തുര്‍ക്കിയുടെ നിയോഖിലാഫത്ത് മോഡല്‍ വിശകലനം ചെയ്യപ്പെടുന്നു
സൈഫുദ്ദീന്‍ കുഞ്ഞ്
അറബ് പ്രക്ഷോഭം ആരംഭിച്ചതുമുതല്‍ പശ്ചിമേഷ്യന്‍ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമാണ്. ഈ മേഖലയില്‍ സംജാതമായ അസന്ദിഗ്ധാവസ്ഥയും രാഷ്ട്രീയ-സാമൂഹിക അസന്തുലിതാവസ്ഥയും കൂടുതല്‍ വിഭാഗീയതകള്‍ സൃഷ്ടിക്കുന്ന സവിശേഷ സാഹചര്യത്തില്‍ തുര്‍ക്കിയുടെ ദേശീയ-വിദേശ നയങ്ങള്‍ വിശകലനം ചെയ്യുന്നത് കരണീയമാണ്. 'ഇസ്‌ലാമിക് സ്റ്റേറ്റ്', ബോകോഹറാം എന്നിവയുടെ ഖിലാഫത്ത് പ്രഖ്യാപനവും തുര്‍ക്കിയുടെ ഖിലാഫത്തിലേക്കുള്ള മടക്കം എന്ന രീതിയിലുള്ള വാര്‍ത്തകളും ഈ വിഷയത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
സമകാലിക പശ്ചിമേഷ്യന്‍ സാഹചര്യത്തില്‍ തുര്‍ക്കി വിശകലനം ചെയ്യപ്പെടുന്നത് പ്രധാനമായും തുര്‍ക്കി മോഡല്‍, രാഷ്ട്രത്തിന്റെ വിദേശനയം, നിയോ ഓട്ടോണിസം എന്നീ മൂന്ന് വസ്തുതകളിലാണ്. ആഭ്യന്തര കാര്യങ്ങളില്‍ തുര്‍ക്കി വരുത്തിയ മാറ്റവും പുത്തനുണര്‍വും, സ്വാതന്ത്ര്യം, സുരക്ഷ എന്നീ ലോക മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ദേശനയവും തുര്‍ക്കിയെ ഇസ്‌ലാമിക ലോകമടക്കം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായിത്തീരുന്നു. വിദേശനയത്തില്‍ സ്വീകരിച്ച ചടുലമായ മാറ്റവും നയതന്ത്രപരതയും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വിശിഷ്യാ യൂറോപ്പ്, ഏഷ്യ, ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം നേടാന്‍ സഹായിച്ചു. ആധുനിക തുര്‍ക്കിയുടെ സ്ഥാപനം മുതല്‍ ഇസ്‌ലാമിക ലോകവുമായുള്ള ബന്ധം വിഛേദിച്ച് അരനൂറ്റാണ്ടിനുശേഷം തുര്‍ക്കിയിലാരംഭിച്ച ദേശീയവും വിദേശീയവുമായ രാഷ്ട്രീയ-സാമൂഹിക പരിവര്‍ത്തനങ്ങള്‍ പക്ഷേ, ഫോറിന്‍ പോളിസി വിദഗ്ധരും മറ്റും സംശയത്തോടെയാണ് വീക്ഷിച്ചത്. തുര്‍ക്കി രാഷ്ട്രീയ ഘടനയില്‍തന്നെ സംഭവിച്ച പരിവര്‍ത്തനങ്ങളെ ഭയത്തോടെ കാണാന്‍ തുടങ്ങുകയും ഇസ്‌ലാമിക പശ്ചാത്തലമുള്ള ഭരണകൂടം സമൂഹത്തിന്റെ മതേതര പ്രതിഛായക്ക് മങ്ങലേല്‍പിച്ച് ഇസ്‌ലാമീകരണമാണ് ലക്ഷ്യമിടുന്നതെന്നുമുള്ള വിശകലനത്തിലേക്കെത്തിച്ചേര്‍ന്നു.
ഉസ്മാനിയാ ഖിലാഫത്തിന്റെ പ്രതാപത്തിലേക്കുള്ള മടക്കമാണിതെന്നും ചിലര്‍ വിധിയെഴുതി. ഈ സവിശേഷ സാഹചര്യത്തില്‍ തുര്‍ക്കിയില്‍ വീണ്ടും ലോകശ്രദ്ധയാകര്‍ഷിച്ച വസ്തുതകള്‍ വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്.
'തുര്‍ക്കി മാതൃക'
അറബ് പ്രക്ഷോഭം പശ്ചിമേഷ്യന്‍ രാഷ്ട്രീയ മേഖലയില്‍ സൃഷ്ടിച്ച സംവാദങ്ങളില്‍ ഏറ്റവും പ്രധാനമായത് 'തുര്‍ക്കി മാതൃക' ആണ്. തുര്‍ക്കി രാഷ്ട്രം സമൂഹത്തിനു നല്‍കിയ ആഭ്യന്തര സുരക്ഷയും സ്വാതന്ത്ര്യവും ആഗോളതലത്തിലെ സ്വീകാര്യതയും ഈ ചര്‍ച്ചക്ക് വഴിമരുന്നിട്ടു. മനുഷ്യാവകാശ സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യം, രാഷ്ട്രീയ സുസ്ഥിരത എന്നിവക്കുവേണ്ടി സമരംചെയ്ത അറബ് രാഷ്ട്രങ്ങളില്‍ പലതും തുര്‍ക്കിയെ മാതൃകയാക്കി സ്വീകരിക്കാന്‍ തയ്യാറായി. അറബ് പ്രക്ഷോഭത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയവരില്‍ പ്രധാനമായും ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ്, തുനീഷ്യയിലെ അന്നഹ്ദ, മൊറോക്കോയിലെ ഡവലപ്‌മെന്റ് ആന്റ് ജസ്റ്റിസ് പാര്‍ട്ടി എന്നിവയാണ് തുര്‍ക്കി മോഡലിന്റെ സ്വീകാര്യതയെക്കുറിച്ച് സംസാരിച്ചത്. തുര്‍ക്കിയിലെ ഭരണകക്ഷിയായ അക് പാര്‍ട്ടിയുടെ നയനിലപാടുകളും സമൂഹത്തില്‍ വരുത്തിയ വികസനവും പരിവര്‍ത്തനവും അനുകരണീയമാണെന്നും പക്ഷേ, തുര്‍ക്കിമാതൃക അറബ് സമൂഹത്തിനും രാഷ്ട്രീയത്തിനുമനുപൂരകമായി വേണം നടപ്പിലാക്കാന്‍ എന്ന് റാശിദുല്‍ ഗനൂശി വിശകലനം ചെയ്യുകയുണ്ടായി. സമാനമായ വീക്ഷണമാണ് അക് പാര്‍ട്ടിക്കുള്ളത്. അറബ്-ഇസ്‌ലാമിക ലോകത്തെ നവതരംഗങ്ങളെ സ്വാഗതം ചെയ്ത പാര്‍ട്ടി, തുര്‍ക്കി സമൂഹത്തില്‍ തങ്ങള്‍ ശ്രമിച്ച രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും അനുകരിക്കാമെന്നും എന്നാല്‍ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കിയുള്ള പരിവര്‍ത്തനമായിരിക്കണമതെന്നും ഓര്‍മപ്പെടുത്തി.
