ഐ.എസ്.ഐ.എസും മുസ്‌ലിം സമൂഹത്തിന്റെ പ്രതികരണവും

മുഹമ്മദ് ഗീലാന്‍‌‌
img

ല്‍ഖാഇദയെക്കാള്‍ തീവ്രവാദ സ്വഭാവമുള്ള സംഘം പത്രങ്ങളില്‍ തുടര്‍ച്ചയായി തലക്കെട്ടുകളാവുന്നു. എന്നാല്‍, ഇത്തവണ സാധാരണ സ്വഭാവത്തിലുള്ള കൊലകളും ഭീകരതയുമല്ല തങ്ങള്‍ മുന്നേറുന്ന ഇടങ്ങളില്‍ നടപ്പിലാക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്ത് എന്നറിയപ്പെട്ടിരുന്ന സംഘം ഇപ്പോള്‍ ഔദ്യോഗികമായി പേരുമാറ്റിയതായും ഇസ്‌ലാമിക സ്റ്റേറ്റിന്റെ 'ഔദ്യോഗിക' സംസ്ഥാപനം നടന്നതായും പ്രഖ്യാപിച്ചിരിക്കുന്നു.
പ്രവാചകന്‍ മുഹമ്മദിന്റെ ഔദ്യോഗിക രാഷ്ട്രീയ പിന്മുറക്കാരനായി അബൂബക്ര്‍ ബഗ്ദാദിയെ ഒരു സംഘം ആധികാരിക വ്യക്തിത്വങ്ങള്‍ ഖലീഫയായി തെരഞ്ഞെടുത്തതായി അവര്‍ പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് അനുവര്‍ത്തിക്കുന്ന ക്രൂരതയേക്കാള്‍ ഈയടുത്ത് അവര്‍ നടത്തിയ ഒരു പ്രഖ്യാപനം വളരെയധികം കോലാഹലങ്ങള്‍ക്കിടയാക്കി.
മതപരമായ വായ്ത്താരികളുടെ പിന്‍ബലത്തിലും പ്രചാരണ വീഡിയോകളും ഉപയോഗിച്ച് മുസ്‌ലിം യുവാക്കളെ ഒന്നടങ്കം ആകര്‍ഷിക്കുകയും അപ്രകാരം വളരുകയും ചെയ്യുന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വ്യാപനത്തിന് കാരണങ്ങള്‍ നിരവധിയാണ്. 1916ല്‍ ഒപ്പുവെച്ച സൈകസ്-പിക്കൊട്ട് രഹസ്യകരാറിനെ സംബന്ധിച്ച് മുസ്‌ലിംകള്‍ക്കുള്ള എതിര്‍പ്പ് പാശ്ചാത്യ വിദഗ്ധരില്‍ വളരെ കുറച്ച് പേര്‍ മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ. ഒന്നാംലോക യുദ്ധത്തിനുശേഷം യൂറോപ്പിന്റെ അധിനിവേശ പ്രദേശങ്ങളുടെ വീതംവെപ്പിനു വേണ്ടി വരക്കപ്പെട്ട അതിര്‍ത്തികള്‍ ഇപ്പോഴും മുസ്‌ലിം മനസ്സുകളില്‍ നൂറു വര്‍ഷത്തിനു ശേഷവും മായാതെ കിടപ്പുണ്ട്. രാഷ്ട്രീയത്തെ കുറിച്ചും മുസ്‌ലിംകളുടെ രാഷ്ട്രീയ അനൈക്യത്തെ കുറിച്ചും മുസ്‌ലിം പണ്ഡിതന്മാര്‍ നടത്തുന്ന പ്രഭാഷണങ്ങളില്‍ ഇപ്പോഴും ആ കരാറിനെ പരാമര്‍ശിക്കുന്നുണ്ട്. ഈയൊരു ബോധവും, സിറിയയിലെയും ഇറാഖിലെയും ഭരണകര്‍ത്താക്കളുടെ തേര്‍വാഴ്ചകളും സുന്നികളെ വളരെയധികം പാര്‍ശ്വവത്കരിച്ച ഇറാഖ് ഭരണകൂടത്തിന്റെ വിഭാഗീയ നിലപാടുകളും ഇസ്‌ലാമിക് സ്റ്റേറ്റിന് വളരാനുതകുന്ന മണ്ണായി മാറ്റി. കാര്യങ്ങളെ യഥാവിധി വിലയിരുത്തിയാല്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളൊന്നും ആശ്ചര്യപ്പെടുത്തുന്നതല്ല.

