ഖിലാഫത്തും നവീനാഖ്യാനങ്ങളും

അശ്‌റഫ് കീഴുപറമ്പ്‌‌
img

മീപകാലത്ത് ഖിലാഫത്തിനെക്കുറിച്ച ചര്‍ച്ച സജീവമാകാന്‍ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. അതിലൊന്ന്, തീര്‍ച്ചയായും 'സുന്നി ഭീകരസംഘ'മെന്ന് മീഡിയ വിശേഷിപ്പിക്കുന്ന, 'ദാഇശ്' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദൗല ഇസ്‌ലാമിയ്യ ഫില്‍ ഇറാഖ് വശ്ശാം എന്ന തീവ്രവാദി സംഘമാണ്. ഈ പേരില്‍ ഖിലാഫത്ത് എന്ന പദം വരുന്നില്ലെങ്കിലും, സംഘത്തിന്റെ തുടക്കത്തിലെ പേര് ദൗലതുല്‍ ഖിലാഫ അല്‍ ഇസ്‌ലാമിയ്യ എന്നായിരുന്നു. ഇറാഖിലെയും സിറിയയിലെയും വലിയൊരുഭാഗം ഭൂപ്രദേശങ്ങള്‍ ഇപ്പോഴും ഇവരുടെ നിയന്ത്രണത്തിലാണ്. ബ്രിട്ടനോളം വലുപ്പമുണ്ടാകും ആ മേഖല. ഇവിടെ ഭരണം നടത്തുന്നുവെന്ന് പറയപ്പെടുന്ന അബൂബക്ര്‍ ബഗ്ദാദി എന്നയാള്‍ 'മുസ്‌ലിം സമൂഹത്തിന്റെ ഖലീഫ'യാണ് എന്നാണ് സംഘത്തിന്റെ അവകാശവാദം. ഈ ഖലീഫക്ക് ബൈഅത്ത് ചെയ്യാത്ത ഏതൊരുവനും ഇസ്‌ലാമിന് പുറത്ത്! ഇവരുടേതായി പുറത്തു വന്ന ആദ്യ പ്രഖ്യാപനങ്ങളിലൊന്ന്, 'ഖലീഫയെ സ്‌നേഹിക്കാത്തവന്റെ നോമ്പ് ശരിയാവുകയില്ല' എന്നായിരുന്നു. അതിന് പ്രതികരണമായി രസകരമായ ഒട്ടനവധി ട്വീറ്റുകളും പ്രചരിച്ചു.
ഈ സംഘത്തിന് ആഗോള മുസ്‌ലിം സമൂഹത്തിലെ ഏതെങ്കിലും അംഗീകൃത സംഘടനകളുടെയോ ഗ്രൂപ്പുകളുടെയോ വ്യക്തികളുടെയോ പിന്‍ബലമില്ലെന്ന് മാത്രമല്ല അവരൊക്കെയും അതിരൂക്ഷമായ ഭാഷയിലാണ് ഈ സംഘത്തെയും ഖിലാഫത്തിന്റെ പേരില്‍ അവര്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകളെയും വിമര്‍ശിച്ചിരിക്കുന്നത്. ഹമീദ്ബ്‌നു സന്‍ജൂയ പറഞ്ഞതായി ഇമാം ബഗവി തന്റെ 'ശറഹുസ്സുന്ന'യില്‍ ഉദ്ധരിച്ചിട്ടുണ്ട്: ''ഖിലാഫത്ത് അവകാശപ്പെടാനാവുക സ്വന്തം പ്രവൃത്തികള്‍കൊണ്ട് ആ ആശയത്തെ സത്യപ്പെടുത്തുകയും സാക്ഷാത്കരിക്കുകയും ചെയ്തവര്‍ക്കാണ്. അതിന് മാതൃകയാക്കേണ്ടത് പ്രവാചകന്റെ തിരുചര്യയും. തിരുചര്യക്ക് എതിരാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവരുടെ പേര് രാജാക്കന്മാര്‍ എന്നാണ്. 'ഖലീഫ' എന്ന് അവരുടെ പേരിനൊപ്പം ചേര്‍ത്തത് കൊണ്ട് ഒരു കാര്യവുമില്ല.'' പ്രശസ്ത പണ്ഡിതന്‍ മുഹമ്മദ് ത്വാഹിര്‍ ഇബ്‌നു ആശൂര്‍ എഴുതി: ''ദൈവിക നിയമങ്ങള്‍ ബന്ധപ്പെട്ടുനില്‍ക്കുന്നത് ചൈതന്യവത്തായ ആശയങ്ങളുമായും ഗുണങ്ങളുമായാണ്. രൂപങ്ങളുമായോ പേരുകളുമായോ അതിന് ബന്ധമില്ല.'' ഇസ്‌ലാമിക പൈതൃകത്തിലെ സര്‍വാംഗീകൃതമായ ഒരു തത്ത്വമാണിത്. അതിനാല്‍ ഖിലാഫത്ത്, ഖലീഫ എന്നൊക്കെ കേള്‍ക്കുമ്പോഴേക്ക് മുസ്‌ലിം ജനസാമാന്യം അതില്‍ വീണുപോകുമെന്ന് കരുതുന്നത് മൗഢ്യമാണ്.
'ദാഇശി'നെക്കുറിച്ച് വന്നേടത്തോളം വാര്‍ത്തകളെല്ലാം ഖിലാഫത്തിന്റെ അന്തസ്സത്തക്ക് ഒട്ടും നിരക്കാത്തതാണ്. ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ പ്രസംഗത്തിന് പാരഡി ചമച്ച് പരിഹാസ്യരാവുകയാണ് 'ഖലീഫ'യും കൂട്ടരും. ഇറാഖിലും സിറിയയിലുമായി സ്ഥാപിതമായി എന്നു പറയുന്ന ആ സംവിധാനം പ്രഥമ ദൃഷ്ട്യാ തന്നെ ഖിലാഫത്തിന് പുറത്താണ്. ഒന്നാമതായി, ഇസ്‌ലാമിലെ ഖിലാഫത്ത് മുസ്‌ലിംകള്‍- അവര്‍ എണ്ണത്തില്‍ കുറച്ചാവട്ടെ, കൂടുതലാവട്ടെ- സ്വമനസ്സാലെ, ഇഷ്ടത്തോടെ അംഗീകാരം നല്‍കുന്ന ഒരു ഭരണ സംവിധാനമാണ്. മുസ്‌ലിംകളില്‍ ആയിരത്തിലൊരാളുടെ അംഗീകാരമുണ്ടോ ഇപ്പറഞ്ഞ 'ദാഇശി'ന്? ഇനി, അവരുടെ ഭരണപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ സ്വമനസ്സാലെ അവരെ അംഗീകരിക്കുന്നുണ്ടോ? അതുമില്ല. പേടികൊണ്ട് മിണ്ടാതിരിക്കുന്നുണ്ടാവും എന്നു മാത്രം.
രണ്ടാമതായി, ഖലീഫയെ തെരഞ്ഞെടുക്കേണ്ടത് കൂടിയാലോചനയിലൂടെയും പൊതുജനത്തിന്റെ കൂടി അഭിപ്രായമാരാഞ്ഞുകൊണ്ടുമൊക്കെയാണ്. എല്ലാ ഖുലഫാഉര്‍റാശിദുകളുടെയും തെരഞ്ഞെടുപ്പ് അതിന് മാതൃകയാണ്. മുസ്‌ലിം പൊതുസമൂഹത്തിന്റെ അനുസരണ പ്രതിജ്ഞ(ബൈഅത്ത്)യാണ് ഖിലാഫതുര്‍റാശിദക്ക് നിയമസാധുത നല്‍കുന്ന ഒരു അടിസ്ഥാനം. ഇറാഖില്‍ ഖലീഫയെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ആളെ ആരാണ് ബൈഅത്ത് ചെയ്തത്? ഇനി ബൈഅത്ത് ചെയ്തവര്‍ക്ക് ഇസ്‌ലാമിക സമൂഹത്തിലുള്ള സ്ഥാനമെന്താണ്?
