കൊളോണിയല്‍ ആധുനികതക്കപ്പുറമുള്ള ആഗോള ഭാവികള്‍ <br>ലാറ്റിന്‍ അമേരിക്കന്‍ വിമര്‍ശനങ്ങള്‍

കെ. അഷ്‌റഫ് ‌‌
img

ലാറ്റിന്‍ അമേരിക്കന്‍ ചിന്തകനായ വാള്‍ട്ടര്‍ ഡി. മിഗ്‌നോലോയെ വായിക്കുന്നത് കോളനിവിമോചിത കാലത്തിന്റെ ഒരു സ്വപ്ന ഭൂപടം കാണുന്നത് പോലെയാണ്. അദേഹത്തിന്റെ എഴുത്ത് വേറിട്ട ലോകഭാവനകളെ ദൃശ്യതയില്‍ കൊണ്ടുവരുന്ന ഭാഷയിലെ സാഹസിക പരിപാടിയാണ്. കഴിഞ്ഞ 500 വര്‍ഷമായി തുടരുന്ന പാശ്ചാത്യ കൊളോണിയല്‍ ആധിപത്യത്തിന്റെ വിമര്‍ശനം യുറോപ്പിന് പുറത്തുള്ള വൈജ്ഞാനിക രാഷ്ട്രീയ പദ്ധതികളുടെ ഭാഗമായി ഇപ്പോള്‍ വികസിക്കുന്നുവെന്ന വാദക്കാരനാണ് മിഗ്‌നോലോ. മിഗ്‌നോലോ എഴുതിയ The Darkerside of Western Moderntiy : Decolonial Options, Global Futures (2011) എന്ന ഈ പുസ്തകം നല്‍കിയ ചില നിരീക്ഷണങ്ങള്‍, വിമര്‍ശനങ്ങള്‍ മാറ്റിവെച്ചു കൊണ്ടുതന്നെ ഇവിടെ പങ്കുവെക്കട്ടെ. മിഗ്‌നോലോയുടെ ഈ പുസ്തകം അദ്ദേഹത്തിന്റെ തന്നെ The Darkerside of the Renaissance (1995), Local Histories / Global Designs (2000) തുടങ്ങിയ രണ്ട് പുസ്തകങ്ങളുടെ തുടര്‍ച്ചയാണ്. പെറുവില്‍ നിന്നുള്ള ആനിബല്‍ കുയാനോ, മെക്‌സിക്കോയില്‍ നിന്നുള്ള എന്റിക് ദുസ്സല്‍, ഇവരോടൊപ്പം ഡികൊളോനിയാലിറ്റി (decoloniality) എന്ന സവിശേഷ വിമര്‍ശന പഠനത്തിന്റെ ഭാഗമായാണ് അര്‍ജന്റീനക്കാരനായ മിഗ്‌നോലോ ലോക ശ്രദ്ധയിലേക്ക് കയറിവരുന്നത്.
