചു തന്നാലും' എന്ന് പ്രാര്‍ഥിക്കാനും വിശ്വാസികള്‍ ആവര്‍ത്തിച്ച അപേക്ഷിക്കുന്നു. ഖുര്‍ആനില്‍ ആവര്‍ത്തിച്ച് പ്രതിപാദിക്കപ്പെടുന്ന സൂക്തങ്ങളിലൊന്നില്‍ ഇങ്ങനെ വായിക്കാം.
''തീര്‍ച്ചയായും ആകാശ ഭൂമികളില്‍ സത്യവിശ്വാസികള്‍ക്ക് എണ്ണമറ്റ തെളിവുകളുണ്ട്. നിങ്ങളെ സൃഷ്ടിച്ചതിലും അല്ലാഹു ജീവജാലങ്ങളെ ഭൂമിയില്‍ പരത്തിയതിലും ഉറച്ച വിശ്വാസമുള്ള ജനത്തിന് അതിരറ്റ അടയാളങ്ങളുണ്ട്. രാപ്പകലുകള്‍ മാറി മാറി വരുന്നതില്‍; അല്ലാഹു മാനത്തുനിന്ന് ജീവിത വിഭവങ്ങള്‍ ഇറക്കിത്തരുന്നതില്‍, അതുവഴി ചത്ത ഭൂമിയെ ചൈതന്യവത്താക്കുന്നതില്‍, കാറ്റുകളുടെ ഗതി നിയന്ത്രിക്കുന്നതില്‍ എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് ഒട്ടേറെ അടയാളങ്ങളുണ്ട്.(45:3-5). ശാസ്ത്രീയ അന്വേഷണത്തിന് ഖുര്‍ആന്‍ ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നു എന്ന് ഈ സൂക്തങ്ങള്‍ സൂചിപ്പിക്കുന്നു.
ശാസ്ത്രം പ്രാധാന്യമുള്ളതാണ് എന്ന് പൊതുവായി വെറുതെ നിര്‍ദേശിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. ശാസ്ത്രീയമാകേണ്ട രീതി(Methods for doing Science)യിലേക്കാണത് വിരല്‍ചൂണ്ടുന്നത്. ആദ്യമായി, നിരീക്ഷണത്തിന്റെ പ്രാധാന്യത്തെ വിലമതിക്കാന്‍ അത് വായനക്കാരനെ നിര്‍ബന്ധിക്കുന്നു. 'എന്തില്‍നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടതെന്ന് മനുഷ്യന്‍ നിരീക്ഷിക്കട്ടെ'' (86:5),
''വിശ്വാസികള്‍ കാണുന്നില്ലേ എങ്ങനെയാണ് ഒട്ടകത്തെ സൃഷ്ടിച്ചതെന്ന്, ആകാശത്തെ എങ്ങനെയാണ് പൊക്കിയതെന്ന്, പര്‍വതങ്ങളെ ഉയരത്തില്‍ വളര്‍ത്തിയതെന്ന്, ഭൂമിയെ എങ്ങനെ നാം വിശാലമാക്കിയെന്ന്'' (88:17-20)
രണ്ടാമതായി, കണക്കുകളുടെയും അളവുകളുടെയും പ്രാധാന്യത്തെ അത് ഊട്ടിയുറപ്പിക്കുന്നു. ''എല്ലാം കൃത്യമായ അളവിലും അനുപാതത്തിലുമാണ് നാം സൃഷ്ടിച്ചിട്ടുള്ളത്'' (54:49), നാം ഇറക്കിക്കൊടുത്തതെന്തും നിര്‍ണിത അളവില്‍ മാത്രമാകുന്നു (15:21), അവന്‍ തന്നെയാകുന്നു സൂര്യനെ പ്രകാശമാനമാക്കിയതും ചന്ദ്രനു ശോഭയേകിയതും, അതിന്റെ വൃദ്ധിക്ഷയങ്ങളെ കൃത്യമായി നിര്‍ണയിച്ചുവെച്ചതും. അതുവഴി നിങ്ങള്‍ക്ക് വര്‍ഷങ്ങളുടെയും തീയതികളുടെയും കണക്കറിയാന്‍(10:5)
മൂന്നാമതായി, നിരീക്ഷണത്തിനും അളവെടുക്കലിനും കണക്കുകൂട്ടലിനും ശേഷം അനുമാനങ്ങള്‍ രൂപീകരിക്കാന്‍ അത് നമ്മോടാവശ്യപ്പെടുന്നു. ഇതിനായി ഖുര്‍ആന്‍ പറയുന്നു: ''യുക്തി ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ സന്ദേശമുണ്ട്' (2:164), 'നിന്റെ യുക്തി ഉപയോഗിക്കാന്‍ നിനക്ക് സാധിക്കുന്നില്ലേ?(2:73)
അവസാനമായി ''അല്ലാഹു, സ്വയമേവ തെളിവുകള്‍ നല്‍കുന്നു'' (3:18) എന്നപോലെ ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാന്‍ നമ്മോടാവശ്യപ്പെടുന്നു. ഖുര്‍ആന്‍ ഉപയോഗിച്ച 'അളവ്'(Measure) എന്ന പ്രയോഗത്തിന് ധാരാളം അര്‍ഥതലങ്ങളുണ്ട്. അളവ് എന്ന ബാഹ്യ അര്‍ഥത്തിനു പുറമെ ഗണിതശാസ്ത്ര ബന്ധങ്ങളുടെ(Mathematical Relationship) അനുപാതങ്ങളെ കൂടി അത് ഉള്‍ക്കൊള്ളുന്നു. ഈ ബന്ധങ്ങള്‍ ഒരു പക്ഷേ, അപ്രധാനമായതോ ഉപരിമേയാര്‍ഥങ്ങളില്‍നിന്നും ഒട്ടും കൂടുതലല്ലാത്തതോ അല്ലെങ്കില്‍ പ്രകൃതി നിയമങ്ങളുടെ ആഴത്തില്‍ നിലനില്‍ക്കുന്ന ബലമോ ആകാം. ഈ ആശയം 13:17ല്‍ ഇങ്ങനെ കാണാം. ''അല്ലാഹു വിണ്ണില്‍നിന്ന് മഴ വര്‍ഷിച്ചു, നദികളും തോടുകളുമെല്ലാം അവയുടെ വിശാലതയനുസരിച്ച് അതുമായൊഴുകി, അങ്ങനെ വെള്ളം പൊങ്ങിയപ്പോള്‍ ഉപരിതലത്തില്‍ നുരയും പതയുമുണ്ടായി. ആഭരണങ്ങളും പാത്രങ്ങളും മറ്റുമുണ്ടാക്കുന്നതിനുവേണ്ടി ആളുകള്‍ തീയിലുരക്കുന്ന വസ്തുക്കളില്‍നിന്നും ഇതുപോലുള്ള നുരയുണ്ടാകുന്നു. ഈ ഉദാഹരണത്തിലൂടെ അല്ലാഹു സത്യാസത്യങ്ങളുടെ സ്വഭാവത്തെ വിശദീകരിക്കുകയാണ്. നുരകള്‍ വറ്റിപ്പോകുന്നു. മനുഷ്യര്‍ക്ക് പ്രയോജനമുള്ള വസ്തുക്കളോ ഭൂമിയില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഇപ്രകാരം അല്ലാഹു ഉദാഹരണങ്ങളിലൂടെ അവന്റെ സന്ദേശം ഗ്രഹിപ്പിക്കുന്നു.''
നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഭൗതിക പ്രപഞ്ചത്തിന്റെ അഗാധ ഘടനകളെക്കുറിച്ച ധാരണ മാനവികതക്ക് വിഹിതങ്ങള്‍ നല്‍കും എന്നാണ്. എന്നാല്‍ ഈ വിഹിതങ്ങള്‍ വെറുതെ ലഭിക്കുകയില്ല. 'അളവ്' എന്നതിന് വേര്‍തിരിക്കല്‍ (extraction) എന്ന ആശയം കൂടിയുണ്ട്. നമ്മുടെ ഈ 'കൃത്യ അളവി' (Measure)നെ നമ്മുടേതായ പരിശ്രമത്തിലൂടെ നാം ആര്‍ജിച്ചെടുക്കുന്നു. അഥവാ ഇനിയും കണ്ടെത്തലുകള്‍ നടത്തേണ്ടിയിരിക്കുന്നു. 'അല്ലാഹു ജീവജാലങ്ങള്‍ക്കെല്ലാം യഥേഷ്ടം ഉപജീവന മാര്‍ഗം നല്‍കിയാല്‍, പ്രകൃതിയുടെ നിയമമനുസരിച്ച് ഈ കൃത്യമായ അളവിനെ നാം മനസ്സിലാക്കിയില്ലെങ്കില്‍ നമ്മള്‍ ഈ ഭൂമിയില്‍ ധിക്കാരികളും തോന്നിവാസികളുമാകുമെന്ന് ഖുര്‍ആന്‍ പറയുന്നു(42:27). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വ്യവസ്ഥാപിതമായ പരിശ്രമങ്ങളും സമുചിതമായ ഇടപെടലുകളുമില്ലെങ്കില്‍ പ്രകൃതി അതിന്റെ രഹസ്യങ്ങളൊന്നും തന്നെ നമുക്ക് നല്‍കുകയില്ല.
അങ്ങനെ വരുമ്പോള്‍ ഒരു കാര്യം ശ്രദ്ധേയമാണ് ഖുര്‍ആന്‍ ശാസ്ത്രത്തെ മാത്രമല്ല സാങ്കേതികത(Technology)യെ കൂടി ഊന്നിപ്പറയുന്നുണ്ട്. ഖുര്‍ആനിലെ ഇരുമ്പ് എന്ന പേരിലുള്ള അധ്യായത്തില്‍ അല്ലാഹു പറയുന്നു. ''മനുഷ്യന് ധാരാളം ഉപയോഗങ്ങളുള്ള ഇരുമ്പ് ഇറക്കിക്കൊടുത്തത് അവന്റെ അപാരമായ കഴിവിനാലാകുന്നു. (57:25)
'ഇരുമ്പ്' എന്നത് ഇവിടെ സാങ്കേതികതയുടെ രൂപകമായി(Metaphar)ട്ടാണ് ഉപയോഗിക്കപ്പെട്ടത്. സൈനിക പ്രതിരോധത്തിനും തണുപ്പ്, ചൂട് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങള്‍ക്കെതിരിലുമുള്ള 'സംരക്ഷണ ഉപാധിയായി(16:81) ഈ അര്‍ഥത്തെ വികസിപ്പിക്കാന്‍ സാധിക്കും. ഇവിടെ ടെക്‌നോളജി വരുന്നത് 'ഒരുപാട് നിറങ്ങളോടു കൂടിയ പദാര്‍ഥമായിട്ടാണ്, ആഭരണവും കപ്പലുണ്ടാക്കാനും അതുപോലെ കൃഷിക്കും മൃഗസംരക്ഷണത്തിനും കപ്പലോട്ടത്തിനുമുള്ള ഉപകരണങ്ങള്‍ നിര്‍മിക്കാനും (16:10-16) ഈ അര്‍ഥങ്ങളെ വികസിപ്പിക്കാന്‍ സാധിക്കും.
പ്രവാചകന്‍ മുഹമ്മദ്(സ)യും -അദ്ദേഹത്തിന് സ്വന്തമായി എഴുതാനോ വായിക്കാനോ കഴിയുമായിരുന്നില്ല- ശാസ്ത്രീയ അന്വേഷണത്തിലൂടെ മാത്രമേ ഭൗതിക ലോകത്തെ മനസ്സിലാക്കാന്‍ സാധിക്കൂ എന്ന് ഊന്നിപ്പറയുന്നുണ്ട്. അദ്ദേഹം സംഭാവനചെയ്ത ഇസ്‌ലാമിക സംസ്‌കാരം ജ്ഞാനാധിഷ്ഠിത സംസ്‌കാരമായിരുന്നു. നീണ്ട ആരാധനകള്‍ക്കുമേല്‍ മൂല്യം അദ്ദേഹം ശാസ്ത്രത്തിനു നല്‍കി. അദ്ദേഹം പ്രഖ്യാപിച്ചു: ''ഒരു മണിക്കൂര്‍ നേരത്തെ പ്രകൃതി പഠനമാണ് ഒരു വര്‍ഷത്തെ നമസ്‌കാരത്തേക്കാള്‍ ഉത്തമം.'' അതുകൊണ്ടുതന്നെയാണ് അദ്ദേഹം തന്റെ അനുയായികളെ ശാസ്ത്രജ്ഞരുടെ വാക്കുകള്‍ ശ്രദ്ധിക്കാനും ശാസ്ത്രീയ പാഠങ്ങള്‍ മറ്റുള്ളവരില്‍നിന്നും മനനം ചെയ്യാനും 'അറിവു തേടി ചൈനവരെ പോകാനും' പ്രാപ്തരാക്കിയത്. പ്രവാചകന്‍ യുക്തിക്കു കൊടുത്ത പ്രാധാന്യം അദ്ദേഹത്തിന്റെ ചെറുമകന്‍ ഇബ്‌റാഹീമിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ വ്യക്തമായി കാണാവുന്നതാണ്. ഇബ്‌റാഹീമിന്റെ മരണം സൂര്യഗ്രഹണവുമായി ബന്ധിപ്പിക്കപ്പെട്ടു. മദീനയിലെ ചില മുസ്‌ലിംകള്‍ അതൊരദ്ഭുത ദൈവിക ദൃഷ്ടാന്തമായും കരുതി. പ്രവാചകന്റെ നഷ്ടത്തില്‍ കനത്ത ദുഃഖത്താല്‍ ആകാശങ്ങള്‍ പോലും കരയുകയാണെന്ന തരത്തില്‍ മദീനയാകെ കിംവദന്തി പരന്നു. എന്നാല്‍, ഈ യുക്തിഹീനമായ കിംവദന്തി പ്രവാചകനെ സാന്ത്വനപ്പെടുത്തുന്നതിനു പകരം ദേഷ്യപ്പെടുത്തുകയാണുണ്ടായത്. അദ്ദേഹം പ്രഖ്യാപിച്ചു: ''തീര്‍ച്ചയായും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ഒരു മനുഷ്യന്റെയും മരണത്തിന്റെയോ ജനനത്തിന്റെയോ പേരില്‍ അവക്ക് ഗ്രഹണം ബാധിക്കുകയില്ല.'(33)
