'ഇസ്‌ലാമിക് സ്റ്റേറ്റിനു' പിന്നിലുള്ള നാടകങ്ങള്‍

പ്രേം ശങ്കര്‍ ജാ‌‌
img

ദീര്‍ഘകാലം മുമ്പുതന്നെ ഇറാഖില്‍ രൂപം കൊണ്ട തീവ്ര സൈന്യമാണ് ഇസ്‌ലാമിക് സ്റ്റേറ്റ്. ഇപ്പോഴത്തെ പുതിയ രംഗപ്രവേശനത്തിന് ശേഷം രണ്ട് മാസങ്ങള്‍ക്കകം തന്നെ ഇറാഖിലും സിറിയയിലും അതിന്റെ ആള്‍ബലം വര്‍ദ്ധിക്കുകയാണുണ്ടായി. ഇറാഖില്‍ 30000വും സിറിയയില്‍ 50000വും പോരാളികള്‍ സജീവമായി രംഗത്തുണ്ട്. മൂസില്‍, തിക്‌രീത്, ഫലൂജ, റമാദി എന്നിവിടങ്ങളിലൊക്കെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ഇസ്‌ലാമിക് സ്റ്റേറ്റിന് കഴിഞ്ഞു. തന്ത്രപ്രധാനമായ ബെയ്ജി എണ്ണപ്പാടം അവരുടെ നിയന്ത്രണത്തിലാണ്. മൂസില്‍ അണക്കെട്ട് പിടിച്ചെടുത്തിരുന്നെങ്കിലും പിന്നീട് കൈവിട്ടുപോയി. 1209 എ.ഡിയില്‍ ഫ്രാന്‍സിലെ അക്രൈസ്തവര്‍ക്കെതിരെ 20 വര്‍ഷത്തോളം കുരിശ് യുദ്ധം നടത്തിയ പോപ് ഇന്നസെന്റ് മൂന്നാമന്റെ രക്തം മരവിക്കുന്ന ക്രൂരതകള്‍ക്ക് ശേഷം ലോകം ദര്‍ശിച്ചതില്‍ വെച്ചേറ്റവും ഭീകരമായ കൊള്ളയും കൊലയുമാണ് ഇപ്പോള്‍ ഇറാഖില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇന്നുകാണുന്ന തരത്തില്‍ ഒരു ഭീകര സ്വത്വമായി മാറുന്നതിന് മുമ്പുതന്നെ അതിനെ നശിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, അത് ഒരാള്‍ക്കേ സാധിക്കുമായിരുന്നുള്ളൂ- പ്രസിഡന്റ് ബറാക് ഒബാമക്ക്. സെപ്റ്റംബര്‍ 2 ന് രണ്ടാമത്തെ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്റെ കൂടി, സ്റ്റീഫന്‍ സെറ്റ്‌ലോഫ്, തലയറുക്കുന്നതുവരേക്കും ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യക്തി എന്താണ് ചെയ്യേണ്ടതെന്നറിയാത്ത വിധം കിടന്നുഴറുകയായിരുന്നു. ഇതിനൊരു നല്ല കാരണമുണ്ട്; സിറിയയില്‍ ഐ.എസിനെ കാലുറപ്പിക്കാന്‍ അനുവദിക്കാതിരുന്നാല്‍ മാത്രമേ അതിനെ തകര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. ഇത് നടക്കണമെങ്കില്‍ ജനറല്‍ മാര്‍ട്ടിന്‍ ഡെംപ്‌സി ആഗസ്റ്റ് 21 സൂചിപ്പിച്ചത് പോലെ സിറിയന്‍ ഗവണ്‍മെന്റുമായി സഹകരിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, സിറിയന്‍ ഗവണ്‍മെന്റുമായുള്ള സഹകരണത്തിന് ഒബാമ തയ്യാറല്ലായിരുന്നു. ഇത് കാര്യങ്ങളെ കൂടുതല്‍ അസുഖകരമായ അവസ്ഥയിലെത്തിക്കുകയാണുണ്ടായത്. സിറിയയുടെ നേര്‍ക്ക് ഇക്കാലമത്രയും സ്വീകരിച്ചിരുന്ന നിലപാട് തെറ്റായിരുന്നുവെന്ന് സമ്മതിക്കേണ്ടി വരും എന്ന ഭയം മാത്രമല്ല, സിറിയയുമായുള്ള കൂട്ട് ഇസ്രായേലുമായി കൊമ്പുകോര്‍ക്കാന്‍ ഇടയാക്കും എന്ന സാധ്യതയുള്ളതു കൊണ്ടുകൂടിയാണ് ഒബാമ ജനറല്‍ ഡെംപ്‌സിയുടെ നിര്‍ദേശത്തിന് ചെവികൊടുക്കാതിരുന്നത്. പിന്നീട് ആഗസ്റ്റ് 24 ന് അഫ്ഗാനിസ്ഥാനിലേക്ക് പോകുന്ന വഴിക്കു വെച്ച് ജന. ഡെംപ്‌സി ഐ.എസ് എന്നത് ഒരു 'പ്രാദേശിക ഭീഷണി' മാത്രമാണെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് വിശദീകരിച്ച് തടിതപ്പുകയാണുണ്ടായത്.
ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം അസ്വസ്ഥപ്പെടുത്തുന്നത് ഒബാമയെ മാത്രമല്ല : ജൂണ്‍ 22 ന് വാഷിങ്ടണില്‍ വെച്ച് എന്‍.ബി.സിയുടെ മീറ്റ് ദ പ്രസ് എന്ന പരിപാടിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആദ്യ വെടിപൊട്ടിച്ചു 'ഇറാന്റെ നേതൃത്വത്തിലുള്ള ശിയാ തീവ്രവാദികളും അല്‍ഖാഇദയും ഇസ്‌ലാമിക് സ്റ്റേറ്റും നയിക്കുന്ന സുന്നി തീവ്രവാദികളും തമ്മിലുള്ള പരസ്പരം വെറുപ്പു കലര്‍ന്ന കനത്ത പോരാട്ടമാണ് ഇറാഖിലും സിറിയയിലും നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ ശത്രുക്കള്‍ പരസ്പരം ആക്രമിക്കുമ്പോള്‍ അവയിലൊന്നിനെ ശക്തിപ്പെടുത്തുകയല്ല വേണ്ടത്, മറിച്ച് രണ്ടിനേയും ദുര്‍ബലപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. ചുരുങ്ങിയപക്ഷം, ഇറാന്‍ ആണവായുധവുമായി മുന്നോട്ട് വരുമെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയാണെങ്കില്‍ അതൊരു ദുരന്തസമാനമായ അബദ്ധം തന്നെയായി മാറും. അതിനോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന ഒന്നും തന്നെയുണ്ടായിരിക്കില്ല.' ഇത് യാഥാര്‍ത്ഥത്തില്‍ ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി അമേരിക്കന്‍ പ്രതിനിധികളും ഇറാന്‍ പ്രതിനിധികളും ഒരാഴ്ച്ച മുമ്പ് ചേര്‍ന്ന യോഗത്തോടുള്ള നെതന്യാഹുവിന്റെ പ്രതികരണമായിരുന്നു. യോഗത്തില്‍ വെച്ച് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുന്നേറ്റം തടയാന്‍ ഇറാന്‍ ഏതുവിധത്തിലൊക്കെ സഹായിക്കുമെന്ന് അമേരിക്കന്‍ പ്രതിനിധികള്‍ ആരാഞ്ഞത് നെതന്യാഹുവിനെ അരിശം കൊള്ളിച്ചിട്ടുണ്ട് എന്നത് വളരെ വ്യക്തമാണ്.
നെതന്യാഹുവിന്റെ സന്ദേശം ഒബാമക്ക് കൃത്യമായി മനസ്സിലായി. ആഗസ്റ്റ് 19ന് യുദ്ധ ലേഖകന്‍ ജെയിംസ് ഫോലെയുടെ തലയറുത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളൊന്നും തന്നെ ഒബാമ കണ്ടഭാവം നടിച്ചില്ല. ഇറാഖിലെ അമേരിക്കന്‍ പൗരന്‍മാരെ സംരക്ഷിക്കുമെന്ന് വാഗ്ദാനം കൊടുത്തപ്പോഴും, സ്വന്തം വെബ്‌സൈറ്റിലൂടെയും, സോഷ്യല്‍ മീഡിയകളിലൂടെയും ഇസ്‌ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട അറുകൊലകളുടെയും, ശിരഛേദത്തിന്റെയും ദൃശ്യങ്ങളോട് പ്രതികരിക്കാന്‍ ഒബാമ തയ്യാറായില്ല. ആഗസ്റ്റ് 25ഓടു കൂടി ഒബാമയുടെ ഉപദേശകര്‍ക്കു പോലും വ്യക്തമായി മനസ്സിലായതാണ് നെതന്യാഹു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മേല്‍ അല്ല എന്ന വസ്തുത : തന്റെ പേടിസ്വപ്‌നങ്ങളായ ഹമാസിനെയും ഇറാനെയും ഇല്ലായ്മ ചെയ്യുവാന്‍ വേണ്ടിയാണ് നെതന്യാഹു ഇസ്‌ലാമിക് സ്റ്റേറ്റിനെ പരാമര്‍ശിച്ചിരുന്നത്. അന്നേ ദിവസം തന്നെ ട്വിറ്റര്‍ പേജില്‍ അദ്ദേഹം കുറിച്ചു : 'ഐ.എസ്.ഐ.എസ് ആണ് ഹമാസ്, ഹമാസ് ആണ് ഐ.എസ്.ഐ.എസ്.' സംഗതി ഇന്റര്‍നെറ്റില്‍ പടര്‍ന്നെങ്കിലും എല്ലാവരും പുച്ഛിച്ച് തള്ളുകയാണുണ്ടായത്.
സന്ദര്‍ഭത്തിന് അനുസരിച്ച് വേഷം മാറുന്ന നെതന്യാഹുവിനെ കണ്ടില്ലെന്നു വെക്കാന്‍ തന്നെ ഒബാമ തീരുമാനിച്ചു. അതേസമയം, ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ കാര്യത്തില്‍ ഇടപെടുകയില്ലെന്ന തന്റെ തീരുമാനത്തില്‍ ഒബാമ ഉറച്ചുനിന്നു. നീണ്ട കാത്തിരിപ്പിനുശേഷം ആഗസ്റ്റ് 28ന് വൈറ്റ്ഹൗസില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഒരു 'ചെറിയ അപകടം' മാത്രമാണെന്ന് പറഞ്ഞ് ഒബാമ കേള്‍വിക്കാരെ അമ്പരപ്പിച്ചു കളഞ്ഞു. ഇറാഖില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്ക സ്വീകരിക്കാന്‍പോകുന്ന നടപടിയുടെ ആഴവും പരപ്പും നിര്‍ണയിക്കുന്ന വാക്കുകളായിരുന്നു അവ.
