ഇസ്‌ലാമിക ഖിലാഫത്തിന്റെ യാഥാര്‍ഥ്യം
അബുല്‍ അഅ്‌ലാ മൗദൂദി
പരമോന്നത നിയമം
ദൈവത്തിന്റെയും പ്രവാചകന്റെയും ആജ്ഞകള്‍ പരമോന്നത നിയമങ്ങളായിട്ടാണ്(Superme Law) ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രസ്തുത നിയമങ്ങള്‍ അനുസരിക്കുക മാത്രമാണ് കരണീയമായിട്ടുള്ളത്. അല്ലാഹുവും പ്രവാചകനും വിധി നല്‍കിയിട്ടുള്ള പ്രശ്‌നങ്ങളില്‍ സ്വതന്ത്രമായി മറ്റൊരു വിധി നടത്താന്‍ ഒരു മുസ്‌ലിമിനും അവകാശമില്ല. അഥവാ, ആ വിധിയില്‍നിന്ന് വ്യതിചലിക്കുന്നത് വിശ്വാസത്തിന് വിരുദ്ധമാണ്.
''അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ ആ കാര്യത്തില്‍ സ്വന്തമായ ഒരു തീരുമാനമെടുക്കാന്‍ വിശ്വാസിക്കോ വിശ്വാസിനിക്കോ അവകാശമില്ല. ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നുവോ അവര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടു.''
''അല്ലാഹുവിലും അവന്റെ ദൂതനിലും ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയും അവരോട് അനുസരണം പുലര്‍ത്തുകയും ചെയ്തിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. പക്ഷേ, അവരിലൊരു കൂട്ടര്‍ പിന്നീട് പിന്തിരിഞ്ഞു പോകുന്നു. അത്തരക്കാര്‍ വിശ്വാസികളേ അല്ല. തങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കാന്‍ വേണ്ടി അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ക്ഷണിക്കപ്പെടുമ്പോള്‍ അവരിലൊരു കൂട്ടരതാ പിന്തിരിഞ്ഞു പോകുന്നു.''
''തങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കാന്‍ വേണ്ടി അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും വിളിക്കപ്പെട്ടാല്‍, വിശ്വാസികള്‍ 'ഞങ്ങള്‍ കേട്ടു; അനുസരിച്ചു' എന്നു മാത്രമേ പറയുകയുള്ളൂ. അവര്‍ തന്നെയാകുന്നു വിജയികള്‍.''
മനുഷ്യഭരണത്തിന്റെ യഥാര്‍ഥ രീതി ഖുര്‍ആന്‍ വരച്ചു കാണിക്കുന്നതിങ്ങനെയാണ്: രാഷ്ട്രം നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിനും പ്രവാചകനുമാണെന്നംഗീകരിച്ച് ആധിപത്യം കൈയൊഴിയുക. എന്നിട്ട്, യഥാര്‍ഥ ഭരണകര്‍ത്താവിന്റെ കീഴില്‍ ഖലീഫ(പ്രതിനിധി)യായി നില്‍ക്കുക. ഇത്തരമൊരവസ്ഥയില്‍ മനുഷ്യന്റെ അധികാരം- അത് നിയമനിര്‍മാണപരമോ നീതിന്യായപരമോ ഭരണപരമോ ഏതുമാവട്ടെ- മുകളില്‍ വിശദീകരിച്ച പരിധിക്കുള്ളില്‍ പരിമിതമായിരിക്കും.
''പ്രവാചകരേ, നാം ഈ ഗ്രന്ഥം സത്യത്തോടെ താങ്കള്‍ക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. മുമ്പ് അവതരിപ്പിച്ചിട്ടുള്ള വേദങ്ങളെ ഇത് ശരിവെക്കുന്നു; അവയെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍, താങ്കള്‍ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് ജനത്തിന്റെ വ്യവഹാരങ്ങളില്‍ വിധിനടത്തുക. താങ്കള്‍ക്ക് കിട്ടിയ സത്യം കൈവിട്ട് മറ്റുള്ളവരുടെ അഭിലാഷങ്ങളെ പിന്‍പറ്റാതിരിക്കുകയും ചെയ്യുക.''
''ദാവൂദ്, താങ്കളെ നാം ഭൂമിയില്‍ ഖലീഫയാക്കിയിരിക്കുന്നു. അതിനാല്‍ ജനങ്ങളില്‍ സത്യാനുസൃതം വിധി നടത്തുക. സ്വേഛകളെ പിന്‍പറ്റരുത്. അത് താങ്കളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിച്ചുകളയും.''