ആഗോള വിവരവിനിമയത്തിന്റെ വിപ്ലവ ഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമകാലിക ലോകത്ത് പോലും എന്തുകൊണ്ട് ഇങ്ങനെയുള്ള വ്യത്യസ്തമായ രാഷ്ട്രീയമായി കരുത്തുള്ള ചിന്താവഴികള്‍ ലോകത്തിന് അപരിചിതമാവുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് മിഗ്‌നോലോ നല്‍കുന്നത്. യൂറോ അമേരിക്കന്‍ കൊളോണിയലിസം എന്നത് സാങ്കേതിക മേല്‍ക്കോയ്മ, രാഷ്ട്രീയ മേല്‍ക്കോയ്മ എന്നിവയെ പോലെ വൈജ്ഞാനികമായ മേല്‍ക്കോയ്മകൂടി നിര്‍മിക്കുന്നുവെന്ന നിഗമനം മിഗ്‌നോലോ തെളിവുകള്‍ സഹിതം പങ്കുവെക്കുന്നു. ലോകം മുഴുവന്‍ യൂറോ അമേരിക്കന്‍ വൈജ്ഞാനിക സങ്കല്‍പങ്ങളെ പ്രധാനമായി കാണണം എന്നത് നമ്മുടെ കാലത്തെ തന്നെ നിര്‍മിച്ച ആശയമാണ്. അതുകൊണ്ടുതന്നെ, മിഗ്‌നോലോ തന്റെ ചിന്തകളുടെ തന്നെ വ്യാപനത്തിന്റെ പ്രശ്‌നം ഡികൊളോണിയാലിറ്റി എന്ന ആശയം ഉപയോഗിച്ചാണ് വിശദീകരിക്കുന്നത്. ലളിതമായിപ്പറഞ്ഞാല്‍ യൂറോ അമേരിക്കക്ക് പുറത്തുള്ള ജനസമൂഹങ്ങള്‍ സ്വന്തമായി ചിന്തിക്കാന്‍ ധൈര്യപ്പെടുന്നില്ല. സ്വന്തമായി ചിന്തിക്കാനുള്ള ഈ ഭയമാണ് അവരുടെ രാഷ്ട്രീയപ്രശ്‌നങ്ങളുടെ മര്‍മം എന്ന് മിഗ്‌നോലോ വിശദീകരിക്കുന്നു.
മിഗ്‌നോലോ ഉള്‍ക്കൊള്ളുന്ന ലാറ്റിന്‍ അമേരിക്കന്‍ ഡികൊളോണിയല്‍ ചിന്തകര്‍ വ്യത്യസ്ത രീതിയില്‍ വിജ്ഞാനവും കൊളോണിയലിസവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എഴുതുന്നുണ്ട്. കൊളോണിയല്‍ സാമൂഹ്യ ശാസ്ത്രത്തിന്റെ മര്‍മപ്രധാനമായ പ്രശ്‌നം അത് സ്വന്തം ഉറവിടത്തെയും സാമൂഹിക സാഹചര്യങ്ങളെയും മറച്ചുകൊണ്ടും വസ്തുനിഷ്ഠതയുടെ ആവരണം അണിഞ്ഞുകൊണ്ടുമാണ് നിലനില്‍ക്കുന്നത്. മിഗ്‌നോലോയുടെ അതേ സ്‌കൂളില്‍ പെട്ട, സമകാലിക ഇസ്‌ലാമിക ചിന്തയുടെ മേഖലയില്‍ കൂടി ഇടപെടുന്ന, രമോന്‍ ഗ്രോസ്ഫുഗല്‍ നടത്തുന്ന ഒരു നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്.
Unlike other traditions of knowledge, the western is a point of view that does not assume itself as a point of view. In this way, it hides its epistemic location, paving the ground for its claims about universaltiy, naturality and objectivtiy. The decisive difference between decolonial point of view and neo-liberal, neo-marxist, marxist, weberian, wallersteinean or globalisation political-economist academic production is, then, that I am not hiding the epistemic location from where I am thinking.

