എങ്ങ്‌സങ് ഹോയുടെ യാത്രകള്‍

കെ. അഷ്‌റഫ്‌‌
img

         മലേഷ്യയില്‍ നിന്നുള്ള സാമൂഹ്യശാസ്ത്രകാരനായ എങ്ങ്‌സങ് ഹോ ഡിസംബര്‍ ഇരുപത്തിരണ്ടു മുതല്‍ ഇരുപത്തിനാല് വരെ കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കോഴിക്കോട് ജെ.ഡി.ടി ഇസ്‌ലാം സമുച്ചയത്തില്‍ സംഘടിപ്പിച്ച മുസ്‌ലിം ചരിത്രസമ്മേളനത്തില സന്ദര്‍ശനം നടത്തുകയുണ്ടായി. മലബാര്‍ തീരത്തെ തുറമുഖ നഗരങ്ങള്‍ നില നിറുത്തിയ ആഗോള ബന്ധങ്ങളെ കുറിച്ച് ധാരാളം അന്വേഷിച്ച അദ്ദേഹം ഇന്ത്യന്‍ മഹാസമുദ്രത്തിനു ചുറ്റും വികസിച്ച സവിശേഷമായ സാംസ്‌കാരിക വിനിമയങ്ങളെ കുറിച്ച് വളരെ വ്യത്യസ്തമായി സമീപിച്ച ഗവേഷകനാണ്. ഇപ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ഡ്യൂക്ക് സര്‍വകലാശാലയില്‍ പഠിപ്പിക്കുന്ന അദേഹം രണ്ടായിരത്തി ആറില്‍ ഗ്രെവ്‌സ് ഓഫ് തരീം: ജിനിയോലാജി ആന്റ് മൊബിലിറ്റി അക്രോസ് ഇന്ത്യന്‍ ഓഷ്യന്‍ എന്ന പുസ്തകം എഴുതി. ഈ പുസ്തകത്തോടെയാണ് ഇന്ത്യന്‍ സമുദ്രത്തെ ചുറ്റിപറ്റി നിലനിന്ന ഏഷ്യന്‍ ആഫ്രിക്കന്‍ തുറമുഖ നഗരങ്ങളിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെയും ചരിത്രത്തെയും ഇന്നും സ്വാധീനിക്കുന്ന ഹദ്രമി മത സാംസ്‌കാരിക വിനിമയങ്ങളെ കുറിച്ചുള്ള വലിയൊരു കാന്വാ സ് നമുക്ക് മുന്നില്‍ തെളിഞ്ഞു വന്നത്. തന്റെ പഠന മേഖലയുടെ വിപുലീകരണാര്‍ത്ഥം മുസ്‌ലിം ചരിത്ര സമ്മേളനം സന്ദര്‍ശിക്കുകയും വളരെ വ്യത്യസ്തമായ മുന്‍കൈയില്‍ കേരളത്തില്‍ നടക്കുന്ന അന്വേഷണങ്ങളും പഠനങ്ങളും മലബാര്‍ തീരത്തെ പുതിയ സംരംഭങ്ങള്‍ എന്ന നിലയില്‍ അദ്ദേഹം ഏറെ കൗതുകത്തോടെ വീക്ഷിച്ചു. തന്റെ പഠനാവശ്യം കൊയിലാണ്ടി, കുറ്റിച്ചിറ, ബേപ്പൂര്‍, മമ്പുറം, പാണക്കാട് ഒക്കെ സന്ദര്‍ശിച്ച അദ്ദേഹം തന്നെ വന്നു കണ്ട ഗവേഷക വിദ്യാര്‍ഥികളോടു സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വകാര്യ ചടങ്ങില്‍ സംവദിച്ചു. തന്റെ മലബാര്‍ സന്ദര്‍ശനത്തില്‍ പല കാലങ്ങളെയും ലോകങ്ങളെയും അദ്ദേഹം നേരില്‍ കണ്ടു. ജീവിക്കുന്നവരെ പോലെ തന്നെ മരിച്ചവരും ഭാഗമാകുന്ന സമുദായ സങ്കല്പങ്ങള്‍ അദ്ദേഹം തന്റെ സംസാരത്തിലുടനീളം ചരടില്‍ കോര്‍ത്തെടുത്തു കൊണ്ടേയിരുന്നു. സൗത്ത് ഏഷ്യയിലെ ഇസ്‌ലാമിസത്തെ കുറിച്ച പഠനങ്ങളിലൂടെ പ്രശസ്തനായ ഇര്‍ഫാന്‍ അഹ്മദിന്റെ ഇടപെടല്‍ കൂടിയുള്ള ആ സംവാദം ഏറെ ആകര്‍ഷകമായിരുന്നു. മലേഷ്യയിലെ പെനാങ്ങിലെ തന്റെ ജീവിതാനുഭവങ്ങളും അവിടെ ഇപ്പോഴും തുടരുന്ന മലബാര്‍ സ്വാധീനവും അദേഹം ഏറെ പ്രത്യേകതകളോടെ തന്നെ കാണുന്നു. ഒരുകാലത്ത് ഇന്ത്യന്‍ സമുദ്രത്തിനു ചുറ്റും തുറമുഖ നഗരങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നില