മുസ്‌ലിം ഐക്യം തേടുമ്പോള്‍
ശൂന്യതയില്‍ നിന്നല്ല ഇസ്‌ലാമിക് സ്റ്റേറ്റ് തങ്ങളുടെ വാദങ്ങള്‍ ഉയര്‍ത്തുന്നത്. മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ളതും ഇന്നും തുടരുന്നതുമായ എല്ലാ തരം വിഭാഗീയതകള്‍ക്കിടയിലും അവര്‍ ഐകകണ്‌ഠ്യേന അംഗീകരിച്ച ഒരു കാര്യം തങ്ങള്‍ക്കിടയിലുണ്ടാവേണ്ട രാഷ്ട്രീയ ഐക്യത്തിന്റെ ആവശ്യകതയാണ്. പരമ്പരാഗതമായി, ഇസ്‌ലാമിലെ രാഷ്ട്രീയ നേതൃത്വത്തെ കുറിക്കുന്നതാണ് ഖിലാഫത്ത്. ജനങ്ങളുടെ വ്യക്തിപരവും സാമ്പത്തികവുമായ കാര്യങ്ങളെ സംബന്ധിക്കുന്ന ഒരു കേവല ഭരണസംവിധാനത്തെ മാത്രമല്ല, ഇസ്‌ലാമിക നിയമമനുസരിച്ച് ഒരു ഭരണകര്‍ത്താവ് പ്രതിനിധാനം ചെയ്യേണ്ടുന്ന നൈതികബോധത്തെയും ഖിലാഫത്ത് എന്ന പദം പ്രതിഫലിപ്പിക്കുന്നു.
വ്യക്തിയുടെ സ്വകാര്യ വിഷയങ്ങളെ മാത്രമല്ല, മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ ഇടപാടുകളെയും സംബന്ധിക്കുന്നതാണ് ഇസ്‌ലാം എന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. ആ അര്‍ത്ഥത്തില്‍ ഇസ്‌ലാം ലോകമതങ്ങള്‍ക്കിടയില്‍ സവിശേഷ സ്ഥാനമലങ്കരിക്കുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ട് അര്‍ഥമാക്കുന്നത് മധ്യകാലങ്ങളിലേക്ക് തിരിച്ചു പോകണമെന്നല്ല തന്നെ.
ഇസ്‌ലാമിക നിയമങ്ങളുടെ ചലനാത്മകതയും പുതിയ യാഥാര്‍ഥ്യങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയും വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല. അതിന്റെ ആരംഭദശയില്‍ തന്നെ, മൊത്തം വിഷയങ്ങളെ ഇസ്‌ലാമിക നിയമവ്യവസ്ഥ രണ്ട് വിശാല മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ആരാധനാ വിഷയങ്ങളും മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകളും. രാഷ്ട്രീയ വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകളെ സംബന്ധിച്ചുള്ള പാഠങ്ങളാണ് ഏറെ ചലനാത്മകതയും വികാസക്ഷമതയും കാണിക്കുന്നത്.