റെനെ ദെക്കാര്‍ത് ദൈവത്തെ അറിവിന്റെ ഉറവിടത്തില്‍ നിന്ന് മാറ്റി പകരം സ്ഥാപിച്ചത് വെറും മനുഷ്യനെയല്ല; മറിച്ച്, വെളുത്ത/ യൂറോപ്യന്‍/ െ്രെകസ്തവ/ മനുഷ്യനെയായിരുന്നു. ഈ പ്രക്രിയയുടെ രാഷ്ട്രീയ, സാമൂഹ്യ പരിണാമങ്ങള്‍ വിശദമായിത്തന്നെ പഠിക്കാന്‍ മിഗ്‌നോലോ ആവശ്യപ്പെടുന്നു. കൊളോണിയല്‍ കാലത്ത് യുറോപ്യന്‍ വിജ്ഞാനം അതിന്റെ ഉറവിടം മറച്ചുപിടിക്കുകയും സാര്‍വലൗകികതയുടെ ആവരണമണിഞ്ഞുകൊണ്ട് കോളനിവല്‍കൃത ജനസമൂഹങ്ങളില്‍ പ്രവേശിക്കുകയും ചെയ്തു. അങ്ങനെ യൂറോപ്പ് വിജ്ഞാനത്തിന്റെയും അന്വേഷണത്തിന്റെയും കേന്ദ്രമാവുകയും യൂറോപ്പിതര ലോകം യൂറോപ്യന്‍ വിജ്ഞാനത്തിന്റെ അന്വേഷണ വസ്തുവാകുകയും ചെയ്തു. എന്നാല്‍, സാമൂഹിക വിജ്ഞാനത്തെ കുറിച്ചും അതിന്റെ ഉറവിടത്തെയും സാഹചര്യങ്ങളെയും വസ്തുനിഷ്ഠതയെ കുറിച്ചുള്ള സങ്കല്‍പങ്ങളെയും ചോദ്യംചെയ്യുന്ന ഇടപെടലാണ് മിഗ്‌നോലോയുടേത്. വിജ്ഞാനം വ്യക്തിയുടെയും സമൂഹത്തിന്റെയും സവിശേഷ സാഹചര്യങ്ങളുടെ ഭാഗമാണ്. ഈ നൈതിക പാഠം അട്ടിമറിച്ചുവെന്നാണ് കൊളോണിയല്‍ വിജ്ഞാനത്തില്‍ മിഗ്‌നോലോ കാണുന്ന പ്രധാന പരിമിതി. വിജ്ഞാനം ക്രിസ്ത്യന്‍ യൂറോപ്പിന്റെ ഭൂമിശാസ്ത്രത്തില്‍ നിന്നും വെളുത്ത െ്രെകസ്തവ യൂറോപ്യന്‍ പുരുഷന്റെ ജീവചരിത്രത്തില്‍ നിന്നും മുക്തമാണെന്ന വീക്ഷണമാണിത്. രണ്ട് പ്രധാന നീക്കങ്ങള്‍ മിഗ്‌നോലോ ഇതിനായി നിര്‍ദേശിക്കുന്നു. ഒന്ന്) സമകാലിക വിജ്ഞാനത്തെ കൊളോണിയല്‍ ചട്ടകൂടില്‍ നിന്ന് മാറ്റിസ്ഥാപിക്കുക. രണ്ട്) കൊളോണിയല്‍ വിഞാനത്തിനു പുറത്തുള്ള സമൂഹങ്ങള്‍ക്കിടയില്‍ വിജ്ഞാനത്തിന്റെ പുതിയ ഭാവിയെ കുറിച്ചുള്ള സ്വന്തന്ത്രമായ സംവാദങ്ങള്‍ ആരംഭിക്കുക.

പാശ്ചാത്യ ആധുനികതയുടെ ഇരുട്ടുകള്‍
പുസ്തകത്തിന്റെ തലക്കെട്ടില്‍ പറയുന്ന പാശ്ചാത്യ ആധുനികതയുടെ ഇരുണ്ട മുഖം എന്ന് മിഗ്‌നോലോ എന്തിനെയാണ് സൂചിപ്പിക്കുന്നത്? ആധുനികത അതിന്റെ പ്രധാനപ്പെട്ട മൂന്ന് തൂണുകളായ വികസനം, പാശ്ചാത്യ നാഗരികത, മുതലാളിത്തം എന്നിവയിലൂടെയാണ് ലോകത്ത് അതിന്റെ അധികാരം സ്ഥാപിച്ചത്. ഈ മൂന്ന് തൂണുകളുടെ വിമര്‍ശനമാണ് ആധുനികതയുടെ ഇരുണ്ട വശം എന്ന വാക്കിലൂടെ മിഗ്‌നോലോ അടയാളപ്പെടുത്തുന്നത്. ഇന്നത്തെ ലോകരാഷ്ട്രീയത്തില്‍ നേരത്തേ സൂചിപ്പിച്ച മൂന്ന് തൂണുകള്‍ ഒരേയൊരു ഭാവിയായി അവതരിപ്പിക്കുകയും വ്യത്യസ്തമായ രാഷ്ട്രീയ ഭാവനകളെ തമസ്‌കരിക്കുകയും ചെയ്യുന്നുവെന്നു മാത്രമല്ല കോളനികളിലെ രാഷ്ട്രീയ വരേണ്യര്‍ ഇതിനെ വിമര്‍ശന രഹിതമായി സ്വീകരിക്കുകയുംചെയ്യുന്ന സ്ഥിതി വിശേഷമുണ്ട്. ഈ പ്രവണതയെ മിഗ്‌നോലോ പുനഃ പാശ്ചാത്യവല്‍കരണം(rewesternisation) എന്നാണ് വിശേഷിപ്പിക്കുന്നത്.
