ഖുര്‍ആനും ആപേക്ഷികതാസിദ്ധാന്തവും

യൂനുസ് യൂസുഫ് മുഹമ്മദ്‌‌
img

         ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിലവിലുള്ള പ്രപഞ്ച വീക്ഷണം തന്നെ മാറ്റിമറിക്കപ്പെട്ടു. പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തവും ഐന്‍സ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തവുമായിരുന്നു അതിനു വെടിമരുന്നിട്ടത്. ഐന്‍സ്റ്റീന്റെ ഉദ്ധരണി കടംകൊള്ളുകയാണെങ്കില്‍ 'മതമില്ലാത്ത ശാസ്ത്രം മുടന്തനും ശാസ്ത്രമില്ലാത്ത മതം അന്ധനുമാണ്.' ഇവിടെ പ്രസക്തമായ വസ്തുത മതത്തെയും ശാസ്ത്രത്തെയും ഇസ്‌ലാം ഏകോദര സഹോദരങ്ങളായിട്ടാണ് കാണുന്നത് എന്നാണ്. വിശുദ്ധ ഖുര്‍ആനെ സംബന്ധിച്ചേടത്തോളം അത് ഒരു ചരിത്ര ഗ്രന്ഥമോ ശാസ്ത്രഗ്രന്ഥമോ നിയമസംഹിതകളോ മാത്രമല്ല. എല്ലാം ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ഒരു ജീവിതമാര്‍ഗമാണത്. ചില ഖുര്‍ആനിക പരാമര്‍ശങ്ങളെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രയോജനകരമായിത്തീരുന്നുണ്ട്.
എന്തിനെയാണ് നാം ശാസ്ത്രം എന്ന് വിളിക്കുന്നത്? ഒരു ആപ്പിള്‍ വീണപ്പോള്‍ അങ്ങനെ സംഭവിച്ചത് ഗുരുത്വാകര്‍ഷണം മൂലമാണെന്ന് ന്യൂട്ടണ്‍ പറഞ്ഞു. ഇവിടെ പ്രപഞ്ചത്തില്‍ നടക്കുന്ന പ്രതിഭാസങ്ങള്‍ എല്ലാം നാം ശാസ്ത്രതത്ത്വങ്ങള്‍ മൂലം നടക്കുന്നുവെന്നു പ്രസ്താവിക്കുന്നു. ഇത് ഒരു പഴകിപ്പതിഞ്ഞ കാഴ്ചപ്പാടാണ്. പ്രപഞ്ചത്തിനു ചില നിയമങ്ങളും വ്യവസ്ഥകളുമൊക്കെയുണ്ട്. അത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് ശാസത്രം ചെയ്യുന്നത് എന്ന കാഴ്ചപ്പാടുമായി മുമ്പ് പറഞ്ഞ പ്രസ്താവനക്ക് വ്യത്യാസമുണ്ട്. ആദ്യം പറഞ്ഞ രീതിയില്‍ ചിന്തിക്കുന്ന വ്യക്തി കാലഘട്ടത്തിന്റെ പ്രത്യേകതമൂലം അതിഭൗതിക എന്ന് പറയാവുന്ന ഒരു പ്രതിഭാസത്തെ മതം വിശദീകരിക്കുമ്പോള്‍ അതിനെ കേവലം കെട്ടുകഥയെന്നോ ബുദ്ധിശൂന്യതയെന്നോ വിളിച്ചു പരിഹസിക്കും. എന്നാല്‍, രണ്ടാമത്തെ വീക്ഷണം ഉള്ള വ്യക്തി അതിഭൗതികമെന്നു വിളിക്കുന്ന പ്രതിഭാസത്തിനു ശാസ്ത്രീയ വിശദീകരണം നല്‍കാനാകുമോ എന്നാണ് ചിന്തിക്കുക.
വായിക്കാനും അറിവ് കരസ്ഥമാക്കാനും ചിന്തിക്കാനുമാണ് ഖുര്‍ആന്‍ നിരന്തരം ആഹ്വാനം ചെയ്യുന്നത്; വിശിഷ്യ പ്രപഞ്ച വിജ്ഞാനത്തില്‍. ഓരോ പ്രാപഞ്ചിക വ്യവസ്ഥകളെ വിശദീകരിക്കുമ്പോഴും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്നാണ് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത്. ചില കാര്യങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പരാമര്‍ശിക്കുകയും വിശദീകരണങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിന് ഒരുദാഹരണമാണ് 'മആരിജ്.' എന്നാല്‍ 'ആകാശാരോഹണം' എന്ന ഒരു വിവര്‍ത്തനത്തിനപ്പുറം 'മആരിജ്' എന്നാല്‍ എന്ത് എന്ന് നാം ഇതേവരെ മനസ്സിലാക്കിയിട്ടില്ല.
ഇവിടെ ഈ രചനയില്‍ വിശുദ്ധ ഖുര്‍ആനിലെ ചില വചനങ്ങള്‍ക്ക് ആപേക്ഷികതാസിദ്ധാന്തത്തിന്റെ അംഗീകൃതതത്ത്വങ്ങളെ അടിസ്ഥാനമാക്കി വിശദീകരണം നല്‍കുകയാണ് ചെയ്തിട്ടുള്ളത്. ഈ വിശദീകരണമാണ് കേവലമായ സത്യം എന്ന് ഒരിക്കലും പറയാനാകില്ല. എന്നാല്‍, ആപേക്ഷികമായി നോക്കുമ്പോള്‍ മറ്റു വിശദീകരണങ്ങളെക്കാള്‍ കൂടുതല്‍ ശരി എന്ന് തോന്നുന്നത് ഇതാണ്. യഥാര്‍ഥ സത്യം എന്തെന്ന് അല്ലാഹുവിന് അറിയാം.
ആപേക്ഷികമായ സമയവും പ്രപഞ്ചങ്ങളുടെ സൃഷ്ടിപ്പും
എന്താണ് സമയം? അങ്ങനെ ചോദിച്ചാല്‍ നാം അല്‍പം കുഴങ്ങിപ്പോകുമല്ലേ. എന്നാല്‍ സമയം എത്രയായി എന്നാണ് ചോദ്യമെങ്കില്‍ എല്ലാവര്‍ക്കും മറുപടി പറയാനാകും. സമയം ആപേക്ഷികമാണ് എന്ന് ഇന്ന് നമുക്കറിയാം. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേവലമായ കാലം, കേവലമായ സ്‌പേസ് എന്നൊന്നില്ലെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സമര്‍ഥിച്ചു. അദ്ദേഹത്തിന്റെ ആപേക്ഷികതാസിദ്ധാന്തപ്രകാരം സമയം എന്നത് ആപേക്ഷികമാണ്. സമയം ഗുരുത്വാകര്‍ഷണ(acceleration)ത്തെയും ആശ്രയിച്ച് വ്യതിചലിക്കുന്നുണ്ട്. ആപേക്ഷികതാസിദ്ധാന്തപ്രകാരം ശക്തമായ ഗുരുത്വാകര്‍ഷണ മേഖലയിലോ വര്‍ധിച്ച പ്രവേഗത്തിലോ സഞ്ചരിക്കുന്ന ഒരു വസ്തുവിന് സമയം പതുക്കെയാണ് അനുഭവപ്പെടുക! അതായത്, പ്രകാശവേഗത്തോട് അടുക്കുംതോറും സമയത്തിന്റെ ഇടവേളകള്‍ ദീര്‍ഘിക്കുന്നു. ആറ്റോമിക് ക്ലോക്കുകളോ പെന്‍ഡുലമോ പഴയ മണല്‍ ഘടികാരമോ എന്തുതന്നെ ആയിക്കൊള്ളട്ടെ, അവ ഒരേ പ്രവേഗത്തോടെയാണ് സഞ്ചരിക്കുന്നതെങ്കില്‍ അവക്കുണ്ടാകുന്ന മന്ദതയും ഒരേ അളവിലായിരിക്കും. അതുപോലെ ശക്തമായ ഗുരുത്വാകര്‍ഷണ മേഖലയില്‍ അകപ്പെട്ടിരിക്കുന്ന ഒരു വസ്തുവിനും സമയം മന്ദീഭവിക്കുന്നു. അതായത്, ഗുരുത്വാകര്‍ഷണബലം(gravitational force) കുറവായ/ഇല്ലാത്ത സ്‌പേസിലെ ഒരു ക്ലോക്ക് ചലിക്കുന്നതിലും പതുക്കെയാണ് ഗുരുത്വാകര്‍ഷണബലം ശക്തമായ ഒരു ഗ്രഹത്തിലെ ക്ലോക്ക് ചലിക്കുന്നത്.
ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഏറ്റവും കാതലായ വശം 'കേവലമായ സ്‌പേസ്' 'കേവലമായ സയമം' എന്നീ സങ്കല്‍പങ്ങളെ തകര്‍ത്തതാണ്. എന്നാല്‍, അതോടൊപ്പം ആപേക്ഷികതാസിദ്ധാന്തം സൗകര്യപ്രദമായ ഏത് ആധാരവ്യൂഹം(frame of reference) വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി. ഉദാഹരണമായി ഗ്രഹചലനങ്ങളെപ്പറ്റിയുള്ള പഠനത്തിന് നമുക്ക് ക്ഷീരപഥത്തെയോ സൂര്യനെയോ ഭൂമിയെയോ നമ്മളെത്തന്നെയോ അങ്ങനെ എന്തും ആധാരവ്യൂഹമായിയെടുക്കാം. എന്നാല്‍, കൂടുതല്‍ സൗകര്യപ്രദം സൂര്യനെ ആധാരവ്യൂഹമായി എടുക്കുന്നതാണ്. അല്ലാതെ അതാണ് കൂടുതല്‍ ശരി എന്ന് പറയാനാകില്ല. അങ്ങനെ സ്ഥലത്തെയും കാലത്തെയും സ്വേഛാപ്രകാരം തെരഞ്ഞടുക്കുന്ന ഏതൊരു ആധാരവ്യൂഹത്തിനും ആപേക്ഷികമായി അളക്കാം.
നമ്മുടെ പ്രപഞ്ചത്തിന്റെ പ്രായം ഏകദേശം 1377 കോടി വര്‍ഷമാണ്. എന്നാല്‍, നമ്മുടെ സൗരയൂഥത്തിന്റെ വയസ്സ് ഏകദേശം 456.7 കോടി വര്‍ഷമേയുള്ളൂ. സൂര്യനും ഭൂമിയും മറ്റു കുടുംബാംഗങ്ങളും ഒരേ കാലയളവില്‍ത്തന്നെയാണ് രൂപപ്പെട്ടുവന്നത്. ഇന്ന് നാം കണ്ടെത്തിയ പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും പ്രായം ആധാരവ്യൂഹം(frame of reference) മാറുന്നതിനനുസരിച്ച് വ്യതിചലിക്കാം. എന്നാല്‍, ഏത് ആധാരവ്യൂഹം നാം തെരഞ്ഞെടുത്താലും ഭൂമിയും പ്രപഞ്ചവും തമ്മിലുള്ള പ്രായത്തിന്റെ അനുപാതം ഒന്നു തന്നെയായിരിക്കും. ഇവിടെ ഭൂമിയും പ്രപഞ്ചവും തമ്മിലുള്ള പ്രായത്തിന്റെ അനുപാതം എന്നത് 456.7 കോടി/1377 കോടി = 1/3 ആണ്.
ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നത് അല്ലാഹുവിന്റെ അര്‍ശിന്റെ സമയപ്രകാരം 6 ഘട്ട(ദിവസ)ങ്ങളിലായി ആകാശങ്ങളും ഭൂമിയും അതിനിടയിലുള്ളതും സൃഷ്ടിച്ചു എന്നും 2 ദിവസംകൊണ്ട് ഭൂമിയെ സൃഷ്ടിച്ചു എന്നുമാണ്. വി. ഖുര്‍ആന്‍ 25:59
ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ളതും ആറുദിവസങ്ങളില്‍1(ഘട്ടങ്ങളില്‍) സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട്, അവന്‍ സിംഹാസന2സ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട് തന്നെ ചോദിക്കുക. വി. ഖുര്‍ആന്‍ 41:9
നീ പറയുക: രണ്ടു ദിവസ(ഘട്ട)ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്നു നിങ്ങള്‍ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്.