അല്‍ഖാഇദയില്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്തും അക്രമത്തിന്റെ രീതികളാണ് ഇസ്‌ലാമിക് സ്റ്റേറ്റ് തങ്ങളുടെ മതാധിപത്യം സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നത്. മുസ്‌ലിംകളുടെ അനൈക്യവും വേര്‍തിരിവുകളും അവസാനിപ്പിക്കുക എന്നതാണ് ഖിലാഫത്തിന്റെ ബാധ്യതയെന്ന് ചരിത്രകാരനും സോഷ്യോളജിസ്റ്റുമായിരുന്ന ഇബ്‌നു ഖല്‍ദൂന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്നത്തെ മുസലിം രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍, മുസ്‌ലിംകളുടെ മൗലികമായ ദൗത്യമാണിതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇതിനെയാണ് ഇസ്‌ലാമിക് ഖിലാഫത്ത് തങ്ങളുടെ പ്രസ്താവനയില്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മോശം വിഭാഗീയതകളും, അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും അവസാനിപ്പിക്കാന്‍ സമയമായി എന്നാണ് ഖിലാഫത്ത് സ്ഥാപനം പ്രഖ്യാപിച്ചതിനു ശേഷം തങ്ങളുടെ പ്രസ്താവനയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് പറഞ്ഞത്.
കൗതുകകരമായ കാര്യം, ആധുനിക ദേശീയതയെയും ഇസ്‌ലാം-പൂര്‍വ്വ അറബികളുടെ ഗോത്രവംശീയതയെയും കൂട്ടിക്കുഴക്കുകയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ചെയ്യുന്നത്. ശേഷം അവര്‍ ചെയ്യുന്നത് തെറ്റായ രണ്ട് വഴികള്‍ മുന്നോട്ടുവെക്കുകയാണ്. ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്ന മുസ്‌ലിംകളാവുക അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരില്‍ നിഷേധിയായി നിലകൊള്ളുക എന്നതാണ് രണ്ട് മാര്‍ഗങ്ങള്‍. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആശയാവലിയനുസരിച്ച് ശിയാക്കള്‍ മുസ്‌ലിംകളല്ല എന്നതുകൊണ്ട് തന്നെ അവരുടെ രക്തം ചിന്തുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ തന്നെ അപ്രസക്തമാണ്.

ഒരു കെട്ടുകാഴ്ച
1924ല്‍ അബ്ദുല്‍ മജീദ് ഇഫന്റിയെ പുറത്താക്കി ഓട്ടോമന്‍ സാമ്രാജ്യത്വത്തെ പിരിച്ചുവിടുന്നത് വരെയുള്ള 1300 വര്‍ഷങ്ങള്‍ ലോകമുസ്‌ലിംകള്‍ ഒറ്റ നേതൃത്വത്തിന് കീഴിലായിരുന്നെന്ന വസ്തുതയെ അട്ടിമറിച്ച് ആ സത്യത്തെ വിശ്വസിക്കാന്‍ പ്രയാസമുള്ളതാക്കി മാറ്റുകയാണ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപനത്തോടെ സംഭവിക്കുന്നത്. ഏകീകൃത ഇസ്‌ലാമിക സമൂഹമെന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഒരു അസംബന്ധമല്ല. അതുകൊണ്ടുതന്നെ ഭൂരിപക്ഷം ആളുകളും അത്തരമൊരു ഏകീകരണത്തിന്റെ ഗൃഹാതുരത്വം പേറുന്നവരാണ്. ഈ ഗൃഹാതുരത്വത്തെ ഇസ്‌ലാമിക് സ്റ്റേറ്റ് സമര്‍ത്ഥമായി ചൂഷണം ചെയ്യുകയാണ്. ഖിലാഫത്ത് പ്രഖ്യാപനത്തെ സാധൂകരിക്കുന്നതിനു വേണ്ടി അവരുടെ പ്രസ്താവനകളില്‍ അവര്‍ നിരവധി പണ്ഡിതന്മാരെയും ഖുര്‍ആനെയും ഉദ്ധരിക്കുന്നുണ്ട്. പക്ഷേ, അതെല്ലാം കെട്ടുകാഴ്ചകള്‍ മാത്രാണ്.