അറബ് ഇസ്‌ലാമിക ലോകത്തിലെ പ്രസ്ഥാനങ്ങളും പശ്ചിമേഷ്യന്‍ വിദഗ്ധരും തുര്‍ക്കിയുടെ അസാധാരണമായ ഈ സ്ഥാനം ചര്‍ച്ചചെയ്യാനുള്ള കാരണങ്ങള്‍ പലതാണ്. അക് പാര്‍ട്ടി പ്രത്യയശാസ്ത്രപരമായോ രാഷ്ട്രീയ ചര്‍ച്ചകളിലോ ഇസ്‌ലാമിന്റെ രാഷ്ട്രീയ പദാവലികളെ ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് അതില്‍ പ്രധാനം. ഖിലാഫത്ത്, ഇസ്‌ലാമിക് സ്റ്റേറ്റ്, ശരീഅത്ത് എന്ന് തുടങ്ങിയ ഇസ്‌ലാമിക പദസഞ്ചയങ്ങള്‍ക്കു പകരം, സമൂഹത്തില്‍ സ്വാതന്ത്ര്യം, വികസനം, സുരക്ഷ, നീതി എന്നിവയാണ് പാര്‍ട്ടി പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. എന്നാല്‍, വ്യക്തിതലത്തിലും സാംസ്‌കാരിക തലത്തിലും ഇസ്‌ലാമികാശയം സംരക്ഷിക്കുന്നതില്‍ പാര്‍ട്ടിക്ക് അചഞ്ചലമായ നിശ്ചയമാണുള്ളത്. തുര്‍ക്കി സമൂഹത്തിന്റെ സംസ്‌കാരവും പാരമ്പര്യപരവുമായ സവിശേഷ സ്ഥാനം അനിഷേധ്യവുമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. മുന്‍ പ്രധാനമന്ത്രി നജ്മുദ്ദീന്‍ അര്‍ബകാനിന്റെ രാഷ്ട്രീയ നിലപാടുകളും ഇസ്‌ലാമിക വിഷയത്തിലുള്ള പല വീക്ഷണങ്ങളും അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും രാഷ്ട്രീയ ഭാവിക്ക് സൃഷ്ടിച്ച വിഘാതം നന്നായി അറിയുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള അക് പാര്‍ട്ടി സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകളാണ് ആഭ്യന്തരകാര്യത്തില്‍ നടത്തിവന്നിട്ടുള്ളത്.
സ്റ്റേറ്റ് പ്രത്യയശാസ്ത്രമായി സ്വീകരിച്ച സെക്കുലറിസത്തോട് എ.കെ പാര്‍ട്ടിക്ക് അനുഭാവപൂര്‍വമായ നിലപാട് ആണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, പാര്‍ട്ടിക്ക് അവരുടേതായ വായനയുണ്ട് എന്നത് പ്രസക്തമാണ്. മതസ്പര്‍ശിയായ എല്ലാറ്റിനോടും വൈരം സൂക്ഷിക്കുന്ന ഫ്രഞ്ച് സെക്കുലറിസം കടമെടുത്ത തുര്‍ക്കിയില്‍ മതത്തെയും മറ്റ് സാംസ്‌കാരിക തനിമകളെയും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് അക് പാര്‍ട്ടി സെക്കുലറിസത്തെ വിലയിരുത്തുന്നത്. കണ്‍സര്‍വേറ്റീവ് ഡെമോക്രസി' എന്നാണ് പാര്‍ട്ടി രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ചിട്ടുള്ളത്. തുര്‍ക്കിയുടെ സംസ്‌കാരത്തോടും പാരമ്പര്യത്തോടും ചേര്‍ന്നുനിന്നുകൊണ്ടുതന്നെ ആധുനിക രാഷ്ട്രീയ വ്യവസ്ഥകളുമായി സംവദിക്കാന്‍ അക് പാര്‍ട്ടിയെ സഹായിക്കുന്നത് അവരുടെ കണ്‍സര്‍വേറ്റീവ് ഡെമോക്രസി എന്ന രാഷ്ട്രീയ ധാരയാണ്.
ഉസ്മാനിയാ ഖിലാഫത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയില്‍ പടിഞ്ഞാറിനും കിഴക്കിനുമിടയില്‍ സവിശേഷമായ ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ട് എന്ന അവബോധം തുര്‍ക്കിയെ കൂടുതല്‍ കരുത്തുറ്റ നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. തുര്‍ക്കിയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും അറബ്-ഇസ്‌ലാമിക ലോകത്തെയും പടിഞ്ഞാറിനെയും കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രമെന്ന നിലയില്‍ വളരെ ഗൗരവപൂര്‍വമായ രാഷ്ട്രീയ സ്ഥാനമാണ് ലോകത്ത് തങ്ങള്‍ക്കുള്ളതെന്നും തുര്‍ക്കി വിശ്വസിക്കുന്നു.
യൂറോപ്യന്‍ യൂണിയന്‍(EU) അംഗത്വശ്രമം തുര്‍ക്കി ആഭ്യന്തരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ 'തുര്‍ക്കി മാതൃക' ചര്‍ച്ചചെയ്യപ്പെടാന്‍ കാരണമായിട്ടുണ്ട്. നിയമാധികാരം, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ലഘൂകരിക്കല്‍, മിലിട്ടറിയുടെ അധികാരക്കൈയേറ്റം ഇല്ലാതാക്കല്‍ എന്നീ നിലകളിലും രാഷ്ട്രത്തിന്റെ പൊതുവികസനത്തിലും തുര്‍ക്കിക്കുണ്ടായ വളര്‍ച്ച അദ്ഭുതകരമാണ്. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ ലോക ശക്തികളുമായും തുര്‍ക്കി വിളക്കിച്ചേര്‍ത്ത ബന്ധം ഇസ്‌ലാമിക-അറബ് ലോകത്തിന് വിസ്മയകരമായി. രാഷ്ട്രത്തിന്റെ സ്വയംഭരണാധികാരം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ വന്‍ശക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ തുര്‍ക്കിക്കായത് പശ്ചിമേഷ്യന്‍ ജനതക്ക് താല്‍പര്യങ്ങള്‍ കാരണമായി.
ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയില്‍ മറ്റൊരു രാഷ്ട്രത്തിന്റെ കോളനിയായിരുന്നില്ല എന്ന ചരിത്രയാഥാര്‍ഥ്യം തുര്‍ക്കിയുടെ രാഷ്ട്രീയ സ്ഥാനം വര്‍ധിപ്പിക്കുന്നതായിരുന്നു പാശ്ചാത്യരാഷ്ട്രങ്ങളുമായുള്ള ഊഷ്മള ബന്ധത്തിന് ഇസ്‌ലാമിക ലോകത്തെ തുര്‍ക്കിക്ക് നയിക്കാന്‍ കഴിയുമെന്ന പ്രത്യാശ ഉണ്ടായി. ഇസ്‌ലാമിക പശ്ചാത്തലമുള്ള അക് പാര്‍ട്ടിക്ക് പാശ്ചാത്യ ശക്തികളുമായി നയതന്ത്രബന്ധം നിലനിര്‍ത്താമെങ്കില്‍ മറ്റ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും സാധ്യമാണ് എന്ന നിരീക്ഷണം തുര്‍ക്കി മോഡല്‍ എന്ന സംവാദത്തില്‍ ഉയര്‍ന്നുവന്നിരുന്നു. തുര്‍ക്കിയിലെ ഇസ്‌ലാമിക ചലനങ്ങള്‍ ലിബറലായും മിതവാദവുമായി കാണപ്പെടുന്നതിനാല്‍ തീവ്രവാദത്തിനെതിരെ ഇസ്‌ലാമിന്റെ പ്രതിനിധാനമായി തുര്‍ക്കിയെ മുമ്പില്‍വെക്കാമെന്ന പടിഞ്ഞാറിന്റെ ചിന്തയും 'തുര്‍ക്കി മാതൃക'യുടെ സാധ്യതകള്‍ കുറിക്കുന്നു. എന്നാല്‍, കൂടുതല്‍ സങ്കീര്‍ണമായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പശ്ചിമേഷ്യയെ ഭീകരമായ അരക്ഷിതാവസ്ഥയിലേക്കെത്തിച്ചതിനാല്‍ തുര്‍ക്കി മോഡല്‍ എന്ന സംവാദത്തിന് അര്‍ധവിരാമം സംഭവിച്ചു.