നിന്ന സമ്പന്നമായ സാമൂഹ്യ വിനിമയങ്ങള്‍ എവിടെവച്ചാണ് കണ്ണി മുറിഞ്ഞു പോയത് എന്ന ചോദ്യം എങ്ങ്‌സങ് ഹോ യുടെ അന്വേഷണങ്ങളുടെ കാതലാണ്. കേരളത്തിലെ മുസ്‌ലിംകളുടെ ജീവിതം ഒമ്പതാം നൂറ്റാണ്ടില്‍ യമനിലെ ഹദ്‌റമൗത്തില്‍ എത്തിയ മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരായ യമനിലെ ഹദ്‌റമികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരിലൂടെ കേരള മുസ്‌ലിംകള്‍ സവിശേഷമായ കോസ്‌മോപോളിറ്റനിസം കാത്തു സൂക്ഷിതച്ചിരുന്നുവെന്നും ഹോ നിരീക്ഷിച്ചു,
യമനിലെ ഹദ്‌റമി സയ്യിദുകളുടെ കഥ തുടങ്ങുന്നത് ഒമ്പതാം നൂറ്റാണ്ടില്‍ ഇറാഖില്‍ നിന്നെത്തിയ ശൈഖ് അഹമ്മദ് ബിന്‍ ഈസ അല്‍ മുഹാജിറില്‍ നിന്നാണ്. ഹദ്‌റമൗത്തില്‍ നിന്ന് പുറപ്പെട്ടവര്‍ ശരിക്കും യാത്ര പുറപ്പെട്ടവരുടെ സമുദായമായി മാറി. അവര്‍ ഇന്ത്യന്‍ സമുദ്രത്തിനു നെടുകെയും കുറുകെയും സഞ്ചരിച്ചു, ഇന്തോനേഷ്യയിലും സിങ്കപ്പൂരിലും ഇന്ത്യയിലെയും തുറമുഖ നഗരങ്ങളില്‍ അവര്‍ എത്തിച്ചേര്‍ന്നു. അവിടുത്തെ ജനസമൂഹങ്ങളുമായി അവര്‍ ഇടപഴകി ജീവിച്ചു. മതവും കച്ചവടവും സംസ്‌കാരവും വിവാഹവും രാഷ്ട്രീയ പ്രവര്‍ത്തനവും അവരുടെ യാത്രകളുടെയും ജീവിതത്തിന്റെയും ഭാഗമായി. യാത്രകള്‍ ഒരിക്കലും അവസാനിക്കാത്ത പുതിയ യാത്രകള്‍ ഉണ്ടാക്കി. അങ്ങനെ വിശാലമായ ഹദ്‌റമി ടയസ്‌പോറ വികസിച്ചു വന്നു. ഹദ്‌റമികളുടെ ലോകവിനിമയത്തിന് ഇടര്‍ച്ച സംഭവിച്ചത് പതിനനഞ്ചാം നൂറ്റാണ്ടില്‍ നടന്ന യുറോപ്യന്‍ കൊളോണിയല്‍ കടന്നു കയറ്റത്തിലൂടെയായിരുന്നു. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍ ഒക്കെ കോഴിക്കോടന്‍ തീരത്ത് എത്തിയപ്പോള്‍ പല കാലങ്ങളില്‍ പല മുന്‍കൈയുകളില്‍ ഖാദി മുഹമ്മദ് ആയും സൈനുദ്ദീന്‍ മഖ്ദൂമായും സയ്യിദ് ഫസല്‍ തങ്ങളായും ഹദ്‌റമികള്‍ ഈ തീരത്തുണ്ടായിരുന്നു. അവര്‍ തുഹ്ഫയും തഹ്‌രീളും സൈഫുല്‍ബതാറും അടക്കമുള്ള ഫത്‌വകളിലൂടെ മാറിയ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് സംസാരിച്ചു. ഒടുവില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്യന്‍ കൊളോണിയലിസം വിടവാങ്ങി ഇന്ത്യന്‍ സമുദ്രത്തിനു ചുറ്റുമുള്ള തീരം വിട്ടപ്പോഴും അവിടെത്തെ തദ്ദേശീയ ജീവിതത്തിലെ മത രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഭാഗമായി ഹദ്‌റമികള്‍ ഉണ്ടായിരുന്നു. എങ്കിലും കൊളോണിയലിസം സൃഷ്ടിച്ച ഘടനാപരമായ പ്രതിസന്ധികള്‍ ഹദ്‌റമി ലോകബോധത്തെയും ഗണ്യമായി സ്വാധീനിച്ചു. കൊളോണിയലിസം തന്നെ സാധ്യമാക്കിയ ദേശീയ രാഷ്ട്രീയം നേരത്തെ ഹദ്‌റമികള്‍ നിലനിറുത്തിയ ഇന്ത്യന്‍ സമുദ്രത്തിനു കുറുകെയുള്ള സാമൂഹ്യ ബന്ധങ്ങളെ പലനിലക്കും അറുത്തു കളഞ്ഞു.