ഒബാമയുടെ വാക്കുകളില്‍, അമേരിക്കയുടെ നയം മുഖ്യമായും കേന്ദ്രീകരിക്കുക 'പ്രാദേശികാടിസ്ഥാനത്തിലുള്ള യുദ്ധതന്ത്രത്തിലാണ്. അതിന് ഒരു അന്താരാഷ്ട്ര സഖ്യത്തിന്റെയും പങ്കാളികളുടെയും പിന്തുണയുണ്ടാവും. ഇങ്ങനെ ഐ.എസ്.ഐ.എസിന്റെ ശേഷിയെ വ്യവസ്ഥാപിതമായി 'degrade' ചെയ്യും'. 'ദീര്‍ഘകാലാടിസ്ഥാനത്തില്‍' ഇത് നിര്‍വഹിക്കുന്നതിനു വേണ്ടി ഒബാമ പറയുന്നു, അദ്ദേഹം ഉദ്ദേശിക്കുന്നത് 'പ്രദേശിക തലത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള യുദ്ധതന്ത്രം ആവിഷ്‌കരിക്കുമെന്ന്. ഇതിന് മേഖലയിലെ പങ്കാളികളെ കൂട്ടുപിടിക്കും; പ്രത്യേകിച്ച് സുന്നികളില്‍ നിന്നുള്ള പങ്കാളികളെ. കാരണം, നമ്മള്‍ കണ്ടതു പോലെയുള്ള ഐ.എസ്.ഐ.എസിന്റെ കിരാത നടപടികളില്‍നിന്ന് അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതും എല്ലാ ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുന്നതുമായ ഒരു ഗവണ്‍മെന്റില്‍ തങ്ങള്‍ മുതല്‍മുടക്കിയതായി ഇറാഖിലെയും സിറിയയിലെയും സുന്നികളില്‍ തോന്നലുണ്ടാക്കുക എന്ന ഒരു ലക്ഷ്യം കൂടി ഇവിടെയുണ്ട്.' ഒരു തരത്തില്‍ നോക്കുകയാണെങ്കില്‍ ഒബാമ ആഗ്രഹിക്കുന്നത് ഇസ്‌ലാമിക് സ്‌റ്റേറ്റിനെ 'degrade' ചെയ്യാന്‍ മാത്രമാണ്. മറിച്ച് അതിനെ നശിപ്പിക്കുക എന്ന അജണ്ട ഒബാമയുടെ മുന്നിലില്ല. degrade എന്ന പദം അമേരിക്കന്‍ സൈനിക ഭാഷ്യത്തില്‍ ഒരു പ്രത്യേക അര്‍ഥത്തെ കുറിക്കുന്നതാണ്. 'degrade ചെയ്യുക എന്നതു കൊണ്ട് അര്‍ഥമാക്കുന്നത് വിവരങ്ങള്‍ ശേഖരിക്കാനും, വ്യവസ്ഥയെ നിയന്ത്രിക്കാനും ആജ്ഞക്ക് കീഴില്‍ നിര്‍ത്താനുമുള്ള ശത്രുവിന്റെ ശേഷിയെയും കൃത്യതയെയും മാരകമല്ലാത്തതും, താല്‍കാലിക ആഘാതം മാത്രം സൃഷ്ടിക്കുന്നതുമായ മാധ്യമങ്ങള്‍ ഉപയോഗിച്ച് ദുര്‍ബലപ്പെടുത്തുക എന്നതാണ്.' പുറമേക്ക് മിതവാദികള്‍ എന്ന മുഖമുദ്രയുണ്ടെങ്കിലും, പ്രായോഗിക തലത്തില്‍ നേര്‍വിപരീത സ്വഭാവം കാണിക്കുന്ന Free Syrian Army (FSA) ക്ക് ബില്ല്യന്‍ കണക്കിന് ഡോളര്‍ ചൊരിഞ്ഞു കൊടുത്ത് തുര്‍ക്കിയെയും, പൊതുവെ വിശ്വസിക്കാന്‍ കൊള്ളാത്ത അറബ് ശൈഖുമാരെയും സഹായത്തിന് വിളിച്ചാണ് മേല്‍ പറഞ്ഞ പദ്ധതി ഒബാമ നടപ്പില്‍ വരുത്താന്‍ പോകുന്നത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും നിരോധിച്ച നൂറുകണക്കിന് മിസൈലുകളും, അത്യാധുനിക ആയുധങ്ങളുമാണ് FSAയുടെ കൈവശമുള്ളത്. കൂടാതെ, ഇറാനെ കുറിച്ച് ഒബാമ ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.
യഥാര്‍ഥത്തില്‍, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സൃഷ്ടിപ്പിന് പിന്നിലെ നയങ്ങള്‍ തുടര്‍ച്ചയായി വിളിച്ചു പറയുക മാത്രമായിരുന്നു ഒബാമ ചെയ്തത്. (അവരുടെ വിശാലമായ ലക്ഷ്യങ്ങളെ സൂചിപ്പിക്കുവാന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ചുരുക്ക പേര് സംഘം സ്വീകരിച്ചപ്പോഴും, ഐ.എസ്.ഐ.എസ് എന്ന അവരുടെ പഴയ പേരില്‍ തന്നെയാണ് യു.എസ് അഡ്മിനിസ്‌ട്രേഷന്‍ അള്ളിപ്പിടിച്ചത്). ഭാവിയില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെ വ്യത്യസ്തമായ രീതിയില്‍ എങ്ങനെയൊക്കെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഒരു വാക്കു പോലും ഒബാമ പറഞ്ഞില്ല.
പ്രസിഡന്റ് എന്ന നിലയിലുള്ള ഒബാമയുടെ കാര്യശേഷിയില്ലായ്മയാണോ ഇത് കാണിക്കുന്നത്, അല്ലെങ്കില്‍ രാജിവെച്ചൊഴിയുന്നതിലേക്കുള്ള സൂചനയാണോ. അതുമല്ലെങ്കില്‍ വേറെന്തെങ്കിലും വൃത്തികെട്ട കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടോ? ഖേദകരമെന്നു പറയട്ടെ, അവസാനം പറഞ്ഞതിലേക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ശരിയാണെന്ന് സമ്മതിക്കുന്നില്ലെങ്കിലും, ഇസ്‌ലാമിക് സ്റ്റേറ്റ്, പ്രത്യേകിച്ച് അബൂബക്കര്‍ അല്‍ ബഗ്ദാദി പടിഞ്ഞാറിന്റെ സൃഷ്ടിയാണെന്നതിന് വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് ഇറാഖില്‍ ഉയര്‍ന്നു വന്നപ്പോള്‍, അമേരിക്ക മേഖലയിലെ അവരുടെ ഉറ്റസുഹൃത്തും സഖ്യകക്ഷിയുമായ ഇസ്രായേലുമായി പെട്ടെന്ന് കടുത്ത അഭിപ്രായഭിന്നതയിലാവുന്നതാണ് കണ്ടത്.
യാഥാര്‍ത്ഥ്യത്തെക്കാള്‍ കൂടുതല്‍ മിത്തുകളാണ് ബഗ്ദാദിയെ ചുറ്റിപ്പറ്റി രൂപംകൊണ്ടിട്ടുള്ളത്. രണ്ടു മാസം മുമ്പു വരെ അബു ദുആ എന്ന പേരിലാണ് സാധാരണയായി അയാള്‍ വിളിക്കപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ അണികള്‍ക്കിടയില്‍ അയാള്‍ അറിയപ്പെടുന്നത് ഖലീഫ ഇബ്രാഹിം എന്ന പേരിലാണ്. പടിഞ്ഞാറുമായുള്ള അയാളുടെ ബന്ധങ്ങളാണ് ഏറെ ആശ്ചര്യപ്പെടുത്തുന്നത്. മുന്‍ NSA ഏജന്റ് എഡ്വേഡ് സ്‌നോഡന്‍ IRNA (Iran's Islamic Republic News Agency) ക്ക് നല്‍കിയതായി പറയപ്പെടുന്ന അഭിമുഖം അതേപടി ബഹ്‌റൈനിലെ ഗള്‍ഫ് ഡെയ്‌ലി ന്യൂസ് പത്രം ജൂലൈ 15 ന് പ്രസിദ്ധീകരിച്ചതോടെയാണ് ബഗ്ദാദിയുടെ പാശ്ചാത്യ ബന്ധങ്ങളെ കുറിച്ചുള്ള സംഗതികള്‍ ആദ്യമായി വെളിച്ചം കണ്ടത്. പത്രത്തില്‍ പറയുംപോലെ 'ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന എല്ലാ ഭീകരവാദ പ്രവര്‍ത്തനങ്ങളെയും ഒരു സ്ഥലത്ത് കേന്ദ്രീകരിക്കാന്‍ ശേഷിയുള്ള ഒരു ഭീകരവാദ സംഘത്തെ നിര്‍മിക്കുവാന്‍' ഇസ്രായേലിലെ മൊസാദിന്റെ സഹായത്തോടെ ബ്രിട്ടിഷ്-അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളാല്‍ സൃഷ്ടിക്കപ്പെട്ട വ്യാജ വ്യക്തിയാണ് ബഗ്ദാദി എന്നാണ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. എല്ലാ ശ്രദ്ധയും ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പ്രദേശിക ശത്രുവിലേക്ക് ഗതിമാറ്റിവിട്ട് സുരക്ഷാ ഭീഷണികളില്‍ നിന്നും ഇസ്രായേലിനെ സംരക്ഷിക്കാനായിരുന്നു Hornest's Nest എന്ന പേരുള്ള ഈ തന്ത്രം പ്രയോഗിച്ചത്. പത്രം അവകാശപ്പെടുന്നതുപോലെ, മൊസാദിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന കനത്ത സൈനിക പരിശീലനം (മതാദ്ധ്യാപനങ്ങളില്‍ അഗാധമായ അറിവും, പ്രഭാഷണ പരിശീലനവും ഇതിനോടൊപ്പം നല്‍കപ്പെട്ടിരുന്നു) ബഗ്ദാദിക്ക് ലഭിച്ചിട്ടുണ്ട്.