തുര്‍ക്കിയുടെ വിദേശനയം
പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളെ ആകര്‍ഷിച്ച പ്രധാനവസ്തുതകളിലൊന്നാണ് 2001-ല്‍ അധികാരത്തിലേറിയ അക് പാര്‍ട്ടിയുടെ ഫോറിന്‍പോളിസികള്‍. നിലവിലെ പ്രധാനമന്ത്രിയും തുര്‍ക്കി ഫോറിന്‍പോളിസിയുടെ ഉപജ്ഞാതാവുമായ അഹ്മദ് ദാവൂദ് ഒഗ്‌ലുവിന്റെ അഭിപ്രായത്തില്‍, ചരിത്രയാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അവരുടെ വിദേശനയങ്ങളുടെ അടിസ്ഥാന തത്ത്വങ്ങള്‍. ചരിത്രം, ഭൂമിശാസ്ത്രപരമായ സ്ഥാനം, അന്താരാഷ്ട്ര വിഷയങ്ങളിലെ സമ്പന്നമായ പാരമ്പര്യം എന്നിവയാണ് പുതിയ ഫോറിന്‍ പോളിസിയുടെ പ്രധാന സ്രോതസ്സുകള്‍. ദാവൂദ് ഒഗ്‌ലു തന്റെ 'സ്ട്രാറ്റെജിക് ഡെപ്ത്' എന്ന പുസ്തകത്തിലൂടെയാണ് തുര്‍ക്കിയുടെ പുതിയ വിദേശനയങ്ങള്‍ വിശദീകരിച്ചത്. താളബദ്ധമായ നയതന്ത്രം, ബഹുതലസ്പര്‍ശിയായ ഫോറിന്‍ പോളിസി, അയല്‍ രാഷ്ട്രങ്ങളുമായി പ്രശ്‌നരഹിതാവസ്ഥ സംജാതമാക്കല്‍, അന്താരാഷ്ട്ര സമൂഹങ്ങളുമായുള്ള സഹകരണം, മുന്‍കരുതലും ചടുലവുമായ വിദേശനയം എന്നിവയാണ് അദ്ദേഹം അതില്‍ വിശദീകരിക്കുന്നത്.
തുര്‍ക്കിയുടെ ഫോറിന്‍ പോളിസി മുന്നോട്ടുവെക്കുന്ന അടിസ്ഥാനതത്ത്വങ്ങളില്‍ പ്രധാനമായത്, ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ മൂല്യത്തിലധിഷ്ഠിതമായ ഫോറിന്‍ പോളിസി എന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ ഒരു 'വിവേകിയായ രാഷ്ട്രം' (wise state) ആയി മാറാനാണ് തുര്‍ക്കി ആഗ്രഹിച്ചത്. സംഘര്‍ഷങ്ങള്‍ തടയുക, മധ്യസ്ഥത, പ്രതിസന്ധികള്‍ക്ക് പരിഹാരം, വികസന സഹായം എന്നിവയിലൂടെയാണ് തുര്‍ക്കി അത് സാക്ഷാത്കരിക്കാന്‍ ശ്രമിച്ചത്. സാര്‍വത്രിക മൂല്യങ്ങളുടെ വക്താവ് എന്ന നിലയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം നല്ല ഭരണം, സുതാര്യത, നിയമാധികാരം എന്നീ തത്ത്വങ്ങളുടെ ആവിഷ്‌കാരവും തുര്‍ക്കി വിദേശനയങ്ങളുടെ സ്വപ്നങ്ങളാണ്.
തുര്‍ക്കിയുടെ ചരിത്രപരമായ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിലുള്ള ആത്മവിശ്വാസം തുര്‍ക്കിയുടെ ഫോറിന്‍ പോളിസിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഉസ്മാനിയാ ഖിലാഫത്തിന്റെ അനന്തരാവകാശി എന്ന നിലയില്‍ ദാവൂദ് ഒഗ്‌ലു മേഖലയെ ചരിത്രപരം(Historical depth), ഭൂമിശാസ്ത്രപരം(Geographical depth), നയപരം(Strategical depth) എന്നീ തലങ്ങളുടെ അടിസ്ഥാനത്തിലാണ് തരംതിരിക്കുന്നത്. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും തുര്‍ക്കിക്ക് ഈ പ്രത്യേകതകളുള്ളതിനാല്‍ യൂറോ-ഏഷ്യന്‍ നാഗരികതകളുടെ പാലമായി മാറുക എന്നതാണ് 'സ്ട്രാറ്റജിക് ഡെപ്ത്' എന്നതിന്റെ പ്രധാന തത്ത്വം. നാഗരികതയുടെ അടിസ്ഥാനത്തിലുള്ള ഭൂമിശാസ്ത്രപരമായ രാഷ്ട്രീയമാണ് തുര്‍ക്കിയുടെ പുതിയ വിദേശ നയത്തെ പരിഗണിക്കാറുള്ളത്.
രാഷ്ട്രത്തിന്റെ പരമാധികാരം എന്നതാണ് തുര്‍ക്കി ഫോറിന്‍ പോളിസിയുടെ മറ്റൊരടിസ്ഥാനം. രാഷ്ട്രതാല്‍പര്യത്തിന് അനുസൃതമായി, സ്വന്തം കാര്യപദ്ധതി, ലക്ഷ്യങ്ങള്‍, ഫോറിന്‍ പോളിസി എന്നിവ രൂപീകരിക്കാന്‍ തങ്ങള്‍ പ്രാപ്തമാണെന്ന് തുര്‍ക്കി വിശ്വസിക്കുന്നു. തങ്ങളുടെ സംരംഭം വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്‌തേക്കാം. എന്നാല്‍ തന്നെയും സ്വന്തം നിലപാടുകള്‍ രൂപീകരിക്കുന്നത് തങ്ങള്‍ തന്നെയായിരിക്കും എന്ന ആത്മബോധമാണ് ദാവൂദ് ഒഗ്‌ലുവിനെ തുര്‍ക്കിയുടെ പുതിയ ഫോറിന്‍ പോളിസി രൂപീകരിക്കുന്നതില്‍ അടിസ്ഥാനമായി കണക്കാക്കിയത്. മറ്റൊരു ശക്തികളില്‍നിന്നും കല്‍പനകള്‍ സ്വീകരിക്കാതെ സ്വന്തം രാഷ്ട്രീയ പരമാധികാരം ഉറപ്പുവരുത്തുന്നതാണ് ദാവൂദ് ഒഗ്‌ലുവിന്റെ നയവിശകലനം.
ദീര്‍ഘവീക്ഷണമുള്ള കാര്യപദ്ധതിയെ കേന്ദ്രീകരിച്ചുള്ള ഫോറിന്‍ പോളിസിയാണ് മറ്റൊരു സവിശേഷത. പ്രതിസന്ധി സൂക്ഷ്മമായി കൈകാര്യം ചെയ്യുക(crisis management), കാര്യപദ്ധതിയുടെ കൈകാര്യകര്‍തൃത്തം(vision management) സന്തുലിതത്വവും എന്നതാണ് ഇതുകൊണ്ടര്‍ഥമാക്കുന്നത്.