ഇസ്‌ലാമിക വിശ്വാസപ്രകാരം അല്ലാഹുവിന്റെ പരിധി അവന്റെ അര്‍ശില്‍ ഒതുങ്ങുന്നതല്ല. അവനത് നിര്‍മിക്കുകയും അതിനെ ഒരവലംബം ആക്കുകയും ചെയ്തിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നത്, സ്വര്‍ഗനരകങ്ങള്‍ ഭൂമിയെക്കാള്‍ വലുതും ഭാരമേറിയതുമാണ് എന്നിരിക്കലും അവ അല്ലാഹുവിന്റെ അര്‍ശിനേക്കാളും ചെറുതാണ് എന്നാണ്.
ശക്തമായ ഗുരുത്വാകര്‍ഷണബലം ഉള്ള ദ്രവ്യ(ാമ)ൈത്തിനടുത്ത് സമയത്തിന്റെ ഇടവേളകള്‍ പതുക്കെയാവുന്നു എന്ന് സാമാന്യ ആപേക്ഷികതാസിദ്ധാന്തം സമര്‍ഥിക്കുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് പറയുമ്പോഴെല്ലാം ആധാരവ്യൂഹം അല്ലാഹുവിന്റെ അര്‍ശ് ആണ്. ഇവിടെ ആധാരവ്യൂഹ(frame of reference)ത്തിനു പ്രത്യക സ്ഥാനമുണ്ട്. നിലവില്‍ നാം തെരഞ്ഞെടുത്ത ആധാരവ്യൂഹപ്രകാരം പ്രപഞ്ചത്തിന്റെ പ്രായം 1376 കോടി വര്‍ഷമാണ്. നാം തെരഞ്ഞെടുത്ത ആധാരവ്യൂഹത്തെക്കാള്‍ വര്‍ധിച്ച ഗുരുത്വാകര്‍ഷണബലമുള്ള ഒരു ആധാരവ്യൂഹം അവലംബമാക്കിയാല്‍ പ്രപഞ്ചത്തിന്റെ പ്രായം നിലവില്‍ കണ്ടെത്തിയതിനെക്കാള്‍ കുറവായാണ് ലഭിക്കുക. വളരെ കുറവ് ഗുരുത്വാകര്‍ഷണബലം ഉള്ളിടത്തുനിന്ന് നിരീക്ഷിക്കുന്ന ഒരാള്‍ക്ക് പ്രപഞ്ചത്തിന്റെ പ്രായം നിലവില്‍ കണ്ടെത്തിയതിനെക്കാളും കൂടുതലായും അനുഭവപ്പെടും. കാരണം, ഗുരുത്വാകര്‍ഷണബലത്തിന് അനുസൃതമായി സമയം ആപേക്ഷികമാണ്. എന്നാല്‍, ഇവിടെയെല്ലാം ഓരോ നിരീക്ഷകനും ഓരോ പ്രപഞ്ചപ്രായം കണക്കാക്കുമ്പോഴും അതനുസരിച്ച് ഭൂമിയുടെ പ്രായവും മാറുന്നുണ്ട്. പക്ഷേ, അവ തമ്മിലുള്ള അനുപാതം, അത് എപ്പോഴും 1:3 ആയിരിക്കും.
ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ളതും ആറു ഘട്ടങ്ങളില്‍(ദിവസങ്ങളില്‍) സൃഷ്ടിക്കുകയും രണ്ടു ഘട്ട(ദിവസം)ങ്ങളിലായി ഭൂമിയെ സൃഷ്ടിക്കുകയും ചെയ്തു എന്ന് അല്ലാഹു പറയുമ്പോള്‍ ഭൂമിയുടെ പ്രായവും പ്രപഞ്ചത്തിന്റെ പ്രായവും തമ്മിലുള്ള അനുപാതം 2/6=1/3 തന്നെയാണ്.
അതിനാലാണ് ബ്രഹ്മാണ്ട പരിപാലകനായ അല്ലാഹു എക്കാലവും പ്രസക്തമായ ഒരു വിശദീകരണം നമുക്ക് നല്‍കുന്നത്. അല്ലാഹുവിന്റെ അര്‍ശിന്റെ സമയപ്രകാരം 6 ദിവസങ്ങളിലായി പ്രപഞ്ചം സൃഷ്ടിച്ചു. എന്നാല്‍, അല്ലാഹുവിന്റെ അര്‍ശില്‍ 6 ദിവസം നീങ്ങുമ്പോള്‍ നമുക്കത് 1370 കോടി വര്‍ഷങ്ങളായി അനുഭവപ്പെട്ടു എന്ന് മാത്രം.
''ദൈവം 6 ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു. അവരുടെ ദൈവത്തിന്റെ ഒരു ദിവസം നമ്മുടെ 1000 വര്‍ഷമാണ്. അപ്പോള്‍ അവരുടെ കണക്ക് പ്രകാരം പ്രപഞ്ചത്തിന്റെ പ്രായം 6000 വര്‍ഷമാണ്'' എന്ന് കളിയാക്കുന്ന യുക്തിവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിരീശ്വരവാദികളോട് പറയാനുള്ളത്, അല്ലാഹു അവിടുത്തെ ഒരു ദിവസം ഭൂമിയിലെ 1000 വര്‍ഷങ്ങളോട് തുല്യമെന്ന് പറയുന്നത് frame of reference സ്വര്‍ഗനരകങ്ങള്‍ ആകുമ്പോഴാണ്


ഐന്‍സ്റ്റീന്‍ റോസെന്‍ ബ്രിഡ്ജ്/വോംഹോള്‍(einstein rosen bridge / wormhole)
സാമാന്യ ആപേക്ഷികതാസിദ്ധാന്തം ഗുരുത്വാകര്‍ഷണത്തെക്കുറിച്ച് തികച്ചും നൂതനമായ ഒരു കാഴ്ചപ്പാട് മുന്നോട്ടുവെച്ചു. ദ്രവ്യത്തിന്റെ സാന്നിധ്യം സമീപമുള്ള സ്ഥലത്തെ വളയ്ക്കുന്നു. ആ വക്രതയുടെ സ്വഭാവം എത്ര ദ്രവ്യം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. അങ്ങനെ ഒരു സാധ്യത ഉണ്ടെങ്കില്‍ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എളുപ്പമാര്‍ഗം, ഒരു തുരങ്കം ഉണ്ടാകാം. അതിനെയാണ് ഐന്‍സ്റ്റീന്‍ റോസെന്‍ ബ്രിഡ്ജ് അഥവാ വോംഹോള്‍ എന്ന് പറയുന്നത്. ഒരു ഉദാഹരണം എടുക്കാം, 2 ആളുകള്‍ ഒരു ബെഡ്ഷീറ്റ് വലിച്ചു പിടിച്ചിരിക്കുന്നു. അതിലേക്കു ഒരു ക്രിക്കറ്റ്‌ബോള്‍ വെച്ചാല്‍ എന്ത് സംഭവിക്കും? അത് ഉരുണ്ട് ബെഡ്ഷീറ്റിന്റെ നടുവിലേക്ക് ചെന്ന് അവിടെ ഒരു വക്രത സൃഷ്ടിക്കുന്നു. ഇനി ആ ഷീറ്റിന്റെ മൂലയില്‍ ഒരു കല്ല് വെച്ചാലോ? അത് ക്രിക്കറ്റ് ബോള്‍ ഉണ്ടാക്കിയ വക്രത കാരണം ബാളിന്റെ ദിശയിലേക്ക് സഞ്ചരിക്കും. ഇവിടെ നമ്മള്‍ സ്ഥലത്തെ 2ഡി(നീളം, വീതി) ആയിട്ടാണ് എടുത്തത്. യഥാര്‍ഥത്തില്‍ 4ഡി(നീളം, വീതി, ഉയരം, സമയം) ആയിരുന്നു വേണ്ടത്. നാം ഈ ഷീറ്റിനെ മടക്കി എന്ന് കരുതുക. ഷീറ്റുകള്‍ക്കിടയില്‍ സ്ഥലം വിട്ടിട്ടുണ്ട്. ഒന്നില്‍ ഒരു ക്രിക്കറ്റ് ബാള്‍ വെച്ചു. അവിടെ ഒരു വക്രത ഉണ്ടായി. ഷീറ്റ് മറിച്ചുപിടിച്ച് അപ്പുറത്തെ ഷീറ്റിലും അതേ സ്ഥലത്ത് ഒരു ബാള്‍ വെച്ചാല്‍ അവിടെയും ഒരു വക്രത ഉണ്ടാവുകയും അത് രണ്ടും കൂട്ടിമുട്ടുകയും ചെയ്യും. ഇതുപോലെയാണ് വോംഹോള്‍സ് ഉണ്ടാകുന്നത്. പ്രപഞ്ചത്തില്‍ സ്ഥലകാല വക്രീകരണം മൂലം രണ്ട് സ്‌പേസ് തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കങ്ങള്‍(tunnels) ഉണ്ടാവാം. ഇങ്ങനെ വലിയ ദൂരങ്ങളെ ചുരുക്കി ചെറിയ ദൂരങ്ങളാക്കുന്ന പ്രതിഭാസത്തെയാണ് വോംഹോള്‍ എന്ന് പറയുന്നത്.
രണ്ടു ബിന്ദുക്കള്‍ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എന്നത് അവ തമ്മിലുള്ള നേര്‍രേഖാ ദൂരമാണെന്ന് നാം ഹൈസ്‌കൂളില്‍ വെച്ച് പഠിച്ചിട്ടുണ്ട്. എന്നാല്‍, ആ പേപ്പര്‍ ഒന്ന് മടക്കിയാലോ? അപ്പോള്‍ കിട്ടുന്നതാണ് ഒരു ചതുര്‍മാനത്തിലെ(4Dimension) കുറഞ്ഞ ദൂരം. ഇതു തന്നെയാണ് വോംഹോള്‍ മെക്കാനിസവും.
എന്താണ് വോംഹോളിന്റെ മെച്ചം? നമുക്കൊരു ഉദാഹരണം എടുക്കാം. വലിയൊരു പര്‍വതനിരയുണ്ട്. അതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെ ബന്ധിപ്പിക്കുന്ന ഒരു തുരങ്കവും നിര്‍മിച്ചിട്ടുണ്ട്. ഒരു പര്‍വതാരോഹകന്‍ ദിവസങ്ങല്‍ എടുത്ത് പര്‍വതനിരകളുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് അള്ളിപ്പിടിച്ചു പോകുമ്പോള്‍ നിര്‍മിച്ച് വെച്ചിരിക്കുന്ന തുരങ്കത്തിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ മിനിട്ടുകള്‍ മതിയാകും.
വോംഹോളില്‍ സഞ്ചരിക്കാന്‍ നമുക്ക് പ്രവൃത്തി ചെയ്യേണ്ട കാര്യമില്ല. ഗുരുത്വാകര്‍ഷണബലം നമ്മുടെ ത്വരണത്തെ(acceleration) വര്‍ധിപ്പിക്കുകയും ഗുരുത്വാകര്‍ഷണവലിവ്(gravitational pull) അനുഭവപ്പെടുകയും തുടര്‍ന്ന് വര്‍ധിച്ച പ്രവേഗത്തോടെ വസ്തുവിനെ മറുവശത്തേക്ക് പുറന്തള്ളുകയും ചെയ്യുന്നു. വോംഹോളിലൂടെയുള്ള ഈ യാത്രയില്‍ നമ്മുടെ ക്ലോക്ക് പതുക്കെയായിരിക്കും സഞ്ചരിക്കുക.