എന്നാല്‍, പ്രകൃതി പഠനത്തിനും യുക്തിയുടെ ഉപയോഗത്തിനും അതിന്റേതായ പരിമിതികളുണ്ട്. എല്ലാ അറിവുകളും നല്ലതോ സമ്പൂര്‍ണമോ അല്ലെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. അറിവ് ചിലപ്പോള്‍ തിന്മ ചെയ്യാനുള്ള പ്രേരണയായി മാറാം. സോളമനെക്കുറിച്ച് പറയുന്ന സൂക്തങ്ങളില്‍ അപകടകരമായ വിജ്ഞാനത്തിന് സമൂഹങ്ങളെ നശിപ്പിക്കാന്‍ സാധിക്കുന്നതായി നമ്മള്‍ വായിക്കുന്നു. ''എങ്കിലും ജനം തങ്ങള്‍ക്ക് ദ്രോഹകരവും പ്രയോജനരഹിതവുമായ ആ വിദ്യ പഠിച്ചുകൊണ്ടിരുന്നു. അതുവാങ്ങുന്നവന് പരലോകത്തില്‍ ഒരു വിഹിതവുമില്ലെന്ന് അവര്‍ക്ക് നന്നായറിയാമായിരുന്നു'' (2:102). ഇവിടെ അറിവ് എന്നത് ആഭിചാരമായിട്ടാണ് വിവരിക്കപ്പെടുന്നത്. പക്ഷേ, ഇത് വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ എല്ലാതരം അറിവുകളിലും സമാനമായി പ്രയോഗിക്കപ്പെടുന്നു. ഈ കെണിയില്‍ വീഴാതിരിക്കാനാണ് എല്ലാതരം ശാസ്ത്രീയ അന്വേഷണങ്ങളെയും ദൈവിക ഏകത്വവുമായി പര്യാലോചിക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. ഖുര്‍ആനിലെ 'ഇബാദ' അഥവാ ആരാധന എന്ന പ്രയോഗം- യുക്തിയും അറിവും എന്ന ചാപ്റ്ററില്‍ ഞാനെഴുതിയതുപോലെ- 'ഇല്‍മ്' അഥവാ 'അറിവ്' എന്ന സങ്കല്‍പത്തോട് അഗാധമായി ബന്ധപ്പെട്ടുകിടക്കുന്നു. രണ്ടും ദൈവത്തെ അറിയാനുള്ള ഉപാധിയാണ്. ഇതിന് രണ്ട് പ്രാധാന്യമുണ്ട്. ഒന്നാമതായി, ശാസ്ത്രാന്വേഷണം മുസ്‌ലിമിന് ധാര്‍മിക ബാധ്യതയായി മാറുന്നു. രണ്ടാമതായി, ധ്യാനാത്മകമായതിനാലും അല്ലെങ്കില്‍ ആരാധനയുടെ രീതി എന്നതിനാല്‍, നമ്മുടെ ശാസ്ത്രീയവും സാങ്കേതികവുമായ ഈ പരിശ്രമങ്ങള്‍, യാതൊരുവിധ അക്രമങ്ങളോ അടിച്ചമര്‍ത്തലുകളോ സ്വേഛാധിപത്യമോ ഉള്‍ക്കൊള്ളുന്നില്ല. അല്ലെങ്കില്‍ അനാവശ്യ നേട്ടങ്ങളെ പിന്തുടര്‍ന്ന് നശിക്കുന്ന ദ്രോഹപരമായ വിജ്ഞാനമോ ആകുന്നില്ല. സത്യത്തിനും പൊതുനന്മക്കും സാമൂഹിക ഉന്നമനത്തിനും വേണ്ടി സാമ്പത്തികവും സാംസ്‌കാരികവുമായ നീതിയെയാണ് ശാസ്ത്രം പിന്തുടരേണ്ടത്. മനുഷ്യരെന്ന നിലയില്‍, ശാസ്ത്രജ്ഞര്‍ ദൈവത്തില്‍നിന്നും സ്വാശ്രയമല്ല. മറിച്ച്, ശാസ്ത്രീയവും സാങ്കേതികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവത്തോട് കണക്കു പറയേണ്ടവരാണവര്‍.
തന്നെയുമല്ല, ''പ്രകൃതിയും പരിസ്ഥിതിയും'' എന്ന ചാപ്റ്ററില്‍ നാം കണ്ടതുപോലെ ദൈവത്തിന്റെ പ്രതിനിധികള്‍ അഥവാ 'ഖുലഫാഅ്' എന്ന അര്‍ഥത്തില്‍ ശാസ്ത്രജ്ഞരും അല്ലാത്തവരുമായ നമ്മളെല്ലാം ദൈവിക സൃഷ്ടി എന്ന നിലയില്‍ പ്രകൃതിയെ സംരക്ഷിക്കാനും നിലനിര്‍ത്താനും ബാധ്യസ്ഥരാണ്.
മതവും ശാസ്ത്രവും ശത്രുതയിലാണെന്നും ഇസ്‌ലാമിക ചട്ടക്കൂടില്‍ വെള്ളം ചേര്‍ക്കരുതെന്നുമാണ് മാമൂല്‍. എന്നാല്‍, ഖുര്‍ആനും പ്രവാചകന്റെ ഉദാഹരണങ്ങളും ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പ്രാധാന്യത്തെ ഊന്നിപ്പറയുന്നു. മതവും ശാസ്ത്രവും തമ്മില്‍ യാതൊരുവിധ ദീര്‍ഘിച്ച യുദ്ധവും ഇസ്‌ലാമിക ചരിത്രത്തില്‍ നടന്നിട്ടില്ല. മതവും ശാസ്ത്രവും തമ്മില്‍ യുദ്ധം നടന്നത്/നടക്കുന്നതും തനി പാശ്ചാത്യന്‍ വ്യവസ്ഥയിലാണ്. സ്വന്തത്തെ ന്യായീകരിക്കുന്നതും മിഥ്യയായ വാദങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും.