വസ്തുതകള്‍
1. ഒരിക്കല്‍ അമേരിക്കന്‍ സര്‍ക്കാറിന്റെ അതീവ സുരക്ഷക്ക് കീഴില്‍ കഴിഞ്ഞിരുന്ന തടവുകാരനായിരുന്നു ബഗ്ദാദി. ബഗ്ദാദിയുടെ തലക്ക് അമേരിക്ക 10 മില്ല്യന്‍ ഡോളര്‍ വിലയിട്ടിരുന്നെങ്കിലും 2009ല്‍ ഒബാമയുടെ സര്‍ക്കാറാണ് അയാളെ മോചിപ്പിക്കാനായി ഉത്തരവിട്ടത്.
2. അമേരിക്കന്‍ സെനറ്റിലെ നവയാഥാസ്ഥികരായ ജോണ്‍ മകൈനിന്റെയും, ലിന്‍ഡ്‌സി ഗ്രഹാമിന്റെയും പൂര്‍ണ പിന്തുണയോടു കൂടിയാണ് സിറിയയിലെ സുന്നി ജിഹാദികള്‍ക്ക് ഒബാമ സര്‍ക്കാര്‍ നൂറുകണക്കിന് മില്ല്യന്‍ ഡോളറിന്റെ സൈനിക സഹായം നല്‍കിയത്. അമേരിക്കന്‍ സഹായം കൈപ്പറ്റുന്ന ആയിരക്കണക്കിന് ആളുകള്‍ ഇന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് അംഗങ്ങളാണ്. അമേരിക്കന്‍ സെനറ്റ് അംഗം ജോണ്‍ മകൈന് ഒപ്പമിരിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് പോരാളികളുടെ ഫോട്ടോകള്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് തന്നെ ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടിരുന്നു.
3. സുന്നി ജിഹാദികള്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തെ ആക്രമിക്കുന്ന സമയത്ത്, സര്‍ക്കാര്‍ സൈന്യത്തിന് നേരെ ബോംബാക്രമണം നടത്തി കൊണ്ട് ഇസ്രായേല്‍ നേരിട്ട് ജിഹാദികളെ സഹായിച്ചിരുന്നു.
4. ഇസ്‌ലാമിക് സ്‌റ്റേറ്റ് നയിക്കുന്ന സുന്നി-ശിയാ യുദ്ധത്തോട് ഇസ്രായേല്‍ പ്രധാനമന്ത്രി വളരെ സന്തോഷത്തോടെയാണ് പ്രതികരിച്ചത്. ഇസ്രായേലിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഒരു സുന്നി-ശിയാ യുദ്ധം വളരെ ഉപകാരപ്പെടുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചിരുന്നു.
5. അമേരിക്കയും ബ്രിട്ടനും സിറിയയിലെ സുന്നി ജിഹാദികള്‍ക്ക് ടൊയോട്ടൊ ട്രക്കുകള്‍ നല്‍കി. സിറിയ-ഇറാഖ് അതിര്‍ത്തിയിലൂടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് സൈന്യം നിരനിരയായി നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ അത് ഒരു ജാപ്പനീസ് കമ്പനിയുടെ വാണിജ്യ പരസ്യം പോലെയാണ് അനുഭവപ്പെട്ടത്.
ടൈം മാഗസിന്‍ നാലു ദിവസത്തിനുള്ളില്‍ തന്നെ പ്രസ്തുത കഥ ചവറ്റുകുട്ടയിലെറിഞ്ഞു. 'അമേരിക്കന്‍ ഇന്റലിജന്‍സില്‍ നിന്നും സ്‌നോഡന്‍ ചോര്‍ത്തിയ രേഖകളില്‍ ഒന്നും തന്നെ Hornest's Nest നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല' എന്ന്് ടൈംസ് പറഞ്ഞു. മുമ്പ് ഭരണകൂട താല്‍പര്യങ്ങള്‍ക്കു വേണ്ടി IRNA നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ടൈംസ് മാഗസിന്‍ വായനക്കാരെ ഉണര്‍ത്തി. Hornest's Nest എന്ന ചതി ഒരുക്കുന്നതിന് വളരെ മുമ്പു തന്നെ സ്‌നോഡന്‍ രാജ്യം വിട്ടു പോയിരുന്നതിനാല്‍ പ്രസ്തുത കഥ വളരെ ആശ്ചര്യപ്പെടുത്തുന്നതായി ഇറാനിലെ പ്രമുഖ പത്രമായ കയ്ഹാന്റെ എഡിറ്റര്‍ അഭിപ്രായപ്പെട്ടതായി ടൈംസ് മാഗസിന്‍ വെളിപ്പെടുത്തി.
സംശയങ്ങളുടെ പഴുതുകള്‍ എല്ലാം അടച്ചുകൊണ്ടായിരുന്നില്ല ടൈംസ് ഈ തള്ളിപ്പറച്ചിലിന് മുതിര്‍ന്നത്. ആദ്യമായി, ഇങ്ങനെയൊരു അഭിമുഖം നല്‍കിയതായ കാര്യം സ്‌നോഡന്‍ നിഷേധിച്ചിട്ടില്ല. ഇനി അപ്പറഞ്ഞ കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെങ്കില്‍, സത്യത്തിനൊപ്പം നിലകൊള്ളാനായി സ്വന്തം രാജ്യവും സ്വാതന്ത്ര്യവും ഉപേക്ഷിച്ച ഒരാള്‍ ഇപ്പോള്‍ അസത്യത്തിന്റെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ചു എന്നത് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട്. രണ്ടാമതായി, 2013 ജൂണ്‍ 10 നാണ് സ്‌നോഡന്‍ സത്യങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങിയത്. ഇത് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അമീറായി ബഗ്ദാദി നിയമിക്കപ്പെട്ടതിന് എട്ട് ആഴ്ച്ചകള്‍ക്കു ശേഷമാണ് സംഭവിക്കുന്നത്. എന്നുവെച്ചാല്‍, തന്ത്രം മെനഞ്ഞതിന് 18 മാസങ്ങള്‍ക്കു ശേഷം.
സ്‌നോഡനോട് വളരെ അടുപ്പമുള്ള വിക്കിലീക്ക്‌സ് ആഗസ്റ്റ് 8ന് അവരുടെ ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കി 'സിറിയയിലെ മറ്റ് സര്‍ക്കാര്‍ വിരുദ്ധ ഗ്രൂപ്പുകളെ പോലെത്തന്നെ ഐ.എസ്.ഐ.എസും ഇസ്രായേലിന്റെ സഹായം സ്വീകരിച്ചിട്ടുണ്ടാവാം. പക്ഷേ, സ്‌നോഡന്റെ രേഖകളില്‍ ഇതിനെ കുറിച്ച് സൂചനകളില്ല.'
അതിലുപരി സ്‌നോഡന്റെ 'വെളിപ്പെടുത്തലുകള്‍' ആദ്യം പുറത്തുവിട്ടത് IRNA അല്ല എന്ന് ഒരു പുനരാന്വേഷണത്തില്‍ തെളിഞ്ഞു. ജൂലായ് 11ന് Aljeriel.com എന്ന വെബ്‌സൈറ്റിലാണ് സ്‌നോഡന്റെ അഭിമുഖം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് നാലുദിവസങ്ങള്‍ക്കു ശേഷമാണ് IRNA അത് അതേപടി സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത്. കാര്യങ്ങല്‍ കലങ്ങിത്തെളിയുമ്പോള്‍, പടിഞ്ഞാറുമായുള്ള ബഗ്ദാദിയുടെ ബന്ധങ്ങള്‍ തെളിയിക്കുവാന്‍ Hornet's Nest എന്ന കഥ അനാവശ്യമായിത്തീരുന്നു. ജൂലായ് 5ന് മൂസിലിലെ ഗ്രാന്റ് മസ്ജിദിലെ മിംബറില്‍ വെച്ച് പൊതുജനത്തെ അഭിമുഖീകരിച്ച് ബഗ്ദാദി നിര്‍വഹിച്ച ഖുത്ബ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത അവസരത്തില്‍ തന്നെ, അയാളുടെ ഐഡന്റിറ്റി പുറത്തുകൊണ്ടുവരാനുള്ള ലോകവ്യാപകമായ വേട്ട ആരംഭിച്ചുകഴിഞ്ഞിരുന്നു. ഫോട്ടോ അനലിസ്റ്റുകള്‍ വളരെപ്പെട്ടെന്ന് അയാള്‍ ആരാണെന്ന് കണ്ടെത്തി. അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കയ്‌നുമായി ഒരു രഹസ്യ മീറ്റിംഗില്‍ വെച്ച് FSA യുടെ അഞ്ച് മിതവാദികളായ നേതാക്കളുടെ കൂടെയിരുന്ന് സിറിയയിലെ ഇദ്‌ലിബില്‍ വെച്ച് 2013 മേയ് 27 ന് സംസാരിക്കുന്നതായ വീഡിയോകള്‍ പുറത്തുവന്നു. ഒരു തീവ്ര ഇസ്‌ലാമിസ്റ്റ് എന്ന് ബഗ്ദാദി സ്വയം അറിയപ്പെടാന്‍ തുടങ്ങുന്നതിനുമുമ്പാണ് ഈ കൂടിക്കാഴ്ച നടന്നത്. പിന്നീട് ഒന്നര മാസത്തിനു ശേഷം Islamic state in iraq(ISI) എന്ന പേര് Islamic state in iraq and syria(ISIS) എന്ന കുറച്ചുകൂടി വിശാലാര്‍ത്ഥം ഉള്‍ക്കൊള്ളുന്ന പേരിലേക്ക് ബഗ്ദാദി പരിവര്‍ത്തിപ്പിച്ചു.