തുര്‍ക്കിയുടെ ആഭ്യന്തര-അന്താരാഷ്ട്രങ്ങളിലെ നവതരംഗങ്ങളുടെ തുടക്കം യഥാര്‍ഥത്തില്‍ തുര്‍ഗുത് ഒസാലിന്റെ ഭരണകാലംമുതലാണ്. 1980-1900കളില്‍ തുര്‍ക്കിയെ പ്രാദേശിക-അന്താരാഷ്ട്ര ശക്തിയായി ഉയര്‍ത്തുക എന്നതായിരുന്നു ഒസാലിലെ പ്രധാന ലക്ഷ്യം. കിഴക്കിനെ ലക്ഷ്യമാക്കി തുടക്കമിട്ട ഒസാലിന്റെ പുതിയ വിദേശനയം തുര്‍ക്കിയുടെ രാഷ്ട്രീയ സ്വാധീനത്തെ ഊര്‍ജിതമാക്കണം എന്ന ലക്ഷ്യത്തിലായിരുന്നു രൂപീകരിക്കപ്പെട്ടത്. പാശ്ചാത്യലോകവുമായി എന്നും ഒട്ടിനില്‍ക്കാന്‍ ആഗ്രഹിച്ച തുര്‍ക്കിയുടെ വിദേശ നയത്തില്‍ വന്ന ശീഘ്രമാറ്റം പലരെയും അദ്ഭുതപ്പെടുത്തി. അതിനാല്‍ തന്നെ ഈ വിദേശനയങ്ങള്‍ ഒസാലിസം(osalims) എന്ന പേരില്‍ പ്രസിദ്ധമായി. ഈ ചിന്തയുടെ ആഴത്തിലുള്ള ഒരു വിശകലനമാണ് ദാവൂദ് ഒഗ്‌ലുവിന്റെ ഫോറിന്‍ പോളിസി ആശയങ്ങള്‍.
സാമുവല്‍ ഹണ്ടിംഗ്ടണിന്റെ 'നാഗരികതകളുടെ സംഘട്ടനം' എന്ന ആശയത്തിനു ബദലായി ദാവൂദ് ഒഗ്‌ലു മുന്നോട്ടു വെച്ചത് ബഹുനാഗരികതകളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊണ്ടിട്ടുള്ള സംവാദമാണ്. ധാരാളം ഐഡന്റിറ്റികള്‍ -പശ്ചാത്യ, പശ്ചിമേഷ്യന്‍, മുസ്‌ലിം, മതേതരം, കുര്‍ദിഷ്, തുര്‍ക്കിഷ്- അടങ്ങിയതാണ് തുര്‍ക്കി. ബഹുസംസ്‌കാരങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ തുര്‍ക്കി, വിവിധ സമൂഹങ്ങള്‍ ഒരേപോലെ പങ്കുവെക്കുന്ന മൂല്യങ്ങള്‍, അവസരങ്ങള്‍, വിഷന്‍ എന്നിവയിലൂടെ സഹകരണം ഉറപ്പുവരുത്താനാണ് ശ്രമിച്ചത്. സാമ്പത്തികം, വാണിജ്യം, ഗതാഗതം, ഊര്‍ജം തുടങ്ങിയവയിലൂടെ പശ്ചിമേഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യവും തുര്‍ക്കിയുടെ അന്താരാഷ്ട്ര നയനിലപാടുകളിലെ അടിസ്ഥാനങ്ങളിലൊന്നാണ്.
ഏഷ്യ-ആഫ്രിക്ക ഭൂഖണ്ഡങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി എന്നതാണ് അക് പാര്‍ട്ടിയുടെ ഭരണകാലത്തെ പ്രധാനനേട്ടം. ആഫ്രിക്കന്‍ നാടുകളില്‍ 2005 വരെ 12 എംബസി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2011 ആകുമ്പോഴേക്കും 31 ആയി ഉയര്‍ത്താന്‍ തുര്‍ക്കി ഭരണകൂടത്തിനു കഴിഞ്ഞു. അന്നത്തെ രാഷ്ട്രപതി അബ്ദുല്ലാ ഗുലും പ്രധാനമന്ത്രി ഉര്‍ദുഗാനും നിരവധി ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ജി-20 പോലുള്ള അന്താരാഷ്ട്ര ഫോറങ്ങളില്‍ ആഫ്രിക്കക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്തു.
ഫലസ്തീന്‍ പോലുള്ള വിഷയങ്ങളില്‍ കൂടുതല്‍ കരുത്തോടെ ശബ്ദമുയര്‍ത്തുകയും ഇസ്രായേലിന്റെ ക്രൂരതകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്യുന്ന തുര്‍ക്കിക്ക് ഇസ്‌ലാമിക ലോകത്ത് വലിയ സ്ഥാനമാണ് മുസ്‌ലിം ലോകം കല്‍പിച്ചുപോരുന്നത്. ദാവോസ് സാമ്പത്തിക ഫോറത്തില്‍ ഷിമോണ്‍ പെരസിനോട് ശക്തമായ ഭാഷയില്‍ സംസാരിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്ത നടപടി മുസ്‌ലിം ലോകം കൈയടി സ്വീകരിച്ചു. ഫ്‌ളോടിലാ ആക്രമണത്തില്‍ ഇസ്രായേലിനോട് ബന്ധം വിഛേദിക്കുകയും മാപ്പ് ആവശ്യപ്പെടുകയും ചെയ്ത നടപടി തുര്‍ക്കിയുടെ ആദര്‍ശഭാവം ശക്തിപ്പെടുത്തുന്നതായിരുന്നു.
അവികസിത രാഷ്ട്രങ്ങളുടെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും വിശകലനം ചെയ്യാന്‍ 'ഇന്റലക്ച്വല്‍ ഫോറം' രൂപീകരിക്കുകയും പ്രശ്‌നപരിഹാരത്തിനുള്ള ഭൂമികയൊരുക്കുകയും ചെയ്തു. 'വിജ്ഞാനത്തിന്റെ അടിത്തറയിലുള്ള ആഗോള നീതി' എന്ന തത്ത്വമാണ് തുര്‍ക്കിയുടെ വിദേശനയത്തിന്റെ കാതല്‍ എന്നാണ് ദാവൂദ് ഒഗ്‌ലു ഇതിനെ വിളിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ, അവികസിത രാഷ്ട്രങ്ങളില്‍ അവരുടെതന്നെ രാഷ്ട്രീയ പരമാധികാരം ഉറപ്പുവരുത്തുക എന്നതിനോടൊപ്പം, വികസനവും അവരില്‍ ശുഭപ്രതീക്ഷയും സൃഷ്ടിച്ചെടുക്കുക എന്നതാണ് തുര്‍ക്കി ലക്ഷ്യംവെക്കുന്നത്. അതിതീവ്രമായ അസമത്വത്തെ ഗൗനിക്കാത്ത ലോകം പരസ്പരം പങ്കുവെക്കപ്പെടേണ്ട മൂല്യങ്ങളിലും പണിതീര്‍ത്ത ഒന്നല്ല എന്നത് മുന്‍ പ്രസിഡന്റ് അബ്ദുല്ലാ ഗുല്ലിന്റെ വാക്കുകളാണ്.
അക് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന പ്രധാന കര്‍മപദ്ധതികള്‍ നീതിയും വികസനവുമാണ്. സമൂഹത്തിലെ നീതിയിലധിഷ്ഠിതമായ ഭരണക്രമവും ജനപിന്തുണയുള്ള വികസനവും ആണ് അതുകൊണ്ടര്‍ഥമാക്കുന്നത്. പാര്‍ട്ടി സ്വീകരിച്ച പേരില്‍തന്നെ അതുള്‍ക്കൊള്ളിച്ചിരിക്കുന്നു. സമൂഹത്തിലെ വികസനത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച പ്രകൃതിയുടെ പരിധികള്‍ക്കനുസരിച്ച സ്ഥിരത, ഏവരെയും പരിഗണിച്ചുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ച, സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് സമ്പത്തിന്റെ തുല്യമായ വിതരണം, രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഒരേരീതിയിലുള്ള വളര്‍ച്ച എന്നിവയാണ് അക് പാര്‍ട്ടിയുടെ സാമ്പത്തിക നിലപാടുകള്‍. രാജ്യത്തിലെ വിവിധ ഗ്രൂപ്പുകളുടെ വളര്‍ച്ചയിലൂടെ മാത്രമേ രാഷ്ട്ര പുരോഗതി സാധ്യമാവൂ എന്നതാണ് തുര്‍ക്കി ഫോറിന്‍ പോളിസി മുന്നോട്ടു വെക്കുന്ന മറ്റൊരു തത്ത്വം. അന്താരാഷ്ട്ര നയങ്ങളിലും നീതി പുലരണം എന്നതാണ് തുര്‍ക്കിയുടെ സ്വപ്നം. അറബ് പ്രക്ഷോഭം ആരംഭിച്ചതുമുതല്‍ പശ്ചിമേഷ്യയില്‍ സംജാതമായ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തില്‍ തുര്‍ക്കിയുടെ ഫോറിന്‍ പോളിസി നയങ്ങളില്‍ പലതും ഗൗരവപരമായി തന്നെ പരീക്ഷിക്കപ്പെട്ടു. അറബ് പ്രക്ഷോഭത്തിനോട് തുര്‍ക്കി സ്വീകരിച്ച നിലപാടും പ്രാധാന്യമര്‍ഹിക്കുന്നതാണ്.