മൂന്നാമതായി, സമ്പൂര്‍ണ സ്വാതന്ത്ര്യവും സുരക്ഷയും സമാധാനവുമുള്ള അന്തരീക്ഷത്തിലാണ് ഖലീഫയുടെ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇവിടെ വാളിന്റെയും ഭീഷണിയുടെയും ആക്രോശങ്ങളുടെയും നിഴലിലാണ് എല്ലാ കാര്യങ്ങളും. നിര്‍ബന്ധിതാവസ്ഥയില്‍ അവരെ അംഗീകരിക്കുന്ന ചിലരുണ്ടാവാം. 'നിര്‍ബന്ധിതന്റെ ത്വലാഖ് സ്വീകാര്യമല്ല' എന്ന് ഇമാം മാലിക് പറഞ്ഞിട്ടുണ്ട്. അതിവിടെയും ബാധകമാണ്. നിര്‍ബന്ധിതന്റെയും ഭയവിഹ്വലന്റെയും ബൈഅത്ത് സ്വീകാര്യമല്ല. നാലാമതായി, ഇസ്‌ലാമിക ഖിലാഫത്ത് മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമായിരുന്നു എക്കാലത്തും; പില്‍ക്കാലത്ത് എന്തൊക്കെ തകരാറുകള്‍ ആ സംവിധാനത്തിന് പിണഞ്ഞിട്ടുണ്ടെങ്കിലും. എന്നാല്‍, ഇറാഖിലെ 'ദാഇശ്' മുസ്‌ലിം ഛിദ്രതയെയും ശൈഥില്യത്തെയുമാണ് പ്രതീകവല്‍ക്കരിക്കുന്നത്. ചുരുക്കത്തില്‍, എല്ലാ അര്‍ഥത്തിലും നിഷേധാത്മകവും ഖിലാഫത്തിന്റെ സമുന്നതാശയങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് 'ദാഇശും' അതുപോലുള്ള പ്രതിഭാസങ്ങളും.1
ഖിലാഫത്തിനെക്കുറിച്ച ചര്‍ച്ച സജീവമാക്കിയ മറ്റൊരു സമീപകാല സംഭവം നിലവിലെ തുര്‍ക്കി രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു ധൈഷണിക സംവാദമാണ്. ക്രിയാത്മകം എന്ന് അതിനെ വിശേഷിപ്പിക്കാം. ഇസ്‌ലാമിസ്റ്റ് ആഭിമുഖ്യമുള്ള തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ വിദേശനയത്തെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച. തുര്‍ക്കി വിദേശകാര്യമന്ത്രിയായിരിക്കെ അഹ്മദ് ദാവൂദ് ഒഗ്‌ലു നടത്തിയ ഈജിപ്ഷ്യന്‍ പര്യടനത്തില്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ''അറബ് തെരുവുമായി ബന്ധം നഷ്ടപ്പെടുത്തിയതാണ് കമാല്‍ അത്താതുര്‍ക്ക് മുതല്‍ ഇന്നുവരെയുള്ള തുര്‍ക്കി രാഷ്ട്രീയ നേതാക്കളുടെ പരാജയം.'' ഇതൊരു തിരിച്ചറിവിന്റെ ഫലമായിരുന്നു. സംഭവങ്ങളോട് പ്രതികരിക്കുക മാത്രം ചെയ്യുന്ന, പ്രാന്തത്തിലെവിടെയോ ഒതുങ്ങിക്കഴിയുന്ന ഒരു രാഷ്ട്രം എന്ന നിലയില്‍നിന്ന് മേഖലയുടെ നെടുനായകത്വം വഹിക്കുന്ന രാഷ്ട്രം എന്ന നിലയിലേക്ക് തുര്‍ക്കിയെ ഉയര്‍ത്തിക്കൊണ്ട് വരണമെന്ന് അക് പാര്‍ട്ടി തീരുമാനിച്ചു. മുന്‍കാലങ്ങളില്‍ ഉസ്മാനി സാമ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന ബാള്‍ക്കന്‍, കോക്കസ്, മധ്യപൗരസ്ത്യ ദേശങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് തുര്‍ക്കി പ്രഥമ പരിഗണന നല്‍കിയത്. ആ വിദേശനയത്തിന് മൂന്ന് അടിസ്ഥാനങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്: ഇസ്‌ലാമിക പൈതൃകവുമായുള്ള ബന്ധം ശക്തിപ്പെടുത്തല്‍. രണ്ട്: വിദേശനയത്തില്‍ ഉസ്മാനി ഭരണാധികാരികളുടെ പ്രതാപവും അഭിമാനബോധവും ഉയര്‍ത്തിപ്പിടിക്കല്‍. മൂന്ന്: പാശ്ചാത്യരെ പിണക്കാതെ തന്നെ പൗരസ്ത്യ ലോകവുമായി ആഴത്തില്‍ ബന്ധം സ്ഥാപിക്കല്‍. സാമുവല്‍ ഹണ്ടിംഗ്ടണ്‍ പോലെയുള്ള ദോഷൈകദൃക്കുകളുടെ വിശകലനങ്ങളെ യുക്തിയുക്തം നേരിട്ട് ടര്‍ക്കിഷ്/ഇസ്‌ലാമിക നാഗരികതയുടെ തിരിച്ചുവരവ് ദാര്‍ശനികന്‍ കൂടിയായ ദാവൂദ് ഒഗ്‌ലു പ്രവചിക്കുക കൂടി ചെയ്തു.
സമകാലിക മുസ്‌ലിം സമൂഹം നാഗരിക പരിവര്‍ത്തനങ്ങളുടെ നാലാംഘട്ടത്തിലെത്തിനില്‍ക്കുകയാണെന്നാണ് ദാവൂദ് ഒഗ്‌ലു സമര്‍ഥിക്കാന്‍ ശ്രമിച്ചത്. ഒന്നാം ഘട്ടം മുസ്‌ലിം നാടുകളിലെ കൊളോണിയല്‍ അധിനിവേശകാലമാണ്. രണ്ടാമത്തേത്, ഉസ്മാനി ഖിലാഫത്തിന്റെ പതനത്തെ തുടര്‍ന്നുണ്ടായ അനാഥത്വവും നിരാലംബത്വവും അസ്തിത്വ പ്രതിസന്ധിയും. മൂന്നാമത്തേത്, കൊളോണിയല്‍ ശക്തികളില്‍നിന്ന് വിടുതല്‍ നേടിയതിന് ശേഷം മുസ്‌ലിം ദേശരാഷ്ട്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട പാശ്ചാത്യവത്കരിക്കപ്പെട്ട ഭരണാധികാരികളുടെ കാലം. ഈ മൂന്ന് ഘട്ടവും പിന്നിട്ട്, നഷ്ടപ്പെട്ടുപോയ തങ്ങളുടെ ഇസ്‌ലാമിക സ്വത്വം തിരിച്ചുപിടിക്കാനുള്ള യത്‌നത്തിലാണ് മുസ്‌ലിം സമൂഹമെന്നും അത് പ്രസരിപ്പിക്കുന്ന അതിശക്തമായ നാഗരികോര്‍ജം ലോകരാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കുമെന്നുമാണ് ഒഗ്‌ലുവിന്റെ പ്രവചനം. അക് പാര്‍ട്ടിയുടെ ഇത്തരം നീക്കങ്ങള്‍ പാശ്ചാത്യലോകത്തെ സയണിസ്റ്റ്-ഇസ്‌ലാമോഫോബിയ വൃത്തങ്ങളെ വിറളി പിടിപ്പിക്കുക സ്വാഭാവികം. അക് പാര്‍ട്ടി ഉസ്മാനിയ്യ ഖിലാഫത്തിനെ തിരിച്ചുകൊണ്ടു വരാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. നവ ഉസ്മാനികള്‍(Neo Ottomans) എന്നാണ് ഇവര്‍ക്ക് നല്‍കപ്പെട്ട വിശേഷണം. നവീന തുര്‍ക്കിയെ ഇസ്‌ലാമിക പൈതൃകവുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ച തുര്‍ഗത്ത് ഒസാലിന്റെ(തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തില്‍) കാലത്തുതന്നെ ഈ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു.