മിതവാദികളായ FSA ക്ക് ഉദാരമായി ആയുധങ്ങള്‍ നല്‍കിയിരുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സംഘടനയായ Syrian emergency task force(SETF) ഉം FSAയുടെ സ്വയംപ്രഖ്യാപിത ബ്രിഗേഡിയര്‍ ജനറലായിരുന്ന സാലിം ഇദ്‌രീസുമാണ് മക്കയ്‌ന്റെ സിറിയയിലെ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. 2013 മേയ് 27 ന് അദ്ദേഹം ബഗ്ദാദിയെ സന്ദര്‍ശിച്ചതില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ല എന്നാണ് ഒരു നിരീക്ഷണം ചൂണ്ടിക്കാട്ടുന്നത്. ബഗ്ദാദിയാവട്ടെ അന്നേരം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പത്ത് മില്യണ്‍ ഡോളര്‍ തലക്ക് വിലയിട്ട ആഗോള ഭീകരവാദികളുടെ ലിസ്റ്റില്‍ പെട്ടയാളുമായിരുന്നു. അതിലുപരി, ബഗ്ദാദി തന്റെ യഥാര്‍ത്ഥ നാമത്തില്‍(അവ്വാദ് ഇബ്‌റാഹീം അലി അല്‍ ബദ്‌രി) അറിയപ്പെടുന്ന സമയത്താണ് മക്കയ്‌നുമായി കൂടിക്കാഴ്ച നടന്നത്.
ആട്ടിന്‍തോലണിഞ്ഞ ചെന്നായയായി ആ യോഗത്തില്‍ എത്തിയിരുന്നത് ബഗ്ദാദി മാത്രമായിരുന്നില്ല. മറ്റു മിതവാദി സുന്നി നേതാക്കളോടൊപ്പം മുഹമ്മദ് നൂറിനേയും അമ്മാര്‍ അല്‍ ദദ്കിയെയും SETF ഉള്‍പ്പെടുത്തിയിരുന്നു. സിറിയയിലെയും ലബനാനിലെയും അല്‍ഖാഇദയുടെ ശാഖയായ ജബ്ഹത്തുന്നുസ്‌റയുടെ വടക്കന്‍ മേഖലയുടെ വക്താവാണ് നൂര്‍. ഐ.എസിന്റെ നിഴലിലേക്ക് ഒതുങ്ങുംവരെ ക്രൂരതയുടെ പര്യായമായിട്ടാണ് ജബ്ഹത്തുന്നുസ്‌റ അറിയപ്പെട്ടിരുന്നത്. ദാഹികി അതിലെ ഒരു പ്രമുഖ വ്യക്തിയാണ്. മക്കയ്‌നുമായുള്ള നൂറിന്റെ കൂടിക്കാഴ്ച്ചക്ക് ഒരു ദിവസം മുമ്പാണ് ജബ്ഹത് തീര്‍ത്ഥാടകരായ 11 ലെബനീസ് ശിയാക്കളെ തട്ടിക്കൊണ്ടുപോയത്.
മിതവാദികളായ സുന്നി വിമതരെയല്ല താന്‍ സന്ദര്‍ശിച്ചത് മറിച്ച്്, കൊടും കൊലപാതകികളും കൊടും ഭീകരരുമായാണ് താന്‍ ചര്‍ച്ചകള്‍ നടത്തിയതെന്ന് മക്കയ്‌ന് അറിയാമായിരുന്നോ? അറിയാതിരിക്കാനാണ് സാധ്യത. പക്ഷേ, SETF നെ പറ്റി അങ്ങനെ പറഞ്ഞുകൂടാ. ZETF ആണ് മക്കയ്‌നുമായുള്ള ചര്‍ച്ചക്കു വേണ്ടി ഇദ്‌രീസിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ, ക്ഷണിക്കപ്പെടുന്നയാളെപ്പറ്റി വ്യക്തമായ അറിവ് അതിന് ഉണ്ടായിരിക്കണം. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്കും മക്കയ്‌നും അതുപോലെ വാഷിംഗ്ടണിലെ നൂറുകണക്കിന് പോളിസി മേകേസിനും വേണ്ടത് നല്‍കുന്ന സിറിയയിലെ വിമതരെ 'നല്ലത്' 'ചീത്ത' എന്നിങ്ങനെ മുടിനാരിഴ കീറിയുള്ള പരിശോധയിലൂടെ വേര്‍തിരിക്കാന്‍ ആരും മെനക്കെടില്ല. മക്കയ്‌ന്റെ സന്ദര്‍ശനത്തിന് രണ്ടാഴ്ചകള്‍ക്ക് ശേഷം, ലോകമൊട്ടുക്കുമുള്ള കാഴ്ചക്കാര്‍ക്കു വേണ്ടി അബൂസക്കര്‍ എന്നു പേരുള്ള ഭീകരവാദ തലവന്‍ ഒരു സിറിയന്‍ സൈനികന്റെ ഹൃദയവും, ശ്വാസകോശങ്ങളും പറിച്ചെടുത്ത് കടിച്ചപ്പോള്‍, ഇദ്രീസ് FSA യിലെ ഒരംഗമെന്ന നിലയില്‍ സക്കറിനെ ന്യായീകരിക്കുകയാണ് ചെയ്തത്. BBCയിലെ പോള്‍ വുഡിനോട് ദേഷ്യത്തോടെ ഇദ്രീസ് ചോദിച്ചു 'പിന്നെ അബൂ സക്കറിനെതിരെ പോരാടണമെന്നും അദ്ദേഹത്തെ വിപ്ലവത്തില്‍ നിന്നും പുറത്താക്കണമെന്നുമാണോ പടിഞ്ഞാറ് എന്നോട് പറയുന്നത്?.'
കേവലം രണ്ടു മാസങ്ങള്‍ക്കു ശേഷം, SETF ന്റെ അന്നത്തെ പൊളിറ്റിക്കല്‍ ഡയറക്ടറായിരുന്ന, എലിസബത്ത് ഒ'ബാഗി, യാതൊരു മനഃപ്രയാസവും കൂടാതെ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയത് പിന്നീട് ജോണ്‍ കെറി അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഉദ്ധരിക്കുകയും ചെയ്തിരുന്നു: 'ഒരിക്കല്‍ സമാധാനകാംക്ഷികളും ജനാധിപത്യാനുകൂലികളുമായിരുന്ന പ്രതിപക്ഷം, കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് അല്‍ഖാഇദക്ക് ഭൂരിപക്ഷമുള്ള ഒരു അക്രമിസംഘമായി പരിണമിച്ചു എന്ന വിശ്വാസത്തിലേക്കാണ് വാര്‍ത്തകള്‍ വായിക്കുകയും കാണുകയും ചെയ്യുന്ന ഏതൊരാളും എത്തിച്ചേരുക. എന്നാല്‍, സത്യമതല്ല. യഥാര്‍ത്ഥത്തില്‍ മിതവാദികളാണ് ഇന്ന് പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ഗ്രൂപ്പുകളില്‍ ഭൂരിഭാഗവും. സുഊദി അറേബ്യയുടെയും മറ്റ് സഖ്യകക്ഷികളായ ജോര്‍ഡാന്‍, ഫ്രാന്‍സ് എന്നിവയുടെയും വലിയ അളവിലുള്ള സൈനികവും സാമ്പത്തികവുമായ സഹായത്തിന്റെ പിന്‍ബലം കൊണ്ടാണ് അവര്‍ ഈയടുത്ത് പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്.'