അല്ലാഹു അവന്റെ മലക്കുകള്‍ക്ക് ഈ പ്രപഞ്ചത്തില്‍ സഞ്ചരിക്കാനായി ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മആരിജ്3(معارج) എന്നാണ് അറബി പദം. വോംഹോള്‍ എന്നതാണ് അര്‍ഥം. വിശുദ്ധ ഖുര്‍ആനില്‍ വോംഹോളുകള്‍ എന്ന ഒരു അധ്യായം തന്നെയുണ്ട്. ഖുര്‍ആനിലെ പല പദങ്ങളുടെയും യഥാര്‍ഥ അര്‍ഥം ഓരോരോ കാലഘട്ടങ്ങളിലെ കണ്ടെത്തലുകളിലൂടെയാണ് അനാവൃതം ചെയ്യപ്പെടുന്നത്. വി. ഖുര്‍ആന്‍ 70: 1-4

അര്‍ഥിക്കുന്നവന്‍ ശിക്ഷയെ അര്‍ഥിച്ചിരിക്കുന്നു. (ആ ശിക്ഷയോ) തികച്ചും സംഭവിക്കാനുള്ളത് തന്നെയാകുന്നു, സത്യനിഷേധികളുടെ മേല്‍. അതിനെ തടയുന്നവരാരുമില്ല. മആരിജിനുടമയായ അല്ലാഹുവില്‍ നിന്നുള്ളതത്രേ അത്. മലക്കുകളും റൂഹും അവങ്കലേക്ക് കയറിപ്പോകുന്നു. അമ്പത് സഹസ്രാബ്ദം ദൈര്‍ഘ്യമുള്ള ഒരു നാളില്‍.
ഇവിടെ ഖുര്‍ആന്‍ പറയുന്നത് മആരിജിലൂടെയുള്ള യാത്രക്ക് ഒരു ദിവസം എടുക്കും എന്നല്ല. മറിച്ച് നാം ഇതിലൂടെ യാത്ര ചെയ്യുമ്പോള്‍ നമുക്ക് സമയം 1 ദിവസം: 50000 വര്‍ഷം അനുപാതത്തിലായിരിക്കും അനുഭവപ്പെടുക എന്നാണ്.
ഖുര്‍ആന്‍ പറയുന്നത് വോംഹോള്‍ മലക്കുകള്‍ക്ക് മാത്രം ഉള്ളതല്ല എന്നാണ്. മുഹമ്മദ് നബി(സ) ഒരിക്കല്‍ ഇസ്രാഅ് മിഅ്‌റാജ് രാത്രിയില്‍ വോംഹോളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഇസ്രാഅ് അഥവാ രാപ്രയാണത്തിനു മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവാചകനെ കൊണ്ടുപോകുന്നത് ബുറാഖ് എന്ന വാഹനത്തിലാണ്. നിമിഷനേരംകൊണ്ട് കാഴ്ചയുടെ ദൂരപരിധിയോളം എത്തപ്പെടാനാകുന്ന വാഹനം. അതില്‍ അല്ല പ്രവാചകന്‍ ഏഴ് ആകാശവും കടന്ന് അല്ലാഹുവിന്റെ സന്നിധിയില്‍ എത്തിച്ചേര്‍ന്നത്. മറിച്ച് മിഅ്‌റാജി(wormwhole)ലൂടെയാണ്. ഖുര്‍ആനിക വചനങ്ങള്‍ വിശദീകരിക്കാന്‍ പലരും ഉന്നയിക്കാറുള്ള ഒരു കാഴ്ചപ്പാടുണ്ട്; ബുറാഖ് പ്രകാശത്തിന്റെയും അനേകം ഇരട്ടി വേഗത്തില്‍ സഞ്ചരിച്ചാണ് ഏഴ് ആകാശങ്ങളും കടന്നതെന്ന്. ഇത് തെറ്റാണ്. കാരണം പ്രപഞ്ചനാഥന്‍ തന്നെ വിശദമാക്കിയിട്ടുണ്ട് മിഅ്‌റാജി(wormwhole)ലൂടെയാണെന്ന്.
ഇവിടെ പ്രസക്തമായ മറ്റൊരുകാര്യം എന്തെന്നാല്‍ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുള്ള സമയത്തിന്റെ മന്ദീഭവിക്കല്‍ വോംഹോളിലെ ഒരു ദിവസം =ഭൂമിയിലെ 50,000 വര്‍ഷം എന്നതാണ്. താരതമ്യേന കുറഞ്ഞ സമയത്തിന്റെ ഇടവേളകള്‍ സാധ്യമാണല്ലോ. ഉദാഹരണത്തിന് ഭൂമിയിലെ 100 വര്‍ഷം =വോംഹോളിലെ 1 ദിവസം. അങ്ങനെ ഒരു പ്രസ്താവനപോലും ഖുര്‍ആനിലില്ല. എന്നാല്‍ ഇന്ന് ശാസ്ത്രം പറയുന്നത് അങ്ങനെ കുറഞ്ഞ സമയത്തിന്റെ ഇടവേളകള്‍ ഉള്ള വോംഹോള്‍സ് ഉണ്ടായാല്‍ത്തന്നെ നിമിഷാര്‍ധങ്ങള്‍ക്കുള്ളില്‍ നാമാവശേഷമാകും. സഞ്ചാരയോഗ്യമായ വോംഹോള്‍സ് (traversable wormwhole) ഉണ്ടാകണമെങ്കില്‍ സമയത്തിന്റെ വളരെ ദൈര്‍ഘ്യമേറിയ ഇടവേളകള്‍ സൃഷ്ടിക്കാനുതകുന്നതാവണം അത്. ഇവിടെ ഖുര്‍ആനില്‍ പ്രസ്താവിച്ചിരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യമേറിയ ഇടവേള(വോംഹോളിലെ 1 ദിവസം =ഭൂമിയിലെ 50000 വര്‍ഷം) ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലിനോട് യോജിച്ചുപോകുന്നു.


ടൈം ട്രാവല്‍
പ്രവാചകന്‍(സ)യുടെ മിഅ്‌റാജ് സംഭവത്തോട് ബന്ധമുള്ള ഹദീസുകളില്‍ സ്വര്‍ഗനരകങ്ങള്‍ കണ്ടതായി വിവരിക്കുന്നിടത്ത് അവിടെ സ്വര്‍ഗവാസികളെയും നരകവാസികളെയും കണ്ടതായി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, വിധിനിര്‍ണായകദിനം കഴിയാതെ ഒരാള്‍പോലും സ്വര്‍ഗനരകങ്ങളില്‍ പ്രവേശിക്കുകയില്ല. പിന്നെ എങ്ങനെ അത് സംഭവിച്ചു?
നാം നേരത്തേ ചോദിച്ച ചോദ്യം ഉണ്ടല്ലോ, എന്താണ് സമയം എന്നത്? നാം ഒരു സമയ രേഖയിലൂടെ ചലിക്കുകയാണോ? നേരത്തേ നിര്‍ണയിക്കപ്പെട്ട വിധിയിലേക്ക് നാം എത്തിച്ചേരുക മാത്രമാണോ ചെയ്യുന്നത്? നമുക്ക് ഭാവിയിലേക്ക് സഞ്ചരിക്കാനാകുമെങ്കില്‍ അതിനര്‍ഥം നമ്മുടെ വിധി നേരത്തേ തീരുമാനിക്കപ്പെട്ടതാണ് എന്നാണല്ലോ.
ആദ്യം പറഞ്ഞല്ലോ കേവലമായ സമയം, കേവലമായ സ്‌പേസ് എന്നൊന്ന് ഇല്ല അവയുടെ മിശ്രിതമേ ഉള്ളൂ എന്ന്. സ്‌പേസില്‍ നമുക്ക് യഥേഷ്ടം മുമ്പോട്ടും പിറകോട്ടും പോകാമെങ്കില്‍ എന്തുകൊണ്ട് സമയത്തിലും ആയിക്കൂടാ?
സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിന്റെ മറ്റൊരു കണ്ടെത്തലായിരുന്നു സമയത്തില്‍ സഞ്ചരിക്കുക എന്നത്. ഐന്‍സ്റ്റീന്റെ സമവാക്യങ്ങള്‍ വിവിധ രീതികളില്‍ പ്രവര്‍ത്തിക്കുന്ന ടൈം മെഷീനുകളുടെ നിലനില്‍പിനെ സാധൂകരിക്കുന്നുണ്ട്. അങ്ങനെയുള്ള മാതൃകകളോരോന്നും അനന്തമായ ഊര്‍ജമോ ദ്രവ്യമോ ആവശ്യപ്പെടുന്നവയായിരുന്നു. സംഭവ്യമായ സമയ സഞ്ചാര(time travel) മാതൃക എന്നത് വോംഹോള്‍ ആണ്. വോംഹോള്‍ സ്‌പേസിലെ രണ്ടു സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു എന്ന് പറഞ്ഞല്ലോ. സമയവും സ്‌പേസും ഇഴചേര്‍ന്നിരിക്കുന്നതിനാല്‍ രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിക്കുക എന്നത് രണ്ടു സമയങ്ങളെക്കൂടി ബന്ധിപ്പിക്കലാണ്. എന്നാല്‍, അത് കൃത്രിമമായി നിര്‍മിക്കുക എന്നത് മനുഷ്യരാശിയുടെ തന്നെ വിദൂരതയില്‍പോലുമില്ലാത്ത സ്വപ്നമാണ്. എന്തെന്നാല്‍, ഒരു വോംഹോളിന്റെ കവാടം ഒന്ന് അടയാതെ നിലനിര്‍ത്താന്‍ മാത്രം വ്യാഴത്തെക്കാള്‍ കൂടുതല്‍ പ്രതിദ്രവ്യം(antimatter) ആവശ്യമാണ്. നിലവിലെ അനുപാതം അനുസരിച്ച് 2020 ഓടുകൂടി ഒരു ഗ്രാം പ്രതിദ്രവ്യം ഉണ്ടാക്കിയെടുക്കാന്‍ 100ഖ്വാട്രില്യന്‍(1015)ഡോളര്‍ വേണം. അതും പ്രതിദ്രവ്യ നിര്‍മാണശാല 1000കോടി വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രം കൈവരിക്കാനാകുന്ന നേട്ടം.
നിസ്സഹായനായ മനുഷ്യനോട് അല്ലാഹു അവന്റെ അതുല്യത പ്രഖ്യാപിക്കുകയും അതോടൊപ്പം സത്യനിഷേധികള്‍ക്കുള്ള ശിക്ഷയെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. വി. ഖുര്‍ആന്‍ 70:1-4
അര്‍ഥിക്കുന്നവന്‍ ശിക്ഷയെ അര്‍ഥിച്ചിരിക്കുന്നു. (ആ ശിക്ഷയോ) തികച്ചും സംഭവിക്കാനുള്ളത് തന്നെയാകുന്നു, സത്യനിഷേധികളുടെ മേല്‍. അതിനെ തടയുന്നവരാരുമില്ല. മആരിജിനുടമയായ അല്ലാഹുവില്‍ നിന്നുള്ളതത്രേ അത്. മലക്കുകളും റൂഹും അവങ്കലേക്ക് കയറിപ്പോകുന്നു; അമ്പതു സഹസ്രാബ്ദം ദൈര്‍ഘ്യമുള്ള ഒരു നാളില്‍.