ഖിലാഫത്തിന്റെ യാഥാര്‍ഥ്യം
ഖിലാഫത്തിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്റെ സങ്കല്‍പം ഇപ്രകാരമാണ്. ഭൂമുഖത്ത് മനുഷ്യന് ലഭിച്ചിട്ടുള്ള മുഴുവന്‍ കഴിവുകളും ദൈവം നല്‍കിയിട്ടുള്ളതാണ്. അവന്‍ നല്‍കിയ കഴിവുകള്‍, അവന്‍ നല്‍കിയ അധികാരമുപയോഗിച്ച് അവന്റെ ഭൂമിയില്‍ വിനിയോഗിക്കുന്ന ഒരു അവസ്ഥയിലാണ് മനുഷ്യനെ അവന്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. അതിനാല്‍, മനുഷ്യന്‍ ഇവിടെ സ്വാധികാരമുള്ള ഉടമസ്ഥനല്ല; യഥാര്‍ഥ ഉടമസ്ഥന്റെ ഖലീഫ(പ്രതിനിധി) മാത്രമാകുന്നു.
''ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫയെ (പ്രതിനിധി) നിശ്ചയിക്കാന്‍ പോകുന്നു എന്ന് താങ്കളുടെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭമോര്‍ക്കുക.''
''ജനങ്ങളേ, നിങ്ങളെ നാം ഭൂമിയില്‍ അധികാരത്തോടുകൂടി വസിപ്പിക്കുകയും അതില്‍ ജീവിതവിഭവങ്ങള്‍ ഒരുക്കിത്തരികയും ചെയ്തു.''
''ഭൂമിയിലുള്ളതൊക്കെയും അല്ലാഹു നിങ്ങള്‍ക്ക് അധീനമാക്കിത്തന്നത് നിങ്ങള്‍ കാണുന്നില്ലയോ?''
ഭൂമിയുടെ ഏത് ഭാഗത്ത് അധികാരം വാഴുന്ന ജനവിഭാഗവും യഥാര്‍ഥത്തില്‍ ആ ഭാഗത്ത് ദൈവത്തിന്റെ ഖലീഫ(പ്രതിനിധി)യായിരിക്കും.
''ആദ് സമുദായമേ, നൂഹിന്റെ ജനത്തിനുശേഷം അല്ലാഹു നിങ്ങളെ പ്രതിനിധികളാക്കിയത് ഓര്‍ക്കുവിന്‍.''
''സമൂദ് സമുദായമേ, ആദ് സമുദായത്തിനുശേഷം അവന്‍ നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ചത് ഓര്‍ക്കുവിന്‍.''
''ഇസ്രായീല്‍ സമുദായമേ, നിങ്ങളുടെ റബ്ബ് നിങ്ങളുടെ ശത്രുവിനെ(ഫിന്‍ഔന്‍) നശിപ്പിക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും എന്നിട്ട് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വീക്ഷിക്കുകയും ചെയ്യുന്ന അവസരം വന്നേക്കാം.''
''അവര്‍ക്കുശേഷം ഭൂമിയില്‍ നാം നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുന്നു- നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണാന്‍.''
എന്നാല്‍, ഈ ഖിലാഫത്ത്(പ്രതിനിധാനം) യഥാര്‍ഥ അധിപതിയുടെ ആജ്ഞാനുസാരിയായി വര്‍ത്തിക്കുമ്പോള്‍ മാത്രമേ ശരിയായ ഖിലാഫത്താവുകയുള്ളൂ. അവന്റെ ആജ്ഞാ-നിര്‍ദേശങ്ങളെ അവഗണിച്ചുകൊണ്ട് സ്ഥാപിക്കുന്ന സ്വയാധികാര ഭരണസംവിധാനം പ്രതിനിധാനമല്ല, ധിക്കാരമാണ് ആവുക.
''അവനാകുന്നു നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത്. ആരെങ്കിലും അവിശ്വസിക്കുന്നുവെങ്കില്‍ ആ അവിശ്വാസത്തിന്റെ ദുഷ്ഫലം അവനുതന്നെ. അവിശ്വാസികളുടെ അവിശ്വാസം റബ്ബിന്റെ കോപം അവരുടെ നേരെ ഏറെയേറെ വളര്‍ത്തുന്നുവെന്നല്ലാതെ യാതൊരു പുരോഗതിയും അവര്‍ക്ക് നല്‍കുന്നില്ല. അവിശ്വാസികള്‍ക്ക് നഷ്ടം പെരുകുകയല്ലാതെ യാതൊരു നേട്ടവുമില്ലതന്നെ.''