ഈ ആരോപണം അസംബന്ധമാണെന്നായിരുന്നു ഒഗ്‌ലുവിന്റെ മറുപടി. ദീര്‍ഘകാലം നിലനിന്നെങ്കിലും തുടക്കം മുതല്‍ ഏകാധിപത്യത്തിലും രാജഭരണത്തിലും അധിഷ്ഠിതമായിരുന്നു ഉസ്മാനി ഭരണം. ആ നിലക്ക് അതൊരിക്കലും ഒരു മാതൃകയല്ല; പുനഃസ്ഥാപിക്കേണ്ട കാര്യവുമില്ല. പക്ഷേ, ഏതോ അര്‍ഥത്തില്‍ ആ ഭരണ സംവിധാനത്തെ നിലനിര്‍ത്തിയ ഊര്‍ജ സ്രോതസ്സ് തിരിച്ചുപിടിക്കുന്നതിന് ഇത് തടസ്സവുമല്ല. 'രണ്ടാം തലമുറ' ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍നിരയിലുള്ള തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി, ഇസ്‌ലാമിന്റെ ഭരണക്രമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖിലാഫത്തിന് നല്‍കുന്ന വ്യാഖ്യാനമായി കൂടി ഇതിനെ മനസ്സിലാക്കുന്നതില്‍ തെറ്റില്ല.

ഖിലാഫത്തിന്റെ പതനവും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും
1924-ല്‍ കമാല്‍ അത്താതുര്‍ക്ക് യൂറോപ്യന്‍ ശക്തികളുടെ പിന്തുണയോടെ ഉസ്മാനി ഖിലാഫത്തിന് അന്ത്യം കുറിച്ചതിനോടുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രതികരണമായിട്ടാണ് ഇന്നുള്ള മിക്ക ഇസ്‌ലാമിക കൂട്ടായ്മകളും രൂപീകൃതമായതെന്ന് കാണാം. ഇസ്‌ലാമിസ്റ്റ്-സലഫി സംഘടനകള്‍ മാത്രമല്ല, സ്വൂഫിയെന്നും അരാഷ്ട്രീയമെന്നും മുദ്രകുത്തപ്പെടുന്ന സംഘടനകള്‍ വരെ ഈ ഗണത്തിലുണ്ട്. പുറമെക്ക് പ്രഖ്യാപിച്ചില്ലെങ്കിലും 'തട്ടിയെടുക്കപ്പെട്ട ഖിലാഫത്ത് തിരിച്ചുപിടിക്കുക' എന്ന വികാരമായിരുന്നു അവയുടെയെല്ലാം അന്തര്‍ധാരയായി വര്‍ത്തിച്ചത്. ഈജിപ്തില്‍ തുടക്കംകുറിച്ച അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്‌ലാമിയും തബ്‌ലീഗ് ജമാഅത്തും, തുര്‍ക്കിയില്‍ ആരംഭിച്ച അന്നൂര്‍ പ്രസ്ഥാനം എന്നീ നാല് വന്‍ കൂട്ടായ്മകളെ മാതൃകയായി എടുക്കാം. ആസ്ഥാനം ഇപ്പോഴും ഏതെന്ന് വ്യക്തമല്ലാത്ത ഹിസ്ബുത്തഹ്‌രീരില്‍ ഇസ്‌ലാമി എന്ന കക്ഷി ഖിലാഫത്ത് പുനഃസ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇഖ്‌വാന്‍ അതിന്റെ രൂപവത്കരണകാലത്ത് ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്, ബ്രിട്ടീഷുകാരെ പുറത്താക്കുക, ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു. അക്കാലത്ത് ഇന്നുള്ളതുപോലെ വ്യക്തമായ ഒരു ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പമൊന്നും ഉരുത്തിരിഞ്ഞു വന്നിരുന്നില്ല. ഇസ്‌ലാമിക രാഷ്ട്രം എന്ന് പറയുമ്പോള്‍ ചരിത്രത്തിലെ ഇസ്‌ലാമിക ഖിലാഫത്ത് എന്ന് തന്നെയായിരുന്നു ജനമനസ്സുകളില്‍ തെളിഞ്ഞിരുന്ന ചിത്രം. 'ഇസ്‌ലാമിക രാഷ്ട്രം, ഖിലാഫത്തിന്റെ തണല്‍' എന്ന് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ സ്ഥാപകനായ ഹസനുല്‍ ബന്ന പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തില്‍, ഖിലാഫത്തിന്റെ പതനത്തോടുള്ള പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഇന്നത്തെ ഇസ്‌ലാമിക കൂട്ടായ്മകള്‍. ചിലതിന്റെ ലക്ഷ്യം, റദ്ദ് ചെയ്യപ്പെട്ട ഖിലാഫത്തിന് ബദല്‍ ഉണ്ടാക്കുക എന്നതാണ്. ചിലത് ഖിലാഫത്തിനെ തന്നെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു. വേറെ ചിലത്, ഖിലാഫത്തിന്റെ പതനത്തിന് കാരണമായ വഴികളെ തിരുത്താന്‍ ശ്രമിക്കുന്നു. ഇഖ്‌വാനെപ്പോലെ പല ലക്ഷ്യങ്ങളില്‍ ഒന്നായി ഖിലാഫത്തിനെ എണ്ണുന്ന സംഘടനകളും ഖിലാഫത്ത് സ്ഥാപിക്കുക എന്നത് തങ്ങളുടെ സംസ്‌കരണ പ്രക്രിയക്ക് അനിവാര്യമാണെന്ന് ചിന്തിക്കുന്ന സംഘടനകളും ഉണ്ട്. രാഷ്ട്രീയമായ ഖിലാഫത്തോ അധികാരമോ നഷ്ടമായതല്ല, ഈമാനികമായ ജീവിതം ഇല്ലാതായതാണ് പ്രധാന പ്രശ്‌നമെന്ന് ചിന്തിച്ചുകൊണ്ട് ഏറക്കുറെ അരാഷ്ട്രീയ വഴികളിലൂടെയാണ് തബ്‌ലീഗ് ജമാഅത്തും ജമാഅത്തുന്നൂറും സഞ്ചരിച്ചത്. ആ നിലക്ക് ആ പ്രവണതയും ഖിലാഫത്തിനോടുള്ള പരോക്ഷ പ്രതികരണം തന്നെയാണല്ലോ.
ഇവിടെ പരാമര്‍ശിക്കപ്പെട്ടതും അല്ലാത്തതുമായ സംഘടനകളും സംഘങ്ങളും 'ഖിലാഫത്ത്' എന്ന് പറയുമ്പോള്‍, ഓരോ വിഭാഗവും തീര്‍ത്തും വിഭിന്നമായ രീതിയിലാണ് അതിനെ മനസ്സിലാക്കുന്നതും നോക്കിക്കാണുന്നതും. അല്‍ഖാഇദയുടെയും ദാഇശിന്റെയുമൊക്കെ ഖിലാഫത്ത് സങ്കല്‍പം ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധവും പൊതുസമൂഹത്തെയും മുസ്‌ലിം സമൂഹത്തെയും ഒരുപോലെ അപകടപ്പെടുത്തുന്നതുമാണെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര പണ്ഡിത വേദിയുടെ പ്രസ്താവന ഇവിടെ ഓര്‍ക്കാം. ഇസ്‌ലാമിസ്റ്റുകളുടെയും സലഫികളുടെയും ഖിലാഫത്ത് സങ്കല്‍പങ്ങള്‍ തമ്മിലും വലിയ വ്യത്യാസങ്ങളുണ്ട്. ഇസ്‌ലാമിസ്റ്റുകള്‍ ഒരേ രീതിയിലല്ല ഇതിനെ നോക്കിക്കാണുന്നത്. തുനീഷ്യയിലെ അന്നഹ്ദ, തുര്‍ക്കിയിലെയും മൊറോക്കോയിലെയും ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി, മൗറിത്താനിയയിലെ അത്തജമ്മുഉല്‍ വത്വനി ലില്‍ ഇസ്വ്‌ലാഹ് വത്തന്‍മിയ്യ(തവാസ്വുല്‍) എന്നിവയെ 'രണ്ടാംതലമുറ' ഇസ്‌ലാമിസ്റ്റു കക്ഷികള്‍ എന്നാണ് പ്രമുഖ മൊറോക്കന്‍ പണ്ഡിതനായ അഹ്മദ് റയ്‌സൂനി വിശേഷിപ്പിക്കുന്നത്. തുര്‍ക്കിയിലെ അര്‍ബകാന്റെ പാര്‍ട്ടിയോ ഈജിപ്തിലെ ഇഖ്‌വാനോ ഒക്കെയാണ് ഈ ന്യൂജനറേഷന്‍ പാര്‍ട്ടികളുടെ മാതൃസ്ഥാനത്തെങ്കിലും, ഭരണത്തെയും ഭരണമാറ്റത്തെയും കുറിച്ച് തികച്ചും നൂതനമായ ആശയങ്ങളാണ് ഇവര്‍ക്കുള്ളത്. സ്വാഭാവികമായും ഖിലാഫത്തിന്റെ വ്യാഖ്യാനത്തിലും ഇവര്‍ തമ്മില്‍ ഭിന്നതകളുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് പോവുക ഒരു ലേഖനത്തിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് സാധ്യമല്ല.