അടിസ്ഥാനസങ്കേതങ്ങളില്‍ തര്‍ക്കമില്ലെന്നാണ് ഇസ്‌ലാമിക കര്‍മശാസ്ത്ര നയത്തിന്റെ പ്രമാണങ്ങളില്‍ ഒന്ന്. ഇസ്‌ലാമിക സംജ്ഞകള്‍ ഉപയോഗിച്ച് ചില പ്രവൃത്തികള്‍ക്ക് മുസ്‌ലിം ജനസാമാന്യത്തിന്റെ പിന്തുണ നേടിയെടുക്കുന്നത് തടയുക എന്നതാണ് ആ പ്രമാണത്തിന്റെ ഉദ്ദേശ്യം. വേറൊരു വാക്കില്‍ പറഞ്ഞാല്‍, വഴിപിഴപ്പിക്കുന്നത് തടയുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് ഇസ്‌ലാമിക് ഫിനാന്‍സ് എന്ന് അറിയപ്പെടുന്ന സംവിധാനങ്ങള്‍ ഇക്കാര്യത്തിന് ഒരു ഉദാഹരണമാണ്. ഇസ്‌ലാമിക പദാവലികള്‍ അലങ്കാരമായി ഉപയോഗിക്കുന്നു എന്നല്ലാതെ, പലിശാധിഷ്ഠിത ബാങ്കിങ്ങില്‍ നിന്ന് വലിയ വ്യത്യാസമേതുമില്ലാത്ത രീതികളാണ് ഇവരും സ്വീകരിക്കുന്നത്. അതായത്, പ്രവൃത്തിയുടെ തലക്കെട്ട് ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഗൗനിക്കുന്നില്ല. പ്രവൃത്തിയുടെ അന്തസ്സത്തയാണ് അതിന് മതപരമായ സാധുത നല്‍കുന്നത്.
പ്രവൃത്തിയുടെ അന്തസ്സത്ത പരിശോധിക്കുമ്പോള്‍ തന്നെ, അതിനെ സ്വീകരിച്ച മാര്‍ഗങ്ങള്‍, അതിന്റെ അനന്തരഫലങ്ങള്‍ എന്നിവയും മുസ്‌ലിം പണ്ഡിതന്മാര്‍ പരിശോധിക്കുന്നു. ഖിലാഫത്ത് സ്ഥാപിക്കേണ്ടത് മുസ്‌ലിംകളുടെ ബാധ്യതയാണെന്നതുകൊണ്ട് അതിനുവേണ്ടി എന്തും ചെയ്യാനുള്ള ഇസ്‌ലാമികമായ ന്യായീകരണം ഒരാള്‍ക്കും ലഭിക്കുന്നില്ല. എന്നുമാത്രമല്ല, ഖിലാഫത്ത് സ്ഥാപിക്കാനുള്ള പദ്ധതിയില്‍ ഹിംസയുടെ ഏതെങ്കിലും ചെറിയ അളവിലുള്ള പ്രവൃത്തി ഉള്‍ക്കൊള്ളുന്നുവെങ്കില്‍ അതിനെ ഇസ്‌ലാമികമായി അംഗീകരിക്കാനാവില്ല. എന്നാല്‍, ഹിംസയാണ് 'ഇസ്‌ലാമിക് സ്റ്റേറ്റ്്' തങ്ങളുടെ പ്രൊപഗണ്ടയായി സ്വീകരിച്ചിരിക്കുന്നത്.