ബശ്ശാറുല്‍ അസദിന്റെ ഭരണത്തെ തകര്‍ക്കുന്നതിനു വേണ്ടി ഏതു വഴിയും സ്വീകരിക്കാന്‍ SETF തയ്യാറായത് എന്തുകൊണ്ടാണ്? ഉത്തരം ഇസ്രായേലിലേക്ക് തന്നെയാണ് മടങ്ങുന്നത്. അമേരിക്കയിലുള്ള ഇസ്രായേലിന്റെ പ്രഥമ രാഷ്ട്രീയ വിലപേശല്‍ സംഘടനയായ, American sIrael Political Action Committee (AIPAC) യും SETF ഉം തമ്മില്‍ രഹസ്യവും ഗാഢവുമായ ഒരു ബന്ധം നിലവിലുണ്ട്. 2013ല്‍ 'തിരുത്തപ്പെടുന്നത്' വരെക്കും, syriantaskforce.torahacademybr.org എന്നായിരുന്നു SETF ന്റെ ഒരു ഇമെയില്‍ അഡ്രസ്. torahacademybr.org എന്ന URL ഫ്‌ളോറിഡയിലെ Torah Academy of Boca Raton എന്ന സ്ഥാപനത്തിന്റെതാണ്. 'Ertez Ysiroel നോട് സ്‌നേഹവും പ്രതിബദ്ധതയും വളര്‍ത്തുക' എന്നതാണ് പ്രസ്തുത സ്ഥാപനത്തിന്റെ അക്കാദമിക് ലക്ഷ്യം.
അതിന്റെ എക്‌സിക്യുട്ടിവ് ഡയറക്ടറായ മുആസ് മുസ്തഫയുടെ കുടുംബപരമായ അടിവേരുകളെ കുറിച്ച് ദുരൂഹതകളുണ്ട്. 15ാമത്തെ വയസ്സില്‍ സിറിയയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് അയാള്‍ എന്നാണ് SETF ന്റെ വെബ്‌സൈറ്റലുള്ള അദ്ദേഹത്തിന്റെ ബയോഡാറ്റയില്‍ പറയുന്നത്. പക്ഷേ ഒട്ടുമിക്ക അമേരിക്കന്‍ പൗരന്‍മാരും ഹൈസ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്ന 19 മത്തെ വയസ്സില്‍ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം വിക്‌സ്‌നെഡറിനു വേണ്ടി സേവനമനുഷ്ടിച്ചതായി അദ്ദേഹത്തിന്റെ തൊഴില്‍ ജീവിതത്തില്‍ കാണാം. 2010ല്‍ അവരുടെ സീറ്റ് നഷ്ടപ്പെടുന്നത് വരെക്കും ഡമോക്രാറ്റിക് സെനറ്റര്‍ Blanche Linclon വേണ്ടിയും മുസ്തഫ സേവനമനുഷ്ടിച്ചിട്ടുണ്ട്.
2011 ഏപ്രില്‍ 17 ന്, കെയ്‌റൊ സന്ദര്‍ശനം കഴിഞ്ഞതിന് ശേഷമായിരിക്കാനാണ് സാധ്യത, പുതുതായി രൂപം കൊടുത്ത ലോബിയിങ് ഗ്രൂപ്പായ Libiyan Council for North America യുടെ എക്‌സിക്യൂട്ടിവ് ഡയറക്ടറായി മുസ്തഫ നിയമിതനായി. ഇത് പടിഞ്ഞാറ് ലിബിയയെ ആക്രമിച്ചതിന് ശേഷം ഒരു മാസം കഴിഞ്ഞാണ് സംഭവിച്ചത്. ട്രിപ്പോളി തകര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, 2011 സെപ്റ്റംബറില്‍ പുതുതായി രൂപം കൊടുത്ത SETF ന്റെ എക്‌സിക്യുട്ടിവ് ഡയറക്ടറായി വീണ്ടും അവരോധിക്കപ്പെട്ടു. അന്നേരം മുസ്തഫയുടെ പ്രായം 25 ആണ്. വാഷിങ്ടന്റെ ഇടനാഴികളില്‍ സ്വാധീനമുള്ള ഒരാളായി മാറാന്‍ വളരെ ശക്തവും മറഞ്ഞിരിക്കുന്നതുമായ ഒന്നിന്റെ സഹായമില്ലാതെ സാധിക്കുകയില്ല.
AIPAC യുടെ മീറ്റിങ്ങുകളില്‍ വളരെ ഒഴുക്കോടെയാണ് മുസ്തഫ സംസാരിച്ചിരുന്നത്. 'തീവ്രവാദികള്‍ക്കും, ഏകാധിപതികള്‍ക്കുമെതിരെ പോരാടുന്ന അറബ് ജനാധിപത്യവാദികള്‍ക്ക് പിന്തുണ നല്‍കുന്ന ആശയങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന Al Fikra Forumത്തിന്റെ വെബ്‌സൈറ്റിലെ ഒരു സ്ഥിരം എഴുത്തുകാരന്‍ കൂടിയാണ് മുസ്തഫ. പക്ഷേ, അതിന്റെ ഇമെയില്‍ അഡ്രസിന്, AIPAC യുടെ ഒരു ബുദ്ധിജീവി സെറ്റപ്പായ Washington Institute for Near East Policy (WINEP) യുമായി ബന്ധമുള്ളതായി കാണാന്‍ കഴിയും. അതിന്റെ ഹോംപേജില്‍ Fikra Forum ത്തിലേക്കുള്ള ഒരു ലിങ്ക് ഉണ്ട്.
WINEP യിലെ ഒരു സ്ഥിരം പ്രഭാഷകനും, ചര്‍ച്ചകളില്‍ സജീവമായി ഇടപെടുന്ന ആളുമാണ് മുസ്തഫ. ജൂലൈ 22 ന്, മുസ്തഫയുടെയും റസാന്‍ ഷലാബ് അല്‍ ഷാം എന്ന് പേരുള്ള ഒരു സ്ത്രീ ആക്ടിവിസ്റ്റിന്റെയും ജീവിതം പറയുന്ന Red lines : Inside Battle for Freedom in Syria എന്ന സിനിമ WINEP പുറത്തിറക്കുകയുണ്ടായി. അതിന് സാമ്പത്തിക സഹായം നല്‍കിയതും അവര്‍ തന്നെയായിരിക്കാന്‍ സാധ്യതയുണ്ട്. അതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ മുസ്തഫ പറഞ്ഞു : 'മേഖലയിലെ സുരക്ഷ ഉറപ്പു വരുത്താന്‍ ഇറാനെ സഹായിക്കുക എന്നത് ഒരു നല്ല ആശയമല്ല. കാരണം, സുന്നി-ശിയാ തീവ്രവാദികള്‍ക്ക് മേഖലയില്‍ ആഴത്തില്‍ വേരുറപ്പിക്കാനുള്ള സാധ്യത ഒരുക്കിക്കൊടുക്കുകയാണ് നിങ്ങളത് ചെയ്യുന്നതിലൂടെ സംഭവിക്കുക. നമ്മള്‍ ചെയ്യേണ്ട കാര്യം, ഇറാനികളാല്‍ ഭരിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത, അതേപോലെ സുന്നികളാല്‍ ഭരിക്കപ്പെടുന്നത് ഇഷ്ടമില്ലാത്ത ജനങ്ങളെ സഹായിക്കുക എന്നതാണ്. അങ്ങനെയൊരു ജനവിഭാഗം അവിടെയുണ്ട്താനും.'
മറ്റുഅറബ് രാഷ്ട്രങ്ങള്‍ക്കെന്തു തന്നെ സംഭവിച്ചാലും അത് ഒരു തരത്തിലും ബാധിക്കാത്ത ലോകത്തിലെ ഒരേയൊരു രാജ്യം ഇസ്രായേലാണ്. മറിച്ച്, അറബ് ലോകത്തെ പ്രശ്‌നകാലുഷ്യങ്ങള്‍ ഇസ്രായേലിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. 90 കളുടെ പകുതിയില്‍, American Enterprise Institute ന്റെ മേല്‍നോട്ടത്തി്ല്‍ പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സള്‍ട്ടന്റ് ഗ്രൂപ്പ്, 'മിഡിലീസ്റ്റിലെ സമാധാനം ദീര്‍ഘിപ്പിക്കാനുള്ള' ഒരു പദ്ധതി നെതന്യാഹുവിന് സമര്‍പ്പിക്കുകയുണ്ടായി. ഇറാഖിന്റെ തകര്‍ച്ചക്കു വേണ്ടി പ്രവര്‍ത്തിക്കുക, സിറിയയില്‍ തേരോട്ടം നടത്തുക, ഹിസ്ബുല്ലയെ തകര്‍ക്കുവാന്‍ വേണ്ടി ലെബനാനില്‍ അതിനെ ഒറ്റപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളായിരുന്നു ആ പദ്ധതി ഇസ്രായേലിന് മുന്നില്‍ വെച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍. സെക്കുലറും അതേസമയം ഏകാധിപത്യസ്വഭാവമുള്ളതുമായിരുന്ന സദ്ദാം ഹുസൈന്റെ ബഅസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ജോര്‍ജ് ബുഷിന്റെ സംഘത്തിലുണ്ടായിരുന്നത് നേരത്തേ സൂചിപ്പിച്ച ഗ്രൂപ്പിലെ അംഗങ്ങള്‍ തന്നെയായിരുന്നു.