സന്‍ഹൂരിയുടെ ഖിലാഫത്ത് പഠനങ്ങള്‍
ഇരുപതാം നൂറ്റാണ്ടിലെ മാവര്‍ദി എന്ന് വിശേഷിപ്പിക്കാവുന്ന ഇസ്‌ലാമിക പണ്ഡിതനും നിയമജ്ഞനുമാണ് ഈജിപ്തുകാരനായ ഡോ. അബ്ദുര്‍റസാഖ് സന്‍ഹൂരി പാഷ(1895-1971). അറബ് ലോകത്തിന് പുറത്ത് ഇദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് വേണ്ടത്ര പ്രചാരം ലഭിക്കാതിരുന്നത്, അനറബ് ലോകത്തെ ഖിലാഫത്ത് ചര്‍ച്ചകളെ ക്ഷീണിപ്പിക്കുകയും പിറകില്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട് എന്നതാണ് വാസ്തവം. ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും പ്രഗദ്ഭരായ പത്ത് ആഗോള നിയമജ്ഞരെ പേരെടുത്ത് പറഞ്ഞാല്‍ അക്കൂട്ടത്തില്‍ സന്‍ഹൂരിയുടെ പേര് ഉണ്ടാകും എന്നാണ് ഈ ലേഖകന്റെ പക്ഷം. അറബ് രാഷ്ട്രങ്ങളുടെ ഭരണഘടന തയാറാക്കാന്‍ അദ്ദേഹം മാര്‍ഗദര്‍ശിയായി വര്‍ത്തിച്ചു. ഒരു ഫ്രഞ്ച് യൂനിവേഴ്‌സിറ്റി(ലിയോണ്‍) അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കുന്നത്, ബ്രിട്ടീഷ് തൊഴില്‍ നിയമങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനത്തിനാണ്. രണ്ടാമതൊരിക്കല്‍ കൂടി അദ്ദേഹം അതേ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് സമ്പാദിക്കുകയുണ്ടായി. ഖിലാഫത്ത് എന്ന പരികല്‍പനക്ക് ചരിത്രത്തിലുടനീളമുണ്ടായിട്ടുള്ള വികാസ പരിണാമങ്ങളെക്കുറിച്ചായിരുന്നു ആ പഠനം.
1924-ല്‍ തുര്‍ക്കിയിലെ അത്താതുര്‍ക്ക്, ഉസ്മാനിയ ഖിലാഫത്ത് തകര്‍ത്തതിനോടുള്ള പണ്ഡിതപ്രതികരണം പലതരത്തിലായിരുന്നു. അക്കാലത്തെ പ്രഗദ്ഭ പണ്ഡിതനായിരുന്ന മുഹമ്മദ് റശീദ് രിദ പിറ്റേവര്‍ഷം തന്നെ 'അല്‍ഖിലാഫ:' എന്ന ഒരു കൃതി രചിച്ചിരുന്നു. ജീര്‍ണാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഉസ്മാനിയ ഖിലാഫത്ത് സ്വാഭാവിക ചരമമടയുകയായിരുന്നുവെന്നും അത്താതുര്‍ക്കും പാശ്ചാത്യ ശക്തികളുമൊക്കെ കേവലം നിമിത്തങ്ങള്‍ മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മഹാകവി അല്ലാമാ ഇഖ്ബാലിനും ഇതേ അഭിപ്രായമായിരുന്നു. ഖിലാഫത്തിന്റെ തകര്‍ച്ചയോട് അതിവൈകാരികമായി പ്രതികരിച്ച വ്യക്തികളും കൂട്ടായ്മകളും ധാരാളമുണ്ട്. 'പാപങ്ങളൊന്നും ചെയ്യാതെ കൊല്ലപ്പെടുകയും കുഴിച്ച് മൂടപ്പെടുകയും ചെയ്ത സ്വാതന്ത്ര്യം' (ല ഹുര്‍തുന്‍ മൗഊദതുന്‍ ഖുതിലത് ബിഗയ്‌രി ജരീറതിന്‍ വ ജുനാഹി) എന്ന് കവിരാജന്‍ അഹ്മദ് ശൗഖി.
ഇന്നത്തെ ഒട്ടുമിക്ക ഇസ്‌ലാമിക സംഘടനകളും, ഖിലാഫത്തിന്റെ തകര്‍ച്ചയോട് ഏതോ അര്‍ഥത്തിലുള്ള പ്രതികരണമായി ഉടലെടുത്തതാണ് എന്ന് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ നിസ്സംഗതക്കും അതിവൈകാരികതക്കും മധ്യേ, ഭരണത്തെക്കുറിച്ച ഇസ്‌ലാമിക സങ്കല്‍പത്തോട് നീതി പുലര്‍ത്തുന്നതും എന്നാല്‍ മാറിയ സാഹചര്യത്തില്‍ പ്രായോഗികവുമായ ഒരു ഖിലാഫത്ത് ദര്‍ശനം മുന്നോട്ടു വെച്ചു എന്നതാണ് സന്‍ഹൂരിയുടെ സംഭാവന.
'ഖിലാഫത്ത് പരികല്‍പ്പന: കിഴക്കന്‍ രാഷ്ട്ര കൂട്ടായ്മയിലേക്കുള്ള അതിന്റെ വികാസം'2 എന്നാണ് സന്‍ഹൂരിയുടെ പഠനത്തിന്റെ തലക്കെട്ട്. ഇസ്‌ലാമില്‍ ഒരു ഭരണക്രമം തന്നെയില്ല എന്ന് വാദിച്ച മറ്റൊരു ഈജിപ്ഷ്യന്‍ പണ്ഡിതന്‍ അലി അബ്ദുര്‍റാസിഖി(1887-1966)നുള്ള മറുപടി കൂടിയായിരുന്നു ഈ പഠനം.3 അലി അബ്ദുര്‍റാസിഖിന്റേത് 'ഒറ്റപ്പെട്ട അഭിപ്രായം'(റഅ്‌യുന്‍ ശാദ്ദ്) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ആ വാദങ്ങളുടെ ബലഹീനതകള്‍ തുറന്നുകാട്ടാന്‍ ഒരു അധ്യായം തന്നെ ഇതില്‍ നീക്കിവെച്ചിരിക്കുന്നു. പുസ്തകത്തിന്റെ ശീര്‍ഷകത്തില്‍നിന്ന് വ്യക്തമാവുന്നത് പോലെ, പുതിയ കാലത്ത് ഖിലാഫത്തിനെ കിഴക്കന്‍ രാജ്യങ്ങളുടെ, പ്രത്യേകിച്ച് അറബ്-മുസ്‌ലിം രാജ്യങ്ങളുടെ ഒരു കൂട്ടായ്മയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പില്‍ക്കാലത്ത് മുസ്‌ലിം രാഷ്ട്ര കൂട്ടായ്മയായ ഒ.ഐ.സി നിലവില്‍ വന്നപ്പോള്‍, അത് സന്‍ഹൂരിയന്‍ ആശയത്തിന്റെ പ്രയോഗവത്കരണമാണ് എന്ന് ചൂണ്ടിക്കാണിച്ചവരുണ്ട്. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍വന്ന യൂറോപ്യന്‍ യൂനിയന്‍ പോലുള്ള മാതൃകകളെയും അദ്ദേഹം തന്റെ പഠനത്തില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