ഖുര്‍ആന്റെയും പ്രവാചക ചര്യകളുടെ ക്രോഡീകരണമായ ഹദീസിന്റെയും പശ്ചാത്തലം അവഗണിച്ചുകൊണ്ട് ഇസ്‌ലാമിക നിയമങ്ങളെ സ്വീകരിക്കുന്നു എന്നതാണ് ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള സംഘങ്ങളുടെ പൊതുരീതി. മാത്രമല്ല, ആധുനികമായ രാഷ്ട്രീയരൂപങ്ങളേതും സ്വീകാര്യമല്ലെന്നാണ് ഇവരുടെ പക്ഷം. പ്രവാചകന്റെ ജീവിത കാലത്തുണ്ടായിരുന്നതാണ് എക്കാലത്തേക്കുമുള്ള മാതൃക എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
അക്ഷരങ്ങളില്‍ നിന്നും തങ്ങള്‍ മനസ്സിലാക്കിയത് അനുസരിച്ച് നിയമങ്ങള്‍, അതിന്റെ ആത്യന്തിക ലക്ഷ്യങ്ങളെ മനസ്സിലാക്കാതെയും അവയുടെ ഉദ്ദേശ്യത്തെ തന്നെ ഹനിക്കുന്നതാണെങ്കിലും ഏതുവിധേനയും നടപ്പിലാക്കുകയാണിവര്‍.
അക്ഷരവായനയിലൂടെ ഇസ്‌ലാമിന്റെ തെറ്റായ പ്രതിനിധാനമാണവര്‍ നിര്‍വഹിക്കുന്നത്. ഇസ്‌ലാമിക സമൂഹത്തില്‍ പുലര്‍ത്തിയിരുന്ന ബഹുസംസ്‌കാരങ്ങളോടുള്ള സമീപനത്തെ പാടെ വിസ്മരിച്ചു കൊണ്ടാണ് ഇവര്‍ പ്രമാണങ്ങളെ കൈകാര്യം ചെയ്യുന്നത്.
'ഇസ്‌ലാമിക് സ്റ്റേറ്റി'നെ സംബന്ധിച്ചിടത്തോളം, ഐക്യം, നീതി, ജീവന്റെയും മതത്തിന്റെയും സംരക്ഷണം എന്നു തുടങ്ങിയുള്ള ലക്ഷ്യങ്ങള്‍ അവഗണിച്ചാണ് ഖിലാഫത്ത് സ്ഥാപിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. അതിനു പകരം അവര്‍ ചെയ്യുന്നത്, ഏകസ്വഭാവം, അനീതി, ന്യൂനപക്ഷങ്ങളുടെ ആസൂത്രിതമായ ഉന്മൂലനം എന്നിങ്ങനെയുള്ള ഫാഷിസത്തിന്റെ പ്രയോഗങ്ങളെ ഇസ്‌ലാമിന്റെ മൂടുപടം അണിയിക്കുകയാണ്.
അവകാശപ്പെടുന്നത് പോലെ ഇസ്‌ലാമിക വ്യാപനത്തിന്റെ പൂര്‍ത്തീകരണമോ പ്രവാചകന്‍ മുഹമ്മദിന്റെ രീതിയോ അല്ല ഖിലാഫത്ത് സ്ഥാപനത്തിന്റെ കേവലപ്രഖ്യാപനത്തോടെ ഇസ്‌ലാമിക് സ്റ്റേറ്റ് ചെയ്തിരിക്കുന്നത്. സംഘടിതമായ സൈനിക ചെറുത്തുനില്‍പുകളുടെ അഭാവത്തില്‍ ഒരു കൂട്ടം തീവ്രവാദികള്‍ നടത്തുന്ന ഹിംസയുടെ ഭീകരതയുടെ വിജയമാണിത്. എന്നാല്‍ ഈ വിജയമാണ് ഖിലാഫത്തിന് കീഴില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിംകളെ ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് ആകര്‍ഷിക്കുന്നതെന്ന് വരുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവുകയാണ്.

ഖിലാഫത്തിന്റെ പ്രഖ്യാപനവും ഇസ്‌ലാമിക പണ്ഡിതന്മാരും
ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ഖിലാഫത്ത് പ്രഖ്യാപനത്തെ തള്ളിക്കൊണ്ട് പ്രമുഖ സുന്നി പണ്ഡിതന്മാരും പ്രസ്ഥാനങ്ങളും രംഗത്തുവന്നു.
