ഇന്ത്യയും ആഗോള ഇസ്‌ലാമും

ഫൈസല്‍ ദേവ്ജി‌‌
img

ക്യരാഷ്ട്രസഭയില്‍ അംഗത്വം ഉള്ളതുകൊണ്ടു മാത്രം ഒരു ദേശത്തിനും ആഗോളപദവി ലഭിക്കുന്നില്ല. ഓരോ ദേശത്തിനും മറ്റൊരു ദേശത്തില്‍നിന്ന് അതിനെ വ്യത്യസ്തമാക്കുന്ന ഒരു ആശയത്തിലൂടെ മാത്രമേ ആഗോള പദവി ലഭിക്കുന്നുള്ളൂ. ഈ വ്യത്യാസങ്ങള്‍ കിട്ടുന്നത് സമ്പത്തോ സൈനിക ശക്തിയോകൊണ്ട് മാത്രമല്ല. പകരം, ആ വ്യത്യസ്തമായ ഒരു ആശയം ദേശത്തിനു വളരെ പ്രധാനമാണ്. ഇന്ത്യ ഇപ്പോള്‍ ലോകത്തെ പ്രധാന സാമ്പത്തിക, സൈനിക ശക്തിയാണ്. അതുകൊണ്ടുതന്നെ, വ്യത്യസ്തമായ രാഷ്ട്രമാകാന്‍ മറ്റുള്ളവരെ പോലെ ഇന്ത്യ ഒരു ആശയം നിര്‍മിക്കേണ്ടതുണ്ട്.
കുറച്ചുകാലം മുമ്പ് ഇന്ത്യ ഇപ്പോള്‍ കാണുന്ന സമ്പത്തും പേശീബലവും ഇല്ലാതെതന്നെ ആഗോള പദവികള്‍ നില നിര്‍ത്തിയിരുന്നു. കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ കാലത്തും ചേരിചേരാ പ്രസ്ഥാന കാലത്തുമായിരുന്നു അത്. ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇന്ത്യയെ അന്താരാഷ്ട്ര സ്വാധീനമുള്ള രാഷ്ട്രീയ ശക്തിയാക്കി മാറ്റി. ഐക്യരാഷ്ട്ര സഭയില്‍ കാര്യക്ഷമമായി ഇടപെട്ട ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പൊതുസഭയില്‍ കോളനി വിമോചനം പ്രധാന രാഷ്ട്രീയ പ്രശ്‌നമാക്കിനിര്‍ത്തിയത് ഉദാഹരണം. എന്നാല്‍, ചേരി ചേരാ പ്രസ്ഥാനം, കൊളോണിയല്‍ വിരുദ്ധ പോരാട്ടം, സോഷ്യലിസം, അഹിംസ, വിപ്ലവ അരാജകത്വം തുടങ്ങി ഇന്ത്യയെ ലോകപ്രശസ്തമാക്കിയ കാര്യങ്ങള്‍ക്കെല്ലാം മുമ്പ് ഇന്ത്യയെ ആഗോള നേതൃത്വമാകാന്‍ സഹായിച്ച ആശയം ഇസ്‌ലാമായിരുന്നു. എന്നാല്‍, കൗതുകകരമായ കാര്യം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മുഗള്‍ ഇസ്‌ലാമിക രാഷ്ട്രീയ അധികാരം പടിയിറങ്ങിയതിനു ശേഷവും മുസ്‌ലിംകള്‍ ജനസംഖ്യാപരമായ ന്യൂനപക്ഷവും ആയിത്തീര്‍ന്നതിനു ശേഷമാണ് ഇസ്‌ലാം ഇന്ത്യയെ ആഗോള പദവിയിലെത്താന്‍ സഹായിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇസ്‌ലാം എന്ന ആശയമായിരുന്നു തങ്ങളുടെ അയല്‍ രാജ്യങ്ങളുമായി ഒത്തുചേര്‍ന്ന് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെടാന്‍ ഇന്ത്യക്കാരെ സഹായിച്ചത്. ഇടക്ക് കമ്യൂണിസം ഇസ്‌ലാമിനോടൊപ്പം അതേ റോളിലേക്ക് വന്നെങ്കിലും ഇസ്‌ലാം ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ആഗോള അധികാര മേല്‍ക്കോയ്മയെ വെല്ലുവിളിക്കാന്‍ ഇന്ത്യക്കാരെ പ്രാപ്തരാക്കി. ഈ സംരംഭത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശത്രുക്കളായിരുന്ന നെപോളിയന്റെ ഫ്രാന്‍സ്്, ഓട്ടോമന്‍ തുര്‍ക്കി, രണ്ട് ലോകയുദ്ധങ്ങളിലെ ജര്‍മനി എന്നിവരെല്ലാം ഇന്ത്യന്‍ മുസ്‌ലിംകളോട് ഐക്യപ്പെടാന്‍ തുനിഞ്ഞത് ശ്രദ്ധേയമാണ്. സൗത്ത് ഏഷ്യയിലും മിഡില്‍ ഏഷ്യയിലും പാന്‍ ഇസ്‌ലാമിസം പുതിയ ഐക്യദാര്‍ഡ്യങ്ങള്‍ തുറന്നു. ബോള്‍ഷെവിക് ലെനിനും ഇംപീരിയലിസ്റ്റ് കേഴ്‌സനും ഒരു പോലെ അതിനെ നശിപ്പിക്കാനും സ്വാംശീകരിക്കാനും ശ്രമിച്ചു. എന്തിനധികം പറയുന്നു, ബ്രിട്ടീഷ് സാമ്രാജ്യം പലപ്പോഴും സ്വയം വിശേഷിപ്പിച്ചത് 'ലോകത്തെ ഏറ്റവും വലിയ മുഹമ്മദന്‍ അധികാരം' എന്നായിരുന്നു. ഓട്ടോമന്‍ ഖിലാഫത്തിനെ എതിര്‍ക്കാനും തങ്ങളുടെ പ്രജകളായ മുസ്‌ലിംകളുടെ കൂറ് ഉറപ്പാക്കാനും വേണ്ടിയാണ് അവര്‍ അങ്ങനെ സ്വയം വിശേഷിപ്പിച്ചത്. മാത്രമല്ല, ഏഷ്യയിലും ആഫ്രിക്കയിലും യുറോപ്പിലും ഇന്ത്യന്‍ മുസ്‌ലിം സൈനികര്‍ ബ്രിട്ടനു വേണ്ടി പോരാടിയിരുന്നു. അവര്‍ ബ്രിട്ടീഷ് സൈന്യത്തില്‍ നല്ല സ്വാധീനം ചെലുത്തിയിരുന്നു.
അറബ് നിറമുള്ള വെസ്റ്റ് ഏഷ്യന്‍ ഇസ്‌ലാമല്ല, ഇന്ത്യയാണ് സൗത്ത് ഏഷ്യയില്‍ ഇസ്‌ലാമിനെ വളര്‍ത്തിയത്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇങ്ങനെ ആഗോള ഇസ്‌ലാമിനെ ഒരിക്കലും വളര്‍ത്താനായിട്ടില്ല. ഇന്ത്യയിലെ പാന്‍ ഇസ്‌ലാമിസത്തിന്റെ ഭീഷണി മുസ്‌ലിം ഐക്യത്തില്‍ ഒതുങ്ങിനിന്നില്ല. അവര്‍ തങ്ങളുടെ വിശ്വാസത്തിനു പുറത്തുള്ളവരെ കൂടി ഉള്‍പ്പെടുത്തി പുതിയ സഖ്യങ്ങള്‍ വികസിപ്പിച്ചു. ഇതാണ് അന്നത്തെ ദല്‍ഹി ലണ്ടന്‍ അധികാരത്തെ ഏറെ ചൊടിപ്പിച്ചത്. 1857-ലെ 'ശിപായി ലഹള' ഇന്ത്യയിലെ മുസ്‌ലിം, ഹിന്ദു വിഭാഗങ്ങളെ ബഹാദൂര്‍ ഷാ സഫറിനു കീഴില്‍ ഒന്നിച്ചുനിന്നുകൊണ്ട് ബ്രിട്ടനെതിരെ പോരാടാന്‍ സഹായിച്ചു. അതിനുശേഷം, ഒന്നാം ലോക യുദ്ധത്തിനു ശേഷം ഓട്ടോമന്‍ ഖിലാഫത്തിന്റെ തകര്‍ച്ച പുതിയ ഖിലാഫത്ത് പ്രസ്ഥാനത്തിന് ഇന്ത്യയില്‍ കാരണമായി. ഗാന്ധി അടക്കമുള്ളവര്‍ അതിനെ പിന്തുണച്ചു. അക്കാലത്ത് അഫ്ഗാന്‍ വഴി രാഷ്ട്രീയ അഭയം തേടി ഇന്ത്യന്‍ മുസ്‌ലിംകള്‍ സോവിയറ്റ് റഷ്യയില്‍ പോയി പാന്‍ ഇസ്‌ലാമിക ഐക്യത്തിന്റെ മേഖലകള്‍ വിപുലപ്പെടുത്തി. ഇസ്‌ലാം അവര്‍ക്ക് ദൈവശാസ്ത്രം മാത്രമായിരുന്നില്ല. രാഷ്ട്രീയമായ ഐക്യങ്ങള്‍ മത, മതരഹിത സമുദായങ്ങളുമായി നിര്‍മിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയവുമായിരുന്നു.