1929-ല്‍ 'അല്‍ മുഹാമാതുശ്ശര്‍ഖിയ്യ' എന്ന ജേണലില്‍ സന്‍ഹൂരി 'ഇസ്‌ലാം: മതവും രാഷ്ട്രവും' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ ഖിലാഫത്തിന്റെ ഒരു സമകാലിക വായന നടത്തുന്നുണ്ട്. ''ഇന്നത്തെ പരിതസ്ഥിതിയില്‍ പൂര്‍ണ ഖിലാഫത്ത് (കാമില:/റാശിദ:) സാധ്യമാണെന്ന് തോന്നുന്നില്ല. അപ്പോള്‍ അപൂര്‍ണ(നാഖിസ്വഃ) ഖിലാഫത്തിന് ശ്രമിക്കേണ്ടിവരും. മുസ്‌ലിം ലോകം കടന്നുപോകുന്ന സമകാലികാവസ്ഥകള്‍ അത്തരത്തിലുള്ളതാണ്. അപൂര്‍ണ ഖിലാഫത്തിനെ താല്‍ക്കാലികമായേ കാണേണ്ടതുള്ളൂ; പരമലക്ഷ്യം പൂര്‍ണ ഖിലാഫത്ത് തന്നെ. ഖിലാഫത്തിന്റെ സാക്ഷാത്കാരത്തിന് കുറെക്കൂടി വഴക്കമുള്ള ശൈലി സ്വീകരിക്കണം. അതുകൊണ്ടാണ് ഭരണരീതിക്ക് ഒരു നിശ്ചിത ചട്ടക്കൂട് ഇസ്‌ലാം നിര്‍ദേശിക്കാതിരുന്നത്... മാറിയ പരിതസ്ഥിതിയില്‍ ദേശീയ-ഉപദേശീയതകളെയും വിഘടിച്ചുപോകാനുള്ള വംശീയ പ്രവണതകളെയും കണക്കിലെടുക്കാതിരിക്കാനാവില്ല. അത്തരം പ്രവണതകള്‍ നാള്‍ക്കുനാള്‍ ശക്തിപ്പെടുകയുമാണ്. അതിനാല്‍, ഓരോ നാടിനും പൂര്‍ണ സ്വയംഭരണം നല്‍കിക്കൊണ്ട് ഇസ്‌ലാമിക സമൂഹങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ഐക്യത്തിന് സാധ്യതയുണ്ടോ എന്ന അന്വേഷണമാണ് നാം നടത്തേണ്ടത്.'' ഇറാഖിലെയും സിറിയയിലെയും ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന സംഘടന ഖിലാഫത്ത് സങ്കല്‍പത്തെ വികൃതമാക്കുകയാണെന്നും ഫെഡറല്‍/കോണ്‍ഫെഡറല്‍ സംവിധാനമാണ് ഖിലാഫത്ത് അര്‍ഥമാക്കുന്നതെന്നും ആഗോള പണ്ഡിതവേദിയുടെ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറയുമ്പോള്‍ സന്‍ഹൂരിയന്‍ ആശയ ലോകമാണ് അദ്ദേഹവും പങ്കു വെക്കുന്നത്.
ഖിലാഫത്ത് എന്ന പരികല്‍പനയുടെ ചരിത്രപരമായ വികാസവും തിരിച്ചടികളും പണ്ഡിതോചിതമായി ചര്‍ച്ച ചെയ്യുന്നു എന്നതാണ് സന്‍ഹൂരിയുടെ പഠനത്തിന്റെ പ്രത്യേകത. പ്രവാചകന്‍ തിരുമേനിയുടെ വിയോഗത്തിന് ശേഷമുള്ള നാല് ഖലീഫമാരുടെ ഭരണത്തെയാണ് സന്‍ഹൂരി പൂര്‍ണ ഖിലാഫത്ത്(കാമില:/റാശിദ:) എന്ന് വിളിക്കുന്നത്. മൂന്ന് ഗുണങ്ങള്‍ ആ ഭരണക്രമത്തിന് ഉള്ളതുകൊണ്ടാണിത്. ഒന്ന്, ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചാണ് മുഴുവന്‍ ഭരണക്രമവും. രണ്ട്, ഖിലാഫത്തിന്റെ ഏകത(വഹ്ദതുല്‍ ഖിലാഫ). അതായത് ആധ്യാത്മികവും രാഷ്ട്രീയവുമായ മുഴുവന്‍ നേതൃത്വവും ഒരാളില്‍ സംഗമിച്ചിരിക്കുന്നു. മൂന്ന്, ഇസ്‌ലാമിക ലോകത്തിന്റെ ഏകത(വഹ്ദതുല്‍ ആലമില്‍ ഇസ്‌ലാമി). ഭൂമിശാസ്ത്രപരമായി മുസ്‌ലിംലോകം മുഴുവന്‍ ഒരൊറ്റ നേതൃത്വത്തിന്‍ കീഴില്‍ അണിനിരന്നിരിക്കുന്നു.
ഇതാണ് മാതൃകാപരമായ ഭരണക്രമം. കുറെ വര്‍ഷങ്ങള്‍ പ്രയോഗതലത്തില്‍ അത് നിലനില്‍ക്കുകയും ചെയ്തു. എന്നാല്‍, ഖിലാഫത്തുര്‍റാശിദയുടെ അവസാനത്തില്‍ നേരത്തേ പറഞ്ഞ മൂന്നാമത്തെ അടിസ്ഥാനത്തിന് തകരാറ് സംഭവിച്ചതായി സന്‍ഹൂരി ചൂണ്ടിക്കാട്ടുന്നു. അലി(റ)യുടെ ഭരണത്തിന്റെ അവസാന നാളുകളില്‍ സിറിയയും ഈജിപ്തും ഉള്‍പ്പെടുന്ന ശാം പ്രദേശം ഗവര്‍ണര്‍ മുആവിയയുടെ സ്വതന്ത്ര ഭരണത്തിലായിരുന്നു. ഖലീഫക്ക് ആ പ്രദേശങ്ങളില്‍ സ്വാധീനമുണ്ടായിരുന്നില്ല. മാവര്‍ദി, ഇബ്‌നുല്‍ ഖയ്യിം പോലുള്ള പണ്ഡിതന്മാര്‍ ഏകീകൃത ഖിലാഫത്തിനു വേണ്ടി ശക്തിയായി വാദിക്കുമ്പോഴും തങ്ങളുടെ കാലത്തെ ശിഥിലീകൃത ഖിലാഫത്ത് എന്ന രാഷ്ട്രീയ യാഥാര്‍ഥ്യത്തെ അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നിരുന്നു. ബഗ്ദാദില്‍ അബ്ബാസികള്‍ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ഉന്‍ദുലിസി(സ്‌പെയിന്‍)ല്‍ ഉമവികളുടെ ഭരണമായിരുന്നു. അതേകാലത്ത് ഈജിപ്തില്‍ ഫാത്വിമികളുടെ സ്വതന്ത്രഭരണവും നടക്കുന്നുണ്ടായിരുന്നു. തത്ത്വങ്ങള്‍ ഊന്നിപ്പറയുമ്പോഴും ഈ രാഷ്ട്രീയ യാഥാര്‍ഥ്യത്തെ അംഗീകരിച്ച് ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യം പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്ത് നിലനിര്‍ത്താന്‍ ശ്രമിച്ചവരായിരുന്നു ആദ്യകാല പണ്ഡിതന്മാര്‍. തന്റെ കാലത്തുള്ള വിവിധ അധികാര കേന്ദ്രങ്ങളുടെ/ഖിലാഫത്തുകളുടെ സാധുത അംഗീകരിച്ചുകൊണ്ട് അവ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെയും അതുവഴി ഇസ്‌ലാമിക സമൂഹത്തിന്റെ അതിജീവനത്തിന്റെയും വഴികളാണ് ഇമാം ഗസാലി ആരാഞ്ഞിരുന്നതെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകള്‍ സാക്ഷ്യപ്പെടുത്തുന്നു.4 ഇങ്ങനെ ഖിലാഫത്തുര്‍റാശിദയുടെ മൂന്ന് അടിസ്ഥാനങ്ങള്‍ ഒത്ത്‌വരാത്ത ഭരണക്രമത്തെയാണ് സന്‍ഹൂരി അപൂര്‍ണ/ഭാഗിക(നാഖിസ:) ഖിലാഫത്ത് എന്ന് പറയുന്നത്.