ഇസ്‌ലാമും ശാസ്ത്രവും തമ്മിലുള്ള അഭേദ്യമായ ബന്ധങ്ങള്‍ മുസ്‌ലിം നാഗരികതയുടെ ആദ്യകാല ചരിത്രങ്ങളില്‍ പ്രകടമാണ്. ശാസ്ത്രീയ വിജ്ഞാനങ്ങളുടെ തുടക്കത്തിലേക്ക് നയിച്ചത് മതപരമായ ആവശ്യങ്ങളായിരുന്നു. ദൈനംദിന നമസ്‌കാരങ്ങളുടെ കൃത്യമായ സമയമറിയാന്‍, മുസ്‌ലിം ലോകത്തെവിടെനിന്നും മക്കയിലേക്ക് കൃത്യമായി ദിശ നിര്‍ണയിക്കാന്‍, റമദാന്‍ മാസത്തിലെ വ്രതാരംഭത്തിന്റെ കൃത്യമായ ദിവസമറിയാനും അതിനുവേണ്ടി ചാന്ദ്രകലണ്ടര്‍ (ഇതിന് പുതിയ ചന്ദ്രനെ കൃത്യമായി കാണേണ്ടതുണ്ട്) സ്ഥാപിക്കാനും, ഇതു പിന്നീട് വാനശാസ്ത്രത്തിലും (celestial technics) പ്രകാശ ശാസ്ത്രത്തിലും (optics), അന്തരീക്ഷ പണത്തിലും (atmospheric physics) ഗോളീയ ത്രിമാന ഗണിതത്തിലും (spherical trignometry) താല്‍പര്യം ജനിപ്പിച്ചു. ഇസ്‌ലാമിലെ അനന്തരാവകാശ നിയമം ബീജഗണിത(Algebra)ത്തിന്റെ വികാസത്തിലേക്ക് നയിച്ചു. വര്‍ഷത്തിലൊരിക്കല്‍ മക്കയിലേക്കുള്ള മുസ്‌ലിം തീര്‍ഥാടനം ഭൂമിശാസ്ത്രത്തില്‍(Geography) താല്‍പര്യം ജനിപ്പിക്കുകയും മാപ് നിര്‍മാണത്തിലേക്കും നാവിക ഉപകരണങ്ങള്‍ കണ്ടെത്തുന്നതിലേക്കും നയിക്കുകയും ചെയ്തു.(34)
അറിയാനും അന്വേഷിക്കാനും ഖുര്‍ആന്‍ നല്‍കിയ പ്രത്യേക ഊന്നല്‍ കാരണം, പ്രാചീന വിജ്ഞാനീയങ്ങളെ തേടിപ്പിടിക്കുന്നത് മധ്യകാല മുസ്‌ലിം സമൂഹത്തില്‍ സാധാരണമായിരുന്നു. ഭരണകര്‍ത്താക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഗ്രീക്ക് ചിന്തകളും പഠനങ്ങളും വിവര്‍ത്തക സംഘങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. ഗ്രീക്ക് വിജ്ഞാനീയങ്ങളെ അന്ധമായി പകര്‍ത്തുന്നവരായിരുന്നില്ല മുസ്‌ലിംകള്‍. മറിച്ച്, പുതിയ തത്ത്വങ്ങളും പദ്ധതികളും കണ്ടെത്തുന്നതിന്റെ ഭാഗമായി അതിന്റെ ഉള്ളടക്കം ഗ്രഹിക്കാനും അതിലെ തത്ത്വങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങളില്‍ പ്രയോഗിക്കാനും അവര്‍ ശ്രമിച്ചു. അല്‍കിന്ദി, അല്‍ ഫാറാബി, ഇബ്‌നുസീന, ഇബ്‌നു തുഫൈല്‍, ഇബ്‌നു റുഷ്ദ് തുടങ്ങിയ പണ്ഡിതര്‍ ഗ്രീക്ക് തത്ത്വശാസ്ത്രത്തെ വിമര്‍ശനാത്മക നിരൂപണത്തിന് വിധേയമാക്കി.
അതേസമയം പ്രകൃതിയുടെ അനുഭവ പഠനത്തിന് (empirical study) ഗൗരവമായ ശ്രദ്ധയും നല്‍കി. നാം ഇന്ന് മനസ്സിലാക്കിയ പരീക്ഷണ ശാസ്ത്രം (experimental science) ആരംഭിക്കുന്നത് മുസ്‌ലിം നാഗരികതയിലാണ്. 8-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ രസതന്ത്രത്തിന് മൂലശിലയിട്ട ജാബിര്‍ബ്‌നു ഹയാന്‍(അദ്ദേഹം ക്രിസ്ത്യനായിരുന്നു), 10-ാം ശതകത്തില്‍ പ്രകാശ ശാസ്ത്രത്തെ (optic) പരീക്ഷണ പഠനത്തിനു വിധേയമാക്കിയ ഇബ്‌നു ഹൈഥം തുടങ്ങിയവരിലൂടെ ശാസ്ത്രീയ പദ്ധതി(Scientific Methods)കള്‍ ആവിഷ്‌കരിക്കപ്പെട്ടു.(35) ജ്യോതിശാസ്ത്രത്തിലും ജന്തുശാസ്ത്രത്തിലും മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ഊര്‍ജസ്വലതയോടെ പഠിച്ചില്ല. അതുകൊണ്ടു തന്നെ, അവര്‍ക്ക് ശരിയായ രീതിയില്‍ സംഭാവന അര്‍പ്പിക്കാന്‍ സാധിച്ചില്ല. ഇസ്‌ലാമിന്റെ ഈ 'സുവര്‍ണ കാലഘട്ട'ത്തിലെ ശാസ്ത്രീയ പ്രകൃതി സംരംഭങ്ങളെ പ്രധാനമായും 4 വിഭാഗങ്ങളിലായി പരിഗണിക്കാം അഥവാ ശാസ്ത്ര ലൈബ്രറികള്‍, യൂണിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍, ശാസ്ത്രനിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ (പ്രത്യേകിച്ചും ഖഗോള ഗ്ലോബുകള്‍, നക്ഷത്ര ദൂര മാപിനികള്‍, സൂര്യഘടികാരം, നിരീക്ഷണ ദണ്ഡുകള്‍ തുടങ്ങിയ ജ്യോതിശാസ്ത്ര ഉപകരണങ്ങള്‍).