അഫ്ഗാനിസ്ഥാനില്‍ റിക്രൂട്ട്‌മെന്റ് നടത്തിയതിന്റെ പേരില്‍ ജോര്‍ദാനില്‍ ജയില്‍ ശിക്ഷയനുഭവിച്ച അസ്സം ബര്‍ഖാവി, അബുബകര്‍ ബഗ്ദാദിയുടെ അനുയായികളെ വഴിതെറ്റിപ്പോയവരെന്നാണ് വിശേഷിപ്പിച്ചത്.
അല്‍ഖാഇദയുടെ നുസ്‌റ മുന്നണിയുടെ പിന്തുണക്കാരനായ മഖ്ദീസി ഐ.എസ്‌ഐ.എസിന്റെ നിഷ്ഠുരതയെ കഠിനമായി അപലപിച്ചു. വേട്ടയാടപ്പെടുന്ന അഭയാര്‍ത്ഥികളായ എല്ലാ മുസ്‌ലിംകളുടെയും അഭയസ്ഥാനമാണോ അതല്ല വിയോജിക്കുന്നവരുടെ മേലുയര്‍ത്തപ്പെട്ട വാളാണോ ഈ ഖിലാഫത്തെന്ന് അദ്ദേഹം ചോദിക്കുന്നു.
സലഫീ ആശയക്കാരനായ മഖ്ദീസിയോടൊപ്പം, സിറിയയിലെ മുഹമ്മദ് അല്‍ യാഖൂബിയെ പോലുള്ള സൂഫി പണ്ഡിതന്മാരും ഖിലാഫത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഐ.എസ്.ഐ.എസിനെ വഴിപിഴച്ചവര്‍ എന്ന് വിശേഷിപ്പിച്ചതിന് പുറമെ ഖിലാഫത്ത് പ്രഖ്യാപനം അന്യായമാണെന്നും അതിനെ പിന്തുണക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യത്യസ്തമല്ലാത്ത ഭാഷയിലാണ് യൂസുഫുല്‍ ഖറദാവിയുടെ പ്രതികരണവും.
ഒരു കൂട്ടമാളുകള്‍ പ്രഖ്യാപനം നടത്തിയാല്‍ നിലവില്‍ വരുന്നതല്ല ഖിലാഫത്തെന്ന് ഖറദാവി പറഞ്ഞു. അദ്ദേഹം നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതവേദിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇസ്‌ലാമിക നിയമപ്രകാരം ഈ പ്രഖ്യാപനം അടിസ്ഥാനമില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖിലാഫത്തിന്റെ സംസ്ഥാപനം മുസ്‌ലിംകളുടെ മതപരമായ ബാധ്യതയാണെന്ന് പ്രഖ്യാപിച്ച ഹിസ്ബു തഹ്‌രീര്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയും ഐ.എസ്.ഐ.എസിന്റെ ഖിലാഫത്ത് പ്രഖ്യാപനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
എവിടെയെങ്കിലും ഒരിടത്ത് ഒരു പ്രഖ്യാപനം നടത്തിയതുകൊണ്ട് തകര്‍ക്കാന്‍ കഴിയുന്നതല്ല ഇസ്‌ലാമിക ഖിലാഫത്തിന്റെ പ്രതിച്ഛായയെന്ന് തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞു.
തികച്ചും അധാര്‍മികവും, വഞ്ചനാത്മകവുമായ സന്ദേശമാണ് ഖിലാഫത്ത് പ്രഖ്യാപനം നടത്തിയവര്‍ ചെയ്തിരിക്കുന്നതെന്ന് റാശിദ് ഗനൂശി പറഞ്ഞു.