എന്നാല്‍, ഈ മേല്‍ക്കോയ്മയെ രണ്ട് പ്രധാന രീതികളിലാണ് ഇപ്പോള്‍ യൂറോ അമേരിക്കന്‍ ആധിപത്യത്തിന് പുറത്തുള്ളവര്‍ വിമര്‍ശിക്കുന്നത്. ഒന്നാമത്തെ രീതി അപ-പാശ്ചാത്യവല്‍ക്കരണം(dewesternisation) എന്നാണ് മിഗ്‌നോലോ വിളിക്കുന്നത്. കൊളോണിയല്‍ അധികാര ഘടനയുടെ സമ്പൂര്‍ണ വിമര്‍ശനമില്ലാതെ വികസിക്കുന്ന ഈ സങ്കല്‍പം പക്ഷേ, ശരിയായ രീതിയില്‍ ആഗോള അധികാര മേല്‍ക്കോയ്മയുടെ പ്രത്യേകതകളെ തിരിച്ചറിയാന്‍ സഹായിക്കുന്നില്ല എന്നതുകൊണ്ട് തന്നെ, മിഗ്‌നോലോക്ക് വലിയ മതിപ്പില്ല. രണ്ടാമത്തെ സങ്കല്‍പം എന്നത് ഡികൊളോനൈസേഷനാണ്. ഇത് 1955ല്‍ ഇന്തോനേഷ്യയില്‍ നടന്ന ചരിത്രപ്രസിദ്ധമായ ബന്ദൂങ് സമ്മേളനം മുതല്‍ ലോകത്ത് വികസിച്ചുവന്ന രാഷ്ട്രീയധാരയുടെ ഭാഗമാണ്. എന്നാല്‍, തത്ത്വചിന്താപരമായി ശൂന്യത നേരിട്ട ഡികൊളോണിയലിസം(decolonialism) എന്ന ബന്ദൂങ് സമ്മേളനത്തിലെ രാഷ്ട്രീയപ്രമേയത്തെ കൊളോണിയാലിറ്റി/ ഡികൊളോണിയാലിറ്റി എന്ന കുറെകൂടി വിപുലമായ അന്വേഷണ രീതിയായി വികസിപ്പിക്കുന്നതാണ് മിഗ്‌നോലോയുടെയും ലാറ്റിന്‍ അമേരിക്കന്‍ ഡികൊളോണിയല്‍ വാദികളുടേയും ഇടപെടലുകള്‍.

കോളനീകരണവും മാര്‍ക്‌സിസ്റ്റ് ഇടതുപക്ഷവും
കൊളോണിയല്‍ യുറോപ്യന്‍ സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്ന് വരുന്ന സാമൂഹ്യ ചിന്തകളെ സംശയത്തോടെയാണ് മിഗ്‌നോലോ എപ്പോഴും കാണുന്നത്. മാത്രമല്ല, യൂറോപ്പിതര സാമൂഹ്യ ചിന്തകളെ അദ്ദേഹം ഏറെ വിലമതിക്കുന്നു. മിഗ്‌നോലോയുടെ ഈ സമീപനം മൂന്നാംലോക രാഷ്ട്രീയ ചെറുത്തുനില്‍പുകളെ പ്രചോദിപ്പിച്ച മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തിന്റെ കാര്യത്തിലും ബാധകമാണ്. മാര്‍ക്‌സിന്റെ സാമൂഹിക സങ്കല്‍പങ്ങളെ മാത്രമല്ല ചരിത്ര വീക്ഷണങ്ങള്‍ കേവല വിമര്‍ശനം എന്നതിലുപരി സൂക്ഷ്മമായിത്തന്നെ വിമര്‍ശിക്കുന്നു. തന്റെ വീക്ഷണവും മാര്‍ക്‌സിസ്റ്റ് ഇടതുരാഷ്ട്രീയവും തമ്മിലെ വ്യത്യാസം എന്ത് എന്ന ചോദ്യത്തിന് മിഗ്‌നോലോ ഇങ്ങനെ വിശദീകരണം നല്‍കുന്നു.