അബ്ബാസി ഖലീഫ അല്‍ മഅ്മൂന്‍ ബഗ്ദാദില്‍ സ്ഥാപിച്ച ലോക പ്രശസ്ത ലൈബ്രറി 'വിവേകത്തിന്റെ വീട്' (house of wisdom) ഇസ്‌ലാമിക സാമ്രാജ്യത്തില്‍ ശാസ്ത്രീയ വിജ്ഞാനങ്ങള്‍ പരത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സ്‌പെയിനില്‍, ഖലീഫ ഹകം രണ്ടാമന്റെ കൊര്‍ദോവയിലെ ലൈബ്രറിയില്‍ 4,00000ത്തില്‍ പരം ഗ്രന്ഥങ്ങളുണ്ടായിരുന്നു. സമാനമായ ലൈബ്രറികള്‍ കെയ്‌റോവിലും ദമസ്‌കസിലും ദൂരെമാറി സമര്‍ഖന്ദിലും ബുഖാറയിലും ഉണ്ടായിരുന്നു. ലോകത്തിലെ ആദ്യത്തെ സര്‍വകലാശാല 970ല്‍ കെയ്‌റോയിലെ അല്‍ അസ്ഹര്‍ മസ്ജിദിലാണ് സ്ഥാപിക്കപ്പെട്ടത്. 'ഫോഡി'ലേയും 'തിംബുക്തി'വിലെയും യൂണിവേഴ്‌സിറ്റികള്‍ ഇതിനെ തുടര്‍ന്നാണുണ്ടായത്. യൂണിവേഴ്‌സിറ്റിയിലേതുപോലെ ആശുപത്രികളിലും -അവിടെ ചികിത്സകള്‍ സൗജന്യമായാണ് നല്‍കിയിരുന്നത്- സിദ്ധാന്ത പഠനത്തിനും പരീക്ഷണ ഗവേഷണങ്ങള്‍ക്കും പരിശീലനത്തിനും പ്രത്യേകം സ്ഥാപനങ്ങളുണ്ടായിരുന്നു. ബഗ്ദാദിലെ അബാദി ഹോസ്പിറ്റല്‍, ദമസ്‌കസിലെ കബീര്‍ അന്നൂരി ഹോസ്പിറ്റല്‍ തുടങ്ങിയവ തങ്ങളുടെ ഗവേഷണ ഫലങ്ങളിലൂടെ ലോക വ്യാപകമായി യശസ്സുയര്‍ത്തിയവരാണ്. പുതിയ മരുന്നുകളും ചികിത്സകളും പരീക്ഷിക്കാനും അവ നിര്‍ദേശിക്കാനും ഡോക്ടര്‍മാര്‍ അനുവദിക്കപ്പെട്ടിരുന്നു. പ്രത്യേക റിപ്പോര്‍ട്ടുകളിലാക്കി എഴുതിപ്പിച്ച ഇത്തരം പരീക്ഷണങ്ങള്‍ പൊതുനിരൂപണത്തിന് വിധേയമായിരുന്നു. ശസ്ത്രക്രിയ വിദഗ്ധര്‍ക്ക് ചിരപരിചിതങ്ങളായ ഇന്നത്തെ ശസ്ത്രക്രിയോപകരണങ്ങള്‍ ആദ്യമായി വികസിപ്പിച്ചത് മുസ്‌ലിം ഡോക്ടര്‍മാരായിരുന്നു. അതുപോലെത്തന്നെ, മുസ്‌ലിം ലോകത്തുടനീളം നിരീക്ഷണ ശാലകളുടെ ശൃംഖല തന്നെയുണ്ടായിരുന്നു. അതിലേറ്റവും പ്രശസ്തമായത് അസര്‍ബൈജാനിലെ 'മരഗ'യില്‍ ജോലിചെയ്തിരുന്ന പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ നാസിറുദ്ദീന്‍ ത്വൂസിയുടേതായിരുന്നു. അദ്ദേഹം വികസിപ്പിച്ച 'ത്വൂസി കപ്പില്‍' പിന്നീട് കോപ്പര്‍ നിക്കസിനെ സൂര്യ കേന്ദ്രീകൃത (ഹീലിയോസെന്‍ട്രിക്) സിദ്ധാന്തം ആവിഷ്‌കരിക്കാന്‍ സഹായിച്ചു.
സമകാലിക മുസ്‌ലിം ലോകത്തിലെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ശോഷിച്ച അവസ്ഥകളെ താരതമ്യപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ശാസ്ത്രം ആകര്‍ഷിക്കപ്പെടാത്ത മുസ്‌ലിം നാടുകളില്‍ ഗവേഷണത്തിനും വികസനത്തിനും താരതമ്യേന കുറഞ്ഞ മുന്‍ഗണനയാണുള്ളത്. സ്വല്‍പം ഗവേഷണങ്ങളെങ്കില്‍ നടക്കുന്നത് എപ്പോഴും പ്രതിരോധവുമായി ബന്ധപ്പെട്ടാണ്, അഥവാ ആണവവും അല്ലാത്തതുമായ ആയുധങ്ങള്‍ വികസിപ്പിക്കാന്‍. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന ഒരുയൂണിവേഴ്‌സിറ്റിയിലും ഇന്ന് മുസ്‌ലിം ലോകത്തെ കാണുന്നില്ല. ശാസ്ത്ര ചരിത്രകാരനായ ജോര്‍ജ് ഡാര്‍ട്ടണ്‍(38) പറയുന്നതുപോലെ എന്താണോ സംഭവിച്ചത് അത് അറബ് സംസ്‌കാരത്തിന്റെ അദ്ഭുതമാണ് (The miracle of Arab culture).