തുര്‍ക്കിയും അറബ് വസന്തവും
അറബ് വസന്തവും തുടര്‍ന്നുണ്ടായ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും മുന്നില്‍കണ്ടുകൊണ്ട് തുര്‍ക്കി കൈക്കൊണ്ട നയനിലപാടുകള്‍ ശ്രദ്ധേയമാണ്. ഇതര രാഷ്ട്രങ്ങളുമായുള്ള അവരുടെ നയതന്ത്ര ഇടപെടുലുകളുടെ സൂക്ഷ്മത അവയില്‍ ദര്‍ശിക്കാന്‍ സാധിക്കും. രാഷ്ട്രീയ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നു തുടങ്ങി അടിസ്ഥാന ആവശ്യത്തിനുവേണ്ടി വാദിക്കുന്ന ജനതക്കുള്ള പിന്തുണയാണ് അതില്‍ ആദ്യത്തേത്. അതുകൊണ്ടാണ് മര്‍ദക ഭരണകൂടങ്ങളെ മുഖം നോക്കാതെ വിമര്‍ശിച്ചതും അവകാശങ്ങള്‍ക്കുവേണ്ടി വാദിച്ച എല്ലാ ജനതക്കും തുര്‍ക്കി പിന്തുണ പ്രഖ്യാപിച്ചതും. പ്രക്ഷോഭം വിജയിച്ചതിനുശേഷം ഈജിപ്തിലെത്തിയ ഉര്‍ദുഗാനിന് ലഭിച്ച വരവേല്‍പ് ഒരു റോക്സ്റ്റാറിന് സമാനമായിരുന്നെന്നായിരുന്നു മാധ്യമങ്ങളുടെ വിലയിരുത്തല്‍.
സ്വാതന്ത്ര്യം, സുരക്ഷ എന്നിവയുടെ സന്തുലിതത്വത്തിലൂടെ മാത്രമേ സുസ്ഥിരവും നിയമാനുസൃതവുമായ ജനാധിപത്യ രാഷ്ട്രീയ ഘടനയിലേക്കുള്ള മാറ്റം നേടാനാവൂ എന്ന നിലപാടാണ് തുര്‍ക്കിക്കുള്ളത്. പട്ടാള അട്ടിമറിക്കോ മറ്റേതൊരു ശക്തിപ്രയോഗത്തിനോ ഒരു സമൂഹത്തിന്റെ അവകാശങ്ങള്‍ സമ്മാനിക്കാന്‍ സാധിക്കുകയില്ല. സമാധാനപരമായ ശരിയായ രാഷ്ട്രീയക്രമത്തിലൂടെ മാത്രമേ സമൂഹത്തില്‍ സുസ്ഥിരത സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ, എന്ന് തുര്‍ക്കി കരുതുന്നു. ഈജിപ്തിലെ പട്ടാള അട്ടിമറിയും സീസിയുടെ അധികാരാരോഹണത്തെ തള്ളിപ്പറഞ്ഞ തുര്‍ക്കിയുടെ നിലപാടിന്റെ അടിസ്ഥാനവും ഈ വസ്തുതയാണ്.
മര്‍ദ്ദക ഭരണകൂടങ്ങളെ എതിര്‍ക്കേണ്ടി വരുമെങ്കില്‍പോലും ജനതകളുടെ ജനാധിപത്യ അവകാശങ്ങളെ പിന്തുണക്കുന്നത് പ്രശ്‌നരഹിത വിദേശനയത്തിന് എതിരാകുന്നില്ല. സിറിയ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിലെ പ്രക്ഷോഭങ്ങളെ പിന്തുണച്ചത് അക്രമത്തോടും അനീതിയോടുമുള്ള ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമെന്ന നിലയിലാണ്. തുര്‍ക്കി, ഈ സവിശേഷ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു മര്‍ദക ഭരണകൂടവുമായി സഹകരിച്ചാല്‍തന്നെ അത് അവര്‍തന്നെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വിദേശ നയനിലപാടുകള്‍ക്ക് എതിരാണ്. അറബ് വസന്തം അവശേഷിപ്പിച്ച രാഷ്ട്രീയ സാഹചര്യം യഥാര്‍ഥത്തില്‍ തുര്‍ക്കിയുടെ നയനിലപാടുകളില്‍ മാറ്റം വരുത്താന്‍ പ്രധാനകാരണം ഇതായിരുന്നു. പ്രശ്‌നരഹിത പോളിസി പരാജയപ്പെട്ടുവെന്നതും തുര്‍ക്കിതന്നെയാണ് അതിന്റെ കാരണമെന്നും പറയുന്നത് ശരിയായ നിരീക്ഷണമല്ല. അന്താരാഷ്ട്ര സാഹചര്യത്തിന്റെ മാറ്റമാണ് അതിന്റെ പ്രധാന ഹേതു.
വിദേശ രാഷ്ട്രങ്ങളുടെ അഹിതമായ ഇടപെടലുകളെ തുര്‍ക്കി എന്നും വിമര്‍ശിക്കുന്നു. മേഖലയിലെ രാഷ്ട്രീയ ഭാവിതീരുമാനിക്കേണ്ടത് അതതു രാഷ്ട്രങ്ങളിലെ ജനതയാണ് എന്നാണ് തുര്‍ക്കി അഭിപ്രായപ്പെടുന്നത്. തുടര്‍ന്നു വരുന്ന ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശം മുതല്‍ അറബ് വസന്തം സൃഷ്ടിച്ച അസന്തുലിതാവസ്ഥ ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ച വന്‍ശക്തികളോടും തുര്‍ക്കി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടവാദമാണിത്. 2003ലെ ഇറാഖ് അധിനിവേശ കാലത്ത് അമേരിക്കക്ക് തുര്‍ക്കി താവളമൊരുക്കാന്‍ വിസമ്മതിച്ചതിന്റെ പൊരുള്‍ അതായിരുന്നു. തങ്ങളുടെ പ്രക്ഷുബ്ധാവസ്ഥയെ പരിഹരിക്കാന്‍ സ്വന്തം പൗരന്മാര്‍ക്ക് സാധിക്കുമെന്ന തുര്‍ക്കിയുടെ പ്രഖ്യാപനം അറബ്-ഇസ്‌ലാമിക ലോകം സ്വാഗതം ചെയ്തു.