തീര്‍ച്ചയായും ഇതേ മുസ്‌ലിംകളില്‍ തന്നെ ഒരു വിഭാഗം അങ്ങനെയുള്ള വിശാലമായ ഐക്യങ്ങള്‍ നിരാകരിക്കാനും 'അവിശ്വാസികളെ' അടിച്ചമര്‍ത്താനും തയാറായിരുന്നു. വിഭജന ശേഷം ഇന്ത്യയും പാകിസ്ഥാനും രൂപീകരിക്കാനും ഇടയായ സംഭവങ്ങള്‍ ഒക്കെ അതിനിടയിലാണ് നടന്നത്. ഇന്ത്യ മുസ്‌ലിംകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നയങ്ങളില്‍ ബ്രിട്ടീഷ് നയങ്ങള്‍ തന്നെ പിന്തുടരാനും മുസ്‌ലിം രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരാനും ശ്രമിച്ചു. ഒ.ഐ.സിയില്‍ അംഗമാകാന്‍ ഇന്ത്യ എപ്പോഴും ശ്രമിച്ചു, പക്ഷേ, പാകിസ്ഥാന്‍ ആ ശ്രമത്തെ എല്ലായ്‌പ്പോഴും വീറ്റോ ചെയ്തു. എന്തുകൊണ്ടായിരിക്കാം ഇന്ത്യ ഒരു മുസ്‌ലിം ശക്തി എന്ന പദവി എല്ലായ്‌പ്പോഴും ആഗ്രഹിച്ചത്? വിഭജന കാലത്തെ ഹിംസയും അയല്‍ രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളും അതിനു പ്രേരണ നല്‍കിയിരിക്കാം. പക്ഷേ, ഇന്ത്യ മുസ്‌ലിം അധികാരത്തിന്റെ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നത് ഇന്ത്യയുടെ ആഗോള പദവിയെ വളരെ ഗൗരവതരത്തില്‍ ബാധിച്ചുവെന്നു നിരീക്ഷിക്കാം.
പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാന്‍ മുതല്‍ ലഷ്‌കറെ ത്വയ്യിബ വരെ, സൂഫികള്‍ മുതല്‍ ബറേല്‍വികള്‍ വരെ, അവരുടെ ശരിക്കുമുള്ള ഉറവിടം കൊളോണിയല്‍ ഇന്ത്യന്‍ സാഹചര്യങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാം. വെസ്റ്റ് ഏഷ്യ എപ്പോഴും തീവ്രവാദവും ഭീകരവാദവും കയറ്റിയയക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒരൊറ്റ മുസ്‌ലിം പ്രസ്ഥാനവും സൗദി അറേബ്യയില്‍നിന്നോ സമാനമായ സ്ഥലങ്ങളില്‍നിന്നോ തങ്ങളുടെ പ്രത്യയശാസ്ത്ര ഊര്‍ജം കണ്ടെത്തി എന്ന് പറയാനാവില്ല. പാകിസ്ഥാനിലെ മുസ്‌ലിം പ്രസ്ഥാനങ്ങള്‍ പറയാറുള്ളത് ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പീഡനത്തെ കുറിച്ച് മാത്രമല്ല; തങ്ങളുടെ ചരിത്രപരമായ ഉറവിടത്തെക്കുറിച്ച് കൂടിയാണ്. കൊളോണിയല്‍ ഇന്ത്യ ഉണ്ടാക്കിയ അത്ര ഇസ്‌ലാമിന്റെ ആഗോള ചലനങ്ങള്‍ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാനാവില്ല.