ഇറാഖിന്റെ തകര്‍ച്ചക്ക് ശേഷം രണ്ട് വര്‍ഷങ്ങള്‍ക്കകം തന്നെ വറചട്ടിയില്‍ നിന്നും എരിതീയിലേക്കാണ് തങ്ങള്‍ ചാടിയതെന്ന് ഇസ്രായേലിന് ബോധ്യമായി. സദ്ദാമിന്റെ ഇറാഖ് ലെബനാനിനും ഇറാനും ഇടയിലുള്ള, ഭേദിക്കാന്‍ കഴിയാത്ത ഒരു തടസ്സമായിരുന്നു മാലികിയുടെ ഇറാഖാകട്ടെ ഇറാനില്‍ നിന്നും ഹിസ്ബുല്ലയിലേക്ക് ആയുധമൊഴുകുന്നതിനുള്ള എല്ലാ വഴികളും തുറന്നിട്ട് കൊടുത്തു. ഇസ്രായേല്‍ 'ശിയാ ക്രസന്റ്' എന്ന് വിളിക്കുന്ന ഈ ആയുധമൊഴുക്ക്, ഇസ്രായേലിനെ സംബന്ധിച്ച് അവരുടെ ഹൃദയത്തിലേക്ക് ആഞ്ഞുകുത്താനായി ഒരുങ്ങുന്ന അമ്പിന്‍മുനതന്നെയായിരുന്നു. ഹിസ്ബുല്ല പൂര്‍വ്വാധികം ശക്തിയോടെ വളര്‍ന്നുവന്നു. ഇത് ഇസ്രായേലിനെ അത്യധികം ഭയപ്പെടുത്തി. 2006 ല്‍, ലെബനാനെയും ഹിസ്ബുല്ലയെയും ഇസ്രായേല്‍ ആക്രമിച്ചു. ഹിസ്ബുല്ലയുടെ തുരങ്കങ്ങള്‍ കഴിഞ്ഞ മാസം ഗസ്സയിലെ ഹമാസിന്റെ തുരങ്കങ്ങള്‍ നശിപ്പിച്ചതു പോലെ തകര്‍ക്കാനായിരുന്നു ആ ആക്രമണം.
പക്ഷേ, ആ ആക്രമണം ഇസ്രായേലിന്റെ സുരക്ഷയും, നയതന്ത്രജ്ഞതയും പരാജയപ്പെട്ടതിന് വ്യക്തമായ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മുമ്പത്തേതിനേക്കാന്‍ ഹിസ്ബുല്ല ശക്തിയാര്‍ജിക്കുന്നതിനാണ് അത് വഴിവെച്ചത്. അന്നുമുതല്‍ ശിയാ ക്രസന്റില്‍ നിന്നുള്ള മരണഭീതിയോടെയാണ് ഇസ്രായേല്‍ ജീവതം തള്ളിനീക്കിയത്. ഇറാനെ കൊണ്ട് ആണവായുധ നിര്‍മാണം നിര്‍ത്തിവെപ്പിക്കുക എന്നത് നടക്കാത്ത കാര്യമാണ്. ഹിസ്ബുല്ലയിലേക്കുള്ള പൈപ്പ് ലൈനുകള്‍ അറുത്തു കളയേണ്ടതുണ്ടായിരുന്നു. രണ്ട് വഴികള്‍ മാത്രമാണ് അതിനുണ്ടായിരുന്നത്- ഇറാനെ തകര്‍ക്കുക, അല്ലെങ്കില്‍ സിറിയയെ തകര്‍ക്കുക. ഇറാന്‍ എന്നത് ഇറാഖിനേക്കാള്‍ വലുപ്പമുള്ള രാജ്യമാണ്. മാത്രമല്ല, സാക്ഷാല്‍ ബുഷ് പോലും ഇറാനെ ആക്രമിക്കാന്‍ മുതിര്‍ന്നിട്ടില്ല. ഇനി അത്തരമൊരു ദൗത്യത്തിന് സാമ്പത്തിക സഹായം നല്‍കണമെങ്കില്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മൊത്തം ഹിസ്റ്റീരിയ ബാധിക്കണം. പക്ഷേ, സിറിയ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള രാജ്യമാണ്.
അതിനാല്‍, 2008ല്‍ കടുത്ത സയണിസ്റ്റും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജെഫ്രി ഫെല്‍റ്റ്മാനും സൗദി അറേബ്യയുടെ കരുത്തുറ്റ അമേരിക്കന്‍ അംബാസഡറായ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനും കൂടി ഒരുമിച്ച് മറ്റൊരു പദ്ധതിയൊരുക്കി. 'വിശാല മിഡിലീസ്റ്റില്‍ സമാധാനം' എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. നേരത്തേ നിലവിലുള്ള 'ശിയാ ക്രസന്റ്' തകര്‍ക്കുന്നതിനു വേണ്ടി ഒരു 'സുന്നി ക്രസന്റ്' സൃഷ്ടിക്കാനായിരുന്നു പ്രസ്തുത പദ്ധതി ലക്ഷ്യമിട്ടത്. തുര്‍ക്കിയില്‍ നിന്നും തുടക്കംകുറിക്കുന്ന 'സുന്നി ക്രസന്റ്' ജോര്‍ഡാനിലാണ് അവസാനിക്കുക. അതിന് മുന്നിലുള്ള ഏക തടസ്സം അസദിന്റെ ബഅസ് പാര്‍ട്ടിയുടെ സെക്കുലറും ഏകാധിപത്യസ്വഭാവമുള്ളതുമായ സിറിയയായിരുന്നു. പക്ഷേ, 70 ശതമാനം സിറിയന്‍ പൗരന്‍മാരും സുന്നികളാണ്. മതത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ത്രസിപ്പിക്കുന്ന വിവരണമാണ് പദ്ധതിയുടെ മുക്കാല്‍ ഭാഗവും. 2012 ല്‍ തന്നെ പദ്ധതി ഇന്റര്‍നെറ്റിലൂടെ അതിന്റെ പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. 2011ല്‍ അറബ് വസന്തം ആരംഭിച്ച അവസരത്തില്‍, അതിന് മുമ്പുളള രണ്ട് വര്‍ഷക്കാലം ഗള്‍ഫിലും സൗദി അറേബ്യയിലുമുണ്ടായിരുന്ന 51 ടിവി, റേഡിയോ സ്‌റ്റേഷനുകള്‍ പുറത്തു വിട്ടുകൊണ്ടിരുന്നത് സലഫികളെ ഉയര്‍ത്തുന്നതും അസദിനെതിരെ വിദ്വേഷമുണര്‍ത്തുന്നതുമായ പ്രചാരണങ്ങളായിരുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍, ഡമസ്‌കസിലെ ഗൗതാ എന്നു പറയുന്ന പ്രാന്തപ്രദേശത്തുണ്ടായ വിഷവാതകമുപയോഗിച്ചുള്ള ആക്രമണത്തിനു ശേഷം ഇസ്രായേല്‍ അതിന്റെ ലക്ഷ്യത്തിന് തൊട്ടടുത്ത് എത്തിയതായിരുന്നു. ആഗസ്റ്റ് 27ന്, രാസായുധങ്ങളുമായി ബന്ധപ്പെട്ട ഒബാമയുടെ ലക്ഷ്മണ രേഖ ലംഘിച്ചതിന്റെ പേരില്‍ സിറിയയെ ആക്രമിക്കാനുള്ള അമേരിക്കയുടെ തീരുമാനം അറിയിച്ചുകൊണ്ടുള്ള കെറിയുടെ പ്രഭാഷണത്തിന്റെ പൂര്‍ണരൂപത്തോടൊപ്പം, വാഷിങ്്ടന്റെ മനസ്സ് രൂപപ്പെടുത്തുന്നതില്‍ ഇസ്രായേലി ഇന്റലിജന്‍സ് സംവിധാനത്തിനുള്ള പങ്ക് വെളിപ്പെടുത്തുന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ ഇസ്രായേലിലെ വലതുപക്ഷ പത്രമായ Times of sIrael പ്രസിദ്ധീകരിച്ചിരുന്നു. മൂന്നാമത്തെ അങ്ങേയറ്റം അപകടകരമായ റിപ്പോര്‍ട്ട്, ഇറാന്റെ ആണവസജ്ജീകരണങ്ങളുടെ മേല്‍ അമേരിക്ക ആക്രമണം നടത്തുമെന്ന നെതന്യാഹുവിന്റെ പ്രതീക്ഷകളെ കുറിച്ച് മാത്രമല്ല, സ്വന്തമായി ഇറാനെതിരെ ആക്രമണം സംഘടിപ്പിക്കാനുള്ള ഉദ്ദേശ്യത്തെ കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട്.
പക്ഷേ, അമേരിക്കന്‍ കോണ്‍ഗ്രസിനും മാധ്യമങ്ങള്‍ക്കും മുമ്പാകെ കെറിയും ഒബാമയും മുഴക്കിയ വീരവാദങ്ങള്‍ക്ക് വിപരീതമായി, 2013 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സിറിയന്‍ ആര്‍മി ഡമസ്‌കസിലും അലപ്പോയിലും രാസായുധങ്ങള്‍ പ്രയോഗിച്ചിരുന്നില്ല എന്നതിന് അമേരിക്കയുടെ അടുക്കല്‍ തന്നെ വ്യക്തമായ തെളിവുകള്‍ ഉണ്ട്. ജബ്ഹത്തു നുസ്‌റക്കും, ISIS നും വിഷവാതകം ഉല്‍പാദിപ്പിക്കാനുള്ള ശേഷിയും ഇല്ല. വീണ്ടുമൊരു യുദ്ധത്തിന് കോപ്പുകൂട്ടാന്‍ വേണ്ടി വ്യാജ തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തെ അഭിമുഖീകരിക്കേണ്ടിവന്ന കാമറൂണും ഒബാമയും സിറിയയില്‍ ബോംബാക്രമണം നടത്തുന്നതില്‍ നിന്നും പിന്മാറാനുള്ള വഴികള്‍ തേടുന്നതാണ് പിന്നീട് കണ്ടത്. ചുണ്ടിനും കപ്പിനും ഇടയില്‍ വിജയം കൈവിട്ടു പോയവന്റെ അവസ്ഥയിലായിപ്പോയി ഇസ്രായേല്‍.
സിറിയയുമായും ഇറാനുമായും സഹകരിക്കാന്‍ ഒബാമ കാണിച്ച സന്നദ്ധത നെതന്യാഹുവിനെയും അയാളുടെ സര്‍ക്കാറിനെയും പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചു. നല്ലവണ്ണം ആലോചിച്ചുറപ്പിക്കാതെയുള്ള തികച്ചും യാന്ത്രികമായ രീതിയില്‍ അമേരിക്കയുടെ ചില കാര്യങ്ങളോടുള്ള പ്രതികരണങ്ങള്‍ ഇസ്രായേലിന്റെ സുരക്ഷയെയാണ് അപകടത്തിലാക്കുക. ആറാഴ്ച്ചയോളം ഗസ്സ എന്ന തുറന്ന ജയിലിന് മുകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ഒരു പ്രധാന പോയന്റാണ്. മൂന്ന് കൗമാരക്കാരായ ഇസ്രായേലികളെ വെസ്റ്റ്ബാങ്കില്‍നിന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവമാണ് ഗസ്സയെ ആക്രമിക്കാന്‍ നെതന്യാഹു ന്യായീകരണമായി ഉയര്‍ത്തികാട്ടിയത്. ഗസ്സക്കാരെ കൂടി ഭീകരവാദികളാക്കി മുദ്രയടിച്ചുകൊണ്ട് ഹമാസിനെതിരെ പൊതുജന വികാരം ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശ്യവും, ഹമാസിനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയുമാണ് നെതന്യാഹു ഗസ്സയില്‍ കൂട്ടക്കൊല നടത്തിയത് എന്നത് വളരെ വ്യക്തമായിരുന്നു.
പക്ഷേ, കൗമാരക്കാരെ തട്ടിക്കൊണ്ടുപോയ കാര്യം ഹമാസ് നിഷേധിക്കുകയാണുണ്ടായത്. ബന്ദികളെ വധിക്കുകയെന്നത് ഹമാസിന്റെ സ്വഭാവത്തില്‍പെട്ടതല്ല, മാത്രമല്ല, അങ്ങനെ വധിക്കുകയാണെങ്കില്‍ അത് ആത്മഹത്യാപരമാണുതാനും. കാരണം, ഹമാസ് ഇസ്രായേലികളെ തട്ടിക്കൊണ്ടുവരുന്നത് ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് വേണ്ടി വിലപേശുവാനാണ് എന്നതാണ് കാര്യം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഇസ്രായേല്‍ അതിര്‍ത്തിക്കടുത്ത്് വെച്ച് തങ്ങളുടെ മൂന്ന് സൈനികരെ കഴിഞ്ഞ ഡിസംബറില്‍ വധിച്ചതിന് പ്രതികാരമായി ഇസ്രായേലികളായ കൗമാരക്കാരെ വധിച്ചതായി ഇസ്‌ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടിരുന്നു. പക്ഷേ, ഈ അവകാശവാദങ്ങള്‍ തെല്‍ അവീവ് അവഗണിക്കുകയാണുണ്ടായത്. ഇനി ഇസ്‌ലാമിക് സ്റ്റേറ്റ് ഇസ്രായേലിന്റെ സൃഷ്ടിതന്നെയാണെങ്കില്‍, അത് മടിച്ചു നില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാവുന്നതാണ്.
മുമ്പ് ലെബനാല്‍ അധിനിവേശത്തില്‍ സംഭവിച്ചതു പോലെ തന്നെ, ഗസ്സയെ ആക്രമിച്ചതിന് ഇസ്രായേലിന് തിരിച്ചടി ലഭിക്കുമെന്നത് ഉറപ്പാണ്. ഒരു വര്‍ഷം മുമ്പ് വരെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത വിധമാണ് ഗസ്സയിലെ ആക്രമണത്തിന് ശേഷം അന്താരാഷ്ട്ര സമൂഹത്തില്‍ ഇസ്രായേല്‍ ഒറ്റപ്പെട്ടത്. അതേസമയത്ത് സിറിയ-ഇസ്രായേല്‍ അതിര്‍ത്തിയിലെ ഖുനൈത്തറ എന്ന പട്ടണം പെട്ടെന്ന് തന്നെ ജബ്ഹത്തു നുസ്‌റയുടെ അധീനതയില്‍ വരാന്‍ കാരണമായത്് ഗസ്സയിലെ ഇസ്രായേലിന്റ ആക്രമണമായിരുന്നു. സിറിയയുടെ വടക്കന്‍ മേഖലയില്‍ നിന്നും ഏകദേശം പൂര്‍ണമായിത്തന്നെ ഇസ്‌ലാമിക് സ്റ്റേറ്റ് ജബ്ഹത്തു നുസ്‌റയെ തുരത്തിക്കഴിഞ്ഞു. സിറിയയുടെ തെക്കന്‍ മേഖലകളിലേക്കുള്ള ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുന്നേറ്റം അല്‍ഖാഇദയുടെ നേതാക്കളെ കൊണ്ട് ചില സുപ്രധാന തീരുമാനങ്ങള്‍ എടുപ്പിച്ചേക്കാം. സിറിയയും ഇറാഖും ഇസ്‌ലാമിക് സ്റ്റേറ്റിന് വിട്ടു കൊടുത്ത് ജോര്‍ഡാനിലും ഇസ്രായേലിലും ശ്രദ്ധകേന്ദ്രീകരിക്കുകയാവും അല്‍ഖാഇദ ചെയ്യുക.
ഇങ്ങനെയൊരു മാറ്റം ഇപ്പോള്‍ നടന്നിട്ടില്ലെങ്കിലും, ഭാവിയില്‍ തീര്‍ച്ചയായും സംഭവിക്കും. കാരണം സലഫികളായ മതപ്രബോധകരൊക്കെ തന്നെ പ്രഭാഷണങ്ങളില്‍ അവരുടെ ആത്യന്തികലക്ഷ്യമായി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന കാര്യമാണ് ജറൂസലം മോചിപ്പിക്കുമെന്നും സുന്നികളുടെയും, എല്ലാ യഥാര്‍ഥ മുസ്‌ലിംകളുടെയും രണ്ടാമത്തെ പുണ്യ ഗേഹമായ അല്‍ അഖ്‌സ മസ്ജിദ് തുറക്കുമെന്നും.
വഹാബികളെ നേരിടാനുള്ള തങ്ങളുടെ അവസാന സുരക്ഷാകവചമായി അവശേഷിക്കുന്നത് ബഅസിസ്റ്റ് സിറിയ മാത്രമാണെന്ന് ഭീതിപൂണ്ട് നില്‍ക്കുന്ന ഇസ്രായേല്‍ തിരിച്ചറിഞ്ഞ മട്ടില്ല. അതുകൂടി കൈവിട്ട് പോവുകയാണെങ്കില്‍, സര്‍ക്കാറിന്റെയും, സമൂഹത്തിന്റെയും ചെയ്തികളുടെ ഇരകളായി സ്വയം കണക്കാക്കുന്ന സിറിയയിലെ യുവത ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെയും, ജബ്ഹത്തു നുസ്‌റയുടെ പതാകയും വഹിച്ച് ജറൂസലമിന്റെ മേല്‍ അവസാനത്തെ അടി ആഞ്ഞടിക്കും.
അങ്ങനെയൊന്ന് സംഭവിക്കുകയാണെങ്കില്‍, ഇസ്രായേലിലെയും മറ്റു രാജ്യങ്ങളിലെയും (ഇന്ത്യയും, പാകിസ്ഥാനുമടക്കം) ജീവിതം വളരെ ദുഷ്‌കരമായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല.
വിവ: ഇര്‍ഷാദ് കാളാച്ചാല്‍
കടപ്പാട് : (TEHELKA 2014 sep 13)