മേഖലയിലെ ജനത- അവരുടെ സാമൂഹിക പശ്ചാത്തലം എന്തായാലും തന്നെ- തങ്ങളുടെ സഹോദരന്മാരാണ്. അതിനാല്‍ വിഭാഗീയതയും സംഘര്‍ഷങ്ങളും ദൂരീകരിക്കല്‍ തങ്ങളുടെ കര്‍ത്തവ്യമായി തുര്‍ക്കി കണ്ടു. തുര്‍ക്കി ശിയാ-സുന്നി വിഭാഗീയത ഉപയോഗപ്പെടുത്തുന്നു എന്നതു തുര്‍ക്കിക്കെതിരെയുള്ള പ്രധാന ആരോപണമാണ്. ഇതര സ്റ്റേറ്റിന്റെയോ ജനതയുടെയോ പരമാധികാരത്തില്‍ കൈകടത്തുകയെന്നത് അനീതിയായി കാണുന്ന തുര്‍ക്കി, ശിയാ-സുന്നി വിഭാഗീയതക്ക് ശ്രമിക്കുന്നു എന്ന വാദം സൂക്ഷ്മമല്ല. സുന്നി ഭൂരിപക്ഷ രാഷ്ട്രമായിരിക്കെ തന്നെ, ശിയാ രാഷ്ട്രമായ ഇറാനിനോട് ഊഷ്മളമായ ബന്ധമാണ് തുര്‍ക്കി കാത്തുസൂക്ഷിക്കുന്നത്. മുന്‍കാല സെക്യുലര്‍ ഭരണകൂടങ്ങള്‍പോലും നല്‍കാതിരുന്ന അടിസ്ഥാനാവകാശങ്ങള്‍ ശിയാവിഭാഗമായ അലവികള്‍ക്ക് നല്‍കിയത് അക് പാര്‍ട്ടിയുടെ കാലത്താണ്. അറബ് വസന്തത്തോടെ പ്രക്ഷുബ്ധമായ സിറിയന്‍ രാഷ്ട്രീയ സാഹചര്യത്തെ വിശകലനം ചെയ്യുകയും ബശ്ശാറുല്‍ അസദിനെ വിമര്‍ശിക്കുകയും ചെയ്തത് അദ്ദേഹം ശിയാവിഭാഗത്തില്‍ പെടുന്നതുകൊണ്ടല്ല. അറബ് വസന്തം എന്ന പ്രതിഭാസം രൂപപ്പെടുന്നതിനു മുമ്പേതന്നെ തുര്‍ക്കിക്ക് സിറിയയുമായി ഊഷ്മള ബന്ധമാണുണ്ടായിരുന്നത്. ബശ്ശാറിനെ കുടുംബസുഹൃത്തായാണ് ഉര്‍ദുഗാന്‍ കണ്ടിരുന്നതെന്നുള്ളത് ഇവിടെ പ്രസ്താവ്യമാണ്. അറബ് പ്രക്ഷോഭവേളയില്‍, ജനതയുടെ ആവശ്യങ്ങളും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുറവിളികളും കാതോര്‍ക്കാന്‍ തുര്‍ക്കി ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു. ശിയാ-സുന്നി വിഭാഗീയത, പഴയ ഭരണകൂടത്തിന്റെ വക്താക്കളും പുതിയ ജനാധിപത്യ രാഷ്ട്ര നേതൃത്വവും തമ്മിലുള്ള ആഭ്യന്തര വിഭാഗീയത എന്നിവ തടയുക തങ്ങളുടെ നിര്‍ബന്ധിത കര്‍ത്തവ്യമായി തുര്‍ക്കി ദര്‍ശിച്ചു. ശീതയുദ്ധക്കാലത്തെപ്പോലെ രാഷ്ട്രീയ ധ്രുവങ്ങള്‍ രൂപപ്പെടാതിരിക്കുക എന്നതാണ് തുര്‍ക്കി ഇതിലൂടെ ശ്രമിക്കുന്നത്.
സിറിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ശക്തിയുപയോഗിച്ച് അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ തുര്‍ക്കി അസദിനെ ജനതയുടെ ശബ്ദം കേള്‍ക്കാന്‍ അഭ്യര്‍ഥിച്ചു. ബശ്ശാര്‍ മര്‍ദന രീതി തുടരുകയാണിപ്പോഴും. ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണം തുര്‍ക്കി ത്രിമാന സ്വഭാവമുള്ള നയതന്ത്രം രൂപീകരിച്ചു. 2011 സെപ്റ്റംബര്‍ വരെ എട്ട് മാസത്തോളം ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചു. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സിറിയ ഭരണകൂടത്തെ ഓര്‍മപ്പെടുത്തി. എന്നാല്‍, അതിനു സാധിക്കാതെവരികയും ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തു. സെപ്റ്റംബറിനു ശേഷം അറബ്‌ലീഗിന്റെ സഹകരണത്തോടെ പരിശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും സിറിയ അതും ചെവിക്കൊണ്ടില്ല. അറബ്‌ലീഗിന്റെ നിരീക്ഷണ പദ്ധതികളോട് സഹകരിച്ചെങ്കിലും അതും സിറിയ തള്ളിക്കളയുകയാണുണ്ടായത്. അന്താരാഷ്ട്രതലത്തിലെ ശ്രമങ്ങളായിരുന്നു മൂന്നാമത്തേത്. അറബ്‌ലീഗിന്റെ സഹായത്തോടെ യു.എന്നില്‍ പ്രമേയം അവതരിപ്പിച്ചെങ്കിലും അത് വീറ്റോ ചെയ്യപ്പെട്ടു. 'സിറിയയുടെ സുഹൃത്തുക്കള്‍'(Frieds of syria) എന്ന ഫോറം രൂപീകരിച്ചെങ്കിലും ഇതുവരെയും പരിഹാരം കാണാത്ത പ്രശ്‌നമായി സിറിയ അവശേഷിക്കുന്നു.
സ്വദേശത്തിനും അന്താരാഷ്ട്രബന്ധങ്ങള്‍ക്കും വിള്ളല്‍ വരാതെ സൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തുര്‍ക്കി നടത്തുന്നത്. തങ്ങളുടെതന്നെ ഫോറിന്‍ പോളിസി തത്ത്വങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ തയാറാകാത്ത ദൃഢനിശ്ചയം തുര്‍ക്കിയുടെ നയതന്ത്രത്തില്‍ ദര്‍ശിക്കാന്‍ സാധിക്കും. ഈ രീതിയിലുള്ള അന്താരാഷ്ട്ര ബന്ധങ്ങളിലെ ശക്തമായ നിലപാട്, പക്ഷേ പശ്ചിമേഷ്യന്‍ വിദഗ്ധര്‍ നിയോ-ഒട്ടോമനിസം എന്നു വിളിപ്പേരാണ് നല്‍കിയത്.
നിയോ-ഒട്ടോമനിസം
അക് പാര്‍ട്ടിയുടെ കിഴക്ക് കേന്ദ്രീകരിച്ചുള്ള പുതിയ വിദേശനയം ഉസ്മാനിയാ ഖിലാഫത്തിന്റെ മടക്കത്തിലേക്കുള്ള ആദ്യപടിയായി സംശയിച്ച പശ്ചിമേഷ്യന്‍ പണ്ഡിതര്‍ 'നിയോ-ഒട്ടോമനിസം' എന്ന പേരില്‍ ഈ പരിവര്‍ത്തനത്തെ സമീപിച്ചു. ഇസ്‌ലാമിക പശ്ചാത്തലമുള്ള അക് പാര്‍ട്ടി, ഉസ്മാനിയാ സാമ്രാജ്യത്തിന്റെ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമമായാണ് അവര്‍ ഇതിനെ വീക്ഷിച്ചത്. എന്നാല്‍, അവരുടെ പ്രതീക്ഷക്കും നിരീക്ഷണങ്ങള്‍ക്കും വിപരീതമായി അക് പാര്‍ട്ടി ഇപ്പോഴും ഇ.യു അംഗത്വചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിക്കുകയും പാശ്ചാത്യമുഖമുള്ള രാഷ്ട്രം എന്ന ഐഡന്റിറ്റി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. നിയോ ഒട്ടോമനിസം എന്നത് മനസ്സിലാകണമെങ്കില്‍ ഒട്ടോമനിസം എന്ന ചിന്താധാരയെ വിശകലനം ചെയ്യേണ്ടതുണ്ട്.