''ആദ്‌വര്‍ഗത്തോട് താങ്കളുടെ നാഥന്‍ എന്താണ് ചെയ്തതെന്ന് താങ്കള്‍ കണ്ടില്ലയോ?.... താഴ്‌വാരത്തിലെ പാറകള്‍ തുരന്ന സമൂദ് വംശത്തോടും? കീലങ്ങളുടയവനായ ഫറവോനോടും? രാജ്യത്ത് അവര്‍ കടുത്ത ധിക്കാരമനുവര്‍ത്തിച്ചു.''
''മൂസാ, ഫറോവയുടെ അടുക്കലേക്ക് പോവുക; അവന്‍ ധിക്കാരിയായിരിക്കുന്നു... ഫറോവ ലോകത്തോട് പ്രഖ്യാപിച്ചു; നിങ്ങളുടെ പരമോന്നതനായ റബ്ബ് ഞാനാകുന്നു.''
''നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്തെന്നാല്‍, അവരെ അവന്‍ ഭൂമിയില്‍ പ്രതിനിധികളാക്കുന്നതാകുന്നു - അവര്‍ക്ക് മുമ്പുണ്ടായിരുന്നവരെ പ്രതിനിധികളാക്കിയിരുന്നതുപോലെ... അവര്‍ എനിക്കുമാത്രം ഇബാദത്ത് ചെയ്യട്ടെ; ഒന്നിനെയും എന്റെ പങ്കാളികളാക്കാതിരിക്കട്ടെ.''
സാമൂഹിക ഖിലാഫത്ത്
മേല്‍പറഞ്ഞ തരത്തിലുള്ള ശരിയും ന്യായവുമായ ഖിലാഫത്തിന്റെ ചുമതല ഒരു വ്യക്തിയിലോ കുടുംബത്തിലോ വര്‍ഗത്തിലോ അധിഷ്ഠിതമല്ല. മറിച്ച്, ഉപര്യുക്ത അടിസ്ഥാനങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒരു രാഷ്ട്രത്തിന് രൂപം നല്‍കുന്ന സമൂഹത്തിന്റെ(community) ഒന്നടങ്കമുള്ള ചുമതലയാണത്. 'നാം അവരെ ഭൂമിയില്‍ പ്രതിനിധികളാക്കുന്നതാകുന്നു' എന്ന ഖുര്‍ആനിക സൂക്തം(സൂറ അന്നൂര്‍: 51) ഇത് വ്യക്തമാക്കുന്നുണ്ട്. ഈ സൂക്തപ്രകാരം വിശ്വാസികളുടെ സമൂഹത്തിലെ ഓരോ വ്യക്തിക്കും ഖിലാഫത്തില്‍ തുല്യ പങ്കാളിത്തമുണ്ട്. ഏതെങ്കിലുമൊരു വ്യക്തിക്കോ വര്‍ഗത്തിനോ, മുസ്‌ലിംകള്‍ക്ക് പൊതുവായി അവകാശപ്പെട്ട ഈ ഖിലാഫത്തധികാരം കൈവശപ്പെടുത്തി തന്നില്‍ പരിമിതമാക്കിവെക്കാന്‍ അവകാശമില്ല. അതുപോലെ, ദൈവം നേരിട്ടരുളിയ ഖിലാഫത്താണ് തങ്ങളുടേതെന്ന് വാദിക്കാനും ആര്‍ക്കും സാധ്യമല്ല. ഇസ്‌ലാമിക ഖിലാഫത്തിനെ രാജവാഴ്ചയില്‍നിന്നും വര്‍ഗാധിപത്യത്തില്‍നിന്നും പൗരോഹിത്യവാഴ്ചയില്‍നിന്നും അകറ്റി ജനാധിപത്യത്തോട് അടുപ്പിക്കുന്നത് ഈ സവിശേഷതയാണ്. എന്നാല്‍, ഇത് പാശ്ചാത്യ ജനാധിപത്യ(Democracy) സങ്കല്‍പത്തില്‍നിന്നും അടിസ്ഥാനപരമായിത്തന്നെ ഭിന്നമാണ്. പാശ്ചാത്യസങ്കല്‍പത്തിലുള്ള ജനാധിപത്യം ജനങ്ങളുടെ പരമാധികാരത്തില്‍ (Popular Sovereignty) അധിഷ്ഠിതമാണ്. അതേസമയം, ഇസ്‌ലാമിന്റെ ജനാധിപത്യ ഖിലാഫത്തില്‍ ജനങ്ങള്‍ പരമാധികാരം അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട് സ്വമേധയാ തങ്ങളുടെ അധികാരങ്ങള്‍ ദൈവികനിയമങ്ങളുടെ പരിധിക്കുള്ളില്‍ ഒതുക്കിനിര്‍ത്തുന്നു.