The Marxist Left confronts capitalism first within Europe itself; with the imperial expansion and the exportation and importation of Marxism to the colonies, the confrontation of capitalism and the focus on social class was simply adapted to the new context. The decolonial confronts all western civilization, which includes liberal capitalism and Marxism.
പ്രധാനമായും രണ്ട് ചിന്തകരെയാണ് മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തിന്റെ ഭാഗമായി ഈ പുസ്തകത്തില്‍ മിഗ്‌നോലോ വായിക്കുന്നത്. ബൊളീവിയയില്‍ നിന്നുള്ള ഫോസ്‌റ്റോ റെയ്‌നഗ (1906-1994), ഇറാനില്‍ നിന്നുള്ള അലി ശരീഅത്തി (1933-1977). ഫോസ്‌റ്റോ റെയ്‌നഗ ചോദിച്ചത്, എന്തുകൊണ്ട് ബൊളീവിയയിലെ ഇടതുപക്ഷം അവിടത്തെ 'ഇന്ത്യക്കാരെ' കാണാതെ കര്‍ഷകര്‍, തൊഴിലാളി തുടങ്ങിയ സംവര്‍ഗങ്ങളെ ഉപയോഗിച്ചു സംസാരിച്ചത് എന്നാണ്. യുറോപ്യന്‍ വര്‍ഗരാഷ്ട്രീയത്തിന്റെ യാന്ത്രിക വ്യാഖ്യാനങ്ങള്‍ നിറഞ്ഞ ബൊളീവിയന്‍ മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ സംസാരങ്ങള്‍ ബൊളീവിയയിലെ ഭരണവര്‍ഗത്തിന് യാതൊരു അലോസരവും ഉണ്ടാക്കിയില്ല എന്ന വിമര്‍ശനമാണ് ഫോസ്‌റ്റോ റെയ്‌നഗ ഉന്നയിച്ചത്. എന്നാല്‍, ശരീഅത്തിയാവട്ടെ പുതിയ രീതിയിലുള്ള ഇസ്‌ലാമിക രാഷ്ട്രീയത്തിലൂടെ മാര്‍ക്‌സിസ്റ്റ് വര്‍ഗ വിശകലനത്തിന്റെ യൂറോപ്യന്‍ പിന്തുടര്‍ച്ചകളെ നിഷേധിച്ചു. ശരീഅത്തി വര്‍ഗവിശകലനത്തെ പൂര്‍ണമായും തള്ളിക്കളയാതെ ഇറാന്റെ സവിശേഷ സാഹചര്യത്തില്‍ പുനര്‍വായിക്കണം എന്ന പക്ഷക്കാരനായിരുന്നുവെന്നു മിഗ്‌നോലോ കരുതുന്നു.