(പ്രശസ്ത ഈജിപ്ഷ്യന്‍ അക്കാദമീഷ്യന്‍ അബ്ദുല്‍ വഹാബ് മസീരിയുടെ 'പൂര്‍ണ സെക്യുലരിസം', 'ഭാഗിക/അപൂര്‍ണ സെക്യുലരിസം' എന്നീ പരികല്‍പനകള്‍ ഈയവസരത്തില്‍ ഓര്‍ക്കാവുന്നതാണ്. തീര്‍ത്തും മതവിരുദ്ധമാണ് 'പൂര്‍ണ സെക്യുലരിസം', അത്താതുര്‍ക്കിന്റേത് പോലെ. ഇന്ത്യന്‍ സെക്യുലരിസം 'ഭാഗിക സെക്യുലരിസ'ത്തില്‍ പെടുമെന്ന് പറയേണ്ടതില്ലല്ലോ. രണ്ടിനോടുമുള്ള നിലപാട് ഒന്നാകാന്‍ വയ്യ.)
നിരവധി പണ്ഡിതന്മാര്‍ സന്‍ഹൂരി തുടങ്ങിവെച്ച ഈ ചര്‍ച്ച മുന്നോട്ടു കൊണ്ടു പോയിട്ടുണ്ട്. സ്വാലിഹുല്‍ ഹിസ്സ്വീന്‍ പറയുന്നു: ''ഇസ്‌ലാമിക ലോകം ഒരൊറ്റ രാഷ്ട്രമായി മാറുക എന്നതും അതിന്റെ തലപ്പത്ത് ഒരു ഖലീഫ ഉണ്ടാവുക എന്നതും അത് ഒരേ സൈനിക ശക്തിക്ക് കീഴിലാവുക എന്നതും ഇസ്‌ലാമിക പ്രചാരണത്തിന്റെയോ പ്രബോധനത്തിന്റെയോ ഉപാധിയല്ല.'' ഇമാം ബന്നയെയും ഈ കാഴ്ചപ്പാട് സ്വാധീനിച്ചിരുന്നു. ''ഖിലാഫത്ത് ഇസ്‌ലാമിക ഐക്യത്തിന്റെ പ്രതീകമാണെന്ന് ഇഖ്‌വാന്‍ വിശ്വസിക്കുന്നു. ഇസ്‌ലാമിക സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന പ്രത്യക്ഷ ഘടകം... അതെക്കുറിച്ച ചിന്ത വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.... അതിനാല്‍ ഇഖ്‌വാന്റെ മുഖ്യ അജണ്ടയില്‍ അത് ഉണ്ട്... പക്ഷേ, അതിന്ന് ഒരുപാട് മുന്നൊരുക്കങ്ങള്‍(തംഹീദാത്ത്) ആവശ്യമാണ്. ഒരുപാട് ചവിട്ടുപടികള്‍ താണ്ടേണ്ടതുണ്ട്. ഇസ്‌ലാമിക സമൂഹങ്ങള്‍ തമ്മില്‍ സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ സഹകരണം സാധ്യമാവേണ്ടതുണ്ട്. സഖ്യങ്ങളും പൊതുവേദികളും പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളന പരമ്പരകളും ഉണ്ടാവണം. അതായത് 'ഇസ്‌ലാമിക സമൂഹങ്ങളുടെ സഖ്യം' (ഉസ്വ്ബതുല്‍ ഉമമില്‍ ഇസ്‌ലാമിയ്യ). പിന്നെ അവര്‍ക്ക് ഒരു ഇമാമിനെ തെരഞ്ഞെടുക്കാവുന്നതാണ്.'' ഈയൊരു പുരോഗമനാത്മക നിലപാട് സ്വീകരിച്ചതുകൊണ്ട് അറബ്‌നാടുകളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ വിഷയങ്ങളില്‍ കാലാനുസൃതമായ നിലപാടുകളെടുക്കാന്‍ എളുപ്പത്തില്‍ സാധ്യമായിരുന്നു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഇഖാമത്തുദ്ദീന്‍ ഒരു വിദൂര ലക്ഷ്യമല്ലേ എന്ന ചോദ്യത്തിന് മൗലാനാ മൗദൂദി നല്‍കിയ ഉത്തരത്തില്‍, മുഖ്യലക്ഷ്യത്തിലേക്ക് സമൂഹത്തെ അടുപ്പിക്കുന്ന ഇടക്കാല ലക്ഷ്യങ്ങളും (ദര്‍മിയാനി മഖാസിദ്) പ്രസ്ഥാനത്തിന് കാലോചിതമായി സ്വീകരിക്കാമെന്ന് പറയുന്നുണ്ട് (നജ്മുദ്ദീന്‍ അര്‍ബകാനെ അനുസ്മരിച്ച് സആദതുല്ല ഹുസൈനി എഴുതിയ ലേഖനത്തില്‍ അഭിമുഖത്തിന്റെ ആ ഭാഗം ഉദ്ധരിച്ചിട്ടുണ്ട്).
''നിങ്ങളുടെ ഈ സമുദായം ഒറ്റ സമുദായമാണ്'' (അല്‍ മുഅ്മിനൂന്‍: 52) എന്ന ഖുര്‍ആനിക പ്രഖ്യാപനമാണ് ഖിലാഫത്ത് എന്ന ആശയത്തിന്റെ അടിയാധാരമായി വര്‍ത്തിക്കുന്നത്. സമൂഹത്തിന്റെ ഐക്യം/ ഏകത എന്നതാണ് അവിടെ ഊന്നിപ്പറഞ്ഞിരിക്കുന്നത്. ഏകീകൃത ഭരണം നിലനിര്‍ത്തി ഏകത കാത്തു സൂക്ഷിക്കുക എന്നത് എപ്പോഴും സാധ്യമാവുന്ന ഒന്നല്ല. ഏകീകൃത ഭരണം അല്ല അടിസ്ഥാനം, ഐക്യം എന്നതാണ്. അതിന് മുന്‍കാലക്കാര്‍ സ്വീകരിച്ച ഒരു രീതിയാണ് ഏകീകൃത ഭരണം. പേര്‍ഷ്യ, റോം പോലുള്ള വലിയ വലിയ സാമ്രാജ്യങ്ങള്‍ നിലനിന്ന കാലമായിരുന്നല്ലോ അത്. സ്വാഭാവികമായും അന്നത്തെ നാഗരിക മുദ്രകള്‍ വഹിക്കുന്ന ഒരു രാഷ്ട്ര സ്വരൂപം -വളരെ വിസ്തൃതമായ രാജ്യം- ഇസ്‌ലാമിനും സാധ്യമായി. പക്ഷേ, എല്ലാ കാലത്തും അത് നിലനിര്‍ത്താനാവില്ല. സ്വാഭാവികമായും ദേശരാഷ്ട്രങ്ങള്‍ നിലനില്‍ക്കുന്ന ഇക്കാലത്ത്, ഏകീകൃത ഭരണം/ഭരണാധികാരി എന്ന സങ്കല്‍പ്പത്തില്‍നിന്ന് മാറി ഖുര്‍ആനിക പ്രയോഗമായ 'ഏക സമൂഹം' എന്ന ആശയത്തെ കാലാനുസൃതമായി വികസിപ്പിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വേണ്ടതെന്നാണ് സന്‍ഹൂരി തന്റെ പുസ്തകത്തില്‍ സമര്‍ഥിക്കുന്നത്.