ഉസ്മാനിയാ ഖിലാഫത്തിനെ സംരക്ഷിക്കുക എന്നാശയത്തില്‍ രൂപംകൊണ്ട ചിന്താധാരയാണ് ഒട്ടോമനിസം. സെക്യുലര്‍ തത്ത്വങ്ങളുടെ അധീശത്വം നിലനിന്ന രാഷ്ട്രീയ വ്യവസ്ഥയിലേക്ക് ഇസ്‌ലാമിന്റെ തത്ത്വങ്ങളായ സ്വാതന്ത്ര്യം, നീതി, കൂടിയാലോചന എന്നിവ വിളക്കിച്ചേര്‍ത്തു. ഉസ്മാനിയാ ഖിലാഫത്തിന്റെ രാഷ്ട്രീയാധികാരത്തിനു കൂടുതല്‍ കരുത്തേകുക എന്നതായിരുന്നു ഉസ്മാനിയാ ഖിലാഫത്തിന്റെ കാതല്‍. ഫ്രഞ്ച് വിപ്ലവാനന്തരം യൂറോപ്പിലെങ്ങും ശക്തിയാര്‍ജിച്ച ദേശീയത, ബഹു സാംസ്‌കാരിക- വംശീയ പൈതൃകമുള്ള ഉസ്മാനിയാ ഖിലാഫത്തിലുണ്ടാകുന്ന സ്വാധീനം ചെറുക്കുക എന്ന ഉദ്ദേശത്തിലാണ് ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രമായി ഒട്ടോമനിസം ഉയിര്‍കൊണ്ടത്. വിയന്ന കോണ്‍ഗ്രസിനുശേഷം 1815-ല്‍ രൂപംകൊണ്ട നവയൂറോപ്യന്‍ ക്രമവും അതില്‍ പ്രത്യേക സ്ഥാനം കൈവരുത്താനുള്ള ഉസ്മാനിയാ സാമ്രാജ്യത്തിന്റെ താല്‍പര്യവും ഒട്ടോമനിസ്റ്റ് ചിന്തയുടെ മറ്റൊരു കാരണമാണ്. തന്‍സീമാത്ത് പരിഷ്‌കരണങ്ങളായിരുന്നു ഈ വെല്ലുവിളികള്‍ക്ക് മറുപടി. നവയൂറോപ്യന്‍ ക്രമത്തിനുപൂരകമായി ഖിലാഫത്തിനെ പരുവപ്പെടുത്തുമ്പോള്‍ തന്നെ സാമ്രാജ്യത്തിനുള്ളിലുള്ള വിമതദേശങ്ങളെ ഒട്ടോമന്‍ ദേശീയത, ജന്മനാട് എന്നീ പുതിയ പദസഞ്ജയങ്ങളുടെ അടിത്തറയില്‍ ഖിലാഫത്തിനോട് ചേര്‍ത്തുനിര്‍ത്താനുള്ള പരിശ്രമമായി ഒട്ടോമനിസം മാറി. സെക്യുലര്‍ വിദ്യാഭ്യാസം ലഭിച്ച നാമിക് കമാല്‍, അലിസുആവിയെപോലുള്ളവരാണ് ഒട്ടോമനിസ്റ്റ് ചിന്തകള്‍ക്ക് നേതൃത്വം നല്‍കിയത്. ഖിലാഫത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും സുല്‍ത്താന്റെ അധികാരത്തെയും അങ്ങേയറ്റം ആദരവോടെ കണ്ട ഇവര്‍ ഖിലാഫത്തിന്റെ മത-വംശീയ ഏകതക്കും വേണ്ടി വാദിച്ചു. ഖിലാഫത്തിലെ വ്യത്യസ്ത ദേശീയതകളും മില്ലത്തുകളും മതാടിസ്ഥാനത്തിലല്ലാതെ പൗരത്വം എന്ന പുതിയ പാശ്ചാത്യ തത്ത്വത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ വ്യവസ്ഥയില്‍ സാമ്രാജ്യത്തിന്റെ ഏകത സംരക്ഷിക്കാനാവുമെന്ന് ഒട്ടോമനിസ്റ്റുകള്‍ ചിന്തിച്ചു. ഇവര്‍ ഖിലാഫത്തിന്റെ അധികാര പരിധിയെ ചോദ്യം ചെയ്യാന്‍ ആദ്യഘട്ടങ്ങളില്‍ ധൈര്യപ്പെട്ടിരുന്നില്ല. പിന്നീട് ഭരണഘടന, പാര്‍ലമെന്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വതന്ത്ര രാഷ്ട്രീയ വ്യവസ്ഥ നടപ്പിലാക്കാമെന്ന ആവശ്യം ഉയര്‍ന്നുവന്നു. പാശ്ചാത്യചിന്തകളില്‍നിന്നും കടമെടുത്ത കോണ്‍സ്റ്റിറ്റിയൂഷണലിസവും പാര്‍ലമെന്ററി വ്യവസ്ഥയും ഇസ്‌ലാമിക പാരമ്പര്യത്തിന്റെ അടിത്തറയില്‍ അവര്‍ വിശദീകരിച്ചു. സ്വതന്ത്ര ജനാധിപത്യവ്യവസ്ഥ, കോണ്‍സ്റ്റിറ്റിയൂഷണലിസം, പാര്‍ലമെന്റ് എന്നിവയെ യഥാക്രമം സ്വാതന്ത്ര്യം, നീതി, കൂടിയാലോചന എന്നീ ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കനുസൃതമായി വ്യാഖ്യാനിച്ചു. 1876-ല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ ആദ്യ ഭരണഘടനയും പാര്‍ലമെന്റും പ്രഖ്യാപിക്കുന്നതിലേക്ക് ഇതു വഴിവെച്ചു. തന്റെ അധികാര പരിധി വെട്ടിച്ചുരക്കപ്പെടുന്നു എന്നു സംശയിച്ച സുല്‍ത്താന്‍ അടുത്തവര്‍ഷം തന്നെ ആ പരിഷ്‌കാരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു.
1912ലെ ബാള്‍ക്കണ്‍ യുദ്ധത്തോടനുബന്ധിച്ച് സാമ്രാജ്യത്തില്‍ നിന്നുള്ള ബാള്‍ക്കണ്‍ നാടുകളുടെ വിഭജനത്തോടെ ഒട്ടോമനിസ്റ്റു ചിന്തകള്‍ക്ക് രാഷ്ട്രീയ ക്ഷയം നേരിട്ടു. ഒന്നാം ലോകയുദ്ധവും 1923-ലെ സെക്യുലര്‍ റിപ്പബ്ലിക്കിന്റെ സ്ഥാപനവും സെക്യുലര്‍ ചിന്തകള്‍ക്ക് ഒട്ടോമനിസത്തേക്കാള്‍ തുര്‍ക്കിയില്‍ കൂടുതല്‍ പ്രചാരം നല്‍കി.
1974-ല്‍ സൈപ്രസില്‍ തുര്‍ക്കി സൈന്യം ഇറങ്ങിയതോടനുബന്ധിച്ച് ഗ്രീസാണ് ആദ്യമായി 'നിയോ-ഒട്ടോമനിസം' എന്ന ആശയം ഉപയോഗിച്ചത്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ അധികാര പ്രമത്തതയെയും ആധിപത്യ മനോഭാവത്തെയും കുറിക്കുന്ന പദപ്രയോഗമാണിത്. പിന്നീട് തുര്‍ക്കിയുടെ പുതിയ വിദേശനയങ്ങളും നയതന്ത്രവും വീക്ഷിച്ച പശ്ചിമേഷ്യന്‍ വിദഗ്ധര്‍ ഈ പദം കടമെടുക്കുകയാണുണ്ടായത്.