 

ഐ.എസ്.ഐ.എസ് നാള്‍വഴികള്‍

2004
അബൂ മുസ്അബ് അല്‍ സര്‍ഖാവി ഇറാഖില്‍ അല്‍ഖാഇദ സ്ഥാപിക്കുന്നു(AQI)

2006
അല്‍ സര്‍ഖാവിയുടെ നേതൃത്വത്തില്‍ അല്‍ഖാഇദ ഇറാഖില്‍ ഭൂരിപക്ഷമുള്ള ശിയാക്കള്‍ക്കെതിരെ ഒരു വിഭാഗീയ യുദ്ധത്തിന് തിരികൊളുത്താന്‍ ശ്രമിക്കുന്നു

7 ജൂണ്‍ 2006
അമേരിക്കയുടെ ആക്രമണത്തില്‍ അല്‍ സര്‍ഖാവി കൊല്ലപ്പെട്ടു. അബൂ ഹംസ അല്‍ മുഹാജിര്‍ എന്ന പേരിലും അറിയപ്പെടുന്ന അബൂ അയ്യൂബ് അല്‍ മസ്‌രി AQI യുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നു.

ഒക്ടോബര്‍ 2006
ISI (Islamic State in Iraq) രൂപീകരിച്ചതായി അല്‍ മസ്‌രി പ്രഖ്യാപിച്ചു. അബൂ ഉമര്‍ അല്‍ ബഗ്ദാദിയെ നേതാവായി അവരോധിച്ചു

ഏപ്രില്‍ 2010
അമേരിക്കന്‍-ഇറാഖ് സൈന്യങ്ങള്‍ സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ അബൂ ഉമര്‍ അല്‍ ബഗ്ദാദിയും അല്‍ മസ്‌രിയും കൊല്ലപ്പെടുന്നു. ശേഷം അബൂബക്കര്‍ അല്‍ ബഗ്ദാദി ISI യുടെ നേതാവാകുന്നു

8 ഏപ്രില്‍ 2013
അല്‍ നുസ്‌റ ഫ്രണ്ട് എന്ന പേരിലും അറിയപ്പെടുന്ന സിറിയയിലെ അല്‍ഖാഇദയുടെ പിന്തുണയുള്ള ജബ്ഹത്തു നുസ്‌റ എന്ന സായുധ സംഘത്തെ തങ്ങളില്‍ ലയിപ്പിച്ചതായി ISI പ്രഖ്യാപിച്ചു. ഇനിമുതല്‍ തന്റെ സംഘം ISIS (Islamic State in Iraq and Syria) എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് അല്‍ ബഗ്ദാദി പറഞ്ഞു

ഏപ്രില്‍ 2013
ISIS ന്റെ ലയനശ്രമം അല്‍ നുസ്‌റ ഫ്രണ്ട് തലവന്‍ അബൂ മുഹമ്മദ് അല്‍ ജൗലാനി തള്ളിക്കളഞ്ഞു

3 ഫെബ്രുവരി 2014
അല്‍ നുസ്‌റ ഫ്രണ്ടും ISIS ഉം തമ്മിലുണ്ടായ മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ISIS മായുള്ള ബന്ധം അല്‍ഖാഇദ ഉപേക്ഷിച്ചു

മേയ് 2014
സിറിയയില്‍ നിന്നും 140 കുര്‍ദിഷ് വിദ്യാര്‍ത്ഥികളെ ISIS തട്ടിക്കൊണ്ടു പോയി. സലഫി കാഴ്ച്ചപ്പാടനുസരിച്ചുള്ള ഇസ് ലാമിക പാഠ്യപദ്ധതി അവരില്‍ അടിച്ചേല്‍പ്പിച്ചു.

9 ജൂണ്‍ 2014
മൂസില്‍ വിമാനത്താവളം, ടിവി സ്റ്റേഷനുകള്‍, ഗവര്‍ണറുടെ ഓഫിസ് എന്നിവ ISIS പിടിച്ചെടുത്തു. 1000 ത്തിലധികം തടവുകാരെ അവര്‍ മോചിപ്പിച്ചു.

10 ജൂണ്‍ 2014
മൂസില്‍ പൂര്‍ണമായി ISIS ന്റെ നിയന്ത്രണത്തിലായി.

11 ജൂണ്‍ 2014
തിക്‌രീത്ത് ISIS ന്റെ നിയന്ത്രണത്തിന് കീഴിലായി

21 ജൂണ്‍ 2014
സിറിയയുടെ അതിര്‍ത്തിയിലുള്ള അല്‍ ഖയിമിന്റെ നിയന്ത്രണം ISIS പോരാളികള്‍ ഏറ്റെടുത്തു. അതോടൊപ്പം ഇറാഖിലെ മൂന്ന് പട്ടണങ്ങളും അവര്‍ പിടിച്ചെടുത്തു.

28 ജൂണ്‍ 2014
യുദ്ധം മൂലം അഭയാര്‍ഥികളായി ഓടിപ്പോന്നവര്‍ക്ക് അതിര്‍ത്തി കടന്ന് തങ്ങളുടെ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് ഇറാഖി കുര്‍ദിസ്ഥാന്‍ നിയന്ത്രണമേര്‍പ്പെടുത്തി.

29 ജൂണ്‍ 2014
എല്ലാ അതിര്‍ത്തിരേഖകളെയും മായ്ച്ചുകൊണ്ടും അപ്രസക്തമാക്കിയും ISIS ഖിലാഫത്ത് (Islamic State) പ്രഖ്യാപിച്ചു. 1.5 മില്ല്യണ്‍ വരുന്ന ലോകമൂസ്‌ലിംകളുടെ ഖലീഫയായി അബൂബക്കര്‍ അല്‍ ബഗ്ദാദി സ്വയം പ്രഖ്യാപിച്ചു. Islamic State എന്ന പുതിയ പേര് സ്വീകരിച്ചതായി സംഘം പ്രഖ്യാപിച്ചു.

30 ജൂണ്‍ 2014
1.2 മില്ല്യണ്‍ ഇറാഖികള്‍ വീടുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായതായി ഐക്യരാഷ്ട്രസഭ അറിയിച്ചു

30 ജൂണ്‍ 2014
300 സൈനികരെ കൂടി ഇറാഖിലേക്ക് അയക്കാന്‍ അമേരിക്ക തീരുമാനിച്ചതായി പെന്റഗണ്‍ അറിയിച്ചു. ഇതോടു കൂടി ഇറാഖിലേക്ക് അയച്ച മൊത്തം അമേരിക്കന്‍ സൈനികരുടെ എണ്ണം 800 ആയി. അമേരിക്കന്‍ എംബസി, ബാഗ്ദാദ് വിമാനത്താവളം എന്നിവക്ക് സുരക്ഷ നല്‍കാനും ഇറാഖ് സൈന്യത്തെ സഹായിക്കാനുമാണ് ഇറാഖിലേക്ക് അമേരിക്ക സൈനികരെയും സൈനിക ഉപദേഷ്ടാക്കളെയും അയച്ചത്.

ജൂലൈ 2014
സിറിയയില്‍ ദേര്‍ അസൂറിനും, ഇറാഖ് അതിര്‍ത്തിക്കും ഇടയിലുള്ള എല്ലാ പട്ടണങ്ങളും ISIS ന്റെ നിയന്ത്രണത്തിന് കീഴിലായതായി ഫ്രീ സിറിയന്‍ ആര്‍മി വക്താവ് ഒമര്‍ അബൂ ലെയ്‌ല പറഞ്ഞു.

3 ജൂലൈ 2014
അല്‍ ഒമറില്‍ സ്ഥിതിചെയ്യുന്ന സിറിയയിലെ പ്രധാന എണ്ണപാടം ISIS പിടിച്ചെടുത്തു. സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമാണിത്. പ്രതിദിനം 75000 ബാരല്‍ എണ്ണ ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്.

17 ജൂലൈ 2014
സിറിയയിലെ ഹിംസ് പ്രവിശ്യയിലെ ഷാഎര്‍ പ്രകൃതിവാതകപ്പാടം ആക്രമിച്ച് പിടിച്ചെടുത്ത ശേഷം 270 ആളുകളെ കൊലപ്പെടുത്തിയതായി ISIS അവകാശപ്പെട്ടു.

24 ജൂലൈ 2014
മൂസിലില്‍ ഉണ്ടായിരുന്ന യൂനുസ് നബിയുടെതെന്ന് പറയപ്പെട്ടിരുന്ന ശവകുടീരം ISIS പോരാളികള്‍ ബോബുവെച്ച് തകര്‍ത്തു

8 ആഗസ്റ്റ് 2014
സുന്നി തീവ്രവാദികളുടെ ഇറാഖിലെ സൈനികസങ്കേതത്തില്‍ രണ്ട് അമേരിക്കന്‍ F/A-18 ഫൈറ്റര്‍ ജെറ്റുകള്‍ ബോംബിടുന്നു. ISIS പോരാളികളില്‍ നിന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ വ്യോമാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഉത്തരവിട്ടു. അധികൃതര്‍ മുന്നറിയിപ്പ് കൊടുത്ത പ്രകാരം ന്യൂനപക്ഷ വിഭാഗങ്ങള്‍ ISIS പോരാളികളുടെ കൂട്ടക്കൊലക്ക് ഇരയാവുന്നത് തടയാന്‍ വേണ്ടിയും അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തും

19 ആഗസ്റ്റ് 2014
2012 മുതല്‍ സിറിയയില്‍ നിന്നും കാണാതായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോലെയുടെ തല ISIS പോരാളികള്‍ അറുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ യൂടുബില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് ബന്ദിയായ മറ്റൊരു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെയും, സ്റ്റീവന്‍ സോട്ട്‌ലോഫാണെന്ന് കരുതപ്പെടുന്നു, ജീവനെടുക്കുമെന്ന് ISIS ഭീഷണി മുഴക്കുന്നു.

2 സെപ്റ്റംബര്‍ 2014
സ്റ്റീവന്‍ സോട്ട്‌ലോഫിന്റെ തലയറുക്കുന്നതായ പുതിയ വീഡിയോ ISIS പുറത്തുവിട്ടു.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top