പ്രശസ്ത മൊറോക്കന്‍ പണ്ഡിതനായ അഹ്മദ് റയ്‌സൂനിയുടെ ഖലീഫ; ഖിലാഫ: പോലുള്ള സംജ്ഞകളെക്കുറിച്ച നിരീക്ഷണങ്ങള്‍ ഇതിന്റെ അനുബന്ധമായി വായിക്കാവുന്നതാണ്. ഖിലാഫത്ത് മുസ്‌ലിം സമൂഹത്തിന്റെ ഒരു ചരിത്രാനുഭവം(historical experience) ആണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതായത് ഖിലാഫത്ത് ഒരു ഇസ്‌ലാമിക സംജ്ഞ എന്നതിലുപരി ഒരു ചരിത്ര സംജ്ഞയാണ്. അങ്ങനെ അല്ലെന്ന് വാദിക്കുന്നവരുടെ തെളിവ് പ്രധാനമായും രണ്ട് നബി വചനങ്ങളാണ്. 'നുബുവ്വത്തിന്റെ മാതൃകയിലുള്ള ഖിലാഫത്ത്' എന്നാണ് ഒരു നബിവചനത്തിലുള്ള പരാമര്‍ശം. രണ്ടാമത്തെ നബിവചനത്തില്‍, ഖിലാഫത്ത് മുപ്പത് വര്‍ഷമാണെന്നും പറഞ്ഞിരിക്കുന്നു. ഈ ഹദീസുകളൊന്നും അത്ര പ്രബലം അല്ലെന്നാണ്(കൂടി വന്നാല്‍ 'ഹസന്‍' കാറ്റഗറിയില്‍ പെടുന്നവ) അദ്ദേഹം പറയുന്നത്. നല്ല ആഴവും വ്യാപ്തിയുമുള്ള ഇസ്‌ലാമിന്റെ രാഷ്ട്രീയ ഭരണക്രമത്തെ ഈ രണ്ട് നബിവചനങ്ങളിലേക്ക് ചുരുക്കി വ്യാഖ്യാനിക്കുന്നതിനെ അദ്ദേഹം നിരാകരിക്കുന്നു. ഈ നബിവചനങ്ങളില്‍ പറയുന്ന 'ഖിലാഫത്ത്' പില്‍ക്കാലത്ത് രൂപപ്പെട്ട ഖിലാഫത്ത് എന്ന ഭരണസംവിധാനത്തെക്കുറിച്ചല്ല എന്നും അദ്ദേഹം പറയുന്നു. ഭാഷാപരമായ അര്‍ഥത്തിലേ അതിനെ എടുക്കേണ്ടതുള്ളൂ. 'എനിക്ക് ശേഷം എന്റെ അനുയായികള്‍ നടത്തുന്ന ഭരണം' എന്ന അര്‍ഥത്തില്‍. ആ ഭരണത്തിന്റെ ആത്മാവ് പ്രവാചകചര്യ ആയിരിക്കുമെന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമില്ല. അതിനെ ഖിലാഫത്തെന്ന് വിളിക്കാം, മറ്റു പേരുകളിലും വിളിക്കാം.
ഖലീഫ എന്ന പ്രയോഗവും ഇതുപോലെ തന്നെ. ഭരണമേറ്റെടുക്കുമ്പോള്‍ ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖ്(റ), താന്‍ പ്രവാചകന്റെ ഖലീഫയാണെന്ന് താഴ്മയോടെ ഉരുവിട്ടിരുന്നു. അതില്‍നിന്നാണ് ഖലീഫ എന്ന, ഭരണാധികാരവുമായി ബന്ധപ്പെട്ട സംജ്ഞ ഉടലെടുക്കുന്നത്. ഉമറുബ്‌നുല്‍ ഖത്താബ് ഭരണമേറ്റെടുത്തപ്പോള്‍ ഖലീഫ എന്നതിനേക്കാള്‍ ഉപരി, 'അമീറുല്‍ മുഅ്മിനീന്‍' (വിശ്വാസികളുടെ/പൊതുസമൂഹത്തിന്റെ നേതാവ്) എന്നാണ് അദ്ദേഹവും ശേഷമുള്ള രണ്ട് ഭരണാധികാരികളും കൂടുതലായി അഭിസംബോധന ചെയ്യപ്പെട്ടത്. സിവിലിയന്‍ ഭരണത്തിലുള്ള ഊന്നല്‍ ഈ പ്രയോഗത്തിലുണ്ടെന്നാണ് ചില ആധുനിക ഗവേഷകര്‍ നിരീക്ഷിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ ചരിത്രത്തിലുടനീളം സംഭവിക്കുന്നുണ്ട്. അതിനാല്‍, ഖിലാഫത്ത് എന്ന സംജ്ഞയെ കേന്ദ്രീകരിച്ച് പലവിധ തെറ്റിദ്ധാരണകള്‍, ന്യായമായ കാരണങ്ങളാല്‍തന്നെ, യൂറോപ്യന്‍ സമൂഹത്തിലും മറ്റും നിലനില്‍ക്കുന്നത്‌കൊണ്ട് ഖുര്‍ആനിന്റെ അന്തസ്സത്തയുമായി ചേര്‍ന്നുനില്‍ക്കുന്ന അദ്ല്‍(നീതി), ശൂറ(കൂടിയാലോചന), ഹുര്‍രിയ്യ:(സ്വാതന്ത്ര്യം), മുസാവാത്(സമത്വം) തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി പുതിയൊരു രാഷ്ട്രസങ്കല്‍പവും ഭരണക്രമവും മുന്നോട്ട് വെക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

ഗനൂഷിയുടെ രാഷ്ട്രസങ്കല്‍പം
ഇസ്‌ലാമികചിന്തകനും തുനീഷ്യയിലെ അന്നഹ്ദ ഇസ്‌ലാമിക പ്രസ്ഥാന നായകനുമായ റാശിദുല്‍ ഗനൂഷിയുടെ എഴുത്തുകളിലോ സംസാരങ്ങളിലോ ഖിലാഫത്ത് സംജ്ഞയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അധികമൊന്നും കാണുകയില്ല. അതേസമയം, ഇസ്‌ലാമിക മൂല്യങ്ങളിലധിഷ്ഠിതമായ രാഷട്രസങ്കല്‍പത്തെക്കുറിച്ച് അടുത്ത കാലങ്ങളില്‍ അദ്ദേഹം ഏറെ വാചാലനായിട്ടുമുണ്ട്. അമൂര്‍ത്തമായി തത്ത്വവിചാരം ചെയ്യുകയല്ല, തുനീഷ്യയില്‍ വിപ്ലവാനന്തരം നടന്ന ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടിയ തന്റെ പാര്‍ട്ടിയെ മുമ്പില്‍ നിര്‍ത്തി തന്റെ ആശയങ്ങള്‍ക്ക് പ്രായോഗിക മാതൃക സൃഷ്ടിക്കാനുള്ള യത്‌നത്തിലുമാണ് അദ്ദേഹം. തുര്‍ക്കിയിലെയും മൊറോക്കോയിലെയും മോറിത്താനിയയിലെയും രണ്ടാം തലമുറ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ചിന്തകള്‍ പ്രചോദനമാവുന്നതും മറ്റൊന്നുകൊണ്ടല്ല. 'ഇസ്‌ലാമിക രാഷ്ട്രത്തിലെ പൊതു സ്വാതന്ത്ര്യങ്ങള്‍' എന്ന പേരില്‍ 1986ല്‍ അദ്ദേഹം ഒരു പുസ്തകമെഴുതിയിരുന്നു.5 1981 മുതല്‍ 1984 വരെ ജയിലില്‍ കിടന്ന സന്ദര്‍ഭത്തിലാണ് ഇതിലെ ആശയങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയത്. രാഷ്ട്രസങ്കല്‍പത്തെ കുറിച്ചുള്ള ഗനൂഷിയന്‍ ആശയങ്ങളുടെ സത്ത ഈ പുസ്തകത്തിലുണ്ട്. സ്വാതന്ത്ര്യമാണ് യഥാര്‍ഥ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ജീവവായുവെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. 'എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം', 'മതത്തില്‍ ബലപ്രയോഗമില്ല', 'നീയവരെ വിശ്വാസികളാവാന്‍ നിര്‍ബന്ധിക്കുകയാണോ' എന്നീ ഖുര്‍ആനിക പ്രഖ്യാപനങ്ങള്‍ ശുദ്ധ മതകാര്യങ്ങളില്‍വരെ ഓരോ മനുഷ്യനും പരിപൂര്‍ണ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുകയാണ്. എങ്കില്‍ പിന്നെ, രാഷ്ട്ര വ്യവഹാരങ്ങളുടെയും മറ്റും കാര്യം പറയാനുണ്ടോ! അതിനാല്‍, ഏതഭിപ്രായവും തുറന്ന് പ്രകടിപ്പിക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ടാകണം. അതിനാല്‍, ഏകകക്ഷി ഭരണമല്ല, ബഹുകക്ഷിത്വ(തഅദ്ദുദിയ്യ)മാണ് ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പത്തിന്റെ ആത്മാവ്.