അപ്പോള്‍ സമയ സഞ്ചാരത്തിന് ഒരു വഴിയുമില്ലേ? ഉണ്ട്, പ്രപഞ്ചത്തില്‍ കാണപ്പെട്ടേക്കാവുന്ന വോംഹോളുകള്‍ ഉണ്ടെങ്കില്‍ അതിലൂടെ മറ്റൊരു സ്ഥലകാലങ്ങളില്‍ എത്തിച്ചേരാനാകും. നമുക്ക് ആദ്യത്തെ ചോദ്യത്തിലേക്ക് മടങ്ങിവരാം. പ്രവാചകന്‍(സ)യുടെ മിഅ്‌റാജ് സംഭവത്തോട് ബന്ധമുള്ള ഹദീസുകളില്‍ സ്വര്‍ഗനരകങ്ങള്‍ കണ്ടതായി വിവരിക്കുന്നിടത്ത് അവിടെ സ്വര്‍ഗവാസികളെയും നരകവാസികളെയും കണ്ടതായി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വിധി നിര്‍ണായകദിനം കഴിയാതെ ഒരാള്‍പോലും സ്വര്‍ഗനരകങ്ങളില്‍ പ്രവേശിക്കുകയില്ല. പിന്നെ എങ്ങനെ അത് സംഭവിച്ചു? ഇവിടെയാണ് സമയ സഞ്ചാരത്തിന്റെ (time travel) പ്രസക്തി. വോംഹോള്‍ സ്‌പേസിലെ രണ്ടു സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. സമയവും സ്‌പേസും ഇഴചേര്‍ന്നിരിക്കുന്നതിനാല്‍ രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിക്കുക എന്നത് രണ്ടു സമയങ്ങളെക്കൂടി ബന്ധിപ്പിക്കലാണ്. പ്രവാചകന്‍(സ) മിഅ്‌റാജി(wormhole)ലൂടെയാണ് 7 ആകാശങ്ങളും കടന്ന് സ്വര്‍ഗനരകങ്ങളില്‍ എത്തിയിരിക്കുന്നത്. പ്രവാചകന്‍ ഓരോ ആകാശങ്ങള്‍ പിന്നിടുംതോറും ഭാവിയിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ഏഴാനാകാശം കടന്നെത്തുമ്പോള്‍ അവിടത്തെ കാലഘട്ടം CE 621 അല്ല. മറിച്ച് യുഗങ്ങള്‍ക്കപ്പുറം ഭാവിയിലുള്ള ഏതോ ഒരു സമയത്തില്‍ ആണ്. ആ സമയന്തരങ്ങള്‍ക്കുള്ളില്‍ ലോകാവസാനവും പുനരുദ്ധാരണദിവസവുമെല്ലാം കഴിഞ്ഞുപോയിരിക്കുമെന്ന് മാത്രം. അതിനാലാണ് സ്വര്‍ഗവാസികളെയും നരകവാസികളെയും പ്രവാചകന്‍ കണ്ടത്. തിരികെ വോംഹോളിലൂടെ ഭൂമിയില്‍ എത്തുമ്പോള്‍ പുറപ്പെട്ട സമയത്തിനു ശേഷം അല്‍പനിമിഷങ്ങളെ കഴിഞ്ഞിട്ടുണ്ടാവുകയുള്ളൂ.


ഉയര്‍ന്ന മാനങ്ങള്‍ (higher dimensions)
നാം ഒരു ത്രിമാന തലത്തിലാണ് (3Dimension) നിലകൊള്ളുന്നതെന്നു പറയാറുണ്ട്. നമ്മള്‍ ഒരു വസ്തുവിനെ ഒരു സ്ഥലത്ത് എടുത്തുവെച്ചാല്‍ നമുക്കതിന്റെ സ്ഥാനം ഈ മൂന്ന് സമസ്ഥിതങ്ങള്‍(coordinates) ഉപയോഗിച്ച് പറയാനാകും. ഈ 3 സമസ്ഥിതങ്ങള്‍ ഉപയോഗിച്ച് ലോകത്തിലെ ഏതൊരു വസ്തുവിനെയും സ്ഥാനനിര്‍ണയം നടത്താനാകും. ഇവയുടെ കൂടെ സമയം എന്ന മാനം(dimension) കൂടിചേരുമ്പോള്‍ നാം ഒരു ചതുര്‍മാന(4Dimension)ത്തിലാണ് നിലകൊള്ളുന്നത് എന്ന് പറയാനാകും. എന്നാല്‍, നാലാമതൊരു സ്ഥലത്തിന്റെ മാനം നമ്മുടെ ചിന്തക്ക് ഉള്‍ക്കൊള്ളാനാവുന്നുണ്ടോ?
ഇന്ന് നാം കാണുന്ന ഈ പ്രപഞ്ചം വലിയ സ്ഥലകാല തലങ്ങളുടെ ഉപതലം(subspace) മാത്രമാണോ? ഒരു ഉദാഹരണം പറയാം. നമ്മള്‍ ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ആണ് ജീവിക്കുന്നതെന്ന് കരുതുക. മോണിറ്റര്‍ ഒരു ത്രിമാന വസ്തു ആണെങ്കിലും അതിന്റെ സ്‌ക്രീന്‍ ഉണ്ടാക്കിയിരിക്കുന്ന ദ്വിമാന തലത്തിലേ നമുക്ക് സഞ്ചരിക്കാനാകൂ. അതായത്, മോണിറ്ററിന്റെ ഒരു ഉപതലം(subspace) മാത്രമാണ് നമ്മുടെ പ്രവര്‍ത്തി മണ്ഡലം. ഇവിടെ നമ്മുടെ പരിജ്ഞാനം ത്രിമാന തലത്തിലാണ്(2space+Time), ചതുര്‍മാനമല്ല. ഇതേ അവസ്ഥയിലാണ് നാം പ്രപഞ്ചത്തെ വീക്ഷിക്കുന്നത്. നാം നിലകൊള്ളുന്നത് വലിയൊരു സ്ഥലകാല മാനങ്ങളിലെ ഒരു ഉപതലത്തില്‍ മാത്രമാണ്.
വര്‍ഷങ്ങളായി ഭൗതികശാസ്ത്രജ്ഞരെ കുഴക്കിയ ഒരു ചോദ്യമുണ്ട്. പ്രകാശം കോടിക്കണക്കിനു വിസ്താരമുള്ള ശൂന്യതയിലൂടെ സഞ്ചരിക്കുമല്ലോ, അപ്പോള്‍ പിന്നെ എന്താണ് ഒന്നുമില്ലായ്മയിലൂടെയുള്ള തരംഗത്തിന്റെ സഞ്ചാരം? പ്രകാശം എന്നത് 5th dimension ലെ തരംഗങ്ങളാണ് എന്ന് തിയോഡാര്‍ കലൂസ എന്ന ശാസ്ത്രജ്ഞന്‍ സമര്‍ഥിച്ചു. എങ്കില്‍, എന്തുകൊണ്ട് നമുക്ക് അഞ്ചാം പരിമാണത്തെക്കുറിച്ച് തെളിവുകളൊന്നും ഇല്ല? കലൂസയുടെ അഭിപ്രായപ്രകാരം നമുക്ക് നിരീക്ഷിക്കാന്‍ കഴിയാത്ത തരത്തില്‍ 5th dimension ചുറ്റപ്പെട്ടിരിക്കും. ഒരു ഉദാഹരണം പറയാം, ഒരു കടലാസ് എടുത്ത് അതിനെ ചുരുട്ടിച്ചുരുട്ടി ഒരു സിലിണ്ടര്‍ രൂപത്തിലാക്കുക. കുറച്ചകലെനിന്നു നോക്കിയാല്‍ അത് ഏകമാനമായ രേഖ (1 dimensional line) ആയിട്ടായിരിക്കും അനുഭവപ്പെടുക. അതായത്, ദ്വിമാനമായ ഒരു കടലാസ് നമുക്ക് ഏകമാനമായി അനുഭവപ്പെടുന്നു, അതേപോലെ.
ഉയര്‍ന്ന മാനങ്ങളെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ കലൂസയെക്കൊണ്ട് അവസാനിച്ചിരുന്നില്ല. 1915നു ശേഷം ശാസ്ത്രലോകം ഏറ്റെടുത്തിരിക്കുന്ന വെല്ലുവിളികളില്‍ ഏറ്റവും ശക്തമായി നിലകൊണ്ടിരുന്നത് സൂക്ഷ്മലോകത്തെയും സ്ഥൂലലോകത്തെയും ഒരേപോലെ വിശദീകരിക്കാന്‍ പറ്റുന്ന ഏകീകൃതമായ ഒരു മഹാ സിദ്ധാന്തത്തെക്കുറിച്ചുള്ള സ്വപ്നമായിരുന്നു. 1980കളില്‍ ഏകീകൃത മഹാസിദ്ധാന്തം എന്ന് ആശീര്‍വദിക്കാനാകുന്ന Super String Theory രൂപകല്‍പന ചെയ്യപ്പെട്ടു. സ്ട്രിങ് തിയറി പ്രകാരം ഇലക്‌ട്രോണും അതേപോലെ മറ്റ് ആറ്റത്തിന്റെ ഉപകരണങ്ങളും ഒരു തന്ത്രി(string)യുടെ വ്യത്യസ്ത കമ്പനങ്ങളാണ്. ഒരു വലിച്ചുനീട്ടിയ റബ്ബര്‍ബാന്‍ഡ് പോലെ. ഒരാള്‍ റബ്ബര്‍ബാന്‍ഡില്‍ ഒന്ന് തട്ടിയാല്‍ അത് പലമാതിരി കമ്പനം ചെയ്യും. അതേപോലെ സ്ട്രിങ്ങ്‌സ് കമ്പനം ചെയ്യുമ്പോള്‍ അതിന്റെ ഓരോ നാദവും ഓരോ ഉപആറ്റോമിക കണങ്ങളായിരിക്കും. നാം ഇന്ന് കാണുന്ന ദൃശ്യപ്രപഞ്ചങ്ങളെല്ലാം ഈ തന്ത്രികളുടെ നിമ്‌നതലങ്ങളിലെ കമ്പനങ്ങള്‍ മാത്രമാണ്. എന്നാല്‍ അതിശയകരമായ ഒരു കാര്യം എന്തെന്നുവെച്ചാല്‍ Super String Theory പ്രകാരം ഈ തന്ത്രികള്‍ക്ക് സ്ഥലകാലത്തിന്റെ ഒരു പ്രത്യേക മാനങ്ങളില്‍ മാത്രമേ കമ്പനം ചെയ്യാനാകൂ. അതായത് സ്ട്രിങ്‌സിനു കമ്പനം ചെയ്യാനായി 10 Dimension(3space+1time+6 extra spatial dimensions) ആവശ്യമാണ്. ഇതല്ലാതെ മറ്റൊരു തലത്തില്‍ സ്ട്രിങ്‌സ് തിയറി നിര്‍മിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഗണിതപരമായ അതിന്റെ നിലനില്‍പ് തന്നെ ഇല്ലാതാവും.
ഈ ബ്രഹ്മാണ്ഡത്തിന്റെ 70% തമോഊര്‍ജവും 24% തമോദ്രവ്യവുമാണ്. ബാക്കിയുള്ള 6% മാത്രമാണ് ദൃശ്യപ്രപഞ്ചം. നാം കാണുന്ന പ്രപഞ്ചം എന്നത് യഥാര്‍ഥ പ്രപഞ്ചത്തിന്റെ വളരെ ചെറിയൊരംശം മാത്രമാണ്. പ്രകാശം എന്നത് വൈദ്യുതകാന്തിക വികിരണങ്ങളാണല്ലോ. എന്നാല്‍, പ്രകാശം ഉയര്‍ന്നതലങ്ങളെ(higher dimension) ദൃഷ്ടിഗോചരമാക്കുകയില്ല. ദ്രവ്യം ഉയര്‍ന്ന തലങ്ങളില്‍ ആണ് ഉള്ളതെങ്കില്‍ നമുക്കത് കാണാന്‍ പറ്റുകയില്ല. ഇങ്ങനെയുള്ള പദാര്‍ഥത്തെയാണ് തമോദ്രവ്യം(Dark Matter) എന്ന് പറയുന്നത്. മറ്റൊരു പ്രത്യേകത ഇവയുടെ കൊളിഷന്‍ലെസ് ഗുണധര്‍മം(collision less property) ആണ്. തമോദ്രവ്യം വസ്തുക്കളുമായി കൂട്ടിമുട്ടാതെ ഉള്ളിലൂടെ കടന്നു പോകുന്നു. ഇവയെ കണ്ടെത്താനുള്ള ഏകമാര്‍ഗം ഗുരുത്വാകര്‍ഷണമാണ്. ചുരുക്കിപ്പറഞ്ഞാല്‍ നമുക്ക് തമോദ്രവ്യം കാണാനോ അവയുമായി കൂട്ടിമുട്ടാനോ സാധ്യമല്ല. എങ്കിലും, നമുക്ക് അവയുടെ ഗുരുത്വാകര്‍ഷണം കണ്ടെത്താനാകും. ഇവിടെ ദ്രവ്യം ഉള്ളത് 6 അധികമാനങ്ങളില്‍(dimensions) ആയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ശാസ്ത്രം ഇപ്പോള്‍ പരികല്‍പനചെയ്യുന്ന അദൃശ്യമായ 6 അധികമാന(dimension)ങ്ങളും നാം കാണുന്ന സ്‌പേസിനെയും ചേര്‍ത്താണ് ഖുര്‍ആനില്‍ 7 ആകാശങ്ങള്‍ എന്ന് പറയപ്പെട്ടിരിക്കുന്നത്.