മുസ്‌ലിം ലോകത്തിലെ ശാസ്ത്രത്തിന്റെ അധഃപതനവുമായി ബന്ധപ്പെട്ട് ധാരാളം തിയറികള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിക നിയമത്തിനും മുസ്‌ലിം കുടുംബത്തിനും മുസ്‌ലിം സമൂഹത്തിലെ പുരോഗമന ചിന്തകരുടെ അഭാവത്തിനുമാണ് പ്രധാന പഴി കിട്ടിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാം സ്വയമേവ പുരോഗമന വിരുദ്ധവും(Antiprogressive), ശാസ്ത്ര വിരുദ്ധവും(Anti-science) ആയി മാറുന്നു എന്ന് അധിക്ഷേപിക്കപ്പെടുന്നു. ഈ സിദ്ധാന്തങ്ങളൊന്നും തന്നെ വിശ്വാസയോഗ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരം കാര്യങ്ങളില്‍ എനിക്കെന്റേതായ തിയറികളുണ്ട്. ഞാന്‍ വേറൊരിടത്തു വിവരിച്ചതും പോലെ. ഇവിടെ ഹീനമായ ഒരു സത്യം പറയേണ്ടതുണ്ട്. മതകീയമായ അനുകരണത്തിലും മനഃപൂര്‍വമായോ ബോധപൂര്‍വമായോ ശാസ്ത്രീയ അന്വേഷണങ്ങളെ മുസ്‌ലിംകള്‍ കൈയൊഴിയുന്നു. ശാസ്ത്രീയതയെയും സാങ്കേതികതയെയും ഉള്‍ക്കൊള്ളുന്ന വിജ്ഞാനം എന്ന ആശയം നൂറ്റാണ്ടുകള്‍ക്കിപ്പുറം മതകീയ വിജ്ഞാനമായി ചുരുങ്ങുന്നു.
മുസ്‌ലിം നാഗരികതയുടെ ശാസ്ത്രീയ ബോധത്തെ നിയന്ത്രിച്ച പ്രധാന ഘടകം 'ഇജ്തിഹാദ്' അഥവാ ഖുര്‍ആനിക അടിസ്ഥാനങ്ങളിലൂന്നിയ 'യുക്തിപരവും' വ്യവസ്ഥാപിതവുമായ 'യഥാര്‍ഥ ചിന്ത'യാണ്. ഇത് പിന്നീട് ക്ലാസിക്കല്‍ ഇസ്‌ലാമിക ചിന്തയുടെ പ്രധാന എതിരാളിയായി മാറി. തുടര്‍ച്ചയായുള്ളതും ശാശ്വതവുമായ ഇജ്തിഹാദ് തങ്ങളുടെ അധികാരത്തിന്റെ അടിത്തറ തോണ്ടുമെന്ന് മുസ്‌ലിം സമൂഹത്തിലെ വരേണ്യവിഭാഗമായ മതപുരോഹിതര്‍ കരുതി. ശാസ്ത്രജ്ഞര്‍ക്കും താത്ത്വികന്മാര്‍ക്കും സമൂഹത്തില്‍ ഉന്നതസ്ഥാനം കൈവരുന്നതിനെക്കുറിച്ചും മതപണ്ഡിതന്മാര്‍ ബോധവാന്മാരായിരുന്നു. അതുകൊണ്ടുതന്നെ, അവര്‍ സംഘടിക്കുകയും 'ഇജ്തിഹാദി'ന്റെ വാതിലുകള്‍ കൊട്ടിയടക്കുകയും പകരം തഖ്‌ലീദ്, അഥവാ മുന്‍കാല പണ്ഡിതന്മാരുടെ ചിന്തകളെ പകര്‍ത്തല്‍ മുന്നോട്ടുവെക്കുകയും ചെയ്തു. വ്യക്തമായും ഇത് മതത്തിന്റെ ചലനം തന്നെയായിരുന്നു. എല്ലാ വസ്തുതകളെയും പരസ്പരം ബന്ധപ്പെടുത്തി സമന്വയിപ്പിച്ച ലോകീയ വീക്ഷണമാണ് ഖുര്‍ആന്‍ പ്രചരിപ്പിച്ചത്, എന്നാല്‍ മേല്‍രൂപാന്തരണം എല്ലാ അന്വേഷണങ്ങളെയും തകര്‍ത്തു തരിപ്പണമാക്കിയിട്ടുള്ളതായിരുന്നു. ഈ ചിന്തകള്‍ കൊട്ടിയടക്കപ്പെട്ടത് മതത്തിന്റെ മേല്‍ മാത്രമല്ല; ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും വിഷയങ്ങളില്‍ കൂടിയാണ്. സമൂഹത്തില്‍ തങ്ങളുടെ സ്വീകാര്യത നിലനിര്‍ത്താന്‍ ഈ മതപണ്ഡിതര്‍ ശാസ്ത്രീയ അന്വേഷണങ്ങളെ മറമാടി.
സമകാലിക മുസ്‌ലിം സമൂഹത്തിന് തങ്ങളുടെ ശാസ്ത്രീയ പാരമ്പര്യത്തോട് ആഴത്തിലുള്ള വൈകാരിക ബന്ധമാണുള്ളത്. എന്നാല്‍, പലപ്പോഴും ഈ ബന്ധങ്ങള്‍ ഒരുതരം അപകര്‍ഷബോധമായാണ് പ്രകടിപ്പിക്കപ്പെടാറുള്ളത്. ഇക്കാലത്ത്, മുസ്‌ലിം ലോകത്തെ ശാസ്ത്രം ലബോറട്ടറികളുമായോ ഉല്‍കൃഷ്ടതയുടെ കേന്ദ്രങ്ങളുമായോ ബന്ധപ്പെട്ടല്ല നില്‍ക്കുന്നത്, മറിച്ച് തികച്ചും വ്യത്യസ്തമായ മറ്റൊരു പരിശ്രമത്തിലൂടെയാണ്. അഥവാ ഖുര്‍ആനിലെ ശാസ്ത്രീയ അദ്ഭുതങ്ങളെ 'കണ്ടെത്തലി'ലൂടെ. ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങളും സിദ്ധാന്തങ്ങളും വായിക്കുന്നതിനുമാത്രമായി 'ഇജാസ്' എന്ന പേരില്‍ ഒരു മുഴുനീള സാഹിത്യരൂപം തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഭൗതിക പ്രതിഭാസങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ധാരാളം സൂക്തങ്ങള്‍ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് നാം കണ്ടതാണ്. പലപ്പോഴും അത് ദൃഷ്ടാന്തരൂപത്തിലുള്ളതോ കാവ്യാത്മകമോ ആണ്. ഈ സൂക്തങ്ങളില്‍നിന്നും ശാസ്ത്രീയ കണ്ടെത്തലുകളെ വായിച്ചെടുക്കാന്‍ പ്രശംസനീയമായ മാനസിക അധ്വാനവും വക്രതയും തന്നെ വേണം. അല്‍പംകൂടി പറഞ്ഞാല്‍, ആപേക്ഷികത (Relativity), ഊര്‍ജകണ സിദ്ധാന്തം (Quantum Mechanics) വിസ്‌ഫോടന സിദ്ധാന്തം(Bigbang theory), തമോഗര്‍ത്തം(Black holes), നക്ഷത്ര ഗണങ്ങളിലെ രശ്മികേന്ദ്രങ്ങള്‍(Pulsars), ജനിതക ശാസ്ത്രം(Genetics), ഭ്രൂണശാസ്ത്രം (embryology), ആധുനിക ഭൂഗര്‍ഭ ശാസ്ത്രം(Modern Geology), താപ പ്രവര്‍ത്തന പരത(Thermodynamics), ആണവ ഭൗതികശാസ്ത്രം(Atomic physics), ഇലക്ട്രിസിറ്റി എന്തിന് ലേസര്‍, ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ പോലും ഖുര്‍ആനില്‍ നിന്നും കണ്ടെടുക്കപ്പെടുന്നു. വാസ്തവത്തില്‍, പ്രകാശത്തിന്റെ ദൂരമളക്കാനും പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും പ്രായം കണക്കാക്കാനും 7 ആകാശങ്ങള്‍ തമ്മിലുള്ള അകലം നിര്‍ണയിക്കാനും മറ്റു കുഴപ്പിക്കുന്ന സാഹസ കൃത്യങ്ങള്‍ക്കുമുള്ള ബീജഗണിത സമവാക്യങ്ങളായി ഖുര്‍ആനിലെ സൂക്തങ്ങള്‍ മാറുന്നു.