ഈ ആശയങ്ങളെയെല്ലാം മാറിവരുന്ന കാലത്തിനനുസരിച്ച് പുനര്‍ വായിക്കുകയും വികസിപ്പിക്കുകയും പുതുതായി പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് ഗനൂഷി എന്ന ചിന്തകന്റെ പ്രത്യേകത. ഏതൊരാശയത്തിന്റെയും പ്രായോഗിക മാതൃകകള്‍ക്ക് രൂപം നല്‍കുന്നത് മനുഷ്യരാണ്. ഓരോ കാലത്തെയും ചിന്തകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചാണ് അത് രൂപപ്പെടുന്നത്. മനുഷ്യന്റെ അന്വേഷണങ്ങളാണ് അവയെ നിര്‍മിക്കുന്നത് എന്നതിനാല്‍, അവയില്‍ കൊള്ളേണ്ടതും തള്ളേണ്ടതുമായ വശങ്ങളുണ്ടാവും.6
സ്വാതന്ത്ര്യം നഷ്ടപ്പെടുന്നയാള്‍ക്ക് സ്വാതന്ത്ര്യം മാത്രമല്ല അയാളുടെ ദീനും നഷ്ടപ്പെടുകയാണ്. വിശേഷബുദ്ധിയില്ലാത്തവര്‍ക്ക് മതബാധ്യതകളൊന്നും ഉണ്ടാവില്ലല്ലോ. അതു പോലെയാണ് സ്വാതന്ത്ര്യവും. തന്റെ ബോധ്യമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാത്ത സാഹചര്യത്തില്‍ അയാള്‍ക്ക് മതബാധ്യതകള്‍ വന്നുചേരുന്നില്ല. മതാചാരങ്ങള്‍ക്ക് നിര്‍ബന്ധിക്കപ്പെടുന്ന സമൂഹം കപടസമൂഹമായി മാറും. ഗനൂഷി തന്റെ ഒരു അനുഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം ഒരു അറബ് നാട്ടില്‍നിന്ന് ഒരു യൂറോപ്യന്‍ തലസ്ഥാനത്തേക്ക് പുറപ്പെടുന്ന വിമാനത്തില്‍ കയറിയിരിക്കുകയാണ്. വിമാനത്തില്‍ ധാരാളം സ്ത്രീകളുണ്ട്. എല്ലാം നിഖാബ്(മുഖം മറച്ച) ധാരിണികള്‍. യൂറോപ്യന്‍ നഗരിയില്‍ വിമാനമിറങ്ങി നോക്കുമ്പോള്‍ 90 ശതമാനം സ്ത്രീകളുടെയും വേഷവിധാനം 'യൂറോപ്യന്‍' ആയി മാറിക്കഴിഞ്ഞിരുന്നു. പത്ത് ശതമാനം മാത്രമാണ് നിഖാബ് കൈയൊഴിയാതിരുന്നത്. അതിനര്‍ഥം, സ്ത്രീകളില്‍ വലിയൊരു വിഭാഗം സ്വമനസ്സാലെയല്ല സ്വന്തം നാട്ടില്‍ നിഖാബ് അണിയുന്നത് എന്നാണ്. ഏത് നിയമങ്ങളും, മതനിയമങ്ങള്‍ പോലും അടിച്ചേല്‍പ്പിച്ചാല്‍ സൃഷ്ടിക്കപ്പെടുന്നത് കപടസമൂഹമായിരിക്കും. അവിശ്വാസത്തേക്കാള്‍ മാരകമാണല്ലോ ഇസ്‌ലാമിക കാഴ്ചപ്പാടില്‍ കാപട്യം. അതിനാല്‍ 90 ശതമാനം സ്ത്രീകളും നിര്‍ബന്ധിതാവസ്ഥയില്‍ നിഖാബണിയുന്ന സമൂഹത്തേക്കാള്‍ എന്തുകൊണ്ടും ഇസ്‌ലാമികമായത്, സ്വമനസ്സാലെ ഹിജാബണിയുന്ന 10 ശതമാനം സ്ത്രീകളുള്ള സമൂഹമാണെന്ന് ഗനൂഷി പറയുന്നു.
അതിനാല്‍ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒരു രാഷ്ട്രം(ഇഖാമതു ദൗലതില്‍ ഹുര്‍രിയ്യാത്ത്) ആണ് ഉണ്ടായിവരേണ്ടത്. മതമല്ല, മുവാത്വന(പൗരത്വം)യാണ് അതിന്റെ അടിസ്ഥാനം. ഇസ്‌ലാമിക ഭരണം നടപ്പാക്കേണ്ടത് ആര് എന്ന ചോദ്യത്തിന് ഗനൂഷി നല്‍കുന്ന ഉത്തരം, അത് ഭരണകൂടമോ ഭരിക്കുന്ന പാര്‍ട്ടിയോ ആകരുത് എന്നാണ്. ഏത് ഭരണം വേണമെന്ന് സിവില്‍ സമൂഹമാണ് അന്തിമമായി തീരുമാനിക്കേണ്ടത്. സമൂഹത്തിന്റെ സ്വത്വ(ഹുവിയ്യ)വും സംസ്‌കാര(സഖാഫ:)വും അതിനനുസരിച്ച് മാറുമ്പോള്‍ വലിയ ഓപ്ഷനുകള്‍(അല്‍ഖിയാറാത്തുല്‍ കുബ്‌റാ:) ഉണ്ടായിത്തീരുകയും അതൊരു തീരുമാനത്തില്‍ എത്തുകയുമാണ് ചെയ്യുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍, മീഡിയ, ക്ലബ്ബുകള്‍ തുടങ്ങിയവ വഴിയാണ് അത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചേരുക. ഈ പ്രക്രിയ ഒരു ഗ്രൂപ്പോ സംഘടനയോ സ്വയം ഏറ്റെടുക്കുന്നത് അപകടം ചെയ്യും. അവര്‍ മറ്റു ഗ്രൂപ്പുകളെ അനിസ്‌ലാമികമായി മുദ്രകുത്തും എന്നതാണ് പ്രശ്‌നം.
ഖിലാഫത്തിനെ സംബന്ധിച്ച ചര്‍ച്ചക്ക് ഒരു ചെറിയ ആമുഖം മാത്രമാണ് ഈ കുറിപ്പ്. അറബ് വസന്താനന്തരം രാഷ്ട്രഭരണത്തെക്കുറിച്ച് വന്നിട്ടുള്ള പുതിയ പല വ്യാഖ്യാനങ്ങളും ഇതില്‍ പരാമര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല.


1. അഹ്മദ് റൈസൂനി- അല്‍ ഖിലാഫതു അലാ മിന്‍ഹാജിന്നുബുവ്വ, വല്‍ ഖിലാഫത്തു അലാ മിന്‍ഹാജി 'ദാഇശ്.' www.aljazeera.net 07/07/2014.
2. ഫിഖ്ഹുല്‍ ഖിലാഫ: വ തത്വവ്വുറുഹാ ലി തസ്വ്ബഹ ഉസ്വ്ബത ഉമമിന്‍ ശര്‍ഖിയ്യ - ഡോ. അബ്ദുര്‍റസാഖ് അഹ്മദ് അസ്സന്‍ഹൂരി. പ്രസാധനം: മുഅസ്സസത്തു രിസാല, ഈജിപ്ത്.
3. അല്‍ ഇസ്‌ലാമു വഉസ്വൂലുല്‍ ഹുകും - അലി അബ്ദുര്‍റാസിഖ്.
4. ഇമാം ഗസാലി വിശേഷാല്‍ പതിപ്പ്, പ്രബോധനം വാരിക.
5. റാശിദുല്‍ ഗനൂഷി- അല്‍ ഹുര്‍റിയ്യാത്തുല്‍ ആമ്മ ഫിദ്ദൗലതില്‍ ഇസ്‌ലാമിയ്യ- പ്രസാധനം: മര്‍കസു ദിറാസാത്തില്‍ വഹ്ദത്തില്‍ അറബിയ്യ
6. അലി ളഫീരി, ഗനൂഷിയുമായി നടത്തിയ സംവാദം, 'അല്‍ ഇസ്‌ലാമിയ്യൂന്‍ വ തഹദ്ദിയാതുല്‍ ഹുകൂം ഫി തൂനിസ്' / അല്‍ ജസീറ ചാനലിലെ 'ഫില്‍ ഉമുഖ്' എന്ന പ്രോഗ്രാം.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top