ജിന്ന് എന്നൊരു വര്‍ഗത്തെപ്പറ്റി നാം കേട്ടിട്ടുണ്ടല്ലോ. അദൃശ്യമാക്കപ്പെട്ടത് എന്നതാണ് ജിന്ന് എന്ന പദത്തിന്റെ അര്‍ഥം. എന്നാല്‍, നമ്മില്‍ അധികം പേരും ശ്രദ്ധിക്കാതിരുന്ന ഒരര്‍ഥം കൂടിയുണ്ട് جِنّ എന്ന പദത്തിന്. എന്തിനെയെങ്കിലും അല്ലെങ്കില്‍ ആരെയെങ്കിലും വലയം ചെയ്യുക, പൊതിയുക, ചുരുട്ടുക എന്നൊക്കെയാണത്. ജിന്നിനെ പറ്റിയുള്ള ഈ രണ്ടു അര്‍ഥങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ ചുരുട്ടല്‍ അല്ലെങ്കില്‍ വലയം ചെയ്യപ്പെടല്‍ വഴി അദൃശ്യമാക്കപ്പെട്ടത് എന്ന് കണ്ടെത്താനാകും. അതായത് ഉയര്‍ന്ന മാന(dimensions)ങ്ങളില്‍ ഉള്ള സൃഷ്ടികളാണ് ജിന്നുകള്‍. അതിനാലാണ് നമുക്ക് ജിന്നുകളെ കാണാന്‍ കഴിയാത്തത്. വി. ഖുര്‍ആന്‍ 55:31
ഓ ഭാരമുള്ള4 രണ്ടു സമൂഹങ്ങളേ(മനുഷ്യനും ജിന്നും) നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നുണ്ട്.
ഇവിടെ ഖുര്‍ആന്‍ ജിന്നിനും മനുഷ്യനും ഭാരം ഉണ്ടെന്നു പറയുന്നു. എങ്കില്‍, അവക്ക് ഗുരുത്വാകര്‍ഷണവും ഉണ്ടാകുമല്ലോ. എന്നാല്‍, ജിന്നുകളെ സംബന്ധിച്ചിടത്തോളം നമുക്ക് അവയെ കാണാനോ കൂട്ടിമുട്ടാനോ സാധ്യമല്ല. എന്നാല്‍, ഗുരുത്വാകര്‍ഷണം അനുഭവപ്പെടും. അപ്പോള്‍ മനുഷ്യനും ഗുരുത്വാകര്‍ഷണം ഉണ്ടോ? അതെ, ഈ ലോകത്തിലെ ഏതൊരു വസ്തുവും മറ്റു വസ്തുക്കളെ ആകര്‍ഷിക്കുന്നുണ്ട്. ഗോളീയ വസ്തുക്കളെ അപേക്ഷിച്ച് മനുഷ്യന് പരിമാണം കുറവായതിനാലാണ് ഗുരുത്വാകര്‍ഷണം പോലെ നമുക്ക് അനുഭവപ്പെടാത്തത്. ദ്രവ്യം ഉള്ളത് 6 അധിക മാനങ്ങളില്‍ (dimensions) ആയതിനാലാണ് നാം പദാര്‍ഥത്തെ കാണാത്തത്. 'മറക്കപ്പെട്ടത്' എന്നതാണ് ജിന്ന് എന്ന വാക്കിന്റെ അര്‍ഥം തന്നെ. നാം ഇത് വായിക്കുമ്പോള്‍ നമ്മുടെ തോളില്‍ രണ്ടു മലക്കുകള്‍ ഉണ്ട്. നമുക്ക് മലക്കുകളെ കാണാനോ തൊടാനോ സാധിക്കുകയില്ല. ഇത് തന്നെയാണ് തമോദ്രവ്യത്തിന്റെയും ഗുണങ്ങള്‍.
സ്ട്രിങ് തിയറി പ്രകാരം തമോദ്രവ്യവം എന്നത് ഉയര്‍ന്ന മാന(higher dimenstions)ങ്ങളില്‍ ഉള്ള പദാര്‍ഥങ്ങള്‍ മാത്രമല്ല, അവ സമാന്തര പ്രപഞ്ചങ്ങളാണ്. എന്നാല്‍, അവിടെയുള്ള ഊര്‍ജതന്ത്ര നിയമങ്ങള്‍ നാം കണ്ടെത്തിയവ പോലെയാകണമെന്നില്ല. ഖുര്‍ആന്‍ പറയുന്നത് അല്ലാഹു 7 ആകാശങ്ങള്‍ നിര്‍മിക്കുകയും ദൃശ്യപ്രകാശത്തിന്റെ സാധുത ഒന്നാം ആകാശത്തുമാത്രം പരിമിതപ്പെടുത്തുകയും ചെയ്തു എന്നാണ്. വി. ഖുര്‍ആന്‍ 41:12
അങ്ങനെ രണ്ടു ഘട്ട(ദിവസ)ങ്ങളിലായി അവയെ അവന്‍ ഏഴ് ആകാശങ്ങളാക്കിത്തീര്‍ത്തു ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍' കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്.
ആദ്യത്തെ ആകാശത്തില്‍ അല്ലാഹു വിളക്കും അതിലെ പ്രകാശവും സംവിധാനിച്ചിരിക്കുന്നു. എന്നാല്‍, മറ്റ് 6 ആകാശങ്ങളില്‍ ഈ പ്രകാശം വസ്തുക്കളെ ദൃഷ്ടിഗോചരമാക്കുകയില്ല. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതാണത്.
ശാസ്ത്രജ്ഞര്‍ തമോദ്രവ്യം കണ്ടെത്തിയത് ഗുരുത്വലെന്‍സ് പ്രതിഭാസത്തിലൂടെയാണ്. വിശിഷ്ട ആപേക്ഷികസിദ്ധാന്തത്തിന്റെ ഒരു കണ്ടെത്തലായിരുന്നു ഗുരുത്വലെന്‍സ്. ശക്തമായ ഗുരുത്വാകര്‍ഷണ മേഖലയിലൂടെ സഞ്ചരിക്കുന്ന പ്രകാശം വളയും. തമോദ്രവ്യം പ്രകാശം പുറത്തുവിടുന്നില്ലെങ്കിലും നമുക്ക് അവയുടെ സ്ഥാനം ഗുരുത്വലെന്‍സ് പ്രതിഭാസത്തിലൂടെ കണ്ടെത്താനാകും. അകലങ്ങളിലെ നക്ഷത്രങ്ങളെയോ ഗ്യാലക്‌സികളെയോ നാം വീക്ഷിക്കുമ്പോള്‍ നമുക്കും അവക്കുമിടയില്‍ തമോദ്രവ്യം ഉണ്ടെങ്കില്‍ ഗുരുത്വലെന്‍സ് മൂലം നാം വീക്ഷിക്കുന്ന ഗ്യാലക്‌സിയുടെ ഒന്നിലധികം പ്രതിബിംബങ്ങള്‍ കാണാനാകും. വി. ഖുര്‍ആന്‍ 67:3-4
ഏഴ് ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍, നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. നീ വല്ല വിടവ് കാണുന്നുണ്ടോ? പിന്നീട്, രണ്ടു തവണ നീ കണ്ണിനെ തിരിച്ചു കൊണ്ടു വരൂ. നിന്റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായിക്കൊണ്ടും മടങ്ങിവരും.
ഏഴു ആകാശങ്ങളെ അടുക്കുകളായി(superimposed) അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. തുടര്‍ന്ന് അല്ലാഹു പ്രസ്താവിക്കുന്നത് സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നാം കാണുകയില്ലെന്നാണ്. പ്രപഞ്ച വിജ്ഞാനത്തിലെ അടിസ്ഥാന സങ്കല്‍പങ്ങളില്‍ ഒന്നാണ് ഏകാത്മകത(homogeneity). ഏകാത്മകത കൊണ്ട് ഉദ്ദേശിക്കുന്നത് പ്രപഞ്ചത്തിന്റെ ഏതൊരുഭാഗം എടുത്താലും ഒന്ന് മറ്റൊന്നിനെപ്പോലെയിരിക്കും എന്നാണ്. താരതമ്യേന ചെറിയ ദൂരങ്ങള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍, കോടിക്കണക്കിനു പ്രകാശവര്‍ഷം വലുപ്പമുള്ള ഒരു പ്രദേശമെടുത്താല്‍ അതിന്റെ സാമാന്യ ഘടനയും ചേരുവകളും തന്നെയായിരിക്കും അതേ വലുപ്പമുള്ള മറ്റൊരു പ്രദേശത്തിന്റെയും. സൃഷ്ടിപ്പില്‍ ഏറ്റക്കുറവുകള്‍ കാണില്ലെന്ന് സാരം. തുടര്‍ന്ന് അല്ലാഹു ചോദിക്കുന്നു, നീ വല്ല വിടവും കാണുന്നുണ്ടോ?
തീര്‍ച്ചയായും അതെ എന്നായിരിക്കും സത്യനിഷേധികളുടെ മറുപടി. കാരണം, പ്രപഞ്ചത്തില്‍ കോടിക്കണക്കിനു പ്രകാശവര്‍ഷം ദൂരമുള്ള ശൂന്യത ഉണ്ടെന്നാണല്ലോ വയ്പ്. എന്നാല്‍, എന്താണ് ശൂന്യത. നമ്മുടെ പ്രാദേശികമായ അര്‍ഥത്തില്‍ വായുവും മറ്റു പദാര്‍ഥങ്ങളും ഇല്ലാത്ത അവസ്ഥയെ ആയിരുന്നു ശൂന്യത എന്ന് വിളിച്ചു പോന്നിരുന്നത്. എന്നാല്‍, ഇന്ന് ആധുനിക ശാസ്ത്രം പറയുന്നത് ശൂന്യത എന്ന് നാം പറയുന്നിടത്ത് ഉയര്‍ന്ന മാനങ്ങളില്‍ ഉള്ള പദാര്‍ഥങ്ങളോ ഊര്‍ജമോ ഉണ്ടാകാം എന്നാണ്. തുടര്‍ന്ന് ഖുര്‍ആനില്‍ അടുത്ത ആയത്തില്‍ വ്യക്തമാക്കുന്നത് നീ നിന്റെ ദൃഷ്ടിയുടെ ദിശ മാറ്റിയാല്‍ നിന്റെ മറുപടി 'ഇല്ല, വിടവുകള്‍ കാണുന്നില്ല' എന്നാകും. അതുകൊണ്ടാണ് ആദ്യം വിടവുകള്‍ കാണുന്നുണ്ടെന്ന് പറഞ്ഞവന്‍ പിന്നെ പരാജിതനാവുന്നത്. എന്തുകൊണ്ടാണ് ദൃഷ്ടിയുടെ ദിശ മാറ്റേണ്ടി വരുന്നത്? എന്തുകൊണ്ടാണ് വീണ്ടും വീണ്ടും നോക്കേണ്ടി വരുന്നത്? എന്തെന്നാല്‍ തമോദ്രവ്യത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം മൂലം ഗുരുത്വലെന്‍സ് പ്രതിഭാസം ഉണ്ടാവുകയും നാം വീക്ഷിക്കുന്ന വസ്തുവിന്റെ ഒന്നിലധികം പ്രതിബിംബങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
ഗുരുത്വ ലെന്‍സ് മൂലം തമോദ്രവ്യത്തിനു പശ്ചാത്തലത്തിലുള്ള(ചിത്രത്തില്‍) ഖ്വസാറിന്റെ പ്രതിബിംബത്തിനു സ്ഥാനചലനം സംഭവിക്കുന്നുണ്ട്. തമോദ്രവ്യം പ്രകാശം പുറപ്പെടുവിക്കാത്തതിനാല്‍ നമുക്ക് പശ്ചാത്തലത്തിലുള്ള വസ്തുവില്‍ നിന്നുള്ള പ്രകാശത്തെ പിന്തുടരേണ്ടതുണ്ട്. നമ്മില്‍ നിന്ന് ഖ്വാസാറിലേക്കുള്ള ദൂരവും ലെന്‍സിങ്ങിന്റെ കോണും(angle) അനുസരിച്ച് നാം തമോദ്രവ്യത്തിന്റെ പരിമാണം കണക്കാക്കുന്നു. അതിനാല്‍ തമോദ്രവ്യം കണ്ടെത്താന്‍ ആദ്യം ആകാശത്തേക്കും പിന്നീട് ഇവിടേക്കും വീണ്ടും ആകാശത്തേക്കും നോക്കേണ്ടതുണ്ട്. അതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ നീ രണ്ടു തവണ നോക്കാന്‍ പറയുന്നത്. അപ്പോള്‍ നിനക്ക് പ്രപഞ്ച സൃഷ്ടിപ്പില്‍ വിടവുകള്‍ ഇല്ലെന്നും ദൃഷ്ടി ഗോചരമല്ലാത്ത സൃഷ്ടിപ്പുകള്‍ ഉണ്ടെന്നും മനസ്സിലാകും.