രാഷ്ട്രത്തിനുള്ള അനുസരണത്തിന്റെ പരിധികള്‍
ഈ ഖിലാഫത്ത് വ്യവസ്ഥ നടപ്പിലാക്കുന്ന രാഷ്ട്രത്തെ സദ്കാര്യങ്ങളില്‍ മാത്രമേ അനുസരിക്കേണ്ടതുള്ളൂ. രാഷ്ട്രം ദൈവധിക്കാരം അനുവര്‍ത്തിക്കുന്നുവെങ്കില്‍ അനുസരണമോ സഹകരണമോ പാടില്ല.
''പ്രവാചകരേ, വിശ്വാസികളായ സ്ത്രീകള്‍ താങ്കളുമായി ഉടമ്പടിക്കുവന്നാല്‍ തങ്ങള്‍ യാതൊന്നിനെയും അല്ലാഹുവിന്റെ പങ്കാളിയാക്കുകയില്ലെന്നും ...യാതൊരു സല്‍ക്കാര്യത്തിലും താങ്കള്‍ക്കെതിരു പ്രവര്‍ത്തിക്കുകയില്ലെന്നും പ്രതിജ്ഞയെടുത്താല്‍ അവരുടെ പ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക.''
''നന്മയുടെയും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരിക്കേണ്ടതാകുന്നു. പാപകരവും അതിക്രമപരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവതുമല്ല. അല്ലാഹുവിനെ ഭയപ്പെടുവിന്‍; അവന്റെ ശിക്ഷ കഠിനമാകുന്നു.''
''അവരിലെ ദുര്‍വൃത്തനെയോ നന്ദികെട്ടവനെയോ താങ്കള്‍ അനുസരിച്ചു പോകരുത്.''
ശൂറാ
ഈ രാഷ്ട്രത്തിന്റെ രൂപീകരണം മുതല്‍ അതിന്റെ നായകന്റെയും കൈകാര്യക്കാരുടെയും തെരഞ്ഞെടുപ്പും, നിയമനിര്‍മാണവും ഭരണനിര്‍വഹണവും വരെയുള്ള മുഴുവന്‍ വ്യവഹാരങ്ങളും വിശ്വാസികള്‍ പരസ്പരം കൂടിയാലോചിച്ച് നടത്തേണ്ടതാണ്. ഈ കൂടിയാലോചന നേരിട്ടോ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മുഖേനയോ എങ്ങനെയായാലും ശരി.
''അവരുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചനയിലൂടെയാണ് നടക്കുക.''
അധികാരികളുടെ ഗുണങ്ങള്‍
ഈ ഭരണവ്യവസ്ഥ കൊണ്ടുനടത്തുന്ന അധികാരികളെ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.
1. അവര്‍ ഈ വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വങ്ങള്‍ അംഗീകരിക്കുന്നവരായിരിക്കണം. കാരണം, ഒരു വ്യവസ്ഥ നടപ്പിലാക്കുന്ന ചുതല അതിന്റെ അടിസ്ഥാനങ്ങളോട് തന്നെ വിയോജിപ്പുള്ളവരുടെ കരങ്ങളില്‍ അര്‍പ്പിക്കപ്പെട്ടുകൂടാ.
''വിശ്വാസികളേ, അല്ലാഹുവിനെ അനുസരിക്കുക. അവന്റെ റസൂലിനെയും നിങ്ങളില്‍നിന്നുള്ള അധികാരികളെയും അനുസരിക്കുക.''
മൗലിക സ്വഭാവങ്ങളാണ് ഇസ്‌ലാമിക ഖിലാഫത്തിന്റെ പൊരുള്‍. മറ്റേത് വ്യവസ്ഥയേക്കാളും ജനങ്ങളോടടുത്തത് അതായിരിക്കും.
(ഖിലാഫത്തും രാജവാഴ്ചയും എന്ന കൃതിയില്‍നിന്ന്)