കൊളോണിയല്‍ ദേശരാഷ്ട്രവും പില്‍കാലത്ത് അതിനു പ്രതികരണമെന്നോണം രൂപപ്പെട്ട പോസ്റ്റ് കൊളോണിയല്‍ ദേശ രാഷ്ട്രവും മുറിച്ച യാത്രയുടെ ഞരമ്പുകള്‍ മലബാറിലെ മുസ്മകള്‍ എഴുപതുകളില്‍ ഓയില്‍ ബൂമിനോടബന്ധിച്ചു വികസിച്ച ഗള്‍ഫ് കുടിയേറ്റത്തിലൂടെ പുതുക്കുന്നതിനെ എങ്ങ്‌സങ് ഹോ ഏറെ ആവേശത്തോടെ കാണുന്നു, ഹദ്‌റമികള്‍ പോയ മറ്റു പല തീരങ്ങളിലും പഴയ യാത്രയുടെ ഞരമ്പുകള്‍ മുറിഞ്ഞെങ്കിലും മലബാറിലെ മാപ്പിളമാര്‍ കൊളോണിയല്‍ ദേശീയചരിത്രം മുറിച്ചു കളഞ്ഞ തങ്ങളുടെ സ്വത്വം വീണ്ടെടുക്കുന്ന സാഹസിക അനുഭവമായാണ് എഴുപതുകള്‍ മുതല്‍ക് തന്നെയുള്ള ഗള്‍ഫ് പ്രവാസത്തെ ഹോ വായിച്ചെടുക്കുന്നത്. കേരളത്തിലെ മുസ്‌ലിംകളുടെ ഗള്‍ഫ് അനുഭവത്തെ പൊതുവേ ഒരു മോശം കാര്യമായാണ് ജനപ്രിയ സംസ്‌കാരവും മേല്‍കോയ്മ ജ്ഞാനവ്യവഹാരങ്ങളും കാണുന്നതെന്ന് അദ്ദേഹത്തോട് സദസില്‍ നിന്ന് ചോദ്യമുയര്‍ന്നു. എത്ര തന്നെ തെറ്റായി വിവരിക്കപ്പെട്ടാലും ഗള്‍ഫ് കേരളത്തെ എല്ലാ അര്‍ഥത്തിലും താങ്ങി നിറുത്തുന്നതെന്തു കൊണ്ടെന്ന ചോദ്യത്തിന് നാം ദേശീയവാദത്തില്‍ നിന്ന് വ്യത്യസ്തമായ ഉത്തരങ്ങള്‍ തന്നെ ആലോചിക്കേണ്ടിയിരിക്കുന്നുവെന്നു അദേഹം പറയുന്നു.
ഹദ്‌റമികള്‍ തങ്ങളുടെ ചരിത്രം അറിയുന്നത് മണ്‍മറഞ്ഞു പോയ തലമുറയുടെ മഖ്ബറകളിലൂടെയും അവര്‍ തന്നെ സ്വകാര്യമായി രേഖപ്പെടുത്തിയ തങ്ങളുടെ വംശ ചരിത്രത്തിലൂടെയാണ്. ഇന്ത്യന്‍ സമുദ്രത്തിനു ചുറ്റും നില നിന്ന തുറമുഖ നഗരങ്ങളിലെ ഹദ്‌റമികളുടെ മഖ്ബറകളും അവര്‍ രേഖപ്പെടുത്തിയ കുടുംബചരിത്രവും തൊട്ടറിഞ്ഞും വായിച്ചെടുത്തുമാണ് ഹോ തന്റെ പുസ്തകമായ ഗ്രെവ്‌സ് ഓഫ് തരീമില്‍ വാദങ്ങള്‍ വികസിപ്പിക്കുന്നത്. ദേശരാഷ്ട്രം, കൊളോണിയലിസം പോലുള്ള വലിയ ഫ്രെയിമുകള്‍ നിര്‍മിച്ച സാമൂഹ്യ ജീവിതത്തെ കുറിച്ചും ചരിത്രത്തെകുറിച്ചുമുള്ള തീര്‍പുകളെ മുസ്‌ലിം ജീവിതത്തില്‍ പുരോഗമന വിരുദ്ധമെന്ന് ആധുനികവാദികള്‍ തീര്‍പ്പെഴുതിയ നേര്‍ച്ച, ദര്‍ഗകള്‍, ഔലിയാക്കളോടുള്ള ബഹുമാനാദരവ് തുടങ്ങിയ അനുഭവങ്ങളെ മുന്‍നിറുത്തി വായിക്കുമ്പോള്‍ വളരെ വ്യത്യസ്തമായാണ് തനിക്ക് അനുഭവപ്പെട്ടതെന്നു