മലക്ക് വിഭാഗങ്ങള്‍ അഭൗതിക ജ്ഞാനത്തിന്റെ കെട്ടുപാടുകളില്‍നിന്ന് വേറിട്ടൊരു ചിന്തനം
ശാസ്ത്രത്തിലെ പല കണ്ടെത്തലുകളും ജനങ്ങളിലേക്കിറങ്ങിചെല്ലുന്നത് അമ്പതോ നൂറോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. നമ്മുടെ പാഠപുസ്തകങ്ങളില്‍ ഇപ്പോഴും രണ്ടു സംവത്സരം മുമ്പുള്ള യൂക്ലിഡിന്റെ ജ്യാമിതിയാണുള്ളത്. പ്രപഞ്ച വിജ്ഞാനത്തിലെ നാഴികക്കല്ലായ റീമാനിയന്‍ ജ്യാമിതി നമുക്ക് ഇന്നും അന്യമാണ്. പല കണ്ടെത്തലുകളും ജന മനസ്സുകളിലേക്ക് ഇറങ്ങാന്‍ വൈകിയതിനു കാരണം ശാസ്ത്രജ്ഞരുടെ ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു. 'ദൈവകണം' എന്ന പേരില്‍ കുറച്ചുനാള്‍ മുമ്പ് ചാനലുകളില്‍ വമ്പിച്ച ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. രാഷ്ട്രീയക്കാര്‍ വരെ അവര്‍ക്കറിയാവുന്നത് തട്ടിവിട്ടു. ഹിഗ്‌സ് ബോസോണ്‍ എന്ന കണത്തിന് ഇത്ര പ്രശസ്തി വരാന്‍ കാരണം കച്ചവട താല്‍പര്യത്തെ മുന്‍നിര്‍ത്തി പുസ്തക പ്രസാധകര്‍ ആ കണത്തിന് നല്‍കിയ പേര് തന്നെയായിരുന്നു. എന്നാല്‍, അതിനിടയില്‍ മറ്റുപല കണ്ടെത്തലുകളും ആരും അറിഞ്ഞില്ലെന്നുമാത്രം. ഇത്തരത്തില്‍ നാം അറിയപ്പെടാതെപോയ ഒരു കണ്ടെത്തലായിരുന്നു higher dimensions.
നിന്ന നില്‍പില്‍ അപ്രത്യക്ഷമാകുന്നതിനെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു അടഞ്ഞ മുറിയില്‍നിന്ന് അദൃശ്യമായി പുറത്തുകടക്കുന്നതിനെപ്പറ്റിയോ? ഭിത്തിക്കുള്ളിലൂടെ അപ്പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നെങ്കിലോ? അങ്ങനെയൊക്കെ കഴിയുമായിരുന്നെങ്കില്‍ വാതിലുകളുടെ ആവശ്യമേ ഇല്ലാതാകും. കാറിനകത്ത് താക്കോല്‍ മറന്നുവെച്ചു കാര്‍ ലോക്ക് ആയാലും പ്രശ്‌നം ഇല്ലായിരുന്നു. അകത്തിരിക്കുന്ന ഭക്ഷണം എടുക്കാന്‍ ഫ്രിഡ്ജ് ഡോര്‍ തുറക്കേണ്ട കാര്യമേ ഇല്ല. നമുക്ക് ഒരു അടഞ്ഞ വസ്തുവിന് ഉള്ളിലേക്ക് കടക്കാനുള്ള കഴിവ് ഉണ്ടെന്നു കരുതുക. ശരീരം മുറിക്കാതെ തന്നെ ശസ്ത്രക്രിയകള്‍ നടത്താന്‍ നമുക്ക് കഴിഞ്ഞേനെ. ത്വക്കില്‍ ഒരു മുറിപ്പാടുപോലും വീഴ്ത്താതെ നമുക്ക് സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്താന്‍ സാധിച്ചേനെ.
ഇത്തരം കഴിവുകള്‍ ഒരു കുറ്റവാളി എങ്ങനെയായിരിക്കും ഉപയോഗിക്കുക? എത്ര ശക്തമായ കാവലുള്ള മുറിയില്‍ നിന്നായാലും അവന്‍ മോഷ്ടിക്കും. ഇനി പോലീസ് വെടിവെച്ചാല്‍ തന്നെയും ഇത്തരം കഴിവുകള്‍ കാരണം വെടിയുണ്ട കുറ്റവാളിയുടെ ഉള്ളിലൂടെ യാതൊരുവിധ പോറലും ഏല്‍പിക്കാതെ കടന്നുപോകും. ഒരു ജയിലിനും കുറ്റവാളികളെ തടവിലാക്കാന്‍ സാധ്യമല്ലാതാവും. ഇങ്ങനെയൊക്കെ സംഭവിക്കുമോ?
നാം ഏതു പാതാളത്തില്‍ പോയൊളിച്ചാലും സമയമാകുമ്പോള്‍ മരണം നമ്മെ പിടികൂടും എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും മരണത്തിന്റെ മലക്കിന് അടഞ്ഞ മുറിക്കുള്ളില്‍ എത്തിപ്പെടാന്‍ കഴിയണമല്ലോ. അപ്പോള്‍ മലക്കുകള്‍ക്ക് സഞ്ചാരത്തിന് ഇത്തരം തടസ്സങ്ങള്‍ ഒരു പ്രശ്‌നമല്ല. ഇതെങ്ങനെ സാധിക്കും? പടച്ച റബ്ബ് ഖുര്‍ആനിലൂടെ ഒരുപാടു വചനങ്ങളിലായി മലക്കുകളെക്കുറിച്ചും ജിന്നുകളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. എന്നാല്‍, അവിടെയൊന്നും ഇത്തരം കാര്യങ്ങള്‍ അഭൗതിക ജ്ഞാനം ആണ് എന്ന് പറയുന്നില്ല. മറിച്ച് നീ വായിക്കുക, നീ ചിന്തിക്കുക, ചിന്തിക്കുന്ന മനുഷ്യര്‍ക്ക് ഖുര്‍ആനില്‍ ഒരുപാട് ദൃഷ്ടാന്തങ്ങള്‍ ഉണ്ട് എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്.
അപ്പോള്‍ എങ്ങനെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നു?
ജിന്നുകളും മലക്കുകളും എല്ലാം ഉയര്‍ന്ന മാനങ്ങളിലെ (higher dimensions) സൃഷ്ടികളാണ്. അപ്പോള്‍ എങ്ങനെ നമുക്ക് അദ്ഭുതം എന്ന് തോന്നുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവയ്ക്കാകുന്നു?
നാം ഈ ലോകത്തെ വീക്ഷിക്കുന്ന ഒരു കാഴ്ചയില്‍ ആണ് നമുക്കിതെല്ലാം അത്ഭുതങ്ങള്‍ ആകുന്നത്. ഒരു ഉദാഹരണം പറയാം. ദ്വിമാനമായ ഒരു ലോകം സങ്കല്‍പിക്കുക. അവിടെയുള്ള ആളുകള്‍ക്ക് നീളം, വീതി എന്നീ സ്ഥലങ്ങളുടെ രണ്ടു പരിമാണങ്ങള്‍ മാത്രമേ അറിയൂ. ഉയരം എന്ന, സ്ഥലത്തിന്റെ മറ്റൊരു മാനം അവരുടെ ചിന്തകള്‍ക്കും അപ്പുറമായിരിക്കും. അതായത് ഒരു പേപ്പറില്‍ വരച്ച പടം പോലെ. പേപ്പറില്‍ കുത്തനെ എഴുന്നേറ്റു നില്‍ക്കുക എന്നത് അവര്‍ക്ക് അസംഭവ്യമാണ് എന്നതുപോയിട്ടു അങ്ങനെ ഒരു സ്ഥലത്തിന്റെ മാനം ചിന്തിക്കാന്‍ പോലും അവര്‍ക്ക് ആകില്ല. അങ്ങനെ ഉള്ള ഒരു ലോകത്ത് ഒരു കുറ്റവാളിയെ ജയിലില്‍ അടക്കണമെങ്കില്‍ എന്ത് ചെയ്യണം? ആ കുറ്റവാളിക്ക് ചുറ്റും ഒരു വൃത്തം വരച്ചാല്‍ മതിയാകും. അതില്‍ അകപ്പെട്ട ഒരാളെ സംബന്ധിച്ചേടത്തോളം അതില്‍നിന്ന് പുറത്തു കടക്കല്‍ ശ്രമകരമാണ്. എങ്ങോട്ട് പോയാലും അടഞ്ഞ ഒരു ഭിത്തിക്കുള്ളിലായാണ് അനുഭവപ്പെടുക. എന്നാല്‍, ഇതെല്ലാം വീക്ഷിക്കുന്ന നമ്മെ സംബന്ധിച്ച് അയാളെ ജയിലിനു പുറത്തു കടത്തുക എന്നത് ഒരു പണിയേ അല്ല. ദ്വിമാന മനുഷ്യനെ ഒരു കൈയില്‍ പിടിച്ചു പൊക്കി എടുത്തു വേറെ എവിടെ എങ്കിലും വെക്കാം. എന്നാല്‍ ഇത് വീക്ഷിക്കുന്ന ജയിലറോ? വായുവില്‍ കുറ്റവാളി അപ്രത്യക്ഷനായതായിട്ടാണ് കാണുക. ദ്വിമാനത്തില്‍ നാം ചവിട്ടി നിന്ന നമ്മുടെ കാലുകള്‍ ജയിലര്‍ക്ക് അസാധാരണമായ ഒന്നായി അനുഭവപ്പെടും.
ജയിലറെ സംബന്ധിച്ചേടത്തോളം രക്ഷപ്പെടാനാകാത്ത ജയിലില്‍ നിന്ന് കുറ്റവാളി വായുവിലേക്ക് അപ്രത്യക്ഷനായി. എന്നാല്‍, നമ്മള്‍ ഈ ജയിലറോട് എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വിശദീകരിക്കുകയും നാം കുറ്റവാളിയെ ഉയരത്തിലേക്ക് എടുത്തപ്പോഴാണ് ഇങ്ങനെയെല്ലാം സംഭവിച്ചത് എന്ന് പറയുകയും ചെയ്താല്‍ ജയിലര്‍ക്ക് ഉയരം എന്ന വാക്ക് മനസ്സിലാകില്ല. കാരണം, ദ്വിമാന ജീവികളുടെ പദാവലിയില്‍ ഉയരം എന്ന വാക്കോ അങ്ങനെ ഒരു ആശയം തന്നെയോ ഇല്ല.
ദ്വിമാന ജീവിയെ സംബന്ധിച്ചിടത്തോളം ഒരു ശസ്ത്രക്രിയ നടത്താന്‍ ശരീരം കീറി മുറിക്കേണ്ടതുണ്ട്. എന്നാല്‍ നമ്മള്‍ ആണ് ശസ്ത്രക്രിയ ചെയ്യുന്നതെങ്കില്‍ അതിന്റെ ആവശ്യമില്ല. കാരണം, നമുക്ക് അവരുടെ ആന്തരികാവയവങ്ങല്‍ എല്ലാം കാണാം. കേടുവന്ന അവയവും നമുക്ക് എളുപ്പത്തില്‍ ശരിയാക്കാനാകും.