ദേശ-വിദേശ നയങ്ങളില്‍ തുര്‍ക്കി നടത്തിയ പല മാറ്റങ്ങളും വിശകലനം ചെയ്താല്‍ ഒട്ടോമനിസത്തോട് സാദൃശ്യമുള്ള പല ഘടകങ്ങളും ദര്‍ശിക്കാനാകും. സാമ്രാജ്യത്വ ലക്ഷ്യങ്ങളൊന്നുമില്ലാതെ തന്നെ അന്താരാഷ്ട്ര വ്യവസ്ഥക്കനുപാതമായി സ്റ്റേറ്റിനെ പരുവപ്പെടുത്തല്‍ ആണ് അതിലെ പ്രധാനം. തുര്‍ക്കിയുടെ പുതിയ ദേശീയ-വിദേശീയ നയനിലപാടുകള്‍ അതിനു തെളിവാണ്. പുതുതായി ഉയര്‍ന്നുവരുന്ന വിഘടന-ദേശീയതാ വാദത്തിനു ബദലായി പുതിയ രാഷ്ട്രീയ സ്വത്വം രൂപീകരിക്കാനുള്ള ശ്രമം. കുര്‍ദിഷ് വിഘടനവാദമാണ് തുര്‍ക്കി നേരിടുന്ന പ്രധാന ആഭ്യന്തര പ്രതിസന്ധികളിലൊന്ന്. അതിനു മറുപടിയായി തുര്‍ക്കി പൗരത്വത്തിന്റെ ഏകതയെ അക് പാര്‍ട്ടി സമര്‍ഥിക്കുന്നു. ഒരു സ്റ്റേറ്റിനുള്ളില്‍ പൗരന്മാരെയെല്ലാം സമമായി അധിവസിക്കും എന്നതാണ് അതിന്റെ അര്‍ഥം.
പാരമ്പര്യ മൂല്യങ്ങളെയും പാശ്ചാത്യ ചിന്തകളെയും സന്തുലിതത്വത്തോടെ വീക്ഷിക്കാനുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ ശ്രമവും ഒട്ടോമനിസവുമായി സാദൃശ്യമുള്ളതാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍ എന്നിവ ഇസ്‌ലാമിനോടും തുര്‍ക്കി സാംസ്‌കാരികാന്തരീക്ഷത്തോടും ചേര്‍ത്ത് സന്തുലിതമായി വായിക്കാനാണ് അക് പാര്‍ട്ടിയുടെ ശ്രമം. യൂറോപ്യന്‍ രാഷ്ട്രീയ ഘടനയിലേക്ക് ലയിക്കാനുള്ള തുര്‍ക്കിയുടെ താല്‍പര്യവും മറ്റൊരു സമാനമായ രീതിയാണ്. ഫ്രഞ്ച്, ജര്‍മന്‍ ഭരണകൂടങ്ങളുടെ എതിര്‍പ്പുണ്ടെങ്കിലും തുര്‍ക്കി ഭരണകൂടം ഇ.യു അംഗത്വത്തില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ ലോകരാഷ്ട്രങ്ങളുമായുള്ള സൗഹൃദവും ഒട്ടോമനിസ്റ്റു ചിന്തകളോടു സാദൃശ്യമുള്ളതാണ്.
മേല്‍പറഞ്ഞ വസ്തുതകളെല്ലാം ഒട്ടോമനിസവുമായി സാദൃശ്യപ്പെടുത്താമെങ്കിലും നിയോ-ഒട്ടോമനിസം എന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കുകയില്ല. തുര്‍ക്കി ഭരണകൂടത്തിന്റെ പ്രായോഗിക ബുദ്ധിയും ദേശീയ-അന്താരാഷ്ട്ര വിഷയങ്ങളിലെ സ്ട്രാറ്റജിയുമാണ് അവരുടെ സവിശേഷത. സാമ്രാജ്യത്വ മോഹങ്ങളിലെ സ്റ്റേറ്റ് ഘടനയുടെ എല്ലാ ഭാവങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ള ഫോറിന്‍ പോളിസി സങ്കല്‍പമാണ് അക് പാര്‍ട്ടി മുന്നോട്ടു വെക്കുന്നത്. 'നിയോ-ഒട്ടോമന്‍ എന്ന ആശയത്തോടു ശക്തമായി വിയോജിപ്പു പ്രകടിപ്പിക്കുന്ന ദാവൂദ് ഒഗ്‌ലു, തുര്‍ക്കിയുടെ ചരിത്രയാഥാര്‍ഥ്യവും ഭൂമിശാസ്ത്ര-നയതന്ത്ര സ്ഥാനവുമാണ് തങ്ങളുടെ ഫോറിന്‍ പോളിസിയുടെ അടിസ്ഥാനമെന്ന് വിശദീകരിക്കുന്നു. സംഘര്‍ഷ ഭരിതമായ പശ്ചിമേഷ്യന്‍ സാഹചര്യത്തില്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ സമാധാനാന്തരീക്ഷം കൈവരുത്താനാണ് തുര്‍ക്കി വിദേശനയങ്ങളുടെ ശ്രമമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഉപസംഹാരം
തുര്‍ക്കി, സ്വന്തം രാഷ്ട്രത്തിന്റെ സ്വയംഭരണാധികാരം സംരക്ഷിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ പ്രായോഗികമായി ഇടപെട്ടതിനെ നിയോ-ഒട്ടോമനിസവുമായോ ഖിലാഫത്തിലേക്കുള്ള മടക്കവുമായോ വീക്ഷിക്കേണ്ടതില്ല. ആഭ്യന്തര വിഷയങ്ങളില്‍ ഇസ്‌ലാമിക നവജാഗരണം സംജാതമായെങ്കിലും തുര്‍ക്കിയുടെ ചരിത്ര സാമൂഹിക യാഥാര്‍ഥ്യം പരിഗണിച്ചുകൊണ്ടുള്ള വികസനമാണ് തുര്‍ക്കിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വ ലക്ഷ്യങ്ങളില്ലാതെ ഇതര രാഷ്ട്രങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളും പുതിയ ഫോറിന്‍ പോളിസിയിലെ തത്ത്വങ്ങളും തുര്‍ക്കിയെ മേഖലയിലെ പ്രധാന ശക്തികളിലൊന്നാക്കി മാറ്റി എന്നതുശരിയാണ്. സ്ഥിരതയാര്‍ന്ന വളര്‍ച്ചയും സാമ്പത്തിക മുന്നേറ്റവും ഇതിലെ പ്രധാന ഘടകങ്ങളാണ്. ഇസ്‌ലാമിക ലോകത്തിന്റെ പ്രധാന ശബ്ദമായും മാറാന്‍ തുര്‍ക്കിക്ക് സാധിച്ചിട്ടുണ്ട്. ഒരു മാതൃക എന്നനിലയില്‍ ഇസ്‌ലാമിക ലോകത്ത് വര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്ന തുര്‍ക്കിക്ക് കൂടുതല്‍ സംഘര്‍ഷഭരിതമായ പശ്ചിമേഷ്യന്‍ സാഹചര്യത്തില്‍ സ്വീകരിക്കുന്ന ഏതു നയങ്ങളും പ്രായോഗിക ബുദ്ധിയുടെ അടിത്തറയിലായിരിക്കണം എന്നുള്ളത് പ്രധാനവെല്ലുവിളിയാണ്.
റഫറന്‍സ്
1. Ahmed Davutoglu 2001, Stratgic Depth: Turkey's International Position
2. Ahmed Davutoglu 2002, Principles of Turkish foreign Policy and Regional Political structuring
3. Ahmed Davutoglu 2002, A New vision for least Developed Countries
4. Tarik Oguzlu 2007, soft power in Turkish Foreign Policy
5. Gokturk iusvz oglu 2014, strategic Depth: A Neo-ottomanist Interpretation of Turkish Eurasianism
6. Musthafa Salim, 2011, Islam, Ottoman legacy and politics in Turkey: An Axis Shift.
7. Today Zaman Newspaper
8. Hurriyet Daily News
9. A.K Party Website