ആനിബല്‍ കുയാനോയുടെ ചിന്തകള്‍
നേരത്തേ സൂചിപ്പിച്ചതുപോലെ, കൊളോണിയാലിറ്റി (Coloniality), ഡികൊളോണിയാലിറ്റി (Decoloniality) എന്ന രണ്ട് സംവര്ഗപങ്ങള്‍ മിഗ്‌നോലോയുടെ വിശകലനങ്ങളുടെ കേന്ദ്രസ്ഥാനത്തുണ്ട്. കൊളോണിയാലിറ്റി എന്നത് കൊളോണിയല്‍ അധികാരം നിര്‍മിച്ച സാമൂഹ്യ, വൈജ്ഞാനിക, രാഷ്ട്രീയത്തിന്റെ ലോകമാകെയുള്ള വ്യാപനത്തെ കുറിക്കുന്നു. ദേശീയ പരമാധികാരത്തിന്റെ തലത്തില്‍ മാത്രമല്ല വംശീയത, ആണ്‍കോയ്മ, തൊഴില്‍ ചൂഷണം, മൂലധന സമാഹരണം തുടങ്ങിയ സമസ്ത മേഖലകളിലും ഈ അധികാരം ചൂഴ്ന്നുനില്‍ക്കുന്നു. ഡികൊളോണിയാലിറ്റി ഈ അധികാര ബന്ധത്തെ രാഷ്ട്രീയപരമായി മാത്രമല്ല ജ്ഞാനശാസ്ത്രപരമായിത്തന്നെ ചോദ്യംചെയ്യുന്ന സങ്കല്‍പമാണ്. കൊളോണിയലിസം അവസാനിച്ചിട്ടും തുടരുന്ന അദൃശ്യമായ കൊളോണിയല്‍ അധികാരത്തെ കുറിച്ചാണ് ഡികൊളോണിയാലിറ്റി എന്ന പുതുഭാവനയിലൂടെ മിഗ്‌നോലോ അടക്കമുള്ളവര്‍ സംസാരിക്കുന്നത്.
പാശ്ചാത്യ ആധുനികതയുടെ അടിത്തറ കൊളോണിയലിറ്റിയാണ് എന്ന സമീപനം വികസിപ്പിക്കുന്നത് പെറുവില്‍ നിന്നുള്ള തത്ത്വചിന്തകനായ ആനിബല്‍ കുയാനോയുടെ എഴുത്തുകളില്‍ നിന്നാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനം കുയാനോ കൊളോണിയല്‍ അധികാരത്തെ കുറിച്ച് എഴുതിയ കാര്യങ്ങള്‍ മിഗ്‌നോലോയുടെ വീക്ഷണങ്ങളെ മാറ്റിമറിച്ചു. കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയം ഏഷ്യയും ആഫ്രിക്കയും സൗത്ത് അമേരിക്കയും അടങ്ങുന്ന ഭൂവിഭാഗങ്ങളുടെ രാഷ്ട്രീയ വിമോചനം എന്ന രീതിയില്‍ പരിമിതിപ്പെടേണ്ട രാഷ്ട്രീയ സങ്കല്‍പമല്ല. മറിച്ച്, അത് പാശ്ചാത്യ ആധുനികതയുടെ വിമര്‍ശനമാണ് എന്നാണ് കുയാനോ വാദിച്ചത്. ഇത് കുറെ കൂടി വിപുലമായ രാഷ്ട്രീയ വിമര്‍ശനമായി പുനരവതരിപ്പിക്കാന്‍ ആണ് മിഗ്‌നോലോ ശ്രമിച്ചത്. പാശ്ചാത്യ ലോകം ഏറെ ആഘോഷിക്കുന്ന നാഗരിക നേട്ടമായ ആധുനികത തട്ടിന്‍ പുറത്ത് ഒളിപ്പിച്ചുവെച്ച കുട്ടിയാണ് കൊളോണിയലിസം എന്നാണ് കുയാനോ പറഞ്ഞത്. അതുകൊണ്ടു തന്നെ, ആധുനികത വിമര്‍ശനം കൊളോണിയല്‍ യുക്തിയുടെ വിമര്‍ശനമായി വിപുലീകരണം എന്നാണ് മിഗ്‌നോലോ വാദിക്കുന്നത്. അങ്ങനെയാണ് ആധുനികത (moderntiy) തന്നെയാണ് കൊളോണിയലിറ്റി എന്ന അടിസ്ഥാനവിമര്‍ശനത്തിലേക്ക് മിഗ്‌നോലോ എത്തിപ്പെടുന്നത്.