മത-ശാസ്ത്ര മൗലിക വാദങ്ങള്‍ തമ്മിലുള്ള സങ്കലനം വളരെ വിഷയമാണ്. 1970കളുടെ മധ്യത്തോടെ ബൈബിള്‍, ഖുര്‍ആന്‍, ശാസ്ത്രം' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച ഗ്രന്ഥകാരനും ഫ്രഞ്ച് സര്‍ജനുമായ മോറിസ് ബുക്കായിയുടെ ബുക്കായിസം എന്ന് ഇതിനെ വിളിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ബുക്കായ് ഖുര്‍ആനിക വേദവാക്യങ്ങളെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ച് ജ്യോതിശാസ്ത്രത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചും സസ്യജീവജാലങ്ങളെക്കുറിച്ചും ഖുര്‍ആന്‍ എന്താണ് പറയുന്നതെന്ന് കണ്ടെത്താന്‍ ശ്രമിച്ചു. ആധുനിക ശാസ്ത്രത്തിന്റെ കണിശമായ മാനദണ്ഡങ്ങളുമായി ബൈബിള്‍ ഒത്തുപോകുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആധുനിക വിജ്ഞാനീയങ്ങള്‍ വ്യക്തമായി സമര്‍ഥിച്ച ഒരു നിര്‍ദേശത്തോടും ഖുര്‍ആന്‍ വൈരുധ്യപ്പെടുന്നില്ല, എന്നു മാത്രമല്ല ആധുനിക ശാസ്ത്രം ഇന്നുവരെ കണ്ടെത്താത്ത ഒരുപാട് വസ്തുതകള്‍ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നുമുണ്ട്. ഈ പുസ്തകം അതിന്റെ മൂലഫ്രഞ്ചില്‍നിന്നും ഒട്ടുമിക്ക മുസ്‌ലിം ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയും ഖുര്‍ആന്‍ ഒരു ശാസ്ത്രീയ പ്രബന്ധമാണെന്ന മിഥ്യ പരത്തുകയും ചെയ്തു. ഈ അടുത്തകാലത്തായി 'ഇജാസ്' സാഹിത്യവും പ്രസ്ഥാനവും ഹാറൂണ്‍ യഹ്‌യ എന്ന തൂലിക നാമത്തിലറിയപ്പെടുന്ന, അദ്‌നാന്‍ അക്തര്‍ എന്ന തുര്‍ക്കിക്കാരന്റെ കീഴില്‍ ആഗോള വ്യവസായമായി മാറി. Miracles of Quran (ഖുര്‍ആനിലെ അദ്ഭുതങ്ങള്‍) എന്ന തന്റെ പുസ്തകത്തിലൂടെ ഒരു സംശയത്തിനോ ചോദ്യചിഹ്നത്തിനോ പോലും പഴുതു നല്‍കാത്ത വിധം ഖുര്‍ആനിക വാക്യങ്ങളെ വിവരിക്കണമെന്ന് യഹ്‌യ വാദിച്ചു. ''നാം ഇരുമ്പും ഇറക്കിയിരിക്കുന്നു. അതില്‍ വലിയ ശക്തിയുണ്ട്. മനുഷ്യര്‍ക്ക് ഉപകാരവും'' (57:25) എന്ന ഖുര്‍ആനിക വാക്യം ശാസ്ത്രീയ അദ്ഭുതത്തിന്റെ സൂചന'യാണെന്നും ആധുനിക ജ്യോതിശാസ്ത്ര കണ്ടെത്തല്‍ പ്രകാരം നമ്മളിന്നു ഭൂമിയില്‍ കാണുന്ന ഇരുമ്പ് ബാഹ്യാകാശത്തിലെ ഭീമാകാരമായ നക്ഷത്രങ്ങളില്‍നിന്ന് വന്നതാണെന്നും അദ്ദേഹം പറയുന്നു. ''ഭൂമിയില്‍ മുളക്കുന്നതില്‍നിന്നും ഇവര്‍ക്കറിഞ്ഞുകൂടാത്ത മാര്‍ഗങ്ങളിലും ഇണകളെ സൃഷ്ടിച്ചവന്‍ പരിശുദ്ധന്‍'' (36:36) എന്ന സൂക്തം പ്രതിദ്രവ്യത്തെ(Anti matter) ക്കുറിച്ച ദീര്‍ഘദര്‍ശനമാണെന്നും അദ്ദേഹം വാദിക്കുന്നു. ''രണ്ടു സമുദ്രങ്ങളെ തമ്മില്‍ കൂട്ടിമുട്ടുംവണ്ണം അവന്‍ അയച്ചുവിട്ടിരിക്കുന്നു. എന്നിട്ടും, അവയ്ക്കിടയില്‍ ഒരു മറയുണ്ട്'' (55:19-20) എന്നീ സൂക്തങ്ങള്‍ പ്രതല മര്‍ദത്തെ(surface tension) കുറിച്ചാണെന്നും അദ്ദേഹം പറയുന്നു. പക്ഷേ, ഈ ബാലിശ പ്രസ്താവനകള്‍ ശുദ്ധ വരട്ടുവാദികളിലോ കലംപൊട്ടികളിലോ മാത്രം ഒതുങ്ങിനിന്നില്ല. മറിച്ച്, ശാസ്ത്രജ്ഞര്‍ എന്നു പറയപ്പെടുന്നവരിലും മുസ്‌ലിം ലോകത്തിലെ യൂണിവേഴ്‌സിറ്റി പ്രഫസര്‍മാരില്‍പോലും വന്‍ സ്വീകാര്യത നേടി. 'ജിന്നുകളുടെ എനര്‍ജി സ്വാംശീകരിക്കാനും പ്രാണികളുടെ അധീശത്വം തെളിയിക്കാനുമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടു. ഖുര്‍ആനിലെ ഭൂഗര്‍ഭശാസ്ത്രം ചില യൂണിവേഴ്‌സിറ്റികളില്‍ ജിയോളജി വിഭാഗത്തിലെ പാഠ്യപദ്ധതിയായി മാറി.