വിശുദ്ധ ഖുര്‍ആനില്‍ സൂറഃ അന്നംല് 36-40 വചനങ്ങളില്‍ ബല്‍ഖീസ് രാജ്ഞിയുടെ സിംഹാസനം സുലൈമാന്‍ എത്തിച്ച ചരിത്രം സന്നിധിയില്‍ വിവരിക്കുന്നുണ്ട്.
സൂറഃ അന്നംല് 36-40
സുലൈമാന്‍ പറഞ്ഞു: അല്ലയോ രാജസദസ്യരേ, നിങ്ങളില്‍ ആരാകുന്നു അവരുടെ സിംഹാസനം എന്റെയടുക്കല്‍ കൊണ്ടുവരിക, അവര്‍ സ്വയം സമര്‍പ്പിതരായി എന്റെയടുക്കല്‍ എത്തിച്ചേരും മുമ്പായി? ജിന്നുകളില്‍നിന്നുള്ള ഒരു ബലിഷ്ഠകായന്‍ പറഞ്ഞു: അങ്ങ് സ്വസ്ഥാനത്തുനിന്ന് എഴുന്നേല്‍ക്കുംമുമ്പ് ഞാനതു കൊണ്ടുവരാം, എനിക്കതിനുള്ള ശക്തിയുണ്ട്; വിശ്വസ്തനുമാണ്. വേദജ്ഞാനിയായിരുന്ന ഒരാള്‍ പറഞ്ഞു: അങ്ങ് കണ്‍വെട്ടി മിഴിക്കും മുമ്പായി ഞാന്‍ അത് കൊണ്ടുവന്നുതരാം. അങ്ങനെ അതു തന്റെയടുക്കല്‍ വെച്ചതായി കണ്ടപ്പോള്‍ സുലൈമാന്‍ ഉറക്കെ പ്രഖ്യാപിച്ചു: ഇത് എന്റെ റബ്ബിന്റെ ഔദാര്യമാകുന്നു; ഞാന്‍ നന്ദി കാണിക്കുമോ അതല്ല അനുഗ്രഹത്തെ നിഷേധിക്കുമോ എന്ന് പരീക്ഷിക്കുന്നതിന്. ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കില്‍, അതിന്റെ ഗുണം അവനു തന്നെയാകുന്നു. വല്ലവനും നന്ദികെട്ടവനാകുന്നുവെങ്കില്‍ എന്റെ റബ്ബ് സ്വയംപര്യാപ്തനും തന്നില്‍ത്തന്നെ മഹാനുമാകുന്നു.
ജിന്നുകളില്‍പെട്ട ബലിഷ്ഠന്‍ പറഞ്ഞത് ഞാന്‍ അത് ഒന്നോ രണ്ടോ നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിച്ചു തരാം എന്നാണ്. എന്നാല്‍, വേദത്തില്‍നിന്ന് ജ്ഞാനം ലഭിച്ച ആള്‍ പറഞ്ഞതോ? ഒരു നമിഷത്തിന്റെ പത്തോ ഇരുപതോ അംശത്തിനുള്ളില്‍. സിംഹാസനം ഇരിക്കുന്നത് തൊട്ടടുത്ത മുറിയില്‍ അല്ല. ബൈതുല്‍മഖ്ദിസില്‍നിന്ന് സബഇലേക്ക് കുറഞ്ഞത് 1500 മൈല്‍ ദൂരം എങ്കിലും ഉണ്ടാകും.
ഇതെങ്ങനെ സംഭവിക്കുന്നു?
സ്ട്രിങ് തിയറി പ്രകാരം പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ബലങ്ങള്‍(gravitational force, electro magnetic force, strong & weak nuclear forces) അതിന്റെ തനതായ സ്വരൂപം കാണിക്കുന്നത് 10 dimension നുകളില്‍ ആണ്. ഒരു ദ്വിമാന തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്ഥലങ്ങളും സ്വാതന്ത്ര്യവും ത്രിമാന തലത്തില്‍ ലഭ്യമാണ്. അതിനേക്കാള്‍ സാധ്യതകള്‍ ആയിരിക്കും ചതുര്‍മാനത്തില്‍ ഉണ്ടാകുക. ഒരു ഉദാഹരണം പറയാം. സിംഹത്തെ നമുക്കെല്ലാവര്‍ക്കും അറിയാം. കാട്ടിലെ രാജാവ്. ശൗര്യവും ശക്തിയും കാടടപ്പിക്കുന്ന ഗര്‍ജനവും ഒത്തുചേര്‍ന്ന സിംഹം. ഈ ഒരു സിംഹത്തിനെയാണോ നാം കാഴ്ച ബംഗ്ലാവിലെ നാല് ഇരുമ്പഴിക്കുള്ളില്‍ കാണുന്നത്? ഒരിക്കലുമല്ല. ആത്മാവ് നഷ്ടപ്പെട്ട ഒരു സിംഹമായിരിക്കും അവിടെ ഉണ്ടാകുക. അതുപോലെയാണ് ഓരോ മൃഗങ്ങളും. എന്നാല്‍, ചെറിയ കൂട്ടില്‍ അടയ്ക്കാതെ വിശാലമായ ഒരു കാഴ്ചബംഗ്ലാവ് ആണെങ്കില്‍ സിംഹത്തിന് കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കുന്നു. അതിന്റെ യഥാര്‍ഥ പ്രകൃതി കാണണമെങ്കില്‍ കാട്ടില്‍ തന്നെ പോകണം. അതേപോലെയാണ് പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ബലങ്ങളുടെയും കാര്യം. നാം ഈ കാണുന്നത് ഈ ബലങ്ങളുടെ മൂന്ന് മാനങ്ങളില്‍ നിയന്ത്രിതമായ ശക്തിയാണ്. ജിന്നിന് അതിന്റെ അധിക മാനങ്ങളിലെ (extra dimension) സ്വാതന്ത്ര്യം അനുസരിച്ച് നിമിഷങ്ങള്‍ എടുത്ത് സിംഹാസനം കൊണ്ടുവരാന്‍ കഴിയുമ്പോള്‍ വേദജ്ഞാനം ലഭിച്ച വ്യക്തിക്ക്(അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ, അധിക സ്ഥലമാനങ്ങളിലേക്ക് യഥേഷ്ടം സഞ്ചരിക്കാന്‍ കഴിയണം) ഇത്തരം ഒരു പ്രവൃത്തിക്ക് നിമിഷാര്‍ധങ്ങള്‍ മതിയാകും.
എങ്ങനെയാവും ഒരു ത്രിമാന വസ്തുവിനെ ദ്വിമാന ജീവി കാണുക? ഒരു ഉദാഹരണം പറയാം. ഒരു ദ്വിമാന തലത്തിലെ മനുഷ്യനെ സങ്കല്‍പിക്കുക. ഒരു ഗോളം ഒരു ദ്വിമാന പ്രതലത്തില്‍ പ്രവേശിക്കുമ്പോള്‍ ദ്വിമാന മനുഷ്യന് ഒരു ചെറിയ വൃത്തത്തിന്റെ അര്‍ധഭാഗം മാത്രമാണ് കാണാനാവുക. ഗോളം ദ്വിമാന പ്രതലത്തില്‍ താഴേക്ക് ചലിക്കുകയാണെങ്കില്‍ വൃത്തത്തിന്റെ വലുപ്പം വര്‍ധിച്ചുവരുന്നതായി അനുഭവപ്പെടും. മധ്യഭാഗത്തെത്തുന്നതോടു കൂടി വൃത്തം ഏറ്റവും വലുപ്പം പ്രാപിക്കുകയും തുടര്‍ന്ന് വൃത്തത്തിന്റെ വലുപ്പം കുറയുന്നതായും ദ്വിമാന മനുഷ്യന് അനുഭവപ്പെടും.
നമുക്കൊരിക്കലും ഒരു ഉയര്‍ന്ന സ്ഥലമാനങ്ങള്‍ ഉള്ള വസ്തുവിനെ അതിന്റെ യഥാര്‍ഥ രൂപത്തില്‍ കാണാനാവില്ല. ഒരു ദ്വിമാന ജീവി ഒരു ത്രിമാന വസ്തുവിനെ അവന്റേതായ കാഴ്ചയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് കാണുന്നതും മനസ്സിലാക്കുന്നതും. നാം സ്ഥലത്തിന്റെ നാലാം മാനത്തില്‍ എത്തപ്പെട്ടു എന്ന് കരുതുക. അപ്പോള്‍ അവിടെ നമുക്കനുഭവപ്പെടുന്ന കാഴ്ചകള്‍ എത്രമാത്രം അതിശകയകരമായിരിക്കും!
വി. ഖുര്‍ആന്‍ 15:13-17
അവര്‍ ഉദ്‌ബോധനത്തില്‍ വിശ്വസിക്കുകയില്ല. പണ്ടുമുതലേ ഈ സ്വഭാവത്തിലുള്ള ജനങ്ങള്‍ ഇതേ സമ്പ്രദായം തന്നെയാണ് തുടര്‍ന്നുവന്നിട്ടുള്ളത്. നാം അവര്‍ക്ക് ആകാശത്തില്‍ ചില കവാടങ്ങള്‍ തുറന്നു കൊടുക്കുകയും അവര്‍ പട്ടാപ്പകല്‍ അതിലൂടെ കയറിത്തുടങ്ങുകയാണെങ്കില്‍പോലും, നമ്മുടെ ദൃഷ്ടികള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു, 'അല്ല നമ്മള്‍ ആഭിചാരം ചെയ്യപ്പെട്ടിരിക്കുന്നു' എന്നേ അവര്‍ പറയൂ.
ആകാശ കവാടങ്ങള്‍ തുറക്കപ്പെടുക എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് മറ്റൊരു dimension ലേക്ക് കടക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുക എന്നതാണ്. ഒരു ദ്വിമാന മനുഷ്യന് 'ഉയരം' എന്ന വാക്കിന്റെ അര്‍ഥം മനസ്സിലാകാത്തപോലെയാണ് നമ്മെ സംബന്ധിച്ചിടത്തോളം ഒരു നാലാം സ്ഥലപരിമാണത്തെ കുറിച്ച് പറയുന്നത്. ജന്മനാ അന്ധനായ ഒരു വ്യക്തിക്ക് പാലിന്റെ നിറം വെളുപ്പാണ് എന്ന് പറഞ്ഞുകൊടുത്താല്‍ 'നിറം', 'വെളുപ്പ്' എന്നീ പദങ്ങളെ മനസ്സിലാകാത്തതുപോലെയാണ് നമുക്ക് ഒരു നാലാം സ്ഥലമാനം എന്ന് പറയാം. അപ്പോഴും വിശുദ്ധ ഖുര്‍ആന്‍ 4th dimension ല്‍ എത്തുന്ന ഒരാളുടെ അനുഭവം എങ്ങനെ ആയിരിക്കുമെന്ന് വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കാത്തവനെ പട്ടാപ്പകല്‍ വലിയൊരു ദൃഷ്ടാന്തം കാണിക്കപ്പെട്ടാലും വിശ്വസിക്കയില്ലെന്ന് ഖുര്‍ആന്‍ പറയുന്നു. അവര്‍ക്ക് ആകാശകവാടങ്ങള്‍ തുറന്നു കൊടുത്താലും അവരതിലൂടെ കയറിപ്പോയാലും അവര്‍ വിശ്വസിക്കുകയില്ല. തങ്ങള്‍ ആഭിചാരത്തിന് അടിപ്പെട്ടുവെന്നും കാഴ്ചകള്‍ മായാദര്‍ശനം(optical illusion) ആണെന്നും അവര്‍ പറയും.
എന്തുകൊണ്ടാണ് ഇത്തരം ഒരു optical illusion സംഭവിച്ചതായി അനുഭവപ്പെടുക? മുമ്പ് ഒരു ദ്വിമാന മനുഷ്യന്‍ ത്രിമാനമായ ഗോളം കാണുന്നതു വിശദീകരിച്ചതുപോലെയുള്ള അനുഭവങ്ങളായിരിക്കും നമുക്ക് ഉണ്ടാവുക.