ഇത്തരം അസംബന്ധത്തിലൂടെയല്ല രാജ്യങ്ങള്‍ രൂപം കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പ്രഖ്യാപനം തങ്ങളുടെ വികാരത്തെ ഹനിക്കുന്നതാണെന്ന് ഒരുപാട് ഇസ്‌ലാമിക സംഘങ്ങള്‍ വിശ്വസിക്കുന്നതായി സാന്റാ ക്ലാരാ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഫരിദ് സെന്‍സയി അഭിപ്രായപ്പെടുന്നു.
സമാധാനപരമായ മാര്‍ഗത്തിലൂടെ ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് പരിക്കേല്‍പിക്കുന്ന ബഗ്ദാദിയുടെ ഖിലാഫത്ത് പ്രഖ്യാപനത്തെ ഭൂരിഭാഗം ഇസ്‌ലാമിക സംഘങ്ങളും തള്ളിപ്പറഞ്ഞിരിക്കുകയാണ്.
ഐ.എസ്.ഐ.എസ് നടപ്പിലാക്കിയ ശിക്ഷാ നടപടികള്‍ അവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഖിലാഫത്ത് എന്ന ആശയം സ്വീകാര്യമാണെങ്കിലും, ഐ.എസ്.ഐ.എസിന്റെ അക്രമ രീതികള്‍ കൊണ്ട് ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ അവരെ അംഗീകരിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, അപലപിക്കുന്നവര്‍ എത്ര വലുതായാലും, ബഗ്ദാദിയുടെ അനുയായികളെ അത് തെല്ലും ബാധിക്കാന്‍ പോകുന്നില്ല. പരമ്പരാഗത പണ്ഡിതന്മാരെയോ മുഖ്യധാരാ പണ്ഡിതന്മാരെയോ അവര്‍ വകവെക്കുന്നില്ല. അവര്‍ക്കുവേണ്ട ന്യായങ്ങള്‍ അവര്‍ തന്നെ ചമക്കുകയാണ്.
വിവ: അനീസ് ചാവക്കാട്

പിന്‍കുറി: തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇസ്‌ലാമിനെ ദുരുപയോഗം ചെയ്യുന്നവരെ കുറിച്ച് പ്രവാചകന്‍ മുഹമ്മദ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തരം ഒരുപാട് ഉദ്ധരണികളില്‍ ഒന്നിങ്ങനെ:
കറുത്ത കൊടികള്‍ കാണുമ്പോള്‍ എവിടെയാണോ നിങ്ങള്‍ അവിടെ തന്നെ നില്‍ക്കുക. അതിന് ശേഷം ദുര്‍ബലരായ അവഗണിക്കപ്പെടുന്ന ഒരു കൂട്ടമാളുകളെ കാണും. ഇരുമ്പിന്റെ കഷ്ണങ്ങള്‍ പോലെയായിരിക്കും അവരുടെ ഹൃദയം. അവര്‍ രാഷ്ട്രത്തിന്റെ പ്രതിനിധികളാണ്. അവര്‍ വാക്കുപാലിക്കുകയോ കരാര്‍ പൂര്‍ത്തിയാക്കുകയോ ഇല്ല. അവര്‍ സത്യത്തിലേക്ക് ക്ഷണിക്കും, അവര്‍ അതിന്റെ ആളുകളല്ലാതിരിക്കുമ്പോള്‍ തന്നെ. അവരുടെ പേരുകള്‍ കൂട്ടുപേരുകളായിരിക്കും. അവരുടെ വിശേഷണം ഏതെങ്കിലും സ്ഥലത്തിന്റെ പേരിലായിരിക്കും. അവരുടെ മുടി സ്ത്രീകളുടേത് പോലെ നീളമുള്ളതായിരിക്കും. അവര്‍ അവര്‍ക്കിടയില്‍ ഛിദ്രതയുണ്ടാവുന്നിടത്തോളം അങ്ങനെ തന്നെയായിരിക്കും. പിന്നീട് ദൈവം അവന്‍ ഇച്ഛിക്കുന്നവരില്‍ നിന്നും സത്യത്തെ കൊണ്ടുവരും.

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top