ഇന്നത്തെ കൊളോണിയല്‍ അധികാര ഘടനക്ക് ദേശീയമായോ ചെറു സമുദായങ്ങളെ ഒറ്റതിരിച്ചോ മാത്രം പോംവഴി അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് മിഗ്‌നോലോ പറയുന്നു. അതിനാവശ്യമായ സംഭാഷങ്ങളും സംവാദങ്ങളും അതിരുകള്‍ നടത്തണം എന്ന് മിഗ്‌നോലോ വാദിക്കുന്നു. ലോകത്തെ പല യൂറോപ്പിതര സമൂഹങ്ങളെയും പോലെ ഇസ്‌ലാമിക സമൂഹങ്ങളും ഈ ബദല്‍ ലോക രാഷ്ട്രീയധാരയില്‍ പങ്കെടുക്കുന്നത് മിഗ്‌നോലോ ഏറെ പ്രത്യാശയോടെ തന്നെ കാണുന്നു.

ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ സമകാലീനത
ലോകമെങ്ങുമുള്ള ഇസ്‌ലാമിക ആശയവലികള്‍ ജനജീവിതമായി ഇഴുകിച്ചേരുന്നതിലും സാംസ്‌കാരിക സമന്വയം ഉണ്ടാകുന്നതിലും വിജയിച്ചിരുന്നു. ഇതേ റോള്‍ ലാറ്റിന്‍ അമേരിക്കയില്‍ കാത്തോലിസിസവും സാധ്യമാക്കിയിട്ടുണ്ട്. ആധുനിക സ്വഭാവത്തിലുള്ള വംശീയതയോ കൊളോണിയല്‍ രാഷ്ട്രീയമോ യൂറോപ്പിതര സമൂഹങ്ങളിലെ ഇസ്‌ലാമോ ക്രിസ്ത്യാനിറ്റിയോ പിന്തുടര്‍ന്നി ല്ലെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ രക്തം, നിറം ഇവയുടെ പേരില്‍ ആളുകളെ വേര്‍തിരിക്കുന്ന യൂറോ- അമേരിക്കന്‍ ശാസ്ത്രീയ/ആധുനിക/കൊളോണിയലിസത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും മുസ്‌ലിംകളാണ് എന്ന ചരിത്രപരമായ തിരിച്ചറിവ് മിഗ്‌നോലോ പുലര്‍ത്തുന്നു. പുതിയ കാല രാഷ്ട്രീയത്തില്‍ സമകാലിക ഇസ്‌ലാമിക ചിന്തയും (വിശിഷ്യ സല്‍മാന്‍ സയ്യിദ്, സയ്യിദ് നഖീബുല്‍ അത്താസ്, ഹുസൈന്‍ നസ്ര്‍ തുടങ്ങിയവര്‍) സമകാലിക ഇസ്‌ലാമിക രാഷ്ട്രീയ പ്രയോഗങ്ങളില്‍ തുര്‍ക്കിയിലെ അക് പാര്‍ട്ടിയും റജബ് ത്വയ്യിബ് ഉര്‍ദുഗാനും മാറുന്ന കോളനിവിരുദ്ധ രാഷ്ട്രീയത്തിന്റെ ഇസ്‌ലാമിക അടയാളമായി മിഗ്‌നോലോ തിരിച്ചറിയുന്നു.
പിന്‍കുറി: മിഗ്‌നോലോയുടെ ഗഹനമായ ഈ പുസ്തകത്തിന്റെ വായനകള്‍ ഇനിയും വിശദമായി നടക്കേണ്ടതുണ്ട്. ഈ കുറിപ്പ് അദ്ദേഹത്തിന്റെ ചില നിഗമനങ്ങളെ പ്രാഥമികമായി അറിയാനുള്ള ശ്രമം മാത്രമാണെന്ന തിരിച്ചറിവ് ഭാവിയില്‍ ഈ പുസ്തകം വായിക്കുന്നവര്‍ ഓര്‍ക്കുമെന്നു കരുതട്ടെ.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top