ബുക്കായിസം രോഗകരമായ ഒരു പ്രവണതയാണ്. ഖുര്‍ആനു നേരെയുള്ള ആക്രമണം മാത്രമല്ല യുക്തിപരമായ ഏതൊരു ശാസ്ത്രീയ അന്വേഷണത്തിനുമുള്ള അപമാനം കൂടിയാണത്. ഇത്തരം വിഷമയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍, ഖുര്‍ആനിന്റെ വാക്കുകളില്‍ ''ഇവര്‍ മൂകരും ബധിരരും അന്ധരുമാകുന്നു. അതിനാലവര്‍ക്കൊന്നും മനസ്സിലാവുകയില്ല.''
തങ്ങളുടെ ശാസ്ത്രീയ പാരമ്പര്യങ്ങളോട് സത്യസന്ധമാകേണ്ടുന്നതിന് മുസ്‌ലിംകള്‍ക്ക് ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിന്റെ ചാരങ്ങള്‍ വെറുതെയങ്ങു നിലനിര്‍ത്തുന്നതിനു പകരം അതില്‍നിന്നും തീജ്വാലകള്‍ പ്രവഹിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കേണ്ടതുണ്ട്. ശാസ്ത്രത്തെ അവഗണിച്ചതാണ് വര്‍ത്തമാനകാല മുസ്‌ലിം ലോകം വികസ്വരതയിലും ദാരിദ്ര്യത്തിലും ചെന്നു വീഴാന്‍ കാരണം. ചരിത്രത്തിലെ ഇസ്‌ലാമിക ആവേശങ്ങള്‍ അവരുടെ ശാസ്ത്രീയ സംരംഭങ്ങളാല്‍ നിര്‍വചിക്കപ്പെട്ടതുപോലെത്തന്നെ, അവരുടെ ഭാവിയും ശാസ്ത്രവും പഠനങ്ങളും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചാണ്. ശാസ്ത്രവും സാങ്കേതികതയുമില്ലാത്ത മുസ്‌ലിം സമൂഹം വികലാംഗവും അസന്തുലിതവുമാണ്/ആയിത്തീരും. ശാസ്ത്രീയ വിജ്ഞാനം ആരാധനയുടെ ഒരു രൂപമാണ്, ദൈവിക സൃഷ്ടികളെ അവന്റെ ആഗ്രഹപ്രകാരം മനസ്സിലാക്കാന്‍, അതൊരു ബാധ്യതയാണ്. നമസ്‌കാരത്തെപ്പോലെ പ്രാധാന്യമുള്ള ഒന്ന്, ശാസ്ത്രമില്ലാത്ത മുസ്‌ലിമിന്റെ ആരാധന അപൂര്‍ണമാണെന്ന് വാദിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.
ആര്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നുവോ അവര്‍ ശാസ്ത്രത്തെയും സാങ്കേതികതയെയും പിന്തുടരേണ്ടതിന് ബോധപൂര്‍വമായ പരിശ്രമത്തിലേര്‍പ്പെടാന്‍ ബാധ്യസ്ഥരാണ്. ശാസ്ത്രമെന്നാല്‍ എല്ലാ അനുഭവഗവേഷണങ്ങളും കഠിനമായ കൂട്ടിച്ചേര്‍ക്കലും ജീവക്ഷമവും പരീക്ഷണ യോഗ്യവുമായ എല്ലാ സിദ്ധാന്തങ്ങളുമാണ്. ഇത് വിശുദ്ധ താളുകളില്‍നിന്നും കണ്ടെടുക്കുന്നതല്ല; മറിച്ച്, കച്ചമുറുക്കി പരീക്ഷണശാലയിലേക്ക് പോയി നേടേണ്ടതാണ്. പെട്ടെന്ന് നിര്‍മിച്ചെടുക്കുന്ന ഒന്നും ശാസ്ത്രത്തിലോ സാങ്കേതികതയിലോ ഇല്ല. 'രാത്രിയില്‍ നിന്നു നമസ്‌കരിച്ചും സാഷ്ടാംഗം പ്രണമിച്ചും ദൈവത്തെ വണങ്ങുന്ന, ജീവിതത്തിലുടനീളം ദൈവത്തിന്റെ പ്രീതി കാംക്ഷിച്ച് കഴിയുന്നവരുടെ കാര്യമോ?! ഖുര്‍ആന്‍ ചോദിക്കുന്നു. ''അറിയുന്നവരും അറിയാത്തവരും സമമാകുമോ?'' (39:9) പ്രാര്‍ഥന പ്രാര്‍ഥന തന്നെയാണ്. അതൊരിക്കലും അറിയലിന് പകരമാകുന്നില്ല. ശാസ്ത്രീയ വിജ്ഞാനം കരസ്ഥമാക്കാന്‍ ഗൗരവമുള്ള ചിന്തയും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളും അറ്റമില്ലാത്ത ഉപാസനയും വേണം. എന്നിരുന്നാലും, അറിവുനേടല്‍ സാമൂഹിക ഉത്തരവാദിത്വമുള്ള ജോലി തന്നെയാണ്. സമൂഹത്തിന്റെയും അറിവിന്റെയും മാറ്റിപ്പണിയലിനും പുരോഗതിക്കുമായി ഗവേഷണത്തിനും വികസനത്തിനുമുള്ള മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനായി, അതിന്റെ ലക്ഷ്യവും മാര്‍ഗവും നിര്‍വചിക്കാന്‍ യുക്ത്യാധിഷ്ഠിത സദാചാരവും ധാര്‍മിക ചട്ടക്കൂടുകളും അനിവാര്യമാണ്. അവരുടെ വിശ്വാസത്തോട് സത്യസന്ധരായിത്തന്നെ മുസ്‌ലിം സമൂഹം തങ്ങളുടെ നമസ്‌കാരത്തിനു നല്‍കുന്നതുപോലെത്തന്നെ പ്രാധാന്യം ശാസ്ത്രത്തിനും നല്‍കേണ്ടതുണ്ട്. അങ്ങനെ, ശാസ്ത്രവിജ്ഞാനത്തെ അതെവിടെയാണോ ഉണ്ടായിരുന്നത് അവിടെ, ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മധ്യത്തില്‍തന്നെ പ്രതിഷ്ഠിക്കേണ്ടതുണ്ട്.
വിവ: അബ്ദുല്‍ അഹദ്