മലക്കുകള്‍ ഉയര്‍ന്ന സ്ഥലമാനങ്ങളില്‍ ഉള്ള അല്ലാഹുവിന്റെ സൃഷ്ടികള്‍ ആണ്. സ്വഹീഹായ ഹദീസുകളില്‍ പ്രവാചകന്‍(സ) ജിബ്‌രീല്‍(അ)നെ അദ്ദേഹത്തിന്റെ സ്വതവേ ഉള്ള രൂപത്തിലും ഭാവത്തിലും കണ്ടതായി ഹദീസുകള്‍ ഉണ്ട്.
ആഇശ(റ) നിവേദനം: അവര്‍ പറഞ്ഞു: മുഹമ്മദ്(സ) (തന്റെ നാഥനെ) അല്ലാഹുവിനെ കണ്ടുവെന്ന് വല്ലവനും വാദിക്കുകയാണെങ്കില്‍ അവന്‍ വമ്പിച്ച കുറ്റാരോപണമാണ് അല്ലാഹുവിന്റെ പേരില്‍ ചുമത്തുന്നത്. തിരുമേനി(സ) കണ്ടത് ജിബ്‌രീലിനെയാണ്. ജിബ്‌രീലിന്റെ സ്വതവേയുള്ള രൂപത്തിലും സ്വഭാവത്തിലുമാണ് നബി(സ) കണ്ടതും. അന്നേരം ജിബ്‌രീല്‍ ചക്രവാളത്തെ മുഴുവനും മൂടിയിരുന്നു. (ബുഖാരി 4.54.457)
ജിബ്‌രീല്‍(അ)നെ സ്വതവേ ഉള്ള രൂപത്തില്‍ കണ്ടപ്പോള്‍ ജിബ്‌രീല്‍(അ) ചക്രവാളത്തെ മുഴുവനും മൂടിയിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ നബി(സ) ജിബ്‌രീല്‍(അ)നെ കണ്ടത് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്ഥലമാനത്തോട് കൂടിയുള്ള രൂപത്തിലാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു ദ്വിമാന ജീവി ത്രിമാന കാഴ്ചപ്പാടില്‍ ഉയര്‍ന്ന മാനങ്ങളില്‍ ഉള്ള ജിബ്‌രീല്‍(അ) കണ്ടപ്പോള്‍ ഉണ്ടായ വിവരണമാണ് പ്രസ്തുത ഹദീസില്‍ ഉള്ളത്.
നമുക്ക് ദ്വിമാന മനുഷ്യനിലേക്ക് തിരിച്ചുവരാം. ദ്വിമാന ലോകത്തെ ഒരുവന്‍ അവിടെ ഒരു പ്രശ്‌നം സൃഷ്ടിച്ചിട്ട് ഓടിയൊളിക്കുന്നു എന്ന് കരുതുക. അവന് അവന്റെ ലോകത്ത് എത്രമാത്രം സുരക്ഷിതമായ താവളം ഉണ്ടെങ്കിലും നമുക്കവനെ നിഷ്പ്രയാസം അവിടെനിന്നു പൊക്കാനാകും. അപ്പോള്‍ മനുഷ്യന്റെയും ജിന്നുകളുടെയും കാര്യമോ?
അല്‍-ജിന്ന് 12
ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കാനും ഓടിയകന്ന് അവനെ പറ്റിക്കാനും സാധ്യമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സ്ഥലകാല ബന്ധങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ക്കും ഉപരിയാണ് അവന്റെ സ്ഥാനം. അതിനാല്‍, നാമോ നമ്മെക്കാള്‍ ഉയര്‍ന്ന തലങ്ങളില്‍ ഉള്ള ജിന്നുകളോ മറ്റു സൃഷ്ടികളോ എവിടെയൊക്കെ ഓടിയൊളിച്ചാലും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവരുടെമേല്‍ അവന്റെ നിയമം നടപ്പിലാക്കുക എന്നത് നിസ്സാരമാണ്.
വിശുദ്ധ ഖുര്‍ആന്‍ പ്രാപഞ്ചിക സത്യങ്ങളെ വിശദീകരിച്ചു തരുന്നുണ്ട്. ഓരോ കാലഘട്ടത്തിലെ മനുഷ്യര്‍ക്കും വെളിപ്പെടാനുള്ള ഓരോരോ സത്യങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടാവിന് ഖുര്‍ആനില്‍ എല്ലാ ശാസ്ത്രങ്ങളും ഉള്‍ക്കൊള്ളിക്കുക എന്നത് നിസ്സാരമാണ്. എന്നാല്‍, അത് അല്ലാഹുവിന്റെ രീതിയല്ല. മനുഷ്യന് ശാസ്ത്രം മാത്രം വിശദീകരിച്ചുകൊടുത്തതുകൊണ്ട് മനുഷ്യ വംശം മുഴുവന്‍ ഏകദൈവത്തില്‍ വിശ്വസിക്കണമെന്നില്ല. പ്രകൃതി മതമാണ് ഇസ്‌ലാം. പ്രകൃതിയുമായി സമരസപ്പെട്ടുപോകാന്‍- എല്ലാ അര്‍ഥത്തിലും (ജൈവിക സാമൂഹിക സാംസ്‌കാരിക) മനുഷ്യ വംശത്തെ നയിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് പരിശുദ്ധ ഖുര്‍ആന്‍. 1400 വര്‍ഷം മുമ്പ് അവതരിച്ച ഖുര്‍ആന്‍ അക്കാലത്ത് ജീവിച്ചിരുന്ന സമൂഹത്തിനു വേണ്ടി മാത്രമായിരുന്നു എന്ന് വാദിക്കുന്ന സത്യനിഷേധികളോട് പ്രപഞ്ച പ്രതിഭാസങ്ങളെ വിശദീകരിച്ചുകൊണ്ട് ഇനിയും നിങ്ങള്‍ വിശ്വസിക്കുന്നില്ലേ എന്ന് അല്ലാഹു ചോദിക്കുന്നു. കഴിഞ്ഞുപോയതും നിലവിലുള്ളതും വരാനിരിക്കുന്നതുമായ ലോക ജനതക്കായി അവതരിച്ചതാണ് വിശുദ്ധ ഖുര്‍ആന്‍. 1400 വര്‍ഷം മുമ്പുള്ള ജനങ്ങളെ ഉദ്‌ബോധിപ്പിക്കുമ്പോള്‍ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയാവണം പ്രയോഗിക്കേണ്ടത്. മനുഷ്യ സൃഷ്ടിപ്പിന്റെ കാര്യം പ്രസ്താവിക്കുമ്പോള്‍ കാര്‍ബണ്‍, ഓക്‌സിജന്‍, കാത്സ്യം, ഫോസ്ഫറസ് എന്നൊക്കെ ഖുര്‍ആനില്‍ പറയുമായിരുന്നു. എന്നാല്‍, എക്കാലവും മനസ്സിലാക്കാനാവുന്ന ഒരു പ്രയോഗമാണ് ഖുര്‍ആന്‍ ഉപയോഗിച്ചത്. കളിമണ്ണിന്റെ സത്ത്(ഖുര്‍ആന്‍ 23:12) അക്കാലത്തുള്ളവര്‍ അത് അങ്ങനെ മനസ്സിലാക്കിപ്പോന്നു, ശാസ്ത്രം പുരോഗമിച്ചപ്പോള്‍ കളിമണ്ണിന്റെയും മനുഷ്യന്റെയും അടിസ്ഥാന മൂലകങ്ങള്‍ ഒന്നു തന്നെ എന്ന് കണ്ടെത്തി.
നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, മുസ്‌ലിം സമൂഹത്തിന്റെ ഭൂരിപക്ഷവും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ശാസ്ത്ര സത്യങ്ങള്‍ മനസ്സിലാക്കാന്‍ തുനിയാതെ മനസ്സിലാകാത്ത കാര്യങ്ങളെക്കുറിച്ച് 'അതെല്ലാം ഗൈബ് ആണ്' എന്നൊരുത്തരം പറയാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നാല്‍ എന്താണ് ഗൈബ്? അല്ലാഹു അവന്റെ സവിശേഷ ജ്ഞാനത്തില്‍നിന്ന് വളരെ തുച്ഛമായത് മാത്രമേ മനുഷ്യവംശത്തിന് കൊടുത്തിട്ടുള്ളൂ. എന്നാല്‍ ആ തുച്ഛം എന്നത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ വലുത് തന്നെയാണ്. ഒരിക്കല്‍ ഒരു സംഘം ആളുകള്‍ പ്രവാചകനോട് ആത്മാവിനെ കുറിച്ചു ചോദിച്ചു. അത് അദൃശ്യജ്ഞാനമാണ്, വളരെ കുറച്ചു മാത്രമേ അതെക്കുറിച്ച് അറിവ് നല്‍കപ്പെട്ടിട്ടുള്ളൂ എന്നായിരുന്നു വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ മറുപടി. എന്നാല്‍ ഇന്ന് നമുക്ക് ആത്മാവിനെക്കുറിച്ച് എന്തറിയാം? ഒന്നും അറിയില്ല. അതായതു വളരെ കുറച്ചുപോലും അറിവ് നാം സമ്പാദിച്ചിട്ടില്ല. ശാസ്ത്രം വികസിക്കുന്തോറും നാം സ്വയം ഗൈബാണ് എന്ന് കരുതിയ വസ്തുതയും സത്യവും തമ്മിലുള്ള അന്തരങ്ങള്‍ കുറഞ്ഞു വരുന്നുണ്ട്. എന്നാല്‍ യഥാര്‍ഥ ഗൈബ് അപ്പോളും അദൃശ്യജ്ഞാനം ആയിത്തന്നെ നിലനില്‍ക്കും. ശാസ്ത്ര നിയമങ്ങളെ സംബന്ധിച്ചിടത്തോളം ഖുര്‍ആന് തെറ്റുപറ്റി എന്ന് ആരെങ്കിലും പറഞ്ഞാല്‍ നാം വിഷമിക്കുകയല്ല വേണ്ടത്. മറിച്ച്, അതേപ്പറ്റി വിശകലനം ചെയ്യുകയും സത്യം എന്തെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയുമാണ്. എന്തെന്നാല്‍ ഖുര്‍ആന് ഒരിക്കലും തെറ്റുപറ്റുകയില്ല.
1. أيّام എന്ന പദത്തിന് കാലഘട്ടം, ദിവസം എന്നൊക്കെയാണ് അര്‍ഥം.
2. സിംഹാസനം എന്ന് പറയുമ്പോള്‍ രാജാക്കന്മാര്‍ ഉപയോഗിച്ചുപോന്ന സിംഹാസനത്തിന്റെ ഒരു ചിത്രമായിരിക്കും നമ്മുടെ മനസ്സുകളില്‍ ഉണ്ടാകുക. എന്നാല്‍ അല്ലാഹുവിന്റെ അര്‍ശ് എന്ന് പറയുമ്പോള്‍.
3. കയറിപ്പോകാനാവുന്ന ശ്രേണികള്‍ എന്നാണ് മലയാള വിവര്‍ത്തനം. wormhole എന്നതാണ് ആംഗലേയ പദം.
4. മൂലത്തില്‍ ഉപയോഗിച്ച ثقلان എന്ന പദത്തിന്റെ ധാതു ثقِل ആണ്. ثقِل എന്ന പദത്തിന് ഗുരുത്വാകര്‍ഷണം, ഭാരം എന്നിങ്ങനെ അര്‍ഥങ്ങളുണ്ട്. എന്നാല്‍, ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഭൂമിയുടെ ഭാരങ്ങള്‍ എന്ന പ്രയോഗാര്‍ഥം ആണ് ഉപയോഗിച്ചിട്ടുള്ളത്.
5. مصباح എന്ന അറബി പദത്തിന് പ്രകാശം ഉത്സര്‍ജിക്കുന്ന വസ്തു എന്നാണ് അര്‍ഥം. നക്ഷത്രങ്ങളെ ഉപമിക്കാനാണ് ഈ വാക്ക് ഉപയോഗിക്കാറ്.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top