അദ്ദേഹം നിരീക്ഷിച്ചു, മുസ്‌ലിം ജീവിതത്തിന്റെ ആധുനിക വ്യാഖ്യാനങ്ങള്‍ക്കുള്ളില്‍ നില്‍ക്കാത്ത പല ജീവിത വിശേഷങ്ങളും വളരെ താഴെ തട്ടിലുള്ള ആളുകളുമായുള്ള സഹാവാസത്തില്‍ അദ്ദേഹം തൊട്ടറിയുന്നു. സാമൂഹ്യ സിദ്ധാന്തത്തില്‍ താന്‍ പരിചയിച്ച അധിനിവേശാനന്തര പഠനം, കീഴാള പഠനം തുടങ്ങിയ ഫ്രെയിമുകളെ പോലും അപര്യാപ്തമാകുന്ന ജീവിതലോകങ്ങളെ പഠിക്കാനും സൂക്ഷ്മമായി വിശകലനം ചെയ്യാനും അദ്ദേഹം ഉത്സാഹിക്കുന്നു. സാധാരണ ആളുകള്‍, അവരുടെ ജീവിത അനുഭവങ്ങള്‍ ഇവയെ വളരെ വിലപ്പെട്ടതായി കാണാനും അതിലൂടെ അക്കാദമി നല്‍കുന്ന ഫ്രെയിമുകളുടെ മുന്‍കൂര്‍ നിശ്ചയങ്ങളെ തന്നെ നാം മുറിച്ചു കടക്കാന്‍ കഴിയേണ്ടതുണ്ടെന്നും ഹൊ ഓര്‍മിപ്പിക്കുന്നു.
പെനാങ്ങിലെ തന്റെ തന്നെ വ്യക്തി അനുഭവങ്ങള്‍ ആണ് ഇങ്ങനെ ഒരു അന്വേഷണത്തിന് എങ്ങ്‌സങ് ഹോയെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ സമുദ്രത്തിനു ചുറ്റുമുള്ള തുറമുഖ നഗരങ്ങളിലെ കഥകള്‍ കൂട്ടി യോജിപ്പിക്കുന്ന ഒരാളായി അവര്‍ നല്‍കുന്ന അനുഭവങ്ങള്‍ മറ്റു പല അനുഭവങ്ങളുമായി തട്ടിച്ചു വായിക്കുന്ന സഞ്ചാരിയായി എങ്ങ്‌സങ് ഹോ സ്വയം കാണുന്നു. ദേശീയതയുടെ അനുഭവം പലപ്പോഴും പരിമിതപ്പെടുത്തുന്ന ജീവിത അനുഭവങ്ങള്‍ ആഗോളീകരണാനന്തര കാലത്ത് പുതിയ കാഴ്ചകള്‍ തന്നെയായി മാറുന്നുവെന്നു അദേഹം പറയുന്നു. തന്റെ ഗവേഷണ കാലത്ത് താന്‍ കണ്ട വ്യക്തികളും സമുദായങ്ങളും താന്‍ പരിചയിച്ച പല അക്കാദമിക ശീലങ്ങളെയും മറികടക്കുന്ന ലോകത്തെ പരിചയപ്പെടുത്തിയെന്നു ഹൊ അറിയുന്നു. അത് കൊണ്ട് തന്നെ എല്ലാം അറിയുന്ന ചരിത്രകാരന്മാരും സാമൂഹിക ശാസ്ത്രകാരനും എന്ന നിലയില്‍ തന്റെ മുന്‍വിധികള്‍ സൈദ്ധാന്തികവല്‍കരിക്കുന്നതിനു പകരം തന്റെ അജ്ഞതമാത്രം മുന്‍നിറുത്തി അവരുടെ കഥകള്‍ എഴുതുന്നതില്‍ ഹോ ശ്രദ്ധിക്കുന്നു. അതിലൂടെ ഇന്നത്തെ നിരവധി ചരിത്ര സാമൂഹ്യ വിജ്ഞാനീയങ്ങളെ കുറിച്ചുള്ള ബോധ്യങ്ങളോട് ഇടയുന്ന ചില നിഗമനങ്ങള്‍ ഉരിത്തിരിയുമെന്നും ഹോ പ്രത്യാശിക്കുന്നു.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top