ഈ അറിവ് ഇഖ്ബാലിനെ പോലെ കവിയും തത്ത്വചിന്തകനുമായ ഒരാള്‍ നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നു. 1930-കളില്‍ മുസ്‌ലിംലീഗ് വേദിയില്‍ ഇഖ്ബാല്‍ നടത്തിയ പ്രഭാഷണത്തില്‍ ഇന്ത്യന്‍ സാഹചര്യം ഇസ്‌ലാമിനെ നിര്‍ണയിക്കുന്ന രീതികള്‍ അദ്ദേഹം കണ്ടെടുത്തു. ഇഖ്ബാല്‍ പറഞ്ഞു.
'Indeed it is no exaggeration to say that India is perhaps the only coutnry in the world where Islam as a socitey is almost entirely due to the working of Islam as a culture inspired by a specific ethical ideal.'
ഇഖ്ബാല്‍ മനസ്സിലാക്കിയത് മുസ്‌ലിംകള്‍ വ്യത്യസ്ത ഭാഷയും സംസ്‌കാരവും ആയി ചിതറിക്കിടക്കുന്ന ഇന്ത്യയില്‍ അങ്ങനെയുള്ള വ്യത്യാസങ്ങള്‍ മറികടന്ന് ഇസ്‌ലാമിനെ ഒരു ബദല്‍ ജനകീയശക്തി എന്ന നിലയില്‍ വികസിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്നാണ്. വംശ, പ്രദേശ, ഭാഷ വ്യത്യാസങ്ങള്‍ ഉള്ള ഇന്ത്യന്‍ മുസ്‌ലിംകളെ അങ്ങനെ ഇസ്‌ലാം എന്ന ആശയം പുതിയ സമൂഹമാക്കി മാറ്റുമെന്ന് ഇഖ്ബാല്‍ നിരീക്ഷിച്ചു.
ഇഖ്ബാല്‍ അതിങ്ങനെ പ്രകടിപ്പിച്ചു. 'We have a duty towards India where we are destined to live and die. We have a duty towards Asia, especially Muslim Asia. And since 70 millions of Muslims in a single country constitute a far more valuable asset to Islam than all the countries of Muslim Asia put together, we must look at the Indian problem not only from the Muslim point of view but also from the standpoint of the Indian Muslim as such.'
ഇന്ത്യയാണ് ലോകത്തെ ഏറ്റവും മികച്ച ഇസ്‌ലാമിക രാഷ്ട്രമെന്ന് ഇഖ്ബാല്‍ കരുതി. ബ്രിട്ടീഷ് ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ ഒരു മുസ്‌ലിം കോണ്‍ഫെഡറേഷന്‍ ഇഖ്ബാല്‍ വിഭാവന ചെയ്തു. 'അറബ് സാമ്രാജ്യത്വത്തിന്റെ' പാരമ്പര്യത്തില്‍ നിന്ന് ഇസ്‌ലാമിനെ മോചിപ്പിക്കാനും ഇസ്‌ലാമിനു തന്നെ പുതിയ തുടക്കം നല്‍കാനും അത് പ്രധാനമാണെന്ന് ഇഖ്ബാല്‍ കരുതി. ആഗോള മനുഷ്യ സമൂഹം ഇന്ത്യയിലെ ചിതറിത്തെറിച്ച മുസ്‌ലിം സമൂഹത്തെ പോലെയാണ്. ഇസ്‌ലാം എന്ന ആശയം ഈ സമൂഹത്തെ പുനര്‍നിര്‍മിക്കുന്ന ആശയമാണ്. ഇന്ത്യ അങ്ങനെ ലോകത്തെ പുനര്‍നിര്‍മിക്കുന്ന ആഗോള യാഥാര്‍ഥ്യമാണെന്നു ഇഖ്ബാല്‍ നിരീക്ഷിച്ചു.


1. ഔട്ട്‌ലുക് വാരിക 7 ജനുവരി 2013 നു പ്രസിദ്ധീകരിച്ച The Shy Caliphate എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ നടത്തിയത് കെ. അഷ്‌റഫ്.
2. ഫൈസല്‍ ദേവ്ജി ഒക്‌സ്ഫഡില്‍ സൗത്ത് ഏഷ്യന്‍ ചരിത്രം പഠിപ്പിക്കുന്നു. Landscapes of the Jihad: Militancy, Moraltiy, Modernity (2005), The Terrorist in Search of Humantiy: Militant Islam and Global Politics (2009), The Impossible India: Gandhi and the Temptation of Violence (2012) and Muslim Zion: Pakistan as a Political Idea (2013) തുടങ്ങിയ പുസ്തകങ്ങള്‍ ദേവ്ജിയുടേതാണ്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top